Featured Post

Showing posts with label Turkish Kurd Literature. Show all posts
Showing posts with label Turkish Kurd Literature. Show all posts

Saturday, August 3, 2024

Memed, My Hawk by Yaşar Kemal / Edouard Roditi

കഴുകന്‍/ വിമോചകന്‍: ഒളിപ്പോരിന്റെ പകര്‍ന്നാട്ടങ്ങള്‍



    തുര്‍ക്കിയിലെ കുര്‍ദിഷ് കുടുംബത്തില്‍ ജനിച്ച യശാര്‍ കെമാല്‍ (1923-2015),  ഒര്‍ഹാന്‍ പാമുക്കിനും എലിഫ് ഷഫാഖിനും മുമ്പ് ഏറ്റവും അറിയപ്പെട്ടിരുന്ന തുര്‍ക്കി നോവലിസ്റ്റ് ആയിരുന്നു. നോബേല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും സജീവമായിരുന്ന അദ്ദേഹം ഗ്രാമീണ ജീവിത കഥകള്‍ പറയുന്നതിലും ഒന്നുമില്ലാത്തവര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. കുട്ടിക്കാലത്തു സംഭവിച്ച ഒരപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട കെമാലിനു തന്റെ അഞ്ചാം വയസ്സില്‍ പള്ളിയില്‍ വെച്ച് പിതാവ് കൊല്ലപ്പെടുന്നതു കാണേണ്ട ദുര്യോഗവുമുണ്ടായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം പലവിധ ജോലികള്‍ ചെയ്ത അദ്ദേഹം, 1950ലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. വൈകാതെ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രതികരണം ശ്രദ്ധേയമായിരുന്നു: “ഒരു വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടു എന്നതിന് ആവിഷ്കാരസ്വാതന്ത്ര്യം കൈവന്നു എന്നര്‍ത്ഥമില്ല. ഒരൊറ്റ പൂ കൊണ്ട് നിങ്ങള്‍ക്ക് വസന്തം വിരിയിക്കാനാവില്ല.” ഒരു വര്‍ഷക്കാലം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ പോയ അനുഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്: “എനിക്ക് മനസ്സാക്ഷിയുടെ കുത്തലുണ്ടായി: നീയൊരു എഴുത്തുകാരനാണ്‌. നീ സംസാരിച്ചേ തീരൂ എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.” തുടര്‍ന്ന് ഇസ്താന്‍ബൂളിലേക്ക് പോയ കെമാല്‍, റിപ്പോര്‍ട്ടറായും ലൈബ്രേറിയനായും മറ്റും പ്രവര്‍ത്തിച്ചു. ഇരുപതോളം നോവലുകള്‍ രചിച്ച കെമാലിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി ആദ്യ നോവലായയ İnce Memed (1955; Memed, My Hawk) തന്നെയാണ്. കൊള്ളക്കാരനായ ഫോക്ക് ഹീറോയെ പിന്തുടരുന്ന കൃതിക്ക് മറ്റു മൂന്നു തുടര്‍ച്ചകള്‍ (novel quartet) കൂടി അദ്ദേഹം രചിച്ചു. ടര്‍ക്കിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ അംഗമാകുകയും മാര്‍ക്സിസ്റ്റ്‌ പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്ത കെമാല്‍, കുര്‍ദ്ദ് ജനതയുടെ പോരാട്ടത്തില്‍ സജീവ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍ നീണ്ട ജയില്‍വാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. “എനിക്കൊരു പ്രത്യേകം കുര്‍ദ്ദ് രാഷ്ട്രം വേണ്ട. ആര്‍ക്കും വേണ്ട. കുര്‍ദുകള്‍ക്ക് ആകെ വേണ്ടത് അവരുടെ സാര്‍വ്വലൌകിക മനുഷ്യാവകാശങ്ങള്‍ മാത്രമാണ് – തങ്ങളുടെ ഭാഷ, സംസ്കാരം, ഐഡെന്റിറ്റി എന്നിവ നിലനിര്‍ത്താനുള്ള അവകാശം” എന്ന് അദ്ദേഹം തന്റെ നിലപാടു വ്യക്തമാക്കി. “I don’t want to write about issues, I don’t want to write for an audience, I don’t even write for me. I just write” എന്ന കെമാലിന്റെ അവകാശവാദം വസ്തുതാപരം എന്നതിലേറെ അമിത അവകാശവാദങ്ങളോടുള്ള മുഖംതിരിക്കലായേ കാണേണ്ടതുള്ളൂ. *1.

    Memed, My Hawk ന്റെ മിക്ക സന്ദര്‍ഭങ്ങളും സംഭവിക്കുന്നത്‌ അനടോളിയന്‍ പ്രദേശത്താണ്, ടോറസ് മലനിരകള്‍ക്കിടയിലെ ചുകുറൂവ സമതലത്തിലെ കാര്‍ഷിക ഗ്രാമങ്ങളില്‍. ഓട്ടോമന്‍ സുല്‍ത്താനെറ്റിന്റെ പതനവും അതാതുര്‍ക്കിന്റെ (Mustafa Kemal Ataturk (1881–1938) നേതൃത്വത്തില്‍ 1923ല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപനവും ആണ് കഥാകാലം. ദേശത്തിന്റെ ഇതരഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കരണങ്ങള്‍ പക്ഷെ, ദാരിദ്ര്യത്തില്‍ മുങ്ങിയ അനടോളിയന്‍ ഗ്രാമ്യമേഖലകളില്‍ ചലനമൊന്നുമുണ്ടാക്കിയില്ല. കൊടുംവേനലും അതിശൈത്യവും മാറിമാറിവന്ന പ്രദേശം, അടിസ്ഥാന സൗകര്യ വികാസമൊന്നും തൊട്ടുതീണ്ടാതെ, വിദൂര പട്ടണങ്ങളുമായി ബന്ധമൊന്നുമില്ലാതെ 800 മുതല്‍ 2,000 വരെ അംഗങ്ങള്‍ അടങ്ങിയ തുരുത്തു സമൂഹങ്ങളായി നിലക്കൊണ്ടു. അവരുടെ ദുരിതം പൂര്‍ണ്ണമാക്കും വിധം അതിക്രൂരരും ചൂഷകരുമായ ജന്മിമാര്‍ ആളും അര്‍ത്ഥവും അടിമത്തത്തിലാക്കി വാണു. അത്തരം അഞ്ചു ഗ്രാമങ്ങളടങ്ങിയ ഒരു ഇടത്തിന്റെ ഏകാധിപതിയായ അബ്ദി ആഘാ എന്ന ഉടയോനും അയാളുടെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുന്ന ദരിദ്ര, ഭൂരഹിത കര്‍ഷക/ പാട്ടക്കുടിയാന്മാരും അടങ്ങുന്ന സമൂഹത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. മുഖ്യ കഥാപാത്രമായ മെമദ് എന്ന കൗമാരക്കാരന്‍, ലക്ഷണമൊത്ത ഒരു റോബിന്‍ഹുഡ് പരിവേഷത്തിലേക്ക് മുതിര്‍ന്നുവരുന്നതിനുള്ള പശ്ചാത്തലം ഇപ്രകാരം നോവല്‍ ആരംഭം തന്നെ വ്യക്തമാക്കുന്നു. പട്ടിണിക്കിടുകയും കണ്ണില്‍ചോരയില്ലാതെ ചാട്ടയടിക്കുകയും ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ മൂന്നിലൊന്ന് എന്ന സ്വതേ തുലോംകുറഞ്ഞ കുടിയാന്‍ വിഹിതം വീണ്ടും നാലിലൊന്നാക്കി കുറക്കുകയും ചെയ്യുന്ന അബ്ദി ആഘായുടെ ചെയ്തി ഒരു പ്രത്യേക സാഹചര്യത്തില്‍ ഇനിയും സഹിക്കാനാവില്ല എന്ന ചിന്തയോടെ, നിസ്സഹായയും ദുര്‍ബ്ബലയുമായ ഉമ്മയെ തനിച്ചാക്കി അവന്‍ ഓടിപ്പോകുന്നു. കൗമാരക്കാരന്റെ അളവുകളില്‍ ‘ഏറെ ദൂരെ’യായ അടുത്തൊരു ഗ്രാമത്തില്‍ ആട്ടിടയനായി മനുഷ്യപ്പറ്റുള്ള ഒരു കുടുംബത്തില്‍ സ്വാതന്ത്ര്യത്തിന്റെ തീരെചെറിയൊരു ഇടവേളയാണ് പിന്നെ. എന്നാല്‍ വിധിവൈപരീത്യത്തില്‍ വീണ്ടും അബ്ദി ആഘായുടെ പിടിയില്‍ അകപ്പെടുന്ന മെമദും ഉമ്മയും അതിക്രൂരമായ പീഡനത്തിനു വിധേയരാകുന്നു.

    കൂട്ടുകാരനോടൊപ്പം വിദൂരപട്ടണം സന്ദര്‍ശിക്കുന്നതാണ് മെമദിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പട്ടണത്തിനു ഒരു ‘അബ്ദി ആഘാ’ ഇല്ല എന്ന അറിവ് അവനൊരു അത്ഭുതമാണ്. അവിടെവെച്ചു കണ്ടുമുട്ടുന്ന റിബല്‍ വിപ്ലവ പ്രവര്‍ത്തകന്‍, അങ്ങോട്ടു വന്നാല്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുന്നത് അവനു ആശയങ്ങള്‍ നല്‍കുന്നു. തന്റെ ജീവിത സര്‍വ്വസ്വമായ ഹാശെ എന്ന പെണ്‍കുട്ടിയുമായുള്ള തീക്ഷ്ണ പ്രണയമാണ് അവനു കൈകാര്യം ചെയ്യാനുള്ള മറ്റൊരു വലിയ പ്രശ്നം. നിത്യവും രാത്രി സന്ധിക്കാറുള്ള ഇരുവരും ഒരുമിച്ചു ഒളിച്ചോടാന്‍ തീരുമാനിക്കുന്നുവെങ്കിലും വീണ്ടും അബ്ദി ആഘാ തന്നെയാണ് വഴിമുടക്കുക. അയാളുടെ അനന്തിരവനുവേണ്ടി ഹാശെയെ തീരുമാനിച്ചുറപ്പിച്ചതാണ്. പേമാരിയില്‍നിന്ന് അഭയംതേടുന്ന ഗുഹയില്‍ കൊടുംതണുപ്പിനെ മറികടക്കാന്‍ തീകൂട്ടുന്നതും, ആ ചൂടില്‍ ഉടലുണര്‍വ്വിന്റെ ആദ്യാനുഭവമായി പ്രണയ സംഗമവും വിവരിക്കുന്നത് നോവലിലെ ഏറ്റവും മനോഹരമായ ഭാഗമാണ്. ആദ്യവേഴ്ച്ചയുടെതായി മണ്ണില്‍ പതിയുന്ന ഹാശേയുടെ ഉടല്‍പ്പാട്, പക്ഷെ ഏറ്റവും കൊടിയ ദുരന്തത്തിലേക്കു നയിക്കും. തന്റെ അനന്തിരവന്റെ ഭാവിവധുവും കാമുകനും ഒളിച്ചോടിയത്തില്‍ ക്രുദ്ധനാകുന്ന അബ്ദി ആഘാ സംഘടിപ്പിക്കുന്ന തിരച്ചില്‍ സംഘത്തില്‍, ഗ്രാമത്തിലെ ‘ട്രാക്കര്‍’ (ഒളിച്ചോടിയ കണ്ടെത്തുന്ന വിദഗ്ധന്‍) മുടന്തന്‍ അലിക്ക് (lame Ali) അത് നല്‍കുന്ന സന്ദേശം, ഇനിയങ്ങോട്ട് ഒളിച്ചോടിയ കാമുകീകാമുകന്മാരെയല്ല,  അഭിമാനക്കൊല നടത്തപ്പെടെണ്ട വ്യഭിചാരക്കുറ്റം നടത്തിയവരെയാണ് കണ്ടെത്താനുള്ളത് എന്നതാണ്. പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ മെമാദ് ഉതിര്‍ക്കുന്ന വെടിയില്‍ പ്രതിശ്രുത വരന്‍ കൊല്ലപ്പെടുകയും അബ്ദി ആഘാക്ക് മുറിവേല്‍ക്കുകയും ചെയ്യും. തിരികെയെത്തി അവളെ കൊണ്ടുപോകും എന്ന വാക്കുനല്‍കി ഇരുട്ടില്‍ മറയുന്ന മെമാദ്, തന്റെ പരിണാമത്തിന്റെ അടുത്ത ചുവടു വെക്കുകയാണ്‌. ഒരു ഘട്ടത്തിലും യുവ മിഥുനങ്ങളെ അബ്ദി ആഘാക്കു വേണ്ടി കയ്യൊഴിയാന്‍ ഇഷ്ടമില്ലാതിരുന്ന ഗ്രാമീണരെ, അവരുടെ നിസ്സഹായത തുരുപ്പുശീട്ടാക്കി കൂട്ടക്കള്ളസാക്ഷി പറയിക്കുന്ന അബ്ദി ആഘാ, അനന്തിരവന്റെ കൊലക്കുറ്റം ഹാശേയില്‍ ചാര്‍ത്തി അവളെ ജയിലില്‍ എത്തിക്കുന്നു. അതേസമയം, മറ്റു ഗത്യന്തരമില്ലാതെ ഒരു പിടിച്ചുപറിക്കാരന്റെ സംഘത്തില്‍ എത്തിച്ചേരുന്ന മെമാദ്, തന്നില്‍ത്തന്നെ രണ്ടു കാര്യങ്ങള്‍ കണ്ടെത്തുന്നു. അവന്റെ നേതൃത്വ ഗുണത്തോടൊപ്പം മനസ്സാക്ഷിയില്ലാത്ത കൊള്ളക്കാരനാവുക തനിക്ക് അസാധ്യമാണ് എന്നതുംകൂടിയാണ് അത്. വലിയ അപകടഘട്ടങ്ങളില്‍ തങ്ങളെ സഹായിക്കുന്നവരെപോലും കണ്ണില്‍ചോരയില്ലാതെ കൊള്ളയടിക്കുകയും തന്റെ മുദ്രയായി അവരുടെ അടിവസ്ത്രം വരെ ഉരിഞ്ഞെടുത്തു നഗ്നരാക്കി അപമാനിക്കുകയും ചെയ്യുന്ന സംഘ നേതാവുമായുള്ള ബന്ധം അതിവേഗം അവനു അവസാനിപ്പിക്കേണ്ടി വരുന്നത് അങ്ങനെയാണ്. അബ്ദി ആഘാ മരിച്ചിട്ടില്ല എന്നറിയുന്നതോടെ മെമാദ് നടത്തുന്ന രണ്ടാം ആക്രമണം, അറിയാതെയെങ്കിലും, ഗ്രാമത്തിനു കൊള്ളിവെക്കുന്നതില്‍ കലാശിക്കുന്നതോടെയാണ് അവനെ കുറിച്ച് മിത്തുകള്‍ പ്രചരിച്ചു തുടങ്ങുക. സര്‍വ്വ ശക്തനായ ഏകാധിപതിയെ വെല്ലുവിളിച്ച ഹീറോ ആയും, ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്ന കൊള്ളക്കാരന്‍ (bandit) ആയും ഭിന്ന പുരാണങ്ങള്‍ പിറക്കുന്നതോടെയാണ് ‘the hawk’ (പരുന്ത്‌/ കഴുകന്‍) എന്ന വിളിപ്പേര് അവനു ചാര്‍ത്തിക്കിട്ടുക.

    ഹാശെ തടവിലായതറിയുന്ന മെമാദ്, അവളെ സന്ദര്‍ശിക്കുന്നത് അത്യന്തം ഹൃദയഹാരിയായ ഒരു ഭാഗമാണ്. ഒരു കടലോളം പറയാനുള്ള ഇരുവര്‍ക്കും മണിക്കൂറുകളോളം ഒന്നും മിണ്ടാനാവുന്നില്ല. പോലീസുകാരെ കയ്യേറി ഹാശേയെയും ജയിലില്‍ അവള്‍ക്കു ഏകകൂട്ടും മാതൃതുല്യയുമായ വയോധികയെയും സ്വതസിദ്ധമായ പോരാട്ടമികവോടെ മോചിപ്പിക്കുന്ന മെമദ്, സര്‍ക്കാര്‍ അധികൃതര്‍ ഉടമ്പടിക്കെത്തുന്നു എന്ന ഊഹാപോഹം വിശ്വസിച്ചു ഗുഹയില്‍ അവര്‍ക്കായി കാത്തിരിക്കുന്നു. അവിടെ വെച്ച് ഹാശേ പ്രസവിക്കുന്ന അതേഘട്ടത്തില്‍, അധികൃതരുമായുണ്ടാകുന്ന വെടിവെപ്പില്‍ അവള്‍ കൊല്ലപ്പെടുന്നു. മെമാദ് എന്നുതന്നെ പേരിടുന്ന കൈക്കുഞ്ഞിനെ വയോധികയെ ഏല്‍പ്പിച്ച് തന്റെ ഇനിയുള്ള ഏകദൗത്യത്തിലേക്ക് മെമാദ് ഇറങ്ങിത്തിരിക്കുന്നു: അബ്ദി ആഘായെ അയാളുടെ മുറിയില്‍ വെച്ചുതന്നെ വകവരുത്തിയ ശേഷം കുതിരയോടിച്ചു പോകുന്ന മെമാദ് മിത്തുകളിലേക്ക് പരകായം നടത്തുന്നു. എന്നാല്‍ അയാള്‍ അഞ്ചു ഗ്രാമങ്ങള്‍ മോചിപ്പിച്ചു കഴിഞ്ഞു എന്നതാണ് സുപ്രധാനം.

    സ്വന്തം ജീവിതാനുഭവങ്ങളിലൂടെ റിബല്‍ ആയിത്തീരുകയും വലിയ ത്യാഗങ്ങളിലൂടെ അഞ്ചു ഗ്രാമങ്ങളെ മോചിപ്പിക്കുകയും ചെയ്ത മെമാദ്, അക്കാലത്തെ പോരാളികളില്‍ പലരില്‍ നിന്നുമുള്ള പ്രചോദനത്തിന്റെ പ്രതീകരൂപമാണെന്നു വ്യക്തമാണ്. ആ പാത്രസൃഷ്ടിയില്‍,  വര്‍ഗ്ഗശത്രുവിനെതിരായ പോരാട്ടം എന്ന നോവലിസ്റ്റിന്റെ മാര്‍ക്സിസ്റ്റ് ആശയധാരയുടെ പ്രചോദനവും കാണാം. അയാളുടെ പോരാട്ടത്തിലുള്ള ഗ്രാമീണരുടെ പങ്കാളിത്തത്തിലും ചരിത്രം സൃഷ്ടിക്കുന്നത് വ്യക്തികളല്ല എന്ന മാര്‍ക്സിസ്റ്റ് നിലപാടിന്റെ സ്വാധീനം കാണാം. അവരുടെ ഭാവനയിലും യഥാര്‍ത്ഥ ചരിത്രത്തിലുമായി എങ്ങനെയാണു മിത്തുകള്‍ രൂപമെടുക്കുന്നത് എന്ന് നോവല്‍ പരിശോധിക്കുന്നു. മെമദിനെ ‘hawk’ എന്ന് ആദ്യമായി വിളിക്കുന്ന മനുഷ്യനെ പോലെ, അബ്ദി ആഘായെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ നിന്നെ ഒരു പുരുഷനെന്നു വിളിക്കാനാവില്ല എന്ന് പറയുന്ന സ്ത്രീക്കും ഈ പുരാണ നിര്‍മ്മിതിയില്‍ പങ്കുണ്ട്. അനീതിക്കെതിരെ നിസ്സഹായരായി നിശ്ശബ്ദം നോക്കിനില്‍ക്കുക മാത്രം ചെയ്യുന്ന ഗ്രാമീണര്‍ പോലും തന്റെ കര്‍മ്മത്തിലേക്കു അയാളെ പ്രചോദിപ്പിക്കുന്നുണ്ട്. ഭൗതികതലത്തില്‍, ശത്രുവിനെ കുറിച്ചുള്ള സൂചനകള്‍, ഭക്ഷണം, ഒളിവിടം എന്നിവയ്ക്കൊക്കെ മെമാദ്, ഗ്രാമീണരെ ആശ്രയിക്കുന്നു. എന്നാല്‍ അതിനപ്പുറം മാനുഷികമായ എല്ലാ പരിമിതികളും ചാഞ്ചാട്ടങ്ങളും വികാര വിക്ഷോഭങ്ങളും അങ്കലാപ്പുകളും രാഗ ദ്വേഷങ്ങളും, ഒറ്റവാക്കില്‍, ശക്തി ദൗര്‍ബല്യങ്ങള്‍, ഉള്ള മെമാദ് എന്ന മനുഷ്യനെ മിത്തുകളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത് അവര്‍ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ മെമദ് തനിയെ ഒരിക്കലും സ്വതന്ത്രന്‍ പോലുമല്ല. ആദ്യം അബ്ദി ആഘാ, പിന്നെ, ഉമ്മയും ഹാശേയും, പിന്നെ ഗ്രാമവും ഗ്രാമീണരും. എല്ലാവരും അയാളെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടവിലാക്കുന്നു: ഭയമായും സ്നേഹമായും പ്രണയമായും ഉത്തരവാദിത്തമായും. ഒടുവില്‍ ആളുകളുടെ ഭാവന സൃഷ്ടിക്കുന്ന പുരാണങ്ങളുടെ തട്ടകത്തില്‍ മാത്രമാണ് അയാള്‍ ശരിക്കും സ്വതന്ത്രനാകുന്നത്. ഭയം എന്ന സാര്‍വ്വലൗകിക പ്രമേയം നോവലില്‍ ഏറ്റവും ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട് എന്നതും ആരും അതില്‍നിന്നു മുക്തരല്ല എന്നതും ഇതോടു ചേര്‍ത്തു കാണാം; എല്ലാവരിലും ഭയം അടിച്ചേല്‍പ്പിക്കുന്ന അബ്ദി ആഘാ തന്നെയും. മെമദ്‌ ഒരു കൊള്ളക്കാരനായിരിക്കുന്നു എന്നറിയുന്ന നിമിഷം മുതല്‍, കുടുംബത്തെയും സൗകര്യങ്ങളെയുമെല്ലാം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന അയാളും നിരന്തര ഭയത്തിന്റെ നിഴലിലാണ്. എല്ലാതരം അധികാര സ്വരൂപങ്ങളില്‍ നിന്നും, ഭരണകൂടങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്ന ആശയം മോന്നോട്ടുവെക്കുന്നതിലൂടെ ഉള്ളിന്റെ ഉള്ളില്‍ റിബലുകളായ എല്ലാ മനുഷ്യരുടെയും ആവിഷ്കാരം തന്നെയായിത്തീരുന്നു നോവല്‍ എന്നുപറയാം. എല്ലാതരം കെട്ടുപാടുകളില്‍നിന്നും മുക്തരാകുന്ന അപൂര്‍വ്വ നിമിഷങ്ങളില്‍ ജീവിതം എത്ര ലളിതവും സുന്ദരവുമാണ് എന്ന് അനുഭവിപ്പിക്കുന്ന രംഗമാണ്, മുമ്പ് സൂചിപ്പിച്ച മെമദിന്റെയും ഹാശെയുടെയും ആദ്യാനുഭവ സന്ദര്‍ഭം. പുറത്തു കോരിച്ചൊരിയുന്ന മഴയോ, വേട്ടയാടുന്ന സമൂഹത്തിന്റെ ഭീഷണിയോ അവരെ അപ്പോള്‍ അലട്ടുന്നില്ല. മുടന്തന്‍ അലി മനസ്സില്ലാ മനസ്സോടെയാണ് മെമാദ്- ഹാശെ വേട്ടക്കിറങ്ങുന്നത് എന്നത്, അയാളുടെയും വര്‍ഗ്ഗതാല്‍പ്പര്യം അബ്ദി ആഘാക്കൊപ്പമല്ല എന്ന് വ്യക്തമാക്കുന്നു. ഗ്രാമീണര്‍ ഒന്നടങ്കം ആ കുട്ടികളെ ജീവിക്കാന്‍ വിടണമെന്നും അബ്ദി ആഘായെ വഴിതെറ്റിക്കണമെന്നും അയാളോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍, അയാളും സ്വന്തം നിലയില്‍ ഒരു വീരനാണ്: അയാള്‍ക്ക് അയാളുടെ തൊഴിലില്‍ ചതി സാധ്യമല്ല.

തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ബാലന്‍, തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും അനീതിക്കെതിരെ പൊരുതാന്‍ തയാറാകുകയും ചെയ്യുന്നതിലെ ഡിക്കന്‍സിയന്‍ അന്തരീക്ഷവും എടുത്തുപറയേണ്ടതുണ്ട്. പൗരാണിക വീരന്മാരെ ചിത്രീകരിക്കുന്ന മധ്യകാല നോവലുകളിലെ അന്തരീക്ഷത്തെ തികച്ചും സമകാലികമായ ഒരു കൃതിയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു എന്നതും നോവലിന്റെ മേന്മയാണ്. ആധുനികതയോട് മുഖം തിരിച്ചു നില്‍ക്കുന്ന, ബാഹ്യലോകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട അഞ്ചു മലയോര ഗ്രാമ സഞ്ചയം എന്ന, കാലം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമുള്ള ഗ്രാമ ജീവിതം ഒരുവശത്ത്‌,  ഏതെങ്കിലും ഏകാധിപതിയുടെ/ ജന്മിയുടെ സ്വന്തമല്ലാത്ത പട്ടണത്തെ കുറിച്ചുള്ള ബോധ്യത്തിലേക്കുള്ള ‘തെരഞ്ഞെടുക്കപ്പെട്ട’ (chosen/ ordained) നവയുവാവിന്റെ ഉണര്‍വ്വ് മറുവശത്ത്‌. രണ്ടും ചേര്‍ന്ന് ഒരു ‘മുമ്പ്, പിമ്പ്’ കാലിക സമവാക്യം രൂപപ്പെടുന്നുണ്ട് എന്നു പറയാം. ഗ്രാമാന്തരീക്ഷത്തിന്റെ സൃഷ്ടിയില്‍ പ്രകൃതിയുടെ ഘടകങ്ങള്‍ വിന്യസിക്കുന്ന രീതിയില്‍ അമിത വര്‍ണ്ണന കലരുന്നോ എന്ന സംശയം അസ്ഥാനത്താണ് എന്നു സൂക്ഷ്മ നിരീക്ഷണത്തില്‍കാണാം. ശിക്ഷയുടെ ഭാഗമായി മെമദിനെ കൊണ്ട് തനിയെ ഉഴുവിക്കുന്ന നിലത്തിലെ ഉടലാകെ മുറിവേല്‍പ്പിക്കുന്ന കാരമുള്‍ച്ചെടിയെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ ഉദാഹരണം. അത് ഗ്രാമീണരുടെ ജീവിതപാരുഷ്യത്തിന്റെതന്നെ പ്രതീകമായി തീരുന്നു. പട്ടണത്തിലെത്തുമ്പോള്‍ ആരായിരിക്കും അതിന്റെ ഉടമസ്ഥന്‍ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ മെമദിന്റെയും സുഹൃത്തിന്റെയും അതിനിഷ്കളങ്ക (naive) ലോകവീക്ഷണവും ലോകപരിചയത്തിന്റെ പരിമിതിയും നോവലിസ്റ്റ് വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ശൈലീ ലാളിത്യത്തിന്റെയും ഒപ്പം ധ്വന്യാത്മകതയെയും പ്രകടമാക്കുന്നു. ഘടനാപരമായി, ഒരു ക്ലാസിക്ക് നോവലിന്റെ പ്രകൃതം കൃതിയില്‍ വ്യക്തമാണ്‌: വ്യക്തമായ ഇതിവൃത്തം; നട്ടെല്ലായ കേന്ദ്രകഥാപാത്രം; കൃത്യമായ തുടക്കം, മധ്യം, ഒടുക്കം എന്നിങ്ങനെയുള്ള ഘടന; എന്നതെല്ലാം ഇവിടെ വ്യക്തമായി വ്യവച്ഛേദിക്കാനാകും.

‘ആഘാ’ സമ്പ്രദായത്തെയും വഴിക്കൊള്ളക്കാരുടെ സാന്നിധ്യത്തെ കുറിച്ചുമുള്ള ചരിത്രപരമായ ധാരണ നോവല്‍ വായനയില്‍ ആവശ്യമാണ്. ഓട്ടോമന്‍ ജന്മിത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയ യുദ്ധാനന്തര റിപ്പബ്ലിക്കില്‍ പുതുതായി ഉയര്‍ന്നുവന്ന പ്രതിഭാസമായിരുന്നു യുദ്ധാനന്തര കാലത്തു വന്‍നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആഘാമാര്‍. വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാനുള്ള ഉപാധിയായിരുന്നു സര്‍ക്കാരിന് ഇവരെങ്കില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഇടനിലക്കാരയതും ഇവരാണ്. വമ്പിച്ച തോതില്‍ ഭൂമി സ്വന്തമാക്കിയ ഇക്കൂട്ടര്‍ പലപ്പോഴും അതിനീചമായാണ് കര്‍ഷകരോട് പെരുമാറിയത്. ഫലത്തില്‍, സാങ്കേതികമായി നിര്‍ത്തലാക്കിയ ജന്മിത്തത്തെ അതിശയിക്കുന്ന ചൂഷണമാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇവരില്‍ നിന്ന് നേരിട്ടത്. അബ്ദി ആഘാ ഈ പ്രതിഭാസത്തിന്റെ തികഞ്ഞ മാതൃകയാണ്. “തങ്ങളുടെ ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടി ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ദരിദ്ര ജനതക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സമ്പന്നവിഭാഗം കൊള്ളക്കാരെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവരുടെ (സമ്പന്നരുടെ) ഭൂസ്വത്തുക്കള്‍ നിരന്തരം കൂടിവന്നു” എന്ന് മെമെദ് നിരീക്ഷിക്കുന്നു. വഴിപോക്കരെയും സാര്‍ത്ഥവാഹക സംഘങ്ങളെയും കൊള്ളയടിക്കുന്ന സമ്പ്രദായം (tradition of brigandage) പുരാതന ഹിറ്റൈറ്റ്‌ കാലം മുതല്‍ തുര്‍ക്കിയില്‍ നിലനിന്നുവെന്നു ചരിത്രം. അധിനിവേശ യുദ്ധങ്ങള്‍ക്കും റിബല്‍ വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന കൂലിപ്പടയാളികള്‍ പ്രസ്തുത ലക്‌ഷ്യം പിന്നിടുന്നതോടെ പിരിച്ചുവിടപ്പെടുമ്പോള്‍ അവര്‍ നാട്ടിലെങ്ങും അരാജകത്വം സൃഷ്ടിക്കുന്ന സായുധസംഘങ്ങള്‍ ആയി മാറിയതും ഇതിനു നിമിത്തമായി. സമൂഹത്തിലെ അത്തരം അസംതൃപ്ത ഘടകങ്ങളും മെമെദിനെ പോലുള്ള ഒളിച്ചോടിയ കുറ്റവാളികളും കൈകോര്‍ക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മ്മന്‍ പക്ഷത്തു നിലയുറപ്പിച്ച ഓട്ടോമന്‍ സൈന്യത്തില്‍നിന്ന് യുദ്ധാനന്തരം നടത്തപ്പെട്ട ഒന്നിച്ചുള്ള പിരിച്ചുവിടല്‍ അത്തരം കൂട്ടങ്ങളുടെ വന്‍ വര്‍ദ്ധനയ്ക്ക് കാരണമായി. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഗിരിനിരകളിലേക്കു പിന്‍വാങ്ങിയ ഇത്തരം സംഘങ്ങളില്‍ ചിലര്‍ പുത്തന്‍ സമ്പന്ന വിഭാഗത്തിനു കൈക്കാരായിത്തീര്‍ന്നു. കഥ നടക്കുന്ന കാലത്ത് അതൊരു  റിബല്‍ പ്രവര്‍ത്തനം കൂടിയായിരുന്നതുകൊണ്ട് പ്രാകൃതവേഷം എന്ന നിലയില്‍ അതാതുര്‍ക്ക് നിയമവിരുദ്ധമാക്കിയ ഓട്ടോമന്‍ ഫെസ് ധരിക്കുന്ന രീതി അവര്‍ തുടര്‍ന്നുവന്നതിനെ കുറിച്ച് മെമെദ് വിവരിക്കുന്നുണ്ട്. ചുവന്ന ഫെസ് ഗിരിനിരകളിലെ കൊള്ളക്കാരുടെ അടയാളമായിരുന്നു. പകരം നിയമപരമായി നിശ്ചയിച്ചിരുന്ന ഹാറ്റ്‌ ധരിച്ച ഒരൊറ്റ കൊള്ളക്കാരനെയും താന്‍ കണ്ടിട്ടില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

1. (artslife@thenational.ae. ‘Turkish novelist Yasar Kemal, perennial critic of power and repression, dies at the age of 91’, thenationalnews.com/arts) ("Memed, My Hawk ." World Literature and Its Times: Profiles of Notable Literary Works and the Historic Events That Influenced Them. . Encyclopedia.com. 23 Feb. 2023 <https://www.encyclopedia.com>.)  


More on Kurd Experience:

Zin by Haritha Savithri

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

 

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html

 

Tuesday, June 18, 2024

Zin by Haritha Savithri (Malayalam)

 

ദേശമില്ലാത്തവരുടെ യുദ്ധങ്ങള്‍

(ഹരിതാ സാവിത്രിയുടെ ‘സിന്‍’ എന്ന നോവല്‍, ലോകത്തിലെ ഏറ്റവും വലിയ ദേശമില്ലാ ജനതയായ കുര്‍ദ് സമൂഹം, നിലനില്‍പ്പിനായി തുര്‍ക്കി ഫാസിസത്തോടു നേര്‍ക്കുനേര്‍ നില്‍ക്കു ന്നതിന്റെ ദുരന്തങ്ങള്‍ ആവിഷ്കരിക്കുന്നു. ഒരു കേരളീയയുവതിയെ ആഖ്യാനകേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ നോവല്‍ ഇന്ത്യന്‍ സമൂഹത്തെ, വിശേഷിച്ചും കേരളീയ സമൂഹത്തെ, കുറിച്ചുള്ള നിരീക്ഷണം കൂടിയായിത്തീരുന്നു.)

തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ, അര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശം, ഒന്നാം ലോകയുദ്ധത്തിനു ശേഷം, 1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപര മായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തി ലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാ നുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്; അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസം, പീഡനം, വധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായ കമായിരുന്നു. ഗോത്രമുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനു ശേഷവും ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളി കളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാ ഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ (Kurdish: Yekîneyên Parastina Jin) എന്ന പേരിലും, ഇറാഖില്‍ Free Women's Unit, or YJA Star (Kurdish: Yekîneyên Jinên Azad ên Star) എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മൊസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female ‘Peshmerga’ ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. കൂട്ടക്കൊലയില്‍നിന്നു രക്ഷതേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചുകഴിയുകയും ചെയ്ത യസീദി ഗായിക ഖതൂന്‍ ഖിദര്‍ (Khatoon Khider) ആണ് ‘Sun Ladies’ എന്ന പേരില്‍  ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്. 

സദ്ദാമിന്റെ പതനം, സിന്‍ജാറിലെ യസീദി സ്ത്രീകളുടെ മോചനം, സിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു. കുര്‍ദ് ജീവിതം അടയാളപ്പെടുത്തുന്ന കൃതികളില്‍, ഹരിത സാവിത്രി രചിച്ച, ഈ ലേഖനത്തിന്റെ വിഷയമായ ‘സിന്‍’ എന്ന നോവലില്‍ ഉള്‍പ്പടെ, ഈ പെണ്‍പോരാളികളുടെ സാന്നിധ്യം സജീവമാണ്.

“ലോകത്തെല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ഒരു അച്ചില്‍ വാര്‍ത്തവയാണ്...ഓരോ ദേശവും അവിടത്തെ ന്യൂനപക്ഷസമുദായങ്ങളോട് കാട്ടുന്ന വേര്‍തിരിവ്. അധികാരത്തെ ആയുധ മാക്കി അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടതന്ത്രങ്ങള്‍. വംശഹത്യകളുടെ ആസൂത്രണവും നടപ്പിലാ ക്കലും, നിര്‍ബന്ധിത തിരോധാനങ്ങള്‍, രാഷ്ട്രീയപകപോക്കലുകള്‍, ഒളിച്ചോട്ടങ്ങള്‍, പീഡനകേന്ദ്രങ്ങള്‍, സഹജീവികളെ ഈച്ചകളെപ്പോലെ കൊന്നൊടുക്കുന്നതിനെ ദേശീയവാദത്തിന്റെ മറവില്‍ ന്യായീകരി ക്കാനുള്ള അറപ്പില്ലായ്മ, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മത ത്തിനെ ദുരുപയോഗം ചെയ്യല്‍. എല്ലാത്തിനും പുറമേ, ഭയംകൊണ്ട് ഒരു ജനതയുടെ വായടക്കാന്‍ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുവഴികള്‍.”

നോവലിന്റെ ആമുഖത്തില്‍ നോവലിസ്റ്റ് രേഖപ്പെടുത്തുന്ന ഈ നിരീക്ഷണങ്ങള്‍ കൃതിയുടെ ഉള്ളടക്ക ത്തിലേക്കും സന്ദേശത്തിലേക്കുമുള്ള ചൂണ്ടുപലക തന്നെയാണ്. വൈകാതെ തിരികെയെത്താമെന്ന വാക്കുനല്‍കി നാട്ടിലേക്കുമടങ്ങിയ കാമുകനെത്തേടി കലാപഭൂമിയിലേക്ക് യാത്രചെയ്യുന്ന കാമുകി, അവിടെയെത്തുമ്പോള്‍ തേടിവന്നയാള്‍ ഒരു ആക്റ്റിവിസ്റ്റ് ആണെന്നും ഒളിവിലാണെന്നും മനസ്സിലാക്കു ന്നതും അയാളെ അന്വേഷിച്ചിറങ്ങുന്നതും അതുവഴി ആ നാട് നേരിടുന്ന അടിച്ചമര്‍ത്തലിനും കിരാത പട്ടാള നടപടികള്‍ക്കും സാക്ഷിയും ഇരയും ആയിത്തീരുന്നതും ആയുസ്സിന്റെ ബലംകൊണ്ടും അന്താ രാഷ്‌ട്ര സമൂഹത്തിന്റെ അവസാന നിമിഷത്തിലെ ഇടപെടലിന്റെ സഹായം കൊണ്ടും പാതിജീവ നും കൊണ്ടു രക്ഷപ്പെടുന്നതും ഒട്ടേറെ നോവലുകള്‍ക്കും സിനിമകള്‍ക്കും വിഷയമായ ഇതിവൃത്തം തന്നെയാണ്. ഘടനാപരമായിപ്പോലും നോവലിനോട് ഏതാണ്ടൊരു സമാന്തരമായിത്തന്നെ അനുഭവ പ്പെട്ട ഒരു ചലച്ചിത്രം ഓര്‍മ്മവരുന്നു. ചിലിയിലെ സാല്‍വഡോര്‍ അയന്റെയുടെ സോഷ്യലിസ്റ്റ് ഭരണ കൂടത്തെ സി.ഐ.എ. പിന്തുണയോടെ തകര്‍ത്തെറിഞ്ഞ അഗസ്റ്റോ പിനോഷെയുടെ പട്ടാളഅട്ടിമറിയെ (1973) പശ്ചാത്തലമാക്കി ഫ്ലോറിയന്‍ ഗാലന്‍ബര്‍ഗ് സംവിധാനം ചെയ്ത Colonia (2015) എന്ന ഇംഗ്ലീഷ് – സ്പാനിഷ് ചിത്രമാണ് അത്. തോമസ്‌ ഹോസറുടെ The Execution of Charles Horman: An American Sacrifice  എന്ന നോവലിനെ ആധാരമാക്കി ഗ്രീക്ക് – ഫ്രഞ്ച് സംവിധായകന്‍ കോസ്റ്റാ ഗാവ്റാസ് സംവിധാനം ചെയ്ത Missing (1982), അതേ പശ്ചാത്തലത്തെ തീക്ഷ്ണമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറിനു വിഷയമാക്കി. ഇപ്പറഞ്ഞ രണ്ടു ചിത്രങ്ങളും യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരങ്ങളായിരുന്നു എന്നതും പ്രസക്തമാണ്‌. 

നോവലില്‍ ഘടനാപരമായി (മാത്രം) മുഖ്യകഥാപാത്രമെന്നു പറയാവുന്ന കേരളീയ യുവതിക്ക് സീത യെന്ന പുരാണപ്രോക്തമായ പേരു നല്‍കിയതിന്റെ സാംഗത്യത്തെ കുറിച്ച് നോവലിസ്റ്റ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മര്യാദ പുരുഷോത്തമന്റെ ഭാര്യ, പുരുഷാധികാര മൂല്യക്രമത്തില്‍ അപമാനി ക്കപ്പെട്ടവള്‍, ഒരു ഘട്ടത്തിനപ്പുറം ഇതിഹാസകേന്ദ്രത്തില്‍നിന്നു മാഞ്ഞുപോയവള്‍. പക്ഷെ അപ്പോഴും കനലായി ജ്വലിച്ചുനിന്നവള്‍. സീതയെ ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുമ്പോഴും പ്രണയഭംഗത്തിന്റെ വൈകാരിക സംഘര്‍ഷങ്ങളിലല്ല നോവലിന്റെ ഊന്നല്‍. അങ്ങനെയാണ് സ്നേഹാദരങ്ങളോടെ നോവ ലിസ്റ്റിനെ സ്വീകരിക്കുകയും പറയപ്പെടാതെ പോകുന്ന തങ്ങളുടെ കഥകള്‍ പറയാനുള്ള ജിഹ്വയായി തിരിച്ചറിയുകയുംചെയ്യുന്ന കുര്‍ദ് സൗഹൃദങ്ങളുടെ കടംവീട്ടുന്ന ഒന്നായി നോവല്‍ പരിണമിക്കുന്നത്. ഗര്‍ഭിണിയായ സീത, തുര്‍ക്കി അധികൃതര്‍ പിടികൂടുമ്പോള്‍ നേരിടേണ്ടിവരുന്ന ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെയുള്ള കൊടുംക്രൂരതകളും കൂട്ടബലാല്‍ക്കാരവും കുര്‍ദ് അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഭേദ്യമുറികള്‍ (torture cells) എന്ന ഭീകരതയുടെ അറകള്‍ക്കുള്ളില്‍ (chamber of horrors) അരങ്ങേറുന്ന നൃശംസതകളുടെ ചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ ‘തടവറ സാഹിത്യം’ (prison literature) എന്ന ഴോനര്‍ തന്നെയായി വിവരിക്കപ്പെടാറുണ്ട്. നിയതമായ അര്‍ഥത്തില്‍ അത്തരം കൃതികള്‍ രചയിതാ വിന്റെതന്നെ തടവറക്കാലത്ത് രചിക്കപ്പെടുന്നവയാണ്. എന്നാല്‍ അത്തരം പീഡനങ്ങളുടെ ഭീകരാനുഭ വങ്ങള്‍ ഫിക്ഷനിലേക്ക് നിബന്ധിക്കുന്ന സമകാലിക മാതൃകകള്‍ ധാരാളമുണ്ട്.  ലബനീസ് നോവലിസ്റ്റ് ഏലിയാസ്‌ ഖൌറി, 1975–90 കാലത്തെ ലബനീസ് ആഭ്യന്തരസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച Yalo,  ഭീകരപ്രവര്‍ത്തനം ആരോപിച്ചു പിടികൂടപ്പെടുന്ന മുഖ്യകഥാപാത്രം നേരിടുന്ന ആവര്‍ത്തിച്ചുള്ള പീഡനപര്‍വ്വങ്ങള്‍ ആവിഷ്കരിക്കുന്നു. വിയറ്റ്‌നമീസ്- അമേരിക്കന്‍ നോവലിസ്റ്റ് വിയറ്റ്‌താങ് നുഹ്വെന്‍ രചിച്ച The Sympathizer എന്ന പുലിറ്റ്സര്‍ പുരസ്കാരംനേടിയ നോവല്‍ മറ്റൊരു ഉദാഹരണമാണ്. ‘അമേരിക്കന്‍ വഴികളില്‍ മലിനമാക്കപ്പെട്ട പ്രതിവിപ്ലവകാരി’ വടക്കന്‍ വിയറ്റ്നാം തടവറയില്‍ നേരിടുന്നത് മജ്ജമരവിപ്പിക്കുന്ന പീഡനമാണ്. ഖമേര്‍റൂഷ് ‘പുനര്‍വിദ്യാഭ്യാസ’ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികളും ഇക്കാര്യത്തില്‍ മാതൃകകള്‍ ആയുണ്ട്: ലുവോങ് ഉങ് എഴുതിയ First They Killed My Father: A Daughter of Cambodia Remembers, വാദി റാറ്റ്നര്‍ രചിച്ച In the Shadow of the Banyan തുടങ്ങിയവ ഉദാഹരണം. ചൈനീസ് കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ ‘അപ്രത്യക്ഷരാക്കപ്പെടുന്ന’ (‘disappeared’) വീഗര്‍ (Uighur) മുസ്ലിം ജനതയുടെ അനുഭവാഖ്യാനങ്ങളിലും അവ വിഷയമാകുന്ന കൃതികളിലും സമാനമായ ഗ്രാഫിക് ക്രൂരതയുടെ ആവിഷ്കാരങ്ങള്‍ ധാരാളമുണ്ട്.

ദുസ്സഹമായ തടവറ ദിനങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ ‘ഇന്ത്യന്‍ യുവതി’യുടെ മോചനവിഷയത്തില്‍ അധികൃതരുടെ ഇടപെടല്‍, കേരളത്തില്‍ നിന്നെത്തുന്ന ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ബന്ധുവിന്റെ ശ്രമങ്ങള്‍, അതിനെല്ലാത്തിനുമുപരി, തങ്ങളുടെ സഹോദരിയായി ഏറ്റെടുത്ത യുവതിയുടെ മോചനത്തിനായി ഏതറ്റംവരെയും പോകാന്‍ തയ്യാറായി പോരാട്ടം നടത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥി, ആക്റ്റിവിസ്റ്റ് സമൂഹവും ചേര്‍ന്നു നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ തുടങ്ങിയവക്കൊടുവില്‍ ഒരു ജീവച്ഛവം ആയാണെങ്കിലും സീത ആശുപത്രിയിലും തുടര്‍ന്നു മോചനത്തിലും എത്തുന്നുണ്ട്. മുസ്തഫ എന്ന കഥാപാത്രം നിരീക്ഷിക്കുന്നു:

“ചുറ്റും നടന്ന കലാപങ്ങളിലും യുദ്ധങ്ങളിലും അടിച്ചമര്‍ത്തലിലും കൂട്ടക്കൊലകളിലും പതറാതെ ഞങ്ങള്‍ ഒരുമിച്ചു നിന്നു. ടര്‍ക്കിയുടെ കരുത്തിനു കുര്‍ദുകളെ അടിയറവു പറയിക്കാന്‍ കഴിയാത്തതിന്റെ കാരണവും അതുതന്നെയാണ്. ആപത്തുകാലത്ത് കൂടെയുള്ളവരെ ഉപേക്ഷിക്കു ന്നവരല്ല ഞങ്ങള്‍.”

എന്നാല്‍, അനേകരുടെ ബലാല്‍ക്കാര ശേഷം തന്നെപോലുള്ള മറ്റനേകം ഇരകള്‍ ക്കൊപ്പം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലപ്പെടുന്ന ദില്‍വയെ പോലുള്ള കുര്‍ദ് പെണ്‍കുട്ടി കള്‍ക്ക് അങ്ങനെയൊരു മോചനം സാധ്യമാകുന്നില്ല. സംഘര്‍ഷഭൂമികളിലെ മാനുഷികദുരന്തങ്ങളെ കുറിച്ചുള്ള ‘കണ്ടുകിട്ടിയ ശവങ്ങളുടെ പൊട്ടും പൊടിയും എണ്ണിനോക്കിയുണ്ടാക്കിയ കണക്ക്’ എന്ന അസംബന്ധത്തിന്റെ പൊള്ളത്തരം നോവലില്‍ വ്യക്തമാക്കുന്നത് സമാന സാഹചര്യമുള്ള ലോകത്തെ മറ്റേതു ഇടത്തിനും ബാധകമാണ്. (തിമൂര്‍ എന്ന അശിക്ഷിതനായ നവയുവാവിനോട് മുസ്തഫ ചോദിക്കുന്നത് അതാണ്‌) :

“ഒരെല്ലുപോലും ബാക്കിവെക്കാതെ കത്തിത്തീര്‍ന്നവര്‍, പട്ടാളക്കാര്‍ ജീവനോടെ കുഴിച്ചിട്ടവര്‍, കാണാതായവര്‍, ഇവരെയൊക്കെ നിന്റെ യു.എന്‍. ഏതു കണക്കില്‍ പ്പെടുത്തും?  ബലാല്‍സംഗം ചെയ്യപ്പെട്ട ഞങ്ങളുടെ പെണ്ണുങ്ങള്‍, പട്ടാളക്കാരുടെ തല്ലുകൊണ്ട് നിത്യരോഗികളായിത്തീര്‍ന്ന നിരപരാധികളായ ചെറുപ്പക്കാര്‍, വാട്ടര്‍ടാങ്കുകളില്‍ മലം കലര്‍ത്തിയതി നാല്‍ പടര്‍ന്നുപിടിച്ച രോഗങ്ങള്‍മൂലം ചികിത്സ കിട്ടാതെ മരിച്ച ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഇവരെ യൊക്കെ ഏതു കണക്കില്‍പ്പെടുത്തും?”

പുസ്തകാന്ത്യം ചില വായനക്കാരെയെങ്കിലും നിരാശരാക്കിയിട്ടുണ്ട് എന്ന് പ്രതികരണങ്ങള്‍ കണ്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ അത് തീര്‍ത്തും അസ്ഥാനത്തുമല്ല. ജന്മദേശത്തെ കലുഷമായ സാഹചര്യങ്ങളോടു മല്ലടിച്ചു തളര്‍ന്ന് പ്രവാസവഴി തെരഞ്ഞെടുക്കുന്ന എഴുത്തുകാര്‍ സൃഷ്ടിക്കുന്ന സാഹിത്യത്തില്‍, (literature of exile) ഏതാണ്ടൊരു എളുപ്പവഴി പോലെ ആവര്‍ത്തിക്കുന്ന സങ്കേതമാണ് (trope) പാശ്ചാത്യ ജനാധിപത്യത്തിലേക്കുള്ള രക്ഷാമാര്‍ഗ്ഗത്തിന്റെ ‘താഴോട്ടിറങ്ങിവരുന്ന രക്ഷകനായ ദൈവം’ (deus ex machina).  ഈ ‘കൈറ്റ് റണ്ണര്‍’ മോഡല്‍ ശുഭാന്ത്യസൂചന ഗൗരവപ്പെട്ട ഒരു കൃതിക്ക് ആവശ്യമോ എന്ന ചോദ്യം ന്യായമാണ്. കുര്‍ദ് അനുഭവത്തെ തന്നെ ഫിക് ഷനലൈസ് ചെയ്യുന്ന കൃതികളില്‍ ഇതേ ഗതി പിന്തുടരുന്ന പുസ്തകങ്ങളുണ്ട്: കുര്‍ദ്-ഇറാനിയന്‍-കനേഡിയന്‍ നോവലിസ്റ്റ് അവാ ഹോമയുടെ Daughters of Smoke and Fire ഉദാഹരണം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഭീഷണി ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന ഘട്ടത്തില്‍ കനേഡിയന്‍ കാമുകനോടൊപ്പം ആ നാട്ടിലേക്ക് കുടിയേറുന്ന മുഖ്യ കഥാപാത്രം, അവിടെയിരുന്നു തന്റെ ജനതയുടെ പോരാട്ടത്തെ പിന്തുണക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ‘സിന്‍’ എന്ന നോവലിന്റെ കാര്യത്തില്‍ ഒരു തെറ്റിദ്ധാരണ കൂടിയാണ് ഈ അങ്കലാപ്പിനു നിദാനം എന്ന് സൂക്ഷ്മവായനയില്‍ കണ്ടെത്താനാകും. സീതയുടെ യാത്രയായി നോവലിനെ കാണുന്നത് തികച്ചും ഭാഗികമാണ് എന്നതാണത്. ഒരു കേരളീയ യുവതി, അപ്രത്യക്ഷനായ തന്റെ പ്രണയ പങ്കാളിയെ തേടി അയാളുടെ നാട്ടിലെത്തുകയും അവിടെ നിന്നുണ്ടാകുന്ന കടുത്ത പീഡനങ്ങള്‍ക്കൊടുവില്‍ മോചനം നേടുമ്പോള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യവും സ്ത്രീവിരുദ്ധതയും ചേര്‍ന്ന് സൃഷ്ടിക്കാന്‍ ഇടയുള്ള അവമതിയിലേക്ക് തിരികെ പോകേണ്ടതില്ല എന്ന തീരുമാനത്തോടെ അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പാശ്ചാത്യ രാജ്യത്തേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു എന്നൊരു ചുരുക്കെഴുത്ത്, നോവലിനെ സംബന്ധിച്ച് ബാലിശമാംവിധം ഭാഗികമായ ഒരു വായന ആണെന്നു വ്യക്തമാണല്ലോ. യഥാര്‍ഥത്തില്‍, നോവലിന്റെ ഹൃദയം സീതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതിലല്ല, മറിച്ച് അവള്‍ കാണുന്നതും സാക്ഷ്യം വഹിക്കുന്നതും അനുഭവിക്കുന്നതും എന്ത് എന്നതിലാണ്, അതെങ്ങനെയാണ് ഒരു ജനത നേരിടുന്ന ഭീകര ചരിത്രസന്ധിയുടെ ഫിക് ഷനല്‍ ആവിഷ്കാരമായിത്തീരുന്നത് എന്നതാണ്. അതിനാകട്ടെ ഒരു ‘അന്ത്യ’വും (closure) നോവല്‍ നല്‍കുന്നേയില്ല; അത് സാധ്യവുമല്ല. സീതയുടെ പ്രണയാന്വേഷണം പ്രസ്തുത ആഖ്യാനത്തിനുള്ള ഒരു ചട്ടക്കൂട് (framework) എന്ന നിലയിലാണ് പ്രസക്തമാകുന്നത്. ഘടനാപരമായി, ‘യൂലിസസ്’ (Ulysses by James Joyce) പോലുള്ള മോഡേണിസ്റ്റ് മാസ്റ്റര്‍പീസുകള്‍ മുതല്‍ ഉപയോഗിച്ചുവന്നിട്ടുള്ള ഈ രചനാതന്ത്രം സമകാലിക (post-postmodern/ contemporary) സാഹിത്യത്തിലും ശക്തമായി അതിജീവിക്കുന്നതിന് എത്രയും ഉദാഹരണങ്ങള്‍ കാണാം.

അപരവല്‍ക്കരിക്കുന്ന സമൂഹങ്ങള്‍ക്ക് ഭീകരതാപട്ടം ചാര്‍ത്തിക്കൊടുക്കുകയും അവരുടെ സംസ്കാരം, ഭാഷ, ജീവിതരീതികള്‍ തുടങ്ങിയവയെ നശിപ്പിക്കുകയും ജീവിതമാര്‍ഗ്ഗങ്ങള്‍ അടച്ചുകളഞ്ഞു ചേരിവല്‍ക്കരിക്കുകയും (ghettoize) ചെയ്യുക എന്നത് ഫാഷിസം എല്ലായിടത്തും പ്രയോഗിക്കുന്ന അടിച്ചമര്‍ത്തല്‍ രീതി തന്നെയാണ്. എര്‍ദോഗാന്‍ ഭരണകൂടം കുര്‍ദ് ജനതയോട് കാണിക്കുന്ന അത്യാചാരങ്ങളുടെ ഹൃദയ ഭേദകമായ മാതൃകകള്‍ നോവലില്‍ ഒട്ടേറെയുണ്ട്. പരിഷ്കൃത സമൂഹത്തിന് അചിന്ത്യമായ വിധത്തിലുള്ള ചെയ്തികളാണ് സൈനികര്‍ കുര്‍ദ് ജനതയുടെ നേരെ അരങ്ങേറുന്നത്. കൂട്ടക്കുരുതികളും, സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റങ്ങളും പോലെയുള്ള യുദ്ധക്കുറ്റങ്ങള്‍ മാത്രമല്ല; ജല സംഭരണികള്‍ തകര്‍ത്തുകളയുന്നതു പോരാഞ്ഞിട്ട് കിണറുകളില്‍ മലംകലര്‍ത്തി കുടിവെള്ളം മുട്ടിക്കുന്നതുപോലുള്ള പുറംലോകമറിയാതെ അരങ്ങേറുന്ന പ്രാകൃത നടപടികള്‍ പോലും സര്‍വ്വസാധാരണമാണ്.

വിവേചനത്തിന്റെ അനുഭവത്തെ സാര്‍വ്വജനീനമായ ഒന്നായി നോവലിസ്റ്റ് ചിത്രീകരിക്കുന്നുണ്ട്. സീതക്കുവേണ്ടിയുള്ള ഇന്ത്യന്‍ ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കുന്ന മിബാങ് എന്ന വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഓഫീസര്‍ താന്‍ നിരന്തരം നേരിട്ട ‘ചിങ്കി’ എന്ന വിളിയുടെ അവമതിയെ കുറിച്ചു പറയുന്നുണ്ട്. അപര നിര്‍മ്മിതിയുടെയും അതുംവെച്ചു അതിജീവിക്കുന്ന സര്‍ക്കാറുകളുടെയും കഥ അയാള്‍ക്ക് അന്യമല്ല.

“സ്ഥിരം ഇരകള്‍, ചിലയിടത്ത് അത് കുര്‍ദുകളാവും. മറ്റുചിലയിടത്ത് മുസ്ലിമുകള്‍, മറ്റിടത്ത് ആദിവാസികള്‍, ദളിതര്‍.” ..

“കുര്‍ദുകളാണ് ഇവിടത്തുകാരെ ജീവിപ്പിക്കുന്നത്‌. തങ്ങള്‍ മോശമല്ലെന്ന് തോന്നിക്കാന്‍ അവര്‍ക്ക് കുര്‍ദുകളെ വേണം. തങ്ങളേക്കാള്‍ താഴെ ചിലരുണ്ട് എന്നു ബോധ്യപ്പെടുത്തണം.”..

“ഡിഹ്യുമനൈസേശനാണ് നടക്കുന്നത്.”

ഇതേ ആശയമാണ് മുസ്തഫ കുര്‍ദുകളെ കുറിച്ചും പറയുന്നത്:

“ഒരു കുര്‍ദ് ആയി ജനിക്കുന്നതുതന്നെ വ്യവസ്ഥിതിയുമായുള്ള ഒരു ഏറ്റുമുട്ടലാണ്..” 

സമകാലിക ലോകസാഹചര്യത്തില്‍ പലസ്തീനികള്‍, ശ്രീലങ്കന്‍ തമിഴര്‍, വീഗറുകള്‍ (Uighur Muslims), റോഹിംഗ്യകള്‍ തുടങ്ങി ആരുമാകാം ഇങ്ങനെ പറയുന്നത്.

പുരുഷാധികാര മൂല്യങ്ങളോടുള്ള സീതയുടെ നിശിതനിലപാട് ഇന്ത്യന്‍ സമൂഹത്തെയും കേരളത്തെയും സംബന്ധിച്ച അവളുടെ സമീപനം രൂപപ്പെടുത്തുന്നു. മോചനശേഷവും നാട്ടിലേക്കു പോകേണ്ടതില്ല എന്ന തീരുമാനത്തിന് കാരണം അതാണ്‌. അവള്‍ തുറന്നടിക്കുന്നു:

“എന്റെ നാട്ടിലങ്ങനെയാണ്. പെണ്‍കുട്ടികളുടെ കാലുകള്‍ക്കിടയിലാണ് ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനം സ്ഥിതിചെയ്യുന്നത് …. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുറ്റവാളികളായി കണക്കാക്കുന്ന ഒരു സമൂഹമാണ്‌ ഇന്ത്യയിലുള്ളത്”

പെണ്‍മക്കളുടെ നിസ്സഹായതക്കെതിരെ അമ്മമാര്‍പോലും ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബത്തിന്റെ മാനം എന്ന കേരളീയ മൂല്യത്തിനു പകരം സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഏതറ്റംവരെയും പോകുന്ന കുര്‍ദ് ഭൂമിക എന്ന അനുഭവമാണ് സീതയെ അവരോട് അടുപ്പിക്കുന്നതും. പുരുഷനെ സംബന്ധിച്ച് കണ്ണീര് ലജ്ജാകരമാണ് എന്ന നാട്യത്തില്‍ ‘ടര്‍ക്കിഷ് പുരുഷന്മാര്‍ എന്റെ നാട്ടിലെ ആണുങ്ങളെ പോലെയാണ്’ എന്ന് പരിഹസിക്കുന്ന സീത, ഒട്ടേറെ ഘട്ടങ്ങളില്‍ പൊട്ടിക്കരയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത്തിരി അതിവൈകാരികമാകുന്നോ എന്ന തോന്നല്‍പോലും ചിലപ്പോഴെങ്കിലും ഇതുണ്ടാക്കുന്നുണ്ട് എന്ന് പറയാം.

കുര്‍ദുകളെ അടിച്ചമര്‍ത്തുന്ന തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള സമാന്തരങ്ങള്‍ നോവലില്‍ ഒട്ടേറെ വേറെയും നിരീക്ഷിക്കപ്പെടുന്നുണ്ട്. “അങ്ങനെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം എതിര്‍ക്കുന്നവരെ ഇല്ലാതെയാക്കുന്നത്. ഭയത്തിന്റെ വിത്തുകള്‍ വിതറി ഭാവിയില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന ശബ്ദങ്ങളെ മുളയില്‍ത്തന്നെ നുള്ളുന്നത്” എന്ന തുര്‍ക്കിയെ കുറിച്ചുള്ള നിരീക്ഷണം, ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ കുറിച്ചും കൃത്യമാണല്ലോ.

“പൗരന്മാര്‍ തെണ്ടിയാലെന്താ? പട്ടിണികിടന്നാലെന്താ? നിന്റെ പ്രസിഡന്റ് മതിലുണ്ടാക്കിയില്ലേ?” 

ഈ ചോദ്യം ഇന്നൊരു ഇന്ത്യന്‍ ട്രോള്‍ പോലെത്തന്നെയുണ്ട്‌. എന്നാല്‍, പരിഹാസത്തിനപ്പുറം, തൊട്ടപ്പുറത്തുള്ള, ഒരേ രക്തത്തില്‍ പിറന്ന മനുഷ്യര്‍ക്കിടയിലൂടെയാണ് ലോകത്തിലെ “മൂന്നാമത്തെ വലിയ മതില്‍” തുര്‍ക്കി സ്ഥാപിച്ചത് എന്നത്, ഭൂപടനിര്‍മ്മിതികളുടെ അസംബന്ധത്തെയും സൂചിപ്പിക്കുന്നു. ഇതിന്റെ ദൈന്യം ഏറെ രൂക്ഷമാകുന്നത്, ടര്‍ക്കിഷ് കുര്‍ദിസ്ഥാനില്‍ നിന്നുള്ള ഏകമോചനമാര്‍ഗ്ഗം, സ്വയം കത്തുകയാണെങ്കിലും, അപ്രകാരം വിഭജിക്കപ്പെട്ട സിറിയയിലൂടെ മാത്രമാണ് എന്നതിലാണ്.

ആകാവുന്നതിലേറെ ഇരുണ്ട അനുഭവങ്ങള്‍ വേണ്ടുവോളമുള്ള നോവല്‍ ആയതുകൊണ്ട് തന്നെയായിരിക്കണം, സ്നേഹ പാരസ്പര്യങ്ങളുടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവികതയുടെയും അപൂര്‍വ്വ ചിഹ്നങ്ങളെ നോവലിസ്റ്റ് ആവേശത്തോടെ അടയാളപ്പെടുത്തുന്നുണ്ട്‌. ‘മരണം എന്നുതന്നെ’ ആ നാളുകളില്‍ വിളിക്കാവുന്ന ജിസ്റേയില്‍ സാര്യ- ഹോസാനെ ദമ്പതികളുടെ അതിഥ്യത്തില്‍ കഴിയേണ്ടിവരുന്ന ഘട്ടത്തില്‍ അബ്ദുള്ള അപ്പൂപ്പനെന്ന തുര്‍ക്കി വയോധികന്‍ നല്‍കുന്ന സഹായം അത്തരത്തിലുള്ള ഒന്നാണ്. വയോധികയായ നാര്‍ജസ് അമ്മൂമ്മ കാണിക്കുന്ന ധൈര്യവും ത്യാഗമനോഭാവവും ഹോസാനെയെയും മുസ്തഫയെയും ജീവിതത്തിലേക്ക് തിരികെ വരാന്‍തന്നെ സഹായിക്കുന്നുണ്ട്. ഗറില്ലാ പോരാളികളായ ബെറിവാനും കൂട്ടാളികളും നല്‍കുന്ന സഹായമില്ലായിരുന്നെങ്കില്‍ മുസ്തഫക്ക് ഹോസാനെയെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. തിമൂറിന്റെ ആത്മത്യാഗത്തിന്റെ കൂടി വിലയാണ് തന്റെ മോചനം എന്ന അറിവ് സീതയെ എന്നും വേട്ടയാടുകയും ചെയ്യും. കാത്തിരിക്കുന്ന അമ്മയേക്കാള്‍ പ്രധാനമാണ് നാട് എന്ന പാഠം ‘സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യുന്ന’ അര്‍മാനെ പഠിപ്പിച്ചുകൊണ്ടാണ് ദില്‍വാ സ്വയംബലിയാവുക. ദദ്വാര്‍ എന്ന ടാക്സിഡ്രൈവര്‍ ആവേശത്തോടെ തന്റെ നാടിന്റെ മതേതര സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് പറയുന്നത് സീതയ്ക്ക് പുതിയ അറിവാണ്:

“മുസ്ലിമുകള്‍ മാത്രമോ? ഹേയ്, ഞങ്ങള്‍ കുര്‍ദുകള്‍ക്കിടയില്‍ ജൂതന്മാരും ക്രിസ്ത്യാനികളും മറ്റു ധാരാളം മതവിശ്വാസികളുമുണ്ട്.. ഭാഷയും സംസ്കാരവുമാണ്‌ ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്, കുര്‍ദുകളാക്കുന്നത്.”

പക്ഷെ ആസൂത്രിതമായി ആ ഐക്യം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളികള്‍ അയാളെ വേദനിപ്പിക്കുന്നു. നാലായിരം കൊല്ലം പഴക്കമുള്ള സാംസ്കാരിക കേന്ദ്രമായ സുര്‍ നിരപ്പാക്കപ്പെട്ടതിന്റെ ചിത്രമാണ് അയാള്‍ സീതയെ കാണിക്കുന്നത്. 

പ്രഥമ അധ്യായത്തില്‍ത്തന്നെ ആരംഭിക്കുന്ന ദേവ്റാനെ അന്വേഷിച്ചുള്ള സീതയുടെ യാത്ര, തൊട്ടു പിന്നാലെയുള്ള തുര്‍ക്കി അധികൃതരുടെ പിടിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ വേണ്ടിയുള്ള ജീവന്മരണ പരീക്ഷണം ആയി മാറുന്നുണ്ട്. തിമൂറിനൊപ്പം ഭക്ഷണ ശാലയിലെത്തുന്ന അവളെ അധികൃതര്‍ക്ക് ഒറ്റിയത് ലോഹ്യം നടിച്ച കടയുടമയായിരുന്നു എന്നു വ്യക്തം. തിമൂര്‍ ഉടനീളം അസ്വസ്ഥനായിരുന്നത് എന്തുകൊണ്ടെന്നും അയാള്‍ക്ക് കടയുടമയെ ഇഷ്ടമാകാതിരുന്നതും ഇനിയങ്ങോട്ട് ഓരോ നിമിഷവും സീതയെ കാത്തിരിക്കുന്ന സംത്രാസങ്ങളുടെ സൂചനയാണ്. അവള്‍ കുറെയേറെ വളരേണ്ടതുണ്ട് എന്നും ആരെയും വിശ്വസിക്കുന്ന അതിനിഷ്കളങ്കതക്ക് മനുഷ്യര്‍ ‘ശ്വസിക്കുന്നതു പോലും ഇന്റെലിജന്സിന്റെ അറിവോടെ’യായ കുര്‍ദ് സംഘര്‍ഷ ഭൂമിയില്‍, അഥവാ സമാന സാഹചര്യങ്ങളുള്ള ലോകത്തെ മറ്റേതൊരു ഇടത്തിലും, സ്ഥാനമില്ലെന്നും ഇത് സൂചിപ്പിക്കുന്നു. ഒപ്പം, നോവലില്‍ ഉടനീളം കാണാവുന്ന അതിജീവനത്തിനു വേണ്ടിയുള്ള ഓട്ടം അടയാളപ്പെടുത്തുന്ന ‘ത്രില്ലര്‍’ മൂഡ്‌ ഇവിടെത്തന്നെ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍, ഴോനര്‍ ഫിക് ഷന്റെ കനംകുറഞ്ഞ പ്രവചനീയതക്കു കീഴ്പ്പെടാതെ, ഉടനീളം കുര്‍ദ് സമൂഹം നേരിടുന്ന ജീവിത ദുരന്തങ്ങളെ പിന്തുടരുകയും ഒപ്പം ത്രില്ലറിന്റെ ശ്വാസം മുട്ടിക്കുന്ന ആവേഗവും ഉദ്യോഗവും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ അല്‍ജീരിയയുടെ യാസ്മിന ഖദ്രയെ നോവല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുര്‍മാന്‍ജി ഭാഷയില്‍ നിന്നുള്ള പദം എന്നതിനപ്പുറം സവിശേഷമായ പ്രാധാന്യമൊന്നും ‘കുതിരയുടെ ജീനി’ എന്നര്‍ത്ഥം സൂചിപ്പിക്കപ്പെടുന്ന തലക്കെട്ടിനു അനുഭവപ്പെട്ടില്ല എന്നു സൂചിപ്പിക്കുന്നതോടൊപ്പം, നോവലിസ്റ്റ് നെഞ്ചേറ്റിയ ജനതയ്ക്ക് പ്രാപ്യമാകുംവിധം ഒരു വിവര്‍ത്തനം അതിവേഗം സംഭവിക്കട്ടെ എന്നാശിക്കുകയും ചെയ്യുന്നു.

അവസാനമായി ഒരു വാക്കുകൂടി: ‘സിന്‍’ വായന സൃഷ്ടിച്ച ആഘാതം വേട്ടയാടിയതിനെ കുറിച്ച് സംവദിച്ച സഹൃദയരെ കണ്ടു. ഒരേസമയം നോവലിന്റെ ശക്തിയും ഒപ്പം നമ്മുടെ വായനയുടെ അത്ര വിശാലമല്ലാത്ത ചുറ്റുവട്ടങ്ങളും അടയാളപ്പെടുത്തുന്നുണ്ട്‌ ആ പ്രതികരണങ്ങള്‍ എന്നാണ് എന്റെ പക്ഷം. സത്യത്തില്‍ സമകാലിക ഫിക് ഷനില്‍ ഏറ്റവും സാര്‍വ്വജനീനമായി കാണുന്നത് അത്തരം ട്രോമകളുടെ ആവിഷ്കാരങ്ങള്‍ തന്നെയാണ്. ഇതു തിരിച്ചറിയാന്‍ നമ്മുടേതു പോലുള്ള ‘സുരക്ഷിത’ ഇടങ്ങളുടെ പ്രിവിലേജുകള്‍ ഒരു തടസ്സമാകുന്നുണ്ടോ എന്നു ചോദിക്കാം. ഉണ്ടെങ്കില്‍, അതൊരു സാംസ്കാരികമായ ഉറക്കംതൂങ്ങലാണ് എന്നു പറയേണ്ടിവരും.

 More on Kurd experience:

Zin by Haritha Savithri (English)

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html


Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html


Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html