Featured Post

Showing posts with label Kurd Literature. Show all posts
Showing posts with label Kurd Literature. Show all posts

Saturday, August 3, 2024

Memed, My Hawk by Yaşar Kemal / Edouard Roditi

കഴുകന്‍/ വിമോചകന്‍: ഒളിപ്പോരിന്റെ പകര്‍ന്നാട്ടങ്ങള്‍



    തുര്‍ക്കിയിലെ കുര്‍ദിഷ് കുടുംബത്തില്‍ ജനിച്ച യശാര്‍ കെമാല്‍ (1923-2015),  ഒര്‍ഹാന്‍ പാമുക്കിനും എലിഫ് ഷഫാഖിനും മുമ്പ് ഏറ്റവും അറിയപ്പെട്ടിരുന്ന തുര്‍ക്കി നോവലിസ്റ്റ് ആയിരുന്നു. നോബേല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും സജീവമായിരുന്ന അദ്ദേഹം ഗ്രാമീണ ജീവിത കഥകള്‍ പറയുന്നതിലും ഒന്നുമില്ലാത്തവര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. കുട്ടിക്കാലത്തു സംഭവിച്ച ഒരപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട കെമാലിനു തന്റെ അഞ്ചാം വയസ്സില്‍ പള്ളിയില്‍ വെച്ച് പിതാവ് കൊല്ലപ്പെടുന്നതു കാണേണ്ട ദുര്യോഗവുമുണ്ടായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം പലവിധ ജോലികള്‍ ചെയ്ത അദ്ദേഹം, 1950ലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. വൈകാതെ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രതികരണം ശ്രദ്ധേയമായിരുന്നു: “ഒരു വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടു എന്നതിന് ആവിഷ്കാരസ്വാതന്ത്ര്യം കൈവന്നു എന്നര്‍ത്ഥമില്ല. ഒരൊറ്റ പൂ കൊണ്ട് നിങ്ങള്‍ക്ക് വസന്തം വിരിയിക്കാനാവില്ല.” ഒരു വര്‍ഷക്കാലം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ പോയ അനുഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്: “എനിക്ക് മനസ്സാക്ഷിയുടെ കുത്തലുണ്ടായി: നീയൊരു എഴുത്തുകാരനാണ്‌. നീ സംസാരിച്ചേ തീരൂ എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.” തുടര്‍ന്ന് ഇസ്താന്‍ബൂളിലേക്ക് പോയ കെമാല്‍, റിപ്പോര്‍ട്ടറായും ലൈബ്രേറിയനായും മറ്റും പ്രവര്‍ത്തിച്ചു. ഇരുപതോളം നോവലുകള്‍ രചിച്ച കെമാലിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി ആദ്യ നോവലായയ İnce Memed (1955; Memed, My Hawk) തന്നെയാണ്. കൊള്ളക്കാരനായ ഫോക്ക് ഹീറോയെ പിന്തുടരുന്ന കൃതിക്ക് മറ്റു മൂന്നു തുടര്‍ച്ചകള്‍ (novel quartet) കൂടി അദ്ദേഹം രചിച്ചു. ടര്‍ക്കിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ അംഗമാകുകയും മാര്‍ക്സിസ്റ്റ്‌ പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്ത കെമാല്‍, കുര്‍ദ്ദ് ജനതയുടെ പോരാട്ടത്തില്‍ സജീവ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍ നീണ്ട ജയില്‍വാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. “എനിക്കൊരു പ്രത്യേകം കുര്‍ദ്ദ് രാഷ്ട്രം വേണ്ട. ആര്‍ക്കും വേണ്ട. കുര്‍ദുകള്‍ക്ക് ആകെ വേണ്ടത് അവരുടെ സാര്‍വ്വലൌകിക മനുഷ്യാവകാശങ്ങള്‍ മാത്രമാണ് – തങ്ങളുടെ ഭാഷ, സംസ്കാരം, ഐഡെന്റിറ്റി എന്നിവ നിലനിര്‍ത്താനുള്ള അവകാശം” എന്ന് അദ്ദേഹം തന്റെ നിലപാടു വ്യക്തമാക്കി. “I don’t want to write about issues, I don’t want to write for an audience, I don’t even write for me. I just write” എന്ന കെമാലിന്റെ അവകാശവാദം വസ്തുതാപരം എന്നതിലേറെ അമിത അവകാശവാദങ്ങളോടുള്ള മുഖംതിരിക്കലായേ കാണേണ്ടതുള്ളൂ. *1.

    Memed, My Hawk ന്റെ മിക്ക സന്ദര്‍ഭങ്ങളും സംഭവിക്കുന്നത്‌ അനടോളിയന്‍ പ്രദേശത്താണ്, ടോറസ് മലനിരകള്‍ക്കിടയിലെ ചുകുറൂവ സമതലത്തിലെ കാര്‍ഷിക ഗ്രാമങ്ങളില്‍. ഓട്ടോമന്‍ സുല്‍ത്താനെറ്റിന്റെ പതനവും അതാതുര്‍ക്കിന്റെ (Mustafa Kemal Ataturk (1881–1938) നേതൃത്വത്തില്‍ 1923ല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപനവും ആണ് കഥാകാലം. ദേശത്തിന്റെ ഇതരഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കരണങ്ങള്‍ പക്ഷെ, ദാരിദ്ര്യത്തില്‍ മുങ്ങിയ അനടോളിയന്‍ ഗ്രാമ്യമേഖലകളില്‍ ചലനമൊന്നുമുണ്ടാക്കിയില്ല. കൊടുംവേനലും അതിശൈത്യവും മാറിമാറിവന്ന പ്രദേശം, അടിസ്ഥാന സൗകര്യ വികാസമൊന്നും തൊട്ടുതീണ്ടാതെ, വിദൂര പട്ടണങ്ങളുമായി ബന്ധമൊന്നുമില്ലാതെ 800 മുതല്‍ 2,000 വരെ അംഗങ്ങള്‍ അടങ്ങിയ തുരുത്തു സമൂഹങ്ങളായി നിലക്കൊണ്ടു. അവരുടെ ദുരിതം പൂര്‍ണ്ണമാക്കും വിധം അതിക്രൂരരും ചൂഷകരുമായ ജന്മിമാര്‍ ആളും അര്‍ത്ഥവും അടിമത്തത്തിലാക്കി വാണു. അത്തരം അഞ്ചു ഗ്രാമങ്ങളടങ്ങിയ ഒരു ഇടത്തിന്റെ ഏകാധിപതിയായ അബ്ദി ആഘാ എന്ന ഉടയോനും അയാളുടെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുന്ന ദരിദ്ര, ഭൂരഹിത കര്‍ഷക/ പാട്ടക്കുടിയാന്മാരും അടങ്ങുന്ന സമൂഹത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. മുഖ്യ കഥാപാത്രമായ മെമദ് എന്ന കൗമാരക്കാരന്‍, ലക്ഷണമൊത്ത ഒരു റോബിന്‍ഹുഡ് പരിവേഷത്തിലേക്ക് മുതിര്‍ന്നുവരുന്നതിനുള്ള പശ്ചാത്തലം ഇപ്രകാരം നോവല്‍ ആരംഭം തന്നെ വ്യക്തമാക്കുന്നു. പട്ടിണിക്കിടുകയും കണ്ണില്‍ചോരയില്ലാതെ ചാട്ടയടിക്കുകയും ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ മൂന്നിലൊന്ന് എന്ന സ്വതേ തുലോംകുറഞ്ഞ കുടിയാന്‍ വിഹിതം വീണ്ടും നാലിലൊന്നാക്കി കുറക്കുകയും ചെയ്യുന്ന അബ്ദി ആഘായുടെ ചെയ്തി ഒരു പ്രത്യേക സാഹചര്യത്തില്‍ ഇനിയും സഹിക്കാനാവില്ല എന്ന ചിന്തയോടെ, നിസ്സഹായയും ദുര്‍ബ്ബലയുമായ ഉമ്മയെ തനിച്ചാക്കി അവന്‍ ഓടിപ്പോകുന്നു. കൗമാരക്കാരന്റെ അളവുകളില്‍ ‘ഏറെ ദൂരെ’യായ അടുത്തൊരു ഗ്രാമത്തില്‍ ആട്ടിടയനായി മനുഷ്യപ്പറ്റുള്ള ഒരു കുടുംബത്തില്‍ സ്വാതന്ത്ര്യത്തിന്റെ തീരെചെറിയൊരു ഇടവേളയാണ് പിന്നെ. എന്നാല്‍ വിധിവൈപരീത്യത്തില്‍ വീണ്ടും അബ്ദി ആഘായുടെ പിടിയില്‍ അകപ്പെടുന്ന മെമദും ഉമ്മയും അതിക്രൂരമായ പീഡനത്തിനു വിധേയരാകുന്നു.

    കൂട്ടുകാരനോടൊപ്പം വിദൂരപട്ടണം സന്ദര്‍ശിക്കുന്നതാണ് മെമദിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പട്ടണത്തിനു ഒരു ‘അബ്ദി ആഘാ’ ഇല്ല എന്ന അറിവ് അവനൊരു അത്ഭുതമാണ്. അവിടെവെച്ചു കണ്ടുമുട്ടുന്ന റിബല്‍ വിപ്ലവ പ്രവര്‍ത്തകന്‍, അങ്ങോട്ടു വന്നാല്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുന്നത് അവനു ആശയങ്ങള്‍ നല്‍കുന്നു. തന്റെ ജീവിത സര്‍വ്വസ്വമായ ഹാശെ എന്ന പെണ്‍കുട്ടിയുമായുള്ള തീക്ഷ്ണ പ്രണയമാണ് അവനു കൈകാര്യം ചെയ്യാനുള്ള മറ്റൊരു വലിയ പ്രശ്നം. നിത്യവും രാത്രി സന്ധിക്കാറുള്ള ഇരുവരും ഒരുമിച്ചു ഒളിച്ചോടാന്‍ തീരുമാനിക്കുന്നുവെങ്കിലും വീണ്ടും അബ്ദി ആഘാ തന്നെയാണ് വഴിമുടക്കുക. അയാളുടെ അനന്തിരവനുവേണ്ടി ഹാശെയെ തീരുമാനിച്ചുറപ്പിച്ചതാണ്. പേമാരിയില്‍നിന്ന് അഭയംതേടുന്ന ഗുഹയില്‍ കൊടുംതണുപ്പിനെ മറികടക്കാന്‍ തീകൂട്ടുന്നതും, ആ ചൂടില്‍ ഉടലുണര്‍വ്വിന്റെ ആദ്യാനുഭവമായി പ്രണയ സംഗമവും വിവരിക്കുന്നത് നോവലിലെ ഏറ്റവും മനോഹരമായ ഭാഗമാണ്. ആദ്യവേഴ്ച്ചയുടെതായി മണ്ണില്‍ പതിയുന്ന ഹാശേയുടെ ഉടല്‍പ്പാട്, പക്ഷെ ഏറ്റവും കൊടിയ ദുരന്തത്തിലേക്കു നയിക്കും. തന്റെ അനന്തിരവന്റെ ഭാവിവധുവും കാമുകനും ഒളിച്ചോടിയത്തില്‍ ക്രുദ്ധനാകുന്ന അബ്ദി ആഘാ സംഘടിപ്പിക്കുന്ന തിരച്ചില്‍ സംഘത്തില്‍, ഗ്രാമത്തിലെ ‘ട്രാക്കര്‍’ (ഒളിച്ചോടിയ കണ്ടെത്തുന്ന വിദഗ്ധന്‍) മുടന്തന്‍ അലിക്ക് (lame Ali) അത് നല്‍കുന്ന സന്ദേശം, ഇനിയങ്ങോട്ട് ഒളിച്ചോടിയ കാമുകീകാമുകന്മാരെയല്ല,  അഭിമാനക്കൊല നടത്തപ്പെടെണ്ട വ്യഭിചാരക്കുറ്റം നടത്തിയവരെയാണ് കണ്ടെത്താനുള്ളത് എന്നതാണ്. പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ മെമാദ് ഉതിര്‍ക്കുന്ന വെടിയില്‍ പ്രതിശ്രുത വരന്‍ കൊല്ലപ്പെടുകയും അബ്ദി ആഘാക്ക് മുറിവേല്‍ക്കുകയും ചെയ്യും. തിരികെയെത്തി അവളെ കൊണ്ടുപോകും എന്ന വാക്കുനല്‍കി ഇരുട്ടില്‍ മറയുന്ന മെമാദ്, തന്റെ പരിണാമത്തിന്റെ അടുത്ത ചുവടു വെക്കുകയാണ്‌. ഒരു ഘട്ടത്തിലും യുവ മിഥുനങ്ങളെ അബ്ദി ആഘാക്കു വേണ്ടി കയ്യൊഴിയാന്‍ ഇഷ്ടമില്ലാതിരുന്ന ഗ്രാമീണരെ, അവരുടെ നിസ്സഹായത തുരുപ്പുശീട്ടാക്കി കൂട്ടക്കള്ളസാക്ഷി പറയിക്കുന്ന അബ്ദി ആഘാ, അനന്തിരവന്റെ കൊലക്കുറ്റം ഹാശേയില്‍ ചാര്‍ത്തി അവളെ ജയിലില്‍ എത്തിക്കുന്നു. അതേസമയം, മറ്റു ഗത്യന്തരമില്ലാതെ ഒരു പിടിച്ചുപറിക്കാരന്റെ സംഘത്തില്‍ എത്തിച്ചേരുന്ന മെമാദ്, തന്നില്‍ത്തന്നെ രണ്ടു കാര്യങ്ങള്‍ കണ്ടെത്തുന്നു. അവന്റെ നേതൃത്വ ഗുണത്തോടൊപ്പം മനസ്സാക്ഷിയില്ലാത്ത കൊള്ളക്കാരനാവുക തനിക്ക് അസാധ്യമാണ് എന്നതുംകൂടിയാണ് അത്. വലിയ അപകടഘട്ടങ്ങളില്‍ തങ്ങളെ സഹായിക്കുന്നവരെപോലും കണ്ണില്‍ചോരയില്ലാതെ കൊള്ളയടിക്കുകയും തന്റെ മുദ്രയായി അവരുടെ അടിവസ്ത്രം വരെ ഉരിഞ്ഞെടുത്തു നഗ്നരാക്കി അപമാനിക്കുകയും ചെയ്യുന്ന സംഘ നേതാവുമായുള്ള ബന്ധം അതിവേഗം അവനു അവസാനിപ്പിക്കേണ്ടി വരുന്നത് അങ്ങനെയാണ്. അബ്ദി ആഘാ മരിച്ചിട്ടില്ല എന്നറിയുന്നതോടെ മെമാദ് നടത്തുന്ന രണ്ടാം ആക്രമണം, അറിയാതെയെങ്കിലും, ഗ്രാമത്തിനു കൊള്ളിവെക്കുന്നതില്‍ കലാശിക്കുന്നതോടെയാണ് അവനെ കുറിച്ച് മിത്തുകള്‍ പ്രചരിച്ചു തുടങ്ങുക. സര്‍വ്വ ശക്തനായ ഏകാധിപതിയെ വെല്ലുവിളിച്ച ഹീറോ ആയും, ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്ന കൊള്ളക്കാരന്‍ (bandit) ആയും ഭിന്ന പുരാണങ്ങള്‍ പിറക്കുന്നതോടെയാണ് ‘the hawk’ (പരുന്ത്‌/ കഴുകന്‍) എന്ന വിളിപ്പേര് അവനു ചാര്‍ത്തിക്കിട്ടുക.

    ഹാശെ തടവിലായതറിയുന്ന മെമാദ്, അവളെ സന്ദര്‍ശിക്കുന്നത് അത്യന്തം ഹൃദയഹാരിയായ ഒരു ഭാഗമാണ്. ഒരു കടലോളം പറയാനുള്ള ഇരുവര്‍ക്കും മണിക്കൂറുകളോളം ഒന്നും മിണ്ടാനാവുന്നില്ല. പോലീസുകാരെ കയ്യേറി ഹാശേയെയും ജയിലില്‍ അവള്‍ക്കു ഏകകൂട്ടും മാതൃതുല്യയുമായ വയോധികയെയും സ്വതസിദ്ധമായ പോരാട്ടമികവോടെ മോചിപ്പിക്കുന്ന മെമദ്, സര്‍ക്കാര്‍ അധികൃതര്‍ ഉടമ്പടിക്കെത്തുന്നു എന്ന ഊഹാപോഹം വിശ്വസിച്ചു ഗുഹയില്‍ അവര്‍ക്കായി കാത്തിരിക്കുന്നു. അവിടെ വെച്ച് ഹാശേ പ്രസവിക്കുന്ന അതേഘട്ടത്തില്‍, അധികൃതരുമായുണ്ടാകുന്ന വെടിവെപ്പില്‍ അവള്‍ കൊല്ലപ്പെടുന്നു. മെമാദ് എന്നുതന്നെ പേരിടുന്ന കൈക്കുഞ്ഞിനെ വയോധികയെ ഏല്‍പ്പിച്ച് തന്റെ ഇനിയുള്ള ഏകദൗത്യത്തിലേക്ക് മെമാദ് ഇറങ്ങിത്തിരിക്കുന്നു: അബ്ദി ആഘായെ അയാളുടെ മുറിയില്‍ വെച്ചുതന്നെ വകവരുത്തിയ ശേഷം കുതിരയോടിച്ചു പോകുന്ന മെമാദ് മിത്തുകളിലേക്ക് പരകായം നടത്തുന്നു. എന്നാല്‍ അയാള്‍ അഞ്ചു ഗ്രാമങ്ങള്‍ മോചിപ്പിച്ചു കഴിഞ്ഞു എന്നതാണ് സുപ്രധാനം.

    സ്വന്തം ജീവിതാനുഭവങ്ങളിലൂടെ റിബല്‍ ആയിത്തീരുകയും വലിയ ത്യാഗങ്ങളിലൂടെ അഞ്ചു ഗ്രാമങ്ങളെ മോചിപ്പിക്കുകയും ചെയ്ത മെമാദ്, അക്കാലത്തെ പോരാളികളില്‍ പലരില്‍ നിന്നുമുള്ള പ്രചോദനത്തിന്റെ പ്രതീകരൂപമാണെന്നു വ്യക്തമാണ്. ആ പാത്രസൃഷ്ടിയില്‍,  വര്‍ഗ്ഗശത്രുവിനെതിരായ പോരാട്ടം എന്ന നോവലിസ്റ്റിന്റെ മാര്‍ക്സിസ്റ്റ് ആശയധാരയുടെ പ്രചോദനവും കാണാം. അയാളുടെ പോരാട്ടത്തിലുള്ള ഗ്രാമീണരുടെ പങ്കാളിത്തത്തിലും ചരിത്രം സൃഷ്ടിക്കുന്നത് വ്യക്തികളല്ല എന്ന മാര്‍ക്സിസ്റ്റ് നിലപാടിന്റെ സ്വാധീനം കാണാം. അവരുടെ ഭാവനയിലും യഥാര്‍ത്ഥ ചരിത്രത്തിലുമായി എങ്ങനെയാണു മിത്തുകള്‍ രൂപമെടുക്കുന്നത് എന്ന് നോവല്‍ പരിശോധിക്കുന്നു. മെമദിനെ ‘hawk’ എന്ന് ആദ്യമായി വിളിക്കുന്ന മനുഷ്യനെ പോലെ, അബ്ദി ആഘായെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ നിന്നെ ഒരു പുരുഷനെന്നു വിളിക്കാനാവില്ല എന്ന് പറയുന്ന സ്ത്രീക്കും ഈ പുരാണ നിര്‍മ്മിതിയില്‍ പങ്കുണ്ട്. അനീതിക്കെതിരെ നിസ്സഹായരായി നിശ്ശബ്ദം നോക്കിനില്‍ക്കുക മാത്രം ചെയ്യുന്ന ഗ്രാമീണര്‍ പോലും തന്റെ കര്‍മ്മത്തിലേക്കു അയാളെ പ്രചോദിപ്പിക്കുന്നുണ്ട്. ഭൗതികതലത്തില്‍, ശത്രുവിനെ കുറിച്ചുള്ള സൂചനകള്‍, ഭക്ഷണം, ഒളിവിടം എന്നിവയ്ക്കൊക്കെ മെമാദ്, ഗ്രാമീണരെ ആശ്രയിക്കുന്നു. എന്നാല്‍ അതിനപ്പുറം മാനുഷികമായ എല്ലാ പരിമിതികളും ചാഞ്ചാട്ടങ്ങളും വികാര വിക്ഷോഭങ്ങളും അങ്കലാപ്പുകളും രാഗ ദ്വേഷങ്ങളും, ഒറ്റവാക്കില്‍, ശക്തി ദൗര്‍ബല്യങ്ങള്‍, ഉള്ള മെമാദ് എന്ന മനുഷ്യനെ മിത്തുകളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത് അവര്‍ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ മെമദ് തനിയെ ഒരിക്കലും സ്വതന്ത്രന്‍ പോലുമല്ല. ആദ്യം അബ്ദി ആഘാ, പിന്നെ, ഉമ്മയും ഹാശേയും, പിന്നെ ഗ്രാമവും ഗ്രാമീണരും. എല്ലാവരും അയാളെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടവിലാക്കുന്നു: ഭയമായും സ്നേഹമായും പ്രണയമായും ഉത്തരവാദിത്തമായും. ഒടുവില്‍ ആളുകളുടെ ഭാവന സൃഷ്ടിക്കുന്ന പുരാണങ്ങളുടെ തട്ടകത്തില്‍ മാത്രമാണ് അയാള്‍ ശരിക്കും സ്വതന്ത്രനാകുന്നത്. ഭയം എന്ന സാര്‍വ്വലൗകിക പ്രമേയം നോവലില്‍ ഏറ്റവും ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട് എന്നതും ആരും അതില്‍നിന്നു മുക്തരല്ല എന്നതും ഇതോടു ചേര്‍ത്തു കാണാം; എല്ലാവരിലും ഭയം അടിച്ചേല്‍പ്പിക്കുന്ന അബ്ദി ആഘാ തന്നെയും. മെമദ്‌ ഒരു കൊള്ളക്കാരനായിരിക്കുന്നു എന്നറിയുന്ന നിമിഷം മുതല്‍, കുടുംബത്തെയും സൗകര്യങ്ങളെയുമെല്ലാം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന അയാളും നിരന്തര ഭയത്തിന്റെ നിഴലിലാണ്. എല്ലാതരം അധികാര സ്വരൂപങ്ങളില്‍ നിന്നും, ഭരണകൂടങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്ന ആശയം മോന്നോട്ടുവെക്കുന്നതിലൂടെ ഉള്ളിന്റെ ഉള്ളില്‍ റിബലുകളായ എല്ലാ മനുഷ്യരുടെയും ആവിഷ്കാരം തന്നെയായിത്തീരുന്നു നോവല്‍ എന്നുപറയാം. എല്ലാതരം കെട്ടുപാടുകളില്‍നിന്നും മുക്തരാകുന്ന അപൂര്‍വ്വ നിമിഷങ്ങളില്‍ ജീവിതം എത്ര ലളിതവും സുന്ദരവുമാണ് എന്ന് അനുഭവിപ്പിക്കുന്ന രംഗമാണ്, മുമ്പ് സൂചിപ്പിച്ച മെമദിന്റെയും ഹാശെയുടെയും ആദ്യാനുഭവ സന്ദര്‍ഭം. പുറത്തു കോരിച്ചൊരിയുന്ന മഴയോ, വേട്ടയാടുന്ന സമൂഹത്തിന്റെ ഭീഷണിയോ അവരെ അപ്പോള്‍ അലട്ടുന്നില്ല. മുടന്തന്‍ അലി മനസ്സില്ലാ മനസ്സോടെയാണ് മെമാദ്- ഹാശെ വേട്ടക്കിറങ്ങുന്നത് എന്നത്, അയാളുടെയും വര്‍ഗ്ഗതാല്‍പ്പര്യം അബ്ദി ആഘാക്കൊപ്പമല്ല എന്ന് വ്യക്തമാക്കുന്നു. ഗ്രാമീണര്‍ ഒന്നടങ്കം ആ കുട്ടികളെ ജീവിക്കാന്‍ വിടണമെന്നും അബ്ദി ആഘായെ വഴിതെറ്റിക്കണമെന്നും അയാളോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍, അയാളും സ്വന്തം നിലയില്‍ ഒരു വീരനാണ്: അയാള്‍ക്ക് അയാളുടെ തൊഴിലില്‍ ചതി സാധ്യമല്ല.

തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ബാലന്‍, തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും അനീതിക്കെതിരെ പൊരുതാന്‍ തയാറാകുകയും ചെയ്യുന്നതിലെ ഡിക്കന്‍സിയന്‍ അന്തരീക്ഷവും എടുത്തുപറയേണ്ടതുണ്ട്. പൗരാണിക വീരന്മാരെ ചിത്രീകരിക്കുന്ന മധ്യകാല നോവലുകളിലെ അന്തരീക്ഷത്തെ തികച്ചും സമകാലികമായ ഒരു കൃതിയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു എന്നതും നോവലിന്റെ മേന്മയാണ്. ആധുനികതയോട് മുഖം തിരിച്ചു നില്‍ക്കുന്ന, ബാഹ്യലോകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട അഞ്ചു മലയോര ഗ്രാമ സഞ്ചയം എന്ന, കാലം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമുള്ള ഗ്രാമ ജീവിതം ഒരുവശത്ത്‌,  ഏതെങ്കിലും ഏകാധിപതിയുടെ/ ജന്മിയുടെ സ്വന്തമല്ലാത്ത പട്ടണത്തെ കുറിച്ചുള്ള ബോധ്യത്തിലേക്കുള്ള ‘തെരഞ്ഞെടുക്കപ്പെട്ട’ (chosen/ ordained) നവയുവാവിന്റെ ഉണര്‍വ്വ് മറുവശത്ത്‌. രണ്ടും ചേര്‍ന്ന് ഒരു ‘മുമ്പ്, പിമ്പ്’ കാലിക സമവാക്യം രൂപപ്പെടുന്നുണ്ട് എന്നു പറയാം. ഗ്രാമാന്തരീക്ഷത്തിന്റെ സൃഷ്ടിയില്‍ പ്രകൃതിയുടെ ഘടകങ്ങള്‍ വിന്യസിക്കുന്ന രീതിയില്‍ അമിത വര്‍ണ്ണന കലരുന്നോ എന്ന സംശയം അസ്ഥാനത്താണ് എന്നു സൂക്ഷ്മ നിരീക്ഷണത്തില്‍കാണാം. ശിക്ഷയുടെ ഭാഗമായി മെമദിനെ കൊണ്ട് തനിയെ ഉഴുവിക്കുന്ന നിലത്തിലെ ഉടലാകെ മുറിവേല്‍പ്പിക്കുന്ന കാരമുള്‍ച്ചെടിയെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ ഉദാഹരണം. അത് ഗ്രാമീണരുടെ ജീവിതപാരുഷ്യത്തിന്റെതന്നെ പ്രതീകമായി തീരുന്നു. പട്ടണത്തിലെത്തുമ്പോള്‍ ആരായിരിക്കും അതിന്റെ ഉടമസ്ഥന്‍ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ മെമദിന്റെയും സുഹൃത്തിന്റെയും അതിനിഷ്കളങ്ക (naive) ലോകവീക്ഷണവും ലോകപരിചയത്തിന്റെ പരിമിതിയും നോവലിസ്റ്റ് വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ശൈലീ ലാളിത്യത്തിന്റെയും ഒപ്പം ധ്വന്യാത്മകതയെയും പ്രകടമാക്കുന്നു. ഘടനാപരമായി, ഒരു ക്ലാസിക്ക് നോവലിന്റെ പ്രകൃതം കൃതിയില്‍ വ്യക്തമാണ്‌: വ്യക്തമായ ഇതിവൃത്തം; നട്ടെല്ലായ കേന്ദ്രകഥാപാത്രം; കൃത്യമായ തുടക്കം, മധ്യം, ഒടുക്കം എന്നിങ്ങനെയുള്ള ഘടന; എന്നതെല്ലാം ഇവിടെ വ്യക്തമായി വ്യവച്ഛേദിക്കാനാകും.

‘ആഘാ’ സമ്പ്രദായത്തെയും വഴിക്കൊള്ളക്കാരുടെ സാന്നിധ്യത്തെ കുറിച്ചുമുള്ള ചരിത്രപരമായ ധാരണ നോവല്‍ വായനയില്‍ ആവശ്യമാണ്. ഓട്ടോമന്‍ ജന്മിത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയ യുദ്ധാനന്തര റിപ്പബ്ലിക്കില്‍ പുതുതായി ഉയര്‍ന്നുവന്ന പ്രതിഭാസമായിരുന്നു യുദ്ധാനന്തര കാലത്തു വന്‍നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആഘാമാര്‍. വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാനുള്ള ഉപാധിയായിരുന്നു സര്‍ക്കാരിന് ഇവരെങ്കില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഇടനിലക്കാരയതും ഇവരാണ്. വമ്പിച്ച തോതില്‍ ഭൂമി സ്വന്തമാക്കിയ ഇക്കൂട്ടര്‍ പലപ്പോഴും അതിനീചമായാണ് കര്‍ഷകരോട് പെരുമാറിയത്. ഫലത്തില്‍, സാങ്കേതികമായി നിര്‍ത്തലാക്കിയ ജന്മിത്തത്തെ അതിശയിക്കുന്ന ചൂഷണമാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇവരില്‍ നിന്ന് നേരിട്ടത്. അബ്ദി ആഘാ ഈ പ്രതിഭാസത്തിന്റെ തികഞ്ഞ മാതൃകയാണ്. “തങ്ങളുടെ ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടി ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ദരിദ്ര ജനതക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സമ്പന്നവിഭാഗം കൊള്ളക്കാരെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവരുടെ (സമ്പന്നരുടെ) ഭൂസ്വത്തുക്കള്‍ നിരന്തരം കൂടിവന്നു” എന്ന് മെമെദ് നിരീക്ഷിക്കുന്നു. വഴിപോക്കരെയും സാര്‍ത്ഥവാഹക സംഘങ്ങളെയും കൊള്ളയടിക്കുന്ന സമ്പ്രദായം (tradition of brigandage) പുരാതന ഹിറ്റൈറ്റ്‌ കാലം മുതല്‍ തുര്‍ക്കിയില്‍ നിലനിന്നുവെന്നു ചരിത്രം. അധിനിവേശ യുദ്ധങ്ങള്‍ക്കും റിബല്‍ വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന കൂലിപ്പടയാളികള്‍ പ്രസ്തുത ലക്‌ഷ്യം പിന്നിടുന്നതോടെ പിരിച്ചുവിടപ്പെടുമ്പോള്‍ അവര്‍ നാട്ടിലെങ്ങും അരാജകത്വം സൃഷ്ടിക്കുന്ന സായുധസംഘങ്ങള്‍ ആയി മാറിയതും ഇതിനു നിമിത്തമായി. സമൂഹത്തിലെ അത്തരം അസംതൃപ്ത ഘടകങ്ങളും മെമെദിനെ പോലുള്ള ഒളിച്ചോടിയ കുറ്റവാളികളും കൈകോര്‍ക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മ്മന്‍ പക്ഷത്തു നിലയുറപ്പിച്ച ഓട്ടോമന്‍ സൈന്യത്തില്‍നിന്ന് യുദ്ധാനന്തരം നടത്തപ്പെട്ട ഒന്നിച്ചുള്ള പിരിച്ചുവിടല്‍ അത്തരം കൂട്ടങ്ങളുടെ വന്‍ വര്‍ദ്ധനയ്ക്ക് കാരണമായി. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഗിരിനിരകളിലേക്കു പിന്‍വാങ്ങിയ ഇത്തരം സംഘങ്ങളില്‍ ചിലര്‍ പുത്തന്‍ സമ്പന്ന വിഭാഗത്തിനു കൈക്കാരായിത്തീര്‍ന്നു. കഥ നടക്കുന്ന കാലത്ത് അതൊരു  റിബല്‍ പ്രവര്‍ത്തനം കൂടിയായിരുന്നതുകൊണ്ട് പ്രാകൃതവേഷം എന്ന നിലയില്‍ അതാതുര്‍ക്ക് നിയമവിരുദ്ധമാക്കിയ ഓട്ടോമന്‍ ഫെസ് ധരിക്കുന്ന രീതി അവര്‍ തുടര്‍ന്നുവന്നതിനെ കുറിച്ച് മെമെദ് വിവരിക്കുന്നുണ്ട്. ചുവന്ന ഫെസ് ഗിരിനിരകളിലെ കൊള്ളക്കാരുടെ അടയാളമായിരുന്നു. പകരം നിയമപരമായി നിശ്ചയിച്ചിരുന്ന ഹാറ്റ്‌ ധരിച്ച ഒരൊറ്റ കൊള്ളക്കാരനെയും താന്‍ കണ്ടിട്ടില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

1. (artslife@thenational.ae. ‘Turkish novelist Yasar Kemal, perennial critic of power and repression, dies at the age of 91’, thenationalnews.com/arts) ("Memed, My Hawk ." World Literature and Its Times: Profiles of Notable Literary Works and the Historic Events That Influenced Them. . Encyclopedia.com. 23 Feb. 2023 <https://www.encyclopedia.com>.)  


More on Kurd Experience:

Zin by Haritha Savithri

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

 

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html

 

Friday, August 2, 2024

Daughters of Smoke and Fire by Ava Homa

        എരിയുമ്പോഴും ചാരമാകാത്ത പെണ്മ 


(ഒരു കുര്‍ദ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ്‌ അവാ ഹോമ രചിച്ച Daughters of Smoke and Fire. മുതിര്‍ന്നുവരവിന്റെ കഥയും കുടുംബ കഥയും എന്നതിനോടൊപ്പം തീക്ഷ്ണമായ വംശീയനുഭാവങ്ങളിലൂടെ കടന്നു പോകുന്ന കുര്‍ദ് ജനതയുടെ ദുരന്തങ്ങള്‍ കൂടിയാണ് നോവല്‍ വിഷയമാക്കുന്നത്.)

തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ, അര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശം, ഒന്നാം ലോകയുദ്ധത്തിനു ശേഷം, 1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തിലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്; അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസം, പീഡനം, വധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. ഗോത്ര മുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്നു ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളികളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ എന്ന പേരിലും, ഇറാഖില്‍ Free Women's Unit, or YJA Star എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മോസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female ‘Peshmerga’ ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. യസീദി ഗായിക ഖതൂന്‍ ഖിദര്‍ കൂട്ടക്കൊലയില്‍ നിന്നു രക്ഷ തേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചു കഴിയുകയും ചെയ്ത ശേഷം താന്‍ പോരാടെണ്ടതുണ്ട് എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. അവരാണ് ‘Sun Ladies’ എന്ന പേരില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്.

സദ്ദാമിന്റെ പതനം, സിന്‍ജാരിലെ യസീദി സ്ത്രീകളുടെ മോചനം, സിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു.

നോവലിലേക്ക്.. 

ഒരു കുര്‍ദിഷ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യനോവലാണ് അവാ ഹോമയുടെ Daughters of Smoke and Fire. പുസ്തകം ആരംഭിക്കുന്നത്, കുര്‍ദിഷ് കവി ഷെര്‍കോ ബേകാസിന്റെ (Sherko Bekas) കവിതയില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്:

“നിന്റെ അരങ്ങൊരു തീക്കൊള്ളിയും കാണികള്‍ ഒരു തോക്കുമാവുമ്പോള്‍ നിനക്ക് മറ്റെന്തു ചെയ്യാനാകും?

നിനക്ക് തീനാളത്തിന്റെ മുന കൊണ്ടു കവിതയെഴുതേണ്ടിയിരുന്നു

നിന്റെ ഭയത്തിനും മൗനത്തിനും തീകൊടുക്കേണ്ടിയുമിരുന്നു.”

തന്റെ സഹോദരനെ രക്ഷിക്കാന്‍ വേണ്ടിയും ഒപ്പം തന്റെ ജനതയുടെ സംസ്കാരത്തിനും പോരാട്ടത്തിനും ശബ്ദം നല്‍കുന്നതിനു വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ നിരന്തര ശ്രമം നടത്തുന്ന കുര്‍ദ് യുവതിയുടെ കഥ പറയുന്ന, ഒരേസമയം സുന്ദരവും എന്നാല്‍ ഭീകരവും തകര്‍ത്തുകളയുന്നതും മസൃണമാംവിധം പ്രതീക്ഷാനിര്‍ഭരവുമായ ഒരു നോവല്‍ രചിക്കുന്നതിലൂടെ കൃത്യമായും കവി പറഞ്ഞത് തന്നെയാണ്,  അവാ ഹോമ നിര്‍വ്വഹിക്കുന്നത് എന്ന് നവോമി ബെനരോണ്‍ നിരീക്ഷിക്കുന്നു *(1). (Naomi Benaron. The BookBrowse Review in June 2020).

ഇറാനിയന്‍ പ്രദേശത്തുള്ള കുര്‍ദ് കുടുംബത്തില്‍ ജനിച്ച ലൈലാ സമാന്‍ എന്ന പെണ്‍കുട്ടിയുടെ മുതിരുന്നു വരവിന്റെ കഥയാണ് നോവല്‍ ആരംഭിക്കുന്നത്. ഇറാനിയന്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തില്‍ തന്റെ കുടുംബത്തിന്റെ കൂട്ടക്കൊലക്ക് അവളുടെ പിതാവ് സാക്ഷിയാകുന്ന 1963 മുതല്‍, 2009ല്‍ Green Movement  എന്നറിയപ്പെട്ട ഇറാനിയന്‍ മുന്നേറ്റത്തെ (Persian Awakening or Persian Spring) ഭരണകൂടം അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍ അപ്രത്യക്ഷനാകുന്ന സഹോദരനെ കണ്ടെത്താനുള്ള ലൈലയുടെ ശ്രമങ്ങളും പരിണതികളും  വരെയുള്ള അഞ്ചു പതിറ്റാണ്ടോളം കാലമാണ് നോവലിന്റെ കാലഗണന. “യൂണിവേഴ്സിറ്റി പഠനം, ജോലി സമ്പാദിക്കല്‍, എന്റെ സ്വന്തം ക്യാമറ വാങ്ങുക, സിനിമകള്‍ നിര്‍മ്മിക്കുക” എന്നതൊക്കെയാണ് ലൈലയുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ അവള്‍ കുര്‍ദ് ആണ്, സ്ത്രീയാണ്, ദരിദ്രയാണ്, ‘വിപ്ലവവിരുദ്ധന്‍’ എന്ന് മുദ്ര കുത്തപ്പെട്ട് നിരോധിത കുര്‍ദ് എഴുത്തുകാരുടെ രണ്ടു കൃതികളുമായി അറസ്റ്റ് ചെയ്യപ്പെട്ടു ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയില്‍ നാലുവര്‍ഷം കഴിഞ്ഞ പിതാവിന്റെ മകളാണ്. കണ്ടെടുക്കപ്പെടുന്ന കൃതികളില്‍ ഒന്ന് ഡോ. അബ്ദുറഹ്മാന്‍ ഗസംലു എഴുതിയതും മറ്റൊന്ന് ദേശീയ അഖണ്ഡതക്കു മുകളില്‍ വര്‍ഗ്ഗസമരത്തെ പ്രതിഷ്ടിക്കുന്ന മാര്‍ക്സിസ്റ്റ്‌ ഗ്രന്ഥവും ആയിരുന്നുവെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നത്, ബാബയുടെ നിലപാടുകളുടെ അനാവരണമാണ്. ഡോക്റ്ററേറ്റ് ഉണ്ടായിട്ടും ജോലി ലഭിക്കാതെ പോയതിനും അസംതൃപ്തനായി അദ്ദേഹം വീട്ടില്‍ ഒതുങ്ങിപ്പോയത്തിനും കാരണം മറ്റൊന്നല്ല. അതേസമയം, പരമ്പരാഗത പുരുഷമൂല്യങ്ങളില്‍ നിന്ന് ബാബ തീര്‍ത്തും മുക്തനല്ല. ജോലിയില്ലെങ്കിലും സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് കണക്കാക്കപ്പെടുന്ന പാചകം പോലുള്ളതൊന്നും തന്റെ അന്തസ്സിനു ചേരില്ലെന്ന ബാബയുടെ നിലപാട് ഉമ്മാക്ക് സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. മാനസികാരോഗ്യ രംഗത്തെ കൌണ്‍സലര്‍ എന്ന നിലക്കുള്ള തിരക്കുകള്‍ മാത്രമല്ല കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ക്കും മൂടിക്കെട്ടിയ അവസ്ഥയ്ക്കും കാരണമെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം ലൈലക്ക് ശരിക്കുമൊരു ഞെട്ടല്‍ ആയിരിക്കും. ഉമ്മയെ ഉഭയലിംഗ വ്യക്തിയോടൊപ്പം വേഴ്ചയുടെ ഘട്ടത്തില്‍ കാണേണ്ടി വരുമ്പോള്‍ അവള്‍ക്കു തോന്നുന്നു: “ഞാന്‍ തന്നെയും ഒരു അസ്തിത്വ അബദ്ധമായിരുന്നു. ഞാനൊരു തെറ്റായിരുന്നു.”

കുടുംബ കഥക്കപ്പുറം

ലൈലയും അനിയന്‍ ചിയായും വംശീയ പീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നത്. എട്ടുവര്‍ഷം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അന്ത്യത്തില്‍, സദ്ദാം ഹുസൈന്‍ ഹലബ്ജായെ രാസായുധം കൊണ്ടു മൂടിയ ദിനത്തിലാണ് ചിയാ ജനിക്കുന്നത് എന്നതില്‍, വിധിതന്നെയും അവനെ അതിനായി തെരഞ്ഞെടുത്ത സൂചനയുണ്ട്. ലക്ഷണമൊത്ത ബുദ്ധിജീവിയായി വളരുന്ന ചിയാ, ചെ ഗുവേരയെയും ഗാന്ധിയേയും മണ്ടേലയെയും ആരാധിച്ചു. യുദ്ധവും സമാധാനവും, 1984 തുടങ്ങിയ പുസ്തകങ്ങള്‍ സഹോദരിക്കു നിര്‍ദ്ദേശിച്ചു. എന്നാല്‍, തങ്ങളുടെ തന്നെ ദുരന്തങ്ങളുടെ കണ്ണാടിയായ അനുഭവങ്ങളുടെ ആഖ്യാനങ്ങള്‍ വായിക്കാന്‍ അവള്‍ക്ക് താല്പര്യമില്ല. ലൈല രണ്ടു ലോകങ്ങള്‍ക്കിടയില്‍ ഞെരുങ്ങിപ്പോവുന്നു. ഇറാനില്‍ ജനിച്ചെങ്കിലും കുര്‍ദ് ആയതുകൊണ്ട് ഇറാനിയന്‍ എന്ന അംഗീകാരം അവള്‍ക്കു ലഭിക്കുകയില്ല. “ഇവിടെ കഴിഞ്ഞോളൂ, എന്നാല്‍ ഒരിക്കലും നീ ഞങ്ങളില്‍ പെട്ടവളാകില്ല” എന്ന് ദേശം തന്നോടു പറയുമ്പോലെ അവള്‍ക്ക് അനുഭവപ്പെടുന്നു. സ്ത്രീക്കു മൂല്യവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാണ് അവള്‍. അറബിക് മാത്രം അംഗീകൃത ഭാഷയായ സ്കൂളില്‍ സ്വന്തം ഭാഷ സംസാരിച്ചതിനു അടി കിട്ടുന്ന കുര്‍ദ് വംശജ. ജന്മന്ദേശം എന്ന അര്‍ത്ഥത്തില്‍ ‘നിഷ്ത് മാന്‍’ എന്ന് കുര്‍ദ്ദ് പേരില്‍ ലൈലയെ വിളിക്കണം എന്നുണ്ടായിരുന്നു ബാബക്ക്. എന്നാല്‍ ആ വാക്ക് നിരോധിത പദങ്ങളുടെ ലിസ്റ്റില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ആ പേര് വളര്‍ത്തു പട്ടിക്കിട്ടു ഒരു തരം പ്രതികാരം നിര്‍വ്വഹിക്കുന്നുണ്ട് ലൈല. സ്വന്തം ഭൂതകാലംകൊണ്ടു മുറിവേറ്റ മാതാപിതാക്കള്‍ അവള്‍ക്കു സ്നേഹവും ആത്മവിശ്വാസവും നല്‍കുന്നതില്‍ പരാജയപ്പെടുന്നു. “ലൈലയുടെ പിതാവിന്റെ മുതുകിലുള്ള പീഡനത്തിന്റെ വടുക്കള്‍ അയാള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കുന്ന സാംസ്കാരിക DNAയുടെ പ്രതീകമാണ്” (Naomi Benaron). ആ ചാട്ടവാര്‍ തങ്ങളുടെയെല്ലാം മുതുകുകളില്‍ ഒരു വിവേചനവുമില്ലാത്ത അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ടെന്നു ലൈല കരുതുന്നു. നഗരങ്ങളിലെ മികച്ച വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളോട് മത്സരിക്കേണ്ടിവരുന്ന പിന്നോക്ക പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടി എന്ന നിലയില്‍ മികച്ച കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ അവള്‍ നിരന്തരം പിന്തള്ളപ്പെടുന്നു. ചിയാക്ക് ഒടുവില്‍ പ്രവേശനം കിട്ടുമ്പോള്‍ അത് അവന്‍ ആഗ്രഹിച്ച നിയമ പഠനത്തിലല്ല, മറിച്ച് അവനൊട്ടും താല്‍പ്പര്യമില്ലാത്ത പൊളിറ്റിക്കല്‍ സയന്‍സിലാണ്. നിയമ പഠനം എന്നത് അവനെ സംബന്ധിച്ചു, വംശഹത്യയുടെ പ്രനെതാക്കളെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ എത്തിക്കാനുള്ള ഉപാധിയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു തികഞ്ഞ ആക്റ്റിവിസ്റ്റ് പാതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അതും ഒരു കാരണമാണ് അവന്. 

ചിയക്ക് ടെഹ്‌റാന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ലൈല അയാള്‍ക്കൊപ്പം നഗരത്തിലേക്കു നീങ്ങുന്നു. പുസ്തകപ്പുഴുവായ അവള്‍ക്ക് ഒരു സ്വതന്ത്ര ബുക്ക്സ്റ്റോറില്‍ ജോലി കണ്ടെത്താനാവുന്നത് വരുമാന മാര്‍ഗ്ഗവും ഒപ്പം ആനന്ദവും നല്‍കുന്നു. ആ പണം ഉപയോഗിച്ച് വാങ്ങുന്ന ക്യാമറ കൊണ്ട് അവള്‍ ടെഹ്‌റാനിലെ ജീവിത കഥകള്‍ പകര്‍ത്തുന്നു. പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്ന ചിയാ, മഹ്മൂദ് അഹ്മദി നജാദിന്റെ പുനര്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച തര്‍ക്കങ്ങളുടെയും കലാപങ്ങളുടെയും ഘട്ടത്തില്‍, ജനകീയ മുന്നേറ്റത്തില്‍ (Green Movement) പ്രകടനങ്ങളില്‍ ചേരുകയും ഒരു നാള്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നതാണ്‌ ലൈലയുടെ ജീവിതത്തില്‍ വഴിത്തിരിവാകുക. അയാളെ കണ്ടെത്താനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണ് അവള്‍ സ്വന്തം സ്വരവും കണ്ടെത്തുക. അവള്‍ സംസാരിക്കുക ചിയക്കു വേണ്ടി മാത്രമല്ല, മുഴുവന്‍ കുര്‍ദ് ജനതക്കും വേണ്ടിയാണ്. സ്വാഭാവികമായും അവള്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിത്തീരുകയും ചെയ്യുന്നു. ലൈലയുടെ കണ്ടെത്തലും തിരിച്ചറിവും മാനവികതയുടെ വിശാല പരിപ്രേക്ഷ്യങ്ങളിലേക്കു കൂടി വ്യാപിക്കുന്നത് ശ്രദ്ധേയമാണ്:

 “ഞാന്‍ തനിച്ചായിരുന്നില്ല, ഞാന്‍ അവരെയെല്ലാം കണ്ടു. റുവാണ്ടയിലെ, ബോസ്നിയയിലെ, പ്ലാന്റെഷനുകളിലെ, വടക്കേ അമേരിക്കയിലെ ആദിവാസി റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലെ മനുഷ്യര്‍ കുര്‍ദ്ദുകളോടു തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.” 

പിതാവിന്റെ ദുര്‍വ്വിധി സഹോദരനെ പിടികൂടിയേക്കുമെന്ന ചിന്ത ഒരു പേടിസ്വപ്നമായി ലൈലയെ വേട്ടയാടുന്നു:

“കൂട്ടക്കുരുതികളുടെ ഉത്തരവാദികളെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച മനുഷ്യനായ ചിയയെ, കശക്കിയെറിയപ്പെട്ട വേറെയുമൊരു ഇരയായി ജീവിതത്തില്‍ സ്വപ്നാടനം നടത്തുന്നത് കാണേണ്ടി വരുന്നതിലും ഭയപ്പെടുത്തുന്നതായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല.”

ടെഹ്‌റാനിലെ തടവറയില്‍ അപ്രത്യക്ഷനാകുന്ന ചിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ലൈല ആരംഭിക്കുന്ന കാംപെയ്നിന്റെ ഭാഗമായാണ് അയാളുടെ കുറിപ്പുകള്‍ അവള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്നത്. എന്നാല്‍, നോവലന്ത്യത്തില്‍ കാരോ നിരീക്ഷിക്കുന്നതുപോലെ, അതത്ര ഗുണമല്ല ചെയ്തത് എന്നുകാണാം. പ്രാദേശികമായി ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ കുറിപ്പുകളുടെ പ്രകാശനം, അന്താരാഷ്‌ട്ര ശ്രദ്ധ നേടിയേക്കാം എന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഭീഷണിക്കാരനെ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന നിലപാടാണ് ഭരണകൂടം കൈക്കൊണ്ടത്. ഒപ്പം ലൈല വെട്ടയാടപ്പെടുന്നതിലേക്കും, കാരോയുടെ സഹായത്തോടെ കാനഡയില്‍ പ്രവാസ ജീവിതം നയിക്കേണ്ടതിലേക്കും അത് എത്തിക്കുകയും ചെയ്യും. ചിയായുടെ ദുരന്തത്തിനു ഉത്തരവാദിയായി അവള്‍ കണ്ട കാരോ അക്കാര്യത്തിലും നിരപരാധി ആയിരുന്നു എന്നും, വിട്ടുവീഴ്ച്ചയില്ലാത്ത പോരാളിയായ ചിയാ തന്നെയാണ് അപകടം വരുത്തിവെച്ചത് എന്നും തിരിച്ചറിയുന്നതാണ്, നോവലന്ത്യം സൂചന നല്‍കുന്ന പുതിയൊരു തുടക്കത്തിലേക്ക് ഇരുവരെയും എത്തിക്കുക. നോവലിലെ ശുഭസൂചനയും അതുമാത്രമാണ്.

സ്ത്രീപക്ഷ നോവല്‍

സ്ത്രീകളാണ് നോവലിന്റെ കേന്ദ്രം. നിയമത്തിനു മുന്നില്‍ സ്ത്രീക്ക് പുരുഷനുള്ളതിന്റെ പാതി അവകാശങ്ങളെ ഉള്ളൂ എന്നു ശഠിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഇരട്ട യുദ്ധമുഖത്തെയാണ് കുര്‍ദ്ദ് സ്ത്രീ നേരിടുന്നത്. ഒരു വശത്ത്‌, ഇതര മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങളില്‍ കാണാനാവാത്ത ലിബറല്‍ സ്വഭാവം നിലനിര്‍ത്തിയ കുര്‍ദ്ദ് സമൂഹത്തിനു ഭൂരിപക്ഷവും മുസ്ലിംകള്‍ ആണെങ്കിലും, ഒരു മതേതര പാരമ്പര്യമുണ്ട്. പര്‍ദ്ദ സമ്പ്രദായം അതിന്റെ ഭാഗമല്ല. 1667ല്‍ മേഖല സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി പെട്രോ ഡെല്ലാ വാലെ തന്റെ ഡയറിയില്‍ രേഖപ്പെടുത്തുന്നത് “കുര്‍ദ് സ്ത്രീകള്‍ ഹിജാബില്ലാതെ സ്വതന്ത്രരായി സഞ്ചരിക്കുന്നത്” കണ്ടു എന്നാണ്(Naomi Benaron). സ്ത്രീയും പുരുഷനും തുല്യരാണ് എന്ന അടിസ്ഥാന തത്വത്തെ പ്രമാണമാക്കുന്ന PKKയുടെ സ്ഥാപക തത്വത്തിലും ഈ ലിബറല്‍ സമീപനം കാണാം. PKK നേതാവായ അബ്ദുല്ലാ ഒചലാന്‍ (Abdullah Ocalan) “സ്ത്രീകള്‍ സ്വതന്ത്രരല്ലാത്തപ്പോള്‍ നാടിനു സ്വതന്ത്രമാകാനാകില്ല” എന്നു വ്യക്തമാക്കുന്നു. അതേസമയം, ഭരിക്കുന്ന രാജ്യങ്ങളുടെ ദേശീയ സങ്കുചിതത്വം, സ്വന്തം ദേശത്തിന്റെ പുരുഷ മേല്‍ക്കോയ്മ,  ഇസ്ലാമിക ഗ്രൂപ്പുകളുടെ സ്ത്രീവിദ്വേഷം, തുടര്‍ച്ചയായ യുദ്ധങ്ങള്‍ എന്നിങ്ങനെ കുര്‍ദ് സ്ത്രീകള്‍ ഒട്ടേറെ തലത്തിലുള്ള വിവേചനം നേരിട്ടു. ഗ്രാമീണ മേഖലകളില്‍ ശൈശവ വിവാഹം, സ്ത്രീകള്‍ക്കു നേരെയുള്ള ശാരീരിക കടന്നുകയറ്റങ്ങള്‍, ദുരഭിമാനക്കൊല എന്നതൊന്നും അസാധാരണമല്ല. ചിലര്‍ ടീനേജില്‍ ചെറുത്തുനില്‍പ്പു സംഘങ്ങളില്‍ ചേര്‍ന്നത്‌ കര്‍ക്കശക്കാരായ മാതാപിതാക്കളില്‍ നിന്നും ഓടിപ്പോന്നിട്ടാണ്. പലരും സൈന്യത്തില്‍ ചേര്‍ന്നത്‌ സ്വാതന്ത്ര്യം തങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയവും സാമുദായികവും വ്യക്തിപരവുമായ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ്. YPJ അംഗമാകുക എന്നത് സ്വത്വബോധമുള്ള കുര്‍ദ്ദ് സ്ത്രീക്ക് ഒരു മോചനമാര്‍ഗ്ഗമായിരുന്നു.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ തീക്ഷ്ണമായ ആഖ്യാനങ്ങള്‍ നോവലില്‍ ഒട്ടേറെയുണ്ട്.

“സ്ത്രീത്വത്തെയും കലകളെയും ശിക്ഷിക്കുകയും മോഷ്ടാക്കളെയും കൊലപാതകികളെയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദേശത്തിന്റെ ഭ്രാന്തിന്റെ ഇരകളാണ് നീയും ഞാനും”

എന്ന ശിലറുടെ നിരീക്ഷണം അവളുടെയും അമ്മ ജോവാനിന്റെയും അനുഭവങ്ങള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീയുടെ ഇരട്ടി പൌരാവകാശമുള്ള ഒരു പുരുഷനെ കൊന്നതാണ് ജോവാനയെ തൂക്കുകയറിന്റെ വക്കിലെത്തിക്കുന്നത്, ജീവന്‍ രക്ഷിക്കുന്നത് ഉദരത്തില്‍ ഒരു കുഞ്ഞുണ്ട്‌ എന്നതും. ബലാല്‍ക്കാര ശ്രമത്തിനിടെ സ്വയരക്ഷാര്‍ത്ഥം സംഭവിച്ച കാര്യത്തില്‍, ഒരു വിശദീകരണത്തിനു ഒരിക്കലും അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. എന്നാല്‍ ശിലര്‍ സ്വയം താനൊരു അപശകുനമാണ് എന്ന് വിശ്വസിക്കുന്നു. പിതാവ് തൂക്കിലേറ്റപ്പെട്ട ദിനത്തില്‍ പിറന്നവള്‍. അറസ്റ്റിലാവുമ്പോള്‍ കന്യകാത്വ പരിശോധനയില്‍ തോറ്റുപോകുന്നതിനു വിലയായി മൃഗീയ പീഡനം നേരിടുകയും ഒരു കിഡ്നി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്യുന്നതാണ് അവളുടെ ദുര്‍വ്വിധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. അവള്‍ക്ക് കൊടിയ പീഡനം നേടിക്കൊടുത്ത ചര്‍മ്മ നഷ്ടത്തിലെ മറ്റെയാള്‍ ഷിയയായിരുന്നു എന്നു പിന്നീടാണ് ലൈല അറിയുക. ഷിയക്കും ദുരന്തം കൊണ്ടുവന്നത് ശപിക്കപ്പെട്ട താനാണെന്നു ശിലര്‍ സ്വയം കുറ്റപ്പെടുത്തുന്നു. കഠിന നൈരാശ്യത്തിന്റെ ഘട്ടത്തില്‍ അവള്‍ ലൈലയോട് പറയുന്ന വാക്കുകള്‍ ഹെമിംഗ് വേയുടെ ഹെന്‍ റിയുടെ (A Farewell to Arms ) മൂല്യനിരാസത്തെ ഓര്‍മ്മിപ്പിക്കുന്നു *(2):

 “എന്നെ അങ്ങനെ നോക്കല്ലേ, ലൈല. എനിക്കീ ഭോഗിക്കപ്പെട്ട അവമതി ഇനിയും സഹിക്കാനാകില്ല. നീയൊരു ലെഫ്റ്റിസ്റ്റ് ആണെങ്കില്‍, അവര്‍ നിന്നെ കൊല്ലും; നീയൊരു ആക്റ്റിവിസ്റ്റ് ആണെങ്കില്‍ അവര്‍ നിന്നെ കൊല്ലും; ഇനി നീയൊന്നിലും വിശ്വസിക്കുന്നില്ലെങ്കിലും എപ്പോഴും ‘ഉവ്വ്, സാര്‍’ പറയുകയും ചെയ്താലും അവര്‍ നിന്നെ കൊല്ലും. ഒരു പക്ഷെ ശാരീരികമായി അല്ലായിരിക്കാം, പക്ഷെ അവര്‍ നിന്നെ ആത്മാവില്‍ കൊല്ലും. ഇതെല്ലാം എനിക്ക് മടുത്തു – ഇരുണ്ട യുഗങ്ങളില്‍ നിന്നുള്ള നിയമങ്ങള്‍, ഈ അപകീര്‍ത്തിപ്പെടുത്തല്‍.. എല്ലാം, ലൈല. ഈ നാട്ടില്‍ നാം മനുഷ്യരില്‍ താഴെയാണ് (subhuman). നാം സ്ത്രീകളാണ്, നാം കുര്‍ദ്ദുകളും ആണ്. എനിക്കിത്തിരി അന്തസ്സു വേണം, പ്രതീക്ഷിയര്‍പ്പിക്കാന്‍ എന്തെങ്കിലും. എനിക്ക് ശരിക്കുമൊരു പ്രതികരണം ഉണ്ടാക്കണം. ശരിക്കുമുള്ള പോരാട്ടം. അല്ലെങ്കില്‍ രോഷം എന്റെ നേരെത്തന്നെ തിരിയും, എന്നെ നശിപ്പിക്കും. എന്നെ നോക്കൂ. ഞാന്‍ അഴുകിക്കൊണ്ടിരിക്കയാണ്. നിന്നെക്കാളും വേഗത്തില്‍”

ശിലര്‍ അന്തരീക്ഷത്തില്‍ കൈകള്‍ വീശി സംസാരം തുടര്‍ന്നു.

 “ഞാനെന്തായാലും മരിക്കാന്‍ പോകുകയാണ്, അപ്പോള്‍ എന്തുകൊണ്ട് അതിത്തിരി അന്തസ്സോടെയും അഭിമാനത്തോടെയും ആയിക്കൂടാ? എന്തുകൊണ്ട് ചില അധിനിവേശക്കാരെ ആദ്യം കൊന്നുകൂടാ?”

പ്രതിശ്രുത വരന്റെ കാലുമാറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഫാത്തിമ എന്ന സമ്പന്നകുമാരിയുടെ അന്ത്യമാണ് മറ്റൊരു പെണ്‍ദുരന്തം. ഷിറിന്‍ എന്ന പെണ്‍കുട്ടി വയറ്റില്‍ ഒരു കുഞ്ഞുമായി സ്വയം തീയില്‍ചാടി മരിക്കുന്നതും സമാനമായ അനുഭവമാണ്‌. സ്ത്രീകളുടെ തീയില്‍ ചാടിയുള്ള ആത്മഹത്യയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കുര്‍ദിസ്താനുണ്ട് എന്നു നോവലിസ്റ്റ് പരിഹസിക്കുന്നു.

മതാന്ധതയുടെ തിട്ടൂരങ്ങള്‍

കുര്‍ദ്ദ് വിവേചനത്തിന്റെ മതപരമായ കാരണങ്ങള്‍ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്‌. ഖോമെയ്നി കുര്‍ദ്ദുകള്‍ക്കെതിരെ ‘ഇസ്ലാമിന്റെ ശത്രുക്കള്‍’ എന്ന ഫത് വാ പുറപ്പെടുവിക്കുന്നത് മറ്റെന്തിലുമേറെ അവര്‍ ‘സുന്നി’വിഭാഗക്കാരാണ് എന്നതുകൊണ്ടാണ്. കുര്‍ദ്ദുകള്‍ക്കു നേരെ അരങ്ങേറിയ അത്യാചാരങ്ങള്‍ക്കു മതപരമായ ന്യായീകരണം ചമയ്ക്കാന്‍ ഇത്തരം നിലപാടുകള്‍ ഹേതുവായി. കന്യകമാര്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നിരിക്കെ, ലൈംഗിക അടിമത്തം കുര്‍ദ്ദ് സ്ത്രീകള്‍ക്കു മരണാന്തര മോക്ഷവും നിഷേധിക്കുന്ന പ്രക്രിയയായിത്തീര്‍ന്നു.

“ഇറാനില്‍ നിസ്സഹായരായി, ഇറാഖില്‍ ഭവനരഹിതരായി, തുര്‍ക്കിയില്‍ പ്രതീക്ഷാ രഹിതരായി, സിറിയയില്‍ ദേശരഹിതരായി”

എന്ന് കുര്‍ദ്ദ് അസ്തിത്വ രാഹിത്യത്തെ ലൈല നിര്‍വ്വചിക്കുന്നു. “ഖോമെയ്നിയാണോ സദ്ദാമാണോ കൂടുതല്‍ ക്രൂരന്‍?” എന്ന ചിയായുടെ ചോദ്യത്തിന് മറുപടി പറയുക ബാബക്ക് എളുപ്പമായിരുന്നില്ല.

“എങ്ങനെ കഴിയും? ഇറാന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെയും സഹോദരങ്ങളില്‍ രണ്ടുപേരെയും കൊന്നുകളഞ്ഞിരുന്നു. ഇറാഖ് ആകട്ടെ, 1963ലെ കൂട്ടക്കുരുതിയില്‍ അദ്ദേഹത്തിന്‍റെ അമ്മാവന്മാരേയും മുത്തച്ചനെയും മുത്തശ്ശിയേയും, അതുപോലെ 1991ലെ കലാപത്തില്‍ ബാക്കിയുള്ള സഹോദരനെയും.”

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു:

“ഇപ്പോള്‍ ഇറാന്‍, തുര്‍ക്കി, സിറിയ എന്നിവയെല്ലാം അങ്കലാപ്പിലാണ്. അവരൊക്കെ അവരുടെ കുര്‍ദ്ദ് ജനതകളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.” 

 

കിന്റര്‍ഗാര്‍ട്ടന്‍ കാലത്ത് മാതാപിതാക്കള്‍ പലപ്പോഴും സ്ഥലത്തില്ലാത്തതുകൊണ്ട്‌ അനിയന്റെ പരിപാലകയായി വര്‍ത്തിക്കുമായിരുന്ന ലൈല, സ്കൂള്‍ ഗേറ്റില്‍, തങ്ങളെ മറന്നിരിക്കാന്‍ ഇടയുള്ള, വൈകിയെത്തുന്ന രക്ഷിതാക്കളെ കാത്തുനില്‍ക്കുമ്പോള്‍ അനിയനെ സമാധാനിപ്പിക്കാന്‍ കഥകള്‍ മെനയുകയും റൂമിയുടെ കവിത ചൊല്ലുകയും ചെയ്തു. കവിതയും കഥകളും ഉദ്ധരണികളും ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കുന്ന ലൈലയുടെ രീതിയുടെ തുടക്കം ഇവിടെ കാണാം. ദുരിതങ്ങളുടെ തീനാളത്തില്‍ നിന്നാണ് സര്‍ഗ്ഗസൃഷ്ടിയുടെ ഉത്ഭവം എന്നുകൂടിയാണ് അവള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നോവലിന്റെ അവസാനത്തെ മൂന്നിലൊന്നു കേന്ദ്രീകരിക്കുന്ന കനേഡിയന്‍ ഭാഗം ഏതാണ്ടൊരു ‘കൈറ്റ് റണ്ണര്‍’ ശുഭാപ്തിയിലേക്ക് നീങ്ങുന്നുണ്ട് എന്നു തോന്നാം. ആഖ്യാനത്തില്‍ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കാനും എല്ലാമൊന്നു തുന്നിക്കെട്ടാനും ശ്രമിക്കുന്ന പ്രസ്തുത ഭാഗം, വംശീയാനുഭാവത്തിന്റെ എന്നതിലേറെ വൈയക്തിക തലത്തിലേക്കു ചുരുങ്ങിപ്പോകുന്നുവോ എന്നൊരു വിമര്‍ശനം സാധ്യമാണ്.

 

 

References:

1.      *1. Naomi Benaron. The BookBrowse Review in June 2020

2.      *2. “If people bring so much courage to this world the world has to kill them to break them, so of course it kills them. The world breaks everyone and afterward many are strong at the broken places. But those that will not break it kills. It kills the very good and the very gentle and the very brave impartially. If you are none of these you can be sure it will kill you too but there will be no special hurry.”

-          (Ernest Hemingway, A Farewell to Arms, Chapter XXXIV)


More on Kurd Experience:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html