Featured Post

Sunday, July 6, 2025

Pamparam by Damu Nair (Malayalam Novel)

 വിനാശകതയിലേക്കുള്ള ഒറ്റയാള്‍ വഴി


    ആസക്തിയുടേത് ഒരു വിചിത്രവഴിയാണ്. ഏകാന്തതയുടെ/ മടുപ്പിന്റെ/ ആവേശാന്വേഷണത്തിന്റെ പ്രായേണ നിരുപദ്രവമായ രീതികളില്‍ തുടങ്ങി സാഹചര്യങ്ങളിലും സൗഹൃദങ്ങളിലും വളര്‍ന്നു സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ/ അടിമത്തത്തിന്റെ ഊരാകുടുക്കിലൂടെ മുന്നോട്ടു പോയിഇനിയൊരു ഘട്ടത്തില്‍ തിരികെ സൗഹൃദ നഷ്ടങ്ങളുടെ പിന്‍ നടത്തത്തിലൂടെ വീണ്ടും ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും ഒടുവില്‍ സ്വയം നശീകരണത്തിന്റെ ഗതികേടിലേക്കും അത് സഞ്ചരിക്കുന്നു. വ്യക്തികളുടെ പടിപടിയായുള്ള ഈ തകര്‍ച്ച സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികള്‍ ലോക സാഹിത്യത്തിന്റെ ഭാഗമാണ്. ഫ്ലോബേറിന്റെ മദാം ബോവേറി (Madame Bovary ), എമിലി സോലയുടെ നാനാ (Nana), ടോള്‍സ്റ്റോയിയുടെ അന്ന ( Anna Karenina തുടങ്ങിയ കഥാപാത്രങ്ങള്‍തങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാനാകാത്ത സ്വയം നശീകരണ പ്രവണതയില്‍ ആണ്ടു മുങ്ങുകയും തങ്ങളെയും ചുറ്റുമുള്ളവരെയും സര്‍വ്വനാശത്തിന്റെ നിലയില്ലാക്കയത്തില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്നവരാണ്. ആംഗലേയ സാഹിത്യത്തിലെ അപൂര്‍വ്വ പ്രതിഭാസമായിരുന്ന ബ്രോണ്ടി സഹോദരിമാരില്‍ ഏറ്റവും കുറച്ചു അറിയപ്പെട്ടവരായിരുന്ന ആന്‍ ബ്രോണ്ടിയുടെ മാസ്റ്റര്‍പീസ്‌ ‘The Tenant of Wildfell Hall’, വിവാദങ്ങള്‍ക്കു തിരികൊളുത്തിയതും ‘പെണ്‍കുട്ടികളുടെ കയ്യില്‍ ഒരിക്കലും എത്തിപ്പെട്ടു കൂടാത്തത് എന്ന വിമര്‍ശനത്തോടെ *1എന്ന ലേബലോടെ ദീര്‍ഘകാലം ഔട്ട്‌ ഓഫ് പ്രിന്റില്‍ തുടര്‍ന്നതിനും പിന്നില്‍ ഗാര്‍ഹിക പീഡന രംഗങ്ങളുടെയും അമിത മദ്യപാന ചിത്രീകരണത്തിന്റെയും പേരിലായിരുന്നു. ഇന്ന് ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ ശക്തമായ ഒരാദ്യകാലകാല ഈടുവെപ്പായി നോവല്‍ അംഗീകരിക്കപ്പെടുന്നു. മദ്യത്തിലും മറ്റു ലഹരികളിലും മുങ്ങിത്താഴുകയും തന്നെയും ചുറ്റുമുള്ളവരെയും അതിന്റെ കെടുതികളില്‍ ആഹൂതി ചെയ്യിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ സമകാലിക നോവലുകളില്‍ - വിശേഷിച്ചും അസംതൃപ്തവും അതിദയനീയവുമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അധസ്ഥിതര്‍, സാമൂഹികമായി പാര്‍ശ്വവല്കരിക്കപ്പെട്ടവര്‍ തുടങ്ങിയ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന ഏഷ്യന്‍ - ആഫ്രിക്കന്‍, ആഫ്രിക്കന്‍ അമേരിക്കന്‍, ഗോത്ര/ ആദിമ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ കഥകളില്‍ - എത്രയും കാണാം. ടോണി മോറിസന്റെ നോവലുകള്‍ (Beloved, The Bluest Eye …) മുതല്‍, ജെസ്മിന്‍ വാര്‍ഡിന്റെ Salvage the Bones ലൂടെ ആ പട്ടിക നീളുന്നു.

    കാല്‍പ്പനികതാ പ്രസ്ഥാനത്തിന്റെ ആത്മനിഷ്ട വൈകാരികതക്കെതിരായി കൂടുതല്‍ സത്യസന്ധവും യഥാതഥവുമായ വസ്തുനിഷ്ഠ സമീപനത്തിലൂടെ മനുഷ്യ ദുരന്തങ്ങളുടെ ആഴം തേടുകയെന്ന സമീപനം ( Naturalism ) സോലയെയും ഫ്ലോബേറിനെയും ടോള്‍സ്റ്റോയിയെയും ആകര്‍ഷിച്ചപ്പോള്‍,   ദുരന്തകാരണമായി നിലക്കൊണ്ടത് പാരമ്പര്യം (heredity), ചുറ്റുപാടുകള്‍ (environment ) എന്നീ ഘടകങ്ങളുടെ നിര്‍ണ്ണായകത്വം (deterministic view) എന്നതായിരുന്നു. ഹെമിംഗ് വെസ്റ്റീന്‍ബക്ക്ഫോക്നര്‍ തുടങ്ങിയ വലിയ പ്രതിഭകളിലൂടെ ആധുനിക സാഹിത്യത്തിലേക്കും വ്യാപിച്ച, അടിസ്ഥാനപരമായി അശുഭാപ്തിവിശ്വാസ (pessimistic) പ്രകൃതമുള്ള naturalism’   അതിന്റെ വകഭേദങ്ങളായി മലയാള സാഹിത്യത്തെയും സ്വാധീനിക്കാതെ വഴിയില്ല. എം.ടിമുകുന്ദന്‍ തുടങ്ങിയവരുടെ ആദ്യകാല കൃതികളിലെ വിഷാദാത്മക/ മൂല്യ നിരാസ (nihilistic ) മനോഭാവങ്ങളില്‍ അത്തരം സ്വാധീനം കണ്ടെത്താനായേക്കും. എന്നാല്‍ ഗൃഹാതുരതയുടെ കാല്‍പ്പനിക പരിവേഷം കുടഞ്ഞു കളയുന്നതില്‍ അവ ഒട്ടുമേ മുന്നോട്ടു പോവുകയുണ്ടായില്ല. ഖസാക്കിലെ രവിയിലെത്തുമ്പോള്‍ ഘനീഭവിച്ച ദാര്‍ശനികതയുടെ അമിതഭാരം നോവലിനെ കഥാപാത്രത്തിന്റെയും ഒരുവേള എഴുത്തുകാരന്റെ തന്നെയും ആത്മനിഷ്ഠ ഭൂമികയാക്കി മാറ്റുകയും ചെയ്യുന്നു.

    ദാമു നായര്‍ രചിച്ച ‘പമ്പരം’ എന്ന നോവല്‍ മദ്യാസക്തിയെന്ന ദുരന്തകാരിയായ വിഷയത്തെ ഒരു നാച്ചുറലിസ്റ്റ് നോവലിസ്റ്റിന്റെ സൂക്ഷ്മതയോടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കൃതിയാണ്. ഭേദപ്പെട്ട കുടുംബ ചുറ്റുപാടുകളും മാന്യമായ സര്‍ക്കാര്‍ ഉദ്യോഗവുമുള്ള കുടുംബസ്ഥനായ മുഖ്യ കഥാപാത്രം അവക്കപ്പുറം നല്ല വായനക്കാരനും എല്ലുറപ്പുള്ള സാമൂഹിക ബോധ്യങ്ങളുള്ള, കാലഘട്ടത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഉള്‍ക്കാഴ്ചയോടെ പിന്തുടരുന്ന എഴുത്തുകാരനുമാണ്. എഴുപതുകളുടെയും എമ്പതുകളുടെയും ഊര്‍ജ്ജസ്വലമായിരുന്ന കേരളീയ സാംസ്കാരിക ഭൂമികയോടും അക്കാലത്തെ ബൗദ്ധികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ച എഴുത്തുകാരോടും സാംസ്കാരിക നായകരോടും വലിയൊരു ആരാധന നോവലിസ്റ്റ് പങ്കുവെക്കുന്നുണ്ട് എന്ന് വ്യക്തം. ലോക സാഹിത്യത്തിലെ അതികായന്മാരുടെ കൃതികള്‍ക്കുള്ള അര്‍ച്ചനയായി ഒട്ടേറെ സൂചനകളും നോവലില്‍ നിറയുന്നുണ്ട്. അയാളുടെ സൗഹൃദ വലയത്തില്‍ പെട്ടവരില്‍ സമാന ചിന്താഗതികള്‍ ഉള്ളവരും ദാര്‍ശനികവേദാന്ത വിഷയങ്ങളില്‍ തല്‍പ്പരരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ദസ്തയവ്സ്കിയുടെ ‘ചൂതാട്ടക്കാര’നെപ്പോലെ രാമചന്ദ്രന് സ്വയം തോറ്റുപോവുക അയാളുടെ മദ്യാസക്തിയുടെ മുമ്പിലാണ്. നഷ്ടങ്ങളുടെ നൈരന്തര്യം പതിയെ പതിയെ തുടങ്ങുകയും സുരതാവേഗത്തോടെ അയാളെ ആമഗ്നനാക്കുകയും ചെയ്യും. ആദ്യം ജോലി, പിന്നെ വീട്, പുരയിടം ഒടുവില്‍ അയാളുടെ ആത്മവത്ത തന്നെയും അയാള്‍ക്ക് കൈവിട്ടു പോകും. ഒരുകാലത്ത് എന്തിനും ഏതിനും കൂട്ടായി മദ്യമേശയില്‍ ചുറ്റിക്കൂടിയവര്‍ അറപ്പുളവാക്കുന്ന പകര്‍ച്ച വ്യാധിക്കാരനെ പോലെ തന്നില്‍ നിന്ന് അകന്നു പോകുന്നത് അയാള്‍ക്ക് കാണേണ്ടി വരും. മദ്യാസക്തിയുടെ നീരാളിപ്പിടുത്തത്തില്‍ കര്‍തൃത്വഗുണങ്ങളെല്ലാം നഷ്ടപ്പെട്ട്, സസ്പെന്‍ഷന്‍ കാലയളവിന്റെ ജീവനാംശം പോലും നേടിയെടുക്കാനാവാതെ മദ്യശാലകളില്‍ നിന്ന് മദ്യശാലകളിലേക്കും അതിനുള്ള വരുമാനം തേടി ഫലത്തില്‍ ഇരക്കുന്ന മനോ നിലയിലേക്കുമുള്ള രാമചന്ദ്രന്റെ പതനം ഏകാഗ്രതയോടെ നോവലിസ്റ്റ് പിന്തുടരുന്നു. കടം വാങ്ങി കടം വീട്ടുകയെന്ന ഉടന്തടി പരിഹാര രീതിയിലേക്കു വീണുപോകുന്ന ഒരാള്‍ വട്ടിപ്പലിശക്കാരുടെ ഇരയായിത്തീരുക എന്നതും വര്‍ത്തമാനകാല സാമൂഹിക അനിവാര്യത തന്നെയാണ്. നിത്യജീവിതം തള്ളിനീക്കുകയെന്ന വെല്ലുവിളികടബാധ്യതയില്‍ നിന്ന് കൂടുതല്‍ കടബാധ്യതയിലേക്ക് എന്ന ചതുപ്പില്‍ വീഴ്ത്തിക്കളയുന്ന ഒരാള്‍ക്ക് അയാളുടെ ധൈഷണിക, സര്‍ഗ്ഗാത്മക ജീവിതമൊക്കെ എരിഞ്ഞടങ്ങുന്നതിനും സാക്ഷിയാകാതെ വയ്യ. അങ്ങനെ നോക്കുമ്പോള്‍, രാമചന്ദ്രന്റെത് ആസക്തിയുടെ വിനാശകതയും സാമൂഹിക സാമ്പത്തിക നിര്‍ണ്ണായത്വത്തിന്റെ അപ്രമാദിത്തവും ചേരുന്ന ക്ലാസിക്കല്‍ ദുരന്ത സന്ധിയാണ്.

    എന്നാല്‍ വലിയൊരു പാരമ്പര്യത്തോട് കണ്ണിചേരാനുള്ള നോവലിന്റെ ഈ സാധ്യതയെ ഒമ്പതു പേജുകള്‍ മാത്രമുള്ള ആറാംഭാഗം അട്ടിമറിക്കുന്നു എന്നൊരു നിരീക്ഷണം സാധ്യമാണ്. ജീവിതോന്മുഖതയുടെ ഒരു വെളിച്ചത്തില്‍ വേണം തന്റെ ആഖ്യാനം അവസാനിപ്പിക്കാന്‍ എന്നു നോവലിസ്റ്റ് തീരുമാനിച്ചെങ്കില്‍ അതിനു അതിന്റേതായ സത്യമുണ്ടാവാം. പക്ഷെ, വിനാശകമായ ആസക്തിയെന്ന വിഷയത്തെ ഉടനീളം സത്യസന്ധമായി പിന്തുടരുകയും ആ വഴിയില്‍ പല കഥാപാത്രങ്ങളുടെയും ആത്മഹത്യകള്‍ ഉള്‍പ്പടെയുള്ള എരിഞ്ഞടങ്ങല്‍ സൂചിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാതെ മുന്നോട്ടു പോവുന്ന നോവലിന് ഈ ഭാഗം ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ തുറവു ലഭിച്ചേനെ എന്ന തോന്നല്‍ അമിത വിമര്‍ശക ദൃഷ്ടിയും ആകാം. നോവലിലെ മറ്റൊരു പരിമിതിയായി അനുഭവപ്പെട്ടത് ഇതര കഥാപാത്രങ്ങളുടെ പതനങ്ങള്‍ ‘പറഞ്ഞു പോകുന്ന’ രീതിയാണ്. നോവലിലെ ദുരന്ത കഥാപാത്രങ്ങളില്‍ ദാര്‍ശനിക മാനങ്ങളുള്ള പരാജയങ്ങള്‍ മുതല്‍ ആതിഥേയ പ്രിയതയുടെ ധാരാളിത്തത്തില്‍ മുടിഞ്ഞു പോവുകയും കൂട്ടാളിയായി കൂടെക്കൂടുന്നവന്‍ ഭാര്യയുടെ ജാരനായിത്തീരുന്നതു കണ്ടു ആത്മനിന്ദയില്‍ ഒടുങ്ങിപ്പോവുകയും ചെയ്യുന്നവര്‍ വരെയുണ്ട്. എന്നാല്‍, ഇത്തരം നീറ്റലുകളെ അതാതു കഥാപാത്രങ്ങളിലോ അവരുടെ ജീവിതാവസ്ഥകളിലോ നോവലിസ്റ്റ് കാര്യമായി പിന്തുടരുന്നില്ല. മറിച്ചു, കഥാനായകന്റെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംഭവിക്കുന്ന പതനങ്ങളുടെ ചിത്രീകരണം സൃഷ്ടിക്കുന്ന ഏകാതാനത  പലപ്പോഴും അസ്വാരസ്യം സൃഷ്ടിക്കുന്നുമുണ്ട്‌. പാത്രദീക്ഷയിലെ ഊന്നല്‍പരിമിതി ഏറ്റവും തെളിഞ്ഞു കാണാനാകുക, ഒരു കുടുംബിനിയുടെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ഏതാണ്ട് ഒറ്റയ്ക്കു പേറേണ്ടി വരുന്ന രാമചന്ദ്രന്റെ ഭാര്യയുടെ ചിത്രീകരണമാണ്. മദ്യത്തിന് അടിമയാകുന്ന ഒരാള്‍ കര്‍തൃത്വം തീര്‍ത്തും നഷ്ടപ്പെട്ടു എല്ലാം ‘സംഭവിക്കാന്‍’ കാത്തു നില്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ആ ഭാരം കൂടി സ്വയം ഏറ്റെടുക്കേണ്ടിവരുന്ന ഒരമ്മ/ ഭാര്യ അത്ര നിശബ്ദമായാവുമോ അതൊക്കെയും നേരിട്ടിട്ടുണ്ടാവുക എന്ന സന്ദേഹം അസ്ഥാനത്തല്ല. ആവിഷ്കാര രീതിയില്‍ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരുന്നില്ല എന്നതും മുകളില്‍ സൂചിപ്പിച്ച ഏകാതാനതയുടെ കാരണമാകാം. എന്നിരുന്നാലും, അനുഭവ വൈവിധ്യങ്ങളെ പിന്തുടരുന്നതില്‍ ഒരിക്കലും മടിച്ചു നിന്നിട്ടില്ലാത്ത മലയാള നോവല്‍ സാഹിത്യത്തില്‍ എന്തുകൊണ്ടോ വേണ്ടത്ര ആഴത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രമേയത്തെ കേന്ദ്ര സ്ഥാനത്തില്‍ നിര്‍ത്തി ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ ‘പമ്പരം’ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.   

 *1. *1. (“…the fault of the book is coarseness—not merely that coarseness of subject which will be the stumbling‑block of most readers, and which makes it utterly unfit to be put into the hands of girls…”- "Mr. Newby Will Publish On The 24th, Mr. Acton Bell's Novel, The Tenant Of Wildfell Hall". The Morning Post. 23 June 1848. p. 8 – via British Newspaper Archive.- recovered with AI help

ഫസല്‍ റഹ്മാന്‍

 


The Druze of Belgrade by Rabee Jaber

 

‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍: ചരിത്രനീതിയെന്ന പ്രഹേളിക




ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ്‌ ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade).  ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരന്തപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ലെബനനില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് മാരോനൈറ്റ് ക്രിസ്ത്യാനികളും മറുഭാഗത്ത് ദുറൂസി മുസ്ലിംങ്ങളും ഏറ്റുമുട്ടി. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ സംഘര്‍ഷം, ഒടുവില്‍ ക്രിസ്ത്യന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചു. അക്കാലമാകുമ്പോഴേക്കും അപചയപ്പെട്ടുകൊണ്ടിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്, ക്രിസ്ത്യന്‍ സംരക്ഷകരായി ഇടപെടാന്‍ തുടങ്ങിയേക്കാമായിരുന്ന ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ അക്രമകാരികള്‍ക്കെതിരില്‍ നടപടിഎടുക്കല്‍ അനിവാര്യമായി. തുടര്‍ന്ന് ഒട്ടേറെപ്പേര്‍ നാടുകടത്തലിനും മറ്റും വിധേയരായി. അക്കൂട്ടത്തില്‍, ബെല്‍ ഗ്രേഡിലെ തടവറയിലേക്ക് കൊണ്ടുപോകപ്പെട്ട ‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍’ എന്നുവിളിക്കപ്പെട്ട ഒരു കൂട്ടം തടവുപുള്ളികളുടെ കൂട്ടത്തിലാണ് ഹന്നാ യാക്കോബ് എത്തിപ്പെടുന്നത്. വംശീയ അടിയൊഴുക്കുള്ള ഒരു ആള്‍മാറാട്ടത്തില്‍ ഇരയായിപ്പോകുന്ന അയാള്‍, വാസ്തവത്തില്‍ ഒരു ക്രിസ്ത്യാനിയാണ്; വീട്ടില്‍ അയാളെ കാത്തു പതിനേഴു വയാസുമാത്രമുള്ള ഭാര്യയും പതിനൊന്നു മാസം പ്രമുള്ള മകളുമുണ്ട്. തടവറയിലേക്ക് പോകുന്ന അഞ്ചു സഹോദരങ്ങളില്‍ ഒരാളെയെങ്കിലും വിട്ടുകിട്ടാന്‍, വേണ്ടെന്നു വെക്കാനാകാത്ത കൈക്കൂലിയുമായെത്തുന്ന ഗഫാര്‍ എസെദ്ദീന്‍ എന്ന വയോധികനെ നിഷേധിക്കാനാകാത്ത ഇസ്മയില്‍ പാഷ, ഒരു സാഹചര്യം സൃഷ്ടിക്കുന്നു. അഞ്ഞൂറ് പേരടങ്ങുന്ന തടവുപുള്ളികളെ എണ്ണി കണക്കാക്കാനെത്തുന്ന ഫ്രഞ്ച് ഉദ്യോഗസ്തുനു മുന്നില്‍ എണ്ണം തികക്കാന്‍ ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഫ്രഞ്ച് കോണ്‍സല്‍, അന്നേരം പോര്‍ട്ടിലുള്ള ഹതഭാഗ്യനെ വശീകരിക്കുന്നു. അല്‍പ്പനേരം ഒരു ആള്‍മാറാട്ടം നടത്തുക. അടുത്ത പോര്‍ട്ടില്‍ നിന്ന് തിരികെ വരാം. മികച്ചൊരു പ്രതിഫലവും ലഭിക്കും. കഥയേതുമറിയാത്ത യുവാവ് പിന്നെയങ്ങോട്ട് തന്റെ ജീവിതത്തിനു മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത കുരുക്കില്‍ പെട്ടുപോകുന്നു. ‘തെറ്റായ സമയത്ത് തെറ്റായ ഇടത്തില്‍ ഉണ്ടായിപ്പോയി എന്നതിന് വിധിയുടെ ശിക്ഷ എന്ന് നോവലിസ്റ്റ് എഴുതുന്നു. പിന്നീടുണ്ടാവുന്നത് വര്‍ഷങ്ങള്‍ നീളുന്ന, വന്‍കരകള്‍ പിന്നിടുന്ന തടവറ, പീഡനം, അപമാനവീകരണം (dehumanization) തുടങ്ങിയവയുടെ അവസാനമില്ലാത്ത നൈരന്തര്യമാണ്. ഒരു സുപ്രഭാതത്തില്‍ അതേ പകലറുതിയില്‍ തിരികെയത്താനായി വീടുവിട്ടിറങ്ങിയ അയാള്‍ തിരികെയത്തുക, അയാള്‍ എന്തായിരുന്നോ അതല്ലാത്ത രീതിയില്‍, ഉടലിലും മനസ്സിലും ഏറ്റ മുറിവുകളുടെ വടുക്കളുമായി, പ്രായവുമായി ഒരു ബന്ധവുമില്ലാത്ത തകര്‍ന്നുപോയ ഒരു വൃദ്ധനായാണ്.

വീറില്ലാത്ത കഷ്ടപ്പാടുകളുടെ ഒരു ആഖ്യാനം

ചരിത്രത്തിന്റെ വേലിയേറ്റങ്ങൾ വ്യക്തികളെ അവരുടെ നിയന്ത്രണത്തിനപ്പുറമുള്ള സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുന്ന ഒരു ലോകത്തെയാണ് ജാബർ നിർമ്മിക്കുന്നത്. അവിടെ അരങ്ങേറുന്ന വിഭാഗീയ അക്രമത്തിൽ ഹന്ന പങ്കാളിയോ കുറ്റവാളിയോ അല്ല. അയാളുടെ അവസ്ഥയുടെ ഐറണി ദയനീയമാണ്: അയാളുടെ തന്നെ സമൂഹത്തെ ഉന്മൂലനം ചെയ്തവര്‍ക്കുള്ള ശിക്ഷയിലാണ് അയാള്‍ വിധേയനായിപ്പോകുന്നത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ വിഭാഗീയ നയങ്ങൾ മുതൽ ബാൽക്കണിലെ ഓസ്‌ട്രോ-ഹംഗേറിയൻ ഇടപെടലുകൾ വരെ യുദ്ധത്തിന്റെയും സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വേലിയേറ്റങ്ങളിൽ അകപ്പെട്ട എണ്ണമറ്റ നിരപരാധികളുടെ വിധിയുടെ കണ്ണാടിയാണ് അയാളുടെ അനുഭവങ്ങൾ. ഈ അർത്ഥത്തിൽ, ചരിത്രത്തെ തങ്ങള്‍ക്കു നിയന്ത്രിക്കാനോ രൂപപ്പെടുത്താനോ കഴിയുന്ന ഒന്ന് എന്ന നിലക്കല്ല, മറിച്ചു വ്യക്തികളില്‍ സംഭവിക്കുന്ന ബാഹ്യശക്തി എന്ന നിലക്കാണ് നോവല്‍ അവതരിപ്പിക്കുന്നത്‌ എന്നുപറയാം. പീഡാനുഭവങ്ങളുടെ നൈരന്തര്യവും ഭയാനകതയും ഇതോടു ചേര്‍ത്തു കാണണം: നോവൽ ചിത്രീകരിക്കുന്ന അത്രയും ഇടവേളകള്‍ ഇല്ലാത്ത പീഡാനുഭവങ്ങള്‍ നേരിടുകയെന്നത്, മനുഷ്യസാധ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്‌. ഏതെങ്കിലും രൂപത്തിലുള്ള ദൈവിക നീതിയോ പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങളോ ചരിത്രത്തിന്റെ ഇരകള്‍ക്ക് ആശ്വാസം കണ്ടെത്താനില്ല – അയാള്‍ അതിജീവിക്കുന്നു, കാരണം അയാള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല.

ഐഡന്റിറ്റി, ഓര്‍മ്മ, ആലിഗറി

അതുപോലെത്തന്നെ, ഇരകളെ കണ്ടെടുക്കുന്നതിലുള്ള അപ്രവചനീയതയും പ്രസക്തമാണ്‌: ക്രിസ്ത്യാനിയായ ഹന്നാ, കൃസ്ത്യാനികളെ പീഡിപ്പിച്ചവരെ വേട്ടയാടുന്നതില്‍ ഇരയയിപ്പോകുക എന്നതില്‍, ബലിയാടുകളിലൂടെയുള്ള ശിക്ഷാവിധി നടപ്പിലാക്കലിന്റെ ഐറണിയാണുള്ളത്. ഇരയുടെയും അക്രമിയുടെയും ഐഡന്റിറ്റി പരസ്പരം മാറിപ്പോകാവുന്നത്രയും അനിയതമാണ് (fluid) എന്നതും, അത് നീതിവ്യവസ്ഥ എന്നതിനേക്കാള്‍ സാഹചര്യങ്ങളെ ആശ്രയിക്കുന്നു എന്നിരിക്കെ, അതിജീവനം വെറും ഭാഗ്യത്തിന്റെ സൃഷ്ടിയാണ് എന്നതും ലബനീസ് ആഭ്യന്തര സംഘര്‍ഷത്തിന്റെ ഒരു ആലിഗറി ആയി നോവലിനെ മാറ്റുന്നുണ്ട്.

അബ്രഹാമിന്റെ ബലിയുടെ സമാന്തരം ഒന്നിലേറെ തവണ നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഹന്നയുടെ പീഡാനുഭവത്തിന്റെ അസംബന്ധം, ഒരു ദൈവിക ന്യായീകരണവും കൊണ്ടുവരുന്നില്ല. അയാളൊരു പകരംവെപ്പാണ്‌. അയാള്‍ക്കു പകരം ഒരു ബലിയാടും അവതരിക്കാനില്ല. ആ അര്‍ഥത്തില്‍, നോവലിസ്റ്റ് ഉന്നയിക്കുന്നത് ഒരു ദൈവരഹിതമായ ലോകം തന്നെയാണ് എന്നുപറയാം. ഏകാന്തതടവിലിട്ട കിണറിലും മറ്റുമായി കടന്നുപോകുന്ന വര്‍ഷങ്ങളില്‍ ഹന്നയുടെ ഓര്‍മ്മകളും ബുദ്ധിസ്ഥിരതയും ബാധിക്കപ്പെട്ടു തുടങ്ങുന്നത്, സ്വന്തം ഐഡന്റിറ്റി അയാള്‍ക്ക് കൈമോശം വരാന്‍ ഇടവരുത്തുന്നുണ്ട്. സുലൈമാന്‍ ഇസെദ്ദീന്‍ എന്ന് അയാള്‍ സ്വയം വിളിച്ചു തുടങ്ങുന്ന സന്ദര്‍ഭമുണ്ട്‌. വര്‍ഷങ്ങള്‍ നീണ്ട സരയേവോ തടവും പീഡനങ്ങളും കഴിഞ്ഞ് രാഷ്ട്രീയ ഗതിമാറ്റങ്ങളെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടു എന്ന സന്ദര്‍ഭത്തില്‍, മോണ്ടിനെഗ്രോ മലയോരങ്ങളില്‍ വെച്ചുണ്ടാകുന്ന ഏറ്റുമുട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉസ്മാന്‍ പാഷയുടെ തടവറയില്‍ അഞ്ചുവര്‍ഷം കൂടി കഴിയേണ്ടി വരുന്ന ഘട്ടത്തിലാണ് ഓര്‍മ്മകള്‍ അയാളെ തനിച്ചാക്കി വിട്ടുപോകുന്നതും അങ്ങനെ ഭൂതകാലത്തെപ്പോലും നിഷേധിക്കുന്നതും. ഭൂതകാലം നിഷേധിക്കപ്പെടുമ്പോള്‍ ഒരാള്‍ക്ക് വ്യക്തിസത്തയുടെ അനുസ്യൂതി നഷ്ടപ്പെടുന്നു. അക്കാലവും കഴിഞ്ഞു തുറസ്സുകളിലേക്ക് സ്വതന്ത്രനാക്കപ്പെടുന്ന ഘട്ടത്തിലാണ് അവ പതിയെ തിരികെയെത്തുന്നത്. പുനസമാഗമം സംഭവിക്കുമ്പോഴാകട്ടെ, അതൊരു ശ്വാസമെടുപ്പാണ് : “ഹന്നാ യാക്കോബ് നിലത്തിരുന്നു. “ഇത് ഹെലെനയാണ്‌. ഞാന്‍ വീടെത്തി”. അയാള്‍ വിരലുകള്‍ കൊണ്ട് സ്വന്തം ഉടലിനെ തൊട്ടുനോക്കി, താനൊരു പ്രേതമല്ല എന്നുറപ്പുവരുത്തി. അയാള്‍ തന്റെ ഭാര്യയെയും മകളെയും ആലിംഗനം ചെയ്തു, കരഞ്ഞു. ഒരു തേങ്ങലോടെ, അയാള്‍ തന്റെ ശ്വാസകോശം വായുകൊണ്ട് നിറച്ചു.” എല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നൊരു ചോദ്യം ചോദിക്കാന്‍ പോലും കഴിയാത്തത്ര അയാള്‍ തകര്‍ന്നുപോയിരുന്നെങ്കില്‍ ആ ചോദ്യം വായനക്കാരില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്ന ഒരന്ത്യം. 

ചരിത്രപരമായ ശൈഥില്യത്തിന്റെ സ്ഥലകാലചിത്രം:

ആഖ്യാനങ്ങളില്‍ സ്ഥലകാല ബന്ധത്തെ കുറിച്ചുള്ള മിഖയില്‍ ബഖ്തിന്റെ സിദ്ധാന്തം (chronotope), നോവലിന്റെ വായനയില്‍ ഏറെ പ്രസക്തമാണ്‌. ചരിത്രത്തെ ഘടനാ ഭദ്രതയുള്ള സമഗ്ര ശക്തിയായല്ല, മറിച്ചു കലുഷവും അസ്ഥിരപ്പെടുത്തുന്നതുമായ ഒന്നായാണ് നോവല്‍ നിരീക്ഷിക്കുന്നത്. ബൈറൂത്തില്‍ നിന്ന് ബെല്‍ഗ്രേഡിലേക്ക് കൊണ്ടുപോകപ്പെടുന്നതോടെ മാറിമറിയുന്ന ശാക്തിക വിധേയത്തങ്ങളിലൂടെയും സാമ്രാജ്യ കൈമാറ്റങ്ങളിലൂടെയും ഹന്നയെ സംബന്ധിച്ച് സ്ഥലകാല ബന്ധങ്ങള്‍ അറ്റുപോകുന്നു. കാലം നേര്‍രേഖയില്‍ അല്ലാതാകുന്നു (non-linear), ഇടം അസ്ഥിരമാകുന്നു (unstable), അയാളുടെ ഭാഗധേയത്തിനു ഒരവസാനവും കാണപ്പെടാതാകുന്നു (no resolution). ചരിത്രത്തിന്റെ പ്രകൃതമായി കണക്കാക്കപ്പെടുന്ന കാര്യകാരണ ബന്ധങ്ങളെ ഹിംസയില്‍ അധിഷ്ടിതമായ വെറും മിഥ്യയായി തുറന്നുകാണിക്കുന്ന കഥ പറയുന്ന ഇതര കൃതികളുമായി ഇത് നോവലിനെ കണ്ണി ചേര്‍ക്കുന്നു. The Bridge on the Drina (ഈവോ ആന്റ്രിച്ച്) The Last of the Angels (ഫാദില്‍ അല്‍ അസ്സാവി) തുടങ്ങിയ മാസ്റ്റര്‍പീസുകള്‍ ഇക്കാര്യത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ഈ കൃതികളില്‍ ഒന്നിലും, ‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍’ ഉള്‍പ്പടെ, ചരിത്രം എന്നത്, സ്ഥിരതയോടെ  ഒഴുകുന്ന ശക്തിയല്ല, മറിച്ച് ജീവിതങ്ങളെ തകിടം മറിക്കുകയും തുടച്ചു നീക്കുകയും ചെയ്യുന്ന കൊടുങ്കാറ്റുകളാണ്. ഇവയിലൊന്നും ചരിത്രമെന്നത് പുരോഗതിയും നീതിയും ഉറപ്പുവരുത്തുകയും വ്യക്തിത്വങ്ങളെ അനശ്വരമാക്കുകയും ചെയ്യുന്ന ബൃഹദാഖ്യാനങ്ങളല്ല, മറിച്ച് അവയെ തുടച്ചുനീക്കുന്ന ശ്ലഥവും നിസ്സംഗവുമായ ശക്തിയാണ് (not a grand narrative of progress or justice, but a chaotic, indifferent force that erases individuals rather than immortalizing them).

ഡാന്റെയസ്ക് അധോലോകവും പ്രതീക്ഷയുടെ ഇടവും

സൂക്ഷ്മ നിരീക്ഷണത്തില്‍ ഹന്നയുടെ യാത്ര, അധോലോത്തെക്കുള്ള ഡാന്റെയുടെ യാത്ര (descent) യുമായി താരതമ്യം ആവശ്യപ്പെടുന്നുണ്ട്. അയാളുടെ പീഡാനുഭവവും ചാക്രികമാണ്. ഓരോ ഘട്ടത്തിലും കൂടുതല്‍ വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു, തിരികെയെത്തുമ്പോഴേക്കും ശാരീരികമായും വൈകാരികമായും തിരിച്ചറിയാനാകാത്ത വിധം അയാള്‍ മാറിപ്പോയിരിക്കുന്നു. എന്നിരിക്കിലും, ഡാന്റെയുടെ ഇന്‍ഫെര്‍നോയില്‍ അന്തിമ മോക്ഷത്തിലേക്ക് നയിക്കുന്ന  വിര്‍ജിലിനെപോലെ ഹന്നയ്ക്ക് ഒരു വഴികാട്ടിയില്ല. അയാള്‍ക്ക് തനിച്ചു വേണം തന്റെ പീഡനങ്ങളിലൂടെ അതിജീവിക്കാന്‍. അയാളുടേത്, മോക്ഷത്തിലേക്ക് എന്നല്ല, കൊടിയ നിരാശയുടെ അനുഭവമാണ്‌.

എന്നിരിക്കിലും, ഈ സമാനതയില്‍, മറ്റെല്ലാം - വ്യക്തിത്വവും ഭാഗികമായി ഓര്‍മ്മപോലും -അപഹരിക്കപ്പെടുമ്പോഴും, അയാളെ നിരന്തരം മുന്നോട്ടു നടത്തുന്ന ഒരു വികാരമുണ്ട്‌ എന്നത് കാണാനാകും – ഹെലെനയോടും ബാര്‍ബറയോടും വീണ്ടും സന്ധിക്കാനുള്ള മോഹം.  കുടുംബവുമായുള്ള കൂടിച്ചേരല്‍ ഇനിയും പഴയപടിയകുമോ എന്നുറപ്പില്ലെങ്കിലും, ആ പ്രതീക്ഷ ഒരു ഘട്ടത്തിലും അയാള്‍ തീര്‍ത്തും കൈവിടുന്നില്ല എന്നത്, സമ്പൂര്‍ണ്ണ വ്യര്‍ത്ഥബോധത്തിന് അയാള്‍ കീഴടങ്ങിയിട്ടില്ല എന്ന് കാണിക്കുന്നു. ആ അര്‍ഥത്തില്‍ ഹെലെന ഏതാണ്ട് ബിയാട്രിസിനെ പോലെയാണ് – അഭിലാഷത്തിന്റെയും വിദൂരമായ മോക്ഷത്തിന്റെയും പ്രത്യക്ഷം. അതേസമയം കുഞ്ഞു ബാര്‍ബറ ഒരു പുനര്‍ജ്ജനിയാണ് – വിനാശകതകളുടെ മധ്യത്തിലെ പ്രതീക്ഷയുടെ പ്രതീകം.  

The Druze of Belgrade ഒരു മനുഷ്യന്റെ ദുരന്ത ചിത്രം മാത്രമല്ല. ചരിത്രത്തിന്റെ കൊമാളിത്തത്തെയും അതിന്റെ ഭാരത്താല്‍ ചതഞ്ഞുപോകുന്ന മനുഷ്യരുടെയും ഒരു ആലിഗറിയാണ്. ഹന്നാ യാക്കോബ് വെറുമൊരു അതിജീവിതന്‍ (survivor) മാത്രമല്ല; അയാള്‍ നിരപാരാധര്‍ ബലിയര്‍പ്പിക്കപ്പെടുന്ന ലോകക്രമത്തിന്റെ സാക്ഷി കൂടിയാണ്- അവിടം ചരിത്രം ആളുകളാല്‍ രൂപപ്പെടുത്തപ്പെടുകയല്ല, മറിച്ച് അവരില്‍ സംഭവിക്കുകയാണ്. എന്നിരിക്കിലും അയാളുടെ യാത്ര തീര്‍ത്തും നിരാശാപൂര്‍ണ്ണമല്ല. തിരിച്ചറിയാനാകാത്ത വിധം മരവിച്ചു പോയിരിക്കുന്നെങ്കിലും, പുനസമാഗമം അസംഭവ്യമല്ല എന്ന് ഉറപ്പുവരുത്തുന്നതിലൂടെ, ചരിത്രത്തിന്, അതെത്രമാത്രം, ദയാരഹിതമാണെന്നിരിക്കിലും, പ്രതീക്ഷ വെച്ച് പുലര്‍ത്താനുള്ള മനുഷ്യന്റെ സിദ്ധിയെ തീര്‍ത്തും ഇല്ലാതാക്കാനാകില്ല എന്ന് ഹന്നയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഒടുവില്‍, അയാളുടെ കഥ, ചരിത്രത്തിന്റെ നിരങ്കുശമായ ഹിംസാത്മകതയുടെ സാക്ഷ്യപത്രമാണ്‌; വായനക്കാരില്‍ അത് വീറില്ലാത്ത ഒരു ചോദ്യം അപ്പോഴും അവശേഷിപ്പിക്കുന്നു: എന്തിന്? ആ ഉത്തരമില്ലായ്മയിലാണ് ചരിത്രനീതിയുടെ പ്രഹേളികാപ്രകൃതം സ്ഥിതിചെയ്യുന്നതും.

ഈ ലേഖകനു പതിവില്ലാത്ത വ്യക്തിപരമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഈ ലേഖനത്തോടു കൂടി വെക്കാനുണ്ട്: പതിറ്റാണ്ടാലേറെ കാലം കാത്തിരുന്നിട്ടും ഇംഗ്ലീഷ് പരിഭാഷ ഇനിയും ലഭ്യമായിട്ടില്ലാത്ത പുസ്തകം, ഫ്രഞ്ച് മൂലത്തില്‍ നിന്ന് ഗൂഗിള്‍ പരിഭാഷയുടെ സഹായത്തോടെ വായിച്ചെടുത്തതാണ്. എങ്കിലും Confessions’, ‘The Mehlis Report’ എന്നീ മികച്ച നോവലുകളിലൂടെ മുമ്പേ പരിചയിച്ചിട്ടുള്ള നോവലിസ്റ്റ് തുറന്നുതന്ന ലോകം അതിന്റെ മുഴുവന്‍ ദുരന്ത ഗാംഭീര്യത്തിലും പിടികൂടിയത് കൊണ്ടാണ് ഈ ലേഖനം എഴുതപ്പെട്ടത്.

References:

RODRÍGUEZ SIERRA, Francisco (2015), “The Chronotope of Trauma: RabīʿJābir’s novel The Druze of Belgrade as example”, REIM 18, pp. 187- 209

Sunday, June 29, 2025

Aano by G. R. Indugopan (Malayalam)

 

കപ്പല്‍ചാലിലെ ആനത്താരി




(ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോ, മലയാളിയുടെ ലോകയാത്രകള്‍ക്ക് തുടക്കം കുറിച്ച ഒരു സംഭവത്തിന്റെ ആഖ്യാനത്തിലൂടെ പോര്‍ച്ചുഗീസ് കൊളോണിയല്‍ അടിനിവേശ ചരിത്രത്തെ ദേശീയതാനന്തര സാഹിത്യത്തിന്റെ പരിഗണനകളുമായി ചേര്‍ത്തുവെക്കുന്നു.)

 

അജ്ഞാതമായ രൂപങ്ങള്‍ ഭാവനയുടെ സര്‍ഗ്ഗപ്രക്രിയയില്‍ ഉരുവമെടുക്കുമ്പോള്‍ കവിയുടെ തൂലിക അവയ്ക്ക് ആകൃതി നല്‍കുകയും വായുപ്രകൃതിയായ ശൂന്യതക്ക് ഒരു ഗോചരമായ വാസസ്ഥലവും പേരും നല്‍കുകയും ചെയ്യുമെന്ന് കാവ്യ സപര്യയെ കുറിച്ച് ഷേക്സ്പിയര്‍. ചരിത്രം തമസ്ക്കരിച്ചവരെ പില്‍ക്കാലം അടയാളപ്പെടുത്തുന്ന സര്‍ഗ്ഗപ്രക്രിയയിലും ഏതാണ്ട് അതുതന്നെയാണ് സംഭവിക്കുന്നത്‌രേഖകളുടെയും ഗ്രന്ഥങ്ങളുടെയും ജീര്‍ണ്ണവും പൊടിമൂടിയതുമായ മൂലകളില്‍ ഒറ്റവാക്കിലോ പ്രയോഗത്തിലോ ഒരു ചിത്രത്തിലോ കുഴിച്ചുമൂടപ്പെട്ട ഒരസ്ഥിപജ്ഞരത്തെ/ അസ്ഥിഖണ്ഡത്തെ എഴുത്തുകാരന്‍ കണ്ടെടുക്കുന്നു. പിന്നെയുണ്ടാവുന്നത് ഏതാണ്ട് ദൈവ സമാനമായ സൃഷ്ടിയുടെ ദുര്‍ജ്ഞേയമായ നിയോഗമാണ്അസ്ഥിപജ്ഞരത്തിനു അഥവാ ഒരു ശിലാഖണ്ഡത്തിനു ഉടലും ഉയിരും വ്യക്തിത്വവും നല്‍കപ്പെടുന്നുഅതുവഴി തമസ്ക്കരിക്കപ്പെട്ട ഒരു ചരിത്രം ലോകശ്രദ്ധയിലേക്ക് ആനയിക്കപ്പെടുന്നു. ബൃഹദ് ആഖ്യാനങ്ങളോടുള്ള വിമുഖതയും തമസ്കരിക്കപ്പെട്ട/ അരികുവല്‍ക്കരിക്കപ്പെട്ട നിസ്സാര ജീവിതങ്ങളുടെ ഇതിഹാസ സമാനമായ സഹനങ്ങളോടും പോരാട്ടങ്ങളോടുമുള്ള   അനുഭാവവും മുഖമുദ്രയയായ പോസ്റ്റ്‌കൊളോണിയല്‍/ സമകാലിക സാഹിത്യത്തില്‍ ഇത്തരം കണ്ടെടുപ്പുകള്‍ ഏതാണ്ട് നിയാമാകമായിത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. 'നാര്‍വെയ്സ് പര്യവേക്ഷണം(1528) എന്നറിയപ്പെട്ട പാന്‍ഫിലിയോ ദേനാര്‍വെയ്സിന്റെ കീഴില്‍ നടന്ന 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ്ഫ്ലോറിഡ പര്യവേക്ഷണത്തിന്റെ തകര്‍ച്ചയുടെയും അതിനു നല്‍കപ്പെട്ട മാനവിക വിലയുടെയും കഥ, അതിജീവിച്ച വെറും നാലുപേരില്‍ തീര്‍ത്തും അവഗണിക്കപ്പെട്ട അടിമ എസ്റ്റെബാന്റെ വീക്ഷണത്തില്‍ പുനരെഴുത്തു നടത്തുന്ന മൊറോക്കന്‍ നോവലിസ്റ്റ് ലൈല ലലാമിയുടെ പുലിറ്റ്സര്‍ ഫൈനലിസ്റ്റ് നോവല്‍ The Moor’s Account, അത്തരം ഒരൊറ്റ വാക്യത്തില്‍ നിന്നാണ് പ്രചോദിപ്പിക്കപ്പെട്ടത്‌. "നാലാമന്‍ എസ്റ്റവാനിക്കോഅസമ്മൂറില്‍ നിന്നുള്ള ഒരു മൂറിഷ് അടിമ” എന്ന ഏകവാക്യത്തില്‍ ഔദ്യോഗിക രേഖകള്‍ കുഴിച്ചുമൂടിയ കഥാപാത്രം. തന്റെ കാഴ്ച്ചക്കും സൂര്യനും ഇടയില്‍ വന്നുപോയി എന്നതിനപ്പുറം പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ കാമുവിന്‍റെ മെര്‍സോള്‍ (The Outsider) കൊന്നുകളയാന്‍ ഇടയാകുന്ന ഊരും പേരുമില്ലാത്ത അറബിക്ക് ഒരു പുരാവൃത്തവും അസ്തിത്വവും നല്‍കുകയും കാമുവിന്‍റെ അസ്തിത്വ സമസ്യാന്വേഷനത്തിനപ്പുറം മെര്‍സോളിന്റെ ചെയ്തിയെ കൊളോണിയല്‍ ആന്ധ്യത്തിന്റെയും ഔദ്ധത്യത്തിന്റെയും പ്രകടനമായി വിചാരണ ചെയ്യുകയും ചെയ്യുന്ന അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ പ്രി ഗോണ്‍കോര്‍ പുരസ്‌കാരം നേടിയ The Meursault Investigation ഒരൊറ്റ ചോദ്യത്തില്‍നിന്നാണ് പിറവിയെടുത്തത്: ‘ആ അറബിക്ക് ഒരു ചരിത്രമുണ്ടെങ്കിലോ..?!’  1948ലെ നക്ബയുടെ പലസ്തീനിയന്‍ വംശഹത്യാഘട്ടത്തില്‍ നടന്ന ഒരു ഇസ്രായേലി മഹാപാതകത്തെ കുറിച്ച്  അക്കാലത്തുതന്നെ ഹാരെറ്റ്സ് പത്രം നടത്തിയ റിപ്പോര്‍ട്ടാണ് പലസ്തീനിയന്‍ നോവലിസ്റ്റ് അദാനിയ ശിബിലിയുടെ ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച Minor Detail എന്ന നോവലിനു നിദാനം. ഇവിടെയെല്ലാം ചരിത്രം പുനര്‍വിചാരണ ചെയ്യപ്പെടുകയോ പുതിയ വെളിച്ചത്തില്‍ കൂടുതല്‍ തെളിഞ്ഞു വരികയോ ചെയ്യുന്നു എന്നതാണ് സംഭവിക്കുന്നത്‌. ജി. ആര്‍. ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോയുടെ വായനക്ക് തികഞ്ഞൊരു മുന്നൊരുക്കമാകും ഈ ധാരണകള്‍.

ഗതിവിഗതികള്‍    

“1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നുഅഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽകൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തിലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്തആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ.”

നോവലിന്റെ ബ്ലര്‍ബില്‍നിന്ന് പകര്‍ത്തിയ ഈ ചുരുക്കെഴുത്ത് ഇതിവൃത്തചര്‍ച്ചയുടെയും പശ്ചാത്തല വിവരണത്തിന്റെയും ഭാരമൊഴിവാക്കുക മാത്രമല്ലനേരത്തെ സൂചിപ്പിച്ച സമൃദ്ധമായ സാഹിത്യപാരമ്പര്യത്തോട് നോവല്‍ കണ്ണിചേരുന്നതെങ്ങനെ എന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ആനക്കുട്ടിയുടെ സാന്നിധ്യം ഉറപ്പു വരുത്തിയ കുഴിച്ചെടുക്കല്‍ പോലെ, ആനയോടൊപ്പം നില്‍ക്കുന്ന നവയുവാവിന്റെ ചിത്രം റാഫേല്‍ വരച്ചതും ഒരു അടിസ്ഥാന പ്രഭവമായി നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്: ഒരുവേള ആ ചിത്രത്തില്‍ നിന്നാണ് ചീരന്റെ ജന്മം തന്നെയും. അവനു പുരാവൃത്തം നല്‍കുന്നതിന്റെ ഭാഗമായാണ് പോര്‍ച്ചുഗീസ് അധിനിവിഷ്ട മലബാറിന്റെയും കൊച്ചിയുടെയും ചരിത്രം ഫിക് ഷനിലേക്ക് ആവാഹിക്കപ്പെടുന്നത്.

ഴോനറുകളെ ഭേദിക്കുകയും കൂട്ടിക്കലര്‍ത്തുകയും ചെയ്യുന്ന സമകാലിക ആഖ്യാനതന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് നോവലിസ്റ്റ്. ചരിത്ര നോവലിന്റെ ഗരിമയിലേക്ക് സ്പൈ ത്രില്ലറിന്റെ ചടുലത ചേര്‍ത്തുവെക്കുന്നതില്‍ ഇത് പ്രകടമാണ്. ചീരനെയും ആനക്കുട്ടിയെയും തൊട്ടുപിറകെയെന്നോണം പിന്തുടരുന്ന കോയപ്പക്കിയുടെ യാത്രയും, ചീരന്റെ ഗൂഡദൌത്യത്തെ കുറിച്ച് മാനുവല്‍ രാജാവിനെ അറിയിക്കാനും രക്ഷകനുള്ള പുരസ്കാരവും പ്രതിഫലവും നേടാനുമുള്ള ശ്രമം അവസാന നിമിഷം നിഷ്ഫലമാകുന്നതും ഒരു ഫ്രെഡറിക്ക് ഫോര്‍സിത് സമവാക്യം പോലെ തോന്നാം. എന്നാല്‍നോവലിസ്റ്റിന്റെ ഊന്നല്‍ കേവല ഉദ്യോഗത്തിന്റെ ആവിഷ്കാരത്തിലല്ല എന്നതാണ് പ്രധാനം. കോയപ്പക്കിയുടെ ജീവിതത്തിലും തന്റെ ദേശം കടന്നുപോന്ന പ്രക്ഷുബ്ധ രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റു പിടിച്ചിട്ടുണ്ട്. ആ അനിവാര്യതയില്‍ അയാളും മാറിമാറി ഒറ്റുകാരനും സ്വാര്‍ത്ഥനും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും നില്‍ക്കക്കള്ളി ഇല്ലാതാവുന്നവനും ഭാഗ്യാന്വേഷിയും ഇടം നഷ്ടമായ രാഷ്ട്രീയ അഭയാര്‍ഥിയും നിസ്വനും മറ്റും മറ്റുമായി വേഷം മാറുന്നുമുണ്ട്; നാടിനെയും നാട്ടാരെയും ഒറ്റിക്കൊടുത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചക്രവര്‍ത്തിയുടെയും ഗവര്‍ണ്ണറുടെയും പ്രീതി നഷ്ടപ്പെട്ട് ദരിദ്രനും അപമാനിതനുമായി അന്യദേശത്തെ അജ്ഞാതവാസത്തിലേക്ക് വെറുംകയ്യോടെ കപ്പലോടിക്കേണ്ടിവരുന്നു അയാള്‍ക്ക്. മഹാരഹസ്യമായി അയാള്‍ കൊണ്ടുവരുന്ന വാര്‍ത്ത നിര്‍ണ്ണായക ഘട്ടമാകുമ്പോഴേക്കും ഒരു രഹസ്യമേയല്ല. പലപ്പോഴും മസൃണമായ സ്നേഹപാശത്തിന്റെതായ ചിലതൊക്കെ അയാളില്‍ പ്രകടവുമാണ്‌. ഐറിസ് കൊറിയോയുടെ മക്കള്‍ അഗസ്റ്റിനോയെയും അന്തോണിയോയേയും തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന പോലെ തദ്ദേശീയരുടെ ഭീഷണിയില്‍നിന്നും അയാള്‍ സംരക്ഷിക്കുന്നത്, ലോലഭാവങ്ങള്‍ അധികമൊന്നുമില്ലാത്ത ആഖ്യാനത്തിലെ ഒരു പച്ചത്തുരുത്താണ്. താന്‍ മക്കളെപ്പോലെ വളര്‍ത്തിയവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ തന്റെ ജനതയെ കൊന്നുതള്ളാന്‍ ആഗ്രഹിക്കുന്ന അതേ പറങ്കി മനസ്സുതന്നെയാണ് പ്രകടിപ്പിക്കുന്നത് എന്നത് അയാളെ വേദനിപ്പിക്കുന്നു. എന്നാല്‍വിധിവൈപരീത്യങ്ങളുടെ വിളയാട്ടമായി ഗവര്‍ണ്ണര്‍ ആല്‍ബുക്കര്‍ക്ക് അയാളുടെ സ്വന്തം ജീവിതത്തില്‍ കണ്ടെത്തുന്ന കാര്യം ഈ വംശീയ വൈരത്തിന്റെ തുടര്‍ക്കണ്ണി പൊട്ടിക്കാന്‍ പ്രാപ്തമാണ്. മകനെ പോര്‍ത്തുഗല്‍ രാജാവിന്റെ പക്കല്‍ സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ ദൌത്യം കൊയപ്പക്കിയെ ഏല്‍പ്പിക്കുമ്പോള്‍ വിധിവൈപരീത്യങ്ങളുടെ വലക്കണ്ണികളില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യ വിധിയെ കുറിച്ച് ആല്‍ബുക്കര്‍ക്ക്, ഷേക്സ്പിയറുടെ ഗ്ലസ്റ്ററിനെ (King Lear, Act 4 Scene 1) പോലെ വാചാലനാകുന്നു:

“ആര്‍ക്കൊക്കെ വേണ്ടി എന്തെല്ലാം ക്രൂരതകള്‍ ഞാന്‍ ഏറ്റെടുത്തു നടപ്പിലാക്കി. എന്നിട്ടിപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ദൌത്യം ഏല്‍പ്പിക്കുന്നത്, ഏതു വംശത്തെ തുടച്ചുനീക്കാന്‍ ഞാന്‍ ഏറ്റവുമധികം തവണ ആയുധമെടുത്തോ അതേ വംശത്തില്‍പെട്ട ഒരാളിനെ. ഏല്‍പ്പിച്ചു കൊടുക്കുന്നതോ സ്വന്തം ചോരയില്‍ പിറന്ന മകനെ. അവനോ അടിമസ്തീയില്‍ ജനിച്ച മകന്‍! നമ്മളൊക്കെ വെറും കരുക്കള്‍...”

ബ്രാസ് ഡാ ആല്‍ബുക്കര്‍ക്ക്തനിക്ക് അച്ഛന്‍ പിന്തുടര്‍ന്ന അധിനിവേശ യുക്തിയുടെ ചോരച്ചാല്‍ ചരിത്രത്തിലോ അതിന്റെ അനുസ്യൂതിയിലോ താല്‍പര്യമില്ലെന്നും സൈനികനാകാനല്ലപഠിക്കാനാണ് ആഗ്രഹമെന്നും പറയുന്നത് പിതാവിനെയും കോയപ്പക്കിയെയും സന്തോഷിപ്പിക്കുന്നു. ഐറിസ് കോറിയോയുടെ മക്കള്‍ വംശീയവൈരത്തിന്റെ തുടര്‍ക്കണ്ണികളാകുന്നത്  ചോദ്യംചെയ്യാനുള്ള ധാര്‍മ്മിക അവകാശം പോലും പോര്‍ച്ചുഗീസുകാര്‍ക്ക് വേണ്ടി സ്വന്തം നാടിനെ ഒറ്റിയ പാരമ്പര്യമുള്ള തനിക്കില്ലല്ലോ എന്നു വേദനിച്ച കോയപ്പക്കിക്ക് അതൊരു ആശ്വാസമാണ്. ആ അര്‍ത്ഥത്തില്‍നോവലിലെ ഏറ്റവും സങ്കീര്‍ണ്ണവ്യക്തിത്വമുള്ള കഥാപാത്രവും അയാളാണ്.

നിഹിലിസ്റ്റ് പാഠം?

കോയപ്പക്കിയുടെ അന്തിമ നൈരാശ്യം നോവലിലെ വലിയൊരു പ്രമേയവുമായി കണ്ണി ചേരുന്നുണ്ട്: ആത്യന്തികമായി മാനുഷിക മാത്സര്യങ്ങളുടെ നിഷ്ഫലത സംബന്ധിച്ച ഒരു നിഹിലിസ്റ്റ് പാഠം നോവലില്‍ തെളിഞ്ഞുനില്‍പ്പുണ്ട് എന്ന് ഈ ലേഖകന്‍ കരുതുന്നു. സാമ്രാജ്യങ്ങളെ ചെറുവിരലില്‍ നിയന്ത്രിക്കാനാകുമായിരുന്ന വിശുദ്ധ പോപ്പിന്റെ അരുമയായിട്ടും ചതിപ്രയോഗങ്ങളുടെ ഇരയായി ഏഴാം വയസ്സില്‍ സംഭവിക്കുന്ന കേശവന്റെ ദയനീയ അന്ത്യത്തിലും പോപ്പ് ലിയോയുടെയും സര്‍വ്വ സംഹാരകശേഷിയുണ്ടായിരുന്ന മെഡിചി കുടുംബത്തിന്റെ നാശത്തിലും സാമ്രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചുള്ള നോവലിലെ ലീനപാഠങ്ങളിലും അതുണ്ട്. പോപ്പിന്റെ മേല്‍ക്കുപ്പായം അണിയുമ്പോഴും മെഡിച്ചികളുടെ ദുരയും അധികാരപ്രമത്തതയും കൈവിടാനാകാത്ത പോപ്പ് ലിയോ, ഒന്നും നേടാനാകാതെ മറ്റേതോ കൊട്ടാരത്തിലെ വാഴ്ത്തപ്പെട്ട അടിമത്തത്തിലേക്ക് (glorified slavery) പിന്‍വാങ്ങുന്ന മൈക്കേല്‍ ആഞ്ചെലോപരാജിതനും ദുഃഖിതനുമായി ഒടുങ്ങുന്ന റാഫേല്‍, രണ്ടു പ്രബലന്മാരുടെ പ്രണയഭാജനമായിട്ടും ജീവിതസംതൃപ്തി വെറും മരീചികയായി രോഗത്തിനു കീഴടങ്ങുന്ന മാര്‍ഗരീറ്റ തുടങ്ങിയവരൊക്കെ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. നായക കഥാപാത്രമെന്ന നിലയില്‍ ചീരന്റെ ജീവിതഫലശ്രുതി കൂടുതല്‍ പ്രസക്തമാണ്‌. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമകനെയും കുടുംബത്തെയും പിറകില്‍ വിട്ട് തിരിച്ചുവരവില്ലാത്ത ചാവേര്‍ ദൌത്യവുമായുള്ള യാത്രയുവവധുവിനെ മാത്രമല്ലഅതുകൂടാതെ ആഴത്തില്‍ അനുഭവിച്ച വേറെ ഒരേയൊരു പ്രണയമായ മാര്‍ഗരീറ്റയേയും അയാള്‍ക്ക് സ്വന്തമാക്കാനാകില്ല. ഏറ്റെടുത്ത ദൌത്യവും അയാള്‍ക്ക് പൂര്‍ത്തിയാക്കാനാകില്ലകേശവന്റെ സംരക്ഷണയിലും അയാള്‍ തോറ്റുപോകും. ഒടുവില്‍ജയപരാജയങ്ങളുടെ ചിന്തപോലും സാധ്യമല്ലാത്ത, വായനക്കാരിലേക്കുകൂടി ശ്വാസം മുട്ടലിന്റെ വെപ്രാളം പടര്‍ത്തുന്ന ശൂന്യമായ അന്ത്യമാണ് അയാളുടെ വിധിവിഹിതം.  

കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ ആദ്യകാല മാതൃകകളായ  അടിമ ആഖ്യാനങ്ങളില്‍ (slave narratives) സാധാരണമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലില്‍ കാണാനാകും. പോര്‍ച്ചുഗീസ് ആഗമനത്തിനും മുമ്പേ മലബാര്‍കൊച്ചി മേഖലകളുമായി വാണിജ്യബന്ധമുണ്ടായിരുന്ന അറബികളുടെ കാലം മുതലേ അടിമത്തം ദേശത്തു വ്യാപകമായിരുന്നു എന്ന നിരീക്ഷണവും ചീരനും കേശവനും യാത്ര ചെയ്യുന്ന കപ്പലിനകത്തെ അടിമവേലയുടെ ചിത്രങ്ങളും അവരുടെ ദുസ്സഹ ജീവിതാവസ്ഥകളും അതിനുദാഹരണങ്ങളാണ്. കടുത്ത ചോരപോക്കിന്റെ ഫലമായി നാളുകള്‍ എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയാകുമ്പോള്‍ നിഷ്ഫലമായ സ്വന്തം ജീവിതത്തിന്റെ കണക്കെടുക്കുന്ന ആല്‍ബുക്കര്‍ക്ക്‘വംശശുദ്ധി അത്ര വലിയ സംഭവമൊന്നും ആകണമെന്നില്ല’ എന്ന പാഠത്തിലേക്ക് എത്തിപ്പെടുന്നത് കറുത്ത തൊലിയുള്ള മകനെ കണ്ടുകൊണ്ടാണ്. ജീവിതഫലശ്രുതിയില്‍ അയാള്‍ക്ക്‌ ബാക്കിയാകുന്നതും അടിമവേട്ടയുടെ ഓര്‍മ്മ പതിഞ്ഞ ആ പിന്‍ഗാമി മാത്രമാണല്ലോ. ഇന്ത്യയിലേക്കുള്ള കൊളോണിയല്‍ അധിനിവേശത്തിന്റെ ആദ്യപാദമായ പോര്‍ച്ചുഗീസ് അധിനിവിഷ്ട മലബാര്‍കൊച്ചി ദേശങ്ങളില്‍ നിന്നാരംഭിച്ചു ഇന്ത്യാ മഹാസമുദ്രത്തിലൂടെ ഈസ്റ്റ് ആഫ്രിക്കന്‍ തുറമുഖ പട്ടണങ്ങള്‍ താണ്ടി ദക്ഷിണഉത്തര അറ്റ്‌ലാന്റിക് തുറമുഖങ്ങളിലൂടെ ലിസ്ബനിലെക്കും തുടര്‍ന്ന് റോമിലേക്കുമുള്ള മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സാമുദ്രിക യാനംസാമുദ്രിക സാഹിത്യത്തിന്റെ (littoral literature) സ്വഭാവം ആര്‍ജ്ജിക്കുന്നുണ്ട്. ചിതറിക്കിടക്കുന്ന കരകളിലെ മനുഷ്യവാസത്തിന്റെ ഗതിവിഗതികള്‍ കപ്പല്‍ചാലുകളിലൂടെ നിരീക്ഷിക്കപ്പെടുന്നതിന്റെയും സമന്വയിക്കപ്പെടുന്നതിന്റെയും ചിത്രങ്ങള്‍ അത്തരം കൃതികളുടെ സവിശേഷതയാണ്. അബ്ദുല്‍ റസാഖ് ഗുര്‍നമിയാ കൂട്ടോ തുടങ്ങിയ എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ ഈ പ്രകൃതങ്ങള്‍ ചേര്‍ത്തുവെക്കുന്നുണ്ട്. അടിമകളും അടിമതുല്യരുമായ മനുഷ്യരും അധിനിവിഷ്ട ദേശങ്ങളില്‍ നിന്ന് പിടികൂടിയ പക്ഷി മൃഗാദികളും വിശേഷപ്പെട്ട ആനക്കുട്ടിയുമെല്ലാം കൊളോണിയല്‍ പദ്ധതിയുടെ ചതുരംഗക്കള്ളികളില്‍ കരുക്കള്‍ തന്നെയാണ്. ആ നിലക്ക് പാരിസ്ഥിതിക ദുരന്തങ്ങളുടെ മുന്നോടിയായിക്കൂടി നോവലിസ്റ്റ് അധിനിവേശങ്ങളെ വിലയിരുത്തുന്നു എന്നുപറയാം. ഒരര്‍ത്ഥത്തില്‍ കാലത്തിനു മുമ്പേ പങ്കുവെക്കപ്പെടുന്ന (anachronism) ഈ ഉത്കണ്ഠകള്‍ നോവല്‍ എഴുതപ്പെടുന്ന ഗ്രെറ്റ ത്യുന്‍ബെര്‍ഗ് കാലത്തിന്റെതാണ്: ആഫ്രിക്കന്‍ ആനകള്‍ വംശനാശ ഭീഷണി നേരിടുന്നത് അന്ന് തുടങ്ങിവെച്ച പ്രക്രിയയുടെ ഫലമാണെങ്കിലും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടു വരെ അതൊരു യാഥാര്‍ത്ഥ്യമായിരുന്നില്ല. കോണ്‍റാഡിന്റെ വിഖ്യാത കൃതി (Heart of Darkness) പോലുള്ള മാസ്റ്റര്‍പീസുകള്‍ ഇത് തെളിയിക്കുന്നുണ്ട്. എഴുത്തുകാര്‍ തങ്ങളുടെ പ്രമേയങ്ങളെ ഇതിവൃത്ത കാലത്തിനപ്പുറം സമകാലികതയോട് ചേര്‍ത്തുവെക്കുന്നത് ഇങ്ങനെയാണ്. നോവലില്‍ പ്രകടമായി ആവിഷ്കരിക്കപ്പെടുന്ന സ്ത്രീപക്ഷ നിലപാടുകളെയും ഈ വെളിച്ചത്തില്‍ കാണാം. ദുര്‍മ്മന്ത്രവാദിനീ വേട്ട (witch-hunt trials) പോലുള്ള മധ്യകാല അത്യാചാരങ്ങള്‍, സ്വതന്ത്രബുദ്ധിയുള്ള സ്ത്രീയെ അവരുടെ മഹത്തായ കഴിവുകള്‍പോലും പരിഗണിക്കാതെ അടിച്ചമര്‍ത്താനുള്ള മതരാഷ്ട്രീയ പുരുഷാധികാര പുകമറകള്‍ മാത്രമായിരുന്നു എന്ന നോവലിലെ നിരീക്ഷണം അത്തരത്തിലുള്ളതാണ്. റിപ്പാബിയാങ്കയിലെ മാത്ത്യൂച്ചിയ ഡാ ഫ്രാന്‍സിസ്കോയുടെ കഥ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈദ്യവിദുഷിയും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്ക് തണലുമായിരുന്ന അവര്‍ ചുട്ടുകൊല്ലപ്പെട്ടു.

നവോഥാനകാല ചിത്രങ്ങളിലേക്ക് ശ്രദ്ധയൂന്നുന്ന ഭാഗങ്ങള്‍നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോസ്റ്റീന്‍ ഗാര്‍ഡറുടെ Sophie's World എന്ന വിഖ്യാത കൃതിയെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ഗാര്‍ഡറുടെ കൃതിയില്‍ നിന്ന് വ്യത്യസ്തമായി, ഡാവിഞ്ചി, മൈക്കേല്‍ ആഞ്ചെലോറാഫേല്‍ തുടങ്ങിയ മഹാപ്രതിഭകളുടെ ലോകത്തെ അവയുടെ ശബള കാല്‍പ്പനികതയില്‍ (exotic) അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല. അഭ്യസൂയ, ആസക്തികള്‍, ദുശ്ശീല അടിമത്തങ്ങള്‍ (addiction),   മത്സരബുദ്ധിപ്രണയഭംഗ വ്യഥകള്‍ തുടങ്ങിയ ശരാരശരി മാനുഷിക ദൗര്‍ബല്യങ്ങളെല്ലാം നേരിടുന്ന സാധാരണ മനുഷ്യരാണ് ഈ മഹാപ്രതിഭകളും. പ്രത്യേകിച്ചുംചീരനും റാഫേലും തമ്മില്‍ മാര്‍ഗരീറ്റക്കു വേണ്ടി നടത്തുന്ന മത്സരം എല്ലാ മര്യാദകളുടെയും സീമകള്‍ ലംഘിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ചെറുപ്പത്തില്‍ സ്വവര്‍ഗ്ഗാനുരാഗ താല്‍പര്യത്തിനു ഭേദ്യം ചെയ്യപ്പെട്ട ഡാവിഞ്ചിഒരു ഫക്കീറിനെപ്പോലെ ജീവിക്കുകയും തന്റെ പ്രതിഭയെ വിവിധ മേഖലകളിലേക്ക് വ്യാപരിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ച്ആരാധനയോടെ മൈക്കെലാഞ്ചലോ ചീരനോട് പറയുന്നു. റാഫേല്‍ ആകട്ടെദൈവം ‘ഭാഗ്യവും പ്രണയവും’ കൊണ്ട് അനുഗ്രഹിച്ച അത്ഭുതപ്രതിഭയാണ് അദ്ദേഹത്തിന്. എന്നാല്‍ ‘വേദന’ എന്ന ‘വലിയ കല’ അയാളുടെ സൃഷികളില്‍ കുറവാണ് എന്ന മൈക്കെലാഞ്ചലോയുടെ നിരീക്ഷണംകലയും ദുരന്തബോധവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ക്ലാസിക്കല്‍ സങ്കല്‍പ്പങ്ങളില്‍ ചെന്നുതൊടുന്നു.  

ചുവന്ന കടലും ആനോയും

കാലഗണന, പശ്ചാത്തലം, രാഷ്ട്രീയ അടിയൊഴുക്കുകള്‍ തുടങ്ങിയവയില്‍ തിക്കോടിയന്റെ ‘ചുവന്ന കടല്‍ എന്ന നോവലുമായുള്ള സാമ്യം പ്രകടമാണ് ‘ആനോയില്‍. പോര്‍ച്ചുഗീസ് അധിനിവേശം കോഴിക്കോട്, കൊച്ചി മേഖലകളില്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ തന്നെയാണ് ഇരുനോവലുകളുടെയും തൊടുത്തുവിടല്‍ ആകുന്നത്. എന്നാല്‍, സാജാത്യങ്ങളെക്കാള്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ ഇരുനോവലുകളെയും വേര്‍പ്പെടുത്തുന്നുണ്ട്. മാതൃസ്നേഹം,   സാഹോദര്യം, സൗഹൃദം, പ്രണയം, ദേശസ്നേഹം തുടങ്ങിയ മൂല്യങ്ങളുടെ സംസ്ഥാപനം ഏതാണ്ട് സോദ്ദേശസാഹിത്യത്തിന്റെ കടുംപിടുത്തങ്ങളോടെ, ഗ്രന്ഥകാരന്റെ ഇടപെടല്‍ എന്ന മട്ടില്‍ത്തന്നെ നിരീക്ഷിക്കാവുന്ന കൃതിയാണ് ‘ചുവന്ന കടല്‍.’ ദുസ്സാധ്യമായ അതിജീവനങ്ങള്‍ക്കൊടുവിലും ഉറ്റചങ്ങാതിമാര്‍ സന്ധിക്കുന്നതും പാഞ്ചാലിയെ സംബന്ധിച്ച് അവളുടെ അന്ത്യ നിമിഷത്തിലെങ്കിലും പൊക്കന്‍ എത്തുന്നതുവരെ   അതിജീവിക്കുന്നതും അത്ര ജൈവികമായ കഥാവികാസമല്ല. ചരിത്രം നായകസങ്കല്‍പ്പത്തിനു വഴിമാറിയപോലെ ഇതനുഭവപ്പെടും. ഇവിടെ ചരിത്രനോവല്‍ അനിവാര്യമായി പിന്തുടരേണ്ട യാഥാര്‍ത്ഥ്യബോധം വിട്ടുവീഴ്ച്ച ചെയ്യപ്പെടുകയാണ്. ഒരുവേള ദേശീയതാ കാലഘട്ടത്തിന്റെ നിലപാടുകള്‍ ഏകപക്ഷീയമായി ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പരിണതിയാകാം ഇത്. തിക്കോടിയന്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ള പോലെ,  കേട്ടറിവുകളെയും കഥകളെയും ആസ്പദമാക്കി രചിക്കപ്പെട്ട നോവലില്‍, ഇന്ദുഗോപന്റെ കൃതിയില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള നിരന്ത ഗവേഷണങ്ങളുടെ സദ്ഫലങ്ങള്‍ ഇടംപിടിക്കുന്നുമില്ല.

സമകാലിക സാഹിത്യം ദേശീയതാനന്തര സാഹിത്യമാണ് (post-nationalist literature)   എന്നതുകൊണ്ട്‌ ചരിത്രത്തെ വിചാരണ ചെയ്യുമ്പോള്‍ ദേശത്തെ മഹത്വപ്പെടുത്തേണ്ട ബാധ്യത എഴുത്തുകാര്‍ ഏറ്റെടുക്കുന്നില്ല. ദൌത്യം പരാജയപ്പെടുകയും കൊലചെയ്യപ്പെടും എന്നുറപ്പാകുകയും ചെയ്യുന്ന ഘട്ടത്തിലും നാട്ടിലേക്കു തിരികെപ്പോയി രക്ഷപ്പെടാനുള്ള സാധ്യത ചീരന്‍ വേണ്ടെന്നുവെക്കുന്നത്അയാളുടെ മൃത്യുന്മുഖത (death-wish)  കൊണ്ടായിരിക്കാം. തന്റെ ജീവന് അയാള്‍ ഒരു ഘട്ടത്തിലും വലിയ വിലയൊന്നും കല്‍പ്പിച്ചിട്ടില്ല. കേശവന്റെ സുരക്ഷയും മാര്‍ഗരീറ്റയോടുള്ള പ്രണയവും താല്‍ക്കാലികമായി ജീവിതാശയുടെ ചില തുടിപ്പുകള്‍ അയാളില്‍ ഉണര്‍ത്തുന്നു എന്നേയുള്ളൂ. ഇരുവരുടെയും അന്ത്യം അയാളെ വീണ്ടും ശൂന്യതയുമായി മുഖാമുഖം നിര്‍ത്തുന്നു. കൊലയും ആത്മഹത്യയും ഒന്നായിത്തീരുന്ന ഒരു അസ്തിത്വ ശൂന്യതയുടെ മുനമ്പില്‍ സുപ്രധാനമായ ഒരു സാമൂഹികകാരണം കൂടി അയാളെ മഥിക്കുന്നതുകൊണ്ടാവാം അയാള്‍ മരണത്തെ സ്വാഗതം ചെയ്യുന്നത്. വൈദേശിക അധിനിവേശങ്ങള്‍പോലും അനായാസമാക്കുന്ന മട്ടില്‍ അന്തച്ഛിദ്രങ്ങള്‍ക്കു നിമിത്തമായി നോവല്‍ പേര്‍ത്തും പേര്‍ത്തും നിരീക്ഷിക്കുന്ന, നാട്ടില്‍ നിലനിന്ന ജാതിശ്രേണിയില്‍, തൊട്ടുകൂടാത്തവന്റെ അടിമസമാന ജീവിതത്തിലേക്ക് തിരികെ പോകുന്നതിലെ വിമുഖതയാണ്‌ അത്.

പാത്രസൃഷ്ടിയില്‍ മാത്രമല്ല, നോവലില്‍ ഉടനീളം മഹദ്മൂല്യങ്ങളുടെ വ്യര്‍ത്ഥതയെന്ന പ്രമേയം ശക്തമാണ്. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആര്‍ജ്ജവത്തില്‍ ഊന്നുന്ന ‘ചുവന്ന കടലി’ലെ മൂല്യങ്ങളല്ല ഇവിടെ ചരിത്രത്തിന്റെ ചാലകങ്ങള്‍. ഉപചാപങ്ങളും കുതികാല്‍വെട്ടും കീഴടക്കലും രക്തദാഹവും ആസക്തിയും എല്ലാം തന്നെയാണ്. ആരും ആരെയും വിശ്വസിക്കുന്നില്ല; അതെല്ലായിടത്തും ബാധകവുമാണ്. സാമൂതിരിയുടെ മലബാറിലോ മഹാരാജാവിന്റെ കൊച്ചിയിലോ സഖ്യശക്തികള്‍ എന്ന് കരുതുന്നവരിലോ സൈന്യത്തിനകത്തു പോലുമോ അതില്ല. കപ്പലടുക്കുന്ന ആഫ്രിക്കന്‍ ദേശങ്ങളില്‍ അടിമക്കച്ചവടം പൊടിപൊടിക്കുന്നത് അടിമകളില്‍ത്തന്നെ അടിമയുടമകള്‍ ഉള്ളതുകൊണ്ടാണ്. പോര്‍ച്ചുഗലിലോ റോമിലോ സ്ഥിതി മറ്റൊന്നല്ല. കര്‍ദ്ദിനാള്‍മാര്‍,   മഹാപ്രതിഭകളായ നവോഥാന കലാകാരന്മാര്‍ - എല്ലാവരിലും നിര്‍ണ്ണായകം ഈ ഋണമൂല്യങ്ങള്‍ തന്നെ. ഈ ഇരുള്‍ച്ചകള്‍ക്ക് എതിരെയാണ് ചീരന് കേശവനോടും മാര്‍ഗരീറ്റയോടുമുള്ള സമര്‍പ്പണം പോലെപോപ്പിന് ആനോയോടുള്ള വാത്സല്യംപോലെ,   മാത്സര്യങ്ങള്‍ക്കിടയിലും മഹാചിത്രകാരന്മാര്‍ പരസ്പരം പുലര്‍ത്തുന്ന ബഹുമാനം പോലെകോയപ്പക്കിക്കും ഐറിസ് കോറിയോയുടെ മക്കള്‍ക്കുമിടയിലുള്ള പിതൃ-പുത്ര ബന്ധം പോലെ സ്നേഹപാരസ്പര്യങ്ങളുടെ ചെറുതുരുത്തുകള്‍ തിളങ്ങിനില്‍ക്കുന്നത്. എന്നാല്‍ ലോകനിര്‍മ്മിതിയില്‍ ചാലകങ്ങളാകുക ഈ മസൃണഭാവങ്ങളല്ല, ഹിംസാത്മകതയുടെ ആസുരതയാണ് എന്ന ചരിത്രത്തിന്റെ ഐറണിയാണ് നോവല്‍ അടിവരയിടുന്നത്.

 Read on similar themes:

The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

Afghan Pranayakalam by Sumod (Malayalam)

https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html

ദേശത്തിന്റെ ജാതകം – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

നദിളാകാന്‍ ക്ഷണിക്കുന്നു – ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html

Monday, June 16, 2025

Judas by Amos Oz

ഒറ്റുകാരനും രക്തസാക്ഷിയും- ചരിത്രത്തിന്റെ കടും ചായങ്ങള്‍
                                                 

മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍ എന്തായാലും അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന തന്റെ നിലപാട് എപ്പോഴും തുറന്നു പറയാറുള്ള എഴുത്തുകാരനാണ്‌ വിഖ്യാത ഇസ്രായേലി നോവലിസ്റ്റ് ആമോസ് ഓസ്‌. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ഒറ്റുകാരന്‍ എന്ന വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വരാറുമുണ്ട് എന്നത്  ‘യൂദാസ്’ എന്ന നോവലിന്റെ പരിഗണനയില്‍ ഏറെ പ്രധാനമാണ്. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ആദര്‍ശാത്മകതയും സമൂര്‍ത്ത സാഹചര്യങ്ങളും തമ്മിലും നിലപാടുകളും മനസ്സിലാക്കപ്പെടലും തമ്മിലും പ്രത്യക്ഷവും യാഥാര്‍ത്ഥ്യവും എന്ന മട്ടില്‍ കുഴമറിയുമ്പോള്‍ ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യവും പ്രശ്നവല്‍ക്കരിക്കപ്പെടുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം.

 

സംസാരിക്കുക, ജീവിച്ചിരിക്കുക

 

“1959 –ലെ ശീതകാല നാളുകളില്‍ നിന്നും 1960 –ന്‍റെ തുടക്കത്തില്‍ നിന്നുമുള്ള ഒരു കഥയാണിത്. ഇത് തെറ്റിപ്പോയ കണക്കുകളുടെയും മോഹത്തിന്റെയും, നഷ്ടപ്രണയത്തിന്റെയും കഥയാണ്‌, ഒപ്പം ഇന്നും അപരിഹാര്യമായി തുടരുന്ന ഒരു മതപരമായ പ്രശ്നത്തിന്റെയും.” ഏതാണ്ട് പ്രസ്താവനാ വ്യക്തതയോടെത്തന്നെയുള്ള ആദ്യ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവല്‍ നേരിട്ട് ശമുവേല്‍ ആഷ് എന്ന ഇരുപത്തിയഞ്ചുകാരനെ അവതരിപ്പിക്കുന്നു. പ്രണയനഷ്ടത്തിന്റെ വേദന തൊട്ടു പിന്നില്‍ വിട്ട് അച്ഛന്റെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തിസിസ് തയ്യാറാക്കല്‍ വരെയെത്തിയ പഠനം ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുന്ന ശമുവേല്‍ തന്റെ മുഖത്തു നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലാത്ത കുട്ടിത്തം മറച്ചു പിടിക്കാന്‍ വേണ്ടി മുറ്റിവളരുന്ന താടിയുമായി “അടുത്ത വളവില്‍ തന്നെ കാണാതാവുമ്പോള്‍ പിറകിലായിപ്പോവുമോ എന്ന ഭയമുള്ള രീതിയില്‍” പിറകിലോടുന്ന കാലുകളുമായി ധൃതികൂട്ടുന്നുവെന്നു നോവലിസ്റ്റ് കുസൃതി കലര്‍ത്തുന്നത്, വലിയ ചോദ്യങ്ങളെ നിരന്തരം പിതുടരുന്ന ബുദ്ധിജീവിയായ ചെറുപ്പക്കാരനെ ഒരു വിപരീത വെളിച്ചത്തില്‍ (in relief) കൂടുതല്‍ പ്രിയങ്കരനാക്കി നിര്‍ത്തുന്നു. ഒപ്പം, ഉടനീളം അവധാനഭാവത്തിലുള്ള നോവലിന്റെ വേഗതയുമായി അവന്റെ ബാഹ്യപ്രകൃതം ഇവിടെ വൈരുധ്യത്തിലുമാണ്. എന്നാല്‍ വാസ്തവത്തില്‍ ഒട്ടും സക്രിയ ജീവിതം നയിക്കുന്ന വ്യക്തിത്വമല്ല അയാളുടേത്. എപ്പോഴും വിയര്‍ക്കുന്ന, “തടിച്ചു കുറുകി.. ലജ്ജാലുവും വികാരജീവിയും സോഷ്യലിസ്റ്റും ആസ്തമ ബാധിതനുമായ” ശമുവേല്‍ ധൈഷണികവും വൈരുധ്യങ്ങള്‍ കലര്‍ന്നതുമായ പുത്തന്‍ ആശയങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടനാവുകയും മറ്റുള്ളവരുടെ വേദനയില്‍ കരഞ്ഞുപോവുകയും ചെയ്യുന്ന ഹൃദയാലുവാണ്. മറവിയുണ്ടെങ്കിലും വായിച്ച പുസ്തകങ്ങളോ വലിയ ആശയങ്ങളോ മറക്കാത്ത പ്രകൃതം. ഒരു പക്ഷെ ഇതൊക്കെത്തന്നെയാവാം പ്രായോഗിക ബുദ്ധിയായ യാര്‍ദേന, മുമ്പേ തീരുമാനിച്ചുറപ്പിച്ചെന്നോണം ഒരു രാത്രിയുടെ കൊടുങ്കാറ്റു സമാനമായ ബാന്ധവത്തിനു ശേഷം മികച്ച ശമ്പളക്കാരനായ ഹൈഡ്രോളജിസ്റ്റിനെ വിവാഹം കഴിക്കാന്‍ പോകുന്നത്. “നീയൊരു ഇരപിടിയനല്ല.” എന്ന് അതാലിയ അവനോട് പറയുമ്പോള്‍, “തുറന്നിട്ട ആത്മാവുള്ള ഒരു ഗുഹാമാനുഷ്യനെ പോലെയാണ് നീ” എന്നാണു ഗര്‍ഷോം അവനെ വിലയിരുത്തുക. “ഒരു സോഷ്യലിസ്റ്റ്, ആദര്‍ശപരമായി ഒരു അടിസ്ഥാന വര്‍ഗ്ഗക്കാരന്‍, ഒരു തൊഴിലാളി” എന്നാണ് സോഷ്യലിസം എന്നത് മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിനു വിരുദ്ധമാണെന്നും ഇസ്രായേലിന്റെ പ്രശ്നങ്ങളെല്ലാം തുടങ്ങിവെച്ചത് ആ ‘മനുഷ്യന്‍’ (യേശു) ആണെന്നും വിശ്വസിക്കുന്ന അയാളുടെ പിതാവ് ശമുവേലിനെ വിളിക്കുക.

 

ചരിത്രാധ്യാപകനായിരുന്ന എഴുപതു പിന്നിട്ട ഗെര്‍ഷോം വാല്‍ദിന് പരിചാരകന്‍/ കൂട്ടിരിപ്പുകാരനെ ആവശ്യമുണ്ടെന്ന പരസ്യത്തെ തുടര്‍ന്ന് ജറൂസലേമിന്റെ പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ആ വീട്ടിന്റെ മന്ദതയിലേക്ക് ശമുവേല്‍ കൂടുമാറുന്നു. അകലെ, നഗരാതിര്‍ത്തിക്കപ്പുറത്തു നിന്ന് രാവിന്റെ നിശ്ശബ്ദതയെ ഭേദിച്ചു ഇടയ്ക്കിടെ കടന്നു വരുന്ന ജോര്‍ദാനിയന്‍ പോരാളികളുടെ വെടിയൊച്ചയെ കുറിച്ചുള്ള പരാമര്‍ശം, അലോസരങ്ങളില്ലാത്തതെന്നു തോന്നാവുന്ന ഉപരി/ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ആലസ്യങ്ങള്‍ക്കിടയിലേക്ക് ദേശം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര രാഷ്ട്രീയ സന്ദര്‍ഭം അധിനിവേശിക്കുന്നതിനെ സൂചിപ്പിക്കുന്നു. വീട്ടിലുള്ള മറ്റൊരേയൊരംഗമായ അടഞ്ഞ വ്യക്തിത്വമുള്ള അതാലിയയെന്ന നാല്പ്പത്തിയഞ്ചുകാരിയുടെ വിലോഭനീയ സൗന്ദര്യത്തില്‍ യുവാവ് മുഗ്ധനാവുന്നുണ്ടെങ്കിലും അവര്‍ അകന്നേ പോകുന്ന പ്രകൃതമാണ്. നോവലിന്റെ സ്വതേയുള്ള അവധാനഭാവത്തില്‍ ഏറെക്കഴിഞ്ഞാണ് വയോധികനും അവരുമായുള്ള ബന്ധമെന്തെന്ന് അവനു വ്യക്തമാകുക. അത് ഇസ്രയേല്‍ ദേശത്തിന്റെ ചരിത്രവുമായി ഇഴകോര്‍ക്കുന്നതാണ് – 1948-ലെ ‘സ്വാതന്ത്ര്യ സമര’ക്കാലത്ത് അതീവ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട സൈനികനായിരുന്ന ഗര്‍ഷോമിന്റെ ഏക മകന്‍ മിഷായോടൊപ്പം രണ്ടു വര്‍ഷത്തില്‍ താഴെമാത്രം ദാമ്പത്യത്തിനു ഭാഗ്യമുണ്ടായ യുദ്ധ വിധവയാണ് അതാലിയ. എന്നാല്‍, മൂന്നു തലമുറകളുടെ പ്രതിനിധികളായ ഈ മൂവരെ കൂടാതെ മറ്റൊരാള്‍, ഒരു പക്ഷെ ഏറ്റവും പ്രധാനിയായ ഒരാള്‍ ഒരദൃശ്യ സാന്നിധ്യമായി അവിടെയുണ്ട്. അത് അതാലിയയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം കൂടി സൂചിപ്പിക്കുന്നു. ഡേവിഡ് ബെന്‍ ഗൂറിയന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് പ്രസ്ഥാനം ദേശ നിര്‍മ്മിതിയുടെ ആദ്യ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടം. “1936-ലെ അറബ് കലാപം, ഹിറ്റ്‌ലര്‍, ഒളിപ്പോരു പ്രസ്ഥാനങ്ങള്‍, കൊലകള്‍, ജൂത ഒളിപ്പോരാളികളുടെ തിരിച്ചടികള്‍, ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ തൂക്കിക്കൊലകള്‍, വിശേഷിച്ചും അറബ് സുഹൃത്തുക്കളുമായുള്ള അയാളുടെ സംഭാഷണങ്ങള്‍” – ഇവയെല്ലാം ചേര്‍ന്ന് ഷിയാല്‍തീല്‍ അബ്രാവെനാല്‍ എന്ന സമാധാനപ്രിയനും ക്രാന്ത ദര്‍ശിയുമായ സയണിസ്റ്റ് പ്രസ്ഥാന നായകനെ വേറിട്ട നിലപാടിലെത്തിക്കുന്നു. “സത്യത്തില്‍ ഇരു സമൂഹങ്ങള്‍ക്കും അവിടെ ഇടമുണ്ടായിരുന്നു, അവര്‍ രണ്ടു കൂട്ടരും ഒരേപോലെ നിലനില്‍ക്കുന്നതായിരുന്നു നല്ലത്, അല്ലെങ്കില്‍ ഒരു സ്റ്റേറ്റിന്‍റെ ചട്ടക്കൂടില്ലാതെ ഒന്ന് മറ്റൊന്നിനകത്തെന്ന പോലെ.” ദേശീയത എന്ന മുദ്രാവാക്യത്തെ തന്നെ അവിശ്വസിച്ച കാലത്തിനു മുമ്പേ നടന്ന ഷിയാല്‍തീല്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിഷ്കാസിതനായതും അറബ് പ്രണയി, ‘ഷേഖ് അബ്രാവെനാല്‍’ എന്നൊക്കെ കളിയാക്കപ്പെട്ടതും ഒറ്റുകാരന്‍ എന്ന് മുദ്രകുത്തപ്പെട്ടതും സ്വാഭാവികമായിരുന്നു. നിരാശനും ഏകാകിയുമായി തന്റെ അന്ത്യനാളുകള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞ പിതാവിന്റെ രാഷ്ട്രീയ ദീര്‍ഘ ദര്‍ശിത്തം മകളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഏറെ മുമ്പേ വിഭാര്യനും ഇപ്പോള്‍ ഏക മകനെയും നഷ്ടപ്പെട്ടവനുമായ ഗര്‍ഷോം മരുമകളോടും അവളുടെ പിതാവിനോടും ഒപ്പം താമസിക്കാനെത്തിയത്. ബെന്‍ ഗൂറിയന്‍ പ്രതിനിധാനം ചെയ്യുന്ന അറബ് വിരുദ്ധ തീവ്ര സയണിസ്റ്റ് നിലപാടുകളില്‍ ഉറച്ചു വിശ്വസിക്കുന്ന ഗര്‍ഷോം ബെന്‍ ഗൂറിയനെ ഒരു വലിയ ആദര്‍ശശാലിയായി കാണുന്നു, “അദ്ദേഹം മാത്രമാണ് ചരിത്രത്തില്‍ ഒരു കൊച്ചു വിടവ് കണ്ടെത്തിയത്, എന്നിട്ട് അപ്പോഴും ലഭ്യമായിരുന്ന സമയം കൊണ്ട് ഏറ്റവും ശരിയായ നിമിഷത്തില്‍ നമ്മെ ആ വിടവിലൂടെ പുറത്തെത്തിക്കാന്‍ സാധിച്ചയാള്‍.”

 

ഗര്‍ഷോമും അബ്രാവെനാലും തമ്മിലുള്ള വാഗ്വാദങ്ങള്‍ പക്ഷെ, അബ്രാവെനാല്‍ മൌനത്തിലേക്ക്‌ പിന്‍ വാങ്ങിയതോടെ നിലച്ചു പോവുകയായിരുന്നു. അയാളുടെ മരണ ശേഷമാവട്ടെ, വാക്കുകളുടെയും ബൗദ്ധിക വിനിമയങ്ങളുടെയും ധാരാളിത്തം ജീവിതവുമായുള്ള ഏക പിടിവള്ളിയായ, കടുത്ത ചലന പരിമിതിയുള്ള വയോധികന് സഹാചാരിയുടെ അനിവാര്യതയുണ്ടാവുന്നതാണ് ശെമുവേല്‍ അവിടെയെത്താനുണ്ടായ സാഹചര്യം. കുട്ടിക്കാലത്ത് കിട്ടേണ്ടിയിരുന്ന വാത്സല്യമോ കൂട്ടോ പകര്‍ന്നു കൊടുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിരുന്നില്ലെങ്കിലും സ്വപ്ന ജീവിയും ആദര്‍ശശാലിയുമായിരുന്ന പിതാവ് അതാലിയയുടെ ആത്മബോധത്തെ ആഴത്തില്‍ നിയന്ത്രിക്കുന്നത്‌ കൊണ്ടാണ് ശമുവേലുമായുണ്ടാകുന്ന അത്യപൂര്‍വ്വ വേഴ്ചകളുടെ സന്ദര്‍ഭങ്ങളില്‍ അവര്‍ അദ്ദേഹത്തിന്റെ ചിത്രം മറച്ചു വെക്കുന്നത്.

 

ദേശ നിര്‍മ്മിതിയിലെ തമോഗര്‍ത്തങ്ങള്‍ 

 

ആശയങ്ങളുടെയും നിലപാടുകളുടെയും നോവല്‍ എന്ന നിലയില്‍ ‘ഒറ്റുകാരന്‍’ എന്ന പ്രയോഗത്തിനു നോവലില്‍ കേന്ദ്ര പ്രാധാന്യമുണ്ട്. ജീവിതം തന്നെ ഒരര്‍ത്ഥത്തില്‍ ഒരു ഒറ്റുകൊടുക്കലാണ് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. മക്കളെ കുറിച്ചുള്ള അച്ഛനമ്മമാരുടെ സ്വപ്നങ്ങളെ, വ്യക്തിക്ക് തങ്ങളുടെ തന്നെ ആദ്യകാല അഭിലാഷങ്ങളെ. ശമുവേല്‍ പഠനം ഉപേക്ഷിക്കുന്നതിലെ നിരാശ അച്ഛനമ്മമാര്‍ മറച്ചു വെക്കുന്നില്ല. ഇസ്രായേല്‍ സംസ്ഥാപനത്തിന്റെ കലുഷമായ ആദ്യകാലങ്ങളുടെ കഥ നോവലിന്റെ ആന്റി ഹീറോയുടെ ആന്തര സംഘര്‍ഷങ്ങളോട് ചേര്‍ത്തുതന്നെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്‌. ആമോസ് ഓസ്‌  സ്വയം ഒറ്റുകാരന്‍ എന്ന പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതും ഇതോടു ചേര്‍ത്തു കാണാം. എന്നാല്‍ ചിലപ്പോള്‍ അതൊരു ബഹുമതി ചിഹ്നവും (badge of honour) ആവാമെന്ന് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ശമുവേല്‍  ഗവേഷണത്തിനു തെരഞ്ഞെടുത്ത ആദ്യകാല ക്രിസ്തുമതത്തിലെ ജൂഡാസിന്റെ പങ്ക് എന്ന വിഷയവും ഈ വൈരുധ്യത്തെയാണ് പിന്‍ തുടരുക.

 

ബെന്‍ ഗൂറിയനാണ് അറബ് ജനതയെ ചകിതരാക്കും വിധം സീനായ് കാംപെയ്നില്‍ ഇസ്രയേലിനെ ഗ്ലോബല്‍ സാമ്രാജ്യത്വത്തിന്റെ ഉപകരണമാക്കിയത് എന്ന് ശമുവേല്‍വിമര്‍ശിക്കുന്നു. “അവരെന്തിനു നമ്മെ സ്നേഹിക്കണം? ഒരന്യ ഗൃഹത്തില്‍ നിന്നെന്നോണം പൊടുന്നനെ ഇവിടെ വരികയും അവരുടെ ഭൂമി, വയലുകള്‍, ഗ്രാമങ്ങള്‍, പട്ടണങ്ങള്‍ പൂര്‍വ്വികരുടെ ശ്മശാനങ്ങള്‍, അവരുടെ കുഞ്ഞുങ്ങള്‍ക്കുള്ള ശേഷിപ്പുകള്‍ എന്നിവയെല്ലാം തട്ടിയെടുക്കുകയും ചെയ്ത അപരിചിതരെ പ്രതിരോധിക്കാന്‍ അവര്‍ക്കവകാശമില്ലെന്നു എന്തുകൊണ്ടാണ് നിങ്ങള്‍ കരുതുന്നത്. നമ്മളിവിടെ വന്നത് ‘നിര്‍മ്മിക്കാനും പുനര്‍ നിര്‍മ്മിക്കപ്പെടാനും’, ‘നമ്മുടെ നാളുകള്‍ പണ്ടത്തെ പോലെ പുതുക്കാന്‍’,  ‘നമ്മുടെ പൂര്‍വ്വസൂരികളുടെ പൈതൃകം തിരിച്ചു പിടിക്കാന്‍’ മാത്രമാണ് എന്നൊക്കെ നാം നമ്മോടു തന്നെ പറയുന്നു. എന്നാല്‍, ദൂരെയെങ്ങോ നിന്ന് തങ്ങളോടൊപ്പം തന്നെ കൊണ്ടുവന്ന തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഈ നാട് മുഴുവന്‍ അവര്‍ക്ക്, അവര്‍ക്ക് മാത്രമുള്ളതാണ് എന്ന അവകാശ വാദവുമായി എവിടുന്നോ വന്നിറങ്ങുന്ന പതിനായിരക്കണക്കിന്‌, പിന്നീട് ലക്ഷക്കണക്കിന്‌, പുറമക്കാരുടെ കടന്നു വരവ് വിടര്‍ത്തിയ കൈകളോടെ സ്വീകരിക്കുന്ന മറ്റേതെങ്കിലും ജനത ഈ ലോകത്തുണ്ടോ എന്ന് നിങ്ങള്‍ പറയൂ.” ഇതേ വാദമുഖങ്ങള്‍ ഉന്നയിച്ചതിനാണ് അതാലിയയുടെ പിതാവ് ഒറ്റുകാരന്‍ എന്ന് മുദ്രകുത്തപ്പെട്ടത്‌ എന്ന് ഗര്‍ഷോം, ശമുവേലിനെ ഓര്‍മ്മിപ്പിക്കുന്നു. “ഒരു പക്ഷെ ഈ ദിനങ്ങളിലൊന്നില്‍ ആ ആത്മാവ് അതാലിയയില്‍ ഇറങ്ങിവന്നേക്കാം, അക്കഥയെല്ലാം അവള്‍ നിന്നോട് പറഞ്ഞേക്കാം. ഒട്ടും നാണക്കേടില്ലാതെ ഞാന്‍ സമ്മതിക്കുന്നു, ഈ സംഘര്‍ഷത്തില്‍ ഞാന്‍ സ്വയം പരിപൂര്‍ണ്ണമായും ബെന്‍ ഗൂറിയന്റെ കണ്ണില്‍ ചോരയില്ലാത്ത യാഥാര്‍ത്ഥ്യബോധാത്തോടൊപ്പം നിന്നു, അല്ലാതെ അബ്രാവേനാലിന്റെ ഉന്നത ധാരണകളോടോപ്പമല്ല.” നാല്‍പത്തിയെട്ടില്‍ ഇസ്രയേല്‍ തന്ത്രങ്ങള്‍ വിജയിച്ചത് കൊണ്ടും അറബികള്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ യുദ്ധം ചെയ്തത് കൊണ്ടും ഉണ്ടാക്കാനായ നേട്ടത്തിന് സോവിയെറ്റ് സഹായത്തോടെ നാസറിന്റെ നേതൃത്വത്തില്‍ സംഘടിതമായി നടത്താനിടയുള്ള പുതിയ മുന്നേറ്റങ്ങളില്‍ അടിപതറിയേക്കും എന്ന് ശമുവേല്‍ ഭയപ്പെടുന്നു. “നാം വിജയത്തില്‍ മത്തുപിടിച്ചിരിക്കുന്നു, അധികാരത്തില്‍ മത്തു പിടിച്ചിരിക്കുന്നു. ബൈബിള്‍ ക്ലീഷേകളില്‍ മത്തു പിടിച്ചിരിക്കുന്നു.” അറബ് ഐക്യം എന്ന സാധ്യത പില്‍ക്കാല ചരിത്രം തമസ്കരിച്ച വൈരുധ്യം നോവലിന്റെ വിഷയമല്ല. നോവലിലെ ഏറ്റവും ദീപ്തമായ ഭാഗങ്ങളില്‍ ചിലത് ഇതേ അധ്യായത്തില്‍ (അധ്യായം - 25) തുടര്‍ന്നു വരുന്നുണ്ട്. അധികാരം ഇസ്രയേലിനെ ഭ്രമിപ്പിച്ചതിന്റെ പശ്ചാത്തലം ശമുവേല്‍ വിവരിക്കുന്നു, “ഗ്രന്ഥങ്ങള്‍, പ്രാര്‍ത്ഥനകള്‍, ദൈവിക കല്‍പ്പനകള്‍, ജ്ഞാനസമ്പാദനം, മതപരമായ സമര്‍പ്പണം, കച്ചവടം, മാധ്യസ്ഥം വഹിക്കല്‍ എന്നതിന്റെയൊക്കെ ശക്തി ആയിരക്കണക്കിന് കൊല്ലങ്ങളായി അറിഞ്ഞവര്‍, എന്നാല്‍ പുറത്തു വീഴുന്ന അടിയുടെ രൂപത്തില്‍ മാത്രം അധികാരത്തിന്റെ ശക്തി അറിഞ്ഞവര്‍, അത്തരം ഒരു ജനതയെ ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധിക്കുന്നത് തന്നെയാണ്. എന്നാലിപ്പോള്‍ അവര്‍ സ്വയം ഒരു കനത്ത ദണ്ട് കയ്യിലുള്ളതായി കണ്ടെത്തുന്നു. ടാങ്കുകള്‍, പീരങ്കികള്‍, ജെറ്റ് വിമാനങ്ങള്‍. അത്തരം ഒരു ജനതയ്ക്ക് അധികാരം കൊണ്ട് മത്തു പിടിക്കുക സ്വാഭാവികമാണ്, അധികാരത്തിന്റെ ശക്തികൊണ്ട് ഇഷ്ടമുള്ളതെന്തും സാധിക്കുമെന്ന് വിശ്വസിച്ചു പോവുന്നതും സ്വാഭാവികം... എന്നാല്‍,.. അവര്‍ക്ക് അധികാരത്തിന്റെ പരിമിതികളെ കുറിച്ച് ധാരണയില്ല. വസ്തുതയെന്തെന്നാല്‍, ലോകത്തുള്ള അധികാരം മുഴുവനും ഉണ്ടെങ്കിലും നിങ്ങളെ വെറുക്കുന്ന ഒരാളെ നിങ്ങളെ സ്നേഹിക്കുന്ന ഒരാളാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. അതിനു ഒരു ശത്രുവിനെ അടിമയാക്കി മാറ്റാനാവും, പക്ഷെ സുഹൃത്താക്കാനാവില്ല. ലോകത്തെ അധികാരം മുഴുവനും കൊണ്ട് ഒരു തീവ്രവാദിയെ ജ്ഞാനോദയമുള്ളവനാക്കാവില്ല. ലോകത്തുള്ള അധികാരം മുഴുവനും കൊണ്ട് പ്രതികാരദാഹിയെ സ്നേഹമുള്ളവനാക്കാനാവില്ല. എന്നാല്‍ കൃത്യമായും ഇതാണ് ഇസ്രയേല്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ വെല്ലുവിളികള്‍: വെറുക്കുന്നവനെ എങ്ങനെ സ്നേഹിതനാക്കാം, തീവ്രവാദിയെ എങ്ങനെ മിതവാദിയാക്കാം, പ്രതികാരത്തിനു വരുന്നവനെ എങ്ങനെ സുഹൃത്താക്കാം. .. സൈനിക ബലത്തിന് നമ്മെ തല്‍ക്കാലം ഉന്‍ മൂലനത്തില്‍ നിന്ന് രക്ഷിക്കാനാവും. ഒരു നിബന്ധനയുള്ളത്, നാമെപ്പോഴും ഓര്‍ത്തിരിക്കണം, നമ്മുടേത്‌ പോലുള്ള സാഹചര്യത്തില്‍ അധികാരത്തിന് തടയാനേ കഴിയൂ. അത് കൊണ്ട് ഒന്നും തീര്‍പ്പാക്കാനോ പരിഹരിക്കാനോ ആവില്ല. അതിനു അത്യാപത്തിനെ കുറഞ്ഞൊരു കാലത്തേക്ക് തട്ടിമാറ്റാനെ കഴിയൂ.” ഈ പ്രഭാഷണം, “അപ്പോള്‍ ഞാനെന്റെ മകനെ അന്തിമാനാശം വൈകിപ്പിക്കാന്‍ വേണ്ടി മാത്രമായി നഷ്ടപ്പെട്ടു എന്നാണോ?” എന്ന ഗര്‍ഷോമിന്റെ ചോദ്യത്തിലാണ് ഉത്തരമില്ലാതെ ചെന്ന് മുട്ടുന്നത്. ആ ഉത്തരമില്ലായ്മ തന്നെയാണ് അതാലിയയുടെ നിരീക്ഷണങ്ങളിലും തെളിയുന്നത്. “ഇവിടെ ജൂതന്മാര്‍ സത്യത്തില്‍ ഒരു വലിയ അഭയാര്‍ഥി ക്യാമ്പാണ്, അറബികളും അതെ. ഇപ്പോള്‍ അറബികള്‍ ഓരോ പകലും അവരുടെ പരാജയത്തിന്റെ നാശബോധവുമായാണ് ജീവിക്കുന്നത്, ജൂതരാവട്ടെ ഓരോ രാവും അവരുടെ പ്രതികാരത്തെ കുറിച്ചുള്ള കൊടും ഭീതിയിലും.” ഒരു യുദ്ധ വിധവയുടെ കൈയ്പ്പുറ്റ മാനസികാവസ്ഥയില്‍ ക്രൂരവും ഹീനവുമായ രീതിയില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി കഴിയുന്നത്‌ പുരുഷ വര്‍ഗ്ഗത്തോട് തന്നെയുള്ള അതാലിയയുടെ സമീപനം തകിടം മറിച്ചിട്ടുണ്ട്. “ഞാനെപ്പോഴും അവനെ കാണുന്നു, ഉടലിന്റെ താഴ് ഭാഗം നഗ്നമായി, കണ്ഠം പിളര്‍ന്ന്, അറുത്തെടുക്കപ്പെട്ട ലിംഗം പല്ലുകള്‍ക്കിടയില്‍ തള്ളിവെക്കപ്പെട്ട്‌. എല്ലാ ദിനവും ഞാനവനെ കാണുന്നു. എല്ലാ രാവും. എല്ലാ പ്രഭാതത്തിലും. ഞാനെന്റെ കണ്ണുകള്‍ അടക്കുമ്പോള്‍ ഞാനവനെ കാണുന്നു. അവ തുറക്കുമ്പോഴും ഞാനവനെ കാണുന്നു. ഞാനിവിടെത്തന്നെ ജീവിതവും തുടര്‍ന്നു, ഇനിയൊരിക്കലും മുത്തച്ഛന്മാര്‍ ആവാത്ത രണ്ടു മുത്തച്ഛന്‍മാരോടൊപ്പം. ഞാനവരെ രണ്ടുപേരെയും നോക്കി. വേറെന്തു ചെയ്യാനുണ്ടെനിക്ക്? എനിക്ക് പുരുഷന്മാരെ സ്നേഹിക്കാന്‍ വയ്യ. നിങ്ങള്‍ ആയിരക്കണക്കിന് കൊല്ലങ്ങളായി ലോകത്തെ നിങ്ങളുടെ വരുതിയിലാക്കിയിട്ട്, എന്നിട്ട് നിങ്ങളതിനെ ഒരു ഹൊറര്‍ ഷോ ആക്കി. ഒരു കശാപ്പുശാല.” ബെന്‍ ഗൂറിയന്‍ എങ്ങനെയാണ് ദേശീയതയുടെ തീവ്രവാദം ഇരു ജനതയിലും ഉയര്‍ത്തിവിട്ടത്‌ എന്ന് വിശകലനം ചെയ്തു കൊണ്ട് ശിയാല്‍തില്‍ നിരീക്ഷിച്ചിരുന്നത് ഗര്‍ഷോം ഓര്‍ക്കുന്നു, “താല്‍ക്കാലികമായി അയാള്‍ ജൂതന്മാരുടെ രാജാവായിരിക്കാം, ഓരു ഒരുനാള്‍ രാജാവ്, ഒരു പാപ്പരായ രാജാവ്. പപ്പരായവരുടെ മിശിഹാ.... മനുഷ്യ കുലത്തിന്റെ യഥാര്‍ത്ഥ ദുരന്തം പീഡിതരും അടിമയാക്കപ്പെട്ടവരും വിമോചിതരാവാനും തലയുയര്‍ത്തിപ്പിടിക്കാനും ആഗ്രഹിക്കുന്നു എന്നതല്ല. അല്ല. ഏറ്റവും മോശമായ കാര്യം അടിമയാക്കപ്പെട്ടവര്‍ തങ്ങളെ അടിമയാക്കിയവരെ അടിമയാക്കുന്നത് രഹസ്യമായി സ്വപ്നം കാണുന്നതാണ്. പീഡിതര്‍ പീഡകരാവാന്‍ ആഗ്രഹിക്കുന്നത്. എസ്തറിന്റെ പുസ്തകത്തിലേതു പോലെ.”

 

കുരിശിന്റെ വഴി - ഒറ്റും സമര്‍പ്പണവും

 

ഇസ്രയേല്‍ രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്നപോലെത്തന്നെ തുല്യ പ്രാധാന്യത്തോടെയും അതുമായി അഭേദ്യമായി ബന്ധപ്പെട്ടും ഉള്ള തരത്തിലാണ് മതപരമായ അര്‍ത്ഥത്തില്‍ ഒറ്റുകാരന്‍ എന്ന പ്രമേയത്തെ,  നോവലിന്റെ തലക്കെട്ടിന്റെ ഉറവിടത്തെ നോവലില്‍ പരിശോധിക്കുന്നത്. നോവലില്‍ ഒട്ടേറെ ഭാഗങ്ങളില്‍ ഈ വിഷയം കടന്നുവരുന്നുണ്ട്. ക്രിസ്തു മതത്തില്‍ ജൂഡാസിന്റെ പദവിയെ കുറിച്ചുള്ള ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് ശമുവേല്‍ ഇക്കാര്യത്തില്‍ ഏറെ ചിന്തിക്കുന്നു. ‘പഴയ നിയമത്തെ റദ്ദാക്കാനല്ല ഞാന്‍ വന്നത്’ എന്നതു പോലുള്ള ബൈബിള്‍ വാക്യങ്ങള്‍ ക്രിസ്തു, ജൂതന്‍ തന്നെയായിരുന്നു എന്നതിന്റെ തെളിവായി നോവലില്‍ ഉദ്ധരിക്കുന്നുണ്ട്. ക്രിസ്തുവല്ല അപ്പോസ്തലനായ പോള്‍ ആണ് ക്രിസ്തുമതം സ്ഥാപിച്ചത്. അന്നത്തെ സാഹചര്യത്തില്‍ ശരിയായ അര്‍ത്ഥത്തിലുള്ള - മതമൂല്യങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളിലേക്ക് തിരിച്ചുപോവുക എന്ന അര്‍ത്ഥത്തില്‍ - ഒരു മൌലിക വാദി മാത്രമായിരുന്ന ക്രിസ്തുവിനെ ജൂതന്മാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ ക്രിസ്തുമതം ഉണ്ടാവുമായിരുന്നില്ലെന്നും പകരം ഒരു മയപ്പെട്ട ജൂത മതം യൂറോപ്പില്‍ ആകെ വ്യാപിക്കുമായിരുന്നു എന്നും അയാള്‍ കരുതുന്നു. അങ്ങനെയെങ്കില്‍ “നമുക്ക് പാലായനം ചെയ്യേണ്ടി വരുമായിരുന്നില്ല, പീഠനങ്ങള്‍, അരുംകൊലകള്‍, മത ഭേദ്യ വിചാരണകള്‍ (inquisition), രക്തപങ്കിലമായ അപകീര്‍ത്തിക്കേസുകള്‍ (blood libels), എന്തിന്, ഹോളോകോസ്റ്റ് പോലും ഉണ്ടാവുമായിരുന്നില്ല.” എന്തുകൊണ്ട് അവര്‍ ക്രിസ്തുവിനെ അംഗീകരിച്ചില്ല എന്നത് തികച്ചും ദുരൂഹവും അല്ല. അങ്ങേയറ്റം അഴിമതിക്കാരും ദുഷിച്ചവരുമായിക്കഴിഞ്ഞിരുന്ന പൌരോഹിത്യത്തിന് ക്രിസ്തുവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ സമ്പന്നതകൊണ്ട് മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്ന ജൂഡാസ് ഇസ്കാരിയത്ത് ആദ്യഘട്ടത്തില്‍ സന്ദേഹാലുവായിരുന്നെങ്കിലും പിന്നീട് അചഞ്ചല വിശ്വാസിയായെന്നു ശമുവേല്‍ കരുതുന്നു. മുപ്പതുവെള്ളിയുടെ കഥ വിശ്വസനീയമല്ലെന്ന് അയാള്‍ കരുതുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ആരില്‍ നിന്നും സ്വയം ഒളിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത, എല്ലായിപ്പോഴും ജന മധ്യത്തില്‍ ഉണ്ടായിരുന്ന നിര്‍ഭയനും അനന്യമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കുന്നവനുമായിരുന്ന ഒരാളെ ഒരു അടയാളപ്രവര്‍ത്തിയിലൂടെ  ഒറ്റിക്കൊടുക്കേണ്ടി വരിക എന്നതു പോലെത്തന്നെ, അക്കാലത്തെ ഒരടിമയുടെ വില മാത്രമായ മുപ്പതു വെള്ളി സമ്പന്നനായ ജൂഡാസിനെ പ്രലോഭിപ്പിച്ചു എന്നതും അസംബന്ധമാണെന്ന് അയാള്‍ കരുതുന്നു. യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും പില്‍ക്കാല ബൈബിള്‍ പാഠങ്ങളില്‍ അത് താമസ്കരിക്കപ്പെടുകയായിരുന്നു എന്നും അയാള്‍ കരുതുന്നു. ജൂഡാസ്, ക്രിസ്തുവിന്റെ തന്നെ പദ്ധതിയുടെ നടത്തിപ്പുകാരന്‍ മാത്രമായിരുന്നു. കുരിശേറ്റത്തിനൊടുവില്‍ ക്രിസ്തു ഇറങ്ങി വരുമെന്ന് അചഞ്ചല വിശ്വാസം നില നിര്‍ത്താന്‍ കഴിഞ്ഞ ശിഷ്യ ഗണത്തിലെ ഏക അംഗം അയാളായിരുന്നു. കുരിശേറ്റവും ഉയിര്‍പ്പും ഇല്ലാതെ ദൈവഹിതം നടപ്പാവുകയില്ലെന്നും ദൈവ രാജ്യം വരില്ലെന്നും അയാള്‍ മാത്രം പൂര്‍ണ്ണമായും വിശ്വസിച്ചു. ഇഇക്കാര്യങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ കണ്ടെടുക്കപ്പെട്ട “യൂദാസിന്റെ സുവിശേഷ”ത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. നോവലില്‍ യൂദാസ് നേരിട്ട് ആഖ്യാനം ചെയ്യുന്ന ഒരധ്യായത്തില്‍ ഇങ്ങനെ വായിക്കാം: “ഞാനദ്ദേഹത്തെ എന്റെ ആത്മാവ് മുഴുവന്‍ സ്നേഹിച്ചു, പരിപൂര്‍ണ്ണ നിഷ്ഠയോടെ അയാളില്‍ വിശ്വസിച്ചു. അത് തന്നെക്കാള്‍ മികച്ച അനിയനോട് മൂത്ത സഹോദരനുള്ള സ്നേഹമായിരുന്നില്ല, കൂടുതല്‍ അനുഭവ സമ്പത്തുള്ള ഒരു മുതിര്‍ന്നയാള്‍ക്ക് മൃദുഭാവിയായ ചെറുപ്പക്കാരനോടുള്ള സ്നേഹമായിരുന്നില്ല, ഇളയവനെങ്കിലും തന്നെക്കാള്‍ മികച്ചവനായ ഗുരുവിനോട് ശിഷ്യനുള്ള സ്നേഹവും ആയിരുന്നില്ല, അത്ഭുതങ്ങളും മഹാത്ഭുതങ്ങളും (miracles and wonders) സൃഷ്ടിക്കുന്നയാളോട് ഒരു തികഞ്ഞ വിശ്വാസിക്കുണ്ടാവുന്ന സ്നേഹം പോലുമായിരുന്നില്ല. അല്ല. ഞാനദ്ദേഹത്തെ ദൈവത്തെ പോലെ സ്നേഹിച്ചു. ഞാനദ്ദേഹത്തെ ദൈവത്തെക്കാള്‍ സ്നേഹിച്ചു. സത്യത്തില്‍ യുവാവായ ശേഷം ഞാന്‍ ദൈവത്തെ സ്നേഹിച്ചിട്ടെയില്ലായിരുന്നു. ഞാന്‍ അവനില്‍ നിന്ന് പുറം തിരിഞ്ഞു: ഒരു അസൂയാലുവും പ്രതികാര മോഹിയുമായ ദൈവം, പിതാക്കന്മാരുടെ പാപങ്ങളെ പുത്രന്മാരില്‍ കെട്ടിവെക്കുന്നവന്‍, ക്രൂരനും കുപിതനും കഠിനനും, വെറുപ്പുള്ളവനും, അല്‍പ്പനും രക്തം ചിന്തുന്നവനുമായ ദൈവം. എന്നാല്‍ പുത്രന്‍ സ്നേഹവും സഹാനുഭൂതിയും ഉള്ളവനും മാപ്പുകൊടുക്കുന്നവനും മാത്രമല്ല, വേണമെന്ന് തോന്നുമ്പോള്‍ രസികനും കൂര്‍മ്മ ബുദ്ധിയും ഊഷ്മള ഹൃദയനും ചിലപ്പോഴൊക്കെ ഫലിതപ്രിയന്‍ പോലുമായിരുന്നു. അവന്‍ ദൈവമായി.” അവനു മരണമില്ലെന്നും കുരിശേറ്റത്തിന്റെ ഇന്നേ ദിനം ജറൂസലെമില്‍ ഇനിയൊരു അഭുതവും ആവശ്യമില്ലാതാവും വിധമുള്ള വലിയ അത്ഭുതം സംഭവിക്കുമെന്നും അതിനു ശേഷം ദൈവ രാജ്യം വരുമെന്നും താന്‍ വിശസിച്ചു എന്ന് അയാള്‍ പറയുന്നു. “അദ്ദേഹം സ്വയം വിശ്വസിച്ചതിലേറെ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം മോക്ഷവും നിത്യജീവിതവും വാഗ്ദാനം ചെയ്യണമെന്നു ഞാന്‍ പ്രത്യാശിച്ചു. അയാള്‍ക്കോ, ആകെ വേണ്ടിയിരുന്നത് ഈ ഭൂമിയില്‍ നടക്കുക, രോഗികളെ സുഖപ്പെടുത്തുക, വിശക്കുന്നവരെ ഊട്ടുക, മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വിത്തുകള്‍ പാകുക എന്നതൊക്കെ മാത്രമായിരുന്നു. മറ്റൊന്നും വേണ്ടായിരുന്നു.” കുരിശില്‍ നിന്നിറങ്ങിവന്ന് ദൈവഹിതം നടപ്പിലാക്കുന്നതില്‍ ക്രിസ്തുവിനു പരാജയം സംഭവിച്ചോ അതോ, യേശുവെന്ന മനുഷ്യനില്‍ നിന്ന് യേശുവെന്ന ദൈവത്തെ പ്രതീക്ഷിച്ചതിന്റെ വിലയായിരുന്നോ ജൂഡാസിന്റെ ആത്മഹത്യ? യൂദാസാണ് ആദ്യത്തെ ക്രിസ്ത്യന്‍ രക്തസാക്ഷിയെന്ന് ശമുവേല്‍ കരുതുന്നു. ഈ നിലപാടുകള്‍ മുന്നോട്ടു വെച്ച പലരുടേയും പുസ്തകങ്ങളും മുന്‍ മാതൃകകളും അയാള്‍ ഉദ്ധരിക്കുന്നു.

 

 

യൂദാസ് എന്ന ബിംബം 

 

എന്നാല്‍ യൂദാസിനെ സംബന്ധിച്ച ഈ യഥാര്‍ത്ഥ പാഠം തമസ്കരിക്കപ്പെടുകയും അയാള്‍ ഒറ്റുകാരന്‍ ആയി ചിത്രീകരിക്കപ്പെടുകയും ചെയ്തതാണ് ചരിത്രത്തില്‍ രക്തപ്പുഴകള്‍ക്ക് കാരണമായ ക്രിസ്ത്യന്‍ – ജൂത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്ന് ഗര്‍ഷോം നിരീക്ഷിക്കുന്നു. ഇന്ന് കാണുന്ന ഇസ്ലാം – ജൂത വിരോധം ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് തീര്‍ന്നേക്കാം, എന്നാല്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജൂത – ക്രിസ്ത്യന്‍ സംഘര്‍ഷം മറ്റൊരു കഥയാണെന്ന് അയാളുടെ പരാമര്‍ശമുണ്ട്. “ഒരു സുപ്രഭാതത്തില്‍ എണീക്കുകപല്ല് തേക്കുകഒരു കപ്പു കാപ്പി കഴിക്കുക എന്നിട്ട് ഒരു ദൈവത്തെ കൊല്ലുക! എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല അത്. ഒരു മൂര്‍ത്തിയെ വധിക്കാന്‍ നിങ്ങള്‍ ദൈവത്തെക്കാള്‍ ശക്തനാവണംഅതുപോലെ അപാരമായ ദുഷ്ടനും പൈശാചമുള്ളവനും. സ്നേഹം പ്രസരിപ്പിക്കുന്ന ഊഷ്മള ഹൃദയനായ ഒരു മൂര്‍ത്തിയായിരുന്ന ജീസസിനെ കൊന്നവര്‍ ആരായാലും അദ്ദേഹത്തെക്കാള്‍ ശക്തനായിരിക്കണംഒപ്പം കൌശലക്കാരനും നിന്ദ്യനും. ആ ശപിക്കപ്പെട്ട ദൈവ വധക്കാര്‍ അവര്‍ക്ക് ഭീകരമായ ബലത്തിന്റെയും ദുഷ്ടതയുടെയും ഉറവിടമുണ്ട് എന്ന ഒറ്റക്കാരണത്താലാണ് ആ കൊലക്ക് പ്രാപ്തരായത്. അതുകൊണ്ട് ജൂത വിദ്വേഷികളുടെ ഭാവനയുടെ ആഴങ്ങളില്‍ അത് തന്നെയാണ് ജൂതനു സ്വന്തമായുള്ളത്. നമ്മളെല്ലാം യുദാസ് ആണ്. എണ്‍പത് തലമുറകിള്‍ക്കിപ്പുറവും നമ്മളിപ്പോഴും യൂദാസ് ആണ്.” നാസികളുടെ ‘അന്തിമ പരിഹാരം’ (‘the final solutions’) ജൂതനെ യുദാസുമായി താദാത്മ്യപ്പെടുത്തുമ്പോഴുള്ള അര്‍ത്ഥശങ്കക്കിടമില്ലാത്ത സ്വാഭാവിക പ്രതിക്രിയയാണെന്ന് വരുന്നുവെന്ന് ജോര്‍ജ്ജ് സ്റ്റെയ്നര്‍ നിരീക്ഷിക്കുന്നു. യൂദാസ്: ഒരു ജീവചരിത്രം എന്ന കൃതിയില്‍ സൂസന്‍ ഗോബര്‍ അയാളെ “ഹോളോകോസ്റ്റിന്റെ അതിദേവന്‍ (muse of the Holocaust)” എന്ന് വിളിക്കുന്നു. (ഇരു സൂചനകളും ബെഞ്ചമിന്‍ ബാലിന്റിന്റെ ‘ഹാരെറ്റ്സ്’ ലേഖനത്തില്‍ നിന്ന്).

 

യൂദാസ് എന്ന തലക്കെട്ട്‌ നോവലിന്റെ കാതലായ ചോദ്യത്തിലെക്കാണ്, ഏതെങ്കിലും കഥാപാത്രത്തിന്റെ ഐഡന്റിറ്റിയിലേക്ക് സവിശേഷമായല്ല തിരിച്ചു വെക്കപ്പെട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യമാണത്. ജൂതമതത്തിനകത്ത് തന്നെ കാലഘട്ടം ആവശ്യപ്പെട്ട യഥാര്‍ത്ഥ പരിഷ്കര്‍ത്താവായി യേശുവിനെ കാണാന്‍ വിസമ്മതിച്ച് അദ്ദേഹത്തിന്റെ ഇടപെടലിനെ അന്യവല്‍ക്കരിക്കുന്നതിലൂടെ ഒരു പുതിയ മതം സ്ഥാപനവല്‍ക്കരിക്കുന്നതിലേക്കും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ചോരപ്പുഴകളിലേക്കും ഒടുവിലിങ്ങ് ഹോളോകോസ്റ്റിലേക്കും വരെ എത്തിച്ചേര്‍ന്ന പില്‍ക്കാല ക്രിസ്തുമത- ജൂത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ട ആദ്യകാല യഹൂദ മത പൗരോഹിത്യ- രാഷ്ട്രീയ ബാന്ധവം? അംഗീകൃത കാഴ്ചപ്പാടില്‍ ചാപ്പകുത്തിയ പോലെ ഒറ്റുകാരന്‍ എന്ന നിലക്കോ അചഞ്ചല വിശ്വാസം അതിരു കടന്നത്‌ കൊണ്ടോ കുരിശേറ്റം സാധ്യമാക്കിയ യൂദാസ്? ദൈവപുത്രനില്‍ നിന്ന് പ്രതീക്ഷിച്ച അത്ഭുതം പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട് മനുഷ്യപുത്രന്‍ മാത്രമായി ഒടുങ്ങിപ്പോയ യേശു തന്നെയും? ഒരു ഘട്ടത്തില്‍ തീരെ കുറഞ്ഞൊരു കാലത്തേക്കെങ്കിലും പലസ്തീന്‍ വിഭജനം എന്ന ആശയത്തെ അംഗീകരിക്കുകയും പിന്നീട് അത് തീര്‍ത്തും തള്ളിക്കളഞ്ഞു തീവ്ര സയണിസ്റ്റ് മാര്‍ഗ്ഗത്തില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കുക വഴി അശാന്തിയുടെ നിതാന്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ബെന്‍ ഗൂറിയന്‍? അയാളില്‍ ഏക വിമോചകനെ കാണുന്ന ഗര്‍ഷോമിനെ പോലുള്ളവര്‍? ആദര്‍ശാത്മകതയുടെ പ്രലോഭനത്തില്‍ അറബ് ജനതയുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും നൈരാശ്യത്തിന്റെ മുഖാമുഖത്തില്‍ മൌനത്തിലേക്ക്‌ പിന്‍ വാങ്ങുകയും ചെയ്ത അബ്രാവെനാലിനെ പോലുള്ളവര്‍? വൈധവ്യത്തിന്റെ അമാവാസിയില്‍ സുരക്ഷാ യുദ്ധങ്ങളുടെ വലിയ വാക്കുകളില്‍ കൌതുകം നഷ്ടപ്പെട്ട അതാലിയയെ പോലുള്ള യുദ്ധ വിധവകള്‍? ചരിത്രത്തിലെ കുറ്റവാളികളെ തിരയുന്ന അക്കാദമിക താല്‍പ്പര്യത്തിനപ്പുറം ഒന്നിലും ഇടപെടുന്നില്ലാത്ത, നിര്‍ബന്ധിത സൈനിക സേവനത്തിന്റെ അപകട ജീവിതം നയിക്കേണ്ടി വന്നിട്ടില്ലാത്ത, സുരക്ഷിത അകലം ആസ്വദിക്കാന്‍ കഴിഞ്ഞ ബുദ്ധിജീവി വിമര്‍ശകരായ ശമുവേലിനെ പോലുള്ളവര്‍? അഥവാ, തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത നോവലിസ്റ്റ് തന്നെയും? സാധ്യതകളുടെ ഏറെ വിപുലമായ ഒരു തുറസ്സിലാണ് യൂദാസ് എന്ന ബിംബം നോവലില്‍ കേന്ദ്ര സ്ഥാനീയമായി നിലയുറപ്പിക്കുന്നത്. 

 

മഹത്തായ കൃതികളില്‍ ഇതിവൃത്തം പലപ്പോഴും അതിലെ ആശയങ്ങളുടെ ഗരിമ ഉള്‍കൊള്ളാനുള്ള ചട്ടക്കൂട് മാത്രമായിരിക്കും. ‘ജൂഡാസ്’ എന്ന നോവലിനെ സംബന്ധ്ച്ചു ഇത് തീര്‍ത്തും ശരിയാണ്. ദക്ഷിണ ഇസ്രായേലിലെ നഗേവ് മരുഭൂമിയോട് ചേര്‍ന്നുള്ള ബീര്‍ശേബ നഗരത്തില്‍, വിജനമായ തെരുവിലെ ഫ്ലാറ്റുകളില്‍ ഒന്നില്‍ നിന്ന് ഒരു നിമിഷം എത്തിനോക്കുന്ന സുന്ദരിയായ യുവതിയോട് വഴിചോദിക്കാന്‍ തുനിഞ്ഞ് അവള്‍ അപ്രത്യക്ഷയാകുന്നതോടെ ഇനിയെന്ത് എന്ന് അത്ഭുതപ്പെട്ടു നില്‍ക്കുന്ന ശമുവേലിന്റെ ചിത്രത്തിലാണ് നോവല്‍ അവസാനിക്കുന്നത്. അതിനിടയില്‍ എന്തൊക്കെ ‘സംഭവിച്ചു’ എന്നത് തീരെ ചെറിയ ചോദ്യം മാത്രമാണ് കൃതഹസ്തനായ നോവലിസ്റ്റിന്റെ ഈ ഏറ്റവും പുതിയ മാസ്റ്റര്‍പീസില്‍. എന്നിരിക്കിലും, തന്റെ ആശയങ്ങളെ ചുമക്കാനുള്ള വ്യക്തിത്വമില്ലാത്ത വെറും പ്രതീക സൃഷ്ടികള്‍ മാത്രമല്ല നോവലിലെ കഥാപാത്രങ്ങള്‍ എന്നത് പ്രധാനവുമാണ്. വ്യക്തികള്‍/ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അവരുടെ അനുഭവങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ഒട്ടും കൃതൃമത്വമില്ലാത്ത സര്‍ഗ്ഗാത്മകതയുടെ ട്രാജെക്റ്ററിയില്‍ സന്ധിക്കുന്നതാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടാണ് തന്റെ നഷ്ടങ്ങളുടെ ആഘാതത്തില്‍ ഇനിയൊരു സംവാദത്തിലും അതാലിയക്ക് താല്‍പര്യമില്ലാത്തത്. “അവര്‍ അവരുടെ പരിഷ്കരണങ്ങളെല്ലാം അവരില്‍ തന്നെ ഒതുക്കിയിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു, അതെപ്പോഴും കുരുതികളും കുരിശു യുദ്ധവും ജിഹാദും അല്ലെങ്കില്‍ ഗുലാഗും അല്ലെങ്കില്‍ ഗോഗിന്റെയും (സാത്താന്‍) ഡെമഗോഗിന്റെയും യുദ്ധങ്ങളും ഉള്‍കൊള്ളുന്നു എന്നിരിക്കെ” എന്ന് ഗര്‍ഷോം വാല്ദ് നിരുന്മേഷവാനാവുന്നത്.

 

(ഉള്ളെഴുത്ത് ജൂലൈ 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 338-347)