Featured Post

Saturday, March 2, 2013

ക്ഷീരപഥങ്ങള്‍ വലം വെച്ച്

ബാല്യത്തിന്റെ കളി മുറ്റത്ത്
ഇടഞ്ഞു തടഞ്ഞു നിന്ന്
കൈത്തോട്ടിലെ പ്രണയചിത്രം
ഒരുനോക്കു കണ്‍ പാര്‍ത്തു
കാഴ്ചയുടെ കണിയുല്‍സവങ്ങളില്‍
ഞൊടിയിട ലയിച്ച്
കവിള്‍ തുടുപ്പിന്‍ വര്‍ണ്ണവില്ലായ്
കവിതയെത്തുന്നു.

പട്ടിണിക്കുടില്‍ മുറ്റത്ത്
ഒഴിഞ്ഞ കണ്ണിലെ നോട്ടമായി
വീണുപോയ കട്ടിലില്‍
പരാധീനതയുടെ ഞരക്കമായി
കുഞ്ഞുടലിനോട് പൊരുത്തമില്ലാത്ത
ആര്‍ത്തിക്കണ്ണും വയറുമായി
പെട്ട് പോയ പെണ്ണിന്റെ
മടുപ്പും ദൈന്യവുമായി
ആരും മൂളാത്ത ഈണമായി
കവിത ഉറയുന്നു.

വരണ്ട ചാലായ് മുറിഞ്ഞു പോയ
നദി വേരുകളുടെ വിലാപം,
വിഷ മഴകളിലൊടുങ്ങിയ
ചെറു ചാതികളുടെ മൂകശാപം,
പിഴുതെറിയപ്പെട്ട ജനതയുടെ
ചോരയിറ്റും നെഞ്ചകങ്ങള്‍,
ചരിത്രത്തിന്റെ ചുവന്ന തെരുവില്‍
കൂട്ടിക്കൊടുപ്പിന്റെ മാംസ ഗന്ധം-
ഭാവഗീതത്തിന്റെ മേടുകള്‍ കടന്ന്
കവിത പുകഞ്ഞ് തുടങ്ങുന്നു.

അതിരുകളുടെ ആളില്ലായിടങ്ങളില്‍
കാവലിന്റെ പാഴ് വേല.
അനാദിയായ കാലത്തോട്
ഇത്തിരിക്കാലത്തിന്റെ പോര്‍വിളി.
കാലവും ലോകവും കടന്നു
ക്ഷീരപഥങ്ങള്‍ വലം വെച്ച്
കവിതത്തുന്നു.

No comments:

Post a Comment