Featured Post

Saturday, March 9, 2013

ദൈവത്തിന്റെ ഖേദം


ആലിപ്പഴം പെയ്യുന്ന വേനല്‍ മഴ
പ്രവചനം തെറ്റിച്ചു തിരിച്ചു പോയി.
പെയ്യാതെ വഴി മറന്നതും
പെയ്തിട്ടും കനക്കാതെ പോയതും
ഇളം കൂമ്പുകള്‍ക്ക് പട്ടട.

അഭയമായ കടത്തിണ്ണ
ഒരുവള്‍ക്ക് അള്‍ത്താരയായതും
ശിശു പീഡകന്റെ രാത്രി
സര്‍പ്പ സാന്നിധ്യമായതും
ചീന്തിയെറിയപ്പെട്ട കുഞ്ഞുടലായി
ഒരിളം കൂമ്പ് പിടഞ്ഞമര്‍ന്നതും
ആവര്‍ത്തനങ്ങളുടെ വിരസതയിലേക്ക്‌
അവളുടെ രക്തം ഒഴുകിമറഞ്ഞതും-

പാപികളുടെ നഗര സ്വപ്നങ്ങളിലേക്ക്
കഠിന മുഖനായൊരു ദൈവവും
പ്രവചന സ്വരമുയര്‍ത്തുന്നില്ല.
എങ്കിലും ഉപ്പുതൂണുകളല്ല, അവര്‍
ചാമ്പലാവുക തന്നെ വേണമെന്ന്
കുഞ്ഞുങ്ങളുടെ ദൈവം.

മൃതിയും രതിയും മണക്കുന്ന
തെരുവുകളിലൂടെ അവര്‍ തിരിച്ചു വരും:
പിറവിയിലേ ഒടുങ്ങിയ പെണ്‍കുഞ്ഞുങ്ങള്‍,
അറിയും മുമ്പേ ഉടലിലെരിഞ്ഞവര്‍,
തോട്ടം കാവല്‍ക്കാര്‍ ഇറുത്തെറിഞ്ഞ
മഞ്ഞു പുതച്ച മൊട്ടുകള്‍.
തോറ്റു പോയ എന്റെ ദൈവത്തിനു വേണ്ടി
ഇതെന്റെ ഖേദം അവരോട്.

No comments:

Post a Comment