Featured Post

Friday, April 25, 2014

NOT FOR THE SHEPHERD



(For the childhood of animal fables)

The shepherd arrived
At the cave entrance
In search of the lost lamb.
There, ancestors lay interred
In immemorial urns.
Metals shards and stone pieces
Lay scattered,
Marking ages -
He discovers nothing.

Footprints of the tiger
That went inside
Had torn his heart.
Would the sharp fangs
Have pierced the tender flesh?
Beyond the darkness of
Primordial monuments,
Sleep-walking through
The smell of antiquity,
In the magic mirror of prayers
He beholds it thus:
Beyond the heart of darkness
In the green planes of morning rays,
A blind-man’s buff on.

May he not wake up
Into the dampness of clotted blood !.
What's better for the shepherd
To behold
If not the tiger and the lamb

Gamboling together !

Thursday, April 24, 2014

ഇടയന്‍ കാണരുതാത്തത്*:



ആട് മേച്ചില്‍ക്കാരന്‍
കൂട്ടം തെറ്റിയ കുഞ്ഞാടിനെ തേടി
ഗുഹാമുഖത്തെത്തിയതാണ്.
അനാദിയായ മണ്‍ കുടങ്ങളില്‍
കാത്തിരിക്കുന്ന പിതൃക്കള്‍
യുഗങ്ങളെ അടയാളപ്പെടുത്തിയ
ലോഹങ്ങളും ശിലാ ഖണ്ഡങ്ങളും-
അവനൊന്നും കണ്ടു പിടിക്കുന്നില്ല.

ഗുഹയിലേക്ക് കയറിപ്പോയ
കടുവയുടെ കാല്‍പ്പാടുകള്‍
ഹൃദയം മുറിഞ്ഞതാണവന്റെ .
കൂര്‍മ്പന്‍ പല്ലുകള്‍
ഇളം മാംസത്തിലാഴ്ന്നിരിക്കുമോ?
ചരിത്രാവശിഷ്ടങ്ങളുടെ ഇരുള് കടന്ന്
പ്രാചീന ഗന്ധങ്ങളിലെ നിദ്രാടനത്തിനപ്പുറം
പ്രാര്‍ത്ഥനയുടെ മായക്കണ്ണാടിയില്‍
അവനിങ്ങനെ കാണുന്നു:
ഇരുട്ടിന്റെ ഹൃദയത്തിനപ്പുറം
ഇളം വെയിലിന്റെ ഹരിത രാശികളില്‍
ഒരു കണ്ണുപൊത്തിക്കളി.

തളം കെട്ടിയ ചോരയുടെ നനവിലേക്ക്
അവനുണരാതിരിക്കട്ടെ.
കടുവയും കുഞ്ഞാടും കിന്നരിക്കുന്നതിനപ്പുറം
ഇടയനെന്തു കാണാനാണ് !


*(മൃഗ കഥകളുടെ ബാല്യത്തിന്)

Tuesday, April 22, 2014

മുഗള്‍ എ അസം (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 9
മുഗള്‍ എ അസം (1960)
ഹിന്ദി, B/W & Color (ഭാഗികം)



സംവിധാനം: കെ. ആസിഫ്.
                                                             (കെ ആസിഫ്)

1944- ല്‍ ആണ് സംവിധായകന്‍ കെ. ആസിഫ്, അക്ബര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഇംതിയാസ് അലി താജ് എന്ന നാടക കൃത്ത് എഴുതിയ ഒരു നാടകം വായിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നും സംശയ ലേശമന്യേ ഏറ്റവും വലിയ പ്രോജെക്റ്റുകളില്‍ ഒന്നാമത്തേതുമായ 'മുഗള്‍ അസം' സ്വപ്നത്തില്‍ കണ്ടത്. നീണ്ട പതിനാറു വര്‍ഷത്തെ നിരന്തര സപര്യയുടെയും തയ്യാറെടുപ്പുകളുടെയും ശേഷം 1960 ആഗസ്റ്റ്‌ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തെ സംബന്ധിച്ച എല്ലാ ഘടകങ്ങളും ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു: അമാനതുല്ലാ ഖാന്‍ (സീനത് അമന്റെ പിതാവ്) , കമല്‍ അമ്രോഹി, വജാഹത് മിര്‍സ, എഹ്സാന്‍ റെസ് വി എന്നീ പ്രതിഭാധനരോടൊപ്പം സംവിധായകനും ചേര്‍ന്ന് രചിച്ച തിരക്കഥ മുതല്‍ പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും ദുര്‍ഗ്ഗാ ഘോട്ടെയും ഉള്‍പ്പെടുന്ന സ്വപ്നതുല്യമായ താര നിര, ഷക്കീല്‍ ബദായുനി രചിച്ചു നൗഷാദ് സംഗീതം നല്‍കിയ എക്കാലത്തെയും മികച്ച പാട്ടുകള്‍, മുഹമ്മദ്‌ റാഫി, ലതാ മങ്കേഷ്കര്‍, ഷംഷാദ് ബീഗം തുടങ്ങിയ നാദ വിസ്മയങ്ങളോടൊപ്പം സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍ ഉള്‍പ്പെടുന്ന പിന്നണി ഗായക സാന്നിധ്യം, ഒരൊറ്റ ഗാന രംഗത്തിനു വേണ്ടി മാത്രം ഒരു മാസം തുടര്‍ച്ചയായ ചിത്രീകരണമടങ്ങിയ മൂന്നു വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്, രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചിത്രത്തിന്‍റെ പൂര്‍ണ്ണതക്കായി സംവിധായകനോടൊപ്പം നഗ്ന പാദനായി നടന്ന പ്രിഥ്വിരാജ് കപൂര്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ അര്‍പ്പണം, ചലച്ചിത്ര ലോകത്ത് നിന്ന് വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഹൃദയ സംബന്ധമായ രോഗത്തിന്റെ പ്രശ്നങ്ങള്‍ മാറ്റിവെച്ചു അതീവ ഭാരമുള്ള യഥാര്‍ത്ഥമായ ഇരുമ്പു ചങ്ങലകള്‍ ധരിച്ചു അഭിനയിച്ച ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു മധുബാലയുടെ അനാര്‍ക്കലീ പരകായ പ്രവേശം, സാധാരണ ഒരു വലിയ ചിത്രത്തിന്‍റെ ബജറ്റിനെക്കാള്‍ നൂറിരട്ടിയിലേക്ക് കടന്ന ബജറ്റ്... അങ്ങനെയങ്ങനെ. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ബോംബെയിലെ മാര്‍ത്ത മന്ദിറില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ടിക്കറ്റിനു തിക്കിത്തിരക്കിയതും ഒന്നര രൂപ വിലയുള്ള ടിക്കറ്റ് നൂറു രൂപയ്ക്കു വാങ്ങിയതും ചിത്രത്തെ സംബന്ധിച്ച ഒരു മെറ്റഫര്‍ തന്നെയായി കണക്കാക്കാം.


ചിത്രത്തിന്‍റെ ഇതിവൃത്തം ഇന്ന് ഒട്ടും പുതുമയുള്ളതായി തോന്നനിടയില്ലാത്ത വിധം ലളിതമാണ്. അനപത്യ ദുഃഖം അനുഭവിക്കുന്ന അക്ബര്‍ ചക്രവര്‍ത്തി റാണി ജോധാഭായിയോടും പരിവാരങ്ങളോടും ഒപ്പം ഖ്വാജാ മൊഹിയുദ്ധീന്‍ ചിഷ്തിയുടെ ദര്‍ഗ്ഗയില്‍ പ്രാര്‍ഥനക്ക് പോവുന്ന രംഗത്തോടെ ചിത്രം ആരംഭിക്കുന്നു. അങ്ങനെ പിറക്കുന്ന സലിം രാജകുമാരന്‍ തികച്ചുമൊരു മുടിയനായ പുത്രനായി വളരുന്നു. രാജകുമാരന്റെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ചക്രവര്‍ത്തി മകനെ യുദ്ധ രംഗത്തേക്കയക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവായ സലിം രാജകുമാരന്‍ മികച്ച യോദ്ധാവായി തിരിച്ചെത്തുന്നു. നര്‍ത്തകിയായ നാദിറ(അനാര്‍ക്കലി) യില്‍ കുമാരന്‍ അനുരക്തനാവുകയും രാജ പാരമ്പര്യത്തിനിണങ്ങാത്ത ബന്ധത്തിന് സുല്‍ത്താന്‍ എതിരാവുകയും ചെയ്യുന്നതോടെ സലിം - അനാര്‍ക്കലി പ്രണയം ദുരന്തത്തിലേക്ക് കൂപ്പു കുത്തുന്നു. കുമാരന്‍ സുല്‍ത്താനെതിരില്‍ കലാപക്കൊടിയുയര്‍ത്തുകയും അനാര്‍ക്കലിയെ സലീമില്‍ നിന്നകറ്റാന്‍ ചക്രവര്‍ത്തി അവളെ ജീവനോടെ തടവറച്ചുമരില്‍ അടക്കം ചെയ്യുകയും ചെയ്യുന്നു. ഈ ക്രൂരതയുടെ ശാപം നല്ലവനായ ചക്രവര്‍ത്തിയില്‍ വീഴാതിരിക്കാനായി, ഒരു പിന്‍ വാതിലിലൂടെ ചക്രവര്‍ത്തിയുടെ സമ്മത പ്രകാരം നാദിറയുടെ ഉമ്മ അവളെയും അനിയത്തിയെയും കൊണ്ട് രാജ്യം വിട്ടു പോകുന്നു. പ്രണയത്തിനു എതിര്‍ നിന്നവനെന്നു ചരിത്രം വിളിക്കുമ്പോഴും ചക്രവര്‍ത്തിയെന്ന നിലയില്‍ രാജ്യത്തിന്റെ അന്തസ്സ് കാക്കാന്‍ വേണ്ടി ആചാര മര്യാദകളുടെ അടിമയായ ഒരു നിസ്സഹായാനാണ് താനെന്നു അക്ബര്‍ ഏറ്റു പറയുന്നു. ചരിത്രപരമായി അത്രയൊന്നും സത്യ സന്ധമല്ല ഇക്കഥയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തിരക്കഥയുടെ സൗന്ദര്യം അതിലുപയോഗിച്ചിരിക്കുന്ന ഉര്‍ദു ഭാഷയുടെ കാവ്യാത്മകതയും ഇതിവൃത്ത ഘടനയിലെ സങ്കീര്‍ണതകളും പാത്ര വൈവിധ്യവും മാത്രമല്ല ഷേക്ക്‌സ്പിയേറിയന്‍ നാടക പാരമ്പര്യത്തില്‍ നിന്നുള്ള പ്രചോദനവും കൂടിച്ചേര്‍ന്നതാണ്. ചിത്രാരംഭത്തില്‍ ദുരന്ത നായികയായ നാദിറയെ ആദ്യം അവതരിപ്പിക്കുന്നത്‌ 'Winter's Tale' -ലെ ഹെര്‍മിയോണിയെ ഓര്‍മ്മിപ്പിക്കും വിധം ഒരു പ്രതിമാ രൂപത്തിലാണ്. പിന്നീട് സാലഭജ്ഞികക്ക് ജീവന്‍ വെക്കുന്നത് സലീമിന്റെ ഹൃദയത്തിലേക്കാണ്. സംഭാഷണങ്ങളിലെ കാവ്യാത്മകതയും വൈകാരിക തീവ്രതയും എക്കാലത്തെയും മികച്ച തിരക്കഥകളുടെ ഇടയില്‍ ചിത്രത്തിന് സ്ഥാനം കൊടുക്കുന്നു. അതേ സമയം അതീവ നാടകീയമായ സംഭാഷണ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഘട്ടങ്ങളില്‍ വാക്കുകളെക്കാള്‍ വാചാലമായ മൗനങ്ങളും നോട്ടങ്ങളുമൊക്കെ, വിശേഷിച്ചും പിതാവും മകനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സന്ദര്‍ഭങ്ങളില്‍, പുതിയൊരനുഭവമായി സിനിമാലോകത്തിന്. പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും അക്ഷരാര്‍ഥത്തില്‍ അഭിനയ കലയുടെ ആഴമളന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് ചിത്രത്തില്‍. 1946 ല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ചന്ദ്രമോഹന്‍, സപ്രു, നര്‍ഗ്ഗീസ് എന്നിവരാണ് യഥാക്രമം പിന്നീട് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും അവതരിപ്പിച്ച അക്ബര്‍ ചക്രവര്‍ത്തി, സലിം, അനാര്‍ക്കലി എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിയുള്‍പ്പടെ പല കാരണങ്ങളാല്‍ മുടങ്ങിപ്പോയ പദ്ധതി നിര്‍മ്മാതാവ് ഷിറാസ് അലി പാക്കിസ്ഥാനിലേക്ക് പോയതോടെ ഏതാണ്ട് ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. 1949 ല്‍ ചന്ദ്രമോഹന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഷിറാസ് അലിയുടെ തന്നെ സഹായത്തോടെ ഒരു പുതിയ നിര്‍മ്മാതാവിനെ - ശപ്രൂജി പലോന്‍ ജി- കിട്ടിയതോടെ 1950ല്‍ വീണ്ടും പദ്ധതി പുനരാരംഭിച്ചു. പ്രിഥ്വിരാജ് കപൂര്‍ അക്ബര്‍ ആയപ്പോള്‍ ദിലീപ് കുമാര്‍ ഏറെ നിര്‍ബന്ധത്തിനു ശേഷമാണ് സലിം ആയത്. എന്നാല്‍ അക്കാരണം കൊണ്ട് നര്‍ഗ്ഗീസിനു പിന്‍ മാറേണ്ടി വന്നുവെന്നത് വിചിത്രമായ വസ്തുത. ദിലീപിനോടൊപ്പം നര്‍ഗ്ഗീസ് ജോടിയാവുന്നതില്‍ രാജ്കപൂറിന് താല്പര്യമില്ലായിരുന്നു എന്നതായിരുന്നു കാര്യം. ഈ നഷ്ടം പക്ഷെ ഇന്ത്യന്‍ സിനിമയുടെ നേട്ടമായി എന്ന് വേണം കരുതാന്‍. പിന്നീട് സുരയ്യയെ പരിഗണിച്ചെങ്കിലും ഒടുവില്‍ മികച്ച ഒരു വേഷത്തിനായി കാത്തിരുന്ന മധുബാലക്ക് നറുക്ക് വീഴുകയായിരുന്നു. സ്വ ജീവിതത്തില്‍ ദുരന്തങ്ങളുടെ നടുക്കടലില്‍ ആയിരുന്നത് കൊണ്ടാവാം സെറ്റിലെങ്ങും തന്റെ അഭൗമ സൗന്ദര്യത്തിന്റെ പ്രസരിപ്പ് വാരി വിതറിയിരുന്ന ഇന്ത്യന്‍ സിനിമയുടെ 'വീനസ് ക്വീന്‍' ആദ്യ അഞ്ചു ദിവസം സെറ്റില്‍ വന്നു പോയതല്ലാതെ അനാര്‍ക്കലിയുടെ ഹൃദയത്തിലുറഞ്ഞിരുന്ന വിഷാദം ഏറ്റു വാങ്ങിയതായി സംവിധായകന് ബോധ്യമായില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ആ കഥാപാത്രത്തെ മുഴുവനായി ഉള്‍ക്കൊണ്ട്‌ പക്വതയോടെ സെറ്റിലെത്തിയ മധുബാലയോട് 'ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി' എന്ന് കെ. ആസിഫ് പ്രതിവചിച്ചു. ശേഷം അവര്‍ നടത്തിയ പകര്‍ന്നാട്ടം ചരിത്രമാണ്.
'പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ' എന്ന ഗാന രംഗം ചിത്രീകരിക്കാനായി ലാഹോറിലെ ശീഷ് മഹലിന്റെ മാതൃകയില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റ് അക്കാലത്തെ അത്ഭുതമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ച' എന്ന് വാഴ്ത്തപ്പെട്ട മധുബാലയുടെ ആ പ്രകടനം ഒരു മാസമെടുത്താണ് ചിത്രീകരിക്കപ്പെട്ടത് . ഈ രംഗവും 'തേരി മെഹ്ഫില്‍ മെ' എന്ന ഗാന രംഗവും ഉള്‍പ്പടെ അരമണിക്കൂറോളം കളറില്‍ ആണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രം മുഴുവനും അക്കാലമാവുമ്പോഴേക്കും ലഭ്യമായിരുന്ന കളറില്‍ മാറ്റി ചിത്രീകരിക്കണമെന്ന് സംവിധായകന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം അത് അചിന്ത്യമായിരുന്നു. വിട്ടു വീഴ്ചകള്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കെ. ആസിഫ് ചിത്രീകരണത്തിനായി യഥാര്‍ത്ഥ സ്വര്‍ണ്ണ – വജ്ര ആഭരണങ്ങളും കൊസ്ട്യൂമുകളും മറ്റുമാണ് ഉപയോഗിച്ചത്. ഹോളിവുഡില്‍ നിന്ന് പ്രത്യേകം വരുത്തിയ അഞ്ചുലക്ഷം രൂപ വിലയുള്ള വിഗ് ഉപയോഗിച്ചാണ് ദിലീപ് കുമാര്‍ സലിം ആയി മാറിയത്. ഇന്ത്യന്‍ ആര്‍മിയുടെ കൂടി സഹായത്തോടെ ചിത്രീകരിക്കപ്പെട്ട പടു കൂറ്റന്‍ യുദ്ധ രംഗങ്ങള്‍, ആയിരക്കണക്കിന് കുതിരകള്‍ ഉള്‍പ്പെട്ട കുതിരപ്പട തുടങ്ങിയവ ഗ്രാഫിക്സ് കേട്ട് കേള്‍വി പോലുമില്ലാത്ത കാലത്തായിരുന്നു എന്നതും ഓര്‍മ്മിക്കേണ്ടതാണ്. ഇതുപോലുള്ള ഇതിഹാസ തുല്യമായ തയ്യാറെടുപ്പുകളിലൂടെയാണ് ചിത്രം സാക്ഷാത്കരിക്കപ്പെട്ടത്.

ദിലീപ് കുമാര്‍ - മധുബാല ബന്ധത്തെ കുറിച്ച് കൂടി പറയാതെ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ചിത്രം തുടങ്ങുന്ന ഘട്ടത്തില്‍ പ്രണയത്തിലായിരുന്ന ഇരുവരും ചിത്രീകരണം നടക്കുന്ന അധിക കാലവും പരസ്പരം മിണ്ടാത്ത അവസ്ഥയിലായിരുന്നു. കോടതി വരെയെത്തിയ പ്രണയ ഭംഗത്തിന്റെയും ഹൃദയ മുറിവുകളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും രാഗാര്‍ദ്രമായ ആ പീലിത്തൂവല്‍ രംഗം ഉള്‍പ്പടെ തികഞ്ഞ പ്രോഫഷനലുകലായി അവര്‍ അഭിനയച്ചത്. ഒരു ഘട്ടത്തില്‍ അനാര്‍ക്കലിയുടെ കവിളില്‍ സലിം ആഞ്ഞടിക്കുന്ന രംഗം ആവശ്യത്തില്‍ കൂടുതല്‍ 'യഥാര്‍ത്ഥ'മായത് ചലചിത്ര ചിത്രീകരണ ചരിത്രത്തിലെ മറ്റൊരപൂര്‍വ്വ സംഭവമാണ്.
1953 -ല്‍ 'മുഗള്‍ എ അസം' അതിന്റെ ചിത്രീകരണ പൂര്‍വ്വ ഘട്ടത്തില്‍ നില്‍ക്കെ, ബീനാ റായിയും പ്രദീപ്‌ കുമാറും അഭിനയിച്ച 'അനാര്‍ക്കലി' പുറത്തിറങ്ങി . ലതാ മങ്കേഷ്ക്കര്‍ പാടിയ 'യേ സിന്ദഗി ഉസികി ഹെ' ഉള്‍പ്പടെ അനശ്വര ഗാനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന ഈ ചിത്രവും വന്‍ വിജയമായിരുന്നു. തുടര്‍ന്ന് വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് പോയ നൂര്‍ ജഹാന്‍ അനാര്‍ക്കലിയെ അവതരിപ്പിച്ച അതെ പേരിലുള്ള ചിത്രവും (1958) വന്‍ വിജയമായി. നാഗേശ്വര റാവുവും, അഞ്ജലി ദേവിയും സലിം - അനാര്‍ക്കലിമാരായി അഭിനയിച്ച തെലുഗു ചിത്രവും (1955) ഏറെ ശ്രദ്ധേയമായിത്തീര്‍ന്നു. എന്നാല്‍, മധുബാലയുടെ അനാര്‍ക്കലി ഇനിയൊരു അഭിനേത്രിയെ വച്ചും ചിന്തിക്കാനാവാത്ത വിധം ആ കഥാപാത്രത്തിന്റെ അവസാന വാക്കായിത്തീര്‍ന്നു. ഈ മികവു കൊണ്ട് തന്നെയാണ് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മത്സരിച്ചഭിനയിച്ച ഈ ബ്രഹ്മാണ്ഡചിത്രം അന്തിമ വിശകലനത്തില്‍ മധുബാലയുടെതായതും ചിത്രത്തിനായി നായക നടന് നല്‍കപ്പെട്ടതിന്റെ ഇരട്ടി പ്രതിഫലം നായികക്ക് നല്‍കപ്പെട്ടതും.

ചിത്രത്തിന് എക്കാലവും ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടിയ സ്വീകരണത്തിന്റെ തെളിവായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ ഡിജിറ്റല്‍ കളര്‍ പതിപ്പ് വന്‍ വിജയമായത്. തിയേറ്റര്‍ റിലീസിനായി ഒരു ചിത്രം മുഴുവനായി കളര്‍ പതിപ്പായി മാറ്റിയ ആദ്യ സംരംഭം കൂടിയായിരുന്നു അത്. 1974 ല്‍ ഷോലെ പുറത്തു വരുംവരെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമെന്ന ഖ്യാതിയും മുഗളെഅസമിനായിരുന്നു. പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇന്നും ആ റെക്കോഡ് ഭേദിപ്പെട്ടിട്ടില്ലെന്നും പറയാം.



Saturday, April 19, 2014

ചാരുകസേരകള്‍

ചാരുകസേരകള്‍
വലിയ സൗകര്യമാണ്.
പിന്‍ചിന്തകളുടെ മുന്‍തുണ കിട്ടും നിങ്ങള്‍ക്ക്.
ഹാംലെറ്റ് നിങ്ങളെ കണ്ടു പഠിക്കും.

രതിയുടെപൈശാചത്തില്‍
കുഞ്ഞുമോളുടെ ജീവനെടുത്തോനെ
ഒറ്റത്തീക്കരള്‍പിടപ്പില്‍ കൊന്നു തള്ളിയോനെ
കൊഞ്ഞനം കുത്തിയൊരു വിധിപറയും
അവനതിന്റെ ഒരു കാര്യോമില്ലാരുന്നു,
കോടതീം നെയമോം ഒക്കെയില്ലേ ഇന്നാട്ടില്!
കൂട്ടം ചേര്‍ന്ന് കടിച്ചു കീറപ്പെട്ടവളെ
ഒറ്റയടിക്ക് ഭ്രഷ്ടയാക്കും
വേണോങ്കി എന്തൊക്കെ വഴിയൊണ്ടാരുന്നു!
അവളും ഒരുങ്ങിത്തന്നെയാ.
ഇല്ലേല്‍ ഒന്നങ്ങ് ഒച്ച വെച്ചാപോരായിരുന്നോ,
ഇല്ലെങ്കി ഒരൊറ്റ എസ്സെമ്മെസ് ,
ഇക്കാലത്ത് എന്തൊക്കെ സൗകര്യങ്ങളാ !
നാടെരിയുമ്പോഴും ചടഞ്ഞിരുന്നിട്ട്
അനങ്ങാപ്പാറക്ക് നാക്ക് വെച്ചിട്ട്
വ്യവസ്ഥിതിയെ തെറി വിളിക്കും:
ഓ, ഇതോണ്ടൊന്നും ഒരു കാര്യോമില്ലെന്നേ,
എല്ലായിടത്തും അഴിമതിയല്ലേ !
എന്ത് വന്നാലും ഒത്തു വരും,
നെല്ലായാലും പതിരായാലും നൂറു മേനി :
നമ്മളപ്പഴേ പറഞ്ഞില്ലേ !
മുറ്റത്തെ തൈത്തെങ്ങ് പശു തിന്നുമ്പോള്‍
ആ പഴയ ഉണ്ണിയെ പോലെ
മന്ദസ്ഥായിയില്‍ ആമന്ത്രണം ചെയ്യും:
ഇവിടെ പശു, ഇവിടെ പശു.


ഉള്ളിലൊക്കെയും ചാരുകസേരകള്‍
ഉരുവം കൊണ്ട് തുടങ്ങുമ്പോഴാണ്
മാനത്തിനു പിടയുന്ന നിലവിളികള്‍
റെയില്‍പ്പാളങ്ങളിലൊടുങ്ങുക.
അഭയം തേടുവോരുടെ രക്തം
തെരുവോടങ്ങളില്‍ നിറയുക .

മിറാല്‍ (2010)


മിറാല്‍ (2010)
രചന : റൂലാ ജബ്രിയേല്‍..
സംവിധാനം: ജൂലിയന്‍ ശനാബേല്‍
(ഇംഗ്ലീഷ്, അറബിക്, ഹിബ്രു)


1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേ, അമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായി.. പുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കി. പിന്നെ കൂടുതല്‍ അറിഞ്ഞു ; ഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്. ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനം) എന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു.


അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍. പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യവിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'. എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്. ഈ കൃതിയെ ആസ്പദമാക്കി നോവലിസ്റ്റ് തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ശെനാബേല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍) അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്. സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തെക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നു. ജൂത, ക്രിസ്തീയ, അറബ് വംശജരോക്കെയും വിരുന്നിനുണ്ട്. മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്. എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢി(വില്ല്യം ഡാഫോ) യുമായി അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട് . ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്' എന്നും അയാളോട് പറയുന്നുണ്ടവര്‍. താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടി വരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യു. എന്‍. സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചു പോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുണ്ട്. ഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നു. തുടര്‍ന്ന്, ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥമാവുന്നു.

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരു നീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നു. ചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപം, ബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴു വര്‍ഷം തടവ്‌ ശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്. ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിന യുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു. ഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്. തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.
സ്നേഹധനനായ പിതാവിന് വേണ്ടി അവയവ ദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്. അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നും, മദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍ നിന്ന് പുറത്തുവന്നതിനു ശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നു. എന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്: അത് പ്രധാനമായിരുന്നില്ല. നീയെന്റെ മകളാണ്. ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതെ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയേ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി. എല്‍. . നേതൃ നിരക്കാരനായിരുന്ന ഹാനി, ഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികലാല്‍ കൊല്ലപ്പെടുകയാണ്. പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്; അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയും, ഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും.

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്. അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍' ഏറെക്കുറെ ശൂന്യമായിരിക്കുന്നു. ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്. ഹിന്ദ്‌, മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്. മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്, വൈകാതെ ഹിന്ദിന്റെ മരണവും സംഭവിക്കുന്നുണ്ട്.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. സഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നു. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുല്‍പ്പാടെ അഭിനേതാക്കളുടെ മികച്ച പ്രകടനം ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ചായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌. എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ അഭിനയ ചാതുരി തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.





Wednesday, April 16, 2014

ഉറവകളെ കുറിച്ച് പാടുക


വറ്റിപ്പോയ ഉറവകളെ കുറിച്ച് പാടുക:
പാട്ടിന്റെ ഉറവകളില്‍
പൊയ്പ്പോയ കാലത്തിന്റെ
അസ്ഥിഖണ്ഡങ്ങള്‍ക്ക് ജീവന്‍ പകരുക.
മുത്തശ്ശിയുടെ കുഴിമാടത്തില്‍
മാവേലിക്കാലത്തിന്റെ കൊയ്ത്തുപാട്ടിനു
കാതോര്‍ത്ത് നില്‍ക്കുക.
കടം കൊണ്ട അവില്‍പ്പൊതിക്കാരന്‍
ദേശാടനത്തിന്റെ മുത്തച്ഛനോട്
നിധിവേട്ടയുടെ കഥ കേട്ടുറങ്ങുക.
പൊട്ടിയ കണ്ണാടിയില്‍
മാഷിക്കറുപ്പിന്റെ ലാസ്യം പൂണ്ടവള്‍ക്ക്
മേഘം മറച്ച നിലാവിന് കീഴെ
പ്രണയത്തിന്റെ പനി പകര്‍ന്നവള്‍ക്ക്
പാടിമറന്ന ഈണങ്ങള്‍ കൊണ്ട്
സ്മാരകം തീര്‍ക്കുക.
കുഞ്ഞിക്കാലുകള്‍ കവച്ച്
നെഞ്ചിലും മുഖത്തും മൂവടിയളന്നവന്
ഉയിരിന്റെ ഭൂപടം പതിച്ചു നല്‍കുക.

ഇടവും കാലവും കടന്നങ്ങ്
ഭൂമിയും സ്വര്‍ഗ്ഗവും കടന്നങ്ങ്
ഇരുളും വെളിച്ചവും കടന്നങ്ങ്

അഹം കടന്നങ്ങടങ്ങുക.

Wednesday, April 9, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:2



നീയൊരു മോശം കച്ചവടക്കാരനാണ്, നീയൊരു നല്ല സന്യാസിയാവും!”

1950- കളില്‍ ചൈനീസ് ചെമ്പട ടിബറ്റ്‌ ആക്രമിക്കുകയും ജന സംഖ്യയുടെ അഞ്ചിലൊന്നോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. പതിനായിരത്തോളം ബുദ്ധ സന്യാസി മഠങ്ങള്‍ നശിപ്പിക്കുകയും ബുദ്ധ മത വിശ്വാസം കുറ്റകരമാക്കുകയും ചെയ്തു. ദലയ് ലാമയുടെ ചിത്രം സൂക്ഷിക്കുന്നത് പോലും നിരോധിക്കപ്പെട്ടു. അത് കൊണ്ട്, പല കുടുംബങ്ങളും ഇന്ത്യയിലും ഭൂട്ടാനിലുമുള്ള പ്രവാസ സന്യാസി മഠങ്ങളിലേക്ക് ബുദ്ധ മത പരിശീലനങ്ങല്‍ക്കായി തങ്ങളുടെ കുട്ടികളെ ഒളിപ്പിച്ചു കടത്തി. 'ദി കപ്പ്' എന്ന ചിത്രം അത്തരം ഒരു മഠത്തിന്റെയും 1994 -ലെ ലോക കപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെയും പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.

ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വികസിക്കുന്ന കഥ പാല്‍ദെന്‍, നില്‍മ എന്നീ രണ്ടു ടിബറ്റന്‍ ബാലന്മാര്‍ , ഹിമാലയ സാനുക്കളിലെങ്ങോ പ്രകൃതി രമണീയമായ ഒരിടത്തുള്ള ഒരു ബുദ്ധമഠത്തിലെത്തുന്നതോടെയാണ് ആരംഭിക്കുന്നത്. ലോക കപ്പ് ഫൈനല്‍ ജ്വരം മഠത്തിലെ അന്തേവാസികളെയും ബാധിച്ചിരിക്കുന്നു. ചുറുചുറുക്കും അത്യാവശ്യം കുസൃതിത്തരങ്ങളും കയ്യിലുള്ള ഒജീന്‍ എന്ന പതിനാലുകാരനാണ് ഫുട്ബാള്‍ ജ്വര പ്രചോദിതമായ പല സാഹസങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌. മഠത്തിലെ കര്‍ക്കശക്കാരനായ വാര്‍ഡന്‍ ഗെക്കോയ്ക്ക് ഇത് പലപ്പോഴും തലവേദനയാവുന്നുണ്ട്. അര്‍ദ്ധരാത്രി ടി.വി.യില്‍ സെമി ഫൈനല്‍ കാണാന്‍ ഒജീന്റെയും എന്തിനും അവനു കൂട്ടുള്ള ലോഡോയുടെയും നേതൃത്വത്തില്‍ അടുത്തുള്ള ഒരു കടയില്‍ അവര്‍ എത്തുന്നുവെങ്കിലും അവരുടെ അമിതാവേശം കാരണം കടക്കാരന്‍ അവരെ പുറത്താക്കുന്നു. തിരിച്ചെത്തുമ്പോള്‍ കയ്യോടെ പിടിക്കപ്പെടുന്നതോടെ മഠത്തില്‍ നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യത തെളിയുന്നുണ്ട്. എങ്കിലും പുറമേക്ക് കര്‍ക്കശക്കാരനായ ഗെക്കോ, യഥാര്‍ഥത്തില്‍ കുട്ടികളുടെ കുസൃതിത്തരങ്ങളെ ആ സ്പിരിറ്റില്‍ എടുക്കാന്‍ കഴിയുന്ന ആള്‍ തന്നെയാണെന്നും വൃദ്ധനായ മടാധിപതിയും വിട്ടുവീഴ്ചാ മനസ്ഥിതിക്കാരനാണ് എന്നും നമ്മള്‍ മനസ്സിലാക്കുന്നു.

എങ്ങനെയും ഫൈനല്‍ കാണാനുള്ള ആവേശം ഒരു വിചിത്രമായ അഭ്യര്‍ഥനയുമായി ഗെക്കൊയെ സമീപിക്കാന്‍ ഒജീനെ പ്രാപ്തനാക്കുന്നു. അവര്‍ ഒരു ടി. വി. സെറ്റ് വാടകക്കെടുക്കും. പണം? അതവര്‍ എല്ലാവരില്‍ നിന്നുമായി പിരിച്ചെടുക്കും. സന്യാസിമാരുടെ കയ്യില്‍ അത്രയൊന്നും പണമുണ്ടാവാനിടയില്ല എന്ന ലളിത സത്യമൊന്നും ഒജീനു മനസ്സിലാവില്ല ഇപ്പോള്‍. അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഗെക്കോയും മടാധിപതി തന്നെയും അനുവാദം കൊടുക്കുകയും ചെയ്യുന്നതോടെ കൂട്ടുകാര്‍ കൈ മെയ് മറന്നു അതിനായി ഇറങ്ങിത്തിരിക്കുന്നു. എന്നാല്‍, മുമ്പ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക ഫൈനല്‍ ആവേശത്തിന്റെ പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കാരനായ ടി. വി. ഉടമ ആവശ്യപ്പെടുന്നതോടെ അവര്‍ വീണ്ടും കുഴങ്ങിപ്പോവുന്നു. ഒടുവില്‍ ഒരറ്റകൈ പ്രയോഗമായി ഒജീന്‍, നില്‍മയുടെ കയ്യിലുള്ള അവന്റെ ഏറ്റവും വലിയ സമ്പാദ്യം , ഒളിച്ചു പോരുമ്പോള്‍ അവന്റെ അമ്മ നല്‍കിയ ഒരു വാച്ച് , പണയം വെക്കാന്‍ വാങ്ങുന്നു. ഒരു വിധം എല്ലാം ശരിയാക്കി കളി കാണാന്‍ പാകത്തില്‍ തയ്യാറാവുമ്പോഴേക്കും കാര്യങ്ങള്‍ ഒജീന്റെ കൈ വിട്ടു പോവുന്നു. കൊച്ചു പയ്യനായ നില്‍മക്ക് പണയ വസ്തു തിരിച്ചു കിട്ടും വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. പിറ്റേ ദിവസം എങ്ങനെ അതിനു വേണ്ട പണം കണ്ടെത്തും എന്ന് ഒജീനു ഒരു പിടിയും ഇല്ല താനും. കണ്ണില്‍ ചോരയില്ലാത്ത ടി. വി. ഉടമ ഒരു നിമിഷം പോലും കൂടുതല്‍ സമയം നല്‍കില്ലെന്നും അവനറിയാം. എല്ലാം കൂടി അവനു ഒരു നിമിഷം പോലും കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കളി കാണുന്ന ഹാളില്‍ അവന്റെ അഭാവം ശ്രദ്ധിക്കുന്ന ഗെക്കോ അവനെ തിരഞ്ഞു പോവുന്നു. അപ്പോള്‍ അവന്‍ പണയ വസ്തു തിരിച്ചെടുക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ്. ഒടുവില്‍ ചില പോംവഴികള്‍ അവന്‍ കണ്ടെത്തുന്നു.

എന്നെങ്കിലും ഒരു വലിയ കളിക്കാരനാവുന്നതും ലോകകപ്പില്‍ തന്റെ നാടിനെ നയിക്കുന്നതും സ്വപ്നം കാണുന്ന ഒജീന്റെ കയ്യില്‍ ചില അമൂല്യ വസ്തുക്കളുണ്ട്. കുടുംബ സ്വത്തായ വിലയേറിയ ഒരു കത്തി, പിന്നെ പുതു പുത്തന്‍ സ്പോട്സ് ഷൂ, അത് പോലെ ചിലത്. പണയ വസ്തു തിരിച്ചെടുക്കാന്‍ അമ്പത് രൂപ കണ്ടെത്താന്‍ അവയൊക്കെ വില്‍ക്കാം എന്നാണ് അവന്റെ തീരുമാനം. “നീയൊരു മോശം കച്ചവടക്കാരനാണ്, നീയൊരു നല്ല സന്യാസിയാവും!” എന്ന് ഗെക്കോ അവനെ ആശീര്‍വദിക്കുന്നു. അവന്റെ ബാധ്യത അദ്ദേഹം ഏറ്റെടുക്കുകയും ചെയ്യുന്നു.

പാരമ്പര്യവും പുതിയ സാഹചര്യവും തമ്മിലുള്ള ബലാബലം, പ്രവാസത്തിന്റെ സന്ദിഗ്ദതകള്‍, ടിബറ്റന്‍ നൊമ്പരങ്ങള്‍ , ബുദ്ധിസ്റ്റ് ജീവിത പാഠങ്ങള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെയും അതീവ സൂക്ഷ്മമായിത്തന്നെ ചിത്രത്തില്‍ ഇഴ ചേര്‍ന്നിട്ടുണ്ട്. സന്യാസ മഠങ്ങളിലെ ജീവിതത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ സൗമ്യമായി പൊളിച്ചെഴുതുന്നുണ്ട് ടിബറ്റന്‍ പാരമ്പര്യത്തിലെ ഒരു ലാമ തന്നെയായ സംവിധായകന്‍. പരസ്പരം 'പാര'വെക്കലും വേദ പഠനത്തിന്റെ ഗൗരവത്തിനിടയില്‍ കുസൃതികള്‍ ഒപ്പിക്കലും വാര്‍ഡന്റെ കണ്ണു വെട്ടിച്ചു രാത്രി കറങ്ങലും സന്യാസത്തിന്റെ ഭാഗമായി മൊട്ടയടിക്കുമ്പോള്‍ 'ഹൃദയ ഭേദകമാം വിധം സുന്ദരികളായ' പെണ്‍കുട്ടികള്‍ എന്ത് കരുതും എന്ന് വേവലാതിപ്പെടലുമൊക്കെ ഇവിടെയുമുണ്ട്. എന്നാല്‍, ഒരു ഘട്ടത്തിലും അത് നിര്‍ദ്ദോഷമായ നേരമ്പോക്കുകളുടെ പരിധി വിടുന്നില്ല. ഒജീന്‍ തനിക്കും ലോഡോയ്ക്കും ശിക്ഷയായിക്കിട്ടിയ അടുക്കളപ്പണി, ലോഡോ തനിച്ച് ഏതാണ്ട് ചെയ്തു കഴിയുവോളം കറങ്ങിത്തിരിയുന്നതും, പിരിവു കൊടുക്കാന്‍ വിസമ്മതിക്കുന്ന കിഴവന്‍ പ്രവചനക്കാരനെ പൂട്ടിയിടുന്നതുമൊക്കെ സന്യാസത്തിന്റെ 'ഗൗരവ'ച്ചേരുവയുടെ പുറത്താണ്. വൈകാതെ തന്റെ നാട് സ്വതന്ത്രമാവുമെന്നു പ്രതീക്ഷിച്ചു എപ്പോഴും പോവാന്‍ തയ്യാറായിരിക്കുന്ന വൃദ്ധനായ സന്യാസി വര്യന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയും, നാട്ടില്‍ നിന്ന് പോന്നതിന്റെ ഗൃഹാഹുരത്വം കാരണം കണ്ണു നിറയുന്ന കൊച്ചു നില്‍മയും പ്രവാസ ജീവിതാനുഭവത്തിന്റെ രണ്ടറ്റങ്ങളാണ്. ചിത്രാരംഭത്തില്‍ മഠം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന ഒരു ഉത്കണ്ഠയുടെ അന്ത്രീക്ഷമുണ്ട്: എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടു ബാലന്മാര്‍ അതിര്‍ത്തി കടന്നു സുരക്ഷിതരായി എത്തുന്നത് വരെ അത് തുടരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ ടിബറ്റന്‍ അനുഭവത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യം തന്നെയാണ്. ചിത്രത്തിലുടനീളം പ്രവാസത്തിന്റെ രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും കടന്നു വരുന്നുണ്ട്. ഇറ്റലിയുമായി കളിക്കുമ്പോള്‍ ഫ്രാന്‍സ് ജയിച്ചു കാണാന്‍ ഒജീന്‍ ആഗ്രഹിക്കുന്നതിന് യഥാര്‍ത്ഥ കാരണം ഫ്രാന്‍സ് ടിബറ്റിനെ പിന്തുണയ്ക്കുന്നു എന്നതാണ്. അമേരിക്കയെ പിന്തുണക്കെണ്ടതില്ലെന്നു കരുതുന്നതിനു പിറകില്‍ അവരുടെ ഇക്കാര്യത്തിലുള്ള നിലപാടില്ലായ്മയും. 'ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിട്ടും ഇന്ത്യ നമുക്കും ഇടം തരുന്നു' എന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുന്നുണ്ട് ആചാര്യന്‍. എന്നാല്‍ , ആന്റിന സ്ഥാപിക്കാന്‍ വേറെ പണം ആവശ്യപ്പെട്ടത് കാരണം



ഒഴിവാക്കിയ ടി. വി. ഉടമ തെറ്റായ ദിശ പറഞ്ഞു കൊടുത്തതിനെ കുറിച്ച് "ഒരിക്കലും ഒരു ഇന്ത്യക്കാരനോട് ദിശ ചോദിക്കരുത്,” എന്ന് ഒജീന്‍ പറയുന്നുമുണ്ട്.

എന്താണ് ഈ ലോക കപ്പ് മത്സരം എന്ന ചോദ്യത്തിന് അത് രണ്ടു പര്ഷ്കൃത രാഷ്ട്രങ്ങള്‍ ഒരു പന്തിനു വേണ്ടി നടത്തുന്ന പോരാട്ടമാണെന്ന് പറയുന്ന ഗെക്കൊയോടു മടാധിപതി ചോദിക്കുന്നുണ്ട്; 'എപ്പോഴാണ് ഈ യുദ്ധമെന്ന്. അര്‍ദ്ധരാത്രി എന്ന് മറുപടി പറയുമ്പോള്‍, അദ്ദേഹം പ്രതികരിക്കുന്നത് ഇങ്ങനെയാണ്. “ഒരു യുദ്ധം തുടങ്ങാന്‍ എന്തൊരു വിചിത്ര സമയം!” എന്താണ് അതിനവര്‍ക്ക് കിട്ടുക എന്ന ചോദ്യത്തിന് 'ഒരു കപ്പ്‌' എന്നുള്ള മറുപടി, തന്റെ കയ്യിലുള്ള കപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന മടാധിപതിയുടെ ചെറു ചിരിയിലേക്ക് വ്യാപിക്കുന്നു. ചിത്രാന്ത്യത്തില്‍ കച്ചവടക്കണ്ണും സന്യാസ ജീവിതവും രണ്ടു വിപരീത മുഖങ്ങളാണ് എന്ന സത്യത്തിനു കൂടി അടിവരയിടുന്ന ഈ ചിത്രം, ഏറ്റവും ലാഭകരമായ കച്ചവടം ആത്മീയതയാണെന്ന പുത്തന്‍ പാഠത്തിന്റെ കാലത്ത് കൂടുതല്‍ തിളക്കമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.

തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തില്‍- ഭൂട്ടാനില്‍ നിന്നുള്ള ആദ്യ മുഴുനീള ഫീച്ചര്‍ ചിത്രവും ഇത് തന്നെ- ഒരു ബുദ്ധിസ്റ്റ് ലാമ കൂടിയായ ക്വിന്‍സ്ടെ നോര്‍ബു , അഭിനയത്തില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത യഥാര്‍ത്ഥ ജീവിതത്തിലും ബുദ്ധിസ്റ്റ് സന്യാസിമാര്‍ തന്നെയായ അഭിനേതാക്കളെയാണ് ഉപയോഗിച്ചത്. ഹിമാലയ സാനുക്കളില്‍ ഒരു ടിബറ്റന്‍ അഭയാര്‍ഥിക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന 'ചോക്ലിംഗ് ' മഠം ലൊക്കേഷന്‍ ആയി തെരഞ്ഞെടുത്തത് ആധികാരികത ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. ഇംഗ്ലീഷില്‍ എഴുതിയ സ്ക്രിപ്റ്റും സംഭാഷണങ്ങളും ആ ഭാഷ ഒട്ടുമറിയാത്ത അഭിനേതാക്കള്‍ പഠിച്ചും ഓര്‍മ്മിച്ചും ചെയ്യുകയായിരുന്നുവെങ്കിലും മിക്ക സീനുകളും മൂന്നില്‍ ചുവടെ ടേക്കുകളില്‍ ഒകെ ആയിരുന്നുവെന്നത്‌ അഭിനേതാക്കളുടെ അര്‍പ്പണത്തിന്റെ തെളിവാണ്. ചിത്രപശ്ചാത്തലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള സംഗീതവും, വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും ഏറെ ആകര്‍ഷണീയമായി അനുഭവപ്പെടുകയും ചെയ്യും.