Featured Post

Thursday, May 30, 2013

ഞാനിവിടെതനിച്ചിരിപ്പാണ്.

ഞാനിവിടെതനിച്ചിരിപ്പാണ്.
വിളക്കുമരംതിരിയണഞ്ഞ രാവില്‍
പ്രേതകഥയിലെ ഓരികള്‍
കൗമാരംബാക്കി വെച്ച വിത്തായി
മനസ്സില്‍മുള പൊട്ടുന്നുണ്ട്.
ഇരുട്ട്ഒരു മഴയാണ്-
മൂടിപ്പോയഭീതിവിത്തുകളെ
നീരൂട്ടിഉയിര്‍പ്പിക്കുന്നത്

ഞാനിവിടെതനിച്ചിരിപ്പാണ്.
വൈധവ്യത്തിന്റെഅമാവാസിയിലും
ഏറ്റവുംപ്രസന്നമായ പാട്ടുകളില്‍
എനിക്ക്താരാട്ട് തന്നവള്‍
നക്ഷത്രജാലകത്തില്‍ നിന്ന്
നോക്കിയിരിപ്പുണ്ട്‌ഇപ്പോഴും.
അതീതലോകമെങ്കിലും
അമ്മിഞ്ഞയുടെഉര്‍വ്വരത.

ഞാനിവിടെതനിച്ചിരിപ്പാണ്.
കൂട്ടംതെറ്റിപ്പോയ മേഘമായി
വഴക്കിട്ടുപോയ മകന്‍
ഒരുനാള്‍ തിരിച്ചു വരുമെന്ന്
മഴയായ്പെയ്തെന്‍ കള്ളിച്ചെടിക്ക്
തണലായ്കുട വിരിയുമെന്ന്
പുഴുവിനുംമണ്ണിരക്കും കൊടുക്കാതെ
ഇതെന്റെസ്നേഹങ്ങളൊക്കെയും.

ഞാനിവിടെതനിച്ചിരിപ്പാണ്.
ഏറ്റവുംവിഷാദ ഭരിതമായ പാട്ടുകളില്‍
അരുമ്പിപ്പോയകിനാക്കളെയോര്‍ത്തു
ശൂന്യമായപൂക്കൂടയും
പുകയടങ്ങാത്തചിതകളും
വിതുമ്മിനില്‍ക്കുന്ന ഒടുങ്ങാത്തരാവില്‍
കാണാക്കണ്ണില്‍തുഴയോര്‍ത്ത്,
തിരിച്ചുപോക്കില്ലാത്ത പുഴയോരത്ത്.

Friday, May 17, 2013

മയൂരങ്ങള്‍ തൂവല്‍ പൊഴിക്കുമ്പോള്‍


മയൂരങ്ങള്‍ തൂവല്‍ പൊഴിക്കവേ
ഒന്നും ഉതിര്‍ന്നു വീഴുന്നില്ല,
മഴവില്ലുകളല്ലാതെ.
പിറന്നാളിന്റെ പിന്‍വാതിലില്‍
ഒന്നും മറഞ്ഞു പോവുന്നില്ല,
പിന്നിട്ട കാലമാല്ലാതെ.
ഒരു മയില്‍ പീലിത്തണ്ടില്‍
കൊരുത്തുവെക്കാനാവില്ല
ചിറകു മുറ്റാത്ത പക്ഷിക്കാലം.
മണവും നിറവും പോയ
ഗത കാല സ്മാരകങ്ങള്‍
ആരെയും ഉയിര്‍പ്പിക്കുന്നില്ല.

എങ്കിലും
ജീവിതം തോറ്റ മേടുകള്‍ക്കപ്പുറം
മനസ്സിന്റെ ഹരിത രാശികളില്‍
മാന്തളിരിലെ മഞ്ഞുകണം പോലെ
ചേമ്പിലക്കുമ്പിള്‍ നീര്‍മുത്തു പോലെ
ഈ വൈഡൂര്യ കാന്തികള്‍.

Friday, May 10, 2013

കാവ്യ വഴികള്‍ ഇങ്ങനെയും.

കാവ്യ വഴികള്‍ ഇങ്ങനെയും.

I
ബാല്യവും കൗമാരവുമൊക്കെ കൊതിപ്പിക്കാത്ത കവിതയില്ല. നിറവിലും കുതൂഹലങ്ങളിലും അത് അടയാളപ്പെടുത്താന്‍ ശ്രമിക്കാത്ത കവികളില്ല. എങ്കിലും എപ്പോഴും അതൊരു പിടി തരാത്ത കുറുമ്പനായി മാറി നില്‍ക്കുകയും ചെയ്യും. കയ്യെത്തിപ്പിടിച്ചു എന്ന് ഗര്‍വിക്കുമ്പോഴും മാറി നിന്ന് അരുമയായ ഒരു കുസൃതിക്കാരനെ പോലെ കൈ കൊട്ടി ചിരിച്ച്, അഥവാ തൃപ്തനാവാത്ത കൊതിയനെ പോലെ കലമ്പി നിന്ന്, അല്ലെങ്കില്‍ വിശപ്പിന്റെ പേമാരിയില്‍ കുടയില്ലാത്ത കണ്ണും വയറുമായി, അതുമല്ലെങ്കില്‍ ശിശു പീഡകന്റെ ചോരക്കണ്ണ് ഭയന്നു ചൂളി നില്‍ക്കുന്ന കുഞ്ഞുടലായി, …... ഇതൊക്കെയായിരിക്കുമ്പോഴും ഇടക്കെപ്പോഴോ അമ്മിഞ്ഞക്കിനാവാകുന്ന നൈര്‍മ്മല്യമായി. എഴുതാന്‍ ശ്രമിക്കുന്ന ഏതൊരാളെയും പോലെ ഞാനും പലപ്പോഴും തിരിച്ചു പോയിട്ടുണ്ട് എന്റെയും ഗതകാലത്തിന്റെ തുറസ്സുകളിലേക്കും ദൈന്യങ്ങളിലേക്കുമൊക്കെ; അവിടെ കണ്ടതൊക്കെയും അടയാളപ്പെടുത്താന്‍ വേണ്ട ആയുസ്സും പ്രതിഭയുമില്ലെന്നറിഞ്ഞു കൊണ്ട് തന്നെ. ശ്രമിക്കാതിരിക്കനാവില്ല: അത് നിങ്ങളുടെ ഉടമ്പടിയാണ്- ഈ ജന്മവുമായി, അക്ഷരങ്ങളുമായി പ്രണയത്തിലായ മനസ്സുമായി. ഇനിയും മുന്നോട്ടു പോയാലോ, നിങ്ങളുടെ ജീവിതത്തില്‍ ചായക്കൂട്ടുകള്‍ക്ക് തീവ്രത കൂടും. സ്വപ്നങ്ങളുടെ വര്‍ണ്ണ രാജികള്‍ മാത്രമാവണമെന്നില്ല അത്. ചെറുപ്പമാവുക എന്നാല്‍ ഒരു പ്രണയമുണ്ടാവുക എന്ന് മാത്രമാണെന്ന് കരുതുന്ന അല്‍പ്പ പ്രാണികളോട് ഒരു കാലത്തും അത്ര പ്രിയം തോന്നിയിട്ടില്ലത്തത് കൊണ്ടായിരിക്കാം, നാളിതു വരെയും ഒരു മില്‍സ് ആന്റ് ബൂണ്‍സ് വായനാ സുഖം അനുഭവിക്കാനായിട്ടില്ല. പ്രണയവും രതിയുമൊക്കെ, ഒരു ഭാഗം തന്നെ. പക്ഷെ നീയന്നു കണ്ട ഹരിത സ്വപ്നങ്ങളോ? അകലങ്ങളിലെ കുരുതികളില്‍ നിന്റെ ഹൃദയം ചോര വാര്‍ന്നതോ? നിന്റെ തലമുറയുടെ പ്രതീക്ഷകളോട് നീ ചേര്‍ത്തു വെച്ച തീവ്ര സമര്‍പ്പണങ്ങളോ?
ഈ നിറവുകള്‍ കൂടിയില്ലെങ്കില്‍ പിന്നെന്തു യൗവ്വനം! പിന്നെന്തിനു യൗവ്വനം! നീയതില്‍ വിജയിച്ചുവോ എന്നതും അഥവാ എന്താണ് വിജയം എന്നതുമൊക്കെ കാലം മാത്രം മറുപടി പറയേണ്ട ചോദ്യങ്ങള്‍. ആ കടലിലേക്ക്‌ തന്നെയല്ലേ യാത്രയും? അത് കൊണ്ടാവണം എല്ലാ പനിയുമടങ്ങി നീയൊരു ഭാരരഹിതനാവാന്‍ കൊതിക്കുന്നത്. ഏറ്റവും ഭാരമുള്ള ജീവിതം അന്യനു വേണ്ടിയുള്ളതാണെന്ന് നീതി ശാസ്ത്രം; ഏറ്റവും ഭാരമുള്ള മരണവും. അതൊക്കെ വലിയ, വലിയ ജീവിതങ്ങല്‍ക്കുള്ളത്. നിന്നെ പോലെ കിനാവിന്റെ വഴികളില്‍ മാത്രം സമര്‍പ്പണങ്ങളുടെ കഥ പറയാനുള്ളവര്‍ക്ക് ഇത്ര മാത്രം: പ്രശാന്തമായ ആ കടലിലേക്ക്‌ മാത്രം തിരകളടങ്ങിയ ഒരാലിംഗനമുണ്ടാവണം. അത്രയുമായാല്‍ ഭാഗ്യം.

മുഴു നീള കവിതകളുടെ മുഴുപ്പിലും ഗരിമയിലുമൊക്കെ മറ്റു പലരെയും പോലെ ഞാനും ഇതൊക്കെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. കവിതയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന എതൊരാള്‍ക്കുമെന്ന പോലെ എപ്പോഴും ഒരു പൂര്‍ണ്ണതയില്ലായ്മ അനുഭവിച്ചിട്ടുമുണ്ട്. അലച്ചിലിന്റെ സൂഫി വഴികള്‍ എനിക്കും പ്രിയപ്പെട്ടത് തന്നെയല്ലോ. അതേ തീവ്രതയിലും ധ്യാനത്തിലും തന്നെയാണ് ഒരിക്കല്‍, എതോരാള്‍ക്കുമുണ്ടായേക്കവുന്നത് പോലെ ഈ മൂന്നു വരിയിലേക്ക് ഒരു തുറന്നു വെച്ച അത്തറു കുപ്പി പോലെ എനിക്കുമൊരു വെളിപാടുണ്ടായത്:

"അരുവിയായ് ചിണുങ്ങണം
നദിയായ് നിറയണം
കടലായൊടുങ്ങണം"

II

പ്രണയത്തിലാവുക എന്നത് ഒരു ജന്മാന്തര പുണ്യമാണ്; മോഹവും. ഉണ്ണിപ്പിണ്ടി നട്ടെല്ലികള്‍ക്കുള്ള കീച്ചിക്കിന്നാരമാണ് പ്രണയം എന്ന് പണ്ട് മരങ്ങളൊക്കെ ഉണ്ടായിരുന്ന കാലത്ത് സിനിമാക്കാര്‍ കണ്ടു പിടിച്ച സൂത്രവാക്യമാണ്. ജീവനോളം പഴക്കമുള്ള ചോദനയെ, സീമകളില്ലാത്ത ആകാശങ്ങളിലേക്ക് മനസ്സിന്റെ ചിറകുകളെ കുതിപ്പിക്കുന്ന മാന്ത്രിക സ്പര്‍ശത്തെ അറിയുക, അനുഭവിക്കുക എന്നത് തന്നെയാണ് ജീവിതത്തിന്റെ സ്വര്‍ഗ്ഗാരോഹണവും. അത് കൊണ്ടാണ് പ്രണയികള്‍ ഏതു സാഹസത്തിനും തയ്യാറാവുന്നത്. വെളിച്ചത്തിന് എന്തൊരു വെളിച്ചമാണപ്പോള്‍! ജീവന്റെ ഓരോ കണികയിലും അത് തുടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പിന്നെന്ത് അതിരുകള്‍! ഭയങ്ങള്‍! പ്രണയം കൂട് കൂട്ടുക അപൂര്‍ണ്ണതകളുടെ ഇട്ടാവട്ടത്തിലല്ല, അതിരുകല്‍ക്കപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ മഹാകാശത്തിലാണ്. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മസ്സിലെ നിറങ്ങളൊക്കെയും ഒപ്പിയെടുക്കാന്‍ ഒരു മഴവില്ല് വേണമെന്ന് തോന്നുന്നു; അത് കൈനീട്ടിയെടുക്കല്‍ അനായാസമെന്നും. പ്രണയം ഭൂമിയെയും ആകാശത്തെയും ഒന്നിപ്പിക്കുന്നു, മഴവില്ലിനെ നിങ്ങളുടെ കൈപ്പിടിയിലേക്ക് ഇറക്കിക്കൊണ്ടു വരുന്നു:
ഒരു മഴവില്ല് വേണം,
ഒന്ന് കൈനീട്ടിത്തൊടാന്‍-
പ്രണയത്തിലാണ്"
III
കഴിഞ്ഞൊരു ദിവസം രാവിലെ ഉണ്ടായ ഒരനുഭവമാണ്. വീട്ടില്‍ നിന്ന് റയില്‍ വഴി ഒരു ഒന്നര ഫര്‍ലോങ്ങോളം നടന്നാല്‍ ബസ്‌ സ്റ്റോപ്പിലെത്താം. പോകുന്ന വഴി റെയില്‍വേ കട്ടിംഗ് ഉണ്ട്, ഇരു വശവും ഉയര്‍ന്നു നിബിഡമായി നില്‍ക്കുന്ന നല്ല തണുപ്പുള്ള ഇടം. നടന്നു പോകുമ്പോള്‍ കുറച്ചു മുന്നില്‍ നിന്നേ കണ്ടു, ഒരു ബാലന്‍. മദ്രസ്സയില്‍ പോകുന്ന വേഷമാണ്. എന്തോ സൂക്ഷിച്ചു നോക്കി ഒരേ നില്‍പ്പാണ്. അടുത്തെത്തിയപോഴാണ് ശ്രദ്ധിച്ചത്. മുന്നില്‍ ഒരണ്ണാന്‍ കുഞ്ഞ്. കാഴ്ചക്ക് പരുക്കൊന്നുമില്ല, മൂക്കിന്റെ ഭാഗത്ത് ഒരു ചെറു തുള്ളി ചോര. സഹിക്കാന്‍ കഴിയാതെ പറഞ്ഞു പോയി: മോനെ, പടച്ചോന്‍ പൊറുക്കുമോടാ, ഇത്? പിന്നെയാണ് അവന്റെ മുഖം ശ്രദ്ധിച്ചത്. വിങ്ങി നില്‍ക്കുകയാണ്. ഒരു വാക്ക് കൂടി പറഞ്ഞാല്‍ പൊട്ടിച്ചിതറും. അബദ്ധം പറ്റിയതാണെന്ന് വ്യക്തം.
ആരാണ് പ്രതി? നിസ്സഹായരായ നിരാധാരര്‍ എന്ത് കൊണ്ട് ഇരയാവുന്നു? അങ്ങനെയൊക്കെ ചോദിയ്ക്കാന്‍ നീയാര്? വിധി പറയാന്‍ നീയാര്? ക്രൌന്‍ച മിഥുനങ്ങളുടെ വേദനയില്‍ ഉള്ളുരുകിയ ആദി കവി എന്റെ മുന്നില്‍: ഒരു കൊച്ചു ബാലനായി. അവന്റെ വേദനയും അത് തന്നെ. അവനും അത്രയേ കരുതിയിരുന്നുള്ളൂ, പഴുത്തു പാകമായി നില്‍ക്കുന്ന ഒരു മാമ്പഴം.

കവണയുമായൊരു കുസൃതി,
ചലനമാറ്റൊരണ്ണാന്‍
മാഞ്ചോട്ടില്‍ നിഷാദ പര്‍വ്വം"

IV

ഈ കുറിപ്പ് ഒരു കടം വീട്ടലാണ്: ഇന്നലെ ഞാനിട്ട ഒരു പോസ്റ്റ്‌ ചില നല്ല സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിന്റെ കടം. ഇത്രയേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ : ഇപ്പോള്‍ ആരൊക്കെയോ എന്തൊക്കെയോ ആക്കിമാറ്റിയിട്ടുള്ള ആ മൂവരി രൂപി മറ്റേതൊരു രചനാ രൂപവും പോലെ കാവ്യാനുഭവവും ധ്യാനവും ആവശ്യപ്പെടുന്നുവെന്നും രചനാരീതിയില്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ തീക്ഷ്ണമായ സര്‍ഗ്ഗപരമായ അച്ചടക്കം അതിനു അനിവാര്യമാണെന്നും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ഒന്ന് നിങ്ങളോട് പറയുക. ഇന്നലത്തെ പോസ്റ്റിനു പിറകില്‍ ദേഷ്യമല്ല വേദനയായിരുന്നു എന്ന് നിങ്ങളെ അറിയിക്കുക. ഇനി ഈ വിഷയത്തിലേക്കില്ല എന്ന് തീരുമാനിച്ചിട്ടും പിന്നെയും ഇങ്ങനെ കുറിക്കുന്നതും ഈ കടം വീട്ടലിന്റെ ഭാഗം മാത്രം. വീണ്ടും പറയട്ടെ, ഇത് ഒന്നിന്‍റെയും ലക്ഷണമൊത്ത മാതൃകയല്ല എന്ന് തിരിച്ചറിയുന്ന ആദ്യത്തെയാള്‍ ഞാന്‍ തന്നെയാണ്.

Tuesday, May 7, 2013

Movie Talks: 1 Sophie's World (1999)

Movie Talks: 1
Sophie's World (1999)

സംവിധാനം: എറിക് ഗസ്റ്റാവ്സണ്‍
നോർവീജിയൻ,183 മിനിറ്റ്



സോഫി ഒരു സാധാരണ നോർവീജിയൻ പെണ്‍കുട്ടിയാണ്‌ . ഒരു ദിവസം അവൾക്കൊരു വീഡിയോ ടേപ് കിട്ടുന്നു : അതിൽ ആൽബെർട്ട് നോക്സ് എന്നൊരാൾ പുരാതന ഗ്രീസിൽ നിന്ന് അവളോട്‌ നേരിൽ സംസാരിക്കുന്നു .പിന്നീട് അവർ പല സന്ദർഭങ്ങളിൽ കണ്ടു മുട്ടാൻ തുടങ്ങുകയാണ് . ചിത്രത്തിലുട നീളംഅയാൾ അവളെ തത്വശാസ്ത്രത്തിന്റെ ചരിത്രത്തിലൂടെ ഒരു യാത്രക്ക് കൂട്ടുകയാണ് . പുരാതന ഗ്രീസ് മുതൽ റോമാ സമ്രാജ്യത്തിലൂടെ,മധ്യ കാല ഘട്ടം കടന്ന്, നവോത്ഥാനം, ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം തുടങ്ങിയ ചരിത്ര ഘട്ടങ്ങളിലൂടെ വർത്തമാന കാലം വരെ നീളുന്ന യാത്ര. യാത്രകൾക്കിടെ അവർ മനസ്സിലാക്കുന്നു അവർ ഒരു എഴുത്തുകാരന്റെ ഭാവന സൃഷ്ടികൾ മാത്രമാണെന്നും അവസാന അദ്ധ്യായം എഴുതിത്തീരുന്നത് വരെ മാത്രമേ അവർക്ക് ആയുസ്സുള്ളൂ എന്നും.ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് യാഥാർത്ഥ്യം ആയിത്തീരാൻ അവർ ശ്രമങ്ങളും നടത്തുന്നുണ്ട് .
ജസ്റ്റിൻ ഗാർഡരുടെ അതെ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സംവിധായകൻ എറിക് ഗസ്റ്റാവ്സണ്‍ ഈ ചിത്രമൊരുക്കിയത്. പതിനഞ്ചാം പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന ഒരു പെണ്‍ കുട്ടിയുടെ കാഴ്ചയിലൂടെ തത്വശാസ്ത്രത്തിന്റെ ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണ് സിനിമ. വിഷ പാത്രത്തിനു മുന്നിൽ അക്ഷോഭ്യനായി നിൽക്കുന്ന സോക്രട്ടീസ് മുതൽ ചരിത്ര നിർമ്മാതാക്കളായ മഹാ രഥന്മാരെയും മുഹൂർത്തങ്ങളെയും ചിത്രം കാഴ്ച വെക്കുന്നു: മോണാലിസയുടെ അവസാന മിനുക്ക്‌ പണിയിലേർപ്പെട്ട ദാവിഞ്ചി, ഹാംലെറ്റ് ഒരുക്കുന്ന ഷേക് സ്പിയറും ഡാന്റെയും വിപ്ലവാനന്തരം അടി തെറ്റി ഹിംസയുടെ പ്രതീകമായിമാറിയ റോബെസ്പിയറും, ഗില്ലറ്റിൻ ചെയ്യപ്പെടാൻ അവകാശമുണ്ടെങ്കിൽ സ്ത്രീക് ക്പൊതു സമൂഹത്തിൽ തങ്ങളുടെ ശബ്ദം കേൾപ്പിക്കാനും അവകാശമുണ്ടെന്ന് ആദ്യമായി പറഞ്ഞതിന്റെ പേരിൽ ഗില്ലറ്റിൻ ചെയ്തു കൊല്ലപ്പെട്ട ഒളിമ്പിയ ഡി ഗോജ് എന്ന ആദ്യ കാല സ്ത്രീവിമോചനവാദിയും സ്വതന്ത്രനായിപ്പിറന്നിട്ടും എങ്ങും ചങ്ങലയിലായിപ്പോവുന്ന മനുഷ്യവിധിയുടെ വിരോധാഭാസത്തെ കുറിച്ച് പറഞ്ഞ റൂസ്സോയും ബോൾഷെവിക് വിപ്ലവ രംഗങ്ങളുമൊക്കെ ലോകോത്തര പീരിയേഡ്‌ സിനിമകളുടെ ഗരിമയിൽ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു .
ഇത്തരം ഗഹന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അരുമയായ ഒരു പെണ്‍ കുട്ടിയുടെ ജൈവ ചോദനകളെകൂടി അതി വിദഗ്ധമായി അതിൽ സന്നിവേശിപ്പിക്കുന്നത്, ചിത്രത്തെ വൈകാരിക ദീപ്തിയുള്ള ഒരനുഭവമാക്കുന്നു.

Wednesday, May 1, 2013

ഒരു കൊള്ളിയാൻ സ്നേഹത്തിന്റെ ഓർമ്മയ്ക്ക്



                    തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. പാരലെൽ കോളേജ് അധ്യാപനത്തിന്റെ പുഷ്കല കാലം. ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്നോണം ഒരക്ഷരം എഴുതുന്നത്‌ നിർത്തിയിട്ടു വർഷങ്ങളായിരുന്നു. ആ അസ്വസ്ഥതകളൊക്കെയും വായനയിലേക്കും അധ്യാപനത്തിലേക്കും തിരിച്ചു വിട്ടു, കിട്ടുന്ന ശമ്പളം പുസ്തകശാലകൾക്കും വലുതായി വരുന്ന കുടുംബ ബാധ്യതകൾക്കും പിന്നെ കുടുംബസ്ഥ വേഷം അനുവദിക്കുന്ന പരമാവധി ബോഹീമിയൻ രീതികൾക്കും വീതം വയ്ക്കുന്നതിൽ സായൂജ്യം കണ്ടെത്തിയിരുന്ന കാലം. നടുവേദനക്കാരൻ എന്ന നിലക്ക് അന്നേ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ ഒരു പാരലെൽ കോളേജിൽ നിന്ന് വിട്ടുപോന്നപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പുതിയ ഇടത്തിലെത്തിയത്‌. ഉത്തര കേരളത്തിലെ ഒരു നഗരത്തിലെ പാരലെൽ കോളേജിൽ വളരെ കുറഞ്ഞ കാലം, രണ്ടു മാസത്തിൽ ചുവടെ, അധ്യാപകാനായി ചേർന്നു. ഫിലിപ്പ് ലാർക്കിനെയും, ഡിലാൻ തോമസിനെയും കൈകാര്യം ചെയ്ത ഒർമ്മയുണ്ട്. നടുവേദനയും ദീർഘ യാത്രയും തമ്മിൽ ഉടമ്പടി സാധ്യമാവില്ല എന്നുറപ്പായത്തോടെ ഗത്യന്തരമില്ലാതെ വിട്ടു പോരേണ്ടി വന്നു.

                      എഴുതാതെ പോവുന്ന കവിതകൾ കവിതാധ്യാപനത്തിന് നല്ല ഊർജ്ജമാണ്. അത് കൊണ്ടാവണം കവിത പഠിപ്പിക്കുമ്പോൾ കുട്ടികളിൽ സാഹിത്യത്തോടൊരു സ്നേഹം വളർത്തിയെടുക്കാൻ അക്കാലത്ത് കഴിഞ്ഞിരുന്നത്. പിൽക്കാല പഠന രീതികൾ പോലെ അന്ന് അധ്യാപനത്തിന്റെ ചിട്ടവട്ടങ്ങൾ അങ്ങനെ കോപ്പിപുസ്തക വടിവിലേയ്ക്ക് മാറിയിട്ടുണ്ടായിരുന്നുമില്ല. അങ്ങനെയൊക്കെ ആയതു കൊണ്ടാവണം, അവിടെ നിന്ന് പോന്നതിനു ശേഷം മേൽ വിലാസം തപ്പിപ്പിടിച്ചു എഴുത്തയച്ച കുട്ടികളെ ഇന്നും സ്നേഹ വേദനയോടെയല്ലാതെ ഒർക്കാനാവില്ല. രണ്ടോ മൂന്നോ കവിതകളോ, ഒരു ഏകാങ്ക നാടകമോ ഒക്കെ മാത്രം പറഞ്ഞു കൊടുത്ത ഒരാളെ കുറിച്ച് സ്നേഹ പൂർണ്ണമായ ഓർമ്മകൾ സൂക്ഷിക്കാൻ, മുൻ വിധികളുടെ ഭാരമില്ലാത്ത യുവ മനസ്സുകൾക്കെ കഴിയൂ.

                 നിരന്തരം എഴുതുന്ന രണ്ടുമൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അതിലൊരുവൻ, അവിടെനിന്നു പോന്ന ഉടനെ ഒരു കത്തയച്ചിരുന്നു, തിരുച്ചുവരാൻ മാഷെ നിർബന്ധിച്ചിട്ടു കാര്യമില്ലെന്നറിയാം, എങ്കിലും ഞങ്ങളുടെ ആഗ്രഹമാണ്, എന്ന മുഖവുരയൊടെ. പ്രത്യേകിച്ച് ദ്രോഹമൊന്നും ചെയ്യാതെ പെട്ടെന്ന് പോയ ഒരധ്യാപകനോടുള്ള സ്നേഹം എന്നേ അത് കരുതിയുള്ളൂ അന്ന്. തന്നെയുമല്ല പേരുകളും മുഖങ്ങളും എന്നും 'ദൗർബല്യ'മായിരുന്നത് കൊണ്ട് ആളെ ഒർത്തെടുക്കാൻ കഴിഞ്ഞിരുന്നതുമില്ല. എന്നാൽ അവന്റെ എഴുത്തുകൾ പിന്നെയും തുടർച്ചയായി വരാൻ തുടങ്ങിയപ്പോൾ, ഉള്ളിലൊരു കുറ്റ ബോധം തോന്നി. ഒടുവിൽ സത്യസന്ധമായി മറുപടി എഴുതി, സുധി ഒരു ഫോട്ടോ അയച്ചു തരണം; ഒർത്തെടുക്കാൻ കഴിയാത്തത് കൊണ്ടാണ്. അവനതു മനസ്സിലായി. ഇന്നും കൈവശമുള്ള അവന്റെ ഫോട്ടോ അങ്ങനെ അയച്ചു തന്നതാണ്. വായിച്ചു അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടു അവനയച്ചു തന്ന കവിതകൾ നഷ്ടപ്പെട്ടു പോയി. എഴുത്തുകളിലെ ഉറഞ്ഞു കൂടിയ വിഷാദത്തിന് ശാസിച്ചപ്പോഴും അവൻ തിരിച്ചു തന്നത് പൊള്ളുന്ന സ്നേഹമായിരുന്നു. 'മാഷ് പറഞ്ഞില്ലേ കീഴടങ്ങാനാണെങ്കിൽ ഞാനെന്തിനൊരു ചെറുപ്പക്കാരനായി എന്ന്. കീഴടങ്ങിയ ഞാനാണ് ഈ ഞാനെന്നു മാഷിനു തോന്നിയെങ്കിൽ മാഷിനു തെറ്റി.' അവനോടിത്തിരി നേരിൽ സംസാരിക്കണമെന്നുറച്ചു തന്നെയാണ് അടുത്ത ഓണത്തിനു വീട്ടിൽ വരണമെന്ന് അവനോടും മറ്റൊരു കുട്ടിയോടും ശട്ടം കെട്ടിയതു. വരാമെന്നു സമ്മതിച്ചതുമാണ് . പക്ഷെ വിനയൻ പിന്നീട് എഴുതിയത് ഇങ്ങനെയായിരുന്നു: 'ഓണത്തിനു സുധിയെയും കൂട്ടി വരണമെന്ന് കരുതിയതായിരുന്നു. പക്ഷെ അവൻ നമ്മളെയൊക്കെ തോൽപ്പിച്ച് കളഞ്ഞു മാഷെ. കഴിഞ്ഞ വെള്ളിയാഴ്ച (9-നു ) അവൻ ആത്മഹത്യ ചെയ്തു. എന്റെ മനസ്സ് അവനായിരുന്നു. എനിക്കവനെ ഒന്ന് കാണാൻ പോലും പറ്റി യില്ല.
                                                      Dying is an art like everything else,
                                                      And I will do it exceptionally well.
ഇതായിരുന്നു അവൻ എഴുതി വച്ച കുറിപ്പ്. പിന്നെ ഞങ്ങൾക്കറിയാത്ത കാരണങ്ങളുമുണ്ട് ....' കത്തിനൊപ്പം ലോക്കൽ എഡിഷൻ പത്രത്തിൽ വന്ന അവന്റെ ചരമ വാർത്ത മുറിച്ചെടുത്തതും.

                        ആത്മഹത്യയെ കുറിച്ചും അതിന്റെ ദാർശനിക മാനങ്ങളെ കുറിച്ചുമൊക്കെ ക്ലാസ് റൂമിൽ പറയുക കവിതാപഠനം ആവശ്യപ്പെടുന്നതാവാം. ആ വിഷയത്തിലെത്തുമ്പോൾ സിൽവിയാപ്ലാത്തും അൽബേർ കാമുവുമൊക്കെ കേറി വരികയും ചെയ്യും. എങ്കിലും അന്ന് തൊട്ടു ഇന്ന് വരെയും മനസ്സിലാരോ കൊളുത്തി വലിക്കുന്നുണ്ട്: നിന്റെ ഉള്ളിലെ ധാർഷ്ട്യങ്ങളൊക്കെ ഒഴുക്കിക്കളയാനുള്ളതാണ് ഇളം മനസ്സുകൾ എന്ന് ആരാണ് നിന്നോട് പറഞ്ഞതെന്ന് . ഒരു ഘട്ടത്തിൽ വിനയൻ ആശ്വസിപ്പിക്കുകയുണ്ടായി: മാഷ്‌ ആ വരികൾ ഉദ്ധരിച്ചില്ലായിരുന്നെങ്കിലും അവനതിൽ എത്തിപ്പെട്ടേനെ; അതവന്റെ കൂടി വഴിയായിരുന്നു.

                ആണോ? എനിക്കറിയില്ല, ഇപ്പോഴും.

Wednesday, April 24, 2013

കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു


കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു

പുഴ മരിച്ചപ്പോൾ
ഞാനൊരക്വേറിയം തുടങ്ങി;
മുങ്ങാങ്കുഴിയിട്ട കയത്തിലെ
മീനുമ്മകളുടെ കടം വീട്ടാൻ-
അറ്റം കഴുത്തിൽ ചുറ്റിയ
ഈരിഴത്തോർത്തിൽ പിടി കൂടി
കിണറ്റിലിട്ട കൗമാരക്കടങ്ങൾക്ക് -
എങ്കിലും-
ഇടവപ്പാതിയോളപ്പരപ്പിൽ
മഴകായാൻ വരാത്തവർ,
അടയാത്ത കണ്‍പോളകളിൽ
ഇടിമിന്നലിന്റെ രാത്തെളിച്ചം
കണ്‍ പാർത്തു നിൽക്കാത്തവർ,
കൈതത്തഴപ്പിൻ ചുവടെ
പുതു പിറവി തേടാത്തവർ,
ഇവരല്ല ഞങ്ങടെ കൂടെപ്പിറപ്പെന്നു
ഉള്ളിലെ പരൽമീൻകൂട്ടം.


സ്റ്റേഡിയം പണിഞ്ഞപ്പോൾ
ഞാനൊരു ബോണ്‍സായ് നട്ടു;
മുറിച്ചു മാറ്റിയ
തണൽ തണുപ്പുകളുടെ കടം വീട്ടാൻ
ബലിഷ്ടമായ ഊഞ്ഞാൽ കൈ,
പെരുമഴക്ക് കരഞ്ഞു വിറച്ചും
കൊടുങ്കാറ്റിൽ ഇലയഴിച്ചിട്ടാടിയും
രാത്തെന്നലിൽ നിർത്താതെ
തലയിണ മന്ത്രമോതിയും
എന്റെ വൻ മരങ്ങളുടെ ഗരിമ-
മുറിയുടെ ചുമരിൽ
ഒരു മൂകാനുകരണം-
ഇത്തിരിക്കുഞ്ഞനൊരു പല്ലി
ദിനോസാർ കളിക്കുന്നു.

പാവം, എന്റെ ബോണ്‍സായ്.
കടങ്ങളൊക്കെയും
ബാക്കി നിൽക്കുന്നു.
കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു






Tuesday, April 23, 2013

പ്രവചനങ്ങളല്ലാത്ത സാക്ഷ്യങ്ങൾ

പ്രവചനങ്ങളല്ലാത്ത സാക്ഷ്യങ്ങൾ

I
                  മഹാ ദുഖങ്ങളുടെ കടൽ ക്ഷോഭത്തിലും മനുഷ്യനെങ്ങിനെയാണ് ഇത്തിരി ജീവിതത്തിന്റെ കൊതുമ്പു വള്ളമിറക്കുന്നത് എന്ന അത്ഭുതത്തിനുള്ള പല മറുപടികളിൽ ഒന്ന് ശ്രവണപുടങ്ങളുടെ പരിമിതിയുമായി ബന്ധപ്പെട്ടതാവാം. തീരെ ചെറിയ മർമ്മരങ്ങളെ പോലെത്തന്നെ വളരെ വലിയ നിലവിളികളും ശ്രവണ ശേഷിയുടെ നാലുവരിക്കോപ്പിയിൽ ഇടം പിടിക്കുന്നില്ല. ഉറുമ്പുകളുടെ പാലായന നൊമ്പരങ്ങളും കാതോർക്കുന്നവൻ നിലക്കാത്ത ആർത്ത നാദങ്ങളുടെ നിഴലിരുൾ പെരുവഴിയിലേക്കിറങ്ങിയാലോ, പിന്നെയതൊരു ഗൗതമ ജന്മമാണ്. ഇത്തിരിക്കാലത്തിന്റെ കളിയോടമല്ല മഹാകാലത്തിന്റെ ബോധി. കേൾവിയുടെ നിയത വടിവുകൾ, അന്വേഷണത്തിന്റെ അതിരുകളെ നിശ്ചയിക്കാത്ത ദർശന സമൃദ്ധി പക്ഷെ, അപൂർവ്വ പിറവികൾക്കുള്ളതാണ്. ഒരു ചൂടിലും പൊള്ളാതിരിക്കാനും ഒരു തീയിലും വേവാതിരിക്കാനും കഴിയുന്ന, പാന പാത്രത്തിന്റെ കയ്പ്പിലും, തുളഞ്ഞു കയറുന്ന ആണിപ്പഴുതിലും തന്റെ ഇഷ്ടമല്ല, മഹാ സത്യമെന്നു ശാന്തനാവാൻ കഴിയുന്നവർക്കുള്ളത് .
 
              സൃഷ്ടിയുടെ നാളുകളിലെ ഏകാന്തതയും സ്ഥിതിയുടെ നിതാന്ത ജാഗ്രതയും തന്റെ വൃദ്ധമായ ചുമലുകൾക്ക് ഇനിയും തനിച്ചു താങ്ങാനാവില്ല എന്ന് വരുമ്പോൾ, ദൈവം ആരെയാവും കൂട്ട് പിടിക്കുക? ചോദ്യത്തെ നിഷേധമായി മാത്രം കാണേണ്ടതില്ല എന്നാവാമെങ്കിൽ, അതൊരു പുതിയ ചോദ്യവുമല്ല. അത്തരമൊരു പരിഗണനയുടെ എതിരറ്റത്തു നിന്നാവണം പ്ലാറ്റോ കവികളെ തന്റെ മാതൃകാ റിപ്പബ്ലിക്കിൽ നിന്ന് പുറത്താക്കിയത് . മറ്റൊരർത്ഥത്തിൽ, പറുദീസാ നഷ്ടത്തിന്റെ വേദനയാണ് കവിതയുടെ തട്ടകം. വൃദ്ധ നയനങ്ങളുടെ ഉൾകണ്ണിലൂടെ ദൈവം നൽകിയ അനുഗ്രഹം: പര്‍വ്വത ശിഖരങ്ങളില്‍, അമാവാസിയുടെ സാന്ദ്രമായ ഇരുട്ടില്‍, ഇടിമിന്നലില്‍ മഞ്ഞളിച്ചു പോവുന്ന ഞൊടിയിടക്കാഴ്ചയില്‍, ഇനി നീയവരെ കാണുക. വ്യവഹാരങ്ങളുടെ പേയ് ദിനങ്ങളില്‍ നീയവരുടെ നിഴല്‍ പറ്റുക. വിയര്‍പ്പിലും രക്തത്തിലും മൃതിയിലും ഉയിര്‍പ്പിലും നീയവരെ അടയാളപ്പെടുത്തുക.

II
 
               കനിവിയന്ന ഒരവതാര ജന്മമായി കലുഷകാലത്തിന്റെ തീപ്പാടുകൾക്ക് മേൽ തണൽ വിരിച്ചു നിന്ന ഒരു വയോധികന് മുന്നിൽ, കപടമായ ഒരു സാഷ്ടാംഗ നാടകം കഴിഞ്ഞെഴുന്നേറ്റു ആ എലുമ്പെടുത്തതെങ്കിലും ചങ്കുറപ്പുള്ള നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച കിരാതനെ ഈ നാടിനു മറക്കാനാവില്ല. ഒരർഥത്തിൽ പിതൃ വധ (patricide) സംസ്കൃതിയുടെ ചരിത്ര ഭാരം പേറുന്നവൻ തന്നെ അയാളും. അതങ്ങനെയേ വരൂ: കുഞ്ഞിക്കാലുകൾ ആദ്യം തൊഴിക്കുക അമ്മിഞ്ഞയൂട്ടിയ അമ്മ മുഖത്തെന്നത് ചരിത്രം മാത്രമല്ല, നര വംശ ശാസ്ത്രം കൂടിയത്രെ. ആ പൈശാച ജന്മത്തിനായൊരുക്കിയ കയറിനോട്‌ ഇപ്പോൾ പലർക്കും പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു എന്നു കവി:
                   'എന്റെ കയ്യിലൊരു കയറുണ്ട്‌.
                   അറുപതാണ്ടിൽ പരം
                   പഴക്കമുള്ളൊരു കയർ' - ('പാപം ചെയ്യാത്തവരോട്' )
 
ആ കയർ കുരുക്കർഹിക്കുന്ന ജനതയെ കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നുവെന്നു, ഒരു ദുരന്ത പ്രവചനം (doom's day prophecy) പോലെ പൊള്ളുമ്പോഴും, 'പെണ്‍ കുട്ടികൾക്ക് താലിയെക്കാൾ ഇഷ്ടം കയറാ'ണെന്നും, 'ഒരു പീഡനം തോടുത്താൽ ഒരായിരം മാധ്യമ പീഡനങ്ങൾ' തിരിച്ചു വരുന്ന പിഴച്ച കാലത്ത് കഴുത്തുകൾക്കും കയറിനുമിടയിലുള്ള കയ്യെത്താ ദൂരമാണ് പ്രശ്ന'മെന്നും കവി വേവലാതിപ്പെടുന്നു. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന 'ഒടുക്കത്തെ കോടതി വിധി'യിൽ അസ്വസ്ഥനായി കവി തീരുമാനിക്കുന്നു: വേണ്ടത് അത് തന്നെ, 'പാപികൾക്കുള്ള കയർ പിരിക്കണം'. സമകാലീനമായ ഒരു പ്രശ്നത്തോടുള്ള തീക്ഷ്ണ പ്രതികരണമെന്ന നിലയിൽ ഈ സമാഹാരത്തിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ് ഈ കവിത. വധശിക്ഷയുടെ നൈതികത- ദാർശനിക പ്രശ്നങ്ങളെക്കാളേറെ കവിയുടെ ചിന്ത അസ്വസ്ഥമാവുന്നത്, നീതി നിർ വഹണത്തിലെ അന്തമില്ലാത്ത നീണ്ടു പോക്കും പലപ്പോഴും സംഭവിക്കുന്ന പോലെ കുറ്റവാളികൾ പഴുതുകളിലൂടെ രക്ഷപ്പെടുന്ന വിപര്യയവുമാവാം. 'തലമുറകളുടെ ഊക്കിനായി ഒരു കഴുത്തെങ്കിലും കുരുക്കാ'മെന്നു കവിത ആവശ്യപ്പെടുമ്പോൾ, ഒരു പാപിയുടെ ബലിയിലൂടെ ഏതു പൈശാച മൂർത്തിയെയാണ് കവി ലക്‌ഷ്യം വെക്കുന്നതെന്ന് വ്യക്തമാവുന്നുണ്ട്.
 
                 സമകാലീനസാമൂഹ്യ ജീവിതത്തിലെ ഏറ്റവും ആസുരമായ ഒരു മുഖം തന്നെയാണ് കക്ഷി രാഷ്ട്രീയ രക്ത സാക്ഷിത്വങ്ങളുടെ പാഴ്വേല. നേട്ടങ്ങളുടെ പട്ടികയിൽ ഒരു കൊടിത്തുണി, എങ്ങുമെത്താതെ അന്തരീക്ഷത്തിൽ ലയിക്കുന്ന മുദ്രാവാക്യങ്ങൾ, ചുരുട്ടിയ മുഷ്ടികൾ. നഷ്ടങ്ങളിലോ, ആത്മശാന്തി ലഭിക്കാത്ത പ്രേതങ്ങൾ, മുലപ്പാലിന്റെ കടം, ചവിട്ടിനിൽക്കുന്നിടത്തു മണ്ണ് തിന്നവരുടെ നിലവിളി,
                   "സ്തൂപങ്ങളിൽ തളച്ചിട്ട യൗവ്വനങ്ങൾ
                   കരുവുറപ്പിച്ച കൗമാരക്കുരുതികൾ"
                                        ('കൊടിയിറങ്ങുമ്പോൾ')
 
ലജ്ജാകരമായ ഈ അവസ്ഥയിൽ നാണം മറക്കാൻ 'മകനെ, ആ കൊടിത്തുണിയെങ്കിലും തരിക'യെന്നു കെഞ്ചുമ്പോഴും
                    പച്ചക്ക് കത്തിച്ച കിനാക്കളൊരുക്കൂട്ടി
                    പ്രജാപതികളുടെയറുത്തതലയോടൊപ്പം
                    രക്തസാക്ഷി മണ്ഡപങ്ങളിൽ കാഴ്ച വെക്കുക
എന്ന് രോഷം കൊള്ളുന്നുമുണ്ട്‌ കവിത. അതിന്റെ രൂക്ഷമായ നിരീക്ഷണം പൂർത്തീകരിക്കുന്നത്, തറഞ്ഞു കയറുന്ന ഒരു ചോദ്യത്തോടെയാണ്:
                   ബലിരക്തം കുതിർത്ത മണ്ണിൽ
                   കൊടിമരം തന്നെ ആണ്ടിറങ്ങുന്നുവോ!!

               ഇതേ ചിന്ത 'ശാന്തി ഗ്രാമത്തിലേക്കുള്ള വഴികൾ' എന്ന കവിതയിലും കടന്നു വരുന്നു. ഗൃഹാതുരമായ ഗ്രാമ സ്മൃതികളിലെ 'ബാല്യം മറന്നു വെച്ച കളിപ്പന്തുകളുടെ സ്ഥാനത്തേക്ക് തല തെറിച്ചവരുടെ ചതിപ്പന്തുകളെത്തുന്നു. നിരപരാധികളുടെ ചോരയിൽ കുതിർന്ന മണ്ണിൽ അക്ഷരസാന്നിധ്യമായി നൂറു നൂറു ശാന്തി ഗ്രാമങ്ങൾക്കുള്ള ശിലകളുയിർക്കുന്നു. ഈ അർത്ഥത്തിൽ ഇവിടെയൊരു മോചനഘടകം (redeeming factor) കാണാവുന്നുണ്ട്. രക്തബലികളോടുള്ള കടുത്ത പ്രതികരണം ഒരു ചുഴലി പോലെ വീശിയടിക്കുന്നുണ്ട് 'കൊലച്ചോറ് ' എന്ന കവിതയിലും. വേറിട്ട ചിത്രങ്ങളുടെ, തീക്ഷ്ണാനുഭവങ്ങളുടെ, മരണങ്ങളുടെ, ആത്മഹത്യകളുടെ, ഒരു അറ്റമില്ലാത്ത പരമ്പര തന്നെ കവിതയിൽ നിറയുന്നുണ്ട്. എന്നിരിക്കിലും, മറ്റു പലയിടങ്ങളിലും കവി നില നിർത്തിക്കണ്ട ക്ഷോഭ നിയന്ത്രണത്തിനു ഈ കവിത അത്ര നല്ല സാക്ഷ്യമല്ല തരുന്നതെന്നും തോന്നി.
 
                അടിയിലൊട്ടാത്ത പാത്രങ്ങളോട് തോറ്റു പിൻ വാങ്ങുന്ന മണ്‍ കലങ്ങളും അതും ചുമന്നു അഷ്ടിക്ക് വകതേടുമ്പോഴും മാറിനും അരയ്ക്കും വിലയിടുന്ന സമൂഹത്തിൽ ചോദ്യ ചിഹ്നമാവുന്ന 'കുശവത്തി'യും, പഴയകാലത്തിന്റെ തേങ്ങും ചിത്രം ഉള്ളിലൊതുക്കുന്നുണ്ട് . സ്ത്രീ ജന്മത്തിന്റെ മറ്റൊരറ്റത്തുനിന്നുള്ള പീഡന പ്രതീകമാണ് 'അഭയ' എന്ന കവിതയിലുള്ളത്. ക്രൂശിത രൂപത്തിന് മുന്നിൽ പ്രണയ പരവശയായി സ്വയം സമർപ്പിക്കുന്നഅഭയയുടെ വിശ്വാസ വഴികളിലല്ല -
                   പഴകിയ പത്തു കൽപ്പനകളല്ല
                   അധിനിവേശത്തിൻ
                  പുതു വഴികൾ വെട്ടുവാൻ
                  നിയമങ്ങളെഴുതുന്നു
                  പുതിയ പുരോഹിതർ ...('അഭയ')

'ഉമ്മ'യെന്ന കവിതയിൽ സ്നേഹത്തിന്റെ പ്രതീകമായി തെളിയുന്ന മാതൃ ബിംബം, 'ഖബറിന്റെ മൂകസാക്ഷിയാം കല്ലിൽ കാതൊന്നണച്ചാൽ' തുടിച്ചു കേൾക്കുന്ന വാത്സല്യ സ്പന്ദനമാണ്. 'ഭ്രാന്തിന്റെ പുരാവൃത്ത'ത്തിലാവട്ടെ, ഒരമ്മയുടെ തീരാ ദുഖമാവുകയാണ് ആ വിഖ്യാത ഭ്രാന്തൻ. വാ കീറിയ ദൈവം നൽകുന്ന ഇരയുണ്ടാവുമെന്നു നിസ്സങ്കോചം ഇറങ്ങിപ്പോവുന്ന അച്ഛനും, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതാവുന്നതിലെ അസംബന്ധ ദുരന്തം ചെറുപ്പത്തിലേ അറിയുന്ന ധൈഷണിക ബോധവും ചേർന്നാണ് ആ കല്ലുരുട്ടിക്കളി തുടങ്ങുന്നത്. തന്നെ ചതിച്ച കല്ലുകൾ കൂട്ടിവെച്ചു സ്വയമൊരു പ്രതിമയാകുന്നതിലെ കറുത്ത ഹാസ്യം, നാറാണത്തു ഭ്രാന്തനെ ഹൃദയം കൊണ്ടറിയുന്ന കവിമനസ്സിൽ നിന്ന് മാത്രമാണുരുവാകുക. സമാഹാരത്തിലെ മറ്റു കവിതകളിൽ നിന്ന് ഈ കവിത വേറിട്ട്‌ നില്ക്കുന്നതും ഈയൊരു ധൈഷണിക മുഴുപ്പ് കൊണ്ടാണെന്ന് തോന്നുന്നു.

III
 
              കവിതയ്ക്ക് മേലുള്ള കയ്യടക്കം, ഉള്ളടക്കം പോലെ തന്നെ തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സത്യ സന്ധതയും ചേർന്നതാണ്. അഥവാ, വിഷയസ്വീകാരത്തിലെ പുതുമ മാത്രമല്ല കവിതയിലേക്ക് അനുവാചകനെ പിടിച്ചിരുത്തുന്നതു. സമാഹാരത്തിലെ കവിതകൾക്കു ഒരു പൊതുസ്വഭാവം കണ്ടെത്താൻ കഴിയുമെങ്കിൽ അതും ഇവിടെയാണ്‌ അന്വേഷിക്കേണ്ടത് എന്ന് തോന്നുന്നു. അചുംബിതം എന്ന് പറയിക്കുന്നതിലേറെ, ഇതെന്റെ ഹൃദയവും ചിന്തയുമാണ് എന്ന് പറയാനാണ് ഈ കവിക്കിഷ്ടം. സമകാലീനമായ വിഷയങ്ങളോടുള്ള ഏതാണ്ട് എകപക്ഷീയമെന്നു തന്നെ തോന്നിയ ഒരടുപ്പമുണ്ട്‌ ഈ കവിക്കു. ഒരർഥത്തിൽ അതങ്ങനെ തന്നെയാണ് വേണ്ടതും: താൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളോട്, തന്റെ ഹൃദയം പൊള്ളിക്കുന്ന അനുഭവങ്ങളോട് പുറം തിരിഞ്ഞിരിക്കുന്നത് കവിതക്കും ഭൂഷണമല്ലല്ലൊ. അകലങ്ങളിൽ മറഞ്ഞു പോയ കിനാക്കാലങ്ങളും ഇങ്ങിനിയുമെത്തിയിട്ടില്ലത്തതോ എത്താനിടയില്ലാത്തതോ ആയ യുടോപ്യകളും കവിതയുടെ തട്ടകം നിർണ്ണയിക്കുന്നതിൽ അധികമൊന്നും പങ്കു വഹിച്ചിട്ടില്ല ഇവിടെ ഈ കവിതകളിൽ. തികച്ചും സമഗ്രമായ ഒരു പഠനവുമല്ലിതു എന്ന് കൂടി കൂട്ടിച്ചേർക്കട്ടെ, ഒരു മുൻ കൂർജാമ്യമായി.


(ഫസൽ റഹ്മാൻ)