Featured Post

Sunday, October 23, 2016

Bob Dylan

ബോബ് ഡിലാന്‍: ജീവിതമെന്ന സംഗീതം, സംഗീതമെന്ന പോരാട്ടം.

1941 മേയ് 24-ന് മിനെസോട്ടയില്‍ ജനനം. മാമോദീസ പേര് റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മന്‍ . എല്‍ വിസ് പ്രിസ് ലിയുടെയും ജെറി ലീ ലുവിസിന്റെയും ലിറ്റില്‍ റിച്ചാര്‍ഡിന്റെയും ആരാധകനായി സംഗീത രംഗത്തെത്തിയ റോബര്‍ട്ട്‌, ഗോള്‍ഡന്‍ കോര്‍ഡ്സ്, എല്‍സ്റ്റെന്‍ ഗണ്‍ തുടങ്ങിയ ട്രൂപ്പുകള്‍ സ്വന്തമായി രൂപപ്പെടുത്തിയെടുത്താണ് ആദ്യകാല സംഗീത സപര്യ ആരംഭിക്കുന്നത്.

അറുപതുകളുടെയും എഴുപതുകളുടെയും ക്ഷുഭിത യൌവ്വനങ്ങളുടെ സമരോദ്യുക്തതയെയും യുദ്ധ വിരുദ്ധ വികാരങ്ങളെയും പ്രചോദിപ്പിക്കുന്നതിലും ഒരു തലമുറയെ വെറും പോപ്‌ കള്‍ച്ചറിന്റെ പിടിയില്‍ പെടാതെ സംഗീതത്തെ ഒരു പ്രതി സംസ്കാരത്തിന്റെ (counterculture) ആവിഷ്കാരമാക്കുന്നതിലും തികച്ചും മുമ്പില്‍ നടന്നയാള്‍ തന്നെയാണ് ബോബ് ഡിലാന്‍. അമ്പത് വര്‍ഷത്തിലേറെ സജ്ജീവമായിത്തന്നെ നീണ്ടു നിന്ന സംഗീത സപര്യയില്‍ വ്യത്യസ്ത സംഗീത വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നിസ്തുലമായ പങ്ക് അദ്ദേഹം വഹിച്ചിട്ടും ഉണ്ട്. റോക്ക് & റോള്‍ സംഗീതത്തിലെ ഗീതങ്ങളെ കുറിച്ച്, അതും തന്റെ സപര്യയില്‍ സജീവമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, അദ്ദേഹം നടത്തിയ നിരീക്ഷണം സംഗീതത്തോടും അതിന്റെ സാഹിത്യത്തോടും അദ്ദേഹത്തിന്റെ ഗൗരവ പൂര്‍ണ്ണമായ സമീപനത്തിന്റെ നിദര്‍ശനമാണ്. പിടിച്ചിരുത്തുന്ന പ്രയോഗങ്ങളും ചടുല താളങ്ങളും ഒക്കെയുണ്ടെങ്കിലും റോക്ക് & റോള്‍ ഗീതങ്ങള്‍ വേണ്ടത്ര ഗൌരവമുള്ളവയോ ജീവിതത്തെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നവയോ അല്ലെന്നു അദ്ദേഹം കണ്ടെത്തുന്നു. ഫോക് സംഗീതത്തിന് കൂടുതല്‍ ഗൗരവ സ്വഭാവമുണ്ടെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഗീതങ്ങളില്‍ കൂടുതല്‍ നിരാശയും വിഷാദവും, പ്രത്യാശയും അതീന്ത്രിയ ഭാവവും, ആഴമുള്ള വികാരങ്ങളും ഫോക് സംഗീതത്തെ ഉന്നതമാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1959-ല്‍ മിനെസോട്ട യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നതോടെ അദ്ദേഹം റോക്ക് & റോളില്‍ നിന്ന് അമേരിക്കന്‍ ഫോക് മ്യൂസിക്കിലെക്കും തുടര്‍ന്നു ഡിങ്കി ടൌണ്‍ ഫോക് മ്യൂസിക് സംഘത്തിലേക്കും എത്തുന്നത് ഈ തിരിച്ചറിവുകളുടെ ഫലമായാണ്. ആ ദിനങ്ങളിലാണ് അദ്ദേഹം റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മാന്‍ എന്ന പേര് കവി ഡിലാന്‍ തോമസിനോടുള്ള ആരാധനയില്‍ ബോബ് ഡിലാന്‍ എന്നതിലേക്ക് പരിചയപ്പെടുത്തിത്തുടങ്ങുന്നത്. പേരുമാറ്റം തന്നെയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അറുപതുകളുടെ തുടക്കത്തില്‍ 'പ്രതിഷേധ ഗീതങ്ങ' (protest songs) ളുടെ രചയിതാവായ വുഡി ഗത്രിയുമായും ഫോക് ഗായകനും ആക്റ്റിവിസ്റ്റുമായ പീറ്റ് സീഗറുമായും ഉണ്ടായ സഹവാസവും ഡിലാന്‍റെ സംഗീതത്തിലെ പോരാട്ട സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. മിസിസിപ്പി യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ജെയ്മ്സ് മെറിഡിത്തിന്റെ അനുഭവങ്ങളെ കുറിച്ചുള്ള 'ഓക്സ്ഫോര്‍ഡ് ടൌണ്‍ ' പോലുള്ള ഗീതങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടാമത് ആല്‍ബമായ 1963-ല്‍ പുറത്തിറങ്ങിയ 'ദി ഫ്രീവീലിംഗ് ബോബ് ഡിലാ'നില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. അടിമകളുടെ പരമ്പരാഗത സംഗീതത്തിന്റെ താളത്തില്‍ രചിക്കപ്പെട്ട 'ബ്ലോവിംഗ് ദി വിന്‍ഡ് ' , 'നൊ മോര്‍ ഓക് ഷന്‍സ് ' തുടങ്ങിയവ അമേരിക്കന്‍ പൌരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധിയുടെ ഘട്ടത്തിലും വിയെറ്റ്നാം യുദ്ധകാലത്തും ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ യുവതയുടെ പോരാട്ടങ്ങളിലും ഐക്യപ്പെട്ടബോബ് ഡിലാന്‍ , ബീറ്റില്‍സ് പോലുള്ള ഗായക സംഘങ്ങള്‍ക്കും അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള നിഷേധികളായ എഴുത്തുകാര്‍ക്കും പ്രിയങ്കരനായി.

പോരാട്ടങ്ങളുടെ ഉള്ളടക്കം ഗീതങ്ങളില്‍ മാത്രമായിരുന്നില്ല ഡിലാന്. തീവ്ര വലതുപക്ഷ സംഘടനയായിരുന്ന ജോണ്‍ ബിര്‍ച്ച് സൊസൈറ്റിക്ക് അഹിതകരമാവും എന്ന ആരോപണത്തില്‍ തന്റെ രചന സെന്‍സറിംഗിന് വിധേയമാക്കുന്നതിന് നിന്നുകൊടുക്കാതെ പ്രസിദ്ധമായ എഡ് സള്ളിവന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. മൂന്നാമത് ആല്‍ബം 'ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് ' കൂടുതല്‍ തീവ്രവും മുനകൂര്‍ത്തതുമായ പ്രതിഷേധ സ്വരമുയര്‍ത്തുന്ന ഗീതങ്ങളാല്‍ സമ്പന്നമാണ്. കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളിലെ രക്തസാക്ഷിത്തമാണ് പല ഗീതങ്ങളുടെയും വിഷയം. എന്നാല്‍ 1963 അവസാനിക്കുമ്പോഴേക്കും പൌരാവകാശ പ്രവര്‍ത്തകരും ഫോക് സംഗീത സംഘങ്ങളും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത അദ്ദേഹത്തില്‍ ബലപ്പെടുകയും കുറെ കൂടി വൈയക്തികവും ലളിത വൈകാരികതയുള്ളതുമായ ഗീതങ്ങളിലേക്കു അദ്ദേഹം തിരിച്ചു പോവുകയും ചെയ്യുന്നുണ്ട്. പരസ്പരം ഏറെ താങ്ങായിരുന്ന ഗായികയും ആക്റ്റിവിസ്റ്റുമായ ജോവാന്‍ ബായെസുമായുണ്ടായിരുന്ന ഹ്രസ്വകാല ബന്ധവും ഉലഞ്ഞുതുടങ്ങിയിരുന്നു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ടോം പെയ്ന്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട് കമ്മിറ്റി കഷണ്ടികയറിയ വൃദ്ധരുടെതാണെന്നും 'ഇനി മുതല്‍ തനിക്കു കറുത്തവരും വെളുത്തവരുമോ , ഇടതും വലതുമോ ഇല്ലെന്നും' കനത്ത മദ്യലഹരിയില്‍ ബോബ് വിളംബരപ്പെടുത്തി. റോക്ക് & റോളിലേക്കുള്ള ഒരു തിരിച്ചു പോക്കും ഈ ഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു ഫോക് - റോക്ക് പോപ്‌ മ്യൂസിക് താരമായി മാറിയ ബോബ് തന്റെ ജീന്‍സിനും വര്‍ക്ക്‌ ഷര്‍ട്ടിനും പകരം സണ്‍ ഗ്ലാസും ബീറ്റില്‍സ് ബൂട്ടും ധരിച്ചു തുടങ്ങുകയും ചെയ്തു. അറുപതുകളുടെ ബാക്കി വര്‍ഷങ്ങള്‍ ഇരു ക്യാമ്പുകളും തമ്മിലുള്ള വിരോധ പ്രകടനത്തിന്റെതായി. 'മി. ടാംബുരിന്‍ മാന്‍ ', ഇറ്റ്സ് ആള്‍ റൈറ്റ്, മാ' , 'ലൈക് എ റോളിംഗ് സ്റ്റോണ്‍ ' തുടങ്ങിയ വിഖ്യാത ഗീതങ്ങള്‍ ഇക്കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. അമിതാധ്വാനത്തിന്റെയും തളര്‍ച്ചയുടെയും മറുമരുന്നായി കനത്ത തോതിലുള്ള മയക്കു മരുന്നുപയോഗവും ഇക്കാലത്ത് ശീലമാക്കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശീലങ്ങളെ കുറിച്ച് ബോബ് കഥകള്‍ ചമയ്ക്കുക പതിവാണെന്ന് കരുതുന്നവരുണ്ട്. 1965-ല്‍ അക്കോസ്റ്റിക് സംഗീതത്തോടൊപ്പം ഇലക്ട്രിക് ഗിറ്റാര്‍ കൂടി ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെ പരമ്പരാഗത ഫോക്ക് സംഗീതത്തിന്റെ ഉപാസകര്‍ അദ്ദേഹത്തെ തുറന്നെതിര്‍ക്കാന്‍ തുടങ്ങി. 'ബ്രിംഗിംഗ് ഇറ്റ്‌ ഓള്‍ ഹോം', 'ഹൈവെ 61 റിവിസിറ്റഡ് ' തുടങ്ങിയവ ഇക്കാലത്തിറങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളാണ് . തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ബോബ് സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1966-ല്‍ ഉണ്ടായ മാരകമായ ഒരു ബൈക്ക് അപകടം ഏതാണ്ട് ഒരു വര്‍ഷം അദ്ദേഹത്തെ കിടപ്പിലാക്കി. ജോണ്‍ വെസ്‌ലി ഹാര്‍ഡിംഗ് (1968) , നാഷ് വില്ല സ്കൈലൈന്‍ (1970) എന്നീ ആല്‍ബങ്ങളില്‍ തന്റെ മനസ്സിനെ മഥിച്ചിരുന്ന പാരുഷ്യങ്ങള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന് വിമര്‍ശക മതം. സെല്‍ഫ് പോര്‍ട്രെയ്റ്റ് (1970), ടാരാന്റുല (1973) എന്നിവ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ആല്‍ബങ്ങളാണ്. അതേ വര്‍ഷം സാം പെക്കിന്‍പായുടെ വിഖ്യാതമായ പാറ്റ് ഗാരെറ്റ് ആന്‍ഡ് ബില്ലി ദി കിഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ബോബ്, ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു. 'നോക്കിംഗ് ഓണ്‍ ഹെവന്‍സ് ഡോര്‍ എന്ന പ്രശസ്ത ഗാനം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം രചിച്ചത്.

അപകടത്തിനു ശേഷം ബോബ് നടത്തിയ ആദ്യ മുഴുനീള ടൂര്‍ 1974-ല്‍ ആയിരുന്നു. പ്ലാനറ്റ് വേവ്സ് എന്ന ആല്‍ബം മ്യൂസിക് ചാര്‍ട്ടുകളില്‍ ആദ്യമായി അദ്ദേഹത്തെ ഒന്നാമതെത്തിച്ചു. ബ്ലഡ്‌ ഓണ്‍ ദി ട്രാക്ക്സ്, (1975), ഡിസയര്‍ (1976) എന്നിവയും ഏറെ പ്രസിദ്ധമായപ്പോള്‍ 'ഡിസയറി'ന് വേണ്ടി ബോബ് എഴുതിയ 'ഹരിക്കെയ്ന്‍' എന്ന ഗാനം പ്രമാദമായ ഒരു കൊലപാതക്കേസില്‍ പുനര്‍ വിചാരണക്ക് വരെ വഴിവെച്ചത് ചരിത്രം. ഭാര്യ സാറ ലോണ്ടെസുമായി പിണങ്ങേണ്ടി വന്നതും മുറിവുണക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരാജയവുമാണ് 'സാറ' എന്ന വിഷാദ ഗീതത്തിന്റെ പ്രഭവം. തുടര്‍ന്നാണ്‌ ബോബിന്റെ പ്രസിദ്ധമായ വിശ്വാസ വഴികളിലേക്കുള്ള തിരിച്ചു പോക്ക് സംഭവിക്കുന്നത്‌. 1979-ല്‍ താനൊരു ക്രിസ്തീയനായി പുനര്‍ജ്ജനിച്ചതായി ബോബ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ സ്ലോ ട്രെയ്ന്‍ കമിംഗ് എന്ന ആല്‍ബം അദ്ദേഹത്തിനു ആദ്യ ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്നു ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും 1982-ല്‍ ബോബ് ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമിലും 1989-ല്‍ റോക്ക് ആന്‍ഡ്‌ റോള്‍ ഹാള്‍ ഓഫ് ഫെയ്മിലും ചേര്‍ക്കപ്പെട്ടു. “എല്‍ വിസ് ഉടലിനെ സ്വതന്ത്രമാക്കിയ പോലെ ബോബ് മനസ്സിനെ സ്വതന്ത്രമാക്കി " എന്ന് ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ നിരീക്ഷിക്കുന്നു. 1997-ല്‍ കലാമികവിനുള്ള ഏറ്റവും വലിയ ദേശീയ പുരസ്ക്കാരമായ കെന്നഡി സെന്റര്‍ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. 1997-ല്‍ ടൈം ഔട്ട്‌ ഓഫ് മൈന്‍ഡ് എന്ന ആല്‍ബം മൂന്നു ഗ്രാമി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അതേ വര്‍ഷം പോപ്‌ ജോണ്‍ പോള്‍ രണ്ടാമന് വേണ്ടി നോക്കിംഗ് ഓണ്‍ ഹെവന്‍സ്‌ ഡോര്‍ ഉള്‍പ്പടെ ഗാനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുതിയ നൂറ്റാണ്ടിലും തളര്‍ച്ചയില്ലാതെ, നിരൂപക പ്രശംസയും ജനസമ്മതിയും ഒരുപോലെ നേടിയെടുത്ത ചെയ്ത സ്റ്റുഡിയോ ആല്‍ബങ്ങളായ മോഡേണ്‍ ടൈംസ് (2006) ടുഗെതര്‍ ത്രൂ ലൈഫ് (2009) തുടങ്ങിയവയുമായി അദ്ദേഹം വിജയകരമായ പര്യടനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ, 2005-ല്‍ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ നൊ ഡായറക് ഷന്‍ : ബോബ് ഡിലാന്‍ എന്ന ബയോഗ്രഫിക് ഡോകുമെന്ററിക്കു വേണ്ടി ഇരുപതു വര്‍ഷത്തിനിടെ നല്‍കിയ ആദ്യ മുഴുനീള അഭിമുഖത്തിലും ബോബ് സ്വയം ആവിഷ്കരിച്ചു. പുതിയ ദശകത്തിലും ശ്രദ്ധേയമായ സംഗീത സംഭാവനകളുമായി സജീവമായ ബോബിനെ തേടി ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ കൂടാതെ പ്രസിഡന്റിന്റെ മെഡല്‍ ഓഫ് ഫ്രീഡം (2012) പുരസ്കാരവും ഇപ്പോള്‍ , 1993--ല്‍ ടോണി മോറിസന് ശേഷം ആദ്യമായി ഒരു അമേരിക്കക്കാരനെ തേടിയെത്തുന്ന സാഹിത്യ നോബല്‍ സമ്മാനവും ജീവിതം സംഗീതവും സംഗീതം പോരാട്ടവുമാക്കിയ ഗായകനെ തേടിയെത്തുന്നു. “അമേരിക്കന്‍ ഗാന രചനാ പാരമ്പര്യത്തില്‍ പുതിയ കാവ്യാവിഷ്കാരം സൃഷ്ടിച്ചതിന്" (നോബല്‍ സൈറ്റേഷന്‍) നല്‍കപ്പെടുന്ന ഈ പുരസ്കാരം, ഇതൊക്കെയാണെങ്കിലും, ഫിലിപ്പ് റോത്തിനെ പോലുള്ള കിടയറ്റ എഴുത്തുകാര്‍ അവഗണിക്കപ്പെടവേ, വായനാ ലോകത്തെ ഒട്ടൊന്നു അത്ഭുതപ്പെടുത്തുകയും ചെയ്തേക്കാം.

(വാരാദ്യമാധ്യമം-23, ഒക്ടോബര്‍,2016)
(ഗള്‍ഫ്‌ മാധ്യമമ൦ - 23, ഒക്ടോബര്‍,2016)

Friday, October 21, 2016

Under the Udala Trees by Chinelo Okparanta


സോദോം - ഗോമോറായുടെ നിഴല്‍

"ഉവ്വ്അത് ആദാമും ഹവ്വയും ആയിരുന്നുപക്ഷേ ബൈബിളില്‍ നമുക്ക് ലഭിച്ചത് ആദാമിന്റെയും ഹവ്വയുടെയും കഥ മാത്രമായിരുന്നെങ്കിലോഎന്ത് കൊണ്ട് അതൊരു ആദാമും ആദാമും എന്നോ ഹവ്വയും ഹവ്വയും എന്നോ ഉള്ള സാധ്യത തള്ളിക്കളയണംഒരു പ്രത്യേക ആദമിലും ഹവ്വയിലും കഥ കേന്ദ്രീകരിച്ചു എന്നത് കൊണ്ട് മറ്റെല്ലാ സാധ്യതകളും തള്ളിക്കളയപ്പെട്ടു എന്നില്ല. ... സ്ത്രീ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍ ആണ്, ഉവ്വ്. പക്ഷെ എന്നുവെച്ചു എന്തുകൊണ്ട് സ്ത്രീ മറ്റൊരു സ്ത്രീക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവള്‍ ആയിക്കൂടാഅല്ലെങ്കില്‍ പുരുഷന്‍ മറ്റൊരു പുരുഷന് വേണ്ടിഅനന്ത സാധ്യതകള്‍ - ഓരോന്നും മറ്റൊന്നുപോലെ തീര്‍ത്തും സംഭവ്യം.”

(Under the Udala Treesഅദ്ധ്യായം 18)

 

സൃഷ്ടിയുടെ നാളുകളില്‍ പുരുഷനെ എകാന്തനായിക്കണ്ട് അത് നന്നല്ലെന്ന ചിന്തയില്‍ അവനു കൂട്ടായി ദൈവം സ്ത്രീയെ സൃഷ്ടിച്ചുവെന്നു ഉത്പത്തി പുസ്തകംഅത് ആദമും ഹവ്വയും ആയിരുന്നുഎന്നാല്‍ കഥാഗതിയുടെ ഒരു ധാര പിന്തുടര്‍ന്നു എന്നതുകൊണ്ട്‌ മറ്റു സാധ്യതകള്‍ നിരാകരിക്കപ്പെടുന്നു എന്നോ നിരാകരിക്കപ്പെടണം എന്നോ ഇല്ലെന്നു ചിന്തിച്ചു തുടങ്ങുമ്പോള്‍ ഭിന്നരതിയുടെ തലങ്ങള്‍ ഒരു ബിബ്ലിക്കല്‍ അംഗീകാരത്തിനു മുതിരുക കൂടിയാണ്.

തന്റെ പ്രഥമ കഥാ സമാഹാരം Happiness, Like Water എന്ന കൃതിയിലൂടെ 2014 -ല്‍ ലെസ്ബിയന്‍ സാഹിത്യത്തിനുള്ള ലാംഡാ പുരസ്കാരം നേടിയ യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ചിനേലു ഒക് പരാന്റ 2016-ലും പുരസ്കാരനേട്ടം ആവര്‍ത്തിച്ച നോവലാണ്‌ Under the Udala Treesഒപ്പം ജെസ്സി റെഡ്മണ്ട് ഫോസ്സെറ്റ് ബുക്ക് പുരസ്ക്കാരവും ഇതേ നോവലിനെ തേടിയെത്തിനോവലില്‍ മൂന്നു തലമുറകളിലൂടെ ഭിന്നരതിതാല്പര്യത്തിന്റെ (sexual orientationനിതാന്ത യുദ്ധം നടത്തേണ്ടി വരുന്ന ഇയോമയുടെ ജീവിതം പകര്‍ത്തുന്നു. 1967-ല്‍ ബിയാഫ്രന്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ട് മുമ്പ് മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന കഥാഗതിയിലൂടെ , യാഥാസ്ഥിതിക മത മൂല്യങ്ങളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ 'വന്‍ നാണക്കേട് '(abominationഎന്നു വിലക്കപ്പെട്ട ഭിന്ന ലൈംഗിക ചോദനയുടെ സംഘര്‍ഷങ്ങള്‍ ആത്മനിന്ദയായും കിടിലം കൊള്ളിക്കുന്ന പാപചിന്തയായും ഏറ്റുവാങ്ങുമ്പോഴും അദമ്യമായ ഒരാകര്‍ഷണത്തില്‍ പുരുഷ കേന്ദ്രിതമായ സാമ്പ്രദായിക വൈവാഹിക ജീവിതത്തിന്‍റെ ചതുര വടിവുകളിലേക്ക് കീഴ്പ്പെടാനാവാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവിശുദ്ധ ഗ്രന്ഥത്തിന്‍റെ തന്നെ ദൃഷ്ടാന്തകഥാ പരിസരങ്ങളില്‍ തന്നെയും തന്നെപ്പോലുള്ളവര്‍ക്കും ഒരു ശ്വസനസ്ഥലി (breathing spaceഉണ്ടാവാതെ വയ്യെന്ന കണ്ടെത്തലിലേക്ക്‌ ഉണരുന്ന സ്ത്രീത്വത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌പ്രണയത്തെ പ്രണയമായി തിരിച്ചറിയുന്നഅംഗീകരിക്കുന്ന ഒരു നഗരത്തെനൈജീരിയയെഅഥവാ ലോകത്തെ കുറിച്ചുള്ള സ്വപ്നത്തില്‍ അവസാനിക്കുന്ന നോവല്‍ പക്ഷെ പുറത്തു വന്നത് കഥാപാത്രത്തിന്റെ ജന്മനാട്ടില്‍ ഭിന്ന ലൈംഗികത പതിനാലു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതോ മുസ്ലിം പാരമ്പര്യമുള്ള 'ഹോസവംശജര്‍ക്കു സ്വാധീനമേറിയ വടക്കന്‍ മേഖലകളില്‍ വധശിക്ഷ തന്നെ ലഭിക്കാവുന്നതോ ആയ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന Jail the Gay' ബില്ലില്‍ (2014അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാതന്‍ ഒപ്പുവെച്ച് രണ്ടു കൊല്ലം കഴിഞ്ഞാണ് .

"ഞങ്ങള്‍ ഒരുമിച്ചു കിടക്കുമ്പോള്‍ എന്നെ പുണര്‍ന്നു കിടന്നു എന്‍ദീദി എന്റെ ചെവിയില്‍ മന്ത്രിക്കുന്നുഒരു നഗരത്തെ കുറിച്ച്അവിടെ പ്രണയം പ്രണയമായിരിക്കും. പുരുഷനും സ്ത്രീക്കുമിടയില്‍പുരുഷനും പുരുഷനുമിടയില്‍സ്ത്രീക്കും സ്ത്രീക്കുമിടയില്‍, യൊറൂബക്കും ഹോസക്കുമിടയില്‍ , ഹോസക്കും ഫുലാനിക്കുമിടയില്‍ എന്ന പോലെ. എന്‍ദീദി നഗരത്തെ വിവരിക്കുന്നുഅതിന്റെ തെരുവുകള്‍ , മണ്ണിന്റെ നിറം.

അവള്‍ പറയുന്നു, “അവയെല്ലാം ഇവിടെ നൈജീരിയയില്‍ ആണ്ഈ സ്ഥലം നൈജീരിയ മുഴുവനുമാകും.”

 

ഇയോമയുടെ ആഖ്യാനമായാണ് നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്യുദ്ധം മനുഷ്യ ജീവിതങ്ങളെ അതിനു മുമ്പ്, പിമ്പ് എന്ന രീതിയില്‍ പകുത്തുകളയുകയും ഇനിയൊരിക്കലും പഴയതുപോലാകാന്‍ കഴിയാത്തവിധം മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന സുവിദിതമായ വസ്തുതയുമായാണ് അതാരംഭിക്കുന്നത്. "ശലഭങ്ങളെപ്പോലെ കാറ്റ് സുന്ദരവും ഞങ്ങളുടെ മേല്‍ പതിച്ച സൂര്യപ്രകാശം ആലിംഗനവും ആണെന്ന പോലെ തിരക്കില്ലാതെ ചലിച്ചുകൊണ്ടിരുന്ന ഒരവസ്ഥയിലേക്കാണ് യുദ്ധം കടന്നു വരുന്നത്.

 

“1967 -ലാണ് യുദ്ധം ഇടിച്ചു കയറിയതും എല്ലായിടങ്ങളിലും സ്വയം സ്ഥാപിച്ചതും. 1968 ആവുമ്പോഴേക്കും ഒയോട്ടോ മുഴുവനും കവചിത വാഹനങ്ങളുടെയും ഷെല്ലിംഗ് യന്ത്രങ്ങളുടെയും ബോംബര്‍ വിമാനങ്ങളുടെയും അവയുടെ ശബ്ദായമാനമായ എഞ്ചിനുകളുടെയും കലമ്പലില്‍ പ്രകമ്പനം കൊണ്ട് തുടങ്ങിഅവ ഞങ്ങളുടെ ചെവികളില്‍ ഞെട്ടലിന്റെ അലകള്‍ തീര്‍ത്തു. 1968 ആവുമ്പോഴേക്കും ഞങ്ങളുടെ ആണുങ്ങള്‍ തോക്കുകള്‍ ചുമലിനു കുറുകെ തൂക്കിയിടാനും കോടാലികളും കൊടുവാളുകളും ചുമക്കാനും തുടങ്ങിയിരുന്നു ; അവയുടെ വായ്ത്തല വെയിലില്‍ മിന്നിതെരുവുകളില്‍ ഉച്ചതിരിഞ്ഞ് സായന്തനങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂറുകളിലായി അവരുടെ വായ്ത്താരി കേള്‍ക്കായിഅവരുടെ വായില്‍ നിന്ന് കീര്‍ത്തനം പോലെ വലിയ ശബ്ദത്തില്‍ പുറത്തുവന്നു: “ബിയാഫ്രയുദ്ധം ജയിക്കട്ടെ!” (Ch. 1)

 

ആദ്യം വടക്കന്‍ മേഖലകളില്‍ തുടങ്ങിയ സംഘര്‍ഷം അതിവേഗം തെക്കോട്ട്‌ വ്യാപിക്കുന്നു. 'ഹോസാ വംശജര്‍ ഞങ്ങളെഞങ്ങളുടെ ഭൂമിയെഞങ്ങളുടെ സ്വന്തമായിരുന്ന എല്ലാത്തിനെയും നശിപ്പിക്കാനുള്ള കഠിന ശ്രമത്തില്‍ ഞങ്ങളുടെ മേല്‍ തീവെച്ചു'. ബോംബു വര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബങ്കറിലേക്ക് പോകാന്‍ വിസമ്മതിച്ച് മരണം ഏറ്റുവാങ്ങുന്ന പപ്പമമ്മയുടെ കഠിന രോഷത്തിനും നിസ്സഹായ വേദനക്കും കാരണമാകും.

"സ്വയം കൊല്ലപ്പെടാന്‍ നിന്ന് കൊടുത്ത് സ്വന്തം നാടിനെയും വീടിനെയും മലിനമാക്കുന്നയാള്‍ എന്തുതരം മനുഷ്യനാണ് ? ഒരു യുദ്ധം നടന്നു കൊണ്ടിരുന്നത് അയാളുടെ ഭാഗ്യംഅതുകൊണ്ട് സ്വന്തം ജീവന്‍ എടുത്തതിനു മുഴുവനായും അയാളെ കുറ്റപ്പെടുത്താന്‍ വയ്യമരണം മറ്റൊരു യുദ്ധമരണമായി വിശദീകരിക്കാം എന്നത് അയാളുടെ ഭാഗ്യംഎന്നാലും അതൊരു അതിക്രമം തന്നെ " (Ch.5)

വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് ഒന്നൊന്നായി രക്ഷപ്പെടാന്‍ മമ്മ വഴി തേടുന്നു. "അവലക്ഷണം പിടിച്ചയുദ്ധപ്രേരിതമായ ഒരു രീതിയില്‍ " യുദ്ധസ്മരണ ഉയര്‍ത്തുന്ന “സൈനികരെഎന്നെവീടിനെഎല്ലാത്തിനെയും പൊഴിച്ചു കളയാന്‍ അവര്‍ ശ്രമിച്ചു,

 

കഴിയുമായിരുന്നെങ്കില്‍ യുദ്ധത്തിന്റെ എല്ലാ ഓര്‍മ്മകളെയുംവീണ്ടും വീണ്ടും പൊഴിച്ചു കളയാന്‍ . ഒരു മൃഗം പഴയ രോമങ്ങളോ തൊലിയോ പൊഴിക്കും പോലെ . ഒരു പല്ലിഒരു സര്‍പ്പംഒരു പൂച്ച അല്ലെങ്കില്‍ നായഒരു കോഴി തൂവല്‍ പൊഴിക്കുന്നത് പോലെ. ഞങ്ങളെയെല്ലാം ഒരു ചീത്ത ശീലം പോലെ പൊഴിച്ചു കളയാന്‍. അതുമല്ലെങ്കില്‍, ലളിതമായിമുഷിഞ്ഞതും മുള്ളുകള്‍ നിറഞ്ഞതുമായ വസ്ത്രം ഒരാള്‍ ഊരിയെറിയും പോലെ.” (CH.7)

അബായില്‍ഗ്രാമര്‍ സ്കൂള്‍ അധ്യാപക ദമ്പതികളുടെ അടുത്തേക്ക്‌ അവര്‍ ഇയോമയെ യാത്രയാക്കുന്നുപരിചാരികഒപ്പം പഠിക്കാനുള്ള അവസരംബിയാഫ്രന്‍ കലാപത്തെ ആത്യന്തികമായി അവസാനിപ്പിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ സൃഷ്ടിക്കാനിരുന്ന ആ കുപ്രസിദ്ധമായ 'നൈജീരിയന്‍ പട്ടിണിപിടിമുറുക്കാനിരുന്ന തെക്കന്‍ ദേശത്തുനിന്ന് മോചനംമമ്മയോടൊപ്പം കഴിയുന്നതാണ് തനിക്കു ഏക ആശ്വാസമെന്ന പതിനൊന്നുകാരിയുടെ പ്രതിഷേധത്തെ അവര്‍ നേരിടുക അതേ കുറിച്ച് പറഞ്ഞു തന്നെയാണ്,:

പിന്നെ നീയെന്തു തിന്നുംപട്ടിണി കിടക്കാന്‍ നീയൊരുക്കമാണോ ഇപ്പോള്‍ പട്ടിണി കിടക്കുന്നതിലും കൂടുതല്‍ ? ഇക്കാലത്ത് അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. ആകാശത്തു നിന്ന് മന്നാ വര്‍ഷിക്കില്ലബോംബുകള്‍ , അതുണ്ടാവുംനമ്മുടെ ഹൃദയങ്ങള്‍ തുളഞ്ഞിറങ്ങാനും മാത്രംപക്ഷെമന്നാ : അതില്ല.” (Ch.8)

ജീവിതകാലം മുഴുവന്‍ ഭക്ഷണത്തെ മാനിക്കണമെന്ന് മമ്മ മകളെ ഓര്‍മ്മിപ്പിക്കും. ഭക്ഷണം കളയരുത്, “ബിയാഫ്രയെ ഓര്‍ക്കുക.”

 

നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയും (There Was a Country) യുവ തലമുറയിലെ ചിമമാന്‍ഡാ അദീചിയും (Half of a Yellow Sunഅവിസ്മരണീയമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള ബിയാഫ്രന്‍ സംഘര്‍ഷത്തിന്റെ തുടക്കവും ചരിത്രപശ്ചാത്തലവുമെല്ലാം, മറ്റു ഭാഗങ്ങളില്‍ എന്ന പോലെ, പറയപ്പെടുകയാണ് (telling), ചിത്രീകരിക്കപ്പെടുകയല്ല (showing) നോവലില്‍ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ബിയാഫ്രന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മൂന്നാം തലമുറക്കാരിയാണ് നോവലിസ്റ്റ് എന്നിരിക്കെ അതേറ്റവും ന്യായവും ആയിരിക്കാംഎന്നാല്‍അവരത് ഭംഗിയായിപ്പറയുന്നു എന്ന് സമ്മതിക്കാതെ വയ്യഓരോ 'പറയപ്പെടല്‍ ' ഖണ്ഡവും അതീവ സാന്ദ്രമായ ഭാഷയില്‍ ആഖ്യാനത്തിലേക്ക് ലയിപ്പിക്കുന്നത്‌ ആ രീതിയിലാണ്. 1970 ജനുവരി ഏഴു മുതല്‍ പന്ത്രണ്ടു വരെ ദിവസങ്ങളില്‍ നടന്ന കിരാതമായ അവസാനത്തെ ഒതുക്കല്‍ (Operation Tail-Wind), ബിയാഫ്രന്‍ സൈനിക മേധാവി ഒജുക് വു (Chukwuemeka Odumegwu Ojukwu (4 November 1933 – 26 November 2011) ഐവറി കോസ്റ്റിലേക്കു വിമാനമാര്‍ഗ്ഗം രക്ഷപ്പെട്ട കാര്യം തുടങ്ങിയതൊക്കെ റേഡിയോയില്‍ കേള്‍ക്കുന്ന ഭാഗം ഇതിനു നല്ല ഉദാഹരണമാണ്.

 

അത് കഴിഞ്ഞു,. പക്ഷെ ആ വസ്തുത പപ്പയെ തിരികെ കൊണ്ടുവരില്ലഅത് കഴിഞ്ഞുപക്ഷെ ആമിനയുടെ കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഒന്നിനുമാവില്ലമരിച്ചവര്‍ പൊടുന്നനെ കുഴിമാടങ്ങളില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കില്ല. സാധ്യതയുണ്ടായിരുന്നത്അതിലൊരാള്‍ പോലും കൃസ്തു മരണത്തില്‍ നിന്ന് ഉയിര്‍ത്തപോലെ ഉയിര്‍ക്കില്ല എന്നതിനായിരുന്നുഅവര്‍ക്ക് ഉയിര്‍പ്പില്ല.”

 

ജൈവ ചോദനകള്‍ ഉണരുന്നു

ഗ്രാമര്‍ സ്കൂള്‍ ദമ്പദികളുടെ കൂടെ താമസിക്കുമ്പോഴാണ് കലാപത്തിന്റെ മറ്റൊരു ഇരയായ ആമിനയെ ഇയോമ കണ്ടുമുട്ടുന്നത്ദുരൂഹമായ ആകര്‍ഷണത്തില്‍ അവര്‍ക്കിടയില്‍ പ്രണയം തിടം വെക്കുന്നു.

 

"അവള്‍ താഴോട്ടു പോയിഎന്റെ അടിവയറിലേക്ക് ചുംബനങ്ങളുടെ ഒരു വഴിയൊരുക്കിഅവള്‍ പിന്നെയും യാത്ര തുടര്‍ന്നുഅടിവയറിനുമപ്പുറംഞങ്ങള്‍ അതുവരെ പോയിട്ടുണ്ടായിരുന്നതിനും അപ്പുറംആ നിമിഷം വരെയും ഞാനറിഞ്ഞിരുന്നില്ലഒരു വായ ഉടലില്‍ അതെത്തേണ്ടിയിരുന്നതായി ഞാന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത ആ ഭാഗത്തെത്തുന്നത് എനിക്ക് ഇങ്ങനെ ഒരനുഭൂതി പകരുമെന്ന് ."

ബൈബിള്‍ അവളുടെ ജീവിതത്തെ അധിനിവേശിക്കുന്നത് അപ്പോഴാണ്‌ തുടങ്ങുകമമ്മ ഉദ്ധരിക്കുന്നു:

നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പാലിക്കുകനിങ്ങള്‍ നിങ്ങളുടെ കാലികളെ വ്യത്യസ്ത വര്‍ഗ്ഗങ്ങളുമായി ഇണ ചേര്‍ക്കരുത്നിങ്ങളുടെ വയലില്‍ മിശ്ര വിത്തുകള്‍ വിതക്കരുത് : ലിനനും രോമവും കലര്‍ത്തിയ വസ്ത്രം ധരിക്കരുത്.” (ലേവിയര്‍ 19 :19). 

അവരുടെ ബന്ധത്തില്‍ മതം മാത്രമല്ല രാഷ്ട്രീയ കാരണങ്ങളും വിലക്ക് തീര്‍ക്കുന്നുവെന്നു മമ്മ നിരീക്ഷിക്കുന്നു:

നീ ഇബോയാണ്ആ പെണ്‍കുട്ടി ഹോസയുംഅവള്‍ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിലും ഇബോയും ഹോസയും ചേരുന്നത് മിശ്ര വിത്തുക്കള്‍ ആവുമെന്ന് കണ്ടുകൂടെ? .. അത് ദൈവനീതിക്ക് എതിരാവും. .. കൂടാതെഅവര്‍ യുദ്ധത്തില്‍ നമ്മോടു എന്ത് ചെയ്തു എന്ന കാര്യം നീ മറക്കുന്നോബിയാഫ്രയോടു അവരെന്തു എന്നത് മറന്നോനിന്റെ പപ്പയെ കൊന്നത് അവളുടെ ആളുകള്‍ ആണെന്ന കാര്യം നീ മറന്നോ ?” 

പിന്നെയാണ് മമ്മയുടെ വാക്കുകളില്‍ സോദോം - ഗോമോറാ ദൃഷ്ടാന്ത കഥ അതിന്റെ ഭീഷണപാഠം ആവര്‍ത്തിക്കുകഎന്നാല്‍ , ദൈവ നീതിയിലെ സ്ത്രീവിരുദ്ധതയാണ് ഇയോമയെ സ്പര്‍ശിക്കുക.

"സത്യത്തില്‍ എനിക്ക് മനസ്സിലാവുന്നുണ്ട്മമ്മആണുങ്ങള്‍ സ്ത്രീകളെ കൊടുക്കാന്‍ തയ്യാറായതിനു കാരണം അവര്‍ ഭീരുക്കളും ഏറ്റവും നിന്ദ്യരായ മനുഷ്യരും ആയിരുന്നു എന്നതാണ്തങ്ങള്‍ക്ക് പകരം തങ്ങളുടെ ഭാര്യമാരെയും പെണ്മക്കളെയും വിട്ടുകൊടുക്കുക ഏതു തരം ആണുങ്ങളാണ്?” മമ്മ എന്നെ കണ്ണു തുറിച്ചു നോക്കിഎന്നിട്ട് ശാന്തയായി പറഞ്ഞു, “ഇയോമനിനക്ക് പ്രസക്തമായ കാര്യം മനസ്സിലായില്ല.” “എന്ത് കാര്യം?” “കണ്ടുകൂടെപുരുഷന്മാര്‍ സ്വയം വിട്ടുകൊടുത്തിരുന്നെങ്കില്‍ അത് വന്‍ പാപമായേനെഅവര്‍ പെണ്‍കുട്ടികളെ വിട്ടുകൊടുത്തുഎന്തെന്നാല്‍ എല്ലാം ദൈവം നിശ്ചയിച്ച പോലെയാവാന്‍ : ആണും പെണ്ണുംഅല്ലാതെആണും ആണും എന്നല്ല.” 

മമ്മയുടെ അതേ ഭാഷയിലാണ് ഗ്രാമര്‍ സ്കൂള്‍ അധ്യാപകനും ഇയോമയെയും ആമിനയും നേരിടുക.

വന്‍ നാണക്കേട്‌ !”... അതാണ്‌ ബൈബിള്‍ അതിനെ വിളിക്കുക. .. ഖൊറാനും അതിനെ അപലപിക്കുന്നുണ്ട്എനിക്ക് ഇസ്ലാമിനെ കുറിച്ച് അധികം ഒന്നുമറിയില്ലഎന്നാലും ഇക്കാര്യത്തില്‍ ഖൊറാനും ബൈബിളും കണ്ണില്‍ കണ്ണില്‍ നോക്കുന്നുവെന്നു എനിക്കറിയാം. 

അയാളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കെ ഇത്തിരി പരിഹാസത്തോടെ ഇയോമ നിരീക്ഷിക്കുന്നു:

 “ദൈവം ഹവ്വയോടു പ്രഭാഷണം നടത്തിയിരിക്കാവുന്ന പോലെ അയാള്‍ പ്രഭാഷണം തുടര്‍ന്നുകൊണ്ടേയിരുന്നു ". 

ഈ ക്രിസ്ത്യന്‍ ശിക്ഷണം അത് ശീലമില്ലാതിരുന്ന ആമിനയില്‍ പേടിസ്വപ്നമായി നിറയുന്നു.

തീക്കല്ലു മഴ,” അവള്‍ അലറി, “അഗ്നിയുംതാഴോട്ടു പതിക്കുന്നുവീഴുന്നയിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു.” സംസാരിക്കുമ്പോള്‍ അവളുടെ ഉടല്‍ വിറച്ചു , ജ്വരം കൊണ്ട് വിറക്കുമ്പോലെ.” 

 'മണ്ടന്‍ സ്വപ്ന'ത്തെ മറികടക്കാന്‍ പിന്നീടൊരിക്കലും അവള്‍ക്കാവുന്നുമില്ല.. അവള്‍ ഇയോമയില്‍ നിന്ന് പിന്‍ വാങ്ങുന്നു.

മൂന്നാം കൊല്ലം ആവുമ്പോഴേക്കും അവളേതാണ്ട് സെക്കണ്ടറി സ്കൂള്‍ പ്രായക്കാരിയായ ഒരു നൈജീരിയന്‍ മാര്‍ഗരറ്റ് താച്ചര്‍ പതിപ്പ്അടിമുടി ഉരുക്കുവനിത ആയിക്കഴിഞ്ഞിരുന്നു.” 

ഒരു ഹോസാ പയ്യന്‍ തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാവുന്നതില്‍ അവള്‍ അഭയം കണ്ടെത്തുന്നുഇയോമ ഒരു കഥാര്‍സിസ് എന്നോണം ആമിനക്കുള്ള കത്തുകള്‍ എഴുതിത്തുടങ്ങുന്നത് അപ്പോഴാണ്‌. എന്‍ദീദിയുമായുള്ള ബന്ധം തുടങ്ങുമ്പോള്‍ ദുരൂഹമായ ഒരു കുറ്റബോധംതാന്‍ ആമിനയെ ഒറ്റുകൊടുക്കുകയാണ് എന്ന തോന്നല്‍ ഒരു വശത്ത്‌ അവളെ മഥിക്കുന്നുണ്ട്മറുവശത്ത്‌ മമ്മയുടെ തൊട്ടടുത്ത മുറിയില്‍ കിടന്നു എന്‍ദീദിയെ കുറിച്ച് ചിന്തിക്കുന്നതും അവളെ പശ്ചാത്താപ വിവശയാക്കുന്നുഅകലെ ആബായില്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു വികാരം.

അകലം ഒരാളുടെ കടമ ബോധത്തെ അടിച്ചമര്‍ത്തുമെന്നപോലെ അടുത്തുണ്ടാവുമ്പോള്‍ അത് ഒരാളുടെ ഉത്തരവാദിത്ത ബോധത്തെ തീവ്രമാക്കുകയും ചെയ്യും". 

ഇതൊക്കെയാണെങ്കിലും അതേ ദുരൂഹ ആകര്‍ഷണം അവളെ കീഴ്പ്പെടുത്തുന്നു.

"എന്റെ കിടപ്പുമുറിയിലെത്തിയപ്പോള്‍ ഞാന്‍ എന്‍ദീദിയെ കുറിച്ച് തന്നെ ഓര്‍ത്തുകൊണ്ടിരുന്നുഞാനെന്റെ നൈറ്റ്‌ ഗൌണിലേക്ക് മാറി കിടക്കയിലേക്ക് കടന്നപ്പോള്‍ അവള്‍ എന്റെ മുന്നില്‍എന്റെ മനസ്സിന്റെ വിടവുകളിലും വിള്ളലുകളിലും. മമ്മ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ലഎന്റെ ചിന്തകളില്‍ അവളോട്‌ ഒരു ശാരീരിക പ്രതികരണം ഉണ്ടാവുന്നത് ഞാന്‍ അറിഞ്ഞുഞാന്‍ അത്രക്കങ്ങു മുഴുകിപ്പോയിആഗ്രഹം കൊണ്ട് നിറഞ്ഞുഎനിക്കെന്നില്‍ തന്നെ ആനന്ദം കണ്ടെത്തല്‍ മാത്രമായിരുന്നു ഏക പോംവഴിഅത് മുമ്പ് ഞാന്‍ അധികമൊന്നും ചെയ്തിട്ടേയില്ലായിരുന്നു - ഒറായ്ഫയ്റ്റിലെ സെക്കണ്ടറി സ്കൂളില്‍ ഒന്നോ രണ്ടോ തവണയൊഴിച്ചാല്‍ഓനാനെ കുറിച്ചും അയാള്‍ തന്റെ വിത്തുകള്‍ തൂവിക്കളഞ്ഞതിനെ കുറിച്ചും മമ്മ പറഞ്ഞതെന്തുമാവട്ടെകഥയുടെ പാഠം ഏതു തരത്തില്‍ സ്വയം ആനന്ദം കണ്ടെത്തുന്നതും ദൈവത്തിന്റെ കണ്ണില്‍ ഒരു പാപം തന്നെയാണ് എന്നതാണ്.”

എന്‍ദീദിയോടൊപ്പം 'ഇരട്ട ദൌത്യമുള്ള ' ചര്‍ച്ചില്‍ പോകുന്നതും അവിടെ വെച്ചുണ്ടാവുന്ന അനുഭവങ്ങളും ഇയോമയെ പാപചിന്തയുടെ ആഴങ്ങളിലേക്ക് കൂടുതല്‍ തള്ളിയിടുംപകല്‍ ഒരു ചര്‍ച്ച്രാത്രി ഭിന്ന ലൈംഗികതയുടെ ഒത്തുചേരല്‍ വേദി എന്നതായിരുന്നു അവിടംതങ്ങളുടെ കണ്മുന്നിലാണ് സാമൂഹിക സദാചാരത്തിന്റെ വക്താക്കള്‍ അവിടം കയ്യേറുന്നതും സംഘര്‍ഷത്തില്‍ സുഹൃത്ത് അദാന ചുട്ടെരിക്കപ്പെടുന്നതും.

"എന്റെ മനസ്സില്‍ , ദാഗോണിലെ ആലയത്തിന്‍റെ ഗോപുരങ്ങള്‍ പോലെ ഭൂമിയുടെ ചുവരുകള്‍ തകര്‍ന്നടിയുന്നത് ഞാന്‍ കണ്ടുഞങ്ങളുടെ കിടങ്ങിന്റെ ചുവരുകള്‍ ഞങ്ങള്‍ക്ക് ചുറ്റും തകര്‍ന്നടിയുന്നുഞങ്ങള്‍ ...ചുവരിനോടൊപ്പം തകര്‍ന്നു വീഴുന്നുഅപ്പോള്‍ ഇങ്ങനെയാണോ ഞങ്ങള്‍ അന്ത്യം കാണുകമമ്മയുടെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞുഎന്റെ മൃദദേഹത്തിനരികില്‍ മമ്മ കരയുന്നുഎന്റെ കുഴിമാടത്തിനടുത്ത് മമ്മ എനിക്ക് വേണ്ടി വിലപിക്കുന്നുഅല്ലെങ്കില്‍ ഒരു പക്ഷെ അവര്‍ വിലപിക്കില്ലായിരിക്കാം. ഒരു പക്ഷെ വിലപിക്കാനാവുന്നതിലേറെ അവര്‍ കുപിതയായിരുന്നിരിക്കാംഒരു പക്ഷെ എന്നെ മറമാടാന്‍ പോലും അവര്‍ മിനക്കെട്ടില്ലെന്നു വരാം.

 

 

അത് ഒരാവശ്യമായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നതായിത്തോന്നി , കണ്ടെത്തല്‍ ദൈവത്തിന്റെ സഹായത്തോടെ ആയിരുന്നെന്ന്അബായെ പാപത്തിന്റെ വഴികളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ ഒരു മാതൃക ആവശ്യമായിരുന്നു എന്ന്.

…......

 

സംഭവത്തിനു ശേഷം മിക്കവാറും ഓരോ ഈരണ്ടു മണിക്കൂറിനിടയിലും അദാനയുടെ രൂപം മനസ്സിലൂടെ മിന്നിമറഞ്ഞുഞങ്ങളിലൊരുത്തിക്ക് ആ ഭീകര രീതിയില്‍ ജീവന്‍ പൊലിഞ്ഞെന്ന തികട്ടിവരുന്ന ഓര്‍മ്മപ്പെടുത്തല്‍ . ഞങ്ങള്‍ ബാക്കിയുള്ളവരെല്ലാം ജീവിതം തുടരാന്‍ അനുവദിക്കപ്പെട്ടപ്പോള്‍ അദാന ജീവനോടെ എരിക്കപ്പെട്ടു എന്ന ഓര്‍മ്മപ്പെടുത്തല്‍ .”

 

മമ്മയുടെ ആശ്വാസവും അത് പോലെയാണ്:

അത് നീയായേനെഇയോമാഓര്‍ത്തുനോക്ക്ഞാന്‍ ഒരു വിധവ മാത്രമല്ലഎന്റെ ഒരേയൊരു കുഞ്ഞിനേയും എനിക്ക് നഷ്ടമായേനെ.”

ചര്‍ച്ചിലെ അനുഭവത്തിനു ശേഷം ആത്മ നിന്ദ തന്നില്‍ പിടിമുറുക്കുന്നത് ഇയോമ അറിയുന്നു.

"എന്‍ദീദിയോടൊപ്പമുള്ള ചര്‍ച്ച് സന്ദര്‍ശനത്തിനു ശേഷമുള്ള കാലം ഞാന്‍ എന്‍റെ നേരെത്തന്നെ നടത്തിയ ദുര്‍മന്ത്രവാദിനീ വേട്ട (witch-hunt)യുടെ തുടക്കമായിരുന്നു. . പിന്തുണയുടെയും സുരക്ഷിതത്വത്തിന്റെയും പ്രഭവമായ ഒരു സമൂഹത്തെ ഞാന്‍ കണ്ടെത്തിയ നിമിഷം തന്നെഅപ്രതീക്ഷിതമായ ഒരു ആത്മനിന്ദ തികട്ടിവന്നുആ നിമിഷം ഞാന്‍ സ്വയം സാത്താന്റെ സ്വാധീനത്തിനകപ്പെട്ട ദുര്‍മന്ത്രവാദിനിയാണെന്ന് വിശ്വസിച്ചു പോയിമമ്മയുടെ ബാധയൊഴിപ്പിക്കല്‍ ഫലിച്ചില്ലെങ്കില്‍ ഫലിക്കുന്ന ഒരു മാര്‍ഗ്ഗം ഞാന്‍ തന്നെ കണ്ടെത്തണമെന്ന് തോന്നിസ്വയം ശുദ്ധീകരണമായിരുന്നു ലക്ഷ്യം.”

ഇതോടൊപ്പം തന്നെ തികച്ചും എതിരറ്റത്തുള്ള മറ്റൊരു ചിന്തയും:

"എന്നാല്‍ സത്യത്തില്‍ ഞാന്‍ തെറ്റ് ചെയ്യുകയല്ലായിരുന്നെങ്കിലോഒരു കാര്യവുമില്ലാതെ ഈ പാപചിന്തക്കൊക്കെയും ഞാനെന്നെ സ്വയം ഇരയാക്കുകയായിരുന്നെങ്കിലോ?”

 

ബൈബിള്‍ - ഇരുപുറം തേടാനുള്ള ചോദന

 

സന്ദേഹങ്ങളുടെ പിടിമുറുക്കത്തിലാണ് തന്റെ ജൈവ ചോദനയെ മാറ്റിവെച്ച് മമ്മയുടെ തെരഞ്ഞെടുപ്പിലേക്ക്ചിബുണ്ടുവിന്റെ ഭാര്യാപദവിയിലേക്ക് അവള്‍ കായപ്രവേശം ചെയ്യുന്നത്. "ഒരു പുരുഷനോടോപ്പമുള്ള ജീവിതം പ്രയാസകരമാണ്എന്നാല്‍ ഒരു പുരുഷന്‍ ഇല്ലാത്ത ജീവിതം അതിലും പ്രയാസമാണ്എന്ന് മമ്മ ഓര്‍മ്മിപ്പിക്കുന്നുതുടക്കം മുതലേ അതൊരു പാഴ്വേലയാണെന്ന് അവളുടെ ഉള്ളില്‍ അവളറിയുന്നുണ്ട്അവളുടെ വൈമുഖ്യം മനസ്സിലാക്കി "നീ തയ്യാറാവുമ്പോള്‍ എന്നെ അറിയിക്കൂ,” എന്ന് വിട്ടുകൊടുക്കുന്ന മാന്യനോട് വിധേയപ്പെടെണ്ടതിന്റെ അനിവാര്യത അവള്‍ക്കറിയാം. വിവാഹം കഴിഞ്ഞു ഒരു കൊല്ലമായിട്ടുംഒരു കുഞ്ഞു ജനിക്കാന്‍ പോകുമ്പോഴും തനിക്കയാളോടുള്ള സ്നേഹം ഒരു റൊമാന്റിക് ഭാവം കൈവരിക്കുന്നതിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും അവള്‍ തുറന്നു പറയുന്നു.

"ഞങ്ങള്‍ നടത്തിയ യാത്രയെ കുറിച്ച് ഞാനോര്‍ത്തുഒരു പയ്യനും പെണ്‍കിടാവും ഒരു ഓറഞ്ചു മരത്തിനു മുകളില്‍ഒരു അപക്വ ചുംബനംകടന്നു പോകുന്ന കാലംഒരു കുഴഞ്ഞ വിവാഹാഭ്യര്‍ഥനഒരു തെളിച്ചമില്ലാത്ത സ്വീകരിക്കല്‍ഒരു വിവാഹച്ചടങ്ങ്‌ , ഒരു വിവാഹ പ്രാര്‍ത്ഥനഒരു വിവാഹ ചുംബനം.”

വിവാഹനാളുകളില്‍ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടില്‍ ചിബുണ്ടുവുമായി ഒരന്യയായി കഴിയുമ്പോള്‍ അവള്‍ അമ്മയെ വിളിച്ചു പറയുന്നുണ്ട്: “മമ്മാഈ ദിവസങ്ങളില്‍ ഞാന്‍ എന്റെ ഉടലില്‍ തടവിലാണെന്നു എനിക്ക് തോന്നുന്നു". അയാളുടെ ആലിംഗനത്തില്‍ ഒതുങ്ങുമ്പോഴും അവള്‍ക്കാകെ ചിന്തിക്കാനാവുന്നത് അത് എന്‍ദീദിയുടെ ആലിംഗനത്തിന്റെ അനുഭൂതിയൊന്നും പകരുന്നില്ലെന്നാണ്.

"എന്തുകൊണ്ടാണ് ഞാന്‍ ആമിനയെയൊ എന്‍ദീദിയെയോ സ്നേഹിച്ച പോലെ എനിക്ക് ചിബുണ്ടുവിനെ സ്നേഹിക്കാന്‍ കഴിയാത്തത്എന്തുകൊണ്ടാണ് എനിക്ക് ഒരു പുരുഷനെ സ്നേഹിക്കാന്‍ കഴിയാതിരുന്നത്ഇക്കാലത്ത്ഞാന്‍ കേള്‍ക്കുന്നുണ്ട് നിങ്ങളുടെ ആദ്യപ്രണയത്തിന്റെ ലിംഗം ഭാവിപ്രണയങ്ങളുടെയെല്ലാം ലിംഗ നിര്‍ണ്ണയം നടത്തുമെന്ന്ഒരു പക്ഷെ ഇതെന്റെ കാര്യത്തില്‍ ശരിയായിരുന്നുപക്ഷെ അക്കാലത്ത്അതൊന്നും കേട്ട കാര്യമേ അല്ലായിരുന്നുആ നിമിഷം എനിക്കറിയാമായിരുന്ന ഏകകാര്യം എന്റെ പ്രണയത്തിന്റെ പ്രകൃതം കാരണം ദൈവം എന്നെ ശിക്ഷിക്കാനുള്ള സാധ്യത ശരിക്കും ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നുഎന്റെ മനസ്സ് ബൈബിളിലേക്ക് തിരിച്ചു പോയികാരണം മമ്മയും ഗ്രാമര്‍ സ്കൂള്‍ ടീച്ചറെ പോലുള്ളവരും ശരിയായിരുന്നെങ്കില്‍ , ബൈബിള്‍ മാത്രം മതിയായിരുന്നു ദൈവം തീര്‍ച്ചയായും എന്നെ ശിക്ഷിക്കും എന്നറിയാനുള്ള തെളിവായി.”

എന്നാല്‍ അപ്പോഴുംപതിവുപോലെ ബൈബിള്‍ അവളെ ചില മറുവശങ്ങളിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു:

"എന്നാല്‍ ഞാന്‍ ബൈബിളിലേക്ക് പോവുകയായിരുന്നെങ്കില്‍ - വിശേഷിച്ചും പുതിയ നിയമത്തിലേക്ക് - നാം അവന്റെ ഇഷ്ടം നടത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ശരിക്കും എന്തൊക്കെയാണ് പ്രത്യാഘാതങ്ങള്‍ദൈവം ശരിക്കും ശിക്ഷാമുറകളിലൂടെ തന്റെ ഇഷ്ടം നടപ്പിലാക്കുമോനമ്മുടെ ശിക്ഷകളെല്ലാം കുരിശേറിയ യേശു നോക്കിക്കൊള്ളുമായിരുന്നില്ലേദൈവത്തിന്റെ കാരുണ്യം അവന്റെ ശിക്ഷയുമായി എങ്ങനെയാണ് ചേരുക?”

എന്‍ദീദിയുമായുള്ള ബന്ധത്തിലെ വേറെയും പാപചിന്തകള്‍ ബൈബിള്‍ പ്രോക്തമാണ്:

എന്‍ദീദിയെ കുറിച്ചുള്ള സ്വാഗതാര്‍ഹമായ ചിന്തകള്‍ക്കപ്പുറം വ്യഭിചാരത്തിന്റെ പ്രശ്നവും ഉണ്ടായിരുന്നുഞാന്‍ സ്വയം സമ്മതിച്ചുഉദ്ദേശവും ലക്ഷ്യവും എന്തായിരുന്നാലും, ഞാനൊരു വ്യഭിചാരിണിയായിരുന്നുഇപ്പോള്‍ എന്‍ദീദിയുമായി ഒരു ശാരീരിക ബന്ധത്തിലും ഏര്‍പ്പെടുന്നില്ലെങ്കിലും എനിക്ക് നന്നായി അറിയാമായിരുന്നു, മത്തായിയുടെ സുവിശേഷ പ്രകാരംആരെങ്കിലും ഒരു സ്ത്രീയെ കാമത്തോടെ നോക്കിയാല്‍ അയാള്‍ ഹൃദയം കൊണ്ട് അവളോടൊപ്പം പാപം ചെയ്തുമത്തായിയുടെ വിധിയില്‍ ഞാന്‍ വ്യഭിചാരിണിയായിരുന്നു.”

അതേ സമയം ചര്‍ച്ച് എന്ന സ്ഥാപനത്തെ കുറിച്ചുതന്നെ വിഗ്രഹഭജ്ഞക നിരീക്ഷണം അവളില്‍ കടന്നു വരുന്നു:

ചര്‍ച്ച് എന്നത് മനുഷ്യന് അറിയാവുന്ന ഏറ്റവും പഴക്കമേറിയതും വിജയകരവുമായ ഏര്‍പ്പാടാണ്കാരണം അതിനു ഉപഭോക്താക്കളെ കണ്ടെത്താന്‍ മാത്രമല്ല, 'വന്‍പാപം' തുടങ്ങിയ വാക്കുകളും തത്വങ്ങളും കൊണ്ട് അവരെ എങ്ങനെ നിയന്ത്രിക്കാം എന്നും അറിയാംആകത്തുക എന്തെന്നാല്‍ നിങ്ങളുടെ 'വന്‍പാപ'മൊക്കെ ഇത്തിരി ഉപ്പു കൂട്ടി വിഴുങ്ങുകഅതേ കുറിച്ച് എന്റെ തോന്നല്‍ എന്തെന്നാല്‍ , ചിലകാര്യങ്ങളെ അവ അങ്ങനെയല്ലെങ്കിലും വന്‍ പാപങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു.”

മമ്മ ഒയോട്ടോയിലേക്ക് തിരിച്ചുപോയ നാളുകളിലാണ്‌ അവള്‍ ശക്തമായ ഒരു സ്വപ്ന പ്രത്യക്ഷത്തെ തുടര്‍ന്ന് എന്‍ദീദിക്കുള്ള കത്തുകള്‍ എഴുതിത്തുടങ്ങുന്നത് .

"അവളുമായുള്ള ഏതു തരം ആശയവിനിമയ അഭാവവും ഒരു അഭാവമായിരുന്നില്ല. പകരം അതൊരു സാന്നിധ്യമായിരുന്നുഒരു മനോവേദനകട്ടിയുള്ള തുരുമ്പെടുത്ത ഒരു അസ്ത്രം നേരെ എന്റെ തല തുളച്ച്എന്റെ ഹൃദയത്തെ ടെറ്റനസ് പോലെയെന്തോ കൊണ്ട് വിഷമയമാക്കിഎന്റെ ചിന്തകളാകെ കുത്തഴിയാന്‍ ഇടവരുത്തിഇവിടെ ഒരു പിടുത്തംഅവിടെ ഒന്ന് എന്നപോലെ..”

 

മൂന്നാം തലമുറ - ദൈവത്തിന്റെ നന്മ

തന്റെ പാപം ചിദിന്മയെ ചൂഴുമെന്നും അവള്‍ മുച്ചിറിയുടെ വൈകല്യത്തോടെ പിറക്കുമെന്നും ഭയന്ന് കഴിഞ്ഞ നാളുകള്‍ക്ക് ശേഷം ആഹ്ലാദകരമായ വരപ്രസാദമായാണ് അവള്‍ പിറക്കുന്നത്‌.

"ചിദിന്മ എന്നതായിരുന്നു ഞാന്‍ തീരുമാനിച്ച പേര്കാരണം "ദൈവം നല്ലവനാണ്,” കാരണം അവളൊരു ശാപം കിട്ടിയ കുട്ടിയല്ല., മുച്ചിറിയുമല്ലഎന്റെയും ചിബുണ്ടുവിന്റെയും പരിപൂര്‍ണ്ണ പ്രതിനിധാനമായ ഇവളിലൂടെ ദൈവം ശരിക്കും നല്ലത് ചെയ്തു.” 

നോവലിന്റെ തലക്കെട്ടിന്റെ ഉറവിടം തന്നെ കുഞ്ഞുങ്ങള്‍ എന്ന അനുഗ്രഹത്തെ കുറിച്ചുള്ള ഗോത്ര മിത്തുകളിലാണ് :

 

"പുരാണങ്ങളുണ്ട്‌ ആത്മാക്കളായ കുഞ്ഞുങ്ങള്‍ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങള്‍ക്കിടയില്‍ അലഞ്ഞു മടുത്തിട്ട്ഉദാല മരങ്ങള്‍ക്ക് മേല്‍ കൂട്ടം ചേരുമെന്ന്. ചേക്കയിടത്തിന് പകരമായി അവര്‍ ആ മരങ്ങള്‍ക്ക് ചുവടെ ഏറ്റം കുറഞ്ഞൊരു സമയം പോലും തങ്ങുന്ന സ്ത്രീകളെ അസാധാരണമാം വിധം ഉര്‍വ്വരമാക്കുംഅവര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഗര്‍ഭം ധരിക്കാന്‍ ഇടയാക്കുംഅവര്‍ ആഗ്രഹിക്കുവോളം.”

ഒരാണ്‍ കുട്ടിയെ എത്രയും വേഗം വേണമെന്ന ചിബുണ്ടുവിന്റെ ഭ്രമം പുരുഷമേധാവിത്വത്തിന്റെ വന്യതയിലേക്ക് ചുവടുമാറ്റുന്നുണ്ട് പലപ്പോഴും . ചിദിന്മക്ക് നിഷേധിക്കുന്ന കളിപ്പാട്ടങ്ങള്‍ അയാള്‍ അവനു വേണ്ടി കരുതിവെക്കുന്നു.

"ഇത് നിന്റെ സഹോദരന്നിനക്കല്ല... ജനിച്ചിട്ടില്ലാത്തവരുടെ ലോകത്ത് നിന്നുപോലും, അവന്‍ വരാന്‍ നമ്മളെത്ര ആഗ്രഹിക്കുന്നുണ്ടെന്നു അവനു കാണാംഅവനു വേണ്ടി ഞാനെത്ര തയ്യാറെടുക്കുന്നുണ്ടെന്നു അവനു കാണാംഅങ്ങനെ അവന്‍ വരികത്തന്നെ ചെയ്യും.” 

എന്‍ദീദിക്കുള്ള കത്തുകളും അയാളുടെ ഊറ്റം പ്രകടമാക്കുന്നുണ്ട്,:

ആ കത്തുകള്‍ കൊണ്ട് നിനക്കെന്തും ചെയ്യാംവേണമെങ്കില്‍ അവള്‍ക്കു വീണ്ടും എഴുതുകയും ആവാംഎന്നാല്‍ ഒരൊറ്റ നിമിഷം മറക്കരുത് - ഒരൊറ്റ ഞൊടിയിട പോലും - നീയെന്റെ ഭാര്യയാണെന്ന്ദൈവത്തെയോര്‍ത്ത്‌നീയെന്റെ ഭാര്യയാണ്. എനിക്ക് നിന്റെ ജീവിതം ദുരിതമാക്കാനാവുംഅത് കേട്ടോനീയെന്റെ ഭാര്യയാണ്. നീയെന്തുതന്നെ ചെയ്താലും ശരിഎന്നെ പ്രകോപിപ്പിക്കരുത് , ഇല്ലെങ്കില്‍ നീ ശരിക്കും വില നല്‍കേണ്ടി വരുമെന്നു ഞാന്‍ ഉറപ്പുവരുത്തും.” 

ഇത്തരം പൊട്ടിത്തെറികളുടെ നിമിഷങ്ങള്‍ ഉണ്ടെങ്കിലും ചിബുണ്ടുവും ഒരു കുരിശേറ്റത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്.

"ഞാന്‍ കാലടിയൊച്ച കേട്ടില്ലപക്ഷെ തിരിഞ്ഞു നോക്കിയപ്പോള്‍ ബാത്ത് റൂമിന്റെ വാതില്‍പ്പടിയില്‍ ചാരി അങ്ങേയറ്റം ദുഃഖഭരിതമായ കണ്ണുകളോടെ ഞങ്ങളെ നോക്കി ചിബുണ്ടു നില്‍ക്കുന്നത് ഞാന്‍ കണ്ടുഇപ്പോള്‍ എനിക്ക് ചിന്തിക്കാതിരിക്കാന്‍ വയ്യയേശു കുരിശില്‍ കിടന്നു ലോകത്തെ നോക്കിയത് ഇങ്ങനെയായിരുന്നു എന്ന്. … എന്റെ ദൈവമേഎന്റെ ദൈവമേനീയെന്തിനു എന്നെ കൈ വെടിഞ്ഞു? അല്ലെങ്കില്‍യോഹന്നാന്റെ സുവിശേഷത്തിലെ പോലെലളിതമായി : എനിക്ക് ദാഹിക്കുന്നു.”

അടഞ്ഞുപോയ ഒരു ദാമ്പത്യത്തിന്റെ പാഴ്വേലയില്‍ മനം മടുത്താണ് ഒരു രാത്രി ഇയോമ ചിദിന്മയെയും എടുത്ത് മമ്മയെ അഭയം പ്രാപിക്കുന്നത്ഇനിയൊന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞാവണം മമ്മ അഭയം നല്‍കുന്നതുംപുതിയ തലമുറയുടെ തുറന്ന മനസ്സിലേക്ക് ചിദിന്മയെ വളര്‍ത്തിയെടുക്കുന്നതില്‍ മമ്മയുടെയും അവള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന പപ്പയുടെയും ജീവിതം നല്‍കിയ പാഠങ്ങളും പങ്കുവഹിക്കുന്നുണ്ട്.

"ഭയത്തെക്കാളേറെ പ്രണയത്തെ പ്രധാനമായിക്കാണുന്ന ഒരു നൈജീരിയന്‍ പുതു തലമുറയില്‍ പെട്ടവളാണ് അവള്‍അവള്‍ക്കു എന്റെ താല്‍പര്യങ്ങളല്ല എന്ന വസ്തുത സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീ പുരുഷന്മാരെവെറുപ്പിലേക്ക് നയിക്കുന്ന ഭയത്തോടെ കാണാന്‍ അവളെ പ്രേരിപ്പിക്കുന്നില്ലഅതിനു പുറമേ അവരുടെ പ്രശ്നത്തെ അവഗണിക്കാന്‍ കഴിയാത്തവിധം അവള്‍ക്കെന്റെ കഥ നല്ലപോലെ അറിയാം.”

അവള്‍ പഠിപ്പിക്കുന്ന കോളേജില്‍ പുതിയ കാലത്തും സംഭവിക്കുന്നപഴയ ചര്‍ച്ച് സംഭവത്തെയും അദാനയുടെ ദുരന്തത്തെയും ഓര്‍മ്മിപ്പിക്കുന്നഒരു 'സ്വവര്‍ഗ്ഗരതി വേട്ട'യുടെ വാര്‍ത്ത നോവലന്ത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്നതുംപ്രശ്നത്തില്‍ ചിദിന്മ സ്വീകരിക്കുന്ന തുറന്ന സമീപനവും അവളുടെ വ്യക്തിത്വത്തെ മാത്രമല്ലപുതിയ കാലത്തും ചില ജീവിതങ്ങള്‍ നിലനില്‍പ്പിനായുള്ള യുദ്ധത്തില്‍ തന്നെയാണ് എന്ന് കൂടി സൂചിപ്പിക്കുന്നു. പുതിയ സംഭവത്തിലും ഇരകള്‍ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. എന്നിരിക്കിലുംഎല്ലാ എതിര്‍പ്പുകളും അവസാനിക്കുകയും സ്നേഹം അതായിത്തന്നെ മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം അസാധ്യമല്ല എന്ന് തന്നെ നോവല്‍ ഉറ്റുനോക്കുന്നുഇത്തവണയും ആഖ്യാതാവ് ബൈബിളിനെ കൂട്ടുപിടിക്കുന്നു,:

"ഹീബ്രു 8: ദൈവം ഇസ്രെയെല്യരുമായും ജുദേയയുമായും പുതിയ ഉടമ്പടിയില്‍ എത്തിഅവന്‍ അവരുടെ പിതാക്കളുമായി ഉണ്ടാക്കിയ ഉടമ്പടിക്ക് അനുസരിച്ചല്ലആ ആദ്യ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിനു ഇടമുണ്ടാകുമായിരുന്നില്ല. . ആ പുതിയ ഉടമ്പടിയോടെആദ്യത്തേതിനെ അവന്‍ പഴയതാക്കിആ ആദ്യത്തേത് അപ്രത്യക്ഷമാകാന്‍ അനുവദിച്ചുഈ വാക്യമാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത്.”

 


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 218-228)

To purchase, contact ph.no:  8086126024


read more:

Saturday, October 15, 2016

Early Trilogy - Ngũgĩ wa Thiong'o

സ്വാതന്ത്ര്യത്തിന്‍റ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍


ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രിചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം എന്‍ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).
ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.

കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് എന്‍ഗൂഗി. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം. ദുരിതങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ടെങ്കിലും വിട്ടുപോയിട്ടില്ലാത്ത സൗന്ദര്യത്തിന്റെ ഉടമയായ മമ്മ ന്യോകാബി, മകനു സ്കൂളില്‍ പോകാനുള്ള അപൂര്‍വ്വ അവസരം വാഗ്ദാനം ചെയ്യുന്നത്, അതീവ സന്തോഷത്തോടെയാണ് അവന്‍ സ്വീകരിക്കുക. ആശാരിപ്പണി പഠിക്കുന്ന അര്‍ദ്ധ സഹോദരന്‍ കമാവു അനിയനെ അനുമോദിക്കുന്നു; അവര്‍ മികച്ച ഭാവി സ്വപ്നം കാണുന്നു. ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന ഭൂമിയില്‍ ഇപ്പോള്‍ അതിന്റെ ബ്രിട്ടിഷ് ഭൂവുടമ മി. ഹോലാന്‍ഡ്സിന് വേണ്ടി കര്‍ഷകത്തൊഴില്‍ ചെയ്യുന്ന പപ്പ എന്‍ഗോതോ, കുടുംബത്തില്‍ ആദ്യം സ്കൂളില്‍ പോവുക തന്റെ മകനായിരിക്കുമെന്ന അഭിമാനത്തിലാണ്. സ്കൂളിലെ കഠിനമായ ആദ്യ ദിനങ്ങളില്‍ അവനു കൂട്ടാവുക ധനികനായ ഗികുയു കര്‍ഷകനും തങ്ങളുടെ കിടപ്പാടത്തിന്റെ ഉടമയുമായ ജകൊബോയുടെ മകള്‍ മ്വിഹാകി ആയിരിക്കും.

ഒരു സായാഹ്നത്തില്‍ , എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഗികുയു ദേശം സ്വന്തമാക്കിയതെന്ന കഥ പപ്പ തന്റെ ഭാര്യമാരോടും കോറി, ബോറോ, കമാവു, ന്യൊറോഗി എന്നീ മക്കളോടും പറയുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുവെങ്കിലും, രണ്ടാം ലോക യുദ്ധത്തിനിടെ തന്റെ സഹോദരനെ നഷ്ടമായ ബോറോയിലാണ് അത് കൂടുതല്‍ രോഷം സൃഷ്ടിക്കുക. ഇംഗ്ലീഷ് പരിജ്ഞാനം നേടിയെടുക്കുന്ന ന്യൊറോഗി തന്റെ ബൈബിള്‍ പഠനത്തിനിടെ, ഗികുയു പോരാട്ടങ്ങളും ഇസ്രയേല്യരുടെ പീഡനവും തമ്മില്‍ സാമ്യം കണ്ടെത്തുന്നു. കമാവുവാകട്ടെ, തന്റെ ആശാന്‍ എന്‍ഗാനയുടെ മെല്ലെപ്പോക്കില്‍ മടുത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍ ജനതക്ക് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിക്കുന്നതിനെ കുറിച്ച് കേള്‍ക്കാനിടയാവുന്ന എന്‍ഗോതോക്ക് അതില്‍ പങ്കെടുക്കണം എന്നുണ്ടെങ്കിലും മി. ഹോലാന്‍ഡ്സ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇതിനോടകം പ്രസ്ഥാനത്തില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നിരിക്കുന്ന ബോറോ, മറ്റു ചിലരോടൊപ്പം യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൊളോണിയല്‍ കാലത്ത് സ്വന്തമായി ഭൂമി ഉടമസ്ഥതയില്‍ വെക്കാനും കൃഷിനടത്താനും അവകാശമുള്ള ചുരുക്കം തദ്ദേശീയരില്‍ ഒരാള്‍ എന്ന നിലയില്‍ നാട്ടുപ്രമാണിയായ ജകൊബോയെ മുന്നില്‍ നിര്‍ത്തി സമരം പൊളിക്കാന്‍ പോലീസ് ശ്രമിക്കുന്നതില്‍ പ്രകോപിതനാവുന്ന എന്‍ഗോതോ സ്റ്റേജില്‍ കയറി അയാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. കലാപം ഉടനടി അടിച്ചമര്‍ത്തപ്പെടുന്നെങ്കിലും, ഭയപ്പെട്ടപോലെ, എന്‍ഗോതോയും കുടുംബവും അതിനു കനത്ത വില നല്‍കേണ്ടി വരുന്നു. മി. ഹോലാന്‍ഡ്സ് അയാളെ പിരിച്ചു വിടുകയും, ജകൊബോ അവരെ കുടിയിറക്കുകയും ചെയ്യുന്ന സന്ദിഗ്ധ ഘട്ടത്തില്‍ എന്‍ഗാന അവര്‍ക്ക് അഭയം നല്‍കുന്നു.

'മോമോ' പ്രസ്ഥാനത്തിലെ മിതസ്വരത്തിന്റെ പ്രതീകവും ന്യൊറോഗിയുടെ നായകനുമായ ജോമോ കെനിയാറ്റ അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ് രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഖ്യാനം പുരാരംഭിക്കുന്നത്. പ്രസ്ഥാനത്തിലെ തീവ്ര വിഭാഗം കടുത്ത മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞതിന്റെ ഫലങ്ങള്‍ ഹിംസാത്മകമായ തിരിച്ചടികളായി നാടെങ്ങും അനുഭവപ്പെട്ടു തുടങ്ങുന്നു. പോലീസിനെയും കലാപകാരികളെയും ജനങ്ങള്‍ ഒരുപോലെ ഭയപ്പെടേണ്ട സാഹചര്യം. ഒരു വശത്ത്‌ കൊറോയും ബോറിയും പോലീസുമായി ഇടയ്ക്കിടെ കൊമ്പു കോര്‍ക്കുന്നു. അതേ സമയം, മി. ഹോലാന്‍ഡ്സും ജകൊബോയും കൈകോര്‍ത്തു എന്‍ഗോതോയെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നു. കോറിയും എന്‍ഗോതോയുടെ ആദ്യ ഭാര്യ എന്‍യേരിയും അറസ്റ്റിലാവുന്നു. ഇത്തരം കാലുഷ്യങ്ങള്‍ക്കെല്ലാം ഇടയിലും കമാവുവിന്റെ ഉപദേശ പ്രകാരം കലാപകാരികളുടെ ഭീഷണി അവഗണിച്ചു ന്യൊറോഗി സ്കൂളില്‍ പോകുന്നത് തുടരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന മ്വിഹാകിയും ന്യൊറോഗിയും സൗഹൃദം പുതുക്കുന്നുവെങ്കിലും, തങ്ങളുടെ സാമൂഹ്യ നിലകളിലെ അന്തരം മ്വിഹാകിയെ ഉലക്കുന്നു. അതിനോടൊപ്പം, ന്യൊറോഗിക്ക് ഹൈ സ്കൂള്‍ പഠനത്തിനു അവസരം ഒരുങ്ങുമ്പോള്‍ ഗ്രേഡുകള്‍ മോശമായ മ്വിഹാകിക്ക് ടീച്ചിംഗ് കോളേജില്‍ പോകേണ്ടിയും വരുന്നു. സ്കൂളില്‍ വെച്ച് മി. ഹോലാന്‍ഡ്സിന്റെ മകന്‍ സ്റ്റീഫനുമായി അപൂര്‍വ്വമായ ഒരു സൗഹൃദത്തിലേക്കു ന്യൊറോഗി എത്തിച്ചേരുന്നു. കുട്ടിക്കാലത്ത് പരസ്പരം സംസാരിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുപേര്‍ക്കും പൊതുവായി പലതുമുണ്ടെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തുന്നു. പ്രതീക്ഷകളുടെ നാളുകള്‍ക്ക് പക്ഷെ അല്‍പ്പായുസ്സാണെന്ന് തെളിയിച്ചുകൊണ്ട്‌ , പത്തൊമ്പതാം വയസ്സില്‍ , ജകൊബോയുടെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന ന്യൊറോഗി ഭീകരമായി പീഡിപ്പിക്കപ്പെടുന്നു.

യഥാര്‍ഥത്തില്‍ ജക്കൊബോയുടെ വധം കുടുംബത്തിന്റെ സമൂലമായ ദുരന്തത്തിനു കാരണമായിത്തീരുമെങ്കിലും ന്യോറോഗിയോ എന്‍ഗോതോയോ അല്ല അതിനുത്തരവാദിയെന്നു സുവ്യക്തമാണ്. മി. ഹോലാന്‍ഡ്സും ജകൊബോയും ചേര്‍ന്ന് അച്ഛനെ അറസ്റ്റ് ചെയ്യിക്കുന്നതിനെ തുടര്‍ന്നു ബോറോയാണ് ജകൊബോയെ കൊല്ലാന്‍ പദ്ധതിയിടുന്നത് . തടവില്‍ എന്‍ഗോതോ കുറ്റ സമ്മതം നടത്തിയിട്ടുണ്ടെന്നും അയാളെ വന്ധ്യംകരിച്ചിരിക്കുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വസ്തനായ കുടിയാനെ ഇത്തിരി വൈകിയാണെങ്കിലും മനസ്സാക്ഷിയുടെ കുത്തല്‍ സഹിക്കാനാവാതെ മി. ഹോലാന്‍ഡ്സ് ജയില്‍ മോചിതനാക്കുന്നു. കസ്റ്റഡിയില്‍ പെട്ടുപോയിരുന്ന കമാവുവിനെ രക്ഷിക്കാന്‍ വേണ്ടി എന്‍ഗോതോ കുറ്റം എല്‍ക്കുകയായിരുന്നു എന്നും യഥാര്‍ഥത്തില്‍ സഹോദരന്റെ മരണത്തിനു പ്രതികാരമെന്നോണം അത് ചെയ്തത് ബോറോ ആയിരുന്നു എന്നും വ്യക്തമാവുന്നു. പീഡനത്തിന്റെ ബാക്കിപത്രമായി എന്‍ഗോതോ വൈകാതെ മരിക്കുന്നതോടെ, അയാളുടെ നിരപരാധിത്തം അറിഞ്ഞിട്ടും അതിനു വിട്ടുകൊടുത്ത മി. ഹോലാന്‍ഡ്സിനെ, അയാളുടെ വസതിയില്‍ വെച്ചുതന്നെ ബോറോ വധിക്കുകയായിരുന്നു . എന്‍ഗോതോയുടെ മരണ ശേഷം കുടുംബഭാരം ഏല്‍ക്കേണ്ടി വരുന്ന ന്യൊറോഗി പഠനം നിര്‍ത്തി ഒരു ഡ്രസ്സ്‌ ഷോപ്പില്‍ ജോലി നോക്കാന്‍ നിര്‍ബന്ധിതനാവുന്നു. തനിക്കുള്ള ഒരേയൊരു ആശ്വാസമായ മ്വിഹാകിയെ അയാള്‍ തേടിയെത്തുന്നുവെങ്കിലും, ഇരുവരും തങ്ങളുടെ പ്രണയം ഏറ്റുപറയുന്നെങ്കിലും, പിതാക്കള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ ഒരുമിക്കുന്നത് അസാധ്യമാക്കിയിരിക്കുന്നുവെന്നു തിരിച്ചറിയുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്ന ന്യൊറോഗിയേ പിന്തിരിപ്പിച്ചു മമ്മ ന്യോകാബി വീട്ടിലേക്കു കൊണ്ടുവരുന്നു.

മണ്ണിന്റെ ഉടമസ്ഥത എന്നത് പവിത്രമായ ഒരു അവകാശമായിക്കണ്ടിരുന്ന ഗികുയു സംസ്കൃതിയില്‍ ബ്രിട്ടീഷ് ഭൂസ്വത്ത് നിയമങ്ങള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അക്രമകാരികളായ കൊളോണിയലിസ്റ്റുകള്‍ വന്‍ തോതില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനും, ചിരപുരാതനമായി അന്തസ്സോടെ സ്വന്തം ഭൂമിയില്‍ കഴിഞ്ഞുവന്നവരെ അവിടെത്തെ തന്നെ അടിയാന്മാരാക്കി മാറ്റുന്നതിനും ഈ ഇടപെടലുകള്‍ നിമിത്തമായി. എന്‍ഗോതോയുടെ ജീവിതം ഈ പരിതോവസ്തയുടെ പ്രതീകമാണ്. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി നിര്‍ബന്ധിത സൈനിക വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട യുവാക്കളുടെ ജീവത്യാഗങ്ങള്‍ വിലമതിക്കപ്പെടാതെ പോയതും അമര്‍ഷം രൂക്ഷമാക്കിയ ഘടകമായിരുന്നു. നാല്‍പ്പതുകളില്‍ ആരംഭിച്ച 'കെനിയ ആഫ്രിക്കന്‍ യൂണിയന്‍ ' , ജോമോ കേനിയാറ്റയുടെ നേതൃത്വത്തില്‍ മിതവാദസമീപനങ്ങളിലൂടെ സ്വാതന്ത്ര്യ സമര സന്ദേശം ഏറ്റെടുത്തെങ്കിലും 1952-ല്‍ , ഗോത്ര സംസ്കൃതിയില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന രഹസ്യസ്വഭാവവും 'പ്രതിജ്ഞ'യെടുക്കലും അടിസ്ഥാനമാക്കി രൂപമെടുത്ത മോ മോ പ്രസ്ഥാനം യൂറോപ്പ്യന്‍ വംശജര്‍ക്കും 'ഒറ്റുകാര്‍ ' എന്ന് മുദ്രചാര്‍ത്തപ്പെട്ട തദ്ദേശീയര്‍ക്കുതന്നെയും എതിരെ കടുത്ത ആക്രമണ സ്വഭാവങ്ങളുള്ള കടന്നു കയറ്റങ്ങളിലൂടെ സ്വാതന്ത്ര്യ സമരങ്ങളുടെ നേതൃത്വം കയ്യടക്കി. 1956 ആവുമ്പോഴേക്കും ഭീകര മര്‍ദ്ദനമുറകളിലൂടെ കലാപം ഏതാണ്ട് പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടിരുന്നെങ്കിലും1960വരെ അടിയന്തിരാവസ്ഥ തുടര്‍ന്നു. 1960-ല്‍ തുടങ്ങിയ അധികാരക്കൈമാറ്റപ്രക്രിയ 1962-ലെ സ്വാതന്ത്ര്യപ്രാപ്തിവരെ തുടര്‍ന്നു. അധികാരക്കൈമാറ്റ പ്രക്രിയയുടെ കാലം 'കുഞ്ഞേ, കരയരുത്' പശ്ചാത്തലത്തിലേക്കെടുക്കുന്നില്ല.

ചേര്‍ത്തണച്ചും പകുത്തകറ്റിയും
എന്‍ഗൂഗിയുടെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ 'കുഞ്ഞേ, കരയരുത്' ആയിരുന്നെങ്കിലും അതിനും മുമ്പേ എഴുതപ്പെട്ടതും കൂടുതല്‍ മുമ്പുള്ള ഒരു കാലഗണനയുള്ളതുമായ നോവലാണ്‌ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ , കൊളോണിയല്‍ ആധിപത്യം ബൈബിള്‍ ആയുധമാക്കിയിരുന്ന കാലമാണ് നോവലിന്റെ പശ്ചാത്തലം. ഗ്രാമീണ പശ്ചാത്തലത്തില്‍ 'രോഗമുക്തി, അഥവാ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍ ' എന്നര്‍ത്ഥമുള്ള ഹോനിയ നദി, കമേനോയെയും മകുയുവിനെയും വേര്‍തിരിച്ചു ഒഴുകുന്നു. കികുയു സങ്കല്‍പ്പത്തിലെ പുരാണപ്രോക്തമായ ഉല്പത്തി ദേശമായ ഇവിടെയാണ്‌ മുറുംഗോ ദേവന്‍ ആദിപുരുഷനും സ്ത്രീയുമായ കികുയുവിനെയും മുംബിയെയും സൃഷ്ടിച്ചത്. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്യരെ അറിയിക്കാതെ ഗോത്രം കൈകാര്യം ചെയ്തുവന്ന ഇവിടം കമേനോയുടെ പാരമ്പര്യനിലപാടുകളും പുതുതായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മകുയു ഗോത്രവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതോടെ അസ്വസ്ഥമാകുന്നു. ആദ്യകാല ഇംഗ്ലീഷ് പര്യവേഷകന്‍റെ പേരുള്ള റവ: ലിവിംഗ്സ്റ്റന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ സിറിയാനി മിഷന്‍ സ്കൂള്‍ സ്ഥാപിക്കുകയും മതഭ്രാന്തനായ പുത്തന്‍കൂറ്റുകാരന്‍ ജോഷ്വയേ ഉപയോഗിച്ച് ക്രിസ്ത്യന്‍ മേധാവിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരാണ നായകനായ മുഗോയുടെ പാരമ്പര്യത്തില്‍ നിന്നുള്ള ഗ്രാമത്തലവന്‍ ചിഗെ, വെള്ളക്കാരുടെ അധിനിവേശത്തെ കുറിച്ചുള്ള പിതാമഹന്റെ പ്രവചനത്തെ ഗോത്രജനത അവഗണിക്കുന്നതില്‍ ഖിന്നനാണ്‌. കികുയു ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ചിഗെ, തനിക്കു ശേഷം ആ ദൌത്യം മകന്‍ വയാകി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഒരു സ്വാഭാവിക നായകന്‍റെ ഗുണഗണങ്ങള്‍ ഉള്ള വയാകിയെ അയാള്‍ കൊച്ചിലേ അതിനു പാകപ്പെടുത്തുന്നുണ്ട്. പാരമ്പര്യത്തെയെന്നപോലെ വെളുത്തവര്‍ഗ്ഗക്കാരന്റെ രീതികളും അറിയുന്ന, മലകളില്‍ നിന്നുള്ള ഒരു വീരനാണ് തന്റെ ജനതയുടെ മോചകനാകുക എന്ന പ്രവചനം ഓര്‍ത്തുകൊണ്ട്‌ കുഞ്ഞായ വയാകിയെ അയാള്‍ പര്‍വ്വതത്തില്‍ മുറുംഗോയുടെ വിശുദ്ധ വൃക്ഷം കാണിച്ചു കൊടുക്കുകയും മുഗോയുമായുള്ള പാരമ്പര്യ ബന്ധം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം, പുതിയ കാലത്തിന്റെ വെല്ലുവിളികളും ഏറ്റെടുക്കാന്‍ മകനെ സിറിയാനി സ്കൂളിലെ വിദ്യാഭ്യാസത്തിനും അയക്കുന്നത്, ഒരു വേള, ഗോത്രാംഗങ്ങളുടെ വിമര്‍ശത്തിനും ഇടയാക്കുന്നുണ്ട്. പ്രവചനത്തെ കുറിച്ചറിയാവുന്ന മറ്റൊരാളായ കബോന്‍യി, ജോഷ്വായെപ്പോലെ മതം മാറിയവനാണ്. ഗോത്രത്തില്‍ ചിഗേക്ക് പിറകെ രണ്ടാമനായിപ്പോയ പോലെ പുതിയ സമൂഹത്തില്‍ ജോഷ്വാക്ക് പിറകില്‍ രണ്ടാമനാവാനേ അത്രതന്നെ വാചാലനല്ലാത്ത കബോന്‍യിക്ക് കഴിയുന്നുള്ളൂ. അധിനിവിഷ്ട വിശ്വാസവും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമിക ഈ വിധം സമഗ്രമായി സ്ഥാപിച്ചതിനു ശേഷമാണ് നോവല്‍ ഇതിവൃത്തത്തിന്റെ പിരിമുറുക്കത്തിലേക്ക് നീങ്ങുന്നത്‌.

ക്രിസ്തു മതവിശ്വാസപ്രകാരം നിഷിദ്ധവും ഗോത്രാചാരത്തിന്റെ അടിസ്ഥാന ഘടകവുമായ ചേലാകര്‍മ്മം, അതും പെണ്‍ചേലാകര്‍മ്മം, എന്ന ആചാരം അച്ഛനോടുള്ള പ്രതിഷേധമായിത്തന്നെ മകള്‍ മുതോനി ഏറ്റെടുക്കുന്നത് ജോഷ്വാക്ക് വലിയ അപമാനമാകുകയും തുടര്‍ന്നു പഴുപ്പ് ബാധിച്ചു അവള്‍ മരിക്കാന്‍ ഇടയാകുന്നത് കികുയു ഗോത്രത്തില്‍ത്തന്നെ ആ വിഷയത്തില്‍ ഭിന്നത ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നത് ഒരു വേള ചിഗേയുടെ ശിക്ഷണം, ഒടുവില്‍ , ഒരു വൃദ്ധന്റെ ജല്‍പ്പനം മാത്രമോ എന്ന സംശയം വയാക്കിയില്‍ ഉണ്ടാക്കുന്നുണ്ട് . പ്രാകൃതരായ കികുയു വിഭാഗത്തിനുമേലുള്ള സാത്താനിക സ്വാധീനമാണ് എല്ലാത്തിനും കാരണം എന്ന് കമേനോ ഗോത്രം നിലപാടെടുക്കുകയും പെണ്‍ചേലാകര്‍മ്മം തള്ളിപ്പറയുന്നവര്‍ക്ക് മാത്രമേ മിഷനറി സ്കൂളില്‍ പ്രവേശനം നല്‍കൂ എന്ന് അധികൃതര്‍ തീരുമാനിക്കുകയും ചെയ്യുന്നത് അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണം മകുയുവിനു മേല്‍ 'കുടില്‍ നികുതി' ഏര്‍പ്പെടുത്തുകയും ഭൂമി കണ്ടുകെട്ടുകയും തുടര്‍ന്നു വാസ്തുഹാരകളാവുന്ന ഗോത്രജരെ സ്വന്തം ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലേക്ക് താഴ്ത്തുകയും ചെയ്യുന്നത് , 'കുഞ്ഞേ കരയരുത്' എന്ന കൃതിയിലേത് പോലെ, പില്‍ക്കാല കലാപ നാളുകള്‍ക്ക് വഴിമരുന്നിടും. സന്ദേഹങ്ങളില്‍ ഉഴലുന്ന വയാകി തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമോ എന്ന ശങ്കയോടെയാണ് ചിഗെ മരിക്കുക. അവസരം മുതലെടുക്കുന്ന കബോന്‍യി ക്രിസ്തുമതം ഉപേക്ഷിക്കുകയും ഗോത്രത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹയായി തന്നെത്തന്നെ അവരോധിക്കുകയും, കികുയു സംസ്കൃതിയുടെ മൗലികതക്കും ഗോത്ര ഭൂമി തിരിച്ചു പിടിക്കുന്നതിനും വേണ്ടി 'കിയാമ' എന്ന രഹസ്യ സമൂഹം ഉണ്ടാക്കുകയും ചെയ്യുന്നു. ജോമോ കെനിയാറ്റയുടെ മുന്‍ കൈയ്യില്‍ 1925-ല്‍ നിലവില്‍ വന്ന കെനിയന്‍ സെന്‍ട്രല്‍ അസോസിയേഷന്റെ മാതൃകയായ കിയാമാക്ക് സമാന്തരമായി , 1920-കളില്‍ നിലവില്‍ വന്ന കികുയു സ്വതന്ത്ര സ്കൂള്‍ അസോസിയേഷനെ ഓര്‍മ്മിപ്പിക്കുന്ന 'മാരിയോഷോണി' എന്ന സ്കൂളുമായി ഗോത്രത്തിനു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്ക് വയാക്കിയും സുഹൃത്തുക്കളും കടന്നു വരുന്നു. 'കിയാമ'യിലെ അംഗമായിരിക്കുമ്പോഴും രാഷ്ട്രീയ മാര്‍ഗ്ഗങ്ങളെക്കാള്‍ വിദ്യാഭ്യാസമാണ് ഇരുഗോത്രങ്ങളെയും യോജിപ്പിക്കുക എന്ന നിലപാടാണ് വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വയാക്കിക്കുള്ളത്.

ജോഷ്വായുടെ രണ്ടാമത്തെ മകള്‍ നിയാംബുരുവുമായുള്ള വയാക്കിയുടെ പ്രണയം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത നിയാംബുരയെ സ്വന്തമാക്കാനായി ഗോത്രക്കാര്‍ക്കു മുന്നില്‍ നുണ പറഞ്ഞിട്ടും അയാളുടെ പ്രണയം സ്വീകരിക്കുമ്പോഴും അച്ഛനെയോര്‍ത്ത് അവള്‍ വിവാഹാഭ്യര്‍ഥന നിരസിക്കുന്നത്‌ അയാളുടെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അതേ സാഹചര്യത്തിലാണ് , കിയാമയുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണോത്സുകതയില്‍ മനം മടുത്തു പ്രസ്ഥാനത്തില്‍ നിന്ന് അയാള്‍ രാജിവെക്കുന്നതും. കബോന്‍യി നിരത്തുന്ന ആരോപണങ്ങളില്‍ വയാക്കി സ്വയം പ്രതിരോധിക്കാനാവാതെ പെട്ടുപോകുന്നു: തന്റെ സ്കൂളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ നടത്തിയ ശ്രമം മിഷനറിമാരുമായുള്ള ഗോത്ര വിരുദ്ധ സഹകരണമായി വ്യാഖ്യാനിക്കപ്പെടുന്നു; സ്ത്രീയുടെ മൃതദേഹം തൊടരുതെന്ന ഗോത്ര വിലക്ക് മിതോനിയുടെ മരണസമയത്ത് അയാള്‍ അവിടെ ഉണ്ടായിരുന്നോ എന്നത് പോലും സംശയാസ്പദമായിരിക്കെ, അയാള്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്നു, യഥാര്‍ഥത്തില്‍ അയാള്‍ നിയാംബുരയെ കാണാന്‍ പോയതായിരുന്നു എന്നിരിക്കെ, ജോഷ്വയുടെ പ്രാര്‍ഥനയില്‍ അയാള്‍ പങ്കെടുത്തായി ആരോപിക്കപ്പെടുന്നു. കബോന്‍യിയുടെ മകന്‍ കമാവുവിനു നിയാംബുരയോടു നിരസിക്കപ്പെട്ട പ്രണയത്തിന്റെ നീരസമുള്ളതും കാര്യങ്ങള്‍ വഷളാക്കുന്നു. ജോഷ്വായെയും കൂട്ടാളികളെയും അപായപ്പെടുത്താനുള്ള കിയാമയുടെ പദ്ധതി നിയാംബുരയെ ഓര്‍ത്ത്‌ വെളിപ്പെടുത്തുന്നത് അവിശ്വാസിയുടെ ജല്‍പ്പനമായി ജോഷ്വാ തള്ളിക്കളയുന്നുവെങ്കിലും അതും വയാക്കിയെ പ്രതിസ്ഥാനത്താക്കുന്നു. ഇതൊക്കെയാണെങ്കിലും നിയാംബുരയോടുള്ള പ്രണയം നിഗൂഡമാക്കിത്തന്നെ വെക്കേണ്ടതുള്ളത് കൊണ്ട് അയാള്‍ക്ക് ഒന്നിനെയും പ്രതിരോധിക്കാനാവുന്നുമില്ല. സന്ദര്‍ഭം മുതലെടുത്ത്‌ 'പ്രവചിക്കപ്പെട്ട' രക്ഷകനായി സ്വയം അവരോധിച്ച കബോന്‍യി വിചാരണക്കായി വയാക്കിയെ കിയാമക്ക് മുന്നില്‍ വിളിപ്പിക്കുന്നു. പാരമ്പര്യവാദികളും പുത്തന്‍കൂറ്റുകാരും ഉള്‍പ്പെടുന്ന ആളുകളോട് സംസാരിക്കാന്‍ അവസരം അഭ്യര്‍ഥിക്കുന്ന ബഹുമാന്യനായ 'ടീച്ചറു'ടെ ആവശ്യം കബോന്‍യിക്ക് നിരസിക്കാനാവുന്നില്ല.

ക്രിസ്മസ് ആഘോഷത്തിനോടൊപ്പം ചേര്‍ന്ന് വരുന്ന ചേലാകര്‍മ്മ ചടങ്ങിനു തൊട്ടു മുമ്പ്, ആളുകളെ അഭിസംബോധന ചെയ്യും മുമ്പായി, വിശുദ്ധ തോട്ടത്തിലേക്ക് ഒരു പ്രഭാത തീര്‍ത്ഥാടനം നടത്തുന്ന വയാക്കിക്ക് ഉണ്ടാവുന്ന അതീന്ത്രിയ അനുഭവമാണ് നോവലിന്റെ കാതലായ തിരിച്ചറിവിലേക്ക് അയാളെ എത്തിക്കുക. പുരാതന പ്രവചനത്തെയും ഗോത്രത്തിന്റെ ഐക്യത്തെയും കുറിച്ച് ധ്യാനത്തിലേര്‍പ്പെടുന്ന വയാക്കിക്ക് ആത്മീയവും രാഷ്ട്രീയവുമായ ഒരു വെളിപാടുണ്ടാവുന്നു. വിദ്യാഭ്യാസം മാത്രം മതിയാവില്ല തന്റെ ജനതയുടെ ഐക്യത്തിനെന്നും, ഐക്യം രാഷ്ട്രീയ പ്രക്രിയയിലേക്ക് വളരണം എന്നും അത് അവരെ ഗോത്രഭൂമിയുടെ നഷ്ടത്തില്‍ നിന്നും, അടിമ ജോലിയില്‍ നിന്നും, വിദേശ സര്‍ക്കാരിന് നല്‍കുന്ന അനാവശ്യ നികുതികളില്‍ നിന്നും മോചിപ്പിക്കണം എന്നും അയാള്‍ അറിയുന്നു. വിശുദ്ധ മലയില്‍ നിന്ന് ഇറങ്ങിവരുന്ന വയാക്കി വാചാലവും പ്രചോദിതവുമായ പ്രസംഗത്തിലൂടെ ആളുകളെ മുഗ്ദ്ധരാക്കവേ, തട്ടിക്കൊണ്ടുവന്ന നിയാംബുരയെ മുന്നില്‍ നിര്‍ത്തി അവളെ അവിശുദ്ധയായി പ്രഖ്യാപിക്കാന്‍ കബോന്‍യി അയാളെ വെല്ലുവിളിക്കുന്നു. പ്രണയത്തെ വിശുദ്ധിക്കുമേല്‍ സ്ഥാപിക്കുന്ന വയാക്കിയെയും നിയാംബുരയെയും വിധികല്‍പ്പിക്കാന്‍ കിയാമക്ക് വിട്ടുകൊടുത്തു ആളുകള്‍ പിരിയുന്നു. വൈകിമാത്രം സാധ്യമായ തിരിച്ചറിവിന് തന്റെയും നിയാംബുരയുടെയും വിധി മാറ്റാനാവില്ലെന്ന് വയാക്കി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം.

കൊളോണിയലിസത്തിന്റെ ആദ്യനാളുകളില്‍ ഗികുയു സമൂഹം നേരിട്ട അനിവാര്യ ദുരന്തത്തെയാണ് ഇരുതടങ്ങള്‍ക്കിടയിലെ നദിയെന്ന രൂപകത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. ഒരു നദിയുടെ ഇരുകരകളില്‍ പാര്‍ത്തുവന്ന രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ വെളുത്തവന്റെ വരവ് ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ ഒരു പുതിയ ലോക ക്രമത്തെ/ പ്രതിനിധാനത്തെ ഉള്‍ച്ചേര്‍ക്കണോ അതോ അതിന്റെ അസ്തിത്വത്തെ കണ്ടില്ലെന്നു വെക്കണോ എന്ന ചോദ്യത്തെ അന്ന് വരെ സഹകരിച്ചു നിന്ന രണ്ടു വിഭാഗങ്ങള്‍ സമീപിക്കുന്ന വ്യത്യസ്തമായ രീതിയെയാണ് നോവല്‍ പ്രശ്നവല്‍ക്കരിക്കുന്നത്. ഒരു കര തങ്ങളുടെ പഴയ ക്രമത്തെ നിരാകരിച്ച് വെളുത്തവന്റെ മതവും ക്രമവും സ്വീകരിച്ചപ്പോള്‍ , ഇതര വിഭാഗം പഴയ ഗോത്ര മൂല്യങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പില്‍ വിശ്വസിച്ചു. അങ്ങനെ ഒരിക്കല്‍ ഇരുകരകളെയും ബന്ധിപ്പിച്ച നദി ഇപ്പോള്‍ വിഭജനത്തിന്റെ നദിയായി - ഇരു തടങ്ങള്‍ക്കിടയിലെ നദി. പാരമ്പര്യത്തിന്റെയും പുതുവിശ്വാസത്തിന്റെയും സമ്മര്‍ദ്ദങ്ങളില്‍ ബലിയാടാവുന്ന നിസ്സഹായതയുടെ പ്രതീകമായി നോവലില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് മിതോനിയുടെ അന്ത്യമാണ്. ഗോത്രാചാരത്തിന്റെ നെടുംതൂണായ ചേലാകര്‍മ്മം അവളുടെ അന്ത്യത്തിന് കാരണമാകുന്നത് വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. പുതുമതത്തിന്റെ വരവ് ഗോത്ര മൂര്‍ത്തികളെ അരിശം കൊള്ളിച്ചതിന്റെ പ്രത്യാഘാതമായി പാരമ്പര്യവാദികള്‍ വിലയിരുത്തുമ്പോള്‍ , പാഗന്‍ സംസ്കാരത്തിന്റെ സാത്താനിക സ്വാധീനമായി പുതുമതക്കാര്‍ അതിനെ കാണുന്നു. ഒരു ലോകക്രമത്തെ നിരാകരിക്കാതെത്തന്നെ അപരക്രമത്തെ സ്വാംശീകരിക്കുക അസാധ്യമാണെന്ന, സൂചനയാണ് ഇത് നല്‍കുന്നത്.

നിണത്തില്‍ തിടം വെക്കുന്ന വിത്തുകള്‍


കെനിയന്‍ സമൂഹത്തിലെ അനീതികളെ നിശിതമായി വിമര്‍ശിച്ചു ഗികുയു ഭാഷയില്‍ എഴുതിയ 'ഐ വില്‍ മാറി വെന്‍ ഐ വാണ്ട് ' എന്ന നാടകത്തിന്റെ രചനയെ തുടര്‍ന്നു 1977- '78 കാലത്ത് തീവ്ര സുരക്ഷാ തടവറയില്‍ ജയില്‍വാസം അനുഷ്ടിക്കേണ്ടിവന്നതും, ആഫ്രിക്കന്‍ എഴുത്തുകാര്‍ കൊളോണിയലിസ്റ്റ് ഭാഷയായ ഇംഗ്ലീഷ് ഉപേക്ഷിച്ചു ഹൃദയങ്ങളെ കൂടി 'ഡി കോളനൈസ്' ചെയ്യേണ്ടതിനെ കുറിച്ച് നടത്തിയ കാംപെയ്നുകളും എന്‍ഗൂഗിയെ കെനിയന്‍ ചെറുത്തുനില്‍പ്പിന്റെ ധൈഷണിക പ്രതീകമായി ഉയര്‍ത്തിയിരുന്നു. 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌' അദ്ദേഹത്തിന്റെ രചനാരീതിയില്‍ സംഭവിച്ചുകൊണ്ടിരുന്ന വിപ്ലവകരമായ മാറ്റത്തിനും തുടക്കം കുറിച്ചു. മുന്‍ നോവലുകളില്‍നിന്നു വ്യത്യസ്തമായി ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളില്‍ ഊന്നുന്നതിനു പകരം, എപ്പിക് സ്വഭാവമുള്ള, വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ പല കഥാപാത്രങ്ങളിലേക്കും കാലങ്ങളിലേക്കും ഊന്നുന്ന സാമൂഹിക കഥാഖ്യാനത്തിലേക്ക് ഈ നോവലോടെ അദ്ദേഹം മാറിത്തുടങ്ങിയെന്നു അബ്ദുറഹിമാന്‍ ഗുര്‍നാ നിരീക്ഷിക്കുന്നു. (നോവലിന്റെ പെന്‍ഗ്വിന്‍ പതിപ്പിനുള്ള ആമുഖം.) ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് തീസിസ് മുഴുവനാക്കുന്നതിനു പകരം പരന്ന വായനയിലേക്ക് തിരിഞ്ഞ 1964-'66 കാലഘട്ടത്തിലാണ് എന്‍ഗൂഗി നോവല്‍ രചന നടത്തിയത്. ഫ്രാന്‍സ് ഫാനന്റെ 'ദി റച്ച്ഡ് ഓഫ് ദി എര്‍ത്ത്', മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലേഖനങ്ങള്‍ , ജോസഫ് കോണ്‍റാഡിന്‍റെ നോവലുകള്‍ എന്നിവയാണ് അദ്ദേഹത്തെ അക്കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. നോവലില്‍ ആ സ്വാധീനം സുവ്യക്തവുമാണ്.

കെനിയയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കലാപനാളുകളിലും അതിനു മുമ്പുമായാണ് 'വീപ് നോട്, ചൈല്‍ഡ്' , 'ദി റിവര്‍ ബിറ്റ് വീന്‍' എന്നീ നോവലുകളുടെ കാല പശ്ചാത്തലമെങ്കില്‍ 1963 - ലെ സ്വാതന്ത്ര്യ ('ഉഹൂറു')ദിനത്തിന് തൊട്ടുമുമ്പുള്ള നാലുദിവസങ്ങളിലായാണ് 'എ ഗ്രൈന്‍ ഓഫ് വീറ്റ്‌' എന്ന നോവലിന്റെ കഥാകാലം. എന്നാല്‍ നോവലിന്റെ ഇതിവൃത്തത്തില്‍ ഏറ്റവും പ്രധാനമായ സംഭവങ്ങള്‍ അമ്പതുകളുടെ കലാപനാളുകളിലാണ് സംഭവിക്കുന്നത്‌ എന്ന നിലക്ക് പ്രസ്തുത നോവലുകളുമായി ചേര്‍ത്ത് 'ഒരു മണി ഗോതമ്പ്' നോവലിസ്റ്റിന്റെ ആദ്യകാല നോവല്‍ ത്രയം (early trilogy) പൂര്‍ത്തിയാക്കുന്നു എന്ന് പറയാം. തുടര്‍ന്നു രചിക്കപ്പെട്ട പെറ്റല്‍സ് ഓഫ് ബ്ലഡ്‌ , ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്, മാതിഗാരി എന്നിവ കൊളോണിയല്‍ അനന്തര കാലഘട്ടത്തെയാണ് ആവിഷ്കരിക്കുന്നത് എന്ന വസ്തുതയും സംഗതമാണ്. 1952-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, നാലുവര്‍ഷത്തെ കിരാതനടപടികള്‍ കൊണ്ടുതന്നെ കലാപത്തെ ഒതുക്കിയിരുന്നെങ്കിലും, 1960 വരെയും തുടര്‍ന്നു. കലാപനാളുകളിലെ പീഡനങ്ങളുടെയും സ്പര്‍ദ്ധകളുടെയും ഒറ്റുകളുടെയും അനുഭവങ്ങള്‍ എഴാണ്ടുകല്‍ക്കിപ്പുറവും മനസ്സുകളില്‍ വടുകെട്ടി നിന്നു. ഗികുയു ജനതയെ കുടിയൊഴിപ്പിച്ചും സ്വന്തം മണ്ണില്‍ കുടിയാന്മാരാക്കിയും 1930 -കള്‍ മുതല്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ സ്ഥാപിച്ചു തുടങ്ങിയ കുടിയേറ്റ മേഖലകള്‍ എന്‍ഗൂഗിയുടെ മാര്‍ക്സിസ്റ്റ്‌ വായനകളുടെ തിരിച്ചറിവുകളെ ഏറെ ഉദ്ദീപിപ്പിച്ചു. മോ മോ കലാപകാരികളോട് ചേര്‍ന്ന ഒരു സഹോദരനും മൂകനും ബധിരനുമായ കാരണം സൈനികരുടെ ആജ്ഞ മനസ്സിലാക്കാനാവാതെ വെടിയേറ്റു മരിച്ച മറ്റൊരു സഹോദരനും എന്‍ഗൂഗിക്ക് ഉണ്ടായിരുന്നു. ഈ രണ്ടാമനാണ് നോവലിലെ ഗിതോനോയുടെ ആദിരൂപം.

കുട്ടിക്കാലത്തെ അനാഥത്തത്തിന്റെയും രണ്ടാനമ്മയുടെ സ്നേഹരഹിതമായ പെരുമാറ്റത്തിന്റെയും ഓര്‍മ്മകളില്‍ അന്തര്‍മുഖനും ആത്മവിശ്വാസമില്ലാത്തവനുമായി വളര്‍ന്ന, 'തലതാഴ്ത്തി, ചുറ്റും നോക്കാന്‍ ലജ്ജാലുവെന്ന മട്ടില്‍ ' നടക്കുന്ന മുഗോയിലാണ് നോവല്‍ ആരംഭിക്കുന്നത്. എന്നാല്‍ തബായി സമൂഹം, കൊളോണിയല്‍ സൈനികരുടെ കൊടിയ പീഡനങ്ങളിലും ഉറച്ചു നില്‍ക്കുകയും നിരാഹാര സമര മുറകള്‍ പോലുള്ളവക്ക് നേതൃത്വം നല്‍കുകയും ചെയ്ത നായക പരിവേഷമുള്ള പോരാളിയായാണ് അയാളെ കാണുന്നത്. ദൈവികമായ സന്ദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും തന്റെ ജനതയുടെ മോചകനാവുന്നതിനെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന മുഗോയില്‍ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'യിലെ വയാകിയുടെയും കബോന്‍യിയുടെയും സ്വഭാവങ്ങളുടെ വിചിത്ര സമ്മേളനം കണ്ടെത്താനാവും. ഏറ്റുപറച്ചിലുകള്‍ക്കും സവിശേഷ സന്ദര്‍ഭങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്നതിനും എല്ലാവരും ഉറ്റുനോക്കുന്ന മുഗോ പക്ഷെ, തന്റെയുള്ളില്‍ ഒരു ഇരുണ്ട രഹസ്യത്തിന്റെ ഭാരവും കുറ്റബോധവും പേറുന്നവനാണ്. മുഗോയുടെ വ്യക്തിത്വത്തിന്റെ പരിമിതികള്‍ക്ക് നേരെ എതിരറ്റമാണ് രാഷ്ട്രീയ, സാമൂഹിക ബോധ്യങ്ങള്‍ തുറന്നു പറയുകയും ശരിയായ സമയത്ത് തനിക്കേറെ പ്രിയപ്പെട്ട കുടുംബത്തെയും സൌഹൃദങ്ങളെയും വിട്ടു കലാപകാരികളോട് ചേരുകയും ചെയ്യുന്ന കിഹികെ. ധീരനും, സ്വാഭാവിക സമര നായകനുമായി വളര്‍ന്നു വരുന്ന കിഹികെ, ദുരൂഹമായ രീതിയില്‍ സൈനികരുടെ പിടിയിലാവുകയും കൊളോണിയല്‍ ഭരണത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള താക്കീതായി പരസ്യമായി തൂക്കിലേറ്റി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 'ഉഹൂറു' ദിനത്തില്‍ , കിഹികെയെ ഒറ്റിക്കൊടുത്തവനെന്നു സംശയിക്കപ്പെടുന്ന കരാന്യയെ വിചാരണ ചെയ്തു ശിക്ഷിക്കണം എന്ന് തബായി സമൂഹ പ്രമുഖര്‍ തീരുമാനിക്കുകയും ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍വ്വധാ യോഗ്യനായി അംഗീകരിക്കപ്പെടുന്ന മുഗോയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. മുഗേയെപ്പോലെത്തന്നെ ആറു വര്‍ഷത്തെ കാരാഗൃഹവാസവും കൊടിയ പീഡനങ്ങളും കഴിഞ്ഞെത്തിയ മറ്റൊരു പ്രമുഖ കഥാപാത്രമാണ് ഗികോന്‍യൊ. കിഹികെയുടെ സഹോദരിയും അനുപമ സൌന്ദര്യവതിയുമായ മുംബിയെ വിവാഹം ചെയ്ത കിഗോന്‍യൊ, അവളോട്‌ ഒന്നിക്കാനുള്ള തീവ്രമായ കൊതികൊണ്ട് , മുഗോയേ പോലുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, കൊളോണിയല്‍ അധികൃതരുടെ 'പ്രതിജ്ഞ' ചൊല്ലാന്‍ തയ്യാറായവനാണ്; അതുകൊണ്ട് പ്രയോജനം ഒന്നുമുണ്ടായില്ലെങ്കിലും. എന്നാല്‍ , മോചനം കഴിഞ്ഞെത്തുന്ന ഗികോന്‍യൊ സ്ഥബ്ധനായിപ്പോവുന്നത് മുംബി, കരാന്‍യയുടെ കുഞ്ഞിന്റെ മാതാവായിരിക്കുന്നു എന്നറിയുമ്പോഴാണ്‌. അതയാളെ സ്വന്തം വീട്ടില്‍ ഒരന്യനാക്കുന്നു.

സമാന്തരമായോ ഇടഞ്ഞോ കൊമ്പു കോര്‍ക്കുന്ന ഈ കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ ഇഴകോര്‍ക്കുകയും നാടിന്റെ വിധിയുമായി കെട്ടുപിണയുകയും ചെയ്യുന്നത് പ്രധാനമായും ചില ഏറ്റുപറച്ചിലുകളുടെ രൂപത്തിലാണ് നോവലില്‍ ആവിഷ്കരിക്കുന്നത്. ഈ ഏറ്റുപറച്ചിലുകള്‍ക്കും പരിഹാരങ്ങള്‍ക്കും എല്ലാവരും ഉറ്റുനോക്കുന്നത് മുഗോയിലേക്കാണ് എന്നതില്‍ അന്തര്‍ലീനമായിരിക്കുന്ന തീക്ഷ്ണ വൈരുധ്യം പിന്നീടാണ് വെളിവാകുക, സവിശേഷ സാഹചര്യങ്ങളിലുള്ള മുഗോയുടെ വിചിത്രമായ ഉള്‍വലിയലില്‍ അതിന്റെ സൂചനകള്‍ ഉണ്ടെങ്കിലും. മുംബിയുമായുള്ള തന്റെ വിവാഹ ജീവിതത്തിന്‍റെ ശൈഥില്യം സംഭവിച്ചത് എങ്ങനെയാണെന്ന് മുഗോയോട് മാത്രമാണ് ഗികോന്‍യൊ വെളിപ്പെടുത്തുക. മുംബിയാവട്ടെ, ഗികോന്‍യോയേ മാത്രം ധ്യാനിച്ച്‌ ജീവിതം തള്ളിനീക്കിയിരുന്ന കാലം അയാളോട് കുമ്പസാരിക്കും. എന്നെങ്കിലും തന്റെ ഭര്‍ത്താവ് മോചിതനാകുമെന്നു, പ്രായോഗികമായി അതിനു യാതൊരു സാധ്യതയുമില്ലെന്നും, കൊളോണിയല്‍ തടവറകളിലെ പതിവുപോലെ അയാള്‍ അവിടെ ഒടുങ്ങുമെന്നും യുക്തിബോധം ബോധ്യപ്പെടുത്തുമ്പോഴും, പ്രാര്‍ത്ഥനയുമായിക്കഴിഞ്ഞ നാളുകളിലൊന്നില്‍ , അത് സംഭവിക്കാന്‍ പോകുന്നു എന്ന് ആദ്യമായി തന്നെ അറിയിച്ച കരാന്യക്ക് മുന്നില്‍ ഒരു നിമിഷം ദുര്‍ബ്ബലയായിപ്പോയ കഥ. മുംബിയുടെ സൗന്ദര്യത്തെ എന്നും നോട്ടമിട്ടിരുന്ന കരാന്യ അവസരം മുതലെടുക്കുകയായിരുന്നു. മുംബിയുടെ കുമ്പസാരം നിനച്ചിരിക്കാത്ത ഒരര്‍ത്ഥത്തിലാണ് മുഗോയെ സ്വാധീനിക്കുക. ഹൃദയഭാരം ഇറക്കിവെക്കാനുള്ള ഒരു വെളിപാടായാണ് അയാള്‍ക്കത് അനുഭവപ്പെടുക. അങ്ങനെയാണ്, എല്ലാത്തിനും മുമ്പേ തന്റെ മനസ്സിനെ വേട്ടയാടുന്ന പാപം അയാളും ഏറ്റുപറയുക; ആദ്യം മുംബിയോടും, പിന്നീട് സമൂഹത്തോട് തന്നെയും. അത് താനെങ്ങനെയാണ് കിഹികയെ ഒറ്റിക്കൊടുത്തത് എന്നതിനെ കുറിച്ചാണ്. ബ്രിട്ടീഷ് മേധാവി റോബ്സന്റെ രാഷ്ട്രീയ വധത്തിനു ശേഷം, നിഷ്പക്ഷനായി അറിയപ്പെട്ട മുഗോയുടെ അരികില്‍ അഭയം തേടുകയായിരുന്നു കിഹികെ. കലാപകാരികളുടെ ആക്രമണോത്സുകതയോടുള്ള എതിര്‍പ്പും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പ്രതിഫലത്തിന്‍റെ പ്രലോഭനവും അയാളെ അതിലേക്കു നയിച്ചിരിക്കാം. സഹോദരന്റെ അന്ത്യത്തില്‍ മുഗോക്കുള്ള പങ്ക് വ്യക്തമാവുമ്പോഴും ഇനിയും രക്തച്ചൊരിച്ചിലിന് കാരണമാവാന്‍ വയ്യെന്ന നിലപാടില്‍ അതൊരു രഹസ്യമാക്കി വെക്കാന്‍ തയ്യാറാവുന്ന മുംബിയുടെ നിലപാടും ഈ ഹിംസാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമായിക്കാണണം . കലാപകാരികള്‍ നടപ്പിലാക്കിയ ത്യാഗപൂര്‍ണ്ണമെങ്കിലും മനുഷ്യത്വ ഹീനമായ നടപടികളാണ് സ്വാതന്ത്ര്യത്തിന്റെ വില എന്നത്, കുരുതികളിലൂടെ സാക്ഷാത്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും വൈരുധ്യം തുറന്നു കാട്ടുന്നു. നിണത്തില്‍ തിടം വെക്കുന്ന വിത്തുകളാണ് , നോവലിന്റെ തലക്കെട്ടായ ബിബ്ലിക്കല്‍ സൂചനയിലേത് പോലെ, കിഹികയെ പോലുള്ളവര്‍ .

കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ (ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ് ) ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് ഡി. . ജോണ്‍ തോംസണ്‍ . ആദര്‍ശവാനായി തുടങ്ങി കിരാത നടപടികളിലൂടെ കൊളോണിയല്‍ ദുരയുടെ മലീമസ പ്രതീകമായി ഒടുങ്ങിയ കുര്‍ട്ട്സിനെ പോലെ “എല്ലാ മനുഷ്യരും തുല്യരായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ആശയത്തില്‍ അധിഷ്ടിതമായി എല്ലാ മതങ്ങളെയും വര്‍ണ്ണങ്ങളെയും ഉള്‍കൊള്ളുന്ന ഒരൊറ്റ ബ്രിട്ടീഷ് സാമ്രാജ്യം " എന്ന ആദര്‍ശത്തില്‍ പ്രചോദിതനായി മാനവ വംശത്തിന്റെ പുരോഗമനം സ്വപ്നം കണ്ടുകൊണ്ടാണ് അയാളും തുടങ്ങുന്നത്. എന്നാല്‍ പിന്നീട് അയാള്‍ നടത്തുക, കിരാതമായ അടിച്ചമര്‍ത്തലിന്റെ തേരോട്ടമാണ് . “എല്ലാ പ്രാകൃതരെയും ഒടുക്കിക്കളയുക" (“Exterminate all the brutes!”) എന്ന കുര്‍ട്ട്സിന്റെ അതേ സ്വരത്തില്‍ "എല്ലാ കൃമികളെയും ഒടുക്കുക" (“Eliminate all the vermin!”) എന്ന് അയാള്‍ തന്റെ 'പ്രോസ്പെരോ ഇന്‍ ആഫ്രിക്ക ' എന്ന മാനിഫെസ്റ്റോയില്‍ നോട്ടു കുറിക്കുന്നു. പീഡന ക്യാമ്പുകളില്‍ അയാളുടെ അത്യാചാരങ്ങള്‍ അതിരുകടക്കുകയും പതിനൊന്നു വിചാരണത്തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ അയാള്‍ സ്ഥലം മാറ്റപ്പെടുന്നു. അയാള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നത് നോവലിസ്റ്റിന്റെ ഉത് കണ്ഠയാവാത്തതിനു കാരണം, കൊളോണിയലിസ്റ്റ് ലോകക്രമം എന്നതില്‍ അയാള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനപ്പുറം അയാളുടെ വ്യക്തിത്വത്തിലോ പാത്ര സൃഷ്ടിയിലോ നോവല്‍ ഊന്നുന്നില്ല എന്നതുകൊണ്ടാവാം.

'ഇരുതടങ്ങല്‍ക്കിടയിലെ നദി'യില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വക്താവായി രാഷ്ട്രീയ പ്രക്രിയയുടെ പ്രസക്തി തിരിച്ചറിയുന്നതില്‍ വല്ലാതെ വൈകിപ്പോവുന്ന വയാകിയേ കുറിച്ച് വെളിപാടിന്റെ മുഹൂര്‍ത്തത്തില്‍ നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്: “ഇപ്പോള്‍ അയാള്‍ക്കറിയാമായിരുന്നു ഇനിയൊരവസരം കിട്ടിയാല്‍ താനെന്താവും അവരോടു പറയുക എന്ന്. വിദ്യാഭ്യാസം ഐക്യത്തിന്, ഐക്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു...”. പ്രസ്തുത കൃതിയുടെ ഒടുവിലായി എത്തുന്ന തിരിച്ചറിവിന്റെ ആ സൂചനയില്‍നിന്നാണ് 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌" ആരംഭിക്കുന്നത് എന്ന് പറയാം. മുഗോ, ഗികോന്‍യൊ, കരാന്‍യാ, മുംബി എന്നീ പ്രാധാന കഥാപാത്രങ്ങളെല്ലാം ഓരോരോ രീതിയില്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തെ ഓരോരോ ഘട്ടത്തില്‍ ഒറ്റിക്കൊടുക്കുന്നുണ്ട് . എന്നാല്‍ മറ്റൊരു ഘട്ടത്തില്‍ ഒരു പുതിയ തിരിച്ചറിവിലെന്നോണം അവരില്‍ ജീവിതം തിരിച്ചുകിട്ടുന്നവരിലൊക്കെയും ഒരു പുനരുഥാന സാധ്യത തെളിയുകയും ചെയ്യുന്നു. വയാകിയുടെതില്‍ നിന്ന് വ്യത്യസ്തമായി വീണ്ടും സമൂഹവുമായി കണ്ണിചേര്‍ക്കപ്പെടുന്നതിന്റെ സൂചനകളിലാണ് മുഗോയും മുംബിയും ഗികോന്‍യോയും നോവലിന്റെ ഇതിവൃത്തത്തില്‍ സ്ഥിതപ്പെടുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും പുതിയ, കൊളോണിയല്‍ അനന്തര ജീവിതക്രമത്തിന്റെയും അനിവാര്യമായ ഹിംസാത്മക സംഘര്‍ഷങ്ങള്‍ എന്ന ഇരുണ്ട പ്രവചനസ്വരം നോവലില്‍ മുഴങ്ങുന്നുണ്ടെന്നും നിരീക്ഷിക്കാം. എന്‍ഗൂഗി ഏറെ താല്‍പര്യത്തോടെ കണ്ടിരുന്ന ജോമോ കെനിയാറ്റ തന്നെയാണ് അദ്ദേഹത്തിന്റെ കാരാഗൃഹ വാസത്തിനും, അതുവഴി പ്രവാസത്തിനും ഇടയാക്കിയത് എന്നത് ഇതോടു ചേര്‍ത്തു കാണാം. ജനകീയമല്ലാത്ത ഇംഗ്ലീഷില്‍ എഴുതിയിരുന്ന കാലത്ത് ഒരു ഘട്ടത്തില്‍ തന്റെ രചനകളെ ഉയര്‍ത്തിക്കാട്ടിയിരുന്ന കെനിയാറ്റ, തീക്ഷ്ണ സാമൂഹ്യ വിമര്‍ശനം ഉള്‍കൊള്ളുന്ന ഒരു നാടകം ഗികുയു ഭാഷയില്‍ തന്നെ രചിച്ചതോടെ അദ്ദേഹത്തെ ദേശ ശത്രുവായി മുദ്രകുത്തുകയായിരുന്നു. പില്‍ക്കാല രചനകളായ 'പെറ്റല്‍സ് ഓഫ് ബ്ലഡ്‌', 'ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്', 'മാതിഗാരി' തുടങ്ങിയവയില്‍ തന്റെ ഭയങ്ങള്‍ അസ്ഥാനത്തായിരുന്നില്ല എന്ന് നോവലിസ്റ്റിനു ബോധ്യമായതായിത്തന്നെയാണ് വായനക്കാരനും അനുഭവപ്പെടുക.

(അകം മാസിക ഒക്ടോബര്‍ - 2016)


more from the author:

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -1

https://alittlesomethings.blogspot.com/2024/08/wizard-of-crow-1.html

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -2

https://alittlesomethings.blogspot.com/2024/08/wizard-of-crow-2.html

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -3

https://alittlesomethings.blogspot.com/2024/08/wizard-of-crow-3.html

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -4

https://alittlesomethings.blogspot.com/2024/08/wizard-of-crow-4.html