Featured Post

Showing posts with label Social Realism. Show all posts
Showing posts with label Social Realism. Show all posts

Friday, August 16, 2024

Sugar Street: The Cairo Trilogy III Naguib Mahfouz

കുലപതികള്‍ അരങ്ങൊഴിയുമ്പോള്‍



“നഗീബ് മഹ്ഫൂസിന്റെ കൈറോ ത്രയത്തിലെ അവസാന നോവലായ Sugar Street ല്‍ മഹാമാന്ദ്യത്തിന്റെ ഉത്തുംഗം പുതിയൊരു യൂറോപ്യന്‍ യുദ്ധത്തിനും പുതിയ ആയുധിയുടെ ഭീകരതക്കും വഴിവെക്കുകയും ഇജിപ്തിന്റെ സ്വാതന്ത്ര്യം അകന്നേ പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍, അല്‍ ജവാദ് കുടുംബത്തിനും ഇജിപ്തിനും ഒരു പോലെ പരിണാമങ്ങളും ദുരന്തങ്ങളും തുടരുന്നു.”

-   Blogger, We Need to Talk About Books.

  Sugar Street, The Cairo Trilogy, Part.3 (1957) Naguib Mahfouz

കൈറോ ത്രയത്തിലെ അവസാന നോവലായ Sugar Street, ഒരന്തിമ കഥന്ത്യത്തിലേക്കു നീങ്ങുന്നില്ലെങ്കിലുംആദ്യ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഒന്നാം തലമുറയുടെ – തറവാടിന്റെ കഥയാരംഭിക്കുന്ന പിതൃസ്വരൂപമായ ജവാദും മാതൃസ്വരൂപമായ ആമിനയും – കാലം ഫലത്തില്‍ കഴിഞ്ഞിരിക്കുന്ന ഇടത്തില്‍ നിന്നാണ് ആഖ്യാനം തുടരുന്നത്. രണ്ടാം ഭാഗത്തിന്റെ (Palace of Desire) അവസാനത്തില്‍ നിന്ന് ഏതാണ്ട് എട്ടു വര്‍ഷം കഴിഞ്ഞു 1935ല്‍ ആരംഭിച്ചു 1944ലെ അട്ടിമറികളുടെ സാഹചര്യം വരെയാണ് ഇവിടെ കഥാകാലം.അതിനിടെ ഒരു പുതിയ തലമുറ വളര്‍ന്നു വന്നിരിക്കുന്നു. ഖദീജയുടെ മക്കള്‍ അബ്ദുല്‍ മുനീമും അഹ്മദ് ഷൌകതും തങ്ങളുടെ തികച്ചും വേറിട്ട വഴികള്‍ തെരഞ്ഞെടുക്കാന്‍ പോവുകയാണ്. പേരക്കിടാങ്ങളില്‍ ജവാദിന്റെ പ്രിയങ്കരനും യാസീനിന്റെ മകനുമായ രിദ് വാന്‍, മുത്തച്ചന്റെയോ പിതാവിന്റെയോ പെണ്‍സംസര്‍ഗ്ഗങ്ങളുടെ ജനിതകം പേറുന്നില്ല. എന്നാല്‍ അയാളാണ് നോവലിലെ ഏറ്റവും ഞെട്ടിക്കുന്ന രഹസ്യം പേറുന്നത്. രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ അരങ്ങേറുന്ന കളികളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള രിദ്വാന്‍ഔന്നത്യത്തിന്റെ പടവുകള്‍ കയറാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം അയാള്‍ക്ക് പൈതൃകമായി കിട്ടിയ സുഭഗശരീരത്തെ സ്വവര്‍ഗ്ഗാനുരാഗിയായ രാഷ്ട്രീയ ഭീമനു വഴങ്ങിക്കൊടുക്കുക എന്നതാണ്. “മനുഷ്യ പ്രകൃതത്തെ നോര്‍മല്‍ എന്നും വഴിതെറ്റിയത് എന്നും ആരാണ് വിഭജിച്ചത്?” എന്ന അയാളുടെ ന്യായവാദം ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചു സ്വാഭാവിക അര്‍ത്ഥത്തില്‍ കാമ്പുള്ളതു തന്നെയെങ്കിലുംലൈംഗിക ചൂണ്ടയായി സ്വയം മാറുന്ന ഒരാള്‍ക്കുള്ള ന്യായീകരണം ആവുകവയ്യ. യാസീന്റെ എട്ടുവയസ്സുകാരി മകള്‍ കരീമ മാത്രം സ്വന്തം വഴി കണ്ടെത്താന്‍ ആവുന്നതേയുള്ളൂ. ഈ തറവാട്ടു ചിത്രത്തില്‍ കാണാനാവാത്തത് ആയിഷയുടെ ഭര്‍ത്താവിന്റെയും ആണ്മക്കളുടെയും സാന്നിധ്യമാണ്. ടൈഫോയിഡ് വ്യാപന ഘട്ടത്തില്‍ മരിച്ചുപോയതായിരുന്നു അവരെല്ലാം. വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും അതിന്റെ ആഘാതത്തില്‍ നിന്ന്  മുക്തിനേടാന്‍ കഴിയാത്ത ഖദീജഇന്ന് അവളുടെ തന്നെ വെറുമൊരു നിഴല്‍ മാത്രമാണ്. അതിജീവിച്ച സുന്ദരിയായ ഏകമകള്‍ നഈമയാണ് ഇന്നവളുടെ ജീവിത സര്‍വ്വസ്വം.

Sugar Streetന്റെ കഥാകാലം ആരംഭിക്കുന്ന 1935, ആഗോളാടിസ്ഥാനത്തില്‍ എന്ന പോലെ ഇജിപ്തിലും മഹാമാന്ദ്യത്തിന്റെ തിക്തഫലങ്ങള്‍ പ്രകടമായിരുന്ന ഘട്ടമായിരുന്നു. യൂറോപ്പ് മറ്റൊരു ആഗോള യുദ്ധ ഭീഷണിയുടെ നിഴലിലും. ബ്രിട്ടനെ സംബന്ധിച്ചു ഇജിപ്തില്‍ തുടരാനോ, അതേസമയംപ്രൊട്ടക്റ്ററേറ്റ് നിയന്ത്രണം അവസാനിപ്പിച്ചു സ്വാതന്ത്ര്യം നല്‍കാനോ താല്‍പര്യമില്ലായിരുന്നു. ഈ  ഇച്ഛാഭംഗമാണ് വ്യത്യസ്ത രീതിയില്‍ അഹ്മദ് കുടുംബത്തിലെ മൂന്നാം തലമുറ പ്രതിനിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് സൈനികരുടെ സാന്നിധ്യം എയര്‍ റെയ്ഡുകള്‍, ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വെടിയൊച്ചകള്‍ തുടങ്ങിയ രൂപത്തില്‍ കൈറോ നിവാസികളെ ഇപ്പോഴും ഭയപ്പെടുത്തുന്നു. കുടുംബതലത്തില്‍നോവല്‍ ആരംഭം ആവുമ്പോഴേക്കും അല്‍ സയ്യിദിന്റെ അധികാരം പ്രായോഗികമായി ഇല്ലാതായിട്ടുണ്ട്. അയാളുടെ ഇരട്ട ജീവിതം എല്ലാവര്ക്കും വ്യക്തമായിക്കഴിഞ്ഞു. പഴയ തേരോട്ടങ്ങളുടെ തിരച്ചടിയായി ഹൈപ്പര്‍ടെന്‍ഷന്‍ഹൃദയ സംബന്ധമായ പ്രശനങ്ങള്‍ എന്നിവയൊക്കെ നേരിടുന്ന ജവാദിന് കോണി കയറാന്‍ വയ്യ. പുതുതായി ലഭിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്ന ആമിന പ്രിയപ്പെട്ട പള്ളിയില്‍ പ്രാര്തനയിലും ഖുറാന്‍ പാരായനത്തിലും മുഴുകുന്നു. പിതൃ അധികാര ക്രമത്തില്‍ നിന്ന് ജനായത്തത്തിലേക്കുള്ള പരിണാമത്തിന്റെ ചിഹ്നമായി ‘coffee hour’ എന്ന കുടുംബ വഴക്കത്തിന്റെ ഇടം താഴെ നിലയിലേക്ക് മാറ്റപ്പെടുന്നു. മുപ്പത്തിനാലാം വയസ്സില്‍ കിഴവിയായിപ്പോയ ആയിഷ പുകവലി തുടങ്ങുന്നു. ഖദീജഅമ്മായിയമ്മയുമായി വഴക്കു പതിവാകുന്നു. യാസിന്‍ തന്റെ മൂന്നാം വിവാഹത്തില്‍ ഏറെക്കുറെ ഒന്നു ഒതുങ്ങിയിരിക്കുന്നു. ഒരിക്കല്‍ തികച്ചും ജീവിതം തുളുമ്പിനിന്ന കൊട്ടാരത്തെരുവിലെ വീട് ഇന്നെന്താണെന്നു കമാല്‍ നിരീക്ഷിക്കുന്നുണ്ട്:

“ഒരു കുടുംബത്തിനു വാര്‍ദ്ധക്യം ബാധിക്കുന്നത് കാണേണ്ടി വരുന്നത് സങ്കടകരമായിരുന്നു. അതിന്റെ പിതാവ്എത്രയും ബലവാനും ഉറച്ച കൈകാര്യക്കാരനും ആയിരുന്നവന്‍ദുര്‍ബ്ബലനായി വരുന്നത് കാണുക ഏറെ പ്രയാസകരമായിരുന്നു... മാതാവ് ക്ഷയിച്ചു പോവുകയും വാര്‍ദ്ധക്യത്തിലേക്കു അപ്രത്യക്ഷയാകുകയും ചെയ്തു. ആയിഷയുടെ തകര്‍ച്ചയും പതനവും കാണേണ്ടി വന്നു. വീടിന്റെ അന്തരീക്ഷത്തിലാകെ ദുരിതവും മരണവും നിറഞ്ഞുനിന്നു.”

വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദന ഇപ്പോഴും പേറുന്ന കമാല്‍ അവിവാഹിതനായി കഴിയുന്നത്‌ കുടുംബത്തിനു വലിയ നൈരാശ്യം പകരുന്നു. നഷ്ട പ്രണയത്തെ ചിന്താശീലത്തിലേക്കു പരിവര്‍ത്തിപ്പിച്ച അയാള്‍ ഒട്ടും ഉല്ലാസപ്രകൃതിയല്ല. കോണി കയറിക്കൂടാത്ത ജവാദ് താഴത്തെ നിലയില്‍ ചുരുണ്ടുകൂടിയപ്പോള്‍കമല്‍ മുകള്‍ നില തന്റെ തട്ടകമാക്കി മാറ്റുന്നു. പുസ്തകങ്ങളിലും ധൈഷണിക അന്വേഷണങ്ങളിലും അഭിരമിക്കുണ്ണ്‍ അയാള്‍ക്കിപ്പോള്‍ കൂട്ട് ഇവരൊക്കെയാണ്: ഡാര്‍വിന്‍റസ്സല്‍ബെര്‍ഗ്സണ്‍സ്പിനോസലീബ്നിസ്ഷോപ്പനോവര്‍ തുടങ്ങിയവര്‍. സാമൂഹിക പ്രസക്തിയുള്ള ഒന്നും ചെയ്യാതെ ആത്മാന്വേഷണങ്ങളുടെ ചതുപ്പുകളില്‍ സ്വയം നഷ്ടപ്പെടുന്ന അയാളെ ഇപ്പോഴും അസ്തിത്വ പരമായ സന്ദേഹങ്ങള്‍ വീര്‍പ്പു മുട്ടിക്കുന്നു: “ധിഷണക്ക് മനുഷ്യന്റെ മനസമാധാനം മോഷ്ടിക്കാനാകും. ധിഷണ സത്യത്തെ സ്നേഹിക്കുന്നുബഹുമാനം അര്‍ഥിക്കുന്നുസഹിഷ്ണുത ലക്‌ഷ്യം വെക്കുന്നുസന്ദേഹവുമായി കൂട്ടിമുട്ടുന്നുജന്മവാസനകളും കാമനകളുമായുള്ള നിരന്തര പോരാട്ടത്തിന്റെ ദുരിതം പേറുന്നു.”   

ഒടുവില്‍വിചിത്രമായ ഒരാക്സ്മികതയില്‍ ഒരു കാലത്ത് താന്‍ കുട്ടിയായിക്കണ്ടിരുന്ന ഐദയുടെ അനിയത്തിയെ കണ്ടുമുട്ടുമ്പോള്‍ അയാള്‍ വിവാഹത്തെ കുറിച്ച് ഒന്ന് ആലോചിച്ചു പോകുന്നുണ്ട്. ഭൂതകാലവുമായുള്ള ആ മുഖാമുഖം അയാളെ തന്റെ കാല്‍പ്പനിക വ്യഥകളില്‍ നിന്ന് ഒട്ടൊരളവു മോചിതനാക്കുന്നുമുണ്ട്.

അഹ്മദ് ജേണലിസ്റ്റ് ആവാന്‍ തീരുമാനിക്കുന്നത് ഖദീജയെ ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും പുതിയ തലമുറ സ്വന്തം വഴികളില്‍ തീര്‍ത്തും ദൃഡമനസ്കരാണ്‌. Sugar Street ( al-Sukkariya) ഖദീജയുടെ ഭര്‍ത്താവ് ഇബ്രാഹിം ഷൌകത്തിന്റെ കുടുംബവീടിന്റെ ഇടമാണ് എന്നതില്‍ തന്നെ കഥയുടെ കേന്ദ്രം മുനീമും അഹ്മദും പ്രതിനിധാനം ചെയ്യുന്ന മൂന്നാം തലമുറയിലേക്ക് മാറുന്നതിന്റെ സൂചന വ്യക്തവുമാണ്.  എഴുത്തുകാരന്‍ എന്ന നിലയില്‍ പേരെടുത്ത അമ്മാവന്‍ കമാലില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അഹ്മദ് പ്രതിനിധാനം ചെയ്യുന്ന പ്രതിബദ്ധ രാഷ്ട്രീയ എഴുത്തുവഴി. കമാല്‍ ഇപ്പോഴൊരു പ്രോഫസറാണ്വഫ്ദിസ്റ്റ് പാര്‍ടി അംഗം എന്ന നിലയില്‍ ഇജിപ്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയും. എന്നിരിക്കിലും അയാളുടേത് ‘തത്വം പറച്ചിലിന്റെ കാടുപടലം’ (‘wilderness of metaphysics’) എന്നു അഹ്മദിന്റെ സഹപ്രവര്‍ത്തകന്‍ വിവരിക്കുന്ന തരം എഴുത്താണ്. അയാളെ പോലെ സാമൂഹ്യ പ്രസക്തി ഒട്ടുമില്ലാത്ത ഒന്നല്ല തികഞ്ഞ മാര്‍ക്സിസ്റ്റ്‌ ആയ അഹ്മദിന്റെ മാര്‍ഗ്ഗം. യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളും ഉറച്ച രാഷ്ട്രീയ നിലപാടുകളുമാണ് അയാളുടെ കൈമുതല്‍. അതേസമയം അയാളുടെ സഹോദരന്‍ അബ്ദുല്‍ മുനീംമുസ്ലിം ബ്രദര്‍ഹുഡിന്റെ അനുയായിയാണ്. ഇരുവരും തങ്ങളുടെ നിലപാടുകള്‍ക്കു യോജിച്ച രീതിയിലാണ് വിവാഹം കഴിക്കുന്നതും. ജോലി ചെയ്തു ജീവിക്കുന്ന ഒരുത്തിയെ അഹ്മദ് വിവാഹം കഴിക്കുന്നത്‌ കുടുംബത്ത ഞെട്ടിക്കുന്ന മറ്റൊരു സംഗതിയാണ്. ഉടല്‍പ്രലോഭനങ്ങളുടെ വിളി കേട്ടുപോകുമോ എന്ന ഭയമാണ്എത്രയും പെട്ടെന്നു പവിത്രമായ വിവാഹ ബന്ധത്തിലേക്ക് അബ്ദുല്‍ മുനീമിനെ എത്തിക്കുക. ‘വിശ്വാസിയും മത പരിത്യാഗി’യുമെന്നു പിതാവ് ഇബ്രാഹിം ഷൌകത് വിളിക്കുന്ന മുനീമും അഹ്മദും തന്നെയാണ് നോവലിന്റെ കേന്ദ്രത്തിലെന്നത്വരാനിരിക്കുന്ന നാളുകളുടെ സാമൂഹികരാഷ്ട്രീയ ബാലാബലങ്ങളുടെ സൂചകവും ആണ്. അതുകൊണ്ടുതന്നെയാകാംഅവരുടെ മാര്‍ക്സിസ്റ്റ്‌ ചെയ്തികളിലേക്കോ ഇസ്ലാമിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്കോ അധികമൊന്നും ചുഴിഞ്ഞു പോകാതിരിക്കാന്‍ നോവലിസ്റ്റ് ഏറെ ജാഗ്രത പുലര്‍ത്തുന്നത്. അവരെയാണ് ഭരണകൂടം ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് എന്നതാണ് സ്വാഭാവികമായും നോവലന്ത്യത്തിലെ ആ അറസ്റ്റുകളിലേക്ക് നയിക്കുന്നതും. 

രാഷ്ട്രീയമായിദേശത്തിന്റെ പുനരുഥാനത്തെ നിരന്തരം തടസ്സപ്പെടുത്തുന്ന അധികാര പ്രയോഗങ്ങള്‍ക്കെതിരെയുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയായിരിക്കണം ഇജിപ്ത്യന്‍ വിപ്ലവം എന്നാണു നോവല്‍ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ വിപ്ലവകരമായ ചില ഹ്രസ്വ മുന്നേറ്റങ്ങള്‍ സംഭവിക്കുമ്പോഴും തങ്ങളെ സ്വയം വിമോചിപ്പിക്കുന്നതിനുള്ള ഇജിപ്ത്യന്‍ ജനതയുടെ കഴിവില്‍ അത്ര ശുഭാപ്തിയില്ല മഹ്ഫൂസിന്. പുതുതലമുറയുടെ പ്രതിനിധികള്‍ ആയ, ഖദീജയുടെ മക്കള്‍ അബ്ദെല്‍ മുനീമും അഹമദ് ഷൌകതും കൈറോയില്‍ വിധ്വംസക ലേഖനങ്ങള്‍ വിതരണം ചെയ്തു എന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടല്ലോ. അത് പരിഗണിക്കുമ്പോള്‍വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം എന്ന നോവലിലെ മുഖ്യ ഉത്കണ്ഠ, എല്ലാ വിധ ദേശീയവും കുടുംബപരവുമായ ദുരനുഭവങ്ങള്‍ക്കു ശേഷവും അതേപടി തുടരുന്നു എന്നു പറയാം. ആദ്യ രണ്ടു നോവലുകള്‍ പോലെത്തന്നെഇവിടെയും നോവലന്ത്യം ഒരു മരണത്തിനും പുനര്‍ജ്ജനിക്കും സാക്ഷ്യം വഹിക്കുന്നു: അല്‍ സയ്യിദിന്റെ മരണത്തിനു ഒരൊറ്റ വര്‍ഷത്തിനു ശേഷം ആമിനയുടെ അന്ത്യം സംഭവിക്കുമ്പോള്‍, യാസിന്റെ പേരക്കിടാവിന്റെ ജനനംമറ്റൊരു തലമുറയുടെ ആവിര്‍ഭാവത്തെ വിളംബരം ചെയ്യുന്നു.

വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന പ്രമേയത്തിലാണ് ‘കൈറോ ത്രയം’ ഊന്നുന്നത് എന്നു കാണാംഅത് അല്‍ സയ്യിദ് കുടുംബം പോലെ ഒരു കുടുംബമായാലുംവഫ്ദിസ്റ്റ് പാര്‍ടി രൂപീകരണം ആയാലും. യൂറോപ്പ്യന്‍ നോവലുകളിലെ നായക കഥാപാത്രത്തില്‍ ഊന്നുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇതാണ് മഹ്ഫൂസിന്റെ കൃതിയെ അറബ് നോവല്‍ എന്ന നിലയിലേക്കു മാറ്റുന്നത്. ആഖ്യാന വീക്ഷണത്തോടൊപ്പം സമയത്തെ നീട്ടിയും കുറുക്കിയും ഉപയോഗിക്കുന്ന രീതിയും ശ്രദ്ധേയമാണ്. നോവല്‍ ത്രയത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യ ഭാഗം (Palace Walk) വെറും രണ്ടുവര്‍ഷത്തെ കഥ പറയുമ്പോള്‍, Palace of Desire കുറേക്കൂടി കൂടിയ വേഗതയില്‍ നാലുവര്‍ഷം കണക്കിലെടുക്കുന്നു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മൂന്നാം ഭാഗം (Sugar Street) പത്തുവര്‍ഷക്കാലം ഉള്‍കൊള്ളുന്നു. ഈ സമയ ദീക്ഷവൈദേശിക ഭരണത്തില്‍ നിന്ന് മോചനം തേടുന്ന ദേശത്തിന്റെ പോരാട്ടത്തിന്റെ കൂടിക്കൂടി വരുന്ന അടിയന്തിരസ്വഭാവം ആവാഹിക്കുന്നു.

ഒരു അത്യുന്നത സാഹിതീയ നേട്ടം എന്ന നിലയില്‍ മാത്രമല്ലചരിത്രപരവും നരവംശ ശാസ്ത്രപരവുമായ വിലപ്പെട്ട രേഖ എന്ന നിലയിലും മഹ്ഫൂസിന്റെ നോവല്‍ ത്രയം പ്രസക്തമാണ്‌. സമകാലിക ഇജിപ്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ ഒരു കുടുംബത്തിന്റെ തീക്ഷ്ണമായ വൈയക്തികാനുഭാവങ്ങളുടെ ഇതിഹാസമായി അവതരിപ്പിക്കുന്നതിലൂടെദേശത്തിന്റെ കലുഷമായ ഒരു ചരിത്ര ഘട്ടത്തിനു ഒരു ഫിക് ഷനല്‍ രേഖ ചമക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയത്തെയും വ്യക്തിപരതയെയും ഇങ്ങനെ കൂട്ടിവിളക്കിയതാണ് നോവലിന്റെ വന്‍ വിജയത്തിന് കാരണമായത്‌. നോവലിന്റെ പ്രസിദ്ധീകരണത്തിനു ശേഷംഅല്‍ സയ്യിദിന്റെ അതികായ ചിത്രം ഇജിപ്ത്യന്‍ കുലപതി പ്രതിനിധാനത്തിന്റെ ആദിരൂപമായിത്തീര്‍ന്നു എന്നതും പ്രസ്താവ്യമാണ്.

Read more:

Palace Walk: Cairo Trilogy I by Naguib Mahfouz

https://alittlesomethings.blogspot.com/2024/07/palace-walk-cairo-trilogy-i-by-naguib.html

Palace of Desire: Cairo Trilogy II by Naguib Mahfouz

https://alittlesomethings.blogspot.com/2024/08/palace-of-desire-cairo-trilogy-ii-by.html

 

 

 

Palace of Desire: Cairo Trilogy II by Naguib Mahfouz

കാമനയുടെയും അന്വേഷണത്തിന്റെയും പുസ്തകം



Palace of Desire (The Cairo Trilogy 2) (1957) Naguib Mahfouz (Egypt)/ W. M. Hutchins & Lorne M. Kenny (1990)  

Palace Walk അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ള തുടര്‍ച്ചയില്‍ തന്നെയാണ് Palace of Desire, ആരംഭിക്കുന്നത്. കുടുംബത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഫഹ്മിബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനും അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം അന്തരീക്ഷം തികച്ചും മാറിപ്പോയിരിക്കുന്നു. ആ തിരോധാനത്തിന്റെ ഫലം ഇന്നും കുടുംബം അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെട്ടുനിന്ന ദ്വീപിനെ പോലെ പുറം ലോകത്തെ മാറ്റങ്ങളില്‍നിന്നു വേറിട്ടുനിന്ന ജവാദ് കുടുംബത്തെയും മാറ്റങ്ങളുടെ കുത്തൊഴുക്ക് ബാധിച്ചു തുടങ്ങിയിരിക്കുന്നു.  ഇവിടെയും നോവല്‍ ആരംഭത്തില്‍ ആമിനയെയാണ് നാം കാണുന്നത്. ഓരോ രാവിലും ബാല്‍ക്കണിയില്‍ നിന്ന് ഗ്രില്ലിന്റെ ഇടയിലൂടെ പുറത്തേക്കു നോക്കിനില്‍ക്കുന്ന ആമിനതെരുവിന് മാറ്റങ്ങളൊന്നും കാണുന്നില്ല. എന്നാല്‍മാറ്റങ്ങള്‍ അവളിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു എന്ന് നോവലിസ്റ്റ് എഴുതുന്നു. പുത്രവിയോഗ ദുഃഖം തന്റെ പഴയ വഴികളോടുള്ള പശ്ചാത്താപമായി ഇത്രയും കാലം കൊണ്ടുക്കുകയും കുടുംബത്തോടുണ്ടായിരുന്ന ഏകാധിപത്യ മനോഭാവം ഒട്ടൊന്നു കുറക്കുകയും ചെയ്തു കഴിഞ്ഞുകൂടി. ഭാര്യയെ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനും പ്രിയപ്പെട്ട അല്‍ ഹുസൈന്‍ പള്ളിയില്‍ പോകാനും അനുവദിക്കുകയും ചെയ്തു. വല്ലപ്പോഴും ഒരഭിപ്രായം പറയല്‍  പോലും അവര്‍ക്കു ഭയം കൂടാതെ ചെയ്യാനായി. യാസീനും കമാലും ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ അതിനൊക്കെ ശേഷം അഹ്മദ് അയാളുടെ പഴയ രീതികളിലേക്കു തന്നെ വീണ്ടും തിരികെ പോവാന്‍ തുടങ്ങുന്നു. അമ്പതുകളുടെ മധ്യത്തിലെത്തിയ അഹ്മദ് ഇപ്പോള്‍ ആ പഴയ പടക്കുതിരയല്ലെന്നു മാത്രമല്ലപഴയ അഭിനിവേശമായിരുന്ന ല്യൂട്ട് ഗായിക സനൂബ അയാളെ തിരസ്കരിക്കുന്നതും അയാള്‍ക്ക് അനുഭവിക്കേണ്ടി വരുന്നു. പണവും മറ്റുമായി ഏറെ പ്രലോഭിപ്പിച്ചിട്ടും അവള്‍ വഴങ്ങുന്നുമില്ല. എന്നാല്‍ അതിലും വലിയ ഞെട്ടല്‍ അയാളിലെത്തുക അവള്‍ തന്റെ മകന്‍ യാസീനിന്റെയും അഭിനിവേശമായിരുന്നു എന്ന അറിവിലാണ്.

തലക്കെട്ടിലെ ‘കാമനയുടെ തെരുവി’ലേക്ക് പോകുന്നത് യാസീനാണ്: തന്റെ പെറ്റമ്മയുടെ സ്വന്തമായിരുന്ന വീട്ടിലേക്ക്. യാസീനു പക്ഷെ പിതാവിന്റെ സൂക്ഷമത പുലര്‍ത്താനോ  അത്തരം കാര്യങ്ങളില്‍ മാന്യതയുടെ മുഖം മൂടി സൂക്ഷിക്കാനോ കഴിയുന്നില്ല. അമ്മവീട്ടില്‍ നോവലിന്റെ ഇതിവൃത്തസംബന്ധിയായി കാര്യമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും യാസീനിന്റെ അങ്കലാപ്പുകള്‍ വളരെ പ്രധാനമാണ്. കുറെയൊക്കെ അഹ്മദിന്റെയും മുതിര്‍ന്നുവരുന്ന കമാലിന്റെയും കാര്യത്തിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ട്. മോശം ഭൂതകാലമുള്ള വീടിന്റെ ചീത്തപ്പേര് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടതൊക്കെ യാസീന്‍ ചെയ്യുന്നുമുണ്ട്. അതെന്തായാലുംജവാദ് കുടുംബത്തിലെ വീട് (Palace Walk) പ്രതിനിധാനം ചെയ്യുന്ന മടുപ്പിക്കുന്ന ഗൌരവത്തിന്റെ എതിരറ്റത്താണ് ആ വീട്. ഇജിപ്ത് തന്നെയും പാരമ്പര്യത്തെ അത്രയൊന്നും മാനിക്കാത്ത മാറ്റങ്ങളിലൂടെ കടന്നുപോവുകയുമാണ്. എന്നാല്‍ ഭാവി എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ കുറിച്ചൊന്നും ആര്‍ക്കും ഒരു രൂപവും ഇല്ലതാനും.

പിതാവ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന മദ്യവും മദിരാക്ഷിയുമൊക്കെ യാതൊരു നിയന്ത്രണവും ഇല്ലാതെ കൊണ്ടാടുന്ന യാസീന്‍ഒരിക്കല്‍ ഫഹ്മിയുടെ സ്വകാര്യ പ്രണയ ഭാജനമായിരുന്ന മരിയാമിനെ വിവാഹം ചെയ്യുന്നു. എന്നാല്‍ അതിനുമുമ്പേ അത്യാവശ്യം ഞെട്ടിച്ച ബന്ധങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നുഅതും അവസാനത്തേത് ആയിരിക്കുകയുമില്ല. അയാളുടെ വിക്രിയകള്‍ ഒരു ഘട്ടത്തില്‍ അയാള്‍ നാടുകടത്തപ്പെടുന്നതിന്റെ വക്കില്‍ എത്തിക്കുന്നുണ്ട്. ജവടിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അയാള്‍ രക്ഷപ്പെടുന്നത്. നോവലിന്റെ ദൌര്‍ബല്യങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇത്തരത്തിലോരാല്‍ എങ്ങനെയാണു തന്റെ ജോലി തുടര്‍ന്നത് എന്നതിനെ കുറിച്ചുള്ള ദുരൂഹതയാണ്. നോവലില്‍ ഒരിടത്തും അയാള്‍ ജോലിയില്‍ മുഴുകുന്ന വിവരണങ്ങള്‍ ഇല്ല. (https://www.complete-review.com/reviews/mahfouzn/cairo2.htm)

പിതാവ്യാസീന്‍സനൂബ ഉപകഥയല്ല നോവലിനെ നിയന്ത്രിക്കുന്നത്. അത് മിക്കവാറും മുതിര്‍ന്നുവരവിന്റെ സംത്രാസങ്ങള്‍ നേരിടുന്ന കമലിനെയാണ്‌ പിന്തുടരുക. നോവലിസ്റ്റിന്റെ തന്നെ ആത്മാംശം കലര്‍ന്ന കമാല്‍ഖുറാന്‍ പഠനത്തിലെല്ലാം ജാഗ്രത കാണിക്കുമ്പോഴുംയുക്തിക്കിണങ്ങാത്ത മത പാഠങ്ങളെ നിഷ്കളങ്കമായി ചോദ്യം ചെയ്യുന്ന ഒരു ബാലനായാണ് Palace Walk ല്‍ ഇടം പിടിക്കുന്നത്‌. Palace of Desireല്‍ എത്തുമ്പോള്‍ആന്തരികമായി ഒട്ടേറെ സന്ദേഹങ്ങള്‍ ഉള്ള പതിനെഴുകാരനെയാണ് കാണാനാകുക. അല്‍ ഹുസൈന്‍ പള്ളിയില്‍ ഉണ്ടെന്നു കരുതപ്പെട്ട വിശുദ്ധന്റെ അവശിഷ്ടം സത്യമല്ലെന്നും അത് പ്രതീകാത്മകം മാത്രമാണ് എന്നും അറിയുന്നതാണ് അവന്റെ ആദ്യത്തെ ഞെട്ടല്‍ ആയിത്തീരുക. കുട്ടിക്കാലത്ത് പവിത്രമെന്നു കരുതിയിരുന്ന പലതിന്റെയും കാര്യത്തില്‍ സമാനമായ ഇചാഭംഗം അവനെ കാത്തിരറിപ്പുണ്ട്. മികച്ച സ്കൂളിലെ വിദ്യാഭ്യാസവും അവന്റെ യുക്തിചിന്തയെ വളര്‍ത്തുകയാണ് ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തുടങ്ങാനുള്ള സന്ദര്‍ഭം ആവുമ്പോള്‍ കമാല്‍ അധ്യാപക പരിശീലനത്തിനു ചേരാന്‍ തീരുമാനിക്കുന്നത്അയാളെ നിയമ പഠനം പോലുള്ള കൂടുതല്‍ ആകര്‍ഷകമായ കോഴ്സുകളില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന പിതാവിന് വിഷമമുണ്ടാക്കുന്നുണ്ട്. എന്നാല്‍കമാല്‍ തീരുമാനിച്ചു കഴിഞ്ഞു. പിതാവിന് ശരിക്കും പൊട്ടിത്തെറിക്കേണ്ടി വരിക മകന്‍, ഡാര്‍വിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു കാണുമ്പോഴാണ്. അപ്പോഴും അവന്‍ പ്രതികരിക്കുക പിതാവിന് കീഴടങ്ങുന്നതിനു പകരം ഇനിമുതല്‍ അയാള്‍ കാണാന്‍ ഇടയില്ലാത്ത ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാം എന്ന് തീരുമാനിച്ചു കൊണ്ടാണ്. ഫിലോസഫിയില്‍ തല്‍പ്പരനായ കമാലിന് മതവിശ്വാസം ദുര്ബ്ബലമായിക്കൊണ്ടേയിരിക്കുന്നുവെങ്കിലും അയാളിപ്പോഴും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മതം ശാസ്ത്രം തന്നെയാണ് എന്നാണ് അയാള്‍ പറയുക. ദൈവത്തിന്റെ പ്രകാശം പരത്തുന്നതില്‍ വ്യാപൃതനാകുമെന്നു ഉമ്മാക്ക് വാക്കു കൊടുത്തിരുന്നതിനെ കുറിച്ച് അയാള്‍ ചിന്തിക്കുന്നുണ്ട്: വെളിച്ചവും സത്യവും ഒന്നുതന്നെ. ഇന്ന് പ്രവാചകന്‍ വീണ്ടും വരുന്നുവെങ്കില്‍ അദ്ദേഹം ശാസ്ത്രത്തോടൊപ്പമാവും നിലയുറപ്പിക്കുക എന്നും അവനു തീര്‍ച്ചയാണ്. അതുകൊണ്ട് “അയാള്‍ ഭൂതകാലത്തോടും അതിന്റെ വഞ്ചനാപൂര്‍ണ്ണമായ സ്വപ്നങ്ങളോടും അയഥാര്‍ത്ഥ പ്രതീക്ഷകളോടും ദീപ്ത വേദനകളോടും വിടപറയും.” അപ്പറഞ്ഞ ദീപ്ത വേദന തന്റെ വെള്ളിയാഴ്ച്ചക്കൂട്ടയ്മയിലെ സുഹൃത്ത് ഹുസൈന്‍ ശദ്ദാദിന്റെ സഹോദരിയുമായി അയാള്‍ക്കുണ്ടായിരുന്ന തീവ്രമായതിരിച്ചു കിട്ടാതെ പോയ പ്രണയമായിരുന്നു. ഐദ മറ്റൊരാളെയാണ് വിവാഹം ചെയ്യുക. ശട്ടാദിന്റെ യൂറോപ്യന്‍ സംസ്കാരമുള്ള വീട്ടില്‍ സ്ത്രീപുരുഷ സമത്വത്തിന്റെ മടൂര് ലോകം ദൃശ്യമായിരുന്നു. കമാല്‍ അപ്പോഴും തൊപ്പി ധരിക്കുന്നതിനെതിരെ അവന്റെ കൂട്ടുകാര്‍ കളിയാക്കുകയും പതിവായിരുന്നു. തന്റെ വലിയ തലയെ കുറിച്ചും വലിയ മൂക്കിനെ കുറിച്ചും അപകര്‍ഷബോധമുണ്ടായിരുന്ന കമാല്‍സ്വയം ക്വാസിമോഡോയുമായി തുലനം ചെയ്യുന്നുണ്ട്. ഐദയുമായി മാലാഖമാരുടെ പവിത്രതയുള്ള ആദര്‍ശ പ്രണയ പൂരത്തി സ്വപ്നം കാണുമ്പോഴുംജീവിതത്തിലെ ഏറ്റവും വലിയ പ്രണയത്തിന്റെ തകര്‍ച്ചക്ക് ശേഷം കമാലും, മിതമായാണെങ്കിലുംമദ്യപാനത്തിലേക്ക് തിരിയുകയും ആനന്ദത്തിന്റെ തെരുവില്‍ ഒരു കാമിനിയെ കണ്ടെത്തുകയും ചെയ്യുന്നു. നേരത്തെ പിതാവും മൂത്ത പുത്രനും എന്ന പോലെ ഇവിടെയും രണ്ടു കുടുംബാംഗങ്ങള്‍ ഒരേ സ്ത്രീയെ സമീപിക്കുന്ന യാദൃശ്ചികത സംഭവിക്കുന്നുണ്ട്.

Palace Walk ല്‍ മിന്നു വ്യത്യസ്തമായി ഫ്രഞ്ച് അസ്തിത്വ വാദ ആശയങ്ങളുടെ സ്വാധീനം Palace of Desireല്‍ പ്രബലമാണ്വിശേഷിച്ചും കമാലിന്റെ പാത്ര സൃഷ്ടിയില്‍:

“പ്രണയം അവന്റെ തലക്കുമേല്‍ വിധിവിഹിതം പോലെ തങ്ങിനിന്നുഅവന്‍ ദുസ്സഹമായ വേദനയുടെ ബന്ധനത്തിലൂടെ അതില്‍ കെട്ടിയിടപ്പെട്ടിരുന്നു. അതിന്റെ അനിവാര്യതയിലും ശക്തിയിലും അത് മറ്റെന്തിനെക്കാളുമേറെ പ്രകൃതിയുടെ തന്നെ ഒരു ശക്തിയെ പോലെയായിരുന്നു. അയാളതിനെ ഖേദത്തോടെയും ബഹുമാനത്തോടെയും നിരീക്ഷിച്ചു.

പ്രശ്നംസത്യം കഠിനമാണ് എന്നതല്ലമറിച്ച് അജ്ഞതയില്‍ നിന്നുള്ള മോചനം ജനിച്ചുപോവുക എന്നതുപോലെ വേദനാകരമാണ് എന്നതാണ്. ശ്വാസം നിലക്കും വരെ സത്യത്തിനു പിറകെ ഓടുക. നിന്നെ സ്വയം പുനസൃഷ്ടിക്കുന്നതിലടങ്ങിയ വേദന അംഗീകരിക്കുക. ഈ ആശയങ്ങള്‍ മനസ്സിലാകാന്‍ ഒരു ജീവിതം മുഴുവന്‍ വേണ്ടിവരുംകുടിച്ചു ലക്കുകെട്ട നിമിഷങ്ങളുമായി ഇഴകോര്‍ത്ത ഒരു കഠിന (ജന്മം) മുഴുവനും.”

കുടുംബത്തിലെ പെണ്മക്കള്‍ ആയ ഖദീജക്കും ആയിഷക്കും ഇപ്പോള്‍ ഒട്ടേറെ മക്കള്‍ ഉണ്ടെങ്കിലും അവരൊന്നും കഥയില്‍ അത്ര പ്രാധാന്യം ഉള്ളവരല്ല. പിടിവാശിക്കാരിയായ ഖദീജ അമ്മായിയമ്മയുമായി നിരന്തരം ഏറ്റുമുട്ടുന്നത് കുടുംബാന്തരീക്ഷം കലുഷമാക്കുന്നുണ്ടെങ്കിലും അതും അത്ര കാര്യമായി കഥാ ഘടനയെ സ്വാധീനിക്കുന്നില്ല. നോവലന്ത്യത്തിലെ മാത്രമാണ് അവര്‍ വീണ്ടും ഇതിവൃത്തത്തില്‍ കടന്നുവരിക.  

കുടുംബത്തില്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങളൊക്കെ മദ്യത്തിലും പരസ്ത്രീഗമനങ്ങളിലും മുങ്ങുന്ന രാത്രിസഞ്ചാരങ്ങളില്‍ കാപട്യപൂര്‍വ്വം കാറ്റില്‍പറത്തുന്ന അല്‍ സയ്യദ്ഓജസ്സും പദവിയും നഷ്ടപ്പെട്ടു തുടങ്ങുന്ന മറ്റൊരു ജീവിത ഘട്ടത്തിലേക്കു കടക്കുന്നതോടെ കുടിംബം അങ്കലാപ്പിലാകുന്നുണ്ട്. അകത്തളങ്ങളില്‍ ആമിനയുടെ പദവി ഉയരുന്നതിനനുസരിച്ചു ഉമ്മക്കും സമാനമായ പദവിനഷ്ടം നേരിടുന്നു. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥകളില്‍ ദേശീയ സ്വത്വംസാമൂഹിക ശ്രേണികള്‍സൗഹൃദംആദ്യപ്രണയം തുടങ്ങിയ വിഷയങ്ങളുമായുള്ള കമാലിന്റെ വിനിമയങ്ങളാണ് നോവലിന്റെ മുഖ്യ പ്രമേയം. ജെയിംസ് ജോയ്സിന്റെ സ്റ്റീഫന്‍ ഡെഡാലസിനെ (Portrait of the Artist as a Young Man ) പോലെ അയാള്‍ ഒരു ബൗദ്ധിക/ആത്മീയ യാനം നടത്തുകയാണ്. എന്നാല്‍ നോവലന്ത്യത്തില്‍, വഫ്ദിസ്റ്റ് നേതാവ് സഅദ് സഗ് ലൂലിന്റെ മരണത്തെ (1927) തുടര്‍ന്നു തകര്‍ന്നുപോകുന്ന അവസ്ഥയിലാണ് കമാലിനെ കാണാനാകുക. രോഗബാധിതനായിരുന്ന കമാല്‍രോഗമുക്തി നേടുന്നതോടെ കൂടുതല്‍ ഭക്തനായിത്തീരുന്നു. ടൈഫോയിഡ് ബാധയെ തുടര്‍ന്ന് കുടുംബത്തിലെ മിക്ക അംഗങ്ങളെയും നഷ്ടമായതിന്റെ വേദനയിലാണ് ആയിഷ.

1924 മുതല്‍ 1927 വരെ കഥാകാലമായി വരുന്ന Palace of Desire ല്‍, മുന്‍ നോവലായ Palace Walk പോലെ രാഷ്ട്രീയ ഉള്ളടക്കം ശക്തമല്ല. കമലും സുഹൃത്തുക്കളും തമ്മില്‍ ഗഹനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, കമാല്‍ തനിക്ക് ഐദയോടുള്ള പ്രായത്തെ ഇജിപ്തിനോട് സ്വാതന്ത്ര്യപ്പോരാളികള്‍ക്കുള്ള സമര്‍പ്പണവുമായി താടത്മ്യപ്പെടുത്തുന്നുണ്ടെങ്കിലുംരാഷ്ട്രീയം ഏറെക്കുറെ ഇവിടെ പിന്‍നിരയിലാണ്. പാരമ്പര്യ വാദത്തില്‍ നിന്ന് ആധുനികതയിലേക്ക് കുതിക്കുകയും ജനായത്ത വികാസത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ മതം പിറകോട്ടു പോകുന്നതിന്റെയും, മദ്യാസക്തിമയക്കുമരുന്നുപയോഗംസ്വതന്ത്ര ലൈംഗികത എന്നതൊക്കെ രഹസ്യമായാണെങ്കിലും വര്‍ദ്ധിച്ചു വരുന്നതിന്റെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ് ജവാദ് കുടുംബത്തെ പശ്ചാത്തലമാക്കി നോവല്‍ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങള്‍. നോവല്‍ എന്ന നിലയില്‍, Palace of Desire ഇതിവൃത്ത ഘടകങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒരു മധ്യ നോവലിന്റെ പരിമിതികള്‍ അതിനുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു. (complete-review) ആദ്യനോവലിന്റെ വായന ഇവിടെ മുന്നുപാധിയാണ്ഒപ്പം ഒരു അനിവാര്യ പരിണതിക്കായി മൂന്നാം നോവലിനുള്ള കാത്തിരിപ്പും.

Read more:

Palace Walk: Cairo Trilogy I by Naguib Mahfouz

https://alittlesomethings.blogspot.com/2024/07/palace-walk-cairo-trilogy-i-by-naguib.html

Sugar Street: The Cairo Trilogy III Naguib Mahfouz

https://alittlesomethings.blogspot.com/2024/08/sugar-street-cairo-trilogy-iii-naguib.html

Wednesday, July 31, 2024

Palace Walk: Cairo Trilogy I by Naguib Mahfouz

 പരിവര്‍ത്തനത്തിന്റെ കുളമ്പടിനാദം


Palace Walk (The Cairo Trilogy – Part I) (1956) Naguib Mahfouz (Egypt)/ William Maynard Hutchins & Olive E. Kenny (1990)


ഇജിപ്തിലെ കൈറോയില്‍ 1911ലാണ് വ്യാപാരിയായ അബ്ദുല്‍ അസീസ്‌ ഇബ്രാഹിം മഹ്ഫൂസിന്റെയും ഭാര്യ ഫാത്മ മുസ്തഫയുടെയും മകനായി നഗീബ് അബ്ദുല്‍ അസീസ്‌ അല്‍ സബില്‍ഗി മഹ്ഫൂസ് ജനിക്കുന്നത്. മൂത്ത സഹോദരങ്ങളെക്കാള്‍ ഏറെ ഇളപ്പമായിരുന്നതുകൊണ്ട് ഏതാണ്ട് ഒരൊറ്റക്കുട്ടിയെ പോലെയാണ് മഹ്ഫൂസ് വളര്‍ന്നു വന്നത്. കൈറോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹ്ഫൂസ്പ്രമുഖ സോഷ്യലിസ്റ്റും എഡിറ്ററും ആയിരുന്ന സലാമ മൂസയുടെ ഉപദേശ പ്രകാരം ചെറുകഥകള്‍ എഴുതിത്തുടങ്ങി. അക്കാലത്ത്(മുപ്പതുകളില്‍) ഇജിപ്തില്‍ മൂന്നു പ്രബല ശക്തികളുടെ സ്വാധീനം ഉണ്ടായിരുന്നു: ബ്രിട്ടന് കീഴില്‍ ഒരു പ്രൊട്ടക്റ്ററേറ്റ് ആയിരുന്നു ഇജിപ്ത് അന്ന്. വിദേശ കാര്യംപ്രതിരോധംവാര്‍ത്താവിനിമയ സുരക്ഷിതത്വംഎന്നിവയോടൊപ്പം ആംഗ്ലോ-ഇജിപ്ത്യന്‍ സുഡാനിനെയും ബ്രിട്ടന്‍ നിയന്ത്രിച്ചു. എന്നാല്‍ 1936ല്‍ ഫാറൂഖ് രാജാവ് അധികാരത്തിലേറിയതോടെ, ആംഗ്ലോ-ഇജിപ്ത്യന്‍ ഉടമ്പടി പ്രകാരം ചില പ്രത്യേക പ്രദേശങ്ങളിലെ, വിശേഷിച്ചും സൂയസ് കനല്‍ പ്രദേശത്തെസൈനിക നിയന്ത്രണം മാത്രമായി ബ്രിട്ടന്റെ അധികാരം ഒതുങ്ങി. ഇതോടൊപ്പം, നാട്ടില്‍ ശക്തപ്രാപിച്ചുകൊണ്ടിരുന്ന ദേശീയ പ്രസ്ഥാനമായിരുന്നു മൂന്നാമതു ശക്തി.

ചെറുകഥകളും വിവര്‍ത്തനങ്ങളുമായി സാഹിത്യ സപര്യ തുടങ്ങിയ മഹ്ഫൂസ്തുടര്‍ന്നു രചിച്ച പുരാതന ഇജിപ്ത്യന്‍ ചരിത്രം പശ്ചാത്തലമാക്കിയ നോവല്‍ ത്രയത്തോടെയാണ് നോവലിന്റെ തട്ടകത്തിലേക്കു കടന്നത്‌. ആധുനിക സമൂഹത്തെ കുറിച്ചുള്ള സൂചനകള്‍ ഈ കൃതികളിലും അദ്ദേഹം സജീവമായി നിലനിര്‍ത്തിയിരുന്നു. രണ്ടാം ലോക യുദ്ധാനന്തര സാഹചര്യത്തെ നേരിടുക എന്ന ദിശാമാറ്റത്തോടെയാണ് കൂടുതല്‍ സമകാലിക പ്രസക്തിയുള്ള അദ്ദേഹത്തിന്‍റെ എഴുത്തു ഘട്ടം ആരംഭിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന സഖ്യ ശക്തികള്‍ക്ക് സൈനിക ഇടത്താവളം ആയിരുന്നു അക്കാലത്ത് ഇജിപ്ത്. യുദ്ധാനന്തരം1951ല്‍കൈറോ ഉടമ്പടി പിന്‍ വലിക്കപ്പെടുകയും ഇജിപ്ത് സ്വതന്ത്രമാകുകയും ചെയ്തുവെങ്കിലുംഅഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഫാറൂഖ് ഭരണം അട്ടിമറിക്കപ്പെട്ടു. രാജാവിന്റെ ഏഴു മാസം പ്രായമുള്ള മകന്‍ പിന്‍ഗാമിയായി വാഴിക്കപ്പെട്ടെങ്കിലും 1953ല്‍ ജനറല്‍ മുഹമ്മദ്‌ നഗീബിന്റെ കീഴില്‍ റിപ്പബ്ലിക് സ്ഥാപിതമായി. 1954ല്‍ ഗമാല്‍ അബ്ദുല്‍ നാസറിന്റെ കീഴില്‍ നടന്ന വിപ്ലവത്തെ തുടര്‍ന്നു നഗീബ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി. ഈ സംഭവ വികാസങ്ങളെല്ലാം മഹ്ഫൂസിന്റെ സുപ്രധാന കൃതികളായ ‘കൈറോ ത്രയം’ എന്നറിയപ്പെടുന്ന Palace Walk (1956), Palace of Desire: Cairo Trilogy II (1957),  Sugar Street: The Cairo Trilogy III (1957) എന്നിവയുടെ പശ്ചാത്തലത്തില്‍ സജീവമാണ്. *(1)

ആധുനിക അറബ് സാഹിത്യത്തിലെ ആദ്യത്തെ വലിയ കുടുംബ ഇതിഹാസമായ (family saga) കൈറോ ത്രയം (Palace Walk (1956), Palace of Desire: Cairo Trilogy II (1957),  Sugar Street: The Cairo Trilogy III (1957), അല്‍ സയ്യിദ് അഹ്മദ് അബ്ദുല്‍ ജവാദ് എന്ന കുലപതിയുടെയും കുടുംബത്തിന്റെയും മൂന്നു പതിറ്റാണ്ടു നീളുന്ന കഥ പറയുന്നു. ഒന്നാം ലോക യുദ്ധം മുതല്‍ ഫാറൂഖ് രാജാവ് അധികാര ഭ്രഷ്ടനാക്കപ്പെടുന്നതിന്റെ എട്ടു വര്‍ഷം മുമ്പു വരെയുള്ള കാലമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. കൈറോയിലെ അല്‍ ജമാലിയ്യ പ്രവിശ്യയില്‍ നിന്നുള്ള യഥാര്‍ത്ഥ തെരുവുകള്‍ തന്നെയാണ് നോവലുകളുടെ പേരുകള്‍. മഹ്ഫൂസിന്റെ രചനാരീതിയിലെ സോഷ്യല്‍ റിയലിസ്റ്റിക് ഘട്ടത്തിന്റെ ഏറ്റവും മികച്ച നേട്ടമായി നോവല്‍ ത്രയത്തെ നിരൂപകര്‍ പരിഗണിക്കുന്നു. (1952ലെ വിപ്ലവത്തെ സ്വാഗതം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് വിപ്ലവത്തിനു സംഭവിച്ച അപചയങ്ങളില്‍ നിരാശനായ മഹ്ഫൂസ്ആലിഗറിസിംബോളിസംപരീക്ഷണാത്മക രീതികള്‍, തുടങ്ങിയവ ഉപയോഗിച്ചു ആത്മീയ സംഘര്‍ഷങ്ങളുടെയും അന്യതാബോധത്തിന്റെയും കഥകള്‍ ആവിഷ്കരിച്ചു. Children of Gebelawi പോലുള്ള കൃതികളില്‍ പ്രകോപനപരമായ നിലപാടുകള്‍ അദ്ദേഹത്തെ ഒരു വിവാദ നായകന്‍റെ പദവിയില്‍ എത്തിച്ചു. അദ്ദേഹത്തിന്‍റെ ജീവനു പോലും ഭീഷണിയുണ്ടായി.)

രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെ കാലഘട്ടത്തില്‍ ഇജിപ്ത്യന്‍ നഗര സമൂഹം നേരിട്ട രാഷ്ട്രീയവും സാമൂഹികവും മതപരവുമായ സംഘര്‍ഷങ്ങളെ നോവല്‍ ത്രയത്തില്‍ മഹ്ഫൂസ് നിബന്ധിക്കുന്നു. ദേശീയ വാദികളും ബ്രിട്ടീഷ് ഇമ്പീരിയല്‍ താല്‍പര്യങ്ങളുടെ വക്താക്കളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതില്‍ പ്രധാനം. ആദ്യഭാഗമായ Palace Walk, യഥാര്‍ത്ഥ അറബ് പേര് (Bayn al-Qasrayn ‘രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍) അന്വര്‍ത്ഥമാക്കുന്ന പോലെ, ഇജിപ്തിന്റെ പ്രത്യേക അവസ്ഥയെ (liminal position) സൂചിപ്പിക്കുന്നു: ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ (Ottoman Caliphate) ഭാഗവും ഒപ്പം പുതുതായി സ്വാതന്ത്ര്യത്തിലേക്ക് മുതിരുന്ന ദേശവും എന്നതാണ് അത്. നോവലിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജവാദ് കുടുംബാംഗങ്ങളുടെ നിത്യ ജീവിത പരിസരങ്ങളില്‍ കേന്ദ്രീകരിക്കുന്നു: ആമിനയാസിന്‍ഖദീജഫഹ്മിആയിഷകമാല്‍ എന്നിവരെല്ലാം കുടുംബ നാഥന്‍ അല്‍ സയ്യദിന്റെ കര്‍ക്കശ മേല്‍നോട്ടത്തിനു കീഴില്‍ കുടുംബത്തിലെ ദൌത്യങ്ങള്‍വിവാഹംസാമൂഹിക ചടങ്ങുകള്‍ഉപചാരങ്ങള്‍ഭക്ഷണ മര്യാദകള്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നു. ബ്രിട്ടന്റെ സുഡാന്‍ അധിനിവേശത്തിനെതിരെ നടന്ന 1919ലെ വിപ്ലവം വരെയുള്ള രണ്ടു വര്‍ഷക്കാലമാണ് നോവല്‍ പ്രധാനമായും കഥാകാലമായി എടുക്കുന്നത്. രണ്ടാം ഭാഗത്ത്, രക്തസാക്ഷിയകുന്ന ഫഹ്മിയിലൂടെ ദേശത്തിന്റെ ദേശീയ മുന്നേറ്റത്തെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ഫഹ്മിയുടെ മരണത്തോടെയാണ് നോവല്‍ അവസാനിക്കുന്നതും.

പുറമേക്ക് തികഞ്ഞ ഭക്തനെങ്കിലുംകുടുംബത്തില്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങളൊക്കെ മദ്യത്തിലും പരസ്ത്രീഗമനങ്ങളിലും മുങ്ങുന്ന രാത്രിസഞ്ചാരങ്ങളില്‍ കാപട്യപൂര്‍വ്വം കാറ്റില്‍പറത്തുന്ന അല്‍ സയ്യദ്, പുറംലോകവുമായുള്ള സമ്പര്‍ക്ക സാധ്യത വീട്ടിലെ സ്ത്രീകള്‍ക്കു പൂര്‍ണ്ണമായും നിഷേധിക്കുന്നുണ്ട്. എന്നാല്‍ അവരരിയാതെയെങ്കിലും പുറത്തു വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരര്‍ത്ഥത്തില്‍ ആധുനികതക്കും ദേശീയ മുന്നേറ്റങ്ങള്‍ക്കും എതിരെ സമയത്തെ നിശ്ചലമാക്കി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ജവാദിന്റെത്. പരാജയം അതിന്റെ വിധിയാവാതെ വയ്യ. ജവാദിന്റെ പിതൃദായ അധികാരസ്വരൂപത്തിന്റെ നിഴലിലാണ് കുടുംബം എന്നിരിക്കിലും നോവല്‍ ആരംഭിക്കുന്നത് ആമിനയിലാണ്. ഭര്‍ത്താവിനു തികച്ചും കീഴ്പ്പെട്ട കുടുംബിനി: “എന്റെ അഭിപ്രായം പൂര്‍ണ്ണമായും അങ്ങയുടെത് തന്നെയാണ്, സാര്‍. എനിക്ക് എന്റെതായ അഭിപ്രായമില്ല” എന്നത് തന്നെയാണ് അവരുടെ പ്രഖ്യാപിത മാനിഫെസ്റ്റോ. “അവളുടേത്‌ പോലുള്ള ഏകതാനത നിറഞ്ഞ ഒരു ജീവിതത്തില്‍ വിരസത (boredom) എന്നത് ഒരുപക്ഷെ അപ്രസക്തമായ ഒരാശയം ആയിരുന്നു” എന്നും നോവലിസ്റ്റ് എഴുതുന്നുണ്ട്. തന്റെ രാക്കാല വിനോദങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവ് തിരിച്ചെത്തുന്നതും കാത്തിരിക്കുമ്പോള്‍ ഖുറാന്‍ പാരായണത്തിലൂടെ തന്നെ ഭയപ്പെടുത്തുന്ന പിശാചുക്കളെയും ജിന്നുകളെയും അകറ്റാന്‍ ശ്രമിക്കുന്ന ആമിന,  മതാത്മക പാട്രിയാര്‍ക്കിക്കും കൊളോണിയല്‍ അരക്ഷിതത്വത്തിനും ഇടയില്‍ കുരുങ്ങിയ സ്ത്രീയുടെ ഏകാന്തതയുടെ ചിത്രമാണ്‌. സമാദരണീയനായ മതപണ്ഡിതന്റെ മകളായ ആമിന തികഞ്ഞ മതനിഷ്ഠ ഉള്ളവളാണ്. എന്നാല്‍ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിച്ചു കാണുന്നില്ല എന്നതാണ് അവരുടെ ഭയപ്പാടുകളുടെ ഉറവിടം. നാലുവര്‍ഷമായി തുടരുന്ന യുദ്ധം ഓട്ടോമന്‍ ഭരണത്തിന്റെയും സഖ്യശക്തിയായ ജര്‍മ്മനിയുടെയും വിജയത്തില്‍ കലാശിക്കണമെന്നും അതുവഴി ബ്രിട്ടനും നഗരത്തിലെങ്ങും വെട്ടുകിളിക്കൂട്ടം പോലെ വ്യാപിക്കുകയും നാടിനെയും നാട്ടാരെയും നശിപ്പിക്കുകയും ചെയ്യുന്ന ആസ്ട്രേലിയക്കാരും ഒഴിഞ്ഞുപോകണം എന്നും അവള്‍ പ്രാര്‍ഥിക്കുന്നു. വീട്ടിനകത്തെ ദൈവഭയമുള്ള ഭാവത്തിനപ്പുറം യഥാര്‍ഥത്തില്‍ ഇരട്ട വ്യക്തിത്വത്തിനുടമയെങ്കിലും ഭര്‍ത്താവ് മിക്കപ്പോഴും സൗമനസ്യ പ്രകൃതനാണ് എന്നതില്‍ ആമിനക്ക് നന്ദി തോന്നുന്നത് ഒരര്‍ത്ഥത്തില്‍ അവരുടെ നിസ്സഹായതയുടെ മറുവശം കൂടിയാണ്. ചിലപ്പോഴൊക്കെ അയാള്‍ പുറംലോകത്തു നിന്നുള്ള വാര്‍ത്തകള്‍ പോലും പങ്കുവെക്കുന്നത് മറ്റൊരു രീതിയിലും അതൊന്നും അറിയാനുള്ള യാതൊരു സാധ്യതയുമില്ലാത്ത ഭാര്യക്കും പെണ്‍മക്കള്‍ക്കും അങ്ങേയറ്റം കൌതുകകരമാണ്. എന്നാല്‍ ഈ വിധേയത്വത്തിലേക്ക് ആമിന പരുവപ്പെട്ടത് കനത്ത വിലനല്‍കിത്തന്നെയാണ് എന്ന് വ്യക്തമാണ്‌. ഒരു പതിനലുകാരിയായിവിവാഹിതയായി എത്തിയ കാലത്ത് ഭര്‍ത്താവിന്റെ രാത്രിസഞ്ചാരങ്ങളെ ചോദ്യം ചെയ്യാനുള്ള തന്റേടം കാട്ടിയിരുന്നതിനു കിട്ടിയ പ്രഹരങ്ങളാണ് അവളെ നിശ്ശബ്ദയായിരിക്കാന്‍ പഠിപ്പിച്ചത്. ‘തേനീച്ച’ എന്ന് അയല്‍ക്കാരികള്‍ വിളിക്കുന്ന ആമിനമുതിര്‍ന്ന പെണ്‍മക്കള്‍ ഉണ്ടായിട്ടും ഇപ്പോഴും ഗാര്‍ഹിക ജോലികളില്‍ മുഴുകുന്നതും അവരുടെ എകാന്തതക്കുള്ള മറുമരുന്നാവാം. കുടുംബക്കാരെ കാണാനോപ്രിയപ്പെട്ട അല്‍ ഹുസൈന്‍ പള്ളിയില്‍ പോകാനോ പോലും അനുവാദമില്ലാത്ത ആമിനഒരിക്കല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പുറത്തിറങ്ങുകായും കാറിടിച്ചു പരിക്കു പറ്റുകയും ചെയ്യുമ്പോള്‍ അതു വലിയ അപമാനമായി ജവാദ് എടുക്കുന്നത്ആണ്‍തുണയില്ലാതെ പുറത്തിറങ്ങിയ ഭാര്യയുടെ നടപടി മൂലമാണ്.

അഞ്ചുമക്കളില്‍ മൂത്തയാളായ യാസിന്‍ സത്യത്തില്‍ അയാളുടെ മുന്‍ ബന്ധത്തില്‍ പിറന്നവനാണ്. ഒമ്പത് വയസ്സില്‍ കുടുംബത്തിലെത്തിയ അയാള്‍പോറ്റമ്മയെ ഉമ്മയായിത്തന്നെ കാണുന്നു. പിതാവിന്റെ അതേ ജനിതകതാല്പര്യങ്ങളും ജീവിതരീതിയും തന്നെയാണ് അയാളെയും ആകര്‍ഷിക്കുന്നത്. ജവാദിന്റെ രീതികളോട് പൊരുത്തപ്പെടാനാകാതെ വിവാഹ മോചനത്തില്‍ കലാശിച്ച ആദ്യവിവാഹത്തില്‍ ജനിച്ച യാസീന്‍പെറ്റമ്മ തന്റെ ഏകാന്തതയില്‍ ഉണ്ടാക്കിയെടുത്ത ആണ്‍സൗഹൃദങ്ങള്‍ കാരണമാണ് അവരെ വിട്ടുപോന്നത് എന്നത്പിതാവിന്റെ സമാന്തരമായി അയാളെയും മാറ്റുന്നു. “പുരാതന കാലം മുതലേവീടുകള്‍ സ്ത്രീകള്‍ക്കും പുറംലോകം ആണുങ്ങള്‍ക്കും ഉള്ളതാണ്” എന്ന്‍ അയാള്‍ ഉദ്ധരിക്കും. എന്നാല്‍അപഖ്യാതികള്‍ പടരാതെ സൂക്ഷിക്കാനുള്ള ജവാദിന്റെ വിവേകം മകനില്ല. അതേസമയംപിതാവിന്റെ ഇരട്ട ജീവിതത്തെ കുറിച്ചുള്ള അറിവ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായദേശീയ രാഷ്ട്രീയ ബോധ്യങ്ങളിലേക്കും മതനിഷ്ഠയിലേക്കും ഉണര്‍ന്നു തുടങ്ങുന്ന ഫഹ്മിയെ ഞെട്ടിച്ചു കളയും. അയല്‍പ്പക്കത്തെ ടെറസ്സില്‍ തുണി അയയിലിടാന്‍ വരുന്ന മരിയാം തന്നെ പ്രണയിക്കുന്നുണ്ടോ എന്ന ചിന്ത അയാളിലുണ്ടാക്കുന്ന സമ്മിശ്ര വികാരം ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം ഒരിക്കലും സാധ്യമല്ലാത്ത പാട്രിയാര്‍ക്കല്‍ കാപട്യങ്ങളുടെ സൃഷ്ടി തന്നെയാണ്: ഒരു വേള അവളൊരു ആധുനിക സ്ത്രീ ആയിരിക്കാംഅല്ലെങ്കില്‍ ഒരു ദുര്‍ന്നടപ്പുകാരിഅതുമല്ലെങ്കിലോതന്നെ തിരിച്ചും ഇഷ്ടപ്പെടുന്ന ഒരുത്തി. സ്കൂള്‍ വിദ്യാര്‍ഥിയായ കമാലിനു കുട്ടിത്തം വിട്ടുമാറിയിട്ടുമില്ല. പിതാവു നിഷ്കര്‍ഷിക്കുന്ന കാര്‍ക്കശ്യങ്ങള്‍ അവന്റെ സ്വതസിദ്ധമായ പ്രസരിപ്പിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ പിതാവ് തന്നെ തല്ലുന്നതു എന്തിനെന്നുപോലും അവനു വ്യക്തമല്ല.

നോവല്‍ ആരംഭത്തില്‍ ഇരുപതുകരിയായ ഖദീജ സുന്ദരിയാണെങ്കിലും തടിച്ച പ്രകൃതത്തെ അഭിലഷണീയമായി കാണുന്ന സമൂഹത്തില്‍ വേണ്ടതിനേക്കാള്‍ തീരെ മെലിഞ്ഞവളാണ് എന്നത് കുടുംബത്തെ മഥിക്കുന്നു. ബുദ്ധിമതിയും മൂര്‍ച്ചയുള്ള നാക്കിന്റെ ഉടമയുമായ ഖദീജസഹോദരങ്ങളെ അതിന്റെ ചൂട് ഇടയ്ക്കിടെ അറിയിക്കുകയും ചെയ്യും. മൂത്തവള്‍ നില്‍ക്കെ ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നതിലെ പൊരുത്തക്കേട് മാറ്റിവെച്ചു അതിസുന്ദരിയായ പതിനാറുകാരി ആയിഷ വിവാഹിതയാകുന്നതില്‍ സാമ്പ്രദായികതയില്‍ നിന്നുള്ള ചെറിയ വേറിട്ടുപോക്കു കാണാം. ആണുങ്ങള്‍ ജോലിക്ക് പോയ്ക്കഴിഞ്ഞാല്‍ മുകള്‍ നിലയിലെ വിരിയിട്ട ജനാലക്കിപ്പുറമിരുന്നു ഒരു പ്രത്യേക ചെറുപ്പക്കാരന്റെ തെരുവിലൂടെയുള്ള പോക്ക് നോക്കിയിരിക്കുമായിരുന്ന ആയിഷ തന്നെയും അവളുടെ പുറമേക്കുള്ള വിനയ പ്രകൃതത്തില്‍ നിന്ന് വ്യത്യസ്തമായ ആന്തര പ്രകൃതം പ്രകടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുറത്തിറങ്ങിക്കൂടെന്ന വിലക്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പോലും തുടരാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍വിവാഹം എന്ന ഏക മോചനം കാത്തു കുടുംബത്തില്‍ ചുറ്റിക്കറങ്ങി. കുടുംബത്തില്‍ത്തന്നെ പുരുഷന്മാര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. പുറത്തു ലോകം ഇത്തരം ക്രമങ്ങളെ പൊളിച്ചെഴുതി തുടങ്ങുമ്പോഴും ജവാദ് കുടുംബം പഴയ പാരമ്പര്യങ്ങളില്‍ തുടരുന്നു. പുതുതായി വിവാഹം കഴിക്കുന്ന യാസീന്‍ഭാര്യയെ പട്ടണത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ചു ജവാദ് വലിയ കോളിളക്കം ഉണ്ടാക്കുന്നുണ്ട്. നിസ്കാര വേളകളില്‍ പശ്ചാത്തപിച്ചാല്‍ അതുമൂലം തന്റെ സുഖലോലുപ ജീവിതാസക്തിയെ ദൈവം മാറ്റിക്കളഞ്ഞാലോ എന്ന ഭയത്തില്‍ പ്രാര്‍ത്ഥന ഒഴിവാക്കുന്ന യാസീനിനു വിവാഹ ജീവിതം ദുഷ്കരമാണ്. സ്വന്തം കുടുംബത്തില്‍ സ്വതന്ത്ര വ്യക്തിത്വത്തോടെ ജീവിച്ച സൈനബിനാകട്ടെജവാദ് കുടുംബത്തില്‍ താനൊരു കീഴൊതുങ്ങല്‍ക്കാരി ആകുന്നുവോ എന്നും ഭയമുണ്ട്. യാസീനിന്റെ പ്രകൃതവും കൂടിച്ചേരുന്നതോടെ മനം മടുത്തു അവള്‍, ഗര്‍ഭിണിയായിട്ടുംവിവാഹ ജീവിതത്തില്‍ നിന്ന് പിന്തിരിയുന്നു. വിവാഹം ചെയ്തയക്കപ്പെടുന്ന ആയിഷയും ഖദീജയും തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ ഏതാണ്ട് അപ്രസക്തരാകുന്നത്കുടുംബത്തിനപ്പുറം ഒരസ്തിത്വവും ഇവിടെ സ്ത്രീക്കില്ല എന്നതിന്റെ കൂടി സൂചകമാണ്. ആണ്‍മക്കള്‍ മാത്രമുള്ള കുടുംബം മറ്റൊരു ഇടമായി മാറുകയും ചെയ്യുന്നത് ഏറെ ബാധിക്കുന്നത് കൗമാരം കടക്കുക മാത്രം ചെയ്യുന്ന കമാലിനെയാണ്‌. സഹോദരിമാരെ സന്ദര്‍ശിക്കുമ്പോഴാവട്ടെഅവര്‍ തികച്ചും അന്യരായിക്കഴിഞ്ഞ പോലെ അവനു അനുഭവപ്പെടുകയും ചെയ്യുന്നു.

അമിതാധികാര പ്രയോഗവും അമിത രക്ഷക ഭാവവും ഒന്നായി പരിണമിക്കുന്ന പ്രകൃതമാണ് ജവാദിന്റെത്. മക്കളെ സ്നേഹിക്കുന്നതും ഉടമസ്ഥപ്പെടുത്തുന്നതും അയാള്‍ക്ക് ഒന്നുതന്നെയാണ്. പെണ്‍കുട്ടികളെ ‘പ്രതിരോധസാധ്യമല്ലാത്ത തിന്മ’ ആയിക്കാണുന്ന അയാള്‍ക്ക് അയാളുടെ ആണ്‍മക്കള്‍ ‘ചരിത്രത്തിന്റെ ചട്ടക്കൂടിനു വെളിയില്‍’ താന്‍ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ജനുസ്സാണ്. അനിവാര്യമായും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ജവാദിന്റെ നിയന്ത്രണ ശക്തിയെ അന്തിമമായി ബാധിക്കുക. മക്കള്‍ആണ്മക്കളും പെണ്‍മക്കളുംവിവാഹപ്രായം ആകുന്നതോടെ അയാളുടെ ഇരട്ട ജീവിതവും പ്രശ്നഭരിതമാകും. തെരുവിലൂടെ ഒഴുകാന്‍ തുടങ്ങുന്ന കൊളോണിയല്‍ സൈന്യത്തിന്റെ സാന്നിധ്യവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈനികരുമായുണ്ടാകുന്ന ഏറ്റുമുട്ടലുകളില്‍ നിന്നും സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്നും മകനെ പിന്തിരിപ്പിക്കാന്‍ കഴിയാത്തതും അയാളുടെ പതനത്തെ ത്വരിതപ്പെടുത്തും.

ആസ്ട്രേലിയക്കാരും ഇംഗ്ലീഷുകരുമായ കൊളോണിയലിസ്റ്റുകളുടെ സാന്നിധ്യം നോവലില്‍ ഉടനീളം അനുഭവവേദ്യമാണ്. കൈറോയിലെങ്ങും നിരീക്ഷണം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി അവര്‍ പ്രദേശത്തു ക്യാമ്പു ചെയ്യുന്നത് കമാലിനു കൌതുകം ജനിപ്പിക്കുമെങ്കിലും, മറ്റുള്ളവരില്‍ ആശങ്കയുണര്‍ത്തുന്നു. യാസീന്‍ മറ്റെല്ലാ ഇജിപ്തുകരെയും പോലെ അവരെ വെറുക്കുന്നുണ്ട്. എന്നാല്‍ അതേസമയം അവര്‍ വേറൊരു ജനുസ്സാണെന്നും അയാള്‍ ചിന്തിക്കുന്നു. നിസ്സാരമായ ഒരു സംഭവത്തില്‍ അവരില്‍ ഒരാളോട് ഞൊടിയിട സൗഹൃദം കാണിക്കുന്നത് പിന്നീട് അയാള്‍ക്ക് വലിയ അപകടം വരുത്തിവെക്കുന്നുണ്ട്.

നോവല്‍ അവസാനിക്കുന്നത് വിപ്ലവത്തിന്റെ വിജയവും സ്വാതന്ത്ര്യത്തിലേക്കുള്ള ഇജിപ്തിന്റെ ചുവടുവെപ്പും മുന്നില്‍ കാണുന്ന വിധത്തിലാണ്. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് ജവാദ് കുടുംബത്തിനെങ്കിലും അത് സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് സത്യം. 

Palace Walk ശരിക്കുമൊരു കുടുംബ ചിത്രമാണ്‌: “ഓരോ കുടുംബാംഗത്തിന്റെയും പാത്രസൃഷ്ടി തികച്ചും പൂര്‍ണ്ണമാണ്ഓരോരുത്തര്‍ക്കും ഒരു നിയോഗമുണ്ട് – കാര്യങ്ങളെ കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കമാല്‍പ്ലേ ബോയ്‌ യാസീന്‍രാഷ്ട്രീയക്കാരന്‍ ഫഹ്മിസുന്ദരി ആയിഷ ഗൗരവക്കാരി ഖദീജ. ചെറുതും വലുതുമായ കുടുംബ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്എല്ലാത്തിന്റെയും മേലുള്ള കുടുംബ നാഥന്റെ ഉറച്ച നിയന്ത്രണവും – എന്നിരിക്കിലും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ നിതാന്ത ഭീഷണി വാതില്‍ മുട്ടുന്നുമുണ്ട്.” (The complete review's Review).

എഴുപത്തിയൊന്നു ചെറുഅധ്യായങ്ങളിലായി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുംഒരു സംഭവത്തില്‍ നിന്നും മറ്റൊന്നിലേക്കും എന്ന മട്ടില്‍ സാവധാനത്തിലാണ് ആഖ്യാനം നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍ ചില ഘടകങ്ങളുടെ അഭാവവും ഇവിടെ പ്രകടമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഉദാഹരണത്തിന്പെണ്‍മക്കള്‍ എങ്ങനെയാണു  വിവാഹജീവിതത്തിലേക്ക് പരിണമിക്കുന്നത് എന്നതിനെ കുറിച്ച് നോവലില്‍ കാര്യമായ സൂചനകള്‍ ഒന്നുമില്ല. *(3).  

   

 References:

1. encyclopedia.com content. ‘Mahfouz, Naguib’, Updated Aug 13 2018, https://www.encyclopedia.com/people/literature-and-arts/miscellaneous-world-literature-biographies/naguib-mahfouz. Accessed 22.12.2022

2. Sabry Hafiz. ‘Introduction to The Cairo Trilogy, Everyman’s Library Edition, 2001

3. The complete review's Review, https://www.complete-review.com/reviews/mahfouzn/cairo1.htm. Accessed 22.12.2022

Read more:

 Palace of Desire (The Cairo Trilogy 2)    

https://alittlesomethings.blogspot.com/2024/08/palace-of-desire-cairo-trilogy-ii-by.html

Sugar Stree  (The Cairo Trilogy 3) 

https://alittlesomethings.blogspot.com/2024/08/sugar-street-cairo-trilogy-iii-naguib.html