Featured Post

Wednesday, July 26, 2017

An Unnecessary Woman by Rabih AlameddineHist


പുസ്തകങ്ങള്‍ക്കൊരു സ്തുതിഗീതം




 

ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന, സമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹിക, അധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

സ്വയം ബഹിഷ്കൃതയുടെ ഇടം

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ല, അവര്‍ അംഗീകരിക്കില്ലെങ്കിലും, കടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവും, റിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്, അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍, തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുക. ഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന, ഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്ന, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്, എഴുത്തുകാര്‍ക്ക്, ത്രസിപ്പിച്ച, പ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, ആശയങ്ങള്‍ക്ക്, സര്‍ഗ്ഗാനുഭാവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുക, വേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംഗ് വെ, ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍ വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്.

തനിയെ ആകുന്നതിനു മുമ്പ് കുറഞ്ഞൊരു കാലം ‘ഭര്‍ത്താക്കന്മാര്‍ സര്‍വ്വ ശക്തരായിരിക്കേണ്ട ലോകത്ത്’ ഒന്നിനും കൊള്ളാത്ത ‘ഒരു പുഴുവിനെ പോലുള്ള’ പൗരുഷവും അതെ സമയം സ്ത്രീയുടെ നേരെ പുരുഷ മേധാവിത്ത സമൂഹത്തിന്റെ മുഴുവന്‍ അവഗണനയും അടയാളപ്പെടുത്തിയ ഒരു ഭര്‍ത്താവുണ്ടായിരുന്നു ആലിയക്ക്‌. “ആഹ്, ഒരു ഭീകര സ്വത്വത്തെ പ്രതീക്ഷിച്ചയിടത്തു ഒരു പുഴുവിനെ കണ്ടെത്തുന്നതിന്റെ നൈരാശ്യം.” അസംബന്ധപൂര്‍ണ്ണമായ വൈരുദ്ധ്യത്തില്‍ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്ത ഉദ്ധാരണവുമായി ഒരു ദിവസം ബസ്സുയാത്രക്കിടെ ഹൃദയസ്തംഭനം വന്നു അയാള്‍ മരിക്കുന്നത്, മയ്യിത്തിനു ചുറ്റും അടക്കിപ്പിടിച്ച ചിരിയുയര്‍ത്തുന്നുണ്ട്. ഒരു ഘട്ടത്തിലും അവള്‍ അയാളെ സ്നേഹിച്ചിട്ടില്ല. മാക്ബത്ത് നാടകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ച് ആലിയ തന്റെ ദാമ്പത്യത്തെ വിശദീകരിക്കുക ഇങ്ങനെയാണ്: “ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് അത് വേണ്ടെന്ന വെച്ചതിനേക്കാള്‍ യോജിച്ച ഒന്നുമുണ്ടായിരുന്നില്ല.” രണ്ടാം വയസ്സില്‍ മരിച്ചു പോയ പിതാവോ, ഒട്ടും വൈകാതെ നടത്തിയ രണ്ടാം വിവാഹത്തിലെ മക്കളെ മാത്രം സ്നേഹിച്ച തൊണ്ണൂറു കടന്നും ജീവിച്ചിരിക്കുന്ന സന്നി ബാധിച്ച ഉമ്മയോ അവള്‍ക്ക് തുണയായിട്ടില്ല. ഉമ്മയുടെ അവഗണന അതിന്റെ പരമാവധിയായി, ക്രൂരമായിത്തന്നെ ആലിയ തിരിച്ചു കൊടുക്കുന്നുമുണ്ട്‌. ഉമ്മയുടെ സംരക്ഷണം ആലിയ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ഫ്ലാറ്റില്‍ എത്തുന്ന അര്‍ദ്ധ സഹോദരനെയും ഭാര്യയേയും ‘മൂന്നു ദുര്‍മന്ത്രവാദിനകള്‍ ചേര്‍ന്ന് തിരിച്ചയക്കുന്ന രംഗം ഒരു ഭ്രമക്കാഴ്ചയില്‍ എന്നോണമാണ് ആലിയ കാണുക, “ഒരു അന്റൊനിയോനി സിനിമ സബ്‌ ടൈറ്റില്‍ ഇല്ലാതെ കാണും പോലെ” താനെല്ലാം നോക്കി നിന്നു എന്നാണു ആലിയ അത് വിവരിക്കുക. അര്‍ദ്ധ സഹോദരങ്ങള്‍ക്കാകട്ടെ ആലിയയുടെ അപാര്‍ട്ട്മെന്റില്‍ ആണ് കണ്ണ്. താന്‍ ജനിച്ച മുപ്പതുകളില്‍ നാട് പതിനാലാം നൂറ്റാണ്ടില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആലിയ ഓര്‍ക്കുന്നു. പതിനെട്ടാം വയസ്സിലാണ് പിതാവ് വിവാഹിതനായത്. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ ഉമ്മാക്ക് പതിനെട്ടായിരുന്നു പ്രായം. “പതിനാറാം വയസ്സില്‍ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു, എനിക്കുണ്ടായിരുന്ന ഒരേയൊരു സ്വന്ത ഇടമായ സ്കൂളില്‍ നിന്ന് ഒട്ടും പാകമാകാതെ പറിച്ചെടുക്കപ്പെട്ടവള്‍, എന്നിട്ട് വീട്ടു പടിക്കലെത്തിയ ഒട്ടും ചേരാത്ത ആദ്യത്തെ ആലോചനക്കാരന്, രൂപത്തിലും ആത്മാവിലും കുറിയ ഒരുത്തന് ദാനം ചെയ്യപ്പെട്ടവള്‍.” 1982-ലെ ഇസ്രായേലിന്റെ ബൈറൂത്ത് ഉപരോധ കാലത്ത് കഴിവുള്ളവരെല്ലാം നഗരം വിട്ടു പോയപ്പോഴും ആലിയ അത് ചിന്തിച്ചതേയില്ല. പലസ്തീനിയന്‍ ഗറില്ലകളും ഭവന ഭേദന സന്ദര്‍ഭങ്ങളില്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് ആലിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1977-ല്‍ യുദ്ധാരംഭത്തിലൊരിക്കല്‍ മനപ്പൂര്‍വ്വം ക്ലോസെറ്റ് ഉപയോഗിക്കാതെ തറയില്‍ വിസര്‍ജ്ജിച്ചു വെച്ചവരെ കുറിച്ച് അവര്‍ പറയുന്നുണ്ട്: “ആണുങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുക അസാധാരണമായിരുന്നില്ല.” ഇസ്രയേലികളും പലസ്തീനികളും ലബനാന്‍കാരും ഇറാന്‍, സിറിയ, ക്രിസ്ത്യന്‍, ജൂത, മുസ്ലിം ഭദമെന്യേ എല്ലാവരും അത് ചെയ്തുവന്നു. “പുരുഷനെ സംബന്ധിച്ച് ഈ പ്രേരണ, സൃഷ്ടിസമയത്തു അവന്റെ കോശങ്ങളില്‍ നിക്ഷേപിച്ചത്, മൃഗീയമായ രീതിയില്‍ യുദ്ധ ഘട്ടങ്ങളില്‍ വിമോചിതമാകും.” ഈ സംഭവത്തെ തുടര്‍ന്നാണ്‌ അവള്‍ ഒരു കലാഷ്നിക്കൊവ് സ്വന്തമാക്കുന്നത്.

ഏകദൈവം എന്ന നാസി

ഇന്ന്, മൂന്ന് ദുര്‍മ്മന്ത്രവാദിനികള്‍ (three witches) എന്ന് ആലിയ ആദ്യമൊക്കെ അവരെ അകറ്റി നിര്‍ത്താനുള്ള വ്യഗ്രതയിലും ഒടുവില്‍ സ്നേഹപൂര്‍വ്വവും വിശേഷിപ്പിക്കുന്ന മൂന്നു അയല്‍ക്കാരികള്‍ മാത്രമാണ് അവരുടെ അപൂര്‍വ്വ മാനുഷിക വിനിമയം. ജുമാന, ഫാദിയ, മേരി തെരേസ. എങ്കിലും അവരെ അകലെ നിന്ന് കേള്‍ക്കാനാണ്‌ ആലിയക്ക്‌ താല്‍പര്യം. “ഞാന്‍ തനിച്ചാണ്. അത് ഞാന്‍ നടത്തിയ തെരഞ്ഞെടുപ്പാണ്, എന്നിരിക്കിലും അത് മറ്റൊരു സാധ്യതയും ലഭ്യമല്ലാത്ത നിലക്ക് നടത്തിയ തെരഞ്ഞെടുപ്പും ആണ്. ബൈറൂത്ത് നഗരം ആ നാളുകളില്‍ വിവാഹമോചിതയും കുട്ടികള്‍ ഇല്ലാത്തവളുമായ സ്ത്രീകളെ താല്‍പ്പര്യപ്പെട്ടിരുന്നില്ല.” എല്ലാത്തിനും പുറമേ, ആലിയ മതരഹിതയും ദൈവരഹിതയുമാണ് എന്നതും വലിയ വ്യത്യാസമാണ്. അത്തരം കാര്യങ്ങളില്‍ പ്രകൊപനപരമാം വിധം വിഗ്രഹ ഭജ്ഞകസ്വഭാവമുള്ളതാണ് ആലിയുടെ നിരീക്ഷണങ്ങള്‍. എനിക്ക് ദൈവത്തിനു വേണ്ടി മാറ്റിവെക്കാന്‍ തീരെ സമയമുണ്ടായിരുന്നില്ലഅയാള്‍ക്ക്‌ എനിക്ക് വേണ്ടിയും. ഞാന്‍ മുതിര്‍ന്നപ്പോള്‍, എനിക്കങ്ങിനെ ഒന്നിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇമ്മാനുവേല്‍ ലെസിനാസ് പറഞ്ഞു ദൈവം 1941-ല്‍ സ്ഥലം വിട്ടെന്ന്. എന്റെ ദൈവം 1975-ല്‍ സ്ഥലം വിട്ടു. 1978-ലും 1982-ലും 1990-ലും. ലബനാനില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?  “ബരോക്കും റോക്കോയും തമ്മിലുള്ള വ്യത്യാസം എനിക്ക് വിവരിക്കാനായേക്കുംസൗത്ത് അമേരിക്കന്‍ മാജിക്കല്‍ റിയലിസവും അതിന്റെ സൗത്ത് ഏഷ്യന്‍, സബ്‌ സഹാറന്‍ വക ഭേദങ്ങളും തമ്മില്‍കാമുവിന്‍റെ നിഹിലിസവുംസാര്‍ത്രിന്റെ അസ്തിത്വ വാദവും തമ്മില്‍മോഡേണിസവും അതിന്റെ പോസ്റ്റ്‌ മോഡേണ്‍ രൂപവും തമ്മില്‍. എന്നാല്‍ നാസരൈറ്റുകളും ബാത്തിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് എന്നോട് ചോദിക്കരുത്.”  ശത്രുതാ സങ്കല്‍പ്പങ്ങളുടെ അസംബന്ധത്തെ കുറിച്ച് ആലിയ നിരീക്ഷിക്കുന്നുമിക്ക ശത്രുതകളുടെയും ഹൃദയത്തില്‍ പൊരുത്തപ്പെടാനാവാത്ത സാമ്യങ്ങളാണ്. നൂറു വര്‍ഷ യുദ്ധങ്ങള്‍ ഉണ്ടായത് യേശു ദൈവരൂപിയായ മനുഷ്യനാണോ അതോ മനുഷ്യ രൂപിയായ ദൈവമാണോ എന്ന ചോദ്യത്തിലാണ്. വിശ്വാസം മാരകമാണ്.” ഇസ്രയേല്‍ ഇന്ന് വേട്ടക്കാരനായത്തിന്റെ പിന്നിലെ ദൈവ സാന്നിധ്യം ഇങ്ങനെയാണ് അവര്‍ വിവരിക്കുക: ഇസ്രായേലിന്റെ ദൈവത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂപക്ഷെ സ്ഥിരത ഒരിക്കലും അവന്റെ ശക്തഗുണമല്ല. അവനൊരിക്കലും മനുഷ്യ കുലത്തോട് നേതി കാണിച്ചിട്ടില്ല. ഏകദൈവം ഒരു നാസിയാണ്.

ആലിയയെ സംബന്ധിച്ച് ദൈവ നിഷേധവും കുടുംബ നിഷേധവും മത നിഷേധവും, ഒരു വേള, മനുഷ്യ സമ്പര്‍ക്ക നിഷേധവും സൃഷ്ടിക്കുന്ന ശൂന്യത നിറക്കുന്നത് അവളുടെ സന്തത സഹചാരികളായജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എഴുത്തുകാരാണ്. പതിനാലാം വയസ്സില്‍ ആദ്യ  വിവര്‍ത്തനം തുടങ്ങിയ ആലിയ ക്ലാസ്സിക് അറബ് ഭാഷയോട് പ്രണയത്തിലായതാണ് അതൊരു ആസക്തിയായി വളരാന്‍ ഇടയാക്കുന്നത്. ഖുറാനിലെ കുട്ടിത്തം കലര്‍ന്ന ഉള്ളടക്കത്തെക്കുറിച്ച് മതിപ്പില്ലെങ്കിലും അതിന്റെ ശൈലിയെ തനിക്കു മാനിക്കാതെ വയ്യെന്ന് ആലിയ പറയുന്നുണ്ട്. ആരാധനയില്‍ താല്പര്യമില്ലെങ്കിലും മുഅല്ലഖാത് എന്ന ഏഴു മനോഹര കാവ്യങ്ങള്‍ തൂക്കിയിട്ട ഇസ്ലാമിക പൂര്‍വ്വ കഅബയുടെ ആശയം അവര്‍ക്കിഷ്ടമാണ്. ഒന്നിനും ഒരു നിശ്ചിതത്വവുമില്ലാത്ത നാട്ടിലിരുന്നു ജീവിതത്തിന്റെ ഏതെങ്കിലും ഒരു ക്രമ ബദ്ധത സങ്കല്‍പ്പിക്കുന്നത് പോലും അസംബന്ധമാണെന്ന തിരിച്ചറിവിനുള്ള മറുമരുന്നാണ് പുസ്തകങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്. “എന്റെ പുസ്തകങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു നിങ്ങള്‍ ഒരു സ്വിച്ചിടുമ്പോള്‍ ബള്‍ബ് കത്തുമെന്നും വെളിച്ചം നിലനില്‍ക്കും എന്നും ഉറപ്പുള്ള വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നാട്ടില്‍ കഴിയുക എന്നാല്‍ എന്താണെന്ന്.” എന്നാല്‍ ആ വിശ്വസനീയത നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള അവസരം തരണം എന്നില്ലെന്നും അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള നാട്ടിലുള്ളവര്‍ അരക്ഷിതത്വം അനുഭവിക്കുന്നത് എന്നും ആലിയ കണ്ടെത്തുന്നുമുണ്ട്.

വിവര്‍ത്തനം, വ്യക്തിനിഷ്ടത

വിവര്‍ത്തനത്തെ കുറിച്ചുള്ള ആലിയുടെ നിലപാടുകളും എത്രമാത്രം ആശ്രയിക്കാവുന്നതാണ് എന്നതും പ്രസക്തമാണ്. “എന്റെ വിവര്‍ത്തനം ഒരു വാഗ് നര്‍ ഓപ്പറയാണ്. ആഖ്യാനം തുടങ്ങുന്നു, സംഘര്‍ഷങ്ങള്‍ മുറുകുന്നു, ആരോഹണാവരോഹണങ്ങള്‍, കമ്പികള്‍, ഹോണുകള്‍, കൂടുതല്‍ സംഘര്‍ഷം, എന്നിട്ടതാ പെട്ടെന്നൊരു ശുദ്ധ ആനന്ദത്തിന്റെ നിമിഷം. ഗബ്രിയേല്‍ തന്റെ സുവര്‍ണ്ണ ട്രംപെറ്റ് മുഴക്കുന്നു, അമൃതിന്റെ സുഗന്ധം അന്തരീക്ഷത്തെ ഉദാത്തമായി നിറക്കുന്നു, ദൈവങ്ങള്‍ ഒളിമ്പസ് പര്‍വ്വതത്തില്‍ നിന്ന് നൃത്തം ചെയ്യാന്‍ ഇറങ്ങിവരുന്നു – അങ്ങേയറ്റം സ്വര്‍ഗ്ഗീയം ഈ ഉന്മാദത്തിന്റെ കൊടുമുടി.” ഈ വാക്കുകളിലെ അതിവൈകാരികതയും അമൂര്‍ത്തതയും ആ വിവര്‍ത്തനങ്ങളുടെ ആധികാരികതയെ തീര്‍ച്ചയായും അപകടപ്പെടുത്തുന്നുണ്ട്. വിവര്‍ത്തനമെന്നത് ആനന്ദം മാത്രം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനമല്ല, ഒട്ടേറെ തടസ്സങ്ങളെയും അവയെ കൃതിയുടെ മൂലം ആവശ്യപ്പെടുന്ന അവധാനതയോടെയും നൈപുണ്യത്തോടെയും മറികടക്കുന്നതിന്റെ സംതൃപ്തിയുടെയും കൂടി കാര്യമാണ്. ഒന്നിന് പിറകെ ഒന്നായി ആനന്ദം എന്നത് സാഹിത്യത്തോടുള്ള ആലിയയുടെ സമീപനത്തിന്റെ തന്നെ പ്രകൃതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് റോബിന്‍ ക്രെസ് വെല്‍ നിരീക്ഷിക്കുന്നു,(nybooks.com). ഒരനാവശ്യ സ്ത്രീ, ആലിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ നിറഞ്ഞ ഒരു സാധാരണ പുസ്തകം മാത്രമാണ് എന്ന് അദ്ദേഹം കരുതുന്നു. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ഒരു സാഹിത്യ സ്മരണ ഉയര്‍ത്തുന്നു: ഇഷ്ടമില്ലാത്ത ഒരയല്‍ വാസി വരുമ്പോള്‍ അവര്‍ സാര്‍ത്രിനെ ഓര്‍ക്കുന്നു, “നരകം അപര ജനതയാണ്,”; അത് ഫെര്‍ണാണ്ടോ വലേയോയുടെ നോവലിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു, “നരകത്തിന്റെ പീഠനം ശബ്ദമാണ്.” ഏകാന്തത കാമുവിനെ ഓര്‍മ്മിപ്പിക്കുന്നു, “ദിനങ്ങളുടെ ഭാരം ദുസ്സഹമാണ്”, ബൈറൂത്തിലെ ചവറുശുദ്ധീകരണക്കാര്‍ ഒട്ടേറെ സിസിഫസുമാര്‍ ആണെന്ന് അവള്‍ക്ക് തോന്നുന്നു. ഒരു നല്ല പുസ്തകം ആദ്യം വായിക്കുമ്പോള്‍ റംസാന്‍ വ്രതം മുറിക്കാന്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസിന്റെ ആദ്യ സിപ്പ് പോലെ അവള്‍ക്കനുഭവപ്പെടുന്നു. ക്ലോഡിയോ മറെയ്സിന്റെ മനോഹര വാചകം നാവില്‍ വെള്ളമൂറിക്കുന്നു. മാര്‍ഗരിത്തെ യൂര്‍സിനാറുടെ കവാഫി പരിഭാഷ ഷാമ്പെയ്ന്‍ പോലെ അനുഭവപ്പെടുമ്പോള്‍ ആലിയക്ക്‌ വേണ്ടത്ര മതിപ്പില്ലാത്ത കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റിന്റെ ഡോസ്റ്റൊയെവ്സ്കി പരിഭാഷ പാല്‍ചായ പോലെയാണ്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് വിക്റ്റോറിയന്‍ ഇംഗ്ലീഷിന്റെ പ്രൌഡമായ ഏകാതാനതയിലേക്ക് ഡോസ്റ്റൊയെവ്സ്കിയെയും ടോള്‍സ്റ്റോയിയേയും എല്ലാം നിരപ്പാക്കിക്കളഞ്ഞു എന്നാണു അവരുടെ നിരീക്ഷണം. എന്നാല്‍, ആലിയുടെ നിരന്തര സാഹിത്യ പരിചരണത്തിന്റെ ലക്‌ഷ്യം ഹൃദയ ഭേദകമാം വണ്ണം ഗൌരവതരമാകുന്നത് അവരുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.  ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കലയുടെ ലോകത്തേക്ക്, സാഹിത്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു താനെന്നു ആലിയ ഏറ്റുപറയുന്നു. മുകളില്‍ എന്നോ ഉന്നതമായ ഇടത്തില്‍ എന്നോ ആണ് തന്റെ പേരിന്റെ അര്‍ഥം എന്ന് അവള്‍ ഓര്‍മ്മിപ്പിക്കുന്നു. “മറ്റു അറബ് പെണ്‍കുട്ടികള്‍ ആ വിവാഹം ചെയ്യാന്‍ അക്ഷമയായിരിക്കല്‍ ജീനിന് വേണ്ടി ദൈവത്തിനു മുന്നില്‍ ക്യൂ നിന്നപ്പോള്‍ ഞാന്‍ മറ്റെവിടെയോ, മിക്കവാറും ഒരു പുസ്തകത്തില്‍ മുഴുകി നില്‍പ്പായിരുന്നിരിക്കണം.” ഇപ്പോള്‍ ബൈറൂത്ത് അതിന്റെ ശൈഥില്യങ്ങളുമായി മുന്നിലുണ്ട്എന്നാല്‍ ആലിയ സ്വയം ഒരു സുരക്ഷിത ഔന്നത്യത്തില്‍ നിന്ന് മറ്റൊരു ജീവിതം തുടരുന്നു. പുസ്തകങ്ങളും ആശയങ്ങളും ഉരുവപ്പെടുത്തുന്ന ഒന്ന്. കുടുംബം എന്നത് സാമൂഹിക ജീവിതത്തിന്റെ അച്ചുതണ്ടായ നാട്ടില്‍ കുട്ടികളില്ലാത്ത വിധവയായി കഴിയുന്ന ആലിയയുടെ അന്യവല്‍ക്കരണവും സ്വയം ബഹിഷ്കരണവും എഴുതപ്പെട്ട വാക്കുകളോടുള്ള അന്ധമായ കാമനയായാണ്‌ അവളില്‍ രൂപാന്തരപ്പെടുന്നത്. ഒരേകാന്ത ആവേശമായി വിവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവള്‍ക്കറിയാം, ഒരു സാംസ്കാരിക മരുഭൂമിയിലാണ് താന്‍ ഇത് ചെയ്യുന്നതെന്ന്.  “അറബ് ലോകത്തെ സാഹിത്യംഅവിടെയുള്ളതും അതിനെ കുറിച്ചുള്ളതുംആര്‍ക്കും വേണ്ടാത്തതാണ്. വിവര്‍ത്തനം ചെയ്ത സാഹിത്യമോവിവര്‍ത്തനത്തിന്റെ വിവര്‍ത്തനംഎന്തിന് പൊല്ലാപ്പ്?”

ബൈറൂത്ത് എന്ന മോഹിനി

ആലിയുടെ ജീവിതത്തില്‍ ഇടപഴകുന്ന ചില കഥാപാത്രങ്ങളെങ്കിലും നോവലില്‍ പ്രധാനമാണെങ്കിലും ഏറ്റവും പ്രധാന കഥാപാത്രം ബൈറൂത്ത് നഗരം തന്നെയാണ്. എല്ലാ മാഹാമാരികളിലും ഇടര്‍ച്ചയിലും പതനങ്ങളിലും വീണും തകര്‍ന്നും ഉയിര്‍ത്തും സ്വയം പുതുക്കിയും അത് നിലക്കൊള്ളുന്നു. നഗരങ്ങളിലെ എലിസബത്ത്‌ ടൈലര്‍. ബുദ്ധിഭ്രമമുള്ളവള്‍, സുന്ദരിവഴുവഴുപ്പുള്ളവള്‍, ശിഥിലമായിക്കൊണ്ടിരിക്കുന്നത്, വയസ്സാവുന്നു, എന്നാലും എക്കാലവും നടകീയതയുള്ളത്. എത്ര ചേര്‍ച്ചയില്ലാത്തവനെങ്കിലും തന്റെ ജീവിതം കൂടുതല്‍ സൌകര്യപ്രദമാക്കാം എന്ന് വാക്ക് കൊടുക്കുന്ന, ഭ്രമിച്ചു വശായ ഏതൊരു പ്രേമാര്‍ഥിയേയും അവള്‍ വിവാഹം ചെയ്യുകയും ചെയ്യും.” നഗരം നേരിടുന്ന ഹിംസാത്മകതയുടെ ചാക്രികതയില്‍ എപ്പോഴും ഒരു വശത്തുള്ള ഇസ്രയേലിനോടുള്ള ഒട്ടും മറച്ചു വെക്കാത്ത വെറുപ്പ് പോലെത്തന്നെ ഇതും അനുഭവപ്പെടുമെങ്കിലും വെസ്റ്റ് ബൈറൂത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് എന്ന കാന്‍സര്‍ എല്ലായിടവും വ്യാപിക്കുന്നതിനു മുമ്പത്തെ നാളുകള്‍ ആലിയുടെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ട്. പ്രണയികളുടെപുസ്തകങ്ങളുടെ ഓര്‍മ്മകളോടൊപ്പംകുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലും അവളെ തന്റെ ഉള്ളിലേക്ക് തന്നെ പലായനം ചെയ്യിക്കുന്നു. “മിഡില്‍ ഈസ്റ്റുമായി തുലനം ചെയ്യുമ്പോള്‍, വില്ല്യം ബരോസിന്റെ ലോകമോ, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ മക്കൊണ്ടോയോ പോലും കൂടുതല്‍ പ്രവചനീയമാണ്. ഡിക്കന്‍സിന്റെ ലണ്ടന്‍കാര്‍ ലബനാന്‍കാരെക്കാള്‍ വിശ്വസനീയരാണ്.” ഇവിടെയാണ്‌ ‘ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒരു എ. കെ. 47 തോക്കുമായി’ പതിനാറാം വയസ്സില്‍ ആര്‍ക്കും വേണ്ടാത്ത ഒരു വിവാഹത്തിന്റെ ഇരയായി, വൈകാതെ വിധവയായതിനു ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം ആലിയ കഴിഞ്ഞത്. 1986-ലെ ശീതകാലത്ത് ബൈറൂത്ത് ഏറ്റവും തീക്ഷ്ണമായ ഗോത്ര യുദ്ധങ്ങളില്‍ മുഴുകിയ ഘട്ടത്തില്‍ പതിനേഴു ദിവസം പുറത്തിറങ്ങാനാവാതെ ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ അനുഭവത്തെ കുറിച്ച്പോലും അവര്‍ ഓര്‍ക്കുന്നുണ്ട്.

നോവലിലെ മുഴച്ചു നില്‍ക്കുന്ന ചില വസ്തുതാപരമായ പ്രവൈരുധ്യങ്ങള്‍ ദേശത്തെ അടയാളപ്പെടുത്തുന്ന നോവലിസ്റ്റിന്റെ രീതിയെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ബൈറൂത്ത് സത്യത്തില്‍ നോവലില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു സാംസ്കാരിക മരുഭൂമിയായിരുന്നിട്ടില്ല ഒരിക്കലും. മിഡില്‍ ഈസ്റ്റിന്റെ പബ്ലിഷിംഗ് ഹബ് ആണത്. ലബനോന്‍ പുസ്തകങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്ന ദേശമല്ല, പരിഭാഷകളില്‍ തല്‍പ്പരരും ആണ്. ആലിയുടെ യൗവ്വന കാലമായിരിക്കാവുന്ന അമ്പതുകളും അറുപതുകളും അറബി ഭാഷയിലെ ഏറ്റവും മികച്ച സാഹിത്യ മാസികകളുടെ ഇടമായിരുന്നു ബൈറുത്ത്. യൂറോപ്യന്‍- ഇംഗ്ലീഷ് എഴുത്തുകാരെ ധാരാളമായി വിവര്‍ത്തനം ചെയ്തു വന്ന ‘ഷിയിര്‍’ പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ വിറ്റ്മാന്‍, പൗണ്ട്, എലിയറ്റ്, പോള്‍ വലേറി, ഒക്റ്റെവിയോ പാസ്, റില്‍കെ, അഡോണിസ്, നസിം ഹിക്മെത്, പോള്‍ എലുവാര്‍ദ്, നെരൂദ തുടങ്ങിയവരൊക്കെ ഏറെ വായിക്കപ്പെട്ടിരുന്ന നഗരത്തില്‍ ലാംപെഡൂസയുടെ ദി ലെപ്പാര്‍ഡ്, ആലിയ അവകാശപ്പെടും പോലെ മറ്റാരും കണ്ടിട്ടില്ലാത്ത ഒന്നാവാന്‍ ഇടയില്ല. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, അതായത് 1959-ല്‍ പരിഭാഷകള്‍ ആരംഭിച്ച ആലിയ അതേ കാലത്ത് അവരുടെ സ്വന്തം ദക്ഷിണ ബൈറൂത്തിലുള്ള ഹംറാ ആസ്ഥാനമാക്കി വളര്‍ന്നു വന്ന പരിഭാഷകളോടുള്ള ആര്‍ത്തിയെ കുറിച്ച് അജ്ഞയായിരുന്നു എന്നത് വസ്തുതാപരമായി ദഹിക്കുന്നതല്ല. മറിച്ച് സ്വയമൊരു എകാന്തത്തടവുകാരിയായി മാറിയ ആലിയ ബോധപൂര്‍വ്വം അല്ലാതെയും നാടിന്റെ സാംസ്കാരികത്തുടിപ്പ് പിന്‍പറ്റുകയായിരുന്നു എന്ന് വരാം. നോവലിസ്റ്റിന്റെ അടിസ്ഥാന ധാരണകളില്‍ ഒന്നായ പ്രവാസ മനസ്ഥിതിയുമായി ഇതിനെ ചേര്‍ത്തു കാണുന്നത് പ്രസക്തമായിരിക്കും. റാബിഹ് അലാമെദ്ദീനിന്റെ മുന്‍ നോവലുകളില്‍ പ്രവാസാനുഭവം കേന്ദ്ര പ്രമേയമാണ്. നാട് വിടുന്നതിലൂടെ സ്വയം നിര്‍മ്മിക്കുന്നതിനു ലഭിക്കുന്ന അവസരമെന്ന പ്രമേയം, ഭാഷയും സ്വത്വവും എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം, ആവിഷ്കാരത്തില്‍ അറബ്- യൂറോപ്യന്‍ മാതൃകകള്‍ സമന്വയിപ്പിക്കുന്ന രീതി എന്നിവയൊക്കെ അദ്ദേഹത്തെ ലെവന്റൈന്‍ (levntine-  ‘കിഴക്കന്‍ മെഡിറ്ററെനിയന്‍’) ‘മഹ്ജര്‍’ (പ്രവാസ സ്ഥലം) സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ആരംഭിച്ച ഈ സമ്പ്രദായം റാവി ഹാഗെയെയും വാജ്ദി മൌവ്വാദിനെയും പോലുള്ള സമകാലിക എഴുത്തുകാരില്‍ വരെ തുടരുന്നുണ്ട്. ജിബ്രാനാണ് ഈ പാരമ്പര്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍. തന്നെ ഈ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ര തല്പ്പരനല്ല ജിബ്രാനെത്തന്നെയും ‘ചരിത്രത്തിലെ ഏറ്റവും അമിതമായി പൊലിപ്പിക്കപ്പെട്ട എഴുത്തുകാരന്‍’ ആയിക്കാണുന്ന അലാമെദ്ദീന്‍. ‘നിങ്ങള്‍ക്ക് വീട്ടിലേക്കു തിരിച്ചു പോവാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്കതിനെ തീര്‍ത്തും പിറകിലുപേക്ഷിക്കാനുമാവില്ല’ എന്ന് അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. നോവലിസ്റ്റിന്റെ ഇതര നോവലുകളിലെ കഥാപാത്രങ്ങളെ പോലെ ബൈറൂത്ത് ഉപേക്ഷിച്ചു പോവുന്നില്ലെങ്കിലും ആലിയ മനസ്സുകൊണ്ട് അതില്‍ നിന്ന് തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ആഭ്യന്തര യുദ്ധത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ട നഗരത്തെ കുറിച്ച് ബൈറൂത്തികള്‍ക്കിടയില്‍ പൊതുവായുണ്ടായിരുന്ന ‘മറ്റൊന്ന്’ എന്ന വികാരത്തിന്റെ ഫലമെന്നതിലേറെ ആലിയുടെ കാര്യത്തില്‍ അതി തീവ്രമായ പ്രാദേശിക ചിന്തയുള്ള ലബനോനിനെ കുറിച്ചുള്ള മടുപ്പുമായും ബന്ധപ്പെട്ടതാണ്. “സാഹിത്യം എന്റെ മണല്‍ കൂടാണ്. ഞാനതില്‍ കളിക്കുന്നു, എന്റെ കോട്ടകളും കൊട്ടാരങ്ങളും പണിയുന്നു, ഗംഭീര മുഹൂര്‍ത്തങ്ങള്‍ ചിലവിടുന്നു. ആ പെട്ടിക്കു പുറത്തുള്ള ലോകമാണ് എനിക്ക് പ്രശ്നമുണ്ടാക്കുന്നത്.”

 

അഹ്മദ്, ഹന്നാ – രണ്ടു സ്വാധീനങ്ങള്‍

ആലിയുടെ ആഖ്യാനത്തില്‍ കടന്നു വരുന്ന വേറെ പ്രധാന ഉപകഥകളില്‍ ഏറ്റവും പ്രധാനം തന്റെ ബുക്ക് സ്റ്റോറില്‍ സഹായിയായി എത്തുന്ന അഹ്മദ് എന്ന യുവാവിന്റെതും ഹന്നാ എന്ന ജ്യേഷ്ഠ സുഹൃത്തിന്റെതുമാണ്. അഹ്മദ്ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട 1971 – 72 കാലത്ത് സാഹിത്യ താല്‍പര്യം ഉപേക്ഷിച്ച് ഇസ്രയേല്‍ - പി. എല്‍. ഓ. ഏറ്റുമുട്ടല്‍ ഘട്ടത്തില്‍ ഗറില്ലകളോടൊപ്പം ചേരുകയും ഒരു പീഠകന്‍ ആയിത്തീരുകയും ചെയ്യുന്നു. നഗരം അരാചകത്വത്തിലേക്ക് മുങ്ങിത്താഴുന്ന ഘട്ടത്തില്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടക്കുമ്പോള്‍ സ്വയം സംരക്ഷണത്തിനായി ആലിയ ഒരു തോക്ക് ആവശ്യപ്പെടുക ആഹ്മദിനോടാണ്. അയാളെ അപ്പാര്‍ട്ട്മെന്റിലെത്തി സന്ദര്‍ശിക്കുമ്പോള്‍ പുസ്തകശാലയില്‍ സഹായിയായി നിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഏറെ മാറ്റമുണ്ട് അയാള്‍ക്ക്. അയാള്‍ ഇപ്പോള്‍ ഇസ്തിരി വടിവിലാണ്ആലിയയാവട്ടെ. മുഷിഞ്ഞു നാറിയും. നല്ലൊരു ഷവര്‍, പിന്നീട് ഇത്തിരി സെക്സ്. അതേ അയാള്‍ പകരം ആവശ്യപ്പെടുന്നുള്ളൂ. 

ഹന്നയാകട്ടെഅയഥാര്‍ത്ഥമായ ഒരു പ്രണയത്തിനു പിറകെ പോയി കടുത്ത മോഹ ഭംഗത്തിന്റെയും ഞരമ്പു മുറുക്കത്തിന്റെ അപകട വഴിയില്‍  സ്വയമൊടുങ്ങുന്നു. നോവലിലെ ഏറ്റവും പ്രധാനമായ ഒരു സാന്നിധ്യവും ഹന്നയുടെതാണ്. ആലിയയെക്കാള്‍ പതിനഞ്ചു വയസ്സുള്ള ഹന്നാ പതിവായി എഴുതുമായിരുന്ന ഡയറി ആ ജീവിതത്തെ തുറന്നു വെക്കുന്നുണ്ട്. അമിത ഭക്ഷണ താല്‍പര്യം കാരണം വിശപ്പ്‌ എന്ന കാര്യമാണ്, അഞ്ച് സഹോദര്ന്മാര്‍ക്കുള്ള ഏക സഹോദരിയായി സൌഭാഗ്യങ്ങളില്‍ പിറന്ന ഹന്നയുടെ ആദ്യസ്മൃതി. നൂറിലേറെ ജേണലുകളിലായി അവള്‍ കുറിച്ച് വെച്ച ആത്മ പരകായങ്ങള്‍ വൈരുധ്യങ്ങളും ഫാന്റസികളും അടയാളപ്പെടുത്തുന്ന വ്യക്തിത്വം വ്യക്തമാക്കി. പിതാവിന്റെ പലചരക്ക് കടയിലെ സമര്‍ത്ഥയായ സഹായിയായി, ഹോസ്പിറ്റലില്‍ വളണ്ടിയര്‍ ആയി തുടര്‍ന്ന ഹന്നാ, ആലിയയുടെ ഭര്‍തൃ കുടുംബാംഗമായിരുന്ന ലെഫ്റ്റ്നന്റുമായി ഒരു ടാക്സി യാത്രക്കിടയിലുണ്ടാവുന്ന പാരസ്പര്യത്തിലാണ് വലിയൊരു സ്വപ്നത്തില്‍ പെട്ട് പോവുക. എന്നാല്‍, ഒരിക്കലും അയാളത് അംഗീകരിച്ചിട്ടില്ല എന്നത് അവള്‍ക്ക് മനസ്സിലുറപ്പിക്കാനാവുന്നില്ല. ആലിയുടെ ഉമ്മ ആദ്യ ഘട്ടത്തില്‍, അമ്പതുകളുടെ മധ്യത്തില്‍ ഒരു നാള്‍ അവളെയും കൊണ്ട് വീട് സന്ദര്‍ശിച്ചപ്പോള്‍, ആവലാതി പറഞ്ഞതാണ്. അവളുടെ ചെമ്പന്‍ മുടി, അവളുടെ പൂര്‍വ്വികര്‍ കുരിശു യുദ്ധക്കാരോടൊപ്പം ഉറങ്ങിയതിന്റെ ബാക്കിപത്രമാണ്, അതുകൊണ്ട് അവളെയും കൂട്ടി വീട്ടില്‍ വരരുത്. അപ്പറഞ്ഞതിലെ അസംബന്ധം പോളിച്ചടുക്കിയാലോ എന്ന് ഒരു നിമിഷം ആലിയ ചിന്തിക്കുന്നുണ്ട്. “ബൈറൂത്ത് ആയിരക്കണക്കിന് കൊല്ലങ്ങളായി അതിജീവിച്ചത് അവളുടെ സുന്ദരമായ കാലുകള്‍ ഗന്ധം പിടിക്കാന്‍ പാകത്തില്‍ കവച്ചുവെച്ചു തന്നെയാണ്.” അതില്‍ എല്ലാവരുമുണ്ട്‌, ഇംഗ്ലീഷുകാര്‍, വെയ്ല്‍സുകാര്‍, ഫ്രഞ്ചുകാര്‍, ഓട്ടോമന്‍കാര്‍, റോമക്കാര്‍, അറബികള്‍, ഗ്രീക്കുകാര്‍, മാസിഡോണിയക്കാര്‍. വിധിവൈപരീത്യം പോലെ, ലെഫ്റ്റനെന്റിന്റെ അകാലത്തിലുള്ള വിയോഗത്തില്‍ തളര്‍ന്നു പോവുന്ന അയാളുടെ ഉമ്മക്കും കുടുംബത്തിനും ഉത്തരവാദിത്ത ബോധമുള്ള ഒരു മരുമകളായി താങ്ങും തണലുമാകുന്ന ഹന്നാ, ഉമ്മയുടെ അന്ത്യ ശ്വാസത്തില്‍ സ്നേഹ സാന്നിധ്യമാകും. സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അവള്‍ക്കും പ്രിയപ്പെട്ട മകനുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതിനെ കുറിച്ച് പോലും വേവലാതിപ്പെട്ടുകൊണ്ടാണ് അവര്‍ കണ്ണടക്കുക. ഹന്നാ അന്ന് വിലപിച്ചത് മുഴുവന്‍ ഒരു ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയുടെതായിരുന്നു. “ഉരുവം കൊള്ളും മുമ്പ് മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞു.” കേള്‍ക്കാത്ത പാട്ടിന്റെ അതിമധുരത്തെ കുറിച്ചുള്ള കീറ്റ്സിന്റെ വരികള്‍ ഓര്‍ത്തുകൊണ്ട്‌ ആലിയ കൂട്ടിച്ചേര്‍ക്കുന്നു, “സംഭാവ്യമായിരുന്നതിന്റെ നഷ്ടത്തില്‍ അനുഭവപ്പെടുന്ന നഷ്ടബോധത്തെക്കാള്‍ തീവ്രമായ നഷ്ടമില്ല. ഒരിക്കലും ഇല്ലാതിരുന്ന കാര്യങ്ങളിലുള്ള ഗൃഹാതുരതയെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്ന ഗൃഹാതുരതയില്ല.” എന്നാല്‍, ഉമ്മ പകര്‍ന്നു നല്‍കിയ താല്‍ക്കാലിക ‘സ്വന്തപ്പെടല്‍’ ആശ്വാസം (sense of belonging) തകരുന്നതോടെ, ദുരൂഹമായ ഏതോ രീതിയില്‍ ഒടുവില്‍ തന്റെ ലെഫ്ടനന്റ്റ് ഒരിക്കലും തന്നെ സ്നേഹിച്ചിരുന്നിട്ടില്ലെന്നു ഹന്നാ മനസ്സിലാക്കിയതായി സൂചനയുണ്ട്. ഉറക്ക് ഗുളികകളുടെ അമിതോപയോഗം നടത്തിയിട്ടും ഒരിക്കല്‍ തെന്നിമാറിപ്പോയ മരണത്തിലേക്ക് ഒടുവില്‍ അവള്‍ എടുത്ത് ചാടുന്നു. 1972-ല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തൊട്ടു തലേന്ന് സംഭവിക്കുന്ന ആ ദുരന്തം, ഒരു പ്രവചിത മരണത്തിന്റെയത്രയും സൂചനകള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും അടുത്ത സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടി തക്ക സമയത്ത് താനൊന്നും ചെയ്തില്ലല്ലോ എന്ന വേദന ആലിയയില്‍ ബാക്കിയാക്കും. “എന്റെ എഴുപത്തിരണ്ട് വയസ്സിനിടയില്‍ ഞാന്‍ സ്നേഹിച്ച ഒരേയൊരാള്‍, ഞാനൊരുപാട് സംസാരിച്ച ഒരേയൊരാള്‍ - പൊങ്ങച്ചങ്ങള്‍, വെറുപ്പുകള്‍, സന്തോഷങ്ങള്‍, ക്രൂരമായ നിരാശകള്‍, എല്ലാം കൂടിക്കലര്‍ന്നത്‌. ഇപ്പോള്‍ ഞാന്‍ മുമ്പത്തെ പോലെ അവളെ ഓര്‍ക്കാറില്ല” എന്ന് അവസാനമായി വിവര്‍ത്തനം ചെയ്തു പൂര്‍ത്തിയാക്കിയ സെബാള്‍ഡിന്റെ പുസ്തകം ഹന്നയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആലിയ വിവരിക്കുന്നു. എന്നാല്‍, സ്വതസിദ്ധമായ രീതിയില്‍ തന്റെ ഉത്തരവാദിത്തം അവള്‍ സാങ്കല്‍പ്പികമായി വിതരണം ചെയ്യുന്നുമുണ്ട്, “ഞാനെന്നെ സ്വയം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മനസ്സ് തണുക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു: അവളുടെ കുടുംബം, അവരോടൊപ്പം ജീവിച്ചിട്ടും അവരാരും അവളെ ശ്രദ്ധിച്ചില്ലല്ലോ, ലെഫ്റ്റ്നന്റിന്റെ ഉമ്മ, അവര്‍ തന്റെ രഹസ്യം കുഴിയിലേക്കെടുത്തില്ലല്ലോ. അഹ്മദ് എന്നെ വിട്ടുപോയിരുന്നില്ലെങ്കില്‍ ഞാന്‍ ബുക്ക് സ്റ്റോര്‍ അവനെ ഏല്‍പ്പിച്ചു അവളുടെ കൂടെ കഴിയുമായിരുന്നല്ലോ. ഞാന്‍ ഹുസൈന്‍ രാജാവിനെയും യാസര്‍ അരഫാത്തിനെയും ബ്ലാക്ക് സെപ്തംബറിന് കുറ്റപ്പെടുത്തുന്നു, അതുകൊണ്ടാണല്ലോ അഹ്മദ് വിട്ടു പോയത്. ഞാന്‍ വീണ്ടും ഹന്നയെ കുറ്റപ്പെടുത്തുന്നു. ഞാന്‍ വീണ്ടും എന്നെ കുറ്റപ്പെടുത്തുന്നു.”

അനാവശ്യ വ്യക്തി, അന്യന്‍ 

ഞാനെന്റെ കുടുംബത്തിലെ അപ്പെന്റിക്സ് ആയിരുന്നുഅതൊരു അനാവശ്യ ഏച്ചു കെട്ടലാണ്.” പ്രപഞ്ചത്തില്‍ താനൊരു ആര്‍ക്കും വേണ്ടാത്ത അസംബന്ധ പൂര്‍ണ്ണമായ കറുത്ത പാട് മാത്രമാണ് എന്ന ആലിയയുടെ ചിന്തയില്‍ നിന്നാണ് നോവലിന്റെ തലക്കെട്ട്‌ രൂപമെടുക്കുന്നത്. “ഞാനെത്ര ഒറ്റപ്പെട്ടവളാണ്, എന്റെ ജീവിതം എത്രമാത്രം തീര്‍ത്തും അപസക്തമായിരിക്കുന്നു, എത്ര ദുഃഖ ഭരിതമാണ്” എന്നൊക്കെ ആലിയ ബോധവതിയാണ്. എന്നാല്‍, ആരാണ് ആവശ്യമുള്ളയാള്‍, എന്താണ് അത്തരമൊരു വിലയിരുത്തലിനു മാനദണ്ഡം എന്നത് കൂടുതല്‍ ആഴത്തിലുള്ള മാനുഷിക സാംസ്ക്കാരിക പരിപ്രേക്ഷ്യങ്ങളില്‍ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ബ്രൂണോ ഷൂള്‍സിന്റെ കഥ ആവിഷകരിക്കുന്ന ഭാഗം നോവലിന്റെ തലക്കെട്ടിനെ സംബന്ധിക്കുന്ന ദര്‍ശനങ്ങള്‍ പങ്കു വെക്കുന്നു:

ജുവിഷ് ലേബര്‍ ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്‍, ഫെലിക്സ് ലാണ്ടോതീരുമാനിച്ചുബ്രൂണോ സാധാരണ ജൂതനല്ലമറിച്ച് ആവശ്യമുള്ള’ ഒരാളാണ്.

ആ പ്രയോഗത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

എന്താണ് ഒരു ആവശ്യമുള്ള മനുഷ്യന്‍?

ബ്രൂണോയുടെ ജീവന്‍ രക്ഷിച്ചത്‌അല്ലെങ്കില്‍, പറയാതെ വയ്യഅയാളുടെ മരണം വൈകിച്ചത്ലാണ്ടോ സ്വയമൊരു കലാസ്നേഹിയാണെന്നു ധരിച്ച് വശായതായിരുന്നു. അയാള്‍ ആ ആവശ്യമുള്ള ജൂതനെ കൊണ്ട് തന്റെ മകന്റെ കിടപ്പറയില്‍ പ്രിയങ്കരമായ യക്ഷിക്കഥകളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന മ്യൂറലുകള്‍ പെയിന്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. 1942- നവമ്പറിലെ ഒരു ദിവസത്തില്‍ കാള്‍ ഗുന്തര്‍ എന്ന എതിരാളിയായ ഗസ്റ്റപ്പോ ഓഫീസര്‍ ലാണ്ടോയെ തോല്‍പ്പിക്കാനായി ഷൂള്‍സിനെ കൊന്നു കളയും വരെ ലാണ്ടോ അയാളെ ജീവനോടെ നിലനിര്‍ത്തി. ഗുന്തറിന് താല്‍പര്യമുണ്ടായിരുന്ന ഒരു ഡെന്റിസ്റ്റിനെ ലാണ്ടോ കൊന്നു കളഞ്ഞിട്ടുണ്ടായിരുന്നു – ഒരു ആവശ്യമുള്ള ഡെന്റിസ്റ്റ്അങ്ങനെ കരുതാം.

ഗുന്തര്‍ ലാണ്ടോയോടു പറഞ്ഞു, “നീയെന്റെ ജൂതനെ കൊന്നു – ഞാന്‍ നിന്റെയും.

അതിലും മോശംഒരു ജര്‍മ്മന്‍ ചലച്ചിത്രകാരന്‍, ഇപ്പോള്‍ ഒരു യുക്രേനിയന്‍ നഗരമായ ഡ്രോഹോബിസിലെ അന്തേവാസികളുടെ സഹായത്തോടെഈയടുത്ത കാലത്ത് ലാണ്ടോ ഷൂള്‍സിന്റെ മകന് വേണ്ടി ഉണ്ടാക്കിയ ആ മ്യൂറലുകള്‍ കണ്ടെടുക്കുകയുണ്ടായി. ചുണ്ണാമ്പിന്റെ ഒട്ടേറെ അടരുകല്‍ക്കടിയില്‍ നിന്ന് ബ്രൂണോയുടെ ഭാവനയിലെ രാജാക്കന്മാരും രാജ്ഞിമാരും കിന്നരന്മാരും കുള്ളന്മാരും പുറത്തുവന്നു. വീണ്ടും അപ്രത്യക്ഷനാകും മുമ്പ് കുറഞ്ഞൊരു കാലത്തേക്കെങ്കിലും ഒരിക്കല്‍ കൂടി കലാകാരന്‍ ജീവിതത്തിലേക്ക് കുതിച്ചു. ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയമായ യാദ് വാഷെമിലെ മൂന്നു പേര്‍ ചുമരുകളില്‍ നിന്ന് മ്യൂറലുകളുടെ ഭാഗങ്ങള്‍ പഠനവിധേയമാക്കിരാത്രിയുടെ മധ്യത്തില്‍ അവ കടത്തിക്കൊണ്ടു പോയി. എന്റെ ഹീറോയുടെ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള  ധാര്‍മ്മിക അധികാരം മ്യൂസിയം അവകാശപ്പെട്ടു. ത്ഫൂ!.

ബ്രൂണോ ഷൂള്‍സിനെ ഒരു നാസി രണ്ട് തവണ തലയ്ക്കു വെടി വെച്ചു.

ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്കയെ ഒരു ഫാഷിസ്റ്റ്‌ ഒരു തവണ തലക്കുംപിന്നീട് സ്വവര്‍ഗ്ഗാനുരാഗി എന്ന് മുദ്രകുത്താനായി അദ്ദേഹം മുന്നിലേക്ക്‌ വീണു കഴിഞ്ഞ ശേഷവുംരണ്ടു തവണ പിറകിലും വെടി വെച്ചു,

ഷൂള്‍സിനെ വായിക്കുമ്പോള്‍, ലോര്‍ക്കയുടെ ഇരുണ്ട ജലത്തില്‍ ഞാന്‍ സ്നാനം ചെയ്യപ്പെടുന്നു.”

 

അന്യവല്‍ക്കരിക്കപ്പെട്ടവരുമായി താദാത്മ്യപ്പെടാനുള്ള തന്റെ കഴിവുതന്നെയാണ് മറ്റൊരു വലിയ വൈരുദ്ധ്യത്തെ വിശദീകരിക്കാനും ആലിയയെ സഹായിക്കുന്നത്, “ഞാന്‍ ഇസ്രയേലിനെ വെറുക്കുന്നു, സ്വയം അമിത ധാരണയിറ്റുന്ന ആ പിഗ്മി സ്റ്റേറ്റിനെ, എന്നാല്‍ ഞാന്‍ മാനിക്കുന്ന മഹാമേരുക്കളില്‍ പലരും ജൂതരാണ്. അതില്‍ വൈരുധ്യമില്ല. ഞാന്‍ സ്വയം അന്യരുമായി, അന്യവല്‍ക്കരിക്കപ്പെട്ടവരുമായി, അഥവാ വാസ്തുഹാരകളുമായി താദാത്മ്യപ്പെടുന്നു. മറ്റുപല ദേശ രാഷ്ട്രങ്ങളെയും പോലെ, അതിന്റെ സഹോദരിയായ പിഗ്മി സ്റ്റേറ്റ് ലബനന്‍ ഉള്‍പ്പടെ, ഇസ്രയേല്‍ ഒരു നാണക്കേടാണ്. ഇസ്രായേലികള്‍, തങ്ങളുടെ ഫലിത ബോധത്തെ തെറ്റായി സ്ഥാപിച്ച ജൂതരാന്.”

ചരിത്രത്തെയും ജീവിതത്തെയും പുസ്തകങ്ങളുടെ കണ്ണിലൂടെ കാണുക എന്നത് വിശേഷിച്ച് വിമോചകമോ എന്തിനെങ്കിലും ഉള്ള പരിഹാരമോ ആയി നോവലില്‍ വിലയിരുത്തുന്നില്ല. കലയെ സംബന്ധിച്ച അത്തരം പ്രതിബദ്ധ സങ്കല്‍പ്പങ്ങളൊന്നും ആലിയയെ മോഹിപ്പിക്കുന്നുമില്ല. എന്നാല്‍, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകം അവര്‍ ആവശ്യപ്പെടുന്ന ഏതൊക്കെയോ കൂട്ടും സാന്ത്വനവും അവര്‍ക്ക് നല്‍കുന്നുണ്ട്. പഴയ പ്രയോഗം ഉപയോഗിച്ച് പറഞ്ഞാല്‍, ഇടമേതായാലും മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലല്ലോ.

 

(ദേശാഭിമാനി വാരിക 30 ജൂലൈ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

Monday, July 24, 2017

Judas by Amos Oz

ഒറ്റുകാരനും രക്തസാക്ഷിയും- ചരിത്രത്തിന്റെ കടും ചായങ്ങള്‍
                                                 

മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍ എന്തായാലും അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന തന്റെ നിലപാട് എപ്പോഴും തുറന്നു പറയാറുള്ള എഴുത്തുകാരനാണ്‌ വിഖ്യാത ഇസ്രായേലി നോവലിസ്റ്റ് ആമോസ് ഓസ്‌. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ഒറ്റുകാരന്‍ എന്ന വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വരാറുമുണ്ട് എന്നത്  ‘യൂദാസ്’ എന്ന നോവലിന്റെ പരിഗണനയില്‍ ഏറെ പ്രധാനമാണ്. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ആദര്‍ശാത്മകതയും സമൂര്‍ത്ത സാഹചര്യങ്ങളും തമ്മിലും നിലപാടുകളും മനസ്സിലാക്കപ്പെടലും തമ്മിലും പ്രത്യക്ഷവും യാഥാര്‍ത്ഥ്യവും എന്ന മട്ടില്‍ കുഴമറിയുമ്പോള്‍ ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യവും പ്രശ്നവല്‍ക്കരിക്കപ്പെടുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം.

 

സംസാരിക്കുക, ജീവിച്ചിരിക്കുക

 

“1959 –ലെ ശീതകാല നാളുകളില്‍ നിന്നും 1960 –ന്‍റെ തുടക്കത്തില്‍ നിന്നുമുള്ള ഒരു കഥയാണിത്. ഇത് തെറ്റിപ്പോയ കണക്കുകളുടെയും മോഹത്തിന്റെയും, നഷ്ടപ്രണയത്തിന്റെയും കഥയാണ്‌, ഒപ്പം ഇന്നും അപരിഹാര്യമായി തുടരുന്ന ഒരു മതപരമായ പ്രശ്നത്തിന്റെയും.” ഏതാണ്ട് പ്രസ്താവനാ വ്യക്തതയോടെത്തന്നെയുള്ള ആദ്യ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവല്‍ നേരിട്ട് ശമുവേല്‍ ആഷ് എന്ന ഇരുപത്തിയഞ്ചുകാരനെ അവതരിപ്പിക്കുന്നു. പ്രണയനഷ്ടത്തിന്റെ വേദന തൊട്ടു പിന്നില്‍ വിട്ട് അച്ഛന്റെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തിസിസ് തയ്യാറാക്കല്‍ വരെയെത്തിയ പഠനം ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുന്ന ശമുവേല്‍ തന്റെ മുഖത്തു നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലാത്ത കുട്ടിത്തം മറച്ചു പിടിക്കാന്‍ വേണ്ടി മുറ്റിവളരുന്ന താടിയുമായി “അടുത്ത വളവില്‍ തന്നെ കാണാതാവുമ്പോള്‍ പിറകിലായിപ്പോവുമോ എന്ന ഭയമുള്ള രീതിയില്‍” പിറകിലോടുന്ന കാലുകളുമായി ധൃതികൂട്ടുന്നുവെന്നു നോവലിസ്റ്റ് കുസൃതി കലര്‍ത്തുന്നത്, വലിയ ചോദ്യങ്ങളെ നിരന്തരം പിതുടരുന്ന ബുദ്ധിജീവിയായ ചെറുപ്പക്കാരനെ ഒരു വിപരീത വെളിച്ചത്തില്‍ (in relief) കൂടുതല്‍ പ്രിയങ്കരനാക്കി നിര്‍ത്തുന്നു. ഒപ്പം, ഉടനീളം അവധാനഭാവത്തിലുള്ള നോവലിന്റെ വേഗതയുമായി അവന്റെ ബാഹ്യപ്രകൃതം ഇവിടെ വൈരുധ്യത്തിലുമാണ്. എന്നാല്‍ വാസ്തവത്തില്‍ ഒട്ടും സക്രിയ ജീവിതം നയിക്കുന്ന വ്യക്തിത്വമല്ല അയാളുടേത്. എപ്പോഴും വിയര്‍ക്കുന്ന, “തടിച്ചു കുറുകി.. ലജ്ജാലുവും വികാരജീവിയും സോഷ്യലിസ്റ്റും ആസ്തമ ബാധിതനുമായ” ശമുവേല്‍ ധൈഷണികവും വൈരുധ്യങ്ങള്‍ കലര്‍ന്നതുമായ പുത്തന്‍ ആശയങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടനാവുകയും മറ്റുള്ളവരുടെ വേദനയില്‍ കരഞ്ഞുപോവുകയും ചെയ്യുന്ന ഹൃദയാലുവാണ്. മറവിയുണ്ടെങ്കിലും വായിച്ച പുസ്തകങ്ങളോ വലിയ ആശയങ്ങളോ മറക്കാത്ത പ്രകൃതം. ഒരു പക്ഷെ ഇതൊക്കെത്തന്നെയാവാം പ്രായോഗിക ബുദ്ധിയായ യാര്‍ദേന, മുമ്പേ തീരുമാനിച്ചുറപ്പിച്ചെന്നോണം ഒരു രാത്രിയുടെ കൊടുങ്കാറ്റു സമാനമായ ബാന്ധവത്തിനു ശേഷം മികച്ച ശമ്പളക്കാരനായ ഹൈഡ്രോളജിസ്റ്റിനെ വിവാഹം കഴിക്കാന്‍ പോകുന്നത്. “നീയൊരു ഇരപിടിയനല്ല.” എന്ന് അതാലിയ അവനോട് പറയുമ്പോള്‍, “തുറന്നിട്ട ആത്മാവുള്ള ഒരു ഗുഹാമാനുഷ്യനെ പോലെയാണ് നീ” എന്നാണു ഗര്‍ഷോം അവനെ വിലയിരുത്തുക. “ഒരു സോഷ്യലിസ്റ്റ്, ആദര്‍ശപരമായി ഒരു അടിസ്ഥാന വര്‍ഗ്ഗക്കാരന്‍, ഒരു തൊഴിലാളി” എന്നാണ് സോഷ്യലിസം എന്നത് മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിനു വിരുദ്ധമാണെന്നും ഇസ്രായേലിന്റെ പ്രശ്നങ്ങളെല്ലാം തുടങ്ങിവെച്ചത് ആ ‘മനുഷ്യന്‍’ (യേശു) ആണെന്നും വിശ്വസിക്കുന്ന അയാളുടെ പിതാവ് ശമുവേലിനെ വിളിക്കുക.

 

ചരിത്രാധ്യാപകനായിരുന്ന എഴുപതു പിന്നിട്ട ഗെര്‍ഷോം വാല്‍ദിന് പരിചാരകന്‍/ കൂട്ടിരിപ്പുകാരനെ ആവശ്യമുണ്ടെന്ന പരസ്യത്തെ തുടര്‍ന്ന് ജറൂസലേമിന്റെ പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ആ വീട്ടിന്റെ മന്ദതയിലേക്ക് ശമുവേല്‍ കൂടുമാറുന്നു. അകലെ, നഗരാതിര്‍ത്തിക്കപ്പുറത്തു നിന്ന് രാവിന്റെ നിശ്ശബ്ദതയെ ഭേദിച്ചു ഇടയ്ക്കിടെ കടന്നു വരുന്ന ജോര്‍ദാനിയന്‍ പോരാളികളുടെ വെടിയൊച്ചയെ കുറിച്ചുള്ള പരാമര്‍ശം, അലോസരങ്ങളില്ലാത്തതെന്നു തോന്നാവുന്ന ഉപരി/ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ആലസ്യങ്ങള്‍ക്കിടയിലേക്ക് ദേശം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര രാഷ്ട്രീയ സന്ദര്‍ഭം അധിനിവേശിക്കുന്നതിനെ സൂചിപ്പിക്കുന്നു. വീട്ടിലുള്ള മറ്റൊരേയൊരംഗമായ അടഞ്ഞ വ്യക്തിത്വമുള്ള അതാലിയയെന്ന നാല്പ്പത്തിയഞ്ചുകാരിയുടെ വിലോഭനീയ സൗന്ദര്യത്തില്‍ യുവാവ് മുഗ്ധനാവുന്നുണ്ടെങ്കിലും അവര്‍ അകന്നേ പോകുന്ന പ്രകൃതമാണ്. നോവലിന്റെ സ്വതേയുള്ള അവധാനഭാവത്തില്‍ ഏറെക്കഴിഞ്ഞാണ് വയോധികനും അവരുമായുള്ള ബന്ധമെന്തെന്ന് അവനു വ്യക്തമാകുക. അത് ഇസ്രയേല്‍ ദേശത്തിന്റെ ചരിത്രവുമായി ഇഴകോര്‍ക്കുന്നതാണ് – 1948-ലെ ‘സ്വാതന്ത്ര്യ സമര’ക്കാലത്ത് അതീവ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട സൈനികനായിരുന്ന ഗര്‍ഷോമിന്റെ ഏക മകന്‍ മിഷായോടൊപ്പം രണ്ടു വര്‍ഷത്തില്‍ താഴെമാത്രം ദാമ്പത്യത്തിനു ഭാഗ്യമുണ്ടായ യുദ്ധ വിധവയാണ് അതാലിയ. എന്നാല്‍, മൂന്നു തലമുറകളുടെ പ്രതിനിധികളായ ഈ മൂവരെ കൂടാതെ മറ്റൊരാള്‍, ഒരു പക്ഷെ ഏറ്റവും പ്രധാനിയായ ഒരാള്‍ ഒരദൃശ്യ സാന്നിധ്യമായി അവിടെയുണ്ട്. അത് അതാലിയയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം കൂടി സൂചിപ്പിക്കുന്നു. ഡേവിഡ് ബെന്‍ ഗൂറിയന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് പ്രസ്ഥാനം ദേശ നിര്‍മ്മിതിയുടെ ആദ്യ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടം. “1936-ലെ അറബ് കലാപം, ഹിറ്റ്‌ലര്‍, ഒളിപ്പോരു പ്രസ്ഥാനങ്ങള്‍, കൊലകള്‍, ജൂത ഒളിപ്പോരാളികളുടെ തിരിച്ചടികള്‍, ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ തൂക്കിക്കൊലകള്‍, വിശേഷിച്ചും അറബ് സുഹൃത്തുക്കളുമായുള്ള അയാളുടെ സംഭാഷണങ്ങള്‍” – ഇവയെല്ലാം ചേര്‍ന്ന് ഷിയാല്‍തീല്‍ അബ്രാവെനാല്‍ എന്ന സമാധാനപ്രിയനും ക്രാന്ത ദര്‍ശിയുമായ സയണിസ്റ്റ് പ്രസ്ഥാന നായകനെ വേറിട്ട നിലപാടിലെത്തിക്കുന്നു. “സത്യത്തില്‍ ഇരു സമൂഹങ്ങള്‍ക്കും അവിടെ ഇടമുണ്ടായിരുന്നു, അവര്‍ രണ്ടു കൂട്ടരും ഒരേപോലെ നിലനില്‍ക്കുന്നതായിരുന്നു നല്ലത്, അല്ലെങ്കില്‍ ഒരു സ്റ്റേറ്റിന്‍റെ ചട്ടക്കൂടില്ലാതെ ഒന്ന് മറ്റൊന്നിനകത്തെന്ന പോലെ.” ദേശീയത എന്ന മുദ്രാവാക്യത്തെ തന്നെ അവിശ്വസിച്ച കാലത്തിനു മുമ്പേ നടന്ന ഷിയാല്‍തീല്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിഷ്കാസിതനായതും അറബ് പ്രണയി, ‘ഷേഖ് അബ്രാവെനാല്‍’ എന്നൊക്കെ കളിയാക്കപ്പെട്ടതും ഒറ്റുകാരന്‍ എന്ന് മുദ്രകുത്തപ്പെട്ടതും സ്വാഭാവികമായിരുന്നു. നിരാശനും ഏകാകിയുമായി തന്റെ അന്ത്യനാളുകള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞ പിതാവിന്റെ രാഷ്ട്രീയ ദീര്‍ഘ ദര്‍ശിത്തം മകളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഏറെ മുമ്പേ വിഭാര്യനും ഇപ്പോള്‍ ഏക മകനെയും നഷ്ടപ്പെട്ടവനുമായ ഗര്‍ഷോം മരുമകളോടും അവളുടെ പിതാവിനോടും ഒപ്പം താമസിക്കാനെത്തിയത്. ബെന്‍ ഗൂറിയന്‍ പ്രതിനിധാനം ചെയ്യുന്ന അറബ് വിരുദ്ധ തീവ്ര സയണിസ്റ്റ് നിലപാടുകളില്‍ ഉറച്ചു വിശ്വസിക്കുന്ന ഗര്‍ഷോം ബെന്‍ ഗൂറിയനെ ഒരു വലിയ ആദര്‍ശശാലിയായി കാണുന്നു, “അദ്ദേഹം മാത്രമാണ് ചരിത്രത്തില്‍ ഒരു കൊച്ചു വിടവ് കണ്ടെത്തിയത്, എന്നിട്ട് അപ്പോഴും ലഭ്യമായിരുന്ന സമയം കൊണ്ട് ഏറ്റവും ശരിയായ നിമിഷത്തില്‍ നമ്മെ ആ വിടവിലൂടെ പുറത്തെത്തിക്കാന്‍ സാധിച്ചയാള്‍.”

 

ഗര്‍ഷോമും അബ്രാവെനാലും തമ്മിലുള്ള വാഗ്വാദങ്ങള്‍ പക്ഷെ, അബ്രാവെനാല്‍ മൌനത്തിലേക്ക്‌ പിന്‍ വാങ്ങിയതോടെ നിലച്ചു പോവുകയായിരുന്നു. അയാളുടെ മരണ ശേഷമാവട്ടെ, വാക്കുകളുടെയും ബൗദ്ധിക വിനിമയങ്ങളുടെയും ധാരാളിത്തം ജീവിതവുമായുള്ള ഏക പിടിവള്ളിയായ, കടുത്ത ചലന പരിമിതിയുള്ള വയോധികന് സഹാചാരിയുടെ അനിവാര്യതയുണ്ടാവുന്നതാണ് ശെമുവേല്‍ അവിടെയെത്താനുണ്ടായ സാഹചര്യം. കുട്ടിക്കാലത്ത് കിട്ടേണ്ടിയിരുന്ന വാത്സല്യമോ കൂട്ടോ പകര്‍ന്നു കൊടുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിരുന്നില്ലെങ്കിലും സ്വപ്ന ജീവിയും ആദര്‍ശശാലിയുമായിരുന്ന പിതാവ് അതാലിയയുടെ ആത്മബോധത്തെ ആഴത്തില്‍ നിയന്ത്രിക്കുന്നത്‌ കൊണ്ടാണ് ശമുവേലുമായുണ്ടാകുന്ന അത്യപൂര്‍വ്വ വേഴ്ചകളുടെ സന്ദര്‍ഭങ്ങളില്‍ അവര്‍ അദ്ദേഹത്തിന്റെ ചിത്രം മറച്ചു വെക്കുന്നത്.

 

ദേശ നിര്‍മ്മിതിയിലെ തമോഗര്‍ത്തങ്ങള്‍ 

 

ആശയങ്ങളുടെയും നിലപാടുകളുടെയും നോവല്‍ എന്ന നിലയില്‍ ‘ഒറ്റുകാരന്‍’ എന്ന പ്രയോഗത്തിനു നോവലില്‍ കേന്ദ്ര പ്രാധാന്യമുണ്ട്. ജീവിതം തന്നെ ഒരര്‍ത്ഥത്തില്‍ ഒരു ഒറ്റുകൊടുക്കലാണ് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. മക്കളെ കുറിച്ചുള്ള അച്ഛനമ്മമാരുടെ സ്വപ്നങ്ങളെ, വ്യക്തിക്ക് തങ്ങളുടെ തന്നെ ആദ്യകാല അഭിലാഷങ്ങളെ. ശമുവേല്‍ പഠനം ഉപേക്ഷിക്കുന്നതിലെ നിരാശ അച്ഛനമ്മമാര്‍ മറച്ചു വെക്കുന്നില്ല. ഇസ്രായേല്‍ സംസ്ഥാപനത്തിന്റെ കലുഷമായ ആദ്യകാലങ്ങളുടെ കഥ നോവലിന്റെ ആന്റി ഹീറോയുടെ ആന്തര സംഘര്‍ഷങ്ങളോട് ചേര്‍ത്തുതന്നെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്‌. ആമോസ് ഓസ്‌  സ്വയം ഒറ്റുകാരന്‍ എന്ന പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതും ഇതോടു ചേര്‍ത്തു കാണാം. എന്നാല്‍ ചിലപ്പോള്‍ അതൊരു ബഹുമതി ചിഹ്നവും (badge of honour) ആവാമെന്ന് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ശമുവേല്‍  ഗവേഷണത്തിനു തെരഞ്ഞെടുത്ത ആദ്യകാല ക്രിസ്തുമതത്തിലെ ജൂഡാസിന്റെ പങ്ക് എന്ന വിഷയവും ഈ വൈരുധ്യത്തെയാണ് പിന്‍ തുടരുക.

 

ബെന്‍ ഗൂറിയനാണ് അറബ് ജനതയെ ചകിതരാക്കും വിധം സീനായ് കാംപെയ്നില്‍ ഇസ്രയേലിനെ ഗ്ലോബല്‍ സാമ്രാജ്യത്വത്തിന്റെ ഉപകരണമാക്കിയത് എന്ന് ശമുവേല്‍വിമര്‍ശിക്കുന്നു. “അവരെന്തിനു നമ്മെ സ്നേഹിക്കണം? ഒരന്യ ഗൃഹത്തില്‍ നിന്നെന്നോണം പൊടുന്നനെ ഇവിടെ വരികയും അവരുടെ ഭൂമി, വയലുകള്‍, ഗ്രാമങ്ങള്‍, പട്ടണങ്ങള്‍ പൂര്‍വ്വികരുടെ ശ്മശാനങ്ങള്‍, അവരുടെ കുഞ്ഞുങ്ങള്‍ക്കുള്ള ശേഷിപ്പുകള്‍ എന്നിവയെല്ലാം തട്ടിയെടുക്കുകയും ചെയ്ത അപരിചിതരെ പ്രതിരോധിക്കാന്‍ അവര്‍ക്കവകാശമില്ലെന്നു എന്തുകൊണ്ടാണ് നിങ്ങള്‍ കരുതുന്നത്. നമ്മളിവിടെ വന്നത് ‘നിര്‍മ്മിക്കാനും പുനര്‍ നിര്‍മ്മിക്കപ്പെടാനും’, ‘നമ്മുടെ നാളുകള്‍ പണ്ടത്തെ പോലെ പുതുക്കാന്‍’,  ‘നമ്മുടെ പൂര്‍വ്വസൂരികളുടെ പൈതൃകം തിരിച്ചു പിടിക്കാന്‍’ മാത്രമാണ് എന്നൊക്കെ നാം നമ്മോടു തന്നെ പറയുന്നു. എന്നാല്‍, ദൂരെയെങ്ങോ നിന്ന് തങ്ങളോടൊപ്പം തന്നെ കൊണ്ടുവന്ന തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഈ നാട് മുഴുവന്‍ അവര്‍ക്ക്, അവര്‍ക്ക് മാത്രമുള്ളതാണ് എന്ന അവകാശ വാദവുമായി എവിടുന്നോ വന്നിറങ്ങുന്ന പതിനായിരക്കണക്കിന്‌, പിന്നീട് ലക്ഷക്കണക്കിന്‌, പുറമക്കാരുടെ കടന്നു വരവ് വിടര്‍ത്തിയ കൈകളോടെ സ്വീകരിക്കുന്ന മറ്റേതെങ്കിലും ജനത ഈ ലോകത്തുണ്ടോ എന്ന് നിങ്ങള്‍ പറയൂ.” ഇതേ വാദമുഖങ്ങള്‍ ഉന്നയിച്ചതിനാണ് അതാലിയയുടെ പിതാവ് ഒറ്റുകാരന്‍ എന്ന് മുദ്രകുത്തപ്പെട്ടത്‌ എന്ന് ഗര്‍ഷോം, ശമുവേലിനെ ഓര്‍മ്മിപ്പിക്കുന്നു. “ഒരു പക്ഷെ ഈ ദിനങ്ങളിലൊന്നില്‍ ആ ആത്മാവ് അതാലിയയില്‍ ഇറങ്ങിവന്നേക്കാം, അക്കഥയെല്ലാം അവള്‍ നിന്നോട് പറഞ്ഞേക്കാം. ഒട്ടും നാണക്കേടില്ലാതെ ഞാന്‍ സമ്മതിക്കുന്നു, ഈ സംഘര്‍ഷത്തില്‍ ഞാന്‍ സ്വയം പരിപൂര്‍ണ്ണമായും ബെന്‍ ഗൂറിയന്റെ കണ്ണില്‍ ചോരയില്ലാത്ത യാഥാര്‍ത്ഥ്യബോധാത്തോടൊപ്പം നിന്നു, അല്ലാതെ അബ്രാവേനാലിന്റെ ഉന്നത ധാരണകളോടോപ്പമല്ല.” നാല്‍പത്തിയെട്ടില്‍ ഇസ്രയേല്‍ തന്ത്രങ്ങള്‍ വിജയിച്ചത് കൊണ്ടും അറബികള്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ യുദ്ധം ചെയ്തത് കൊണ്ടും ഉണ്ടാക്കാനായ നേട്ടത്തിന് സോവിയെറ്റ് സഹായത്തോടെ നാസറിന്റെ നേതൃത്വത്തില്‍ സംഘടിതമായി നടത്താനിടയുള്ള പുതിയ മുന്നേറ്റങ്ങളില്‍ അടിപതറിയേക്കും എന്ന് ശമുവേല്‍ ഭയപ്പെടുന്നു. “നാം വിജയത്തില്‍ മത്തുപിടിച്ചിരിക്കുന്നു, അധികാരത്തില്‍ മത്തു പിടിച്ചിരിക്കുന്നു. ബൈബിള്‍ ക്ലീഷേകളില്‍ മത്തു പിടിച്ചിരിക്കുന്നു.” അറബ് ഐക്യം എന്ന സാധ്യത പില്‍ക്കാല ചരിത്രം തമസ്കരിച്ച വൈരുധ്യം നോവലിന്റെ വിഷയമല്ല. നോവലിലെ ഏറ്റവും ദീപ്തമായ ഭാഗങ്ങളില്‍ ചിലത് ഇതേ അധ്യായത്തില്‍ (അധ്യായം - 25) തുടര്‍ന്നു വരുന്നുണ്ട്. അധികാരം ഇസ്രയേലിനെ ഭ്രമിപ്പിച്ചതിന്റെ പശ്ചാത്തലം ശമുവേല്‍ വിവരിക്കുന്നു, “ഗ്രന്ഥങ്ങള്‍, പ്രാര്‍ത്ഥനകള്‍, ദൈവിക കല്‍പ്പനകള്‍, ജ്ഞാനസമ്പാദനം, മതപരമായ സമര്‍പ്പണം, കച്ചവടം, മാധ്യസ്ഥം വഹിക്കല്‍ എന്നതിന്റെയൊക്കെ ശക്തി ആയിരക്കണക്കിന് കൊല്ലങ്ങളായി അറിഞ്ഞവര്‍, എന്നാല്‍ പുറത്തു വീഴുന്ന അടിയുടെ രൂപത്തില്‍ മാത്രം അധികാരത്തിന്റെ ശക്തി അറിഞ്ഞവര്‍, അത്തരം ഒരു ജനതയെ ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധിക്കുന്നത് തന്നെയാണ്. എന്നാലിപ്പോള്‍ അവര്‍ സ്വയം ഒരു കനത്ത ദണ്ട് കയ്യിലുള്ളതായി കണ്ടെത്തുന്നു. ടാങ്കുകള്‍, പീരങ്കികള്‍, ജെറ്റ് വിമാനങ്ങള്‍. അത്തരം ഒരു ജനതയ്ക്ക് അധികാരം കൊണ്ട് മത്തു പിടിക്കുക സ്വാഭാവികമാണ്, അധികാരത്തിന്റെ ശക്തികൊണ്ട് ഇഷ്ടമുള്ളതെന്തും സാധിക്കുമെന്ന് വിശ്വസിച്ചു പോവുന്നതും സ്വാഭാവികം... എന്നാല്‍,.. അവര്‍ക്ക് അധികാരത്തിന്റെ പരിമിതികളെ കുറിച്ച് ധാരണയില്ല. വസ്തുതയെന്തെന്നാല്‍, ലോകത്തുള്ള അധികാരം മുഴുവനും ഉണ്ടെങ്കിലും നിങ്ങളെ വെറുക്കുന്ന ഒരാളെ നിങ്ങളെ സ്നേഹിക്കുന്ന ഒരാളാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. അതിനു ഒരു ശത്രുവിനെ അടിമയാക്കി മാറ്റാനാവും, പക്ഷെ സുഹൃത്താക്കാനാവില്ല. ലോകത്തെ അധികാരം മുഴുവനും കൊണ്ട് ഒരു തീവ്രവാദിയെ ജ്ഞാനോദയമുള്ളവനാക്കാവില്ല. ലോകത്തുള്ള അധികാരം മുഴുവനും കൊണ്ട് പ്രതികാരദാഹിയെ സ്നേഹമുള്ളവനാക്കാനാവില്ല. എന്നാല്‍ കൃത്യമായും ഇതാണ് ഇസ്രയേല്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ വെല്ലുവിളികള്‍: വെറുക്കുന്നവനെ എങ്ങനെ സ്നേഹിതനാക്കാം, തീവ്രവാദിയെ എങ്ങനെ മിതവാദിയാക്കാം, പ്രതികാരത്തിനു വരുന്നവനെ എങ്ങനെ സുഹൃത്താക്കാം. .. സൈനിക ബലത്തിന് നമ്മെ തല്‍ക്കാലം ഉന്‍ മൂലനത്തില്‍ നിന്ന് രക്ഷിക്കാനാവും. ഒരു നിബന്ധനയുള്ളത്, നാമെപ്പോഴും ഓര്‍ത്തിരിക്കണം, നമ്മുടേത്‌ പോലുള്ള സാഹചര്യത്തില്‍ അധികാരത്തിന് തടയാനേ കഴിയൂ. അത് കൊണ്ട് ഒന്നും തീര്‍പ്പാക്കാനോ പരിഹരിക്കാനോ ആവില്ല. അതിനു അത്യാപത്തിനെ കുറഞ്ഞൊരു കാലത്തേക്ക് തട്ടിമാറ്റാനെ കഴിയൂ.” ഈ പ്രഭാഷണം, “അപ്പോള്‍ ഞാനെന്റെ മകനെ അന്തിമാനാശം വൈകിപ്പിക്കാന്‍ വേണ്ടി മാത്രമായി നഷ്ടപ്പെട്ടു എന്നാണോ?” എന്ന ഗര്‍ഷോമിന്റെ ചോദ്യത്തിലാണ് ഉത്തരമില്ലാതെ ചെന്ന് മുട്ടുന്നത്. ആ ഉത്തരമില്ലായ്മ തന്നെയാണ് അതാലിയയുടെ നിരീക്ഷണങ്ങളിലും തെളിയുന്നത്. “ഇവിടെ ജൂതന്മാര്‍ സത്യത്തില്‍ ഒരു വലിയ അഭയാര്‍ഥി ക്യാമ്പാണ്, അറബികളും അതെ. ഇപ്പോള്‍ അറബികള്‍ ഓരോ പകലും അവരുടെ പരാജയത്തിന്റെ നാശബോധവുമായാണ് ജീവിക്കുന്നത്, ജൂതരാവട്ടെ ഓരോ രാവും അവരുടെ പ്രതികാരത്തെ കുറിച്ചുള്ള കൊടും ഭീതിയിലും.” ഒരു യുദ്ധ വിധവയുടെ കൈയ്പ്പുറ്റ മാനസികാവസ്ഥയില്‍ ക്രൂരവും ഹീനവുമായ രീതിയില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി കഴിയുന്നത്‌ പുരുഷ വര്‍ഗ്ഗത്തോട് തന്നെയുള്ള അതാലിയയുടെ സമീപനം തകിടം മറിച്ചിട്ടുണ്ട്. “ഞാനെപ്പോഴും അവനെ കാണുന്നു, ഉടലിന്റെ താഴ് ഭാഗം നഗ്നമായി, കണ്ഠം പിളര്‍ന്ന്, അറുത്തെടുക്കപ്പെട്ട ലിംഗം പല്ലുകള്‍ക്കിടയില്‍ തള്ളിവെക്കപ്പെട്ട്‌. എല്ലാ ദിനവും ഞാനവനെ കാണുന്നു. എല്ലാ രാവും. എല്ലാ പ്രഭാതത്തിലും. ഞാനെന്റെ കണ്ണുകള്‍ അടക്കുമ്പോള്‍ ഞാനവനെ കാണുന്നു. അവ തുറക്കുമ്പോഴും ഞാനവനെ കാണുന്നു. ഞാനിവിടെത്തന്നെ ജീവിതവും തുടര്‍ന്നു, ഇനിയൊരിക്കലും മുത്തച്ഛന്മാര്‍ ആവാത്ത രണ്ടു മുത്തച്ഛന്‍മാരോടൊപ്പം. ഞാനവരെ രണ്ടുപേരെയും നോക്കി. വേറെന്തു ചെയ്യാനുണ്ടെനിക്ക്? എനിക്ക് പുരുഷന്മാരെ സ്നേഹിക്കാന്‍ വയ്യ. നിങ്ങള്‍ ആയിരക്കണക്കിന് കൊല്ലങ്ങളായി ലോകത്തെ നിങ്ങളുടെ വരുതിയിലാക്കിയിട്ട്, എന്നിട്ട് നിങ്ങളതിനെ ഒരു ഹൊറര്‍ ഷോ ആക്കി. ഒരു കശാപ്പുശാല.” ബെന്‍ ഗൂറിയന്‍ എങ്ങനെയാണ് ദേശീയതയുടെ തീവ്രവാദം ഇരു ജനതയിലും ഉയര്‍ത്തിവിട്ടത്‌ എന്ന് വിശകലനം ചെയ്തു കൊണ്ട് ശിയാല്‍തില്‍ നിരീക്ഷിച്ചിരുന്നത് ഗര്‍ഷോം ഓര്‍ക്കുന്നു, “താല്‍ക്കാലികമായി അയാള്‍ ജൂതന്മാരുടെ രാജാവായിരിക്കാം, ഓരു ഒരുനാള്‍ രാജാവ്, ഒരു പാപ്പരായ രാജാവ്. പപ്പരായവരുടെ മിശിഹാ.... മനുഷ്യ കുലത്തിന്റെ യഥാര്‍ത്ഥ ദുരന്തം പീഡിതരും അടിമയാക്കപ്പെട്ടവരും വിമോചിതരാവാനും തലയുയര്‍ത്തിപ്പിടിക്കാനും ആഗ്രഹിക്കുന്നു എന്നതല്ല. അല്ല. ഏറ്റവും മോശമായ കാര്യം അടിമയാക്കപ്പെട്ടവര്‍ തങ്ങളെ അടിമയാക്കിയവരെ അടിമയാക്കുന്നത് രഹസ്യമായി സ്വപ്നം കാണുന്നതാണ്. പീഡിതര്‍ പീഡകരാവാന്‍ ആഗ്രഹിക്കുന്നത്. എസ്തറിന്റെ പുസ്തകത്തിലേതു പോലെ.”

 

കുരിശിന്റെ വഴി - ഒറ്റും സമര്‍പ്പണവും

 

ഇസ്രയേല്‍ രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്നപോലെത്തന്നെ തുല്യ പ്രാധാന്യത്തോടെയും അതുമായി അഭേദ്യമായി ബന്ധപ്പെട്ടും ഉള്ള തരത്തിലാണ് മതപരമായ അര്‍ത്ഥത്തില്‍ ഒറ്റുകാരന്‍ എന്ന പ്രമേയത്തെ,  നോവലിന്റെ തലക്കെട്ടിന്റെ ഉറവിടത്തെ നോവലില്‍ പരിശോധിക്കുന്നത്. നോവലില്‍ ഒട്ടേറെ ഭാഗങ്ങളില്‍ ഈ വിഷയം കടന്നുവരുന്നുണ്ട്. ക്രിസ്തു മതത്തില്‍ ജൂഡാസിന്റെ പദവിയെ കുറിച്ചുള്ള ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് ശമുവേല്‍ ഇക്കാര്യത്തില്‍ ഏറെ ചിന്തിക്കുന്നു. ‘പഴയ നിയമത്തെ റദ്ദാക്കാനല്ല ഞാന്‍ വന്നത്’ എന്നതു പോലുള്ള ബൈബിള്‍ വാക്യങ്ങള്‍ ക്രിസ്തു, ജൂതന്‍ തന്നെയായിരുന്നു എന്നതിന്റെ തെളിവായി നോവലില്‍ ഉദ്ധരിക്കുന്നുണ്ട്. ക്രിസ്തുവല്ല അപ്പോസ്തലനായ പോള്‍ ആണ് ക്രിസ്തുമതം സ്ഥാപിച്ചത്. അന്നത്തെ സാഹചര്യത്തില്‍ ശരിയായ അര്‍ത്ഥത്തിലുള്ള - മതമൂല്യങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളിലേക്ക് തിരിച്ചുപോവുക എന്ന അര്‍ത്ഥത്തില്‍ - ഒരു മൌലിക വാദി മാത്രമായിരുന്ന ക്രിസ്തുവിനെ ജൂതന്മാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ ക്രിസ്തുമതം ഉണ്ടാവുമായിരുന്നില്ലെന്നും പകരം ഒരു മയപ്പെട്ട ജൂത മതം യൂറോപ്പില്‍ ആകെ വ്യാപിക്കുമായിരുന്നു എന്നും അയാള്‍ കരുതുന്നു. അങ്ങനെയെങ്കില്‍ “നമുക്ക് പാലായനം ചെയ്യേണ്ടി വരുമായിരുന്നില്ല, പീഠനങ്ങള്‍, അരുംകൊലകള്‍, മത ഭേദ്യ വിചാരണകള്‍ (inquisition), രക്തപങ്കിലമായ അപകീര്‍ത്തിക്കേസുകള്‍ (blood libels), എന്തിന്, ഹോളോകോസ്റ്റ് പോലും ഉണ്ടാവുമായിരുന്നില്ല.” എന്തുകൊണ്ട് അവര്‍ ക്രിസ്തുവിനെ അംഗീകരിച്ചില്ല എന്നത് തികച്ചും ദുരൂഹവും അല്ല. അങ്ങേയറ്റം അഴിമതിക്കാരും ദുഷിച്ചവരുമായിക്കഴിഞ്ഞിരുന്ന പൌരോഹിത്യത്തിന് ക്രിസ്തുവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ സമ്പന്നതകൊണ്ട് മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്ന ജൂഡാസ് ഇസ്കാരിയത്ത് ആദ്യഘട്ടത്തില്‍ സന്ദേഹാലുവായിരുന്നെങ്കിലും പിന്നീട് അചഞ്ചല വിശ്വാസിയായെന്നു ശമുവേല്‍ കരുതുന്നു. മുപ്പതുവെള്ളിയുടെ കഥ വിശ്വസനീയമല്ലെന്ന് അയാള്‍ കരുതുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ആരില്‍ നിന്നും സ്വയം ഒളിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത, എല്ലായിപ്പോഴും ജന മധ്യത്തില്‍ ഉണ്ടായിരുന്ന നിര്‍ഭയനും അനന്യമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കുന്നവനുമായിരുന്ന ഒരാളെ ഒരു അടയാളപ്രവര്‍ത്തിയിലൂടെ  ഒറ്റിക്കൊടുക്കേണ്ടി വരിക എന്നതു പോലെത്തന്നെ, അക്കാലത്തെ ഒരടിമയുടെ വില മാത്രമായ മുപ്പതു വെള്ളി സമ്പന്നനായ ജൂഡാസിനെ പ്രലോഭിപ്പിച്ചു എന്നതും അസംബന്ധമാണെന്ന് അയാള്‍ കരുതുന്നു. യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും പില്‍ക്കാല ബൈബിള്‍ പാഠങ്ങളില്‍ അത് താമസ്കരിക്കപ്പെടുകയായിരുന്നു എന്നും അയാള്‍ കരുതുന്നു. ജൂഡാസ്, ക്രിസ്തുവിന്റെ തന്നെ പദ്ധതിയുടെ നടത്തിപ്പുകാരന്‍ മാത്രമായിരുന്നു. കുരിശേറ്റത്തിനൊടുവില്‍ ക്രിസ്തു ഇറങ്ങി വരുമെന്ന് അചഞ്ചല വിശ്വാസം നില നിര്‍ത്താന്‍ കഴിഞ്ഞ ശിഷ്യ ഗണത്തിലെ ഏക അംഗം അയാളായിരുന്നു. കുരിശേറ്റവും ഉയിര്‍പ്പും ഇല്ലാതെ ദൈവഹിതം നടപ്പാവുകയില്ലെന്നും ദൈവ രാജ്യം വരില്ലെന്നും അയാള്‍ മാത്രം പൂര്‍ണ്ണമായും വിശ്വസിച്ചു. ഇഇക്കാര്യങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ കണ്ടെടുക്കപ്പെട്ട “യൂദാസിന്റെ സുവിശേഷ”ത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. നോവലില്‍ യൂദാസ് നേരിട്ട് ആഖ്യാനം ചെയ്യുന്ന ഒരധ്യായത്തില്‍ ഇങ്ങനെ വായിക്കാം: “ഞാനദ്ദേഹത്തെ എന്റെ ആത്മാവ് മുഴുവന്‍ സ്നേഹിച്ചു, പരിപൂര്‍ണ്ണ നിഷ്ഠയോടെ അയാളില്‍ വിശ്വസിച്ചു. അത് തന്നെക്കാള്‍ മികച്ച അനിയനോട് മൂത്ത സഹോദരനുള്ള സ്നേഹമായിരുന്നില്ല, കൂടുതല്‍ അനുഭവ സമ്പത്തുള്ള ഒരു മുതിര്‍ന്നയാള്‍ക്ക് മൃദുഭാവിയായ ചെറുപ്പക്കാരനോടുള്ള സ്നേഹമായിരുന്നില്ല, ഇളയവനെങ്കിലും തന്നെക്കാള്‍ മികച്ചവനായ ഗുരുവിനോട് ശിഷ്യനുള്ള സ്നേഹവും ആയിരുന്നില്ല, അത്ഭുതങ്ങളും മഹാത്ഭുതങ്ങളും (miracles and wonders) സൃഷ്ടിക്കുന്നയാളോട് ഒരു തികഞ്ഞ വിശ്വാസിക്കുണ്ടാവുന്ന സ്നേഹം പോലുമായിരുന്നില്ല. അല്ല. ഞാനദ്ദേഹത്തെ ദൈവത്തെ പോലെ സ്നേഹിച്ചു. ഞാനദ്ദേഹത്തെ ദൈവത്തെക്കാള്‍ സ്നേഹിച്ചു. സത്യത്തില്‍ യുവാവായ ശേഷം ഞാന്‍ ദൈവത്തെ സ്നേഹിച്ചിട്ടെയില്ലായിരുന്നു. ഞാന്‍ അവനില്‍ നിന്ന് പുറം തിരിഞ്ഞു: ഒരു അസൂയാലുവും പ്രതികാര മോഹിയുമായ ദൈവം, പിതാക്കന്മാരുടെ പാപങ്ങളെ പുത്രന്മാരില്‍ കെട്ടിവെക്കുന്നവന്‍, ക്രൂരനും കുപിതനും കഠിനനും, വെറുപ്പുള്ളവനും, അല്‍പ്പനും രക്തം ചിന്തുന്നവനുമായ ദൈവം. എന്നാല്‍ പുത്രന്‍ സ്നേഹവും സഹാനുഭൂതിയും ഉള്ളവനും മാപ്പുകൊടുക്കുന്നവനും മാത്രമല്ല, വേണമെന്ന് തോന്നുമ്പോള്‍ രസികനും കൂര്‍മ്മ ബുദ്ധിയും ഊഷ്മള ഹൃദയനും ചിലപ്പോഴൊക്കെ ഫലിതപ്രിയന്‍ പോലുമായിരുന്നു. അവന്‍ ദൈവമായി.” അവനു മരണമില്ലെന്നും കുരിശേറ്റത്തിന്റെ ഇന്നേ ദിനം ജറൂസലെമില്‍ ഇനിയൊരു അഭുതവും ആവശ്യമില്ലാതാവും വിധമുള്ള വലിയ അത്ഭുതം സംഭവിക്കുമെന്നും അതിനു ശേഷം ദൈവ രാജ്യം വരുമെന്നും താന്‍ വിശസിച്ചു എന്ന് അയാള്‍ പറയുന്നു. “അദ്ദേഹം സ്വയം വിശ്വസിച്ചതിലേറെ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം മോക്ഷവും നിത്യജീവിതവും വാഗ്ദാനം ചെയ്യണമെന്നു ഞാന്‍ പ്രത്യാശിച്ചു. അയാള്‍ക്കോ, ആകെ വേണ്ടിയിരുന്നത് ഈ ഭൂമിയില്‍ നടക്കുക, രോഗികളെ സുഖപ്പെടുത്തുക, വിശക്കുന്നവരെ ഊട്ടുക, മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വിത്തുകള്‍ പാകുക എന്നതൊക്കെ മാത്രമായിരുന്നു. മറ്റൊന്നും വേണ്ടായിരുന്നു.” കുരിശില്‍ നിന്നിറങ്ങിവന്ന് ദൈവഹിതം നടപ്പിലാക്കുന്നതില്‍ ക്രിസ്തുവിനു പരാജയം സംഭവിച്ചോ അതോ, യേശുവെന്ന മനുഷ്യനില്‍ നിന്ന് യേശുവെന്ന ദൈവത്തെ പ്രതീക്ഷിച്ചതിന്റെ വിലയായിരുന്നോ ജൂഡാസിന്റെ ആത്മഹത്യ? യൂദാസാണ് ആദ്യത്തെ ക്രിസ്ത്യന്‍ രക്തസാക്ഷിയെന്ന് ശമുവേല്‍ കരുതുന്നു. ഈ നിലപാടുകള്‍ മുന്നോട്ടു വെച്ച പലരുടേയും പുസ്തകങ്ങളും മുന്‍ മാതൃകകളും അയാള്‍ ഉദ്ധരിക്കുന്നു.

 

 

യൂദാസ് എന്ന ബിംബം 

 

എന്നാല്‍ യൂദാസിനെ സംബന്ധിച്ച ഈ യഥാര്‍ത്ഥ പാഠം തമസ്കരിക്കപ്പെടുകയും അയാള്‍ ഒറ്റുകാരന്‍ ആയി ചിത്രീകരിക്കപ്പെടുകയും ചെയ്തതാണ് ചരിത്രത്തില്‍ രക്തപ്പുഴകള്‍ക്ക് കാരണമായ ക്രിസ്ത്യന്‍ – ജൂത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്ന് ഗര്‍ഷോം നിരീക്ഷിക്കുന്നു. ഇന്ന് കാണുന്ന ഇസ്ലാം – ജൂത വിരോധം ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് തീര്‍ന്നേക്കാം, എന്നാല്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജൂത – ക്രിസ്ത്യന്‍ സംഘര്‍ഷം മറ്റൊരു കഥയാണെന്ന് അയാളുടെ പരാമര്‍ശമുണ്ട്. “ഒരു സുപ്രഭാതത്തില്‍ എണീക്കുകപല്ല് തേക്കുകഒരു കപ്പു കാപ്പി കഴിക്കുക എന്നിട്ട് ഒരു ദൈവത്തെ കൊല്ലുക! എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല അത്. ഒരു മൂര്‍ത്തിയെ വധിക്കാന്‍ നിങ്ങള്‍ ദൈവത്തെക്കാള്‍ ശക്തനാവണംഅതുപോലെ അപാരമായ ദുഷ്ടനും പൈശാചമുള്ളവനും. സ്നേഹം പ്രസരിപ്പിക്കുന്ന ഊഷ്മള ഹൃദയനായ ഒരു മൂര്‍ത്തിയായിരുന്ന ജീസസിനെ കൊന്നവര്‍ ആരായാലും അദ്ദേഹത്തെക്കാള്‍ ശക്തനായിരിക്കണംഒപ്പം കൌശലക്കാരനും നിന്ദ്യനും. ആ ശപിക്കപ്പെട്ട ദൈവ വധക്കാര്‍ അവര്‍ക്ക് ഭീകരമായ ബലത്തിന്റെയും ദുഷ്ടതയുടെയും ഉറവിടമുണ്ട് എന്ന ഒറ്റക്കാരണത്താലാണ് ആ കൊലക്ക് പ്രാപ്തരായത്. അതുകൊണ്ട് ജൂത വിദ്വേഷികളുടെ ഭാവനയുടെ ആഴങ്ങളില്‍ അത് തന്നെയാണ് ജൂതനു സ്വന്തമായുള്ളത്. നമ്മളെല്ലാം യുദാസ് ആണ്. എണ്‍പത് തലമുറകിള്‍ക്കിപ്പുറവും നമ്മളിപ്പോഴും യൂദാസ് ആണ്.” നാസികളുടെ ‘അന്തിമ പരിഹാരം’ (‘the final solutions’) ജൂതനെ യുദാസുമായി താദാത്മ്യപ്പെടുത്തുമ്പോഴുള്ള അര്‍ത്ഥശങ്കക്കിടമില്ലാത്ത സ്വാഭാവിക പ്രതിക്രിയയാണെന്ന് വരുന്നുവെന്ന് ജോര്‍ജ്ജ് സ്റ്റെയ്നര്‍ നിരീക്ഷിക്കുന്നു. യൂദാസ്: ഒരു ജീവചരിത്രം എന്ന കൃതിയില്‍ സൂസന്‍ ഗോബര്‍ അയാളെ “ഹോളോകോസ്റ്റിന്റെ അതിദേവന്‍ (muse of the Holocaust)” എന്ന് വിളിക്കുന്നു. (ഇരു സൂചനകളും ബെഞ്ചമിന്‍ ബാലിന്റിന്റെ ‘ഹാരെറ്റ്സ്’ ലേഖനത്തില്‍ നിന്ന്).

 

യൂദാസ് എന്ന തലക്കെട്ട്‌ നോവലിന്റെ കാതലായ ചോദ്യത്തിലെക്കാണ്, ഏതെങ്കിലും കഥാപാത്രത്തിന്റെ ഐഡന്റിറ്റിയിലേക്ക് സവിശേഷമായല്ല തിരിച്ചു വെക്കപ്പെട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യമാണത്. ജൂതമതത്തിനകത്ത് തന്നെ കാലഘട്ടം ആവശ്യപ്പെട്ട യഥാര്‍ത്ഥ പരിഷ്കര്‍ത്താവായി യേശുവിനെ കാണാന്‍ വിസമ്മതിച്ച് അദ്ദേഹത്തിന്റെ ഇടപെടലിനെ അന്യവല്‍ക്കരിക്കുന്നതിലൂടെ ഒരു പുതിയ മതം സ്ഥാപനവല്‍ക്കരിക്കുന്നതിലേക്കും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ചോരപ്പുഴകളിലേക്കും ഒടുവിലിങ്ങ് ഹോളോകോസ്റ്റിലേക്കും വരെ എത്തിച്ചേര്‍ന്ന പില്‍ക്കാല ക്രിസ്തുമത- ജൂത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ട ആദ്യകാല യഹൂദ മത പൗരോഹിത്യ- രാഷ്ട്രീയ ബാന്ധവം? അംഗീകൃത കാഴ്ചപ്പാടില്‍ ചാപ്പകുത്തിയ പോലെ ഒറ്റുകാരന്‍ എന്ന നിലക്കോ അചഞ്ചല വിശ്വാസം അതിരു കടന്നത്‌ കൊണ്ടോ കുരിശേറ്റം സാധ്യമാക്കിയ യൂദാസ്? ദൈവപുത്രനില്‍ നിന്ന് പ്രതീക്ഷിച്ച അത്ഭുതം പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട് മനുഷ്യപുത്രന്‍ മാത്രമായി ഒടുങ്ങിപ്പോയ യേശു തന്നെയും? ഒരു ഘട്ടത്തില്‍ തീരെ കുറഞ്ഞൊരു കാലത്തേക്കെങ്കിലും പലസ്തീന്‍ വിഭജനം എന്ന ആശയത്തെ അംഗീകരിക്കുകയും പിന്നീട് അത് തീര്‍ത്തും തള്ളിക്കളഞ്ഞു തീവ്ര സയണിസ്റ്റ് മാര്‍ഗ്ഗത്തില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കുക വഴി അശാന്തിയുടെ നിതാന്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ബെന്‍ ഗൂറിയന്‍? അയാളില്‍ ഏക വിമോചകനെ കാണുന്ന ഗര്‍ഷോമിനെ പോലുള്ളവര്‍? ആദര്‍ശാത്മകതയുടെ പ്രലോഭനത്തില്‍ അറബ് ജനതയുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും നൈരാശ്യത്തിന്റെ മുഖാമുഖത്തില്‍ മൌനത്തിലേക്ക്‌ പിന്‍ വാങ്ങുകയും ചെയ്ത അബ്രാവെനാലിനെ പോലുള്ളവര്‍? വൈധവ്യത്തിന്റെ അമാവാസിയില്‍ സുരക്ഷാ യുദ്ധങ്ങളുടെ വലിയ വാക്കുകളില്‍ കൌതുകം നഷ്ടപ്പെട്ട അതാലിയയെ പോലുള്ള യുദ്ധ വിധവകള്‍? ചരിത്രത്തിലെ കുറ്റവാളികളെ തിരയുന്ന അക്കാദമിക താല്‍പ്പര്യത്തിനപ്പുറം ഒന്നിലും ഇടപെടുന്നില്ലാത്ത, നിര്‍ബന്ധിത സൈനിക സേവനത്തിന്റെ അപകട ജീവിതം നയിക്കേണ്ടി വന്നിട്ടില്ലാത്ത, സുരക്ഷിത അകലം ആസ്വദിക്കാന്‍ കഴിഞ്ഞ ബുദ്ധിജീവി വിമര്‍ശകരായ ശമുവേലിനെ പോലുള്ളവര്‍? അഥവാ, തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത നോവലിസ്റ്റ് തന്നെയും? സാധ്യതകളുടെ ഏറെ വിപുലമായ ഒരു തുറസ്സിലാണ് യൂദാസ് എന്ന ബിംബം നോവലില്‍ കേന്ദ്ര സ്ഥാനീയമായി നിലയുറപ്പിക്കുന്നത്. 

 

മഹത്തായ കൃതികളില്‍ ഇതിവൃത്തം പലപ്പോഴും അതിലെ ആശയങ്ങളുടെ ഗരിമ ഉള്‍കൊള്ളാനുള്ള ചട്ടക്കൂട് മാത്രമായിരിക്കും. ‘ജൂഡാസ്’ എന്ന നോവലിനെ സംബന്ധ്ച്ചു ഇത് തീര്‍ത്തും ശരിയാണ്. ദക്ഷിണ ഇസ്രായേലിലെ നഗേവ് മരുഭൂമിയോട് ചേര്‍ന്നുള്ള ബീര്‍ശേബ നഗരത്തില്‍, വിജനമായ തെരുവിലെ ഫ്ലാറ്റുകളില്‍ ഒന്നില്‍ നിന്ന് ഒരു നിമിഷം എത്തിനോക്കുന്ന സുന്ദരിയായ യുവതിയോട് വഴിചോദിക്കാന്‍ തുനിഞ്ഞ് അവള്‍ അപ്രത്യക്ഷയാകുന്നതോടെ ഇനിയെന്ത് എന്ന് അത്ഭുതപ്പെട്ടു നില്‍ക്കുന്ന ശമുവേലിന്റെ ചിത്രത്തിലാണ് നോവല്‍ അവസാനിക്കുന്നത്. അതിനിടയില്‍ എന്തൊക്കെ ‘സംഭവിച്ചു’ എന്നത് തീരെ ചെറിയ ചോദ്യം മാത്രമാണ് കൃതഹസ്തനായ നോവലിസ്റ്റിന്റെ ഈ ഏറ്റവും പുതിയ മാസ്റ്റര്‍പീസില്‍. എന്നിരിക്കിലും, തന്റെ ആശയങ്ങളെ ചുമക്കാനുള്ള വ്യക്തിത്വമില്ലാത്ത വെറും പ്രതീക സൃഷ്ടികള്‍ മാത്രമല്ല നോവലിലെ കഥാപാത്രങ്ങള്‍ എന്നത് പ്രധാനവുമാണ്. വ്യക്തികള്‍/ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അവരുടെ അനുഭവങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ഒട്ടും കൃതൃമത്വമില്ലാത്ത സര്‍ഗ്ഗാത്മകതയുടെ ട്രാജെക്റ്ററിയില്‍ സന്ധിക്കുന്നതാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടാണ് തന്റെ നഷ്ടങ്ങളുടെ ആഘാതത്തില്‍ ഇനിയൊരു സംവാദത്തിലും അതാലിയക്ക് താല്‍പര്യമില്ലാത്തത്. “അവര്‍ അവരുടെ പരിഷ്കരണങ്ങളെല്ലാം അവരില്‍ തന്നെ ഒതുക്കിയിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു, അതെപ്പോഴും കുരുതികളും കുരിശു യുദ്ധവും ജിഹാദും അല്ലെങ്കില്‍ ഗുലാഗും അല്ലെങ്കില്‍ ഗോഗിന്റെയും (സാത്താന്‍) ഡെമഗോഗിന്റെയും യുദ്ധങ്ങളും ഉള്‍കൊള്ളുന്നു എന്നിരിക്കെ” എന്ന് ഗര്‍ഷോം വാല്ദ് നിരുന്മേഷവാനാവുന്നത്.

 

(ഉള്ളെഴുത്ത് ജൂലൈ 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 338-347)