Featured Post

Friday, July 19, 2013

നക്ഷത്രങ്ങളില്‍ ഇറക്കി വെച്ചത്

വേദനയുടെ കടലോളങ്ങളില്‍
തീരം നഷ്ടപ്പെട്ട നാള്‍മുതല്‍
സ്വൈര്യം കെടുത്തി തുടങ്ങിയതാണ്‌.
ആശുപത്രികിടക്കയുടെ മുഷിപ്പന്‍ മണത്തിലും
തീവ്ര പരിചരണ വിഭാഗത്തിലെ
മൗനം പൊതിഞ്ഞ കൃത്രിമത്തണുപ്പിലും
പറഞ്ഞു കൊണ്ടേയിരുന്നതാണ്.

പിന്നെ ചുണ്ടുകള്‍ക്ക് വാക്കുകളും
കണ്ണുകള്‍ക്ക്‌ കണ്ണീരും
നഷ്ടമായ നിശ്ചേതന ദിനങ്ങളില്‍
മൂക യാചനയായിരുന്നു,
എനിക്ക് വഴങ്ങാതെ വയ്യാത്തത്:
അനുവാദം നോക്കേണ്ടെന്ന്
ദൈവത്തിന്റെ പോലും-
പ്രിയനേ, നീയല്ലെങ്കില്‍ പിന്നെയാര്!

നക്ഷത്രങ്ങള്‍
വിളക്ക് കൊളുത്തിയ ആകാശത്തിലാണ്
ഭൂമിക്കു പൊള്ളുന്ന വേദനകള്‍
ഇറക്കി വെക്കുക.
അല്ലെങ്കില്‍ എന്ത് കൊണ്ടാണ്
മരിച്ചു പോയവര്‍
അവിടെയിരുന്നു ചിരിക്കുന്നത്?

Friday, July 12, 2013

അപചയങ്ങള്‍

കടല്‍ തിരകളെണ്ണി
ഗസല്‍ മൂളുമായിരുന്ന പാട്ടുകാരാ,
നീ പറഞ്ഞു തുടങ്ങുമ്പോഴേ
എനിക്കറിയാമായിരുന്നു
നിന്റെ പ്രണയം പുകഞ്ഞു പോയെന്ന്.
എങ്ങനെയെന്നു നീ പറയേണ്ടതില്ല:
രണ്ടു മനുഷ്യര്‍ ചേരുമ്പോള്‍
മിന്നല്‍ പ്പിണരുകള്‍ ഉണ്ടാവുമെന്നും
അതിലെന്തും ദഹിക്കുമെന്നും
എനിക്കും അറിയാത്തതല്ല.

നിഷ്കാസിതന്റെ മിഴിനീരില്‍
നെഞ്ചെരിയുമായിരുന്ന സുഹൃത്തെ,
ഭൂമിക്കച്ചവടത്തിന്റെ ഇടനില വിദ്യയില്‍
നിന്റെ വിപ്ലവം ഒടുങ്ങിയതെങ്ങനെയെന്ന്
നീ പറയാതറിയാം എനിക്കും.
രണ്ടു വര്‍ഗ്ഗങ്ങളുടെ ബാന്ധവത്തില്‍
കോമ്പല്ലുകള്‍ വളരുമെന്നും
ഒരുനാള്‍ അത്
ദുര്‍ബ്ബലനില്‍ ആഴ്ന്നിറങ്ങുമെന്നും
ചരിത്രം സാക്ഷി.

അക്ഷരങ്ങളിലെ അഗ്നിയില്‍
യൗവനം ഹോമിച്ച കവേ,
അക്കാദമിക്കോലായിലെ വെടിവട്ടത്തില്‍
നിന്റെ സൂര്യനുദിച്ചതെങ്ങനെയെന്ന്
നീ പറയാതറിയാം ആര്‍ക്കും.
അരാജക വാദിയുടെ വിണ്ട പാദങ്ങള്‍
പുരസ്കൃതന്റെ മിതോഷ്ണ ലഹരിയില്‍
അടുത്തൂണ്‍ പറ്റുമെന്ന്
കൊട്ടാരം കവികളുടെ
നാള്‍ വഴി ചരിതം.

Tuesday, July 9, 2013

പുലി കളി

കുറെ ദിവസമായി
പുലിയിറങ്ങിയെന്നു വിറക്കുകയായിരുന്നു
കൂട്ടത്തിൽ ചുണയുള്ളവർ
കൂട്ടം ചേർന്ന് വേട്ടക്കിറങ്ങി
യൂണിഫോമിട്ട് കുറുവടി തോക്കേന്തി
കാടെളക്കാന്‍ പോലീസെത്തി.  
പുലിയില്ലെങ്കിലും കഥകളേറെ:  
ഹിമ മനുഷ്യന്റെ പാദങ്ങളെന്നും
അല്ല; ഉറുമ്പ്‌ തീനിയുടെ നഖപ്പാടെന്നും
പുള്ളിപ്പുലിയുടെ പുറം തോലെന്നും
മൂങ്ങക്കണ്ണിന്റെ മൂർച്ചയെന്നും
പേടമാൻ കണ്ണിന്റെ തെളിച്ചമെന്നും.

വേട്ടക്കു കേറിയോൻ
കാട്ടുതേൻ കിടാത്തിയെ കൂട്ടിനെടുത്തതും
മുക്കൂട്ടു കവലയിൽ പിന്നൊരു വെളുപ്പിന്
ചോരവാർന്നവൾ ചത്തു കിടന്നതും....  

ചൈന വഴി മാവോപ്പുലി
ചാനൽ പയ്യന്റെ അപസർപ്പകപ്പുലി
വെടിയേറ്റ നെഞ്ചായ് തമിഴ്പ്പുലി
തെലിങ്കാന മണ്ണീന്നു നക്സലൈറ്റ് പുലി
കാശ്മീര് താണ്ടിയൊരു തീവ്രൻ പുലി
ബുദ്ധഗയേലും മുജാഹിദീന്‍ പുലി
റെയിൽ വഴി റോഡു വഴി
നട വഴി,യിട വഴി ഇരുൾവഴി 
ജല വഴി, ആകാശ വഴി
പല വഴി പെരുവഴി
ഈ പുലി വഴി.

Saturday, July 6, 2013

ജലസമാധിയുടെ ദിനങ്ങള്‍

മഴക്കാലത്തിന്റെ ബാക്കിപത്രത്തില്‍
നിറഞ്ഞൊഴുകും പുഴയും
താഴ്വരപ്പച്ചയും മാത്രമല്ല,
തണുത്തു മരിച്ച പൂച്ചക്കുഞ്ഞുങ്ങളും
ചോര്‍ന്നമര്‍ന്ന കുടിലുകളുമുണ്ട്.

മൂടിപ്പോയ പാട വരമ്പുകളില്‍
ധ്യാന നിരതരായ കൊറ്റികള്‍-
മഴ കായാനെത്തിയ ജലജീവികള്‍
നീളന്‍ കൊക്കിലൊടുങ്ങുന്നു.

നിരാലംബരായ മല ദൈവങ്ങളുടെ
തോറ്റുപോയ തട്ടകങ്ങളില്‍
ചെറിയ മനുഷ്യരുടെ ദൈന്യം
വിശപ്പും മൃതിയുമായി
നനഞ്ഞു കുതിരുന്നു.

ഉരുള്‍ പൊട്ടിയ മലയോരങ്ങളില്‍
കാത്തുവെച്ച കര്‍ഷക സ്വപ്നങ്ങള്‍
മേയാന്‍ വിട്ട മാടുകള്‍ക്കൊപ്പം
ഒടുങ്ങിപ്പോയിരിക്കുന്നു.

പനിച്ചു വിറയ്ക്കുന്ന രാപ്പകലുകള്‍
ആശുപത്രി വരാന്തകളില്‍
വായ്‌ കീറിയ ദൈവമില്ലാതെ
ഈറന്‍ കമ്പളങ്ങളില്‍
കൂനിക്കൂടിയിരിക്കുന്നു.

കുടിലണയാത്ത മുക്കുവന്‍
പുകയാത്ത അടുപ്പിനരികില്‍
അലകടല്‍ രൗദ്രമായി
നെഞ്ചിലെ കൊടുങ്കാറ്റാവുന്നു.

മുങ്ങി മരിച്ച കുഞ്ഞിന്
അന്ത്യ വീടൊരുക്കവേ:
'വെള്ളത്തെപ്പേടിയാണവന്ന്,
മഴ നനയാതടക്കണ' മെന്നു
ഓര്‍മ്മിപ്പിക്കുന്നുണ്ടച്ഛന്‍.

പുഴകിവീണ വന്മരങ്ങളില്‍
കിളിക്കുഞ്ഞുങ്ങള്‍ക്കും ശ്രാദ്ധം:
ജലസമാധിയുടെ ദിനങ്ങളില്‍
ഉടലഴിഞ്ഞവര്‍ക്ക്,
അവതാരപ്പൊരുള്‍ തേടി
മത്സ്യാന്നമായവര്‍ക്ക്.

Wednesday, July 3, 2013

Movie Talks: 9 Aguirre: the Wrath of God (1972)

Movie Talks: 9

Aguirre: the Wrath of God (1972)
Germany, Direction: Werner Herzog.

ജര്‍മ്മന്‍ നവ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ശില്‍പ്പികളില്‍ ഒരാളായ വെര്‍ണര്‍ ഹെര്‍സോഗിന്റെ സുപ്രസിദ്ധ ചിത്രം.
ഹെര്‍സോഗിന്റെ പ്രധാന നായക നടന്‍ ക്ലോസ് കിന്‍സ്കി (Klause Kinski) പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് സാഹസിക പര്യവേഷകന്‍ (Conquistador) ആയ ലോപേ ഡി അഗ്വിരെയെ അവതരിപ്പിക്കുന്നു. ഭ്രാന്തമായ ഏകാഗ്രതയോടെ പുരാണ പ്രോക്തമായ എല്‍ ഡൊരാടോ (El Dorado) എന്ന സ്വര്‍ണ്ണ നഗരി തേടിപ്പോകുന്ന ഗോണ്‍സാലോ പിസാരോയുടെ സംഘത്തില്‍ രണ്ടാം കമാണ്ടര്‍ ആണയാള്‍. പെറൂവിയന്‍ വനാന്തരങ്ങളുടെയും ആമാസോണിന്റെയും വന്യതയിലും ഗോത്ര വര്‍ഗ്ഗക്കാരുടെ ആക്രമണങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും പെട്ട് പകര്‍ച്ച വ്യാധികളുടെയും പട്ടിണിയുടെയും ഒടുവില്‍ സംഘാംഗങ്ങള്‍ പടി പടിയയുള്ള ഉന്മാദത്തിലേക്കും മരണങ്ങളിലേക്കും വഴുതി വീഴുന്നു. ഭീഷണിയിലൂടെയും കൊല പാതകങ്ങളിലൂടെയും സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അഗ്വിരെ, സ്വയം 'ദൈവത്തിന്‍റെ രോഷ' (The Wrath of God) മായി പ്രഖ്യാപിക്കുന്നു. ഒടുവില്‍, എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ അയാളുടെ ഏക മകളും കൊല്ലപ്പെടുന്നുണ്ട്. ചിത്രാന്ത്യത്തില്‍ ഉന്മാദിയായി തീരുന്ന അഗ്വിരെ, ഒരു കൂട്ടം കുരങ്ങന്മാര്‍ കീഴടക്കുന്ന, ചുറ്റും ശവങ്ങള്‍ മാത്രമുള്ള ചങ്ങാടത്തില്‍, എകാന്തനായി നില്‍ക്കുന്നു. അവസാന രംഗത്തില്‍, ആമസോണിന്റെ വിശാല വിജനതയില്‍ ചുറ്റും അകന്നകന്നു പോവുന്ന വൃത്തങ്ങളില്‍ ഒറ്റപ്പെട്ട ചങ്ങാടത്തിനു വലം വെക്കുന്ന കാമറ, ഒറ്റപ്പെടലിന്റെയും ദുരന്തത്തിന്റെയും ഒരവബോധം സൃഷ്ടിക്കുന്നു. ഫാസിസ്റ്റ് മാനസികാവസ്ഥയുടെ ഒരു പ്രതീകമായി ചിത്രത്തെ കാണാമെങ്കിലും ഉന്മാദിയായ നായകനോടുള്ള ഭയവും അത്ഭുതവും കലര്‍ന്ന ഒരു ആരാധനാ മനോഭാവം പ്രേക്ഷകനില്‍ ഉണ്ടാവുന്നുണ്ട്.

ഹെര്‍സോഗ്- കിന്‍സ്കി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണ് അഗ്വിറെ. പില്‍ക്കാലത്ത് Nosferatu, Fitzcarraldo തുടങ്ങിയ വിഖ്യാദ ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് നമുക്ക് കാണാം. ഉന്മാദത്തിന്റെ വക്കോളമെത്തുന്ന മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവരോ അഥവാ സ്വയം അത് ഏറ്റു വാങ്ങുന്നവരോ ആയ ഹെര്‍സോഗ് കഥാ പാത്രങ്ങളുടെ മികച്ച ഉദാഹരണമാണ് അഗ്വിരെ. ഭ്രാന്തമായ കരുത്തോടെയും, ആവേശത്തോടെയും അയാള്‍ തന്റെ ലക്ഷ്യത്തിലേക്ക് പോകുന്നു. വിജയസാധ്യത ഒട്ടുമില്ല എന്നത് അയാള്‍ക്ക്‌ പ്രശ്നമാവുന്നതേയില്ല. ദുരന്തങ്ങള്‍ക്ക് വിധിക്കപ്പെട്ട ഈ മനുഷ്യന്‍ സാധാരണ മനുഷ്യ ജീവിത സീമകള്‍ക്കപ്പുറം വളര്‍ന്നു നില്‍ക്കുന്നു.

ആന്റിസ് പര്‍വ്വത സാനുക്കളിലെ ചെങ്കുത്തായ ഓരങ്ങളിലൂടെ ഉറുമ്പിന്‍ കൂട്ടം പോലെ അരിച്ചു നീങ്ങന്ന കുറെ തളര്‍ന്ന പര്യവേഷകരും അവരുടെ തദ്ദേശീയരായ ഭൃത്യരും ചേരുന്ന ആദ്യ ദൃശ്യം തന്നെ, പ്രേക്ഷകനെ ഒരസാധാരണ അനുഭവത്തിനു തയാറാക്കുന്നുണ്ട്. പ്രചണ്ഡമായ മാനസികാവസ്ഥയുള്ള അതുല്യ നടന്‍ ക്ലോസ് കിന്‍സ്കി, ഹെര്‍സോഗ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയ പൂര്‍ണ്ണതയും ചെറുതല്ല. ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷ, വളരെ കുറച്ചു മാത്രം സംഭാഷണങ്ങളും സംഭവഗതികളുമുള്ള ഇതിവൃത്ത ഘടനയില്‍ ഏറെ ശക്തമായി അനുഭവപ്പെടും. ഹെര്‍സോഗ് തന്റെ ചിത്രങ്ങളില്‍ പുലര്‍ത്തിയ ചിത്രീകരണ പരമായ യഥാതഥ സ്വഭാവവും അതിനു വേണ്ടി എടുക്കുന്ന സാഹസികമെന്നു തന്നെ പറയാവുന്ന വിഷമതകളും പ്രസിദ്ധമാണ്. അഗ്വിരെയില്‍ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും മുഴുവന്‍ ചിത്രീകരണ കാലവും പെറുവിയന്‍ മഴക്കാടുകളിലെ വന്യതയില്‍ കഴിയാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. ചിത്രത്തിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളില്‍, റ്റൊമസ് മോഷ് (Thomas Mauch) ന്‍റെ ചായ ഗ്രഹണവും, മയന്‍ ഇതിഹാസങ്ങളിലെ ഉല്‍പത്തി കഥയുമായി ബന്ധപ്പെട്ട പേരില്‍ അറിയപ്പെട്ട സംഗീത ഗ്രൂപ്പ് ആയ പോപോള്‍ വു (Popol Vuh) ചെയ്ത പശ്ചാത്തല സംഗീതവും ഉള്‍പ്പെടുന്നു.

Sunday, June 30, 2013

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം.

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം.

"കാന്തപുരത്തിനെ ന്യായീകരിക്കുകയല്ല" എന്ന മുഖവുരയോടെ അങ്ങേരെക്കാള്‍ വീറോടെ ശൈശവ വിവാഹത്തിനു വേണ്ടി ഇവിടെ ചിലര്‍ വാദിക്കുന്നുണ്ട്. അവര്‍ പ്രധാനമായും പൊക്കി ക്കൊണ്ട് വരുന്ന വാദമുഖങ്ങള്‍ ഇവയാണ്: ഈ പിഴച്ച കാലത്തില്‍ പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആധിയാണ് നേരത്തെ വിവാഹത്തിനു പ്രേരിപ്പിക്കുന്നതു. അത് ന്യായമാണ്. ഇന്ത്യയില്‍ ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ബാല വിവാഹം പോലും നിലവിലുണ്ട്. ഇവിടെ എതിര്‍ക്കുന്നവര്‍ അതൊക്കെ ആദ്യം നിര്‍ത്തട്ടെ. ലോകത്ത് പല രാജ്യങ്ങളിലും പതിനാറു വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ച ആയാല്‍ വിവാഹ പ്രായമായതായി കണക്കാക്കാം. കുറെ കൂടി കടന്നു ഇതൊരു സാമുദായിക പ്രശ്നമായത്‌ കൊണ്ടാണ് ഇത്ര എതിര്‍പ്പെന്നും, ബാല വിവാഹങ്ങളെ എതിര്‍ക്കാത്തത് അതൊക്കെ ഭൂരിപക്ഷ സമുദായങ്ങളുടെ ഇടങ്ങളിലായത് കൊണ്ടാണെന്നും വരെ ചിലര്‍ പറഞ്ഞു വെക്കുന്നുണ്ട്. മലപ്പുറം ജില്ല പോലുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുരോഗതി ചൂണ്ടിക്കാണിച്ചു വിവാഹ പ്രായം നേരത്തെ ആയതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് തെളിയിക്കാനും ചിലര്‍ ശ്രമിച്ചു കണ്ടു.

ചുറ്റും നടമാടുന്ന പെണ്‍ വേട്ടകളുടെയും അതില്‍ പേടിച്ചു പോവുന്ന രക്ഷിതാക്കളുടെ അരക്ഷിത്വത്തിന്റെയും പേരില്‍, ഉദ്ദേശ ശുദ്ധിയുടെ ഒഴികഴിവ് പറഞ്ഞു പെണ്‍കുട്ടികളുടെ ശൈശവ വിവാഹത്തെന്യായീകരിക്കുമ്പോള്‍, ഉദ്ദേശ ശുദ്ധിയുടെ പേരില്‍ ദുരാചാരങ്ങളെ ന്യായീകരിക്കാമെങ്കില്‍ നരബലി പോലും ന്യായീകരിക്കേണ്ടി വരും എന്നോര്‍ക്കണം. അറിവില്ലായ്മയും, അത് ചെയ്‌താല്‍ മോക്ഷം ലഭിക്കും എന്ന ചിന്തയുമാണല്ലോ സ്വന്തം കുഞ്ഞിനെ പോലും ബലി അര്‍പ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക. ഒരു സമൂഹത്തെയാകമാനം നൂറ്റാണ്ടുകള്‍ പുറകോട്ടു കൊണ്ട് പോവുന്ന അനാചാരത്തെ അയഥാര്‍ത്ഥ ഭയങ്ങളുടെ പേരില്‍ സാധൂകരിക്കുമ്പോള്‍ ഓര്‍ക്കണം, ഇതര സമൂഹങ്ങള്‍ക്ക് മുന്നില്‍ സ്വയം പരിഹാസ്യരാവാന്‍ മാത്രം ഇട വരുത്തുന്ന ഇക്കൂട്ടര്‍, മറ്റെന്തായാലും, സമുദായ സ്നേഹികള്‍ അല്ലെന്നു. മുസ്ലിം സമൂഹത്തിലെ വിവാഹമോചന ദുരിതങ്ങള്‍ക്കും, വിവാഹാനന്തര നരകങ്ങള്‍ക്കും പ്രധാന കാരണം പക്വത എത്തുന്നതിനു മുന്‍പ് നടക്കുന്ന വിവാഹങ്ങളാണെന്നതും നിഷേധിക്കാനാവില്ല. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും തന്നെത്തന്നെ പ്രതിരോധിക്കുകയും ചെയ്യുന്ന പക്വതയോടെയല്ല പതിനാറുകാരി അത് ചെയ്യുക. പ്രായേണ അത്തരം വിഷയങ്ങളില്‍ സമൂഹം ഉണര്‍ന്നു തുടങ്ങിയ ഒരു ഘട്ടത്തില്‍ വീണ്ടും അതേ ചതിക്കുഴികളിലേക്ക് അതിനെ വലിച്ചിഴക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ പലയിടത്തും ബാല വിവാഹങ്ങള്‍ നിലവിലുണ്ട് എന്നത് ശരി തന്നെയാണ്. പക്ഷെ അതേ നിലയിലേക്ക് തിരിച്ച് പോവാന്‍ ആണെങ്കില്‍ കേരളം നേടി എന്ന് നമ്മള്‍ അവകാശപ്പെടുന്ന നവോഥാന മൂല്യങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കുമൊക്കെ പിന്നെയെന്തു അര്‍ത്ഥമാനുള്ളത്? ശാരീരിക വളര്‍ച്ച എന്നാ മാനദണ്ഡം വെച്ച് വിവാഹപ്രായം കണക്കാക്കുന്നവര്‍ വിവാഹം എന്ന ബന്ധത്തെ വെറും ശരീരാധിഷ്ടിത ബന്ധമായി മാത്രമാണ് കാണുന്നത്, അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. ഒരു കുടുംബം ഉണ്ടാക്കിയെടുക്കുന്നതിലും വളര്‍ത്തിക്കൊണ്ടു വരുന്നതിലും സ്ത്രീയുടെ പങ്കിനെ കുറിച്ചൊക്കെ എങ്ങും തൊടാതെ വാചാലരാവുന്നവര്‍ പക്ഷെ, അതില്‍ സ്ത്രീയുടെ മാനസിക പക്വതയുടെ ആവശ്യത്തെ പാടെ അവഗണിക്കുകയാനെന്നതാണ് വസ്തുത. നേരത്തെ നടക്കുന്ന വിവാഹങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ദുരിതങ്ങള്‍ ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ നേരിടുന്നു. സ്വാഭാവികമായും വിദ്യാഭ്യാസവും ജീവിത പരിചയവുമില്ലാത്ത കൌമാരക്കാരികളായ അമ്മമാര്‍ അത്തരം പ്രതിസന്ധികളില്‍ ദയനീയമായി പരാജയപ്പെടുന്നത് നിത്യ സംഭവമാണ്. ഏറെ വേദനിപ്പിക്കുന്ന മറ്റൊരു സത്യം, കുടുംബ ജീവിതത്തിലേക്ക് അകാലത്തിലെ മടുപ്പും വിരക്തിയും കടന്നു വരാന്‍ ഈ ദുരാചാരം കാരണമാവുന്നുണ്ട് എന്താണ്. സ്ത്രീത്വത്തിന്റെ അകാലത്തിലുള്ള ക്ഷയിക്കല്‍ പ്രായേണ യൌവനം നില നിര്‍ത്താന്‍ കഴിയുന്ന പുരുഷന്മാരില്‍ ലൈംഗീക അസംതൃപ്തിക്കും അഗമ്യഗമന പ്രവണതക്കും കൂടുതല്‍ കാരണമാവുന്നുണ്ടെന്നു കണ്ടിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും പതിനാറു വയസ്സിനെ വിവാഹ പ്രായമായി കണക്കാക്കുന്നുണ്ടെന്നു റിസര്‍ച്ച് ചെയ്തു കണ്ടു പിടിക്കുന്നവര്‍ ഒന്നോര്‍ക്കണം: ഉദാഹരണങ്ങളിലൂടെ നമുക്കെന്തും സമര്‍ഥിക്കാനാവും. മുന്നിലുള്ള മാതൃകകളില്‍ മധ്യകാലത്തിന്റെ നീക്കിയിരിപ്പുകളെ മാത്രം പൊലിപ്പിച്ചു കാണിച്ചു നമ്മളൊക്കെ അക്കാലത്തേക്ക് പോകണം എന്ന് വാശി പിടിക്കേണ്ടതില്ല. പതിനാലോ പതിനഞ്ചോ വയസ്സുള്ള ആണ്‍കുട്ടിക്ക് ഒരച്ചനാവാന്‍ കഴിയും എന്ന് വെച്ച് ഇനി ആണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാലാക്കണം എന്ന് മുറവിളി ഉയരുമോ? വിദ്യാഭ്യാസ പുരോഗതിക്കു കാരണം തിരിച്ചാണ്: പെണ്‍കുട്ടികളുടെ ജീവിത ലക്‌ഷ്യം വയസ്സറിയിച്ചാലുടന്‍ കല്യാണവും കഴിച്ചു അടുക്കളയിലും പ്രസവമുറിയിലുമായ് ഒതുങ്ങലല്ല എന്ന് സമൂഹത്തിലുണ്ടായി വരുന്ന മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തയാറായ കുറെയേറെ രക്ഷിതാക്കള്‍ കണ്‍ തുറന്നതിന്റെ ഫലം. ഇതൊരു സാമുദായിക പ്രശ്നം എന്നല്ല, ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഈ ജീര്‍ണ്ണതക്ക് മത മേലദ്ധ്യക്ഷന്മാരില്‍ ചിലര്‍ ഉള്‍പ്പടെ പച്ചക്കൊടി കാണിക്കുന്നു എന്നത് കൊണ്ട് മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഇതൊരു സാമുദായിക പ്രശ്നം കൂടിയാണ് എന്നതാണ് സത്യം.

ഒന്ന് കൂടി: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഈ സമൂഹത്തില്‍ പെണ്‍കുട്ടികളെ കാത്തു ചതിക്കുഴികള്‍ ഒന്നുമില്ലെന്നാണോ? അത് പോലെ ഈ ചതിക്കുഴികളൊക്കെ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ മാത്രം കാത്തിരിക്കയാണോ? അഥവാ, മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ ഇത്ര അവിശ്വാസമോ രക്ഷിതാവിനു?

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം, അവരെ ജീവിക്കാന്‍ അനുവദിക്കാം.

Wednesday, June 26, 2013

Movie Talks: 4 Rashomon (1950)

Movie Talks: 4

Rashomon (1950)
Japan: 88 minutes
Direction: Akira Kurosawa.

ലോക സിനിമയിലെ നാഴികക്കല്ലായ ഈ ചിത്രം വാസ്തവം, മാനുഷിക ദൗർഭല്യം എന്നീ രണ്ടു പ്രപഞ്ച ദ്വന്ദ്വത്തെ പരിശോധിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

പന്ത്രണ്ടാം നൂറ്റാണ്ടിലെ ജപ്പാനിൽ ഒരു തകർന്ന കെട്ടിട വരാന്തയിൽ ഒരു പുരോഹിതനും ഒരു വിറകു വെട്ടിയും ഒരു കർഷകനും തകർത്ത് പെയ്യുന്ന മഴയിൽ നിന്നും അഭയം തേടിയിരിക്കുന്നു. പുരോഹിതനും വിറകുവെട്ടിയും ഒരു കുപ്രസിദ്ധ പിടിച്ചു പറിക്കാരനെ കൊലക്കുറ്റത്തിനും ബലാത്സംഗ കുറ്റത്തിനും വിചാരണ ചെയ്ത സംഭവം ചർച്ച ചെയ്യുന്നു . വിചാരണക്കഥ പുനരാവിഷ്കരിക്കുമ്പോൾ കൃത്യത്തിലെ പങ്കാളികൾ - കൊള്ളക്കാരൻ (Toshiro Mifune ), ബാലാൽക്കാരത്തിനു വിധേയയായ സ്ത്രീ (Machiko Kyo ) , കൊല്ലപ്പെട്ട വ്യക്തി (Masayuki Mori ) എന്നിവർ - സംഭവത്തെ കുറിച്ചു അവരുടെ, ഒരേ സമയം തീർത്തും വിശ്വസനീയവും എന്നാൽ തികച്ചും വിഭിന്നവുമായ കഥകൾ പറയുന്നു. കള്ളന്റെ കഥയിൽ അയാളും കൊല്ലപ്പെട്ടയാളും, ബാലാൽക്കാരത്തിനു ശേഷം കടുത്തൊരു പോരാട്ടം നടത്തിയിരുന്നു . അതിനെ തുടർന്നാണ് കൊല നടന്നത്. സ്ത്രീ പറയുന്നതാവട്ടെ ഇങ്ങനെ: ബലാൽസംഗം ചെയ്യപ്പെട്ട ശേഷം അവളുടെ ഭർത്താവ് അവളോട്‌ അതീവ നിന്ദ്യമായാണ് പെരുമാറിയത്. ദുഃഖം കൊണ്ട് ഭ്രാന്തെടുത്ത അവൾ അയാളെ കൊല്ലുകയായിരുന്നു. പ്രേത സംസാരം നടത്താൻ കഴിയുന്ന ഒരു മന്ത്ര വാദിനിയിലൂടെ കൊല്ലപ്പെട്ടയാൾ പറയുന്നത് മൂന്നാമതൊരു കഥ : ബാലാൽക്കാരത്തിനു ശേഷം, കൊള്ളക്കാരൻ സ്ത്രീയോട് അയാളോടൊപ്പം ചെല്ലാൻ ക്ഷണിച്ചു . അപ്പോൾ അവൾ അയാളാദ്യം തന്റെ ഭര്‍ത്താവിനെ കൊല്ലണമെന്ന് നിർബന്ധം പിടിച്ചു. അത് കൊള്ളക്കാരനെ ചൊടിപ്പിച്ചു. അയാൾ അവളെ വേണ്ടെന്നു വെച്ച് പൊയ്ക്കളഞ്ഞു. ഇതേ തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കഥകൾ ഇത്രയുമായപ്പോൾ എന്തോ കുറ്റ ബോധത്തോടെ മരം വെട്ടുകാരാൻ രണ്ടു പേരോടും സമ്മതിക്കുന്നു: താൻ എല്ലാത്തിനും സാക്ഷിയായിരുന്നു. അയാൾ പറയുന്ന കഥയും തികച്ചും വിശ്വസനീയം തന്നെ: എന്നാൽ സംഭവ സ്ഥലത്ത് നിന്ന് വില കൂടിയ കല്ലുകൾ പിടിപ്പിച്ച ഒരു കത്തി അയാൾ മോഷ്ടിച്ചു എന്നിരിക്കെ അയാളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. കാര്യങ്ങൾ ഇങ്ങനെ കുഴഞ്ഞു മറിയവെ ഗേറ്റിനു പിറകെ ഒരു ശിശുവിന്റെ കരച്ചിൽ കേൾക്കുന്നു. കർഷകൻ അതിന്റെ വസ്ത്രം മോഷ്ടിക്കാനൊരുങ്ങുന്നു. എന്നാൽ മരം വെട്ടുകാരൻ ആ അനാഥ ശിശുവിനെ ദത്തെടുക്കാൻ തയാറാവുന്നതിലൂടെ അയാളുടെ മാനവികത വീണ്ടെടുക്കുന്നു .

അകിര കുറൊസാവ

സിനിമാ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ചലച്ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു അകിര കുറൊസാവ . അൻപത്തേഴ്‌ വർഷങ്ങൾ നീണ്ട ചലച്ചിത്ര സപര്യക്കിടയിൽ മുപ്പതോളം ചിത്രങ്ങളാണ് അദ്ദേഹം ചെയ്തത്. 1943-ഇൽ Sanshiro Sugata എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകാൻ ആവുന്നത് . Drunken Angel (1948) എന്ന ചിത്രത്തിൽ പില്ക്കാലത്ത് വിഖ്യാതമായിത്തീർന്ന പതിനഞ്ചോളം കുറൊസാവ ചിത്രങ്ങളിൽ തിളങ്ങിയ ഒരു കൂട്ടുകെട്ട് പിറന്നു: നടൻ Toshiro Mifune യുമായി. 1950-ഇൽ Rashomonപുറത്തിറങ്ങി. അടുത്ത വർഷം വെനീസ് ചലച്ചിത്ര മേളയിൽ Golden Lion പുരസ്കാരം നേടിയതോടെ കുറൊസാവ പ്രതിഭയിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞു. പിന്നീടങ്ങോട്ട് അദ്ദേഹം ചെയ്ത മിക്ക ചിത്രങ്ങളും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലായിരുന്നു.Ikiru (1952), Seven Samurai (1954), Yojimbo (1961), Kagemusha (1980), Ran (1985) തുടങ്ങിയ എക്കാലത്തെയും മികച്ച സിനിമകൾ ഉദാഹരണം.

ചലച്ചിത്ര നിർമ്മാണത്തിലെ എല്ലാ മേഖലകളിലും തീവ്രമായി ഇടപെട്ടുകൊണ്ടും കർക്കശവും സൂക്ഷ്മവുമായ രീതിയൽ എല്ലാത്തിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ടുമുള്ള സംവിധാന രീതി അദ്ദേഹത്തെ ബെർഗ്മാൻ, സ്പിൽ ബർഗ്, മാർട്ടിൻ സ്കൊർസെസെ, ബെര്റ്റൊലൂചി എന്നിവരുടെയൊക്കെ പ്രിയങ്കരനാക്കി. തിരക്കഥാ രചന മുതല്‍ അഭിനേതാക്കളെ പരിശീലിപ്പിക്കുന്നതും രംഗ സജ്ജീകരണവുമെല്ലാം നേരിട്ടുള്ള മേല്‍നോട്ടത്തിലും കര്‍ക്കശ ശ്രദ്ധയിലും ചെയ്യുന്നതായിരുന്നു കുറൊസാവ രീതി. 1998 -ഹൃദയാഘാദത്തെ തുടര്‍ന്ന് മരിക്കും വരെയും ഹൃദയം നിറയെ സിനിമ തന്നെയായിരുന്നു ആ പ്രതിഭാശാലിക്ക്.