Featured Post

Showing posts with label Phaswane Mpe. Show all posts
Showing posts with label Phaswane Mpe. Show all posts

Saturday, August 17, 2024

Welcome to Our Hillbrow by Phaswane Mpe

 

വെല്‍ക്കം ടു ഔവര്‍ ഹില്‍ബ്രോ  - ആസക്തിയുടെയും മൃതിയുടെയും പുസ്തകം



(അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ദീപ്തമായ സാന്നിധ്യങ്ങളില്‍ ഒരാളായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ഫസ്വാനെ എംപി.  മണ്ടേല ഭരണം സ്ഥാപിതമായതിനു ശേഷമുള്ള പുത്തന്‍ സാഹചര്യത്തില്‍വംശ വെറിയുടെ സ്ഥാനത്തു സ്ഥായിയായിത്തീര്‍ന്ന ആത്മസംഘര്‍ഷങ്ങളെയും സാമൂഹിക അസ്വാസ്ഥ്യങ്ങളെയും സാന്ദ്രവും കാവ്യാത്മകവും ഇടക്കൊക്കെ വിലാപാര്‍ദ്രവുമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന വെല്‍ക്കം ടു ഔവ്വര്‍ ഹില്‍ബ്രോ ഫസ്വാനെയുടെ ഏക നോവലാണ്. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഒരു സമകാലിക ക്ലാസ്സിക് ആയി ഈ കൃതി കണക്കാക്കപ്പെടുന്നു.)

 

വര്‍ണ്ണവിവേചനം ഔദ്യോഗികമായി അവസാനിപ്പിക്കപ്പെട്ട 1994 -ലെ മണ്ടേല സര്‍ക്കാറിന്‍റെ വരവോടെ സ്ഥാപിതമായ ജനാധിപത്യക്രമം സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാക്കിയത്. വംശീയ സംഘര്‍ഷങ്ങള്‍ എന്ന കേന്ദ്ര പ്രമേയത്തില്‍ ചുറ്റിത്തിരിഞ്ഞ സാഹിത്യം തൂല്യപ്രാധാന്യമുള്ള ഇതര ഉത്കണ്ഠകള്‍ പങ്കുവെക്കും വിധം പ്രമേയപരമായ വൈവിധ്യങ്ങള്‍ തേടാന്‍ തുടങ്ങിയതും ആഖ്യാന രീതികളില്‍ അവക്കനുയോജ്യമായ വ്യത്യസ്തകളിലൂടെ പുതിയ എഴുത്തുകാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു തുടങ്ങിയതും അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തെ ഇതര ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യവുമായി താരതമ്യങ്ങള്‍ സാധ്യമാകും വിധം മാറ്റിത്തീര്‍ത്തു. വിഷയം എന്നത് പോലെയോ അതിലും പ്രധാനമായോ ഭാഷയും ശൈലിയും സാഹിത്യത്തിന്‍റെ ഉരകല്ലായിത്തീര്‍ന്നു. വര്‍ണ്ണവിവേചന കാലത്ത് സങ്കല്‍പ്പിക്കാനാവാത്ത സമത്വ ചിന്തയുടെ സ്വപ്നങ്ങള്‍ ഉയര്‍ത്തിയ ശുഭാപ്തി ഒരു മഴവില്‍ സങ്കല്‍പ്പമായി മുതിര്‍ന്ന എഴുത്തുകാരെ പോലും കണ്ണഞ്ചിച്ച ഇടവേളയില്‍ ഇനിയങ്ങോട്ട് വംശീയ സംഘര്‍ഷങ്ങളല്ല പ്രമേയമാക്കേണ്ടത് എന്ന നിലപാട് സ്വാഭാവികമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പഴയ ദുരിതങ്ങളുടെ സ്ഥാനത്തു പുതിയ സംഘര്‍ഷങ്ങള്‍ ഒട്ടും ശുഭകരമല്ലാത്ത വിധം വ്യാപകമായതോടെ ആ മഴവില്‍ സങ്കല്പങ്ങള്‍ അതിവേഗം ദുരന്തബോധത്തിനും നൈരാശ്യത്തിനും വഴിമാറി. ഈ മാറ്റത്തിന്‍റെ ഏറ്റവും മികച്ച കണ്ണാടിയായി പോസ്റ്റ് അപ്പാര്‍ത്തീഡ് സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രഥമ സ്ഥാനീയമായി കണക്കാക്കപ്പെടുന്ന കൃതിയാണ് മുപ്പത്തിനാലാം വയസ്സില്‍ സ്വയം അവസാനിപ്പിച്ച പ്രതിഭാധനനായ എഴുത്തുകാരന്‍ ഫസ്വാനെ എംപിയുടെ 'വെല്‍ക്കം ടു ഔവര്‍ ഹില്‍ബ്രോ'.   വംശവെറിയുടെ സ്ഥാനത്തു സെനോഫോബിയയുടെയും എയിഡ്സ്, സര്‍വ്വവ്യാപിയായ അക്രമങ്ങള്‍ആത്മഹത്യാ പ്രവണതയുവജനങ്ങളുടെ അകാല മരണത്തിനിടയാക്കുന്ന ഏറ്റുമുട്ടലുകള്‍വെള്ളക്കാരായ കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമാകുന്ന പ്രതികാര നടപടികള്‍,   സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങി ഇതര ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരെയുള്ള കൊടിയ വിദ്വേഷ മുന്‍ വിധികള്‍അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരയായി പച്ചക്ക് കൊളുത്തപ്പെടുന്ന ദുരന്തങ്ങള്‍പ്രണയ പരാജയങ്ങളുടെ മൃത്യുവാഞ്ച തുടങ്ങിയവയൊക്കെ സാന്ദ്രവും കാവ്യാത്മകവും ഇടക്കൊക്കെ വിലാപാര്‍ദ്രവുമായ ഭാഷയില്‍ ഈ ചെറു നോവല്‍ ആവിഷ്കരിക്കുന്നു. മരിച്ചവര്‍ മരിച്ചവരോട് സംവദിക്കുന്ന രീതിയിലുള്ള ആഖ്യാനത്തിലൂടെ ആത്മ ലോകത്ത് നിന്നും വരികയും പൂര്‍വ്വികരുടെ ലോകത്തേക്ക് തിരിച്ചു പോവുകയും ചെയ്യുന്ന നൈരന്തര്യമാണ് ജീവിതം എന്ന ആഫ്രിക്കന്‍ സങ്കല്‍പ്പത്തെ അടിത്തറയാക്കി നിര്‍ത്തുന്നുമുണ്ട് ഏറെ ആത്മകഥാപരം എന്ന് പറയാവുന്ന ഫസ്വാനെയുടെ നോവല്‍.

 

ഇതിവൃത്തവും ദുരന്തങ്ങളുടെ ചുഴികളും

"നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍റെഫെന്‍സെടിരഗാലോങ്ങിന്‍റെ കുഞ്ഞേ1998-ലെ സോക്കര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെയുള്ള ബഫാന ബഫാനയുടെ വന്‍ പരാജയത്തില്‍ നീ സന്തോഷിച്ചേനെ. തീര്‍ച്ചയായും നീയാ സ്ക്വാഡിനെ പിന്തുണച്ചു. പക്ഷെ ഇപ്പോള്‍ ഏറ്റവും ചുരുങ്ങിയത്ഹില്‍ബ്രോ തെരുവുകളിലൂടെ നിന്‍റെ ഫ്ലാറ്റിലേക്ക് നടക്കാന്‍ നിനക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല- ആ ഇടം ഔദ്യോഗിക രേഖകള്‍ പ്രകാരം ഒരു കിലോ മീറ്ററിനെക്കാള്‍ കഷ്ടിച്ച് ഇത്തിരിയെയുള്ളൂഅവിടത്തെ അന്തേവാസികളുടെ കണക്കിലാകട്ടെഅത് അതിന്‍റെ ഇരട്ടിയെങ്കിലും വലിപ്പവും എണ്ണമറ്റ ആളുകളെ കൊണ്ട് നിറഞ്ഞതും ആണ്."

പ്രഥമ ദൃഷ്ട്യാ ദ്വിതീയ ആഖ്യാതാവെന്നു (second person) തോന്നുമെങ്കിലും ആഖ്യാന സ്വരം യഥാര്‍ഥത്തില്‍ ഒരു സാമൂഹിക പ്രഥമ വ്യക്തിക ബഹുവചനമായ (communal first person plural) എല്ലാമറിയുന്ന രചയിതാവിന്‍റെത് (universal omniscient viewpoint) ആണെന്ന് സൂക്ഷ്മ ദൃഷ്ടിയില്‍ കാണാം. മരിച്ചവനെ അഭിസംബോധന ചെയ്യുന്ന രീതി ഒരേ സമയം ലൗകിക ലോകത്തെയും ആത്മീയ തലത്തെയും സമന്വയിപ്പിക്കുന്നു. കഥകള്‍ സമൂഹത്തിന്‍റെതാണ് എന്നും അതിനൊരു ഉദ്ബോധന മൂല്യമുണ്ട് എന്നുമുള്ള ആഫ്രിക്കന്‍ പാരമ്പര്യത്തോട് ചേര്‍ന്ന് പോകുന്നത് തന്നെയാണ് ഈ ആഖ്യാന രീതി. ഇതോടൊപ്പം സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെടുന്ന ഭാഷയും പ്രയോഗങ്ങളും രാജ്യത്തെ ഏറ്റവും ജനത്തിരക്കുള്ളഏറ്റവും അവഗണിക്കപ്പെട്ടഅപ്പാര്‍ത്തീഡ് അനന്തര കാലത്തും ഹിംസയുടെ കൂത്തരങ്ങായ ഒരു നഗരത്തിന്‍റെ സംഘര്‍ഷങ്ങളെ ഒപ്പിയെടുക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തനാക്കുന്നു.

മുഖ്യമായും രണ്ടു കഥാപാത്രങ്ങളെയാണ് നോവല്‍ പിന്തുടരുന്നത്. നഗരത്തില്‍ വിദ്യാഭ്യാസത്തിനെത്തുന്ന റഫെന്‍സെഹില്‍ബ്രോയില്‍ താമസമാക്കുകയും സമൂഹത്തെ ഒരു അതീവ സംവേദന സ്വഭാവമുള്ള എഴുത്തുകാരന്‍റെ സര്‍ഗ്ഗ ഭാവത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റി പ്രൊഫസറായ റഫെന്‍സെ തന്‍റെ സഹപ്രവര്‍ത്തകയും തന്‍റെ 'അസ്ഥിക്ക് പിടിച്ചവളുമായ ('bone of his heart) ലെറാറ്റോയുമായി പ്രണയത്തിലാണ്. ഒരു നാള്‍ ലെറാറ്റൊയും തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സാമിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാനിടയാകുന്നത് റഫെന്‍സെയുടെ സ്വതേ സങ്കീര്‍ണ്ണമായ മനോനിലയെ കൂടുതല്‍ ഗുരുതരമാക്കുകയും വൈകാതെ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. അയാളുടെ ബാല്യകാല സുഹൃത്തും കാമുകിയും ആയിരുന്ന റഫില്‍വേ അയാളുടെ മരണത്തിനു തൊട്ടു മുമ്പായാണ് നഗരത്തിലെത്തുന്നത്. അവളുടെ മറ്റുബന്ധങ്ങളാണ് അയാള്‍ അവളെ വിട്ടുപോകാന്‍ ഇടയാക്കിയതും. എങ്കിലും അയാളോടുള്ള ഹൃദയബന്ധം ഒരിക്കലും മറക്കാന്‍ കഴിഞ്ഞിരുന്നില്ലാത്ത റഫില്‍വേയെ അയാളുടെ മരണം തികച്ചും ഉലച്ചുകളയുന്നു. ഒക്സ്ഫോര്‍ഡ് ബ്രൂക്സില്‍ പബ്ലിഷിങ്ങില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്തു കൊണ്ടിരിക്കെ അവളെ ഒരു നൈജീരിയന്‍ മുക്കുവനിലേക്ക് അടുപ്പിക്കുന്നതും അയാള്‍ക്ക് റഫെന്‍സെയോടുള്ള സാമ്യമാണ്. എന്നാല്‍പരസ്പരം കണ്ടുമുട്ടും മുമ്പ് തന്നെ തങ്ങള്‍ എയിഡ്സ് രോഗികള്‍ ആയിരുന്നു എന്ന് ഇരുവരും കണ്ടെത്തുന്നുണ്ട്. മരണവും കാത്തു ടിറഗാലോങ്ങിലെത്തുന്ന റഫില്‍വേ എയിഡ്സ് വാഹകയെന്ന പേരില്‍ ഭേദ്യം ചെയ്യപ്പെടുന്നു.

ലൈംഗിക പങ്കാളിത്തത്തില്‍ സത്യസന്ധത പുലര്‍ത്താനാവാത്തതിന്‍റെ കുറ്റബോധവും അറിഞ്ഞുകൊണ്ടല്ലാതെയും സംഭവിക്കുന്ന വഞ്ചനകളും നോവലില്‍ ദുരന്തകാരിയായ അനേക നിമിത്തങ്ങളില്‍ പ്രമുഖമാണ്. റഫെന്‍സെ തന്നില്‍ നിന്ന് അകന്നുപോകുന്നു എന്ന ചിന്തയില്‍ വിഷാദത്തിനടിപ്പെടുന്ന ലെരാറ്റോയെ സാന്ത്വനിപ്പിക്കുന്നതിനിടയിലാണ് സാഹചര്യത്തിന്‍റെ സൃഷ്ടിയായി സാമി അവളോട് വേഴ്ചയില്‍ ഏര്‍പ്പെടുന്നത്റഫെന്‍സെയുടെ ആത്മഹത്യയുടെ ആഘാതം താങ്ങാനാവാതെ ഉറക്ക് ഗുളിക കഴിച്ചു ലെരാറ്റോ ആത്മഹത്യ ചെയ്യുന്നത് അതിന്‍റെ ഭീകരമായ അന്ത്യവും. ഒരര്‍ഥത്തില്‍ ഇതൊരു തനിയാവര്‍ത്തനമാണ്: റഫെന്‍സെക്കും സാമിയുടെ കാമുകി ബൊഹ്ലാലേക്കും ഇടയില്‍ സംഭവിച്ചതിന്‍റെ. മയക്കുമരുന്നുപയോഗം മൂലം അമിത ഭോഗത്വരയുണ്ടായിരുന്ന സാമി ലൈംഗികത്തൊഴിലാളികളുമായി യഥേഷ്ടം ഇടപെടുന്ന സ്വഭാവക്കാരനായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ഇത്തരമൊരു വേഴ്ച തന്‍റെ മുമ്പില്‍ വെച്ച് തന്നെ നടത്തുന്നത് കാണാന്‍ ഇടയായ ബൊഹ്ലാലേ വികാരവിക്ഷുബ്ദയാകുന്നതിനെ തുടര്‍ന്ന് റഫെന്‍സെ അവളെ ആശ്വസിപ്പിക്കുന്നതും അത് സ്വാഭാവികമായ ഒരു വേഴ്ചയിലേക്ക് നയിക്കുന്നതും ഇരുവരിലും കുറ്റബോധം നിറക്കുന്നുണ്ട്. പറ്റിപ്പോയ തെറ്റ് സാമിയോട് ഏറ്റു പറയണമെന്ന് ചിന്തിക്കുന്ന ബൊഹ്ലാലെയെ അതൊരു വ്യത്യാസവും ഉണ്ടാക്കില്ലെന്നും ആശുപത്രിയിലായ സാമിയെ അത് കൂടുതല്‍ അപമാനപ്പെടുത്തുകയെ ഉള്ളൂവെന്നും റഫെന്‍സെ പിന്തിരിപ്പിക്കുന്നു. ഇതും റഫെന്‍സെയുടെ ആത്മഹത്യക്ക് കാരണമാകാം. സാമിയാകട്ടെ മനോനില തകര്‍ന്ന് ഭ്രാന്തനായിപ്പോകുന്നു. സാമിയെ കാണാനുള്ള യാത്രക്കിടെ കാറിടിച്ച് ബൊഹ്ലാലേ മരിക്കുന്നത് അര്‍ത്ഥരഹിതമായ ദുരന്തങ്ങള്‍ എന്ന നോവലിലെ പ്രമേയത്തിന്‍റെ വൃത്തം പൂര്‍ത്തിയാക്കുന്നു. 

ലെരാറ്റോയുടുള്ള റഫന്‍സേയുടെ അമ്മയുടെ നിലപാട് നഗരജീവിതത്തെ കുറിച്ചുള്ള ഗ്രാമീണ മുന്‍ വിധികളുടെ തികഞ്ഞ മാതൃകയാണ്. അവരുടെ കണ്ണില്‍ ഹില്‍ബ്രോയില്‍ നിന്നുള്ള മുഴുവന്‍ സ്ത്രീകളും പിഴയാണ്. ലെരാറ്റോ തന്‍റെ മകന് കൈവിഷം നല്‍കി എന്നാണ് അവര്‍ ചിന്തിക്കുന്നത്. ലെരാറ്റൊയും സാമിയുമായി നടക്കുന്ന വേഴ്ച കാണാനിടയാകുന്നത് റഫെന്‍സേയുടെ ജീവിതാശ തന്നെ നശിപ്പിക്കുന്നതില്‍ എത്തിച്ചേരുന്നതിന് പിന്നില്‍ അമ്മയുടെ ഈ നിലപാടുണ്ട്. പലപ്പോഴും തനിക്കു വൈകാരിക പിന്തുണ നല്‍കുമായിരുന്ന അമ്മയോട് അവര്‍ നേരത്തെ വിലക്കിയ ബന്ധമാണത് എന്ന നിലക്ക് ഇതേ കുറിച്ച് പറയാന്‍ പോലും അയാള്‍ക്കാവില്ല. അയാള്‍ നേരിടുന്നത് ഒരു ത്രിതല കയ്യൊഴിയലാണ്: പ്രണയത്തിന്‍റെ, സൗഹൃദത്തിന്‍റെ, മാതൃത്വത്തിന്‍റെ. ബൊഹ്ലാലെയുമായി താന്‍ ചെയ്ത തെറ്റ് ഒരിക്കലും ലെരാറ്റോ തന്നോട് ചെയ്യില്ലെന്ന് കരുതാന്‍ മാത്രം അയാള്‍ അവളെ വിശ്വസിച്ചിരുന്നു. മറ്റാരെക്കാളും തന്‍റെ സുഹൃത്തായ സാമിയെയും. ഈ ഘട്ടത്തില്‍ ആത്മഹത്യ അയാള്‍ക്ക് പല രീതിയിലും ഒരു രക്ഷപ്പെടല്‍ ആയിത്തോന്നുന്നു: തന്‍റെ വിജയത്തെ കുറിച്ച് മറ്റുള്ളവര്‍ കെട്ടിപ്പൊക്കിയ പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്ന്സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്ന്. സ്വതേ അന്തര്‍മുഖനായ അയാള്‍ക്ക് ആരോടും ഒന്നും പറയാനില്ല. മറ്റൊരര്‍ഥത്തില്‍ പറയാന്‍ ഉള്ളവരാരോ അവര്‍ തന്നെയാണല്ലോ തന്നെ കയ്യൊഴിഞ്ഞതും. ഒരു വീണ്ടുവിചാരത്തിന് പോലും അവസരം തരാതെയുള്ള ബൊഹ്ലാലെയുടെ അപ്രതീക്ഷിത മരണവും അയാളുടെ കുറ്റബോധത്തെ ദുസ്സഹമാക്കുന്നു.

"ഇത്രയും നിന്‍റെ മനസ്സിലുണ്ടായിരുന്ന നിലക്ക് ആത്മഹത്യയും വിടുതലും പര്യായങ്ങളായ ആകര്‍ഷണങ്ങള്‍ മാത്രമായിരുന്നു. ആത്മഹത്യയെന്നത്കൂട്ട് ആവശ്യപ്പെട്ടുകൊണ്ട് കട്ടിലില്‍ കിടക്കുന്ന ബൊഹ്ലാലെയെ പോലെ വിലോഭനീയമായിരുന്നു. ലെരാറ്റോ, സാമിക്ക് വിലോഭനീയമായിരുന്നത്രയും; അവര്‍ രണ്ടുപേരും ശരിക്കും എങ്ങനെയാണ് അവരുടെ ആ പ്രണയജീവിതത്തില്‍ പെട്ടുപോയത് എന്ന് നീയൊരിക്കലും കണ്ടെത്തുകയുണ്ടായില്ലെങ്കിലും. കാരണം അത് കണ്ടെത്താന്‍ കഴിയും മുമ്പ് നിന്‍റെ കെട്ടിടത്തിന്‍റെ ഇരുപതാം നിലയില്‍ നിന്ന് നീ താഴോട്ടു ചാടി."

ഗ്രാമ്യ വിശ്വാസങ്ങള്‍പരജന വിദ്വേഷംഎയിഡ്സ് 

ആഫ്രിക്കയിലെ ഇതര ദേശങ്ങളില്‍ നിന്നുള്ളവരോടുള്ള മുന്‍വിധികള്‍ നോവലില്‍ ഒരു പ്രധാന പ്രമേയമാണ്. കറുത്തവരും വെള്ളക്കാരും തമ്മിലുണ്ടായിരുന്ന അപ്പാര്‍ത്തീഡ് കാല വിവേചനത്തെക്കാള്‍ ഒട്ടും കുറവല്ല അത്. മധ്യ ആഫ്രിക്കയില്‍ നിന്നോ വെസ്റ്റ് ആഫ്രിക്കയില്‍ നിന്നോ കുടിയേറിയവരിലൂടെയാണ് എയിഡ്സ് പരന്നത് എന്ന സിദ്ധാന്തം ശക്തമാണ്. അതല്ല ഹില്‍ബ്രോയിലെ സൊദോമി പോലുള്ള കുത്തഴിഞ്ഞ ലൈംഗികതയാണ് അതിനു കാരണം എന്ന കാഴ്ചപ്പാടും നിലവിലുണ്ട്. ഹില്‍ബ്രോ, ടിരഗാലോംഗ്ജോഹാനസ്ബര്‍ഗ് എന്നിങ്ങനെ പ്രാദേശിക വിദ്വേഷത്തിന് തന്നെ ഇതും കാരണമാകുന്നുണ്ട്. മണ്ടേല ഭരണത്തിന്‍റെ 'മഴവില്‍ജനാധിപത്യ സാഹചര്യങ്ങളില്‍ (The new democratic rainbowism of African Renaissance എന്ന് റഫന്‍സെ) നൈജീരിയ പോലുള്ള ഇതര ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് കുടിയേറ്റം നടത്തിയവരെ മയക്കുമരുന്ന് വാഹകരും കുറ്റകൃത്യങ്ങളുടെ ഉറവിടങ്ങളും ആയിക്കാണുന്ന റഫില്‍വേയെ പോലുള്ളവര്‍ അവരോടു ഒട്ടും അനുതാപമുള്ളവര്‍ അല്ല. അവരുടെ ഭാഷാപ്രയോഗത്തിലെ വൈകല്യങ്ങളും വന്ന ഇടങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങളും അടിസ്ഥാനമാക്കി അപമാനകരമായ വട്ടപ്പേരുകള്‍ കൊണ്ടാണ് അവരെ വിശേഷിപ്പിക്കുക. റഫെന്‍സെ ഇത്തരം വിദ്വേഷ നിലപാടുകളോടു യോജിക്കുന്നില്ല. തങ്ങളുടെ ജോലികള്‍ കുടിയേറ്റക്കാര്‍ തട്ടിയെടുത്തു എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അപ്പാര്‍ത്തീഡ് കാലം കടന്നു വന്ന തങ്ങള്‍ അത്തരം ജോലികള്‍ ചെയ്യാന്‍ വേണ്ട പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ അല്ല എന്നതാണ് സത്യമെന്നും അയാള്‍ കരുതുന്നു. മയക്കുമരുന്ന് കടത്ത് പോലുള്ള തൊഴിലുകളിലേക്ക് കുടിയേറ്റക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് പ്രശ്നമെന്നാണ് അയാളുടെ നിലപാട്. പ്രവാസികളല്ലാത്ത സ്വന്തം നാട്ടുകാരുടെ തന്നെ കുറ്റകൃത്യങ്ങള്‍ വേണ്ടത്ര നടമാടുന്ന പാര്‍ക്കിംഗ് ലോട്ടുകള്‍വെള്ളക്കാരുടെ ഭവനങ്ങള്‍ തുടങ്ങി, കൊള്ളകളുടെയും കൊലകളുടെയും നിത്യനുഭവങ്ങളില്‍ കുടിയേറ്റക്കാരല്ല പ്രതിസ്ഥാനത്ത് എന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. നാട്ടുകാര്‍ തന്നെ യഥേഷ്ടം നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ബാധിക്കുന്നുമുണ്ട്. ടിഷേപ്പോയുടെ (ലെരാറ്റോയുടെയും) അച്ഛന്‍റെ മരണവും ലെരാറ്റൊക്ക് സാമിയുമായുണ്ടാകുന്ന വേഴ്ചയുടെ പേരില്‍ ടെറര്‍ എന്ന വിടന്‍ അവളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതും അക്കൂട്ടത്തില്‍ പെടും. കസിന്‍ എന്ന പോലീസുകാരന്‍ ഇതര ദേശക്കാരോടുള്ള വിദ്വേഷത്തില്‍ നിന്ന് നന്നായി മുതലെടുക്കുകയും പെറ്റി കേസുകളില്‍ പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ പിഴിഞ്ഞ് ധൂര്‍ത്തടിക്കുകയും ചെയ്യുന്നത് അപ്പാര്‍ത്തീഡ് കാലത്തെ കറുത്തവര്‍ഗ്ഗക്കാരോടുള്ള സൗത്ത് ആഫ്രിക്കന്‍ പോലീസിന്‍റെ നിലപാടിന്‍റെ തനിയാവര്‍ത്തനമാണെന്നു റഫന്‍സെ കണ്ടെത്തുന്നു: "സൗത്ത് ആഫ്രിക്കന്‍ പോലീസുകാര്‍ അവരുടെ ബിയറും ബ്രായിയും ആസ്വദിക്കുമ്പോള്‍ കറുത്തവരായ വിമതര്‍ അവരുടെ പൊരിച്ച മാംസത്തിന്‍റെ അരികില്‍ വേനലിന്‍റെ പകല്‍ ചൂടില്‍ നിന്ന് പൊരിഞ്ഞു- അത്കഥയായി പറയുകയോ ഫിക് ഷന്‍ ആയി എഴുതുകയോ ചെയ്തിരുന്നുവെങ്കില്‍സര്‍റിയലിസമെന്നോ മാജിക് റിയലിസമെന്നോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും വിചിത്ര റിയലിസമെന്നോ വിളിക്കാവുന്ന കാര്യമായിരുന്നു.സെനോഫോബിയ(xenophobia)യുടെ മനോനില പുലര്‍ത്തുന്ന മുഖ്യ കഥാപാത്രം റഫില്‍വേയാണ് എന്നതും അതെത്രമാത്രം വലിയ സ്വാധീനമായിരുന്നു അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ സമൂഹത്തില്‍ എന്ന് കാണിക്കുന്നു. ആ വിദ്വേഷഭാവമാണ് ലെരാറ്റോ ഡര്‍ബന്‍കാരിയായ അമ്മയുടെയും നൈജീരിയക്കാരനായ അച്ഛന്‍റെയും മകളായ  'Makwerekwere'   സങ്കര വര്‍ഗ്ഗക്കാരിയാണെന്ന പുച്ഛത്തിനു നിദാനം. എന്നാല്‍നൈജീരിയക്കാരും അല്‍ജീരിയക്കാരും സൗത്ത് ആഫ്രിക്കയില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് അലന്‍ ഹില്‍ (In Pursuit of Publishing) വിവരിച്ച അതേ വിവേചനം തന്നെയാണ് ആഫ്രിക്കക്കാര്‍ മൊത്തം മറ്റിടങ്ങളില്‍ നേരിടുന്നതെന്ന് അവള്‍ക്കു നേരിട്ട് കാണാനാവും. ഓക്സ്ഫോര്‍ഡ് ബ്രൂക്സില്‍ നിന്ന് എയിഡ്സ് ബാധിതയായി മരണവും കാത്തു ടിരഗാലോങ്ങില്‍ തിരിച്ചെത്തുമ്പോള്‍ മുമ്പ് താന്‍ തന്നെ വിതച്ച ഇതേ വിദ്വേഷത്തിന്‍റെ മറ്റൊരു രൂപത്തിലേക്കാണ്1999-ല്‍നാടുവിട്ടു കൃത്യം ഒരു കൊല്ലം കഴിഞ്ഞ്താന്‍ വന്നിറങ്ങിയതെന്നും അവള്‍ കണ്ടെത്തുന്നു.

"അവള്‍ക്കു സ്വന്തം നാട്ടില്‍ കിടന്നു മരിക്കണമായിരുന്നുവടക്കന്‍ പ്രവിശ്യയുടെ ഉണക്കപ്പുല്ലും ബ്ലീച്ച് ചെയ്ത അസ്ഥികള്‍ പോലെ വിളറി വെളുത്തുപോയ ഇലകളും നിറഞ്ഞ ചുട്ടുപഴുത്ത ഭൂമിയില്‍ മറവുചെയ്യപ്പെടണമായിരുന്നു. അവള്‍ക്ക് ഞങ്ങളുടെ ടിരഗാലോംഗില്‍ അന്ത്യവിശ്രമം വേണമായിരുന്നുഅതിനര്‍ത്ഥം രോഗങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്ന ആളുകളുടെ വിവരം കെട്ട വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഈ ലോകത്തുനിന്ന് നിഷ്ക്രമിക്കുക എന്നാണെങ്കില്‍ പോലും."

റഫന്‍സെ എഴുതുന്ന ഏകാനോവലിന്‍റെ പ്രാഗ് രൂപമായ ആദ്യ കഥയിലെ നോക്കുകുത്തിയായിരുന്നു അവളിപ്പോള്‍. "നിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മ്ലാനമായ മുഖങ്ങളില്‍ അവതാരമെടുത്ത ദുഃഖം ഇടിമിന്നല്‍ പോലെയോ എയിഡ്സ് പോലെയോ മാരകമാകാം" എന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.

ജനജീവിതത്തില്‍റഫില്‍വേയെ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ പോലുംഗ്രാമീണ അന്ധവിശ്വാസങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ഏറെയുണ്ട്. റഫന്‍സെയെ ജോഹാനസ്ബര്‍ഗിലെ സ്ത്രീകളില്‍ നിന്നും രക്ഷിക്കാനായി അമ്മ കൈവിഷം നല്‍കിയത് അയാളുടെ തലച്ചോറിനെ ബാധിച്ചു എന്ന് അവള്‍ കരുതുന്നു. ഹില്‍ബ്രോക്കാരിയായ ലെരാറ്റോറഫന്‍സെയെ സമാനമായ രീതിയില്‍ മയക്കിയെന്നും ടിരഗാലോങ്ങിന്‍റെ പുത്രിയായ റഫില്‍വെ വിശ്വസിക്കുന്നു. റഫന്‍സേയുടെ കഥ റഫില്‍വേ പുനരാവിഷ്കരിക്കുമ്പോള്‍ അതാരെയും ശാരീരികമായി കൊന്നില്ലെങ്കിലും അയാളുടെ സല്‍പ്പേരിനെ കൊന്നുകളഞ്ഞു എന്നാണു ആഖ്യാതാക്കള്‍ നിരീക്ഷിക്കുന്നത്. റഫന്‍സേയുടെ മരണ ശേഷം ദുര്‍മ്മന്ത്രവാദിനി എന്ന പേരില്‍ അമ്മ വേട്ടയാടി തീവെച്ചു കൊല്ലപ്പെടുന്നത് മറ്റൊരു ഉദാഹരണമാണ്. റഫന്‍സെ തന്‍റെ റോള്‍ മോഡല്‍ ആയി കണ്ട ടിഷേപ്പോയുടെ മരണം എതിരാളികള്‍ മാരണം ചെയ്തു സംഭവിച്ച ഇടിമിന്നല്‍ മൂലമായിരുന്നു എന്നും വിശ്വസിക്കപ്പെട്ടു. 

അപരലോകമെന്ന സംഗമ സ്ഥലി

നോവലിലെ സ്വര്‍ഗ്ഗം ഭൗമിക സാഹചര്യങ്ങളുടെ തന്നെ ഒരു തുടര്‍ച്ചയാണ്. അവിടെ നേരത്തെ എത്തിയവര്‍ മറ്റുള്ളവര്‍ക്കായി കാത്തിരിക്കുന്നുഅവരെ സ്വാഗതം ചെയ്യുകയും ഒരുമിച്ചിരുന്നു ടി വി യില്‍ സിനിമ കാണുകയും ചെയ്യുന്നു. ഭൂമിയില്‍ ലെരാറ്റോയോടൊപ്പം സിനിമക്ക് പോയിട്ടില്ലാത്ത റഫെന്‍സെ അവളുടെ ആ ആഗ്രഹം ഇവിടെ സാധിച്ചു കൊടുക്കുന്നുപോലുമുണ്ട്. ആത്മ ലോകത്ത് നിന്ന് വന്നു പൂര്‍വ്വികരുടെ ലോകത്തെക്ക് തിരിച്ചു പോകുന്നവരാണ് നാമെന്ന ആഫ്രിക്കന്‍ സങ്കല്‍പ്പവുമായി ഈ സ്വര്‍ഗ്ഗ സങ്കല്പം ചേര്‍ന്ന് പോകുന്നുണ്ട്.

"നിനക്ക് ഈ ജീവിതത്തില്‍ ജീവിതത്തെ ഉടമസ്ഥപ്പെടാന്‍ കഴിയാത്തത് കൊണ്ട്അപര ജീവിതത്തിലും അതിനെ ഉടമസ്ഥപ്പെടാന്‍ കഴിയാത്തത് കൊണ്ടുംലെരാറ്റൊയെ നിന്‍റെ കാലടികള്‍ പിന്തുടരുന്നതില്‍ നിന്ന് തടയാനായില്ല. നിനക്കാകെ കഴിയുമായിരുന്നത്, ടിരാഗാലോങ്ങിന്‍റെയും ഹില്‍ബ്രോയുടെയും കുഞ്ഞേസ്വര്‍ഗ്ഗവാതില്‍ക്കല്‍ കാത്തുനില്‍ക്കല്‍ മാത്രമായിരുന്നു. അവള്‍ക്കു വേണ്ടി കാത്തുനില്‍ക്കുകഅപ്പോള്‍ അവള്‍ക്കൊരു ഊഷ്മള സ്വീകരണം നല്‍കാനാവുംനിങ്ങളുടെ പുനസമാഗമം ആഘോഷിക്കാനും. അപ്പോള്‍ നിനക്കവളോട് പറയാനാവും: ലെരാറ്റോഎന്‍റെ അസ്ഥിക്ക് പിടിച്ചവളെനമ്മുടെ പുതിയ ഹില്‍ബ്രോയിലേക്ക് സ്വാഗതം.."

രോഗബാധിതയായി മരണം കാത്തുകഴിയുന്ന റഫില്‍വേയും സമാനമായ ഒരു പുനസമാഗമം ഉറ്റുനോക്കുന്നു:

"വളരെ വേഗം അവള്‍ നമ്മുടെ സ്വര്‍ഗ്ഗ ലോകത്ത് റഫന്‍സെ, ലെരാറ്റോ, ബൊഹ്ലാലേ, ടിഷേപ്പോതുടങ്ങിയവരോട് ചേരും. ഒരുമിച്ചിരുന്നു അവര്‍ ഹില്‍ബ്രോ, ടിരഗാലോംഗ്, ഒക്സ്ഫോര്‍ഡ് എന്നിവയെ കുറിച്ച് സംസാരിക്കും. അവര്‍ പ്രണയം, എയിഡ്സ്, സെനോഫോബിയ എന്നിവയെ കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കും. തങ്ങളുടെ സംസാരിക്കപ്പെട്ടതും അല്ലാത്തതുമായ ചിന്തകളെ ഫിക്ഷനിലേക്കും കവിതയിലേക്കും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും."

റഫില്‍വേയുടെ ടിരഗാലോംഗിനെയും ബൊഹ് ലാലെയുടെ ഹില്‍ബ്രോയെയും ഒപ്പം മൃതിക്കുമപ്പുറം എല്ലാവരും സംഗമിക്കുന്ന ആത്മലോകത്തെയും സമന്വയിപ്പിക്കുന്ന ബോധമാണ് പടിപടിയായി റഫന്‍സെയില്‍ പൂര്‍ത്തിയാകുന്നത്. അതുകൊണ്ട് അയാള്‍ ആദ്യം 'നമ്മുടെ ഹില്‍ബ്രോയുടെ കുഞ്ഞ്എന്നും പിന്നീട് ടിരഗലോംഗിന്‍റെയും അതും പിന്നിട്ടു ഒടുവില്‍ അവയോടൊപ്പം സ്വര്‍ഗ്ഗത്തിന്‍റെയും കുഞ്ഞ് എന്നും (Child of Tiragalong and Hilbrow and Heaven) വിളിക്കപ്പെടുന്നു.

എംപിയുടെ ദൃഷ്ടികള്‍ ഒന്നും കാണാതെ പോകുന്നില്ല - ഭാഷാപരവും സാഹിതീയവുമായി അപ്പാര്‍ത്തീഡ് അനന്തര ജോഹാനസ്ബര്‍ഗ് നേരിടുന്ന പ്രാന്തവല്‍ക്കരണംപരജന വിദ്വേഷംആത്മഹത്യഎയിഡ്സ് ഭീഷണിഗ്രാമ്യമായ അന്ധവിശ്വാസങ്ങള്‍ എന്നിവയൊക്കെ നേരനുഭവ സാക്ഷ്യമായി ഏറ്റവും സ്വകാര്യ അനുഭവമായിത്തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. മണ്ടേലയുടെ വരവിനെ സംബന്ധിച്ച നോവലിലെ നിരീക്ഷണങ്ങള്‍ കൗതുകകരമാണ്. അത് പൊതുവേ വിശ്വസിക്കപ്പെടുന്ന പോലെ ഒരൊറ്റയാളുടെ വിജയമൊന്നുമായിരുന്നില്ലെന്നു കേന്ദ്രകഥാപാത്രം നിരീക്ഷിക്കുന്നുണ്ട്. ഒപ്പം പാശ്ചാത്യ ലോകത്തിന്‍റെ ആഫ്രിക്കന്‍ ധാരണപോലെ സംഘര്‍ഷഭരിതമല്ലായിരുന്നു ജനാധിപത്യവല്‍ക്കരണം എന്ന് എടുത്തു പറയുന്നുമുണ്ട്. തുടര്‍ന്നുണ്ടായ മഴവില്‍ സങ്കല്‍പ്പങ്ങളുടെ തകര്‍ച്ചയാണ് ഒരു കണക്കില്‍ നോവലിന്‍റെ ഇതിവൃത്തം. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ നാഴികക്കല്ലായ തന്‍റെ ഏക നോവല്‍ രചനയില്‍ ആ നാട് കണ്ട ഏറ്റവും പ്രതിഭാധനന്മാരില്‍ ഒരാളായ നോവലിസ്റ്റ് പകുത്തു നല്‍കിയത് സ്വജീവിത ഭൂമികയില്‍ കണ്ടെത്തിയ ജീവിത സത്യങ്ങള്‍ തന്നെയാണെന്നത്അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ വ്യക്തമാകും. മുപ്പത്തിനാലാം വയസ്സില്‍ സ്വയം അവസാനിപ്പിക്കും മുമ്പ് സൗത്ത് ആഫ്രിക്കയുടെ രാഷ്ട്രീയ മാറ്റങ്ങളുടെ തീക്കാലങ്ങളിലൂടെ ആ യുവാവ് ഏറെ നടന്നിട്ടുണ്ടായിരുന്നു. വടക്ക് കിഴക്കന്‍ സൗത്ത് ആഫ്രിക്കയിലെ ലിമ്പോപോപോ പ്രൊവിന്‍സില്‍ ജനിച്ച ഫസ്വാനെ എംപിപത്തൊമ്പതാം വയസ്സില്‍ ജോഹാനസ്ബര്‍ഗില്‍ വിറ്റ് വാട്ടെഴ്സ്റാന്‍ഡ്  യൂനിവേഴ്സിറ്റിയില്‍ പഠനത്തിനെത്തിയത് കറുത്ത വര്‍ഗ്ഗക്കാര്‍ക്കും അവിടെ പ്രവേശനം കിട്ടിത്തുടങ്ങിയ കാലത്താണ്. ഹോസ്റ്റല്‍ ഫീസ് താങ്ങാനാവാതെ ഹില്‍ബ്രോയിലെ ദരിദ്ര സാഹചര്യങ്ങളില്‍ താമസിച്ച ചെറുപ്പക്കാരന്‍പബ്ലിഷിങ്ങില്‍ എം. എ. ചെയ്യാന്‍ യു. കെ. യിലെ ഓക്സ്ഫോര്‍ഡ് ബ്രൂക്സ് കോളേജില്‍ എത്തിയത് അയാളിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ അനുഭവമായിരുന്നു. അദ്ദേഹം തന്‍റെ ഹില്‍ബ്രോ,   ജോഹാനസ്ബര്‍ഗ് അനുഭവങ്ങള്‍ കേന്ദ്ര കഥാപാത്രമായ റഫന്‍സേക്ക് നല്‍കിയപ്പോള്‍ നോവലിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ റഫില്‍വേ ആ ഓക്സ്ഫോര്‍ഡ്ബ്രൂക്സ് അനുഭവങ്ങളില്‍ നിന്നാണ് പിറവിയെടുത്തത്. അങ്ങനെ ഗ്രാമ്യവും നാഗരീകവുമായ തന്‍റെതന്നെ ഭിന്നാനുഭവങ്ങളും ഒപ്പം ആധുനിക ലിബറല്‍ ആര്‍ട്സ് വിദ്യാഭ്യാസവുമാണ് തന്‍റെ ഹ്രസ്വമായ സ്വര്‍ഗ്ഗ ജീവിതത്തിനു ഫാസ് വാനെ എംപിക്കു ഊടും പാവുമായത്.

ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോകുന്ന സ്വരം റഫെന്‍സെയെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോവലില്‍ ഉടനീളം വര്‍ത്തിക്കുന്നത്. റഫെന്‍സെയുടെ പ്രവര്‍ത്തികളും വികാരങ്ങളും അയാള്‍ക്ക് വേണ്ടി ആവിഷ്കരിക്കുക, അകാലത്തില്‍അഥവാ ആഖ്യാനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ  മരിച്ചു പോകുന്ന അയാള്‍ക്കും മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കും വേണ്ടി അവരുടെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയും മൃത്യുവിനുമപ്പുറം റഫെന്‍സെയെ അവയൊക്കെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ആഖ്യാനസ്വരത്തിന്‍റെ ധര്‍മ്മം. മുഖ്യമായും റഫെന്‍സെയുടെ പ്രതിനിധിയെന്ന നിലയില്‍ നടത്തപ്പെടുന്ന ആഖ്യാനത്തെ മൊത്തം മരിച്ചു പോയവര്‍ മറ്റു മരിച്ചുപോയവരോട് പറയുന്ന ഒന്നായി കാണാം. ഈ അസാധാരണ സമീപനം ആകസ്മിക ദുരന്തങ്ങളുടെ കഥ എന്നതോടോപ്പമോ അതിനെക്കാള്‍ പ്രധാനമായോ,   അവക്ക് നിദാനമായി ആഴ്ന്നുകിടക്കുന്ന സാമൂഹിക അന്തര്‍ദ്ധാരകളുടെ നിരീക്ഷണമായി നോവലിനെ മാറ്റുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലിനെ കുറിച്ചുള്ള ഏറ്റവും മികച്ച വിലയിരുത്തല്‍ യൂണിവേഴ്സിറ്റി ഓഫ് നാറ്റാള്‍ പ്രസ്സ് എഡിഷന്‍റെ പുറം ചട്ടയില്‍ സംക്ഷിപ്തമായി ഇങ്ങനെ നല്‍കുന്നു: Welcome to Our Hilbrow കലുഷവും അതീവ യഥാതഥവുമായമാറിക്കൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മനോനിലയുടെ വേദനാകാരവും വിലോഭനീയവും ആന്തരിക വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ ചെറുപതിപ്പായ ഹില്‍ബ്രോയുടെ മണ്ഡലത്തിലൂടെയുള്ള ഉന്മത്തവും അലോസരപ്പെടുത്തുന്നതുമായ ഒരു യാത്രയാണ്. അതില്‍ എല്ലാമുണ്ട്: യൗവ്വനത്തിന്‍റെ തകര്‍ന്ന സ്വപ്നങ്ങള്‍ലൈംഗികതയും അതിന്‍റെ അപ്രവചനീയമായ വിലയും, എയിഡ്സ്, പരജന വിദ്വേഷംആത്മഹത്യപലപ്പോഴും യുവാക്കളുടെ ഭാവി അകാലത്തില്‍ ഇല്ലാതാക്കുന്ന  സര്‍വ്വവ്യാപിയായ ഹിംസാത്മകതമരണത്തിനോടൊപ്പം അവസാനിക്കാത്തമറിച്ചു പൂര്‍വ്വികരുടെ ലോകത്തേക്കുള്ള തുടര്‍ച്ചയെന്ന ജീവിതമെന്നതിനെ കുറിച്ചുള്ള ആഫ്രിക്കന്‍ ബോധ്യങ്ങള്‍ എന്നിവയെല്ലാം. 

"നഗരാന്തരിക തുടിപ്പുകളുടെ താളങ്ങള്‍ ലയിച്ചു ചേര്‍ന്ന ഈ സുധീരമായ നോവല്‍ അതിന്‍റെ സത്യസന്ധതയിലും വിശാല വീക്ഷണത്തിലും തികച്ചും അപ്രതിരോധ്യമാണ്അത് ഹില്‍ബ്രോയെയും ടിരഗാലോംഗിനെയും ഓക്സ്ഫോര്‍ഡിനെയും കൂട്ടിച്ചേര്‍ക്കുന്നു. 'ഡ്രംഎഴുത്തുകാര്‍ സോഫിയാ ടൗണിനെ എഴുത്തിലൂടെ രൂപപ്പെടുത്തിയത് പോലെ അത് ഹില്‍ബ്രോ ജീവിതത്തിന്‍റെ ഉള്ളുകള്ളികള്‍ പുറത്തെടുക്കുന്നു."

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 38-46)

Read more:

The Madonna of Excelsior by Zakes Mda

https://alittlesomethings.blogspot.com/2017/12/blog-post.html

 

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html