Featured Post

Showing posts with label 19th Century Novel. Show all posts
Showing posts with label 19th Century Novel. Show all posts

Friday, January 31, 2025

Saraswatheevijayam by Potheri Kunjambu

 സരസ്വതീവിജയം – പോത്തേരി കുഞ്ഞമ്പു



ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന നോവല്‍ പഴമ സിരീസില്‍ സിരീസില്‍പ്പെട്ട ഏതാനും പുസ്തകങ്ങള്‍ കയ്യിലെത്തിയിട്ടു കുറച്ചായി. നവോഥാന മൂല്യങ്ങള്‍ എന്താണ് ഈ നാടിനുവേണ്ടി ചെയ്തത് എന്നറിയാന്‍ ഒരൊറ്റ നൂറ്റാണ്ടു പുറകോട്ടുപോയി ഇവിടത്തെ ജനജീവിതത്തിന്റെ ചിത്രങ്ങള്‍ കാണുക തന്നെവേണം എന്ന ബോധ്യത്തില്‍ നിന്നാണ് അവ തേടിപ്പിടിച്ചത്. ആധുനികതയുടെ ഉല്‍പ്പന്നമായ നോവല്‍ രൂപം പ്രസ്തുത കാലത്തെ എങ്ങനെ വിചാരണ ചെയ്യുന്നു എന്നത് തികച്ചും കൌതുകകരമാണ്. 1892ല്‍ പുറത്തിറങ്ങിയ നോവല്‍, അക്കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഹീനമായ ജാതീയതയുടെ ആവിഷ്കാരമാണ്. പാട്ടുപാടിയ മഹാപരാധത്തിനു ദലിതന്‍ (‘ചെര്‍മ്മന്‍ എന്ന് നോവലില്‍) ചവിട്ടിക്കൊല്ലപ്പെടുന്ന വ്യവസ്ഥ. കുബേരന്‍ നമ്പൂതിരിയും സില്‍ബന്തികളായ നമ്പ്യാന്മാരും അതൊരു സനാതന ധര്‍മ്മ പാലന പ്രക്രിയയായി ഊറ്റം കൊള്ളുന്നു. സായിപ്പിന്റെ നിയമം അവരെ കുറ്റവാളികളായി പ്രഖ്യാപിക്കുമ്പോള്‍ അതവര്‍ക്ക് ഉള്‍കൊള്ളാനാകുന്നുമില്ല. ഇവിടേക്കാണ് ക്രിസ്ത്യന്‍ മിഷിനറിമാര്‍ (‘പാതിരിവേദക്കാര്‍) മതംമാറ്റമെന്ന പ്രായോഗിക പരിഹാരം തീണ്ടാ ജാതിക്കാര്‍ക്ക് മുന്നില്‍ വെച്ചത്.

‘ഘാതക വധം, ‘പുലയത്തറ തുടങ്ങിയ നോവലുകളില്‍ കാണുന്ന തരത്തില്‍ കൃസ്തുമതത്തിലേക്കുള്ള മാറ്റവും വൃഥാവിലാകുന്ന അവസ്ഥയല്ല ഇവിടെ. മറിച്ച് അത് ശരിക്കും ദലിതനെ മനുഷ്യനാക്കുകയും സമത്വം എന്ന ആശയം സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസത്തെ കുറിച്ച് ആമുഖത്തില്‍ എ ടി മോഹന്‍രാജ് കൃത്യമായി വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ തുടര്‍ച്ചയായി അവിടത്തെ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് ലഭിച്ച മേല്‍ക്കൈ, ഒരു മതംമാറ്റം കൊണ്ടും മായ്ക്കാനാകാത്ത ചാപ്പയില്‍ ദലിത് വിഭാഗങ്ങളെ തളച്ചിട്ടു. എന്നാല്‍, ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷമുള്ള മലബാറില്‍, കൊളോണിയല്‍ ആധുനികതയുടെ സ്വാധീനം മുന്നിട്ട് നിന്നു.

നോവലെഴുതുമ്പോള്‍ കീഴാളന്റെ സ്വത്വ സ്ഥാപനം എന്നതിലേറെ നോവലിസ്റ്റിന്റെ ലക്ഷ്യം, ‘കേരളമെങ്ങും വിശേഷിച്ച് കൊച്ചിയിലും തിരുവിതാംകൂറിലും പ്രബലന്മാരും പ്രഭുക്കളും ഭൂദേവന്മാരും ആയ നമ്പൂതിരി ബ്രാഹ്മണര്‍ക്ക് പരക്കെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടാക്കാന്‍’ ആഹ്വാനം ചെയ്യുക എന്നതായിരുന്നു എന്ന് ആമുഖ പഠനത്തിലുണ്ട്.

കുറ്റാന്വേഷണം, തീര്‍ഥാടനത്തിനമായി മാറുന്ന ഒളിവു ജീവിതം, സാമൂഹിക ആചാര/ വിശ്വാസ വൈരുധ്യങ്ങളിലെ കോമാളിത്തങ്ങളെ കുറിച്ചുള്ള നേര്‍ത്ത പരിഹാസം കലര്‍ന്ന നിരീക്ഷണങ്ങള്‍, കുറ്റം ചെയ്തു എന്ന ധാരണയില്‍ അനുഭവിക്കുന്ന മനക്ലേശങ്ങളുടെ രൂപത്തില്‍ വേണ്ടത്ര ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നുറപ്പ് വരുത്തിയ ശേഷം നടക്കുന്ന ഇതിവൃത്ത തിരിമറി, മതംമാറ്റത്തോടൊക്കെ സഹിഷ്ണുത കാണിക്കാനാകുന്ന മനംമാറ്റം, സനാതനധര്‍മ്മത്തിന്റെ പേരില്‍ അരങ്ങേറിയ സ്ത്രീവിരുദ്ധത തിരിച്ചറിഞ്ഞു നടത്തുന്ന പശ്ചാത്താപവും പുനര്‍ജീവിതവും – ഒപ്പം, ഒരു നൂറ്റാണ്ടു മുമ്പത്തെ മലബാര്‍ ജീവിതത്തിന്റെ ജീവത്തായ നേര്‍പ്പതിപ്പും - ചെറുതെങ്കിലും വായനയെ പിടിച്ചു നിര്‍ത്താന്‍ പോന്നതൊക്കെ ഈ ആദ്യകാല നോവല്‍ കരുതിവെച്ചിട്ടുണ്ട്. ഇതിവൃത്ത സൃഷ്ടിയിലെ കൃതൃമത്തമൊക്കെ ആധുനികോത്തര സൂക്ഷ്മദര്‍ശിനി വെച്ചു ഖനനം ചെയ്യാതിരുന്നാല്‍ മതി.