അനേകം
ഗോത്രീയ, വിശ്വാസ, സാംസ്കാരിക
വിഭാഗങ്ങളുടെ സാന്നിധ്യമുള്ള നൈജീരിയന്‍ സാഹിത്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത്
പ്രധാനമായും ക്രിസ്തുമതം പിന്തുടരുന്ന ഇബോ ധാരയും ക്രിസ്തുമതവും ഇസ്ലാമും ഒപ്പം
പരമ്പരാഗത (പാഗന്‍) വിശ്വാസവും
സമ്മേളിക്കുന്ന യൊറൂബ ധാരയും സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരുടെതാണ്. ചിനുവ അച്ചബെ, ചിമമാന്‍ഡാ അദീചി, ക്രിസ് അബാനി, ഫ്ലോറ എന്വാപ്പാ, ഒകെ എന്ദിബെ, തുടങ്ങിയ മുന്‍ തലമുറയിലും പുതു
തലമുറയിലും പെട്ട സ്ഥിതപ്രജ്ഞരായ എഴുത്തുകാരില്‍ പലരും ഇബോ വംശീയാനുഭവങ്ങളുടെയും
സംസ്കൃതിയുടെയും ഊര്‍ജ്ജം ഉള്‍കൊള്ളുമ്പോള്‍ , വോള്‍
സോയിങ്ക, ആമോസ് ടുടുവോല, മഷൂദ്
അബിയോല, തേജു കോല്‍ , ഹെലെന്‍
ഒയെയേമി, സെഫി അത്ത, തായേ
സലാസി തുടങ്ങിയവരില്‍ യൊറൂബ ധാരയുടെ സ്വാധീനവും പ്രകടമാണ്. ബെന്‍ ഓക്രി, ചിഗോസി ഒബിയാമ തുടങ്ങിയവരില്‍ ഇരു
സ്വാധീനങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യൊറൂബ
സംസ്കൃതിയുടെ പ്രത്യേകതയായി കണക്കാക്കാവുന്ന ഇസ്ലാമിക-ക്രൈസ്തവ- പരമ്പരാഗത വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി
കാണാവുന്ന നോവലാണ് 1974-ല്‍ നൈജീരിയയിലെ ഇബാദാനില്‍
ഗോത്രത്തലവന്റെ കുടുംബത്തില്‍ ആറുമക്കളില്‍ ഇളയവളായി ജനിച്ച ലോല ഷോനെയിന്‍ രചിച്ച 'ബാബ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതങ്ങള്‍ ' (ദി സീക്രെറ്റ് ലൈവ്സ് ഓഫ് ബാബാ സെഗിസ് വൈവ്സ് ). തെക്ക് പടിഞ്ഞാറന്‍ നൈജീരിയന്‍ പ്രവിശ്യയായ ഒഗൂണില്‍ ഒരു പ്രദേശത്തിന്റെ
ഭരണാധികാരിയായിരുന്ന മുത്തച്ഛന് (മമ്മയുടെ അച്ഛന്) അഞ്ചു ഭാര്യമാര്‍ ഉണ്ടായിരുന്നത് നോവലിന്റെ പ്രചോദനങ്ങളില്‍ ഒന്നാണ്. യു. കെ. യില്‍
ബ്രിസ്റ്റോളിലും എഡിന്‍ബറോയിലുമായി വിദ്യാഭ്യാസം ചെയ്ത ഷോനെയിന്‍ പിതാവിനെ പട്ടാള
ഭരണകൂടം തടവിലാക്കിയ സാഹചര്യത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. എതിരറ്റങ്ങളില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ ഒരേസമയം അനുതാപത്തോടെയും
പ്രസന്നമാം വിധം വിമര്‍ശനാത്മകമായും ഇടയ്ക്കിത്തിരി ഹാസ്യാത്മകമായും ബഹു ഭാര്യത്വം
പോലുള്ള വിഷയങ്ങളെ സമീപിക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തയാക്കിയിട്ടുണ്ട് എന്ന്
നിരീക്ഷിക്കാം.
വിഷലിപ്തമായ പ്രതിനിധാനങ്ങള്‍
സമകാലിക
നൈജീരിയയുടെ പശ്ചാത്തലത്തില്‍ ബഹുഭാര്യാസമേതനായി തന്റെ ഏഴു മക്കള്‍ക്കുമൊപ്പം
സമ്പന്ന കുടുംബത്തിന്റെ അനിഷേധ്യ നാഥനായി കഴിയുന്ന ബാബ സെഗിയുടെ കുടുംബമാണ്
ഇതിവൃത്ത കേന്ദ്രം. സദാ
അഭിവൃദ്ധിപ്പെട്ടു വരുന്ന വ്യാപാരത്തിനു പിന്നില്‍ ആദ്യ ഭാര്യയായ ഇയാ സെഗിയുടെ
സമ്പാദ്യത്തിന്റെ വലിയ പങ്കുണ്ട്. ഒരാള്‍ പിതാവോ മാതാവോ
ആകുന്നതോടെ ആദ്യസന്താനത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന സമ്പ്രദായപ്രകാരം 'സെഗിയുടെ ബാബ' എന്നും 'സെഗിയുടെ മമ്മ(ഇയ)' എന്നുമുള്ള
മട്ടില്‍ വിളിക്കപ്പെടുന്നു എല്ലാ കഥാപാത്രങ്ങളും. രണ്ടാം
ഭാര്യ അതേ രീതിയില്‍ 'ഇയാ ടോപി' എന്നും അടുത്തയാള്‍ ഇയാ ഫെമി എന്നും വിളിക്കപ്പെടുന്നു. ആജാനുബാഹുവും പ്രസന്ന പ്രകൃതിയുമായ ബാബ സെഗി, മക്കളെയെല്ലാം
ഏറെ പരിഗണനയോടെ 'ഒരോരുത്തരെയും അവര്‍ പ്രത്യേക
വൈശിഷ്ട്യം ഉള്ളവരാണ്' എന്ന് തോന്നിക്കും വിധം
ചിട്ടയോടെയും വളര്‍ത്തുന്നു. മന സംഘര്‍ഷം
അനുഭവപ്പെടുമ്പോഴൊക്കെ വയറിന്റെ പിടിവിട്ടുപോകുന്നതാണ് ബാബ സെഗിയുടെ വലിയൊരു
പ്രശ്നം. ഇപ്പോള്‍ അയാള്‍ ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി
വരുന്നത് തന്റെ നാലാം ഭാര്യയുടെ ഗര്‍ഭപാത്രം തരിശു കിടക്കുന്നതിന്റെ കാരണം
കൊണ്ടാണ്.
ബോലാന്‍ലേ
എന്ന ബിരുദ ധാരിണി ബാബ സെഗിയുടെ നാലാം ഭാര്യയായി എത്തുന്നതോടെ
കുടുംബാന്തരീക്ഷത്തില്‍ കാലുഷ്യങ്ങള്‍ ആരംഭിക്കുന്നു. ഇയ സെഗിയും ഇയാ ഫെമിയും തങ്ങളുടേതായ കാരണങ്ങളാല്‍ പുതു
ഭാര്യയില്‍ തങ്ങളുടെ ശത്രുവിനെയും അന്തകയേയും കണ്ടുതുടങ്ങുന്നു. ഒരു ഘട്ടം വരെ നിസ്സഹായയായ യുവതിയോട് അനുതാപം കാണിക്കുന്നുവെങ്കിലും
പ്രകൃത്യാ പതിഞ്ഞ സ്വഭാവക്കാരിയായ ഇയാ ടോപി മറ്റുള്ളവരുടെ ഭീഷണിക്ക് മുന്നില്‍
നിഷ്ക്രിയയും പിന്നീട് അവര്‍ ഒരുക്കുന്ന മാരകമായ പദ്ധതിയില്‍ നിശ്ശബ്ദ പങ്കാളിയും
ആയിത്തീരുന്നു. ഏറ്റവും കൂടുതല്‍ മക്കളുണ്ടാവുക എന്നത്
ഏറ്റവും വലിയ സമ്പാദ്യമായും അന്തസ്സായും കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ തന്റെ
ലൈംഗിക ശേഷിയില്‍ ഏറെ അഭിമാനമുള്ള ബാബ സെഗിക്ക് ബോലാന്‍ലേയുടെ വന്ധ്യത
ദുസ്സഹമാവുന്നതോടെ അയാളുടെ പതിവ് ഉപദേശകനായ ടീച്ചറുടെ അഭിപ്രായ പ്രകാരം അയാള്‍
അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. വിദ്യാസമ്പന്നയായതുകൊണ്ട്
മന്ത്രവാദിയുടെ ചികത്സക്കൊന്നും അവള്‍ തയ്യാറാവില്ല എന്നയാള്‍ക്കറിയാം. ഡോക്റ്ററുടെ ചോദ്യത്തിന് മറുപടിയായി താന്‍ ഒരിക്കല്‍ ഗര്‍ഭം
അലസിപ്പിച്ചിട്ടുണ്ട് എന്ന് ബോലാന്‍ലേ തുറന്നു പറയുന്നത് ബാബാ സെഗിയെ ആദ്യം
പതിവുപോലെ ടോയ്ലെറ്റിലേക്ക് ഓടിക്കുമെങ്കിലും പിന്നീടത് പുതിയ ചോദ്യങ്ങളിലേക്കും
അയാളുടെ അസ്തിത്വത്തിന്റെ തായ് വേരില്‍ കത്തിവെക്കുന്ന വെളിപ്പെടുത്തലുകളിലേക്കും
നയിക്കും. പരിശോധനകള്‍ കുട്ടിക്കാലത്തുണ്ടായ പകര്‍ച്ചവ്യാധിയുടെ
ഫലമായി ബാബ സെഗിയുടെ പ്രത്യുല്‍പ്പാദന ശേഷി തീര്‍ത്തും ഇല്ലാതാക്കിയിരുന്നു എന്ന
സത്യം വെളിപ്പെടുത്തുകയും അത് വഴി തന്റെ ഭാര്യമാരുടെ സത്യസന്ധത, തന്റെതെന്നു കരുതിയ മക്കളുടെ പിതൃത്വം എന്നിവയും ചോദ്യ ചിഹ്നമാക്കുകായും
ചെയ്യും. അതിനിടെ, ബോലാന്ലെയെ
കൊല്ലാന്‍ വേണ്ടി ഇയാ സെഗിയും ഇയാ ഫെമിയും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയില്‍
അബദ്ധത്തില്‍ ഇരയായിപ്പോവുന്ന സെഗിയുടെ അതീവഗുരുതരമായ അവസ്ഥ സൃഷ്ടിക്കുന്ന
കുറ്റബോധവും നിസ്സഹായതയും ഇയ സെഗിയുടെ കരുത്തൊക്കെയും ചോര്‍ത്തിക്കളയുന്നു. തലേന്ന് കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി പനങ്കള്ളുകടയില്‍ നിന്ന്
സ്വല്പം മദ്യം കുടിച്ചിട്ടുണ്ടായിരുന്ന കഥ, തല്ക്കാലം
മമ്മയെ രക്ഷപ്പെടുത്താന്‍ അവള്‍ കാരണമായി പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിക്ക്
എല്ലാം മനസ്സിലായിരുന്നു എന്ന് അതീവ വേദനയോടെ അവളുടെ മരണക്കിടക്കയില്‍ ഇയാ സെഗി
തിരിച്ചറിയേണ്ടി വരുന്നുണ്ട്. ആശുപത്രിയില്‍
പരിശോധനക്ക് വിധേയയാകാന്‍ സ്വയം സന്നദ്ധയാവുന്ന ഇയാ സെഗി എല്ലാം ഏറ്റു പറയുന്നു. ബാബ സെഗിയുടെ കുഞ്ഞുങ്ങളൊന്നും അയാളുടെ കുഞ്ഞുങ്ങളല്ല. ഇയാ ടോപിയെയും ഇയ ഫെമിയെയും ആ കാര്യത്തിലേക്ക് നിര്‍ബന്ധിച്ചത്
താനാണെന്നും എല്ലാത്തിന്റെയും ശിക്ഷ താന്‍ ഏറ്റു കൊള്ളാം എന്നും അവര്‍ പറയുന്നു.
ഇരുണ്ട മുഖങ്ങളുടെ മറുപുറം
കുടുംബ
ജീവിതത്തിന്റെ ചുറ്റുവട്ടത്തില്‍ ഗര്‍ഹണീയ വ്യക്തിത്വങ്ങളായി മൂന്നു സ്ത്രീകളെ
അവതരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവരുടെ ജീവിതങ്ങളുടെ പുരാവൃത്തങ്ങളിലേക്കും
അവരെങ്ങനെയാണ് അത്തരം അവസ്ഥകളിലേക്കെത്തിച്ചേര്‍ന്നത് എന്നതിലേക്കും നോവലിസ്റ്റ്
കടക്കുന്നത്. ഭര്‍ത്താവുമായുണ്ടായിരുന്ന
തങ്ങളുടെ ആഴ്ച്ചവട്ട വിഹിതം 2.33 എന്നതില്‍ നിന്ന് 1.75 എന്നതിലേക്ക് ചുരുങ്ങി എന്നതും കൂടുതല്‍ പ്രലോഭനശക്തിയുള്ള
ഇളമുറക്കാരിയുടെ വരവോടെ തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി എന്നതും മാത്രമല്ല അവരുടെ
പ്രശ്നം എന്നും തലക്കെട്ടിലെ 'രഹസ്യങ്ങള്‍ ' എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്നും അങ്ങനെയാണ് വ്യക്തമാകുക. നോവലിന്റെ സിംഹ ഭാഗവും ബോലാന്‍ലേയുടെ വീക്ഷണത്തിലാണ് അവതരിപ്പിക്കുന്നത്
എങ്കിലും മൂന്നു സഹഭാര്യമാര്‍ക്കും ബാബ സെഗിക്കും ഡ്രൈവര്‍ ടാജുവിനു തന്നെയും
അവരുടെ ആഖ്യാന ഭാഗങ്ങള്‍ ഉണ്ട്.
ആ
രീതിയില്‍ ആദ്യം സ്വയം വെളിപ്പെടുത്തുന്ന ആഖ്യാന ഭാഗം ഇയാ ടോപിയുടെതാണ്. സ്വതേ സംസാരപ്രിയയല്ല അവര്‍ : “എനിക്കെപ്പോഴും എന്റെ ചിന്തകള്‍ പറയുക പ്രയാസകരമായിരുന്നു. ഇപ്പോഴും, ഞാനെന്തെങ്കിലും പറയാന്‍
ശ്രമിക്കുമ്പോള്‍ , എന്റെ വായ ചൂണ്ടക്കൊളുത്ത്
കാത്തുനില്‍ക്കുന്ന മീനിനെ പോലെ തുറന്നടയും. വാക്കുകളില്‍
ഞാന്‍ ശ്വാസം മുട്ടും, ഞാനവ വിഴുങ്ങും.” ഗര്‍ഭിണിയാവാന്‍ വൈകുമ്പോള്‍ ബാബ സെഗി അവള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
“നിന്റെ പിതാവ് എനിക്കൊരു അഴുകിയ പഴമാണ് നല്‍കിയതെങ്കില്‍ അതയാള്‍ക്ക്
തിരികെയെത്തും.” ഈ ഘട്ടത്തിലാണ് ഇയാ സെഗി അവളുടെ
രക്ഷക്കെത്തുന്നത്. അവളൊരു ഇറച്ചി വില്‍പ്പനക്കാരനെ
കണ്ടെത്തുന്നു, അയാളിലൂടെ ഒന്നൊന്നായി മൂന്നു മക്കളെയും. എന്നാല്‍ അതിനപ്പുറം അവള്‍ അയാളില്‍ നല്ലൊരു കാമുകനെ കണ്ടെത്തുന്നുണ്ട്. ബാബാ സെഗിയുടെ ഏകപക്ഷീയമായ 'അറയലി'നു പകരം അവളുടെ പെണ്ണുടല്‍ തൊട്ടുണര്‍ത്തുന്ന നല്ലൊരു പ്രണയി. ഒരു ഘട്ടത്തില്‍ അവളതില്‍ വല്ലാതെ അഭിരമിച്ചു പോകുന്നു എന്ന്
തോന്നുമ്പോഴും ഇയ സെഗി അവളുടെ രക്ഷക്കെത്തുന്നു. നിര്‍ത്തേണ്ടപ്പോള്‍
നിര്‍ത്തുക എന്നത് എപ്പോള്‍ തുടങ്ങണം എന്നത് പോലെത്തന്നെ പ്രധാനമാണ്. ഇയാ സെഗിയുടെ പുരാവൃത്തത്തില്‍ , പണം എന്ന
ആരാധ്യവസ്തുവില്‍ വല്ലാതെ ആകൃഷ്ടയായ ഒരു യുവതിയെ നമ്മള്‍ കണ്ടെത്തുന്നു. സ്വര്‍ഗ്ഗത്തില്‍ പോയി ഒരു തവണ കൂടി തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍
ആഗ്രഹിച്ച ഒരമ്മയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍
വിവാഹിതരാവേണ്ടാതില്ല എന്ന സ്വന്തം തത്വ ശാസ്ത്രം മാറ്റിവെച്ച് മകളുടെ വിവാഹത്തിനു
അവര്‍ തിരക്കുകൂട്ടിയത് താന്‍ മാരക രോഗത്തിന്റെ പിടിയിലായി എന്ന തിരിച്ചറിവിലാണ്. വായാടിയായ തക്കാളി കച്ചവടക്കാരിയോടു തോന്നിയ സ്വവര്‍ഗ്ഗ പ്രണയം
മാറ്റിവെച്ച് അവള്‍ അതിനു വഴങ്ങേണ്ടി വന്നു. “നിനക്ക് (വിവാഹം) വേണം. കുട്ടികളെ
പ്രസവിക്കാന്‍ ഒന്ന് കൂടിയേ തീരൂ. ലോകത്തിനു
അവിവാഹിതകളോട് ക്ഷമയില്ല. അതവരെ തുപ്പിക്കളയും.” അവളുടെ സമ്പാദ്യമാണ്, തന്റെ പൊണ്ണത്തടിക്ക്
ചേരുന്ന അതെ ചീര്‍ത്ത പ്രകൃതമുള്ള അവളെ സ്വീകരിക്കാന്‍ ബാബ സെഗിയെ ആകര്‍ഷിക്കുന്നതും.
“അങ്ങയെ ഞാന്‍ എങ്ങും പിന്തുടരും.” എന്ന്
അവള്‍ പറയുമ്പോള്‍ അതുകൊണ്ട് 'എന്റെ സമ്പാദ്യത്തെ ഞാന്‍
എവിടെയും പിന്തുടരും' എന്ന് തന്നെയാണ് അര്‍ത്ഥമാക്കിയതെന്ന്
നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മരണ
ശേഷം മമ്മക്ക് ഒരു വലിയ മാര്‍ബിള്‍ ഫലകത്തോടൊപ്പം തന്റെ സമ്പാദ്യവുമായി
ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതും പഴയ വീടിന്റെ സ്ഥാനത്തു നാലു നില മാളിക
പണിയുന്നതും സ്വപ്നം കാണുന്ന ഇയ സെഗി, ബോലാന്ലെയെ
തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല. നോവലിന്റെ
ഏതാണ്ട് ഒടുവില്‍ , ഡ്രൈവര്‍ ടാജുവിന്റെ
ആഖ്യാനത്തിലാണ് സെഗിയുടെയും അനിയന്‍ അകിനിന്റെയും ജന്മ രഹസ്യം ചുരുള്‍ നിവരുക.
ഏറ്റവും
ഹൃദയദ്രവീകരണമാം വിധം ദുരന്തപൂര്‍ണ്ണമായ പുരാവൃത്തമാണ് ഇയ ഫെമിയുടെത്. അന്തസ്സുള്ള ചുറ്റുപാടില്‍ സമ്പന്ന മുസ്ലിം കുടുംബത്തില്‍
ഏറെ സ്നേഹവും ലാളനയും കിട്ടി ഏകമകളായി വളര്‍ന്ന പെണ്‍കുട്ടിയുടെ ജീവിതം തകിടം
മറിഞ്ഞത് മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് എല്ലാം തട്ടിയെടുത്ത അമ്മാവനും
ഇഷ്ടക്കാരിയും ചേര്‍ന്ന് അവളെ അടിമയാക്കി വിറ്റുകളയുന്നതോടെയാണ്. നീണ്ട പതിനഞ്ചു വര്‍ഷം പറഞ്ഞറിയിക്കാനാവാത്ത ഗാര്‍ഹിക പീഡനങ്ങളുടെയും
വീട്ടില്‍ ആണായിപ്പിറന്നവരുടെ മുഴുവന്‍ ലൈംഗിക കയ്യേറ്റങ്ങളുടെയും ഒടുവില്‍
കിട്ടിയ അവസരത്തില്‍ രക്ഷപ്പെടുമ്പോള്‍ വീട്ടിലെ മൂത്ത മകന്‍ ടുണ്ടെയോടുള്ള
സ്നേഹവും എന്നെങ്കിലും തിരികെയെത്തി 'ഗ്രാന്‍മാ' എന്ന് തന്നെക്കൊണ്ട് വിളിപ്പിച്ച വീട്ടമ്മയോട് പക തീര്‍ക്കണം എന്ന
മോഹവുമാണ് അവളുടെ സമ്പാദ്യം. ടുണ്ടേ, അവള്‍ക്കൊരു നല്ല കാമുകനായിരുന്നു. അവന്റെ
സഹായത്തോടെ അപ്പോഴേക്കും ദുര്‍ബ്ബലന്‍ ആയിക്കഴിഞ്ഞിരുന്ന അമ്മാവന്റെ വീടും
പുരയിടവും അവള്‍ തീവെച്ചു നശിപ്പിക്കുന്നുണ്ട്. അതിനിടെ, യഹോവാ സാക്ഷിയുടെ അധ്യയനത്തില്‍ ക്രിസ്തു മതത്തിലെത്തുന്നതാണ് ബാബാ
സെഗിയുടെ ഭാര്യയാവുന്നതിലേക്ക് അവളെ എത്തിക്കുന്നതും തുടര്‍ന്നാണ് ഏഴാം മാസം 'ദൈവത്തിന്റെ വഴികള്‍ നിഗൂഡമാണ് ' എന്ന
വിശദീകരണത്തില്‍ അവള്‍ ഫെമിയെ പ്രസവിക്കുന്നതും. മക്കള്‍ 'ബയോളജി', ജ്യോമെട്രി' എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ കൈമോശം വന്ന
ബാല്യത്തെ കുറിചുള്ള വേദന ഇയ ഫെമിയെ പീഡിപ്പിക്കുന്നു. എങ്കിലും അവള്‍ ഒരു
വിധത്തില്‍ ബാബാ സെഗിയെ സ്നേഹിക്കുന്നുണ്ട്, അയാള്‍ നല്‍കിയ കാരുണ്യത്തെയും. ബോലാന്‍ലേ വരുന്നത് വരെ തന്റെ ഉടലായിരുന്നു
കാണുമ്പോഴൊക്കെ അയാളുടെ വായില്‍ വെള്ളം ഊറിച്ചിരുന്നത് എന്നും അവള്‍ ഓര്‍ക്കുന്നു.
തനിക്കു പ്രതികാരം ചെയ്യാന്‍ കഴിയും മുമ്പ് 'ഗ്രാന്‍മാ' മരിച്ചു പോവുന്നത് അവളെ ഏറെ
നിരാശയാക്കുന്നുണ്ട്. പ്രതികാരം ആസ്വദിക്കുന്നതിനും അവള്‍ക്കു വിശദീകരണമുണ്ട്.: 'പ്രതികാരം എന്റെതാണ്' എന്ന് ദൈവം പോലും പറഞ്ഞിട്ടുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക് അത് എത്ര മേല്‍
ഹൃദ്യമാവില്ല!. ടുണ്ടേ അവളുടെ കഥയെ 'സുന്ദരമായ ട്രാജഡി' എന്ന്
വിളിക്കുന്നതിന്റെ മുഴുവന്‍ പൊരുള്‍ അവള്‍ക്ക് പക്ഷെ മനസ്സിലാവില്ല. അയാള്‍ അവളോട്
ഒരക്ഷരം പറയാതെ അമേരിക്കയിലേക്ക് കടക്കുമ്പോഴാണ് തന്നെ എത്ര കേവലമായാണ് അയാള്‍
കണ്ടിരുന്നതെന്ന് അവള്‍ തിരിച്ചറിയുക. തന്നില്‍ അയാള്‍ക്ക് പിറന്ന മക്കളെ അയാളെ
കാണിക്കുന്നത് അവള്‍ സ്വപ്നം കണ്ടിരുന്നു. ഇനിയവര്‍ ആരുടെതും ആകാം, ബാബ സെഗിയുടെതും.
അഭയം തേടിയും വെളിച്ചം നല്‍കിയും
നൈജീരിയന്‍
സമൂഹത്തിലെ, വിശേഷിച്ചും പുരുഷ
മേധാവിത്തം എല്ലാ അര്‍ത്ഥത്തിലും കൊടികുത്തിവാഴുന്ന യൊറൂബന്‍ സംസ്കൃതിയിലെ, എല്ലാ തരം സ്ത്രീവിരുദ്ധതയും ഉടലിലും മനസ്സിലും വേണ്ടുവോളം ഏറ്റുവാങ്ങിയ
നിരക്ഷരരായ ഈ സ്ത്രീകളുടെ പേലവമായ അസ്തിത്വത്തിലേക്കാണ് പ്രായം കൊണ്ടും സൗന്ദര്യം
കൊണ്ടും സര്‍വ്വോപരി വിദ്യാഭ്യാസം കൊണ്ടും അതിന്റെ തായ് വേരറുക്കാന്‍ കഴിയുന്ന വന്‍
ഭീഷണിയായി ബോലാന്‍ലേ എത്തുന്നത്. അവളുടെ ഹൃദയ ശുദ്ധിയും
സഹായ മനസ്ഥിതിയും ആവര്‍ത്തിച്ചു പ്രകോപിപ്പിച്ചിട്ടും കുട്ടികളെ
പഠിപ്പിക്കുന്നതിലും മറ്റുമായി അവള്‍ പ്രകടിപ്പിക്കുന്ന സൗമനസ്യവും കൂടുതല്‍
ഭീഷണമായി അവര്‍ക്ക് തോന്നുന്നത് സ്വാഭാവികം. ഇയ ടോപി
അവളോട് മൃദു സമീപനം സ്വീകരിക്കുമ്പോള്‍ , തങ്ങളുടെ
കാല്‍ക്കീഴില്‍ വീണ്ടും മണ്ണൊലിപ്പ് ഉണ്ടാവുന്നതായി അവര്‍ക്ക് തോന്നുകയും
ചെയ്യുന്നു. എന്തുകൊണ്ടാവും ബാബാ സെഗിയെ പോലെ ഒരാളെ
സ്വീകരിക്കാന്‍ അവളെപ്പോലെ ഒരുത്തി തയ്യാറായത് എന്നത് തന്നെയും അവര്‍ക്ക്
ഊഹിക്കാനാവുന്നുമില്ല.
സഹഭാര്യമാര്‍ക്ക്
ഊഹിക്കാനാവാത്ത ആ പുരാവൃത്തം നോവലില്‍ പതിയെ ചുരുള്‍ നിവരുന്നുണ്ട്. പതിനഞ്ചാം വയസ്സില്‍ ഓര്‍ക്കാപ്പുറത്ത്
ഏറ്റുവാങ്ങേണ്ടിവന്ന ബലാല്ക്കാരം, തന്നെകുറിച്ചുള്ള
വീട്ടുകാരുടെ വലിയ പ്രതീക്ഷകള്‍ തകരാതെ നോക്കാന്‍ ആരുമറിയാതെ നടത്തേണ്ടിവന്ന ഗര്‍ഭചിദ്രം, പ്രണയമെന്നു ധ്യാനിച്ചിരുന്ന സെഗുന്‍ പുറം കാലുകൊണ്ട് തന്നെ
തട്ടിക്കളഞ്ഞു പോയതിന്റെ വേദന. “ആ നിമിഷത്തിലാണ് ഞാന്‍
തിരിച്ചറിഞ്ഞത്, ഞാന്‍ അവനു ഒന്നുമായിരുന്നില്ല എന്ന്.” നോവലിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്
എന്നത് ശ്രദ്ധേയമാണ്. 'ബഹുഭാര്യത്വം സ്വര്‍ണ്ണം
കുഴിക്കുന്നവര്‍ക്കും കാട്ടുവാസികള്‍ക്കും ഉള്ളതാണ്, നല്ല
ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്ന വിദ്യാസമ്പന്നകളായ പെണ്കുട്ടികള്ക്കുള്ളതല്ല' എന്ന് വിലക്കുന്ന മമ്മയെ അവള്‍ അവഗണിക്കുന്നു. “ഉവ്വ്, ഞാനീ വീട് തെരഞ്ഞെടുത്തു. പ്രതിമാസ അലവന്‍സിനു
വേണ്ടിയല്ല , ലേസു പിടിപ്പിച്ച സ്കേര്‍ട്ട്
സ്യൂട്ടിനു വേണ്ടിയല്ല , മുത്തു പിടിപ്പിച്ച
ബ്രേസ് ലെറ്റിനും വേണ്ടിയല്ല. ഞാന്‍ എന്റെ ജീവിതം
തിരിച്ചു പിടിക്കാനാണ് ഈ വീട് തെരഞ്ഞെടുത്തത്, ആരുമറിയാതെ
മുറിവുണക്കാന്‍. നിങ്ങള്‍ ഒരിക്കല്‍ ഒരു വീട്
തെരഞ്ഞെടുത്താല്‍ നിങ്ങള്‍ അവരോടൊപ്പം കഴിയണം. നിങ്ങളുടെ
സുഹൃത്തുക്കള്‍ അയാളെ ഒരു ബഹുഭാര്യസ്ഥനായ ഭീകരജന്തു എന്നു വിളിക്കുമ്പോഴും നിങ്ങള്‍
അയാള്‍ക്കൊപ്പം നില്‍ക്കണം, അയാളൊരു പെരും
തീറ്റക്കാരനായ ഉറാങ്ങുട്ടാന്‍ ആണെന്ന് നിങ്ങളുടെ മമ്മ പറയുമ്പോഴും നിങ്ങള്‍ അയാള്‍ക്കൊപ്പം
നില്‍ക്കണം. നിങ്ങള്‍ അയാളെ മറ്റൊരു വെളിച്ചത്തില്‍
നോക്കുന്നു, അപ്പോള്‍ അതാ ഒരു ഭീമാകാരനെങ്കിലും
ഹൃദയാലുവും വിശാലമാനസ്കനുമായ ഒരാള്‍ '. അവള്‍
ശുഭാപ്തി വിശ്വാസത്തോടെ സഹഭാര്യമാരുടെ ക്രൂരത സഹിക്കാന്‍ തയാറാണ്. “ഒരു നാള്‍ അവരെന്നെ ഈ കുടുംബത്തിലെ ഒരംഗമായി സ്വീകരിക്കും. ഒരു നാള്‍ എനിക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടാവും, എല്ലാം അതാതിന്റെ സ്ഥാനത്ത് എത്തും. എന്റെ ഭര്‍ത്താവ്
വീണ്ടും എന്നില്‍ സന്തുഷ്ടയാവും, എന്റെ വന്ധ്യത
അദ്ദേഹത്തിന്റെ സ്നേഹം നശിപ്പിക്കുന്നതിനു മുമ്പുണ്ടായിരുന്ന പോലെ.' എന്നാല്‍ സെഗിയുടെ ക്രൂരമായ അന്ത്യം അവളെ ബോധ്യപ്പെടുത്തും: “ഞാന്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഈ വീട്ടില്‍ ഞാന്‍ മരിക്കും.”
തകിടം മറിയുന്ന സമവാക്യങ്ങള്‍
സെഗിയുടെ
മരണവും ആശുപത്രിയിലെ വെളിപ്പെടലുകളും അലാവോ കുടുംബത്തിലെ ജീവിത സമവാക്യങ്ങളെല്ലാം
തകിടം മറിക്കുന്നു. ബാബാ സെഗി
ഒരു പുരുഷന് സഹിക്കാവുന്ന ഏറ്റവും വലിയ അവമതിയില്‍ തളര്‍ന്നു പോയിരിക്കുന്നു.
"തന്റെ ജീവിതം വെറുമൊരു നിഴലായിരുന്നു എന്നും താന്‍
വിശ്വസിച്ചതിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഒരു വിടവുണ്ട് എന്നും ഒരു പുരുഷന്‍
തിരിച്ചറിയുക എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ല. തന്റെ
മക്കള്‍ തന്റെ മക്കളല്ല എന്നും ഒരു പുരുഷന്‍ തിരിച്ചറിയുക എല്ലാ ദിവസവും
സംഭവിക്കുന്ന കാര്യമല്ല" എന്നാല്‍ , ഒടുവില്‍ , എല്ലാം ഏറ്റു പറയുന്ന ഇയാ സെഗി
തന്നെ പോംവഴിയും നിര്‍ദ്ദേശിക്കുന്നു. കുട്ടികള്‍ ബാബാ
സെഗിയുടെത് തന്നെയാണ്. വിത്തിടുന്നവനല്ല പിതാവ്. അവര്‍ക്ക് വേണ്ട സ്നേഹവും പരിചരണവും നല്‍കി പോറ്റിവളര്‍ത്തുന്നവന്‍
തന്നെയാണ്. ഈ കുട്ടികള്‍ക്ക് അത് ബാബാ സെഗി അല്ലാതെ
മറ്റാരാണ്? ഒരു മാതാവിന് കിട്ടാവുന്നതില്‍ ഏറ്റവും
വലിയ ശിക്ഷ താന്‍ അനുഭവിച്ചു കഴിഞ്ഞു. ജീവിച്ചിരിക്കെ, സ്വന്തം മകളുടെ മരണം കാണേണ്ടി വന്നു. ഇനി
ആരുമൊന്നും അറിയരുത്. ജീവിതം മുന്നോട്ടു തന്നെ പോകട്ടെ. ഏട്ടത്തിയുടെ മരണത്തില്‍ തളര്‍ന്നു പോകുന്ന അകിന്ന് ബാബാ സെഗി നല്‍കുന്ന
ഉപദേശത്തില്‍ ആ ജീവിത പാഠം അടങ്ങിയിട്ടുണ്ട്. “നീ കരുത്ത്
കണ്ടെത്തും. നമ്മളൊക്കെ കരുത്ത് കണ്ടെത്തണം. ആണുങ്ങള്‍ക്ക് അതങ്ങനെയാണ്: ചിലപ്പോള്‍
ഉണരുമ്പോള്‍ നമ്മള്‍ കണ്ടെത്തിയേക്കാം, കാര്യങ്ങള്‍
നമ്മള്‍ കരുതിയ പോലെയേ ആയിരുന്നില്ല എന്ന്. പക്ഷെ
നമുക്കെന്തു ചെയ്യാനാവും?” ഒപ്പം അയാള്‍ മകന്
ഒരുപദേശവും നല്‍കുന്നു.: ഒരൊറ്റ സ്ത്രീയെ വിവാഹം
ചെയ്യുക, അവള്‍ പറയാതെ പോകുന്ന വാക്കുകള്‍ക്ക് ചെവിയോര്‍ക്കുക. പക്ഷെ പുതിയ സമവാക്യത്തില്‍ തനിക്കിനി ഇടമില്ലെന്നു ബോലാന്‍ലേ
മനസ്സിലാക്കുന്നു. “അദ്ദേഹത്തിന്റെ കണ്ണുകളിലെ ദുഃഖം ഞാന്‍
കണ്ടു. എനിക്ക് തോന്നി, ഞങ്ങളുടെ
മാര്‍ഗ്ഗങ്ങള്‍ ഒരു പ്രത്യേക ഉദ്ദേശത്തിനു വേണ്ടി എങ്ങിനെയോ
കൂട്ടിമുട്ടിയതാണെന്നും അതൊരിക്കലും ഒരുമിച്ചു പോകാന്‍
വിധിക്കപ്പെട്ടതായിരുന്നില്ല എന്നും അപ്പോള്‍ അദ്ദേഹത്തിനു മനസ്സിലാവുകയായിരുന്നു
എന്ന്.” ഒന്നിനുവേണ്ടിയുമല്ലാതെ മരിച്ചു പോയ ഒരു പെണ്‍കുട്ടിയെ
ഓര്‍ത്തുകൊണ്ട് അവിടം വിടുമ്പോള്‍ തനിക്കൊരിക്കലും ഭാഗബാക്കാവാന്‍ കഴിയാതെ പോയ , ചരിത്രത്തിലെ മറ്റേതോ കാലത്തില്‍ നിന്ന്, ലോകത്തില്‍
നിന്ന് തിരിച്ചു പോവുന്നതായി ബോലാന്‍ലേക്ക് തോന്നുന്നു. ആര്‍ക്കറിയാം, ഒരു നാള്‍ താന്‍ അയാളെ ഓര്‍ത്തേക്കും, ഒരു പക്ഷെ സ്നേഹത്തോടെത്തന്നെ എന്ന് അവള്‍ സ്വയം പറയുന്നു.
ചരിത്രത്തില്‍ വികാസദശയില്‍ പിന്നെലെങ്ങോ ഉറഞ്ഞുപോയ മനുഷ്യരുടെ ദൈന്യവും സംത്രാസവും ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ലോല ഷോനെയിന്‍ 'ബാബ സെഗി'യില്‍ . ആദ്യ നോട്ടത്തില്‍ വെറും അടുക്കളപ്പോരിന്റെ ദ്വിമാനതയും മുത്തശ്ശിക്കഥയിലെ 'മൂന്നു ദുര്‍മന്ത്രവാദിനിക'ളെയും ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതങ്ങളില്‍ അനുഭവിച്ചതും കടന്നു പോന്നതുമായ ദുര്‍വ്വിധികള്‍ അതിശയോക്തി കൂടാതെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം പതിവ് ഫെമിനിസ്റ്റ് ചേരുവകള്ക്കപ്പുറത്താണ്. സ്നേഹം തേടിയിടത്തെല്ലാം പരാജയപ്പെടുകയും അഭയം ലഭിക്കുന്നയിടത്തില്‍ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വഞ്ചനാത്മക മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന നിരക്ഷരരും അശിക്ഷിതരുമായ, നിലനില്‍പ്പിനു നേരെയുള്ളതെന്നു തങ്ങള്‍ക്ക് തോന്നുന്ന ഭീഷണിയെ പരിമിത ബുദ്ധിയില്‍ തെളിഞ്ഞ നശീകരണ ചിന്തയോടെ നശിപ്പിക്കാന്‍ ശ്രമിച്ച് കൊടിയ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന മൂന്നു മുതിര്‍ന്ന സ്ത്രീകളും ഗാംഭീര്യം തികഞ്ഞവരെല്ലെങ്കിലും ദുരന്ത നായികമാര്‍ തന്നെ. വലിയ ശരീരത്തിനൊത്ത വലിയ മനസ്സും സ്വന്തമായുണ്ടെങ്കിലും ജീവിതം തന്നോട് കാണിക്കുന്ന നെറികേടിനു മുന്നില്‍ അന്തിച്ചു നില്‍ക്കുന്ന ബാബാ സെഗിയും അനുവാചകന്റെ സഹതാപം നേടിയെടുക്കുന്നു. തനിക്കു ചേരാത്തതെന്നറിഞ്ഞു കൊണ്ട് തന്നെ, പിഞ്ഞിപ്പോയ ജീവിതം സ്വരുക്കൂട്ടാന്‍ പരീക്ഷണത്തിന് മുതിര്‍ന്നു അതും പാളിപ്പോയ ബോലാന്‍ലേയും എവിടെയും ആദ്യം ബലിയാവുക ഒന്നിലും പെടാത്ത നിഷ്കളങ്ക ജന്മങ്ങളാണെന്നു ഓര്‍മ്മിപ്പിച്ചു ഒടുങ്ങിപ്പോവുന്ന സെഗിയും നൊമ്പരമായിത്തന്നെ വായനക്കാരനെ പിടികൂടും.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 127-134)
To purchase, contact
ph.no: 8086126024
Also read:
Stay with Me by Ayọ̀bámi
Adébáyọ̀
https://alittlesomethings.blogspot.com/2017/12/blog-post_57.html
The Joys of Motherhood by Buchi Emecheta
https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html