1950-കളുടെ തുടക്കത്തില്‍ , സലാസറുടെ (ആന്‍റോനിയോ ഡി ഒലിവിയെരാ സലാസര്‍ ) ഫാസിസ്റ്റ് ഏകാധിപത്യ നാളുകളില്‍ (1932-1968) പോര്‍ച്ചുഗലില്‍ നിന്ന് അന്നത്തെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന
മൊസാംബിക്കിലേക്ക് ഭാര്യാസമേതം പലായനം ചെയ്ത കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന
പിതാവ് ഫെര്‍ണാണ്ടോ കൂട്ടോയുടെ പ്രചോദനമാണ് തന്റെ ധൈഷണിക ഉത്കണ്ഠകള്‍
രൂപപ്പെടുത്തിയതെന്ന് മിയാ കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “സ്വാതന്ത്ര്യം
വരുന്നുണ്ടെന്ന് എന്റെ അച്ഛന്‍ അറിഞ്ഞിരുന്നു, അദ്ദേഹം
അതിനായി പൊരുതി. എന്നെയും എന്റെ സഹോദരങ്ങളെയും പുതിയ
നാടിന്‍റെ ഭാഗമാകാന്‍ കഴിയും വിധം അച്ഛനമ്മമാര്‍ ഞങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചു.”
കൊളോണിയല്‍ അധികാരികള്‍ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള
അദ്ദേഹത്തിന്‍റെ തൊഴിലിനു വിഗ്നം സൃഷ്ടിക്കുകയും കുടുംബ വരുമാനം മുട്ടിക്കുകയും
ചെയ്തപ്പോള്‍ , അമ്മ ബിഷപ്പിനെ അഭയം തേടിയെങ്കിലും,
'പള്ളിയിലൊന്നും കാണാത്ത' ഒരാള്‍ക്ക്
വേണ്ടി ഇടപെടാനാവില്ലെന്ന് ബിഷപ്പ് കൈ മലര്‍ത്തിയതും ഒരു ജോലിക്ക് വേണ്ടി
മാത്രമായി വിശ്വാസി ചമയാനാവില്ലെന്നു അച്ഛന്‍ നിലപാടെടുത്തതും ജീവിത പ്രതിസന്ധികള്‍
രൂക്ഷമാക്കിയത് കൂട്ടോ ഓര്‍ക്കുന്നു. എന്നാല്‍ പില്‍ക്കാലത്തൊരിക്കല്‍
കണ്ട മുട്ടുകുത്തി നില്‍ക്കുന്ന അച്ഛന്റെ ഒരു ഫോട്ടോഗ്രാഫ് അദ്ദേഹം
സൂക്ഷിക്കുന്നുമുണ്ട്. തന്റെ ഏഴാം വയസ്സില്‍ , മുത്തച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പുന്ന അച്ഛനെ ആശ്വസിപ്പിച്ചത്
അദ്ദേഹം വിവരിക്കുന്നു: ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,
'മുത്തച്ചന്‍ എങ്ങനെയാണ് മരിക്കുക? അവിടെ
അദ്ദേഹം മരിച്ചു, പക്ഷെ ഇവിടെ അദ്ദേഹം ഇപ്പോഴും
ജീവിച്ചിരിക്കുന്നു.' "ബന്ധുക്കള്‍ ഞങ്ങളുടെ വീട്ടില്‍
ജീവിച്ചിരുന്നു, കാരണം എന്റെ മാതാപിതാക്കള്‍ തങ്ങള്‍
വിട്ടുപോന്നവയെ കുറിച്ചുള്ള കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.” പറയപ്പെടുന്ന
കഥകളില്‍ പൂര്‍വ്വസൂരികള്‍ ജീവിതം തുടരുന്നുവെന്ന ആശയം മിയാ കൂട്ടോയുടെ രചനാ
ലോകത്തേക്കുള്ള താക്കോലാണെന്ന് പറയാം. ആഫ്രിക്കന്‍
കഥാപാരമ്പര്യത്തോട് ഇത് അങ്ങേയറ്റം ചേര്‍ന്ന് പോവുകയും ചെയ്യുന്നു.
മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക് നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ് മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണ വെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO) എത്തിച്ചത് സ്വാഭാവികം. ചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും 'ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ'ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്. ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതും. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്‍" എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്; യൂറോപ്പുക്കരുടെയും മൊസാംബിക്കുകാരുടെയും മകന്; വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്; വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍. ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്, ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നു, കാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.” അതേ സമയം, ആഭ്യന്തര യുദ്ധകാലത്ത് (1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO) കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെ കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “ഞാന്‍ കാല്പ്പനികനാവുകയാവാം, പക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ് : നീയൊരാളാണ് കഥകള്‍ പറയുക.”
ഇളംമുറക്കാരും വയോധികരും / മരിച്ചുപോയവരും
തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലുള്ള ആഖ്യാനസ്വഭാവം കൂട്ടോയുടെ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
2006-ല്‍ പുറത്തിറങ്ങിയ 'സ്വപ്നാടക ദേശ'
(സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്) ത്തില്‍
ആഖ്യാനം പിന്തുടരുന്നത് പതിനൊന്നുകാരനായ മുയ്ദിന്‍ഗയേയും വയോധികനായ
ത്വാഹിറിനെയുമാണ്. ആഭ്യന്തര സംഘര്‍ഷങ്ങളുടെ മൂര്‍ധന്യത്തില്‍
അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഓടിപ്പോകുന്ന ഇരുവരും 'വെയ്റ്റിംഗ്
ഫോര്‍ ഗോദോ'യിലെ ശൂന്യസ്ഥലിയെയും 'പെഡ്രോ
പരാമോയി'യിലെ കൊമാലയെയും ഒരുപോലെ ഓര്‍മ്മിപ്പിക്കുന്ന
പ്രേതഭൂമിയില്‍ യുദ്ധത്തിന്റെ പരിണതിയായ ശവശരീരങ്ങളും കുഴിബോംബുകളും എങ്ങും
കണ്ടെത്തുന്നുണ്ട്. യാത്രാരംഭാത്തില്ത്തന്നെ, നാടെങ്ങും കൈപ്പിടിയിലൊതുക്കിയ സായുധ സംഘങ്ങളുടെ ഉദ്ദേശ രഹിതമായ അരാചക
നശീകരണത്തിന്റെയും അര്‍ത്ഥശൂന്യമായ കൊലകളുടെയും തേരോട്ടങ്ങള്‍ക്ക് അവര്‍
സാക്ഷികളാവുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ചെമ്മണ്‍
പാതയോരത്ത് കത്തിക്കരിഞ്ഞ ബസ്സിനുള്ളിലും പുറത്തും മൃദദേഹങ്ങള്‍ എരിഞ്ഞു തീര്‍ന്നത്
അവര്‍ കാണുന്നു. ജുഗുപ്സ തോന്നുന്ന മുയ്ദിന്‍ഗയോട്
ത്വാഹിര്‍ ഓര്‍മ്മിപ്പിക്കുന്നു: മരിച്ചു കഴിഞ്ഞവരോട്
അറപ്പ് കാണിക്കരുത്, അതവരെ പ്രകോപിപ്പിക്കും. കരിഞ്ഞു പോയ ബസ്സ് താവളമാക്കുന്നതിനോട് വിയോജിക്കുന്ന കുട്ടിയോട്
വയോധികന്‍ വിശദീകരിക്കുന്നു: ഇപ്പോഴേ വെന്തു കഴിഞ്ഞതിനു ഇനി
വേവാനാവില്ല. വേറെ സംഘങ്ങള്‍ വന്നാല്‍ നമ്മള്‍ മരണം
അനുകരിക്കും. ബസ്സിനുള്ളിലെ ദേഹങ്ങള്‍ കുഴിയെടുത്തു
അടക്കുമ്പോഴാണ് അപ്പോള്‍ മാത്രം കൊല്ലപ്പെട്ട യുവാവിന്‍റെ ജഡം അവര്‍ പാതയോരത്ത്
കണ്ടെത്തുന്നതും ഇതിവൃത്ത പശ്ചാത്തലത്തിലേക്കും ദേശത്തിന്റെ പുരാവൃത്തത്തിലേക്കും നയിക്കുന്ന അയാളുടെ നോട്ട് ബുക്കുകള്‍ വായിക്കാനറിയാവുന്ന മുയ്ദിന്‍ഗക്ക്
കിട്ടുന്നതും. ഒരു ഘട്ടത്തില്‍, ആ നോട്ട് ബുക്കുകളാണ് 'എകാന്തതക്ക്
ശപിക്കപ്പെടുന്നതില്‍ നിന്ന്' തങ്ങളെ രക്ഷിച്ചതെന്ന്
ത്വാഹിര്‍ തന്നെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നോവല്‍
ഇതിവൃത്തം ഒരു പൂര്‍ണ്ണ വൃത്തം പൂര്‍ത്തിയാക്കുന്ന അന്ത്യത്തിലാണ് യുവാവ്
ആരായിരുന്നെന്നും എന്തിനാണ് അവിടെ വന്നതെന്നും എങ്ങനെയാണ് മുയ്ദിന്‍ഗയുടെ
വിധിയുമായി അതൊക്കെയും കെട്ടുപിണഞ്ഞിരിക്കുന്നതെന്നും വ്യക്തമാവുക. തുടങ്ങിയേടത്തു തന്നെ അവസാനിക്കുന്ന ഒരു സ്വപ്നാടനമായിരുന്നോ എല്ലാം? അഥവാ സ്വപ്നാടനം നടത്തിയത് കഥാപാത്രങ്ങളോ ദേശം തന്നെയോ? തലക്കെട്ടില്‍ സൂചിതമാവുന്ന ഈ അവ്യക്തത തന്നെയാണ് ഒരര്‍ഥത്തില്‍ നോവലിന്‍റെ
കാതല്‍ എന്ന് പറയാം.
തന്റെ ഭൂതകാലത്തെ കുറിച്ച് ഒന്നും ഓര്‍മ്മയില്ലാത്ത മുയ്ദിന്‍ഗ വയോധികനില്‍ നിന്ന് അത് മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് തനിക്ക് ലഭിക്കുന്ന നോട്ട് ബുക്കിലെ സൂചനകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തീവ്രമാകുന്നു. കിന്ദ്സുവിന്റെ കുറിപ്പുകളിലൂടെ വ്യക്തമാകുന്ന ആഭ്യന്തര യുദ്ധത്തിന്റെ തുടക്കവും മുന്നേറ്റവും, കുടുംബങ്ങളെയും മാനുഷിക ബന്ധങ്ങളെയും യുദ്ധം ചവിട്ടിയരക്കുന്നതെങ്ങനെ എന്ന് കൂടി വ്യക്തമാക്കുന്നുണ്ട്. മുക്കുവനായിരുന്ന പിതാവ് കോളറ കൊണ്ട് മരിച്ചതും, യുദ്ധം തറയില്‍ എറിയപ്പെട്ട ഒരു മണ്‍ പാത്രത്തെയെന്നപോലെ തന്റെ കുടുംബത്തെ ശിഥിലമാക്കിയതും അവന്‍ വിവരിക്കുന്നു. സംഘങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഇളയ അനിയനെ കോഴിക്കൂട്ടില്‍ എറിഞ്ഞ അമ്മ അതങ്ങനെയാണ് വിശദീകരിച്ചത്. അവനു താന്‍ കോഴിയുടെ ഉടയാടകള്‍ നല്‍കും. കോഴിയെ പോലെ കൂവാന്‍ പഠിപ്പിക്കും. സംഘം ആദ്യം കയ്യേറുക ഭക്ഷിക്കാവുന്നതെന്തും ആയിരിക്കും എന്നതൊന്നും ഉന്മാദത്തിന്റെ നിലായില്ലാക്കയങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്ന അമ്മക്ക് മനസ്സിലാവുന്നില്ല. എന്നാല്‍ ഒന്നും ഒരു ഫലവും ഉണ്ടാക്കുന്നില്ലെന്ന്, ഒരു ദിവസം മീന്‍പിടിത്തം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കിയതിനു ദൃക് സാക്ഷിയാവുന്ന കിന്ദ്സു കണ്ടെത്തുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ സായുധ സംഘങ്ങള്‍ക്ക് ബദലായി ഒരുതരം ആത്മീയ സൈന്യമായി ഏറെ സംഭാവന ചെയ്ത 'നപരാമ' ('Naparama') വിഭാഗത്തില്‍ ചേരാനുള്ള താല്‍പര്യമുണ്ടായിരുന്ന സാത്വികനായ ആ യുവാവിനു ഏറ്റ വലിയ പ്രഹരം. ഇന്ത്യന്‍ വംശജനായ ജ്യേഷ്ഠ സുഹൃത്ത് സുരേന്ദ്ര, തന്റെ കട കൊള്ളയടിക്കപ്പെട്ട നിസ്സഹായതയില്‍ ഭാര്യ അസ്മയോടൊപ്പം പാലായനം ചെയ്യുന്നു. കിന്ദ്സു അഭ്യര്‍ഥിക്കുന്നുവെങ്കിലും അയാള്‍ക്ക് അവനെ കൂട്ടാനാവില്ല. എന്നെ നോക്ക്, ആരും എന്നോട് സഹതപിച്ചില്ല, നീയൊരുത്തന്‍ ഒഴിച്ച്. എല്ലാവര്ക്കും അയാള്‍ അനുതാപം അര്‍ഹിക്കുന്നില്ലാത്ത അന്യദേശക്കാരനായിരുന്നു. അയാള്‍ ഓര്‍മ്മിപ്പിക്കുന്നു: നിന്‍റെ പൂര്‍വ്വികര്‍ ഇവിടെയാണ്. ഇവിടെയാണ് നിന്റെ ഇടം, അന്യദേശത്ത് ആരുമല്ലാതാവുന്നതിന്റെ വേദനയിലേക്ക് നിന്നെ കൊണ്ടുപോവാന്‍ എനിക്കാവില്ല. കറുത്തവരെയോ വെളുത്തവരെയോ ഇന്ത്യക്കാരെയോ അല്ല, വര്‍ണ്ണ ചിന്തയില്ലാത്തവരെയാണ് തനിക്കിഷ്ടമെന്ന് വ്യക്തമാക്കുന്ന സമാധാനപ്രിയനായ, 'നമ്മളൊക്കെയും ഇന്ത്യാ മഹാസമുദ്രത്തിന്റെ മക്കള്‍ ' എന്ന് ഐക്യപ്പെട്ടിരുന്ന ഇതേ സുരേന്ദ്ര തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍, കലാപത്തില്‍ കാലു നഷ്ടപ്പെട്ടിരിക്കുമ്പോള്‍, ഹൃദയം പൊട്ടി മരിച്ച പ്രിയതമയെ ഓര്‍ത്ത്, അവനോടു പറയും: മണ്‍വെട്ടിയും പേനയുമല്ല, ഒരു തോക്കാണ് അതിജീവനത്തിനുള്ള മാര്‍ഗ്ഗം. വര്‍ണ്ണ വൈജാത്യങ്ങളുടെ രാഷ്ട്രീയ ധ്വനികള്‍ ഇതുപോലെ നോവലില്‍ എമ്പാടും ചിതറിക്കിടപ്പുണ്ടെന്നു കാണാം.
യുദ്ധത്തിന്റെ ഭീകരതയിലൂടെയുള്ള പ്രയാണം
ഉന്മാദത്തിന്റെ വക്കോളം എത്തിക്കുന്ന, സ്വാഭാവിക വിശദീകരണങ്ങള്‍
അപ്രസക്തമാക്കുന്ന രീതിയില്‍ പ്രതികരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ കിന്ദ്സുവിന്റെ
അമ്മയെപോലെത്തന്നെ വേറെയും നോവലില്‍ എങ്ങുമുണ്ട്. അടിഞ്ഞു
പോയ കപ്പലില്‍, അകലെയുള്ള ലൈറ്റ് ഹൌസ് എന്നെങ്കിലും
തെളിയുന്നതും അന്ന് താന്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച കുഞ്ഞുമകന്‍ ഗാസ്പ്പര്‍ തന്നെ
കണ്ടെത്തുന്നതും സ്വപ്നം കണ്ടു എകാന്തയായിക്കഴിയുന്ന ഡോണാ ഫരീദ, കിന്ദ്സുവിന്റെ പ്രണയാന്വേഷണത്തിന്റെ സായൂജ്യമാവുമ്പോഴും ആരോടും
പറയാനാവാത്ത ഒരു രഹസ്യത്തിന്റെ നീറ്റലും കുറ്റബോധവും ഉള്ളില്‍ പേറുന്നുണ്ട്. അനാഥയായ തന്നെ മാതൃതുല്യം പരിലാളിച്ച പോര്‍ച്ചുഗീസ് വനിത മിസ്സിസ് വിര്‍ജീനിയായോടു
ഒരക്ഷരം മിണ്ടാതെ അവള്‍ക്ക് ഒളിച്ചോടേണ്ടി വന്നത് ഗൃഹനാഥന്റെ ബലാല്‍ക്കാരത്തിനു
വിധേയയായി ഗര്ഭിണിയായതിനാലായിരുന്നു. അച്ഛനാരെന്നറിയാത്ത 'മുലാറ്റോ'യുടെ അമ്മയാവുക എന്ന അപമാനത്തില്‍ നിന്ന്
രക്ഷ തേടിയാണ് അവള്‍ നാടുവിട്ടതെന്നു യുസീനിയാ അമ്മായിയുടെ വിവരണത്തില്‍ നിന്നാണ്
കിന്ദ്സു മനസ്സിലാക്കുക. പ്രസവോദ്യുക്തമായ മാതൃത്വം കലാപ
കാലത്തിന്റെ കരാളതകളിലേക്ക് പുതിയൊരു ജന്മത്തെ കൂടി കൊണ്ടുവരുന്നതില്‍ വിമുഖത
കാണിക്കുന്നതിന്റെ ഏറ്റവും തീക്ഷ്ണമായ ചിത്രീകരണം കിന്ദ്സുവിന്റെ അമ്മയുടെ
വാക്കുകളില്‍ കാണാം:
“ഞാന്‍ ഗര്‍ഭിണിയാണ്, മകനെ. അതിപ്പോഴത്തേതല്ല, ദീര്‍ഘ കാലമായിക്കഴിഞ്ഞു... ഞാനീ കുഞ്ഞിനെ വര്‍ഷങ്ങളായി
ചുമക്കുന്നു, ഈ കാലത്ത് അത് ജനിക്കാന്‍ തന്നെ ഞാന്‍
ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് അതെന്റെ ഉള്ളില്‍
കഴിയുന്നു, എന്റെ ഹൃദയത്തിന് കൂട്ടായി.”
ജീവശാസ്ത്രപാരമായി ഇത് അസാധ്യമാണെങ്കിലും
നോവലിന്റെ ഹൃദയത്തിലുള്ള യഥാര്‍ത്ഥ/ അതീത യഥാര്‍ത്ഥ ഭാവങ്ങളെ ഇത്
പ്രതിഫലിപ്പിക്കുന്നു.
യുദ്ധം വര്‍ണ്ണ/വര്‍ഗ്ഗ ഭേദങ്ങള്‍ക്കപ്പുറം ഏല്‍പ്പിക്കുന്ന മുറിവുകളുടെ മനുഷ്യ സാക്ഷ്യം, കലാപനാളുകളില്‍ കൊല്ലപ്പെട്ട റൊമാവോ പിന്‍റോയുടെ വിധവ മിസ്സിസ് വിര്‍ജീനിയായിലാണ് പതിഞ്ഞു കിടക്കുന്നത്. ഭര്‍ത്താവിന്റെ വര്‍ണ്ണ വെറി തൊട്ടുതീണ്ടിയിട്ടില്ലാത്ത വയോധിക തന്നെ ഗ്രാന്‍ മാ എന്ന് വിളിക്കണമെന്നും അപ്പോള്‍ 'നിന്നെയെനിക്ക് മകനെന്നു നിനക്കാം' എന്നുമാണ് കിന്ദ്സുവിനോട് കഥ പറഞ്ഞു തുടങ്ങുക. അനാഥാലയത്തില്‍ നിന്ന് ഒളിച്ചോടിയ ഗാസ്പ്പര്‍ രണ്ടു നാള്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അവനില്‍ താന്‍ തന്റെ കുഞ്ഞുങ്ങളുടെ തന്നെ ചോര തിരിച്ചറിഞ്ഞിരുന്നെന്നും അവര്‍ കിന്ദ്സുവിനെ അറിയിക്കുന്നു. ഗാസ്പ്പറെ കണ്ടെത്താനുള്ള അവന്റെ യാത്രയാണ് കത്തിക്കരിഞ്ഞ ബസ്സിനരികില്‍, മുയ്ദിന്ഗയും ത്വാഹിറും എത്തുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് സായുധ സംഘാംഗത്തിന്റെ ഉദ്ദേശമേതും ഇല്ലാത്ത വെടിയുണ്ടയില്‍ അവസാനിക്കുന്നത്. ദൂരെ ഏകാന്തമായ കപ്പലില്‍ തന്റെ മകനോടൊപ്പം കിന്ദ്സു മടങ്ങിവരുന്നതും കാത്തിരിക്കുന്ന ഫരീദ ഇനിയെന്താവുമെന്നു തന്നില്‍ സ്വയം ഗാസ്പ്പറെ കാണുന്ന മുയ്ദിന്‍ഗ ഉത്കണ്ഠപ്പെടുന്നു.
മാജിക്കല്‍ റിയലിസം എന്ന സംജ്ഞയെ
കുറിച്ച് അത്ര താല്പര്യമില്ലാത്ത കൂട്ടോ അത് എഴുത്തുകാര്‍ സൃഷ്ടിച്ച പ്രയോഗമല്ലെന്നു
നിരീക്ഷിക്കുന്നു.
“കൊളംബിയയില്‍ , മെക്സിക്കോയില്‍ , നൈജീരിയയില്‍ , മോസംബിക്കില്‍ അതാണ് യഥാര്‍ത്ഥ കാര്യം, അത്
മാന്ത്രികമല്ല, കഥപറയാനുള്ള ഏക മാര്‍ഗ്ഗമാണ്.” ഒരു കാള "ഒരു ഞരക്കം പോലുമില്ലാതെ
പൊട്ടിച്ചിതറുമ്പോള്‍ " അതിന്റെ മാംസം കുറെ "ചുവന്ന പൂമ്പാറ്റകള്‍ " ആയിത്തീരുമ്പോള്‍ , അത് അതിഭൌതികമല്ല, മറിച്ച് ഒരു കുട്ടി
കുഴിബോംബിനെ മനസ്സിലാക്കുന്ന രീതിയാണ്." ( മായാ ജാഗി
ഉദ്ധരിച്ചത് - ദി ഗാര്‍ഡിയന്‍, 15 ആഗസ്റ്റ് 2015 ).
മോബി ഡിക്ക് എന്ന് കുട്ടി പേരിടുന്ന ആട്ടിന്‍ കുഞ്ഞിന്റെ അന്ത്യം കൃത്യമായും ഇതേ കുഴിബോംബ് സ്ഫോടനത്തിലാണ്; ഒരു നിമിഷം കൊണ്ട് അതിനെ പിന്തുടരാന്‍ തുടങ്ങിയ ബാലനെ വന്യമായ വേഗത്തോടെ തടയുന്നത് വയോധികന്‍ അവനു നല്‍കുന്ന മറ്റൊരു പുനര്‍ ജന്മവും. വിചിത്രമായ അനുഭവങ്ങളുടെ സന്ദര്‍ഭങ്ങള്‍ നോവലില്‍ എമ്പാടുമുണ്ട്. ഏറ്റവും പ്രധാനമായത് തീര്‍ച്ചയായും ആ ബസ്സ് തന്നെയാണ്. സ്വയം എന്തെങ്കിലും അല്ലാതായിക്കഴിഞ്ഞ ആ അവശിഷ്ടം മുയ്ദിന്‍ഗക്കും ത്വാഹിറിനും അവരുടെ വിചിത്രയാനങ്ങള്‍ക്കും അതീതാനുഭവങ്ങളിലേക്കുമുള്ള വാഹനവും അഭയവുമായിത്തീരുന്നു. സ്വപ്നാടകരെ ഒരു കാന്തക്കല്ലിലേക്കെന്നോണം എപ്പോഴും തിരിച്ചെത്തിക്കുന്ന അത് ഒരു ഘട്ടത്തില്‍ ദേശത്തിന്റെ തന്നെ പേടിസ്വപ്ന യാനത്തിനു സാക്ഷിയാവുന്നു. യുദ്ധം അതിന്റെ കരാളത മുഴുവന്‍ ഒരു ചെറുപതിപ്പാക്കി അതിനുള്ളില്‍ അരങ്ങേറിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഇരുവരും അതിനകത്തെത്തുന്നത്. ആ അര്‍ത്ഥത്തില്‍ അത് ദേശത്തിന്റെ തന്നെ ദുര്‍വ്വിധിയുടെ സാക്ഷിയും പ്രതീകവുമാണ്. സ്വയം ചലിക്കാത്ത ബസ്സും, സ്വപ്നാടനം നടത്തുന്ന ദേശവും എന്ന തിരിച്ചിടലില്‍നിന്നാണ് നോവലിലെ വിചിത്രാനുഭവങ്ങള്‍ തുടങ്ങുന്നത് എന്ന് പറയാം. കിന്ദ്സുവിന്റെ നോട്ട് ബുക്കില്‍ നിന്ന് വായിക്കാന്‍ തുടങ്ങുമ്പോഴൊക്കെ ദേശം ചലിച്ചുതുടങ്ങുന്നതായി മുയ്ദിന്‍ഗക്ക് അനുഭവപ്പെടുന്നു. ആ അര്‍ത്ഥത്തില്‍ വായനയുടെയും കഥപറച്ചിലിന്റെയും സാധ്യതകള്‍ പരിശോധിക്കുന്ന ഒരു 'മെറ്റാ നരേറ്റീവ്' ആയും നോവലിനെ കാണാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഈ തലങ്ങള്‍ മിയാ കൂട്ടോയുടെ 'സിംഹിണിയുടെ കുമ്പസാരങ്ങ'ളിലും 'നിശ്ശബ്ദത ചിട്ടപ്പെടുത്തുന്നവ'നിലും പ്രകടവുമാണ്.
ക്യാമ്പില്‍ വെച്ച് മൃതപ്രായനായ, എട്ടുകാലിയെ പോലെ ശുഷ്കിച്ച നടക്കാന്‍ മറന്ന കാലുകളുള്ള സദാ മൂക്കിളയൊലിപ്പിക്കുന്ന പനിച്ചു വിറയ്ക്കുന്ന ഒരു 'മുലാറ്റോ' ബാലനെ കണ്ടെത്തിയത് ത്വാഹിര്‍ ഓര്‍ക്കുന്നു. അന്ന് അടക്കം ചെയ്യാനുണ്ടായിരുന്ന ആറു കുട്ടികളില്‍ അതിനു മാത്രം ജീവനുണ്ടായിരുന്നെന്നു അയാള്‍ കണ്ടെത്തി. ഇത്തരം ഒരു ലോകത്ത് ജീവിച്ചിരിക്കാന്‍ വിടുന്നതിലേറെ അവരോടൊപ്പം അവനെയും അടക്കുന്നതാണ് നല്ലത് എന്ന മറ്റുള്ളവരുടെ അഭിപ്രായത്തെ മറികടക്കാനാണ് അവന്‍ തന്റെ അനന്തിരവന്‍ ആണെന്ന് അയാള്‍ കള്ളം പറഞ്ഞതും സൌത്ത് ആഫ്രിക്കയില്‍ ഉണ്ടെന്നു അയാള്‍ വിശ്വസിക്കുന്ന മകനെയോര്‍ത്ത് മുയ്ദിന്‍ഗ എന്ന് അവനു പേരിട്ടതും. 'അമ്മാവാ' എന്ന് അവന്‍ വിളിക്കുന്നത് അയാള്‍ക്ക് ഇഷ്ടമാവാത്തത് അവനയാള്‍ക്ക് മകനെപ്പോലെ ആയതുകൊണ്ടാണെന്നു അവസാന ശ്വാസങ്ങളുടെ നിമിഷത്തില്‍ അയാളേതാണ്ട് സമ്മതിക്കുന്നുണ്ട്. ഓര്‍മ്മകളെ നശിപ്പിക്കുന്ന 'മാന്റകാസ' ജ്വരം അവന്റെ ഭൂതകാലത്തെ തട്ടിയെടുത്തതിനെ അയാള്‍ ഭാഗ്യമായി കാണുന്നു. അയാള്‍ക്ക് ഒന്നും മറക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മിക്കത്തക്കതൊന്നും ബാക്കിയില്ലാത്ത ദേശത്തു മറവി ഒരനുഗ്രഹമാണെന്ന് നോവലില്‍ പലവുരു ആവര്‍ത്തിക്കുന്നുണ്ട്.
യാത്രാ മധ്യേ ഇരുവരും കടന്നു പോകുന്ന, പ്രദേശവാസികളെല്ലാം
കൊല്ലപ്പെടുകയോ പാലായനം ചെയ്യുകയോ ചെയ്ത ഗ്രാമത്തില്‍, മെല്‍വില്ലിന്റെ
ഇഷ്മയേലിനെ (Moby Dick) പോലെ എല്ലാ ദുരന്തങ്ങളിലും
കഥ പറയാന്‍ ബാക്കിയാവുന്ന ആ 'ഒരാള്‍ ' ആയി ഒരു വൃദ്ധനുണ്ട്, സ്റ്റീന്‍ബെക്കിന്റെ 'ഗ്രേയ്പ്സ് ഓഫ് റാത്തി'ലെ ഗ്രാന്‍ഡ് പാ ജോഡിനെ പോലെ
വിട്ടുപോകാന്‍ വിസമ്മതിച്ചവന്‍. ഉന്മാദത്തിന്റെ
കയങ്ങളില്‍ പെട്ട് 'പല്ലുകളിലാണ് വിശപ്പ് ചെകുത്താനായി
പിടിമുറുക്കുന്നത്' എന്ന കണ്ടെത്തലില്‍ സ്വന്തം പല്ലുകള്‍
മുഴുവന്‍ പറിച്ചെടുത്ത് തകരപ്പാട്ടയില്‍ കൊണ്ടുനടക്കുന്ന ഗ്രാമ വൃദ്ധന്‍
സികെലെറ്റോ ചിരിക്കുമ്പോള്‍ മാത്രമാണ് അവയില്ലാത്തതിന്റെ കുറവ് താനറിയുന്നതെന്നു
അതിനെ നിസ്സാരവല്‍ക്കരിക്കുന്നു. കെണിവെച്ചു പിടിച്ച
യാത്രികരെ രണ്ടുപേരെയും അയാള്‍ക്ക് ഈര്‍ന്നു മുറിച്ച് കുഴിച്ചിടണം. അതില്‍നിന്നു അയാളുടെ ഏകാന്തത അകറ്റാന്‍ കഴിയും വിധം മനുഷ്യര്‍
മുളച്ചുവരും. അവരെ അയാള്‍ വിശുദ്ധവൃക്ഷം കാണിക്കും. നേരത്തെ മകനെ കോഴിയാക്കി സംരക്ഷിക്കാന്‍ മുതിര്‍ന്ന അമ്മയെപ്പോലെ, ഇയാളെയും ജീവിതാശയുടെ വിചിത്രപ്രതീകമായി ത്വാഹിര്‍ ന്യായീകരിക്കുന്നത്, നോവലിന്റെ പ്രമേയ സന്നിഗ്ധതയോടുള്ള തീക്ഷ്ണ പ്രതികരണമാണ്. 'പ്രശസ്തയാവാന്‍' പരിശീലിപ്പിക്കുന്ന മകളെ ടാര്‍
വീപ്പപ്പുറത്തു ബന്ധിച്ചു യാത്ര ചെയ്യുന്ന യോസേല്‍ദോ ബസ്റ്റാന്റെ, അവളുടെ ഫിലോമീന്യ എന്ന പേര് മെരിലിന്‍ എന്ന് മാറ്റാന്‍
തീരുമാനിച്ചിരിക്കുന്നു. അവള്‍ ഒരു സര്‍പ്പത്തെ പോലെ
ഉടല്‍ വഴക്കം നേടുമ്പോള്‍ "ഞങ്ങള്‍ പെട്ടികളും
സ്യൂട്ട് കേസുകളും പാത്രങ്ങള്‍ പോലും പണം കൊണ്ട് നിറയ്ക്കും" എന്ന് അയാള്‍ സ്വപ്നം കാണുന്നു. മുയ്ദിന്‍ഗാക്ക്
അവളൊരു പ്രണയ സ്ഫുരണമാവുന്നതിനെ കുറിച്ച് ത്വാഹിര്‍ മുന്നറിയിപ്പ് നല്‍കുന്നു:
“സൂക്ഷിച്ചോ, പ്രണയാതുരത ഹൃദയത്തെ മെലിയിക്കും, പ്രണയം
നെഞ്ചിനെക്കാള്‍ വേഗത്തില്‍ വളരുകയും ചെയ്യും. നിനക്കാണെങ്കില്‍
ആവശ്യത്തിനു വാരിയെല്ലുകള്‍ ഇല്ലതാനും!”
പിന്നീടൊരിക്കല്‍ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:
“ പ്രണയം കടന്നുവന്നില്ലെങ്കില്‍
സ്ത്രീകള്‍ കൊള്ളാം. കാരണം പ്രണയം വഴുതിപ്പോവും. നമ്മളതിനു വീട് വെച്ചുകൊടുക്കും, അത്
തോട്ടത്തില്‍ വളരും.”
ഹൃദയം കൊടുക്കുന്ന പ്രണയത്തേക്കാള്‍ പണം
മാത്രം കൊടുക്കുന്ന വേശ്യാഗമനമാണ് സുരക്ഷിതമെന്നും അയാള്‍ കരുതുന്നു. അത്രയ്ക്ക്
സ്ത്രീപക്ഷമല്ലാത്ത ഇത്തരം നിരീക്ഷണങ്ങള്‍ പൊതുവേ നോവലിനെ ഒരു പുരുഷ കേന്ദ്രിത/ നിയന്ത്രിത ലോകമാക്കുന്നുവെന്നും പറയാം. പ്രണയമെന്ന
നിയോഗം നിഷേധിക്കപ്പെടുന്നവന്റെ കയ്പ്പാണ് ത്വാഹിറിനെ ഇത്തരം മനോനിലയില്‍
എത്തിക്കുന്നത്. തന്റെ പ്രണയം വലിച്ചെറിഞ്ഞ് മറ്റൊരാള്‍ക്കൊപ്പം
പോയ ഭാര്യയുടെ ഓര്‍മ്മകളുണ്ട് അയാള്‍ക്ക്. യുസീനിയാ അമ്മായി
ക്യാമ്പില്‍ വെച്ച് കിന്ദ്സുവിനോട് പറയുന്നത് പോലെ അതില്‍ പരാതിപ്പെട്ടിട്ടും
കാര്യമില്ല. യുദ്ധത്തില്‍ എല്ലായിപ്പോഴും അവര്‍
നഷ്ടപ്പെടുന്ന പക്ഷത്താണ്.
“യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍
അനുഭവിക്കുന്നത് കൊല്ലുക എന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ അല്ല. വിനാശങ്ങളുടെ ദുരന്തം പേറേണ്ടി വരിക സ്ത്രീകളും കുട്ടികളുമാണ്.”
മുയ്ദിന്‍ഗയുടെ അമ്മയെ തേടിയുള്ള യാത്ര എപ്പോഴും ഒരു കടംകഥയിലെന്നോണം കരിഞ്ഞ ബസ്സില്‍ തന്നെ തിരിച്ചെത്തുന്നത് ഇരുവരെയും ഇടത്തില്‍ (space) തടവിലായിപ്പോവുന്ന ആ വ്ലാദിമിര്‍ - ഈസ്ട്രഗന്‍ വിധിയില്‍ കുരുക്കുന്ന പ്രതീതി ഉണ്ടാക്കുന്നു. ബെക്കറ്റിന്റെ നാടകത്തിലേത് പോലെ 'നമുക്ക് പോകാം' എന്ന് ഇരുവരും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുമുണ്ടല്ലോ. 'റോഡിന് നമ്മള്‍ കടല്‍ കണ്ടെത്തുന്നത് ഇഷ്ടമല്ല' എന്ന് ബാലന്‍ അസ്വസ്ഥനാവുന്നുണ്ട്. അവനെപ്പോഴും കടലിന്റെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അങ്ങോട്ട് എത്തുന്നേയില്ല. 'ജലം നടുമ്പോള്‍ ജലം മുളച്ചുവരു'മെന്നും 'ഒരു നദിയെപ്പോഴും കടലിലേക്കാവും പോവുക'യെന്നും കല്‍പ്പിച്ച് സ്വന്തം കൈകൊണ്ടു അവന്‍ കുഴിക്കുന്നതില്‍ നിന്ന് ഉരുവാകുന്ന ഉറവ 'ഒരിക്കലും കരകവിയും വിധം കുപിതയാവാത്തതും എല്ലാവരെയും ആലിംഗനം ചെയ്യും വിധം ശാന്തവുമായ' ഒരു നദിയാവുന്നതും ആ 'അമ്മനദി'യില്‍ ബസ്സ് ഒഴുകിത്തുടങ്ങുന്നതും അവര്‍ കടലെത്തുന്നതും അത്തരം ഒരനുഭവമാണ്. ഒഴുകുന്നത് ആ ദേശം തന്നെയാണെന്നും അതൊരു സ്വപ്നാടനത്തിലാണെന്നും ത്വാഹിര്‍ വിശദീകരിക്കുന്നു. അകലെ, മൂടല്‍മഞ്ഞിലെന്നോണം ഫരീദയുടെ ലൈറ്റ് ഹൌസ് കാണാവുന്നതായി ഉത്സാഹം കൊള്ളുന്ന മോയ്ദിന്‍ഗ (ഗാസ്പ്പര്‍ ?) വയോധികന്റെ ചേതനയറ്റ മുഖത്തേക്ക് വിതുമ്പലോടെ തിരിച്ചെത്തുന്നു. മുമ്പ് അവന്‍ ദേഷ്യപ്പെട്ടിരുന്നല്ലോ: നിങ്ങള്‍ക്ക് ഞാന്‍ എന്‍റെ അമ്മയെ കണ്ടെത്തുന്നത് ഇഷ്ടമല്ല, കാരണം പിന്നെ എനിക്ക് നിങ്ങളെ വേണ്ടിവരില്ലല്ലോ.
ആത്മാക്കളുടെ സാന്നിധ്യം കാവലായും
ആശങ്കയായും അലോസരമായും പ്രചോദനമായും മിയാ കൂട്ടോയുടെ കൃതികളില്‍ കടന്നുവരുന്നു. മരണത്തോട്
അറപ്പുകാണിക്കുന്നത് മരിച്ചവരെ പ്രകോപിപ്പിക്കുമെന്ന് ത്വാഹിര്‍ യാത്രാരംഭത്തില്‍
തന്നെ ഇളംമുറക്കാരന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മിസ്സിസ്
വിര്‍ജീനിയ തന്റെ ഭര്‍ത്താവ് വിലക്കിയത് ഭയന്ന് ഫരീദയെ കുറിച്ച്
വീട്ടിനകത്തുവെച്ചു സംസാരിക്കില്ല. “അതെന്റെ കൊച്ചു വീട്
ആത്മാവുകളെ കൊണ്ട് നിറയ്ക്കും.” നോട്ട് ബുക്കിലെ
കഥകളിലൂടെ തങ്ങളുടെ ജീവിതത്തില്‍ സജീവ സാനിധ്യമാകുന്ന കിന്ദ്സുവിനെ കുറിച്ച്
ത്വാഹിര്‍ ഓര്‍ക്കുന്നുണ്ട്. തനിക്കു ഉറക്കം
നഷ്ടപ്പെടും വിധം അവനും അവന്റെ കഥകളും തങ്ങളെ സംബന്ധിച്ചേടത്തോളം യാഥാര്‍ത്ഥ്യമായിരിക്കുന്നു. മുയ്ദിന്ഗയുടെയും കിന്ദ്സുവിന്റെയും ഇതിവൃത്തങ്ങള്‍ ഇഴകോര്‍ത്തു
മുന്നോട്ടുപോവുന്നത് തന്നെ ഏതൊക്കെയോ ആവേശിക്കലുകളുടെ മാനം കൈവരിക്കുന്നുണ്ട്
എന്ന് പറയാം. നഷ്ടങ്ങളുടെ ഏകാധിപത്യത്തെ
അടയാളപ്പെടുത്തി ഇടവും കാലവും തടവറയായിത്തീരുന്ന പരിതോവസ്ഥകളെ അക്ഷരങ്ങളുടെ ഭാവനാ
സാന്നിധ്യങ്ങള്‍ക്കൊണ്ട് മുറിച്ചു കടക്കുന്ന സര്‍ഗ്ഗാന്വേഷണം
കൂടിയായിത്തീരുന്നുണ്ട് കൂട്ടോയുടെ കൗമാരക്കരന്റെത്.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 23-30
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )
More from Mia Couto:
Confession of the Lioness by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_76.html
The Tuner of Silences by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post.html
The Last Flight of The Flamingo by Mia Couto
https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html