Featured Post

Showing posts with label Apartheid Literatre. Show all posts
Showing posts with label Apartheid Literatre. Show all posts

Monday, May 12, 2025

The Madonna of Excelsior by Zakes Mda

 


നോവലിസ്റ്റ്തിയേറ്റര്‍ ആക്റ്റിവിസ്റ്റ്എച്ച്.ഐ.വി. & എയിഡ്സ് ആക്റ്റിവിസ്റ്റ്തുടങ്ങിയ ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരംപാരമ്പര്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന പട്ടണങ്ങളിലൂടെചേരികളിലൂടെയുള്ള യാത്രയില്‍ തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍ വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍ സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിന്‌ മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവംസ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ കലാശിച്ചു. നോവലില്‍നിരന്തരം ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവുംമിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

“ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത്‌ ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our mothers all these things flow)” എന്ന തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’ എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്‌. സംഭവത്തിന്റെ ഔദ്യോഗിക ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍ പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെഅഥവാ സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെപ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.

1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം  Immorality Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി. സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ് സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍ ‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’ ‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമനതങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ് വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ് അവര്‍ വളര്‍ന്നത്‌. “വയലുകളില്‍തുറസ്സുകളില്‍തെരുവുകകളുടെ കൈവഴികളില്‍കൃഷി ഫാമുകളില്‍സ്വന്തം വീടിന്റെ അടുക്കളകളിലുംഅവര്‍ക്കായി ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’ രക്തത്തില്‍ 71% സങ്കരം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി…………….

…………………..

വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത് എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന് മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.


To read the article in full, follow the link:

https://alittlesomethings.blogspot.com/2017/12/blog-post.htm

ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 –

Please consider purchasing the book:

To purchase, contact ph.no:  8086126024)

Saturday, November 2, 2024

A Revolutionary Woman by Sheila Fugard

അപ്പാര്‍ത്തീഡിലെ ഗാന്ധിയന്‍ നിഴല്‍പ്പാടുകള്‍ 



ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ ജനിച്ച ഷീല മെറിംഗ്  1940ല്‍ തന്റെ എട്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയില്‍ എത്തുമ്പോള്‍ അവിടെ വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകനും നാടക കൃത്തുമായ അതോല്‍ ഫുഗാര്‍ഡിനെ വിവാഹം ചെയ്ത ഷീലതന്റെ നാല്പ്പതാം വയസ്സില്‍ പ്രസിദ്ധീകരിച്ച The Castaways  എന്ന നോവലിനു വിഖ്യാതമായ ഒലിവര്‍ ഷ്നീഡര്‍ പുരസ്കാരം നേടി. തുടര്‍ന്നു രചിച്ച Rite of Passage നിരൂപക ശ്രദ്ധ നേടിയില്ലെങ്കിലും 1983ല്‍ പുറത്തിറങ്ങിയ A Revolutionary Woman അവരുടെ ഏറ്റവും മികച്ച നോവലായി അംഗീകരിക്കപ്പെട്ടു. 1920-കളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ മഹാത്മാ ഗാന്ധിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിലെ അംഗമായിരുന്ന സ്കൂള്‍ അധ്യാപികയുടെയും അവരുടെ സംരക്ഷണയിലുള്ള, വര്‍ണ്ണസങ്കരണ വിരുദ്ധനിയമത്തെ മറികടന്ന പ്രണയത്തില്‍ കുറ്റം ചാര്‍ത്തപ്പെടുന്ന സങ്കരവര്‍ഗ്ഗക്കാരനായ യുവാവിന്റെയും കഥ പറയുന്നു. വര്‍ണ്ണ വിവേചന സംഘര്‍ഷങ്ങളുടെ വിരുദ്ധചേരികളിലുള്ള മനുഷ്യരുടെ മുന്‍വിധികളെയും നിലപാടുകളിലെ സങ്കീര്‍ണ്ണതകളെയും നിശിതമായി നിരീക്ഷിക്കുന്ന നോവല്‍മുഖ്യമായും മൂന്നു നിലപാടുകളുടെ പ്രതിനിധാനം സാധ്യമാക്കുന്നുണ്ട്: ബോയറുകള്‍ എന്ന സൌത്ത് ആഫ്രിക്കന്‍ വെള്ളക്കാര്‍ ഉള്‍പ്പെടുന്ന ആഫ്രിക്കാനര്‍ വിഭാഗംവിദേശികളും കൊളോണിയല്‍ ശക്തിയുമായി കണക്കാക്കപ്പെട്ട ഇംഗ്ലീഷുകാര്‍, ‘couloureds’ എന്നു വിളിക്കപ്പെട്ട സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരാണ് അവര്‍. കൂടാതെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധാനവും നേരിട്ടല്ലെങ്കിലും നോവലില്‍ പ്രധാനമാണ്. തികഞ്ഞ സ്ത്രീപക്ഷ സമീപനത്തോടെ ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തെയും ഇന്ത്യന്‍ ചാതുര്‍വര്‍ണ്യ ബന്ധങ്ങളെയും ബാലവധു സമ്പ്രദായത്തിന്റെ ജീര്‍ണ്ണതയെയും നോവല്‍ ആവിഷ്കരിക്കുന്നു.

ഹിംസാത്മകത എന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ശാന്തഭാവമുള്ളതും കാവ്യാത്മകവുമായ ഒരു നോവല്‍ എന്ന നിലയില്‍ A Revolutionary Woman ഒരു വൈരുദ്ധ്യത്തെ ഉള്‍ച്ചേര്‍ക്കുന്നുണ്ടെന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (George Kearns, Revolutionary Women and Others, The Hudson Review Vol.39, No.1 (Spring, 1986) pp. 121-134)സൌത്ത് ആഫ്രിക്കന്‍ വര്‍ണ്ണവിവേചനത്തിന്റെ ആന്ധ്യവും അതിനു പിറകിലെ സംഘര്‍ഷചരിത്രവും ആവിഷ്കരിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ രചനാപരമായ സങ്കേതങ്ങളെയോ പരീക്ഷണങ്ങളെയോ ഒരു ഘട്ടത്തിലും നോവലിസ്റ്റ് അനുവദിച്ചിട്ടില്ല. ബോയര്‍ യുദ്ധം കഴിഞ്ഞു ഇരുപതു വര്‍ഷവും ബോള്‍ഷെവിക് വിപ്ലവത്തിന് രണ്ടു വര്‍ഷവും മാത്രം പിന്നിട്ട കഥാകാലം, അര്‍ദ്ധ മരുഭൂപ്രകൃതമായ കാരൂ പ്രദേശത്തെ ചെറുപട്ടണത്തിലെ സങ്കരവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കൂളിലെ അധ്യാപികയായ ഇംഗ്ലീഷുകാരി ക്രിസ്റ്റിന റാന്‍സം എന്ന നാല്‍പ്പതോടടുത്ത ആഖ്യാതാവിലൂടെയാണ് വികസിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്കു നിര്‍ബന്ധമാക്കിയ വിവേചനപരമായ പാസ് കത്തിക്കലിന്റെ രാത്രിയില്‍ നാട്ടിലെത്തുകയും ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് ആകൃഷ്ടയാകുകയും ചെയ്തതിനെ കുറിച്ച് ക്രിസ്റ്റിന പറയുന്നു:

“ആഫ്രിക്ക എന്നെ വിളിച്ചുഞാനെന്റെ നാട്ടില്‍ വന്നു. അപ്പോള്‍ ഞാന്‍ ഗാന്ധിയെ സന്ധിച്ചു. അദ്ദേഹം ജോഹാനസ്ബര്‍ഗില്‍ ഹമീദിയ പള്ളിയില്‍ ഒരു മീറ്റിംഗ് നടത്തുകയായിരുന്നു.”

വര്‍ണ്ണ വിവേചനം അവസാനിക്കുന്നവികസിത മാനുഷികമൂല്യങ്ങളില്‍ അധിഷ്ടിതമായ സാമൂഹികഘടനയുള്ള ഭാവിയെ കുറിച്ചു ശുഭാപ്തി നിറഞ്ഞ സങ്കല്‍പ്പങ്ങളാണ് ക്രിസ്റ്റീനക്കുള്ളത്. എപ്പോഴും സ്വയം ‘കപ്പല്‍ ഛേദത്തില്‍ കരക്കടിഞ്ഞ പയ്യന്‍’ എന്ന സഞ്ജയിന്റെ ആത്മവിശ്വസമില്ലായ്മയെ ക്രിസ്റ്റിന നേരിടുക ഇങ്ങനെയാണ്:

“ആഫ്രിക്ക ഇനിയങ്ങോട്ടു ഒറ്റപ്പെട്ടതല്ല. നാം ഇതര ദേശങ്ങളുമായി ബന്ധിതമാണ്, ഇരുണ്ട കാലത്തില്‍ നിന്ന് കൂടുതല്‍ പുറത്തെത്തിയിരിക്കുന്നു. വിപ്ലവം തൊട്ടടുത്താണ്..”

ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി ഒരു വര്‍ഗ്ഗരഹിതസമൂഹം ഉണ്ടാവാന്‍ പോകുന്നുവെന്നും “നാമൊക്കെ അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണ്. ആര്‍ക്കും ഇനി സ്വന്തം വൈയക്തിക സ്വപ്നങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ല” എന്നും അവര്‍ പറയുന്നു. കാരൂപ്രദേശത്തിന്റെ സ്വയംപ്രഖ്യാപിത ഗവര്‍ണര്‍ ആയി പെരുമാറുന്ന പെട്രസ് നെല്‍ എന്ന പ്രാദേശിക ബോയര്‍ നേതാവിനോട് അവര്‍ പറയുന്നു:

“നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതൊരു വിപ്ലവ കാലമാണ്, ഭരണവര്‍ഗ്ഗങ്ങളുടെ കാലം കഴിഞ്ഞു. നിങ്ങള്‍ക്ക് ബോള്‍ഷെവിക് വിപ്ലവത്തെ അവഗണിക്കാനാകില്ല. സങ്കര വര്‍ഗ്ഗക്കാരും (Coloureds) കറുത്ത വര്‍ഗ്ഗക്കാരും (Blacks) ആയിരിക്കും ആഫ്രിക്കയുടെ അനന്തരാവകാശികള്‍ചരിത്രം എന്റെ നിലപാടിനെ സാധൂകരിക്കും.”

മറ്റൊരിക്കല്‍ അവര്‍ പറയുന്നു:

“ഇത് ഇരുപതാം നൂറ്റാണ്ടാണ്‌. സോഷ്യലിസമാണ് ചാലകശക്തി. ബോയറുകള്‍ ഇത് തിരിച്ചറിഞ്ഞേ തീരൂഇല്ലെങ്കില്‍ അവര്‍ പരാജയപ്പെടുംഅതൊരു ദുരന്തമായിരിക്കും.”

റസ്കിന്‍ടോള്‍സ്റ്റോയ്‌ഗാന്ധിബെര്‍ണാഡ്‌ ഷാ എന്നിവരുടെ പ്രബോധനങ്ങളില്‍ നിലയുറപ്പിച്ച ക്രിസ്റ്റിനയുടെ കാഴ്ചപ്പാടുകള്‍ ബോയറുകള്‍ തന്റെ വാദമുഖങ്ങളെ മുഖവിലക്കെടുക്കും എന്ന മട്ടില്‍ പലപ്പോഴും അതീവ നിഷ്കളങ്കമായി അനുഭവപ്പെടും. എന്നാല്‍ബോയറുകള്‍ സ്വയം അനുഭവിക്കുന്ന അനിശ്ചിതത്വം അവരൊരിക്കലും സ്വയം ഭരണവര്‍ഗ്ഗമായി കാണുന്നില്ലെന്നതിലും മറിച്ചു ‘വൈദേശിക’മായ ലിബറലിസത്തിന്റെയും ചരിത്രത്തിന്റെയും ഇരകളായി തങ്ങളെ കാണുന്നു എന്നതിലും അധിഷ്ടിതമാണ്. ദൈവം മനുഷ്യരെ ഭിന്നവര്‍ഗ്ഗങ്ങളായി സൃഷ്ടിച്ചുവെന്നും തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരും, കറുത്തവര്‍ക്കും സങ്കരവര്‍ഗ്ഗക്കാര്‍ക്കുംമേല്‍ “യജമാനമാരും” ആയി സൃഷ്ടിക്കപ്പെട്ടവരാണെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ വര്‍ണ്ണ സങ്കരമോ കറുത്തവന്റെ മോചനമോ ദൈവിക ഇച്ഛക്ക് എതിരായ ഒന്നായേ അവര്‍ക്ക് മനസ്സിലാകുമായിരുന്നുള്ളൂ. പെട്രസ് നെല്‍ അത് വ്യക്തമാക്കുന്നുണ്ട്:

“ഞങ്ങള്‍ യൂറോപ്പ്യന്‍ വംശജരല്ല. ഞങ്ങള്‍ ഞങ്ങളുടെ രാജ്യം സംരക്ഷിക്കാനായി യുദ്ധങ്ങള്‍ ചെയ്തു. ഞങ്ങള്‍ വിശ്വസിക്കുന്നു ദൈവം വര്‍ഗ്ഗങ്ങളെ വേറെ വേറെ സൃഷ്ടിച്ചു. സങ്കര വര്‍ഗ്ഗക്കാര്‍ ഞങ്ങളുടെ ഭൃത്യരാണ്, ഞങ്ങള്‍ അവരുടെ യജമാനരും. അതില്‍ അസത്യമില്ല. ഇത് ഞങ്ങളുടെ പരമ്പരാഗത ജീവിത രീതിയാണ്, അത് കൊണ്ട് അതിനെ മാറ്റാന്‍ വേണ്ടി ശ്രമിക്കുക പോലും ചെയ്യരുത്. നിങ്ങള്‍ വിജയിക്കില്ല."

സൌത്ത് ആഫ്രിക്കയിലെ പോരാട്ടങ്ങളില്‍ ഗാന്ധി ശിഷ്യയായിരുന്ന ക്രിസ്റ്റിനക്ക് അക്കൂട്ടത്തിലെ സഞ്ജയ്‌ എന്ന ഇന്ത്യന്‍ വംശജനായ ബ്രാഹ്മണ യുവാവുമായി ഉണ്ടായിരുന്ന ബന്ധവും അയാളൊരു ബാലവധുവിനെ വിവാഹം കഴിക്കുന്നതിനെ തുടര്‍ന്ന് അത് തകരുന്നതും ക്രിസ്റ്റിനയുടെ ജീവിതത്തിലും കാഴ്ച്ചപ്പാടുകളില്‍ സംഭവിക്കുന്ന വികാസങ്ങളിലും നിര്‍ണ്ണായകമാണ്. ആ ബന്ധത്തില്‍, മാസമെത്തും മുമ്പ് ചാപ്പിള്ളയായി പിറന്ന കുഞ്ഞിനെ കുറിച്ച് “ഗര്‍ഭത്തിലും ചരിത്രത്തിലും കാലമെത്തും മുമ്പേ പിറന്നവന്‍” എന്നാണു അവര്‍ വിവരിക്കുന്നത്.

“ബോയറുകള്‍ അവനെ അംഗീകരിക്കുമായിരുന്നില്ലസൌത്ത് ആഫ്രിക്കയും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവന്‍ അതിജീവിച്ചേനെ, ഒരു സുവര്‍ണ്ണ കാലം.”

ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തിലും ശൈശവവിവാഹത്തിന്റെയും അപക്വ ലൈംഗികതയുടെയും തുടര്‍ന്നുള്ള പുരുഷാധിപത്യപരമായ സ്ത്രീവിരുദ്ധതയുടെയും ചിഹ്നങ്ങള്‍ ക്രിസ്റ്റിനയെ അലോസരപ്പെടുത്തുന്നു. ലക്ഷ്മിയുടെ തളിര്‍ത്തു വിടരുന്ന ലൈംഗികാകര്‍ഷണം, വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വന്തം ലൈംഗിക സ്വത്വത്തെ അടിച്ചമര്‍ത്തുകയെന്നതു ദൗത്യമായി കാണുന്ന ക്രിസ്റ്റിനക്ക് അധമവും മാംസബദ്ധവും പിന്തിരിപ്പനുമായി അനുഭവപ്പെടുന്നു. എന്നാല്‍ അതേ തരം ബന്ധത്തിന്റെ മാതൃക ഗാന്ധി- കസ്തൂര്‍ബാ ബന്ധത്തിലും അവര്‍ കണ്ടെത്തുന്നുമുണ്ട്. മുപ്പതാം വയസ്സില്‍ ഗുരുതരമായ സര്‍ജ്ജറിക്കു വിധേയയായി സ്ത്രീത്വം വറ്റിയ കസ്തൂര്‍ബയുടെ ശാരീരികാവസ്ഥഗാന്ധിജിയുടെ ബ്രഹ്മചര്യവ്രതത്തെ ഏതെങ്കിലും നിലയില്‍ സ്വാധീനിച്ചിരുന്നുവോ എന്ന ചോദ്യം നോവല്‍ ന്യൂനോക്തിയില്‍ ഉയര്‍ത്തുന്നുണ്ട്. ഗാന്ധിജി തന്റെ ബീജങ്ങള്‍ സത്യഗ്രഹമായി പരിവര്‍ത്തിപ്പിക്കയായിരുന്നു എന്ന നിലപാടില്‍ ഫ്രോയ്ഡിയന്‍ സൂചനകള്‍ (‘eros’) കണ്ടെത്താനാവും. ഗാന്ധിജിയുമായുള്ള സഹാവാസത്തെ കുറിച്ചും ഇന്ത്യയെ കുറിച്ചുമുള്ള ക്രിസ്റ്റിനയുടെ ഓര്‍മ്മകള്‍നോവലില്‍ ഉടനീളം കടന്നു വരുന്നുണ്ട്. താന്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പേരിലായിരിക്കാമെന്നു ക്രിസ്റ്റിന ചിന്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബോയറുകള്‍ അത്തരം അമൂര്‍ത്ത കാര്യങ്ങളില്‍ തല്‍പ്പരരല്ല. അവരെ സംബന്ധിച്ച് ക്രിസ്റ്റിനയ്ക്ക് എബ്രഹാമുമായുള്ള ബന്ധമാണ് പ്രശ്നം. ഇംഗ്ലീഷുകാരി എന്ന നിലയില്‍ അവരെപ്പോഴും ബോയറുകള്‍ക്ക് അന്യയായിരുന്നു താനും.

ബുദ്ധിവികാസക്കമ്മിയുള്ള ബോയര്‍ കൌമാരക്കാരിയുമായി എബ്രഹാമിനുണ്ടാകുന്ന ലൈംഗികബന്ധമാണ് നോവലിലെ നിര്‍ണ്ണായകമാകുന്ന ഇതിവൃത്ത വികാസം. ബലാത്കാര കുറ്റം ആരോപിക്കപ്പെടുന്ന നവയുവാവ് കടുത്ത വംശീയഭ്രാന്തന്മാരുടെ (commando) വിചാരണക്ക് പാത്രമായാല്‍ എന്തു സംഭവിക്കും എന്നറിയാവുന്ന ക്രിസ്റ്റിന അവന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. എബ്രാഹിമും പതിനാലുകാരിയും തമ്മിലുണ്ടായിരുന്നത് ഇരുവരും ആസ്വദിച്ച ബന്ധം തന്നെയായിരുന്നു എന്നിരിക്കിലുംസാങ്കേതികമായി അത് നിലനില്‍ക്കുന്ന വാദമല്ല എന്നത് ചെറുപ്പക്കാരന്റെ വിധി അന്തിമമായി ഇരുട്ടിലാക്കും. പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു എന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഒരു സങ്കരജാതനിലൂടെ കുടുംബത്തിനുണ്ടാകുന്ന ദുഷ്പേര് പ്രതികാര ദാഹമായി ബോയറുകളില്‍ പടരുന്നത്‌To Kill a Mockingbird’ പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. ലിബറല്‍ നിലപാടുകളുള്ള, ഇംഗ്ലീഷ് ശിക്ഷണം ലഭിച്ച വക്കീലിനെ ഏര്‍പ്പടാക്കാനും ശിഷ്യനുവേണ്ടി പൊരുതാനും ആവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അനിവാര്യമായ ദുരന്തത്തില്‍ അവനൊരു ബാലിയാടിന്റെ വിധി തന്നെയാണുള്ളത് എന്ന് ക്രിസ്റ്റിന തിരിച്ചറിയുന്നുണ്ട്. ബലിയാട് എന്ന സങ്കല്‍പ്പം ലക്ഷ്മികസ്തൂര്‍ബ എന്നിവരുമായും ക്രിസ്റ്റിന പല സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെക്കുന്നുണ്ട്. 

ക്രിസ്റ്റിന- എബ്രഹാം ബന്ധത്തെ കുറിച്ച് ബോയറുകള്‍ സന്ദേഹിക്കുന്നതാകട്ടെ തീര്‍ത്തും അസ്ഥാനത്താണ് എന്ന് പറയാനാവില്ല. അതിസുന്ദരനായ സങ്കരവര്‍ഗ്ഗ നവയുവാവുമായുള്ള ക്രിസ്റ്റിനയുടെ ബന്ധം സങ്കീര്‍ണ്ണം തന്നെയാണ്. തന്റെ ചിറകിനടിയില്‍ സംരക്ഷിക്കേണ്ട പുത്രതുല്യനായ ശിഷ്യന്‍ എന്ന് ബോധമനസ്സുകൊണ്ട് നിര്‍വ്വചിക്കുമ്പോഴും ഇടയ്ക്കിടെ ക്രിസ്റ്റിനയുടെ സങ്കല്‍പ്പങ്ങളില്‍ സഞ്ജയിന്റെയും എബ്രഹാമിന്റെയും പുരുഷ സൌന്ദര്യം കൂടിക്കലരുന്നുണ്ട്. “രണ്ടു പുരുഷന്മാരും എന്റെ ബോധ്യങ്ങളില്‍ ഒന്നാവുന്നുണ്ട്. അഭിമാനിയും തലക്കനമുള്ളവനുമായ ഇന്ത്യന്‍ രാജകുമാരനുംനിവര്‍ത്തികെട്ടവനും സ്വാര്‍ഥനുമായ ഇറ്റാലിയന്‍ പയ്യനും” എന്ന് ക്രിസ്റ്റിന തുറന്നുപറയുന്നു. “അവന്‍ ആദമിന്റെ പതനത്തിനു മുമ്പുള്ള ഒരു പുരുഷനെ പോലെയാണ്അവനില്‍ ഒട്ടേറെ പ്രത്യക്ഷങ്ങള്‍ മഴവില്ലു പോലെ ഉയരുന്നു..” എന്നും “മറ്റൊരു പ്രപഞ്ചത്തില്‍ നിന്ന് അവന്‍ കവിതകള്‍ കൊത്തിയെടുക്കുംആഫ്രിക്ക അവന്റെ മനസ്സില്‍ പൊട്ടിത്തെറിക്കുന്നുഅത് ഭ്രാന്തിന്റെയും മൃത്യുവിന്റെയും ദേശമാണ്‌.. ബോയറുകള്‍.. അവരാണ് പുതിയ പ്രാകൃതര്‍ആഫ്രിക്കയുടെ ഇരുട്ടിലേക്ക് കൂടുതല്‍ നല്‍കുക മാത്രം ചെയ്യുന്നവര്‍” എന്നും ക്രിസ്റ്റിന അവനെ കുറിച്ച് വാചാലയാകുന്നു. എബ്രഹാം ആകട്ടെസ്വയം വര്‍ണ്ണസങ്കര നിയമങ്ങളുടെ ബലിയാട് എന്ന നിലയില്‍ തന്റെ അധ്യാപികയോടും ഇതര വെള്ളക്കാരികളോടും ലൈംഗികബന്ധം പുലര്‍ത്താന്‍ തനിക്ക് അവകാശമുണ്ട്‌ എന്നും ചിന്തിക്കുന്നു. ഈ നിലപാടിലെ ‘എതിര്‍ദിശാ വിവേചനം (reverse racism)’ സുഡാനീസ് നോവലിസ്റ്റ് തയ്യിബ് സാലിഹിന്റെ പോസ്റ്റ്‌കൊളോണിയല്‍ മാസ്റ്റര്‍പീസിലെ (Season of Migration to the North) മുസ്തഫ സഈദിനെ ഓര്‍മ്മിപ്പിക്കുന്നു: കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ ജനതയോട് കാണിച്ച അതിക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ വെള്ളക്കാരികളെ വശീകരിക്കുന്ന മുസ്തഫ, കോണ്‍റാഡിന്റെ കുര്‍ട്സിന്റെ (Heart of Darkness) എതിര്‍ പതിപ്പാണ്‌. ക്രിസ്റ്റിനയുടെ കാര്യത്തില്‍ അത്തരം ഒരു കടന്നുകയറ്റത്തിന്റെ സന്ദര്‍ഭത്തില്‍ അത്രയേറെ ഉറച്ച ചെറുത്തുനില്‍പ്പല്ല അവള്‍ നടത്തുന്നതും. എബ്രഹാം, സഞ്ജയിന്റെ യൌവ്വനയുക്തവും സുഭഗവുമായ ഉടലിലേക്ക് പരകായം നടത്തുന്നതായി ക്രിസ്റ്റിനക്ക് തോന്നുന്നു.

“അവര്‍ അവനെ തഴുകിക്കഴിഞ്ഞിരുന്നുഅവന്റെ ഉടലില്‍ കൊതിയോടെ നോക്കുകയും. എനിക്കവന്റെ സുഭഗതയുടെ പങ്കു വേണ്ട. പകരംഞാനവനെ കസ്തുര്‍ബായിയുടെ കണ്ണുകള്‍കൊണ്ട് നോക്കുന്നു. മുതിര്‍ന്നവന്റെ ഉടലില്‍ നിന്ന് പയ്യനെ ഉയിര്‍പ്പിക്കുന്നു. മുറിവേറ്റവനും പീഡിതനുമായ ഒരു കുട്ടിയെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ.”

ഇന്ത്യന്‍ സമൂഹത്തിലെ ചാതുര്‍വര്‍ണ്യവും സൗത്ത് ആഫ്രിക്കന്‍ സാഹചര്യവും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്ന് ക്രിസ്റ്റിന നിരീക്ഷിക്കുന്നു. ബോയറുകളാണ് ഇവിടത്തെ ബ്രാഹ്മണര്‍സങ്കര വര്‍ഗ്ഗക്കാര്‍ തൊട്ടുകൂടാത്തവരും.

“സൌത്ത് ആഫ്രിക്കയിലെ ജാതി സമ്പ്രദായം യാഥാര്‍ത്ഥ്യമാണ്അത് ഇന്ത്യയേക്കാള്‍ ലളിതവുമാണ്. അതിനു നിറവുമായാണ് ബന്ധംഇന്ത്യയില്‍ അത് വളരെ സങ്കീര്‍ണ്ണമായ പൈതൃകമാണ്.. ഇന്ത്യയുടെ കുടല്‍മാലകളിലെ നാടവിര.”

ക്രിസ്റ്റിനയുടെ കാമുകന്‍ സഞ്ജയ്‌ അതേ ജാതി സമ്പ്രദായത്തിന്റെ മേല്‍ത്തട്ടുകാരനായ ബ്രാഹ്മണനാണെങ്കിലും മനുഷ്യക്കടത്ത് ഏജന്റുമാരുടെ ചതിയില്‍പെട്ട് അടിമത്തൊഴിലാളി വിഭാഗത്തില്‍ (indentured labourers) സൌത്ത് ആഫ്രിക്കയിലെത്തിയ കുടുംബത്തിലെ അംഗമാണ്.

“അയാള്‍ സമ്പത്തിനെ ഒരു അത്യാവശ്യ ആര്‍ജ്ജിത സ്വത്തുംസ്ത്രീയെ ഉടമസ്ഥ വസ്തുവുമായിക്കണ്ടു. മതം സെക്സിനെയും അധികാരത്തെയും സമന്വയിപ്പിച്ചു.”

വിവേചനത്തിന്റെ സ്വന്തം വകഭേദമുള്ള സൌത്ത് ആഫ്രിക്കയില്‍ പക്ഷെ അയാള്‍ക്ക് താന്‍ ഇന്ത്യയില്‍ അനുഭവിച്ചു വന്ന പ്രത്യേകാനുകൂല്യങ്ങള്‍ ഒന്നും ലഭ്യമായില്ല.

“എനിക്ക് കാണാനായിസഞ്ജയ്‌ കപ്പല്‍ ഛേദത്തില്‍ ആഫ്രിക്കന്‍തീരത്ത്‌ അടിഞ്ഞുപോയ സുമുഖനായ ഒരു ദുരന്ത കഥാപാത്രമായിരുന്നു.”

കസ്തൂര്‍ബലക്ഷ്മി എന്നിവരോട് ഐക്യപ്പെടുമ്പോള്‍ മാത്രമല്ല ക്രിസ്റ്റിനയുടെ സ്ത്രീപക്ഷ വീക്ഷണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത്. ബോയറുകളുടെ വംശീയ ആന്ധ്യത്തെ കുറിച്ച് പറയുമ്പോഴൊക്കെ അതിന്റെ പുരുഷ കേന്ദ്രിതാവസ്ഥ ക്രിസ്റ്റിന സൂചിപ്പിക്കുന്നുണ്ട്:

“ദൈവിക വാര്‍പ്പെന്നു പുരുഷന്മാര്‍ വാശിപിടിക്കും. സ്ത്രീകള്‍ വ്യത്യസ്തരാണ്അവര്‍ക്കുവേണ്ടി അവര്‍ തന്നെ സംസാരിക്കണം. അവര്‍ ഒട്ടേറെ ഭാരങ്ങള്‍ ചുമക്കുന്നുണ്ട്. തലമുറകളിലൂടെ പിറക്കാനിരിക്കുന്ന ഒട്ടേറെ കുഞ്ഞുങ്ങള്‍. അവരുടെ അമ്മമാരുടെ പട്ടുപോയ മോഹങ്ങള്‍. ഒട്ടേറെ സഹോദരിമാരുടെ കുപിതവും ഹതാശവുമായ പ്രതിഷേധങ്ങള്‍. അവര്‍ക്ക് ദൈവത്തിനു വേണ്ടി സംസാരിക്കാന്‍ സമയം കണ്ടെത്താവില്ല. അവരീ കഠിന ദൗത്യം പുരുഷന്മാര്‍ക്കു വിട്ടുകൊടുക്കുന്നുഅവരത് ഏറെ നന്നായി ചെയ്യും. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ദൈവം പുരുഷനാണല്ലോ.”

കസ്തുര്‍ബായിയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഇന്ത്യന്‍-ആഫ്രിക്കന്‍ സാഹചര്യങ്ങള്‍ക്കപ്പുറം സ്ത്രീയെന്ന നിലയിലെ സാര്‍വ്വജനീനത പ്രതിഫലിക്കുന്നു:

“അവര്‍ (കസ്തൂര്‍ബ) ഇന്ത്യയെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. ഒട്ടേറെ സ്ത്രീകള്‍ അവളുടെയുള്ളില്‍ കഴിയുന്നുണ്ട്ദേവതഅനുസരണശീലമുള്ള ഭാര്യഊഷരയായ സ്ത്രീവിശുദ്ധ മാതാവ്വന്ധ്യയായ മൂതേവി. അവള്‍ തനിക്കുള്ളില്‍ മുങ്ങിപ്പോയ ഈ അസ്തിത്വങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. അവര്‍ ഗാന്ധിയെ പിന്തുടരുന്നുഅദ്ദേഹത്തിന്റെ കാലടികള്‍ ഒരു മരുഭൂമിയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം ചക്രവാളത്തില്‍ തിരോഭവിക്കുന്നത് അവര്‍ കാണുന്നു. അവര്‍ക്ക് സ്വയം അസ്ഥിത്വം നിലനിര്‍ത്തണം. അവര്‍ ശബ്ദമില്ലാതെ കരയുന്നു. അവര്‍ക്ക് ജീവിതാശയുണ്ട്.”

ഗാന്ധിശിഷ്യയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ പിന്‍പറ്റുമ്പോഴും കസ്തുര്‍ബായിയുടെ ജീവിതം ക്രിസ്റ്റിനയെ മഥിക്കുന്നു:

“ഗാന്ധിയാണ് എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത്. എങ്കിലും കസ്തുര്‍ബായിയെ കുറിച്ചാണ് ഞാന്‍ വിഷമിക്കുന്നത്. അവര്‍ അദ്ദേഹത്തിന്റെ നിഴലില്‍ ഒതുക്കപ്പെട്ട രീതിയില്‍ നടക്കുന്നുഅതൊരു ഹിന്ദു ഭാര്യയാകുന്നതിന്റെ കാര്യം മാത്രമല്ലഅത് അവരൊരു അര്‍ദ്ധ ജീവിതം അംഗീകരിക്കുന്നതിന്റെ കാര്യം കൂടിയാണ്.”

പ്രതിബദ്ധയായ ആക്റ്റിവിസ്റ്റ് എന്ന നിലയിലും കസ്തുര്‍ബായിയോടാണ് ക്രിസ്റ്റിന സ്വയം ചേര്‍ത്തുവെക്കുന്നത്:

“അവര്‍ എന്നെ അവരുടെ ദുഃഖങ്ങളുടെ അനന്തരാവകാശിയാക്കി, ഞാനാ ഭാരം ഏല്‍ക്കുകയുംചെയ്തു. ഞാനവരുടെ താന്തോന്നിയായ മകളാണ്ആണുങ്ങളെ അച്ചടക്കം പഠിപ്പിക്കുകയും സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്യുക എന്ന അവരേല്‍പ്പിച്ച ദൌത്യം പൂര്‍ത്തീകരിക്കുകയാണ് ഞാന്‍.” 

1983ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ആയിരുന്നിട്ടും ഒരിടത്തും ക്രിസ്റ്റിനയുടെ വാക്കുകളില്‍ ‘മഹാത്മാ’ എന്ന പ്രയോഗം കടന്നുവരുന്നില്ല എന്നത് ഗാന്ധിയോടുള്ള അവരുടെ സമീപനത്തില്‍ ഒരു നിയന്ത്രിത ഭാവമുണ്ട് (ambivalence) എന്നു സൂചിപ്പിക്കുന്നുണ്ട്.

“പൗരസ്ത്യനിഗൂഡത” യെ കുറിച്ചുള്ള ഒറിയന്റലിസ്റ്റ് വാര്‍പ്പുസങ്കല്‍പ്പങ്ങള്‍ ലക്ഷ്മിയുടെ വിലോഭനീയ ആകര്‍ഷണത്തെ കുറിച്ച് പറയുമ്പോള്‍ നോവലിസ്റ്റിനെ ബാധിക്കുന്നുണ്ട്:

“ഇന്ത്യ ആഫ്രിക്കയുമായി കൂട്ടിമുട്ടുന്നുഏഷ്യയുടെ സങ്കീര്‍ണ്ണത ആ ഇരുട്ടുമായി ഏറ്റു മുട്ടുന്നത് പോലെ.”

എന്നാല്‍ സ്ത്രീകള്‍ എന്ന നിലയില്‍ കസ്തുര്‍ബായിയിലും ലക്ഷ്മിയിലും പൊതുവായി പലതും ക്രിസ്റ്റിന നിരീക്ഷിക്കുന്നു: 

എല്ലാ സ്ത്രീകളും ലക്ഷ്മിയാണ്‌. അവര്‍ കസ്തൂര്‍ബായിമാരുമാണ്. അവര്‍ യൌവ്വനത്തെയും വാര്‍ദ്ധക്യത്തെയും പ്രതിനിധീകരിക്കുന്നു. ഒരു സ്ത്രീയുടെ മുഴുവന്‍ ജീവിതചക്രവും. ആര്‍ത്തവ സ്രാവം സമുദ്രത്തോടു ചേരുന്നു. അവര്‍ ആകാശത്തിലെ കോവിലന്റെ ദര്‍ശനത്തോടെ മണലാരണ്യം മുറിച്ചു കടക്കുന്നു. അതാണ്‌ ലളിതമായിപ്പറഞ്ഞാല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും അര്‍ഥം. അത്രേയുള്ളൂ.”

എബ്രഹാം, സഞ്ജയിന്റെ പതിപ്പാണെന്നും ബോയര്‍ കൌമാരക്കാരിയെ സമീപിക്കുമ്പോള്‍ അവന്‍ ലക്ഷ്മിയെ തേടുകയായിരുന്നു എന്നും ക്രിസ്റ്റിന കരുതുന്നു. എന്നാല്‍എബ്രാഹിമ്ന്റെ മനസ്സില്‍ അത് രണ്ട് ഒറ്റപ്പെട്ടവര്‍ക്കിടയിലെ അടുപ്പമായിരുന്നു. ‘മന്ദബുദ്ധി’ എന്ന നിലയില്‍ പെണ്‍കുട്ടിയുംസങ്കരവര്‍ഗ്ഗക്കാരന്‍ എന്ന നിലയില്‍ അവനും.

“അവളെന്നെ ഹോട്ട്നോട്ട് എന്നോ ബാസ്റ്റാര്‍ഡ് എന്നോ വിളിച്ചില്ലഞങ്ങളിരുവരും ഭ്രഷ്ടരായിരുന്നു.”

ഒരു സ്പിന്‍സ്റ്റര്‍ എന്ന നിലയില്‍ ക്രിസ്റ്റിനക്ക് താനും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം മനസ്സിലാകില്ല എന്ന് എബ്രഹാം പ്രതിഷേധിക്കുന്നു. എന്നാല്‍“അവനു ബോയര്‍ പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, എനിക്കത് തീര്‍ത്തും വ്യക്തമാണ്. കാരണം ഞാനൊരു ഇന്ത്യക്കാരനെ പ്രേമിച്ചിരുന്നു” എന്ന് ക്രിസ്റ്റിന സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബോയറുകള്‍ അതൊരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ലെന്ന് ക്രിസ്റ്റിന തിരിച്ചറിയുന്നുണ്ട്.

“സങ്കര വര്‍ഗ്ഗക്കാര്‍ യൂറോപ്യന്‍മാരുടെ പാപം കൊണ്ടു പങ്കിലരാണ്. കാരണം ഞങ്ങളുടെ പൂര്‍വ്വികര്‍ അവരുടെ സ്ത്രീകളെ കാമപൂര്‍ത്തിക്കിരയാക്കി. ഇപ്പോള്‍ സങ്കരവര്‍ഗ്ഗക്കാര്‍ ഞങ്ങളുടെ ദൌര്‍ബല്യത്തെ ഓര്‍മ്മിപ്പിക്കുന്നതില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണ്”

എന്ന് ബോയര്‍ നേതാവ് നിരീക്ഷിക്കുന്നു. അനിവാര്യമായ ദുരന്തത്തിലേക്ക് എബ്രഹാം വലിച്ചിഴക്കപെടുകയും സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നതിലൂടെ അവന്‍ തന്റെ ബലിമൃഗദൌത്യം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് ക്രിസ്റ്റിന പതിയെ പതിയെ അംഗീകരിക്കുന്നുണ്ട്: “ഗാന്ധിയുടെ പാഠങ്ങള്‍ കൊണ്ട് പ്രയോജനമില്ല. ഇത് അഴുക്കിനെ കൈകാര്യം ചെയ്യലാണ്...” പെട്രസ് നെല്‍ കര്‍ക്കശക്കാരനായ ഒരു കാല്‍വിനിസ്റ്റ് ആയിരുന്നു. യഹോവയുടെ കണ്ണിനു കണ്ണ് ശിക്ഷാവിധിയില്‍ വിശ്വസിച്ചയാള്‍. അങ്ങനെയാണ് ലേഡെന്‍ യൂനിവേഴ്സിറ്റിയില്‍ പഠിച്ച ലിബറല്‍ ആഫ്രിക്കാനര്‍ ആയ മാരിയാസ് ഗ്രേലിങ്ങിനെ ക്രിസ്റ്റിനായുടെ അഭ്യര്‍ഥന മാനിച്ച് എബ്രഹാമിന്റെ കേസു വാദിക്കാന്‍ എബ്രഹാം ഡി ലൂര്‍ എന്ന ജഡ്ജി ഏര്‍പ്പാടാക്കി കൊടുക്കുക. എന്നാല്‍ ഒന്നും പോരാതെ വരുന്നത് എബ്രഹാമിനെ ഒരു ആദിരൂപത്തിന്റെ വിധിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു: മെല്‍വില്ലിന്റെ ബില്ലി (Billy Budd), അരുന്ധതി റോയിയുടെ വെളുത്ത (The God of Small Things),  ഹാര്‍പര്‍ ലീയുടെ ടിം (To Kill a Mockingbird) തുടങ്ങി ഈ ബലിയാടു ജന്മത്തിന് സാഹിത്യത്തില്‍ കൂടെപ്പിറപ്പുകള്‍ ഏറെയുണ്ട്. എങ്കിലും അവരില്‍ നിന്നു വ്യത്യസ്തമായിതന്റെ അന്ത്യം നിശബ്ദം സഹിക്കുന്ന കൂട്ടത്തിലല്ല എബ്രഹാം. പിറക്കാനിരിക്കുന്ന തന്റെ മകന്‍ ഒരര്‍ത്ഥത്തില്‍ തന്റെ പ്രതികാര ചിഹ്നമായിരിക്കും എന്നാണ് അവന്‍ ചിന്തിക്കുന്നത്:

“അത് മറ്റൊരു കറുത്ത തന്തയില്ലാ കുഞ്ഞായിരിക്കും. ബോയറുകള്‍ക്ക് എന്റെ ഉപഹാരം.”

ശുഭാപ്തിയുടെ അന്ത്യം എന്ന ദുരന്തമാണ് ഒരു വേള ക്രിസ്റ്റിനക്കും നേരിടേണ്ടി വരിക:

“മാരിയസ് ഗ്രേലിംഗ് പറഞ്ഞത് ശരിയാണ്. എനിക്ക് എബ്രഹാമിനെ രക്ഷിക്കാനാകില്ല. അവനെ ബലികൊടുക്കാന്‍ തയ്യാറായെ പറ്റൂ. ഗാന്ധിയാണ് എന്നെയിത് പഠിപ്പിച്ചത്. അദ്ദേഹം കസ്തുര്‍ബായിയെ ബലികൊടുത്തുഅവരെ വന്ധ്യയും അശക്തയുമാക്കി. അദ്ദേഹം തന്റെ രേതസ്സ് മറ്റെവിടെയോ കൊണ്ടുപോയിഎന്നിട്ട് സത്യാഗ്രഹത്തിന്റെ പിതാവായി, തീവ്രനിസ്സഹകരണ പോരാളികളുടെ.”

നോവലിനെ വര്‍ണ്ണവിവേചന കാലത്തിന്റെ ഒരു ദുരന്തകഥ എന്നതില്‍ നിന്ന് യൂറിപ്പീഡിയന്‍ മാനങ്ങള്‍ ഉള്ള ഒന്നാക്കി മാറ്റാന്‍ ഫുഗാര്‍ദ് ശ്രമിക്കുന്നുണ്ടെന്നും അത് ക്രിസ്റ്റിനയുടെ പ്രഥമവ്യക്തിക (first-person) ആഖ്യാനത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട് എന്നും ജോര്‍ജ്ജ് കേന്‍സ് നിരീക്ഷിക്കുന്നു (ibid). ബോയര്‍ പൗരന്മാരില്‍ ഓരോരുത്തരുടെതായി സുദീര്‍ഘമായ ചരിത്രാവിഷ്കാരങ്ങള്‍ പോലുള്ള ഭാഗങ്ങളിലൂടെ യഥാതഥമായ അവതരണത്തില്‍ ഇടയ്ക്കിടെ ഇടപെടുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. വര്‍ണ്ണവിവേചനത്തിലൂന്നിയ കൊളോണിയല്‍ സാഹചര്യത്തിന്റെ കെട്ടുപാടുകള്‍, ലളിതമായ ജ്ഞാനോദയ യുക്തികളോടുള്ള വിമുഖത, വെള്ളക്കാരായ വിമോചകരുടെ സംസ്കാരവും രീതികളും ആശയങ്ങളും അംഗീകരിക്കുന്നതില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ സ്വയം പ്രകടിപ്പിക്കുന്ന എതിര്‍പ്പ്പീഡിതരുടെയും വിമോചകരുടെയും സങ്കീര്‍ണ്ണമായ ലൈംഗിക ബന്ധങ്ങളുടെ അന്തര്‍ധാരകള്‍തുടങ്ങിയ സൂക്ഷ്മപാഠങ്ങള്‍ കൂടി നിരീക്ഷിക്കുന്നതിലൂടെയാണ് ഈ വലിയ മാനങ്ങളിലേക്ക് നോവല്‍ വികസിക്കുന്നത്. ഒരു വശത്ത്‌ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ തീര്‍ത്തും വിസ്മൃതമായിരുന്നില്ലാത്തതും മറുവശത്ത്‌ വര്‍ണ്ണവിവേചനം അതിശക്തവുമായിരുന്ന ഇരുപതുകളുടെ സംഘര്‍ഷങ്ങള്‍ വിശാല വീക്ഷണവും പുരോഗമന നിലപാടുകളുമുള്ള ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഏകപക്ഷീയത ഇത്തരം ആഖ്യാനങ്ങളിലൂടെയാണ് നോവലിസ്റ്റ് മറി കടക്കുന്നത്. 

 References:

 George Kearns, Revolutionary Women and Others, The Hudson Review Vol.39, No.1 (Spring, 1986) pp. 121-134

(‘ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : വോള്യം 2, പേജ് : 35-44

ലോഗോസ് ബുക്സ്,) To purchase, contact ph.no:  8086126024

read more:

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം

https://alittlesomethings.blogspot.com/2024/09/1.html

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html

The Cry of Winnie Mandela (2003), Njabulo Ndebele (South Africa)

https://alittlesomethings.blogspot.com/2024/08/the-cry-of-winnie-mandela-2003-njabulo.html

Sunday, December 10, 2017

The Madonna of Excelsior by Zakes Mda

കുരിശേറുന്ന മഡോണമാര്‍

നോവലിസ്റ്റ്, തിയേറ്റര്‍ ആക്റ്റിവിസ്റ്റ്, എച്ച്.ഐ.വി. & എയിഡ്സ് ആക്റ്റിവിസ്റ്റ്, തുടങ്ങിയ ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരം, പാരമ്പര്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന പട്ടണങ്ങളിലൂടെ, ചേരികളിലൂടെയുള്ള യാത്രയില്‍ തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍ വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍ സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിന്‌ മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം, സ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ കലാശിച്ചു. നോവലില്‍, നിരന്തരം ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവും, മിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

 

വംശവെറിയുടെ സദാചാര നിയമം 

“ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത്‌ ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our mothers all these things flow)” എന്ന തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’ എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്‌. സംഭവത്തിന്റെ ഔദ്യോഗിക ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍ പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെ, അഥവാ സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെ, പ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.

1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം – Immorality Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി. സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ് സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍ ‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’ ‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്; പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമന, തങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ് വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ് അവര്‍ വളര്‍ന്നത്‌. “വയലുകളില്‍, തുറസ്സുകളില്‍, തെരുവുകകളുടെ കൈവഴികളില്‍, കൃഷി ഫാമുകളില്‍, സ്വന്തം വീടിന്റെ അടുക്കളകളിലും; അവര്‍ക്കായി ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’ രക്തത്തില്‍ 71% സങ്കരം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി.

രാജ്യത്തെ ഏറ്റവും നീണ്ടതും വിവാദ പരവുമായിത്തീര്‍ന്ന എക്സല്‍സ്യോര്‍ വിചാരണയില്‍ രാഷ്ട്രീയ പ്രമുഖരടക്കം വെളുത്ത വര്‍ഗ്ഗക്കാരായ ഏഴു പുരുഷന്മാരും പതിനാലു കറുത്ത വര്ഗ്ഗക്കാരികളായ സ്ത്രീകളും സദാചാര നിയമപ്രകാരം വിചാരണ നേരിട്ടു. ആണുങ്ങളില്‍ ഒരാള്‍ കേസിന്റെ പ്രഥമ ഹിയറിങ്ങില്‍ തന്നെ ഒഴിവാക്കപ്പെട്ടപ്പോള്‍ പട്ടണത്തിലെ കശാപ്പുകാരനായ മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. മൂന്നാമതൊരാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയപ്പോള്‍ ദേശവാസികള്‍ മുഴുവന്‍ ഒറ്റപ്പെടുത്തിയതിന്റെ ദുരിതം എല്ലാവരും പേറേണ്ടി വന്നു. എന്നാല്‍ പ്രമാദമായ വിചാരണയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ‘അമിതമായ മാധ്യമ ശ്രദ്ധ പ്രോസിക്യൂഷന്‍ സാക്ഷികളെ ഭയപ്പെടുത്തിയത് മൂലം’ കേസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ‘ചെകുത്താന്‍ പെട്ടി’ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം മൂലം ദേശീയ സര്‍ക്കാര്‍ ടെലിവിഷന് ഏര്‍പ്പെടുത്തിയിരുന്ന സെന്‍സര്‍ഷിപ്പു കാരണം ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രേക്ഷകര്‍ തത്സമയം കണ്ട ചൂടന്‍ വിഭവം പത്രറിപ്പോര്‍ട്ടുകളിലൂടെ ഏറെ ആറിത്തണുത്താണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. 

ബ്ലൂംഫോണ്ടെയ്നിലെ ഡോക്റ്റര്‍ തന്റെ കുഞ്ഞിന്റെ രക്തത്തില്‍ കലര്‍പ്പുണ്ടെന്നു കണ്ടെത്തുമ്പോള്‍ നികി അത്ഭുതപ്പെടുന്നു: “എന്തിന്റെ കലര്‍പ്പ്? അതെല്ലാം ചുവപ്പു തന്നെയല്ലേ?” കുഞ്ഞിന്റെ ചെമ്പന്‍ തലമുടി മൊട്ടയടിച്ചും ചാണക വിറകിന്റെ തീകായിച്ചു കുഞ്ഞിനെ കറുപ്പിച്ചെടുക്കാന്‍ വൃഥാ ശ്രമം നടത്തിയും താന്‍ പെട്ടുപോകുന്ന അവസ്ഥ മറി കടക്കാന്‍ നികി ശ്രമിക്കുന്നത് എന്നെന്നേക്കുമുള്ള പോള്ളിയടര്‍ന്ന പാടുകള്‍ നല്‍കുന്നുണ്ട് പോപിക്ക്. സാഹചര്യത്തെ നേരിടാന്‍ ധൈര്യമില്ലാതെ ഭാര്യയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ചൂളിപ്പോയി ആത്മഹത്യ ചെയ്യുന്ന സ്റ്റെഫാനസ് ക്രോന്യേ സൂര്യകാന്തിപ്പാടത്തു വെച്ചും മാഡം കോര്‍നേലിയ വീട്ടില്‍ ഇല്ലാതിരുന്ന സമയം അവരുടെ പതുപതുത്ത വിരിപ്പില്‍ വെച്ചും കറുത്ത ആഫ്രിക്കയുടെ ‘മരുഭൂ മധ്യത്തിലെ അപൂര്‍വ്വ പുഷ്പ’മായ നികിയുമായി ‘കാര്യങ്ങള്‍ ചെയ്ത’തിന്‍റെ ഉല്‍പ്പന്നമാണ് പോപി. കേസിനാസ്പ്പദമായ കാമപ്പേക്കൂത്തിന്റെ ഒരസാധാരണ രാവില്‍ ഇണകളെ വെച്ചുമാറി രസിച്ച കൂട്ടാളികള്‍ക്കിടയില്‍ ആര്‍ക്കും പങ്കിടാതെ നികിയോടുള്ള പ്രത്യേക താല്‍പര്യം ലോലമനസ്കനായ ക്രോന്യേ തെളിയിക്കുന്നുണ്ട്. സംഭവം പുറത്താവുകയും കൂട്ടത്തിലുള്ള എംമാംപൊ ലദീമോ എന്ന സ്ത്രീ മാപ്പുസാക്ഷി ആവുകയും ചെയ്യുമ്പോള്‍ കുറ്റാരോപിതരായ പുരുഷന്മാര്‍ ‘സ്വയം നിരപരാധികളെങ്കിലും’ മാനുഷിക പരിഗണനയില്‍ സ്ത്രീകളെ ജാമ്യത്തിലെടുക്കുമ്പോള്‍ കൈക്കുഞ്ഞുമായി നികി ജയിലിലടക്കപ്പെടുന്നത് അതിനോടകം ക്രോന്യേ സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നത് കൊണ്ടാണ്. പ്രിട്ടോറിയയില്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചും, ആഫ്രിക്കാനര്‍ പുരുഷന്മാരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന കറുത്ത വര്‍ഗ്ഗക്കാരികളായ വശീകരണക്കാരികളോടുള്ള പകയായും ഉപജാപങ്ങളില്‍ ഇടം നേടുന്ന സംഭവം വിചാരണ നടത്തുന്ന ആഫ്രിക്കാനര്‍ ജഡ്ജിമാര്‍ക്ക് ‘വേദനാജനകമായ ഉദ്ധാരണം’ നല്‍കുന്നതിനെ കുറിച്ചും നോവലില്‍ പരിഹാസ പരാമര്‍ശമുണ്ട്. എന്നാല്‍, ആത്യന്തികമായി ഇരു വര്‍ഗ്ഗക്കാരെയും അകറ്റി നിര്‍ത്താന്‍ വേണ്ടി ഒരുക്കപ്പെട്ട ‘സൗത്ത് ആഫ്രിക്കന്‍ വംശീയ നിയമങ്ങളുടെ നെടുന്തൂണ്‍’ ആയ സദാചാര നിയമം തികച്ചും കാപട്യവും അപ്രാവര്‍ത്തികവും തികഞ്ഞ പൊള്ളത്തരവുമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു എക്സല്‍സ്യോര്‍ വിചാരണ.

 

ജീര്‍ണ്ണത പുതുകാലത്തിലേക്കും

 

പതിനാലു കൊല്ലങ്ങള്‍ക്ക് ശേഷം വെറുക്കപ്പെട്ട കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍ ‘അപ്പാര്‍ത്തീഡിന്റെ ഘടനാ വൈരുധ്യങ്ങളും ഹിംസാത്മകതയും (structural violence and violations)’ അതില്‍ നിന്ന് പ്രതിഫലിക്കുന്നതായി പോപിക്ക് തോന്നുന്നു. തന്റെ അസ്ഥിത്വം ഒരു വിഭാഗത്തിലും പെടുന്നില്ലെന്ന വേദന അവളുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു:

“കണ്ണാടി.. അവള്‍ എന്തായിരുന്നോ അതായിത്തന്നെ വെളിക്കു കാണിച്ചു. ഒരു ബോസ്മന്‍ പെണ്‍കുട്ടി. ഒരു ഹോട്ട്നോട്ട് പെണ്‍കുട്ടി... നീയൊരു ബുഷ്‌മന്‍. അതുമല്ലെങ്കില്‍, നിന്റെ അയല്‍ക്കാരന്‍ വിനയം കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു കളേഡ് ഗേള്‍. അവള്‍ തന്റെ ജീവിതത്തിനിടയില്‍ കുറെയേറെ കണ്ണാടികള്‍ പൊട്ടിച്ചു കളഞ്ഞിട്ടുണ്ടായിരുന്നു. ഒരു കണ്ണാടി സ്വകാര്യത ഭേദിക്കുന്ന ഒരിടപെടലാണ്. അയാളുടെ മുഖത്തെ വേദനയില്‍ ചുഴിഞ്ഞു നോക്കുന്നത്. എങ്കിലും അവള്‍ തന്റെ മുഖത്തെ വരകളിലേക്ക് പ്രഭാതത്തിലും ഉച്ചക്കും രാത്രിയിലും കണ്ണു നട്ടു. എല്ലാ ദിവസവും. അവള്‍ പ്രാര്‍ഥിച്ചു, തന്റെ മുഖത്തെ വരകള്‍ യോജിച്ചു ചേര്‍ന്നിരുന്നെങ്കില്‍, അപ്പോള്‍ മഹാലാത് സ്വെറ്റ്സയിലെ മറ്റു കുട്ടികളെ പോലിരുന്നേനെ അവളും.”

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റ് ആയി വളരുന്ന ജ്യേഷ്ഠന്‍ വലികിയില്‍ നിന്ന് വ്യത്യസ്തമായി അത്തരം കാര്യങ്ങളില്‍ വിമുഖയായ പോപി ഉറച്ച പോരാളിയായിത്തീരുന്നത് പോലീസില്‍ നിന്ന് അകാരണമായി ഏല്‍ക്കേണ്ടി വരുന്ന കൊടിയ പീഡനത്തെ തുടര്‍ന്നാണ്‌. വലികിയും പോപിയും പ്രതിനിധാനം ചെയ്യുന്ന രണ്ടാം പാതിയിലാണ് വര്‍ത്തമാന സൌത്ത് ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകള്‍ സൂചിതമാകുന്നത്. ആദ്യാനുഭവമായി ഹെയറി ബട്ടക്സ് എന്ന പരിഹാസപ്പേരുള്ള വെള്ളക്കാരന്‍ കര്‍ഷകന്‍ യോഹാനാസ് സ്മിറ്റിന്റെ ബലാല്‍ക്കാരം നേരിടേണ്ടി വന്ന ശേഷമാണ് പുലേയുമായുള്ള നികിയുടെ വിവാഹവും വലികിയുടെ പിറവിയും. സ്വര്‍ണ്ണ ഖനിത്തൊഴിലാളിയായ പുലെ തൊഴിലിടത്തേക്ക് പോകുമ്പോള്‍ അനിവാര്യമായത് സംഭവിക്കുന്നത്‌ പോലെയാണ് കാര്യങ്ങള്‍ പോപിയുടെ പിറവിയില്‍ എത്തുന്നതും കേസും വിചാരണയും പിന്നീടുള്ള ദുരിത ജീവിതവും. ഇതിനോടകം മാറി മറിഞ്ഞ അധികാര സമവാക്യങ്ങളില്‍ മണ്ടേലാ സര്‍ക്കാരിന്റെ പിറവിയും തുടര്‍ന്ന് പ്രാദേശിക കൌണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളും സംഭവിക്കുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായി വലികിയും പോപിയും കൌണ്‍സിലര്‍മാരാവുന്നു. വലികി ചെയര്‍മാന്‍ ആവുന്നതോടെ അധികാരത്തിന്റെ പ്രലോഭനങ്ങള്‍ അയാളുടെ ആദര്‍ശ പരതയെ ബാധിക്കുന്നത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത പോപിയുമായുള്ള അകല്‍ച്ചയിലേക്ക് നയിക്കുന്നു. പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയവും ഒറ്റുകാര്‍ ആയിരുന്നവര്‍ നേതൃത്വത്തില്‍ എത്തുന്നതും പോപിയെ പോലുള്ളവര്‍ തഴയപ്പെടുന്നതും സമാന്തരമായി സംഭവിക്കുന്ന വിപര്യയങ്ങളാണ്. പൊതു ഗാര്‍ഹിക പദ്ധതികള്‍ തങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വലികി ഉള്‍പ്പടെ കൌണ്‍സിലര്‍മാര്‍ ഒന്നിലേറെ വീടുകള്‍ നേടിയെടുക്കുമ്പോള്‍, പോപിയുടെ സ്വന്തം വീടെന്ന സ്വപ്നം തന്റെ തുച്ഛമായ അലവന്‍സ് അനുവദിക്കുന്ന തറപ്പണിക്കപ്പുറം പോകുന്നതേയില്ല. പോപിയുടെ അര്‍ദ്ധ സഹോദരനും തികഞ്ഞ ആഫ്രിക്കാനര്‍ പക്ഷപാതിയുമായ ടിജാര്‍റ്റ് ക്രോന്യേ പിതൃ രക്തത്തിന്റെ ചിഹ്നമായ പോപിയുടെ കാലുകളിലെ രോമവളര്‍ച്ച ചൂണ്ടിക്കാട്ടി അവളെ തേജോവധം ചെയ്യുന്നത്, ഇരു വിഭാഗങ്ങളും അകറ്റി നിര്‍ത്തുന്ന സങ്കര സന്തതികളുടെ അവസ്ഥ സൂചിപ്പിക്കുന്നു: അപ്പാര്‍ത്തീഡ് കാലത്ത് അവര്‍ വേണ്ടത്ര വെളുത്തവര്‍ ആയിരുന്നില്ല; പിന്നീട് വേണ്ടത്ര കറുത്തവരും. പോപി തന്റെ കൌണ്‍സിലര്‍ പദവിക്കാലത്ത് സ്ഥാപിച്ചെടുത്ത പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളില്‍ അഭയം കണ്ടെത്തുമ്പോള്‍, പഴയ ‘എക്സല്‍സ്യോര്‍ 19’-ലെ മറ്റൊരു ‘മഡോണ’യുടെ മകളായ ‘പാട്ടുവില്‍പ്പനക്കാരി’യുടെ ഉടലിലാണ് വലികി പ്രവാസയിടം കണ്ടെത്തുന്നത്. കൌണ്‍സിലിലേക്ക് നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ സഹായമില്ലാതെ മത്സരിച്ച് വൃത്തിയായി തോല്‍ക്കുന്ന വലികി തികച്ചും വിസ്മൃതനാകുന്നു. പോപി മമ്മയോടോത്തുള്ള ജീവിതമെന്ന സാന്ത്വനത്തിലേക്ക് സ്വയം ചുരുങ്ങുന്നു. ഇതൊക്കെ സംഭവിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം ആശ്വാസമുണ്ട്: ‘എന്റെ മക്കളെയും അവര്‍ തട്ടിയെടുത്തു’ എന്ന് ഇപ്പോഴും പരാതി പറയുമായിരുന്ന നികിക്ക്.

 

മഡോണയും പതിതയും

 

മണ്ടേലാ ഭരണം ആറു വര്‍ഷം പിന്നിട്ട 2000-മാണ്ടില്‍ സാകെസ് എംദാ തന്റെ പെണ്‍മക്കളോടൊപ്പം ബെല്‍ജിയന്‍ ചിത്രകാരനായ ഫാദര്‍ ഫ്രാന്‍സ് ക്ലേറൂട്ടിനെ സന്ദ്രശിച്ചതിനെ കുറിച്ചുള്ള പരാമര്‍ശമാണ് നോവലിന്റെ സമര്‍പ്പണം. തന്റെ സൃഷ്ടികളെ കുറിച്ചുള്ള ഒരു പുസ്തകം നോവലിസ്റ്റിനു സമ്മാനിക്കും മുമ്പ് അദ്ദേഹം അതിന്റെ കവറിന്റെ ഉള്‍പ്പേജില്‍ വരച്ചു ചേര്‍ക്കുന്ന പക്ഷിക്കാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ ക്ലേറൂറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ‘ദി ട്രിനിറ്റി’ എന്ന് മാത്രം വിശേഷിപ്പിക്കുന്ന ‘വ്യക്തി, പാതിരി, കലാകാരന്‍’ രചിച്ച ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധ്യായങ്ങളുടെ ആരംഭത്തില്‍ കടന്നു വന്നുണ്ട്. നികിയും പോപിയും വ്യത്യസ്ത ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മഡോണ സിരീസില്‍ മോഡലുകള്‍ ആയിട്ടുണ്ട്‌. നോവലിന്റെ പ്രമേയത്തില്‍ കേന്ദ്ര സ്ഥാനീയമായ ‘വിശുദ്ധ കന്യക – വേശ്യ’ സങ്കല്പ്പനത്തില്‍ (Madonna- Whore Complex) ഈ സൂചനകള്‍ കണ്ണി ചേരുന്നു. ആഫ്രിക്കാനര്‍ സമൂഹത്തില്‍ നില നിന്ന ലൈംഗിക കാപട്യത്തില്‍ സ്ത്രീയെ സംബന്ധിച്ച ആദര്‍ശ വല്‍ക്കരണത്തിന്റെ മറുവശം, തങ്ങളുടെ ലൈംഗിക കാമനകള്‍ക്ക് കുറ്റബോധമില്ലാതെ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ വംശീയമായിത്തന്നെ ‘പതിതകള്‍’ ആയ കറുത്ത പെണ്ണുടലുകള്‍ വേട്ടയാടുക എന്നതായിത്തീര്‍ന്നു. ഇതുമൂലം ആദിപാപത്തിലും വിശുദ്ധ മാതാവ്/ കന്യകാ മാതാവ് സങ്കല്‍പ്പത്തിലും ചുറ്റിക്കറങ്ങിയ അടിച്ചമര്‍ത്തപ്പെട്ട പുരുഷ കാമനകള്‍ (suppressed sexuality) രണ്ടു രീതിയിലും പൂര്‍ത്തീകരിക്കപ്പെട്ടു: പതിതയുമായി ചേര്‍ത്തു വെക്കപ്പെടുന്ന ‘പ്രലോഭക’ഭാവം വെള്ളക്കാരനായ പുരുഷനെ സ്വാഭാവികമായും ന്യായീകരിക്കാനുള്ള വംശീയ മുന്‍വിധിയോടു ഒത്തുപോയി. ഒപ്പം കടപ്പാടുകാളോ ബാധ്യതകളോ ഇല്ലാതെ യഥേഷ്ടം വേട്ടയാടാനുള്ള മേച്ചില്‍ പുറങ്ങളായി കറുത്ത പെണ്ണുടലുകള്‍ സുലഭമായിരുന്നത് കൊണ്ട് തങ്ങളുടെ ഭാര്യമാരെയോ സ്ത്രീകളെയോ അവരുടെ ‘വിശുദ്ധ’ ഭാവങ്ങളില്‍ (Madonna figure) നിലനിര്‍ത്തി ‘സംരക്ഷിക്കുന്നത്’ പുരുഷ കാമനക്ക് ശാരീരികമായും വെല്ലുവിളി അല്ലാതായി. നോവലില്‍ ഉടനീളം കാണാവുന്നതെങ്കിലും ക്രോന്യേ – മാഡം കോര്‍നേലിയ – നികി ത്രികോണത്തിന്റെ ദുരന്തം ഈ സങ്കീര്‍ണ്ണതകളെ ഏറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് എന്നു കാണാം. എക്സല്‍സ്യോര്‍ 19-ലെ മറ്റു സ്ത്രീകളും ‘നീല മഡോണമാര്‍’ ആയി ട്രിനിറ്റിയുടെ ചിത്രങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്, പുറം ചട്ടയിലെ അമ്മയും കുഞ്ഞുമായി (Madonna and the Child) ആയി നികിയും പോപിയും ഏറ്റവും സാര്‍ത്ഥകമായ ഒരു പ്രതിനിധാനമാണ്.

കലയുടെ സത്യവും സാക്ഷ്യവും

ട്രിനിറ്റിയുടെ മഡോണ ചിത്രങ്ങള്‍ കലയുടെ ‘കഥാര്‍ടിക്’ ലക്ഷ്യവുമായി ബന്ധപ്പെട്ട ചിന്തകളും ആവിഷ്കരിക്കുന്നുണ്ട്. “ബ്രൌണ്‍ നിറമുള്ള, വലിയ മുലകലുള്ള മഡോണമാര്‍, വെള്ളപ്പൂക്കള്‍ വിരിച്ച കട്ടിലില്‍ കിടക്കുന്ന നഗ്നയായ മഡോണ, കണ്ണുകള്‍ അടച്ച്, ചുണ്ടുകള്‍ കോട്ടി, മദാലസമായി തുടകള്‍ അകറ്റി വെച്ച് മഴയേറ്റു വാങ്ങാന്‍ പാകത്തില്‍ കിടക്കുന്ന മഡോണ” - പോപിയും നികിയും ശരിക്കും ഉടലില്‍ ഉള്ളപോലെയല്ല അത്. യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കാന്‍/ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ട്ടിസ്റ്റിനു എന്തവകാശം എന്ന് പോപി അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ എക്സല്‍സ്യോര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്ന് യൂറോപ്യന്‍ ആര്‍ടിനെ സംബന്ധിച്ച തടിയന്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവള്‍ക്ക് ബോധ്യമാകുന്നു: യഥാതഥമായ അവതരണം എന്നതിലേറെ കല ലക്ഷ്യമാക്കുന്നത് ബഹുരൂപിയായ അനുഭവ/അനുഭൂതി ആവിഷ്ക്കാര സാധ്യതയാണ്. എഴുപതുകളിലെ അപ്പാര്‍ത്തീഡ് കറുപ്പ്/വെളുപ്പു സൌത്ത് ആഫ്രിക്കന്‍ ദ്വന്ദ്വത്തെ വ്യത്യസ്ത സങ്കരങ്ങളിലേക്കും സാധ്യതകളിലേക്കും തുറന്നിടുകയാണ്, അങ്ങനെ പൊളിച്ചെഴുതുകയാണ് ഈ ചിത്രങ്ങള്‍. യഥാതഥമായി ആവിഷ്ക്കരിച്ച സൃഷ്ടികള്‍ വൈകാരികമായി വന്ധ്യമായിരുന്നു എന്നവള്‍ കണ്ടെത്തുന്നു. ചിത്രങ്ങളില്‍ ചിലതിന്റെ ‘അര്‍ഥം’ അവള്‍ക്കു പിടികിട്ടിയില്ലെങ്കിലും അവയുടെ ധ്വനികള്‍ അവളെ മുഗ്ദയാക്കുന്നു.

   “എന്താണ് അവയൊക്കെ അര്‍ത്ഥമാക്കിയത്!...അതിന്റെ പിടിവിടാത്ത സ്വഭാവം ആസ്വദിക്കാനായി എന്നത് മതിയാവില്ലേ ...അതിന് എന്തെങ്കിലും ‘അര്‍ത്ഥ’മുണ്ടാവണം എന്നെന്താണ് നിര്‍ബന്ധം? അത് ധ്വനിപ്പിക്കുന്നു എന്നത് പോരേ?”

ആത്യന്തികമായി ഈ അനുഭവങ്ങള്‍ അവളെ വിമലീകരിക്കുന്നു

“വീട്ടിലേക്കുള്ള ടാക്സിയില്‍ ക്ഷീണാവസ്ഥ ഒരു വലിയ ഉന്മാദാവസ്ഥക്ക് വഴിമാറി.  ഇനിയൊരിക്കലും അവളില്‍ കോപത്തിനോ വെറുപ്പിനോ സ്ഥാനമില്ല. എന്നാലും തന്‍റെ ഹൃദയമെന്ന് നിനച്ചിടത്ത് ഒരു ശൂന്യത നിലനിന്നു. രോഷം നശിച്ചു പോയിരുന്നു, പകരം ഒരു ശൂന്യത നിലനിന്നു.”

    എങ്ങനെയാണ് അവളീ ശൂന്യത നിറക്കുക?”

 

കറുത്ത തേനും തേനീച്ചക്കാരിയും

 

    നികിയുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. പ്യൂലെ വിട്ടുപോകുന്നതിനുശേഷം രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സ്വയം എറ്റെടുക്കുന്ന നികിടിജാര്‍ട്ട് ക്രോന്യയുടെ നാനിയായി ക്രോന്യേ കുടുംബത്തില്‍ വേണ്ടപ്പെട്ടവളാകുന്നു. ഖനിത്തൊഴില്‍ സ്വാഭാവികമായി നല്‍കുന്ന ശ്വാസകോശരോഗം മൂര്‍ച്ചിച്ച ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്യൂലെയുടെ അന്ത്യനാളുകളില്‍ അവള്‍ കൂട്ടുണ്ട്, ‘പുതുതായി ഉയിര്‍ത്ത ക്രിസ്ത്യാനി’യായി നികിക്ക് മാപ്പുകൊടുത്തു അയാള്‍ തന്‍റെ വിധിയിലേക്ക് പോകുന്നു. വലികിയും പോപിയും യൌവനയുക്തരാവുകയും നാടിന്‍റെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമാവുകയും ചെയ്യുമ്പോള്‍ അമ്പതോടടുക്കുന്നേയുള്ളുവെങ്കിലും ഏതാണ്ടൊരു വയോധികഭാവത്തോടെ നികി ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് പിന്‍വാങ്ങുന്നു. പട്ടണത്തിലെ കൗണ്‍സില്‍ ഹാളിനു വെളിയില്‍ കൂടുകൂട്ടുന്ന വന്‍തേനീച്ചക്കൂട്, സമര്‍ത്ഥമായി അതിലെ റാണിയെ പിടികൂടി സ്വന്തം വീട്ടുവളപ്പില്‍ കൂടുവെച്ചു താമസിപ്പിക്കുന്നതോടെ അവള്‍ ‘തേനീച്ചസ്ത്രീ’ (The Bee Woman) എന്നറിയപ്പെട്ടു തുടങ്ങുന്നു. എന്നാല്‍, കേവലമായ ഒരു ജീവന/ജീവിത രീതി എന്നതിലപ്പുറം ഈ സംജ്ഞ നോവലില്‍ പ്രധാനമാണ്.

Immorality Act  അതിന്‍റെ പ്രവര്‍ത്തന ക്ഷമമല്ലായ്കയിലൂടെ സൃഷ്ട്ടിച്ച ശൂന്യത മറികടക്കേണ്ടതെങ്ങനെ എന്ന പാഠമാണ് തേനീച്ചകളുടെ സങ്കരജീവിതം നികിക്ക് പകര്‍ന്നുനല്‍കുന്നത്. ‘സുവര്‍ണ്ണകാലു’കള്‍ ഉള്ള തേനീച്ചറാണി ‘കറുത്ത തേന്‍’ ഒളിപ്പിച്ചുവെച്ച ആ പഴയ ‘മരുഭൂമധ്യത്തിലെ അപൂര്‍വ പുഷ്പത്തെ’ ഓര്‍മ്മിക്കുന്നുണ്ട്.  തേനീച്ച വളര്‍ത്തല്‍ ഒരു വ്യാപാരമാക്കാന്‍ അവള്‍ക്കു താല്‍പ്പര്യമില്ല. ജീവിതത്തിന്‍റെ പൊയ്പ്പോയ പ്രശാന്തത തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ് അവള്‍ക്കത്. അമ്മയെ പിന്തുടരുന്ന മകള്‍ക്കും തേനീച്ചകള്‍ ഗുരുപ്രസാദമാകുന്നു. രോഗശയ്യയില്‍ വെച്ച് ടിജാര്‍റ്റ് ക്രോന്യേ അവളോട്‌ മാപ്പ് പറയുകയും സാഹോദര്യം അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം അവളൊരു സുന്ദരിയാണെന്ന് അവളെ ആദ്യമായി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി കൈവന്ന ആത്മവിശ്വാസം കണ്ണാടികളോടുള്ള പ്രണയമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ ആത്മരതി അതിരുകവിയുന്നതിന്‍റെ അപകടം നികി അവളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കിലും തന്‍റെ കാലുകളിലെ രോമവളര്‍ച്ച നീക്കം ചെയ്യാന്‍ ടിജാര്‍റ്റ് നല്‍കിയ ക്രീം അവള്‍ ഉപയോഗിക്കില്ല. പുസ്തകത്തിന്‍റെ സമര്‍പ്പണത്തിലെ സുവര്‍ണ്ണ പക്ഷിയില്‍നിന്നു സുവര്‍ണ്ണ റാണിയീച്ചയിലേക്ക്, കറുത്ത തേനില്‍നിന്നു സുവര്‍ണ്ണ തേനിലേക്ക്, നികി പൊള്ളിച്ചു കറുപ്പിച്ച തൊലിയിലെ മുറിവുകളില്‍നിന്നു ഇനി വടിച്ചുകളയുന്നില്ലാത്ത സുവര്‍ണ്ണ മുടിയിലേക്ക് ഉള്ള വസ്തുനിഷ്ഠ അതിരുകള്‍ മാഞ്ഞുപോകുന്ന, കൊളോണിയല്‍ ഉടല്‍ വര്‍ണ്ണ നിയമങ്ങളുടെ അപ്രമാദിത്തം മാഞ്ഞുപോകുന്ന അപാര്‍തീഡ് അനന്തര പരിണാമങ്ങളാണ് നികി-പോപി ജീവിതചിത്രങ്ങള്‍ സ്ഫുടം ചെയ്തെടുക്കുന്നത്‌. വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത് എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന് മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

(എതിര്‍ദിശ , നവംബര്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 - To purchase, contact ph.no:  8086126024)


Read more:

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html