Featured Post

Thursday, August 18, 2016

GraceLand by Chris Abani

മറ്റൊരിടത്തെ ജീവിതം- അതൊരു വര്‍ണ്ണ സ്വപ്നമല്ല


പതിനഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച ഒരു ത്രില്ലര്‍ ഭരണകൂട വിരുദ്ധ കലാപത്തിനു തിരികൊളുത്തിയെന്നു വ്യാഖ്യാനിക്കപ്പെടുക, പതിനെട്ടു വയസ്സുമുതല്‍ കിരാതമായ പട്ടാളഭരണത്തിന്റെ തടവില്‍, രാജ്യത്തെ ഏറ്റവും ഭയാനകമായ എകാന്തത്തടവറയില്‍ ഉള്‍പ്പടെ ആറു വര്‍ഷങ്ങളോളം കഴിയേണ്ടി വരിക, തൂക്കുകയറിന്റെ നിഴലില്‍ നിന്ന് കൈക്കൂലിയായി സുഹൃത്തുക്കള്‍ കൈമടക്കിയ പണവും ആയുസ്സിന്റെ ബലവും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു അന്യ ദേശത്തു പ്രവാസജീവിതം നയിക്കുക, തുടര്‍ന്ന് ലോകമറിയുന്ന കവിയും നോവലിസ്റ്റുമായി സ്വയം അടയാളപ്പെടുത്തുക. നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ് അബാനിയുടെ ജീവചരിത്രം ഇതൊക്കെയുമാണ്. എല്ലാറ്റിനും മുമ്പേ, പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത ഘട്ടമായിരുന്ന ബിയാഫ്രന്‍ സംഘര്‍ഷത്തില്‍ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലേക്കുള്ള പ്രവാസത്തിലും ഒക്കെയാണ്. കുട്ടിക്കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതങ്ങളുടെ പാരുഷ്യം അബാനിയുടെ നോവലുകളില്‍ തീവ്രവും കാവ്യാത്മകവും, എന്നാല്‍ ഒരു ഘട്ടത്തിലും അതിവൈകാരികത പുരലാത്തതുമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും കൌമാര- യൌവ്വനാരംഭ ഘട്ടത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും കടന്നു വരുന്നത്. പതിനാലു വയസ്സിനിടെ ഗാര്‍ഹിക പീഡനത്തിന്റെയും ആവര്‍ത്തിച്ചുള്ള ലൈംഗികകയ്യേറ്റങ്ങളുടെയും ലൈംഗിക മനുഷ്യക്കടത്തിന്റെയും നിയമത്തിന്റെതന്നെ വെട്ടയാടലിന്റെയും ദുരിതങ്ങളിലൂടെ കടന്നുപോവുകയും പോംവഴികളൊന്നുമില്ലാതെ അടഞ്ഞുപോയ ജീവിത സാഹചര്യങ്ങളില്‍നിന്നു മോചനം തേടി തെംസ് നദിയുടെ ആഴങ്ങളില്‍ മറയുകയും ചെയ്യുന്ന അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ബികമിംഗ് അബിഗേയ്ല്‍', സന്തുഷ്ടമായ കുടുംബ സാഹചര്യങ്ങളിലേക്ക് ആഭ്യന്തരയുദ്ധം അധിനിവേശം നടത്തുന്നതോടെ പ്രിയപ്പെട്ടവരേ നഷ്ടമാവുകയും ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്ക (child soldiers) ളില്‍ ഒരാളായി, റിബല്‍ സൈന്യത്തിന് വേണ്ടി മൈന്‍ നിര്‍വ്വീര്യമാക്കുന്ന ജോലിയില്‍ ഏര്‍പ്പെടാന്‍ നിയുക്തനാവുകയും ചെയ്യുന്ന മൈ ലക്ക് എന്ന കൗമാരക്കാരന്റെ ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്രസൗന്ദര്യമിയന്ന സാന്ദ്രവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന സോംഗ് ഫോര്‍ നൈറ്റ്‌ എന്നിവയെ പോലെ മറ്റൊരു കൗമാരക്കാരന്റെ അതിജീവന സാഹസങ്ങളിലേക്ക് തന്നെയാണ് അവയെപ്പോലെതന്നെ 'മുതിര്‍ന്നുവരവിന്റെ കഥ'യായ ഗ്രേസ്‌ ലാന്‍ഡ്‌ എന്ന നോവലും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഓര്‍മ്മകളുടെ ചതുപ്പുകള്‍ - അതിജീവനത്തിന്റെയും

ലാഗോസിലെ ദരിദ്രവും വൃത്തിഹീനവും കലാപം ചവച്ചുതുപ്പിയ നാടിന്റെ സ്വാഭാവിക പരിണതിയായ കുറ്റകൃത്യങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങള്‍ നിറഞ്ഞതുമായ മരോകൊയിലെ ചതുപ്പുകള്‍ക്കരികിലെ ചേരികളിലൊന്നില്‍, അലസനും മുഴുക്കുടിയനുമായ പിതാവിനോടും മുന്‍ ബന്ധത്തിലെ മൂന്നു മക്കളോടൊപ്പം അച്ഛന്റെ പുതിയ ഭാര്യയായിക്കഴിയുന്ന രണ്ടാനമ്മയോടും ഒപ്പം അനിശ്ചിതത്വം നിറഞ്ഞ അതിജീവനത്തിനു ശ്രമിക്കുന്ന പതിനാറുകാരന്‍ എല്‍വിസ്‌ ഒകെയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഏതാനും ദിനങ്ങളാണ് നോവല്‍ പിന്‍തുടരുന്നത്. മകന് സ്നേഹപൂര്‍വ്വം തന്റെ ആരാധനാപാത്രമായ അമേരിക്കന്‍ ഗായകന്റെ പേരിട്ട അമ്മ, കാന്‍സറിനു കീഴടങ്ങുമ്പോള്‍ അവനു വിട്ടുവെച്ചത് അവരോടും , മുത്തശ്ശി ഓയേ, അമ്മാവി ഫെലീഷ്യ, കളിക്കൂട്ടുകാരി എഫുവാ തുടങ്ങിയവരോടുമൊപ്പം കഴിഞ്ഞ സന്തോഷകരമായ ഗ്രാമ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകളും താളുകള്‍ പറിഞ്ഞു തുടങ്ങുന്ന ഒരു ജേണലും മാത്രം. കുറിപ്പുകളില്‍ വിവരിക്കപ്പെടുന്ന പാചക വിധികളെക്കാളേറെ സൂചിതമാകുന്ന ഗോത്രമിത്തുകള്‍ നോവലില്‍ മുഖ്യ ഇതിവൃത്തമാകുന്ന പില്‍ക്കാല സംഭവങ്ങള്‍ക്ക് വിദൂരമായ പശ്ചാത്തലം ഒരുക്കുന്നുണ്ട്‌. എന്നാല്‍ അത്ര നിഷ്കളങ്കമായ നൈസര്‍ഗ്ഗിക ജീവിതത്തിന്റെ മാത്രം ഇടം ഒന്നുമല്ല അവന്റെ ഗ്രാമം. ഫെലീഷ്യ അമ്മായിയോടൊപ്പം അരുതാത്ത ഓര്‍മ്മകളുണ്ട് എല്‍വിസിനു. അവിടെയാണ് എഫുവാ, ദാരിദ്രവും അസന്തുഷ്ടവുമായ ആഫ്രിക്കന്‍ കുടുംബാന്തരീക്ഷത്തിന്റെ ശാപങ്ങളില്‍ ഒന്നായ നിരന്തര ബാല പീഡനത്തിനു വിധേയയാവുന്നത്. എല്‍വിസിനു തന്നെയും അതേ അനുഭവം അതേ അങ്കിള്‍ ജോസഫില്‍ നിന്ന് തന്നെ നേരിടേണ്ടി വരുന്നുണ്ട്. ബയാഫ്രന്‍ സംഘര്‍ഷകാലത്ത് കുട്ടിപ്പട്ടാളക്കാരന്‍ ആയിരുന്ന കസിന്‍ ഇന്നസന്‍റ്, 'കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍' എന്ന വ്യാജേന അനിയന്‍ ഗോഡ്‌ഫ്രൈയുടെ കൊലയില്‍ അങ്കിള്‍ ജോസെഫിനോടൊപ്പം പങ്കാളിയാവുന്നുണ്ട്. 'രാവിനുള്ള ഗീതത്തി'ലെ മൈ ലക്കിന്റെ സമാനമായ അനുഭവങ്ങള്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളെ വേട്ടയാടുകയും രാവില്‍ പേടിസ്വപ്നങ്ങള്‍ കൊണ്ട് ഉറക്കത്തെ കലുഷമാക്കുകയും ചെയ്യുന്നുണ്ട്. പള്ളിയില്‍ അഭയം തേടിയ പ്രാര്‍ഥനാനിരതരായ ആള്‍ക്കൂട്ടത്തെ, കുട്ടികളും സ്ത്രീകളുമുള്‍പ്പടെ, കൊന്നൊടുക്കിയതിന്റെയും കത്തിയാളുന്ന വിശപ്പിനു പരിഹാരമായി സഹയോദ്ധാക്കള്‍ കൊന്നു പാചകം ചെയ്യുന്ന കുരങ്ങിന്‍ കുഞ്ഞിനെ കഴിക്കാനാവാത്തതിന്റെയും അത് കുഞ്ഞുങ്ങളെ തിന്നുന്ന നരഭോജനമായി മനം പിരട്ടലുണ്ടാക്കുന്നതിന്റെയും അനുഭവങ്ങള്‍ മാത്രമല്ല, അപൂര്‍വ്വമായെങ്കിലും തന്റെ ഹിംസ ആസ്വദിച്ചു പോവുന്നതിന്റെ നടുക്കവും അയാള്‍ അനുഭവിക്കുന്നുണ്ട്.

എട്ടാം വയസ്സില്‍ അമ്മ മരിച്ചതിനു ശേഷം ഒരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ലാത്ത എല്‍വിസിന്റെ പതിനാറാം ജന്മദിനത്തില്‍, 1983-ല്‍ ആണ് നോവല്‍ തുടങ്ങുന്നത്. പിറകോട്ടും അതേ വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചും നോവല്‍ സഞ്ചരിക്കുന്നു. തന്റെ ജന്മദിനം അമ്മയുടെ നഷ്ടത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് കൊണ്ടാണോ അതോ അച്ഛന്‍ സണ്‍ഡേ താന്‍ കരുതുന്നതിലേറെ സ്വാര്‍ത്ഥനാണ് എന്നതുകൊണ്ടാണോ അയാളത് അവഗണിക്കുന്നത് എന്ന് അവനു തീര്‍ച്ചയില്ല. അച്ചനുമായുള്ള അവന്റെ ബന്ധവും ഒരു ഘട്ടത്തിലും ഒട്ടും കാരുണ്യപൂര്‍ണ്ണവുമല്ല . ആഭ്യന്തരയുദ്ധത്തിന് മുമ്പ്‌ ഒരു ജനപ്രതിനിധി ആയിരുന്ന അച്ഛന്റെ പതനം നൈജീരിയായുടെ ചരിത്ര പരാജയങ്ങളുടെ കൂടി കണ്ണാടിയാണ്. നോവലിന്റെ ഒടുവില്‍, സ്വപ്നപ്രത്യക്ഷമാകുന്ന ബിയാട്രിസും പുള്ളിപ്പുലിയുടെ രൂപത്തില്‍ പ്രത്യക്ഷനാകുന്ന കുലദൈവവും നല്‍കുന്ന മുന്നറിയിപ്പ് പോലും അവഗണിച്ച്, ചേരി നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി സൈനിക ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ വീരോചിതമായിത്തന്നെ ചെറുത്തുനിന്നു ബുള്‍ഡോസറിനടിയില്‍ പെട്ട് മരിക്കുന്ന അച്ഛന്റെ ഭൌതികാവശിഷ്ടമെങ്കിലും അതര്‍ഹിക്കുന്ന മാന്യതയോടെ സംസ്കരിക്കാന്‍ ആഗ്രഹിച്ചു പീഡനം ഏറ്റുവാങ്ങുന്ന എല്‍വിസിനെ നാം കാണുന്നുണ്ട്. എങ്കിലും അച്ചനുമായുണ്ടാവുന്ന നിരന്തര സംഘര്‍ഷങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും തന്നെയാണ് ജീവിതമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനു അവനെ ലാഗോസിലെ തെരുവുകളില്‍ എത്തിക്കുന്നത്. 'പ്രാസിറ്റാമോള്‍' കച്ചവടക്കാരും ദൈവവചനപ്രഘോഷകരും ബീച്ചില്‍ ചുറ്റിത്തിരിയുന്ന വിദേശികളും അവരെ ഉപജീവിച്ചും തട്ടിപ്പറിച്ചും മോഷ്ടിച്ചും കഴിയുന്ന ആയിരങ്ങള്‍ക്കും ഇടയില്‍, തന്റെ പേരിന്റെ ഉടമയായ മഹാഗായകന്റെ അനുകര്‍ത്താവായി നൃത്തപ്രകടനങ്ങള്‍ ജീവിതമാര്‍ഗ്ഗമാക്കുന്നതിനെ അച്ഛന്‍ എതിര്‍ക്കുന്നുണ്ട്. ധാരാളം വായിക്കുകയും പുകവലിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയുന്ന എല്‍വിസ്‌, ഒന്നില്‍ നിന്ന് ഒന്നിലേക്കായി പല തൊഴിലുകളില്‍ മുങ്ങിപ്പോവുന്നു: റിഡംഷന്‍ എന്ന കൂട്ടുകാരന്‍ കുറ്റകൃത്യങ്ങളുടെ അധോലോകങ്ങളിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഇന്ത്യന്‍ വംശജയായ സമ്പന്നയുവതി രോഹിണിയുടെ 'ഡാന്‍സിംഗ് പാര്‍ട്ട്ണര്‍' ആയി രക്ഷപ്പെടാനുള്ള വഴി തെളിയുന്നത് തുടക്കത്തിലേ തിരിച്ചടിയാവുന്നത്, രാഷ്ട്രീയവും അധോലോകവും ഒരുപോലെ അടക്കിവാഴുന്ന കേണലിന്റെ ശത്രുത മനസ്സറിയാതെ സമ്പാദിക്കുന്നതോടെയാണ്. കേണല്‍ ആഫ്രിക്കന്‍ ഏകാധിപതികളുടെ ഒരു തികഞ്ഞ പതിപ്പാണ്. വിമത എഴുത്തുകാര്‍, ജേണലിസ്റ്റുകള്‍, നിയമജ്ഞര്‍, സംഗീതജ്ഞര്‍, അധ്യാപകര്‍ എന്ന് വേണ്ട, മുഖവും പേരുമില്ലാത്ത ആയിരക്കണക്കിന് നൈജീരിയക്കാരുടെ തിരോധാനത്തിനെന്ന പോലെത്തന്നെ കൂട്ടക്കുരുതികള്‍, കിരാതമായ സാഡിസ്റ്റ്-കസ്റ്റഡി പീഡനങ്ങള്‍, മനുഷ്യക്കടത്ത്, അവയവ മാഫിയ, ലൈംഗികതയുടെ അധോലോകങ്ങള്‍ തുടങ്ങി പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സൈനികഭരണങ്ങളുടെ മുഴുവന്‍ നീചതകളും അയാളില്‍ സമ്മേളിക്കുന്നുണ്ട്. കൊല്ലപ്പെടുന്നവരുടെ ചിത്രങ്ങള്‍ എടുത്തു സൂക്ഷിക്കുന്ന വൈകൃതത്തിനു അയാള്‍ പറയുന്ന വിശദീകരണം 'ആത്മാവുകളെയും മരണത്തിന്റെ സൌന്ദര്യത്തെയും' കാണാന്‍ എന്നതാണ്. "സൈനികര്‍ക്ക് തെറ്റും ശരിയുമില്ല. അവര്‍ക്കെന്തു വേണമോ അതുമാത്രം." തൊഴില്‍ തേടി റിഡംഷന്റെ കൂട്ടാളിയാവുമ്പോള്‍ അറിയാതെ മനുഷ്യക്കടത്തിന്റെ കാവലാളാവുന്നത് ഏറെ വൈകിയാണ് എല്‍വിസ്‌ തിരിച്ചറിയുന്നത്‌. കേണലിന്റെ തന്നെ ഉടമസ്ഥതയിലുള്ള, അതിര്‍ത്തികടത്തുന്ന അതേ ചരക്കുവണ്ടികളില്‍ സെക്സ് മാര്‍ക്കറ്റിന് വേണ്ടി തട്ടിയെടുക്കപ്പെട്ട പെണ്‍കുട്ടികളും അവയവ മാഫിയയുടെ ഉരുപ്പടികളും ഉണ്ടെന്നത് അവനു താങ്ങാനാവുന്നതിലും അപ്പുറമാണ്. റിഡംഷനെ കുറിച്ച് 'യാജകരാജാവ്' എന്ന തിയേറ്റര്‍ ആക്റ്റിവിസ്റ്റ് കൂടിയായ സുഹൃത്ത് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ സത്യമായിരുന്നു എന്ന് എല്‍വിസ്‌ തിരിച്ചറിയുക അപ്പോഴാണ്‌. കേണലിന്റെ തടവറയില്‍ എല്‍വിസിനു വിവരിക്കാനാവാത്ത പീഡനങ്ങള്‍ എറ്റുവാങ്ങേണ്ടിവരുന്നത്‌ ഈ സൌഹൃദങ്ങളുടെ പേരിലാവും. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിയേറ്റര്‍ ഗ്രൂപ്പിന്റെ പ്രകടനത്തില്‍ പങ്കാളിയായാവുന്നതിനിടെയാണ് അവന്‍ പിടിക്കപ്പെടുന്നതും. എന്നാല്‍, യാജകരാജാവിനെ കുറിച്ച് റിഡംഷന്‍ നല്‍കിയിരുന്ന സൂചനകളും അസ്ഥാനത്തല്ല. വ്യക്തിപരമായ പ്രതികാരമോഹമാണ് കേണലിനെതിരില്‍ കലാപം നയിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് എന്നത് ഭാഗികമായെങ്കിലും സത്യം തന്നെയാണ്. നോവലില്‍, ഇന്നസെന്റിനെ പോലെ ബയാഫ്രന്‍ കുരുതികളുടെ ഭീകരത ഏറ്റവും തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യമായി പേറുന്ന മറ്റൊരു കഥാപാത്രമായ 'രാജാവി'ന് കൂട്ടക്കുരുതിയുടെ നാളുകളില്‍ കണ്മുന്നില്‍ വെച്ച് തന്റെ കുടുംബത്തെ ഇല്ലാതാക്കിയവനോടുള്ള പ്രതികാരം. "ഉപ്പുസത്യാഗ്രഹത്തിനു പോകുന്ന ഗാന്ധിയെപ്പോലെ നിശ്ചയ ദാര്‍ദ്യത്തോടെ" മുന്നോട്ടു നീങ്ങി, സ്വന്തം ബലിയിലൂടെയെങ്കിലും അയാളത് സാധിക്കുന്നുമുണ്ട്, ചേരിനിര്‍മ്മാര്‍ജ്ജനത്തെ ചെറുക്കുന്ന ജനകീയ മുന്നേറ്റത്തിന്റെ മുന്‍ നിരയില്‍ നിന്ന്, കൊലയാളിയെ തിരിച്ചറിയുന്ന നിമിഷം തന്നെ. ഒരര്‍ഥത്തില്‍ ഒരു എല്‍വിസ്‌ നിത്യ ജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരാരും കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്താവുന്നവരല്ല എന്നത് നോവലിസ്റ്റിന്റെ ബോധ്യം തന്നെയാണ്. അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരെ സഹാനുഭൂതിയോടെത്തന്നെയാണ്, അവരുടെ എല്ലാ കാപട്യങ്ങളിലും നിസ്സഹായതകളിലും ക്രിസ് അബാനി അവതരിപ്പിക്കുന്നതും. റിഡംഷന്‍ ഒടുവില്‍ നടത്തുന്ന വലിയൊരു ചുവടുവെപ്പിലൂടെയാണ് എല്‍വിസ്‌ ഐക്യ നാടുകളിലേക്കുള്ള കുടിയേറ്റം സാധിച്ചെടുക്കുക.

ജീവിത ജാഗ്രതയുടെ പെണ്‍ സ്വരൂപങ്ങള്‍

മുത്തശ്ശി ഓയേ മുതല്‍ തെരുവില്‍ യാജകബാലകകരുടെ കാവല്‍ ജോലി ചെയ്യുന്നിടത്ത് വെച്ച് ആദ്യം പ്രലോഭനവും പിന്നീട് സ്ത്രീസഹജമായ രോഗശുശ്രൂഷാ സാന്നിദ്ധ്യവുമായി സ്നേഹിതയാവുകയും ചെയ്യുന്ന ബാലിക ബ്ലെസ്സിംഗ് വരെ കുറെയേറെ സ്ത്രീ കഥാപാത്രങ്ങളുണ്ട് ഗ്രേസ്‌ ലാന്‍ഡില്‍. ജീവിതത്തെ കുറിച്ചും മരണത്തെകുറിച്ചുമുള്ള ആഴമേറിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും അച്ഛന്റെ കയ്യേറ്റങ്ങള്‍ക്കെതിരില്‍ അമ്മയില്ലാ കുഞ്ഞിനു സാന്ത്വനമാവുകയും ചെയ്യുന്ന ദുരൂഹമായ ആദിമ ജ്ഞാനങ്ങളുടെയും മിത്തുകളുടെയും സൂക്ഷിപ്പുകാരിയായ ഓയേ മുത്തശ്ശി തലയെടുപ്പുള്ള കഥാപാത്രമാണ്. കുറ്റവാളികളെയും കൊലപാതകികളെയും മരച്ചുവട്ടില്‍ അടക്കുന്നതിനെ കുറിച്ച് അവര്‍ എല്‍വിസിനോട് പറയുന്നുണ്ട്: “മരണത്തില്‍ അവര്‍ക്കൊരവസരം കിട്ടുകയാണ് എന്തെങ്കിലും പ്രയോജനം ചെയ്യാന്‍, ഫലം കായ്ക്കുന്ന ഒരു മരത്തിനു വളമാവാന്‍". എന്നാല്‍ എല്‍വിസിനു പിന്നീട് മരങ്ങള്‍ക്ക് ചുവടെ നടക്കുമ്പോള്‍ ചില്ലകളില്‍ നിന്ന് പ്രേതരൂപികള്‍ കൈനീട്ടി വലിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. “മരണത്തില്‍ നിന്ന് മുഖം തിരിക്കരുത്. നമ്മള്‍ അതിനെ നേരിടണം, നമ്മള്‍ പുരുഷന്മാരാണ്" എന്ന് അച്ഛന്‍ പറയുന്നതിന്റെ പൊരുള്‍ പില്‍ക്കാലം വലിയൊരു ലക്ഷ്യത്തിനു വേണ്ടി സ്വയം ബലിയര്‍പ്പിക്കുമ്പോഴാണ് അയാളില്‍ പുലരുക. എന്നാല്‍ മരണം അഴുകിനാറുന്നുവെന്നു പ്രതികരിക്കുന്ന എല്‍വിസിനെ അങ്കിള്‍ ജോസഫ്‌ ഓര്‍മ്മിപ്പിക്കുന്നു: “ജീവിതവും അങ്ങനെത്തന്നെ, കുട്ടീ. ജീവിതവും അങ്ങനെത്തന്നെ.” ലോകത്ത് പലയിടത്തും തൂലികാ സൌഹൃദങ്ങളുള്ള ഓയേ മുത്തശ്ശി, എഫുവയുമായി സിനിമക്ക് പോകാനും മറ്റും പണം കണ്ടെത്താന്‍ വേണ്ടി അവരുടെ കത്തുകള്‍ മുക്കിക്കളയുകയും പിന്നീട് അവരെ ബോധ്യപ്പെടുത്താനായി ആ സുഹൃത്തുക്കളുടെതെന്ന വ്യാജേന എല്‍വിസ് സ്വയം എഴുതിയ വ്യത്യസ്ത കഥകള്‍ വായിച്ചു കേട്ട് രസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവന്റെ ചെയ്തി അവര്‍ കൃത്യമായും മനസ്സിലാക്കിയിരുന്നു എന്ന് പിന്നീട് ഫെലീഷ്യ അമ്മായിയില്‍ നിന്നാണ് അവന്‍ മനസ്സിലാക്കുക; അവരത് ആസ്വദിക്കുകയായിരുന്നു എന്നും. "നിന്റെ അമ്മയെ പോലെ അവര്‍ ശാന്തയായി മരിച്ചു" എന്ന് ഫെലീഷ്യ അമ്മായി അവനോടു പറയുന്നു. അച്ഛന്റെ രണ്ടാം ഭാര്യയായി എത്തുന്ന കംഫര്‍ട്ട് , സ്നേഹമയിയായിരുന്ന അമ്മയുടെ സ്ഥാനത്തേക് ഒരിക്കലും എത്താനാവുന്നവളല്ല എന്ന് എല്‍വിസ്‌ ആദ്യമേ തിരിച്ചറിയുന്നുണ്ട്. അവര്‍ക്ക് ആവശ്യം ഒരു പുരുഷന്റെ മേല്‍വിലാസം മാത്രമായിരുന്നു, സണ്‍ഡേക്ക് ജോലി ഒപ്പിക്കുന്നതിനു വേണ്ടി അന്യരോട് സെക്സില്‍ ഏര്‍പ്പെടാന്‍ മടിക്കാത്ത കംഫര്‍ട്ട് എല്‍വിസിനോട് കാര്യമായ മമത കാണിക്കുന്നുമില്ല. ഫെലീഷ്യ അമ്മായി അവന്റെ ചാപല്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനും എപ്പോഴും അവനു തുണയാവാനും തയ്യാറാവുന്നുണ്ട്. ഡാന്‍സ്‌ ക്ലാസ്സിനു ചേരാന്‍ പണം നല്‍കുന്നത് പോലെ ഐക്യ നാടുകളിലേക്ക് പോവുമ്പോള്‍ അവനു അങ്ങോട്ട്‌ രക്ഷപ്പെടാനുള്ള വഴി ഉറപ്പുനല്കുന്നുമുണ്ട് അവര്‍. ഒരു നിഴല്‍ പോലെ മാത്രം നോവലില്‍ സാന്നിധ്യമറിയിക്കുന്ന അമ്മ ബിയാട്രിസ് എല്‍വിസിന്റെയും സണ്‍ഡേയുടെയും ഓര്‍മ്മകളില്‍ നനുത്തൊരു വിങ്ങലാണ്. എന്നാല്‍ നോവലിലെ ഏറ്റവും ഹൃദയഭേദകമായ വിധി തീര്‍ച്ചയായും എഫുവായുടെതാണ്. മുതിര്‍ന്നവര്‍ അവള്‍ക്കെന്താണ് ഗാര്‍ഹികാന്തരീക്ഷത്തില്‍ സംഭവിച്ചു കൊണ്ടിരുന്നത് എന്ന് തിരിച്ചറിയാന്‍ വിസമ്മതിച്ചതിന്റെയും എല്‍വിസ്‌ അത് തുറന്നു പറയുമ്പോള്‍ അപക്വമായ വെറും വാക്കായി കണ്ടതിന്റെയും അച്ഛന്‍ തന്നെ തോക്കിന്‍ മുനയില്‍ അവനെ നിശ്ശബ്ദനാക്കുന്നതിന്റെയും പാപ ഭാരം പേറേണ്ടി വരുന്നത് ആ കൌമാരക്കാരിയാണ്. ഒടുവില്‍, ടോണി മോറിസന്റെ പികോലയെ പോലെ, അബാനിയുടെ തന്നെ അബിഗേയ്‌ ലിനെ പോലെ, ശപിക്കപ്പെട്ട ജന്മവുമായി ലാഗോസിലെ തെരുവുകളില്‍ അവള്‍ നഷ്ടപ്പെടുന്നു. ഓയേ മുത്തശ്ശി മരിക്കുമ്പോള്‍ അടുത്തില്ലാതിരുന്ന എല്‍വിസിനോട് ലാഗോസില്‍ അവളെ തിരഞ്ഞു കണ്ടെത്തണമെന്ന് ഒസ്യത്ത് ചെയ്തിരുന്നതായി ഫെലീഷ്യ അമ്മായി അവനോടു പറയുന്നുണ്ട്. എന്നാല്‍, റിഡംഷന്‍ ശരിയായി നിരീക്ഷിക്കുന്നപോലെ, എല്‍വിസ് എല്ലാം വേഗം മറക്കുകയും സഹാനുഭൂതിയുടെ അതിപ്രസരം പിന്നീട് നേരില്‍ കാണുമ്പോള്‍ മാത്രം അനുഭവിക്കുക/ പ്രകടമാക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. ഒടുവില്‍, ഇന്ത്യന്‍ വംശജനായ കപട ദൈവത്തിന്റെ അനുയായി വൃന്ദത്തില്‍പ്പെട്ട് അവള്‍ നടന്നു പോവുന്നത് പിന്നീടൊരിക്കല്‍ ഒരു മിന്നായം പോലെ എല്‍വിസ് കാണുന്നുണ്ട്. എല്‍വിസ്‌ നിരീക്ഷിക്കുന്നു: ജീവിതകാലം മുഴുവന്‍ അവള്‍ ഒരിക്കലും അവളെ സഹായിച്ചിട്ടില്ലാത്ത മുഖങ്ങളാലും കപടജ്ഞാനികളാലും ചുറ്റപ്പെട്ടിരുന്നു. ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമാണ് തെരുവിന്റെ പുത്രിയായ ബ്ലെസ്സിംഗ്. രാവിന്റെ മറപറ്റി പ്രായത്തിനിണങ്ങാത്ത പ്രലോഭനവുമായി എല്‍വിസിനെ സമീപിക്കുന്ന അവള്‍, അവന്‍ ജ്വരബാധിതനാകുന്നതോടെ അതിവേഗം അര്‍പ്പണമനസ്ഥിതിയുള്ള ശുശ്രൂഷകയാവുന്നു. ഈ ഘട്ടത്തില്‍ അവള്‍ എഫുവായെ ഓര്‍മ്മിപ്പിക്കുന്നു. എന്തുകൊണ്ടാണ് താന്‍ അങ്ങോട്ട്‌ സംരക്ഷണം നല്‍കേണ്ട എല്ലാ സ്ത്രീകളും തന്റെ സംരക്ഷകര്‍ ആവുന്നത് എന്ന് അവന്‍ ആശ്ചര്യപ്പെടുന്നുമുണ്ട്. ഐക്യനാടുകളിലേക്ക് പോകാനുള്ള അവസരം തെളിഞ്ഞു വരുമ്പോള്‍ അവനെ പിന്നോട്ട് വലിക്കുന്ന സാന്നിധ്യങ്ങളില്‍ മുന്നില്‍ അവളുണ്ടാവുക അങ്ങനെയാണ്. പക്ഷെ തെരുവിന്റെ പുത്രിക്കു കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുണ്ട്.

കടം കൊള്ളുമ്പോഴും അത് ജീവിതമാണ്.

ഖാലിദ്‌ ഹുസൈനിയുടെ ദി കൈറ്റ് റണ്ണര്‍ എന്ന കൃതിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഗ്രേസ്‌ലാന്‍ഡ്‌ . എന്നാല്‍ , വിദ്യാഭ്യാസമില്ലാത്ത അശിക്ഷിതനായ ഒരാള്‍ക്ക്‌ ഐക്യനാടുകളില്‍ ജീവിത വിജയം കണ്ടെത്താനാവും എന്ന ഉറപ്പിലൊന്നും കാര്യമില്ലെന്നും തന്റെ സ്വപ്ന നായകന്‍റെ ടെന്നസിയിലെ സൗധത്തിന്‍റെ പേരായ 'ഗ്രേസ് ലാന്‍ഡ്‌' പോലെ തനിക്കവിടം ഒരു ശാദ്വല പ്രദേശം ഒന്നുമായിരിക്കില്ലെന്നും ഡാന്‍സിംഗ് പ്രൊഫഷനില്‍ വിജയമെന്നത് ഒരു മരീചിക മാത്രമാവാമെന്നും എല്‍വിസ്‌ തിരിച്ചറിയുന്നുണ്ട്. എന്നാരിക്കിലും തന്നെപ്പോലെ നൈതികചോദ്യങ്ങളുടെ ശബ്ദം ഒരിക്കലും തീര്‍ത്തും അവഗണിക്കാനാവാത്ത ഒരാള്‍ക്ക്‌ ലാഗോസ് ചേരില്ലെന്ന് അവനെ ബോധ്യപ്പെടുത്തുന്നതില്‍ റിഡംഷനും കൂട്ടരും വിജയിക്കുന്നു. മൂര്‍തല മുഹമ്മദ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ അവന്‍ കണ്ടെത്തുന്നു: അനിശ്ചിതത്വം നിറഞ്ഞ ഭാവിയുടെ സമ്പന്ന സ്വപ്നങ്ങളിലേക്ക് ചുവടുവെക്കുന്ന ഈ നിമിഷം തനിക്കിതുവരെയും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിരുന്നതെല്ലാം താന്‍ പിറകില്‍ ഉപേക്ഷിക്കുകയാണ്- ഓയേ, എഫുവ, അച്ഛന്‍, 'രാജാവ്', റിഡംഷന്‍, ഒകോണ്‍ , ബ്ലെസ്സിംഗ്, എന്തിന്, കംഫര്‍ട്ടിനെ പോലും.
അധികൃതരുടെ "റിഡംഷന്‍ !" എന്ന വിളിക്ക് ഒരു നിമിഷം ശങ്കിച്ച് വിളികേള്‍ക്കുന്ന എല്‍വിസിലാണ് നോവല്‍ അവസാനിക്കുന്നത്. "നമ്മളിപ്പോള്‍ മരുഭൂമിയിലെ ഇസ്രായേല്‍വംശജരെ പോലെയാണ്. പ്രതീക്ഷയറ്റ്‌ , സാധ്യതകളില്ലാതെ, മോശേയെക്കൂടാതെ.” മുമ്പൊരിക്കല്‍ റിഡംഷന്‍, എല്‍വിസിനോട് പറഞ്ഞതാണ്. 'രാജാവി'ന്റെ നാടക ട്രൂപ്പിലെ ജോര്‍ജ്ജ് മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നതും സംഗതമാണ്: “ഈ ജീവിതം ഒരു ചൊറിച്ചില്‍ പോലെയാണ്. നിങ്ങള്‍ മാന്തിക്കൊണ്ടേയിരിക്കും, തൊലി ഉരിഞ്ഞു പോകാന്‍ പാകത്തില്‍ പതഞ്ഞുപോകും വരെ. എന്നാലും നിങ്ങള്‍ മാന്തും. ഞാന്‍ ദോഷൈക ദൃക്കല്ല, എല്‍വിസ്‌, തളര്‍ന്നു പോയിരിക്കുന്നു എന്നേയുള്ളൂ.”

(ദേശാഭിമാനി വാരിക ആഗസ്റ്റ്‌ 2016)


more by chris abani:
    Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

    Song for Night by Chris Abani

https://alittlesomethings.blogspot.com/2016/02/blog-post.html

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 86-86)

Wednesday, August 17, 2016

The Spider King's Daughter by Chibundu Onuzo


ചിലന്തിവലയുടെ പൈതൃകങ്ങള്‍



"ലോകത്തെവിടെയായാലും , സമ്പന്നരും പാവപ്പെട്ടവരും തുല്യനിലയില്‍ കണ്ടുമുട്ടുക എന്നത് ദുസ്സാധ്യമാണ്. എന്നാല്‍ എല്ലയിടത്തും, ഈ സാമൂഹിക വിഭാഗങ്ങളുടെ കണ്ടുമുട്ടലിനു ചില പ്രത്യേക അഭിരുചി ഭേദങ്ങളുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലണ്ടില്‍ നൈജീരിയയില്‍ എന്ന പോലെ, ആളുകള്‍ വീട്ടുവേലക്കാരികളെ ജോലിക്കെടുക്കാറുണ്ട്, എന്നാല്‍ നിങ്ങളുടെ വേലക്കാരിയെ അടിക്കുക എന്നത് ഇംഗ്ലണ്ടില്‍ ക്രിമിനല്‍ കുറ്റമാണ്. നൈജീരിയയില്‍ ആവട്ടെ, അത് പരമാവധി നെറ്റി ചുളിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് ആ 'പഴയ സമ്പന്ന കുമാരി ദരിദ്ര കുമാരനെ കണ്ടുമുട്ടുന്ന' ക്ലീഷേയില്‍ ലാഗോസിന്റെ സാമൂഹിക ഘടന എന്ത് ട്വിസ്റ്റ്‌ ആണ് കൂട്ടിച്ചേര്‍ക്കുക എന്നറിയാന്‍ നിങ്ങള്‍ 'ചിലന്തി രാജാവിന്റെ മകള്‍ ' വായിക്കണം എന്നാണ് എനിക്ക് തോന്നുന്നത്
 (-ചിബുണ്ടു ഒനൂസോ, ഒരു അഭിമുഖത്തില്‍ നിന്ന് )

ഇംഗ്ലണ്ടിലെ പ്രസിദ്ധപ്രസാധകര്‍ ഫേബര്‍ & ഫേബര്‍ ചിബുണ്ടു ഒനൂസോയുടെ പ്രഥമ കൃതി ഉള്‍പ്പടെ രണ്ടു പുസ്തകങ്ങള്‍ക്ക് അവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ (2010) എഴുത്തുകാരിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം, അവരെ ആകര്‍ഷിച്ച ആ പ്രഥമ കൃതി എഴുതിത്തുടങ്ങുമ്പോള്‍ വയസ്സ് പതിനേഴും. വോലെ സോയിങ്കയെയും ചിനുവ അച്ചബെയെയും ചിമമാന്‍ഡാ അദീചിയെയും ആരാധിക്കുന്ന ചിബുണ്ടു ഒനൂസോ, അങ്ങനെ ഫേബര്‍ & ഫേബര്‍ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയെന്ന ബഹുമതി നേടിയെടുത്തു. ലാഗോസിലെ സമ്പന്നകുടുംബത്തില്‍ ഡോക്റ്റര്‍ ദമ്പതികളുടെ നാല് മക്കളില്‍ ഇളയവളായിപ്പിറന്ന ഇമാചിബുണ്ടു ഒലുവദാരാ ഒനൂസോ ഒരു നാള്‍ തെരുവില്‍ കണ്ടുമുട്ടാന്‍ ഇടയായ തെരുവുകച്ചവടക്കാരിയായ കൌമാരക്കാരി അവളുടെ ജീവിതത്തെ കുറിച്ച് നല്‍കിയ ചുരുങ്ങിയ വാക്കുകളിലെ വിവരണത്തില്‍ നിന്നാണ് തന്റെ കഥാപാത്രമായ 'തെരുവുകച്ചവടക്കാര'നെ (മൈ ഹോക്കര്‍ എന്ന് മാത്രം നോവലില്‍ ) കണ്ടെത്തിയതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു പകല്‍ മുഴുവന്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പിറകില്‍ , തങ്ങളുടെ ആ നിമിഷത്തിന്റെ ഉല്ലാസത്തിന് വേണ്ടി ഇരകാട്ടിക്കളിപ്പിക്കുന്ന വളര്‍ത്തു മൃഗങ്ങളെപ്പോലെ പ്രലോഭിപ്പിക്കുന്ന സമ്പന്നയാത്രക്കാരുടെ കളിപ്പാട്ടമാകുമ്പോഴും കഷ്ടിച്ച് അന്നാന്നത്തെ അഷ്ടിക്കുള്ളത് കണ്ടെത്താനാവാത്ത അത്തരക്കാരുടെ 'ഓട്ടം' ലാഗോസിലെ തനിക്കു പരിചിതമല്ലാത്ത മറ്റൊരു ജീവിതത്തിന്‍റെ രൂപകമായി അവര്‍ തിരിച്ചറിയുകയായിരുന്നു. രണ്ടായിരം നൈറ എന്ന തുച്ഛമായ വിഹിതമാണ് ഈ മത്സരയോട്ടത്തില്‍ ഏറ്റവും മിടുക്കനായ കഥാനായകന് ദിനാന്ത്യത്തില്‍ നേടാനാവുമായിരുന്നത് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. തൊട്ടടുത്ത് കഴിയുമ്പോഴും സാമൂഹിക ശ്രേണിയില്‍ ഭിന്ന ധ്രുവങ്ങളില്‍ കഴിയുന്നവര്‍ക്കിടയിലെ പാരസ്പര്യ സാധ്യതയും അതിന്റെ അഭാവവും ഒരു റോമിയോ- ജൂലിയറ്റ് സമവാക്യത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.

കുടിലും കൊട്ടാരവും- പ്രണയ ദുരന്തത്തിന്റെ തനിയാവര്‍ത്തനം.

ലാഗോസിലെ സമ്പന്നതയുടെ പര്യായമായ ഒലുമിദ കയോദേ ജോണ്‍സണ്‍ എന്ന കൊര്‍പ്പോരെറ്റ് അധിപന്റെ മകള്‍ പതിനേഴുകാരി അബികെ തന്റെ മടുപ്പിക്കുന്ന ജീവിതാവസ്ഥയില്‍ ഒരു നാള്‍ തെരുവില്‍ വെച്ച് തെരുവുകച്ചവടക്കാരനായ യുവാവിനെ പരിചയപ്പെടുന്നതോടെയാണ് എല്ലാം ആരംഭിക്കുന്നത്. അച്ഛന്റെ വിലക്ക് വകവെക്കാതെ കാര്‍ വിന്‍ഡോ താഴ്ത്തി അവള്‍ പിറകെ ഓടി വരുന്ന ഐസ് ക്രീം കച്ചവടക്കാരനെ ശ്രദ്ധിക്കുന്നു. ആദ്യം അയാളുടെ ചടുല ചലനത്തില്‍ നിറയുന്ന സുഭഗസൗന്ദര്യവും പിന്നീട്, ഇതര തെരുവുവാസികളുടെ മുറി ഇംഗ്ലിഷില്‍ (pidgin) നിന്ന് വ്യത്യസ്തമായി, അയാളുടെ മികച്ച ഇംഗ്ലീഷ് ഭാഷാ പ്രയോഗവും അവളെ ആകര്‍ഷിക്കും. ദുരൂഹമായ ഒരന്ത്യത്തില്‍ അച്ഛന്‍ നഷ്ടപ്പെടുകയും മൈല്‍ 12എന്ന ചേരിപ്രദേശത്തെ ലോക്കല്‍ സ്കൂളില്‍ ചേരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യും മുമ്പ് മികച്ച സ്കൂളില്‍ അധ്യാപനം നടത്തിയതിന്റെ പശ്ചാത്തലമുണ്ട് അവന്. "മൈ ഹോക്കര്‍ " എന്ന് മാത്രം അവര്‍ വിളിക്കുന്ന ചെറുപ്പക്കാരന് കച്ചവടത്തില്‍ ഓടുന്ന കാറുകള്‍ക്ക് പിറകെ പായാനുള്ള അയാളുടെ വൈദഗ്ദ്യം കണക്കിലെടുത്ത് 'റണ്ണര്‍ ജി' എന്ന് പേരുണ്ട്. വൈകാതെ , തന്റെ പതിവ് നേരമ്പോക്ക് പ്രലോഭനത്തിനപ്പുറം അവള്‍ അവനോട് അടുത്തുപോകുന്നു. അവനെ സംബന്ധിച്ചാവട്ടെ, ഫീസ്‌ കൊടുക്കാന്‍ നിവൃത്തിയില്ലാതെ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കാലത്ത്, മുമ്പ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇട്ടേച്ചു പോയതിന്റെ ശൂന്യതയിലേക്കാണ് പ്രഭുകുമാരിയുടെ സൗഹൃദം കടന്നു വരുന്നത്. പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവള്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും സാമൂഹിക നിലയിലുള്ള വ്യത്യാസം തങ്ങളുടെ ബന്ധത്തില്‍ ഒരിഞ്ചു മുന്നോട്ടു പോകുന്നതില്‍ അയാളെ ചകിതനാക്കുന്നത്, സുഹൃത്തിന്റെതോ കാമുകന്റെതോ എന്ന് നിര്‍വ്വചിക്കാന്‍ ആവാത്ത ഒരു ചുംബനത്തിനപ്പുറത്തേക്ക് കടക്കാനാവാതെ എപ്പോഴും അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. എപ്പോഴും ഒരു ഭൂതകാലത്തെകുറിച്ചുള്ള ഗൃഹാതുരത അവനിലുണ്ട്. “'സമ്പന്നനായിരുന്ന' എന്ന ലേബല്‍ അവനുമായി ബന്ധപ്പെട്ട എല്ലാത്തിലും തൂങ്ങിക്കിടപ്പുണ്ട്. എന്നിട്ടും, ഒടുവില്‍ എങ്ങനെ ഒരു തെരുവ് കച്ചവടക്കാരന്‍ ആയിത്തീര്‍ന്നു എന്ന് അവനെന്നോട് പറയുന്നില്ല. അച്ഛന്റെ മരണമാവാം അതിന്റെ കാരണം എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്" ഒളിച്ചു വെക്കുന്ന/ പുറത്തിടാന്‍ അവനിഷ്ടമില്ലാത്ത ആ കഥ മാത്രമാണ് അവനു ജീവിതത്തില്‍ വിലയുള്ളതായിത്തോന്നുന്ന ഏകാകാര്യം. അവനു മി. ടി-യെപോലുള്ള മറ്റു യാജകരോടുള്ള ചങ്ങാത്തം അബികേക്ക് ഉള്‍കൊള്ളാന്‍ ആവുന്നതുമല്ല. "ഒരു കൈയ്യും ഒരു പക്ഷെ സുബോധത്തിന്റെ ഒരംശവും നഷ്ടപ്പെട്ട യാജകനുമായി സൌഹൃദത്തിലാണ് അയാള്‍ എന്നത് എന്നെ അസ്വസ്ഥയാക്കുന്നു. ... ഒരു പക്ഷെ എനിക്കൊരു തെരുവ് കച്ചവടക്കാരനോട് ചങ്ങാത്തം സാധ്യമാണ്, പക്ഷെ ഒരു യാജകനോട് മിണ്ടുന്ന ഒരാളുമായി തീര്‍ച്ചയായും അത് സാധ്യമല്ല.” തന്റെ ഡ്രൈവര്‍ , തോട്ടക്കാരന്‍, മകള്‍ ഒരു 'കാട്ടുജാതി (bush girl)' ആവാതിരിക്കാനായി അവള്‍ക്ക് യൂറോപ്പ്യന്‍ ഭക്ഷണ രീതിയും വിഭവങ്ങളും ശീലിപ്പിച്ച അമ്മ നല്‍കാതിരുന്ന നാടന്‍ രുചികള്‍ സ്നേഹപൂര്‍വ്വം നല്‍കി മാതൃ നിര്‍വ്വിശേഷം പരിചരിച്ച ഗ്രേസ് ആന്റി എന്നിവരോടൊന്നും യജമാന ഭാവം വെടിഞ്ഞു പെരുമാറാന്‍ അബികേക്ക് കഴിയുന്നില്ല എന്നതും ഓര്‍ക്കാവുന്നതാണ്. എന്നാല്‍ , മരിച്ചുപോയ തന്റെ അച്ഛന്റെ കാര്യത്തില്‍ ഉന്നത കുലജാതയായിരുന്ന അമ്മ മുന്‍ കൈ എടുത്തപോലെ തങ്ങളുടെ കാര്യത്തില്‍ അബികെ മുന്‍കൈ എടുക്കണം എന്ന് അവന്‍ ചിന്തിക്കുന്നുണ്ട്. അബികെയുടെ മന്ദിരത്തില്‍ വിചിത്രാനുഭവങ്ങള്‍ അവനെ കാത്തിരിപ്പുണ്ട്‌. അവിടെയാണ് അവന്‍ അവളുടെ അര്‍ദ്ധ സഹോദരന്മാരായ വെയ്ല്‍ , ചീഫ് എന്നിവരെ കണ്ടുമുട്ടുകയും അബികെ പറയാനിഷ്ടപ്പെടാത്ത ഒലുമിദ ജോണ്‍സന്‍റെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ചും അതിലുണ്ടായ മക്കളോട് അയാള്‍ കാണിച്ച നെറികേടുകളെ കുറിച്ചും അറിയുകയും ചെയ്യുക. വിശാലമായ പുല്‍ത്തകിടിയും മറ്റും അവനെ മറ്റൊരു നിലക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. "അത്തരം ഒരു മരുപ്പച്ച സൃഷ്ടിക്കാന്‍ എത്രമാത്രം സമ്പത്തുണ്ടാവണം എന്ന് ഞാന്‍ അത്ഭുതപ്പെട്ടു, ലാഗോസിന്റെ പാതിയിലും പൈപ്പ് വെള്ളമില്ലാത്ത ഘട്ടത്തില്‍ ഇവിടെ തെളി യന്ത്രം കൊണ്ട് പച്ചപ്പുല്ല് നനക്കുന്നു.” നോവലിന്റെ അന്ത്യത്തില്‍ അവന്‍ ഇതോടു ചേര്‍ത്തു കാണുന്നുണ്ട്: "യൂറോപ്പിലെങ്ങും ആന്റി പ്രഷ്യസിനെ പോലുള്ള സ്ത്രീകള്‍ മലര്‍ന്നു കിടക്കാന്‍ നിര്‍ബന്ധിതതരായതിന്റെ വിലയിലാണ് ഈ ഹരിതസ്ഥലികള്‍ ഉണ്ടാക്കിയിരിക്കുന്നത്.”

ഇരുണ്ട രഹസ്യങ്ങള്‍ , വന്യ ചോദനകള്‍

സാമൂഹിക നിലയിലെ അന്തരം എന്നതോടൊപ്പം അവരുടെ ബന്ധത്തെ ദുരന്തത്തിലേക്ക് കൊണ്ട് പോവുക, എല്ലാം ശരിയായിവരുന്നു എന്ന് തോന്നുന്ന ഘട്ടത്തില്‍ വെളിവാകുന്ന ചില ഇരുണ്ട രഹസ്യങ്ങളാണ്. ഇറ്റലിയില്‍ വേശ്യാവൃത്തിയിലേക്ക് വലിച്ചെറിയപ്പെട്ട പ്രഷ്യസ് അമ്മായിയുടെ ഭൂതകാലം വെളിവാക്കുന്ന വസ്തുതകള്‍ , നൈജീരിയായിലെതന്നെ മികച്ച വക്കീലായി പേരെടുക്കാന്‍ കഴിയുമായിരുന്ന അച്ഛന്റെ ദുരൂഹമായ അന്ത്യത്തെ കുറിച്ച് പൊടുന്നനെ വ്യക്തമാകുന്ന സത്യങ്ങള്‍ , കൊയോദേ അമ്മാവന്റെ അംഗ ഭംഗം- സമ്പന്നതയുടെയും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും പിന്നില്‍ ഒലുമിദ ജോണ്‍സണ്‍ എന്ന, മനുഷ്യക്കടത്തുള്‍പ്പടെ ആധുനിക നൈജീരിയന്‍ അധോലോക ജീവിതത്തിന്‍റെ യഥാര്‍ത്ഥ ഭീകരതയുടെ മുഖം, 'റണ്ണര്‍ ജി'യുടെ ജീവിതലക്‌ഷ്യം പ്രതികാരമെന്ന സര്‍വ്വ സംഹാരകമായ ചുഴിയിലേക്ക് എടുത്തെറിയുന്നു. എന്നാല്‍ , രക്തത്തില്‍ അലിഞ്ഞ നൈസര്‍ഗ്ഗികമായ ക്രൂരതയുടെയും വരേണ്യ ബോധത്തിന്റെയും വാസനകള്‍ പ്രണയത്തിന്‍റെ വിളിയേക്കാള്‍ തീവ്രമായതുകൊണ്ട് അബികേയുടേത് ഒരു ജൂലിയറ്റ് ജന്മം ആകുന്നതേയില്ല.

അബികെയുടെ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വൈരുധ്യങ്ങള്‍ ഒരു വേള പ്രണയം ദുസ്സാധ്യമാക്കുന്നുണ്ട്. ഒലുമിദ ജോണ്‍സണ്‍ തന്റെ അഗമ്യഗമനത്തിലെ പതിമൂന്നു മക്കളോടെന്നപോലെത്തന്നെ മറ്റുള്ളവരുടെ ജീവിതങ്ങളിലും പരത്തുന്ന നിഴലിന്റെ ഇരുട്ട് വളരെ സാവധാനത്തിലാണ് വ്യക്തമാകുകയെങ്കിലും അയാളുടെ കരാള പ്രവണതകളുടെ വ്യക്തമായ ഒരു സൂചനയുമായാണ് നോവല്‍ ആരംഭിക്കുക. മകളുടെ സന്തത സഹാചാരിരിയായ പട്ടിക്കുട്ടിയെ കാറിടിച്ച് മൃതപ്രായനാക്കാന്‍ സത്യത്തില്‍ അയാളാണ് ഡ്രൈവറെ നിര്‍ബന്ധിക്കുന്നത്‌. എന്നാല്‍ ഇതിനോടുള്ള അബികെയുടെ പ്രതികരണം അവള്‍ അച്ഛന്റെ മകള്‍ തന്നെയെന്നു തെളിയിക്കുന്നു.
"എനിക്കറിയാമായിരുന്നു അദ്ദേഹം നുണ പറയുകയാണെന്ന്. അതെനിക്കറിയാമെന്നു അദ്ദേഹത്തിനറിയാമായിരുന്നു, ആ നിമിഷം കോപം എന്നില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു, അത് കെട്ടഴിച്ചു വിട്ടിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ടിലൊരാളെ കൊല്ലാനും മാത്രം ശക്തമായത്‌.”
പാവം പട്ടിയെ തീര്‍ത്തുകളയാന്‍ മുന്‍കൈ എടുക്കുന്നത് അവള്‍ത്തന്നെയാണ് താനും. എല്ലാത്തിനെയും തന്റെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള എന്തോ ആയിക്കാണുന്ന അവളുടെ വരേണ്യപ്രകൃതം 'മൈ ഹോക്കര്‍ ' എന്ന പ്രയോഗത്തില്‍ത്തന്നെ വ്യക്തമാണ്. തന്റെ ആഡംബരക്കാറില്‍ കൂട്ടുകാരനെ കാണാന്‍ വരുന്നത്, ലാഗോസിലെ കുപ്രസിദ്ധമായ മോഷ്ടാക്കളുടെ വിളയാട്ടം ക്ഷണിച്ചുവരുത്തുമെന്നതില്‍ അസ്വസ്തനാവുന്ന 'ഹോക്ക'രോട് അവള്‍ പ്രതികരിക്കുന്നത് അവളുടെ മുഴുവന്‍ ഗര്‍വ്വും വ്യക്തമാക്കുന്നു:
നിന്റെ കാറുമായി വന്ന് പ്രദേശത്തുള്ള എല്ലാ പിടിച്ചുപറിരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നോ? നീയെന്റെ ബ്ലോക്ക് സായുധ കള്ളന്മാര്‍ക്കുള്ള ലക്ഷ്യമാക്കുകയാണെന്ന് നിനക്കറിയില്ലേ?”
നീ വല്ലാതെ പെരുപ്പിക്കുകയാണെന്നു നിനക്ക് തോന്നുന്നില്ലേ?”
"പെരുപ്പിക്കുക? ഈ നഗരത്തിലെ ജീവിതത്തെ കുറിച്ച് നിനക്കെന്തറിയാം? ദാരിദ്ര്യത്തെ കുറിച്ച്, ഓരോ രാത്രിയിലും കുറച്ചു പണത്തിനു വേണ്ടി അടിച്ചു പതം വരുത്തപ്പെടുന്ന അയല്‍വാസികളെ കേള്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നതിനെ കുറിച്ച് നിനക്കെന്തറിയാം?”
....
'നിന്റെ ഡ്രൈവര്‍ ' . അയാള്‍ക്ക് ഒരു പേരില്ല?”
നിര്‍ഗ്ഗുണനായ പയ്യന്‍. ആരാ നീ? നീ നിന്റെ കുടുംബത്തെ പോറ്റുന്നു എന്നതുകൊണ്ട്‌ നീയൊരത്ഭുതമാണ് എന്ന് നീ കരുതുന്നു. നിന്നെവെച്ചൊരു സിനിമയെടുക്കണം എന്ന് നീ കരുതുന്നു, ഇല്ലേ? നീയെങ്ങനെയാണ് ആദ്യം ഓടിയതെന്ന് , എത്ര മെച്ചപ്പെട്ടിരിക്കുന്നു എന്ന് എന്നോട് പറയുന്നു. എന്നാല്‍ എന്നെ വിശ്വസിക്ക്, ഈ ചവറ്റുകൂനയില്‍ നിന്ന് പുറത്തു കടക്കാന്‍ നിനക്കിനിയും ഏറെ നന്നായി അദ്ധ്വാനിക്കേണ്ടി വരും.”
അവള്‍ ഉപയോഗിക്കുന്ന നിര്‍ഗ്ഗുണന്‍ എന്ന വാക്ക് അവനെ ആഴത്തില്‍ മുറിപ്പെടുത്തുകയും മറക്കാന്‍ ശ്രമിക്കുന്ന ചിലത് അവനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. തന്റെ വക്കീല്‍ സുഹൃത്തുക്കളോടൊപ്പം മദ്യഗ്ലാസുകള്‍ കാലിയാക്കി വെറുതെ വാചകമടിച്ചിരിക്കുന്ന അച്ഛനെ കുറിച്ച് താന്‍ നടത്തിയിരുന്ന ആ പ്രയോഗം.

വംശീയത, ഗോത്രീയത, ആധുനികത.

നൈജീരിയന്‍ സാഹിത്യത്തില്‍ നിതാന്ത സാന്നിധ്യമായ വൈരുധ്യങ്ങള്‍ സ്പൈഡര്‍ കിംഗിലും നിഴലിടുന്നുണ്ട്. അമ്മ വിവരിക്കുന്ന പുരാവൃത്തങ്ങളില്‍ ഗോത്രീയതയെ നൈജീരിയയുടെ ശാപമായി വിവരിക്കുന്നു. അച്ഛന്‍ ഒണ്ടോ പ്രവിശ്യയില്‍ നിന്നുള്ള യൊറുബ കര്‍ഷക കുടുംബത്തില്‍ നിന്നായിരുന്നു. അമ്മയാകട്ടെ, ഒരു കാര്‍ ഡീലര്‍ ആയ ഇബോ വ്യവസായിയുടെ മകളും. അയാള്‍ക്ക് തന്നെക്കാള്‍ സാമൂഹ്യ പദവിയുള്ള കൂട്ടുകാരിയോട് ഹൃദയം തുറക്കാന്‍ പേടിയായിരുന്നു. അവരാണ് മുന്‍ കൈ എടുത്തത്. അബികെയും അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ മകന്‍ ആഗ്രഹിക്കുന്നു. മുത്തച്ചന്‍ 'യൊറുബ കൂലിത്തൊഴിലാളി'യെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനെ വിലക്കി. അച്ഛന്‍ പിന്‍വാങ്ങാന്‍ ഒരുങ്ങി. “നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതം കൂടാതെ വിവാഹം കഴിക്കില്ല'' എന്ന് അയാള്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കി. അമ്മ വിവരിക്കുന്നു “പക്ഷെ നിന്റെ മുത്തച്ചന്‍ ഒരു ഗോത്രമാനോഭാവക്കാരന്‍ ആയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് അദ്ദേഹം എന്നെയും നിന്റെ അച്ഛനെയും വിവാഹിതരാവാന്‍ വിസമ്മതിച്ചത്. ഗോത്രീയതയാണ് നൈജീരിയയെ പുറകോട്ടടിപ്പിക്കുന്നത്. ഒരിക്കലും ഒരാളെ ഗോത്രമേതെന്നു നോക്കി വിലയിരുത്തരുത്‌.” പലവുരു ആവര്‍ത്തിച്ച ഈ കുടുംബ പുരാണം അവനിലും ജോക്ക് എന്ന അനിയത്തിയിലും ഉണ്ടാക്കുന്ന മടുപ്പ് പുതു തലമുറയുടെ പ്രതികരണത്തെ സൂചിപ്പിക്കുന്നു. മറുവശത്ത്‌ പണം എന്ന ആധുനിക അധികാര ഘടനയുടെ ഉപാസകരായ പുത്തന്‍ നൈജീരിയയുടെ പ്രതീകമാണ് ഒലുമിദ ജോണ്‍സണ്‍ പ്രതിനിധാനം ചെയ്യുന്ന ലോകം. ആധുനികതയുടെ ചിഹ്നങ്ങളും പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങളും തമ്മിലുള്ള സംഘര്‍ഷം നോവലില്‍ പലയിടത്തും പ്രകടമാണ്; മിനി സ്കേര്‍ട്ട് ധരിച്ചു പുറത്തിറങ്ങുന്ന അബികെ നേരിടേണ്ടിവരുന്ന ആണ്‍ നോട്ടത്തിന്റെയും പരിഹാസത്തിന്റെയും കയ്യേറ്റങ്ങള്‍ ഉദാഹരണം.

പിതൃ സ്മരണയെന്ന സാന്ത്വനം

പലവുരു ആവര്‍ത്തിച്ചതെന്നു തോന്നാവുന്ന ഒരു പ്രമേയം ഏറെ ലളിതമെന്നു തോന്നാവുന്ന ശൈലിയില്‍ ആവിഷ്കരിക്കുമ്പോള്‍ ഇതിനെന്താണ് പുതുമയെന്നൊരു വിമര്‍ശക ദൃഷ്ടി പതിയാം കൃതിയില്‍ . എന്നാല്‍ , ആവിഷ്കാരം അതിന്റെ സൂക്ഷ്മതലങ്ങളില്‍ എത്ര അനായാസതയോടെയും ധ്വനിസാന്ദ്രമായുമാണ് നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ധാരാളമുണ്ട്. അതിലേറ്റവും ഹൃദ്യമായ ഒന്നാണ് രണ്ടുതലമുറകളുടെ നഷ്ടങ്ങളുടെ തീക്ഷ്ണത മുഴുവന്‍ 'സര്‍ട്ടിഫിക്കെറ്റ്' എന്ന മെറ്റഫറില്‍ ഒതുക്കി അച്ഛന്റെ ഓര്‍മ്മകള്‍ അവതരിപ്പിക്കുന്ന ഭാഗം :

മുറിയുടെ മൂലയില്‍ മൂന്നു ബാഗുകള്‍ ഉണ്ടായിരുന്നു. ഇടത്തുനിന്നു മൂന്നാമതുണ്ടായിരുന്ന മാനിലാ കവറിലായിരുന്നു അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ . ഞാന്‍ അവ പുറത്തെടുത്തു മറിച്ചു നോക്കി. ആദ്യം അദ്ദേഹത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റ് , എന്റെതിനു ഇരുപത്തിയേഴു കൊല്ലം മുമ്പ്, പിന്നെ മാമോദീസാ, പിന്നീട് ഒരു പതിനഞ്ചു വര്‍ഷം മൗനം കഴിഞ്ഞു സീനിയര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് -എല്ലാം ഏ-ഗ്രേഡ് , പിന്നെ യൂണിവേഴ്സിറ്റി, പിന്നെ അമ്മക്ക് നന്ദി, ഒരു ഉയര്‍ന്ന സെക്കണ്ട് ക്ലാസ്. ഇവിടെ ഞാന്‍ നിര്‍ത്തി. ഇതാ അദ്ദേഹം എന്റെ മുന്നില്‍ . അടുത്ത സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ എന്റെ അച്ഛനാക്കും. അതെന്താണെന്ന് എനിക്കറിയാമായിരുന്നു, എന്നിട്ടും ഞാന്‍ സമയമെടുത്തു, ഒരു പക്ഷെ അതില്‍ മറ്റെന്തെങ്കിലും ഉണ്ടാവാം. പതിവുപോലെ അടുത്തത്‌ കല്യാണമായിരുന്നു, പിന്നെ മാസ്റ്റര്‍ ഡിഗ്രി. പിന്നെ മരണം.

"ഈ സര്‍ട്ടിഫിക്കറ്റുകള്‍ എന്നെ ദേഷ്യം പിടിപ്പിക്കണമായിരുന്നു. അദ്ദേഹത്തിന്റെ ഏഴിന് പകരം എനിക്കാകെ രണ്ടേയുള്ളൂ. ഇനി കൂടുതല്‍ ഉണ്ടാവാനും ഒട്ടും സാധ്യതയില്ല; മരണത്തിനു ഒന്നും ഒരു പക്ഷെ വിവാഹത്തിനു ഒന്നും എന്നതല്ലാതെ. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകള്‍ കൈയില്‍ പിടിക്കുമ്പോള്‍ അതൊരിക്കലും എന്നെ ആശ്വസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നില്ല. എന്റെ അച്ഛന്‍ കാര്യപ്പെട്ട ഒരാളായിരുന്നു . അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഞാനദ്ദേഹത്തെ ദുര്‍ബ്ബലന്‍ എന്ന് ഇകഴ്ത്തിയുരുന്നിരിക്കാം, എന്നാല്‍ അപ്പോഴും അദ്ദേഹം ഒരു യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആയിരുന്നു, ഒരു മാസ്റ്റര്‍ ഡിഗ്രി ഉള്ളവന്‍, ഒരു വിജയിച്ച നിയമജ്ഞന്‍. ഒരു പക്ഷെ ഒരു നാള്‍ ജോക്ക് അത്രയുമോ അതില്‍ കൂടുതലോ നേടിയേക്കാം.” ഒലുമിദേ ജോണ്‍സണ്‍ തനിക്കും കുടുംബത്തിനും ഉണ്ടാക്കിയ നഷ്ടമെന്തെന്നും അവനെന്തുകൊണ്ട് പ്രതികാരദാഹിയകുന്നു എന്നും അത്രതെന്നെ ഹ്രസ്വവും ദീപ്തവുമായ രീതിയിലാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത് : “ഒലുമിദേ ഇടയില്‍ കടന്നുവന്നില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ ഡിഗ്രിക്കും മരണ സര്‍ട്ടിഫിക്കറ്റിനുമിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായേനെ. ഒരു പക്ഷെ 'സീനിയര്‍ അഡ്വോക്കെറ്റ് ഓഫ് നൈജീരിയ" എന്ന വാക്കുകള്‍ ഉള്ള ഒരു കടലാസ് കൂടി ഉണ്ടായേനെ.”

അച്ഛന്റെ മരണം അമ്മയിലുണ്ടാക്കുന്ന കടുത്ത വിഷാദ രോഗം അവനെ കുഴക്കുന്നുണ്ട്.: “വൈധവ്യം ഒരു രോഗമല്ല, അവര്‍ വാതിലിലൂടെ വേച്ചുനടന്നു പോകുമ്പോള്‍ അങ്ങനെ പറയണം എന്നെനിക്കു തോന്നി. അല്ലെങ്കില്‍ അവരുടെ ശൂന്യതക്ക് എന്റെ അച്ഛന്റെ നഷ്ടവുമായി ഒരു ബന്ധവും ഇല്ല എന്നും വരാം. ഒരു പക്ഷെ അവരിപ്പോഴും വിലപിക്കുന്നത് അവരുടെ ആഭരണങ്ങളുടെയും ചായം തേച്ച നഖങ്ങളുടെയും നഷ്ടമാകാം. അതൊക്കെയില്ലാതെ അവര്‍ ഒന്നുമായിരുന്നില്ല.” ഇപ്പോള്‍ അവര്‍ കൊടും വേനലിലെ മരം പോലെയാണെന്നും ഓരോ ദിവസവും അവരുടെ പഴയ അസ്തിത്വത്തിന്റെ ഒരു കഷണം കൊഴിഞ്ഞു പോകുന്നുവെന്നും അവന്‍ നിരീക്ഷിക്കുന്നു.


പത്തു വയസ്സുള്ളപ്പോള്‍ വളര്‍ത്തു പട്ടിയെ കൊന്നുകൊണ്ട് അച്ഛന്‍ തുടങ്ങിവെക്കുന്ന ഭ്രാന്തന്‍ കളി ('Frustration”)യില്‍ അബികെ നേടുന്ന പ്രാവീണ്യമാണ് ഒരര്‍ഥത്തില്‍ ആഖ്യാന രീതിയെ നിര്‍ണ്ണയിക്കുന്നത്. തുടക്കം മുതല്‍ അബികെയുടെയും 'ഹോക്ക'റുടേയും മാറിമാറിവരുന്ന വീക്ഷണങ്ങളിലൂടെ ഒരേ സംഭവങ്ങളെത്തന്നെ രണ്ടു വശങ്ങളില്‍ നിന്ന് അവതരിപ്പിക്കുന്നു. എപ്പോഴും അപരനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്ന ഒരു ബലാബലത്തിന്റെ അന്തരീക്ഷം. തങ്ങളുടെ ലോകത്തെ/ പരിമിതികളെ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന വേളകളിലൊക്കെയും ഇരുവരും അപരനെ ഉള്‍കൊള്ളുന്നത്തിനു പകരം തിരസ്ക്കരിക്കുകയും അതുവഴി തങ്ങളുടെ ലോകത്തിനു തങ്ങള്‍ക്ക് മേലുള്ള സ്വാധീനത്തിന് അറിഞ്ഞോ അറിയാതെയോ കാരണക്കാര്‍ ആയി ഭവിക്കുകയും ചെയ്യുന്നു. ഒരു നോളിവുഡ് ത്രില്ലറിന്റെ ക്ലൈമാക്സിനെ ഓര്‍മ്മിപ്പിക്കുന്ന അന്ത്യ രംഗങ്ങളില്‍ മാറിമറിയുന്ന ഭാഗധേയങ്ങള്‍ക്കൊടുവില്‍ ഒലുമിദ ജോണ്‍സണ്‍ ഒടുങ്ങുന്നതു സ്വന്തം മക്കളുടെ കൈകളില്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. പൈതൃകങ്ങളുടെയും സാഹചര്യങ്ങളുടെയും ഈ അപ്രമാദിത്തം (determinism) ചേരിയില്‍ നിന്ന് കൊട്ടാരത്തിലേക്ക് ഒരു പാലം പണിയുക ദുസ്സാധ്യമാണ് എന്ന ലോക നിയമം തന്നെയാണ് വെളിവാക്കുന്നത്

(കലാകൌമുദി വാരിക 21, ആഗസ്റ്റ്‌- 2016) 

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 239-238)

To purchase, contact ph.no:  8086126024

Also from Chibundu Onuzo:

Welcome to Lagos by Chibundu Onuzo

https://alittlesomethings.blogspot.com/2024/08/welcome-to-lagos-by-chibundu-onuzo.html


Saturday, August 6, 2016

The Bleeding of the Stone by Ibrahim al-Koni / Christopher Tingley & May Jayyusi

ജൈവ ബോധം കുരിശേറുമ്പോള്‍


അറേബ്യന്‍ സാഹിത്യത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് ഇബ്രാഹിം അല്‍ കോനി എന്ന ലിബിയന്‍ നോവലിസ്റ്റ്. എഴുത്തില്‍ ധാരാളിയായ അല്‍ കോനിയുടെ രചനാലോകം മിത്തുകളുടെയും അസ്തിത്വപരമായ ഉത്കണ്ഠകളുടെയും ലോകമാണ് തുറന്നു വെക്കുന്നത്. സഹാറാ മരുഭൂമിയില്‍ ലിബിയ മുതല്‍ മൊറോക്കോ വരെ ആഫ്രിക്കയിലെങ്ങും സഞ്ചരിക്കുന്ന, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന, ഒരിടത്ത് തറഞ്ഞുനില്‍ക്കുകയെന്നാല്‍ അടിമത്തമാണെന്നു വിശ്വസിക്കുന്ന 'മൂടുപടമിട്ടവര്‍ ', 'നീല മനുഷ്യര്‍ ' എന്നൊക്കെ അറിയപ്പെടുന്ന ടോരെഗ്- നാടോടി വിഭാഗക്കാര്‍ മരുഭൂമിയെ സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിയുമായുള്ള സമന്വയത്തിന്റെയും കേന്ദ്രമായിക്കാണുന്നു. ടോരെഗ് വിഭാഗക്കാരനായ അല്‍ കോനിയുടെ കൃതികളില്‍ സൂഫിസത്തിന്റെയും പൗരസ്ത്യ ആത്മീയപാരമ്പര്യങ്ങളുടെയും കനത്ത സ്വാധീനവും മാജിക്കല്‍ റിയലിസത്തിന്റെയും ദൃഷ്ടാന്തകഥാ രീതികളുടെയും സ്വഭാവങ്ങളും വ്യക്തമാണ്. അല്‍ കോനിയുടെ രചനകളില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യകൃതിയാണ് 'ദി ബ്ലീഡിംഗ് ഓഫ് ദി സ്റ്റോണ്‍ '. നോബല്‍ പുരസ്ക്കാരജേതാവ് ലേ ക്ലെസിയോയുടെ 'മരുഭൂമി' എന്ന നോവലിലും 'നീല മനുഷ്യര്‍ ' പ്രധാന പ്രദിപാദ്യ വിഷയമാണ്.

ഒറ്റനോട്ടത്തില്‍ ദൃഷ്ടാന്ത കഥയുടെ ലാളിത്യമുള്ള ഈ ചെറു നോവലിന് പക്ഷെ കൃത്യമായ രാഷ്ട്രീയ- പാരിസ്ഥിതിക മാനങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കൊളോനിയളിസ്റ്റ് തേര്‍ വാഴ്ചകള്‍ ലോകത്തെങ്ങും മനുഷ്യനും പ്രകൃതിക്കും ഭീഷണമായ ആഘാതങ്ങള്‍ ഏല്‍പ്പിച്ചുവന്ന കാലത്തിന്റെ പശ്ചാത്തലത്തിലാണ് കഥാഗതിയെങ്കിലും കാലാതീതമായ തിരിച്ചറിവുകളുടെ പാഠങ്ങളാണ് നോവലിനെ അനശ്വരമാക്കുന്നത്. ദക്ഷിണ ലിബിയന്‍ മരുഭൂമിയിലെ മലയോരങ്ങളില്‍ കാലിമേച്ചു കഴിയുന്ന അസൂഫ് എന്ന ബദവി, മനുഷ്യനും വന്യപ്രകൃതിയും തമ്മിലുള്ള പാരസ്പര്യങ്ങളെ കുറിച്ചുള്ള ആദിമ ജ്ഞാനങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. പുരാവസ്തു പര്യവേഷകര്‍ കണ്ടെത്തിയെ കുറെയേറെ പുരാതന ഗുഹകളുടെയും ചുമര്‍ ചിത്രങ്ങളുടെയും കാവലാളായി പാശ്ചാത്യ വിനോദ സഞ്ചാരികള്‍ക്ക് വഴികാണിക്കുന്ന ജോലിയും അയാള്‍ക്കുണ്ട്. ആ നിലയില്‍ ആധുനിക ലോകം, വന്യ സൗന്ദര്യമിയന്നതെങ്കിലും സ്വതേ ദുര്‍ബ്ബലമായ പ്രകൃതിയില്‍ നടത്തുന്ന കടന്നുകയറ്റങ്ങളുടെ ദുരന്ത ഫലം അയാള്‍ മുന്‍ കൂട്ടിക്കാണുന്നുണ്ട്.

മരുഭൂമിയുടെ രഹസ്യങ്ങളറിയാവുന്ന ബദവിയില്‍ , തങ്ങളുടെ ദുര തീര്‍ക്കാന്‍ വേണ്ട അറിവുകളുണ്ട് എന്ന് ഒരു നാള്‍ അതിഥി വേഷങ്ങളിലെത്തുന്ന കായേന്‍, മസൂദ് എന്നീ രണ്ടു വേട്ടക്കാര്‍ തിരിച്ചറിയുന്നതോടെ സാത്വികനായ ആ മനുഷ്യന്റെ ജീവിതം കലങ്ങിമറിയുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സനാതനമായ ഉടമ്പടിയുടെ വിശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്നു. മരുഭൂമിയിലെ ഒരു തരം മാനുകളെ വെട്ടയാടിത്തീര്‍ത്തത്തില്‍ അഭിമാനിക്കുന്ന കായേന്‍, 'അവസാനത്തെ വടക്കന്‍ മാനിനെ ഞാന്‍ തന്നെയാണ് തിന്നത്!”എന്ന് വീമ്പടിക്കുകയും ചെയ്യുന്നു. പച്ചമാംസം ശീലമാക്കിയ അയാള്‍ക്ക്‌ അത് കിട്ടാത്തപ്പോള്‍ കടുത്ത അസ്വാസ്ഥ്യം ഉണ്ടാവും. ഇപ്പോള്‍ അവര്‍ക്ക് ഒരു രഹസ്യമറിയണം: അസൂഫിനു മാത്രം അറിയാവുന്ന, വംശനാശം ഭവിച്ചു എന്ന് കരുതപ്പെടുന്ന, മാംസത്തിന്റെ രുചിക്ക് പേരുകേട്ട 'വദ്ദാന്‍' എന്ന വിശേഷപ്പെട്ട മരുഭൂ ആടിന്റെ വാസസ്ഥലം എവിടെയാണെന്ന്. എന്നാല്‍ , പവിത്രമായ ആ രഹസ്യം കൊലയാളികള്‍ക്ക് മുന്നില്‍ വെളിവാക്കാന്‍ അസൂഫ് തയ്യാറല്ല. പിന്നെയുണ്ടാവുന്നത് ഒരു കുരിശേറ്റമാണ്. മരുഭൂമിയിലെ തിളയ്ക്കുന്ന സൂര്യന് ചുവടെ, 'പുതിയ മതം' സ്വീകരിച്ചതിനു ഉടമ ചുട്ടുപഴുത്ത കല്ല്‌ നെഞ്ചില്‍ കയറ്റിവെച്ചു പീഡിപ്പിച്ച പ്രാവാചകന്‍ മുഹമ്മദിന്റെ വാങ്കുവിളിക്കാരാനായിരുന്ന കറുത്ത അടിമ യാസിര്‍ , ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസ് എന്നിവരെയും കൃസ്തുവിനെയും ഒരേ സമയം ഓര്‍മ്മിപ്പിക്കും പോലെ കുരിശേറ്റിയവന്റെ രൂപത്തില്‍ അയാള്‍ പാറപ്പുറത്ത് ബന്ധിതനാവുന്നു. 'സൊരാഷ്ട്രിയന്‍, ബുദ്ധിസ്റ്റ്, ഇസ്ലാമിക് സൂഫി ചിന്ത'കളെ കുറിച്ച് പഠിക്കാനെത്തിയ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി ബിരുദധാരി ജോണ്‍ പാര്‍ക്കര്‍ എന്ന അമേരിക്കക്കാരനും വലിയ തത്വങ്ങള്‍ മാറ്റിവെച്ചു വേട്ടയുടെ പ്രാകൃത ചോദനക്ക് കീഴ്പ്പെടുന്നത് നാം കാണുന്നു. രണ്ടു ഗുണ്ടകളെയും കൂട്ടി ഒരു അമേരിക്കന്‍ മിലിട്ടറി ഹെലികോപ്റ്റര്‍ സംഘടിപ്പിച്ചു മരുഭൂമിയിലെ അവസാനത്തെ വന്യജീവികളെയും കൊന്നൊടുക്കാന്‍ അയാള്‍ പുറപ്പെടുന്നു. ഇതേ സമയം, കായേനും മസൂഫും ബന്ധിതനായ അസൂഫിനെ വീണ്ടും സമീപിക്കുന്നു. ഇത്തവണയും ഒന്നും വെളിപ്പെടുത്താന്‍ തയ്യാറാവാത്ത അയാളുടെ മനോവീര്യത്തിനു മുന്നില്‍ തോറ്റുപോകുന്ന കൊലയാളികളില്‍ , കായേന്‍ അയാളുടെ തലയറുക്കുന്നു: ഇടയന്റെ അന്ത്യം നോവലില്‍ ഇങ്ങനെ വിവരിക്കുന്നു: “മസൂദ് ജീപ്പിലേക്കു ചാടിക്കയറി എഞ്ചിന്‍ സ്വിച്ച് ഓണ്‍ ചെയ്തു. അതെ നിമിഷം മഴയുടെ കനത്ത തുള്ളികള്‍ അതിന്റെ ജനാലയില്‍ പതിക്കാന്‍ തുടങ്ങി, അത് ശിലാമുഖത്ത് ക്രൂശിതനായ മനുഷ്യന്റെ രക്തവും കഴുകിക്കളഞ്ഞു.”

മാജിക്കല്‍ റിയലിസം എന്ന സംജ്ഞ അല്‍ കോനിയുടെ രചനകളോട് ചേര്‍ത്ത് എപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. 'ബ്ലീഡിംഗ് ഓഫ് ദി സ്റ്റോണി'ല്‍ അങ്ങനെ വിവരിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ ധാരാളം ഉണ്ട് താനും. മരുഭൂമിയുടെ നിഗൂഡ സൗന്ദര്യവും പരുക്കന്‍ ജീവിത സന്ധികളിലും അസൂഫ് കാത്തുസൂക്ഷിക്കുന്ന അനിമിസ്റ്റിക്ക്-സ്പിരിച്വാലിറ്റി (പ്രകൃതിയാരാധനയുടെയും ആതീമയതയുടെയും ദര്‍ശനം )യും സൂചിതമാകുന്ന മിത്തുകള്‍ , ബന്ധനസ്ഥനായി പീഡാനുഭവം ഏറ്റുവാങ്ങുന്ന പാവം ഇടയനെ കുരിശേറിയ ദൈവ പുത്രന്റെ തലത്തിലേക്കുയര്‍ത്തുന്ന രചനാ വൈഭവം, കായേന്‍ എന്ന പേര് സൂചിപ്പിക്കും പോലെ ഹിംസയുടെയും നശീകരണ പ്രവണതയുടെയും പ്രതീകവല്‍ക്കരണമായി അവതരിപ്പിക്കുന്ന കൊളോനിയലിസ്റ്റ് ദുര, പച്ചമാംസക്കൊതിയുടെ ജുഗുപ്സാത്മകതയെ കരികേച്ചര്‍വല്ക്കരിക്കുന്ന കായെനിന്റെ 'വിത്ത്ഡ്രാവല്‍ സിംറ്റംസ്' (ലഹരി നിഷേധിക്കപ്പെട്ട ആസക്തന്റെ ഭ്രാന്തന്‍ പ്രതികരണങ്ങള്‍ ) തുടങ്ങി യാഥാര്‍ത്ഥ്യത്തിനും അതീത യാഥാര്‍ത്ഥ്യത്തിനും /ഫാന്റസിക്കുമിടയില്‍ അടയാളപ്പെടുത്താവുന്ന പല സന്ദര്‍ഭങ്ങള്‍ . മാനുകളെ കുറിച്ച് നോവലില്‍ വിവരിക്കുന്നത് അവ വിചിത്രസൗന്ദര്യവും ആത്മീയചൈതന്യവുമുള്ള ജീവികളായിട്ടാണ്. 'വിഷാദഭരിതമായ, ബുദ്ധിയുള്ള കണ്ണുകള്‍ , നിങ്ങള്‍ക്കവന്റെ നെറ്റിയില്‍ ചുംബിക്കാനും ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്താനും തോന്നും. ഈ ജീവിയില്‍ ഒരു സ്ത്രീയുടെ മാന്ത്രികതയും ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും ഉണ്ട്, ഒരു മനുഷ്യന്റെ നിശ്ചയ ദാര്‍ഡ്യവും ഒരു കുതിരസവാരിക്കാരന്റെ അന്തസ്സുമുണ്ട്, ഒരു കന്യകയുടെ ലജ്ജയും ഒരു പറവയുടെ ശാലീനതയും വിശാല സ്ഥലികളുടെ രഹസ്യങ്ങളുമുണ്ട്.” മാനുകളെ കുറിച്ചുള്ള ഈ കാവ്യാത്മക നിരീക്ഷണങ്ങളോട് ചേര്‍ത്തു കാണേണ്ട ഏറെ ഹൃദ്യമായ ഒരു സന്ദര്‍ഭമാണ് മരുഭൂമിയിലെ മാനുകളുടെ സംഭാഷണം. മുത്തശ്ശിക്കഥകളിലേതു പോലെ മനുഷ്യനെ വിശ്വസിക്കാമോ എന്നതിനെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നു. ആവാമെന്ന് മനുഷ്യന്റെ കണ്ണുകളുള്ള ഒരു മാന്‍ വാദിക്കുന്നു. ഒരിക്കലും അരുതെന്ന് തന്റെ അമ്മ വേട്ടയാടപ്പെടുന്നതിനു സാക്ഷിയായ മറ്റൊരു മാന്‍ സമര്‍ഥിക്കുന്നു: “അവര്‍ എനിക്ക് നല്‍കിയ മുഴുവന്‍ വേദനക്കും അവരെ ശപിക്കണമെന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു, ഞാന്‍ എന്റെ കൊല്ലപ്പെട്ട അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ, ആ വിഷം പുരട്ടിയ അമ്പ്‌ ഒരിക്കല്‍ക്കൂടി എന്റെ ഹൃദയം തുളഞ്ഞിറങ്ങുന്നത് എനിക്കനുഭവപ്പെട്ടു. എന്റെ പാവം അമ്മ!” ആ നിമിഷം തന്റെ കുഞ്ഞിന്റെ കണ്‍ മുന്നില്‍ വെച്ച്, മനുഷ്യന് വേണ്ടി വാദിച്ച സുന്ദര ദൃഷ്ടികളുടെ ഉടമയായ മാന്‍ കായെനിന്റെ വെടിയേറ്റ്‌ മരിക്കുന്നു.

ഇസ്ലാമിക പൂര്‍വ്വ വിശ്വാസക്രമങ്ങളുടെയും ഇസ്ലാമിക ദര്‍ശനങ്ങളുടെയും സങ്കലനത്തിലൂടെയാണ് അല്‍ കോനിയുടെ പ്രചോദനമായ സൂഫി മിസ്റ്റിസിസം ഉരുവപ്പെടുന്നത്. 'വദ്ദാന്‍', മരുഭൂ മാനുകള്‍ എന്നിവയില്‍ സമ്മേളിക്കുന്ന പ്രകൃത്യാരാധനയുടെ മാന്ത്രികതയും ആ കുരിശേറ്റ സങ്കല്‍പ്പവും നിയതമായ അര്‍ത്ഥത്തില്‍ അനിസ്ലാമികമാണ്. മരുഭൂ വാസികളുടെ ചടങ്ങുകളും ആചാരങ്ങളും, മരുഭൂമിക്കു മേല്‍ 'കിരണങ്ങള്‍ കൊണ്ട് ചുവന്ന അങ്കി ധരിപ്പിക്കുന്ന സൂര്യന്റെ' പ്രഭാവവും വിവരിക്കുന്നത് പ്രകൃതിയെ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലായിക്കാണുന്ന പാന്‍തീസ്റ്റിക് ദര്‍ശനത്തിന്റെ ഭാഗമായും കാണാം. ഇക്കാര്യത്തില്‍ അല്‍ കോനി, തോമസ്‌ ഹാര്‍ഡിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മരണം എപ്പോഴും വിളിപ്പാടകലെ നില്‍ക്കുന്ന മരുഭൂ ജീവിതത്തിന്റെ പാരുഷ്യം പക്ഷെ മണ്ണുമാന്തിയും വെടിയുണ്ടയും അടയാളപ്പെടുത്തുന്ന കൊളോണിയലിസ്റ്റ് 'പരിഷ്കൃതി'ക്ക് നേര്‍ വിപരീതമായാണ് നോവലില്‍ കടന്നുവരുന്നത്‌. ഒരു വേള, കഥാപാത്രങ്ങളില്‍ കറുപ്പും വെളുപ്പുമായി വേര്‍തിരിക്കല്‍ ഇത്തിരി കൂടുതലാണ് എന്ന വിമര്‍ശനത്തിനും ഈ 'മൂല്യങ്ങളുടെ മുഖാമുഖം' കാരണമായിട്ടുണ്ട്.
(സുപ്രഭാതം വാരാദ്യപ്പതിപ്പ 07-08-2016)


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 217-221)

To purchase, contact ph.no:  8086126024