Featured Post

Sunday, June 30, 2013

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം.

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം.

"കാന്തപുരത്തിനെ ന്യായീകരിക്കുകയല്ല" എന്ന മുഖവുരയോടെ അങ്ങേരെക്കാള്‍ വീറോടെ ശൈശവ വിവാഹത്തിനു വേണ്ടി ഇവിടെ ചിലര്‍ വാദിക്കുന്നുണ്ട്. അവര്‍ പ്രധാനമായും പൊക്കി ക്കൊണ്ട് വരുന്ന വാദമുഖങ്ങള്‍ ഇവയാണ്: ഈ പിഴച്ച കാലത്തില്‍ പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആധിയാണ് നേരത്തെ വിവാഹത്തിനു പ്രേരിപ്പിക്കുന്നതു. അത് ന്യായമാണ്. ഇന്ത്യയില്‍ ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ബാല വിവാഹം പോലും നിലവിലുണ്ട്. ഇവിടെ എതിര്‍ക്കുന്നവര്‍ അതൊക്കെ ആദ്യം നിര്‍ത്തട്ടെ. ലോകത്ത് പല രാജ്യങ്ങളിലും പതിനാറു വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ച ആയാല്‍ വിവാഹ പ്രായമായതായി കണക്കാക്കാം. കുറെ കൂടി കടന്നു ഇതൊരു സാമുദായിക പ്രശ്നമായത്‌ കൊണ്ടാണ് ഇത്ര എതിര്‍പ്പെന്നും, ബാല വിവാഹങ്ങളെ എതിര്‍ക്കാത്തത് അതൊക്കെ ഭൂരിപക്ഷ സമുദായങ്ങളുടെ ഇടങ്ങളിലായത് കൊണ്ടാണെന്നും വരെ ചിലര്‍ പറഞ്ഞു വെക്കുന്നുണ്ട്. മലപ്പുറം ജില്ല പോലുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുരോഗതി ചൂണ്ടിക്കാണിച്ചു വിവാഹ പ്രായം നേരത്തെ ആയതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് തെളിയിക്കാനും ചിലര്‍ ശ്രമിച്ചു കണ്ടു.

ചുറ്റും നടമാടുന്ന പെണ്‍ വേട്ടകളുടെയും അതില്‍ പേടിച്ചു പോവുന്ന രക്ഷിതാക്കളുടെ അരക്ഷിത്വത്തിന്റെയും പേരില്‍, ഉദ്ദേശ ശുദ്ധിയുടെ ഒഴികഴിവ് പറഞ്ഞു പെണ്‍കുട്ടികളുടെ ശൈശവ വിവാഹത്തെന്യായീകരിക്കുമ്പോള്‍, ഉദ്ദേശ ശുദ്ധിയുടെ പേരില്‍ ദുരാചാരങ്ങളെ ന്യായീകരിക്കാമെങ്കില്‍ നരബലി പോലും ന്യായീകരിക്കേണ്ടി വരും എന്നോര്‍ക്കണം. അറിവില്ലായ്മയും, അത് ചെയ്‌താല്‍ മോക്ഷം ലഭിക്കും എന്ന ചിന്തയുമാണല്ലോ സ്വന്തം കുഞ്ഞിനെ പോലും ബലി അര്‍പ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക. ഒരു സമൂഹത്തെയാകമാനം നൂറ്റാണ്ടുകള്‍ പുറകോട്ടു കൊണ്ട് പോവുന്ന അനാചാരത്തെ അയഥാര്‍ത്ഥ ഭയങ്ങളുടെ പേരില്‍ സാധൂകരിക്കുമ്പോള്‍ ഓര്‍ക്കണം, ഇതര സമൂഹങ്ങള്‍ക്ക് മുന്നില്‍ സ്വയം പരിഹാസ്യരാവാന്‍ മാത്രം ഇട വരുത്തുന്ന ഇക്കൂട്ടര്‍, മറ്റെന്തായാലും, സമുദായ സ്നേഹികള്‍ അല്ലെന്നു. മുസ്ലിം സമൂഹത്തിലെ വിവാഹമോചന ദുരിതങ്ങള്‍ക്കും, വിവാഹാനന്തര നരകങ്ങള്‍ക്കും പ്രധാന കാരണം പക്വത എത്തുന്നതിനു മുന്‍പ് നടക്കുന്ന വിവാഹങ്ങളാണെന്നതും നിഷേധിക്കാനാവില്ല. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും തന്നെത്തന്നെ പ്രതിരോധിക്കുകയും ചെയ്യുന്ന പക്വതയോടെയല്ല പതിനാറുകാരി അത് ചെയ്യുക. പ്രായേണ അത്തരം വിഷയങ്ങളില്‍ സമൂഹം ഉണര്‍ന്നു തുടങ്ങിയ ഒരു ഘട്ടത്തില്‍ വീണ്ടും അതേ ചതിക്കുഴികളിലേക്ക് അതിനെ വലിച്ചിഴക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ പലയിടത്തും ബാല വിവാഹങ്ങള്‍ നിലവിലുണ്ട് എന്നത് ശരി തന്നെയാണ്. പക്ഷെ അതേ നിലയിലേക്ക് തിരിച്ച് പോവാന്‍ ആണെങ്കില്‍ കേരളം നേടി എന്ന് നമ്മള്‍ അവകാശപ്പെടുന്ന നവോഥാന മൂല്യങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കുമൊക്കെ പിന്നെയെന്തു അര്‍ത്ഥമാനുള്ളത്? ശാരീരിക വളര്‍ച്ച എന്നാ മാനദണ്ഡം വെച്ച് വിവാഹപ്രായം കണക്കാക്കുന്നവര്‍ വിവാഹം എന്ന ബന്ധത്തെ വെറും ശരീരാധിഷ്ടിത ബന്ധമായി മാത്രമാണ് കാണുന്നത്, അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. ഒരു കുടുംബം ഉണ്ടാക്കിയെടുക്കുന്നതിലും വളര്‍ത്തിക്കൊണ്ടു വരുന്നതിലും സ്ത്രീയുടെ പങ്കിനെ കുറിച്ചൊക്കെ എങ്ങും തൊടാതെ വാചാലരാവുന്നവര്‍ പക്ഷെ, അതില്‍ സ്ത്രീയുടെ മാനസിക പക്വതയുടെ ആവശ്യത്തെ പാടെ അവഗണിക്കുകയാനെന്നതാണ് വസ്തുത. നേരത്തെ നടക്കുന്ന വിവാഹങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ദുരിതങ്ങള്‍ ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ നേരിടുന്നു. സ്വാഭാവികമായും വിദ്യാഭ്യാസവും ജീവിത പരിചയവുമില്ലാത്ത കൌമാരക്കാരികളായ അമ്മമാര്‍ അത്തരം പ്രതിസന്ധികളില്‍ ദയനീയമായി പരാജയപ്പെടുന്നത് നിത്യ സംഭവമാണ്. ഏറെ വേദനിപ്പിക്കുന്ന മറ്റൊരു സത്യം, കുടുംബ ജീവിതത്തിലേക്ക് അകാലത്തിലെ മടുപ്പും വിരക്തിയും കടന്നു വരാന്‍ ഈ ദുരാചാരം കാരണമാവുന്നുണ്ട് എന്താണ്. സ്ത്രീത്വത്തിന്റെ അകാലത്തിലുള്ള ക്ഷയിക്കല്‍ പ്രായേണ യൌവനം നില നിര്‍ത്താന്‍ കഴിയുന്ന പുരുഷന്മാരില്‍ ലൈംഗീക അസംതൃപ്തിക്കും അഗമ്യഗമന പ്രവണതക്കും കൂടുതല്‍ കാരണമാവുന്നുണ്ടെന്നു കണ്ടിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും പതിനാറു വയസ്സിനെ വിവാഹ പ്രായമായി കണക്കാക്കുന്നുണ്ടെന്നു റിസര്‍ച്ച് ചെയ്തു കണ്ടു പിടിക്കുന്നവര്‍ ഒന്നോര്‍ക്കണം: ഉദാഹരണങ്ങളിലൂടെ നമുക്കെന്തും സമര്‍ഥിക്കാനാവും. മുന്നിലുള്ള മാതൃകകളില്‍ മധ്യകാലത്തിന്റെ നീക്കിയിരിപ്പുകളെ മാത്രം പൊലിപ്പിച്ചു കാണിച്ചു നമ്മളൊക്കെ അക്കാലത്തേക്ക് പോകണം എന്ന് വാശി പിടിക്കേണ്ടതില്ല. പതിനാലോ പതിനഞ്ചോ വയസ്സുള്ള ആണ്‍കുട്ടിക്ക് ഒരച്ചനാവാന്‍ കഴിയും എന്ന് വെച്ച് ഇനി ആണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാലാക്കണം എന്ന് മുറവിളി ഉയരുമോ? വിദ്യാഭ്യാസ പുരോഗതിക്കു കാരണം തിരിച്ചാണ്: പെണ്‍കുട്ടികളുടെ ജീവിത ലക്‌ഷ്യം വയസ്സറിയിച്ചാലുടന്‍ കല്യാണവും കഴിച്ചു അടുക്കളയിലും പ്രസവമുറിയിലുമായ് ഒതുങ്ങലല്ല എന്ന് സമൂഹത്തിലുണ്ടായി വരുന്ന മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തയാറായ കുറെയേറെ രക്ഷിതാക്കള്‍ കണ്‍ തുറന്നതിന്റെ ഫലം. ഇതൊരു സാമുദായിക പ്രശ്നം എന്നല്ല, ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഈ ജീര്‍ണ്ണതക്ക് മത മേലദ്ധ്യക്ഷന്മാരില്‍ ചിലര്‍ ഉള്‍പ്പടെ പച്ചക്കൊടി കാണിക്കുന്നു എന്നത് കൊണ്ട് മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഇതൊരു സാമുദായിക പ്രശ്നം കൂടിയാണ് എന്നതാണ് സത്യം.

ഒന്ന് കൂടി: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഈ സമൂഹത്തില്‍ പെണ്‍കുട്ടികളെ കാത്തു ചതിക്കുഴികള്‍ ഒന്നുമില്ലെന്നാണോ? അത് പോലെ ഈ ചതിക്കുഴികളൊക്കെ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ മാത്രം കാത്തിരിക്കയാണോ? അഥവാ, മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ ഇത്ര അവിശ്വാസമോ രക്ഷിതാവിനു?

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം, അവരെ ജീവിക്കാന്‍ അനുവദിക്കാം.

Wednesday, June 26, 2013

Movie Talks: 4 Rashomon (1950)

Movie Talks: 4

Rashomon (1950)
Japan: 88 minutes
Direction: Akira Kurosawa.

ലോക സിനിമയിലെ നാഴികക്കല്ലായ ഈ ചിത്രം വാസ്തവം, മാനുഷിക ദൗർഭല്യം എന്നീ രണ്ടു പ്രപഞ്ച ദ്വന്ദ്വത്തെ പരിശോധിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

പന്ത്രണ്ടാം നൂറ്റാണ്ടിലെ ജപ്പാനിൽ ഒരു തകർന്ന കെട്ടിട വരാന്തയിൽ ഒരു പുരോഹിതനും ഒരു വിറകു വെട്ടിയും ഒരു കർഷകനും തകർത്ത് പെയ്യുന്ന മഴയിൽ നിന്നും അഭയം തേടിയിരിക്കുന്നു. പുരോഹിതനും വിറകുവെട്ടിയും ഒരു കുപ്രസിദ്ധ പിടിച്ചു പറിക്കാരനെ കൊലക്കുറ്റത്തിനും ബലാത്സംഗ കുറ്റത്തിനും വിചാരണ ചെയ്ത സംഭവം ചർച്ച ചെയ്യുന്നു . വിചാരണക്കഥ പുനരാവിഷ്കരിക്കുമ്പോൾ കൃത്യത്തിലെ പങ്കാളികൾ - കൊള്ളക്കാരൻ (Toshiro Mifune ), ബാലാൽക്കാരത്തിനു വിധേയയായ സ്ത്രീ (Machiko Kyo ) , കൊല്ലപ്പെട്ട വ്യക്തി (Masayuki Mori ) എന്നിവർ - സംഭവത്തെ കുറിച്ചു അവരുടെ, ഒരേ സമയം തീർത്തും വിശ്വസനീയവും എന്നാൽ തികച്ചും വിഭിന്നവുമായ കഥകൾ പറയുന്നു. കള്ളന്റെ കഥയിൽ അയാളും കൊല്ലപ്പെട്ടയാളും, ബാലാൽക്കാരത്തിനു ശേഷം കടുത്തൊരു പോരാട്ടം നടത്തിയിരുന്നു . അതിനെ തുടർന്നാണ് കൊല നടന്നത്. സ്ത്രീ പറയുന്നതാവട്ടെ ഇങ്ങനെ: ബലാൽസംഗം ചെയ്യപ്പെട്ട ശേഷം അവളുടെ ഭർത്താവ് അവളോട്‌ അതീവ നിന്ദ്യമായാണ് പെരുമാറിയത്. ദുഃഖം കൊണ്ട് ഭ്രാന്തെടുത്ത അവൾ അയാളെ കൊല്ലുകയായിരുന്നു. പ്രേത സംസാരം നടത്താൻ കഴിയുന്ന ഒരു മന്ത്ര വാദിനിയിലൂടെ കൊല്ലപ്പെട്ടയാൾ പറയുന്നത് മൂന്നാമതൊരു കഥ : ബാലാൽക്കാരത്തിനു ശേഷം, കൊള്ളക്കാരൻ സ്ത്രീയോട് അയാളോടൊപ്പം ചെല്ലാൻ ക്ഷണിച്ചു . അപ്പോൾ അവൾ അയാളാദ്യം തന്റെ ഭര്‍ത്താവിനെ കൊല്ലണമെന്ന് നിർബന്ധം പിടിച്ചു. അത് കൊള്ളക്കാരനെ ചൊടിപ്പിച്ചു. അയാൾ അവളെ വേണ്ടെന്നു വെച്ച് പൊയ്ക്കളഞ്ഞു. ഇതേ തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കഥകൾ ഇത്രയുമായപ്പോൾ എന്തോ കുറ്റ ബോധത്തോടെ മരം വെട്ടുകാരാൻ രണ്ടു പേരോടും സമ്മതിക്കുന്നു: താൻ എല്ലാത്തിനും സാക്ഷിയായിരുന്നു. അയാൾ പറയുന്ന കഥയും തികച്ചും വിശ്വസനീയം തന്നെ: എന്നാൽ സംഭവ സ്ഥലത്ത് നിന്ന് വില കൂടിയ കല്ലുകൾ പിടിപ്പിച്ച ഒരു കത്തി അയാൾ മോഷ്ടിച്ചു എന്നിരിക്കെ അയാളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. കാര്യങ്ങൾ ഇങ്ങനെ കുഴഞ്ഞു മറിയവെ ഗേറ്റിനു പിറകെ ഒരു ശിശുവിന്റെ കരച്ചിൽ കേൾക്കുന്നു. കർഷകൻ അതിന്റെ വസ്ത്രം മോഷ്ടിക്കാനൊരുങ്ങുന്നു. എന്നാൽ മരം വെട്ടുകാരൻ ആ അനാഥ ശിശുവിനെ ദത്തെടുക്കാൻ തയാറാവുന്നതിലൂടെ അയാളുടെ മാനവികത വീണ്ടെടുക്കുന്നു .

അകിര കുറൊസാവ

സിനിമാ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ചലച്ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു അകിര കുറൊസാവ . അൻപത്തേഴ്‌ വർഷങ്ങൾ നീണ്ട ചലച്ചിത്ര സപര്യക്കിടയിൽ മുപ്പതോളം ചിത്രങ്ങളാണ് അദ്ദേഹം ചെയ്തത്. 1943-ഇൽ Sanshiro Sugata എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകാൻ ആവുന്നത് . Drunken Angel (1948) എന്ന ചിത്രത്തിൽ പില്ക്കാലത്ത് വിഖ്യാതമായിത്തീർന്ന പതിനഞ്ചോളം കുറൊസാവ ചിത്രങ്ങളിൽ തിളങ്ങിയ ഒരു കൂട്ടുകെട്ട് പിറന്നു: നടൻ Toshiro Mifune യുമായി. 1950-ഇൽ Rashomonപുറത്തിറങ്ങി. അടുത്ത വർഷം വെനീസ് ചലച്ചിത്ര മേളയിൽ Golden Lion പുരസ്കാരം നേടിയതോടെ കുറൊസാവ പ്രതിഭയിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞു. പിന്നീടങ്ങോട്ട് അദ്ദേഹം ചെയ്ത മിക്ക ചിത്രങ്ങളും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലായിരുന്നു.Ikiru (1952), Seven Samurai (1954), Yojimbo (1961), Kagemusha (1980), Ran (1985) തുടങ്ങിയ എക്കാലത്തെയും മികച്ച സിനിമകൾ ഉദാഹരണം.

ചലച്ചിത്ര നിർമ്മാണത്തിലെ എല്ലാ മേഖലകളിലും തീവ്രമായി ഇടപെട്ടുകൊണ്ടും കർക്കശവും സൂക്ഷ്മവുമായ രീതിയൽ എല്ലാത്തിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ടുമുള്ള സംവിധാന രീതി അദ്ദേഹത്തെ ബെർഗ്മാൻ, സ്പിൽ ബർഗ്, മാർട്ടിൻ സ്കൊർസെസെ, ബെര്റ്റൊലൂചി എന്നിവരുടെയൊക്കെ പ്രിയങ്കരനാക്കി. തിരക്കഥാ രചന മുതല്‍ അഭിനേതാക്കളെ പരിശീലിപ്പിക്കുന്നതും രംഗ സജ്ജീകരണവുമെല്ലാം നേരിട്ടുള്ള മേല്‍നോട്ടത്തിലും കര്‍ക്കശ ശ്രദ്ധയിലും ചെയ്യുന്നതായിരുന്നു കുറൊസാവ രീതി. 1998 -ഹൃദയാഘാദത്തെ തുടര്‍ന്ന് മരിക്കും വരെയും ഹൃദയം നിറയെ സിനിമ തന്നെയായിരുന്നു ആ പ്രതിഭാശാലിക്ക്.

Movie Talks: 3 Incendies (2010)

Movie Talks: 3
Incendies (2010)
(Canada- France) (Dir: Denis Villeneuve)
139 minutes

ഒരമ്മയുടെ അവസാനത്തെ ആഗ്രഹം ഇരട്ടകളായ ജീനിനെയും സൈമനെയും തങ്ങളുടെ ദുരൂഹ വേരുകൾ തേടി മധ്യപൂർവ ദേശത്തേക്ക് യാത്ര ചെയ്യാൻ നിർബന്ധിക്കുന്നു. (പ്രദേശം ഏതാണെന്ന് ചിത്രം കൃത്യം പറയുന്നില്ല. മധ്യ പൂര്‍വ്വ ടെഷമാനെന്നു മാത്രം സൂചനയുണ്ട്. എങ്കിലും ആഭ്യന്തര യുദ്ധ കാലത്തെ ലബനോന്‍ ആണെന്ന് വികിപീഡിയ ലേഖനം ചൂണ്ടിക്കാട്ടുന്നു. ) വാജിദ് മുവാദിന്റെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി ഡെനിസ് വിയെനൂവ് സംവിധാനം ചെയ്ത ഈ ചിത്രം ആഴത്തിലുള്ള പക, അവസാനിക്കാത്ത യുദ്ധം, ഇവക്കിടയിലും നില നില്ക്കാവുന്ന സ്നേഹം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
കാനഡയിൽ വെച്ച് നവൽ മർവാൻ എന്ന അറുപതുകാരി മരിക്കുന്നു . അവരുടെ തൊഴിലുടമയും പതിനേഴു വർഷത്തെ സുഹൃത്തുമായ ഴാങ്ങ് ലേബൽ അവരുടെ മരണ പത്രം ഇരട്ടകളായ മക്കളെ വായിച്ചു കേൾപ്പിക്കുന്നു. തന്നെ മുഖം താഴോട്ടും പിൻ ഭാഗം മുകളിലേക്കുമായി പൂര്ണ്ണ നഗ്നയായി മറവു ചെയ്യണമെന്നും, ശിലാ ഫലകങ്ങളൊന്നും പാടില്ലെന്നും നവൽ ആവശ്യപ്പെടുന്നു . മൂന്ന് സീൽ വെച്ച കവറുകളും അവർ എല്പ്പിച്ചിട്ടുണ്ട്: ഒന്ന്, മധ്യ പൂർവ ദേശത്തു വെച്ച് മരിച്ചുപോയി എന്ന് മക്കൾ വിശ്വസിക്കുന്ന അച്ചനുള്ളത്; ഒന്ന്, അവരുടെ അജ്ഞാതനായ സഹോദരനുള്ളത്; മൂന്നാമത്തേത്, ആദ്യത്തെ രണ്ടും ഏൽപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രം തുറക്കാൻ മക്കൾക്ക്‌ തന്നെയുള്ളത്. ഇതിനു ശേഷം അവർക്ക് മാതാവിന്റെ കല്ലറയിൽ ഒരു ശില സ്ഥാപിക്കാം . സൈമൊനു ഇതിൽ താല്പര്യമില്ല. ജീനിന് പക്ഷെ അവളുടെ അമ്മയെ അറിയണം; തങ്ങളെ അറിയണം. അച്ഛനെ കുറിച്ചും സഹോദരനെ കുറിച്ചുമുള്ള കണ്ടെത്തലുകളിലൂടെ അവളെ കാത്തിരിക്കുന്ന തിരിച്ചറിവുകൾ എന്താവാം?
ഫ്ലാഷ് ബാക്കുകളുടെ സമൃദ്ധമായ ഉപയോഗമുണ്ട് ചിത്രത്തില്‍ . നവാലിന്റെ കഥ ചുരുളഴിയുന്നത് അങ്ങനെയാണ്. ചെറുപ്പത്തില്‍ അവര്‍ക്കൊരു പ്രണയമുണ്ടായിരുന്നു. മിക്കവാറും അതൊരു ഫലസ്തീന്‍ അഭയാര്‍ഥിയുമായിട്ടയിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. ക്രിസ്തീയ കുടുംബത്തില്‍ പെട്ട പെണ്‍കുട്ടി അത്തരമൊരു ബന്ധത്തിന് മുതിര്‍ന്നതിന്റെ വില അവളുടെ ഒളിച്ചോട്ടത്തിന്റെ നിമിഷത്തില്‍ കാമുകനെ അവളുടെ സഹോദരന്‍ വെടി വെച്ച് കൊന്നു എന്നതായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ട അവള്‍ അമ്മൂമ്മയോടു തുറന്നു പറയുന്നു, താന്‍ ഗര്‍ഭിണിയാണെന്ന്. കുടുംബത്തിന്റെ മാനം കാക്കാന്‍ എല്ലാം രഹസ്യമാകി വെക്കുകയും പ്രസവിച്ച കുഞ്ഞിനെ കാലില്‍ മൂന്നു പച്ച കുത്തി ഒഴിവാക്കുകായും ചെയ്യുന്നു മുത്തശ്ശി. അവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു നവാല്‍ പഠനത്തിനായി ദാരേഷ് എന്ന പട്ടണത്തിലേക്ക് പോവുന്നു . എന്നാല്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ അവള്‍ തിരിച്ചു വരികയും മകനെ തിരയാന്‍ തുടങ്ങുകയും ചെയ്യുന്നു. അവന്‍ ഉണ്ടെന്നറിയുന്ന അനാഥാലയം അന്വേഷിച്ചു പോകവേ കൂട്ടക്കൊലകള്‍ക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന നവാല്‍, കയ്യിലെ കുരിശു രൂപം കാണിച്ചു രക്ഷപ്പെട്ടെങ്കിലും, വംശഹത്യക്കുത്തരവാദിയായ ക്രിസ്ത്യന്‍ നേതാവിനെ വേഷം മാറി വധിക്കുന്നതില്‍ വിജയിക്കുന്നു. തുടര്‍ന്ന് പിടിക്കപ്പെട്ടു പതിനഞ്ചു വര്‍ഷത്തേക്ക് ജയിലിലടക്കപ്പെടുന്ന നവാല്‍, ചുറ്റിലും നടമാടുന്ന കരള്‍ പിളര്‍ക്കും പീഡനങ്ങളില്‍ തളര്‍ന്നു പോവാതിരിക്കാനായി ഒരുപായം കണ്ടെത്തുന്നു: അവള്‍ പിന്നീട് "പാടുന്ന സ്ത്രീ" എന്ന് അറിയപ്പെടുന്നു. അവളുടെ സ്വാതന്ത്ര്യ ബോധം തകര്‍ക്കാനായി ജയിലില്‍ ഒരു പീഡന വിദഗ്ധന്‍ എത്തുന്നു : അബൂ താരേക്ക്. ആവര്‍ത്തിച്ചുള്ള ബലാല്‍സംഗത്തെ തുടര്‍ന്ന് ഗര്ഭിണിയാവുന്ന നവാല്‍ ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍ കുഞ്ഞിനും ജന്മം നല്‍കുന്നു. സഹായിക്കുന്ന നേഴ്സ് കുഞ്ഞുങ്ങളെ രഹസ്യമായി രക്ഷിക്കുകയും തടവില്‍ നിന്ന് മോചിതയാകുന്ന നവാലിനു തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. നവാല്‍ ഇരട്ടകളുമായി കാനഡായിലേക്ക് കുടിയേറുന്നു.
നവാലിന്റെ മരണ ശേഷം തങ്ങളുടെ അച്ഛനെയും സഹോദരനെയും തേടിയിറങ്ങുന്ന ഇരട്ടകളെ കാത്തിരിക്കുന്നത് ദുസ്സഹമായ ഒരു രഹസ്യമാണ്. അതറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു അവരുടെ അമ്മയുടെ മരണവും. അതിങ്ങനെയാണ് ആദ്യം തിരിച്ചറിയുന്ന സഹോദരന്‍ പറയുക: ഒന്നും ഒന്നും എല്ലായ്പ്പോഴും രണ്ടു തന്നെയാവണം എന്നില്ല. അത് ഒന്ന് തന്നെയാവാം. തുടര്‍ന്ന് സഹോദരനെക്കാള്‍ ഹൃദയ ശക്തിയുള്ള പെങ്ങളുടെ ആര്‍ത്തനാദവും.
ഇനിയവര്‍ക്ക് അമ്മയുടെ കുഴിമാടത്തില്‍ ശിലാഫലകം സ്ഥാപിക്കാം. വേറെ ഒരാള്‍ കൂടി വരാനുണ്ടല്ലോ അവിടെ ആദരങ്ങളര്‍പ്പിക്കാന്‍.

Denis Villeneuve

കനേഡിയൻ ചലച്ചിത്രകാരൻ, എഴുത്തുകാരൻ. Maelstrom (2000), Polytechnic (2009) Incendies (2011) എന്നീ ചിത്രങ്ങൾക്ക് മികച്ച ചിത്രങ്ങല്ക്കുള്ള കനേഡിയൻ അവാർഡ് ലഭിച്ചു .

MovieTalks : 2 When We Leave

MovieTalks : 2


When We Leave
ജർമ്മൻ – തുർക്കി119 മിനിറ്റ്

രചന സംവിധാനം: ഫിയോഅലദാഗ്

ഒരുസ്ത്രീയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്ചിത്രത്തിന്‍റെഇതിവൃത്തം. ദുസ്സഹവും ആത്മനിന്ദയുളവാക്കുന്നതുമായഒരു വിവാഹ ബന്ധത്തിൽ നിന്ന്മാത്രമല്ല അവളെ അതിൽ കുരുക്കിയിടുന്നസാംസ്കാരിക സാമൂഹ്യ ജീർണ്ണതകളെയുംമറി കടക്കണം സിമായ്എന്നാ യുവതിയായ അമ്മക്ക്.

ആറ്വർഷത്തെ തയ്യാറെടുപ്പിനുശേഷമാണ് സംവിധായിക ചിത്രംഎടുത്തത്. അഭിനേതാക്കൾക്ക് ഏഴുമാസം പരിശീലനക്കളരി.സൂക്ഷ്മ നിരീക്ഷണത്തിലൂടെമനസ്സിലാക്കിയെടുത്തവിശദാംശങ്ങളിലൂടെ സാംസ്കാരികസംഘർഷങ്ങളെ ചലച്ചിത്രകാരിപകർത്തുന്നു.സങ്കീർണ്ണമായ സാമൂഹ്യപ്രശ്നങ്ങളും മനുഷ്യാഭിലാഷങ്ങളുംതമ്മിലുള്ള സംഘർഷങ്ങൾസമചിത്തതയോടെ ചിത്രംഅവതരിപ്പിക്കുന്നു.കാടൻ മുൻ വിധികൾ ഭരിക്കുന്നജീവിത സന്ധികളിൽ വലിഞ്ഞുമുറുകുമ്പോഴും ആർദ്രമായവാത്സല്യത്തിന്റെയുംസ്നേഹിക്കാനും സ്നേഹിക്കപ്പെടാനുംകൊതിക്കുന്ന കുടുംബ ചോദനകളുടെയുംനേർ കാഴ്ച്ചയുമൊരുക്കുന്നുണ്ട്ചിത്രം.

ജർമൻകാരിയായ സിമയ്(Sibel Kekilli)അവളുടെ ദുസ്സഹമായദാമ്പത്യത്തിൽ നിന്ന് രക്ഷനേടാൻ തന്റെ കുഞ്ഞു മകൻസെമ്മിനെയും കൂട്ടി ഇസ്താൻബൂളിൽനിന്ന് ഓടിപ്പോവുന്നു.ബെർലിനിലുള്ള തന്റെകുടുംബത്തോടൊപ്പം സമാധാനത്തോടെയുള്ളഒരു ജീവിതം അവൾ സ്വപ്നംകാണുന്നുണ്ട്.എന്നാൽ അവളുടെ അപ്രതീക്ഷിതമായവരവ് പല പ്രശ്നങ്ങൾക്കുംകാരണമാവുന്നു.അവളുടെ കുടുംബം അവരുടെപാരമ്പര്യ വിശ്വാസ ക്രമങ്ങളിൽകുരുങ്ങി കിടപ്പാണ്.അവളോട്‌ സ്നേഹമുണ്ടെങ്കിലുംഅവർക്ക് ആ വിശ്വാസ ക്രമങ്ങളെമറി കടക്കാനാവില്ല.ഒടുവിൽ അവർ തീരുമാനിക്കുന്നുസെമ്മിനെ തുർക്കിയിലുള്ളപിതാവിനടുത്തേക്ക് അയക്കാം.കുഞ്ഞിനെ കൂടെ നിർത്താൻസിമയിനു വീണ്ടും പലായനംചെയ്യേണ്ടി വരുന്നു.സെമ്മിനും തനിക്കുംസമാധാന പൂർണ്ണമായ ഒരു ജീവിതംഉണ്ടാക്കിയെടുക്കാനുള്ളമനോബലം അവൾക്കുണ്ട്.എന്നാൽ തന്റെ കുടുംബത്തിന്റെസ്നേഹം നഷ്ടപ്പെടരുതെന്നുമുണ്ടവൾക്ക്.അതിനായി അവൾ നടത്തുന്നശ്രമങ്ങളൊക്കെയും ദയനീയമായിപരാജയപ്പെടുന്നു.മുറിവുകളുടെ ആഴം എത്രമാത്രമുണ്ടെന്നും സ്വന്തംവ്യക്തിത്വം സ്ഥാപിക്കാൻഒടുക്കേണ്ടി വരുന്ന വിലയെന്തെന്നുംഅവൾ മനസ്സിലാക്കാനിരിക്കുന്നതേഉള്ളൂ.ഒടുവിൽ,വിട്ടു പോവുമ്പോൾനാമെന്താണ് പിറകിൽ വിട്ടുംവെക്കേണ്ടി വരിക-ഏറ്റവും വിലപ്പെട്ടതല്ലാതെ?. അങ്ങനെയെങ്കിൽ പിന്നെഈ യുദ്ധമൊക്കെയും എന്തിനായിരുന്നു?ഹൃദയ ഭേദകമായ ഒരുപര്യവസാനമാണ് ചിത്രത്തിന്റേത്- എല്ലാവിലാപങ്ങളും, പൊട്ടിക്കരച്ചിലും,ശബ്ദ സാഗരങ്ങളുംഅസംബന്ധമായിത്തീരുന്ന അതിനെല്ലാം അപ്പുറത്തുള്ളഏതോ ഭാഷ കൊണ്ട് മാത്രം പരാവർത്തനം ചെയ്യാൻ കഴിയുന്ന ഒന്ന്.അതുകൊണ്ടാവണം വിഭ്രാമകമായഒരു ശബ്ദരാഹിത്യത്തിൽ ചിത്രംഅവസാനിക്കുന്നത്.

ഫിയോ അലദാഗ്
ആസ്ത്രിയൻചലച്ചിത്രകാരി .1972- ഇൽ ജനനം .അഭിനേത്രിയായി തുടക്കം. When We Leave എന്നചിത്രത്തിന് BerlinFestival, Tribeca Festival, German Festival എന്നിവിടങ്ങളിൽപുരസ്കാരം.ചിത്രത്തിലെ അഭിനയത്തിന്Sibel Kekilli ക്ക്Tribeca Festival -ഇൽ മികച്ച നടിക്കുള്ള പുരസ്കാരം.

Movie Talks:8 Gloomy Sunday (1999)

Movie Talks:8

Gloomy Sunday (1999)

Hungary, Co- written by Rolf Shuebel & Ruth Toma
Based on the novel by Nick Barkov
Direction: Rolf Shuebel.

ദുരന്തങ്ങളില്‍ അവസാനിക്കുന്ന ഒരു ത്രികോണ പ്രേമകഥയാണ് പുറമെക്കെങ്കിലും ശക്തമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട് റോള്‍ഫ് ഷൂബെലിന്റെ പ്രഥമ സംവിധാന സംരംഭമായ ഈ ചിത്രത്തിന്. രണ്ടാം ലോക യുദ്ധ കാല ഹംഗറിയെ പശ്ചാത്തലമാക്കിയ ചിത്രം, മുപ്പതുകളില്‍ ഏറെ കോളിളക്കമുണ്ടാക്കിയ Gloomy Sundayഎന്ന musical compositionന്‍റെ പിറകിലെ കഥയാണ് ഇതിവൃത്തമാക്കുന്നത്. ബുഡാപെസ്റ്റില്‍, ബീഫ് റോളിനു പ്രസിദ്ധമായ ഒരു റസ്റ്റോരന്റിന്റെ ഉടമയും ജൂതനുമായ യാസ്ലോ (Joachim Krol), അവിടത്തെ പരിചാരികയും അയാളുടെ പ്രണയിനിയുമായ ഇയോന (Erika Marozan), അവര്‍ നിയമിക്കുന്ന ആന്ദ്രാസ് (Stefano Dionisi) എന്ന പിയാനിസ്റ്റ്‌, ഹാന്‍സ് വിയെക് (Ben Becker) എന്ന ജര്‍മ്മന്‍ ബിസിനസ്മാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും വര്‍ത്തമാന കാലത്തിലാണ്. ഹാന്‍സ് വിയെക്ക് കുടുംബസമേതം തന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാനായി, രണ്ടാം ലോക യുദ്ധ കാലത്ത് താന്‍ SS ഓഫീസര്‍ ആയി ജോലി ചെയ്ത ബുഡാപെസ്റ്റിലെത്തുകയും പഴയ ഓര്‍മ്മയില്‍ റസ്റ്റോരന്റില്‍ വരികയും ചെയ്യുന്നു. താന്‍ മുന്‍പ് പല തവണ അവിടെ വന്ന കഥകള്‍ പറയുന്ന അയാള്‍ അന്ന് കേട്ടിരുന്ന Gloomy Sunday വീണ്ടും കേള്‍പ്പിക്കാന്‍ അവിടത്തെ ഗായകരോട് പറയുന്നു. ബീഫ് റോള്‍ കഴിച്ചു പാട്ട് കേട്ട് കൊണ്ടിരിക്കെ, പെട്ടെന്നയാള്‍ കുഴഞ്ഞ് വീണു മരിക്കുന്നു.അയാളുടെ അവസാന നോട്ടം അതി സുന്ദരിയായ ഒരു യുവതിയുടെ ചിത്രത്തില്‍ തറഞ്ഞു നില്‍ക്കുന്നു. ഈ ഫോട്ടോയിലൂടെയാണ് നമ്മള്‍ പുറകോട്ടു പോവുന്നത്.

മുപ്പതുകളിലേ ഏറെ പ്രസിദ്ധമായിരുന്നു യാസ്ലോയുടെ റസ്ടോരന്റ്റ്. ആന്ദ്രാസിനെ നിയമിക്കുന്നതോടെ അയാളുടെയും ഇയോനായുടെയും പ്രണയത്തില്‍ പ്രതിസന്ധി ഉണ്ടാവുന്നുണ്ട്. എന്നാല്‍ അവളെ നഷ്ടപ്പെടുന്നതിലേറെ ആന്ദ്രാസുമായി ഒരു രന്‍ജിപ്പിലെത്താന്‍ യസ്ലോ തയ്യാരാവുന്നതോടെ, വിചിത്ര സൗന്ദര്യമുള്ള ഒരു ബന്ധമാവുന്നു അത്. യുവാവായ ഹാന്‍സ് ഇയോനയില്‍ ഭ്രമിക്കുകയും, വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്യുന്നുണ്ട്. നിരാശനായ അയാള്‍ ഡാന്യൂബില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തുടങ്ങവേ യാസ്ലോ അയാളെ രക്ഷപ്പെടുത്തുന്നു. ഇയോനയുടെ ജന്മ ദിനത്തിന് ആന്ദ്രാസ് കമ്പോസ് ചെയ്യുന്നതാണ് Gloomy Sunday എന്ന നിഗൂഡസൗന്ദര്യമിയന്ന സംഗീതം. എന്നാല്‍ ആ പാട്ട് അതിന്റെ വിനാശകരമായ മാന്ത്രികതയില്‍ യൂറോപ്പിലാകമാനം ആത്മഹത്യകളുടെ ശൃംഖലക്ക് തന്നെ കാരണമാവുന്നതില്‍ മനം മടുത്ത ആന്ദ്രാസ് തന്നെ അത് ചെയ്യാന്‍ ശ്രമിക്കുന്നു. ഇയോന അത് കാണുകയും അവള്‍ തന്നോടോപ്പം ഉള്ള കാലം ഇനി അത് ചെയ്യില്ലെന്ന് വാക്ക് നേടുകയും ചെയ്യുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നാത്സികള്‍ ഹംഗറി കീഴടക്കുമ്പോള്‍, SS കമാണ്ടര്‍ ആയി അവിടെയെത്തുന്ന ഹാന്‍സ് തന്റെ സഹ ഒഫീസര്‍ക്ക് വേണ്ടി Gloomy Sunday വീണ്ടും കേള്‍പ്പിക്കാന്‍ അവ്വശ്യപ്പെടുന്നു. ഇതിനോടകം ആ പാട്ടിനെ എന്ന പോലെ ജര്‍മ്മന്‍ ഹുങ്കിനെയും വെറുത്തു കഴിഞ്ഞ ആന്ദ്രാസ് വിസമ്മതിക്കുന്നു. ജര്‍മ്മന്‍ ഓഫീസര്‍മാരെ പിണക്കിയാല്‍ ജൂതനായ യാസ്ലോക്ക് സംഭവിക്കാനിടയുള്ള അപകടമോര്‍ത്തു ഇയോന സ്വയം ഗാനം വായിക്കാന്‍ തുടങ്ങുന്നു. താന്‍ തനിച്ചാണെന്ന് തോന്നാത്തിടത്തോളം കാലം അത് ചെയ്യില്ലെന്ന് അവള്‍ മുന്‍പ് ആന്ദ്രാസിന് വാക്ക് കൊടുത്തതാണ്. തുടര്‍ന്ന് ആന്ദ്രാസ് സ്വയം അത് വായിക്കുന്നു. എന്നാല്‍ വായിച്ചു കഴിഞ്ഞയുടന്‍ അയാള്‍ ഹാന്സിന്റെ പിസ്റ്റള്‍ തട്ടിയെടുത്തു സ്വയം നിറയൊഴിച്ചു മരിക്കുന്നു.

ഹിറ്റ്ലറുടെ 'അന്തിമ പരിഹാര' (final solutions) ത്തില്‍ നിന്ന് യാസ്ലോയ രക്ഷിക്കാന്‍ കഴിയുക ഹാന്സിനാനെന്നു തിരിച്ചറിയുന്ന ഇയോന വേദനയോടെ അയാള്‍ക്ക്‌ കീഴടങ്ങുന്നുണ്ട്. എന്നാല്‍ പണത്തിനു വേണ്ടി പലരെയും 'രക്ഷ'പ്പെടുത്തിയ ഹാന്‍സ് ചതിക്കുന്നതോടെ, ഗ്യാസ് ചേമ്പറിലെക്കുള്ള തീവണ്ടിയാത്രയിലേക്ക് പോവുന്ന യാസ്ലോ അവസാന നിമിഷത്തിലും മുന്‍പ് താന്‍ രക്ഷിച്ച സുഹൃത്തിനെ പ്രതീക്ഷയോടെ നോക്കുന്ന നോട്ടം പ്രേക്ഷകനെ വിട്ടുപോവില്ല.
ഗര്‍ഭിണിയായ ഇയോന കുഞ്ഞിന്റെ പിതാവ് ആരെന്നു വ്യക്തമാക്കാതെ ആന്ദ്രാസിന്റെ കല്ലറയില്‍ പ്രാര്‍ഥനാനിരതയാവുന്നിടത്തു, ചിത്രത്തിന്‍റെ ചരിത്ര ഭാഗം അവസാനിക്കുന്നു. വര്‍ത്തമാന കാലത്തില്‍ നമ്മള്‍ ഹാന്സിന്റെ ചരമ ചടങ്ങുകളില്‍, 'ആയിരക്കണക്കിന് ജൂതന്മാരെ രക്ഷിച്ച' മഹാന്റെ അപദാനങ്ങള്‍ കേള്‍ക്കുന്നു. ഒരു നിമിഷം മധ്യവയസ്കനായ ഇപ്പോഴത്തെ ഹോട്ടലുടമ തന്റെ അമ്മക്ക് ജന്മദിനാശംസകള്‍ നേരുമ്പോള്‍, വൃദ്ധയായ ഇയോനയെ നാം കാണുന്നുണ്ട്. പശ്ചാത്തലത്തില്‍ Gloomy Sunday അലയുതിര്‍ക്കുന്നുമുണ്ട്.

മെലോഡ്രാമയുടെ തലത്തിലേക്ക് താഴ്ന്നു പോകാന്‍ ഇടയുള്ള ഒരു ഇതിവൃത്തത്തെ പല തലങ്ങലുള്ള ഹൃദയസ്പര്‍ശിയായ ഒരു അനുഭവമാക്കുന്നതില്‍ ചിത്രം വിജയിക്കുന്നു. അറം പറ്റിയ ആ 'ആത്മഹത്യയുടെ ഗാനം' (suicide anthem) ഇന്നും അതിന്റെ മാസ്മരികത ചോരാതെ നമ്മെ ഭ്രമിപ്പിക്കുന്നത് പോലെ തന്നെ, ചിത്രം വല്ലാതെ നമ്മെ വേട്ടയാടും. നായികയുടെ മാസ്മര സൗ ന്ദര്യം പോലെ തന്നെ, പ്രധാന കഥാ പാത്രങ്ങളാവുന്ന അഭിനേതാക്കളുടെ പ്രകടനവും, പശ്ചാത്തല സംഗീതവും ചിത്രത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍ തന്നെ.


Tuesday, June 25, 2013

ആത്മഗതങ്ങളില്ലാത്തവര്‍

മലയിടിച്ചിലില്‍
കുരുങ്ങിയ വാഹനവ്യൂഹം-
കവിയരങ്ങിലേക്ക് പോകവേ
സംഘാടകരുടെ കാറിലിരുന്ന്
കവിയോര്‍ക്കുന്നതിങ്ങനെ:
മുന്‍പുണ്ടായിരുന്ന ഹരിത ഭംഗി
ഇനിയെന്റെ കവിതയില്‍ ചേക്കേറും.

പുറകിലെ ബെന്‍സിലിരുന്ന്
റിസോര്‍ട്ട് ഉടമ നെടുവീര്‍പ്പിടുന്നു:
നാശം, എത്ര പാട് പെട്ടാ
ആ സ്ഥലം ഒപ്പിച്ചെടുത്തത്!
എത്രയാ അധികൃതര്‍ക്ക് കൈമടക്കിയത്!
മലയോരത്തു ബുള്‍ഡോസര്‍ കൊണ്ട്
എത്രകാലമാ മെനക്കെട്ടത്‌!
നാട്ടുകാരേം പരിസ്ഥിതിക്കാരേം ഒതുക്കിക്കെട്ടാന്‍
എത്രയാ കൊട്ടേഷന്‍സംഘം വിലയിട്ടത്!
എന്നിട്ടിപ്പം ഒരൊടുക്കത്തെ മലയിടിച്ചില്‍!
ആട്ടെ, പോയത് പോയി, തടി കിട്ടിയല്ലോ!

ട്രാന്‍സ്പോര്‍ട്ട് ബസ്സിലിരുന്നു
നാട് ചുറ്റാനെത്തിയ കമിതാക്കള്‍
മുന്നില്‍ നോക്കി അക്ഷമരാവുന്നു:
എങ്ങനെയാ സമയത്തിനു റിസോര്‍ട്ടിലെത്തുക?
എന്തൊക്കെ നുണ പറഞ്ഞാ
ഇങ്ങനൊരു അവസരം ഒപ്പിച്ചെടുത്തത്!
രണ്ടേ രണ്ടു ദിവസമേയുള്ളൂ.
വഴിയില്‍ കുരുങ്ങി വെറുതെപോവുമോ?

ആദിവാസിക്കുടില്‍ മുറ്റത്തു
കള്ളും കാട്ടുപെണ്ണും തേടി വന്നോന്‍
പൂത്തകാശും പുഴുത്ത മനസ്സും
കൊണ്ട് നടന്നോന്‍
വണ്ടി തരിച്ചു വിടാന്‍ വഴി തേടുന്നു:
എടേയ്, ഇനിയിപ്പം ഇത് തൊല്ലയാവും,
നമുക്കാ ഏന്തരവളെ തപ്പിപ്പിടിക്കാം.
ഫാം ഹൗസില് സെറ്റപ്പാക്കാം.

ആക്റ്റിവിസ്റ്റായ ചെറുപ്പക്കാരന്‍
രോഷം കൊള്ളുന്നു:
എല്ലാര്‍ക്കുമുണ്ടിതില്‍ പങ്ക്.
ആര്‍ക്കു വേണ്ടിയാണീ വികസനം?
എന്ത് കാണിക്കാനാണീ ടൂറിസം?
ഈ ഭൂമി നമ്മുടെ മക്കള്‍ക്കും വേണ്ടതല്ലേ!

മലയിറങ്ങിയ പാറക്കെട്ടുകളില്‍
അടക്കം ചെയ്ത ആട്ടിന്‍ പറ്റത്തിനും
തോറ്റുപോയ മലദൈവങ്ങള്‍ക്കും
അവരുടെ കാവൂട്ടു ചെറുമനുഷ്യര്‍ക്കും
കാട്ടുതേന്‍ വടവൃക്ഷപ്പച്ചയിലെ
മുറ്റാച്ചിറകിലൊടുങ്ങിയ കിളിക്കുഞ്ഞിനും
ആത്മ ഗതങ്ങളില്ല,
ആരോടും ഒന്നും പറയാനില്ല.


Friday, June 21, 2013

Movie Talks: 7 ALL ABOUT MY MOTHER (1999)

Movie Talks: 7
ALL ABOUT MY MOTHER (1999)
Spain, Written & Direction: Pedro Almodovar.

പെദ്രോ അല്‍മോദോവാര്‍ എഴുതി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം. കടുത്ത വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോവുന്ന ഒരു സ്ത്രീയുടെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതങ്ങലൂടെ AIDS, സ്വവര്‍ഗ്ഗ ലൈംഗീകത, ഉഭയ ലിംഗ ജീവിതം, സ്ത്രീ വേഷജീവിതം, വിശ്വാസം, അസ്ഥിത്വ വ്യഥകള്‍ എന്നീ പ്രമേയങ്ങളിലേക്ക് കടന്നു ചെല്ലുന്നു.
മാനുവേല (Cecilia Roth) തന്റെ മകന്‍ എസ്റ്റെബാനെ (Eloy Azorin) തനിച്ചാണ് വളര്‍ത്തിയത്. ഈ യുവാവിനു എഴുത്തുകാരനാവാനാണ് മോഹം. ഒരു രാത്രി അമ്മയും മകനും റ്റെന്നസീ വില്യംസിന്റെ വിഖ്യാത നാടകമായ A Street Car Named Desire -ന്‍റെ ഒരു ആവിഷ്കാരം കണ്ടു മടങ്ങാന്‍ തുടങ്ങവേ, നാടകത്തിലെ മുഖ്യ കഥാപാത്രമായ ബ്ലാഞ്ചിനെ അവതരിപ്പിക്കുന്ന നടി ഹുമ റോജോ (Marisa Pardes) യുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ ശ്രമിക്കുന്ന എസ്റ്റെബാന്‍ അമ്മയുടെ കണ്മുന്നില്‍ വെച്ച് വാഹനം മുട്ടി മരിക്കുന്നു. തകര്‍ന്നു പോവുന്ന മാനുവേല ബാര്‍സെലോണായിലേക്ക് താമസം മാറ്റുന്നു. എസ്റ്റെബാന്റെ പിതാവം മുന്‍ ഭര്‍ത്താവുമായ സ്ത്രീവേഷ ജീവിതക്കരനായ (transvestite) ലോലയെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ, ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിട്ടുകൊടുത്ത മകന്റെ ഹൃദയത്തോടൊപ്പമാന് മനുവേലയുടെ യാത്ര. ലോലയോടും എസ്റ്റെബാനോടും അവരെ പരസ്പരം അറിയിക്കുന്ന വിവരങ്ങള്‍ അവള്‍ മറച്ചു വെച്ചിരുന്നു. ബാര്‍സെലോണായില്‍ തന്‍റെ പഴയ സുഹൃത്തും ഉഭയ ലൈംഗിക വ്യക്തി(trans sexual) യുമായ ലാ അഗ്രാഡോ (Antonio SanJuan) യെയും അവളിലൂടെ സിസ്റ്റര്‍ റോസാ (Penelope Cruz) യെയും കണ്ടെത്തുന്നു. ഒരു തോഴിലന്വേഷിക്കവേ, ഹുമോ റോജോയെയും പരിചയപ്പെടുന്നു. ഹുമോയാവട്ടെ അവളുടെ പങ്കാളി നിനാ (Candela Pena) യുമായി ആകെ പ്രശ്നങ്ങളിലാണ്. എയിഡ്സ് ബാധിതനായ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ റോസാ മരണത്തിന്റെ നിഴലിലാണ്. അല്‍ഷീമേര്സ് ബാധിച്ചു മകളെ പോലും തിരിച്ചറിയാത്ത അച്ഛനും ഈര്‍ഷ്യക്കാരിയായ അമ്മയും അവളുടെ അവസ്ഥ കൂടുതല്‍ വിഷമകരമാക്കുന്നു. പ്രസവത്തെ തുടര്‍ന്ന് റോസാ മരിക്കുന്നതോടെ, കുഞ്ഞിലൂടെ എയിഡ്സ് പകരുന്നത് ഭയപ്പെടുന്ന മുത്തശ്ശിയില്‍ നിന്നും കുഞ്ഞിനെയുമെടുത്ത് മാനുവേല Madrid-ലേക്ക് തിരിച്ചു പോവുന്നു. എന്നാല്‍ അതിനു മുന്‍പ് അവള്‍ കുഞ്ഞു എസ്റ്റെബാന്റെ അച്ഛനെ- എയിഡ്സ് ബാധിച്ചു മരിച്ചു കൊണ്ടിരിക്കുന്ന ലോല തന്നെ- കണ്ടെത്തുന്നു. ഒരു ആണ്‍ കുഞ്ഞിനു വേണ്ടിയുള്ള മോഹത്തെ കുറിച്ച് അവളോട്‌ പറയുന്ന ലോലയോട്, തന്റെ മകന്‍ എസ്റ്റെബാന്റെ മരണത്തെ കുറിച്ച് അവള്‍ പറയുന്നുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ബാര്‍സെലോണായിലേക്ക് തിരിച്ചെത്തുന്ന മാനുവേല, ലാ അഗ്രാടോയെയും ഹുമയയും കണ്ടു മുട്ടുന്നുണ്ട്. കുഞ്ഞിനു എയിഡ്സ് ഇല്ലെന്നു തിരിച്ചറിഞ്ഞതിനാല്‍ റോസയുടെ അമ്മയോടും അച്ഛനോടുമൊപ്പം കഴിയാന്‍ അവള്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനിടെ ഹുമയും നിനയും വഴി പിരിഞ്ഞിരിക്കുന്നു.
രണ്ടു ഉഭയ ലിംഗ വ്യക്തിത്വങ്ങള്‍, ഗര്‍ഭിണിയായ ഒരു കന്യാസ്ത്രീ, സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു സ്ത്രീകള്‍- ഇവരൊക്കെ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി വരുമ്പോഴും ചിത്രം കുടുംബ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാവുന്നതില്‍ പ്രത്യക്ഷത്തില്‍ ഒരു വിരോധാഭാസമുണ്ട്. എന്നാല്‍ മൃദുല സ്നേഹ- വാത്സല്യങ്ങളുടെയും കടുത്ത മനോ സ്തൈര്യത്തിന്റെയും പെണ്ണിടങ്ങളിലൂടെ കടന്നു പോവുന്ന ചിത്രം മാതൃത്വത്തിനുള്ള ഒരു മികച്ച അര്‍ച്ചന കൂടിയാണ്. അല്‍മോദോവാറിന്‍റെ പതിവ് ദൃശ്യപ്പൊലിമയിലുള്ള ചിത്രം അതി ശക്തമായ പാത്ര വൈവിധ്യത്തിന്റെയും നാടകീയ മുഹൂര്‍ത്തങ്ങളുടെയും മികച്ച ഉദാഹരണവുമാണ്. 1999-ല്‍ മികച്ച സംവിധായകനുള്ള കാന്‍ ഫെസ്റ്റിവല്‍ പുരസ്കാരം, അടുത്ത വര്ഷം മികച്ച അന്യ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍, BAFTA, Golden Globe തുടങ്ങി അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് ഈ ചിത്രം.

Thursday, June 20, 2013

തീപ്പാതി

രൂക്ഷ ഗന്ധങ്ങളുടെ തെരുവ്:
കണ്ടിട്ടുണ്ട് ഞാനയാളെ-
സ്ത്രൈണ ചലനങ്ങള്‍
ചായം പുരട്ടിയ ചുണ്ടുകള്‍ക്കു മേല്‍
നനുത്ത വിയര്‍പ്പു കണങ്ങള്‍-
പെണ്‍ വിളിപ്പേരില്‍ കുണുങ്ങി
കുട്ടിപട്ടാളത്തിന്റെ കൂവലേറ്റ്
വാടകമുറിയുടെ ജനാലയ്ക്കപ്പുറം.

പെട്ടുപോയവന്‍-
ഇരു ജന്മങ്ങള്‍ക്കിടയില്‍
ആണ്‍ പാതിയുടലില്‍
പെണ്‍ പാതി മനസ്സ്.
ജനാലക്കിപ്പുറത്തേയ്ക്കു
നീളും മിഴികളില്‍
ലാസ്യമോ ദൈന്യമോ?
വിധേയന്റെ നിര്‍വ്വികാരതയോ?

ആണ്‍ കോയ്മാ ദാര്‍ഡ്യങ്ങളില്‍
നിഷ്കാസിതന്‍,
പെണ്‍ പാളയങ്ങളില്‍
തൊട്ടുകൂടാത്തവന്‍,
അമ്മയ്ക്ക് നെഞ്ചില്‍ തീയായവന്‍,
അച്ഛന് കണ്ണില്‍ കരടായവന്‍
സ്വപ്നങ്ങള്‍ നിറംകെട്ടുപോയവന്‍
കൂട്ടരും കൂടപ്പിറപ്പുമില്ലാത്തവന്‍.
അവനും കാണില്ലേ ഒരു നിലാത്തുണ്ട്?
എല്ലാം തികഞ്ഞവര്‍ക്ക്‌
അവരുടെ ആകാശം
അവനുമായി പങ്കു വെക്കാനാവില്ലല്ലോ!









Saturday, June 15, 2013

Movie Talks: 6 PAN'S LABYRINTH (2006)

Movie Talks: 6


PAN'S LABYRINTH (2006)

`ഗില്ലെര്‍മ്മോ ഡെല്‍ ടോരോ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം. യുദ്ധത്തെ നോക്കിക്കാണുന്ന ഒരു കുട്ടി ചുറ്റും നടമാടുന്ന തിന്മയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മായിക ലോകം സൃഷ്ടിക്കുന്നതിന്റെ പ്രതീക വല്‍ക്കരണമാണ് ഒരര്‍ഥത്തില്‍ ചിത്രം. ചായാഗ്രഹണവും സംവിധായകന്‍ പ്രയോഗിക്കുന്ന മാജിക്കല്‍ റിയലിസ (MAGICAL REALISM)വും ചേര്‍ന്ന് ചിത്രത്തെ കാഴ്ചയുടെ ഒരുത്സവം ആക്കുന്നുണ്ട്‌. ആവര്‍ത്തിച്ചുള്ള കാഴ്ചയില്‍ അര്‍ത്ഥ വൈപുല്യം ഉറപ്പു തരുന്ന ഒരു MODERN CLASSIC ആണ് PAN'S LABYRINTH.

1944- ലെ മെയ്- ജൂണ്‍ മാസങ്ങളിലായി സ്പെയിനില്‍ ആണ് കഥ നടക്കുന്നതു. സ്പാനിഷ് ആഭ്യന്തര യുദ്ധാനന്തരം അഞ്ചു വര്ഷം കഴിഞ്ഞു, ജനറല്‍ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണ കാലം. എകാന്തയും സ്വപ്ന ജീവിയുമായ ഒഫെലിയ (Ivana Boquero)എന്ന പന്ത്രണ്ട്കാരി അവളുടെ അമ്മ (Ariadna Gil)യും രണ്ടാനച്ചനുമൊപ്പമാണ്. ഒളിപ്പോരാളികളെ അമര്‍ച്ച ചെയ്യുന്ന ക്രൂരനായ പട്ടാള ഉദ്യോഗസ്ഥനാണ് കാപ്റ്റന്‍ വിദാല്‍ (Sergi Lopez). ഗര്ഭാലസ്യങ്ങളുള്ള അമ്മയുടെ വിഷമതകളിലും തന്റെ തന്നെ ഏകാന്തതയിലും വളര്ത്തച്ഛനോടുള്ള അന്യതാ ബോധത്തിലും ഒഫെലിയ മായിക ജീവികളും രഹസ്യങ്ങളുമടങ്ങിയ ഒരു നിഗൂഡ ലോകം കണ്ടെത്തുന്നു. ഗ്രീക്ക്- റോമന്‍ മിത്തുകളിലെ പാന്‍ എന്ന വിചിത്ര ദൈവത്തോട് സാദൃശ്യമുള്ള ജീവി അവളോട്‌ ഒരു കഥ പറയുന്നു: അവള്‍ ഒരതീത ലോകത്തിലെ രാജ കുമാരിയായിരുന്നെന്നും , അവളുടെ യഥാര്‍ത്ഥ അച്ഛനുമമ്മയും അവളെ കാത്തിരിപ്പുണ്ടെന്നും തിരിച്ചു പോവാന്‍ അവള്‍ ചില പരീക്ഷണങ്ങള്‍ അതിജീവിച്ചു വിശുദ്ധി തെളിയിക്കേണ്ടതുണ്ടെന്നും. ഒഫെലിയ തന്റെ രാജധാനി തിരിച്ചു പിടിക്കാനും തന്റെ അച്ഛനമ്മമാരോട് ചേരാനും ഉള്ള ശ്രമങ്ങളില്‍ മുഴുകവേ, അവളുടെ വളര്‍ത്തച്ഛന്‍ കാപ്റ്റന്‍ വിദാല്‍ വിപ്ലവകാരികളെ വേട്ടയാടി നശിപ്പിക്കാനും, അയാളുടെ ഭ്രുത്യയായ മെര്‍സിടെസും (Maribel Verd) ഡോക്റ്ററും (Alex Angulo) വിപ്ലവപ്രവര്‍ത്തനം തുടരാനും ശ്രമിക്കുന്നു.
തന്റെ അനുജന് ജന്മം നല്‍കി അമ്മ മരിക്കുന്നതോടെ അവനെ പരിപാലിക്കുന്നതില്‍ ഒഫെലിയ മുഴുകുന്നു. തന്റെ മൂന്നാമത്തെയും അവസാനത്തെയും പരീക്ഷണം വിജയിക്കുന്നതിനായി നിഷ്കളങ്ക രക്തത്തിന്റെ ഒരു തുള്ളി അള്‍ത്താരയില്‍ വീഴ്ത്തണ മെന്നും അതിനു കുഞ്ഞിന്‍റെ വിരലില്‍ ഒരു ചെറു മുറിവ് ഉണ്ടാക്കണമെന്നും പാന്‍ ആവശ്യപ്പെടുമ്പോള്‍ ഒഫെലിയ വിസമ്മതിക്കുന്നു. കുഞ്ഞിനേയും എടുത്തു മായിക കോട്ട (labyrinth)യില്‍ നിന്ന് പുറത്തു ഓടിപ്പോകവേ , കാപ്റ്റന്‍ വിദാല്‍ അവളെ വെടിവെച്ചു കൊല്ലുന്നു. അവളുടെ രക്തം അള്‍ത്താരയിലേക്ക് ഒഴുകിപ്പരക്കുകയും അധോലോകത്ത് അവള്‍ പുനര്‍ജ്ജനിക്കുകയും ചെയ്യവേ, പുറത്തു കാപ്റ്റന്‍ വിദാലിനെ മെര്‍സിടെസും കൂട്ടാളികളും ചേര്‍ന്ന് വധിക്കുന്നു. വാച്ചു നോക്കി, താന്‍ കൃത്യം ഏതു സമയത്താണ് മരിച്ചതെന്ന് വളര്‍ന്നു വരുമ്പോള്‍ മകനോടു പറയണമെന്ന് അന്ത്യ മൊഴി നല്‍കുന്ന കാപ്റ്റനോട്, നിന്നെ കുറിച്ച് അവന്‍ കേള്‍ക്കുകയെ ഇല്ലെന്നു മെര്‍സിടെസ് മറുപടി പറയുന്നു. ചിത്രാന്ത്യത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: നീതിപൂര്‍ണ്ണവും ദയാപൂര്‍ണ്ണവുമായ ഹൃദയത്തോടെ അവള്‍ ദീര്‍ഘകാലം ഭരിച്ചു. ഭൂമിയില്‍ അവള്‍ ജീവിച്ചിരുന്നതിന്റെ ചെറിയ ചില അടയാളങ്ങള്‍ മാത്രം അവള്‍ ബാക്കി വെച്ചു, എവിടെ നോക്കണമെന്ന് കൃത്യമായി അറിയുന്നവര്‍ക്ക് മാത്രം കാണാന്‍ പാകത്തില്‍.

വ്യത്യസ്തമായ നിരവധി വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട് ചിത്രം. എപ്പോഴും സമയത്തില്‍ ബന്ധിതനായിരിക്കുന്ന കാപ്റ്റന്‍ വിദാല്‍ ഫാസിസം എത്ര മാത്രം ഏക പക്ഷീയവും ക്രൂരവുമാണെന്ന് നല്ല സൂചന തരുന്നുണ്ട്. രണ്ടാമതൊന്നാലോചിക്കാതെ തിരിച്ചെടുക്കാനാവാത്ത ക്രൂരകൃത്യം നടപ്പാക്കുന്ന ഫാസിസ്റ്റ്- ഭരണ രീതി, എല്ലാ ഫാസിസ്റ്റ്കള്‍ക്കുള്ളിലും ഒന്നിനെയും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ഒരു ഭീരുവുണ്ട് എന്ന പൌലോ ഫ്രെയറുടെ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്‌. നിഷ്കളങ്ക ജീവിതങ്ങള്‍ എങ്ങനെ ഇരയാക്കപ്പെടുന്നുവെന്നു ഒഫെലിയായുടെ പാത്ര സൃഷ്ടി വ്യക്തമാക്കുന്നു. പാന്‍ എന്ന ജീവിയെ കുറിച്ചുള്ള മിത്തിക്കല്‍- ബിബ്ലിക്കല്‍ വിവക്ഷകള്‍ മായിക ലോകത്തിന്റെ ശക്തി സൗന്ദര്യവും ഒപ്പം ഭീകരതയും ആവിഷ്കരിക്കുന്നു. ഫാന്റസിയും യാഥാര്‍ത്യവും കൂട്ടിയിണക്കുന്നതില്‍ ചിത്രം അവിസ്മരണീയമായ ഒരനുഭവമാണ്. മേയ്ക്ക് അപ്, അനിമാട്രോനിക്സ്, CGI എഫക്ട്സ് എന്നിവ ചിത്രത്തിന്‍റെ ദൃശ്യഗാംഭീര്യത്തിനും സൌന്ദര്യത്തിനും വലിയ തോതില്‍ സഹായകമായിട്ടുണ്ട്.


Friday, June 14, 2013

മഴ പെയ്യുമ്പോള്‍

മഴ പെയ്യുമ്പോള്‍ 
ഗഗനചാരികളെന്തു ചെയ്യും?
ഒരു മേഘ പാളിയുടെ
ചോരും കുടക്കീഴില്‍
ചിറകൊതുക്കുമോ?
പര്‍വ്വത ശിഖരങ്ങളിലെ
വടവൃക്ഷപ്പച്ചയില്‍
ചേക്കേറുമോ?
ജലപാളികള്‍ മറയ്ക്കുന്ന
താഴ്വരക്കാട്ടിലേക്ക്
ഊളിയിടുമോ?
അല്ലെങ്കില്‍,
ആകാശ നീലിമയിലേക്ക്‌
മഴ നനയുന്ന കുട്ടിയായി
ചിറകു വിരിക്കുമോ?

Wednesday, June 12, 2013

കവിക്കുള്ള ഒസ്സ്യത്ത്

കവിത ഒരാകാശമാണ്:
നീലച്ചിറക് വിരിച്ചു പറക്കും
ചില പൊന്മാനുകള്‍.
മെയ് വഴക്കത്തിന്റെ മീവല്‍പക്ഷികള്‍
ഇളം കാറ്റില്‍ തങ്ങി നില്‍ക്കും.
പുഴയോരമരച്ചില്ല വിട്ട്
ചെറുകിളി പറന്നു പൊങ്ങും.
കനിവിയന്ന മഴമേഘങ്ങള്‍
വേനല്‍ ചൂടിലേക്ക്
തിരുപ്പിറവി നടത്തും.
ബോധിവൃക്ഷങ്ങളുടെ തലയെടുപ്പില്‍
ജ്ഞാനവൃദ്ധരായ താപസര്‍
കാലാതീതം ഉയിര്‍ത്തു നില്‍ക്കും.

അശനിപാതങ്ങളുടെ നാളുകളില്‍
തോറ്റ പ്രവാചിക*യുടെ നിസ്സഹായത
ആകാശം കലുഷമാക്കും.
വിഷണ്ണനായി
മലമുകളിലെ ദൈവം.
സമതലങ്ങളില്‍
തിമിരം ബാധിച്ചവരുടെ പോര്‍ വിളി.
കൂടണയാതെ പോയവര്‍
ചിതറി വീണ കുഴിമാടങ്ങള്‍.
തകര്‍ന്ന നൌകകള്‍ക്കിടയില്‍
ഉറക്കം നഷ്ടപ്പെട്ട കവി.
ഇരുട്ടിലും തിളങ്ങുന്ന
കൊള്ളിയാന്‍ കാഴ്ചയായി
നെഞ്ചു പിടഞ്ഞു കവിത.

നിറങ്ങളടര്‍ന്നു പോവുന്ന
ഒരു വേനലാകാശം
കവിക്കുള്ള ഒസ്സ്യത്ത്.

*(യവന പുരാണത്തിലെ കസ്സാന്‍ഡ്ര. സൗന്ദര്യം അനുഗ്രഹവും ശാപവുമായവള്‍. ഭാവി പ്രവചിക്കാന്‍ കഴിയുമ്പോഴും ആരെയും ഒന്നും വിശ്വസിപ്പിക്കാനാവില്ല എന്നതായിരുന്നു അനുഗ്രഹിച്ച അപ്പോളോ തന്നെ അവള്‍ക്കു നല്‍കിയ ശാപം.)


Saturday, June 8, 2013

Movie Talks-5 The Last Temptation of Jesus Christ / Martin Scorsese


The Last Temptation of Jesus Christ (1988)



നികോസ് കസാന്‍ദ സാക്കീസിന്റെ വിഖ്യാദ നോവലിനെ ആസ്പദമാക്കി പോള്‍ ശ്രേടറുടെ (Paul Schrader) തിരക്കഥയില്‍ മാര്‍ട്ടിന്‍ സ്കോര്സേസേ (Martin Scorsese)സംവിധാനം ചെയ്ത ചിത്രമാണ്. സാമ്പ്രദായിക ബിബ്ലിക്കല്‍ ചിത്രണത്തില്‍ നിന്ന് വ്യത്യസ്തമായി മാനുഷിക ചാപല്യങ്ങളായ ഭീരുത്വം, സംശയം, ഡിപ്രഷന്‍, അലസത, ലൈംഗീക തൃഷ്ണ, ശങ്ക തുടങ്ങിയ പ്രലോഭനങ്ങളെയൊക്കെ നേരിടുന്ന ഒരാളായി ക്രിസ്തുവിനെ ചിത്രീകരിച്ചതിന്റെ പേരില്‍ നോവലും സിനിമയും ഒരു പോലെ വിവാദച്ചുഴികളില്‍പ്പെടുകയുണ്ടായി.(കേരളത്തില്‍ ശ്രീ. പി. എം. ആന്റണിയുടെ തിരുമുറിവ് നാടക വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയുണ്ടായി.)

    ഇതിഹാസ മാനങ്ങളുള്ള ഒരു നോവല്‍ ഉള്ളടക്ക ഗരിമ നഷ്ടപ്പെടാതെ ചലച്ചിത്ര രൂപത്തിലേക്ക് മെരുക്കിയെടുക്കുക എളുപ്പമല്ല. ചിത്രത്തിന്‍റെ ആദ്യ രംഗം തന്നെ നല്ല പ്രേക്ഷകന്റെ അത്തരം ആശങ്കകളെയൊക്കെ ദുരീകരിക്കത്തക്കതാണ്. ആകെ തളര്‍ന്നു പോയ ഒരു മനുഷ്യന്റെ ആത്മഗതമാണ്: "The feeling begins. Very tender, very loving. Then the pain starts. Claws slip underneath the skin and tear their way up. Just before they reach my eyes, they dig in. And I remember. First I fasted for three months. I even whipped myself before I went to sleep. At first it worked. Then the pain came back. And the voices. They call me by the name: Jesus." ദൈവവിളിയുടെ വഴി എത്രമാത്രം ദുര്‍ഘടവും വേദനാപൂര്‍ണ്ണവും ത്യാഗം ആവശ്യപ്പെടുന്നതുമാണ് എന്ന് അവിടെ തന്നെ സൂചിപ്പിക്കപ്പെടുന്നു. സ്വന്തം മനുഷ്യ ജന്മത്തിന്റെ വിളികള്‍ ഒരു വശത്ത്‌, ദൈവം തനിക്കായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന അറിവിന്റെ ബോധ്യം മറുവശത്ത്‌. ഈ സംഘര്‍ഷം സൃഷ്ടിക്കുന്ന ആത്മ നിന്ദയില്‍ ആശാരിയായ ജീസസ്, നമ്മളറിയുന്ന കരുണാമയനായ ക്രിസ്തുവിനു നിരക്കാത്ത പലതും ചെയ്യുന്നുണ്ട്.
    കുരിശേറ്റപ്പെട്ട ക്രിസ്തുവിന്റെ മോഹസ്വപ്ന (hallucination) രൂപത്തില്‍ വരുന്ന ഒരു രംഗമാണ് നോവലിനും, തുടര്‍ന്ന്സിനിമക്കും ഏറെ വിമര്‍ശന-വിവാദ ഘട്ടങ്ങള്‍ നല്‍കിയത്. മഗ്ദലന മരിയവുമായുള്ള ലൈംഗീക, ദാമ്പത്യ ബന്ധം ചിത്രീകരിക്കുന്ന നീണ്ട ഖണ്ഡം. സത്യത്തില്‍ ചിത്രത്തിലുടനീളം കടന്നു വരുന്ന വിഗ്രഹ ഭന്ജന സ്വഭാവമുള്ള പല രംഗങ്ങളില്‍ ഒന്ന് മാത്രമാണ് അത്. ആശാരിയായ ജീസസ്, തന്റെ വിധി തീരുമാനിക്കപ്പെടും മുന്‍പ്, മറ്റു വിപ്ലവകാരികളെ തോക്കിലേറ്റാന്‍ വേണ്ട കുരിശുകള്‍ തയാറാക്കുന്നതില്‍ കാണിക്കുന്ന നിര്‍മ്മമത അതിലൊന്നാണ്. അത് പോലെ പ്രധാനമാണ് യൂദാസിനെ തന്റെ വിധി നടപ്പിലാക്കുംവിധം തന്നെ ഒറ്റുകൊടുക്കാന്‍ വേണ്ട വിധത്തില്‍ ക്രിസ്തു തന്നെ ഒരുക്കിയെടുക്കുകയായിരുന്നു എന്ന സൂചന. എന്നാല്‍ നോവലിലും സിനിമയിലും ഈ വ്യതിയാനങ്ങളൊക്കെയും കടന്നുവരുന്നത് മാനുഷിക വ്യാഖ്യാനങ്ങള്‍ എന്ന നിലക്കാണ്. അതുകൊണ്ടുതന്നെയാണ് ബൈബിള്‍ പണ്ഡിതന്മാരിലും പുരോഹിതന്മാര്‍ക്കിടയില്‍ പോലും പുരോഗമനേച്ഛുക്കളായ പലരും തികഞ്ഞ ഒരു ചിന്താവിഷയം എന്ന നിലയില്‍ നോവലിനേയും ചിത്രത്തെയും അംഗീകരിച്ചതും.

    അന്ത്യ പ്രലോഭനത്തിന്റെ സ്വപ്നദര്‍ശിത കുടുംബ ജീവിതത്തിന്റെയൊടുവില്‍ തന്നെ കുരിശില്‍ നിന്ന് മോചിപ്പിച്ച് തനിക്കു സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നല്‍കിയ മാലാഖ യഥാര്‍ഥത്തില്‍ സാത്താന്‍ ആയിരുന്നുവെന്നു തിരിച്ചറിയുന്ന ജീസസ്, ജരൂസലേം തെരുവുകളിലൂടെ ഇഴഞ്ഞു നീങ്ങി കുരിശേറ്റത്തിന്റെ ഇടത്തിലെത്തുകയും, ദൈവപുത്രനാവുക എന്ന നിയോഗത്തിന് ആവശ്യമായതെന്തോ അതിനു തയ്യാറായി ദൈവത്തിനു മുന്നില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടി അദ്ദേഹം തന്നെ കുരിശില്‍ കണ്ടെത്തുന്നു. നഗ്നനായി രക്തം വാര്‍ന്ന് കൊണ്ടിരിക്കെ, “അത് സാധ്യമായിരിക്കുന്നു " എന്ന് വിളിച്ചു പറയുന്ന ക്രിസ്തുവിനു മേല്‍ തിരശ്ശീലയിലേക്ക് ആകെ വെളുപ്പ് നിറയുന്നു.


    അനിതര സാധാരണമായ അഭിനയ ചാതുരിയാണ് പ്രധാന അഭിനേതാക്കളായ William Dafoe (ജീസസ്), Harvey Kitel (ജൂദാസ്), Barbera Hershey (മഗ്ദലന മറിയം) തുടങ്ങിയവര്‍ ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്. തന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നായി കണക്കാക്കിയ ഈ ചിത്രത്തിന് സ്കോര്സേസേക്ക് മികച്ച സംവിധായകാനുള്ള ഓസ്കാര്‍ നോമിനഷന്‍ ലഭിക്കുകയുണ്ടായി