Featured Post
Saturday, January 20, 2018
Confessions by Rabee Jaber
സിനി ബുക്ക് ഷെല്‍ഫ് - നാല്
(ദൃശ്യതാളം ജനുവരി 2018)
Radiance of Tomorrow by Ishmael Beah
സിയറാ ലിയോണില്‍ സര്‍ക്കാര്‍ സൈന്യവും ലൈബീരിയന്‍ പിന്തുണയുള്ള റിബലുകളും തമ്മിലുണ്ടായ ഒരു ദശകക്കാലത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം ഇഷ്മയേല്‍ ബിയായുടെ പട്ടണത്തില്‍ എത്തിയപ്പോള്‍ റിബല്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് പാലായനം ചെയ്ത പന്ത്രണ്ടുകാരന് സര്‍ക്കാര്‍ സൈന്യത്തിലെ ബാല യോദ്ധാവാകാനായിരുന്നു വിധി. നിഷ്കളങ്കനായ കൌമാരക്കാരനില്‍ നിന്ന് അത്തരം ബാല യോദ്ധാക്കളുടെ പൊതു രീതികളിലേക്കും പ്രകൃതത്തിലേക്കുമുള്ള അനിവാര്യ പരിണാമം വികാര രഹിതനായ ഒരു കൊല യന്ത്രമായി തന്നെ സ്വയം മാറ്റിയെടുത്തതിനെ കുറിച്ചാണ് ഹൃദയ ഭേദകമായ സത്യ സന്ധതയോടെ അദ്ദേഹം തന്റെ A Long Way Gone: Memoirs of a Boy Soldier എന്ന ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജേണലിസ്റ്റുകളുടെ അന്വേഷണാത്മക റിപ്പോട്ടുകളിലും നോവലിസ്റ്റുകളുടെ ഭാവനാത്മക പുനര്‍സൃഷ്ടികളിലും ബാലസൈനികരുടെ ജീവിതമെന്ന നരകം മുമ്പും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നേരനുഭവ ആവിഷ്കാരമായി അതിനെ അടയാളപ്പെടുത്തിയ ആദ്യത്തെ പ്രധാന കൃതിയായിരുന്നു 2007-ല്‍ പുറത്തിറങ്ങിയ പുസ്തകം. ഒരു ബാല സൈനികന്റെ കണ്ണിലൂടെ യുദ്ധം എങ്ങനെയിരിക്കും? എങ്ങനെയാണ് ഒരാള്‍ ഒരു കൊലയാളിയാകുന്നത്? എങ്ങനെയാണ് അയാളത് നിര്‍ത്തുന്നത്? മികച്ച സാഹിത്യസൃഷ്ടിയുടെ കയ്യടക്കത്തോടെ ഈ ചോദ്യങ്ങളെയാണ് ബിയാഹ് പുസ്തകത്തില്‍ നേരിടുന്നത്. പന്ത്രണ്ടാം വയസ്സില്‍ കുടുംബത്തില്‍ നിന്ന് തട്ടി മാറ്റപ്പെട്ടു കൊടും കൊലയാളിയും സിവിലിയന്മാര്‍ക്കെതിരില്‍ സിയറാ ലിയോണ്‍ സംഘര്‍ഷത്തിന്റെ മുഖ മുദ്രയായിരുന്ന അംഗവിഛേദന രീതികളില്‍ പങ്കാളിയുമായിത്തീര്‍ന്ന ഒരു യുവാവിന് എങ്ങനെയാണ് കുടുംബാന്തരീക്ഷത്തിലെ സ്നേഹലാവണ്യത്തിന്റെയും കൊടും ഭീകരതയിലും തുടിച്ചു നില്‍ക്കുന്ന സൌഹൃദങ്ങളുടെയും കഥകള്‍ ഇത്രയേറെ ദീപ്തമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞത് എന്നത് തികച്ചും അത്ഭുതകരമാണ്. പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് അയാള്‍ എത്രതന്നെ ഭാവനാസമ്പന്നനാനെങ്കിലും പറയാനാവാത്ത അകത്തളങ്ങളില്‍ ഉള്ളവന്റെതന്നെ സ്വരം ഓരോ വരിയിലും അനുഭവ വേദ്യമാകുന്ന കൃതിയാണ് 'എന്നോ പിന്നിട്ട വഴികള്‍'. അവസരം ലഭിച്ചാല്‍ ഏതു കഠിനാനുഭവങ്ങളെയും അതിജീവിക്കാനുള്ള കരുത്തുള്ളവരാണ് കുട്ടികള്‍ എന്നും മറുവശത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത കിരാത നടപടികള്‍ക്ക് അവര്‍ പ്രാപ്തരാണ് എന്നതും താന്‍ ജീവിതത്തില്‍ പഠിച്ച പാഠമാണെന്ന് ഇപ്പോള്‍ യൂനിസെഫിന്റെ ഭാഗമായി, യുദ്ധ ഇരകളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ബിയാഹ് പറയുന്നു.
തിരിച്ചു വരവിന്റെ ദിനങ്ങള്‍
2008 -ല്‍ ലോംഗ് വേ ഗോണ്‍ പുറത്തിറങ്ങിയ ശേഷവും പറയപ്പെടെണ്ടതായി അക്കാലത്തിന്റെ തന്നെ ശേഷിപ്പുകള്‍ തന്നെ മഥിച്ചപ്പോള്‍ തന്നെത്തന്നെ കേന്ദ്രത്തില്‍ നിര്‍ത്തി വീണ്ടും ആവിഷ്കരിക്കുന്നതിന്റെ അസ്വാരസ്യം ഒഴിവാക്കാന്‍ ആത്മാഖ്യാനമല്ലാത്ത മറ്റൊരു വഴിയാണ് വേണ്ടത് എന്ന തിരിച്ചറിവിലാണ് നോവല്‍ എന്ന രൂപത്തിലേക്ക് താന്‍ കടന്നതെന്ന് Radiance of Tomorrow എന്ന പ്രഥമ നോവലിന്റെ രചനയെ കുറിച്ച് ഇഷ്മയേല്‍ ബിയാഹ് പറഞ്ഞിട്ടുണ്ട്. പ്രസിദ്ധമായ ആദ്യ രചന യുദ്ധകാലത്ത് എന്ത് സംഭവിച്ചു തനിക്കും ഒപ്പള്ളവര്‍ക്കും എന്ന് ഏറ്റു പറഞ്ഞപ്പോള്‍ പുതിയ കൃതി യുദ്ധാനന്തര കാലത്ത് ആ കൊടും ക്രൂരതകളില്‍ കര്‍തൃ സ്ഥാനീയര്‍ക്കും ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്നു. കൂട്ടക്കുരുതി കഴിഞ്ഞു ഉപേക്ഷിക്കപ്പെടുന്നയിടം മറവു ചെയ്യപ്പെട്ടിട്ടില്ലാത്ത ജടങ്ങളുടെയും നിസ്സഹായരായ, അശാന്ത ആത്മാക്കളുടെയും കരിഞ്ഞമര്‍ന്ന കുടിലുകളുടെയും പാഴുതറയായിരിക്കും. യുദ്ധാനന്തരം വളരെ സാവധാനത്തിലെങ്കിലും ഒരു എതിര്‍ദിശാ പാലായനത്തിന്, എല്ലാം നഷ്ടപ്പെട്ടവരില്‍ ഇനിയും മരിച്ചിട്ടില്ലാത്തവരുടെ തിരിച്ചു വരവിനു,സാക്ഷിയാവുന്ന അത്തരത്തിലുള്ള ചാവുകളുടെ ഇടമാണ് ഇമ്പേരി. "എല്ലാ കഥകളുംതുടങ്ങുന്നതും ഒടുങ്ങുന്നതും ഒരു സ്ത്രീയില്‍, ഒരമ്മയില്‍, ഒരു മുത്തശ്ശിയില്‍, ഒരു പെണ്‍കുട്ടിയില്‍, ഒരു കുട്ടിയില്‍ ആണ് " എന്ന വാക്കുകളോടെ ആരംഭിക്കുന്ന (അവസനിക്കുകയും ചെയ്യുന്ന) നോവലില്‍ സ്വാഭാവികമായും ആ തിരിച്ചുവരവും തുടങ്ങിവെക്കുന്നത് ഒരു വയോധികയാണ്: മാമ കേദി. എങ്ങും ചിതറിക്കിടക്കുന്ന അസ്ഥികള്‍ സ്വരുക്കൂട്ടി കൂടുതല്‍ പേര്‍ എത്തുന്നതോടെ അവരുടെ സഹായത്തോടെ അവക്ക് ശരിയായ മറവു ചെയ്യല്‍ നല്‍കേണ്ടതുണ്ടെന്ന് ചിന്തിക്കുന്ന ഒരു വയോധികന്‍ അവരെ എതിരേല്‍ക്കുന്നു:
“നിങ്ങളൊരു ആത്മാവാണെങ്കില്‍ ദയവായി ശാന്തയായി കടന്നു പോവുക. ഞാനീ ജോലി ചെയ്യുന്നത് ആളുകള്‍ ഈ പട്ടണത്തില്‍ തിരികെയെത്തുമ്പോള്‍ അവരിത്
കാണാതിരിക്കാനാണ്. എനിക്കറിയാം അവരുടെ കണ്ണുകള്‍ ഇതിലും
മോശമായതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടാവും, എങ്കിലും
ഒടുവിലത്തെയൊരു നൈരാശ്യത്തിന്റെ ചിത്രത്തില്‍ നിന്ന് ഞാന്‍ അവരെ രക്ഷിക്കും.”
അയാളില്‍ തന്റെ സുഹൃത്തായ മൊയ് വയെ അവര്‍ തിരിച്ചറിയുന്നു. മൊയ് വയോടൊപ്പം അസ്ഥികള്‍
സ്വരുക്കൂട്ടുന്നതിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ മാമ കേദി ആഗ്രഹിക്കുന്നുണ്ട്, ഇവക്കിടയില്‍ തന്റെ രണ്ടു ആണ്മക്കളും മൂന്നു പെണ്മക്കളും പേര മക്കളും
ഉണ്ടാവാം, അവര്‍ക്കും താന്‍ വിശ്രാന്തി നല്‍കും. ഏവര്‍ക്കും ഇത്തരം നഷ്ടങ്ങളുടെ ഓര്‍മ്മകളുള്ള ഇടമാണ് ഇമ്പേരി.
"അഭയാര്‍ഥി ക്യാമ്പുകള്‍ പട്ടണങ്ങള്‍ ഗ്രാമങ്ങള്‍ അവരുടെ പാര്‍പ്പിടമായിത്തീര്‍ന്ന കാട് എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ റോഡ് പുറത്തേക്ക് തുപ്പി.”
തിരികെയെത്തുന്നവരില്‍
കൈകള്‍ വെട്ടിമാറ്റപ്പെട്ട സിലായും രണ്ടു മക്കളുമുണ്ട്, ഓടിപ്പോന്ന സര്‍ജെന്റ് കട്ട്ലസ് എന്ന
സൈനികനുണ്ട്, ഏര്‍ണസ്റ്റ് എന്ന ബാല സൈനികനുണ്ട്, അടഞ്ഞ, ദുരൂഹ പ്രകൃതമുള്ള കേണല്‍ എന്ന് മാത്രം
അറിയപ്പെടുന്ന നവ യുവാവുണ്ട്. നോവലിലെ കേന്ദ്ര
കഥാപാത്രമാവുന്ന മുന്‍ അധ്യാപകന്‍ ബോക്കാറിയെ പിന്നീടാണ് നാം കണ്ടുമുട്ടുന്നത്.
'ഓപ്പറേഷന്‍ നോ ലിവിംഗ് തിംഗ്' എന്നറിയപ്പെട്ട, ജീവനുള്ളതിനെയെല്ലാത്തിനെയും കൊന്നു കളയുക എന്ന ഭ്രാന്തമായ സൈനിക
നീക്കത്തിന്റെ നാളില്‍ പള്ളിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ ജടങ്ങല്‍ക്കടിയില്‍
ഒളിച്ചിരുന്നാണ് അയാള്‍ രക്ഷപ്പെട്ടത്. എഴുവര്‍ഷങ്ങള്‍ക്ക്
ശേഷം തിരിചെത്തുന്നവര്‍ക്ക് പക്ഷെ പതിവ് കുശലാന്വേഷണങ്ങള്‍ എല്ലാവര്‍ക്കും
അസാധ്യമാണ്. “മക്കളും പേരക്കുട്ടികളും ഭാര്യയുമെല്ലാം
സുഖമായിരിക്കുന്നോ?” എന്ന ചോദ്യം ആരെങ്കിലും
അതിജീവിച്ചുവോ എന്നുപോലും അറിയാത്ത ഇടത്തില്‍ ക്രൂരമാവാം. ഒട്ടും അതിശയോക്തിയില്ലാതെ തികഞ്ഞ യാഥാര്‍ത്ഥ്യബോധാത്തോടെയാണ് എല്ലാവരും
സാഹചര്യത്തെ ഉള്‍കൊള്ളുന്നത്, “മിക്ക കാര്യങ്ങളിലും സന്തോഷം
കണ്ടെത്താന്‍ ഭയപ്പെട്ട് എല്ലാവരും ചുറ്റും കൂടിയിരിക്കുക മാത്രം ചെയ്തു.”ഒരു സ്വാഭാവിക ജൈവ പ്രക്രിയയായാണ് മുറിവുകളില്‍ നിന്നുള്ള തിരിച്ചു വരവ്
സാധ്യമാകുന്നത്.
“സ്ത്രീകളും കുട്ടികളും നദിയില്‍ വലയിട്ടു മീന്‍ പിടിക്കവേ, മധുര ഗീതങ്ങള്‍ പാടി; കര്‍ഷകര്‍ ഏറ്റവും നല്ല
വെള്ളരിക്കകള്‍ വഴിപോക്കര്‍ക്ക് തിന്നാനായി വഴിയോരത്തിട്ടു. അത്തരം കാര്യങ്ങള്‍ തിരികെയെത്തി..”
എന്നാല്‍ യുദ്ധം വിട്ടുവെച്ച ശൂന്യത പലരിലും വാ പിളര്‍ത്തി നിന്നു. ചെറുപ്പക്കാരെ ദാരിദ്ര്യവും അഴിമതിയും പാശ്ചാത്യ ശക്തികളുടെ കൊടിയ ചൂഷണവുമായി അത് കീഴടക്കി.
'വിഭവ ശാപ'വും പുനര്‍ജ്ജനിയുടെ
നോവുകളും
ഇമ്പേരിയുടെ
പുനര്‍ജ്ജനി പക്ഷെ ഒട്ടും കാവ്യാത്മകമായ ഒരനുഭവമായല്ല നോവലില്‍ അവതരിപ്പിക്കുന്നത്. ആദര്‍ശ ശാലികളായ ബൊക്കാറിയും
ബെന്യാമിനും സ്കൂളില്‍ അധ്യാപകരായി ചേരുന്നതും അന്ന് വരെ കിട്ടിയിട്ടില്ലാത്ത
അധ്യയന അവസരം ത്യാഗ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന പുതുതലമുറയെ അവര്‍
പ്രചോദിപ്പിക്കുന്നതും വലിയ സ്വപ്നസാധ്യത ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രിന്‍സിപ്പല്‍ പ്രതിനിധാനം ചെയ്യുന്ന അഴിമതിയും മൂന്നു
മാസത്തില്‍ ഒരിക്കല്‍ എന്ന മട്ടില്‍ ലഭിക്കുന്ന തുച്ഛമായ ശമ്പളവും അത് നീണ്ടു നില്‍ക്കില്ല
എന്ന വ്യക്തമായ സൂചന നല്‍കുന്നു. “അതൊക്കെയായിരുന്നു കാലം.. അന്തസ്സുള്ള മനുഷ്യര്‍ അന്തസ്സുള്ള ചുറ്റുപാടില്‍ നമുക്ക് വേണ്ടി
നിലക്കൊണ്ട കാലം" എന്ന് ബെന്യാമിന്‍ യുദ്ധ പൂര്‍വ്വ
കാലത്തെ ഓര്‍ത്തെടുക്കുന്നു. എല്ലാവരും ഏതെങ്കിലും
തരത്തിലുള്ള ഗൃഹാതുരതകള്‍ കൊണ്ട് നടക്കുന്ന തിരിച്ചു വരവിന്റെയും സമൂഹ പുനര്‍ നിര്‍മ്മിതിയുടെയും
ശാലീനമായ ഇടവേള ഭഞ്ജിക്കപ്പെടുന്ന വേറെയും എന്തൊക്കെയോ ദുരൂഹ വികാസങ്ങള്‍
പ്രദേശത്തു സംഭവിക്കുന്നു. യുദ്ധത്തിനു മുമ്പ്
ആരംഭിക്കാനിരുന്ന മൈനിംഗ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് അതെന്നു പതിയെ
വ്യക്തമാകുന്നു. കമ്പനിയുടെ വരവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും
ശൈശവാവസ്ഥയിലുള്ള ജീവിത താളംതെറ്റിക്കുന്നു. കൊളോണിയല്‍ / പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ പലതും നേരിട്ട "വിഭവ ശാപം" (Resource Curse), ഡയമണ്ട് , ബോക്സൈറ്റ് തുടങ്ങിയ ഖനന
വിഭവങ്ങളുടെ സമൃദ്ധ സാന്നിധ്യത്തിന്റെയും തൊണ്ണൂറ്റി ഒമ്പത് കൊല്ലത്തെ
പാട്ടക്കരാറിന്റെ ബലത്തില്‍ ഒരു മാന ദണ്ഡവും പാലിക്കാതെ അവയെ ചൂഷണം ചെയ്യുന്ന കൊര്‍പ്പോറേറ്റ് - സാമ്രാജ്യത്വ- ദല്ലാള്‍ ഭരണകൂട - ഉദ്യോഗസ്ഥ മേധാവിത്ത – പോലീസ്, സൈനിക
കൂട്ടുകെട്ടിന്റെയും രൂപത്തില്‍ മുകുളാവസ്ഥയിലുള്ള ഒരു ജനതയുടെ നിലനില്‍പ്പിനെ
വീണ്ടും ഉഴുതു മറിക്കുന്നു.
“മിക്ക ദിനങ്ങളിലും .. ആളുകള്‍ ആഗ്രഹിച്ചു, തങ്ങളുടെ പ്രദേശത്തിന്റെ വിസര്‍ജ്ജ്യം മറ്റേതൊരു ഇടത്തെയും പോലെ അരുതാത്തതായിരുന്നെങ്കില്‍ എന്ന്, അവരുടെ ഭൂമി അവര്‍ക്ക് ദുരിതങ്ങള്‍ കൊണ്ടുവന്ന സുന്ദര വസ്തുക്കളെ ഉള്ളില്‍ പേറിയില്ലായിരുന്നെങ്കില്‍ എന്ന്.”
അപചയങ്ങളുടെ അധിനിവേശം
കുടിവെള്ള
സ്രോതസ്സ് ഉപയോഗ ശൂന്യമാം വിധം മലിനമാക്കുന്ന കമ്പനി നടപടിക്കെതിരെ മാമ കേദിയുടെ
നിര്‍ഭയമായ നേതൃത്വത്തില്‍ അധികൃതരെ സമീപിക്കുന്ന ദേശ വാസികള്‍ കുറ്റം ചാര്‍ത്തപ്പെടുകയും
അപമാനിതരാകുകയും ചെയ്യുന്നു. കമ്പനിയുടെ വരവോടെ പ്രദേശത്തു വന്നു കൂടിയ കുറ്റവാസനക്കാരും സംസ്കാര
ശൂന്യരുമായ ആളുകള്‍ സ്ത്രീ ജീവിതങ്ങള്‍ വല്ലാതെ ദുസ്സഹമാക്കുന്നു. മദ്യശാലയില്‍ നിന്ന് രാത്രി മുഴുവനുമുള്ള ബഹളം നാട്ടു കവലയിലെ
കാരണവന്മാരുടെ സായാഹ്ന സദസ്സുകളെയും കഥകളുടെ രാവുകളെയും ഇല്ലാതാക്കുന്നു. ഇമ്പേരി ഏതാണ്ടൊരു റെഡ് ലൈറ്റ് ഏരിയ ആയിത്തീരുന്നു. ബലാല്ക്കാരവും അരും കൊലകളും പതിവാകുന്നു. ബലാല്‍ക്കാരം
ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ നാടിനും വീടിനും വേണ്ടാത്തവരായി ഒടുങ്ങുന്നു. സലിമാത്തുവിന്റെ അനുഭവത്തെ കുറിച്ച് നോവലില്‍ വിവരിക്കുന്നു,"കുട്ടി ഇമ്പേരിയുടെ വിസ്മൃത ജനതയുടെ ഭാഗമായി." ഇതേ തുടര്‍ന്ന് ലക്ഷണമൊത്ത ഒരു റിവഞ്ച് ത്രില്ലറിന്റെ ചടുലതയോടെ കേണല്‍
ഇനിയൊരിക്കലും അങ്ങനെയൊന്നു ചിന്തിക്കുക പോലും ചെയ്യാത്ത വിധം ഒരു നാല്‍വര്‍
സംഘത്തെ കൈകാര്യം ചെയ്യുന്നതോടെ അത്തരം സംഭവങ്ങള്‍ക്ക് ശമനമുണ്ടാവുന്നുണ്ട്,
“യുദ്ധത്തിനിടെ ഞാനൊരു കാര്യം പഠിച്ചു.. നിങ്ങളെ ഒന്നിനും കൊള്ളാത്തവനെന്നു സ്വയം തോന്നിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാനാവും വരെ നിങ്ങള്‍ സ്വതന്ത്രനാവുന്നില്ല. കാരണം അതില്ലെങ്കില്‍ ഒടുവില്‍ നിങ്ങള്‍ സ്വയം സമ്മതിക്കും നിങ്ങള്‍ ഒന്നിനും കൊള്ളാത്തവന്‍ തന്നെയാണെന്ന്.”
പോലീസ് സഹായത്തോടെ നാട്ടുകാരുടെ പരാതികള്‍ ജല്‍പ്പനങ്ങളാണെന്നു വരുത്തുകയും പ്രദേശത്തെ അതിജീവനം ദുസ്സഹമാക്കുകയും ചെയ്യുന്നതിലൂടെ കൊര്‍പ്പോറേറ്റ് താല്‍പര്യം മൌനമായ ഒരു പ്രച്ഛന്ന കുടിയിറക്ക് അരങ്ങേറുകയാണ് : ദേശം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലേക്ക് നാട്ടുകാരെ എത്തിക്കുക. നേര്‍ക്ക് നേര്‍ കുടിയിറക്കിനു നല്‍കേണ്ട നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കമ്പനി ആ രീതിയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു. നാമമാത്രമായി നിര്‍മ്മിച്ച് നല്‍കുന്ന പകരം വീടുകള്‍ അഴിമതിയില്‍ കുളിച്ച നിര്‍മ്മാണ വൈകല്യം മൂലം രാത്രികാലങ്ങളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുമേല്‍ തകര്‍ന്നു വീഴുന്നു. അനാഥരായവക്കും ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഒരു ഘട്ടത്തിലും ഒരു നഷ്ടപരിഹാരവും നല്‍കുന്നതും ഇല്ല; അനാഥത്വം കമ്പനിയുടെ തന്നെ സൃഷ്ടിയാണെങ്കിലും. അതേസമയം, മറ്റൊരു വരുമാന മാര്‍ഗ്ഗവുമില്ലാത്ത നാട്ടുകാര്‍ക്ക് കമ്പനിയിലെ ജീവന്‍ പണയം വെച്ചുള്ളതെങ്കിലും സ്ഥിര വരുമാനമുള്ള ജോലി ഉപേക്ഷിക്കാനാവില്ലെന്നും അധികൃതര്‍ക്കറിയാം. ഈ നിസ്സഹായത മുതലെടുത്ത് ഒരുതരം സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജോലിക്കെടുക്കപ്പെടുന്നവര്‍ക്ക് പതിവായി ജീവഹാനി സംഭവിക്കുമ്പോള്‍ കമ്പനി ആ സംഭവത്തെ തന്നെ പാടെ നിഷേധിക്കുന്നു. ബെന്യാമിന്റെ അന്ത്യം അങ്ങനെയാണ് നോവലില്‍ കടന്നു വരുന്നത്. ഒരു കാലത്ത് കമ്പനി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ നേതൃത്വം കൊടുത്തിരുന്ന ബെന്യാമിന്‍ മക്കളുടെ വിശന്ന മുഖത്തിന്റെ പ്രത്യക്ഷത്തിലാണ് ശമ്പളമില്ലാത്ത സ്കൂള്‍ ജോലി ഉപേക്ഷിച്ചു കമ്പനിയില്‍ ജോലിക്കാരനാവുക. അയാളുടെ മരണത്തെ തുടര്‍ന്ന് ബൊക്കാറിയും കമ്പനി ജോലി ഉപേക്ഷിച്ച് ആദ്യം കമ്പനിയുടെ കോളനിയുള്ള കോനോയിലേക്കും അവിടെ ജീവിതമാര്‍ഗ്ഗം കണ്ടെത്താനാവാതെ ഒടുവില്‍ തലസ്ഥാനത്തേക്കും പോകാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ബോക്കാറിയുടെ പിതാവും കേദിയും ഇനിയുമൊരു പാലായനത്തിനില്ല. കഥകള്‍ പറയാന്‍ അടുത്ത തലമുറയിലേക്കു പകരാന്‍ അവരവിടെത്തന്നെ നില്‍ക്കും.
ജീവിത കാപട്യത്തിന്റെ തലസ്ഥാന നഗരി
ഫ്രീ ടൌണ്‍ മറ്റൊരു ലോകമായാണ് ബോക്കാറിയെ നേരിടുക. ചൈനീസ് ഹോട്ടലുകളും മയക്കു മരുന്ന് കച്ചവടക്കാരും അരങ്ങു വാഴുന്നു. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി അവിടങ്ങളില്‍ തോറ്റുപോയ കൂലികള്‍ നാട്ടുകാരുടെ മുന്നില്‍ മേനി നടിക്കാന്‍ പത്രാസു കാട്ടുന്നു. നാടിന്റെ മന്ത്രി തെരുവോരത്ത് ഉടലഴക് മുഴുവന്‍ പ്രദര്‍ശിപ്പിച്ചു നിരന്നു നില്‍ക്കുന്ന അല്‍പ്പ വസ്ത്ര ധാരിണികളില്‍ നിന്ന് ആവശ്യത്തിനു ബോധിച്ചവരെ പട്ടാപ്പകല്‍ തന്റെ ആഡംബര കാറില്‍ കേറ്റിക്കൊണ്ടു പോകുന്നു. സ്റ്റുഡന്റ് ഐഡന്റിറ്റി ബാഡ്ജ് കൂടുതല്‍ മാന്യതയും സെക്സ് അപ്പീലും നല്‍കുമെന്ന് കണ്ടു യുവാക്കളും യുവതികളും അതുമായി വേട്ടക്കിറങ്ങുന്നു. ഇവിടെ മറ്റുള്ളവര്‍ നിന്നെ കേള്‍ക്കണമെങ്കില്‍ നീ ഒച്ചയിടെണ്ടി വരും എന്ന് സാക്കി അമ്മാവന്‍ ബൊക്കാറിയെ ഓര്‍മ്മിപ്പിക്കും. തെരുവില്‍ ഏതു നിമിഷവും നിങ്ങള്‍ മോഷണ വിധേയനായെന്നു വരും. ആരും ആരെയും വിശ്വസിക്കുന്നില്ല. ബ്രേക്ക് പോലും പ്രവര്‍ത്തിക്കാത്ത പുരാതനമായ ടാക്സി കാറുകളില്‍ നഗര വീഥികളിലൂടെ ഡ്രൈവര്‍മാര്‍ അതിജീവന സാഹസം നടത്തുന്നു. അതിജീവനം എന്നത് തന്നെയും നിങ്ങള്‍ക്ക് എത്രമാത്രം കള്ളച്ചൂത് കളിക്കാനാവും എന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മി. കൈഫലായുടെ സ്ഥാപനത്തില്‍ പറഞ്ഞുറപ്പിച്ച ജോലി അഭിമുഖത്തിനു പലവുരു അയാള്‍ക്ക് കേറിയിറങ്ങേണ്ടി വരുന്നു. 'ബോസ് ഇന്ന് സ്ഥലത്തില്ല, നാളെ വരൂ!' എന്ന പല്ലവി ആവര്‍ത്തിക്കുന്നു. റിസര്‍ച്ച് തീസിസുകള്‍ എഴുതി വില്‍ക്കുന്ന അധ്യാപകരും ദുരൂഹ വ്യവഹാരങ്ങളുള്ള ഒരധോലോകവുമാണ് അതെന്നു ശമ്പളമില്ലാത്ത ഒരു മാസക്കാലത്തെ 'പരിശീലന'ത്തിനു ശേഷം അത് കയ്യില്‍ കിട്ടേണ്ടിയിരുന്ന ദിവസമാണ് അയാള്‍ കണ്ടെത്തുക, നാര്‍ക്കോട്ടിക് ഇടപാടില്‍ സര്‍വ്വം കണ്ടുകെട്ടി അറസ്റ്റ് ചെയ്യപ്പെടുന്ന ബോസിന്റെ പതന നിമിഷത്തില്‍. വെറും കയ്യോടെ മക്കളുടെ വിശപ്പിലേക്ക് തിരികെ എത്തുന്ന ബൊക്കാറിയെ കാത്തു സമാനമായ രീതിയില്‍ വെറും കയ്യോടെ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഭാര്യ കൂലയും നില്‍പ്പുണ്ട്. ഫ്രീ ടൌണിലെ സാമൂഹികാവസ്ഥയെ നിശിതമായി അവതരിപ്പിക്കുന്ന ഈ ഭാഗവും ഖനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരണവും കോംഗോളീസ് നോവലിസ്റ്റ് ഫിസ്റ്റന്‍ എംവാന്‍സാ മുജീലയുടെ Tram '83 എന്ന നോവലിനെ കൃത്യമായും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
'നാളെയുടെ പ്രഭ'
ജീവിതം
വഴിമുട്ടിയ ഈ ഘട്ടത്തിലാണ് കുഞ്ഞു മകള്‍ ഉമ്മു അവളുടെ പ്രിയപ്പെട്ട കേണല്‍ നല്‍കിയ
സമൃദ്ധമായ ഭക്ഷണവും അതിലും വലിയ മൂല്യമുള്ള ഒരു ദൃഷ്ടാന്ത കഥയുമായി എത്തുന്നത്. അതിങ്ങനെയാണ് അവള്‍ അവസാനിപ്പിക്കുക:
(ഹൃദയം തകര്‍ന്നവര്‍ ) "തങ്ങളുടെ
തകര്‍ന്ന ഹൃദയങ്ങള്‍ സുഖപ്പെടുത്താന്‍ അവരുടെ ഉള്ളില്‍ ഇപ്പോള്‍ മുനിഞ്ഞു കത്തുന്ന
തീ ആളിക്കത്തിക്കാന്‍ ഒരു വഴി കണ്ടെത്തണം. അവര്‍ അതിനു
വേണ്ടി ജീവിച്ചിരിക്കണം.” ഇത്തരം ഒരുപദേശം നല്‍കാന്‍ കൗമാരം
കടക്കുക മാത്രം ചെയ്യുന്നവനെങ്കിലും സിയറാ ലിയോണിന്റെ കിരാത യുദ്ധങ്ങളില്‍
നേരിട്ട് പങ്കെടുത്തു കൊണ്ടും കൊടുത്തും മുതിര്‍ന്ന കേണല്‍ സര്‍വ്വധാ യോഗ്യനുമാണ്. പഴയ യുദ്ധം അതിന്റെ ഭീകര സ്മൃതികളിലൂടെ എങ്ങനെയാണ് പോരാട്ട
വീര്യമായിത്തീരുന്നത് എന്നതിന്റെ മികച്ച മാതൃകയാണ് കേണല്‍ . അത്തരക്കാരെ കുറിച്ച് നോവലിസ്റ്റ് വിവരിക്കുന്നു:
"അവര്‍ കാലങ്ങളിലൂടെ സ്വായത്തമാക്കിയ സമ്പ്രദായങ്ങളിലൂടെ അവര്‍ക്കാവുന്നത്
ചെയ്തു. അവരുടെ രീതികള്‍ അക്രാമകമായിരുന്നു എന്ന് ചിലര്‍
പറഞ്ഞേക്കാം. എന്നാല്‍ ജനങ്ങളെ അവരുടെ തന്നെ
ജീവിതങ്ങളുടെ മൂല്യത്തെ കുറിച്ച് വിശ്വാസമില്ലാത്തവര്‍ ആക്കുന്നതിനേക്കാള്‍
അക്രാമകമായി മറ്റെന്തുണ്ട്? അവര്‍ അല്‍പ്പം, പിന്നെയും അല്‍പ്പം മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്ന് ഓരോ ദിനവും അവരെ
വിശ്വസിപ്പിക്കുന്നതിനേക്കാള്‍ അക്രാമാകമായി മറ്റെന്തുണ്ട്?”
കേണല്‍ അടയാളപ്പെടുത്തുന്ന ജീവിതോന്മുഖതയില്‍ നോവലിസ്റ്റ്
നോവലിന്റെ ആദ്യ വാചകങ്ങള്‍ ആവര്‍ത്തിക്കുന്നു,
“ഇതവസാനമാണ്, അല്ലെങ്കില്‍ , ആര്‍ക്കറിയാം, മറ്റൊരു കഥയുടെ തുടക്കമാണ്... എല്ലാ കഥയും ഒരു പിറവിയാണ്..."
പ്രത്യാശയുടെ ഈ ഇത്തിരി വെട്ടം പകര്‍ന്നു നല്‍കുന്നതില്‍
കേണല്‍ നോവലിസ്റ്റിന്റെ തന്നെ ആത്മാംശം പ്രസരിപ്പിക്കുന്നു. ഇക്കാര്യത്തില്‍ എടുത്തു പറയേണ്ട
മറ്റൊരു കഥാപാത്രം ഏണസ്റ്റാണ്. അയാള്‍ സിലയെയും
കുടുംബത്തെയും വിധേയത്വമുള്ള ഒരു ഭൃത്യനെ പോലെ പിന്തുടരുന്നത് അവരോടു ചെയ്തു പോയ
മഹാപാതകങ്ങള്‍ക്കുള്ള പ്രായശ്ചിത്ത ശ്രമമായാണ്. അയാളാണ്
ആ പേയ് ദിനങ്ങളിലൊന്നില്‍ സിലായുടെ കൈ ചുമലോട് ചേര്‍ന്ന് വെട്ടിമാറ്റിയത്, ഹവായുടെ ഇടതു കൈപ്പത്തിയും കുഞ്ഞു മാദായുടെ രണ്ടു കൈപ്പത്തികളും
വെട്ടിമാറ്റിയത്. നോവന്ത്യത്തില്‍ സിലാ അയാളോട്
മിണ്ടാന്‍ തയ്യാറാവുന്നത് മറക്കേണ്ടത് മറക്കാന്‍ അയാളും പഠിച്ചു
തുടങ്ങിയെന്നതിന്റെ സൂചനയാണ്. ജീവിതോന്‍മുഖതയുടെ ഇതേ ദര്‍ശനം
തന്നെയാണ് നോവലിന്റെ തലക്കെട്ട് സ്ഥിതി ചെയ്യുന്ന മാമാ കേദിയുടെ വാക്കുകളിലും
തിളങ്ങി നില്‍ക്കുന്നത്:
“നാം നാളെയുടെ പ്രഭയില്‍ ജീവിക്കണം, നമ്മുടെ
പൂര്‍വ്വികര്‍ അവരുടെ കഥകളില്‍ പറയുന്ന പോലെ. കാരണം
നാളെ സംഭാവിക്കാനിരിക്കുന്നതില്‍ സാധ്യതകള്‍ ഉണ്ട്, നമ്മള്
അതെ കുറിച്ച് ആലോചിക്കണം, നന്മയുടെസാധ്യതയുടെ നേരിയ
ലാഞ്ചന പോലും. അതായിരിക്കും നമ്മുടെ ശക്തി. അതായിരുന്നു എന്നും നമ്മുടെ ശക്തി.”
ആഫ്രിക്കന്‍ കഥ പറച്ചില്‍ പാരമ്പര്യത്തില്‍ തനിക്കുള്ള താല്‍പര്യം നോവലിസ്റ്റ് പലപ്പോഴും എടുത്ത് പറഞ്ഞിട്ടുണ്ട്. നോവലില്‍ ഉടനീളം ഇത് പ്രകടവുമാണ്. മാമാ കേദി കഥകളുടെ നൈരന്തര്യം നിലനിര്‍ത്തുകയും അതിനു വേണ്ടി പാലായനങ്ങള്‍ മതിയാക്കുകയും ചെയ്യുന്നത് പോലെ ബോക്കാറിയും കുലായും കേണലും ദൃഷ്ടാന്ത കഥകളിലൂടെ കുട്ടികള്‍ക്ക് ജീവിതോന്‍മുഖതയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. മഹാ വിപത്തുകള്‍ കഴിഞ്ഞു പിറക്കുന്ന തലമുറ അതെ കുറിച്ച് പലപ്പോഴും അജ്ഞരായിരിക്കും ന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഒരു വേള ഈ 'പോസിറ്റിവിസ'ത്തിനു നേരെ വിരല്‍ ചൂണ്ടുന്നുണ്ട് എന്ന് പറയാം. ഓര്ക്കരുതാത്തത് എന്ന പേരില്‍ അത്തരം അനുഭവങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവെക്കുമ്പോള്‍ 'ഒഷ് വിറ്റ്‌സ് ? അതൊരു സംരക്ഷണ കേന്ദ്രമായിരുന്നില്ലേ?' എന്ന് ചോദിക്കുന്ന ഒരു തൊട്ടടുത്ത തലമുറ വളര്‍ന്നു വരുന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യമുയരും. (ഗലിയോ റിക്കിറെല്ലിയുടെ 'ലാബിരിന്ത് ഓഫ് ലൈസ് എന്ന ചിത്രത്തില്‍ ഹോളോകോസ്റ്റ് അനന്തര തലമുറയില്‍ പെട്ട ഒരു കഥാപാത്രം അങ്ങനെ ചോദിക്കുന്നുണ്ട്.) അതെന്തായാലും നോവലിസ്റ്റിന്റെ ദേശഭാഷയായ മെന്‍ഡെയുടെ കാവ്യസൗന്ദര്യം പരമാവധി പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഋജുവും അതേസമയം കാവ്യാത്മകവുമായ മൊഴിവഴക്കം ഉപയോഗപ്പെടുത്തുന്ന ആംഗലേയത്തില്‍ രചിക്കപ്പെട്ട കൃതി, വിഷയത്തിന്റെ സഹജമായ ഇരുള്‍ച്ചയിരിക്കിലും മികച്ച വായനാനുഭവമാണ്. ഇവിടെ "കാറ്റ് നിശ്വസിക്കുകയും മയക്കം ബാധിച്ച നക്ഷത്രങ്ങള്‍ ആകാശത്തെ തലയാട്ടിക്കുകയും മാത്രമല്ല, സൂര്യന് 'പുലരിയുടെ തണുത്ത അസ്ഥികളെ അതിന്റെ ഇളം ചൂട് കൊണ്ട് മൂരി നിവര്‍ക്കുകയും ചെയ്യുന്നു.” (മാല്‍ക്കം ഫോര്‍ബ് സ്, സ്റ്റാര്‍ ട്രിബ്യൂണ്‍ ). എന്നാല്‍ മെന്‍ഡെ മൊഴിയുടെ സചിത്ര മനോഹാരിതയിലുള്ള (picturesque) താല്‍പര്യം ചിലപ്പോഴെങ്കിലും അതിരു വിട്ടിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: "അയാളുടെ ഹൃദയം ഒന്ന് തിരിഞ്ഞു നോക്കി തന്റെ സുഹൃത്തിനെ അഭിവാദ്യം ചെയ്യുന്നതിന് മുഖത്തിനു അനുമതി കൊടുക്കാന്‍ മടിച്ചു.” അത്തരം ശൈലീപരമായ പരിമിതികള്‍ക്കപ്പുറം, ഒട്ടും വളച്ചു കെട്ടില്ലാത്ത, ആഖ്യാന തന്ത്രങ്ങളുടെ പരീക്ഷണ സ്വഭാവങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലാത്ത, ദൃഷ്ടാന്ത കഥാ മാതൃകയില്‍ പറയപ്പെട്ട കഥകളും ഓര്‍മ്മകളുമായി കൂട്ടിത്തുന്നിയെടുത്തു ഇഴചേര്‍ത്തെടുക്കുന്ന ഒരു ആഖ്യാന ഘടനയാണ് നോവലിനുള്ളത് എന്ന് പറയാം.
To purchase, contact
ph.no: 8086126024
Fiction on Child Soldier Theme:
Island of a Thousand Mirrors by Nayomi Munaweera
https://alittlesomethings.blogspot.com/2015/05/blog-post_22.html
Bamboo People by Mitali Perkins
https://alittlesomethings.blogspot.com/2015/08/blog-post.html
Radiance of Tomorrow by Ishmael Beah
https://alittlesomethings.blogspot.com/2018/01/blog-post_1.html
Bamboo People by Mitali Perkins
https://alittlesomethings.blogspot.com/2015/08/blog-post.html
Allah Is Not Obliged by Ahmadou Kourouma
https://alittlesomethings.blogspot.com/2017/03/blog-post.html
Lincoln in the Bardo by George Saunders
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 316-323)