Featured Post

Wednesday, September 18, 2013

വാന്‍ ഗോഗ് വരയ്ക്കുമ്പോള്‍

വാന്‍ ഗോഗ് വരയ്ക്കുമ്പോള്‍

റോണ്‍ നദിയോരത്തു*
നിലാ വെളിച്ചത്തിനു ചുവടെ
ഒരാള്‍ കാത്തു നില്‍ക്കുന്നു-
അനാമികയായ കാമിനിയെ പോലെ,
പിന്നിപ്പോയ ഒരു കിനാവ്‌
അയാളെ കാത്തിരിപ്പുണ്ട്‌.
തസ്കരന്റെ ഓര്‍മ്മത്തെറ്റു പോലെ
ചുറ്റുമതിലിന് വെളിയില്‍
വീണു പോയ തൊണ്ടി മുതല്‍.
പതുങ്ങിയെത്തുന്ന മേഘച്ചതുപ്പ്
ജലസര്‍പ്പം മത്സ്യത്തെയെന്നപോലെ
നിലാവിനെ വിഴുങ്ങന്നു.
ഗറില്ലാ പോരാളികളെ പോലെ
തക്കം പാര്‍ക്കുന്ന നക്ഷത്ര രാജികള്‍
ഒരു ഞൊടി ഒളിച്ചു പോവുന്നു.
ഉന്മാദത്തിന്റെ ഉള്ളെരിച്ചിലില്‍
കനല്‍ വഴി താണ്ടിയോന്
ചായക്കൂട്ടുകള്‍ കൈവിട്ടു പോവുന്നു.
മേഘ ഗര്‍ഭത്തില്‍ നിന്ന്
വീണ്ടും ചാന്ദ്രപ്പിറവി കാത്ത്
മനസ്സിന് തീ പിടിക്കുന്നുണ്ടയാള്‍ക്ക്.
പിന്നെ,
തിമിംഗലം പെറ്റ യോനായെ പോലെ
നിലാവിന് കണ്ണ് തെളിയവെ
ഒളിപ്പോരാളികള്‍ ആഞ്ഞടിക്കുന്നു.
പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളില്‍
ജലപാളികള്‍ക്ക് തീ പിടിക്കുന്നു.
കാത്തിരുന്ന സ്വപ്നം
നീലയും മഞ്ഞയുമായ് തെളിയുന്നു.

*(Starry Night over the Rhone എന്ന വാന്‍ ഗോഗ് ചിത്രം ഓര്‍ക്കുക)

Sunday, September 8, 2013

കുട്ടികളുടെ സിനിമ: മുതിര്‍ന്നവരുടെയും

കുട്ടികളുടെ സിനിമ: മുതിര്‍ന്നവരുടെയും

(Children of Heaven, The Color of Paradise, Turtles Can Fly എന്നീ മൂന്നു ചിത്രങ്ങള്‍ മുന്‍ നിര്‍ത്തി ഇറാനിയന്‍ സിനിമയിലെ കുട്ടികളുടെ പ്രാതിനിധ്യത്തെ കുറിച്ച് ഒരു വിചാരം.)

ഇറാനിയന്‍ സിനിമയിലെ കുട്ടികളുടെ പ്രതിനിധാനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം തോന്നുക അത് തന്നെയായിരിക്കും: കുട്ടികളുടെ പ്രശ്നങ്ങളൊന്നും അവരുടെ മാത്രം പ്രശ്നങ്ങളല്ലെന്ന്. അവരുടെ കാഴ്ചകളുടെ ഊന്നലുകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ സമൂഹം അനുഭവിക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കുട്ടികള്‍ കാണാതെ പോവുന്നില്ല. ദാരിദ്ര്യം, യുദ്ധം, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ - ഒന്നും അവര്‍ക്കന്യമല്ല. എന്ന് തന്നെയല്ല, സഹജമായ മനോ നൈര്‍മല്യത്തിലും പേലവ മനസ്കതയിലും അവരാണ് പലപ്പോഴും അതിനോടെക്കെയും ഏറ്റവും ആഴത്തിലും തീവ്രമായും സത്യ സന്ധമായും പ്രതികരിക്കുന്നത് എന്നും കാണാം.


മജീദ്‌ മജീദിയുടെ Children of Heaven എന്ന ചിത്രം 1997-ല്‍ ലോകത്തെ മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ തരംഗങ്ങളുണ്ടാക്കിയപ്പോള്‍ ഇറാനിയന്‍ സിനിമ അത് വരെയില്ലാത്ത വിധം ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ തരംഗമായി. മുഹ്സിന്‍ മഖ്മല്‍ ബഫ് എന്ന ചലച്ചിത്ര പ്രതിഭയിലൂടെ നേടിയെടുത്ത മേല്‍വിലാസം മാറ്റൊരു രീതിയില്‍ കൂടുതല്‍ അംഗീകാരങ്ങളിലേക്ക് മുന്നേറുകയായിരുന്നു. സാമൂഹ്യ മാറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മാപിനികളായ വിഖ്യാത മഖ്മല്‍ ബഫ് ചിത്രങ്ങള്‍ ലോകമെങ്ങും ചലച്ചിത്ര മേളകളില്‍ ആദര പൂര്‍വ്വം വീക്ഷിക്കപ്പെട്ടു കൊണ്ടിരുന്ന കാലം. പ്രമേയ പരമായും ചലച്ചിത്ര ഭാഷ്യ രീതിയിലും തികഞ്ഞ വ്യത്യസ്ഥത പുലര്‍ത്തിക്കൊണ്ട് കടന്നു വന്ന പുതു തലമുറയില്‍ മുന്‍പിലാണ് മജീദ്‌ മജീദി.

എട്ടു വയസ്സുകാരനായ അലിയുടെയും കുഞ്ഞനിയത്തി സഹ് രയുടെയും ജീവിതത്തിലുണ്ടാവുന്ന ചെറിയ, വലിയ പ്രയാസങ്ങളിലെക്കാണ് Children of Heaven എന്ന ചിത്രം കണ്ണ് തുറക്കുന്നത്. സഹ് രയുടെ ആകെയുള്ള ഒരു ജോഡി ഷൂസ് ഓര്‍ത്തിരിക്കാതെ നഷ്ടപ്പെടുന്നതോടെ അത് തുടങ്ങുന്നു. ആദ്യം അവ തിരിച്ചെടുക്കാനും അത് സാധ്യമല്ലെന്ന് വരുന്നതോടെ പകരം ഒന്ന് നേടാനും, അത് കഴിയുന്നത്‌ വരെ അക്കാര്യം മാതാ പിതാക്കളില്‍ നിന്ന് മൂടി വെക്കാനും ആ കുഞ്ഞുങ്ങള്‍ നടത്തുന്ന ശ്രമങ്ങളിലൂടെ, ചിത്രം ചെറിയതെന്നു നമ്മള്‍ മാറ്റിവെക്കുന്ന കാര്യങ്ങള്‍ ഒട്ടും ചെറുതല്ലെന്നും, കുട്ടികള്‍ അതെത്ര മാത്രം തീവ്രമായി ഉള്‍ക്കൊള്ളുന്നുവെന്നും കാണിക്കുന്നു. ദരിദ്രരായ രക്ഷിതാക്കളുടെ അവസ്ഥ കുട്ടികള്‍ മനസ്സിലാക്കുന്നത് കൊണ്ടാണ് എല്ലാം കുഴഞ്ഞു മറിയുന്നത്. ഒരര്‍ഥത്തില്‍ ഹൊറര്‍ ചിത്രങ്ങളിലെ കൃതൃമ ഭീതിയെക്കാള്‍ ഭയാനകമാണ് കുട്ടികള്‍ക്ക് ഇത്തരമൊരവസ്ഥ എന്നിടത്താണ് ചിത്രം എല്ലാ കുട്ടികളുടെതുമാവുന്നത്. പുതിയൊരു ജോഡി ഷൂസ് വാങ്ങുക അസാധ്യമാണെന്ന് മനസ്സിലാക്കുന്ന അലി, ഒരു പോം വഴി കണ്ടെത്തുന്നു: തന്റെ ഷൂസ് രാവിലെ ക്ലാസ് ഉള്ള സഹ് ര ഉപയോഗിക്കുക. ഉച്ചക്ക് അവള്‍ തിരിച്ചു വരുമ്പോള്‍ അത് ഉച്ച തിരിഞ്ഞു ക്ലാസ് ഉള്ള തനിക്കു ഉപയോഗിക്കാം. അനിയത്തിയുടെ കുഞ്ഞു പാദങ്ങള്‍ക്കു അത് പാകമാക്കിയെടുക്കാന്‍ നന്നായി കെട്ടുകയല്ലാതെ വേറെ വഴിയില്ല. ഒരു നാല് കിലോമീറ്റെര്‍ ഓട്ടമത്സരം നടക്കാന്‍ പോവുന്നുവെന്നും അതിലെ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസ് ആയിരിക്കുമെന്നും അറിയുന്നതോടെ അലി സന്തോഷവാനാകുന്നു. പക്ഷെ അവനു വേണ്ടത് മൂന്നാം സമ്മാനമാണ്; ഒന്നാമത്തെയോ രണ്ടാമത്തേതോ അല്ല എന്നിടത്താണ് ഹൃദയാവര്‍ജ്ജകമായ കഥാന്ത്യം.

The Color of Paradise എന്ന ചിത്രത്തില്‍ ചലച്ചിത്രകാരന്‍ ആര്‍ദ്രമായ ഒരു ബാല്യ നിസ്സഹായതയുടെ കഥ പറയുന്നു. എന്നാല്‍ അതിനപ്പുറം, പ്രകൃതിയുമായുള്ള ബന്ധത്തിലൂടെ പരിമിതികളെ അകക്കണ്‍ ശക്തിയാക്കി പരിവര്‍ത്തിപ്പിക്കുന്ന തെളിഞ്ഞ കൗമാര മനസ്സിലേക്കാണ് ചിത്രം ശ്രദ്ധയൂന്നുന്നത്. തന്റെ അന്ധത നല്‍കുന്ന പരിമിതി തന്നെയാവാം ഒരു യോഗിയുടെ (visionary ) ഉള്‍ക്കാഴ്ചയോടെ പ്രകൃതിയെ തൊട്ടും കേട്ടും അറിയാന്‍ അന്ധനായ മുഹമ്മദിനെ (Mohsen Ramezani) പ്രാപ്തനാക്കുന്നത്. ടെഹ്‌റാനിലെ ഒരു അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് അവന്‍. ഉമ്മയില്ലാത്ത അവന്റെ പിതാവ്, കല്‍ക്കരിപ്പാടത്തു തുച്ഛ വരുമാനത്തിന് ജോലി ചെയ്യുന്നു. മറ്റൊരു വിവാഹം കഴിക്കുന്നതിനു മുഹമ്മദ്‌ ഒരു തടസ്സമാവുമെന്ന് അയാള്‍ ഭയക്കുന്നു. വേനലവധിക്ക് അവനെ വീട്ടില്‍ കൊണ്ടുപോവുന്നതിനു പകരം സ്കൂളില്‍ തന്നെ നിര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. തുടര്‍ന്ന് അയാള്‍ അന്ധനായ ഒരു ആശാരിയുടെ സഹായിയായി മുഹമ്മദിനെ നിര്‍ത്തുന്നു. തങ്ങളുടെ ഭാഗധേയത്തെ കുറിച്ചും ദൈവം തങ്ങളോട് ചെയ്തത് ശരിയോ എന്നതിനെ കുറിച്ചും ഇരുവരും ചിന്തിക്കുന്നുണ്ട്. ഇതേ സമയം, മുഹമ്മദിന്റെ വല്യുമ്മ അവനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയം തകര്‍ന്നു മരിക്കുന്നു. അതെ തുടര്‍ന്ന് അതൊരു അപശകുനമായി തോന്നുകയാല്‍ അവന്റെ പിതാവിന്റെ കല്യാണാലോചന മുടങ്ങിപ്പോവുന്നു. മുഹമ്മദിനെ തിരിച്ചു കൊണ്ട് വരുന്ന വഴിയില്‍ ഒരു പാലത്തില്‍ നിന്ന് അവന്‍ പുഴയില്‍ വീണു പോകവേ, ഒരു നിമിഷം പൈശാചികമായ ഒരു ചിന്തക്ക് അയാള്‍ അടിപ്പെടുന്നുണ്ട്. എന്നാല്‍, പിന്നീട് അയാള്‍ വെള്ളത്തിലേക്ക് എടുത്തു ചാടി ഒഴുക്കില്‍ അവനെ പിന്‍ തുടരുന്നു. അവസാന രംഗത്തില്‍ തീരത്തടിഞ്ഞ അവന്‍റെ നിശ്ചേതന ശരീരത്തിലേക്ക് അയാള്‍ പണിപ്പെട്ടു ഇഴഞ്ഞെത്തുന്നു. നമ്മള്‍ കേള്‍ക്കുന്ന ഒരു മരം കൊത്തിയുടെ ശബ്ദത്തിനൊപ്പം മുഹമ്മദിന്റെ വിരലുകള്‍ പതിയെ ചലിക്കാന്‍ തുടങ്ങുന്നു. അവന്‍, തന്റെ പതിവ് രീതിയില്‍, ബ്രെയ്ല്‍ ലിപിയിലെന്ന പോലെ പ്രകൃതിയെ വീണ്ടും വായിച്ചും അടയാളപ്പെടുത്തിയും തുടങ്ങുകയാവാം.

മജിദ്‌ മജിദിയുടെ ഈ പ്രദിപാദ്യ ചിത്രങ്ങളില്‍ നിന്ന് പ്രമേയപരമായും പരിചരണത്തിലും തികച്ചും വ്യത്യസ്തമാണ് ബെഹ്മാന്‍ ഗോബാദിയുടെ Turtles Can Fly എന്ന ചിത്രം. ഒന്നോ രണ്ടോ കേന്ദ്ര കഥാപാത്രങ്ങളായ കുട്ടികളിലൂടെ മുഖ്യമായും കുടുംബ പശ്ചാത്തലത്തിലെ ജീവിത സന്ധികളിലേയ്ക്കാണ് മജീദ്‌ മജീദിയുടെ ചിത്രങ്ങള്‍ രണ്ടും ശ്രദ്ധയൂന്നുന്നത്. Children of Heaven ദാരിദ്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും സന്താപ സന്തോഷ വൈചിത്ര്യങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ട് പോവുമ്പോള്‍, The Color of Paradise പ്രകൃതിയെ അകക്കണ്ണ് കൊണ്ട് തൊട്ടറിയുന്നതിന്റെയും, ദൈന്യങ്ങളുടെ ഒറ്റുകൊടുക്കല്‍ പ്രലോഭനങ്ങളിലും ജയിച്ചു നില്‍ക്കുന്ന സ്നേഹത്തിന്റെയും കഥയാണ്‌. എന്നാല്‍ ബെഹ്മന്‍ ഗൊബാദി തന്റെ ചിത്രത്തില്‍ യുദ്ധത്തിന്റെയും വംശീയതയുടെയും ഭീകരതയിലെക്കും നിസ്സഹായതയുടെ അസ്തിത്വ പ്രതിസന്ധിയില്‍ മഹത്തരമെന്നു കണക്കാക്കപ്പെടുന്ന മിത്തുകള്‍ പോലും എങ്ങനെ ചിതറിത്തെറിച്ചു ശിഥിലമാകുന്നു എന്ന പ്രഹേളികയിലേക്കും കണ്ണോടിക്കുന്നു


സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷം ചിത്രീകരിക്കപ്പെട്ട ആദ്യ ഇറാഖി ചിത്രമാണ് Turtles Can Fly. "ഏകാധിപതികളുടെയും ഫാസിസ്റ്റുകളുടെയും പോളിസികളില്‍ ഇരകളായിപ്പോവുന്ന ലോകമെങ്ങുമുള്ള നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ക്ക്‌ ചിത്രം സമര്‍പ്പിക്കുന്നു" എന്ന് ബഹ്മന്‍ ഗോബാദി പറഞ്ഞിട്ടുണ്ട്. സമീറ മഖ്മല്‍ബഫിന്റെ Blackboard എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന വന്യ ഭൂപ്രകൃതി ചിത്രത്തിന്‍റെ കേന്ദ്ര പ്രതീകമാണ്. ഇറാഖിനു നേരെ നടന്ന അമേരിക്കയുടെ രണ്ടാമത് ആക്രമണത്തിനു തൊട്ടു മുന്‍പ് ഖുര്‍ദ് - തുര്‍ക്കി അതിര്‍ത്തിയിലുള്ള അഭയാര്‍ഥി ക്യാമ്പിലാണ് കഥ നടക്കുന്നത്. ക്യാമ്പിലെ യഥാര്‍ത്ഥ അന്തേവാസികള്‍ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കളും; ഒട്ടും പ്രോഫഷനുലുകള്‍ അല്ലാത്തവര്‍. സാറ്റെലൈറ്റ് എന്ന വിളിപ്പേരുള്ള പതിമൂന്നുകാരന്‍ (Soran Ebrahim) തന്റെ മുറിയിംഗ്ലീഷും സാറ്റെലൈറ്റ് സെര്‍വിസും സ്വാഭാവിക നേതൃ ഗുണവും കൊണ്ട് പ്രദേശത്തെ യുദ്ധഇരകളായ കുട്ടികള്‍ക്കിടയില്‍ നേതാവാണ്‌. പൊട്ടിത്തെറിക്കാതെ ഉപേക്ഷിക്കപ്പെട്ട മൈനുകള്‍ ശേഖരിച്ചു ഉപജീവനം കണ്ടെത്തുക എന്ന അപകടം നിറഞ്ഞ, ഏതു നിമിഷവും മരണം പതിയിരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടവരാണ്‌ അവര്‍. ഒരു ഘട്ടം വരെ അമേരിക്കന്‍ അധിനിവേശത്തെ മോചനമായി കാണുന്നുണ്ട് അവര്‍; ചിത്രം ആ മിത്തിനെ തുറന്നു കാട്ടുന്നുണ്ടെങ്കിലും. അധിനിവേശം ആസന്നമാകവേ, ഗ്രാമാന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഇതേ സമയം അഗ്രിന്‍ (Avaz Latif) എന്ന അഭയാര്‍ഥി ബാലികയില്‍ സാറ്റെലൈറ്റ് അനുരക്തനാണ്. ഇറാഖി പട്ടാളക്കാരുടെ കൂട്ട ബാലല്‍ക്കാരത്തിനും തുടര്‍ന്നു ഒരു കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നതിന്റെ അപമാനത്തിനും തന്റെ ജനത മുഴുവന്‍ സമാന അനുഭവങ്ങളിലൂടെ കടന്നു പോന്നതിനും സാക്ഷിയായ അഗ്രിനു പക്ഷെ അതൊന്നും ഇനിയൊരു പ്രലോഭനമല്ല. ഏതു സമയവും അവള്‍ ചുമക്കുന്ന കാഴ്ചശക്തി കുറഞ്ഞ കുരുന്നു ബാലന്‍ ആ വംശീയ അപമാനത്തിന്റെ ചിഹ്നമാണവള്‍ക്ക്. അതിനെ ഉപേക്ഷിക്കാനോ കൊന്നു കളയാന്‍ തന്നെയോ ഉള്ള അവളുടെ ശ്രമങ്ങള്‍ക്കുള്ള വിശദീകരണവും വേറെയല്ല. കൈകള്‍ നഷ്ടപ്പെട്ട, ഭാവി കാണാന്‍ കഴിവുള്ള അവളുടെ സഹോദരന്‍ ( Hiresh Feysal Rehman) സദാ ജഗരൂകനുമാണ് ഇക്കാര്യത്തില്‍. ചിത്രാന്ത്യത്തില്‍, ഒരു ഘട്ടത്തില്‍ അഗ്രിന്‍ മൈന്‍ ഫീല്‍ഡില്‍ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മൈന്‍ പൊട്ടി പാദം തകര്‍ന്നു വേദനയോടു മല്ലിട്ട് സാറ്റെലൈറ്റ് കഴിയവേ, ദേഹത്ത് കല്ല്‌ കെട്ടി അഗ്രിന്‍ കുഞ്ഞിനെ കുളത്തിലിട്ടത് സ്വപ്ന രൂപേണ മനസ്സിലാക്കുന്ന സഹോദരന്‍ അവനെ തേടി ഒടിയെത്തുന്നു. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അതെ സമയം അഗ്രിന്‍ മലയുടെ ഉച്ചിയില്‍ നിന്ന് മരണത്തിലേക്ക് കൂപ്പു കുത്തുന്നു
 
മജീദ്‌ മജീദിയുടെ പ്രദിപാദ്യ ചിത്രങ്ങള്‍ രണ്ടും പേലവമായ അനുഭവങ്ങളിലൂടെ കടുത്ത ജീവിത സന്ധികളിലേക്ക് കണ്ണ് തുറന്നു നോക്കുമ്പോള്‍, ബഹ്മാന്‍ ഗോബാദിയുടെ ചിത്രം അതിശക്തമായ ഒരു പ്രഹരമായാണ് അനുഭവപ്പെടുക. മാതൃത്വമെന്ന പറഞ്ഞു പഴകിയ കാവ്യാത്മക മിത്തിനെ ഒരര്‍ഥത്തില്‍ പൊളിച്ചടുക്കുകയാണ് ചിത്രം. അപമാന ചിഹ്നമായ കുഞ്ഞിനെ എല്ലായ്പ്പോഴും ഒരമ്മക്ക് സ്നേഹിക്കനാവില്ല എന്ന് തന്നെയാണ് ചിത്രം പകരുന്ന കാഴ്ച്ചയുടെ സത്യം. എന്നാലോ, ആ ഉപേക്ഷ അവള്‍ക്കും ജീവിതമല്ല മരണം തന്നെയാണെന്നും ചിത്രം വിലയിരുത്തുന്നു. യുദ്ധത്തിന്റെ നിരര്‍ത്ഥകത എന്നതിനപ്പുറം ഇരകളെ സംബന്ധിച്ചേടത്തോളം യുദ്ധം അവസാനിക്കുന്നതേയില്ല എന്ന വസ്തുതക്ക് കൂടി ചിത്രം അടിവരയിടുന്നു. അയഥാര്‍ത്ഥമായ കാര്‍ട്ടൂണ്‍ ഗിമ്മിക്കുകളും കൊലയും നശീകരണവുമാണ് സാഹസം എന്ന് മാത്രം പഠിപ്പിക്കുന്ന ത്രീ-ഡി, അനിമേഷന്‍ കമ്പ്യൂട്ടെര്‍ ഗെയിമുകളുമാണ് കുട്ടികളുടെ തട്ടകം എന്ന് ധരിച്ചു വശായിട്ടുള്ള ഹോളിവുഡ് തസ്ക്കര പാരമ്പര്യത്തെ കൂടിയാണ് ഈ ചിത്രങ്ങള്‍ സൗമ്യമായി നിഷേധിക്കുന്നത്. മോസില്ല ഉയര്‍ത്തുന്ന എങ്ങും തൊടാത്ത ഭീതിയെക്കള്‍ വലുതാണ്‌ അലിയും സഹ് റയും അറിയുന്ന, കഷ്ടപ്പാടിനിടയില്‍ രക്ഷിതാക്കളില്‍ നിന്ന് തങ്ങളുടെ കൈപ്പിഴ മറച്ചു വെക്കേണ്ടി വരുന്ന ഭീതി. ഒരു അനിമേഷന്‍ കഥാപാത്രവും പാദം തകര്‍ന്നു വേദന സംഹാരികളൊന്നും കയ്യിലില്ലാതെ നൊമ്പരം കടിച്ചിറക്കേണ്ടി വരുന്ന സാറ്റെലൈറ്റിന്റെ നിസ്സഹായതയോ, സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് തള്ളി വിട്ടു ആത്മഹത്യയില്‍ അഭയം തേടുന്ന അഗ്രിന്റെ ഗതികേടോ അനുഭവിക്കേണ്ടി വന്നിട്ടില്ല. അറം പറ്റിയ സമൂഹങ്ങളില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ ആ സമൂഹത്തിന്റെ മുഴുവന്‍ അനുഭവങ്ങളും നേരിടേണ്ടിയും വരുന്നു. സമൂഹത്തിന്റെ ദുരിത പര്‍വ്വങ്ങളില്‍ സഹനത്തിന്റെ ഇങ്ങേയറ്റത്ത് കുട്ടികള്‍ തന്നെയാണ് എന്ന വസ്തുത കൂടിയാണ് അവരെ കേന്ദ്ര സ്ഥാനത്തു അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ ഊന്നിപ്പറയുന്നത്‌.

(ഫസല്‍ റഹ്മാന്‍)




Tuesday, September 3, 2013

തെരുവ് ചിത്രകാരന്‍ വരയ്ക്കുമ്പോള്‍

തെരുവ് ചിത്രകാരന്‍ വരയ്ക്കുമ്പോള്‍
ഇടകലരുക വര്‍ണ്ണങ്ങള്‍ മാത്രമല്ല.

അമ്പല നടയ്ക്കു വെളിയില്‍
ദേവീചിത്രം വരയ്‌ക്കവേ
ഭക്തിയുടെ മുത്തശ്ശിക്കണ്ണിലേയ്ക്ക്
ദേവീകാരുണ്യം തെളിഞ്ഞു നില്‍ക്കും.
കുംഭം നിറയെ നാണയം വരയ്ക്കവേ
ചില്ലറത്തുട്ടുകള്‍ പറന്നു വീഴും .
സ്കൂള്‍ ബസ്‌ കാത്തുനില്‍ക്കുന്ന
നേഴ്സറിക്കൌതുകങ്ങള്‍ക്ക്
ചിറകുള്ള കുതിരകളുടെ രഥം.
ചുറ്റും മഴവില്ലിന്റെ പ്രഭാപൂരം.
നിറങ്ങളടര്‍ന്ന ജീവിതം തുന്നവേ
രഥമുരുളുന്നത് ചിത്രകാരന്റെ നെഞ്ചില്‍.
ഒളിഞ്ഞു നോട്ടത്തിന്റെ കൗമാരത്തിന്
അണിവയറിന്റെ അപ്സരസ്പര്‍ശം.
വിടര്‍ന്ന കണ്ണുകള്‍, തുടുത്ത കവിളിണ
ചുണ്ടിണകള്‍ കിട്ടാതെ പോയ
ചുംബനങ്ങള്‍ ചാലിച്ച് ചേര്‍ത്ത്.

ഇന്നലെ അയാള്‍ വരച്ചു വെച്ചത്
പള്ളി മുക്കിലായിരുന്നു.
വിശ്വാസികള്‍ക്ക് പാകത്തില്‍
ആകാശത്തേക്ക് മുഖമുയര്‍ത്തി
നീലക്കണ്ണുള്ള ഇറ്റാലിയന്‍ സുന്ദരന്‍.
അരികിലൊരു കുരിശ് കാത്തിരിപ്പുണ്ട്‌,
ചിത്രത്തിലേക്ക് അതെപ്പോഴാവും
ചിത്രകാരന്‍ താഴ്ത്തി വെച്ചത് !
അല്ലെങ്കില്‍, ഇനിയെപ്പോഴാവും
അയാളത് ചുമലിലെടുക്കുക?
പ്രഭാവലയം, മുള്‍ക്കിരീടം, ശാന്തത.
കയ്യയച്ചല്ലെങ്കിലും
പള്ളി കഴിഞ്ഞു വരുന്നവരില്‍
ദാനത്തിന്റെ പാഠം മറക്കാതെ ബാക്കി.

നാളെ നേര്‍ച്ചപ്പറമ്പിലാവും അയാള്‍ക്കന്നം.
പച്ചമേലാപ്പിട്ട കഅബ ചിത്രം
ചന്ദ്രക്കലയ്ക്കു ചുവടെ തിളങ്ങി നില്‍ക്കും.
അപ്പുറത്ത് മുഖവും മുന്‍ കയ്യുമായി
എന്നും ചെറുപ്പമായൊരു മൊഞ്ചത്തി
പ്രാര്‍ഥനാ നിരതയാവും.
കടലാഴമുള്ള കണ്ണുകള്‍
ആകാശത്തു നോട്ടമുറപ്പിക്കും.
നിവര്‍ത്തി വെച്ച വേദ ഗ്രന്ഥം
തിരിവെട്ടത്തില്‍ തെളിഞ്ഞു നില്‍ക്കും.
പുകഞ്ഞു പോയ കരിന്തിരിയായി
മെലിഞ്ഞ വിരലുകളെരിഞ്ഞു നില്‍ക്കും.

ഗതി കെട്ടവന്‍റെ ദൈവം ക്ഷിപ്ര പ്രസാദിയല്ല.
അതൊരു ദൈവം പോലുമല്ല.
പര്‍വ്വതങ്ങളുടെ പുലരിച്ചായം പോലെ
ഉച്ചയിലേയ്ക്ക് പടരുന്ന കണ്ണിന്‍ നോവായി
മൂവന്തിയില്‍ മരിക്കുന്ന പകല്‍ത്തിളപ്പായി
അവന്റെ ദൈന്യം ദൈവമാകും:
അനാദി, അനന്തം.

തെരുവ് ചിത്രകാരന്‍ വരയ്ക്കുമ്പോള്‍
ഇടകലരുക വര്‍ണ്ണങ്ങള്‍ മാത്രമല്ല.

Sunday, August 25, 2013

നോറ്റു നേടീട്ടും അരുമ്പിപ്പോവുന്നത്.


കാന്‍സര്‍ വാര്‍ഡിലെ
നൊമ്പരക്കാഴ്ചയായി
വായും മൂക്കും മൂടിക്കെട്ടി
കുരുന്നു ബാലന്‍.
ഞരമ്പുകളില്‍ പതിയിരിപ്പുണ്ട്
അവനറിയാതെ-
മരണം.
മുലക്കണ്ണിലേക്കിറങ്ങിവന്ന
ജന്മാന്തര പുണ്യമെന്നു
തേങ്ങലടക്കുന്നുണ്ടമ്മ.
കൊടുക്കാമെന്നുയി,രെന്നാലു-
മെടുക്കരുതവനെയെന്നു
വിതുമ്മുന്നുണ്ടച്ഛന്‍.
പനിയിറക്കത്തിന്‍ നേരം
വാര്‍ഡിലെങ്ങുമവന്‍.
വികൃതി കാണിക്കരുതെന്ന്
മിഴിക്കുന്നു ഡ്യൂടി നേഴ്സ് .
'ആന്റിക്കിന്നോട് ദേഷ്യാ'ന്നു
കൊഞ്ചുന്നുണ്ടവന്‍.
മുഖം തിരിക്കുന്നുണ്ട് പെണ്‍ കൊടി.
അടുപ്പം കാണിക്കാന്‍ വയ്യവനോട്,
താങ്ങാനാവില്ല,തു പിന്നെയെന്ന്
അടക്കം പറയുന്നുണ്ടവള്‍.

പല ജന്മം നോറ്റു നേടീട്ടും
അരുമ്പിപ്പോവതെന്താവാം
ഈയിളം കൂമ്പുകള്‍?!
ഏതു പാപനാശിനിയാവാം
മതിയാവുക പകരം
ശിശുബലിയുടെ ദൈവത്തിനു?!




Friday, August 16, 2013

കത്തിയമരുക മൗനത്തിലേയ്ക്ക്

കത്തിയമര്‍ന്ന തെരുവോരം-
ഉടലെരിഞ്ഞു മരിച്ചവരുടെ
തീപ്പെട്ട വേദനയില്‍
തികഞ്ഞ നിശ്ശബ്ദതയില്‍
ഒരൊത്തു കൂടല്‍.
നിറച്ചാര്‍ത്തണിഞ്ഞ പെണ്‍കുട്ടികളുടെ
പ്രാര്‍ത്ഥനാ ഗീതം.
പിന്നെ മൗന പ്രാര്‍ത്ഥന.
സ്വാഗത പ്രസംഗം.
ഉരിയാടുന്നില്ലപ്പോഴുമാരും.
അധ്യക്ഷന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍
ആര്‍ക്കൊക്കെയോ ചുമശല്യം.
പേരെടുത്തു പറയാതെ
കാരണവരുടെ ഒളിയമ്പുകള്‍.

പിന്നെയാണ് മട്ട് മാറിയത്.
പ്രഭാഷകരൊക്കെയും
വിചാരണക്കാരായി.
അപരനെപ്പോഴും പ്രതിയായി.
വാക്കുകളുടെ രതി മൂര്‍ച്ചയില്‍
തെരുവില്‍ വീണ്ടും പക സ്ഖലിച്ചു.
ഉടുതുണിയഴിഞ്ഞ് അനുയായി വൃന്ദം-
നഗ്നരായി,
ഉദ്ധൃത ലിംഗങ്ങളോടെ,
പഴയ കലാപക്കറയിലേക്ക്
പുതിയ രക്തം കൊണ്ട് തര്‍പ്പണം.

തെരുവ് വീണ്ടും
എരിയാന്‍ തുടങ്ങിയപ്പോഴാണ്
പാതി വെന്ത കടത്തിണ്ണയില്‍ നിന്ന്
ചാരത്തിന്റെ ആത്മാവായി
ഒരാള്‍ പുറത്തിറങ്ങിയത്-
അര്‍ദ്ധ നഗ്നന്‍
എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നവന്‍;
ഇപ്പോഴയാള്‍
വാക്കുകളുടെ ഭാണ്ഡം ഉപേക്ഷിച്ചിരുന്നു.

Sunday, August 11, 2013

തുന്നിച്ചേര്‍ക്കുമ്പോഴും പിന്നിപ്പോവുന്നത്


കിടപ്പിലായവന്‍റെ കഥകളില്‍
അപ്പോഴും നിറയുന്നു
ദേശാടനപ്പെരുമ .
മരുന്നു മണത്തിന്‍റെ തടവില്‍
നിശ്ശബ്ദതയുടെ അമാവാസിയില്‍
ബോധത്തിന്റെ ചിലന്തി നൂലില്‍
കൊരുത്തെടുക്കുന്നുണ്ടയാള്‍
ഒരു നേരത്തിനുള്ള സ്മൃതിയന്നം.

തരികെനിക്കെന്‍റെ വഴിപ്പിണക്കങ്ങള്‍,
തരികെനിക്കെന്നലോസരങ്ങള്‍
മൃതിയോരങ്ങളില്‍ ഇറങ്ങിപ്പോയവര്‍
രാവറുതിയിലെ ഭ്രാന്തന്‍റെ രോദനം
വഴിയമ്പലത്തിലെ രാക്കൂട്ട്‌
നരച്ചു നനഞ്ഞ തെരുവോരങ്ങള്‍
നാണം കൂമ്പിയ കൊലുസിന്നോര്‍മ്മ
മാന്തളിര്‍ചോപ്പായെന്റെ ബാല്യം
മന്ദാര ഇലകളായ് താരുണ്യം
നിറഞ്ഞൊഴിഞ്ഞ ജീവിതപ്പച്ച.

നിറങ്ങളടര്‍ന്നുമിണചേര്‍ന്നും
ശിഥിലമാകുന്നുണ്ട് ചിന്തകള്‍.
ചേര്‍ത്തു തുന്നി തിരിച്ചെടുക്കാനാവില്ല
സ്വപ്ന ഖണ്ഡങ്ങള്‍ കൊണ്ട്-
മന്ദാരമല്ല, കാഞ്ഞിരം കൈയ്ക്കു-
മീ നിറം കെട്ടു പോയ ജീവിതം.

Sahib Bibi Aur Ghulam (1962) Abrar Alvi/ Guru Dutt/ Meena Kumari

Movie Talks:10


Sahib Bibi Aur Ghulam (1962)
Hindi, Produced by Guru Dutt
Directed by Abrar Alvi
Based on the novel by Bimal Mithra

                 ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ Sahib Bibi Aur Ghulam, ബ്രിട്ടീഷ് ഇന്ത്യയില്‍ ബംഗാളിലെ ഫ്യൂഡല്‍- ഹവേലി സംസ്കൃതിയുടെ ദുരന്ത പൂര്‍ണ്ണമായ അന്ത്യത്തിന്റെ പശ്ചാത്തലത്തില്‍, ബിമല്‍ മിത്രയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അബ്രാര്‍ അലവി സംഭാഷണങ്ങള്‍ രചിച്ചു സംവിധാനം ചെയ്തു 1962-ല്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടൈറ്റില്‍ മൂന്ന് ജീവിതങ്ങളെ സൂചിപ്പിക്കുന്നു: നാശോന്മുഖമായ സംസ്കൃതിയുടെ ജീര്‍ണ്ണതകളുടെ പ്രതീകമായ സാഹിബ് (Rahman), ഏകാന്തതയുടെയും അവഗണനയുടെയും നെരിപ്പോടായി സുന്ദരിയും നിഷ്കളങ്കയുമായ കുലവധു ചോട്ടി ബഹു (Meena Kumari), അഭ്യസ്ഥ വിദ്യനും അവരുടെ അടുത്ത സുഹൃത്തുമായിത്തീരുന്ന പാര്‍ട്ട്‌ ടൈം ജീവനക്കാരന്‍ ഭൂത നാഥ് (Guru Dutt). 

                 ചിത്രാരംഭത്തില്‍ മധ്യവയസ്കനായ ആര്‍ക്കിട്ടെക്റ്റ് ഭൂത നാഥ്, പൊളിച്ചെടുക്കുന്ന ഹവേലിയില്‍ ചുറ്റിത്തിരിയവേ, ചോട്ടി ബഹുവിന്റെ പതിഞ്ഞതും സ്നേഹപൂര്‍ണ്ണവുമെങ്കിലും ആജ്ഞാ ശക്തിയുള്ള ക്ഷണം അശരീരിയായി കേള്‍ക്കുന്നു: “വരൂ, ഇരിക്കൂ!” തുടര്‍ന്ന് ഫ്ലാഷ് ബാക്കിലൂടെ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലേക്കാണു ചിത്രം നമ്മെ കൊണ്ടു പോവുന്നത്. ജോലി തേടി കല്‍ക്കത്തയിലെത്തുന്ന ഭൂത നാഥ്, നാട്ടുകാരനും ഹവേലിയില്‍ ജീവനക്കാരനുമായ സുഹൃത്തിനൊപ്പം ഹവേലിയിയെത്തുന്നു. ബ്രഹ്മോസമാജുകാരനായ സുബിനയ ബാബുവിന്റെ മോഹിനി സിന്ദൂര്‍ കമ്പനിയില്‍ ജോലി കിട്ടുന്നതോടെ അയാള്‍ സുബിനയബാബുവിന്റെ മകള്‍ ജബാ മയി (Waheeda Rahman)യെ പരിചയപ്പെടുന്നു. ജബ അയാളെ ഒരു അപരിഷ്കൃതനായ നാട്ടുമ്പുറത്തുകാരനായാണ് കാണുന്നത്. ഒരു രാത്രി ഹവേലിയിലെ ഭൃത്യന്‍ ബന്‍സി, ഭൂത നാഥിനെ ചോട്ടി ബഹുവിന്റെ അടുക്കല്‍ കൊണ്ട് പോവുന്നു. മദ്യവും നൃത്തശാലകളും രാത്രിസഞ്ചാരങ്ങളുമായി, കുടുംബത്തില്‍ അടങ്ങിക്കഴിയുന്നത് പ്രഭുകുല പുരുഷന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നമട്ടില്‍ കഴിയുന്ന ഭര്‍ത്താവിനെ ആകര്‍ഷിക്കാനും തന്നോട് ചേര്‍ത്തു നിര്‍ത്താനും അവര്‍ക്ക് മോഹിനി സിന്ദൂര്‍ വേണം. ആ ഭസ്മത്തിന് ഭര്‍ത്താവിനെ ആകര്‍ഷിക്കാനും കുടുംബത്തില്‍ ചേര്‍ത്തു നിര്‍ത്താനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ഏകാന്തതയും അതിനെ അവര്‍ നേരിടുന്ന കുലീനതയും അവരുടെ സൌന്ദര്യത്തോടൊപ്പം ഭൂത നാഥിനെ മുഗ്ദ്ധനാക്കുന്നു. കന്മഷമറ്റ ഒരപൂര്‍വ്വ സൗഹൃദം -അന്യ പുരുഷന്‍ തികച്ചും അസ്പൃശ്യനായ ഹിന്ദു കുല വധുവും അത്ര വലിയ കുല മഹിമ അവകാശപ്പെടാനില്ലാത്ത യുവാവായ ജീവനക്കാരനും തമ്മിലുള്ള സൗഹൃദം - അങ്ങനെ തുടങ്ങുന്നു. ഇതിനിടെ, ബ്രിട്ടീഷ് പട്ടാളവും സ്വാതന്ത്ര്യപ്പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബോംബേറില്‍ പരിക്കേല്‍ക്കുന്ന ഭൂത നാഥനെ ജബാമായി ശുശ്രൂഷിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിന്റെ ആകര്‍ഷിക്കാനായി അയാളോടൊപ്പം മദ്യപിച്ചു തുടങ്ങുന്നതോടെ ചോട്ടിബഹുവിന്റെ പതനം തുടങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം കല്‍കത്തയില്‍ തിരിച്ചെത്തുന്ന ഭൂത നാഥ് ഹവേലിക്ക് സംഭവിച്ച പതനം കാണുന്നു. ചോട്ടിബഹു പൂര്‍ണ്ണമായും മദ്യത്തിന് അടിമയായിരിക്കുന്നു. സാഹിബ് തളര്‍ന്നു കിടക്കുന്നു. സാമ്പത്തികത്തകര്‍ച്ച പൂര്‍ണ്ണമായിരിക്കുന്ന ഹവേലി ഒരു പ്രേത ഭവനമായിരിക്കുന്നു. ഇതിനിടെ സുബിനയ ബാബു മരിച്ചു പോയതും തന്റെ കുട്ടിക്കാലത്ത് നടന്ന ശൈശവ വിവാഹത്തിലെ വധു ജബാമായി ആയിരുന്നുവെന്നതും ഭൂത നാഥ് തിരിച്ചറിയുന്നു. അടുത്തുള്ള ഒരു പുണ്യസ്ഥലത്ത് പോയി ഭര്‍ത്താവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തനിക്കു കൂട്ട് പോരണമെന്നു ചോട്ടി ബഹു, ഭൂത നാഥനോട് ആവശ്യപ്പെടുന്നു. ഇത് ഒളിഞ്ഞു കേള്‍ക്കുന്ന വലിയ പ്രഭു, അന്യ പുരുഷനോടൊപ്പം പുറത്തു പോവാന്‍ തയാറാവുന്ന ചോട്ടി ബഹുവിനെ വക വരുത്താന്‍ ഏര്‍പ്പാടാക്കുന്നു. യാത്രാ മദ്ധ്യേ ആക്രമിക്കപ്പെടവേ ബോധരഹിതനാവുന്ന ഭൂത നാഥ്, ചോട്ടി ബഹുവിനെ കാണാതായ വിവരം പിന്നീടറിയുന്നുണ്ട്.

                 വര്‍ത്തമാന കാലത്തിലേക്ക് നാം തിരിച്ചെത്തുന്നത്, ഹവേലി കിളച്ചു മറിക്കുന്ന പണിക്കാര്‍ ഒരു ജഡം കണ്ടെത്തിയ വിവരം ഭൂത നാഥനെ അറിയിക്കുന്നതോടെയാണ്. കൈപ്പത്തിയില്‍ കണ്ടെത്തുന്ന വളയില്‍ നിന്ന് അയാള്‍ ചോട്ടി ബഹുവിനെ തിരിച്ചറിയുന്നു. ചിത്രാന്ത്യത്തില്‍, നോവലില്‍ നിന്ന് വ്യത്യസ്തമായി, ഭൂത നാഥ്, ജബാമയിയെ വിവാഹം ചെയ്തതായി നമ്മള്‍ കാണുന്നു.

                    വളര്‍ന്നു വരുന്ന ബൂര്‍ഷ്വാ സംസ്കൃതിയില്‍ തകര്‍ന്നു പോവുന്ന ഫ്യൂഡല്‍ സംസ്കാരത്തോടൊപ്പം സ്വാതന്ത്ര്യ സമരത്തിന്റെ സംഘര്‍ഷങ്ങളും ചേര്‍ന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച ദുരന്ത നായികയായി മീനാ കുമാരി വാഴ്ത്തപ്പെടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചോട്ടി ബഹുവായുള്ള അവരുടെ പ്രകടനം. അമിത മദ്യപാനത്തിന്റെ നിലയില്ലാ കയങ്ങളില്‍ വീണു പോവുന്ന നായികാ കഥാപാത്രം, അക്കാലത്ത് പാശ്ചാത്യരെ പോലും ഞെട്ടിച്ചതിന്റെ തെളിവായിരുന്നു ഓസ്കാര്‍ പരിഗണനക്ക്‌ വന്ന ചിത്രത്തെ കുറിച്ച് ഉണ്ടായ നിരുത്സാഹ ജനകമായ നിരീക്ഷണങ്ങള്‍. എന്നാല്‍, കാലത്തിനു മുന്‍പേ നടന്ന ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായ ഗുരുദത്തിനും, പ്രതിഭാശാലിയായ യുവ സുഹൃത്തും നാടക രചയിതാവുമായിരുന്ന സംവിധായകന്‍ അബ്രാര്‍ അലവിക്കും ചിത്രത്തെ കുറിച്ചും അതിന്റെ വിജയത്തെ കുറിച്ചും സന്ദേഹമേതും ഉണ്ടായിരുന്നില്ല. സത്യത്തില്‍, 'പ്യാസാ'(1957) യുടെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ ഇനി താന്‍ സംവിധാനം ചെയ്യില്ലെന്ന് ഗുരുദത്ത് തീരുമാനിച്ചതിന്‍ പ്രകാരമായിരുന്നു ആ ചുമതല സുഹൃത്ത് ഏറ്റെടുത്തത് തന്നെ. എന്നാല്‍, ചിത്രം ഗുരുദത്ത് തന്നെ പേര് വെക്കാതെ സംവിധാനം ചെയ്തതാണെന്നു (ghost-directing) അന്നേ വിമര്‍ശനമുണ്ടായിരുന്നെങ്കിലും, ഗാന രംഗങ്ങളുടെ കാര്യത്തില്‍ മാത്രം അത് ശരിയാണെന്ന് പിക്കാലത്ത് അബ്രാര്‍ അലവി തന്നെ സമ്മതിച്ചിട്ടുണ്ട്.
                   എന്തൊക്കെയായാലും ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷണീയ ഘടകം മീനാകുമാരിയുടെ പ്രകടനം തന്നെയാണ്. 1972-ല്‍ തന്റെ നാല്പത്തൊന്നാം വയസ്സില്‍ പരിത്യക്തയും പരമ ദരിദ്രയുമായി അമിത മദ്യപാനത്തിന്റെ ഇരയായി ലിവര്‍ സീറൊസിസ് ബാധിച്ചു മരിച്ച ഇന്ത്യന്‍ സിനിമയിലെ 'ദുരന്ത റാണി' ('tragedy queen') യെ സംബന്ധിച്ചേടത്തോളം, ചോട്ടി ബഹുവിന്റെ കഥാപാത്രം അറം പറ്റുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിസ്മരണീയമായ സംഗീതവും (Hemant Kumar) ഗാനങ്ങളും (Shakeel Badayuni) ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങളില്‍പ്പെടുന്നു. എന്നാല്‍ ഒടുവില്‍ അത് തന്നെയാണ് ചിത്രത്തിന്‍റെ ജീവനാഡി: മീനാ കുമാരിയെന്ന അസാമാന്യ പ്രതിഭയുടെ പരകായപ്രവേശം.