Featured Post

Showing posts with label Boualem Sansal. Show all posts
Showing posts with label Boualem Sansal. Show all posts

Sunday, March 16, 2025

Harraga by Boualem Sansal/ Frank Wynne

 ‘ഹറാഗ’ അഥവാ ‘പാലങ്ങള്‍ക്കു തീകൊളുത്തിയവര്‍’


അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമര നായകനും സ്വതന്ത്ര സ്റ്റേറ്റ് ഹൈ കൌണ്‍സില്‍ അധ്യക്ഷനും ആയിരുന്ന മുഹമ്മദ്‌ ബുദൈഫ് (1919-1992), പ്രസിഡണ്ട്‌ അഹ്മെദ് ബെന്‍ ബില്ലയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തടവിലാക്കപ്പെടുകയും തുടര്‍ന്ന് മോറോക്കൊയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം,1992—ല്‍, ഇസ്ലാം മൌലിക വാദികള്‍ തെരഞ്ഞെടുപ്പു ജയിക്കാനുള്ള സാധ്യത വ്യക്തമായതിനെ തുടര്‍ന്ന് സൈനിക കൌണ്‍സിലിന്റെ അഭ്യര്‍ത്ഥനപ്രകാരം പുതിയ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഒരു പ്രസംഗം നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം ദുരൂഹമാം വിധം വെടിയേറ്റു മരിക്കുകയായിരുന്നു. നിയുക്ത പ്രസിഡണ്ട്‌ മുഹമ്മദ്‌ ബുദൈഫിന്റെ വധവും (1992) ഇസ്ലാമിക മൌലികവാദത്തിന്റെ ഉയര്‍ച്ചയും അടയാളപ്പെടുത്തിയ കലുഷിത സാഹചര്യത്തിലാണ് അള്‍ജീരിയന്‍ സര്‍ക്കാറില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ബൂആലം സെന്‍സാല്‍ എഴുത്തിന്റെ വഴിയിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. അമ്പതാം വയസ്സില്‍ ആദ്യ കൃതി പ്രസിദ്ധീകരിക്കുകയും അത് വിഖ്യാതമായ ഫ്രഞ്ച് - റോമന്‍ അറബ് പുരസ്കാരം നേടുകയും ചെയ്തുവെങ്കിലും ജറൂസലേം റൈറ്റേഴ്സ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ പേരില്‍ സമ്മാനത്തുക പിന്‍വലിക്കപ്പെട്ടു. ‘സ്വന്തം നാട്ടില്‍ നാടുകടത്തപ്പെട്ടവന്‍, എന്നു വിവരിക്കപ്പെട്ട, എന്നും വിവാദങ്ങളുടെ തോഴനായ സെന്‍സാലിന്റെ കൃതികള്‍ ഇന്നും അള്‍ജീരിയയില്‍ നിരോധിതമായി തുടരുന്നു. അള്‍ജീരിയ ഇസ്ലാമിക തീവ്രവാദത്തിന്റെ താവളമായിത്തീരുന്നുവെന്നും അതതിന്റെ ബൌദ്ധിക, ധാര്‍മ്മിക ശക്തിയെ ക്ഷയിപ്പിക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.  

2005ല്‍ ഫ്രഞ്ച് മൂലവും  2014ല്‍ ഫ്രാങ്ക് വെയ്നിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും പുറത്തിറങ്ങിയ Haraga എന്ന നോവലിനെ  തന്റെ  ഏറ്റവും മികച്ച കൃതി എന്നു ബൂ ആലെം സംസാല്‍ വിലയിരുത്തിയിട്ടുണ്ട്. ‘ഹറാഗ’ എന്ന പദത്തെ നോവലിലെ ആഖ്യാതാവായ മുപ്പത്തിയഞ്ചുകാരി ലാമിയ, തന്റെ സഹോദരനെ കുറിച്ച് പറയുന്നിടത്ത് വിശദീകരിക്കുന്നു: “സോഫിയാന്‍ ഹറാഗകളുടെ വഴിയെ പോയിരുന്നു- ‘പിറകില്‍ പാതക്ക് തീകൊടുക്കുന്നവര്‍.. ഇങ്ങനെയാണ് പാലങ്ങള്‍ക്ക് തീകൊടുക്കുകയും താല്‍ക്കാലിക വഞ്ചികളില്‍ നാടുവിടുകയും പിടിക്കപ്പെട്ടാലുടന്‍ തങ്ങളുടെ രേഖകള്‍ നശിപ്പിക്കുകയും ചെയ്ത അവരെ എല്ലാവരും വിശേഷിപ്പിച്ചത്‌.” നിയതമായ അര്‍ത്ഥത്തില്‍, അതിജീവനം/ മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലെയോ മറ്റിടങ്ങളിലെയോ ‘വാഗ്ദത്ത ഭൂമിക’ളിലേക്ക് കടക്കുന്ന അനധികൃത വടക്കന്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാരെ -മഗ് റെബ് ജനത- വിവരിക്കുന്ന അറബി പദമാണ് അത്. എന്തുകൊണ്ടാണ് ആളുകള്‍ നാടുവിടുന്നത്? അങ്ങനെയുള്ളവരെ കാത്തിരിക്കുന്ന വിധിയെന്ത്‌? തികച്ചും കാലിക പ്രസക്തമായ നോവല്‍ ഈ ചോദ്യങ്ങളെയും അനുബന്ധ ഉത്കണ്ഠകളെയും ആവിഷ്കരിക്കുന്നു(1).

ലാമിയയുടെ ജീവിതത്തിന്റെ ഏകാന്തതയും വിരക്തിയും അവരുടെ ചുറ്റുപാടുകള്‍ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. തീക്ഷ്ണമായ സ്വാതന്ത്ര്യ ബോധമുള്ള, അവിവാഹിതയായ ലാമിയ പകല്‍ ഒരു പീഡിയാട്രീഷ്യന്‍ ആയി ജോലിയില്‍ മുഴുകിയും രാവില്‍ തന്റെ തന്നെ ഭൂതകാലത്തിന്റെ പ്രേതങ്ങളെ ഉയിര്‍പ്പിച്ചും അള്‍ജിയേഴ്സിലെ പഴയ ചേരികളാല്‍ വലയം ചെയ്യപ്പെട്ട പുരാതന കൊളോണിയല്‍ മന്ദിരത്തില്‍ സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്നു. സോഫിയാന്‍ ഒഴികെ കുടുംബത്തിലെ അംഗങ്ങളെല്ലാം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. പ്രകൃതങ്ങളിലെ ചില തീക്ഷ്ണ പ്രവണതകള്‍ കൊണ്ട് കുടുംബാംഗങ്ങളെ അടയാളപ്പെടുത്തുന്ന ലാമിയയില്‍, നോവലില്‍ അങ്ങിങ്ങു കാണപ്പെടുന്ന കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നതു പോലെ, അടിസ്ഥാനപരമായി ഒരെഴുത്തുകാരിയുണ്ട്. സഹോദരന്‍ യാസിന്‍ തന്റെ സര്‍വ്വസ്വമായിരുന്ന കാറില്‍ അപകട മരണം വരിച്ചതായി വിവരിക്കുമ്പോള്‍ സോഫിയാന് തോന്നുന്നതെന്തെന്ന് നോവല്‍ വിവരിക്കുന്നു: “തന്റെ ആദ്യ സിഗരറ്റോടൊപ്പം .. തലക്കകത്ത് കേറിയതെന്തെന്നാല്‍, നല്ലതോ ചീത്തയോ എന്തുതന്നെ സംഭവിച്ചാലും ശരി, അയാളീ നാടുവിടും, എത്താവുന്നത്രയും ദൂരെ പോകും. ‘ഇവിടെ ജീവിക്കുന്നതിലും ഭേദം മറ്റെവിടെയെങ്കിലും പോയി ചാകുന്നതാണ്!’ ഞാനവനോട് യുക്തി ഉപദേശിക്കുമ്പോള്‍ അവന്‍ അങ്ങനെ അലറും”. അവന്റെ അഭാവത്തില്‍ വീടിനകത്തെ ഭൂതകാലത്തിന്റെ ആത്മാക്കളോട് മതിവരുവോളം അവളവനെ ഭത്സിക്കുന്നു. ഈ ആത്മാക്കള്‍ അവതരിപ്പിക്കുന്ന മെഡിറ്ററേനിയന്‍ ജനതയുടെ കഥകള്‍ ഒട്ടേറെയാണ്: ഓട്ടോമന്‍ പടയോട്ടങ്ങള്‍, ഫ്രഞ്ചുകാരുടെ ഇസ്ലാം മതാശ്ലേശം, ജൂതന്മാര്‍, യൂറോപ്പ്യന്‍ ‘കരിങ്കാലികള്‍, (‘pied-noirs’ – ഫ്രഞ്ച് അധിനിവേശത്തിന്റെ 1830-1962 കാലത്ത് അള്‍ജീരിയയില്‍ ജനിച്ച യൂറോപ്പ്യന്മാര്‍ - “black-Foot”), പിന്നെ സ്വാതന്ത്ര്യാനന്തരം കുടിയേറിയ ലാമിയയുടെ സ്വന്തം കുടുംബമായ കബിലിയാന്‍ കുടുംബത്തിന്റെ കഥയും. 

ഒരു രാപ്പാതിയില്‍ വാതിലില്‍ മുട്ടുന്ന പതിനാറുകാരിയും നിറഗര്‍ഭിണിയുമായ ശരീഫ അവരുടെ ഏകാന്തതയിലേക്ക് ഇടിച്ചു കയറുന്നു. സോഫിയാന്‍ അയച്ചതായതുകൊണ്ടു മാത്രം ഒരു X-Factor മത്സരാര്‍ഥിയെ പോലെ വേഷം ധരിച്ച, കൂസലില്ലായ്മയും അരാജക ഭാവവും മുഖമുദ്രയായ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാകുന്ന ലാമിയയുടെ ജീവിതം അതോടെ കീഴ്മേല്‍ മറിയുന്നു. ഒറാനില്‍ നിന്ന് അല്‍ജിയേഴ്സില്‍ അഭയം തേടിയ കുട്ടിയും മുതിര്‍ന്നവളുമല്ലാത്ത ‘ലോലിത പരുവമായ (child-woman) ശരീഫ, ‘ഹറാഗയുടെ മറ്റൊരു വികല മാതൃകയാണ്. റൂസ്സോയുടെ എമിലിയുടെയും റോബിന്‍സണ്‍ ക്രൂസോയുടെയും പ്രചോദനത്തില്‍, വന്യപ്രകൃതമായ യുവതിയെ അനുനയിപ്പിക്കാനും മെരുക്കിയെടുക്കാനും അവിവാഹിത ഗര്‍ഭിണിയായ അവളെ പോലൊരു പെണ്‍കുട്ടിയെ മൌലികവാദ സമൂഹത്തില്‍ നിന്നു രക്ഷിക്കുവാനും ലാമിയ നടത്തുന്ന ശ്രമങ്ങള്‍, ഒരു തരം അനുസരണ ശീലവും രക്തത്തിലില്ലാത്ത ശരീഫയുടെ പ്രകൃതത്തോട് ഏറ്റുമുട്ടി പരാജയപ്പെടാതെ വയ്യ. ‘ശരീഫക്ക് ഒരു പതിതയായ മാലാഖയുടെ സൌന്ദര്യമുണ്ട്, എന്നെ കാണാന്‍ മഡോണയെ പോലുണ്ടോ?’ എന്ന് സന്ദേഹിക്കുന്ന ലാമിയ അവള്‍ക്ക് ഏതാണ്ടൊരു മാതൃ സ്ഥാനീയയാകാന്‍ ശ്രമിക്കുന്നുണ്ട്. അള്‍ജീരിയന്‍ ഭരണത്തെ അനുകരിച്ചു അവളെ നിരക്ഷരയും പാരതന്ത്ര്യത്തില്‍ കഴിയുന്നവളും ആയി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലാമിയ പറയുന്നു: “മോക്ഷം കുടികൊള്ളുന്നത് വിദ്യാഭ്യാസത്തിലാണ്”. വൈകാരികമായ മാതൃ-പുത്രീ ബന്ധം എന്നതിലേറെ, ഈ രണ്ടു സ്ത്രീകളും പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്തമായ സ്വാതന്ത്ര്യ ബോധത്തിലാണ് നോവലിസ്റ്റ് ശ്രദ്ധയൂന്നുന്നത്. മുപ്പത്തിയഞ്ചു വര്‍ഷക്കാലത്തെ ജീവിതം കൊണ്ട് തനിക്കു സാധ്യമാകാത്ത വിധത്തില്‍, വന്യജീവിയുടെ ആദിമ ചോദനയോടെ അയല്‍പക്കങ്ങളോട് ഇണങ്ങിയ ശരീഫയുടെ സ്വാതന്ത്ര്യ ബോധത്തോട് ലാമിയക്ക്‌ ആരാധന തോന്നുന്നുണ്ട്. സംഗീതാസ്വാദനത്തിന്റെ ഇടവേളകളില്‍ ഇരുവര്‍ക്കുമിടയില്‍ ഉരുവപ്പെടുന്ന പാരസ്പര്യം പക്ഷെ ദുരൂഹമായ ഒരന്വേഷണത്തിലെന്നോണം ഇടയ്ക്കിടെ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷയാകുന്ന ശരീഫയുടെ രീതിയില്‍ മുങ്ങിപ്പോവുന്നു. സ്വന്തം അവസ്ഥയെ കുറിച്ച് ചിന്തയേതും കൂടാതെ അപകടസാധ്യയുള്ള പുതിയ താല്‍ക്കാലിക ബന്ധങ്ങളില്‍ ചെന്ന് ചാടുന്ന, അദമ്യവും താന്‍ തന്നെയറിയാത്തതുമായ സ്വയം നശീകരണ പ്രവണതയുടെ ഇരയായ ശരീഫ, മരിയോ വാര്‍ഗാസ് യോസയുടെ ‘The Bad Girl’ എന്ന നോവലിലെ മുഖ്യ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് – യോസയുടെ നായികയുടെ ധനാര്‍ത്തിയൊന്നും അവളെ ഭരിക്കുന്നില്ലെങ്കിലും.  

ലാമിയയിലൂടെ ആഖ്യാനം നടത്തുന്നത് ഘടനാപരമായി നോവലിന്റെ ശക്തിയും ദൌര്‍ബല്യവും ആയിത്തീരുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Anita Sethi ). അത് ഏറ്റവും സ്വകാര്യമായ ചിന്തകള്‍ വെളിപ്പെടുത്താന്‍ സഹായിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ആഖ്യാനത്തിന്റെ ഏകാഗ്രതയെ ബാധിക്കും വിധം സ്വാഗത ഭാഷണ പ്രധാനവും എകതാനവും ആയിത്തീരുന്നു. എന്നാല്‍, ഈ കാടുകയറ്റങ്ങളിലൂടെയാണ് നോവലിന്റെ സാമൂഹിക രാഷ്ട്രീയ അന്തര്‍ധാരകള്‍ ആവിഷ്കൃതമാകുന്നത് എന്നത് സുപ്രധാനമാണ്‌. സോഫിയാനെ കണ്ടെത്താനുള്ള ലാമിയയുടെ അന്വേഷണങ്ങളും യാത്രയും, തീവ്രവാദ, മതമൌലിക വാദ സ്വാധീനങ്ങള്‍ക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നൈരാശ്യത്തിനുമിടയില്‍ നാട്ടിലെ യുവത എത്തിച്ചേര്‍ന്നിരിക്കുന്ന സംത്രാസത്തെ നേരില്‍ അനുഭവിപ്പിക്കുന്നുണ്ട്. അള്‍ജീരിയയുടെ ചരിത്രപരമായ ദുര്യോഗങ്ങളുടെ നിമിത്തങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങുമ്പോള്‍ കുടിയേറ്റമെന്ന കേന്ദ്ര പ്രമേയത്തില്‍ നിന്ന് നോവല്‍ തെന്നിമാറുന്നതായി അനുഭവപ്പെടാം. പൂര്‍വ്വികരുടെ അനുഭവങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്ന ഭാഗങ്ങളില്‍ ലാമിയയുടെ കൊളോണിയല്‍ ഭവനം അള്‍ജീരിയന്‍ ചരിത്രത്തിന്റെ സാക്ഷിയും രൂപകവും ആയിത്തീരുന്നു. ഭവനത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ വര്‍ത്തമാന കാല ഹിംസാത്മകതയുടെ വേരുകള്‍ തന്നെയാണ് ആവിഷ്കൃതമാകുന്നത്. വീടിന്റെ വിവരണം അയല്‍പ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ എല്ലാതരം തീവ്ര വാദത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന് വളര്‍ത്തിയെടുത്ത അനൈക്യത്തിന്റെയും അസഹിഷ്ണുതയുടെയും ചിത്രങ്ങള്‍ വെളിവാകുന്നു. ലാമിയ തന്റെ വീടിന്റെ പുരാണങ്ങളിലും കഥകളിലും മുങ്ങിപ്പോയവളാണ്; അവളുടെ വ്യക്തിത്വം തന്നെയും നിര്‍വ്വചിക്കപ്പെടുന്നത് അതുമായി ബന്ധപ്പെട്ടാണ് എന്നത് ഒരര്‍ത്ഥത്തില്‍ മറ്റിടങ്ങളിലെല്ലാം അവളെ അന്യയാക്കുകയും അവളുടെ ഏകാന്തതയെ കൂടുതല്‍ കടുപ്പിക്കുകയും ചെയ്യുന്നു. “ഒരു പുരാതന ഭവനം ശക്തമോ ദുര്‍ബ്ബലമോ ആയ അടരുകളില്‍ പറയപ്പെടുന്ന കഥകളുടെ തുടര്‍ച്ചയാണ്, അതിന്റെ അരികുകളിലും ഞരമ്പുകളിലും ദുഷ്ടാത്മാക്കള്‍ പറന്നു നടക്കുന്നു” എന്നും “ഈ വീട്, എന്റെ വീട്, എന്നെ ദുഃഖവും ഭയവും ഏകാന്തതയും പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു” എന്നും ലാമിയ നിരീക്ഷിക്കുന്നുണ്ട്. “ഇതാണെന്റെ കുടുംബത്തിന്റെ കഥ. ഈ ഭവനമാണ് അതിന്റെ കേന്ദ്രം, സമയം എന്നത് പൊട്ടിപ്പോകാതെ നൂര്‍ത്തിയെടുക്കേണ്ട അരിയാഡ്നെയുടെ നൂലാണ്. ഞാനാണ് ഇവിടെ കഴിയുന്ന അവസാനത്തെയാള്‍. എനിക്ക് ശേഷം, ഇത് ഇടിഞ്ഞുവീഴും, കഥ അവസാനിക്കുകയും ചെയ്യും.” ചരിത്രത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പു മുട്ടുന്ന ലാമിയ, ‘ഹറാഗ അനുഭവത്തിന്റെ നിയമ/ നിയമ വിരുദ്ധ/ നിയമ നിരപേക്ഷ തലങ്ങള്‍ക്കപ്പുറം ഏകാന്തത എന്ന കൂടുതല്‍ വിശാലമായ ഒരര്‍ത്ഥത്തില്‍ കൂടി അതിനെ പരിശോധിക്കുന്നു എന്നു നിരീക്ഷിക്കപ്പെടുന്നു (2). 

നോവലില്‍ ഒരിടത്ത് ഹറാഗകളുടെ യാതനാപൂര്‍ണ്ണമായ യാത്രയെ കുറിച്ചുള്ള ഒരു ഡോക്കുമെന്ററി കാണുന്ന ലാമിയയുടെ നിരീക്ഷണങ്ങളുണ്ട്. ടെനെരെ മരുഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ ഉള്‍ക്കടലിലേക്കുള്ള യാത്രയില്‍ തീരത്തടിയുന്ന ജഡങ്ങള്‍ കരക്കടുപ്പിക്കുന്ന ‘കോമാളിത്തൊപ്പി ധരിച്ച പോലീസുകാരുടെ ചിത്രത്തോടൊപ്പം “അങ്ങു മുകളില്‍, മലയരികില്‍, ഹറാഗകളുടെ  അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഒരു പുരോഹിതന്‍, ചുറ്റും നില്‍ക്കുന്ന കണ്ണീരു തൂകുന്ന തീവ്രവാദികളുടെ ഇടയില്‍ നിന്ന്, സര്‍വ്വശക്തിയുമെടുത്തു പ്രാര്‍ഥിക്കുന്നു, പാവങ്ങളെ കേള്‍ക്കാന്‍ വിസമ്മതിക്കുന്ന ഒരു ദൈവത്തോട്.” തീരത്തടിഞ്ഞവരില്‍ അതിജീവിച്ച ചിലരുണ്ട്, എന്നാല്‍ അവരെ കാത്തിരിക്കുന്ന വിധിയെന്തെന്നു നമുക്കറിയാം. “എനിക്കറിയാം ഇതെല്ലാം. എങ്കിലും എന്റെ ഹൃദയം അലിഞ്ഞു പോയി; പ്രതിബിംബങ്ങള്‍ വാക്കുകളെ ശാക്തീകരിക്കുന്നു.” ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ‘ജനാധിപത്യത്തെ കുറിച്ച് പറയുന്നത് പുരാണങ്ങളെയും മിത്തുകളെയും ആവാഹിക്കലാണ്., ഞങ്ങളുടെ കൂടോത്രക്കാര്‍ അത്തരം ഒരു യന്ത്രം വികസിപ്പിക്കാന്‍ ഇടയില്ല” എന്നും “ആഫ്രിക്ക ജനാധിപത്യത്തിന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ വരുന്നില്ല” എന്നും ലാമിയ നിരീക്ഷിക്കുന്നുണ്ട്. പുസ്തകത്തിന്റെ സിംഹഭാഗങ്ങളിലും നാം അള്‍ജീരിയയില്‍ പിടിമുറുക്കുന്ന ഇസ്ലാമിക് മൌലികവാദത്തെ കുറിച്ചുള്ള ലാമിയയുടെ നിശിത സ്വഗതാഖ്യാനങ്ങളിലും നിരന്തര സന്ദേഹങ്ങളിലും ചുറ്റിത്തിരിയുമ്പോഴും സെന്‍സാല്‍ കൂടുതല്‍ വിശാലമായ ലോകാനുഭവങ്ങളിലേക്ക് നോവലിനെ പരിവര്‍ത്തിപ്പിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. “ഒരു നാള്‍ കാലിഫോര്‍ണിയയുടെ പട്ടണങ്ങളില്‍ പെണ്‍കുട്ടികല്‍ ചുട്ടെരിക്കപ്പെടും, അതെനിക്ക് കാണാനാവുന്നുണ്ട്, അത് കു ക്ലക്സ് ക്ലാനിന്റെ പണി ആയിരിക്കുകയുമില്ല” എന്ന് ഇസ്ലാമോഫാഷിസത്തിന്റെ ഭീഷണിയെ വിവരിക്കുന്നുണ്ട് നോവലില്‍ ഒരിടത്ത്. എന്നാല്‍, അള്‍ജീരിയയില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കര്‍ത്താവ് എന്ന നിലയില്‍ ഏകപക്ഷീയമായി പാശ്ചാത്യ അഭിരുചിക്കനുരോധമായ ഇസ്ലാമോ ഫോബിക് രചനയായി തന്റെ കൃതി ഇടം പിടിക്കരുതെന്ന് സെന്‍സാല്‍ നിഷ്കര്‍ഷിക്കുന്നുണ്ടെന്നും കാണാം. മൌലികവാദ സമൂഹത്തിന്റെ സ്ത്രീവിരുദ്ധത പോലുള്ള പ്രമേയങ്ങളെ ശക്തിയായി ആവിഷ്കരിക്കുമ്പോഴും പോസ്റ്റ്‌ കൊളോണിയല്‍ അള്‍ജീരിയന്‍ അനുഭവത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ ദേശീയ എകാധിപത്യങ്ങളുടെ വിമര്‍ശനത്തില്‍ അദ്ദേഹം ഒതുക്കി നിര്‍ത്തുന്നില്ല എന്നതും പ്രധാനമാണ്.

References:

1). Anita Sethi, ‘Haraga- a darkly humorous portrayal of migration’, The Observer Fiction, Nov 29, 2015, https://www.theguardian.com/books/2015/nov/29/harraga-boualem-sansal-review-migration

(2). Latifa Zoulag, Harraga by Boualem Sansal’, Book Review, World Literature Today, January 2015, https://www.worldliteraturetoday.org/2015/january/harraga-boualem-sansal