അന്താരാഷ്‌ട്ര പ്രശസ്തനാണ് പ്രഥമ കൃതി മുതലേ രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന പാകിസ്ഥാനി നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ മൊഹ്സിന്‍ ഹമീദ്. പാകിസ്ഥാനിലെ തീവ്രവാദ- മത മൌലിക ചുറ്റുപാടിലെ ജീവിതാവസ്ഥ പകര്‍ത്തുന്നു 'Moth Smoke', 9/11 അനന്തര മുസ്ലിം പരിതോവസ്തയുടെ സംത്രാസം പാകിസ്താന്‍ - അമേരിക്കന്‍ പശ്ചാത്തലത്തില്‍ വിഷയമാക്കുന്ന 'The Reluctant Fundamentalist', മൂലധന ശക്തികളും ആര്‍ത്തിയും പ്രതിവര്‍ത്തിക്കന്നതിന്റെ കഥ പേര് സൂചിപ്പിക്കും പോലെ ഏതോ ഏഷ്യന്‍ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്ജ്കരിക്കുന്ന 'How to Get Filthy Rich in Rising Asia' എന്നീ ശ്രദ്ധേയ രചനകള്‍ക്ക് ശേഷം മൊഹ്സിന്‍ ഹമീദിന്റെതായി പുറത്തു വരുന്ന നാലാമത് നോവലാണ് 2017 ലെ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച, പുരസ്കാരത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന 'Exit West'.
അസ്വാസ്ഥ്യങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍
"അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞ, എങ്കിലും ഏറിയ കൂറും സമാധാനത്തിലായിരുന്ന, ചുരുങ്ങിയ പക്ഷം ഇപ്പോഴും തുറന്ന യുദ്ധത്തിലെത്തിച്ചേര്ന്നിരുന്നില്ലാത്ത, ഒരു നഗരത്തില്‍ ഒരു ക്ലാസ് മുറിയില്‍ വെച്ച് ഒരു
ചെറുപ്പക്കാരന്‍ ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടി; എന്നാല്‍ ദിവസങ്ങളോളം അയാള്‍ അവളോട് സംസാരിച്ചില്ല. അവന്റെ പേര് സഈദ് എന്നായിരുന്നു, അവളുടെ പേര് നാദിയ എന്നും..” നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. അഭയാര്‍ഥിത്വം, യുദ്ധം, പ്രണയം - നോവലില്‍ന്റെ കേന്ദ്ര
പ്രമേയങ്ങള്‍ ആദ്യ വാചകത്തില്‍ തന്നെ സൂചിതമാണ്. നാദിയയുടെയും സഈദിന്റെയും നഗരത്തിനും പേര് പറയുന്നില്ല. അതൊരു സൌത്ത് ഏഷ്യന്‍ നഗരമാകാന്‍ സാധ്യതയേറും. എങ്കിലും അത് അഫ്ഘാനിസ്ഥാനോ ലിബിയയോ സിറിയയോ പോലെ മൊസൂളോ
അലെപ്പോയോ പോലെ മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും
യുദ്ധാന്തരീക്ഷത്തിന്റെയും സാഹചര്യമുള്ള ലോകത്തെ ഏതു ദേശവുമാകാം. ഇസ്ലാമിക തീവ്രവാദത്തിന്റെയും അഭയാര്‍ഥി പ്രശ്നത്തിന്റെയും
ലോകസന്ദിഗ്ധാവസ്ഥ വായനക്കാരന് പരിചിതമാണ് എന്ന നിലപാടില്‍ തന്നെയാണ് ആഖ്യാനം
നടത്തപ്പെടുന്നത്. 'കൊര്‍പ്പോരെറ്റ് സ്വത്വവും
ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് നിര്‍ണ്ണയവും' എന്ന വിഷയത്തില്‍ ഒരു രാത്രികാല ക്ലാസ് മുറിയില്‍ വെച്ചു
സഈദ്, നാദിയയെ കണ്ടുമുട്ടുന്നു. യൂണിവേഴ്സിറ്റി അധ്യാപക ദമ്പതികളുടെ മകനും പരസ്യക്കമ്പനി
ഉദ്യോഗസ്ഥനുമായ പൊതുവേ ഒതുങ്ങിയ പ്രകൃതമുള്ള സഈദില്‍ നിന്ന് വ്യത്യസ്തമായി
ഇന്ഷുറന്സ് കമ്പനി ജീവനക്കാരിയായ, വിശ്വാസിയല്ലാത്ത, സഈദിനോടൊപ്പം മരിജുവാന പുകക്കാന്‍ ഇഷ്ടപ്പെടുന്ന ഇടയ്ക്ക്
ഇന്റെര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു വരുത്തുന്ന ഇത്തിരി 'സൈക്കെഡലിക് മഷ് റൂം' ആസ്വദിക്കുന്ന സ്വതന്ത്ര ബുദ്ധിയായ, തനിച്ചു കഴിയാന്‍ ഇഷ്ടപ്പെടുന്ന, ബൈക്കില്‍ യാത്ര ചെയ്യുന്ന നാദിയ ദേശം അടയാളപ്പെടുത്തുന്ന
സ്ത്രീ വിരുദ്ധതയുടെ വിധേയ വ്യക്തിത്വമല്ലെന്നു വ്യക്തം. അടിമുതല്‍ മുടി വരെ മൂടുന്ന കറുത്ത വസ്ത്രം ധരിക്കുന്നത് 'ആണുങ്ങള്‍ എനിക്കിട്ടു
പണിയാതിരിക്കാനാണ്!' എന്നാണു നാദിയ വിശദീകരിക്കുക. പ്രണയത്തില്‍ രതിയുടെ അതിരുകളിലേക്ക് ധൈര്യപ്പെടുക
നാദിയയാണ്. അവരുടെ പ്രണയത്തിന്റെ ഒട്ടും
പുതുമയില്ലാത്ത മടുപ്പന്‍ രീതി ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന
ദേശത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷവുമായി വൈരുധ്യത്തിലാണ്. അഭയാര്‍ഥി പ്രാവാഹമുണ്ടെങ്കിലും ആദ്യമൊക്കെ നഗരം പഴയ
ജീവിതക്രമത്തിന്റെ മാതൃകകള്‍ ഏറെക്കുറെ നില നിര്‍ത്തുന്നുണ്ട്. എങ്കിലും സഈദിന്റെ മാതാപിതാക്കള്‍ പതിറ്റാണ്ടുകള്‍ക്ക്
മുമ്പ് കണ്ടു മുട്ടിയ സിനിമാ ശാലകള്‍ അടഞ്ഞു കിടക്കുന്നു. സംഘര്‍ഷങ്ങള്‍ പുകഞ്ഞു തുടങ്ങുന്നുണ്ടെങ്കിലും സഈദിനും
നാദിയക്കും ഇപ്പോഴും അവരുടെ ജോലികള്‍ നില നിര്‍ത്താനാവുന്നുണ്ട്. എന്നാല്‍ സംഘര്‍ഷം യുദ്ധസമാനമാകുന്നതോടെ കമ്പനികളൊന്നും
ഔദ്യോഗികമായി ബിസിനസ്സ് അവസാനിപ്പിക്കാതെത്തന്നെ എല്ലാവരും തൊഴില്‍ രഹിതരാവുന്നു. കഴിവും സാധ്യതകളും അവശ്യം വേണ്ട ബന്ധങ്ങളും ഉള്ളവര്‍
നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി കണ്ടെത്തുന്നു. മുടങ്ങിപ്പോയ ശമ്പളത്തിന് പകരമായി ഓഫീസ് ഉപകരണങ്ങള്‍
കടത്തിക്കൊണ്ടു പോകുന്ന ജീവനക്കാര്‍ക്കിടയില്‍ നാദിയ രണ്ടു ലാപ്ടോപ്പുകള്‍
സ്വന്തമാക്കുന്നു. തനിച്ചു കഴിയാനുള്ള തീരുമാനം
മാറ്റിവെച്ച് നാദിയ, സഈദിന്റെ ഫ്ലാറ്റിലേക്ക് താമസം
മാറുന്നു. “അവളുടെ റെക്കോര്‍ഡ് പ്ലേയറും
റെക്കോര്‍ഡുകളും വസ്ത്രങ്ങളും ഭക്ഷണവും ഉണങ്ങിത്തുടങ്ങിയതെങ്കിലും ഇനിയും തളിര്‍ക്കാന്‍
ഇടയുള്ള നാരക മരവും അതിന്റെ മണ്‍ചട്ടിയില്‍ മണ്ണില്‍ പൂഴ്ത്തി വെച്ച കുറച്ചു പണവും
ഏതാനും സ്വര്‍ണ്ണ നാണയങ്ങളും" അവള്‍
കൂടെ കൊണ്ട് പോരുന്നുണ്ട്.
സഈദിന്റെയും നാദിയയുടെയും ബന്ധം വളരുന്നതിനു സമാന്തരമായി നഗരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒറ്റക്കൊറ്റക്ക് രൂക്ഷമായിത്തോന്നില്ലെങ്കിലും അവയുടെ സാകല്യത്തില്‍ ഭീകര ഫലങ്ങളിലേക്കാണ് ഈ മാറ്റങ്ങള്‍ എത്തിച്ചേരുക. ഒരു രാത്രി, ബാല്‍ക്കണിയില്‍ നിന്ന് ടെലിസ്കോപ്പിലൂടെ നോക്കുന്ന സഈദിന്റെ കുടുംബം അകലെ വെടിയൊച്ച മുഴങ്ങുന്നത് കേള്‍ക്കുന്നു. പിന്നീട് ആകാശത്തു ഹെലികോപ്റ്ററുകളും ഡ്രോണുകളും നിറയുന്നു. സ്റ്റോക്ക് എക്സ്ചെയ്ഞ്ച് കയ്യേറുന്ന ഭീകരരെ സൈന്യം കീഴടക്കുന്നുണ്ടെങ്കിലും അത് ഇരുവശത്തും ഏറെ ആള്‍ നാശത്തിന് ഇടവരുത്തി വെക്കുന്നു. പിന്നീട് ഭീകരര്‍ നഗരത്തിലേക്ക് കൂടിയ തോതില്‍ വന്നു തുടങ്ങുന്നതോടെ നഗരം അവരുടെ കൈപ്പിടിയിലാകുന്നു. വൈദ്യുതിയും ജലവിതരണവും മുടങ്ങുന്ന നഗരത്തില്‍ ജനജീവിതം ദുസ്സഹമാകുന്നു. സെല്‍ ഫോണുകളും ഇന്റര്‍നെറ്റും മുടങ്ങിപ്പോവുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന നഗരത്തില്‍ തെരഞ്ഞുപിടിച്ചുള്ള ഉന്‍മൂലനങ്ങളും കുരുതികളും പതിവാകുന്നു. ഒരു നാള്‍ ചെറുപ്പക്കാര്‍ മൈതാനത്ത് പന്തുകളിക്കുന്നത് ഗൃഹാതുരതയോടെ കണ്ടുനില്‍ക്കുന്ന സഈദിന്റെ പിതാവ് ആ കളിപ്പന്തു എന്താണെന്നറിയുന്നതോടെ ഞെട്ടിപ്പോകുന്നു: അതൊരു അറുത്തെടുക്കപ്പെട്ട മനുഷ്യ ശിരസ്സായിരുന്നു. ഭീകരതക്ക് അതിന്റെ സഹജമായ ബീഭത്സകാരിയെന്ന ഭാവം കൈമോശം വരികയും വികാര രഹിതരായ മനുഷ്യരെ അത് സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ, സിവില്‍ സമൂഹത്തിന്റെ പരമമായ അപചയത്തെ സൂചിപ്പിക്കുന്നു. ഈ വിധം മൃത്യു ഭൂമിയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ദേശത്ത് നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായാണ് 'വാതായനങ്ങള്‍ ' അവതരിപ്പിക്കപ്പെടുന്നത്.
വാതായനങ്ങള്‍ , പ്രവാസ വഴികള്‍
മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളുള്ള 'വാതായനങ്ങള്‍ ' എന്ന രക്ഷാമാര്‍ഗ്ഗം നോവലില്‍ പക്ഷെ ഒരു ശൈലീപരമായ മാധ്യമം മാത്രമല്ല. അഭയാര്‍ഥി ജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ഘട്ടം 'കടന്നു പോവുക' എന്നത് തന്നെയാണെന്നിരിക്കെ, ഇത്തരം ആഖ്യാനങ്ങളുടെ സിംഹഭാഗമോ കേന്ദ്ര സ്ഥാനീയമോ ആയി ആ ഘട്ടം മാറാനുള്ള സാധ്യതയെ മറികടക്കുകയും നോവലിന്റെ ഫോക്കസ് അത്ര സാധാരണമല്ലാത്ത ചില ചോദ്യങ്ങളിലേക്കു എത്തിക്കുകയുമാണ് നോവലിസ്റ്റ്. ലോറികളുടെ പുറകിലോ ഏതു നിമിഷവും മുങ്ങിപ്പോകാവുന്ന ബോട്ടുകളിലോ ഉള്ള ജീവന്മരണ യാത്രകള്‍ വിവരിക്കപ്പെടുന്നില്ല. ഇടത്താവളങ്ങളിലെ പട്ടിണിയും രോഗങ്ങളും മൃതിയും ചിത്രീകരിക്കപ്പെടുന്നില്ല. പകരം അജ്ഞാത വിധി കാത്തിരിക്കുന്ന പുതിയ ഇടങ്ങളില്‍ ഉണ്ടായേക്കാവുന്ന അനുഭവങ്ങളെ കുറിച്ചുള്ള ഞെട്ടല്‍ മാത്രം. “ചില അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങി; മരണക്കെണിയായ നാട്ടില്‍ നിന്നകലെ, അങ്ങ് ദൂരെ ഇടങ്ങളിലേക്ക് നിങ്ങളെ കൊണ്ട് പോകുന്ന വാതിലുകളെ കുറിച്ച്.. അത്തരം വാതിലുകളിലൂടെ പുറത്തു കടന്ന ആളുകളെ കുറിച്ച് അറിയാവുന്ന ആളുകളെ കുറിച്ച് അറിയാമെന്നു ചിലര്‍ അവകാശപ്പെട്ടു. അവരുടെ അഭിപ്രായത്തില്‍ ഒരു സാധാരണ വാതിലിന് ഒരു വിശിഷ്ട വാതില്‍ ആവാന്‍ കഴിയും, ഏതൊരു വാതിലിന്റെയും കാര്യത്തില്‍ഒരു മുന്നറിയിപ്പും കൂടാതെ അത് സംഭവിക്കുകയും ചെയ്യാം. മിക്കയാളുകളും ഇത്തരം അഭ്യൂഹങ്ങള്‍ വെറും ഭോഷ്കായി കരുതി- ദുര്‍ബ്ബല മനസ്കരുടെ അന്ധ വിശ്വാസങ്ങള്‍ . എന്നിരുന്നാലും മിക്കയാളുകളും അവരുടെ സ്വന്തം വാതിലുകള്‍ക്ക് നേരെ വ്യത്യസ്തമായ രീതിയില്‍ നോക്കിത്തുടങ്ങി.” 'തീര്‍ച്ചയായും ഒരു വില നില്കിയാല്‍ ' തുറക്കപ്പെടുന്ന ഈ 'രഹസ്യ വാതിലുകള്‍ ' സൃഷ്ടിക്കുന്ന കാഫ്കെയസ്ക് അന്തരീക്ഷം കോള്‍സണ്‍ വൈറ്റ്ഹെഡിന്റെ 'അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്', മുറകാമിയുടെ 'വൈന്റ് അപ് ബേര്‍ഡ് ക്രോണിക്കിള്‍ ' തുടങ്ങിയ കൃതികളെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
നങ്കൂരമില്ലാത്തവന് അതിരുകളുമില്ല
നഗരം അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ എത്തുമ്പോഴാണ്
പിറുപിറുത്തു സംസാരിക്കുന്ന "കവിയോ
അതോ സൈക്കോപാത്തോ" എന്ന് പറയാനാവാത്ത ഒരു ഒരു
എജന്റ് നിഗൂഡമായ വാതിലിന്റെ വാഗ്ദാനവുമായി സഈദിനെയും നാദിയയെയും സമീപിക്കുക. “അതവരുടെ ജീവിതത്തിലെ അവസാന സായാഹ്നമാവാനുള്ള ഒരു
സാധ്യതയുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു.” ഇരുണ്ട ശ്വാസം മുട്ടിക്കുന്ന തുരങ്കം നൂണ്ടു കടന്നാണ് ഒരു
മധ്യകാല റൊമാന്‍സിലെ മിത്തിക്കല്‍ യാനം പോലുള്ള സ്വപ്ന/ യാഥാര്‍ത്ഥ്യ അന്തരീക്ഷത്തില്‍ , ആയിരക്കണക്കിന് അഭയാര്‍ഥികള്‍
ധനികരായ ടൂറിസ്റ്റുകള്‍ക്കൊപ്പം ചേക്കയിടം പങ്കിടുന്ന ഗ്രീക്ക് ദ്വീപായ മികോനോസില്‍
അവര്‍ ആദ്യം എത്തിച്ചേരുക. 'വാതിലുകള്‍ ' വരവിനും പോക്കിനുമുള്ള ഒരു സാര്‍വ്വ
ദേശീയ മാര്‍ഗ്ഗമായിക്കഴിഞ്ഞതായി അവര്‍ മനസ്സിലാക്കുന്നു. സമ്പന്ന ദേശങ്ങളിലെക്കുള്ള പ്രവേശന കവാടങ്ങളില്‍ കനത്ത
കാവലുള്ളപ്പോള്‍ ദരിദ്ര രാജ്യങ്ങളുടെത് മിക്കവാറും നാഥനില്ലാതെ കിടന്നു. ഇനിയൊരു ഘട്ടത്തില്‍ മറ്റൊരു 'വാതില്‍ ' അവരെ ലണ്ടനിലെത്തിക്കും. അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ചേക്കേറാന്‍
പാകത്തില്‍ സമ്പന്ന വിദേശികള്‍ വാങ്ങിയിട്ട വന്‍ മന്ദിരങ്ങളുണ്ട് അവിടെ. “വെസ്റ്റ് മിന്‍സ്റ്ററിനും ഹാമര്‍സ്മിത്തിനും ഇടയില്‍
നിയമപ്രകാരമുള്ള താമസക്കാര്‍ ന്യൂനപക്ഷമാണെന്നും സ്വദേശ ജാതര്‍ വംശ നാശം വരും വിധം
കുറവാണെന്നും പറഞ്ഞു വന്നു. പ്രാദേശിക പത്രങ്ങളുടെ
അഭിപ്രായത്തില്‍ പ്രദേശം ദേശഗാത്രത്തിലെ ഏറ്റവും മോശമായ തമോഗര്‍ത്തങ്ങളില്‍
പെട്ടതായിരുന്നു.” ലണ്ടനില്‍ വെച്ചാണ്
പ്രാവാസാനുഭവത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ സഈദും നാദിയയും മനസ്സിലാക്കുക. നഗരമധ്യത്തില്‍ ഒരു പ്രവാസി സമൂഹം അതിന്റെ എല്ലാ
അനിശ്ചിതത്വങ്ങളോടും അരാജകത്വത്തോടും ഒപ്പം വികസിക്കുന്നു. “ലണ്ടനില്‍ എല്ലായിടത്തും അത്തരം വീടുകളും പാര്‍ക്കുകളും
ഉപയോഗ ശൂന്യമായ ലോട്ടുകളും ജന നിബിഡമായി. ഒരു മില്യണ്‍ അഭയാര്‍ഥികളെന്നു ചിലര്‍ പറഞ്ഞു, വേറെ ചിലരാവട്ടെ അതിന്റെ ഇരട്ടിയെന്നും. നഗരത്തില്‍ എത്ര ഒഴിഞ്ഞ ഇടങ്ങളുണ്ടോ, അത്രയും കുടില്‍ കെട്ടിത്താമാസക്കാരെ അത് ആകര്‍ഷിച്ചു. ചെല്‍സിയിലെയും കെന്‍സിംഗ് ടണിലെയും ആളില്ലാത്ത മന്ദിരങ്ങള്‍
പ്രത്യേകിച്ചും കയ്യടക്കപ്പെട്ടു.” അഭയാര്‍ഥികള്‍
നാട്ടുകാരുടെ ബോംബ് ആക്രമണത്തിനിരയായി. 'ബ്രിട്ടനെ ബ്രിട്ടന് തിരികെ കിട്ടാനുള്ള' പ്രസ്ഥാനങ്ങള്‍ ഉണ്ടായി. അധികാരികള്‍ വൈദ്യുതിയും പൈപ്പുവെള്ളവും പോലുള്ള പൊതു
സൌകര്യങ്ങള്‍ ബോധപൂര്‍വ്വം തടസ്സപ്പെടുത്തി. വെളിച്ചമുള്ള ലണ്ടനും ഇരുട്ട് മൂടിയ ലണ്ടനും ഉണ്ടായി. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിരുന്നപ്പോള്‍ പുതുതലമുറ
ഡിജിറ്റല്‍ ഉപകരങ്ങളുടെ വിധേയത്വം വളര്‍ത്തിയെടുത്തിരുന്ന സഈദും നാദിയയും ലോകാവസ്ഥ
അപ്പപ്പോള്‍ അറിഞ്ഞുവന്ന ലോകാഭിമുഖതയും, ഇപ്പോള്‍ നഷ്ടമാവുന്നു. ബ്രോഡ് ബാന്‍ഡ് നല്‍കിയ സ്വാതന്ത്ര്യം ഇപ്പോള്‍ റോഡ്
ബ്ലോക്കുകള്‍ക്കും ക്യാമ്പുകളിലെ പിരിമുറുക്കത്തിനും കമ്പി വേലികള്‍ക്കും
വഴിമാറുന്നു. നക്ഷത്ര തിളക്കം
നോക്കിയിരിക്കുമായിരുന്ന ആകാശമിപ്പോള്‍ യുദ്ധ വിമാനങ്ങളുടെയും ഡ്രോണുകളുടെയും
ഹെലികോപ്റ്ററുകളുടെയും ഇരമ്പിയാര്‍ക്കലിന്റെ കലുഷാവസ്ഥയിലാണ്. പുതിയ ഇടങ്ങളിലേക്ക് പുറപ്പാടവേണ്ട സാഹചര്യം
ഉരുത്തിരിയിക്കുന്നു എന്നത് മാത്രമല്ല, അഭയാര്‍ഥിത്വത്തിന്റെ ആഗോള പ്രതിസന്ധിയില്‍ ആരും
സുരക്ഷിതരില്ല എന്ന ദുരന്ത പ്രവചന സ്വഭാവമുള്ള ചകിതാവസ്ഥ കൂടിയാണ് ഇത്
പ്രതിഫലിപ്പിക്കുന്നത്. പുതിയ അന്തരീക്ഷം പഴയതിന്റെ
തനിയാവര്‍ത്തനം ആയിത്തീരുന്നതെങ്ങനെ എന്നത് ദുരന്ത സാധ്യത രക്ഷപ്പെടാനാവാത്ത
വിപര്യയമായിത്തീരുന്ന ഒരു വിപത് ഭാവിയെ സൂചിപ്പിക്കുന്നു. വാതിലുകള്‍ ഇരുവശത്തേക്കും തുറക്കുന്നവയാണ് എന്നിരിക്കെ, ഇത്തരം പ്രദേശങ്ങളില്‍ നിന്ന് തീവ്ര വാദികളും ഭീകരരും
നാദിയയും സഈദും ഉപേക്ഷിച്ചു പോന്ന നാട്ടിലേക്ക് കുടിയേറുന്ന അവസ്ഥയുണ്ടെന്നും
നോവലിസ്റ്റ് സൂചിപ്പിക്കുന്നു. നിരന്തര
ചലനം എന്നത് നോവലിന്റെ കേന്ദ്ര പ്രമേയവുമായി ബന്ധപ്പെട്ടത് തന്നെയാണ്. വന്‍ തോതിലുള്ള പ്രവാസമെന്ന വസ്തുത വേണ്ട വിധം
തിരിച്ചറിയാനാവാത്തതാണ് യൂറോപ്പും അമേരിക്കയും നേരിടുന്ന രാഷ്ട്രീയ
നിശ്ചലാവസ്ഥക്ക് പ്രധാന കാരണമെന്ന് ഒരഭിമുഖത്തില്‍ നോവലിസ്റ്റ്
അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തികമായി മരവിച്ചു പോയ, അപകടാവസ്ഥയിലുള്ള ദേശങ്ങളില്‍ നിന്ന് സാമ്പത്തികമായി ഇളം
ചൂടുള്ള സുരക്ഷിത ഇടങ്ങളിലേക്ക് പോകാനുള്ള പ്രവാസ മനസ്സിനെ ദുരന്തമായിക്കാണാതെ
മനുഷ്യത്വ പരമായും പ്രചോദകമായും കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിക്കുന്നു. അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞ ലോകം ഇപ്പോള്‍ പുതിയ തരം
ക്രമത്തെ ഉറ്റുനോക്കുന്നു- അവിടെ പ്രസക്തമായ ഒരേയൊരു
വിഭജനം കടന്നു പോകാനുള്ള അവകാശം തേടുന്നവരും അത് തടയുന്നവരും തമ്മിലുള്ളത്
മാത്രമാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആ അര്‍ത്ഥത്തില്‍ നോവലിന് അതി തീവ്രമായ പ്രബോധക ഭാവമുണ്ട്
എന്ന് പറയാം. ജീവിത സൌകര്യങ്ങള്‍
മറ്റുള്ളവരുടെ ദുരിതങ്ങളില്‍ നിന്ന് മുഖം തിരിക്കാന്‍ നമ്മെ
പ്രേരിപ്പിച്ചേക്കുമെന്നു നാദിയ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്. 'ഒരു രാജകുമാരിയെ പോലെ' അല്ലെങ്കില്‍ തനിക്കു ലഭിച്ച സൗകര്യങ്ങളില്‍ ഒരു
ഏകാധിപതിയുടെ സുഖലോലുപരായ മക്കളെ പോലെ അഭിരമിച്ചു പോകുന്ന അവസ്ഥ. ഹമീദ് ആരോടും വിട്ടുവീഴ്ച ചെയ്യുന്നില്ല; തന്റെ മുഖ്യ കഥാപാത്രങ്ങളോട് പോലും. “പ്രവാസികളാവുമ്പോള്‍ പിന്നില്‍ വിട്ടേച്ചു പോന്നവരെ നമ്മുടെ
ജീവിതങ്ങളില്‍ നിന്ന് നാം കൊന്നു കളയുന്നു.” അറുപത്തിയഞ്ചു ദശലക്ഷം പേര്‍ അഭയാര്‍ഥികളായ ലോകത്ത് ഇതാണ്
യഥാര്‍ത്ഥ ഭീകരാനുഭവമെന്നു എക്സിറ്റ് വെസ്റ്റ് സൂചിപ്പിക്കുന്നു.
നോവല്‍ ശില്‍പ്പത്തിനപ്പുറം പോകുന്ന ഉത്കണ്ഠകള്‍
ദി റലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് പോലുള്ള ഹമീദിന്റെ മുന്‍ നോവലുകളില്‍ നിന്ന് ഭിന്നമായി 'എക്സിറ്റ് വെസ്റ്റ് ' ഭദ്രമായ ഇതിവൃത്ത ഘടനയോ പാത്ര സൃഷ്ടിയിലെ ചടുലതയോ നിലനിര്‍ത്താത്തത് ബോധപൂര്‍വ്വമാണ് എന്ന് കാണാം. നാദിയയോ സഈദോ ശക്തമായ വ്യക്തിത്വമോ അതുണ്ടാക്കുന്ന കര്‍തൃത്വമോ ഉള്ളവരല്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Sukhdev Sandhu, The Guardian). ഇത്തരം ഒരു കൃതിയില്‍ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന സോഷ്യല്‍ റിയലിസത്തിന്റെ രീതിയോ ഭീകരാനുഭവങ്ങളുടെ ദൃക് സാക്ഷി വിവരണത്തിന്റെ കിടുകിടുപ്പിക്കുന്ന 'വാര്‍ /ഡിസാസ്റ്റര്‍ മൂവി' രീതികളോ നോവലിസ്റ്റ് അവലംബിക്കുന്നില്ല. സിറിയയുടെയും മ്യാന്മാറിന്റെയും കാലത്തെ അഭയാര്‍ഥി പ്രശ്നമെന്ന സമകാലിക സമസ്യയെ ആഖ്യാന രീതികളുടെ ഒരു സമ്മിശ്രത്തിലൂടെയാണ് നോവലിസ്റ്റ് സമീപിക്കുന്നത് എന്ന് സുഖ്ദേവ് സന്ധു ചൂണ്ടിക്കാണിക്കുന്നു. അത് ഒരേ സമയം ദേശാതിര്‍ത്തികള്‍ ഉല്ലംഘിക്കപ്പെട്ന്നതിന്റെയും സിവില്‍ സമൂഹത്തില്‍ പടരുന്ന അശാന്തികളെ കുറിച്ചുള്ള ന്യൂസ് റീല്‍ രൂപത്തിന്റെയും പുതുകാല നരക ഭൂപടം ചമക്കുന്നതിന്റെ ഭാവനാത്മക രചനയുടെയും സ്വഭാവം ഉള്‍കൊള്ളുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സഈദും നാദിയയും ഉപേക്ഷിച്ചു പോകുന്ന ദേശത്തിന് പേര് പറയുന്നില്ലെങ്കിലും അവര്‍ ലക്ഷ്യമായി എത്തിച്ചേരുന്ന ഇടങ്ങള്‍ - മികോനോസ്, ലണ്ടന്‍ , അമേരിക്ക - കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട് എന്നത് പ്രധാനമാണ്. ഒരിടവും സുരക്ഷിതമോ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പ്രതിരോധിക്കപ്പെട്ടതോ അല്ലതന്നെ. തന്റെ രചനകളിലെല്ലാം ഹമീദ് പങ്കുവെക്കുന്ന നിലപാടാണ് കൊളോനിയലിസത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും അനിവാര്യഫലമായി പാശ്ചാത്യ - പൌരസ്ത്യ ലോകങ്ങള്‍ പരസ്പരം സന്ധി ചെയ്യേണ്ടി വരുന്നുവെന്നത്. സഈദിന്റെയും നാദിയയുടെയും പോലുള്ള വൈയക്തിക പ്രണയ കഥകള്‍ക്ക് പോലും ചരിത്രത്തിന്റെ ഈ അനിവാര്യതയില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ല. ചരിത്രം ആവേശിക്കുമ്പോഴാവട്ടെ, മരണവും ഹിംസയും നിറഞ്ഞാടുന്നു. ഒരു ട്രക്ക് മരണം വിതച്ചു പൊട്ടിത്തെറിക്കുന്നു, അനിശ്ചിതത്വവും അരാജകത്വവും നുരയുന്ന സാഹചര്യങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നു, അറുത്തുമാറ്റപ്പെട്ട ഒരു മനുഷ്യന്റെ തല മൈതാനത്തിലെ കളിപ്പന്തായി മാറുന്നു, എന്നാല്‍ നാദിയയുടെ കസിന്‍ ബോംബ് സ്ഫോടനത്തില്‍ തലയും ഒരു കയ്യിന്റെ ഏതാനും ഭാഗങ്ങളും മാത്രം ബാക്കിയാവും വിധം ചിതറിത്തെറിക്കുന്നത് പോലുള്ള അത്തരം രംഗങ്ങളില്‍ നോവല്‍ തറഞ്ഞു നില്‍ക്കുന്നേയില്ല. ഇതര രാജ്യങ്ങളിലുണ്ടാവുന്ന സമാന സംഭാവങ്ങളാവട്ടെ ഡിജിറ്റല്‍ അകലത്തിലിരുന്നാണ് നാദിയയും സഈദും മനസ്സിലാക്കുക.
മഹാസങ്കടങ്ങളിലും ഇണര്‍പ്പുകളുണ്ട്
ലണ്ടനിലെ വാഗ്ദത്ത നഗരത്തിലെത്തുമ്പോള്‍ കാണുന്ന
ജീവിതാവസ്ഥകളാണ് നോവലിന്റെ രണ്ടാം പകുതിയെ നിര്‍ണ്ണയിക്കുന്നത്. “ഭൂഗോളം മുഴുവനും യാത്രയിലായിരുന്നു, ലോകത്തിന്റെ തെക്ക് ഗോളത്തിന്റെ വടക്കോട്ട് മുന്നേറി, അതെ സമയം തെക്കുള്ളവര്‍ മറ്റു തെക്കന്‍ ദേശങ്ങളിലേക്കും
വടക്കന്‍ ദേശക്കാര്‍ മറ്റു വടക്കന്‍ ദേശങ്ങളിലേക്കും.” ഈ നിരീക്ഷണത്തിലാണ് പ്രവാസം നിയാമകമാകാന്‍ പോകുന്ന ഒരു
ഭാവികാലത്തിന്റെ ഫുചൂറിസ്റ്റിക്ക് ആഖ്യാനമായി നോവല്‍ മാറുന്നത്. എല്ലാവരും സഞ്ചാരത്തിലാകുമ്പോള്‍ ചലനം
അസ്വാസ്ഥ്യകരമെന്നതിലേറെ സ്വാഭാവികമായിത്തീരും. തദ്ദേശീയര്‍ എന്ന് സ്വയം കരുതുന്നവര്‍ക്ക് ഈ പാലായനം
അസ്വാസ്ഥ്യകരമാവാമെങ്കിലും ആരും താല്‍ക്കാലിക താമസക്കാരിലപ്പുറം ഒരിടത്തിന്റെയും
ഉടമകളല്ലെന്ന ആഗോളീകൃത, പോസ്റ്റ് കൊളോണിയല്‍
അനിവാര്യതയില്‍ നിന്നാണ് ഈ വിപര്യയത്തിലും ശുഭാപ്തിയുടെ കിരണങ്ങള്‍ മൊഹ്സിന്‍
ഹമീദ് കണ്ടെത്തുന്നത്. തദ്ദേശീയര്‍ അന്യരെ/ അപരിചിതരെ കുറിച്ചുള്ള തങ്ങളുടെ ആദ്യ അങ്കലാപ്പ്
മറികടക്കുന്നതോടെ ഇരു കൂട്ടരും സൂക്ഷ്മവും പരസ്പര മാനുഷിക സൗഹൃദത്തിന്റെ
അടിത്തറയിലുള്ളതുമായ നീക്ക് പോക്കില്‍ ഒരുമിച്ചു പോകാനുള്ള വഴികള്‍ തെളിയാനാണ്
കൂടുതല്‍ സാധ്യത എന്ന് നോവലിസ്റ്റ് പ്രതീക്ഷിക്കുന്നു. യാത്രാ ക്ഷീണത്തിന്റെ
ഇനിയൊരറ്റത്തു നാളുകളോളം ചെമ്മണ്‍ പാതകള്‍ താണ്ടിയ യാത്രിക ഇളം ചൂടുവെള്ളമൊഴുകുന്ന പൈപ്പിന് ചുവടെ ഏതാണ്ട് അതീന്ദ്രിയമായ സ്വര്‍ഗ്ഗീയാനുഭൂതി നുകരുന്നു.
നോവലിന്റെ ആത്യന്തിക ഭാവത്തില്‍ എവിടെയോ പ്രാര്‍ത്ഥനകളുടെയും പ്രതീക്ഷകളുടെയും ഇണര്‍പ്പുകളുണ്ട്. ബ്രസീലുകാരനായ ഒരു വയോധികന്‍ ആംസ്റ്റര്‍ ഡാമില്‍ വെച്ച് മറ്റൊരു വയോധികനെ കണ്ടു മുട്ടുകയും വാക്കുകള്‍ ഒന്നുമില്ലാതെ പ്രണയത്തിലാവുകയും ചെയ്യുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങവേ, ഇംഗ്ലണ്ടുകാരനായ ഒരാള്‍ നമീബിയയിലേക്ക് ഒരു വഴി കണ്ടെത്തുകയും പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. നോവലിന്റെ അവസാന വരികളില്‍ , അമ്പത് കൊല്ലങ്ങള്‍ക്കിപ്പുറം, പഴയ നാളുകളിലേത് പോലെ, ഒരു റസ്റ്ററെന്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോള്‍ "നാദിയ ചോദിച്ചു സഈദ് ചിലിയിലെ മരുഭൂമികളില്‍ പോയി നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ എന്നും അത് പ്രതീക്ഷിച്ച പോലെത്തന്നെയായിരുന്നുവോ എന്നും. അയാള്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു, അവള്‍ക്കൊരു സായാഹ്നം ഒഴിവുണ്ടെങ്കില്‍ അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാമെന്ന്, അത് ജീവിതത്തില്‍ കാണേണ്ട കാഴ്ച തന്നെയാണ്, അവള്‍ കണ്ണുകളടച്ചു കൊണ്ട് പറഞ്ഞു, അവള്‍ക്കത് ഏറെ താല്പര്യമുണ്ട്, അവര്‍ എണീറ്റു, എന്നിട്ട് ആലിംഗനം ചെയ്തു, എന്നിട്ട് രണ്ടു വഴി പോയി, അപ്പോള്‍ , അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ലായിരുന്നു, ആ സായാഹ്നം എപ്പോഴെങ്കിലും വരുമോ എന്ന്.”
തീക്ഷ്ണ രാഷ്ട്രീയ സാംസ്കാരിക ധ്വനികള്‍ നിറഞ്ഞവയെങ്കിലും
താരതമ്യേന നീളം കുറഞ്ഞ നോവലുകലോടുള്ള പ്രതിപത്തിയുണ്ട് മൊഹ്സിന്‍ ഹമീദിന്. ദി റലക്റ്റന്റ് ഫണ്ടമമെന്റലിസ്റ്റിന്റെ ഹ്രസ്വതയെ
കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി പ്രസക്തമാണ്: “എന്റെ പുസ്തകം പാതി വായിക്കപ്പെടുന്നതിലേറെ രണ്ടു തവണ
വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം.” എന്നാല്‍
എക്സിറ്റ് വെസ്റ്റ് ഉള്‍പ്പടെയുള്ള കൃതികള്‍ ദൈര്‍ഘ്യത്തില്‍ വരുന്ന കുറവ് അവയുടെ
ധ്വനി സാന്ദ്രത കൊണ്ട് പരിഹരിക്കുന്നുണ്ട് എന്ന് കാണാം. ഒരു ഡിസ്റ്റോപ്പിയന്‍ , ആസന്ന ലോകാവസാന ചകിതാന്തരീക്ഷത്തിനിടയിലും മനുഷ്യാസ്തിത്വം
പതിവ് ചാലുകളില്‍ ചലിക്കാന്‍ ശ്രമിക്കുന്നതിന്റെയും ഒപ്പം സമ്പന്നതയും രാഷ്ട്രീയ
സൈനിക ആഭ്യന്തര സുരക്ഷിതത്വവും ഉള്ളതെന്ന് കരുതപ്പെടുന്ന പാശ്ചാത്യ ലോകവും അത്തരം
ദുരന്ത നിമിഷത്തില്‍ യഥാര്‍ഥത്തില്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന
ചോദ്യത്തിന്റെയും ആവിഷ്കാരമാണ് 'എക്സിറ്റ് വെസ്റ്റ് '; അതുകൊണ്ട് തന്നെ 'ഇസ്ലാമിക് സ്റ്റേറ്റി'ന്റെയും 'ഭീകരതക്കെതിരായ
യുദ്ധ'ത്തിന്റെയും മതാന്ധതയും
സാമ്രാജ്യത്വ കടന്നു കയറ്റങ്ങളും ചേര്‍ന്നൊരുക്കുന്ന പശ്ചാത്ഗമനത്തിന്റെയും (atavism) സവിശേഷ സാഹചര്യത്തില്‍
കാലഘട്ടത്തിന്റെ നോവലും.
(മലയാളം വാരിക, 23 ഒക്ടോബര്‍ 2017)
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 324-330)
also read:
The Kindness of Enemies by
Leila Aboulela
https://alittlesomethings.blogspot.com/2018/08/blog-post_6.html
The Moor's Account by Laila Lalami
https://alittlesomethings.blogspot.com/2016/09/blog-post_27.html
Hope and Other Dangerous Pursuits by Laila Lalami (revised)
https://alittlesomethings.blogspot.com/2018/01/05.html
Exit West by Mohsin Hamid
https://alittlesomethings.blogspot.com/2017/10/blog-post_24.html
Burnt Shadows by Kamila
Shamsie
https://alittlesomethings.blogspot.com/2015/11/blog-post.html