Featured Post

Sunday, August 11, 2013

തുന്നിച്ചേര്‍ക്കുമ്പോഴും പിന്നിപ്പോവുന്നത്


കിടപ്പിലായവന്‍റെ കഥകളില്‍
അപ്പോഴും നിറയുന്നു
ദേശാടനപ്പെരുമ .
മരുന്നു മണത്തിന്‍റെ തടവില്‍
നിശ്ശബ്ദതയുടെ അമാവാസിയില്‍
ബോധത്തിന്റെ ചിലന്തി നൂലില്‍
കൊരുത്തെടുക്കുന്നുണ്ടയാള്‍
ഒരു നേരത്തിനുള്ള സ്മൃതിയന്നം.

തരികെനിക്കെന്‍റെ വഴിപ്പിണക്കങ്ങള്‍,
തരികെനിക്കെന്നലോസരങ്ങള്‍
മൃതിയോരങ്ങളില്‍ ഇറങ്ങിപ്പോയവര്‍
രാവറുതിയിലെ ഭ്രാന്തന്‍റെ രോദനം
വഴിയമ്പലത്തിലെ രാക്കൂട്ട്‌
നരച്ചു നനഞ്ഞ തെരുവോരങ്ങള്‍
നാണം കൂമ്പിയ കൊലുസിന്നോര്‍മ്മ
മാന്തളിര്‍ചോപ്പായെന്റെ ബാല്യം
മന്ദാര ഇലകളായ് താരുണ്യം
നിറഞ്ഞൊഴിഞ്ഞ ജീവിതപ്പച്ച.

നിറങ്ങളടര്‍ന്നുമിണചേര്‍ന്നും
ശിഥിലമാകുന്നുണ്ട് ചിന്തകള്‍.
ചേര്‍ത്തു തുന്നി തിരിച്ചെടുക്കാനാവില്ല
സ്വപ്ന ഖണ്ഡങ്ങള്‍ കൊണ്ട്-
മന്ദാരമല്ല, കാഞ്ഞിരം കൈയ്ക്കു-
മീ നിറം കെട്ടു പോയ ജീവിതം.

Sahib Bibi Aur Ghulam (1962) Abrar Alvi/ Guru Dutt/ Meena Kumari

Movie Talks:10


Sahib Bibi Aur Ghulam (1962)
Hindi, Produced by Guru Dutt
Directed by Abrar Alvi
Based on the novel by Bimal Mithra

                 ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ Sahib Bibi Aur Ghulam, ബ്രിട്ടീഷ് ഇന്ത്യയില്‍ ബംഗാളിലെ ഫ്യൂഡല്‍- ഹവേലി സംസ്കൃതിയുടെ ദുരന്ത പൂര്‍ണ്ണമായ അന്ത്യത്തിന്റെ പശ്ചാത്തലത്തില്‍, ബിമല്‍ മിത്രയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അബ്രാര്‍ അലവി സംഭാഷണങ്ങള്‍ രചിച്ചു സംവിധാനം ചെയ്തു 1962-ല്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടൈറ്റില്‍ മൂന്ന് ജീവിതങ്ങളെ സൂചിപ്പിക്കുന്നു: നാശോന്മുഖമായ സംസ്കൃതിയുടെ ജീര്‍ണ്ണതകളുടെ പ്രതീകമായ സാഹിബ് (Rahman), ഏകാന്തതയുടെയും അവഗണനയുടെയും നെരിപ്പോടായി സുന്ദരിയും നിഷ്കളങ്കയുമായ കുലവധു ചോട്ടി ബഹു (Meena Kumari), അഭ്യസ്ഥ വിദ്യനും അവരുടെ അടുത്ത സുഹൃത്തുമായിത്തീരുന്ന പാര്‍ട്ട്‌ ടൈം ജീവനക്കാരന്‍ ഭൂത നാഥ് (Guru Dutt). 

                 ചിത്രാരംഭത്തില്‍ മധ്യവയസ്കനായ ആര്‍ക്കിട്ടെക്റ്റ് ഭൂത നാഥ്, പൊളിച്ചെടുക്കുന്ന ഹവേലിയില്‍ ചുറ്റിത്തിരിയവേ, ചോട്ടി ബഹുവിന്റെ പതിഞ്ഞതും സ്നേഹപൂര്‍ണ്ണവുമെങ്കിലും ആജ്ഞാ ശക്തിയുള്ള ക്ഷണം അശരീരിയായി കേള്‍ക്കുന്നു: “വരൂ, ഇരിക്കൂ!” തുടര്‍ന്ന് ഫ്ലാഷ് ബാക്കിലൂടെ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലേക്കാണു ചിത്രം നമ്മെ കൊണ്ടു പോവുന്നത്. ജോലി തേടി കല്‍ക്കത്തയിലെത്തുന്ന ഭൂത നാഥ്, നാട്ടുകാരനും ഹവേലിയില്‍ ജീവനക്കാരനുമായ സുഹൃത്തിനൊപ്പം ഹവേലിയിയെത്തുന്നു. ബ്രഹ്മോസമാജുകാരനായ സുബിനയ ബാബുവിന്റെ മോഹിനി സിന്ദൂര്‍ കമ്പനിയില്‍ ജോലി കിട്ടുന്നതോടെ അയാള്‍ സുബിനയബാബുവിന്റെ മകള്‍ ജബാ മയി (Waheeda Rahman)യെ പരിചയപ്പെടുന്നു. ജബ അയാളെ ഒരു അപരിഷ്കൃതനായ നാട്ടുമ്പുറത്തുകാരനായാണ് കാണുന്നത്. ഒരു രാത്രി ഹവേലിയിലെ ഭൃത്യന്‍ ബന്‍സി, ഭൂത നാഥിനെ ചോട്ടി ബഹുവിന്റെ അടുക്കല്‍ കൊണ്ട് പോവുന്നു. മദ്യവും നൃത്തശാലകളും രാത്രിസഞ്ചാരങ്ങളുമായി, കുടുംബത്തില്‍ അടങ്ങിക്കഴിയുന്നത് പ്രഭുകുല പുരുഷന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നമട്ടില്‍ കഴിയുന്ന ഭര്‍ത്താവിനെ ആകര്‍ഷിക്കാനും തന്നോട് ചേര്‍ത്തു നിര്‍ത്താനും അവര്‍ക്ക് മോഹിനി സിന്ദൂര്‍ വേണം. ആ ഭസ്മത്തിന് ഭര്‍ത്താവിനെ ആകര്‍ഷിക്കാനും കുടുംബത്തില്‍ ചേര്‍ത്തു നിര്‍ത്താനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ഏകാന്തതയും അതിനെ അവര്‍ നേരിടുന്ന കുലീനതയും അവരുടെ സൌന്ദര്യത്തോടൊപ്പം ഭൂത നാഥിനെ മുഗ്ദ്ധനാക്കുന്നു. കന്മഷമറ്റ ഒരപൂര്‍വ്വ സൗഹൃദം -അന്യ പുരുഷന്‍ തികച്ചും അസ്പൃശ്യനായ ഹിന്ദു കുല വധുവും അത്ര വലിയ കുല മഹിമ അവകാശപ്പെടാനില്ലാത്ത യുവാവായ ജീവനക്കാരനും തമ്മിലുള്ള സൗഹൃദം - അങ്ങനെ തുടങ്ങുന്നു. ഇതിനിടെ, ബ്രിട്ടീഷ് പട്ടാളവും സ്വാതന്ത്ര്യപ്പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബോംബേറില്‍ പരിക്കേല്‍ക്കുന്ന ഭൂത നാഥനെ ജബാമായി ശുശ്രൂഷിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിന്റെ ആകര്‍ഷിക്കാനായി അയാളോടൊപ്പം മദ്യപിച്ചു തുടങ്ങുന്നതോടെ ചോട്ടിബഹുവിന്റെ പതനം തുടങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം കല്‍കത്തയില്‍ തിരിച്ചെത്തുന്ന ഭൂത നാഥ് ഹവേലിക്ക് സംഭവിച്ച പതനം കാണുന്നു. ചോട്ടിബഹു പൂര്‍ണ്ണമായും മദ്യത്തിന് അടിമയായിരിക്കുന്നു. സാഹിബ് തളര്‍ന്നു കിടക്കുന്നു. സാമ്പത്തികത്തകര്‍ച്ച പൂര്‍ണ്ണമായിരിക്കുന്ന ഹവേലി ഒരു പ്രേത ഭവനമായിരിക്കുന്നു. ഇതിനിടെ സുബിനയ ബാബു മരിച്ചു പോയതും തന്റെ കുട്ടിക്കാലത്ത് നടന്ന ശൈശവ വിവാഹത്തിലെ വധു ജബാമായി ആയിരുന്നുവെന്നതും ഭൂത നാഥ് തിരിച്ചറിയുന്നു. അടുത്തുള്ള ഒരു പുണ്യസ്ഥലത്ത് പോയി ഭര്‍ത്താവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തനിക്കു കൂട്ട് പോരണമെന്നു ചോട്ടി ബഹു, ഭൂത നാഥനോട് ആവശ്യപ്പെടുന്നു. ഇത് ഒളിഞ്ഞു കേള്‍ക്കുന്ന വലിയ പ്രഭു, അന്യ പുരുഷനോടൊപ്പം പുറത്തു പോവാന്‍ തയാറാവുന്ന ചോട്ടി ബഹുവിനെ വക വരുത്താന്‍ ഏര്‍പ്പാടാക്കുന്നു. യാത്രാ മദ്ധ്യേ ആക്രമിക്കപ്പെടവേ ബോധരഹിതനാവുന്ന ഭൂത നാഥ്, ചോട്ടി ബഹുവിനെ കാണാതായ വിവരം പിന്നീടറിയുന്നുണ്ട്.

                 വര്‍ത്തമാന കാലത്തിലേക്ക് നാം തിരിച്ചെത്തുന്നത്, ഹവേലി കിളച്ചു മറിക്കുന്ന പണിക്കാര്‍ ഒരു ജഡം കണ്ടെത്തിയ വിവരം ഭൂത നാഥനെ അറിയിക്കുന്നതോടെയാണ്. കൈപ്പത്തിയില്‍ കണ്ടെത്തുന്ന വളയില്‍ നിന്ന് അയാള്‍ ചോട്ടി ബഹുവിനെ തിരിച്ചറിയുന്നു. ചിത്രാന്ത്യത്തില്‍, നോവലില്‍ നിന്ന് വ്യത്യസ്തമായി, ഭൂത നാഥ്, ജബാമയിയെ വിവാഹം ചെയ്തതായി നമ്മള്‍ കാണുന്നു.

                    വളര്‍ന്നു വരുന്ന ബൂര്‍ഷ്വാ സംസ്കൃതിയില്‍ തകര്‍ന്നു പോവുന്ന ഫ്യൂഡല്‍ സംസ്കാരത്തോടൊപ്പം സ്വാതന്ത്ര്യ സമരത്തിന്റെ സംഘര്‍ഷങ്ങളും ചേര്‍ന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച ദുരന്ത നായികയായി മീനാ കുമാരി വാഴ്ത്തപ്പെടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചോട്ടി ബഹുവായുള്ള അവരുടെ പ്രകടനം. അമിത മദ്യപാനത്തിന്റെ നിലയില്ലാ കയങ്ങളില്‍ വീണു പോവുന്ന നായികാ കഥാപാത്രം, അക്കാലത്ത് പാശ്ചാത്യരെ പോലും ഞെട്ടിച്ചതിന്റെ തെളിവായിരുന്നു ഓസ്കാര്‍ പരിഗണനക്ക്‌ വന്ന ചിത്രത്തെ കുറിച്ച് ഉണ്ടായ നിരുത്സാഹ ജനകമായ നിരീക്ഷണങ്ങള്‍. എന്നാല്‍, കാലത്തിനു മുന്‍പേ നടന്ന ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായ ഗുരുദത്തിനും, പ്രതിഭാശാലിയായ യുവ സുഹൃത്തും നാടക രചയിതാവുമായിരുന്ന സംവിധായകന്‍ അബ്രാര്‍ അലവിക്കും ചിത്രത്തെ കുറിച്ചും അതിന്റെ വിജയത്തെ കുറിച്ചും സന്ദേഹമേതും ഉണ്ടായിരുന്നില്ല. സത്യത്തില്‍, 'പ്യാസാ'(1957) യുടെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ ഇനി താന്‍ സംവിധാനം ചെയ്യില്ലെന്ന് ഗുരുദത്ത് തീരുമാനിച്ചതിന്‍ പ്രകാരമായിരുന്നു ആ ചുമതല സുഹൃത്ത് ഏറ്റെടുത്തത് തന്നെ. എന്നാല്‍, ചിത്രം ഗുരുദത്ത് തന്നെ പേര് വെക്കാതെ സംവിധാനം ചെയ്തതാണെന്നു (ghost-directing) അന്നേ വിമര്‍ശനമുണ്ടായിരുന്നെങ്കിലും, ഗാന രംഗങ്ങളുടെ കാര്യത്തില്‍ മാത്രം അത് ശരിയാണെന്ന് പിക്കാലത്ത് അബ്രാര്‍ അലവി തന്നെ സമ്മതിച്ചിട്ടുണ്ട്.
                   എന്തൊക്കെയായാലും ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷണീയ ഘടകം മീനാകുമാരിയുടെ പ്രകടനം തന്നെയാണ്. 1972-ല്‍ തന്റെ നാല്പത്തൊന്നാം വയസ്സില്‍ പരിത്യക്തയും പരമ ദരിദ്രയുമായി അമിത മദ്യപാനത്തിന്റെ ഇരയായി ലിവര്‍ സീറൊസിസ് ബാധിച്ചു മരിച്ച ഇന്ത്യന്‍ സിനിമയിലെ 'ദുരന്ത റാണി' ('tragedy queen') യെ സംബന്ധിച്ചേടത്തോളം, ചോട്ടി ബഹുവിന്റെ കഥാപാത്രം അറം പറ്റുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിസ്മരണീയമായ സംഗീതവും (Hemant Kumar) ഗാനങ്ങളും (Shakeel Badayuni) ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങളില്‍പ്പെടുന്നു. എന്നാല്‍ ഒടുവില്‍ അത് തന്നെയാണ് ചിത്രത്തിന്‍റെ ജീവനാഡി: മീനാ കുമാരിയെന്ന അസാമാന്യ പ്രതിഭയുടെ പരകായപ്രവേശം.

Friday, July 19, 2013

നക്ഷത്രങ്ങളില്‍ ഇറക്കി വെച്ചത്

വേദനയുടെ കടലോളങ്ങളില്‍
തീരം നഷ്ടപ്പെട്ട നാള്‍മുതല്‍
സ്വൈര്യം കെടുത്തി തുടങ്ങിയതാണ്‌.
ആശുപത്രികിടക്കയുടെ മുഷിപ്പന്‍ മണത്തിലും
തീവ്ര പരിചരണ വിഭാഗത്തിലെ
മൗനം പൊതിഞ്ഞ കൃത്രിമത്തണുപ്പിലും
പറഞ്ഞു കൊണ്ടേയിരുന്നതാണ്.

പിന്നെ ചുണ്ടുകള്‍ക്ക് വാക്കുകളും
കണ്ണുകള്‍ക്ക്‌ കണ്ണീരും
നഷ്ടമായ നിശ്ചേതന ദിനങ്ങളില്‍
മൂക യാചനയായിരുന്നു,
എനിക്ക് വഴങ്ങാതെ വയ്യാത്തത്:
അനുവാദം നോക്കേണ്ടെന്ന്
ദൈവത്തിന്റെ പോലും-
പ്രിയനേ, നീയല്ലെങ്കില്‍ പിന്നെയാര്!

നക്ഷത്രങ്ങള്‍
വിളക്ക് കൊളുത്തിയ ആകാശത്തിലാണ്
ഭൂമിക്കു പൊള്ളുന്ന വേദനകള്‍
ഇറക്കി വെക്കുക.
അല്ലെങ്കില്‍ എന്ത് കൊണ്ടാണ്
മരിച്ചു പോയവര്‍
അവിടെയിരുന്നു ചിരിക്കുന്നത്?

Friday, July 12, 2013

അപചയങ്ങള്‍

കടല്‍ തിരകളെണ്ണി
ഗസല്‍ മൂളുമായിരുന്ന പാട്ടുകാരാ,
നീ പറഞ്ഞു തുടങ്ങുമ്പോഴേ
എനിക്കറിയാമായിരുന്നു
നിന്റെ പ്രണയം പുകഞ്ഞു പോയെന്ന്.
എങ്ങനെയെന്നു നീ പറയേണ്ടതില്ല:
രണ്ടു മനുഷ്യര്‍ ചേരുമ്പോള്‍
മിന്നല്‍ പ്പിണരുകള്‍ ഉണ്ടാവുമെന്നും
അതിലെന്തും ദഹിക്കുമെന്നും
എനിക്കും അറിയാത്തതല്ല.

നിഷ്കാസിതന്റെ മിഴിനീരില്‍
നെഞ്ചെരിയുമായിരുന്ന സുഹൃത്തെ,
ഭൂമിക്കച്ചവടത്തിന്റെ ഇടനില വിദ്യയില്‍
നിന്റെ വിപ്ലവം ഒടുങ്ങിയതെങ്ങനെയെന്ന്
നീ പറയാതറിയാം എനിക്കും.
രണ്ടു വര്‍ഗ്ഗങ്ങളുടെ ബാന്ധവത്തില്‍
കോമ്പല്ലുകള്‍ വളരുമെന്നും
ഒരുനാള്‍ അത്
ദുര്‍ബ്ബലനില്‍ ആഴ്ന്നിറങ്ങുമെന്നും
ചരിത്രം സാക്ഷി.

അക്ഷരങ്ങളിലെ അഗ്നിയില്‍
യൗവനം ഹോമിച്ച കവേ,
അക്കാദമിക്കോലായിലെ വെടിവട്ടത്തില്‍
നിന്റെ സൂര്യനുദിച്ചതെങ്ങനെയെന്ന്
നീ പറയാതറിയാം ആര്‍ക്കും.
അരാജക വാദിയുടെ വിണ്ട പാദങ്ങള്‍
പുരസ്കൃതന്റെ മിതോഷ്ണ ലഹരിയില്‍
അടുത്തൂണ്‍ പറ്റുമെന്ന്
കൊട്ടാരം കവികളുടെ
നാള്‍ വഴി ചരിതം.

Tuesday, July 9, 2013

പുലി കളി

കുറെ ദിവസമായി
പുലിയിറങ്ങിയെന്നു വിറക്കുകയായിരുന്നു
കൂട്ടത്തിൽ ചുണയുള്ളവർ
കൂട്ടം ചേർന്ന് വേട്ടക്കിറങ്ങി
യൂണിഫോമിട്ട് കുറുവടി തോക്കേന്തി
കാടെളക്കാന്‍ പോലീസെത്തി.  
പുലിയില്ലെങ്കിലും കഥകളേറെ:  
ഹിമ മനുഷ്യന്റെ പാദങ്ങളെന്നും
അല്ല; ഉറുമ്പ്‌ തീനിയുടെ നഖപ്പാടെന്നും
പുള്ളിപ്പുലിയുടെ പുറം തോലെന്നും
മൂങ്ങക്കണ്ണിന്റെ മൂർച്ചയെന്നും
പേടമാൻ കണ്ണിന്റെ തെളിച്ചമെന്നും.

വേട്ടക്കു കേറിയോൻ
കാട്ടുതേൻ കിടാത്തിയെ കൂട്ടിനെടുത്തതും
മുക്കൂട്ടു കവലയിൽ പിന്നൊരു വെളുപ്പിന്
ചോരവാർന്നവൾ ചത്തു കിടന്നതും....  

ചൈന വഴി മാവോപ്പുലി
ചാനൽ പയ്യന്റെ അപസർപ്പകപ്പുലി
വെടിയേറ്റ നെഞ്ചായ് തമിഴ്പ്പുലി
തെലിങ്കാന മണ്ണീന്നു നക്സലൈറ്റ് പുലി
കാശ്മീര് താണ്ടിയൊരു തീവ്രൻ പുലി
ബുദ്ധഗയേലും മുജാഹിദീന്‍ പുലി
റെയിൽ വഴി റോഡു വഴി
നട വഴി,യിട വഴി ഇരുൾവഴി 
ജല വഴി, ആകാശ വഴി
പല വഴി പെരുവഴി
ഈ പുലി വഴി.

Saturday, July 6, 2013

ജലസമാധിയുടെ ദിനങ്ങള്‍

മഴക്കാലത്തിന്റെ ബാക്കിപത്രത്തില്‍
നിറഞ്ഞൊഴുകും പുഴയും
താഴ്വരപ്പച്ചയും മാത്രമല്ല,
തണുത്തു മരിച്ച പൂച്ചക്കുഞ്ഞുങ്ങളും
ചോര്‍ന്നമര്‍ന്ന കുടിലുകളുമുണ്ട്.

മൂടിപ്പോയ പാട വരമ്പുകളില്‍
ധ്യാന നിരതരായ കൊറ്റികള്‍-
മഴ കായാനെത്തിയ ജലജീവികള്‍
നീളന്‍ കൊക്കിലൊടുങ്ങുന്നു.

നിരാലംബരായ മല ദൈവങ്ങളുടെ
തോറ്റുപോയ തട്ടകങ്ങളില്‍
ചെറിയ മനുഷ്യരുടെ ദൈന്യം
വിശപ്പും മൃതിയുമായി
നനഞ്ഞു കുതിരുന്നു.

ഉരുള്‍ പൊട്ടിയ മലയോരങ്ങളില്‍
കാത്തുവെച്ച കര്‍ഷക സ്വപ്നങ്ങള്‍
മേയാന്‍ വിട്ട മാടുകള്‍ക്കൊപ്പം
ഒടുങ്ങിപ്പോയിരിക്കുന്നു.

പനിച്ചു വിറയ്ക്കുന്ന രാപ്പകലുകള്‍
ആശുപത്രി വരാന്തകളില്‍
വായ്‌ കീറിയ ദൈവമില്ലാതെ
ഈറന്‍ കമ്പളങ്ങളില്‍
കൂനിക്കൂടിയിരിക്കുന്നു.

കുടിലണയാത്ത മുക്കുവന്‍
പുകയാത്ത അടുപ്പിനരികില്‍
അലകടല്‍ രൗദ്രമായി
നെഞ്ചിലെ കൊടുങ്കാറ്റാവുന്നു.

മുങ്ങി മരിച്ച കുഞ്ഞിന്
അന്ത്യ വീടൊരുക്കവേ:
'വെള്ളത്തെപ്പേടിയാണവന്ന്,
മഴ നനയാതടക്കണ' മെന്നു
ഓര്‍മ്മിപ്പിക്കുന്നുണ്ടച്ഛന്‍.

പുഴകിവീണ വന്മരങ്ങളില്‍
കിളിക്കുഞ്ഞുങ്ങള്‍ക്കും ശ്രാദ്ധം:
ജലസമാധിയുടെ ദിനങ്ങളില്‍
ഉടലഴിഞ്ഞവര്‍ക്ക്,
അവതാരപ്പൊരുള്‍ തേടി
മത്സ്യാന്നമായവര്‍ക്ക്.

Wednesday, July 3, 2013

Movie Talks: 9 Aguirre: the Wrath of God (1972)

Movie Talks: 9

Aguirre: the Wrath of God (1972)
Germany, Direction: Werner Herzog.

ജര്‍മ്മന്‍ നവ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ശില്‍പ്പികളില്‍ ഒരാളായ വെര്‍ണര്‍ ഹെര്‍സോഗിന്റെ സുപ്രസിദ്ധ ചിത്രം.
ഹെര്‍സോഗിന്റെ പ്രധാന നായക നടന്‍ ക്ലോസ് കിന്‍സ്കി (Klause Kinski) പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് സാഹസിക പര്യവേഷകന്‍ (Conquistador) ആയ ലോപേ ഡി അഗ്വിരെയെ അവതരിപ്പിക്കുന്നു. ഭ്രാന്തമായ ഏകാഗ്രതയോടെ പുരാണ പ്രോക്തമായ എല്‍ ഡൊരാടോ (El Dorado) എന്ന സ്വര്‍ണ്ണ നഗരി തേടിപ്പോകുന്ന ഗോണ്‍സാലോ പിസാരോയുടെ സംഘത്തില്‍ രണ്ടാം കമാണ്ടര്‍ ആണയാള്‍. പെറൂവിയന്‍ വനാന്തരങ്ങളുടെയും ആമാസോണിന്റെയും വന്യതയിലും ഗോത്ര വര്‍ഗ്ഗക്കാരുടെ ആക്രമണങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും പെട്ട് പകര്‍ച്ച വ്യാധികളുടെയും പട്ടിണിയുടെയും ഒടുവില്‍ സംഘാംഗങ്ങള്‍ പടി പടിയയുള്ള ഉന്മാദത്തിലേക്കും മരണങ്ങളിലേക്കും വഴുതി വീഴുന്നു. ഭീഷണിയിലൂടെയും കൊല പാതകങ്ങളിലൂടെയും സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അഗ്വിരെ, സ്വയം 'ദൈവത്തിന്‍റെ രോഷ' (The Wrath of God) മായി പ്രഖ്യാപിക്കുന്നു. ഒടുവില്‍, എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ അയാളുടെ ഏക മകളും കൊല്ലപ്പെടുന്നുണ്ട്. ചിത്രാന്ത്യത്തില്‍ ഉന്മാദിയായി തീരുന്ന അഗ്വിരെ, ഒരു കൂട്ടം കുരങ്ങന്മാര്‍ കീഴടക്കുന്ന, ചുറ്റും ശവങ്ങള്‍ മാത്രമുള്ള ചങ്ങാടത്തില്‍, എകാന്തനായി നില്‍ക്കുന്നു. അവസാന രംഗത്തില്‍, ആമസോണിന്റെ വിശാല വിജനതയില്‍ ചുറ്റും അകന്നകന്നു പോവുന്ന വൃത്തങ്ങളില്‍ ഒറ്റപ്പെട്ട ചങ്ങാടത്തിനു വലം വെക്കുന്ന കാമറ, ഒറ്റപ്പെടലിന്റെയും ദുരന്തത്തിന്റെയും ഒരവബോധം സൃഷ്ടിക്കുന്നു. ഫാസിസ്റ്റ് മാനസികാവസ്ഥയുടെ ഒരു പ്രതീകമായി ചിത്രത്തെ കാണാമെങ്കിലും ഉന്മാദിയായ നായകനോടുള്ള ഭയവും അത്ഭുതവും കലര്‍ന്ന ഒരു ആരാധനാ മനോഭാവം പ്രേക്ഷകനില്‍ ഉണ്ടാവുന്നുണ്ട്.

ഹെര്‍സോഗ്- കിന്‍സ്കി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണ് അഗ്വിറെ. പില്‍ക്കാലത്ത് Nosferatu, Fitzcarraldo തുടങ്ങിയ വിഖ്യാദ ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് നമുക്ക് കാണാം. ഉന്മാദത്തിന്റെ വക്കോളമെത്തുന്ന മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവരോ അഥവാ സ്വയം അത് ഏറ്റു വാങ്ങുന്നവരോ ആയ ഹെര്‍സോഗ് കഥാ പാത്രങ്ങളുടെ മികച്ച ഉദാഹരണമാണ് അഗ്വിരെ. ഭ്രാന്തമായ കരുത്തോടെയും, ആവേശത്തോടെയും അയാള്‍ തന്റെ ലക്ഷ്യത്തിലേക്ക് പോകുന്നു. വിജയസാധ്യത ഒട്ടുമില്ല എന്നത് അയാള്‍ക്ക്‌ പ്രശ്നമാവുന്നതേയില്ല. ദുരന്തങ്ങള്‍ക്ക് വിധിക്കപ്പെട്ട ഈ മനുഷ്യന്‍ സാധാരണ മനുഷ്യ ജീവിത സീമകള്‍ക്കപ്പുറം വളര്‍ന്നു നില്‍ക്കുന്നു.

ആന്റിസ് പര്‍വ്വത സാനുക്കളിലെ ചെങ്കുത്തായ ഓരങ്ങളിലൂടെ ഉറുമ്പിന്‍ കൂട്ടം പോലെ അരിച്ചു നീങ്ങന്ന കുറെ തളര്‍ന്ന പര്യവേഷകരും അവരുടെ തദ്ദേശീയരായ ഭൃത്യരും ചേരുന്ന ആദ്യ ദൃശ്യം തന്നെ, പ്രേക്ഷകനെ ഒരസാധാരണ അനുഭവത്തിനു തയാറാക്കുന്നുണ്ട്. പ്രചണ്ഡമായ മാനസികാവസ്ഥയുള്ള അതുല്യ നടന്‍ ക്ലോസ് കിന്‍സ്കി, ഹെര്‍സോഗ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയ പൂര്‍ണ്ണതയും ചെറുതല്ല. ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷ, വളരെ കുറച്ചു മാത്രം സംഭാഷണങ്ങളും സംഭവഗതികളുമുള്ള ഇതിവൃത്ത ഘടനയില്‍ ഏറെ ശക്തമായി അനുഭവപ്പെടും. ഹെര്‍സോഗ് തന്റെ ചിത്രങ്ങളില്‍ പുലര്‍ത്തിയ ചിത്രീകരണ പരമായ യഥാതഥ സ്വഭാവവും അതിനു വേണ്ടി എടുക്കുന്ന സാഹസികമെന്നു തന്നെ പറയാവുന്ന വിഷമതകളും പ്രസിദ്ധമാണ്. അഗ്വിരെയില്‍ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും മുഴുവന്‍ ചിത്രീകരണ കാലവും പെറുവിയന്‍ മഴക്കാടുകളിലെ വന്യതയില്‍ കഴിയാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. ചിത്രത്തിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളില്‍, റ്റൊമസ് മോഷ് (Thomas Mauch) ന്‍റെ ചായ ഗ്രഹണവും, മയന്‍ ഇതിഹാസങ്ങളിലെ ഉല്‍പത്തി കഥയുമായി ബന്ധപ്പെട്ട പേരില്‍ അറിയപ്പെട്ട സംഗീത ഗ്രൂപ്പ് ആയ പോപോള്‍ വു (Popol Vuh) ചെയ്ത പശ്ചാത്തല സംഗീതവും ഉള്‍പ്പെടുന്നു.