Featured Post

Wednesday, November 28, 2012

AVALANCHES

AVALANCHES

There are unexpected snow-slides:
just like a breath-taking isle
simply vanishing into the sea
in mysterious moves of planet earth;
like an iceberg emerging so suddenly
in a safe ship route.

The golden hue of camaraderie,
the sun-beams of ideologies
transcending time and nations
was cut asunder into continents
of tensions between boarders
through straits of blood.

The one who was companion
during days of oppression,
who begot anger out of embers
was to go down into rotten swamps
of rusted times of no worth.

The sandal cool of friendship
made immaculate as if in a smithy,
helping hand in grief and pain
changed season into indolent silence
of summer nights of unstirring leaves.

In which unintelligible moment
of earth-moves could a hot stream
turn into an avalanche?

Though mysterious,
some season changes would lie
frozen within inner heart.

Saturday, November 17, 2012

വസന്തം ഒരു പ്രലോഭനമല്ല

വസന്തം ഒരു പ്രലോഭനമല്ല
അനന്തരം വസന്തമെന്നു കവി.
ഗ്രീഷ്മമൊടുക്കിയ നാമ്പിന്
അതിലെന്തു കാര്യം?

വംശവെറിയിലെരിഞ്ഞ കുഞ്ഞിനു
പിതൃ നെഞ്ചിലാണ്ചിതയെരിയുക.
പാപികളുടെ ഉന്‍മാദ നാളില്‍
വെറുപ്പിനു ഭ്രൂണ സദ്യ,
അഗ്നിപ്രവേശത്തിനു മുന്‍പ്
കരഞ്ഞു കെഞ്ചിയോള്‍ക്ക് സുരതബലി,
കുടിപ്പിച്ച പെട്രോളിലെരിഞ്ഞ ബാലന്‍*
ഇനി മാതാവിന്റെ ചിത്തഭ്രമം.
ദഹിച്ചു തീര്‍ന്ന ഹൃദയങ്ങളില്‍
മുലപ്പാലിന്റെ വിങ്ങലില്‍
പിതൃ ദുഖത്തിന്റെ നെരിപ്പോടില്‍
ഇനിയേത് ഏദന്‍ തോട്ടം?

അതിജീവനത്തിനു പേര് കേട്ടവര്‍
പടയോട്ടങ്ങളെ നെഞ്ചാല്‍ ചെറുത്തവര്‍
ആദിമാനവന്റെ പിന്മുറക്കാര്‍
ജീവിതം തോറ്റാണ് തെണ്ടികളായത്.
പുതു ലോകപ്പിറവിയുടെ
നീതിയന്ത്യശാസനം** കേട്ട്
ഇടിമുഴക്കമായി വസന്തം** *നോറ്റവര്‍
സ്മാരകങ്ങളില്ലാത്ത
തടവറയിരുട്ടിലാണൊടുങ്ങിയത്.

വിമോചനത്തിന്റെ രാവര്‍ദ്ധത്തില്‍
വിജയഭേരികളുടെ അശരീരികളുയരും.
കൊടിപ്പടക്കങ്ങളുടെ മുഹൂര്‍ത്തത്തില്‍
പൂചൂടിയ ശുഭ്ര വസ്ത്ര ധാരികള്‍
വാഗ്ധോരണിയുടെ പെരുമഴയൊരുക്കും.
അപ്പോഴും
വിജയ പതാകയുടെ മുകളറ്റത്തിനും മുകളില്‍
സാന്ദ്രമായ ദുഃഖ പ്രളയം
അദൃശ്യമായി തിരയടിക്കും.
പൊലിഞ്ഞു പോയവന്റെ മൂക സാന്നിധ്യം
അതിജീവിച്ചവന്റെ ത്യാഗഗാഥകളില്‍ മൂടും.

പടരില്ലെന്നറിഞ്ഞും മുളയെടുക്കുന്ന
ചില വിത്തുകളുണ്ട്.
അടുക്കള മൂലയിലൊരു ചുവന്നുള്ളി മുകുളം,
ചുവന്ന തെരുവിലൊരു കുഞ്ഞു പെണ്‍ പൂവ്,
ആദിവാസി കൗമാരത്തിന്
ബലിമൃഗത്തിന്റെ ജാതകത്തില്‍ ഒരവിഹിതഗര്‍ഭം,
ചിതറിത്തെറിക്കാന്‍ ഒരു ഫലസ്തീന്‍ ബാല്യം,
കണ്ണും വയറുമായി ഒരു സോമാലിയന്‍ കുഞ്ഞ്-
ഇനിയുണ്ടൊരു സ്വര്‍ഗ്ഗാരോഹണമെന്നു
അശ്ലീലം പറയരുതവരോട്.
*ശ്രീ. ടി. വി. ചന്ദ്രന്‍ വിവരിച്ച, ഗുജറാത്ത് കലാപത്തിനിടെ അദ്ദേഹത്തിന്റെ മകന്‍ സാക്ഷിയായ ഒരു അനുഭവം: പെട്രോള്‍ കുടിപ്പിച്ചു വായിലൂടെ തീപ്പന്തം കേറ്റിയ ഒരു ന്യൂനപക്ഷ ബാലനെ കണ്ടു നിസ്സഹായനായി നില്‍കേണ്ടി വന്ന അവസ്ഥ.: "മാറ്റി വെച്ച ആത്മഹത്യയാണ് നമ്മുടെയൊക്കെ ജീവിതം!" എന്നു അദ്ദേഹം.
**സാര്‍വ്വ ദേശീയ ഗാനം (The Communist International) ഓര്‍ക്കുക:
"ഇടിമുഴക്കിയലറി നില്പൂ നീതിയന്ത്യ ശാസനം
പിറവികൊള്‍കയായി രമ്യ നവ്യ ലോകമൊന്നിതാ..”

***"ഇന്ത്യക്ക് മേല്‍ വസന്തത്തിന്റെ ഇടിമുഴക്കം" (Spring Thunder over India)- 1967-ജൂലായ്‌ അഞ്ചിന് പീകിംഗ് റേഡിയോ പ്രക്ഷേപണം ചെയ്ത പ്രഭാഷണം.
http://www.marxists.org/subject/china/documents/peoples-daily/1967/07/05.htm


Wednesday, November 14, 2012

ഹിമപാതങ്ങള്‍

ഓര്‍ക്കാപ്പുറത്ത് ചില ഹിമപാതങ്ങളുണ്ട്‌ -
ഭൂവല്‍ക്കത്തിന്റെ നിഗൂഡ നീക്കങ്ങളില്‍
ചേതോഹാരിയായ ദ്വീപിനെ
പൊടുന്നെനെ കടലെടുക്കും പോലെ;
സുരക്ഷിത കപ്പല്‍ച്ചാലില്‍
പെട്ടെന്നൊരു മഞ്ഞു മലപോലെ.

കാലവും ദേശവും കടന്ന
സൗഭ്രാത്രങ്ങളുടെ തങ്കത്തിളക്കം,
ദര്‍ശനങ്ങളുടെ സൂര്യ വെളിച്ചം,
അതിരുകളുടെ കാലുഷ്യങ്ങളിലേക്ക്
ചോരയുടെ കടലിടുക്കിലാണ്
വന്‍കരകളായ് പിളര്‍ന്നു മാറിയത്.

പീഡിത കാലങ്ങളില്‍
കൂട്ടാളിയായിരുന്നവന്‍,
കനലുകളൂതി രോഷം വാറ്റിയോന്‍,
തുരുമ്പെടുത്ത പാഴ്ക്കാലത്തിന്റെ
അഴുകിയ ചതുപ്പുകളിലേക്കാണ്
ഇറങ്ങിപ്പോയത്.

ഉലയൂതി പണിക്കുറ്റം തീര്‍ത്ത
സൗഹൃദത്തിന്റെ ചന്ദനത്തണുപ്പു
നീറ്റലില്‍, നോവിലും കൈത്താങ്ങ്‌
ഇലയിളക്കമില്ലാത്ത വേനല്‍രാവിന്റെ
അലസമൂകതയിലേക്കാണ്
ഋതുമാറ്റം നടത്തിയത്.

ഭൂഭ്രംശത്തിന്റെ
ഏതു ദുര്‍ജ്ഞേയ മുഹൂര്‍ത്തത്തിലാവാം
ചൂടുറവ ഹിമപാളിയാവുക?
ദുരൂഹമെങ്കിലും
ചില ഋതു മാറ്റങ്ങള്‍
ഇടനെഞ്ചിലാണ് മരവിച്ചിരിക്കുക.

Tuesday, November 13, 2012

DROWNED FISHERMAN

The drowned fisherman
has a way back
on the tip of the waves.
It reaches back
not his home
but his woman's heart.
In wee hours of the night
she could still listen to it.
In waves that die out bubbling,
his luminous eyes
would wink at her alone.
Sea gulls would still wrangle
with someone at the zenith of the sea
burning by day.

Sound of bike across sand beach.
A dagger between eye brows-
the micro-finance man.
Hiding behind the hut,
her sobs would merge with waves.

He might be there like Jonas
at the zenith of the blue:
A benevolent sea beast
would carry him in womb.
A rebirth without corporeal decay.
In a spring day
as the tree of life sprouts and blooms
when the moon mix with shade
this ever-serene whale
would deliver him unto land.
His urchins fighting waves
would still wake up into
his midnight calls.








ആള്‍ ദൈവം

നിങ്ങളെന്തു കൊണ്ടാണ്
ആള്‍ ദൈവമായത്?
അതോ? ദൈവമാവാനാണ് കൊതിച്ചത്.
നടപ്പില്ലെന്ന് വേഗം അറിഞ്ഞു.
അതിനിത്തിരി സഹിക്കണം,
മനുഷ്യനാവണം,
മൃഗവും പുല്‍ച്ചെടിയുമാവണം,
കരയും കടലും വായുവുവുമാവണം
കൃമിയും കീടവുമാവണം.
ചുങ്കക്കാരനും വേശ്യയുമാവണം
ക്രിസ്തുവും യൂദാസുമാവണം
ദ്വൈതിയും അദ്വൈതിയുമാവണം.
ഇതൊക്കെയായിട്ടും ആര്‍ക്കും
വേണ്ടാതാവണം;
നിസ്സഹായനാവണം.
അതൊന്നും കൂടാതെ ആവാന്‍ ഒന്നേയുള്ളൂ:
ആള്‍ ദൈവം.

തിരയെടുത്ത മുക്കുവന്

തിരയെടുത്ത മുക്കുവന്
തിരത്തുമ്പിലൂടെ
തിരിച്ചൊരു വഴിയുണ്ട്.
കുടിലിലല്ലഅരയത്തിയുടെ
ഉള്ളിലാണ് അത് ചെന്നെത്തുക;
തീരം വിജനമാവുന്ന രാവറുതിയിലും
അവള്‍ക്ക് കണ്‍ കാതോര്‍ത്ത് നില്‍ക്കാന്‍.
പതഞ്ഞു ശമിക്കുന്ന തിരനുരയില്‍
അവന്റെ കണ്‍ തിളക്കം
അവളോട് മാത്രം ഇമ ചിമ്മും.
പകല്‍ തിളപ്പിലെ കടലറ്റത്തു
കടല്‍ക്കാക്കകളിപ്പോഴും
ആരോടോ കലമ്പി നില്‍ക്കും.

മണല്‍ തീരം കടന്നെത്തുന്ന
മോട്ടോര്‍ സൈക്കിള്‍ ശബ്ദം.
വട്ടിപ്പലിശക്കാരന്റെ
പുരികങ്ങള്‍ക്കിടയില്‍ ഒരു കഠാര-
കുടിലിന്റെ മറ പററി നിന്ന്
അവളുടെ തേങ്ങല്‍ തിരയോട് ചേരും.

നീലിമയുടെ നരച്ച അറ്റങ്ങളില്‍
യോനാ*യെപ്പോലെ അയാളുണ്ടാവണം:
കൃപാമയിയായ കടല്‍ ജീവി
അയാള്‍ക്കൊരു ഗര്‍ഭഗൃഹമൊരുക്കും-
ഉടലഴിയാതെ ഒരു പുനര്‍ ജന്മം.
ജീവന്റെ വൃക്ഷം തളിര്‍ത്തു പൂക്കുന്ന
വസന്തര്‍ത്തുവിലൊരു നാള്‍
നിലാവും നിഴലും കൂടിക്കുഴയവേ,
സനാതനിയായ തിമിംഗലം
അയാള്‍ക്ക്‌ കര ജന്മം നല്‍കും.
തിരയോട് പുളയ്ക്കുന്ന കറുത്ത മക്കള്‍
രാപ്പാതിയിലിനിയും
അയാളുടെ വിളി കേട്ടുണരും.
*(പഴയ നിയമത്തിലെ യോനായുടെ കഥ ഓര്‍ക്കുക.)

Friday, November 9, 2012

നഗരം പാര്‍ക്കിലിറങ്ങുന്നു

പാര്‍ക്ക് ബെഞ്ചിലിരിക്കുമ്പോള്‍
മുറിച്ചു കടന്ന തെരുവിന്റെ ബഹളം
മനസ്സില്‍ കൂടെ വരും-
തണല്‍ത്തണുപ്പില്‍ വിയര്‍പ്പാറും വരെ.

കടും ചായങ്ങളില്‍ കോറിയിട്ടതൊക്കെയും
ജീവിതമെന്ന് ശഠിക്കുന്നവന്‍
പുല്‍ത്തകിടിയില്‍ ആകാശം നോക്കിയിരിക്കും.
അക്ഷരങ്ങളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍
കവിയെന്നു സ്വന്തം നിഴല്‍ തിന്നും.
മുഷിഞ്ഞു നാറിയ ചിത്തരോഗി
ഓര്‍ത്തുവെച്ച തെറിപ്പാട്ടുകളില്‍ രതി മൂര്‍ച്ച തേടും.
തിരക്കൊഴിഞ്ഞ മൂലയിലെ വിഷാദരോഗി
പാടിപ്പതിഞ്ഞ ഗസല്‍ തളിര്
അലസമായി നുള്ളി വീഴ്ത്തും.
ഉരുമ്മി നടക്കുന്ന യുവ മിഥുനങ്ങള്‍
പ്രണയനഷ്ടഭയം വ്യര്‍ത്ഥം ചിലച്ചു മാറ്റി വെക്കും.
പിരിയാന്‍ കൊതിക്കുന്ന ദമ്പതികള്‍
കുഞ്ഞിക്കൈകള്‍ക്കിരുപുറം ഇണക്കം നടിക്കും.
ഉടലളവിന്റെ തുറസ്സുകളില്‍
തെരുവ് പെണ്ണൊരുത്തി ഇരയെ തേടും.
ഗൂഡം ചിരിച്ചു കൊണ്ടൊരുവന്‍
ഉരുപ്പടിമേന്മയുടെ സമവാക്യമോതും.
വിശപ്പിന്റെ നോക്കികുത്തിയൊരു കുഞ്ഞ്
ഒന്നും കഴിക്കാതെ കൊണ്ട് നടക്കും-
മിട്ടായി, കടല, മുറുക്ക്, നാരങ്ങ.

വൈദ്യുതി വിളക്കുകളുടെ രാത്തെളിച്ചത്തില്‍
നഗരക്ഷീണങ്ങള്‍ പാര്‍ക്കിലിറങ്ങി നിറയും.
കള്ളന്മാരും ചുങ്കക്കാരും വേശ്യകളും
വരാനില്ലാത്ത ദൈവപുത്രനെ മറന്നു വേട്ടക്കിറങ്ങും .
പാര്‍ക്ക് ബെഞ്ചുകള്‍ അപ്പോള്‍ കാത്തിരിക്കും:
നഗരരാവിന്റെ മഞ്ഞു പെയ്യുന്ന അന്ത്യയാമാങ്ങള്‍ക്കായി.