ചോര മണക്കുന്ന
കുമ്പസാരങ്ങള്‍
രക്തപങ്കിലമായ ചരിത്രമാണ്
ലബനോന്‍ എന്ന ദേശത്തിന്റെത്. ബൈറൂത്തിന്റെ തെരുവുകളില്‍ നൈലിലെ ജലം പോലെ
ഹിംസാത്മകതയുടെ ഒരു പ്രാവാഹം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏതു നിമിഷവും നില നില്‍ക്കുന്നുണ്ട്
എന്ന് പറയും. ഇസ്രയേല്‍ എന്ന സംഘര്‍ഷപ്പിറവിയുടെ താണ്ഡവം എപ്പോഴൊക്കെ തുടല്‍
പൊട്ടിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ലബനോനിലെ ജനജീവിതം അതിനു വില കൊടുത്തിട്ടുണ്ട്.
ആഭ്യന്തര സംഘര്‍ഷങ്ങളുടെ തന്നെ സുദീര്‍ഘമായ ചരിത്രവും ഈ ദേശത്തിനുണ്ട്. 1967-ല്‍
ഇസ്രയേല്‍ പലസ്തീനില്‍ അരങ്ങേറിയ നരമേധം നേരില്‍ കാണാന്‍ ഇടയായതിനെ തുടര്‍ന്ന് പി.
എല്‍. ഓ-യുടെ ഏറ്റവും വലിയ റസിസ്റ്റന്‍സ് ഗ്രൂപ്പായിരുന്ന ഫതായില്‍ ചേര്‍ന്ന്
പ്രവര്‍ത്തിച്ച ചരിത്രമുണ്ട് വിഖ്യാത ലബനീസ് നോവലിസ്റ്റ് എല്യാസ് ഖൌറിക്ക്.
എന്നാല്‍ “ലബനോനില്‍ നിന്നും ഇതര അറബ്
ലോകത്ത് നിന്നുമുള്ള മികച്ച സാഹിത്യത്തെ”ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന
പങ്കു വഹിക്കുന്ന എല്യാസ് ഖൌറിയുടെ ഇടപെടല്‍ മുഖ്യമായും ലബനോനിന്റെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ
ദുരന്തങ്ങളെ ആവിഷ്കരിക്കുന്നതിലാണ്. ഖൌറിയുടെ 2002-ല്‍ പുറത്തിറങ്ങിയ യാലോ എന്ന
നോവല്‍ 1975 മുതല്‍ 1990 വരെ കാലഘട്ടത്തില്‍ ലബനോനിനെ പിടിച്ചുലച്ച കലാപങ്ങളെയാണ്
പശ്ചാത്തലമാക്കുന്നത്.
വേട്ടയാടുന്ന രക്തധാര
യുദ്ധങ്ങള്‍ പിടിച്ചുലച്ച
നാട്ടില്‍ കലുഷമായ രാഷ്ട്രീയത്തിന്റെയും അന്താരാഷ്‌ട്ര ഗൂഡാലോചനയടെയും
അന്തരീക്ഷത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളും ബലാല്‍ക്കാരവും കുറ്റങ്ങള്‍ ചുമത്തി
ഒരാള്‍ വിവരണാതീതമായ ഭേദ്യ മുറകള്‍ക്ക് ഇരയാക്കപ്പെടുന്നു. ലൈംഗികതയും
ഹിംസാത്മകതയും ബീഭത്സതയുടെ അതിരു ഭേദിക്കുന്ന കഠിന മുറകളും വേണ്ടുവോളമുള്ള ഇതിവൃത്തം ശരിക്കുമൊരു റോബര്‍ട്ട് ലുഡ്
ലം ത്രില്ലറിന്റെ സാധ്യതകള്‍ ഉള്‍കൊളളുന്നുണ്ട്. എന്നാല്‍ എല്യാസ് ഖൌരി (ഗേറ്റ്
ഓഫ് ദി സണ്‍, ആസ് ദോ ഷി വേര്‍ സ്ലീപ്പിംഗ്) അത്തരം ഒരു
രേഖീയമായ മുള്‍മുന സസ്പെന്‍സ് നോവലിന്റെ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ താല്‍പ്പര്യമെടുക്കുന്നില്ല.
പൂര്‍വ്വാപര ബന്ധമുള്ള ഒരാഖ്യാനത്തിലൂടെ ഒരു കഥ പറയുകയല്ല, ഒരേ
കഥാപാത്രത്തിന്റെ ജീവിത കഥയുടെ, ജീവിതാവസ്ഥയുടെയും, പലവുരു പുനരാവിഷ്കാരങ്ങളിലൂടെ അത് അടയാളപ്പെടുത്തുന്ന ശൈഥില്യത്തെയും
ആന്തരികാര്‍ത്ഥങ്ങളെയും ഒരു വേള അസംബന്ധങ്ങളെയും തുറന്നു വെക്കുകയാണ് നോവലിസ്റ്റ്.
ദണ്ഡനമുറകളുടെ കൂടുതല്‍ കൂടുതല്‍ കടുത്തുവരുന്ന പ്രയോഗങ്ങളുടെ ഫലമായി ശാരീരികവും
മാനസികവുമായി തന്നില്‍ത്തന്നെയുള്ള പിടിവിട്ടു പൊയ്ക്കൊണ്ടിരിക്കുന്ന, ഒരു വേള സ്വയമൊരു ശരീര മുക്തമായ ബോധ/അബോധമാണോ എന്ന് സംശയിച്ചു തുടങ്ങുന്ന
യാലോയുടെ ഒരൊറ്റ ആഖ്യാന സ്വരത്തിലാണ് നോവല്‍ ഉടനീളം എന്നത് ഈ വ്യത്യസ്താവിഷ്കാര
രീതിയെ കൂടുതല്‍ സങ്കീര്‍ണ്ണവും ഭഷാ/രൂപക ഉപയോഗത്തില്‍ വൈയക്തിക സ്വഭാവമുള്ളതും
ആക്കുന്നുണ്ട്.
‘സൂര്യകവാട’ത്തില്‍ ഷാത്തില
അഭയാര്‍ഥി ക്യാമ്പില്‍ കോമ അവസ്ഥയില്‍ കിടക്കുന്ന യൂനിസ് എന്ന തന്റെ ഹീറോയെ
ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖലീല്‍ എന്ന യുവ
ഡോക്റ്റര്‍ യൂനിസിന്റെ തന്നെ കഥ/ പലസ്തീന്‍ അതിജീവനം പറയുന്നു. യാലോയില്‍ ദണ്ഡന
മുറിയില്‍ ചോരയൊലിപ്പിച്ചു നില്‍ക്കുന്ന കഥാനായകനും ഭേദ്യം ചെയ്യുന്നവനുമായാണ്
വിനിമയം. അതില്‍ സൂചിതമാവുക കഥാനായകന്റെ ജീവിതവുമായി കെട്ടുപിണയുന്ന ലബനോനിന്റെ
ഹിംസാത്മക ചരിത്രമാണ്. 1860-ല്‍
ഓട്ടോമന്‍ തുര്‍ക്കികള്‍ തന്റെ പിതാമഹന്റെ ജന്മഗ്രാമമായ വാദ് ഐനിലെ അസ്സീറിയന്‍
ക്രിസ്ത്യാനികള്‍ക്ക് നേരെ അരങ്ങേറിയ വംശ ഹത്യയുടെ ഒരു ‘രക്ത ധാര’ യാലോ സ്വയം
പൊരുതിയ ആധുനിക ലബനോനിലെ ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീണ്ടു കിടപ്പുണ്ട്.
പിതാമഹന്റെ കാര്യത്തില്‍, അദ്ദേഹം തീരെ കുഞ്ഞായിരുന്ന
കാലത്തെ അമ്മാവനില്‍ നിന്ന് കേട്ട സംഭവങ്ങള്‍ ഓര്‍മ്മകളില്‍ വിങ്ങി നില്‍ക്കുന്നത്
അയാളെ ഇന്നും വേട്ടയാടുന്നു. ഒരു സിറിയക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യന്‍ പാതിരിയായ
അയാളുടെ സാന്നിധ്യം നോവലിലെങ്ങും നിഴല്‍ വിരിക്കുന്നുണ്ട്. യാലോയുടെ യഥാര്‍ത്ഥ
പിതാവ് സ്വീഡനിലേക്ക് പാലായനം ചെയ്യുകയും മുത്തച്ഛന്‍ രേഖകള്‍ പ്രകാരം അയാളുടെ
പിതാവാകുകയും ചെയ്യുന്നതിന്റെ പിന്നിലും മുത്തച്ഛന്റെ മൌലികവാദ മത
സമീപനങ്ങളായിരുന്നു എന്ന് നോവലില്‍ സൂചനയുണ്ട്. വീര്‍പ്പുമുട്ടിക്കുന്ന
ഗൃഹന്തരീക്ഷത്തിലെ കാര്‍ക്കശ്യങ്ങളാണ് ടീനേജുകാരനായ യാലോയത്തന്നെയും നാടുവിടാനും
ലബനീസ് ഒളിപ്പോരാളികളോട് ചേരാനും പ്രേരിപ്പിക്കുക.
പ്രണയ രഹിതം തെരുവിന്റെ വഴി
എന്നാല്‍ ചരിത്ര സംഭവങ്ങളുടെ
ആവിഷ്കാരമോ, യഥാര്‍ത്ഥ
കഥാപാത്രങ്ങളോ പോലുള്ള സാമ്പ്രദായിക ചരിത്ര നോവല്‍ രീതികള്‍ ഇവിടെ
ദീക്ഷിക്കപ്പെടുന്നേയില്ല. മറിച്ച്, ഒന്നുമല്ലാത്ത ഒരാളുടെ
ജീവിതത്തിലെ പുക പിടിച്ച വിശദാംശങ്ങള്‍ അവയുടെ പിറകിലെ ചരിത്രപരമായ ചാലക ഘടകങ്ങളെ
വെളിപ്പെടുത്തും രീതിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത
ശ്രമങ്ങളിലൂടെ ചുഴിഞ്ഞെടുക്കുകയാണ് നോവല്‍. ആ അര്‍ഥത്തില്‍ യാലോ, ജെ. എം. കൂറ്റ്സിയുടെ മൈക്കല്‍ കെ. യുടെ ജീവിതവും കാലവും എന്ന നോവലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നു
ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നു (ദി ഗാര്‍ഡിയന്‍). സൂര്യകവാടത്തിലേത്
പോലെത്തന്നെ ഇവിടെയും സംഭവഗതികളുടെയും തുടക്കം കുറിക്കുന്ന സാഹചര്യത്തിന്റെയും
പടിപടിയായുള്ള വികാസത്തെ പിന്തുടരുന്ന ആഖ്യാനരീതിയല്ല നോവലിസ്റ്റ്
അവലംഭിക്കുന്നത്. സാഹചര്യങ്ങളും സംഭവഗതികള്‍ തന്നെയും മുഴുവനായിക്കഴിഞ്ഞ ഒരു
പരിണതിയില്‍ നിന്നുകൊണ്ട് അതിന്റെ ഘടകങ്ങളെ, അങ്ങോട്ടെത്തിച്ച
കൂടിക്കലരലുകളെ സാവധാനം ഇഴപിരിക്കുകയാണ്. വികാസങ്ങളുടെ എന്നല്ല, വെളിപ്പെടുത്തലിന്റെ ഇടവേളയാണ് ആവിഷ്കാരത്തിന്റെ കാലം. പീഡിപ്പിച്ചു
ഏറ്റുപറയിക്കല്‍, ആത്മകഥ, പോലീസ്
റിപ്പോര്‍ട്ട്, നേരിട്ടുള്ള പ്രഥമപുരുഷ ആഖ്യാനം എന്നിങ്ങനെ
ഉള്ള പലവുരു ആവര്‍ത്തനങ്ങളിലൂടെ, ഓരോ തവണയും
പുതിയ വെളിപ്പെടലുകളും തുറന്നു പറച്ചിലുകളും കാരണം പുതിയ ആവിഷ്കാരമായി സ്വയം
ഭവിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. യാലോയുടെ പരീക്ഷണം ചോദ്യം ചെയ്യലില്‍ നിന്ന്
ഭേദ്യ- ദണ്ഡന മുറകളിലേക്കും ഏകാന്ത തടവിലേക്കും നീങ്ങുന്നതോടെ അയാളുടെ/ അയാളില്‍
ആരോപിതമായ കുറ്റത്തിന്റെ പ്രകൃതവും അവയ്ക്ക് പിന്നിലെ കഥകളുടെ ഭാവവും പതിയെ
വ്യക്തമാവുന്നു, എന്നാല്‍ ഒരിക്കലും അത് പരിപൂര്‍ണ്ണമായി
വ്യക്തമാവുകയുമില്ല.
യാലോയുടെ പതിയെ പതിയെ
വ്യക്തമാകുന്ന ജീവിത പരിസരം അത്ര അസാധാരണമല്ല. എഴുപതുകള്‍ മുതല്‍
തൊണ്ണൂറുകളിലേക്ക് വ്യാപിച്ച ആഭ്യന്തര സംഘര്‍ഷങ്ങളുടെ കാലത്ത് ബൈറൂത്തിലെ
ഗല്ലികളിലൂടെ മുതിര്‍ന്നുവന്ന യാലോ എന്ന് വിളിക്കുന്ന ഡാനിയേല്‍ ജലാവോ അഥവാ ഹബീല്‍
അബ് യാദ് ആണ് കേന്ദ്ര കഥാപാത്രം. മികച്ച മരപ്പണിക്കാരനും കാലിഗ്രാഫറും ആയിരുന്ന
യാലോ, സംഘര്‍ഷ കാലത്ത് പേനയുപേക്ഷിച്ചു
ഒളിപ്പോരാളികളോട് ചേര്‍ന്നു. ബാരക്കില്‍ നിന്ന് പണം മോഷ്ടിച്ച് കൂട്ടുകാരന്‍
ജോണിയോടൊപ്പം പാരീസിലേക്ക് കടന്ന യാലോക്ക് അടിപറ്റുന്നത് ജോണി ചതിക്കുമ്പോഴാണ്.
അയാള്‍ കടന്നു കളയുമ്പോള്‍ പണവും ഒപ്പം പിടിച്ചു നില്‍ക്കാനുള്ള ഫ്രഞ്ച്
ഭാഷാപരിജ്ഞാനവും ഒരുമിച്ചാണ് നഷ്ടപ്പെടുക. മോണ്ട്പര്‍നാസ്സ് മെട്രോ സ്റ്റേഷനില്‍
അറബി ഭാഷയില്‍ എഴുതിയ സഹായാഭ്യര്‍ത്ഥനയുമായി അന്ധാളിച്ചു നിന്ന അയാള്‍ക്ക്
അഭയമാകുക മിഷേല്‍ സലൂം എന്ന ആയുധ വ്യാപാരിയാണ്. ലബനോനില്‍ തിരികെയെത്തിച്ചു തന്റെ
വീടിനു കാവലെന്ന ജോലി നല്‍കുന്ന മിഷേലിന് യാലോ പകരം നല്‍കുക അയാളുടെ മദാലസയായ
ഭാര്യ മാഡം റാന്‍ഡയുമായി രഹസ്യബന്ധം തുടങ്ങിക്കൊണ്ടാണ്. എന്നാല്‍
കൊടുങ്കാറ്റുസമാനമായ വേഴ്ചകള്‍ നീണ്ടുനില്‍ക്കുന്നില്ല. യാലോ തന്റെ യഥാര്‍ത്ഥ
പ്രണയമായ ഷിറിന് വേണ്ടി ദാഹിക്കുന്നു. അതാവാം, തൊട്ടടുത്തുള്ള
കാട് പിടിച്ച കുന്നിന്‍ ചെരിവുകളിലേക്കുള്ള സായാഹ്ന സവാരികളിലേക്ക് വീണ്ടും
വീണ്ടും അയാളെ എത്തിക്കുന്നതും. ആഭ്യന്തര സംഘര്‍ഷ കാലത്തിനു ശേഷം ലബനോന്‍
സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചു വരുന്ന നാളുകളില്‍ യാലോ പുതിയ കാലത്തോട്
വേണ്ടത്ര പൊരുത്തപ്പെടുന്നതില്‍ വിജയിക്കുന്നില്ല. യജമാനന്‍ നല്‍കിയ
കലാഷ്നിക്കോവുമായി പരിസരങ്ങളില്‍ റോന്തു ചുറ്റുന്ന യാലോ, രഹസ്യപ്രണയം
ആഘോഷിക്കാനെത്തുന്ന ഇണകളെ/ ലൈംഗിക കേളിക്കാരെ വേട്ടയാടാന്‍ തുടങ്ങുന്നു. മോഷണവും
പിടിച്ചു പറിയും ഭീഷണിയും എന്നതില്‍ ഒതുങ്ങാതെ അത് ബാലാല്‍ക്കരങ്ങളിലേക്കും
സ്വാഭാവികമായിത്തന്നെ പരിണമിക്കുന്നു. ബലാല്‍ക്കാരം നടന്നിരുന്നോ, അഥവാ വല്ലപ്പോഴുമോ എല്ലായിപ്പോഴുമോ അങ്ങനെ സംഭവിച്ചോ എന്ന അനിശ്ചിതത്വം
നോവലിന്റെ കേന്ദ്രവിഷയമാണ്, ഒരിക്കലും തീര്‍ത്തും
വ്യക്തമാക്കപ്പെടാത്തതും. കൂട്ടത്തില്‍ ഷിറിന്‍ എന്ന യുവതിയുമായി അയാള്‍
പ്രണയത്തിലാവുന്നു. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത വാടക ഗൂണ്ടയോട് സമൂഹത്തിന്റെ
ഉന്നത ശ്രേണിയില്‍ പെട്ട യുവതിക്ക് സ്വാഭാവിക അടുപ്പം സാധ്യമേയല്ല. അവള്‍ക്ക്
വേണ്ടി സ്വയം പരിവര്‍ത്തനപ്പെടാന്‍ അയാള്‍ തയ്യാറാവുന്നതായും ഒരു മാന്യനായ
മനുഷ്യനായിത്തീരുന്നതിന്റെ സാധ്യത തെളിയുന്നതായും സൂചനയുണ്ട്. അതേസമയം, ഷിറിന് അയാളോടുള്ള ബന്ധത്തിന്റെ സ്വഭാവം ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ല:
അത് പ്രണയമായിരുന്നോ, ഭയമായിരുന്നോ മറ്റെന്തെങ്കിലും
ആയിരുന്നോ? എന്തായാലും, അതാണ് അയാളെ
ബലാല്‍ക്കാര ആരോപണത്തിനു വിധേയനാക്കി ഭേദ്യമുറിയില്‍ എത്തിക്കുക. ഷിറിന്‍, യാലോയെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ തള്ളിപ്പറയുന്നതോടെയാണ് നോവല്‍
ആരംഭിക്കുന്നത്. കൊടിയ പീഠകനായ അന്വേഷണ ഉദ്യോഗസ്ഥനെ തികച്ചും തൃപ്തിപ്പെടുത്തും
വിധം തന്റെ ജീവചരിത്രം ആവര്‍ത്തിച്ചു, പഴുതടച്ചു
തയ്യാറാക്കാനുള്ള യാലോയുടെ ശ്രമങ്ങളാണ് തുടര്‍ന്നുള്ള ആഖ്യാനത്തെ നിര്‍ണ്ണയിക്കുന്നത്.
എന്നാല്‍, എഴുതപ്പെട്ട കുറ്റസമ്മത മൊഴിയിലും
ജീവചരിത്രത്തിലുമേറെ നോവലിലെ അനാവരണം അധികവും സംഭവിക്കുന്നത് ഏതാണ്ടൊരു ബോധാധാരാ
സമ്പ്രദായത്തിലുള്ള യാലോയുടെ ചിതറിയ ഓര്‍മ്മകളിലൂടെയും അന്വേഷണോദ്യോഗസ്ഥനോടുള്ള
ശിഥിലമായ വെളിപ്പെടുത്തലുകളിലൂടെയുമാണ്.
പുരാവൃത്ത ഭാഷ്യങ്ങള്‍
ഒരു സാധാരണ നോവലിന് വേണ്ടത്ര
ഭദ്രമായ ഇതിവൃത്ത ഘടനയുടെ എല്ലാ സാധ്യതകളും യാലോ – ഷിറിന്‍ ബന്ധത്തിന്റെ
നിമ്നോന്നതങ്ങളില്‍ തന്നെ വേണ്ടുവോളം ഉണ്ടെങ്കിലും ഖൌറിയുടെ പ്രതിഭ അവിടെ
ഒതുങ്ങിനില്‍ക്കുന്നതിലല്ല വ്യാപൃതമാകുന്നത്. ഒട്ടേറെ പുനരാഖ്യാനങ്ങളിലൂടെ വേറെയും
സുപ്രധാന ഉത്കണ്ഠകളിലേക്ക് നോവല്‍ ഊന്നാന്‍ തുടങ്ങുന്നതോടെ യാലോ- ഷിറിന്‍ ബന്ധം
കൂട്ടത്തില്‍ ഒന്ന് മാത്രമായി പരിണമിക്കുന്നു. ആരായിരുന്നു അയാളുടെ ശരിക്കുമുള്ള
പിതാവ്? അയാളെ പോറ്റി
വളര്‍ത്തിയ മുത്തച്ഛന്‍ എങ്ങനെയാണ് അത്ര ഇടുങ്ങിയ ചിന്താഗതിയും അടിച്ചമര്‍ത്തല്‍
പ്രകൃതവുമുള്ള ഒരു പാതിരിയായത്? യാലോയുടെ അമ്മയെ മനോനില
തെറ്റിച്ചത് എന്തായിരുന്നു? ആഭ്യന്തര സംഘര്‍ഷ നാളുകളില്‍ സഹ
സൈനികര്‍ നടമാടിയ അത്യാചാരങ്ങളില്‍ യാലോയുടെ പങ്കെന്തായിരുന്നു? എന്ത് കൊണ്ടാണ് അയാള്‍ ബാരക്കില്‍ നിന്നും പണം മോഷ്ടിച്ചത്? ഭേദ്യമുറക്കാര്‍ പറയുമ്പോലെ അയാള്‍ ഇസ്രെയേലികള്‍ക്ക് വേണ്ടി ബോംബ് നിര്‍മ്മിക്കുന്ന
സംഘത്തില്‍ പെട്ടിട്ടുണ്ടായിരുന്നോ?
ആദ്യഭാഗത്ത് താരതമ്യേന നേര്‍
രീതിയിലുള്ള കഥപറച്ചില്‍ ആയി അവതരിപ്പിക്കുന്ന ഇതിവൃത്തം പിന്നീട് ഒരു ആവര്‍ത്തിച്ചുള്ള
കറങ്ങിത്തിരിയലിലേക്ക് ചുവടു മാറ്റുന്നു. ഓരോ തവണയും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍
ഭീകരമായ ദണ്ഡനങ്ങളിലൂടെ പഴുതടച്ച ജീവചരിത്രം തയ്യാറാക്കാന്‍ ഭേദ്യം നടത്തുന്നയാള്‍
ആവശ്യപ്പെടുന്നു. അതെ തുടര്‍ന്ന്, യാലോയുടെ ജീവിതത്തിലെ സുപ്രധാന വസ്തുതകള്‍ ആവര്‍ത്തിച്ച്
അവതരിപ്പിക്കുന്നതിനു ഒരു മന്ത്രോച്ചാരണസ്വഭാവം വന്നു ചേരുന്ന പോലെ, കാമോത്തേജകമായ ആനന്ദവും ദുസ്സഹ ഭീകരതയുമെന്ന രണ്ടു വൈരുധ്യങ്ങളും നോവലില്‍
ഉടനീളം ആവര്‍ത്തിക്കപ്പെടുന്നുവെന്നു ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നുണ്ട്.
തടവറയില്‍ യാലോയുടെ ഓര്‍മ്മകള്‍ താന്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളുമായി കൂടിക്കലര്‍ന്ന്
സത്യത്തിന്റെ പല പല ഭാഷ്യങ്ങളായി ഉരുത്തിരിയുന്നു. ഷിറിന്‍ തന്നെ
പ്രണയിക്കുകയായിരുന്നു എന്ന് ഒരു പാഠത്തില്‍ അയാള്‍ കുറിക്കുന്നുവെങ്കില്‍
പിന്നീട് അത് ഭയമായിരുന്നു എന്ന് അയാള്‍ക്ക്
തോന്നുന്നു. മാഡം റാന്‍ഡാ തന്റെ സാമീപ്യത്തിലാണ് ഉത്തേജിതയായിരുന്നത് എന്നും,
അതല്ല തന്നോടൊപ്പം കണ്ടിരുന്ന പോണ്‍ സിനിമകളിലായിരുന്നു അവളുടെ താല്‍പര്യമെന്നും
മാറി മാറി അയാള്‍ ചിന്തിക്കുന്നു. കിടപ്പറ രംഗങ്ങള്‍ യുദ്ധരംഗങ്ങളില്‍
സന്നിവേശിക്കുന്നു. വയലെന്‍സും സെക്സും കൂടിക്കലരുന്ന രീതി നോവലില്‍ എങ്ങുമുണ്ട്.
പ്രഹര രൂപത്തിലുള്ള മര്‍ദ്ദനം ഒരു തുടക്കം മാത്രമാണ് തടവറയില്‍. നഗ്നനായ യാലോയുടെ
കാലുകള്‍ ചാക്കിനകത്ത് കയറ്റിയുള്ള ശിക്ഷാമുറ ഭീകരമാണ്. ചാക്കിനകത്തെ വെകിളി
പിടിച്ച പൂച്ച അയാളുടെ കാലുകളും ജനനേന്ദ്രിയവും മാരകമായി മുറിവേല്‍പ്പിക്കുന്നു.
അതിലും ഭീകരമാണ് “സിംഹാസനാവരോഹണം”. നിവര്‍ത്തിവെച്ച കോള കുപ്പിക്കുമേല്‍
മലദ്വാരത്തില്‍ തറച്ചുകയറുന്ന വരുന്ന രീതിയില്‍ ഇരിക്കേണ്ടി വരുന്നത്തില്‍ യാലോ
ഭാഗ്യവാനാണെന്ന് തടവറ ഗാര്‍ഡ് അയാളോട് പറയുന്നുണ്ട്. മാരകമായ മുറിവുണ്ടായി പഴുപ്പ്
ബാധിച്ച് മരിക്കാറുള്ളവരുടെ വിധി അയാള്‍ക്കുണ്ടായില്ല. യാലോയുടെ വ്യക്തിത്വത്തില്‍
ഉടനീളമുള്ള ദ്വന്ദ്വത്തിന്റെ രീതി ഇവിടെയും കാണാം. അയാള്‍ ഒരേ സമയം കൊടും പീഠകനും
പീഡിതനുമാണ്, കുറ്റവാളിയും പശ്ചാത്താപ വിവശനുമാണ്, ആനന്ദം നല്‍കുന്നവനും കണ്ടെത്തുന്നവനുമാണ്. എല്ലാത്തിനുമുപരിയായി അയാള്‍
പാപമോചനം തേടുന്ന ഒരാളാണ്. തടവില്‍ കഴിയുന്നതിലൂടെ അയാള്‍ സ്വയം കണ്ടെത്താനും
സ്വയം ആവിഷ്കരിക്കാനും ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ബോംബ് കേസില്‍ യാലോക്ക്
പങ്കൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അയാള്‍ ശിക്ഷിക്കപ്പെടുക മറ്റു
കുറ്റങ്ങള്‍ക്കാണ് എന്നും വെളിവാകുന്നതോടെ അയാളുടെ ജീവിത കഥയില്‍ താല്‍പ്പര്യമില്ലാതാവുന്ന
ഭേദ്യമുറക്കാരന്‍ ചുരുട്ടിക്കൂട്ടിയെറിയുന്ന ലിഖിത ജീവിതക്കുറിപ്പ് യാലോക്ക്
പ്രിയപ്പെട്ടതാവുന്നതും, ജയില്‍ വാസക്കാലത്ത്
സ്വന്തം ജീവിത കഥയെഴുതാന്‍ അയാള്‍ ആഗ്രഹിക്കുന്നതും.
പിച്ചവെച്ച സഹനകാണ്ഡം
യാലോയെപ്പോലെ നായക ഗുണങ്ങള്‍
അശേഷമില്ലാത്ത ഒരു കഥാപാത്രത്തെ ഏതാണ്ട് മുഴുവന്‍ സമയവും കേന്ദ്ര സ്ഥാനീയനായി നിര്‍ത്തി
മുന്നൂറു പേജിനു മുകളിലുള്ള ഒരു കഥ പറയുമ്പോള്‍ പാത്ര സൃഷ്ടിയിലെ വിചിത്ര
സൗന്ദര്യവും ആവിഷ്കാര രീതിയും പ്രധാനമാണ്. ഒരേ സമയം സഹതാപാര്‍ഹനും പ്രാകൃതനും
വല്ലാത്തൊരു ശുദ്ധഗതിയുള്ളവനുമായി അയാള്‍ എല്ലാ മനുഷ്യരുടെയും പ്രതിനിധി
കൂടിയായിത്തീരുന്നുണ്ട്. കുട്ടികളുടെത് പോലുള്ള കൗതുകങ്ങളും തന്റെ വങ്കത്തരങ്ങളില്‍
അഭിരമിക്കുന്ന രീതിയും അയാള്‍ക്കുണ്ട്. ഷിറിനെ അത്ഭുതപ്പെടുത്താന്‍ വേണ്ടി അയാള്‍
മെനയുന്ന അഭിമാനക്കൊലയുടെ കഥ അതാണ് സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെ മാനം എന്ന
‘ഏറ്റവും ഉദാത്തമായ കാര്യ’ത്തിന് വേണ്ടി തന്റെ കസിനെ താന്‍ വേദി വെച്ച്
കൊന്നുവെന്നാണ് അയാള്‍ പറയുക. “അവളുടെ കണ്ണുകളില്‍ ആരാധനാഭാവം കാണാന്‍ വേണ്ടിയാണ്
അയാള്‍ കഥ പറഞ്ഞത്, എന്നാല്‍
ആരാധനയ്ക്ക് പകരം, അവളുടെ ചെറിയ കണ്ണുകള്‍ ഭയം കൊണ്ട്
നിറയുന്നതാണ് അയാള്‍ കണ്ടത്.” ബാലാല്‍ക്കാരത്തെ കുറിച്ചും അയാള്‍ അങ്ങനെയാണ്
പറയുക: “ബലാല്‍ക്കാരത്തിന്റെ കാര്യത്തില്‍, ഞാന്‍ ബലാല്‍ക്കാരം
ചെയ്തു എന്നത് ശരിയാണ്, പക്ഷെ എനിക്കറിയില്ലായിരുന്നു
അതിനെയാണ് ബലാല്‍ക്കാരം എന്ന് വിളിക്കുകയെന്ന്‍. ഞാന്‍ കരുതി സെക്സ് എന്നാല്‍
അതാണെന്ന് – നിങ്ങള്‍ ഒരു സ്ത്രീയുടെ മേല്‍ എത്തുന്നു, ഒന്നും
വിശദീകരിക്കേണ്ടതില്ല. അത് വിഡ്ഢിത്തമായിരുന്നു.” ഇതോടൊപ്പം താന്‍ നേരിടാന്‍
പോകുന്ന കൊടിയ തടവറ ജീവിതത്തെ കുറിച്ച് കടുത്ത ഭയവും (claustrophobia) ഉള്ളവനാണ് അയാള്‍. തന്റെ മുഖ്യ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണ മനോനില
തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റ് നിലനിര്‍ത്തുന്ന അവധാനതയുടെ യഥാര്‍ത്ഥ ലക്‌ഷ്യം
ഇവിടെയാണ് വ്യക്തമാവുക: യാലോ ഒരു അവലക്ഷണം പിടിച്ച പെരുമാറ്റക്കാരനാണെന്ന്
മനസ്സിലാക്കിത്തുടങ്ങുമ്പോഴേക്കും നാം അയാളോടൊപ്പം കുറെയേറെ സമയം പങ്കിട്ടുണ്ട്,
സന്ദേഹങ്ങളും ഭയാശങ്കകളും നിറഞ്ഞ അയാളുടെ അവസ്ഥ നാം
അടുത്തറിഞ്ഞിട്ടുണ്ട്, അയാള്‍ ചെയ്ത/ ചെയ്തിരിക്കാവുന്ന
തെറ്റിനെക്കാള്‍ എത്രയോ കൂടുതലാണ് അയാള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷ (“more
sinned against than sinning”) എന്ന്
നമുക്ക് ഉറപ്പാണ്. യാലോയുടെ കുറ്റങ്ങളുടെ വ്യാപ്തിയും തീര്‍ച്ചയില്ലെന്നതും
പ്രധാനമാണ്. ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ എത്രമാത്രം അയാള്‍ ചെയ്തിട്ടുണ്ട്
എന്നോ ഏതൊക്കെ സാഹചര്യങ്ങളിലാണ് അവ നടന്നത്/ ആരോപിക്കപ്പെട്ടത് എന്നോ ഒരിക്കലും
സ്പഷ്ടമല്ല. ദുസ്സഹമായ പീഠനം ഇനിയും താങ്ങാന്‍ വയ്യ എന്ന നിലയില്‍ അയാള്‍ എല്ലാം
ഏറ്റെടുക്കുകയാണ്; ഇനിയും മറ്റെന്തെങ്കിലും ആരോപിക്കാന്‍
ഉണ്ടെങ്കില്‍ അതും മുന്‍കൂര്‍ ഏറ്റെടുക്കുന്നു എന്ന മട്ടില്‍. എല്ലാത്തിനും പുറമേ,
ഒരു ഭീകര സ്വപ്നത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഖൌറിയുടെ
അനന്യമായ ശൈലി അയാളുടെ ഒറ്റപ്പെടലിനെയും നിസ്സഹായാവസ്ഥയെയും
ദീപ്തമാക്കുന്നുമുണ്ട്. കുട്ടിക്കാലം മുതല്‍ കുറ്റാരോപണവും ഏറ്റുപറയലും
പൊരുളറിയാത്ത ശിക്ഷാമുറകള്‍ നിശ്ശബ്ദം സഹിക്കലും അയാള്‍ക്ക് ശീലവുമാണ്:
“കൊഹ് നോ മുത്തച്ഛന്റെ ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയണം
എന്ന് യാലോക്ക് അറിയില്ലായിരുന്നു, പക്ഷെ അവന്‍ കണ്ണടച്ച് കുറ്റസമ്മതം നടത്തും, അവന്‍
നുണ പറഞ്ഞെന്ന്‍, അല്ലെങ്കില്‍ ആപ്പിള്‍ മോഷ്ടിച്ചെന്ന്,
പഠിച്ചില്ലെന്ന്, അല്ലെങ്കില്‍ അപ്പോള്‍
തോന്നിയതെന്തോ അത്. കൊഹ് നോ അവന്റെ കുമ്പസാരം കേട്ടുകഴിഞ്ഞാല്‍, അയാള്‍ ഒരു കുമ്പസാരത്തിന്റെ വിശുദ്ധകര്‍മ്മം കേട്ട കൊഹ് നോയില്‍ നിന്ന്
മുത്തച്ഛനിലേക്ക് രൂപാന്തരപ്പെടും, എന്നിട് കുനിഞ്ഞ ശിരസ്സും
അടഞ്ഞ കണ്ണുകളുമായി തന്റെ മുമ്പില്‍ കുമ്പസാരിച്ച കുട്ടിയോട് ഉപദേശിക്കുന്നതിനു
പകരം, അയാളവനെ ഒരു മുളവടികൊണ്ട് പ്രഹരിക്കും.”
ചെയ്തിട്ടില്ലാത്ത തെറ്റ്
കുമ്പസാരക്കൂട്ടിലെന്ന പോലെ ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുകയും അത് ചെയ്തു
കഴിയുമ്പോള്‍ ഉപദേശിയുടെ വേഷത്തിന് പകരം ഭേദ്യമുറക്കാരന്‍ ആയി മാറുകയും
ചെയ്യുമായിരുന്ന കൊഹ് നോ എന്ന് വിളിക്കപ്പെട്ടിരുന്ന മുത്തച്ഛന്‍റെ/ അച്ഛന്റെ
പതിപ്പ് തന്നെയാണ് തടവറയിലെ പീഠകനിലും അയാള്‍ നേരിടുന്നത്. അതേരീതിയില്‍ കണ്ണടച്ച്, ഭാഷ നഷ്ടപ്പെട്ട് യാലോ തടവറയില്‍ നില്‍ക്കുന്നു.
മുത്തച്ഛന്റെ മുളവടി പോലീസിന്റെ കയ്യിലും അയാള്‍ കണ്ടെത്തുകയും ‘അനുഭവിക്കുക’യും
ചെയ്യുന്നുമുണ്ട്. ഇതേ പോലെ ആവര്‍ത്തിക്കുന്ന സൂചകങ്ങളോ ഇമേജുകളോ (leitmotif) ഉപയോഗിച്ച് യുദ്ധം, ബലാല്‍ക്കാരം, കൊലപാതകം, പീഡനം, ജാരബന്ധം തുടങ്ങിയ മുഖ്യ വിഷയങ്ങള്‍ നോവലില്‍
ആവിഷ്കരിക്കുന്നു. അമേദ്യഭോജനം എന്ന കര്‍മ്മം സാഡിസ്റ്റും ലൈംഗികാവശ്യത്തിനു
ആണുങ്ങളെ വേട്ടയാടുന്ന (pederast) വൈകൃതക്കാരനുമായ അലക്സിയെന്ന റഷ്യന്‍-സിറിയക് സൈനികറെ
കാര്യത്തില്‍ എന്ന പോലെ നിരര്‍ത്ഥമായ ക്രൂരതയുടെ ചിഹ്നമായും യാലോയുടെ അമ്മ
ഗാബിയുടെ കാര്യത്തിലെന്ന പോലെ ദൈവ പ്രീതിക്കും അരങ്ങേറുന്നുണ്ട്. ഇത് സ്വയം തിന്നു
തീര്‍ക്കുക, അഥവാ
ആത്മനാശം എന്ന നോവലിന്റെ കേന്ദ്ര പ്രമേയത്തെ സൂചിപ്പിക്കുന്നു എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തടവറകളുടെ സാക്ഷ്യം
ലബനീസ് തടവറകളില്‍
രാഷ്ട്രീയത്തടവുകാര്‍ക്കും ഒളിപ്പോരാളികള്‍ക്കും നല്‍കിവന്ന ദണ്ഡനമുറകളില്‍ ചിലത്
യഥാതഥമായി നോവലില്‍ ഇഴചേര്‍ക്കപ്പെട്ടിട്ടുണ്ട്. പൂച്ചകളെയും ക്ഷുദ്ര ജീവികളെയും
മര്‍മ്മ സ്ഥാനങ്ങളില്‍ ദുസ്സഹ വേദനയുളവാക്കും വിധം ഉപയോഗിക്കുക, കോള ബോട്ടില്‍ പ്രയോഗം തുടങ്ങിയവ
അത്തരത്തില്‍ പെട്ടവയാണ്. ഒടുവില്‍ സ്വന്തം കഥ രേഖപ്പെടുത്താന്‍ പെന്നും കടലാസും
ക്ലിപ്തമായ സമയവും നല്‍കി, ഓര്‍മ്മകളും ചിന്തകളും
ചിതറിത്തുടങ്ങുന്ന തടവുപുള്ളി എഴുതിനല്‍കുന്ന വിവരങ്ങളിലെ പഴുതുകള്‍ കണ്ടെത്തി
കൂടിയ ദണ്ഡന മുറകള്‍ നടപ്പിലാക്കുന്ന രീതിയും സര്‍വ്വ സാധാരണമാണ്. തടവുപുള്ളിയുടെ
കാര്യത്തില്‍ മുന്‍കൂടി തയ്യാറാക്കപ്പെട്ട തിരക്കഥക്ക് അനുയോജ്യമായ ഒരു ഭാഷ്യം
അയാളുടെ സ്വന്തം കൈപ്പടയില്‍ എഴുതിക്കിട്ടും വരെയോ അയാളുടെ ഉന്മൂലനം വരെയോ ഈ ക്രൂര
ഫലിതം തുടരും. സാന്ദ്രമായ രീതിയില്‍ യാലോ എഴുതിനല്കുന്ന ഭാഷ്യങ്ങള്‍ അധികൃതരെ
വീണ്ടും വീണ്ടും പ്രകോപിതരാക്കുന്നത് അയാളുടെ ആ കുട്ടിത്തം കലര്‍ന്ന
വങ്കത്തത്തിന്റെ കാരണം കൊണ്ട് കൂടിയാണ്. എന്താണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നത്
അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ അയാള്‍ക്ക് മനസ്സിലായിക്കിട്ടാന്‍
സമയമെടുക്കുന്നു. ആ കോള ബോട്ടില്‍ പ്രയോഗത്തിനു ശേഷം യാലോയുടെ വ്യക്തിത്വത്തിന്
സംഭവിക്കുന്ന ശൈഥില്യത്തെ തുടര്‍ന്ന് അയാളുടെ ആഖ്യാനം ആഭ്യന്തര സംഘര്‍ഷങ്ങളുടെ
രാഷ്ട്രീയ വസ്തുതകളോ ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച ഭ്രാന്തസങ്കല്‍പ്പങ്ങളോ
ഒന്നും അലട്ടാത്ത സ്വകാര്യാഭിമുഖം ആയിത്തീരുന്നു. നോവലിന്റെ അന്ത്യഭാഗങ്ങളില്‍
ആഖ്യാനം ഉത്തമപുരുഷ രീതിയിലേക്ക് മാറുന്നത് ഇതുകൊണ്ടാണ്. നോവലില്‍ ഉടനീളമുള്ള
ദ്വന്ദ്വ വ്യക്തിത്വ സൂചന ഇപ്പോള്‍ പൂര്‍ണ്ണമാകുന്നു, യാലോ
എന്ന പീഡിതനായ വ്യക്തിത്വം ഡാനിയേല്‍ എന്ന അപരന് വഴിമാറുന്നു, “ഞാന്‍, ഡാനിയേല്‍, ആണെഴുതുന്നത്,
അയാളെ (യാലോ) കുറിച്ച്, എന്നെ കുറിച്ച്,
ആരെക്കുറിച്ചും, നിങ്ങള്‍ക്കെന്തു
വേണ്ടതെന്തും. പക്ഷെ യാലോയെ കുറിച്ച് ഇല്ല. എനിക്ക് നിങ്ങളോട് തുറന്നു പറയണം
എന്നിട്ട് പറയണം യാലോ എന്നെ വിട്ടുപോയെന്നും അങ്ങ് ദൂരെ പോയെന്നും. ഞാന്‍ ഉടലും
അയാള്‍ എന്റെ ആത്മാവുമാണ്. ഞാന്‍ സഹിക്കുന്നു, അയാള്‍ ഉയര്‍ന്നു
പറക്കുന്നു. ഞാന്‍ ബോട്ടിലില്‍ നിന്ന് താഴെയിറങ്ങി, അയാളിപ്പോഴും
സിംഹാസനസ്തനാണ്.” മുപ്പത്തിയൊന്നാം വയസ്സില്‍, അന്തിമമായി
അയാള്‍ തന്റെ അച്ഛനമ്മമാരുടെ, ദുരൂഹ ചരിത്ര ചാലകങ്ങളുടെ
പിടിയില്‍ നിന്ന് മോചിതനായി സ്വന്തം കഥ സ്വയം പറയാന്‍ പാകത്തില്‍ മുതിര്‍ന്നവനാകുന്നു,
ആ കഥപറച്ചില്‍ അയാളുടെ ഇതിനോടകം മുദ്രവെക്കപ്പെട്ട ദുരന്ത വിധിയെ
ഒരു തരത്തിലും സ്വാധീനിക്കില്ലെങ്കിലും. ആ അര്‍ത്ഥത്തില്‍ തികച്ചും വ്യത്യസ്തമായ
ഒരു മുതിര്‍ന്നു വരവിന്റെ കഥ (coming-of-the-age story) കൂടിയാണ് നോവല്‍ എന്ന് പറയാം.
ലബനീസ് പാരമ്പര്യത്തില്‍ എഴുതുക
എന്നാല്‍ അത് രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാവാതെ വയ്യെന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബൈറൂത്തിന്റെ ഭൂതകാലം ഒരിക്കലും
സ്ഥിരതയുടെതായിരുന്നില്ലെന്നും മറിച്ചു ഹിംസാത്മകമായ പരിവര്‍ത്തനങ്ങളുടെതായിരുന്നു
എന്നും ഖൌരി നിരീക്ഷിച്ചിട്ടുണ്ട്. ദേശത്തിന്റെ രാഷ്ട്രീയാസ്വാസ്ഥ്യം
അടയാളപ്പെടുത്തുന്ന എഴുത്തില്‍ “എല്ലാം അനിശ്ചിതവും
പരിഹരിക്കപ്പെട്ടിട്ടില്ലാത്തതുമാണ്. എന്റെ ഫിക് ഷനില്‍ കാര്യങ്ങള്‍ സത്യമായും
സംഭവിച്ചുവോ എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്താനാവില്ല, അവ ആഖ്യാനം ചെയ്യപ്പെടുന്നു എന്നേയുള്ളൂ.
കഥയാണ് പ്രധാനം, ചരിത്രമല്ല.” എന്ന് ഒരഭിമുഖത്തില്‍ ഖൌറി
പറയുന്നത് ചരിത്രം വിങ്ങിനില്‍ക്കുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചു സര്‍ഗ്ഗാത്മകമായ
ഒരു ഐറണി എന്നെ പറയാനുള്ളൂ.
(ദേശാഭിമാനി വാരിക, ജുലൈ
07, 2017)

No comments:
Post a Comment