Featured Post

Saturday, March 30, 2013

ഗ്രന്ഥപ്പുരക്ക് തീ പിടിക്കുന്നു.

ഗ്രന്ഥപ്പുരക്ക് തീപിടിക്കവേ
അരൂപികളുടെ പാലായനം-
തീയിലും പുകയിലും തടഞ്ഞു വീണ്.
താളിയോലകളിൽ നിന്ന്
ചരിത്ര പുരുഷന്മാരുടെ നിലവിളി.
തുകൽച്ചട്ടകൾക്കുള്ളിൽ നിന്ന്
അതിമാനുഷരുടെ കലമ്പൽ.
കാവ്യനാടക മൊഴിയുമായി
പ്രണയലോലുപൻ യുവരാജാവ്,
വിരഹിണിയൊരു രാജകന്യക.

വിലക്കപ്പെട്ട അറിവിൻ കനി പോൽ
കവികളോട് മിണ്ടാതെ
തൊട്ടുകൂടാപ്പഴമയിൽ
മാതൃകാ റിപ്പബ്ലിക്കായി
തത്വ ശാസ്ത്രത്തിന്റെ ഗരിമ.
ലക്ഷ്മണ രേഖ കടന്ന്
പറുദീസാ നഷ്ടം കരിഞ്ഞ
പുകയും കരിയും.
ഒരൊറ്റ നാളത്തിലെരിഞ്ഞു
ചരകനും ഹിപ്പോക്രാറ്റസും.
ജീവ ചരിത്രത്താളിൽ നിന്ന്
ബിഥോവന്റെ കൈ പിടിക്കുന്നു
കുടുമ വെച്ചൊരു ഭാഗവതർ.
എന്തരോ മഹാനു ഭാവ...
അന്ധനായ ഹോമറിന് നേരെ
അഗ്നി നാളം കൈ നീട്ടവേ,
ജടാ ധാരിയൊരുവൻ വിലക്കുന്നു:
അരുത് വേടാ,
ഇവനെൻ കൂടെപ്പിറപ്പ്-

എരിഞ്ഞു തീരുമ്പോഴും
ഉയിർത്തുനിൽക്കുന്നവരിൽ
അതികായരുടെ നിമിഷം.
തീനാളങ്ങളിൽ ചിറകു തീർത്തവർ,
ബോധിയും കുരിശും തൂക്കുകയറും
പാലായനവും സമാധിയും.
അഗ്നി പടർത്തുന്നവർ ഓർത്തുവെക്കണം-
പൊള്ളലേൽക്കാത്തവരത്രേ
ചരിത്രമെഴുതിയത്.










No comments:

Post a Comment