ജബ്ര ഇബ്രാഹിം ജബ്ര: തേടലും കണ്ടെത്തലും

പലസ്തീനിലെ ബത് ലഹേമില്‍ ദരിദ്ര സിറിയന്‍ ഓര്‍ത്തോഡോക്സ്
കുടുംബത്തില്‍ 1920ല്‍ ജനിച്ച ജബ്ര ഇബ്രാഹിം ജബ്ര, അറബ്
ഭാഷയില്‍ എന്ന പോലെ ലോക സാഹിത്യത്തിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര
പതിപ്പിച്ച വ്യക്തിത്വമാണ്. “ജറൂസലേം, കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്
എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കഴിഞ്ഞ ജബ്ര, ധാരാളിയായ എഴുത്തുകാരന്‍,
കഴിവുറ്റ ഓയില്‍ പെയിന്റര്‍, വിട്ടുവീഴ്ചയില്ലാത്ത കലാ-സാഹിത്യ നിരൂപകന്‍,
ക്ലാസ്സിക് സംഗീതാഭിജ്ഞന്‍,
പ്രൊഫഷനല്‍ വിവര്‍ത്തകന്‍,
സര്ഗ്ഗപ്രതിഭയുള്ള കവി,
മോഡേണിസ്റ്റ് നോവലിസ്റ്റ് എന്നിവക്കെല്ലാം പുറമേ അറിയപ്പെട്ട വിദ്യഭ്യാസ
വിചക്ഷണനും യൂനിവേഴ്സിറ്റി പ്രൊഫസറും” ആയിരുന്നു (1) . ഒപ്പം കുലീനവും ആകര്‍ഷണീയവും വിനയ പ്രകൃതിയുമായ സഹൃദയന്‍, തന്നെക്കുറിച്ച് തന്നെ
നിരീക്ഷിച്ചിട്ടുണ്ട്: “ഒരേസമയം ഞാന്‍ ഇതൊക്കെയും അല്ലായിരുന്നെങ്കില്‍
ഞാനിതൊന്നുംതന്നെ ആയേക്കില്ലായിരുന്നു” (2) . ഒട്ടേറെ കേറ്റിറക്കങ്ങള്‍
നേരിട്ട കുട്ടിക്കാലവും കൌമാരവും വിദ്യാഭ്യാസ കാലവും കടന്നു 1948ല്‍
നഖ്ബയെ തുടര്‍ന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി ബാഗ്ദാദിലെത്തുമ്പോള്‍
കലാപോന്മുഖമായ യുവതയുടെ കാലമായിരുന്നു അത്. പലസ്തീനിന്റെ ദുരന്തവും ഇസ്രായേലിന്റെ
ഉദയവും സൃഷ്ടിച്ച പ്രതിഷേധത്തിന്റെയും ധാര്‍മ്മിക രോഷത്തിന്റെയും അന്തരീക്ഷം
മാറ്റം കൊതിച്ച കലാകാരന്മാരെയും ബുദ്ധിജീവികളെയും ഒരുപോലെ പ്രചോദിപ്പിച്ചു.
“ഒരിക്കലും ഒരു ഔപചാരിക രാഷ്ട്രീയ സ്വത്വത്തിലും ഉള്‍പ്പെട്ടില്ലെങ്കിലും അറബ്
സമൂഹവും രാഷ്ട്രീയ മണ്ഡലവും മാറണമെങ്കില്‍ ആദ്യം അറബ് സംസ്കാരം തന്നെ
മാറേണ്ടതുണ്ടെന്നു അദ്ദേഹം വിശ്വസിച്ചു”; “അദ്ദേഹത്തിന്റെ എഴുത്തു ജീവിതം ഈ ലക്‌ഷ്യം
നേടുന്നതിനുള്ള മൌലികവും ആര്‍ജ്ജവമുള്ളതുമായ ശ്രമമായിരുന്നു” (3) . ആധുനികതാ
പ്രവണതകള്‍ ഏറെ സ്വാധീനിച്ചിരുന്ന ജബ്ര, പാശ്ചാത്യ
നോവലിലെ ആചാര്യന്മാരായ കാഫ്ക, ജോയ്സ്, ഫോക്നര്‍
എന്നിവര്‍ സമ്പൂര്‍ണ്ണമാക്കിയ സാമ്പ്രദായികേതര ആഖ്യാന സങ്കേതങ്ങള്‍, ബോധാധാരാ സമ്പ്രദായം തുടങ്ങിയവ സമര്‍ത്ഥമായി
ഉപയോഗിച്ചു. ഫോക്നറുടെ ‘The
Sound and Fury’ അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹമായിരുന്നു.
ആധുനിക പലസ്തീനിയന്‍ സാഹിത്യത്തിന്റെ സ്ഥാപകന്‍, അറബ് ലോകത്തെ നവോഥാനത്തിന്റെ
നായകന്മാരില്‍ ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
ജബ്രയുടെ നോവലുകളില്‍
ഏറ്റവും ശ്രദ്ധേയവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായി The Ship
(1970), In Search of Walid Masoud (1978)എന്നിവയെ വിലയിരുത്താം. രണ്ടിലും
പാലസ്തീനിനെ സംബന്ധിച്ച ഉത്കണ്ഠ ശക്തമാണ്, സുഘടിത ഇതിവൃത്തത്തില്‍ പ്രധാനവുമാണ്. The Ship (Al-Safina- 1970) മെഡിറ്ററേനിയന്‍ കടലിലൂടെ
ബൈറൂത്തില്‍ നിന്ന് നേപ്പിള്‍സിലേക്ക് പോകുന്ന കപ്പലില്‍ ഭിന്ന ദേശക്കാരായ
കഥാപാത്രങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നു. ഇറാഖി ആര്‍ക്കിട്ടെക്റ്റ് ഇസാം സല്‍മാന്‍
തന്റെ പഴയ ലണ്ടന്‍ പഠന കാലത്തെ കാമിനിയായിരുന്ന ലൂമയില്‍ നിന്നു പലായനം
ചെയ്യുകയാണ്. ഒരു പഴയ ഗോത്ര കുടിപ്പകയില്‍ തന്റെ പിതാവ് അവളുടെ അമ്മാവനെ
കൊല്ലാനിടയായതു മൂലം അയാള്‍ക്കവളെ വിവാഹം ചെയ്യാനായില്ല. ഇന്നവള്‍ തന്റെ ഇറാഖി
സുഹൃത്ത് ഡോ. ഫാലിഹ് ഹസീബിന്റെ ഭാര്യയാണ്. ലൂമ തന്റെ ഭര്‍ത്താവിനെയും കൂട്ടി അതേ
കപ്പലില്‍ കേറിപ്പറ്റുന്നത് ഇസാമുമായി ബന്ധം പുതുക്കാം എന്ന മോഹത്തോടെയാണെങ്കില്‍, ബൈറൂത്തില്‍ വെച്ച് പണ്ടു
കണ്ടുമുട്ടിയ ഇറ്റാലിയന്‍ പ്രണയിനി എമിലിയ ഫാര്‍നെസിയുമായുള്ള പുനസമാഗമാമാണ് ഡോ.
ഫാലിഹിന്റെ ലക്‌ഷ്യം. അയാളുടെ ക്ഷണം അവളെയും കപ്പലില്‍ എത്തിച്ചിട്ടുണ്ട്. 1948ലെ സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുഹൃത്ത് ഫായിസിനെ നഷ്ടപ്പെട്ട
വാദി അസ്സാഫ് എന്ന പലസ്തീന്‍കാരനാണ് മറ്റൊരു കഥാപാത്രം. സമ്പന്നനായ വ്യപാരിയായി ഇപ്പോള്‍
കുവൈറ്റില്‍ കഴിയുന്ന വാദി, തന്റെ ലബനീസ് കാമുകി മഹായെ ഒഴിവുകാലം ആസ്വദിക്കാന്‍ കൂട്ടു
വിളിച്ചിരുന്നെങ്കിലും പ്രൊഫഷണല്‍ കോണ്‍ഫെറന്‍സ് ആവശ്യത്തിനു അവള്‍ റോമിലേക്കു
പോയി. അതിവേഗം കൂട്ട് കണ്ടെത്തുന്നതില്‍ സമര്‍ത്ഥനായ വാദി, ഫ്രഞ്ചുകാരി ജാക്വിലിനുമായി
അടുക്കുന്നു. അതേസമയം, പ്രണയത്തിന്റെ വിളി അപ്രധിരോധ്യമയതിനെ തുടര്‍ന്നു ഔദ്യോഗിക
തിരക്കുകള്‍ അവഗണിക്കുന്ന മഹാ, നേപ്പിള്‍സില്‍ വെച്ചു അപ്രതീക്ഷിതമായി വാദിയോടു സന്ധിക്കുന്നു.
“സങ്കീര്‍ണ്ണ
ബന്ധങ്ങളുള്ള ഈ യാത്രികര്‍ ഒരാഴ്ചക്കാലം കപ്പലില്‍ ചെലവഴിക്കുന്നത് പ്രണയം, പലായനം, ഒറ്റപ്പെടല്‍, അന്യവല്‍ക്കരണം എന്നിവയുടെ ദുരൂഹതകള്‍
നിറഞ്ഞ ഒരു നോവല്‍ വികസിപ്പിക്കുന്നതിനു ജബ്രക്ക് ഒരവസരമായിത്തീരുന്നു; ഒപ്പം
പലസ്തീനിയന്‍ സ്മൃതികളും വീരോചിത പോരാട്ടങ്ങളും പ്രതീക്ഷകളും; അറബ് ബൌദ്ധിക സംവാദങ്ങളും കലാ ചര്‍ച്ചകളും;
ആസക്തികളും,
ആനന്ദവും,
നൃത്തവും സംഗീതവും; ഒടുവില്‍, മ്ലാന പ്രകൃതിയായ ഡോ. ഹസീബിന്റെ ആത്മഹത്യ സൃഷ്ടിക്കുന്ന
നിനച്ചിരിക്കാത്ത സങ്കീര്‍ണ്ണതകള്‍ ഉരുവപ്പെടുംവരെ പ്രകടമായും ഒരു ബൂര്‍ഷ്വാ
ഒഴിവുകാലവും” (The Free Library) നോവലില്‍ ഇടം പിടിക്കുന്നു. ഇസാം സല്‍മാന്റെയും വാദി
അസ്സാഫിന്റെയും മാറിമാറി വരുന്ന കാഴ്ച്ചപ്പാടുകളിലാണ് മുഖ്യമായും ആഖ്യാനം
പുരോഗമിക്കുന്നത്; ഒപ്പം ഫ്ലാഷ് ബാക്കുകള്‍, എമിലിയ ഫാര്‍നെസിയുടെ ഒരു റിപ്പോര്‍ട്ട്
എന്നിവയും ഇതിവൃത്ത ഘടനയില്‍ പ്രധാനമാണ്. മിക്ക സംഭവഗതികളും കപ്പലിലാണ്
ഉണ്ടാകുന്നതെങ്കിലും, കഥാപാത്രങ്ങളുടെ വര്‍ത്തമാന കാല ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്ന
ഭൂതകാല സ്മൃതികള്‍ കരയിലെ ജീവിതങ്ങളിലാണ് ഇടം പിടിക്കുന്നത്. ഓര്‍മ്മകളുടെ
കലപിലയും കലുഷാവസ്ഥയും എല്ലാത്തിലും നിര്‍ണ്ണായകവുമാണ്. അത്തരം അനിശ്ചിതത്വങ്ങള്‍
ഇല്ലാത്തത് പലസ്തീനിലേക്ക് തിരികെ പോകുകയും മഹായോടൊപ്പം ജറൂസലേമില്‍ കഴിയുകയും
ചെയ്യുകയെന്ന കൃത്യമായ ലക്ഷ്യമുള്ള വാദി അസ്സാഫിനു മാത്രമാണ്. മഹാ
അതംഗീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുന്നതിനെ ഉറ്റുനോക്കുകയും ചെയ്യുന്നു.
In Search of Walid Masoud എന്ന നോവലില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ക്കും വ്യക്തിത്വത്തിനും
ഉടമയായ മറ്റൊരു പലസ്തീനിയന്‍ കഥാപാത്രത്തെയാണ് നോവലിസ്റ്റ് കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്.
1948ലെ നഖ്ബയെ തുടര്‍ന്നു ബാഗ്ദാദിലേക്ക് പലായനം
ചെയ്ത പലസ്തീനിയന്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വാലിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ രണ്ടര
പതിറ്റാണ്ടുകള്‍ പിന്നിട്ട, 1970-കളുടെ തുടക്കമെന്നു കരുതാവുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ദുരൂഹ
തിരോധാനം സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, പ്രതിയോഗികള്‍, കാമിനിമാര്‍ തുടങ്ങിയവര്‍ നടത്തുന്ന
ആഖ്യാനങ്ങളും നിരീക്ഷണങ്ങളും ഒപ്പം അദ്ദേഹത്തിന്റെ തന്നെ
ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത സുദീര്‍ഘ ടേപ്പ് രേഖകളും ഉപയോഗിച്ച് ഒരു ജിഗ്സോ
പസിലിന്റെ ശിഥില ഖണ്ഡങ്ങളെ കൂട്ടിയിണക്കി സാകല്യമുള്ള ചിത്രം നിര്‍മ്മിക്കുന്ന
സങ്കീര്‍ണ്ണതകളോടെ മറുപടി കണ്ടെത്താനുള്ള ശ്രമമാണ് ജബ്ര നോവലില്‍ നടത്തുന്നത്. എന്നാല്‍
തലക്കെട്ടില്‍ സൂചിതമായ ഈ ‘തേടല്‍’ പ്രമേയം അതിവേഗം പാത്ര
നിരീക്ഷണങ്ങളിലേക്കും സങ്കീര്‍ണ്ണമായ വൈയക്തിക, സാംസ്കാരിക ബന്ധങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ
നാടകീയ പങ്കിനെ കുറിച്ചുള്ള ആവിഷ്കാരങ്ങളിലെക്കും വികസിക്കുന്നു. “പോസ്റ്റ്‌കൊളോണിയല്‍
കാലത്തെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കു നേരെയുള്ള അറബ് ബുദ്ധിജീവികളുടെ
പ്രതികരണം” (4) ആയി അത് മാറുന്നു. സിറിയന്‍ മരുഭൂമിയില്‍
ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാലിദിന്റെ കാര്‍ കണ്ടെത്തപ്പെടുന്നത് വ്യത്യസ്തവും
പരസ്പരം യോജിക്കുന്നതോ, വിയോജിക്കുന്നതോ ആയ ഓര്‍മ്മകളുടെ ആവിഷ്കാരങ്ങളിലേക്കും തുടക്കം
കുറിക്കുന്നു. വാലിദിനെ നന്നായി അറിയാമെന്നു കരുതിയ സുഹൃത്തുക്കളുടെയും അയാളുടെ
പ്രണയിനിമാര്‍ എന്ന് സ്വയം ധരിച്ചവരുടെയും ഓര്‍മ്മകളും വിചാരങ്ങളും ചേര്‍ന്ന്
പതിയെപ്പതിയെ ഉരുവാകുന്ന ചിത്രം “ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ബുദ്ധിജീവിയായ ഒരു
ആദര്‍ശവാദിയുടെതാണ് (a conflicted intellectual idealist)”(5)(kirkusreviews, Sept. 15, 2000). “ദുഷ്ടുകളുടെയും പാപങ്ങളുടെയും
ലോകത്ത് അയാള്‍ക്കൊരു പുണ്യാളന്‍ ആകണമായിരുന്നു, രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലോകത്ത്
ഒരു സ്വതന്ത്ര സൈദ്ധാന്തികന്‍, കണിശ കാര്‍ക്കശ്യങ്ങളുടെ ലോകത്ത് വരട്ടുവാദിയല്ലാത്ത ഒരു താത്വികന്‍..” (In Search of Walid Masoud, 2000, P.64). ജബ്രയുടെ കഥാപാത്രങ്ങള്‍ സിമോങ് ദേ
ബുവ്വെയുടെ കൃതികളിലെ പാരീസിയന്‍ ബുദ്ധിജീവികളെയും ’50-കളിലെ ന്യുയോര്‍ക്കിലെ
അവരുടെ പതിപ്പുകളേയും ഓര്‍മ്മിപ്പിക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു: അവര്‍
“സ്വന്തം ആത്മരതിയുടെ സമര്‍ത്ഥമായ യുക്തിവിചാരങ്ങളില്‍ അഭിരമിക്കുന്നു, അതേസമയം അവര്‍ ഭാവിക്കുന്ന മാനവികത
രാഷ്ട്രീയ നിഷ്ക്രിയത്വത്തില്‍ തകരാതെയും വയ്യ” (publishersweekly).
’30-കളുടെ
ഒടുവിലും ’40-കളിലുമായി
ഇറ്റലിയില്‍ സെമിനാരി പഠനം നടത്തിയ വാലിദ് ആ മാര്‍ഗ്ഗം ഉപേക്ഷിച്ചാണ് നാല്‍പ്പതുകളുടെ
മധ്യത്തില്‍ പലസ്തീനില്‍ തിരികെയത്തിയത്. 1948ലെ ഇസ്രയേല്‍ സ്ഥാപനത്തെയും പലസ്തീന്‍ ദുരന്തത്തെയും തുടര്‍ന്നു, നോവലിസ്റ്റിനെ പോലെത്തന്നെ പലായനം
ചെയ്യാന്‍ നിര്‍ബന്ധിതതനാവുന്നതോടെ, ബാഗ്ദാദില്‍ എത്തിയ വാലിദ് പലസ്തീന്‍
പോരാട്ടത്തിലെ രാഷ്ട്രീയ ബോധ്യങ്ങളുള്ള എഴുത്തുകാരന്‍ എന്ന അപര വ്യക്തിത്വത്തിലും
ശ്രദ്ധേയനായിത്തീര്‍ന്നു. സ്വയം സമ്പത്തിലും ഭൌതിക നേട്ടങ്ങളിലും തല്‍പ്പരനല്ലെങ്കിലും
അയാള്‍ സമ്പന്നനാണ്, പെണ്‍ സുഹൃത്തുക്കളോടു കുലീനവും പ്രണയ ബന്ധങ്ങളില്‍ തുല്യതയുടെ ഇടം
നല്‍കുന്നവനും മികച്ചൊരു കമിതാവുമായ അയാള്‍ക്ക് അമ്പതിലെത്തിയിട്ടും ഒട്ടേറെ
കാമിനിമാരുണ്ട്. വലിയ ബൌദ്ധിക ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയ പുസ്തകങ്ങളുടെ
രചയിതാവ് എന്ന നിലയിലെല്ലാം അയാള്‍ സുസമ്മതനാണ്. 1967ലെ ആറു ദിന യുദ്ധത്തെ തുടര്‍ന്നു ഇസ്രായേലി സെക്യുരിറ്റി സര്‍വ്വീസിന്റെ
പിടിയിലാവുകയും ക്രൂരമായ ഭേദ്യമുറകള്‍ക്ക് വിധേയനായി നാടുകടത്തപ്പെദുകയും
ചെയ്യുന്നതോടെ പലസ്തീന്‍ ഫിദായീന്‍ ഗറില്ലകളുമായുള്ള വാലിദിന്റെ ബന്ധം കൂടുതല്‍
ശക്തമായി. ഫിദായീനുമായി ചേര്‍ന്നു പോരാടി തുടങ്ങിയ മകന്‍ മര്‍വാന്‍ വടക്കന്‍
പലസ്തീനിലെ ഉമ്മുല്‍ ഐന്‍ ഗ്രാമത്തില്‍ വെച്ച് ഇസ്രായേലി സേനയുമായുണ്ടാകുന്ന
ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് വാലിദിന്റെ തീരാ വേദനയും അമ്പതിലെത്തിയ ഒരാള്‍ക്കു
ചെയ്യാനാകുന്ന ‘സഹായക പദവി’ക്കപ്പുറം പ്രായം മറന്നും മുന്നണിപ്പോരാളിയായിത്തീരാനുള്ള ദൃഡനിശ്ചയം
ഊട്ടിയുറപ്പിക്കുന്ന ഘടകവും ആയിത്തീരും. “നിന്നോടു പ്രണയ സംഗമം നടത്താനും
നിനക്കുവേണ്ടി ലോകത്തോട് മുഴുവന്‍ യുദ്ധം ചെയ്യാനും എനിക്കവകാശമുണ്ടെങ്കില്‍,
അതും ഞാന്‍ അമ്പതോട് അടുക്കുമ്പോള്‍ത്തന്നെ, അപ്പോള്‍ എനിക്കെന്റെ രാജ്യത്തെയും
സ്നേഹിക്കാന്‍ അവകാശമില്ലേ, അതിനു വേണ്ടി ബാക്കി ലോകത്തോട് പോരാടാനും? ഞാന്‍ തൊണ്ണൂറില്‍ എത്തിയാലും?”(P. 217) എന്ന് അയാള്‍ വിസാല്‍ റഊഫിനോടു ചോദിക്കുന്നുണ്ട്.
ആര്‍ക്കിടെക്റ്റ്
അമര്‍ അബ്ദെല്‍ ഹമീദ് സംഘടിപ്പിക്കുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വെച്ചാണ്
സുഹൃത്തുക്കള്‍ വാലിദിന്റെ ടേപ്പ് കേള്‍ക്കുന്നത്. തികച്ചും യോജിച്ച നിലയില്‍ ‘ഡോ.
ജവാദ് ഹുസ്നി ഒരു കനത്ത പാരമ്പര്യത്തിന് അനന്തരാവകാശിയാകുന്നു’ (Dr. ]awad Husni Inherits a Heavy Legacy) എന്ന് പേരിട്ട പ്രഥമ അധ്യായത്തില്‍
ആഖ്യാനം തുടങ്ങിവെക്കുന്ന ഡോ. ജവാദ്, ആറു മാസം മുമ്പ് കാണാതായ വാലിദിനെ
കുറിച്ചു പറഞ്ഞു തുടങ്ങുക, ഒടുവിലത്തെ നാളുകളില്‍ വാലിദ് ആവര്‍ത്തിക്കുമായിരുന്ന
വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ്: “സംഭവങ്ങളെ അവ സംഭവിച്ച അതേ ക്രമത്തില്‍
ഒന്നൊന്നായി തിരികെ കൊണ്ടുവനും, എന്നിട്ടവയെ കടലാസിലേക്ക് കോരിച്ചൊരിയുന്ന വാക്കുകളാക്കി മാറ്റാനും
കഴിയുന്ന വിധത്തില്‍ ഓര്‍മ്മക്ക് ഒരു അമൃത് ഉണ്ടായിരുന്നെങ്കില്‍ !” ഒപ്പം ഓര്‍മ്മകള്‍ എന്ന പ്രമേയത്തിന് നോവലിലും വാലിദിന്റെയും അയാള്‍
പ്രതിനിധാനം ചെയ്യുന്ന പലസ്തീനിയന്‍ അവസ്ഥയിലും വിശേഷിച്ചുമുള്ള പ്രസക്തി
വ്യക്തമാക്കും വിധം അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “നമ്മളെത്ര തന്നെ
ചെറുത്തുനിന്നാലും നാം നമ്മുടെ ഓര്‍മ്മകളുടെ കളിപ്പാട്ടങ്ങള്‍ തന്നെയായി
തുടരുന്നു. നമ്മള്‍ ഒരേ സമയം അതിന്റെ അന്തിമ ഉത്പന്നവും ഇരകളുമാണ്.”(P.1). പുസ്തകത്തിന്റെ അറബ് തലക്കെട്ടിലെ ‘തേടല്‍ (in search)’ എന്നതിനെ സൂചിപ്പിക്കുന്ന മൂലപദത്തിന് (‘bahth’) ‘തേടല്‍’ എന്നതിനൊപ്പം സിദ്ധാന്തം
അഥവാ പഠന പ്രബന്ധം (treatise /thesis)
എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന നിരീക്ഷണം പ്രസക്തമാണ് (6) . തുടര്‍ന്ന് വരുന്ന ഓരോ അധ്യായവും
വാലിദ് മസൂദിന്റെ ദുരൂഹ വ്യക്തിത്വത്തിനു മേല്‍ വെളിച്ചം വീശാനുള്ള ശ്രമങ്ങളെ
പിന്തുടരുന്നു. ഇസ്രയേല്‍ വിരുദ്ധ ചെറുത്തുനില്‍പ്പില്‍ സജീവമായിരുന്നു വാലിദ്
എന്നതുകൊണ്ടുതന്നെ അദ്ദേഹം ഒളിവില്‍ പോയതാവാം എന്നും കൊല്ലപ്പെട്ടതാവാം
എന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരസ്പര ബന്ധമില്ലാത്ത വാലിദിന്റെ ടേപ്പ്
ചെയ്യപ്പെട്ട സുദീര്‍ഘ ശബ്ദമൊഴിയുടെ പരാവര്‍ത്തനവും ഇതര ആഖ്യാതാക്കളുടെ
നിരീക്ഷണങ്ങളോടും പ്രഥമ വ്യക്തിക സ്വഗതഭാഷണങ്ങളോടുമൊപ്പം (first-person
monologues )
വാലിദ് എന്ന കടംകഥയെ പൂരിപ്പിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ആദ്യ
അധ്യായങ്ങളില്‍ത്തന്നെ മിക്ക കഥാപാത്രങ്ങളും ആഖ്യാതാക്കള്‍ കൂടിയായി ഒരുമിച്ചു
ചേരുന്നു. ഡോ. ജവാദ് ഹുസ്നി, ഡോ. താരിഖ് റഊഫ്, അദ്ദേഹത്തിന്റെ ഭാര്യ സമീറ, സഹോദരി വിസാല്‍, പൊതുസുഹൃത്തുക്കള്‍ ആയ ഇബ്രാഹിം അല്‍
ഹാജ് നൌഫല്‍,
കാസിം ഇസ്മയില്‍, മര്‍യം അല്‍ സഫര്‍, ജിനാന്‍ അല്‍ താമിര്‍, രിബാഹ് കമാല്‍, ഇഹ്സാന്‍ അല്‍ ബസരി, അദ്ദേഹത്തിന്റെ ഭാര്യ നിഹാദ്
എന്നിവരെല്ലാം വാലിദുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്ന നിലയില്‍ ശബ്ദരേഖ
കേള്‍ക്കാന്‍ ഒരുമിച്ചു കൂടുന്നുണ്ട്. വിരാമ ചിഹ്നങ്ങളില്ലാത്ത, ബോധാധാരാ
സ്വഭാവമുള്ള വാക്യങ്ങളില്‍ “കുട്ടിക്കാലത്തെ ഓര്‍മ്മകള്‍, ആത്മീയ ചിന്തകള്‍, പ്രണയ സാഹസങ്ങള്‍, ഷേക്ക്‌സ്പിയറിന്റെ ഹാംലെറ്റ്, കവിത, തുടങ്ങി മറ്റുപലതും” (El-Hussari) ഇടകലരുന്നുണ്ട്. ഇടയ്ക്കിടെ ‘ശഹദ്’ എന്ന ആര്‍ക്കും തിരിച്ചറിയാനാവാത്ത
ഒരു സ്ത്രീയുടെ സാന്നിധ്യത്തെ കുറിച്ച് സൂചനകളുണ്ട്. ശബ്ദ രേഖ കേട്ടും അതിനോട്
പ്രതികരിച്ചും അതിനപ്പുറം സ്വഗതാഖ്യാനങ്ങളും ഓര്‍മ്മകളുമായും ചുരുളഴിയുന്ന
അന്വേഷണത്തില്‍,
വിവരണങ്ങള്‍ പലപ്പോഴും വ്യക്തമാക്കലിന് പകരം മുമ്പറിയാത്ത കൂടുതല്‍ ദുരൂഹതകളുടെ
സാന്നിധ്യത്തിലേക്കാണ് വായനയെ കൊണ്ടുപോകുന്നത്. ദരിദ്ര കുടുംബത്തിലെ ജനനം, ബാത് ലഹേമിലെ ക്രിസ്ത്യന്‍
അനാഥാലയത്തിലെ കുട്ടിക്കാലം, ഇറ്റലിയിലെ സെമിനാരി പഠനം, 1948ല്‍ പലസ്തീന്‍ വിടും വരെ തുടര്‍ന്ന സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍,
വിവാഹം,
മകന്‍ മര്‍വാന്‍ , പത്തൊമ്പതാം വയസ്സിലുള്ള അവന്റെ രക്തസാക്ഷിത്തം തുടങ്ങിയ
വാലിദിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളൊക്കെ പലരുടെയും ആഖ്യാനങ്ങളിലൂടെയാണ്
പതിയെ പതിയെ വെളിപ്പെടുന്നത്. ആര്‍ഭാടപൂര്‍വ്വമായ കുട്ടിക്കാലം ഉണ്ടായിരുന്നതിന്റെ
കുഴപ്പം വാലിദിന്റെ കൃതിയില്‍ കാണുന്നതായി കാസിം ഇസ്മയില്‍ ഒരിക്കല്‍ വിമര്‍ശിക്കുന്നത്
ദീര്‍ഘ കാല സൌഹൃദത്തിന് ശേഷവും തന്നെ കുറിച്ച് യഥാര്‍ഥത്തില്‍ ഒന്നും അറിയാത്തത്
കൊണ്ടാണ് എന്നു വാലിദ് വിശദീകരിക്കും. മഴയും തണുപ്പുമൊക്കെ ശരിക്കും
എന്തെന്നറിയാത്തത് തനിക്കല്ല പ്രതിഷേധത്തോടെ അയാള്‍ കാസിമിനെ കാറില്‍ നിന്ന് പെരുമഴയത്തു
ഇരുട്ടില്‍ ഇറക്കി വിടുന്നത് അത്തരം രോഷത്തിന്റെ വിസ്ഫോടനത്തിലാണ്; നിമിഷങ്ങള്‍ക്കകം കുറ്റബോധം അയാളെ
തിരികെയെത്തിക്കുമെങ്കിലും. ശഹദ് (‘തേന്‍’) എന്നു വാലിദ് വിളിക്കുന്ന ഒരു
സ്ത്രീയുമായി അയാള്‍ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ടേപ്പ് ശബ്ദത്തില്‍
നിന്നാണ് സുഹൃത്തുക്കള്‍ അറിയുക. അതാരാണെന്നു ഒരു വ്യക്തതയും ഇല്ലെങ്കിലും അത്
കോളേജ് അധ്യാപികയും ഇറാഖി പെണ്‍സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപവുമായ മറിയാം അല്‍
സഫര്‍ ആയിരിക്കാമെന്നു ജവാദ് സംശയിക്കുന്നു. പ്രണയ ലഹരിയുടെ സുദീര്‍ഘ വിവരണങ്ങള്‍
പോലും നിറഞ്ഞ മറിയാമിന്റെ ആഖ്യാനങ്ങളില്‍ പക്ഷെ അതിനൊരു തീര്‍ച്ചയില്ല. മര്‍വാന്‍
കൊല്ലപ്പെടുന്നതിനു മുമ്പ് ലബനോനില്‍ വെച്ച് അയാളെ കണ്ടിരുന്നു എന്നു വിസാല്‍
വെളിപ്പെടുത്തുന്നുണ്ട്. “എന്നെ കൂടെ കൊണ്ട് പോകൂ, വെടിയുതിര്‍ക്കാന്‍ പഠിപ്പിക്കൂ”
എന്നാവശ്യപ്പെടുന്ന വിസാലിനോട് “എപ്പോള്‍ നീ തയ്യാറാണോ, അപ്പോള്‍”, എന്നു ഉറപ്പുകൊടുക്കുന്ന
മര്‍വാന്‍ മറ്റൊരു അഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. പ്രായം മറന്നു
മുന്നണിയിലേക്കു പോകാന്‍ വാശിപിടിക്കുന്ന പിതാവിന്റെ ആത്മഹത്യാപരമായ ആ ശ്രമത്തില്‍
നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കണം. അദ്ദേഹത്തിനു ശ്രമിക്കാവുന്നത്
പോരാട്ടാത്തിനു വേണ്ട ധന സമാഹരണത്തിലും സംഘാടനത്തിലും ആണെന്നു മര്‍വാന്‍
കരുതുന്നു. ടേപ്പില്‍ സൂചനയുള്ള ‘ശഹദ്’ അവളായിരുന്നോ എന്ന് ഈ ഘട്ടത്തില്‍ ജവാദ്
ചോദിക്കുന്നുണ്ട്; അവളും പക്ഷെ മറുപടി പറയുന്നില്ല. ലബനോനില്‍ വാലിദിനെ കണ്ടെത്തിയതായി
അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ ഫിദായീനില്‍ ചേര്‍ന്നതയും ചിലര്‍ കരുതുന്നുണ്ട്.
നോവലിന്റെ തുടക്കത്തില്‍ വാലിദിനെ കുറിച്ച് ഒരു നോവല്‍ രചിക്കുകയെന്ന ഉദ്ദേശം
വെളിപ്പെടുത്തുന്ന ഡോ. ജവാദ് ഹുസ്നി, നോവലന്ത്യത്തിലെത്തുമ്പോള്‍ താനതിനു
മാത്രം അയാളെ കുറിച്ചു തെളിച്ചമുള്ളവന്‍ ആണോ എന്ന് സംശയിച്ചു തുടങ്ങുന്നത്, വാലിദിനെ വിവരിക്കാന്‍ തുടങ്ങി
ഓരോരുത്തരും കൂടുതലും തങ്ങളെത്തന്നെയാണ് വ്യക്തമാക്കിയത് എന്നത് കൊണ്ടും ആര്‍ക്കും
ആരെയും മുഴുവനായും മനസ്സിലാക്കുക സാധ്യമല്ല എന്ന അസ്തിത്വപരമായ തിരിച്ചറിവിലും
പെട്ടാണ്. ഈ നിരീക്ഷണം ബാധകമല്ലാത്ത, വൈയക്തിക അജണ്ടകള്‍ ഒന്നുമില്ലാത്ത ഏക
കഥാപാത്രമായ മര്‍വാന്‍ The Ship എന്ന നോവലിലെ വാദി അസ്സാഫിനെ ഓര്‍മ്മിപ്പിക്കുന്നു. അയാള്‍ക്ക്
ദേശത്തിന്റെ വിളിയെ കുറിച്ചോ, തന്റെ വിധിയെ കുറിച്ചോ മിഥ്യാസങ്കല്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല;
അയാളുടെ രക്തസാക്ഷിത്തം തന്നെയാണ് നോവലിലെ ഏറ്റവും സുവ്യക്തമായ സന്ദേശവും (El-Hussari). ബാഗ്ദാദി സമൂഹത്തിലെ ബൂര്‍ഷ്വാ
ഉപരിവര്‍ഗ്ഗ ബുദ്ധിജീവികള്‍ക്കിടയില്‍ തങ്ങളുടെ സാമൂഹിക പദവിയും രാഷ്ട്രീയ
ബോധ്യങ്ങളും തീര്‍ക്കുന്ന രണ്ടു വിരുദ്ധ പക്ഷപാതിത്തങ്ങളുടെ അതിസൂക്ഷ്മമായ ആഖ്യാനം,
ഫ്രഞ്ച് ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തിലെ ബുദ്ധിജീവി ആക്റ്റിവിസ്റ്റുകളായ സിമോങ്
ദേ ബുവ്വെയുടെ The Mandarins എന്ന
നോവലിലെ മുഖ്യ കഥാപാത്രങ്ങളെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
നോവലില്‍, ബഹുസ്വര ആഖ്യാനത്തിന്റെ ഘടനയില്‍ ഇടം
പിടിക്കുന്ന ഓരോ ആഖ്യാതാക്കളും ദുരൂഹതകളുടെ അനാവരണവും സങ്കീര്‍ണ്ണവല്‍ക്കരണവും
ഒരുമിച്ചാണ് നടത്തുന്നത് എന്നു പറയാം. വാലിദിന്റെ ബത് ലഹേം കുട്ടിക്കാലം കണ്ട, അതേ
പട്ടണത്തില്‍നിന്നുള്ള ഇസാ നാസര്‍ എന്ന പ്രായമായ ആശാരിയിലൂടെ അയാളുടെ ഇറ്റാലിയന്‍
സെമിനാരി പഠന യാത്രയും അതുപേക്ഷിച്ചു തിരികെയെത്തി കാംബ്രിഡ്ജ് പഠനവും
വിവരിക്കപ്പെടുന്നു. ഡോ. താരിഖ് റഊഫിന്റെ നിരീക്ഷണത്തില്‍ വാലിദിന്റെ ധാരാളമായ
സ്ത്രീ ബന്ധങ്ങളില്‍ ഒരു ഈഡിപ്പല്‍ മാതൃബിംബ സ്വാധീനം പ്രകടമാണ്. ഏറെ പ്രണയങ്ങള്‍
ഉണ്ടെങ്കിലും അയാള്‍ക്കൊരിക്കലും ഒരു സ്ത്രീയെയും അവരുടെ ഇംഗിതത്തിനെതിരായി ചൂഷണം
ചെയ്യാനാവില്ല. ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദിന്റെ ഓര്‍മ്മകളില്‍ ഉന്നത
ആശയങ്ങളും മികച്ച ആവിഷ്കാര രീതിയുമുള്ള കൃതഹസ്ഥനായ ഒരു കവിയുടെ ചിത്രമാണ്
തെളിഞ്ഞു വരിക. സ്ത്രീകഥാപാത്രങ്ങള്‍ക്ക് വാലിദിനെ കുറിച്ച് ഏറെ പറയാനുണ്ട്.
ചരിത്രാധ്യാപികയായ മറിയം അല്‍ സഫര്‍, യുവ ജേണലിസ്റ്റും റിസേര്‍ച്ച്
സ്കോളറുമായ വിസാല്‍ റഊഫ്, എന്നിവരുടെ ഓര്‍മ്മകളില്‍ അയാള്‍ അവരുടെ ഹൃദയം കവര്‍ന്ന കാമുകനാണ്.
ഈ കഥാപാത്രങ്ങളുടെയെല്ലാം ഓര്‍മ്മകളിലൂടെ ഉരുത്തിരിയുന്നത് തനതായ വ്യക്തിത്വമുള്ള
വിപ്ലവകാരിയും തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി പൊരുതാന്‍
തയ്യാറുള്ളവനുമായ വാലിദിന്റെ ചിത്രമാണ്; അതിനയാള്‍ പ്രണയം, ചെറുത്തുനില്‍പ്പ്, രാഷ്ട്രീയം എന്നിവ ആയുധമാക്കുന്നു. ഓര്‍മ്മകള്‍ക്കപ്പുറം
ഊഹങ്ങളിലേക്കു കൂടി കടന്നാണ് വാലിദിനു എന്ത് സംഭവിച്ചിരിക്കാം എന്ന്
നിരീക്ഷിക്കപ്പെടുന്നത്. ഇബ്രാഹിം നൌഫലിന്റെ അഭിപ്രായത്തില്‍ അയാളെ സയണിസ്റ്റ്
സൈന്യം തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കാം. വാലിദ് മരിച്ചിട്ടില്ലെന്നും മര്‍വാന്റെ
മരണത്തിനുള്ള പ്രതികാരവും പലസ്തീനിനോടുള്ള കടം വീട്ടലുമായി അയാള്‍ ഫിദായീന്‍ പോരാളികളോട്
ചേര്‍ന്ന് ലബനോനില്‍ പോരാട്ടത്തിലാണ് എന്നും തീര്‍ച്ചയുള്ളത് വിസാലിനാണ്. ഇത്തരം
ഊഹങ്ങള്‍ നിഷ്കളങ്കമല്ലെന്നും ഓരോ കഥാപാത്രത്തിന്റെയും മനശാസ്ത്രപരമായ
ആവശ്യങ്ങളുടെ കൂടി പ്രകടനമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു (El-Hussari).
നോവലിസ്റ്റിന്റെ
വീക്ഷണത്തെ ഇതര കഥാപാത്രങ്ങളുടെ പരസ്പര സ്വതന്ത്രമായ ഭിന്ന വീക്ഷണങ്ങളില്‍
ഒന്നുമാത്രമാക്കി നിര്‍ത്തുകയും ഈ ‘സ്വതന്ത്രമായ ഭിന്നസ്വരങ്ങളിലൂടെ’
നെയ്തെടുക്കുന്ന വിധിപറയാത്ത വിധത്തിലുള്ള ആവിഷ്കാരം നടത്തുകയും ചെയ്യുന്നതിലൂടെ
അറുപതുകളിലും എഴുപതുകളിലും അറബ് നോവലില്‍ നിലനിന്ന സര്‍വ്വജ്ഞ എഴുത്തുകാര്‍/
ആഖ്യാതാവ് (omniscient author/
narrator)
രീതിയെ മറികടക്കുന്ന ‘ബഹുസ്വര ആഖ്യാനം’ (polyphonic narration) എന്ന പുത്തന്‍ സമ്പ്രദായമാണ് ജബ്ര
തുടങ്ങിവെക്കുന്നത് എന്നും ‘സംവാദങ്ങളുടെ ബഹുമുഖ ഇടപെടലിലൂടെ മനുഷ്യനെ വസ്തുവല്‍ക്കരിക്കുന്നതിനെ (objectification)
നിരാകരിക്കുന്ന’ ബഖ്തീനിയന്‍ (Mikhail
Bakhtin)
സാഹിത്യ ദര്‍ശനത്തോട് ജബ്രയുടെ ഈ സമീപനം ചേര്‍ന്ന് പോകുന്നു എന്നും
ചൂണ്ടിക്കാണിക്കപ്പെടുന്നു (El-Hussari). “In
Search of Walid Masoud വലിയ
മാനങ്ങളില്‍ വിഭാവനം ചെയ്യപ്പെട്ട ആശയങ്ങളുടെ നോവലാണ്, ഒപ്പം ഏറെ ഭാവഗീതാത്മകവും വൈകാരിക
തീക്ഷ്ണതയുമുള്ള ഭാഗങ്ങള്‍ നിറഞ്ഞ, ആസക്തി, വഞ്ചന എന്നിവയുടെ ശക്തമായ
നിരീക്ഷണവും. റോജര്‍ അലന്‍, അദ്നാന്‍ ഹൈദര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ മികവുറ്റ വിവര്‍ത്തനം
ജബ്രയുടെ ഗദ്യത്തിന്റെ ഭാവഗീത ഭാവവും, ആഖ്യാനത്തിന്റെ രാജകീയ ഒഴുക്കും
നിലനിര്‍ത്തുന്നു” (7.).
References:
1. Ibrahim A. El-Hussari, ‘Jabra
Ibrahim Jabraʼs In Search of Walid Masoud, A Polyphony of (Un)Orchestrated
Opus’, Athens Journal of Humanities & Arts - Volume 6, Issue 2 – Pages
133-146.
2. Jabra I. Jabra in
conversation with Najman Yassin, ‘al-Jamiaʼa’, April 1978, Vol. 8, Issue:
4:7-12,qtd by El-Hussari
3. ("Living with the
Tigress and the Muses: An essay on Jabra Ibrahim Jabra. (Cover Story).."
The Free Library. 2001 University of Oklahoma 21 Jan. 2021 https://www.thefreelibrary.com/Living+with+the+Tigress+and+the+Muses%3a+An+essay+on+Jabra+Ibrahim...-a080500167
4. publishersweekly,
https://www.publishersweekly.com/978-0-8156-0646-8, Accessed 21.01.21
5. Review:
In Search of Walid
Masoud, kirkusreviews, Sept. 15, 2000, https://www.kirkusreviews.com/book-reviews/jabra-ibrahim-jabra/in-search-of-walid-masoud/,
.Accessed 22.01.2021
6. Tasnim Qutait, the search for
walid masoud, ARAB HYPHEN, February 28, 2013,
https://arabhyphen.wordpress.com/2013/02/28/the-search-for-walid-masoud/,
Accessed 21.01.2021
7. Samah Selim, Jabra: In Search of Walid Masoud,
Journal of Palestine Studies, Vol.31, 2001/02, No.2, P.89.
http://palestine-studies.org/jps/fulltext/old/4510 (Cached, retrieved
22.01.2021).