Featured Post

Showing posts with label Zakes Mda. Show all posts
Showing posts with label Zakes Mda. Show all posts

Sunday, December 10, 2017

The Madonna of Excelsior by Zakes Mda

കുരിശേറുന്ന മഡോണമാര്‍

നോവലിസ്റ്റ്, തിയേറ്റര്‍ ആക്റ്റിവിസ്റ്റ്, എച്ച്.ഐ.വി. & എയിഡ്സ് ആക്റ്റിവിസ്റ്റ്, തുടങ്ങിയ ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരം, പാരമ്പര്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന പട്ടണങ്ങളിലൂടെ, ചേരികളിലൂടെയുള്ള യാത്രയില്‍ തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍ വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍ സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിന്‌ മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം, സ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ കലാശിച്ചു. നോവലില്‍, നിരന്തരം ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവും, മിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

 

വംശവെറിയുടെ സദാചാര നിയമം 

“ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത്‌ ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our mothers all these things flow)” എന്ന തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’ എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്‌. സംഭവത്തിന്റെ ഔദ്യോഗിക ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍ പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെ, അഥവാ സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെ, പ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.

1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം – Immorality Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി. സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ് സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍ ‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’ ‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്; പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമന, തങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ് വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ് അവര്‍ വളര്‍ന്നത്‌. “വയലുകളില്‍, തുറസ്സുകളില്‍, തെരുവുകകളുടെ കൈവഴികളില്‍, കൃഷി ഫാമുകളില്‍, സ്വന്തം വീടിന്റെ അടുക്കളകളിലും; അവര്‍ക്കായി ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’ രക്തത്തില്‍ 71% സങ്കരം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി.

രാജ്യത്തെ ഏറ്റവും നീണ്ടതും വിവാദ പരവുമായിത്തീര്‍ന്ന എക്സല്‍സ്യോര്‍ വിചാരണയില്‍ രാഷ്ട്രീയ പ്രമുഖരടക്കം വെളുത്ത വര്‍ഗ്ഗക്കാരായ ഏഴു പുരുഷന്മാരും പതിനാലു കറുത്ത വര്ഗ്ഗക്കാരികളായ സ്ത്രീകളും സദാചാര നിയമപ്രകാരം വിചാരണ നേരിട്ടു. ആണുങ്ങളില്‍ ഒരാള്‍ കേസിന്റെ പ്രഥമ ഹിയറിങ്ങില്‍ തന്നെ ഒഴിവാക്കപ്പെട്ടപ്പോള്‍ പട്ടണത്തിലെ കശാപ്പുകാരനായ മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. മൂന്നാമതൊരാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയപ്പോള്‍ ദേശവാസികള്‍ മുഴുവന്‍ ഒറ്റപ്പെടുത്തിയതിന്റെ ദുരിതം എല്ലാവരും പേറേണ്ടി വന്നു. എന്നാല്‍ പ്രമാദമായ വിചാരണയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ‘അമിതമായ മാധ്യമ ശ്രദ്ധ പ്രോസിക്യൂഷന്‍ സാക്ഷികളെ ഭയപ്പെടുത്തിയത് മൂലം’ കേസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ‘ചെകുത്താന്‍ പെട്ടി’ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം മൂലം ദേശീയ സര്‍ക്കാര്‍ ടെലിവിഷന് ഏര്‍പ്പെടുത്തിയിരുന്ന സെന്‍സര്‍ഷിപ്പു കാരണം ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രേക്ഷകര്‍ തത്സമയം കണ്ട ചൂടന്‍ വിഭവം പത്രറിപ്പോര്‍ട്ടുകളിലൂടെ ഏറെ ആറിത്തണുത്താണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. 

ബ്ലൂംഫോണ്ടെയ്നിലെ ഡോക്റ്റര്‍ തന്റെ കുഞ്ഞിന്റെ രക്തത്തില്‍ കലര്‍പ്പുണ്ടെന്നു കണ്ടെത്തുമ്പോള്‍ നികി അത്ഭുതപ്പെടുന്നു: “എന്തിന്റെ കലര്‍പ്പ്? അതെല്ലാം ചുവപ്പു തന്നെയല്ലേ?” കുഞ്ഞിന്റെ ചെമ്പന്‍ തലമുടി മൊട്ടയടിച്ചും ചാണക വിറകിന്റെ തീകായിച്ചു കുഞ്ഞിനെ കറുപ്പിച്ചെടുക്കാന്‍ വൃഥാ ശ്രമം നടത്തിയും താന്‍ പെട്ടുപോകുന്ന അവസ്ഥ മറി കടക്കാന്‍ നികി ശ്രമിക്കുന്നത് എന്നെന്നേക്കുമുള്ള പോള്ളിയടര്‍ന്ന പാടുകള്‍ നല്‍കുന്നുണ്ട് പോപിക്ക്. സാഹചര്യത്തെ നേരിടാന്‍ ധൈര്യമില്ലാതെ ഭാര്യയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ചൂളിപ്പോയി ആത്മഹത്യ ചെയ്യുന്ന സ്റ്റെഫാനസ് ക്രോന്യേ സൂര്യകാന്തിപ്പാടത്തു വെച്ചും മാഡം കോര്‍നേലിയ വീട്ടില്‍ ഇല്ലാതിരുന്ന സമയം അവരുടെ പതുപതുത്ത വിരിപ്പില്‍ വെച്ചും കറുത്ത ആഫ്രിക്കയുടെ ‘മരുഭൂ മധ്യത്തിലെ അപൂര്‍വ്വ പുഷ്പ’മായ നികിയുമായി ‘കാര്യങ്ങള്‍ ചെയ്ത’തിന്‍റെ ഉല്‍പ്പന്നമാണ് പോപി. കേസിനാസ്പ്പദമായ കാമപ്പേക്കൂത്തിന്റെ ഒരസാധാരണ രാവില്‍ ഇണകളെ വെച്ചുമാറി രസിച്ച കൂട്ടാളികള്‍ക്കിടയില്‍ ആര്‍ക്കും പങ്കിടാതെ നികിയോടുള്ള പ്രത്യേക താല്‍പര്യം ലോലമനസ്കനായ ക്രോന്യേ തെളിയിക്കുന്നുണ്ട്. സംഭവം പുറത്താവുകയും കൂട്ടത്തിലുള്ള എംമാംപൊ ലദീമോ എന്ന സ്ത്രീ മാപ്പുസാക്ഷി ആവുകയും ചെയ്യുമ്പോള്‍ കുറ്റാരോപിതരായ പുരുഷന്മാര്‍ ‘സ്വയം നിരപരാധികളെങ്കിലും’ മാനുഷിക പരിഗണനയില്‍ സ്ത്രീകളെ ജാമ്യത്തിലെടുക്കുമ്പോള്‍ കൈക്കുഞ്ഞുമായി നികി ജയിലിലടക്കപ്പെടുന്നത് അതിനോടകം ക്രോന്യേ സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നത് കൊണ്ടാണ്. പ്രിട്ടോറിയയില്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചും, ആഫ്രിക്കാനര്‍ പുരുഷന്മാരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന കറുത്ത വര്‍ഗ്ഗക്കാരികളായ വശീകരണക്കാരികളോടുള്ള പകയായും ഉപജാപങ്ങളില്‍ ഇടം നേടുന്ന സംഭവം വിചാരണ നടത്തുന്ന ആഫ്രിക്കാനര്‍ ജഡ്ജിമാര്‍ക്ക് ‘വേദനാജനകമായ ഉദ്ധാരണം’ നല്‍കുന്നതിനെ കുറിച്ചും നോവലില്‍ പരിഹാസ പരാമര്‍ശമുണ്ട്. എന്നാല്‍, ആത്യന്തികമായി ഇരു വര്‍ഗ്ഗക്കാരെയും അകറ്റി നിര്‍ത്താന്‍ വേണ്ടി ഒരുക്കപ്പെട്ട ‘സൗത്ത് ആഫ്രിക്കന്‍ വംശീയ നിയമങ്ങളുടെ നെടുന്തൂണ്‍’ ആയ സദാചാര നിയമം തികച്ചും കാപട്യവും അപ്രാവര്‍ത്തികവും തികഞ്ഞ പൊള്ളത്തരവുമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു എക്സല്‍സ്യോര്‍ വിചാരണ.

 

ജീര്‍ണ്ണത പുതുകാലത്തിലേക്കും

 

പതിനാലു കൊല്ലങ്ങള്‍ക്ക് ശേഷം വെറുക്കപ്പെട്ട കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍ ‘അപ്പാര്‍ത്തീഡിന്റെ ഘടനാ വൈരുധ്യങ്ങളും ഹിംസാത്മകതയും (structural violence and violations)’ അതില്‍ നിന്ന് പ്രതിഫലിക്കുന്നതായി പോപിക്ക് തോന്നുന്നു. തന്റെ അസ്ഥിത്വം ഒരു വിഭാഗത്തിലും പെടുന്നില്ലെന്ന വേദന അവളുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു:

“കണ്ണാടി.. അവള്‍ എന്തായിരുന്നോ അതായിത്തന്നെ വെളിക്കു കാണിച്ചു. ഒരു ബോസ്മന്‍ പെണ്‍കുട്ടി. ഒരു ഹോട്ട്നോട്ട് പെണ്‍കുട്ടി... നീയൊരു ബുഷ്‌മന്‍. അതുമല്ലെങ്കില്‍, നിന്റെ അയല്‍ക്കാരന്‍ വിനയം കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു കളേഡ് ഗേള്‍. അവള്‍ തന്റെ ജീവിതത്തിനിടയില്‍ കുറെയേറെ കണ്ണാടികള്‍ പൊട്ടിച്ചു കളഞ്ഞിട്ടുണ്ടായിരുന്നു. ഒരു കണ്ണാടി സ്വകാര്യത ഭേദിക്കുന്ന ഒരിടപെടലാണ്. അയാളുടെ മുഖത്തെ വേദനയില്‍ ചുഴിഞ്ഞു നോക്കുന്നത്. എങ്കിലും അവള്‍ തന്റെ മുഖത്തെ വരകളിലേക്ക് പ്രഭാതത്തിലും ഉച്ചക്കും രാത്രിയിലും കണ്ണു നട്ടു. എല്ലാ ദിവസവും. അവള്‍ പ്രാര്‍ഥിച്ചു, തന്റെ മുഖത്തെ വരകള്‍ യോജിച്ചു ചേര്‍ന്നിരുന്നെങ്കില്‍, അപ്പോള്‍ മഹാലാത് സ്വെറ്റ്സയിലെ മറ്റു കുട്ടികളെ പോലിരുന്നേനെ അവളും.”

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റ് ആയി വളരുന്ന ജ്യേഷ്ഠന്‍ വലികിയില്‍ നിന്ന് വ്യത്യസ്തമായി അത്തരം കാര്യങ്ങളില്‍ വിമുഖയായ പോപി ഉറച്ച പോരാളിയായിത്തീരുന്നത് പോലീസില്‍ നിന്ന് അകാരണമായി ഏല്‍ക്കേണ്ടി വരുന്ന കൊടിയ പീഡനത്തെ തുടര്‍ന്നാണ്‌. വലികിയും പോപിയും പ്രതിനിധാനം ചെയ്യുന്ന രണ്ടാം പാതിയിലാണ് വര്‍ത്തമാന സൌത്ത് ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകള്‍ സൂചിതമാകുന്നത്. ആദ്യാനുഭവമായി ഹെയറി ബട്ടക്സ് എന്ന പരിഹാസപ്പേരുള്ള വെള്ളക്കാരന്‍ കര്‍ഷകന്‍ യോഹാനാസ് സ്മിറ്റിന്റെ ബലാല്‍ക്കാരം നേരിടേണ്ടി വന്ന ശേഷമാണ് പുലേയുമായുള്ള നികിയുടെ വിവാഹവും വലികിയുടെ പിറവിയും. സ്വര്‍ണ്ണ ഖനിത്തൊഴിലാളിയായ പുലെ തൊഴിലിടത്തേക്ക് പോകുമ്പോള്‍ അനിവാര്യമായത് സംഭവിക്കുന്നത്‌ പോലെയാണ് കാര്യങ്ങള്‍ പോപിയുടെ പിറവിയില്‍ എത്തുന്നതും കേസും വിചാരണയും പിന്നീടുള്ള ദുരിത ജീവിതവും. ഇതിനോടകം മാറി മറിഞ്ഞ അധികാര സമവാക്യങ്ങളില്‍ മണ്ടേലാ സര്‍ക്കാരിന്റെ പിറവിയും തുടര്‍ന്ന് പ്രാദേശിക കൌണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളും സംഭവിക്കുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായി വലികിയും പോപിയും കൌണ്‍സിലര്‍മാരാവുന്നു. വലികി ചെയര്‍മാന്‍ ആവുന്നതോടെ അധികാരത്തിന്റെ പ്രലോഭനങ്ങള്‍ അയാളുടെ ആദര്‍ശ പരതയെ ബാധിക്കുന്നത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത പോപിയുമായുള്ള അകല്‍ച്ചയിലേക്ക് നയിക്കുന്നു. പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയവും ഒറ്റുകാര്‍ ആയിരുന്നവര്‍ നേതൃത്വത്തില്‍ എത്തുന്നതും പോപിയെ പോലുള്ളവര്‍ തഴയപ്പെടുന്നതും സമാന്തരമായി സംഭവിക്കുന്ന വിപര്യയങ്ങളാണ്. പൊതു ഗാര്‍ഹിക പദ്ധതികള്‍ തങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വലികി ഉള്‍പ്പടെ കൌണ്‍സിലര്‍മാര്‍ ഒന്നിലേറെ വീടുകള്‍ നേടിയെടുക്കുമ്പോള്‍, പോപിയുടെ സ്വന്തം വീടെന്ന സ്വപ്നം തന്റെ തുച്ഛമായ അലവന്‍സ് അനുവദിക്കുന്ന തറപ്പണിക്കപ്പുറം പോകുന്നതേയില്ല. പോപിയുടെ അര്‍ദ്ധ സഹോദരനും തികഞ്ഞ ആഫ്രിക്കാനര്‍ പക്ഷപാതിയുമായ ടിജാര്‍റ്റ് ക്രോന്യേ പിതൃ രക്തത്തിന്റെ ചിഹ്നമായ പോപിയുടെ കാലുകളിലെ രോമവളര്‍ച്ച ചൂണ്ടിക്കാട്ടി അവളെ തേജോവധം ചെയ്യുന്നത്, ഇരു വിഭാഗങ്ങളും അകറ്റി നിര്‍ത്തുന്ന സങ്കര സന്തതികളുടെ അവസ്ഥ സൂചിപ്പിക്കുന്നു: അപ്പാര്‍ത്തീഡ് കാലത്ത് അവര്‍ വേണ്ടത്ര വെളുത്തവര്‍ ആയിരുന്നില്ല; പിന്നീട് വേണ്ടത്ര കറുത്തവരും. പോപി തന്റെ കൌണ്‍സിലര്‍ പദവിക്കാലത്ത് സ്ഥാപിച്ചെടുത്ത പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളില്‍ അഭയം കണ്ടെത്തുമ്പോള്‍, പഴയ ‘എക്സല്‍സ്യോര്‍ 19’-ലെ മറ്റൊരു ‘മഡോണ’യുടെ മകളായ ‘പാട്ടുവില്‍പ്പനക്കാരി’യുടെ ഉടലിലാണ് വലികി പ്രവാസയിടം കണ്ടെത്തുന്നത്. കൌണ്‍സിലിലേക്ക് നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ സഹായമില്ലാതെ മത്സരിച്ച് വൃത്തിയായി തോല്‍ക്കുന്ന വലികി തികച്ചും വിസ്മൃതനാകുന്നു. പോപി മമ്മയോടോത്തുള്ള ജീവിതമെന്ന സാന്ത്വനത്തിലേക്ക് സ്വയം ചുരുങ്ങുന്നു. ഇതൊക്കെ സംഭവിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം ആശ്വാസമുണ്ട്: ‘എന്റെ മക്കളെയും അവര്‍ തട്ടിയെടുത്തു’ എന്ന് ഇപ്പോഴും പരാതി പറയുമായിരുന്ന നികിക്ക്.

 

മഡോണയും പതിതയും

 

മണ്ടേലാ ഭരണം ആറു വര്‍ഷം പിന്നിട്ട 2000-മാണ്ടില്‍ സാകെസ് എംദാ തന്റെ പെണ്‍മക്കളോടൊപ്പം ബെല്‍ജിയന്‍ ചിത്രകാരനായ ഫാദര്‍ ഫ്രാന്‍സ് ക്ലേറൂട്ടിനെ സന്ദ്രശിച്ചതിനെ കുറിച്ചുള്ള പരാമര്‍ശമാണ് നോവലിന്റെ സമര്‍പ്പണം. തന്റെ സൃഷ്ടികളെ കുറിച്ചുള്ള ഒരു പുസ്തകം നോവലിസ്റ്റിനു സമ്മാനിക്കും മുമ്പ് അദ്ദേഹം അതിന്റെ കവറിന്റെ ഉള്‍പ്പേജില്‍ വരച്ചു ചേര്‍ക്കുന്ന പക്ഷിക്കാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ ക്ലേറൂറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ‘ദി ട്രിനിറ്റി’ എന്ന് മാത്രം വിശേഷിപ്പിക്കുന്ന ‘വ്യക്തി, പാതിരി, കലാകാരന്‍’ രചിച്ച ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധ്യായങ്ങളുടെ ആരംഭത്തില്‍ കടന്നു വന്നുണ്ട്. നികിയും പോപിയും വ്യത്യസ്ത ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മഡോണ സിരീസില്‍ മോഡലുകള്‍ ആയിട്ടുണ്ട്‌. നോവലിന്റെ പ്രമേയത്തില്‍ കേന്ദ്ര സ്ഥാനീയമായ ‘വിശുദ്ധ കന്യക – വേശ്യ’ സങ്കല്പ്പനത്തില്‍ (Madonna- Whore Complex) ഈ സൂചനകള്‍ കണ്ണി ചേരുന്നു. ആഫ്രിക്കാനര്‍ സമൂഹത്തില്‍ നില നിന്ന ലൈംഗിക കാപട്യത്തില്‍ സ്ത്രീയെ സംബന്ധിച്ച ആദര്‍ശ വല്‍ക്കരണത്തിന്റെ മറുവശം, തങ്ങളുടെ ലൈംഗിക കാമനകള്‍ക്ക് കുറ്റബോധമില്ലാതെ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ വംശീയമായിത്തന്നെ ‘പതിതകള്‍’ ആയ കറുത്ത പെണ്ണുടലുകള്‍ വേട്ടയാടുക എന്നതായിത്തീര്‍ന്നു. ഇതുമൂലം ആദിപാപത്തിലും വിശുദ്ധ മാതാവ്/ കന്യകാ മാതാവ് സങ്കല്‍പ്പത്തിലും ചുറ്റിക്കറങ്ങിയ അടിച്ചമര്‍ത്തപ്പെട്ട പുരുഷ കാമനകള്‍ (suppressed sexuality) രണ്ടു രീതിയിലും പൂര്‍ത്തീകരിക്കപ്പെട്ടു: പതിതയുമായി ചേര്‍ത്തു വെക്കപ്പെടുന്ന ‘പ്രലോഭക’ഭാവം വെള്ളക്കാരനായ പുരുഷനെ സ്വാഭാവികമായും ന്യായീകരിക്കാനുള്ള വംശീയ മുന്‍വിധിയോടു ഒത്തുപോയി. ഒപ്പം കടപ്പാടുകാളോ ബാധ്യതകളോ ഇല്ലാതെ യഥേഷ്ടം വേട്ടയാടാനുള്ള മേച്ചില്‍ പുറങ്ങളായി കറുത്ത പെണ്ണുടലുകള്‍ സുലഭമായിരുന്നത് കൊണ്ട് തങ്ങളുടെ ഭാര്യമാരെയോ സ്ത്രീകളെയോ അവരുടെ ‘വിശുദ്ധ’ ഭാവങ്ങളില്‍ (Madonna figure) നിലനിര്‍ത്തി ‘സംരക്ഷിക്കുന്നത്’ പുരുഷ കാമനക്ക് ശാരീരികമായും വെല്ലുവിളി അല്ലാതായി. നോവലില്‍ ഉടനീളം കാണാവുന്നതെങ്കിലും ക്രോന്യേ – മാഡം കോര്‍നേലിയ – നികി ത്രികോണത്തിന്റെ ദുരന്തം ഈ സങ്കീര്‍ണ്ണതകളെ ഏറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് എന്നു കാണാം. എക്സല്‍സ്യോര്‍ 19-ലെ മറ്റു സ്ത്രീകളും ‘നീല മഡോണമാര്‍’ ആയി ട്രിനിറ്റിയുടെ ചിത്രങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്, പുറം ചട്ടയിലെ അമ്മയും കുഞ്ഞുമായി (Madonna and the Child) ആയി നികിയും പോപിയും ഏറ്റവും സാര്‍ത്ഥകമായ ഒരു പ്രതിനിധാനമാണ്.

കലയുടെ സത്യവും സാക്ഷ്യവും

ട്രിനിറ്റിയുടെ മഡോണ ചിത്രങ്ങള്‍ കലയുടെ ‘കഥാര്‍ടിക്’ ലക്ഷ്യവുമായി ബന്ധപ്പെട്ട ചിന്തകളും ആവിഷ്കരിക്കുന്നുണ്ട്. “ബ്രൌണ്‍ നിറമുള്ള, വലിയ മുലകലുള്ള മഡോണമാര്‍, വെള്ളപ്പൂക്കള്‍ വിരിച്ച കട്ടിലില്‍ കിടക്കുന്ന നഗ്നയായ മഡോണ, കണ്ണുകള്‍ അടച്ച്, ചുണ്ടുകള്‍ കോട്ടി, മദാലസമായി തുടകള്‍ അകറ്റി വെച്ച് മഴയേറ്റു വാങ്ങാന്‍ പാകത്തില്‍ കിടക്കുന്ന മഡോണ” - പോപിയും നികിയും ശരിക്കും ഉടലില്‍ ഉള്ളപോലെയല്ല അത്. യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കാന്‍/ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ട്ടിസ്റ്റിനു എന്തവകാശം എന്ന് പോപി അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ എക്സല്‍സ്യോര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്ന് യൂറോപ്യന്‍ ആര്‍ടിനെ സംബന്ധിച്ച തടിയന്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവള്‍ക്ക് ബോധ്യമാകുന്നു: യഥാതഥമായ അവതരണം എന്നതിലേറെ കല ലക്ഷ്യമാക്കുന്നത് ബഹുരൂപിയായ അനുഭവ/അനുഭൂതി ആവിഷ്ക്കാര സാധ്യതയാണ്. എഴുപതുകളിലെ അപ്പാര്‍ത്തീഡ് കറുപ്പ്/വെളുപ്പു സൌത്ത് ആഫ്രിക്കന്‍ ദ്വന്ദ്വത്തെ വ്യത്യസ്ത സങ്കരങ്ങളിലേക്കും സാധ്യതകളിലേക്കും തുറന്നിടുകയാണ്, അങ്ങനെ പൊളിച്ചെഴുതുകയാണ് ഈ ചിത്രങ്ങള്‍. യഥാതഥമായി ആവിഷ്ക്കരിച്ച സൃഷ്ടികള്‍ വൈകാരികമായി വന്ധ്യമായിരുന്നു എന്നവള്‍ കണ്ടെത്തുന്നു. ചിത്രങ്ങളില്‍ ചിലതിന്റെ ‘അര്‍ഥം’ അവള്‍ക്കു പിടികിട്ടിയില്ലെങ്കിലും അവയുടെ ധ്വനികള്‍ അവളെ മുഗ്ദയാക്കുന്നു.

   “എന്താണ് അവയൊക്കെ അര്‍ത്ഥമാക്കിയത്!...അതിന്റെ പിടിവിടാത്ത സ്വഭാവം ആസ്വദിക്കാനായി എന്നത് മതിയാവില്ലേ ...അതിന് എന്തെങ്കിലും ‘അര്‍ത്ഥ’മുണ്ടാവണം എന്നെന്താണ് നിര്‍ബന്ധം? അത് ധ്വനിപ്പിക്കുന്നു എന്നത് പോരേ?”

ആത്യന്തികമായി ഈ അനുഭവങ്ങള്‍ അവളെ വിമലീകരിക്കുന്നു

“വീട്ടിലേക്കുള്ള ടാക്സിയില്‍ ക്ഷീണാവസ്ഥ ഒരു വലിയ ഉന്മാദാവസ്ഥക്ക് വഴിമാറി.  ഇനിയൊരിക്കലും അവളില്‍ കോപത്തിനോ വെറുപ്പിനോ സ്ഥാനമില്ല. എന്നാലും തന്‍റെ ഹൃദയമെന്ന് നിനച്ചിടത്ത് ഒരു ശൂന്യത നിലനിന്നു. രോഷം നശിച്ചു പോയിരുന്നു, പകരം ഒരു ശൂന്യത നിലനിന്നു.”

    എങ്ങനെയാണ് അവളീ ശൂന്യത നിറക്കുക?”

 

കറുത്ത തേനും തേനീച്ചക്കാരിയും

 

    നികിയുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. പ്യൂലെ വിട്ടുപോകുന്നതിനുശേഷം രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സ്വയം എറ്റെടുക്കുന്ന നികിടിജാര്‍ട്ട് ക്രോന്യയുടെ നാനിയായി ക്രോന്യേ കുടുംബത്തില്‍ വേണ്ടപ്പെട്ടവളാകുന്നു. ഖനിത്തൊഴില്‍ സ്വാഭാവികമായി നല്‍കുന്ന ശ്വാസകോശരോഗം മൂര്‍ച്ചിച്ച ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്യൂലെയുടെ അന്ത്യനാളുകളില്‍ അവള്‍ കൂട്ടുണ്ട്, ‘പുതുതായി ഉയിര്‍ത്ത ക്രിസ്ത്യാനി’യായി നികിക്ക് മാപ്പുകൊടുത്തു അയാള്‍ തന്‍റെ വിധിയിലേക്ക് പോകുന്നു. വലികിയും പോപിയും യൌവനയുക്തരാവുകയും നാടിന്‍റെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമാവുകയും ചെയ്യുമ്പോള്‍ അമ്പതോടടുക്കുന്നേയുള്ളുവെങ്കിലും ഏതാണ്ടൊരു വയോധികഭാവത്തോടെ നികി ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് പിന്‍വാങ്ങുന്നു. പട്ടണത്തിലെ കൗണ്‍സില്‍ ഹാളിനു വെളിയില്‍ കൂടുകൂട്ടുന്ന വന്‍തേനീച്ചക്കൂട്, സമര്‍ത്ഥമായി അതിലെ റാണിയെ പിടികൂടി സ്വന്തം വീട്ടുവളപ്പില്‍ കൂടുവെച്ചു താമസിപ്പിക്കുന്നതോടെ അവള്‍ ‘തേനീച്ചസ്ത്രീ’ (The Bee Woman) എന്നറിയപ്പെട്ടു തുടങ്ങുന്നു. എന്നാല്‍, കേവലമായ ഒരു ജീവന/ജീവിത രീതി എന്നതിലപ്പുറം ഈ സംജ്ഞ നോവലില്‍ പ്രധാനമാണ്.

Immorality Act  അതിന്‍റെ പ്രവര്‍ത്തന ക്ഷമമല്ലായ്കയിലൂടെ സൃഷ്ട്ടിച്ച ശൂന്യത മറികടക്കേണ്ടതെങ്ങനെ എന്ന പാഠമാണ് തേനീച്ചകളുടെ സങ്കരജീവിതം നികിക്ക് പകര്‍ന്നുനല്‍കുന്നത്. ‘സുവര്‍ണ്ണകാലു’കള്‍ ഉള്ള തേനീച്ചറാണി ‘കറുത്ത തേന്‍’ ഒളിപ്പിച്ചുവെച്ച ആ പഴയ ‘മരുഭൂമധ്യത്തിലെ അപൂര്‍വ പുഷ്പത്തെ’ ഓര്‍മ്മിക്കുന്നുണ്ട്.  തേനീച്ച വളര്‍ത്തല്‍ ഒരു വ്യാപാരമാക്കാന്‍ അവള്‍ക്കു താല്‍പ്പര്യമില്ല. ജീവിതത്തിന്‍റെ പൊയ്പ്പോയ പ്രശാന്തത തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ് അവള്‍ക്കത്. അമ്മയെ പിന്തുടരുന്ന മകള്‍ക്കും തേനീച്ചകള്‍ ഗുരുപ്രസാദമാകുന്നു. രോഗശയ്യയില്‍ വെച്ച് ടിജാര്‍റ്റ് ക്രോന്യേ അവളോട്‌ മാപ്പ് പറയുകയും സാഹോദര്യം അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം അവളൊരു സുന്ദരിയാണെന്ന് അവളെ ആദ്യമായി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി കൈവന്ന ആത്മവിശ്വാസം കണ്ണാടികളോടുള്ള പ്രണയമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ ആത്മരതി അതിരുകവിയുന്നതിന്‍റെ അപകടം നികി അവളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കിലും തന്‍റെ കാലുകളിലെ രോമവളര്‍ച്ച നീക്കം ചെയ്യാന്‍ ടിജാര്‍റ്റ് നല്‍കിയ ക്രീം അവള്‍ ഉപയോഗിക്കില്ല. പുസ്തകത്തിന്‍റെ സമര്‍പ്പണത്തിലെ സുവര്‍ണ്ണ പക്ഷിയില്‍നിന്നു സുവര്‍ണ്ണ റാണിയീച്ചയിലേക്ക്, കറുത്ത തേനില്‍നിന്നു സുവര്‍ണ്ണ തേനിലേക്ക്, നികി പൊള്ളിച്ചു കറുപ്പിച്ച തൊലിയിലെ മുറിവുകളില്‍നിന്നു ഇനി വടിച്ചുകളയുന്നില്ലാത്ത സുവര്‍ണ്ണ മുടിയിലേക്ക് ഉള്ള വസ്തുനിഷ്ഠ അതിരുകള്‍ മാഞ്ഞുപോകുന്ന, കൊളോണിയല്‍ ഉടല്‍ വര്‍ണ്ണ നിയമങ്ങളുടെ അപ്രമാദിത്തം മാഞ്ഞുപോകുന്ന അപാര്‍തീഡ് അനന്തര പരിണാമങ്ങളാണ് നികി-പോപി ജീവിതചിത്രങ്ങള്‍ സ്ഫുടം ചെയ്തെടുക്കുന്നത്‌. വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത് എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന് മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

(എതിര്‍ദിശ , നവംബര്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 - To purchase, contact ph.no:  8086126024)


Read more:

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html


 

Wednesday, August 9, 2017

Ways of Dying by Zakes Mda

വഴികള്‍ ഒടുങ്ങുമിടം




സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരുകളില്‍ ഒന്നാണ് കവിയും നോവലിസ്റ്റും നാടക കൃത്തുമായ സാകെസ് എംദായുടേത്. ഒട്ടേറെ ലോകഭാഷകളിലെക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ വര്‍ണ്ണ വിവേചന കാലഘട്ടത്തിലും അതിനു ശേഷവുമുള്ള സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ പരിതോവസ്ഥകളെ തീക്ഷണമായി ആവിഷ്കരിക്കുന്നു. വേയ്സ് ഓഫ് ഡൈയിംഗ് എന്ന അദ്ദേഹത്തിന്റെ പ്രഥമനോവല്‍ വിഖ്യാതമായ എം-നെറ്റ് പുരസ്കാരം നേടുകയും സി. എന്‍. എ & നോര്‍മ അവാര്‍ഡിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു.

 

മരണവും വിലാപവും ജീവിതമാവുമ്പോള്‍

1990-നും 1994-നും ഇടക്ക്നെല്‍സണ്‍ മണ്ടേലയുടെ ജയില്‍ മോചനത്തിനും കറുത്ത വര്‍ഗ്ഗക്കാരുടെ അധികാരാവരോഹണത്തിനും ഇടക്കുള്ള അപ്പാര്‍ത്തീഡിന്റെ അന്ത്യ നാളുകളിലെ തുടല്‍ പൊട്ടിക്കുന്ന ഹിംസാത്മകതയുടെ കാലമാണ് നോവലിന്റെ പശ്ചാത്തലം. അധികാരം നഷ്ടപ്പെടുന്നതിനെതിരെ വെകിളി പിടിച്ച വെളുത്തവര്‍ഗ്ഗക്കാരിലെ തീവ്രവാദികള്‍രാഷ്ട്രീയ മേധാവിത്തത്തിനു ശ്രമിക്കുന്ന ഗോത്രവിഭാഗങ്ങള്‍ഒരു വശത്ത്‌ അനുരജ്ഞനത്തിന് ശ്രമിക്കുന്നതായി ഭാവിക്കുമ്പോഴും ഒരു നിയന്ത്രണത്തിനും വിധേയരാകാതെ കുരുതികളില്‍ ഏര്‍പ്പെട്ട അപ്പാര്‍ത്തീഡ് ഭരണകൂടം എന്നിവയെല്ലാം ചേര്‍ന്ന് ലോക സമൂഹത്തെ വിറങ്ങലിപ്പിച്ചു നിര്‍ത്തിയ ഹിംസയുടെ നാളുകള്‍. ഭൂരിപക്ഷമെങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ ഭരണം കയ്യാളാന്‍ വേണ്ട ഐക്യ ബോധമുള്ളവര്‍ അല്ല എന്ന പ്രതീതി സൃഷ്ടിക്കേണ്ടത്‌ അധികാരം നഷ്ടപ്പെടാന്‍ പോവുന്ന വിഭാഗത്തിന്റെ ആവശ്യമായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരിലെ ദാരിദ്ര്യത്തെ കൂടുതല്‍ തീക്ഷ്ണമാക്കുകയും ഒപ്പം അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികള്‍ ബുള്‍ഡോസ് ചെയ്യുകയും ചെയ്തു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ അധികാരി വര്‍ഗ്ഗം ശ്രമിച്ചു വന്നപ്പോള്‍ പണിമുടക്കിലൂടെയും തൊഴില്‍ സമരങ്ങളിലൂടെയും തിരിച്ചടിക്കാന്‍ കറുത്ത വര്‍ഗ്ഗക്കാരും ശ്രമിച്ചുഅതവരുടെ അന്നം മുട്ടിക്കുന്നതായിരുന്നെങ്കിലും. ഈ പശ്ചാത്തലത്തിലാണ് സാകെസ് എംദതൊലോകിയെന്ന മരണ വിലാപക്കാരന്‍റെയും അയാളുമായി ഇഴകോര്‍ക്കുന്ന നോറിയയുടെയും അവരിലൂടെ ദേശത്തിന്റെയും കഥ പറയുന്നത്.

ഒരു ക്രിസ്മസ്സിനും പുതു വര്‍ഷത്തിനും ഇടയിലുള്ള ദിനങ്ങളിലായാണ് കഥയുടെ കാലം. തൊലോകിയുടെയും ബാല്യകാല സുഹൃത്ത് നോറിയയുടെയും ജീവിതങ്ങളില്‍ ഈ ദിനങ്ങള്‍ നിര്‍ണ്ണായകമാകുക അവരുടെ ഭൂതകാലവുമായി സമരസപ്പെടാനും പരസ്പരം കണ്ടെത്തുന്നതിലൂടെ ജീവിതത്തിനു പുതിയൊരു സാധ്യത/ സാധുത കണ്ടെത്താനും ഇരുവര്‍ക്കും കഴിയുന്നു എന്ന നിലയിലാണ്. “മരണം എല്ലാ ദിവസവും നമ്മോടൊപ്പം ജീവിക്കുന്നു. സത്യമായും മരിക്കാന്‍ നമുക്കുള്ള വഴികള്‍ തന്നെയാണ് നമുക്ക് ജീവിക്കാനുള്ള വഴികള്‍അല്ലെങ്കില്‍നമ്മുടെ ജീവിച്ചിരിക്കാനുള്ള വഴികള്‍ തന്നെയാണ് മരിക്കാനുള്ള വഴികളും എന്ന് ഞാന്‍ പറയണോ?” എന്ന് തങ്ങള്‍ ഇരയായിരിക്കുന്ന സാഹചര്യങ്ങളെ തൊലോക്കി നിര്‍വ്വചിക്കുന്നു. മരണം എല്ലായിടത്തും ചൂഴ്ന്നു നില്‍ക്കുന്ന ദേശത്തു അയാള്‍ തെരഞ്ഞെടുക്കുന്ന തൊഴിലും അതാണ്‌: ഒരു മരണ വിലാപക്കാരന്‍ (professional mourner). അങ്ങനെയൊന്ന് നാട്ടില്‍ ആദ്യമാണ് താനും. ആ തീരുമാനത്തിലേക്ക് അയാള്‍ എത്തിച്ചേര്‍ന്ന സാഹചര്യങ്ങള്‍ അയാളുടെ ഭൂതകാലത്തിന്റെ ആകത്തുകയാണ്: വെറുക്കപ്പെട്ടവിരൂപ ബാല്യംപിതാവിന്റെ ക്രൂര പീഠനത്തില്‍ നിന്നുള്ള ഒളിച്ചോട്ടംസഹായം തേടിച്ചെന്നയിടത്തു നിന്ന് ലഭിക്കുന്ന അവഗണനശവപ്പെട്ടി നിര്‍മ്മാണവും വിപണനവും മോഷണവും മികച്ച ലാഭമുണ്ടാക്കുന്ന വ്യാപാരമായി കണ്‍ മുന്നില്‍ കാണുന്നത്എല്ലാം അയാള്‍ക്ക് തിരിച്ചറിവുണ്ടാക്കുന്നു. ‘അതൊക്കെക്കൊണ്ട് മരണം ലാഭകരമായിരുന്നു.” എന്നാല്‍ ആരുമായും മത്സരിച്ചു ജയിക്കാന്‍ കഴിയാത്തഅര്‍ഹതയില്ലാത്ത ഒരു കപ്പു ചായ പോലും സ്വീകരിക്കാന്‍ വയ്യാത്ത തൊലോക്കിക്ക് മത്സരമില്ലാത്ത ഒരു തൊഴിലാണ് വേണ്ടത്. എല്ലാത്തിനുമുപരി അതൊരു നിയോഗമായി അയാള്‍ക്ക് അനുഭവപ്പെടുന്നുമുണ്ട്. “ഞാനൊരു യോഗിയാണ്നോറിയ. ഒരു നിയോഗമുള്ളയാള്‍. ഞാന്‍ മരിച്ചവര്‍ക്കായി വിലപിക്കുന്നുഎനിക്ക് വിലപിക്കുന്നത് നിര്‍ത്താനാവില്ലനോറിയ. മരണം എല്ലാ ദിനവും തുടരുന്നു. മരണം എനിക്ക് ചേര്‍ന്നതാണ്അതെന്റെ ഭാഗമാണ്.”  വൃത്തിഹീനനും തീക്ഷ്ണമായ മരണ ഗന്ധമുള്ളവനുമായ അയാളെ എല്ലാവരും അകലത്തില്‍ മാത്രം നിര്‍ത്തുന്നുനോറിയ അതൊക്കെ മാറ്റിത്തീര്‍ക്കും വരെ. എന്നാല്‍വിലാപവേളകള്‍ക്കായി അയാള്‍ ഉപയോഗിക്കുന്ന വടിവൊത്ത വേഷം അയാള്‍ക്ക്‌ ബഹുമാനം നേടിക്കൊടുക്കുകയും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ അയാളുടെ സാന്നിധ്യം വന്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഒരു ക്രിസ്മസ് ദിനത്തില്‍ അടക്കം ചെയ്യപ്പെടുന്ന നോറിയയുടെ കുഞ്ഞിന്റെ വിലാപവേളയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതിനിടയാക്കുന്നത്. തൊലോകി ഇതിനോടകം ജീവിതത്തിലെ ചില്ലറ വിജയങ്ങളും അതിലേറെ പരാജയങ്ങളും രുചിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ നോറിയയുടെ വിധിയും വ്യത്യസ്തമല്ല. “ഞാന്‍ ചവച്ചരക്കപ്പെട്ടുതൊലോക്കി. ചവച്ചരക്കപ്പെട്ടുഎന്നിട്ട് തുപ്പിക്കളഞ്ഞു.” കുട്ടിക്കാലം മുതല്‍ എല്ലാവരുടെയും ആനന്ദോപാധിയും പ്രണയത്തിന്റെ വഴിയിലും തിരസ്കൃതയും സ്വന്തം കുഞ്ഞിന്റെ അടക്കം രണ്ടായി നടത്തേണ്ടിവന്നവളും എന്ന ദുര്‍വ്വിധിയാണ് അവള്‍ ഏതാനും വാക്കുകളില്‍ ഒതുക്കുന്നത്‌.

 

പാത്ര സൃഷ്ടിയിലെ മാജിക്കല്‍ റിയലിസം

നോറിയയുടെ പാത്ര സൃഷ്ടിയിലാണ് സാകെസ് എംദയുടെ രചനാ കൌശലത്തില്‍ എപ്പോഴും ചേര്‍ത്തു പറയാറുള്ള ആ മാജിക്കല്‍ റിയലിസത്തിന്റെ സ്വാധീനം അറ്റവും വ്യക്തമാകുന്നത്. കുട്ടിക്കാലത്ത് അവളുടെ അഴകുള്ള ചിരിയും പാട്ടുകാരിയുടെ ശബ്ദവും ഏവരെയും ആനന്ദിപ്പിച്ചിരുന്നതില്‍ ഏറ്റവും കൂടുതല്‍ വശംവദനാകുന്നത് തൊലോകിയുടെ പിതാവ് ജ്വാറയാണ്. വിരൂപനായ സ്വന്തം മകനോടുള്ള വെറുപ്പിനും അത് അയാളില്‍ ആക്കം കൂട്ടുകയും അവന്റെ അമ്മ ‘ആ പര്‍വ്വത വാസിനി’ (That Moutain Woman) നോറിയയെ ‘ആ ഒട്ടിപ്പോയ കൊടിച്ചി’ (That stuck up bitch) എന്ന് വെറുക്കാനും അത് കാരണമാകും. ജ്വാറയുടെ ആലയില്‍ അയാളെപ്പോഴും അവളുടെ പാട്ടില്‍ ലയിച്ചിരുന്നു എന്തിനെന്നറിയാതെ അസംഖ്യംകൊച്ചു ലോഹരൂപങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടു. അവള്‍ വരാതാവുന്നതോടെ അയാള്‍ പുറത്തിറങ്ങാതായിതന്റെ ലോഹ രൂപങ്ങളുമായി ആലക്കകത്ത് സ്വയം അടച്ചിട്ട അയാള്‍ കൊല്ലങ്ങള്‍ക്ക് ശേഷം എല്ലും തൊലിയും രണ്ടു തുറിച്ച കണ്ണുകളുമായി കാണപ്പെട്ടു. ഒരു ഉപയോഗവുമില്ലാത്ത ഉപകരണങ്ങള്‍ വില്‍ക്കാനായി ആലയുടെ വാതില്‍ തുറന്നവര്‍ ആ കാഴ്ച കണ്ടു അമ്പരന്നു. അയാളുടെ മേല്‍ വളര്‍ന്നു വന്ന ചിലന്തിവലകള്‍ അയാളെ ചുമരുമായും മച്ചുമായും ബന്ധിച്ചിരുന്നു. അയാളുടെ അടക്കത്തിന് ആരും മരണ ശുശ്രൂഷാ പ്രഭാഷണം നടത്തുന്നില്ല. “ഞങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ക്ക് സാക്ഷികളായി പൂര്‍വ്വികരുടെ കോപം നങ്ങളുടെ മേല്‍ വലിച്ചു വെക്കാനാക്കാവില്ല. അയാള്‍ എങ്ങനെ മരിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.” നോവലന്ത്യത്തില്‍ദുരൂഹമായ ഒരു പ്രായശ്ചിത്തമെന്നോണം ജ്വാറ തൊലോക്കിക്ക് ഒസ്യത്ത് ചെയ്ത ആ കൊച്ചു ലോഹ ശില്‍പ്പങ്ങള്‍ ഒട്ടും താല്‍പര്യമില്ലാതെ അയാള്‍ ഏറ്റു വാങ്ങുമ്പോള്‍ കൂടെ നോറിയയും ഉണ്ട്. എഴുത്ത് വശമുല്ലതായി ആര്‍ക്കും അറിയുമായിരുന്നില്ലാത്ത ജ്വാര ആ ഏകാന്ത വര്‍ഷങ്ങളില്‍ എങ്ങനെയാണ് സ്വന്തം കൈപ്പടയില്‍ മരണപത്രം തയ്യാറാക്കിയത് എന്നതും വ്യാവഹാരികാര്‍ത്ഥത്തില്‍ വിശദീകരിക്കാന്‍ കഴിയില്ല. തനിക്ക് പലവുരു സ്വപ്ന പ്രത്യക്ഷമായ ജ്വാറയുടെ അഭ്യര്‍ത്ഥന മാനിച്ച് എന്നതിലേറെ ആത്മാക്കളുടെ ശാപം ഭയന്നും അയാളുടെ മുന്‍ കാല സുഹൃത്തായിരുന്ന നെഫോലോഹോദ് വെ അവ അവരുടെ ചാളയില്‍ എത്തിക്കുകയായിരുന്നു. അനാഥക്കുട്ടികളുടെ രക്ഷകയായ വയോധിക മദിംബാസയുടെ കുഞ്ഞുങ്ങള്‍ ആ കുഞ്ഞുശില്‍പ്പങ്ങളില്‍ കണ്ടെത്തുന്ന ആനന്ദം തൊലോകിയെ അവരുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്നു, “ആ കുഞ്ഞുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ആനന്ദംഗ്രാമത്തില്‍ എല്ലാവര്‍ക്കും നോറിയ നല്‍കിയിരുന്ന അതേ രീതിയില്‍ ആയിരുന്നു എന്ന് അത്ഭുതത്തോടെ തൊലോക്കി കണ്ടെത്തി.” നോറിയയെ കുഞ്ഞ് ശില്‍പ്പങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി ടെന്നസി വില്ല്യംസിന്റെ ദി ഗ്ലാസ് മെനാഷറിയിലെ ലോറയെയും അവളുടെ കുഞ്ഞ് സ്ഫടിക ശില്‍പ്പങ്ങളെയും ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ അവ അത്രയും പേലവമായ സ്ഫടികമല്ലമറിച്ചു ഉറപ്പുള്ള ലോഹമാണ്. ലോറയെ പോലെ സ്വപ്നത്തിന്റെ തകര്‍ച്ചയല്ല നോറിയയെ അടയാളപ്പെടുത്തുന്നത്. അവള്‍ ഒരു പോരാളിയാണ്ജീവിതത്തോടു തന്നെ. പലവുരു ഉപേക്ഷിക്കപ്പെട്ടവള്‍രണ്ടുതവണയായി ഒരു കുഞ്ഞിനെ മുപ്പതു മാസം ഗര്‍ഭത്തില്‍ ചുമന്നവള്‍ അവന്റെ രണ്ടു മരണം കണ്ടവള്‍- ഒന്നിനും കൊള്ളാത്ത ഭര്‍ത്താവിന്റെ അവഗണനയില്‍ വിശന്നു മരിച്ച കുഞ്ഞായിഅഞ്ചാംവയസ്സില്‍ സ്വാതന്ത്ര്യ സമര ഗറില്ലയായി സ്വന്തം സംഘാംഗങ്ങള്‍ ചൂട്ടുകൊന്നവനായി. “ആദ്യതവണ ഞാനവനെ പതിനഞ്ചു മാസം ഗര്‍ഭം ധരിച്ചുഅത് ഏതൊരു സ്ത്രീക്കും ഒരു കുട്ടിയെ ചുമക്കാനുള്ള സുദീര്‍ഘമായ ഒരു കാലമാണ്. അവന്‍ ജനിച്ചുനാപു അവനെ നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുത്തു. വീണ്ടും ഞാനവനെ പതിനഞ്ചു മാസം ചുമന്നുരണ്ടാം തവണ യംഗ് ടൈഗേഴ്സ് കൊള്ളിവെച്ചു അവനെ കൊന്നു.” രണ്ടാം തവണ ആ ഗര്‍ഭം തന്നെയും അസാധാരണമാണ്. വൂതയുടെ ആദ്യമരണം അവളെ തീര്‍ത്തും എകാകിനിയും പുരുഷ സമ്പര്‍ക്കങ്ങള്‍ ഇല്ലാത്തവളും ആക്കിയിരുന്നു. ഏതാണ്ടൊരു ജന്മാന്തര നിശ്ചയം പോലെ തോലോകിയെ വീണ്ടും കണ്ടെത്തുമ്പോഴാവട്ടെഇരുവരും ലൈംഗികതക്കപ്പുറമുള്ള ഒന്നായി അവരുടെ പരസ്പരാകര്‍ഷണം വളരുന്നുമുണ്ട്. വൂതയുടെ മരണത്തെ കുറിച്ച് അറിയുന്നതോടെ നഷ്ടമാകുന്ന നോറിയയുടെ ആ വശ്യ സുന്ദരമായി ചിരിക്കാനും ആളുകളെ ആനന്ദിപ്പിക്കാനുമുള്ള കഴിവ്- (ലോകത്തിന്റെ ക്രൂരത അവളുടെ ജീവിതാസക്തി പകരുന്ന ചിരിയെ മാത്രമല്ലമാനുഷികമായ ശാരീരിക കാമാനകളെ കൂടിയാണ് കൊന്നു കളഞ്ഞത്) -തൊലോകിയുമായുള്ള പുന സമാഗമാത്തോടെ തിരിച്ചെത്തുന്നതായും സൂചനയുണ്ട്. തിരിച്ച്നോരിയയുമായി പുന സമാഗമം സാധ്യമായ ശേഷം അയാളുടെ വരക്കാനുള്ള കഴിവ് തിരികെയെത്തുന്നതിന്റെ സോചനകലുമുണ്ട്. കുടിലിനുള്ളില്‍ നോറിയയുടെ വശ്യസാന്നിധ്യം പ്രലോഭിപ്പിക്കുമ്പോള്‍ അവളുടെ ഭാഗത്തേക്ക് നോക്കാതെ തിരിഞ്ഞു കിടക്കുന്ന തൊലോക്കിക്ക് അവളെ കൈകളില്‍ ഒതുക്കണം എന്നു തോന്നുന്നു. വര്‍ഷങ്ങള്‍ പലരുടെയും ഉപഭോഗവസ്തുവായി പട്ടണത്തില്‍ കഴിഞ്ഞിട്ടും നാട്ടുംപുറത്തിന്റെ രീതികള്‍ കൈമോശം വരാതെഗര്‍ഭസ്ഥ ശിശുവിനെ പോലെ ചുരുണ്ട് കിടക്കുകയാണ് അവള്‍. “പക്ഷെ തീര്‍ച്ചയായും അയാള്‍ക്കത് ചെയ്യാനാവില്ലഅവളുടെ ഉറങ്ങുന്ന രീതിയും അയാള്‍ക്ക് നോക്കാനാവില്ല. അതവളെ ബലാല്‍ക്കാരം ചെയ്യുന്നതിന് തുല്യമാവും. അത് ഒരു ദേവതയോട് അരുതാത്ത കാര്യങ്ങള്‍ ചെയ്യുന്നത് പോലെയാവും.” ഈ ദേവതാ ഭാവം കൊണ്ടുതന്നെയാണ് ഒരു പുരുഷനുമായും സമ്പര്‍ക്കമില്ലാതെയാണ് രണ്ടാം തവണ താന്‍ ഗര്‍ഭിണിയായത് എന്ന അവളുടെ വാക്കുകളില്‍ അയാള്‍ക്ക് അസ്വാഭാവികത തോന്നാത്തത്. “അയാള്‍ ശരിക്കും അവളെ വിശ്വസിച്ചു. നോറിയജ്വാറ പറയാറുണ്ടായിരുന്നത് പോലെദൈവങ്ങളുടെ സന്തതിയാണ്.” എന്നാല്‍അവളെ സ്വപ്നം കണ്ടു ശമനം സംഭവിച്ചതില്‍ അയാളുടെ കുറ്റബോധത്തെ നോറിയ തള്ളിക്കളയുന്നു, “തൊലോക്കിഎന്നെക്കുറിച്ച് സ്വപ്‌നങ്ങള്‍ ഉണ്ടാവുന്നതില്‍ ലജ്ജിക്കരുത്. സ്വപ്‌നങ്ങള്‍ സംഭവിക്കുന്നത്‌ അരുതാത്തതല്ല. അത് സുന്ദരമാണ്. നീയൊരു മനുഷ്യനാനെന്നാണ് അത് കാണിക്കുന്നത്. നമ്മള്‍ രണ്ടാളും മനുഷ്യരാണ്.” തൊലോക്കിയുടെ – ഒരു പക്ഷെ നോവലിലെ മിക്ക പുരുഷ കഥാപാത്രങ്ങളുടെയും – വ്യക്തിത്വ ഭാവം തന്നെയായ സന്ദേഹവും ആത്മവിശ്വാസക്കുറവും നോറിയ തിരുത്തുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. നോറിയയുടെ കുടില്‍ കരുതിയതിലേറെ ഭംഗിയായി നിര്‍മ്മിക്കുന്നതിന് ശേഷം “ഇത്തരമൊരു സൃഷ്ടി നമ്മുടെ കൈകള്‍ കൊണ്ട് സാധ്യമാവും എന്ന് എനിക്കറിയില്ലായിരുന്നു” എന്ന് വിസ്മയിക്കുന്ന തൊലോക്കിയോടു അവള്‍ പറയുന്നു, “എനിക്കറിയാമായിരുന്നുതൊലോക്കി. നീയെപ്പോഴും നിന്റെ കൈകള്‍ കൊണ്ട്സുന്ദരമായ വസ്തുക്കള്‍ സൃഷ്ടിക്കുന്നതില്‍ മികവുള്ളവനായിരുന്നു.” നിര്‍മ്മാണം കഴിഞ്ഞ കുടിലിനകത്തു തറയില്‍ വിരിച്ച തുണിയിലിരുന്നു തലയിണ യുദ്ധം നടത്തുകയുംപുറത്ത് ഇല്ലാത്ത ‘തോട്ടത്തില്‍’ ഒരുമിച്ച് ഉലാത്തുകയും ചെയ്യുന്നതൊട്ടിവെള്ളം കൊണ്ട് നീരാട്ടു നടത്തിവിഭവസമൃദ്ധമായ തീന്മേശയായി നിലത്തിരുന്ന് തുച്ഛമായ ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ സമ്പന്ന രാജ്യങ്ങളിലെ കോമഡി / സോപ്പ് സീരിയല്‍ സാഹചര്യങ്ങളുടെ ഏതാണ്ടൊരു മാജിക്കല്‍ റിയലിസ്റ്റ് പാരഡി ആയി അനുഭവപ്പെടാം. എന്നാല്‍നിറഞ്ഞൊരു സന്തോഷത്തിന്റെ അനുഭവം ഇവിടെ വേറിട്ട്‌ നിര്‍ത്തുന്നുണ്ട് എന്ന് നിരീക്ഷിക്കാം.

 

ഭഗ്ന ലോകങ്ങളിലെ പെണ്‍കരുത്ത്

ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ കടിഞ്ഞാന്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതും അലസവും ഉത്തരവാദിത്ത രഹിതവുമായ ജീവിതം തുടരുന്ന പുരുഷന്മാരേക്കാള്‍ വളരെയേറെ കരുത്തും ജീവിതോന്മുഖതയും പ്രകടിപ്പിക്കുന്നതിലൂടെ സമൂഹ നിര്‍മ്മിതിയില്‍ അവര്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നതും ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ വിശദീകരിക്കുന്നുണ്ട്. ‘മരിക്കുന്നതിനുള്ള വഴികളില്‍’ തൊലോക്കി ഇക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. ‘സൃഷ്ടിയുടെ ആദ്യ നാള്‍ മുതല്‍ ഇതിങ്ങനെത്തന്നെയായിരുന്നു’ എന്നും അയാള്‍ക്ക് തോന്നുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ സ്ത്രീകളുടെ നേതൃത്വപരമായ പങ്കു വ്യക്തമാണെങ്കില്‍ പ്രാദേശികദേശീയ നേതാക്കളെല്ലാം പുരുഷന്മാരാണ് എന്നത് അയാളെ വിസ്മയിപ്പിക്കുന്നുണ്ട്. നോവലില്‍ ഉടനീളം സ്ത്രീകഥാപാത്രങ്ങള്‍ തന്നെയാണ് ജീവിതം പൊരുതി നേടാനുള്ളത് തന്നെയാണ് എന്ന് സമര്‍ഥിക്കുന്നത്. ‘ആ പര്‍വ്വത വാസിനി’ എന്ന് മാത്രം വിളിക്കപ്പെടുന്ന നോറിയയുടെ അമ്മ ആദ്യമേ മനസ്സിലാക്കുന്നുണ്ട് നാപു ഒരു ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന്. പ്രണയത്തിന്റെ കണ്ണു മഞ്ഞളിക്കലില്‍ മകള്‍ അത് മനസ്സിലാക്കാന്‍ ഒരു പാട് വൈകുന്നു എന്നേയുള്ളൂ. നോറിയയെ ഗര്‍ഭിണിയായിരിക്കെപൂര്‍ണ്ണ ഗര്‍ഭത്തിന്റെ ഘട്ടത്തിലും ആഗ്രഹം തോന്നുന്ന ഹെല്‍ത്ത് നെഴ്സിനോട് ബന്ധപ്പെടാന്‍ വിദഗ്ദമായി സാഹചര്യമൊരുക്കാന്‍ അവള്‍ക്ക് മടിയില്ലഅത് തിരിച്ചടിക്കുന്നുണ്ടെങ്കിലും. എന്നാല്‍ ആ ഉടല്‍ പൂര്‍ണ്ണിമ മറ്റൊരാള്‍ക്ക് കിട്ടിയതിലുള്ള അസൂയ മറച്ചുവെച്ച് അതും പറഞ്ഞു അപമാനിക്കാന്‍ വരുന്നവരെയൊക്കെ തന്റെടത്തോടെ നിശ്ശബ്ദരാക്കാന്‍ അവള്‍ക്കൊട്ടും സര്‍ക്കാര്‍ സൈന്യവും ഗോത്ര യുദ്ധപ്രഭുവിന്റെ കൊലയാളികളും വിഷമമില്ല. മരണാസന്നയായി ആശുപത്രിയില്‍ കിടക്കുമ്പോഴും തൊട്ടടുത്ത ദിവസം എണീറ്റു വരുമെന്നും ജീവിതം പിന്നെയും ഉണരുമെന്നും അവര്‍ വിശ്വസിക്കുന്നു. കൊച്ചു പെണ്‍കുട്ടിയുടെ ചിരിയഴകിലും ശബ്ദ മാധുരിയിലും ഭ്രമിച്ച് കുടുംബ നാഥന്റെ ഉത്തരവാദിത്തങ്ങള്‍ മറന്ന ഭര്‍ത്താവിന്റെ സ്ഥാനത്തു തൊലോക്കിയെ വളര്‍ത്തിക്കൊണ്ടുവന്ന അമ്മയും മറ്റൊരു ശക്തമായ സ്ത്രീകഥാപാത്രമാണ്. എന്നെങ്കിലും ജീവിതം പച്ചപിടിക്കുമ്പോള്‍ അമ്മയെ കൂടെ കൊണ്ടുവന്നു താമസിപ്പിക്കണം എന്ന ഏക മോഹത്തില്‍ കഴിയുന്ന മകന് പക്ഷെ അതിനു ഭാഗ്യമുണ്ടാവുന്നില്ല എന്നേയുള്ളൂ. വല്ലാത്തൊരു വിപര്യത്തില്‍ നോവലന്ത്യത്തില്‍ നെഫോലോഹോദ് വെ അവരെ അറിയിക്കുന്നുണ്ട്ഇപ്പോള്‍ നോറിയോയുടെ പിതാവും തൊലോകിയുടെ മാതാവും ഒന്നിച്ചാണ് താമസമെന്നും മക്കള്‍ കാണാന്‍ ചെല്ലാത്ത പരാതിയെ അവര്‍ക്കുള്ളൂ എന്നും. സ്വജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ കരുത്തു കാട്ടുന്ന ഈ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയാണ് യുദ്ധവും ബറ്റാലിയന്‍ 77 എന്ന അന്യദേശത്തു നിന്നുള്ള കൂലിപ്പടയാളികളും ചേര്‍ന്ന് കൂടെക്കൂടെ സൃഷ്ടിക്കുന്ന കുരുതികളില്‍ അനാഥരാകുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തന്റെ ചെറിയ പെന്‍ഷന്‍ വരുമാനം ഉപയോഗിച്ച് ഷെല്‍ട്ടര്‍ നടത്തുന്ന മദിംബാസയെന്ന വയോധികയായ ‘സായം സന്ധ്യകളുടെ മാതാവ് (twilight mama)’. തനിച്ചായ തനിക്കു ദൈവം ഒട്ടേറെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെയും നല്ലവരായ അയല്‍ക്കാരെയുംഅതിലേറ്റവും നല്ല ഒരുത്തിയായി നോറിയയെയും തന്നു എന്നാണു അവര്‍ പറയുക. “നോറിയയെ വേദനിപ്പിക്കുന്നവര്‍ എന്നെയാണ് വേദനിപ്പിക്കുന്നത്.” നോവലന്ത്യത്തില്‍ നോറിയ തന്നെയാവും അവരുടെ പിന്‍ ഗാമി എന്ന സൂചന വ്യക്തമാണ്. 

 

സ്വാഭാവിക മരണം എന്ന അസ്വാഭാവികത

മരണം എന്നത് തന്നെയാണ് നോവലിലെ സര്‍വ്വ വ്യാപിയായ സാന്നിധ്യവും സത്യവും. സധാരണ മരണം എന്നത് അസ്വാഭാവികമായി തോന്നുന്ന വിപര്യയത്തെ കുറിച്ച് നോവലില്‍ ഒരിടത്ത് പരാമര്‍ശമുണ്ട്, “മകന്‍ ഒരു സാധാരണമായ രീതിയില്‍ മരിച്ചു. ഒരു പക്ഷെ ഒരു അസാധാരണ മരണം എന്നാണു ഞാന്‍ പറയേണ്ടത്കാരണം അവന്‍ സ്വാഭാവിക രോഗം കാരണം ഉറക്കത്തില്‍ സമാധാനമായി മരിച്ചു. സാധാരണ മരണമെന്നത്‌ നമ്മള്‍ ഏറെ പരിചിതരായിക്കഴിഞ്ഞ തരം മരണങ്ങളാണ്: തോക്ക് കൊണ്ട്കത്തി കൊണ്ട്പീഠനവും ചോരയും കൊണ്ട്. രോഗം കൊണ്ടോ വാര്‍ദ്ധക്യം കൊണ്ട് ആളുകള്‍ സ്വാഭാവികമായി മരിക്കുന്നത് നാം കാണുന്നേയില്ല.” കുടിയേറ്റക്കാരും സൈനികരും ചേര്‍ന്ന് പീഠന മുറകളിലൂടെ നടത്തുന്ന കുരുതികളുടെ നേര്‍ക്കാഴ്ച ടാക്സി ഡ്രൈവര്‍ ഷദ്റാക്ക് എന്ന നോറിയയുടെ സുഹൃത്തിന്റെ അനുഭവത്തിലൂടെയാണ് ഏറ്റവും തീക്ഷണമായി ആവിഷ്കരിക്കപ്പെടുന്നത്. കൂടിയിട്ട ശരീരങ്ങള്‍ക്കിടയില്‍മോര്‍ച്ചറിയില്‍ യുവതിയുടെ നഗ്ന ജടത്തോട് രതിയിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നത് അയാള്‍ നിരാകരിക്കുന്നു. ക്രൂര മുറകള്‍ക്ക് ശേഷം ജീവച്ഛവമായി ഉപേക്ഷിക്കപ്പെടുന്ന അയാള്‍ ആയുസ്സിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നത്. വക്കീലിന്റെ സഹായത്തോടെ പോലീസില്‍ പരാതി പറയാനെത്തുന്ന അയാളെ ഭീഷണിപ്പെടുത്താനാണ് നിയമ പാലകര്‍ ശ്രമിക്കുന്നത്. നോവലന്ത്യത്തില്‍കുഞ്ഞു വൂതയുടെ കൊലയാളികളെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ നിസ്സംഗതയില്‍ തന്നെയാണ് നോറിയയും ചെന്ന് മുട്ടുന്നത്. സൈനികരുടെ ബലപ്രയോഗത്തിലെ ക്രൂരമായ അസംബന്ധത്തെ കുറിച്ച് നോവലില്‍ സൂചനയുണ്ട്. വൂതയെപോലുള്ളകേട്ടു പഠിച്ച മുദ്രാവാക്യങ്ങള്‍ അക്ഷരമോ അര്‍ത്ഥമോ അറിയാതെ ആവര്‍ത്തിക്കുന്ന പൈതങ്ങളുടെ നേരെ കാഞ്ചി വലിക്കുന്നവര്‍, “കല്ല്‌ പോലുള്ള ആയുധങ്ങളെന്തിയ അഞ്ചു വയസ്സുകാരുടെ സര്‍വ്വശക്തിയില്‍ ചകിതരായ സൈനികര്‍ വെടിയുതിര്‍ത്തു.” എന്നാല്‍വിമോചക പോരാളികളാവട്ടെഒറ്റുകാര്‍ എന്ന മുദ്ര ചാര്‍ത്തി അവരെ ചുട്ടുകൊന്നു. കാരണങ്ങള്‍ എന്തായാലും മരണം ലാഭകരമാകുന്ന സാഹചര്യവും അനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ തന്നെയായ ശവപ്പെട്ടി കച്ചവടക്കാരന്‍ നെഫലോഹോദ് വെനോവലില്‍ ഘടനാപരമായി ഏറെ ആവശ്യമുള്ള കഥാപാത്രമാണ്. അയാളാണ് തൊലോകിയുടെയും നോറിയയുടെയും ഭൂതകാലത്തെ കണ്ണിചേര്‍ക്കുന്നത്. അയാളാണ് തൊലോക്കിക്ക് തന്റെ നിയോഗം കണ്ടെത്താന്‍ നിമിത്തമാകുന്നതും.

 

തൊലോക്കിയുടെയും നോറിയയുടെയും ജീവിത സാഹചര്യങ്ങള്‍ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അനിശ്ചിതത്വത്തില്‍ തന്നെയാണ് നോവലന്ത്യത്തിലും. എന്നാല്‍ അത് രാജ്യത്തിന്റെതന്നെ വിധിയുടെ കണ്ണാടിയാണുതാനും. എന്നിരിക്കിലും എല്ലാം ഇരുണ്ടു പോയിട്ടില്ലെന്ന് പറഞ്ഞുറപ്പിക്കാന്‍ നോവലിസ്റ്റിനു ഏതാണ്ടൊരു നിര്‍ബന്ധ ബുദ്ധിയുണ്ട്. താന്‍ നേരിട്ട ദുര്യോഗങ്ങള്‍ മൃത്യു വിലാപത്തിന്റെ മികച്ച സാധ്യതകള്‍ തുറന്നു തരുന്നതായി തോലോക്കോ കരുതുന്നു. നോവലിന്റെ കേന്ദ്ര ‘സംഭവം’ ആയ നോറിയയുടെ കുഞ്ഞിന്റെ ഭീകരമായ അന്ത്യത്തോട്‌ മറ്റുള്ളവരുടെ പതിഞ്ഞ പ്രതികരണം വേണ്ടത്ര വിശ്വസനീയമല്ലെന്നും രണ്ടു മുഖ്യ കഥാപാത്രങ്ങളുടെയും സൃഷ്ടിയില്‍ നോവലിസ്റ്റ് സ്വാഭാവിക വികാസത്തിനപ്പുറം ഇടപെടുന്നുണ്ടെന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നു. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു.


(കലാപൂര്‍ണ്ണ , ആഗസ്റ്റ്‌ 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 31-37)


 Read more:

Welcome to Our Hillbrow by Phaswane Mpe