സൗത്ത്
ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരുകളില്‍ ഒന്നാണ് കവിയും
നോവലിസ്റ്റും നാടക കൃത്തുമായ സാകെസ് എംദായുടേത്. ഒട്ടേറെ ലോകഭാഷകളിലെക്ക് വിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ വര്‍ണ്ണ വിവേചന കാലഘട്ടത്തിലും
അതിനു ശേഷവുമുള്ള സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ പരിതോവസ്ഥകളെ തീക്ഷണമായി
ആവിഷ്കരിക്കുന്നു. വേയ്സ് ഓഫ് ഡൈയിംഗ് എന്ന അദ്ദേഹത്തിന്റെ പ്രഥമനോവല്‍ വിഖ്യാതമായ
എം-നെറ്റ് പുരസ്കാരം നേടുകയും സി. എന്‍. എ & നോര്‍മ അവാര്‍ഡിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു.
മരണവും വിലാപവും ജീവിതമാവുമ്പോള്‍
1990-നും
1994-നും ഇടക്ക്, നെല്‍സണ്‍
മണ്ടേലയുടെ ജയില്‍ മോചനത്തിനും കറുത്ത വര്‍ഗ്ഗക്കാരുടെ അധികാരാവരോഹണത്തിനും
ഇടക്കുള്ള അപ്പാര്‍ത്തീഡിന്റെ അന്ത്യ നാളുകളിലെ തുടല്‍ പൊട്ടിക്കുന്ന
ഹിംസാത്മകതയുടെ കാലമാണ് നോവലിന്റെ പശ്ചാത്തലം. അധികാരം നഷ്ടപ്പെടുന്നതിനെതിരെ
വെകിളി പിടിച്ച വെളുത്തവര്‍ഗ്ഗക്കാരിലെ തീവ്രവാദികള്‍, രാഷ്ട്രീയ
മേധാവിത്തത്തിനു ശ്രമിക്കുന്ന ഗോത്രവിഭാഗങ്ങള്‍, ഒരു
വശത്ത് അനുരജ്ഞനത്തിന് ശ്രമിക്കുന്നതായി ഭാവിക്കുമ്പോഴും ഒരു നിയന്ത്രണത്തിനും
വിധേയരാകാതെ കുരുതികളില്‍ ഏര്‍പ്പെട്ട അപ്പാര്‍ത്തീഡ് ഭരണകൂടം എന്നിവയെല്ലാം ചേര്‍ന്ന്
ലോക സമൂഹത്തെ വിറങ്ങലിപ്പിച്ചു നിര്‍ത്തിയ ഹിംസയുടെ നാളുകള്‍. ഭൂരിപക്ഷമെങ്കിലും
കറുത്ത വര്‍ഗ്ഗക്കാര്‍ ഭരണം കയ്യാളാന്‍ വേണ്ട ഐക്യ ബോധമുള്ളവര്‍ അല്ല എന്ന പ്രതീതി
സൃഷ്ടിക്കേണ്ടത് അധികാരം നഷ്ടപ്പെടാന്‍ പോവുന്ന വിഭാഗത്തിന്റെ ആവശ്യമായിരുന്നു.
കറുത്ത വര്‍ഗ്ഗക്കാരിലെ ദാരിദ്ര്യത്തെ കൂടുതല്‍ തീക്ഷ്ണമാക്കുകയും ഒപ്പം അവര്‍
തിങ്ങിപ്പാര്‍ക്കുന്ന ചേരികള്‍ ബുള്‍ഡോസ് ചെയ്യുകയും ചെയ്തു കാര്യങ്ങള്‍ കൂടുതല്‍
വഷളാക്കാന്‍ അധികാരി വര്‍ഗ്ഗം ശ്രമിച്ചു വന്നപ്പോള്‍ പണിമുടക്കിലൂടെയും തൊഴില്‍
സമരങ്ങളിലൂടെയും തിരിച്ചടിക്കാന്‍ കറുത്ത വര്‍ഗ്ഗക്കാരും ശ്രമിച്ചു, അതവരുടെ അന്നം മുട്ടിക്കുന്നതായിരുന്നെങ്കിലും. ഈ പശ്ചാത്തലത്തിലാണ്
സാകെസ് എംദ, തൊലോകിയെന്ന മരണ വിലാപക്കാരന്‍റെയും
അയാളുമായി ഇഴകോര്‍ക്കുന്ന നോറിയയുടെയും അവരിലൂടെ ദേശത്തിന്റെയും കഥ പറയുന്നത്.
ഒരു
ക്രിസ്മസ്സിനും പുതു വര്‍ഷത്തിനും ഇടയിലുള്ള ദിനങ്ങളിലായാണ് കഥയുടെ കാലം.
തൊലോകിയുടെയും ബാല്യകാല സുഹൃത്ത് നോറിയയുടെയും ജീവിതങ്ങളില്‍ ഈ ദിനങ്ങള്‍ നിര്‍ണ്ണായകമാകുക
അവരുടെ ഭൂതകാലവുമായി സമരസപ്പെടാനും പരസ്പരം കണ്ടെത്തുന്നതിലൂടെ ജീവിതത്തിനു
പുതിയൊരു സാധ്യത/ സാധുത കണ്ടെത്താനും ഇരുവര്‍ക്കും കഴിയുന്നു എന്ന നിലയിലാണ്.
“മരണം എല്ലാ ദിവസവും നമ്മോടൊപ്പം ജീവിക്കുന്നു. സത്യമായും മരിക്കാന്‍ നമുക്കുള്ള
വഴികള്‍ തന്നെയാണ് നമുക്ക് ജീവിക്കാനുള്ള വഴികള്‍, അല്ലെങ്കില്‍, നമ്മുടെ ജീവിച്ചിരിക്കാനുള്ള
വഴികള്‍ തന്നെയാണ് മരിക്കാനുള്ള വഴികളും എന്ന് ഞാന്‍ പറയണോ?” എന്ന് തങ്ങള്‍ ഇരയായിരിക്കുന്ന സാഹചര്യങ്ങളെ തൊലോക്കി നിര്‍വ്വചിക്കുന്നു.
മരണം എല്ലായിടത്തും ചൂഴ്ന്നു നില്‍ക്കുന്ന ദേശത്തു അയാള്‍ തെരഞ്ഞെടുക്കുന്ന
തൊഴിലും അതാണ്: ഒരു മരണ വിലാപക്കാരന്‍ (professional mourner). അങ്ങനെയൊന്ന് നാട്ടില്‍ ആദ്യമാണ് താനും. ആ തീരുമാനത്തിലേക്ക് അയാള്‍
എത്തിച്ചേര്‍ന്ന സാഹചര്യങ്ങള്‍ അയാളുടെ ഭൂതകാലത്തിന്റെ ആകത്തുകയാണ്:
വെറുക്കപ്പെട്ട, വിരൂപ ബാല്യം, പിതാവിന്റെ ക്രൂര പീഠനത്തില്‍ നിന്നുള്ള ഒളിച്ചോട്ടം, സഹായം തേടിച്ചെന്നയിടത്തു നിന്ന് ലഭിക്കുന്ന അവഗണന, ശവപ്പെട്ടി നിര്‍മ്മാണവും വിപണനവും മോഷണവും മികച്ച ലാഭമുണ്ടാക്കുന്ന
വ്യാപാരമായി കണ്‍ മുന്നില്‍ കാണുന്നത്, എല്ലാം അയാള്‍ക്ക്
തിരിച്ചറിവുണ്ടാക്കുന്നു. ‘അതൊക്കെക്കൊണ്ട് മരണം ലാഭകരമായിരുന്നു.” എന്നാല്‍
ആരുമായും മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത, അര്‍ഹതയില്ലാത്ത
ഒരു കപ്പു ചായ പോലും സ്വീകരിക്കാന്‍ വയ്യാത്ത തൊലോക്കിക്ക് മത്സരമില്ലാത്ത ഒരു
തൊഴിലാണ് വേണ്ടത്. എല്ലാത്തിനുമുപരി അതൊരു നിയോഗമായി അയാള്‍ക്ക്
അനുഭവപ്പെടുന്നുമുണ്ട്. “ഞാനൊരു യോഗിയാണ്, നോറിയ. ഒരു നിയോഗമുള്ളയാള്‍. ഞാന്‍ മരിച്ചവര്‍ക്കായി വിലപിക്കുന്നു, എനിക്ക് വിലപിക്കുന്നത് നിര്‍ത്താനാവില്ല, നോറിയ.
മരണം എല്ലാ ദിനവും തുടരുന്നു. മരണം എനിക്ക് ചേര്‍ന്നതാണ്, അതെന്റെ ഭാഗമാണ്.” വൃത്തിഹീനനും
തീക്ഷ്ണമായ മരണ ഗന്ധമുള്ളവനുമായ അയാളെ എല്ലാവരും അകലത്തില്‍ മാത്രം നിര്‍ത്തുന്നു, നോറിയ അതൊക്കെ മാറ്റിത്തീര്‍ക്കും വരെ. എന്നാല്‍, വിലാപവേളകള്ക്കായി അയാള്‍ ഉപയോഗിക്കുന്ന വടിവൊത്ത വേഷം അയാള്‍ക്ക്
ബഹുമാനം നേടിക്കൊടുക്കുകയും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ അയാളുടെ സാന്നിധ്യം വന്‍
സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഒരു ക്രിസ്മസ് ദിനത്തില്‍ അടക്കം
ചെയ്യപ്പെടുന്ന നോറിയയുടെ കുഞ്ഞിന്റെ വിലാപവേളയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും
കണ്ടുമുട്ടുന്നതിനിടയാക്കുന്നത്. തൊലോകി ഇതിനോടകം ജീവിതത്തിലെ ചില്ലറ വിജയങ്ങളും
അതിലേറെ പരാജയങ്ങളും രുചിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ നോറിയയുടെ വിധിയും
വ്യത്യസ്തമല്ല. “ഞാന്‍ ചവച്ചരക്കപ്പെട്ടു, തൊലോക്കി. ചവച്ചരക്കപ്പെട്ടു, എന്നിട്ട് തുപ്പിക്കളഞ്ഞു.”
കുട്ടിക്കാലം മുതല്‍ എല്ലാവരുടെയും ആനന്ദോപാധിയും പ്രണയത്തിന്റെ വഴിയിലും
തിരസ്കൃതയും സ്വന്തം കുഞ്ഞിന്റെ അടക്കം രണ്ടായി നടത്തേണ്ടിവന്നവളും എന്ന ദുര്‍വ്വിധിയാണ്
അവള്‍ ഏതാനും വാക്കുകളില്‍ ഒതുക്കുന്നത്.
പാത്ര സൃഷ്ടിയിലെ മാജിക്കല്‍
റിയലിസം
നോറിയയുടെ
പാത്ര സൃഷ്ടിയിലാണ് സാകെസ് എംദയുടെ രചനാ കൌശലത്തില്‍ എപ്പോഴും ചേര്‍ത്തു പറയാറുള്ള
ആ മാജിക്കല്‍ റിയലിസത്തിന്റെ സ്വാധീനം അറ്റവും വ്യക്തമാകുന്നത്. കുട്ടിക്കാലത്ത്
അവളുടെ അഴകുള്ള ചിരിയും പാട്ടുകാരിയുടെ ശബ്ദവും ഏവരെയും ആനന്ദിപ്പിച്ചിരുന്നതില്‍
ഏറ്റവും കൂടുതല്‍ വശംവദനാകുന്നത് തൊലോകിയുടെ പിതാവ് ജ്വാറയാണ്. വിരൂപനായ സ്വന്തം
മകനോടുള്ള വെറുപ്പിനും അത് അയാളില്‍ ആക്കം കൂട്ടുകയും അവന്റെ അമ്മ ‘ആ പര്‍വ്വത വാസിനി’ (That Moutain
Woman) നോറിയയെ ‘ആ ഒട്ടിപ്പോയ കൊടിച്ചി’ (That stuck up
bitch) എന്ന് വെറുക്കാനും അത് കാരണമാകും. ജ്വാറയുടെ ആലയില്‍
അയാളെപ്പോഴും അവളുടെ പാട്ടില്‍ ലയിച്ചിരുന്നു എന്തിനെന്നറിയാതെ അസംഖ്യംകൊച്ചു
ലോഹരൂപങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടു. അവള്‍ വരാതാവുന്നതോടെ അയാള്‍
പുറത്തിറങ്ങാതായി, തന്റെ ലോഹ രൂപങ്ങളുമായി ആലക്കകത്ത്
സ്വയം അടച്ചിട്ട അയാള്‍ കൊല്ലങ്ങള്‍ക്ക് ശേഷം എല്ലും തൊലിയും രണ്ടു തുറിച്ച
കണ്ണുകളുമായി കാണപ്പെട്ടു. ഒരു ഉപയോഗവുമില്ലാത്ത ഉപകരണങ്ങള്‍ വില്‍ക്കാനായി ആലയുടെ
വാതില്‍ തുറന്നവര്‍ ആ കാഴ്ച കണ്ടു അമ്പരന്നു. അയാളുടെ മേല്‍ വളര്‍ന്നു വന്ന
ചിലന്തിവലകള്‍ അയാളെ ചുമരുമായും മച്ചുമായും ബന്ധിച്ചിരുന്നു. അയാളുടെ അടക്കത്തിന്
ആരും മരണ ശുശ്രൂഷാ പ്രഭാഷണം നടത്തുന്നില്ല. “ഞങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ക്ക്
സാക്ഷികളായി പൂര്‍വ്വികരുടെ കോപം നങ്ങളുടെ മേല്‍ വലിച്ചു വെക്കാനാക്കാവില്ല. അയാള്‍
എങ്ങനെ മരിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.” നോവലന്ത്യത്തില്‍, ദുരൂഹമായ ഒരു പ്രായശ്ചിത്തമെന്നോണം ജ്വാറ തൊലോക്കിക്ക് ഒസ്യത്ത് ചെയ്ത ആ
കൊച്ചു ലോഹ ശില്‍പ്പങ്ങള്‍ ഒട്ടും താല്‍പര്യമില്ലാതെ അയാള്‍ ഏറ്റു വാങ്ങുമ്പോള്‍
കൂടെ നോറിയയും ഉണ്ട്. എഴുത്ത് വശമുല്ലതായി ആര്‍ക്കും അറിയുമായിരുന്നില്ലാത്ത ജ്വാര
ആ ഏകാന്ത വര്‍ഷങ്ങളില്‍ എങ്ങനെയാണ് സ്വന്തം കൈപ്പടയില്‍ മരണപത്രം തയ്യാറാക്കിയത്
എന്നതും വ്യാവഹാരികാര്‍ത്ഥത്തില്‍ വിശദീകരിക്കാന്‍ കഴിയില്ല. തനിക്ക് പലവുരു
സ്വപ്ന പ്രത്യക്ഷമായ ജ്വാറയുടെ അഭ്യര്‍ത്ഥന മാനിച്ച് എന്നതിലേറെ ആത്മാക്കളുടെ ശാപം
ഭയന്നും അയാളുടെ മുന്‍ കാല സുഹൃത്തായിരുന്ന നെഫോലോഹോദ് വെ അവ അവരുടെ ചാളയില്‍
എത്തിക്കുകയായിരുന്നു. അനാഥക്കുട്ടികളുടെ രക്ഷകയായ വയോധിക മദിംബാസയുടെ കുഞ്ഞുങ്ങള്‍
ആ കുഞ്ഞുശില്‍പ്പങ്ങളില്‍ കണ്ടെത്തുന്ന ആനന്ദം തൊലോകിയെ അവരുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്നു,
“ആ കുഞ്ഞുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ആനന്ദം, ഗ്രാമത്തില്‍ എല്ലാവര്‍ക്കും നോറിയ നല്‍കിയിരുന്ന അതേ രീതിയില്‍ ആയിരുന്നു
എന്ന് അത്ഭുതത്തോടെ തൊലോക്കി കണ്ടെത്തി.” നോറിയയെ കുഞ്ഞ് ശില്‍പ്പങ്ങളുമായി
ബന്ധിപ്പിക്കുന്ന രീതി ടെന്നസി വില്ല്യംസിന്റെ ദി ഗ്ലാസ് മെനാഷറിയിലെ ലോറയെയും
അവളുടെ കുഞ്ഞ് സ്ഫടിക ശില്‍പ്പങ്ങളെയും ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ അവ
അത്രയും പേലവമായ സ്ഫടികമല്ല, മറിച്ചു ഉറപ്പുള്ള
ലോഹമാണ്. ലോറയെ പോലെ സ്വപ്നത്തിന്റെ തകര്‍ച്ചയല്ല നോറിയയെ അടയാളപ്പെടുത്തുന്നത്.
അവള്‍ ഒരു പോരാളിയാണ്, ജീവിതത്തോടു തന്നെ. പലവുരു
ഉപേക്ഷിക്കപ്പെട്ടവള്, രണ്ടുതവണയായി ഒരു കുഞ്ഞിനെ
മുപ്പതു മാസം ഗര്‍ഭത്തില്‍ ചുമന്നവള്‍ അവന്റെ രണ്ടു മരണം കണ്ടവള്‍- ഒന്നിനും
കൊള്ളാത്ത ഭര്‍ത്താവിന്റെ അവഗണനയില്‍ വിശന്നു മരിച്ച കുഞ്ഞായി, അഞ്ചാംവയസ്സില്‍ സ്വാതന്ത്ര്യ സമര ഗറില്ലയായി സ്വന്തം സംഘാംഗങ്ങള്‍
ചൂട്ടുകൊന്നവനായി. “ആദ്യതവണ ഞാനവനെ പതിനഞ്ചു മാസം ഗര്‍ഭം ധരിച്ചു, അത് ഏതൊരു സ്ത്രീക്കും ഒരു കുട്ടിയെ ചുമക്കാനുള്ള സുദീര്‍ഘമായ ഒരു
കാലമാണ്. അവന്‍ ജനിച്ചു, നാപു അവനെ നായ്ക്കള്‍ക്ക്
തിന്നാന്‍ കൊടുത്തു. വീണ്ടും ഞാനവനെ പതിനഞ്ചു മാസം ചുമന്നു, രണ്ടാം തവണ യംഗ് ടൈഗേഴ്സ് കൊള്ളിവെച്ചു അവനെ കൊന്നു.” രണ്ടാം തവണ ആ ഗര്‍ഭം
തന്നെയും അസാധാരണമാണ്. വൂതയുടെ ആദ്യമരണം അവളെ തീര്‍ത്തും എകാകിനിയും പുരുഷ സമ്പര്‍ക്കങ്ങള്‍
ഇല്ലാത്തവളും ആക്കിയിരുന്നു. ഏതാണ്ടൊരു ജന്മാന്തര നിശ്ചയം പോലെ തോലോകിയെ വീണ്ടും
കണ്ടെത്തുമ്പോഴാവട്ടെ, ഇരുവരും ലൈംഗികതക്കപ്പുറമുള്ള
ഒന്നായി അവരുടെ പരസ്പരാകര്‍ഷണം വളരുന്നുമുണ്ട്. വൂതയുടെ മരണത്തെ കുറിച്ച്
അറിയുന്നതോടെ നഷ്ടമാകുന്ന നോറിയയുടെ ആ വശ്യ സുന്ദരമായി ചിരിക്കാനും ആളുകളെ
ആനന്ദിപ്പിക്കാനുമുള്ള കഴിവ്- (“ലോകത്തിന്റെ ക്രൂരത അവളുടെ
ജീവിതാസക്തി പകരുന്ന ചിരിയെ മാത്രമല്ല, മാനുഷികമായ
ശാരീരിക കാമാനകളെ കൂടിയാണ് കൊന്നു കളഞ്ഞത്”)
-തൊലോകിയുമായുള്ള പുന സമാഗമാത്തോടെ തിരിച്ചെത്തുന്നതായും സൂചനയുണ്ട്. തിരിച്ച്, നോരിയയുമായി പുന സമാഗമം സാധ്യമായ ശേഷം അയാളുടെ വരക്കാനുള്ള കഴിവ്
തിരികെയെത്തുന്നതിന്റെ സോചനകലുമുണ്ട്. കുടിലിനുള്ളില്‍ നോറിയയുടെ വശ്യസാന്നിധ്യം
പ്രലോഭിപ്പിക്കുമ്പോള്‍ അവളുടെ ഭാഗത്തേക്ക് നോക്കാതെ തിരിഞ്ഞു കിടക്കുന്ന
തൊലോക്കിക്ക് അവളെ കൈകളില്‍ ഒതുക്കണം എന്നു തോന്നുന്നു. വര്‍ഷങ്ങള്‍ പലരുടെയും
ഉപഭോഗവസ്തുവായി പട്ടണത്തില്‍ കഴിഞ്ഞിട്ടും നാട്ടുംപുറത്തിന്റെ രീതികള്‍ കൈമോശം
വരാതെ, ഗര്‍ഭസ്ഥ ശിശുവിനെ പോലെ ചുരുണ്ട് കിടക്കുകയാണ്
അവള്‍. “പക്ഷെ തീര്‍ച്ചയായും അയാള്‍ക്കത് ചെയ്യാനാവില്ല, അവളുടെ ഉറങ്ങുന്ന രീതിയും അയാള്‍ക്ക് നോക്കാനാവില്ല. അതവളെ ബലാല്‍ക്കാരം
ചെയ്യുന്നതിന് തുല്യമാവും. അത് ഒരു ദേവതയോട് അരുതാത്ത കാര്യങ്ങള്‍ ചെയ്യുന്നത്
പോലെയാവും.” ഈ ദേവതാ ഭാവം കൊണ്ടുതന്നെയാണ് ഒരു പുരുഷനുമായും സമ്പര്‍ക്കമില്ലാതെയാണ്
രണ്ടാം തവണ താന്‍ ഗര്‍ഭിണിയായത് എന്ന അവളുടെ വാക്കുകളില്‍ അയാള്‍ക്ക് അസ്വാഭാവികത
തോന്നാത്തത്. “അയാള്‍ ശരിക്കും അവളെ വിശ്വസിച്ചു. നോറിയ, ജ്വാറ പറയാറുണ്ടായിരുന്നത് പോലെ, ദൈവങ്ങളുടെ
സന്തതിയാണ്.” എന്നാല്‍, അവളെ സ്വപ്നം കണ്ടു ശമനം
സംഭവിച്ചതില്‍ അയാളുടെ കുറ്റബോധത്തെ നോറിയ തള്ളിക്കളയുന്നു, “തൊലോക്കി, എന്നെക്കുറിച്ച് സ്വപ്‌നങ്ങള്‍
ഉണ്ടാവുന്നതില്‍ ലജ്ജിക്കരുത്. സ്വപ്‌നങ്ങള്‍ സംഭവിക്കുന്നത് അരുതാത്തതല്ല. അത്
സുന്ദരമാണ്. നീയൊരു മനുഷ്യനാനെന്നാണ് അത് കാണിക്കുന്നത്. നമ്മള്‍ രണ്ടാളും
മനുഷ്യരാണ്.” തൊലോക്കിയുടെ – ഒരു പക്ഷെ നോവലിലെ മിക്ക
പുരുഷ കഥാപാത്രങ്ങളുടെയും – വ്യക്തിത്വ ഭാവം തന്നെയായ സന്ദേഹവും
ആത്മവിശ്വാസക്കുറവും നോറിയ തിരുത്തുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. നോറിയയുടെ
കുടില്‍ കരുതിയതിലേറെ ഭംഗിയായി നിര്‍മ്മിക്കുന്നതിന് ശേഷം “ഇത്തരമൊരു സൃഷ്ടി
നമ്മുടെ കൈകള്‍ കൊണ്ട് സാധ്യമാവും എന്ന് എനിക്കറിയില്ലായിരുന്നു” എന്ന്
വിസ്മയിക്കുന്ന തൊലോക്കിയോടു അവള്‍ പറയുന്നു, “എനിക്കറിയാമായിരുന്നു, തൊലോക്കി. നീയെപ്പോഴും നിന്റെ കൈകള്‍ കൊണ്ട്സുന്ദരമായ വസ്തുക്കള്‍
സൃഷ്ടിക്കുന്നതില്‍ മികവുള്ളവനായിരുന്നു.” നിര്‍മ്മാണം കഴിഞ്ഞ കുടിലിനകത്തു തറയില്‍
വിരിച്ച തുണിയിലിരുന്നു തലയിണ യുദ്ധം നടത്തുകയും, പുറത്ത്
ഇല്ലാത്ത ‘തോട്ടത്തില്‍’ ഒരുമിച്ച് ഉലാത്തുകയും ചെയ്യുന്ന, തൊട്ടിവെള്ളം കൊണ്ട് നീരാട്ടു നടത്തി, വിഭവസമൃദ്ധമായ
തീന്മേശയായി നിലത്തിരുന്ന് തുച്ഛമായ ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ സമ്പന്ന
രാജ്യങ്ങളിലെ കോമഡി / സോപ്പ് സീരിയല്‍ സാഹചര്യങ്ങളുടെ ഏതാണ്ടൊരു മാജിക്കല്‍
റിയലിസ്റ്റ് പാരഡി ആയി അനുഭവപ്പെടാം. എന്നാല്‍, നിറഞ്ഞൊരു
സന്തോഷത്തിന്റെ അനുഭവം ഇവിടെ വേറിട്ട് നിര്‍ത്തുന്നുണ്ട് എന്ന് നിരീക്ഷിക്കാം.
ഭഗ്ന ലോകങ്ങളിലെ പെണ്‍കരുത്ത്
ആഫ്രിക്കന്‍
സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ കടിഞ്ഞാന്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതും അലസവും
ഉത്തരവാദിത്ത രഹിതവുമായ ജീവിതം തുടരുന്ന പുരുഷന്മാരേക്കാള്‍ വളരെയേറെ കരുത്തും
ജീവിതോന്മുഖതയും പ്രകടിപ്പിക്കുന്നതിലൂടെ സമൂഹ നിര്‍മ്മിതിയില്‍ അവര്‍ ഏറ്റവും
നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നതും ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീ
കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ വിശദീകരിക്കുന്നുണ്ട്. ‘മരിക്കുന്നതിനുള്ള വഴികളില്‍’
തൊലോക്കി ഇക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. ‘സൃഷ്ടിയുടെ ആദ്യ നാള്‍
മുതല്‍ ഇതിങ്ങനെത്തന്നെയായിരുന്നു’ എന്നും അയാള്‍ക്ക് തോന്നുന്നു. സമൂഹത്തിന്റെ
ഏറ്റവും അടിത്തട്ടില്‍ സ്ത്രീകളുടെ നേതൃത്വപരമായ പങ്കു വ്യക്തമാണെങ്കില്‍
പ്രാദേശിക, ദേശീയ നേതാക്കളെല്ലാം
പുരുഷന്മാരാണ് എന്നത് അയാളെ വിസ്മയിപ്പിക്കുന്നുണ്ട്. നോവലില്‍ ഉടനീളം
സ്ത്രീകഥാപാത്രങ്ങള്‍ തന്നെയാണ് ജീവിതം പൊരുതി നേടാനുള്ളത് തന്നെയാണ് എന്ന് സമര്‍ഥിക്കുന്നത്.
‘ആ പര്‍വ്വത വാസിനി’ എന്ന് മാത്രം വിളിക്കപ്പെടുന്ന നോറിയയുടെ അമ്മ ആദ്യമേ
മനസ്സിലാക്കുന്നുണ്ട് നാപു ഒരു ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന്. പ്രണയത്തിന്റെ
കണ്ണു മഞ്ഞളിക്കലില്‍ മകള്‍ അത് മനസ്സിലാക്കാന്‍ ഒരു പാട് വൈകുന്നു എന്നേയുള്ളൂ.
നോറിയയെ ഗര്‍ഭിണിയായിരിക്കെ, പൂര്‍ണ്ണ ഗര്‍ഭത്തിന്റെ
ഘട്ടത്തിലും ആഗ്രഹം തോന്നുന്ന ഹെല്‍ത്ത് നെഴ്സിനോട് ബന്ധപ്പെടാന്‍ വിദഗ്ദമായി
സാഹചര്യമൊരുക്കാന്‍ അവള്‍ക്ക് മടിയില്ല; അത്
തിരിച്ചടിക്കുന്നുണ്ടെങ്കിലും. എന്നാല്‍ ആ ഉടല്‍ പൂര്‍ണ്ണിമ
മറ്റൊരാള്‍ക്ക് കിട്ടിയതിലുള്ള അസൂയ മറച്ചുവെച്ച് അതും
പറഞ്ഞു അപമാനിക്കാന്‍ വരുന്നവരെയൊക്കെ തന്റെടത്തോടെ നിശ്ശബ്ദരാക്കാന്‍ അവള്‍ക്കൊട്ടും
സര്‍ക്കാര്‍ സൈന്യവും ഗോത്ര യുദ്ധപ്രഭുവിന്റെ കൊലയാളികളും വിഷമമില്ല. മരണാസന്നയായി
ആശുപത്രിയില്‍ കിടക്കുമ്പോഴും തൊട്ടടുത്ത ദിവസം എണീറ്റു വരുമെന്നും ജീവിതം
പിന്നെയും ഉണരുമെന്നും അവര്‍ വിശ്വസിക്കുന്നു. കൊച്ചു പെണ്‍കുട്ടിയുടെ ചിരിയഴകിലും
ശബ്ദ മാധുരിയിലും ഭ്രമിച്ച് കുടുംബ നാഥന്റെ ഉത്തരവാദിത്തങ്ങള്‍ മറന്ന ഭര്‍ത്താവിന്റെ
സ്ഥാനത്തു തൊലോക്കിയെ വളര്‍ത്തിക്കൊണ്ടുവന്ന അമ്മയും മറ്റൊരു ശക്തമായ
സ്ത്രീകഥാപാത്രമാണ്. എന്നെങ്കിലും ജീവിതം പച്ചപിടിക്കുമ്പോള്‍ അമ്മയെ കൂടെ
കൊണ്ടുവന്നു താമസിപ്പിക്കണം എന്ന ഏക മോഹത്തില്‍ കഴിയുന്ന മകന് പക്ഷെ അതിനു
ഭാഗ്യമുണ്ടാവുന്നില്ല എന്നേയുള്ളൂ. വല്ലാത്തൊരു വിപര്യത്തില്‍ നോവലന്ത്യത്തില്‍
നെഫോലോഹോദ് വെ അവരെ അറിയിക്കുന്നുണ്ട്, ഇപ്പോള്‍
നോറിയോയുടെ പിതാവും തൊലോകിയുടെ മാതാവും ഒന്നിച്ചാണ് താമസമെന്നും മക്കള്‍ കാണാന്‍
ചെല്ലാത്ത പരാതിയെ അവര്‍ക്കുള്ളൂ എന്നും. സ്വജീവിതം കരുപ്പിടിപ്പിക്കുന്നതില്‍
കരുത്തു കാട്ടുന്ന ഈ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയാണ് യുദ്ധവും ബറ്റാലിയന്‍ 77
എന്ന അന്യദേശത്തു നിന്നുള്ള കൂലിപ്പടയാളികളും ചേര്‍ന്ന് കൂടെക്കൂടെ സൃഷ്ടിക്കുന്ന
കുരുതികളില്‍ അനാഥരാകുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തന്റെ ചെറിയ പെന്‍ഷന്‍ വരുമാനം
ഉപയോഗിച്ച് ഷെല്‍ട്ടര്‍ നടത്തുന്ന മദിംബാസയെന്ന വയോധികയായ ‘സായം സന്ധ്യകളുടെ മാതാവ് (twilight mama)’. തനിച്ചായ
തനിക്കു ദൈവം ഒട്ടേറെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെയും നല്ലവരായ അയല്‍ക്കാരെയും, അതിലേറ്റവും നല്ല ഒരുത്തിയായി നോറിയയെയും തന്നു എന്നാണു അവര്‍ പറയുക.
“നോറിയയെ വേദനിപ്പിക്കുന്നവര്‍ എന്നെയാണ് വേദനിപ്പിക്കുന്നത്.” നോവലന്ത്യത്തില്‍
നോറിയ തന്നെയാവും അവരുടെ പിന്‍ ഗാമി എന്ന സൂചന വ്യക്തമാണ്.
സ്വാഭാവിക മരണം എന്ന അസ്വാഭാവികത
മരണം
എന്നത് തന്നെയാണ് നോവലിലെ സര്‍വ്വ വ്യാപിയായ സാന്നിധ്യവും സത്യവും. സധാരണ മരണം
എന്നത് അസ്വാഭാവികമായി തോന്നുന്ന വിപര്യയത്തെ കുറിച്ച് നോവലില്‍ ഒരിടത്ത് പരാമര്‍ശമുണ്ട്, “മകന്‍ ഒരു സാധാരണമായ രീതിയില്‍ മരിച്ചു. ഒരു പക്ഷെ ഒരു
അസാധാരണ മരണം എന്നാണു ഞാന്‍ പറയേണ്ടത്, കാരണം അവന്‍
സ്വാഭാവിക രോഗം കാരണം ഉറക്കത്തില്‍ സമാധാനമായി മരിച്ചു. സാധാരണ മരണമെന്നത് നമ്മള്‍
ഏറെ പരിചിതരായിക്കഴിഞ്ഞ തരം മരണങ്ങളാണ്: തോക്ക് കൊണ്ട്, കത്തി കൊണ്ട്, പീഠനവും ചോരയും കൊണ്ട്. രോഗം
കൊണ്ടോ വാര്‍ദ്ധക്യം കൊണ്ട് ആളുകള്‍ സ്വാഭാവികമായി മരിക്കുന്നത് നാം
കാണുന്നേയില്ല.” കുടിയേറ്റക്കാരും സൈനികരും ചേര്‍ന്ന് പീഠന മുറകളിലൂടെ നടത്തുന്ന
കുരുതികളുടെ നേര്‍ക്കാഴ്ച ടാക്സി ഡ്രൈവര്‍ ഷദ്റാക്ക് എന്ന നോറിയയുടെ സുഹൃത്തിന്റെ
അനുഭവത്തിലൂടെയാണ് ഏറ്റവും തീക്ഷണമായി ആവിഷ്കരിക്കപ്പെടുന്നത്. കൂടിയിട്ട
ശരീരങ്ങള്‍ക്കിടയില്‍, മോര്‍ച്ചറിയില്‍ യുവതിയുടെ നഗ്ന
ജടത്തോട് രതിയിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നത് അയാള്‍ നിരാകരിക്കുന്നു. ക്രൂര
മുറകള്‍ക്ക് ശേഷം ജീവച്ഛവമായി ഉപേക്ഷിക്കപ്പെടുന്ന അയാള്‍ ആയുസ്സിന്റെ ബലത്തിലാണ്
രക്ഷപ്പെടുന്നത്. വക്കീലിന്റെ സഹായത്തോടെ പോലീസില്‍ പരാതി പറയാനെത്തുന്ന അയാളെ
ഭീഷണിപ്പെടുത്താനാണ് നിയമ പാലകര്‍ ശ്രമിക്കുന്നത്. നോവലന്ത്യത്തില്‍, കുഞ്ഞു വൂതയുടെ കൊലയാളികളെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ
നിസ്സംഗതയില്‍ തന്നെയാണ് നോറിയയും ചെന്ന് മുട്ടുന്നത്. സൈനികരുടെ ബലപ്രയോഗത്തിലെ
ക്രൂരമായ അസംബന്ധത്തെ കുറിച്ച് നോവലില്‍ സൂചനയുണ്ട്. വൂതയെപോലുള്ള, കേട്ടു പഠിച്ച മുദ്രാവാക്യങ്ങള്‍ അക്ഷരമോ അര്‍ത്ഥമോ അറിയാതെ ആവര്‍ത്തിക്കുന്ന
പൈതങ്ങളുടെ നേരെ കാഞ്ചി വലിക്കുന്നവര്‍, “കല്ല് പോലുള്ള
ആയുധങ്ങളെന്തിയ അഞ്ചു വയസ്സുകാരുടെ സര്‍വ്വശക്തിയില്‍ ചകിതരായ സൈനികര്‍ വെടിയുതിര്‍ത്തു.” എന്നാല്‍, വിമോചക പോരാളികളാവട്ടെ, ഒറ്റുകാര്‍ എന്ന മുദ്ര
ചാര്‍ത്തി അവരെ ചുട്ടുകൊന്നു. കാരണങ്ങള്‍ എന്തായാലും മരണം ലാഭകരമാകുന്ന സാഹചര്യവും
അനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ തന്നെയായ ശവപ്പെട്ടി കച്ചവടക്കാരന്‍
നെഫലോഹോദ് വെ, നോവലില്‍ ഘടനാപരമായി ഏറെ ആവശ്യമുള്ള
കഥാപാത്രമാണ്. അയാളാണ് തൊലോകിയുടെയും നോറിയയുടെയും ഭൂതകാലത്തെ കണ്ണിചേര്‍ക്കുന്നത്.
അയാളാണ് തൊലോക്കിക്ക് തന്റെ നിയോഗം കണ്ടെത്താന്‍ നിമിത്തമാകുന്നതും.
തൊലോക്കിയുടെയും
നോറിയയുടെയും ജീവിത സാഹചര്യങ്ങള്‍ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന
അനിശ്ചിതത്വത്തില്‍ തന്നെയാണ് നോവലന്ത്യത്തിലും. എന്നാല്‍ അത് രാജ്യത്തിന്റെതന്നെ
വിധിയുടെ കണ്ണാടിയാണുതാനും. എന്നിരിക്കിലും എല്ലാം ഇരുണ്ടു പോയിട്ടില്ലെന്ന്
പറഞ്ഞുറപ്പിക്കാന്‍ നോവലിസ്റ്റിനു ഏതാണ്ടൊരു നിര്‍ബന്ധ ബുദ്ധിയുണ്ട്. താന്‍
നേരിട്ട ദുര്യോഗങ്ങള്‍ മൃത്യു വിലാപത്തിന്റെ മികച്ച സാധ്യതകള്‍ തുറന്നു തരുന്നതായി
തോലോക്കോ കരുതുന്നു. നോവലിന്റെ കേന്ദ്ര ‘സംഭവം’ ആയ നോറിയയുടെ കുഞ്ഞിന്റെ ഭീകരമായ
അന്ത്യത്തോട് മറ്റുള്ളവരുടെ പതിഞ്ഞ പ്രതികരണം വേണ്ടത്ര വിശ്വസനീയമല്ലെന്നും രണ്ടു
മുഖ്യ കഥാപാത്രങ്ങളുടെയും സൃഷ്ടിയില്‍ നോവലിസ്റ്റ് സ്വാഭാവിക വികാസത്തിനപ്പുറം
ഇടപെടുന്നുണ്ടെന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി
ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ്
വ്യക്തമാക്കുന്നു. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ
പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ
ബലപ്പെടുത്തുകയും ചെയ്യുന്നു.
(കലാപൂര്‍ണ്ണ , ആഗസ്റ്റ് 2017)
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 31-37)
Read more:
Welcome to Our Hillbrow by Phaswane Mpe
The Madonna of Excelsior by Zakes Mda