Featured Post

Monday, June 22, 2026

In the Shadow of the Banyan by Vaddey Ratner

 “അതിജീവിച്ചവരില്‍ തുറന്നുപറയാന്‍ തീരുമാനിക്കുന്നയാള്‍ക്ക് അത് വ്യക്തമാണ്: അയാളുടെ ദൗത്യം മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി സാക്ഷിപറയലാണ്. നമ്മുടെ സഞ്ചിത സ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറക്ക് അപ്രാപ്യമാക്കാന്‍ അയാള്‍ക്ക് അധികാരമില്ല.  മറക്കുക എന്നത് അപകടകരം മാത്രമല്ല, മ്ലേച്ചവുമാണ്; മരിച്ചവരെ മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊരിക്കല്‍ കൂടി കൊന്നുകളയലാണ് " -

                                                                            - (‘Night’, ഏലി വീസല്‍)

1940-കളില്‍ ഫ്രാന്‍സിനെതിരായ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നാണ് കമ്പൂച്ചിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (CPK) അഥവാ ഖമേര്‍ റൂഷ് (Khmer Rouge) രൂപമെടുത്തത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര കമ്പോഡിയയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് നിരന്തരമായ അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നു. 1970 മാര്‍ച്ചില്‍ ഫീല്‍ഡ് മാര്‍ഷല്‍ ലോണ്‍ നോള്‍ അമേരിക്കന്‍ സഹായത്തോടെ രാജഭരണം തൂത്തെറിയുകയും ഖമേര്‍ റൂഷുമായി തുറന്ന സായുധ പോരാട്ടം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ , 1973 ആവുമ്പോഴേക്കും പട്ടാള ഭരണത്തിനുമേല്‍ ഖമേര്‍ റൂഷ് ശക്തമായ മേധാവിത്തം നേടുകയും നാടിന്റെ എണ്‍പത്തിയഞ്ചു ശതമാനം പ്രദേശത്തും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു . 1975 ഏപ്രില്‍ 17-ന് 'ഡെമോക്രാറ്റിക് കമ്പൂച്ചിയ' സ്ഥാപിതമായി.  മുതലാളിത്ത മൂലധന വ്യവസ്ഥയില്‍ അധിഷ്ടിതമായ സ്വതന്ത്രകമ്പോളത്തെ പരിപൂര്‍ണ്ണമായി നിരാകരിച്ച് ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെ വര്‍ഗ്ഗരഹിത കമ്യൂണിസ്റ്റ് സമൂഹം സ്ഥാപിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. “ഇത് നേടിയെടുക്കാനായി പണം, സ്വതന്ത്ര കമ്പോളം, സാധാരണ വിദ്യാഭ്യാസം, സ്വകാര്യ സ്വത്ത്, വിദേശ വസ്ത്രധാരണരീതി, മതപരമായ ചടങ്ങുകള്‍, പരമ്പരാഗത കംബോഡിയന്‍ സാംസ്കാരിക ശേഷിപ്പുകള്‍ എന്നിവയൊക്കെ നിരാകരിക്കപ്പെട്ടു. പൊതുസ്കൂളുകള്‍, പഗോഡകള്‍,   മുസ്ലിം-ക്രിസ്ത്യന്‍ പള്ളികള്‍, യൂണിവേഴ്സിറ്റികള്‍, കടകള്‍,സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവയെല്ലാം അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ ജയിലുകള്‍, കാലിത്തൊഴുത്തുകള്‍, പുനര്‍വിദ്യാഭ്യാസ ക്യാമ്പുകള്‍,  ധാന്യപ്പുരകള്‍ തുടങ്ങിയവയാക്കി മാറ്റുകയോ ചെയ്തു. പൊതു-സ്വകാര്യ ഗതാഗത മാര്‍ഗ്ഗങ്ങള്‍,  സ്വകാര്യ സ്വത്ത്, വിപ്ലവേതരമായ ഉല്ലാസമാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കപ്പെട്ടു.  ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വന്നു. സി.പി.കെ. നേതാക്കള്‍ ഉള്‍പ്പടെ നാടെങ്ങും ഉള്ള ആളുകള്‍ കറുത്ത വേഷം ധരിക്കേണ്ടതുണ്ടായിരുന്നു, അതായിരുന്നു സാമ്പ്രദായിക വിപ്ലവ വേഷം.' - (കംബോഡിയ ട്രിബ്യൂണല്‍ മോണിറ്റര്‍ ). 1975 ഏപ്രില്‍ 17 മുതല്‍ 1979 ജനുവരി പത്തിന് വിയെറ്റ്നാം സൈന്യത്തിന്‍റെ പിന്തുണയോടെ ഇരമ്പിയെത്തിയ കമ്പൂച്ചിയന്‍ യുനൈറ്റെഡ് ഫ്രണ്ടിനു മുന്നില്‍ അടിയറവെക്കും വരെ കാലയളവില്‍ ഈ കമ്യൂണിസ്റ്റ് ഉടോപ്പിയയുടെ പേരില്‍ ഖമേര്‍ റൂഷ് അരങ്ങേറിയ നരമേധങ്ങളില്‍ രണ്ടു മില്യനോളം ജനങ്ങള്‍ -ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് - ഉന്മൂലനം ചെയ്യപ്പെട്ടു...............

https://www.fazalrahman.com/essays/article/in-the-shadow-of-the-banyan

The Corpse Washer by Sinan Antoon

 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ കൊലപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയില്‍ സൗകര്യം പോലെ ക്ലിപ്തപ്പെടുത്തുന്നവരുണ്ട്.  മാനദണ്ഡങ്ങള്‍ പലതാണ് അവര്‍ക്ക്. പുതു തലമുറ സ്ഫോടകായുധങ്ങള്‍ കൊണ്ടും (I ED – Improved Explosive Device), തൂക്കിലേറ്റലും സ്വാഭാവിക സംഘര്‍ഷഫലമായും സംഭവിക്കുന്ന മരണങ്ങള്‍ക്ക് കണക്കുകളുണ്ടാവാം. എന്നാല്‍ കാണാതായവരുടെ കണക്കോ? തൊട്ടരികില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ ഹൃദയം നിലച്ചു മരിച്ചു പോകുന്ന വയോധികരോ? സൈനിക നടപടികളുടെ ബാക്കിപത്രമായ അണുവികിരണത്തെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതരാവുന്ന സിവിലിയന്‍ മരണങ്ങളോ? തകര്‍ന്നുപോയ ആരോഗ്യമേഖലയുടെ ഫലമായി സംഭവിക്കുന്ന നരകിച്ചുള്ള മരണങ്ങളോ? ഈ മരണങ്ങളെല്ലാം യുദ്ധത്തിന്റെ സൃഷ്ടിയായി എണ്ണപ്പെട്ടാലും ഇല്ലെങ്കിലും അവക്കൊക്കെയും അടക്കം ആവശ്യമുണ്ട്. അവരൊക്കെയും ഒടുവിലത്തെ വിശദമായ ശുദ്ധീകരണവും കഫന്‍ ചെയ്യലും കാത്തു മയ്യിത്തു കുളിപ്പിക്കലെന്ന പരമ്പരാഗത തൊഴില്‍ ചെയ്യുന്നയാളുടെ മാര്‍ബിള്‍ ബെഞ്ചില്‍ എത്തുകതന്നെ ചെയ്യും/ ചെയ്യേണ്ടതുണ്ട്. അവരെ കുളിപ്പിക്കുന്നതിന്റെ മൃതിജലം കുടിച്ച് കുളിപ്പുരക്ക് പിന്നില്‍ ചുളുങ്ങി വിരൂപമായി ഒരൊറ്റ മാതള നാരകം വളരുന്നുണ്ട്‌; കൂടെയുണ്ടായിരുന്ന മറ്റെല്ലാവരും കാലാകാലങ്ങളിലായി മരണത്തിലേക്കോ പാലായനത്തിലേക്കോ പ്രവാസത്തിലേക്കോ അജ്ഞാത വിധിയിലേക്കോ പടിയിറങ്ങിപ്പോയിക്കഴിഞ്ഞ ശേഷം ഏകാന്തവും ശൂന്യതയും അസ്തിത്വക്ഷീണവും അനുഭവപ്പെടുന്നതുമായ കഥാനായകന്റെ ജീവിതം പോലെ. സിനാന്‍ അന്തൂനിന്റെ ജവാദ് കാസിമും അയാളുടെ ജീവിതവും ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

 

തരിപ്പണമായിക്കഴിഞ്ഞ സമകാലിക ഇറാഖില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള പുതുതലമുറ എഴുത്തുകാരില്‍ ഏറെ പ്രഗത്ഭനാണ്‌ 1967-ല്‍ ബാഗ്ദാദില്‍ ജനിച്ച സിനാന്‍ അന്തൂന്‍ . 1991-ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇറാഖ് വിട്ട അന്തൂന്‍ ന്യൂ യോര്‍ക്കില്‍ അധ്യാപകനാണിപ്പോള്‍. കവിയും വിവര്‍ത്തകനും നോവലിസ്റ്റുമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അന്തൂനിന്റെ കൃതികള്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയും വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2010 -ല്‍ 'വഹ്ദ ശജരത് അല്‍ റുമാന്‍ '(ഒരൊറ്റ മാതള നാരകം) എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ രണ്ടാമത് നോവല്‍ നോവലിസ്റ്റ് തന്നെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണ് 'ദി കോര്‍പ്സ് വാഷര്‍ '.

https://www.fazalrahman.com/essays/article/the-corpse-washer


Homegoing by Yaa Gyasi

 പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന അടിമ വേട്ടയുടെ ഭാഗമായി ഗാംബിയായിലെ ജുഫൂറെയില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട തന്റെ പൂര്‍വ്വികന്‍ കുണ്ടാ കിന്റെയില്‍ തുടങ്ങി ഏഴു തലമുറകളിലൂടെ തന്റെ താവഴിയന്വേഷിക്കുന്ന 'റൂട്ട്സ്' എന്ന അലെക്സ് ഹാലിയുടെ ക്ലാസ്സിക് കൃതി 1977-ലാണ് പുറത്തിറങ്ങിയത്. വാമൊഴി വഴക്കത്തിലൂടെ കേട്ടറിഞ്ഞ കുടുംബ ചരിത്രം പന്ത്രണ്ട് വര്‍ഷക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് ഹാലി പൂര്‍ത്തീകരിച്ചത്. വിമര്‍ശനങ്ങളും വിവാദങ്ങളും ഒട്ടേറെയുണ്ടായെങ്കിലും വംശീയാന്വേഷണാഖ്യാനത്തില്‍ (genealogical or family saga) ഒരവസാന വാക്കായി 'റൂട്ട്സ്' ഇപ്പോഴും നിലക്കൊള്ളുന്നു. തങ്ങളുടെ പരമ്പരാഗത സാംസ്കാരിക സാമൂഹിക സ്വത്വങ്ങളില്‍ അഭിമാന പൂര്‍വ്വം കഴിഞ്ഞു വന്ന ജന വിഭാഗങ്ങളെ നയാടിപ്പിടിച്ചു ഒരു ഭാഷകൊണ്ടും വിവരിക്കാനാവാത്ത അപമാനവീകരണത്തിനിരയാക്കി അടിമക്കപ്പലുകളില്‍ കുത്തിനിറച്ച് യൂറോപ്പിലെങ്ങുമെന്ന പോലെ കരീബിയന്‍ റബ്ബര്‍ എസ്റ്റേറ്റുകളിലും, ഐക്യ നാടുകളിലും ദുസ്സഹമായ സാഹചര്യങ്ങളില്‍ അടിമപ്പണിക്കായി അടിമച്ചന്തകളില്‍ എത്തിച്ചാണ് ആ നാടുകളുടെ സമ്പല്‍ സമൃദ്ധി വലിയൊരളവു സൃഷ്ടിക്കപ്പെട്ടത്. ചരിത്രം ഓര്‍ക്കുന്നതിലേറെ മറക്കാനിഷ്ടപ്പെട്ട ആ ഇരുണ്ട കാലത്തിന്റെ മഹാവേദനകള്‍ ഒപ്പിയെടുത്ത പുസ്തകങ്ങള്‍ 'റൂട്ട്സ്' പോലെ അധികമില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം അടിമത്തത്തെ നിയമം മൂലം അവസാനിപ്പിച്ചെങ്കിലും സമൂഹത്തില്‍ ആഴത്തില്‍ ഉറഞ്ഞുപോയ സമ്പ്രദായങ്ങള്‍ നിയമത്തിന്റെ ശാലീന വഴികളില്‍ ഒതുങ്ങിപ്പോവുന്നതല്ല എന്ന് ആധുനിക അമേരിക്കന്‍ യാഥാര്‍ത്ഥ്യം സാക്ഷി. ടോണി മോറിസന്‍, ജെയിംസ് ബാള്‍ഡ് വിന്‍ , ആലിസ് വാക്കര്‍ , മയാ ഏഞ്ചലൂ തുടങ്ങി പുതു തലമുറയിലെ പോള്‍ ബീറ്റി, ഇംബോലോ എംബു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുതുകാല ആഫ്രിക്കന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ഫിക് ഷനില്‍ നിബന്ധിച്ചിട്ടുണ്ട്. യുവ ഘാനിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് യാ ജ്യാസിയുടെ പ്രഥമ നോവലായ 'ഹോം ഗോയിംഗ്' ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത് അത് നേടിയെടുത്ത അംഗീകാരങ്ങളുടെ പട്ടിക കൊണ്ട് മാത്രമല്ല, കൊളോണിയല്‍ അടിമ വേട്ടയുടെ ആദ്യ നാളുകള്‍ മുതല്‍ ഇങ്ങ് ജനാധിപത്യ ക്രമത്തിന്റെയൊക്കെ സമകാലിക വ്യവഹാരങ്ങളുടെ കാണാപ്പുറങ്ങള്‍ വരെ നീളുന്ന ഇതിഹാസമാനമുള്ള ആവിഷ്കാരമായി അത് മാറുന്നു എന്നത് കൊണ്ടാണ്.

 

അടിമ വ്യാപാരം - ആരുടെ പാപം?................

https://www.fazalrahman.com/essays/article/homegoing

The Great Gatsby (1925) by F. Scott Fitzgerald

 രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെ ഇടവേളയിലെ അമേരിക്കന്‍ സാഹിത്യത്തെ നിര്‍വ്വചിക്കുന്നതില്‍ ഹെമിങ് വെയോടും ഫോക് നറോടും സമശീര്‍ഷനാണ് സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ്. ഹെമിങ് വേയെ പോലെത്തന്നെ സ്വന്തം വ്യക്തിജീവിത മിത്തുകള്‍ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ക്കു മേല്‍ നിഴല്‍ വീഴ്ത്തി; പലപ്പോഴും, അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസില്‍ എന്ന പോലെ, അവയെ പരസ്പരം വേര്‍തിരിക്കാനാകാത്ത വിധം കൊരുത്തുവെച്ചു. ‘നവോഥാന ശേഷിപ്പായി കൈവന്ന, വൈയ്യക്തിക അഭിലാഷവും വീര സങ്കല്‍പ്പവും കൂടിച്ചേരുന്ന ആദര്‍ശ പരതയില്‍ പ്രതിബദ്ധമോ അഥവാ അതില്‍ നിന്ന് നിഷ്കാസിതമോ ആയ ജീവിതത്തിന്റെ കാല്‍പ്പനിക ഭാവനാലോകത്തെ സ്ഥാപിക്കുന്ന അവസാനത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍’ എന്ന ലയണല്‍ ട്രില്ലിങ്ങിന്റെ നിരീക്ഷണം ഫിറ്റ്സ്ജെറാള്‍ഡിനെ കുറിച്ചുള്ള സമഗ്രവും അതിസൂക്ഷ്മവുമായ ഒരു ചുരുക്കെഴുത്താണ്. ആദര്‍ശപരതയെ സാക്ഷാത്കരിക്കാനും ഒപ്പം അതിനപ്പുറം കടക്കാനുമുള്ള ഈ കാല്‍പ്പനിക അന്വേഷണം അമേരിക്കന്‍ സാഹിത്യത്തിലെ തന്നെ അടിസ്ഥാന ധാരയാണ്. അമേരിക്കന്‍ സാഹിത്യലോകത്തെ ഏറ്റവും ദുഃഖിതനും പീഡിതനുമായ വ്യക്തിത്വം എന്ന് ചിലര്‍ അനുതപിച്ചപ്പോള്‍ ‘കുടിയന്മാരായ പിള്ളാരുടെ കള്‍ട്ട് ഗ്രൂപ്പ്’ എന്ന് അപഹസിക്കപ്പെട്ട ഒരു കാലത്തിന്റെ പ്രതിനിധി മാത്രമായിരുന്നു വേറെ ചിലര്‍ക്ക് ഫിറ്റ്സ്ജെറാള്‍ഡ്. ‘ഒരുപക്ഷെ അമേരിക്കയുടെ ഏറ്റവും മികച്ച നോവല്‍’ എന്ന് പോലും വിളിക്കപ്പെട്ട ‘ദ ഗ്രേറ്റ് ഗാറ്റ്സ്ബി’യുടെ നൂറാം വാര്‍ഷികത്തില്‍ ആ കൃതി ഇന്നും അവശേഷിപ്പിക്കുന്ന സാമൂഹിക -നൈതിക ചിന്തകളുടെ ലോകത്തിലേക്ക് കണ്ണോടിക്കുക സംഗതമായേക്കും.

ഫിറ്റ്സ്ജെറാള്‍ഡ് - ‘ജാസ് കാല’ത്തിന്റെ കണ്ണാടി?

മദ്യവും നൃത്തവും ജാസ് സംഗീതവും അമേരിക്കന്‍ ജീവിതത്തെ വലിയതോതില്‍ അടയാളപ്പെടുത്തിയ ‘അലറുന്ന ഇരുപതുകള്‍’ (Roaring Twenties), എന്നു വിളിക്കപ്പെട്ട 1920-കള്‍ ഒന്നാംലോകയുദ്ധാനന്തര സാമ്പത്തികക്കുതിപ്പിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും സൃഷ്ടിയായിരുന്നു. കാല്‍പ്പനികതയും സ്ഥായിയാവുക അസാധ്യമായ ഒരു ആഘോഷ പ്രതിഭാസത്തിന്റെ നൈരാശ്യങ്ങളും കൂടിക്കലര്‍ന്ന ഈ ഹ്രസ്വദീപ്തിക്ക് Tales of the Jazz Age (1922) എന്ന സമാഹാരത്തിലൂടെ ‘ജാസ് കാലം’(Jazz Age) എന്ന വിളിപ്പേര് നല്‍കിയത് ഫിറ്റ്സ്ജെറാള്‍ഡ് തന്നെയാണ്.............. 

https://www.fazalrahman.com/essays/article/the-great-gatsby-1925


Sunday, June 21, 2026

The Parisian by Isabella Hammad

 ഇസബെല്ല ഹമ്മാദ്: ചരിത്രം, സ്വത്വം, പ്രവാസജീവിതം




ലണ്ടനിൽ പലസ്തീനിയൻ പിതാവിന്റെയും ബ്രിട്ടീഷ് മാതാവിന്റെയും മകളായി ജനിച്ച ഇസബെല്ല ഹമ്മാദ്, തന്റെ ഫിക്ഷനുകളിലൂടെ അതീവ ശക്തമായി ദൃശ്യവൽക്കരിക്കുന്ന ആ പ്രവാസാവസ്ഥയെ (Diasporic Condition) സ്വന്തം ജീവിതത്തിലും പേറുന്ന വ്യക്തിയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, അറബ്, യൂറോപ്യൻ, ആംഗ്ലോഫോൺ സാഹിത്യ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര വീക്ഷണകോണിൽ നിന്നാണ് എഴുതുന്നത്. അവരുടെ ആദ്യ നോവലായ 'ദി പാരിസിയൻ', സ്വന്തം കുടുംബചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചതാണെങ്കിലും, പലസ്തീന്റെ കൊളോണിയൽ സങ്കീർണ്ണതകളെ ഒരു വിഹഗവീക്ഷണത്തോടെ നോക്കിക്കാണുന്ന വലിയൊരു ആഖ്യാനമായി അത് വികസിക്കുന്നു. പ്രവാസികളായ എഴുത്തുകാർ പലപ്പോഴും വ്യക്തിപരമായ ഓർമ്മകളെ എങ്ങനെയാണ് ഒരു ജനതയുടെ കൂട്ടായ സാക്ഷ്യമാക്കി മാറ്റുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കൃതി.

പലസ്തീന് പുറത്തുള്ള ഹമ്മാദിന്റെ ജീവിതം, അവിടുത്തെ ഭൂതകാലത്തെ ഒരേസമയം അതീവ ആത്മബന്ധത്തോടെയും എന്നാൽ നിഷ്പക്ഷമായ ഒരു അകലം പാലിച്ചുകൊണ്ടും പുനർനിർമ്മിക്കാൻ അവരെ സഹായിക്കുന്നുണ്ട്; ഇത് പലസ്തീനിയൻ സാഹിത്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ ആഗോള സാഹിത്യത്തിന് മുന്നിൽ പ്രതിഷ്ഠിക്കാൻ ഇടയാക്കുന്നു. ഈ അർത്ഥത്തിൽ, അദാനിയ ശിബിലി, റൂല ജബ്രിയേൽ, തുടങ്ങിയവരെപ്പോലെ ഗസ്സാൻ കനഫാനിയുടെ പ്രവാസികളായ പിൻഗാമികൾ അടങ്ങുന്ന പലസ്തീനിയൻ പ്രവാസ ശബ്ദങ്ങളുടെ നിരയിലാണ് അവർ നിലകൊള്ളുന്നത് — വ്യത്യസ്ത ഭാഷകൾക്കും ഭൂപ്രദേശങ്ങൾക്കും അപ്പുറം ജന്മനാടിനായുള്ള പോരാട്ടങ്ങളെയും സങ്കര സ്വത്വങ്ങളെയും (hybridity) പ്രവാസത്തിന്റെ അന്യവൽക്കരണത്തെയുമൊക്കെയാണ് ഇവരുടെ കൃതികൾ ആവിഷ്കരിക്കുന്നത്.

ഇസബെല്ല ഹമ്മാദിന്റെ 'ദി പാരിസിയൻ' (2019), പ്രാഥമികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സങ്കീർണ്ണമായ തലങ്ങളിലൂടെ പലസ്തീന്റെ ഭൂതകാലത്തെ പുനർവിഭാവനം ചെയ്യുന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഒരാദ്യ’ (debut) നോവലാണ്..... 

https://www.fazalrahman.com/essays/article/the-parisian-by-isabella-hammad


The Woman from Tantoura by Radwa Ashour/ Kay Heikkinen

 


കേവലം എഴുത്തിൽ മാത്രമല്ല, റദ്‌വ ആശൂറിന്റെ സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തലങ്ങളും രാഷ്ട്രീയവും പരസ്പരം പിണഞ്ഞുകിടന്നു. പലസ്തീനിയൻ കവിയായ മുരീദ് ബർഗൂതിയുമായുള്ള അവരുടെ വിവാഹജീവിതത്തിൽ, രാഷ്ട്രീയപരമായ കാരണങ്ങളാലും നാടുകടത്തലുകളാലും പതിനേഴു വർഷത്തോളം അവർക്ക് നിർബന്ധിതമായി പരസ്പരം പിരിഞ്ഞു കഴിയേണ്ടി വന്നു. ജീവചരിത്രപരമായ ഈ വിശദാംശം രണ്ട് കാരണങ്ങളാൽ അതീവ പ്രധാനമാണ്. ഒന്നാമത്, പലസ്തീനിയൻ പശ്ചാത്തലത്തിൽ വ്യക്തിപരമായ ജീവിതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല (the personal is political) എന്ന് ഇത് വ്യക്തമാക്കുന്നു; അവിടെ പ്രണയവും വിവാഹവും കുടുംബജീവിതവുമൊക്കെ അധിനിവേശത്താലും ഭരണകൂട അധികാരത്താലും നിരന്തരം തകിടം മറിക്കപ്പെടുന്നു. രണ്ടാമതായി, ഈജിപ്ഷ്യൻ പൗരത്വമുള്ള വ്യക്തിയായിരുന്നിട്ടും റദ്‌വ ആശൂറിനെ പലസ്തീനിയൻ ക്ലാസിക് സാഹിത്യത്തിന്റെ നിരയിൽ പ്രതിഷ്ഠിക്കാൻ ഇത് കാരണമാകുന്നു. ബർഗൂതിയുടെ ജീവിതപങ്കാളി എന്ന നിലയിലും, പലസ്തീനിയൻ പ്രവാസത്തെയും അവരുടെ സാക്ഷ്യങ്ങളെയും തന്റെ ഫിക്ഷനുകളുടെ കേന്ദ്രബിന്ദുവാക്കിയ എഴുത്തുകാരി എന്ന നിലയിലും ആശൂറിന്റെ ശബ്ദം പലസ്തീനിയൻ സാഹിത്യ പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടുതന്നെ, അവരുടെ 'ദി വുമൺ ഓഫ് തന്തൂറ' എന്നത് സാക്ഷ്യസാഹിത്യ (witness literature) നോവൽ മാത്രമല്ല, മറിച്ച് ഈജിപ്ഷ്യൻ-പലസ്തീനിയൻ സാഹിത്യ പാരമ്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയാണ്.... 

തുടര്‍ന്ന് വായിക്കാന്‍ ദയവായി സന്ദര്‍ശിക്കുക: 

https://www.fazalrahman.com/essays/article/the-woman-from-tantoura-by-radwa-ashour-kay-heikkinen



Saturday, June 20, 2026

T T Sreekumar on Maveli Manrangal

 

ഫസൽ റഹ്മാന്റെ കെ. ജെ. ബേബി വായന: രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, പ്രതിരോധത്തിന്റെ 

ധാർമ്മികത

ചെറുപ്പകാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് കെ. ജെ ബേബി എന്ന പേര്. അദേഹത്തിന്റെ തെരുവുനാടകം ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് തെരുവില്‍ കണ്ടിട്ടുണ്ട്. നോവലുകള്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കനവ്‌ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ബേബിയുടെ നോവല്‍ ത്രയങ്ങളില്‍ ഒന്ന് (ബെസ്പുര്‍ക്കാന) കഴിഞ്ഞ വര്‍ഷം എന്റെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി അവളുടെ പഠനത്തില്‍ ഉള്പ്പെടുത്തിയിരുന്നതിനാല്‍ ഞാനും ആഴത്തില്‍ വായിച്ചതാണ്. ബെസ്പുര്‍ക്കാനയുടെ നാനാര്‍ത്ഥങ്ങള്‍ ഞങ്ങളെ അമ്പരപ്പിച്ചിതാണ്. അതുകൊണ്ടുതന്നെ, ഫസല്‍ റഹ്മാന്‍ ഈ പുസ്തകം അയച്ചുതന്നപ്പോള്‍ അതിലൂടെ ആവേശത്തോടെ കടന്നുപോകാന്‍ എനിക്ക് തെല്ലും മടിയുണ്ടായില്ല. മാത്രമല്ല. പ്രിയ സുഹൃത്ത്‌ മുസഫര്‍ അഹമ്മദ് ആണ് ഇതിനു അവതാരിക എഴുതിയിരിക്കുന്നത്.

ഒരു കാര്യം ആദ്യമേ പറയാം: കെ. ജെ. ബേബിയുടെ കൃതികളെക്കുറിച്ചുള്ള ഫസൽ റഹ്മാന്റെ വിമർശനാത്മക പഠനത്തിന്റെ പ്രസിദ്ധീകരണം സമകാലിക മലയാള സാഹിത്യ-സാംസ്കാരിക വിമർശനരംഗത്ത് കാലികവും ശ്രദ്ധേയവുമായ ഒരു ഇടപെടലാണ് (മാവേലി മന്‍റങ്ങള്‍, കാര്‍നെറ്റ് ബുക്സ്). ആദിമത്വം (indigeneity), പാരിസ്ഥിതികനീതി, ബദൽ വിദ്യാഭ്യാസം, സബ്ആൾട്ടേൺ (subaltern) ജ്ഞാനവ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ, ബേബിയുടെ സമ്പൂർണ്ണകൃതികളുമായുള്ള നിരന്തരമായ സമ്പർക്കം വെറുമൊരു അക്കാദമിക് വ്യായാമത്തിനപ്പുറം, നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-ധാർമ്മിക ചോദ്യങ്ങളിലേക്കുള്ള അന്വേഷണമായി മാറുന്നു എന്നതിനുള്ള ഉദാഹരണമാണ് ഈ കൃതി.

കേരളത്തിന്റെ ബൗദ്ധിക-സാംസ്കാരിക മണ്ഡലത്തിൽ കെ. ജെ. ബേബിക്ക് തികച്ചും സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. അദ്ദേഹം നോവലിസ്റ്റോ നാടകകൃത്തോ മാത്രമല്ല, മറിച്ച് ഒരു റാഡിക്കല്‍ ബുദ്ധിജീവി, ആക്ടിവിസ്റ്റ്, അധ്യാപകൻ, പ്രസ്ഥാനങ്ങളുടെ ശില്പി എന്നീ നിലകളിലൊക്കെ മാതൃകകള്‍ സൃഷ്ടിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ‘മാവേലിമന്റം’ എന്ന നോവലും, രാഷ്ട്രീയവീര്യമുള്ള നാടകങ്ങളും, അതിലുപരിയായി വയനാട്ടിലെ ‘കനവ്’ എന്ന ഗോത്രവർഗ്ഗ ബദൽ സ്കൂളിലൂടെയുള്ള അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനങ്ങളും മലയാള പൊതുജീവിതത്തിലെ ഏറ്റവും സവിശേഷമായ ശബ്ദങ്ങളിലൊന്നായി അദ്ദേഹത്തെ മാറ്റി. രാഷ്ട്രീയം കേവലം പുസ്തകത്താളുകളിൽമാത്രം ഒതുക്കുന്ന പല എഴുത്തുകാരിൽനിന്നും വ്യത്യസ്തമായി, ബേബിയുടെ ജീവിതവും പ്രവർത്തനങ്ങളും സർഗ്ഗാത്മക ആവിഷ്കാരവും സാമൂഹിക പ്രവർത്തനവും തമ്മിലുള്ള നിരന്തരമായ സംവാദത്തിന്റെ നേർക്കാഴ്ചയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുമായുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽനിന്നാണ് ആ സാഹിത്യഭാവന ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനകൾ ഭൂമി, സ്വത്വം, പരിസ്ഥിതി, അന്തസ്സ് എന്നിവയ്ക്കായുള്ള വലിയ പോരാട്ടങ്ങളിൽനിന്നും വേർപെടുത്താനാവാത്തതാണ്.

സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള ഈ സങ്കീർണ്ണമായ ബന്ധത്തെ അഴിച്ചെടുക്കാനാണ് ഫസൽ റഹ്മാൻ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. കർത്തൃത്വത്തെയും (authorship) ശബ്ദത്തെയും കുറിച്ചുള്ള ചർച്ചകളിൽ തുടങ്ങി പ്രത്യയശാസ്ത്രം, ഭാഷ, നാടകഘടന, സൗന്ദര്യശാസ്ത്രം, പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം എന്നിവയിലേക്ക് നീളുന്ന തരത്തിൽ വളരെ ശ്രദ്ധയോടെയാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. മാവേലിമന്റത്തെക്കുറിച്ചുള്ള അധ്യായങ്ങളും, ബേബിയുടെ നാടകങ്ങളും, അദ്ദേഹത്തിന്റെ ഭാഷാപരവും ആഖ്യാനപരവുമായ തന്ത്രങ്ങളും വ്യക്തമാക്കുന്നത് ഫസൽ കേവലം വ്യക്തിഗത കൃതികളെ വ്യാഖ്യാനിക്കാൻ മാത്രമല്ല, അവയ്ക്ക് അടിവരയിടുന്ന വലിയൊരു ബൗദ്ധികപദ്ധതിയെ മനസ്സിലാക്കാനാണ് താല്പര്യപ്പെടുന്നത് എന്നാണ്.

ബേബിയെ ഒരു രാഷ്ട്രീയപ്രവർത്തകനിലോ അല്ലെങ്കിൽ ഒരു സാഹിത്യശില്പിയിലോ മാത്രമായി ചുരുക്കാൻ വിസമ്മതിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തുപറയേണ്ട വലിയൊരു കരുത്ത്. അത്തരം ബൈനറികളെ (binaries) മറികടക്കാനുള്ള ബേബിയുടെ കൃതികളുടെ ശേഷിയിലാണ് അവയുടെ ശക്തിയെന്ന് ഫസൽ തിരിച്ചറിയുന്നു. സൗന്ദര്യശാസ്ത്ര രൂപത്തിലൂടെ രാഷ്ട്രീയം ഉയർന്നുവരുമ്പോൾ, സൗന്ദര്യശാസ്ത്രംതന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഒരു മാധ്യമമായി മാറുന്നു. വികസനം, നാഗരികത, പുരോഗതി എന്നിവയെക്കുറിച്ചുള്ള പ്രബലമായ ആഖ്യാനങ്ങളെ ബേബിയുടെ രചനകൾ എങ്ങനെയാണ് വെല്ലുവിളിക്കുന്നതെന്നും, അതേസമയം ഗോത്രവർഗ്ഗ അനുഭവിങ്ങളിലും കൂട്ടായ സ്മരണകളിലും വേരൂന്നിയ ബദൽ കഥപറച്ചിൽ രീതികൾ എങ്ങനെയാണ് അവർ സൃഷ്ടിക്കുന്നതെന്നും ഈ പഠനം കാണിച്ചുതരുന്നു.

ഭാഷയെക്കുറിച്ചുള്ള ചർച്ച ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഗോത്രവർഗ്ഗക്കാരുടെ സംസാരരീതികളും, വാമൊഴി പാരമ്പര്യങ്ങളും, ബദൽ ജ്ഞാനശാസ്ത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ബേബിയുടെ കൃതികൾ പലപ്പോഴും മുഖ്യധാര മലയാള സാഹിത്യത്തിന്റെ ഭാഷാപരമായ പതിവുകളെ തകിടം മറിച്ചിട്ടുണ്ട്. ഫസൽ ഈ വശത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു; ഭാഷയെ കേവലം ഒരു ശൈലീപരമായ ഉപാധിയായി കാണാതെ, സാംസ്കാരിക പ്രതിരോധത്തിന്റെയും രാഷ്ട്രീയ പ്രഖ്യാപനത്തിന്റെയും വേദിയായാണ് അദ്ദേഹം അതിനെ കണക്കാക്കുന്നത്. അതിലൂടെ പ്രാതിനിധ്യം, ശബ്ദം, സാഹിത്യരൂപത്തിന്റെ രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളിൽ അദ്ദേഹം ബേബിയെ പ്രതിഷ്ഠിക്കുന്നു.

നാടകഘടനയ്ക്കായി (dramaturgy) മാറ്റിവെച്ചിരിക്കുന്ന അധ്യായവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. കെ. ജെ. ബേബിയുടെ നാടകങ്ങൾ വെറും തീയേറ്റർ പ്രകടനങ്ങൾ എന്നതിനപ്പുറം കാലങ്ങളായി സാമൂഹിക ഇടപെടലിനുള്ള ആയുധങ്ങളായാണ് പ്രവർത്തിച്ചിട്ടുള്ളത്. കൂട്ടായ ചിന്തയും പങ്കാളിത്തവും സൃഷ്ടിക്കാനുള്ള അവയുടെ ശേഷിയിൽനിന്നാണ് അവയുടെ രാഷ്ട്രീയ ഊർജ്ജം ഉണ്ടാകുന്നത്. അധികാരത്തിന്റെ ചോദ്യങ്ങൾ, പാർശ്വവൽക്കരണം, ഓർമ്മ, പ്രതിരോധം എന്നിവയെ ഈ നാടകങ്ങൾ തനതായ നാടകീയ തന്ത്രങ്ങളിലൂടെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫസലിന്റെ വിശകലനം വെളിച്ചത്തു കൊണ്ടുവരുന്നു. ഒരു നാടകകൃത്ത് എന്ന നിലയിൽ ബേബിയുടെ സംഭാവനകൾക്ക് അദ്ദേഹത്തിന്റെ നോവലുകളെ അപേക്ഷിച്ച് പലപ്പോഴും തുടർച്ചയായ വിമർശനാത്മക ശ്രദ്ധ കുറവാണ് ലഭിച്ചിട്ടുള്ളത് എന്നതിനാൽ ഈ സമീപനം ഏറെ വിലപ്പെട്ടതാണ്.

മുസഫർ അഹമ്മദിന്റെ അവതാരിക ഈ പഠനത്തെ കൂടുതൽ വിശാലമായ ബൗദ്ധിക സംവാദങ്ങളിലേക്ക് നയിക്കുകയും സമകാലിക കേരളത്തിൽ ബേബിയുടെ കൃതികളുടെ തുടർച്ചയായ പ്രസക്തിയെ അടിവരയിടുകയും ചെയ്യുന്നു. പഠനത്തിലുടനീളം കാണാൻ കഴിയുന്ന ആഴത്തിലുള്ള ഇടപെടലാണ് ഫസൽ റഹ്മാന്റെ കൃതിയെ ആത്യന്തികമായി വേറിട്ടു നിർത്തുന്നത്. ബേബിയുടെ രചനകളുടെ പാഠപരവും രാഷ്ട്രീയവും ദാർശനികവുമായ തലങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു വിമർശകന്റെ വിശദവും സസൂക്ഷ്മവുമായ വായനയാണിത്. സംസ്കാരം, അധികാരം, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളിൽ ഈ കൃതികളെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന് കഴിയുന്നു. കെ. ജെ. ബേബിയെ ആദ്യമായി പരിചയപ്പെടുന്ന വായനക്കാർക്ക് ഇതൊരു വിമർശനാത്മക ആമുഖമായി വർത്തിക്കുമ്പോൾ, അദ്ദേഹത്തിന്റെ കൃതികളുടെ ഗവേഷകർക്കും ദീർഘകാല വായനക്കാർക്കും ഇത് പുതിയ ഉൾക്കാഴ്ചകൾ സമ്മാനിക്കുന്നു. ഗോത്രവർഗ്ഗ ജീവിതം, പാരിസ്ഥിതിക ഭാവി, ബദൽ വിദ്യാഭ്യാസം, സാമൂഹിക നീതി എന്നിവയെക്കുറിച്ച് ബേബി ഉയർത്തിയ ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുള്ള ഈ കാലഘട്ടത്തിൽ, സമകാലിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-സാഹിത്യ ശബ്ദങ്ങളിലൊന്നായി കെ. ജെ. ബേബി തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ഒരു വിലപ്പെട്ട ചട്ടക്കൂട് ഫസൽ റഹ്മാന്റെ പഠനം നൽകുന്നു.

https://www.facebook.com/tt.sreekumar/posts/pfbid02kALMf5rkP8ydAEFdQMF75UbxY23G3yMJPEHHdgXCeqMoWhu1AzJrrurX1qdcmUc4l