Featured Post

Monday, March 10, 2014

പഥേര്‍ പാഞ്ചാലി. (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 3


പഥേര്‍ പാഞ്ചാലി.
(1955) (
ബംഗാളി)
തിരക്കഥ, സംവിധാനം: സത്യജിത് റായ്
കഥ: ബിഭൂതി ഭൂഷന്‍ ബന്ദോപധ്യായ
ഇന്ത്യന്‍ സിനിമയിലെ അതികായിരില്‍ മുന്‍പനാണ് സത്യജിത് റായ്. 1955-ലാണ് അദ്ദേഹത്തിന്റെ ക്ലാസ്സിക് മാസ്റ്റര്‍പീസ് “പഥേര്‍ പാഞ്ചാലി” പുറത്തു വരുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള സ്വര്‍ണ്ണ കമലം നേടിയ ചിത്രം, തൊട്ടടുത്ത വര്‍ഷം കാനില്‍ ‘Best Human Document’ പുരസ്കാരം നേടി. ലോക ശ്രദ്ധയിലേക്ക് വളര്‍ന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയുടെ ഉദയമായിരുന്നു അപ്പോള്‍ സംഭവിച്ചത്. പിന്നീട് ഒന്നിനൊന്നു മികച്ച ചിത്രങ്ങളുമായി നമ്മളാ പ്രതിഭയുടെ ചലച്ചിത്ര സപര്യക്ക് സാക്ഷ്യം വഹിച്ചു.

ബംഗാളി സാഹിത്യത്തിലെ ലക്ഷണമൊത്ത buildungsroman (coming-of- the- age novel) ആണ് ബിഭൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ ‘പഥേര്‍ പാഞ്ചാലി’ (1928). തന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയെ ആസ്പദമാക്കിയാണ് സത്യജിത് റായ് തന്റെ കന്നി ചിത്രം ഒരുക്കിയത്. (പിന്നീട് ‘അപരാജിതോ’ ‘അപുര്‍ സന്‍സാര്‍’ എന്നീ ചിത്രങ്ങളോടൊപ്പം ‘അപുത്രയം’ (Apu Trilogy) എന്നറിയപ്പെട്ട മൂന്ന് ചിത്രങ്ങളും ബിഭൂതി ഭൂഷന്‍ രചനയില്‍ നിന്ന് തന്നെയായിരുന്നു.) ‘ബൈസിക്കിള്‍ തീവ്സ്” (വിറ്റോരിയോ ഡിസീക്ക – 1948) എന്ന ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് സിനിമാ ക്ലാസ്സിക്കിന്റെയും ഫ്രഞ്ച് നവ സിനിമയുടെ ആചാര്യനായ റെനോ (Jean Renoir) യുടെയും മാസ്മരികതയിലാണ് ‘പഥേര്‍ പാഞ്ചാലി’ സിനിമയാക്കുകയെന്ന സ്വപ്നത്തിലേക്ക് റായ് കച്ച മുറുക്കുന്നത്. അതിനു വേണ്ടി അദ്ദേഹം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഇന്ന് ചരിത്രമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, ബംഗാളിലെ ദരിദ്രമായ ഒരു ബ്രാഹ്മണ കുടുംബമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കുടുംബനാഥനായ ഹരിഹര്‍ (Kanu Banerjee) കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പുരോഹിതനാണ്. അമ്മ സര്‍ബജയ (Karuna Banerjee) യുടെ പ്രധാന ഉത്തരവാദിത്തം വികൃതിയായ മകള്‍ ദുര്‍ഗ്ഗ (Runki Banerjee / Uma Dasgupta) യെയും വയസ്സായ അമ്മാവി ഇന്ദിറി (Chunibala Dev) നെയും സംരക്ഷിക്കലാണ്. അകന്ന ബന്ധുവായ ഇന്ദിറിന്റെ ഭാരം കൂടി ചുമക്കേണ്ടി വരുന്നതില്‍ സര്‍ബജയ അത്ര സന്തുഷ്ടയല്ല. ഒരു ഘട്ടത്തില്‍, സര്‍ബജയയുടെ മനോഭാവം സഹിക്കാനാവാതെ ഇന്ദിര്‍ മറ്റൊരു വീട്ടില്‍ അഭയം തേടുന്നുപോലുമുണ്ട്. അയല്‍വാസിയുടെ തോട്ടത്തില്‍ നിന്ന് പഴം മോഷ്ടിച്ചതിന് പിടിയിലാവുന്ന ദുര്‍ഗ്ഗയുടെ പേരിലും സര്‍ബജയ അപമാനിതയാവുന്നു. ദുര്‍ഗ്ഗയാവട്ടെ, ഇന്ദിരുമായി നല്ല കൂട്ടുമാണ്‌.

കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കുമെങ്കിലും, ഒരമ്മയെ പോലെയാണ് ദുര്‍ഗ്ഗ അപുവിന്. ഒരിക്കല്‍ സന്ധ്യക്ക്‌ ഗ്രാമാതിര്‍ത്തിക്കപ്പുറം കടന്നു പോവുന്ന തീവണ്ടി കാണാന്‍ പോവുന്നുണ്ട് ഇരുവരും. തിരിച്ചെത്തുമ്പോള്‍ ഇന്ദിര്‍ അമ്മായി മരണവക്ത്രത്തിലാണ്. പൊളിഞ്ഞ വീട് പുതുക്കിപ്പണിയാന്‍ വേണ്ട പണം കണ്ടെത്താനും, കുടുംബത്തെ മാന്യമായി പോറ്റാനും വേറെ വഴിയില്ലെന്ന് കണ്ടു ഹരിഹര്‍ പട്ടണത്തിലേക്ക് പോവുന്നതോടെ, കഷ്ടപ്പാടുകള്‍ ഇരട്ടിക്കുകയാണ്. ഏകാന്തതയും ദാരിദ്ര്യവും സര്‍ബജയയെ വിഷാദരോഗിയാക്കുന്നു. ഒരു ദിവസം മഴയത്ത് നൃത്തം ചെയ്യുന്ന ദുര്‍ഗ്ഗ ജ്വര ബാധിതയാകുന്നു. ചികിത്സയൊന്നും ലഭിക്കാതെ രോഗമൂര്‍ച്ചയുടെ ഒരു രാവില്‍ തകര്‍ത്തുപെയ്യുന്ന പേമാരിയോടൊപ്പം അവള്‍ മൃത്യുവിലേക്കു പോവുന്നു. പട്ടണത്തില്‍ നിന്ന് തിരിച്ചെത്തുന്ന ഹരിഹര്‍, താന്‍ വാങ്ങിക്കൊണ്ടുവന്ന കൗതുക വസ്തുക്കള്‍ എടുത്തു നിരത്തവേ, താങ്ങാനാവാതെ സര്‍ബജയ അയാളുടെ കാല്‍ക്കല്‍ വീഴുന്നു. മകള്‍ മരിച്ചുപോയെന്ന അറിവ് അയാളെ തകര്‍ക്കുന്നു. കുടുംബം തറവാടും ഗ്രാമവും ഉപേക്ഷിച്ചു പോവാന്‍ തീരുമാനിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് അപു അത് കണ്ടെത്തുന്നത്: പണ്ട് ദുര്‍ഗ്ഗ മോഷ്ടിച്ച അയല്‍വാസിയുടെ നെക് ലെസ്. അവളതു നിഷേധിക്കുകയായിരുന്നു. അപു അത് കുളത്തിലേക്ക് വലിച്ചെറിയുന്നു. അപുവും കുടുംബവും ഒരു കാളവണ്ടിയില്‍ ഗ്രാമം വിടുമ്പോള്‍, ഒരു സര്‍പ്പം അവരുടെ വീട്ടിലേക്കു ഇഴഞ്ഞു കയറുന്നുണ്ട്.
ചിത്രത്തിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളിലും മൂന്ന് സ്ത്രീകഥാപാത്രങ്ങള്‍ – ഇന്ദിര്‍ തക്രൂന്‍, ദുര്‍ഗ്ഗ, സര്‍ബജയ – തന്നെയാണ് പ്രാധാന്യത്തോടെ വരുന്നത്. ചിത്രാന്ത്യത്തില്‍, ദുര്‍ഗ്ഗയുടെ മരണാനന്തരം നെക് ലെസ് കണ്ടെത്തുന്ന നിമിഷത്തിലാണ് അപുവിന്റെ കര്‍തൃത്വം ആരംഭിക്കുന്നത്. പരമ്പരാഗതമായ ആണ്‍ കര്‍തൃത്വത്തിന്റെ ആദ്യ ചുവടാണ് അത്. തുടര്‍ന്ന് ചലച്ചിത്ര ത്രയത്തിലെ മറ്റു രണ്ടു ചിത്രങ്ങളുടെ സാധ്യതയും അവിടെയാണ് ഉരുത്തിരിയുന്നത് എന്ന് പറയാം. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഇന്ദിര്‍ തക്രുന്‍ എന്ന എണ്‍പതു പിന്നിട്ട വൃദ്ധയാണ്. കഥ പറഞ്ഞും, അത്യാവശ്യം കുശുമ്പും കുന്നായ്മയുമൊക്കെയായി എപ്പോഴും സര്‍ബജയക്ക്‌ തലവേദനയാവുമെങ്കിലും, കുട്ടികളുമായി അവര്‍ക്കുള്ള ഹൃദയബന്ധം, അപുവും ചേച്ചി ദുര്‍ഗ്ഗയുമായുള്ള ബന്ധം പോലെ തന്നെ സ്നേഹബന്ധുരമാണ്. ഗ്രാമ്യമായ കൗതുകങ്ങളും സന്തോഷങ്ങളുമൊക്കെയും പങ്കു വെച്ച്, മിടായിക്കച്ചവടക്കാരന്റെ പിറകെ പാഞ്ഞും നാടോടി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിച്ചും കാലിക്ക് പിറകെയും മരത്തിനു മുകളിലുമായി തെരുപ്പറക്കുന്ന ഇന്ത്യന്‍ ബാല്യം ഒപ്പിയെടുക്കുന്നതില്‍ സത്യജിത് റായ് കാണിച്ച മികവ് യഥാതഥ (realistic) മായിരിക്കുമ്പോഴും കാവ്യസുന്ദരമാണ്. ചൂളം വിളിച്ചു പായുന്ന തീവണ്ടിയെന്ന അത്ഭുതം കണ്ടു നില്‍ക്കുന്ന ബാല കൗതുകം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വളര്‍ന്ന ആര്‍ക്കും താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂര്‍ത്തമാണ്. ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട ഒരു രംഗമാണത്.

ചിത്രത്തിന്‍റെ ചില ഭാഗങ്ങളിലെ വേഗതയില്ലായ്മയും പ്രകടമായ ഇഴച്ചിലും വിമര്‍ശിക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ഒരു ദരിദ്ര ബംഗാളി ഗ്രാമത്തെ അതിന്റെ തനിമയില്‍ ചിത്രീകരിക്കാന്‍ നോവലില്‍ ഉപയോഗിച്ച ആ അവധാനത ആവശ്യമായിരുന്നു. ചിത്രത്തിനു വേണ്ടി അന്ന് തുടക്കക്കാരനായിരുന്ന രവിശങ്കര്‍ ഒരുക്കിയ സംഗീതവും ആദ്യ ഘട്ടത്തിലെന്നതിലുപരി പിന്നീടാണ് തിരിച്ചറിയപ്പെട്ടത്. ഒരര്‍ഥത്തില്‍ ഈ രണ്ടാമൂഴം ചിത്രത്തിന്‍റെ ചരിത്രം തന്നെയായിരുന്നു മുടങ്ങിപ്പോയേക്കാമായിരുന്ന നിര്‍മ്മാണം തൊട്ട്.




മേഘെ ധക്കെ താരാ (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍_2 – 

Posted on October 1, 2013
മേഘെ ധക്കെ താരാ (1960) – ബംഗാളി,
സംവിധാനം: ഋത്വിക് ഘട്ടക്
സത്യജിത് റായ്, മൃണാള്‍ സെന്‍ എന്നിവര്‍ക്കൊപ്പം ബംഗാളീ സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെ തന്നെയും ആചാര്യന്മാരില്‍ ഒരാളായാണ് ഋത്വിക് ഘട്ടക് കണക്കാക്കപ്പെടുന്നത്.
 
ഇന്ത്യാ വിഭജനത്തിന്റെ വേദനകള്‍ അന്തര്‍ധാരയായി വരുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ശക്തിപദ രാജ്ഗുരുവിന്റെ നോവലിനെ അടിസ്ഥാനമാക്കി ഘട്ടക് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത മേഘെ ധക്കെ താരാ (“മേഘാവൃത താരകം”)  1960-ല്‍ പുറത്തുവന്നു. കൊമള്‍ ഗാന്ധാര്‍ (1961), സുബര്‍ണ്ണരേഖ (1962) എന്നീ ചിത്രങ്ങളോടൊപ്പം ഒരു ചലച്ചിത്രത്രയത്തിലെ ആദ്യ ചിത്രമായിരുന്നു ‘മേഘെ ധക്കെ താരാ’. ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി ഉണ്ടായ ബംഗാള്‍ വിഭജന (1947) വും അഭയാര്‍ഥികള് ആക്കപ്പെട്ടവരുടെ ജീവിത സന്ധികളുമാണ് മൂന്ന് ചിത്രങ്ങളുടെയും പശ്ചാത്തലം.
 
 
 
 
 
 
 
 








വിഭജനം നേരിട്ട് പ്രദിപാദിക്കപ്പെടുന്നില്ല ചിത്രത്തില്‍. എന്നാല്‍ കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ട സാമ്പത്തികത്തകര്‍ച്ചയിലായിപ്പോയ ഒരു കുലീന ഭദ്രാലോക് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂര്‍വ്വ പാക്കിസ്ഥാനില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബത്തില്‍ ചെറുതെങ്കിലും ഒരു ജോലിയും തുച്ഛമായ വരുമാനവുമുള്ള ഏക അംഗമാണ്, സുന്ദരിയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കൈമോശം വന്നു പോകുന്നവളുമായ നീത (Supriya Choudhary).  എല്ലാവരും അവളെ ചൂഷണം ചെയ്യുന്നു: എപ്പോഴും തന്റെ വിധിയെ പഴിച്ചും എല്ലാവരോടും വഴക്കിട്ടും കഴിയുന്ന അമ്മ (Gita Dey)യും, ദാര്‍ശനികമായ സിനിസിസത്തോടെ എല്ലാറ്റിന്റെയും അകം പുറം കാണുന്ന അച്ഛനും   (Gyanesh Mukherji), സംഗീതത്തിന് വേണ്ടി ജീവിക്കുന്ന തൊഴില്‍ തേടാതെ കഴിയുന്ന ജ്യേഷ്ഠനും (Anil Chatterji), ജീവിതച്ചുമടുകളുടെ മരുപ്പറമ്പില്‍ ഒരു മരുപ്പച്ച പോലെ നീത കണ്ടെത്തുന്ന പ്രണയത്തെ പോലും തട്ടിയെടുത്തു സ്വന്തമാക്കുന്ന അനിയത്തി ഗീതയും (Gita Ghatak), ജോലി കിട്ടിയ ഉടനെ തന്‍കാര്യം നോക്കി ജോലി സ്ഥലത്തേക്ക് താമസം മാറ്റുന്ന അനിയന്‍ മന്ടൂ (Dwiju Bhawal)- എല്ലാവരും.

സ്ത്രീത്വത്തിന്റെ മൂന്നു മുഖങ്ങളെയാണ് ഘട്ടക് അവതരിപ്പിക്കുന്നത്‌ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്:  നിസ്സഹായതയുടെ പുകമറ ഉപയോഗിച്ച് ക്രൂരത കാട്ടുന്ന അമ്മ, സുഖലോലുപയും  സ്വാര്‍ത്ഥയുമായ അനിയത്തി, ത്യജിക്കുന്നതിലും സഹിക്കുന്നതിലും മുഴുകിപ്പോവുന്ന നീത – ഒരു ഘട്ടത്തില്‍ നീത സ്വയം തന്നെ തെറ്റുകാരിയെന്നു വിശേഷിപ്പിക്കുന്നുണ്ട്- തനിക്കു നേരെ മറ്റുള്ളവര്‍ ചെയ്ത തെറ്റുകളെ, പ്രതിഷേധിക്കാതെ വകവെച്ചു കൊടുത്ത തെറ്റ് ചെയ്തവള്‍ എന്ന്.  അമിത ഭാരം ചുമക്കുന്ന ഒരു പെണ്‍കുട്ടിക്ക് തങ്ങാവുന്നതിനപ്പുറം വിധിയും ക്രൂരമാവുന്നതോടെ, നീത തന്റെ എം. എ. പഠനം ഉപേക്ഷിക്കുന്നു. തളര്‍ന്നു വീണു പോവുന്ന അച്ഛന് പിന്നാലെ, ജോലിക്കിടെ അപകടം പറ്റുന്ന അനുജനും ചേരുന്നതോടെ അവളുടെ ദുരന്തം പൂര്‍ണ്ണമാവുന്നു. സംഗീത ലോകത്ത് പേരും പെരുമയും നേടി തിരിച്ചു വരുന്ന ജ്യേഷ്ഠന്‍, ക്ഷയരോഗ ബാധിതയായി മരണ വക്ത്രത്തിലെത്തിയ നീതയെ സാനറ്റൊരിയത്തിലെത്തിക്കുന്നു. അവസാന രംഗത്ത്, താന്‍ കണ്ടിട്ടില്ലാത്ത അനിയത്തിയുടെ കുഞ്ഞിന്റെ കുസൃതികളെ  കുറിച്ചും കുടുംബത്തില്‍ ആ കുഞ്ഞു നിറക്കുന്ന ആഹ്ലാദത്തെ കുറിച്ചുമുള്ള  ജ്യേഷ്ഠന്റെ വിവരണം കേള്‍ക്കുന്ന   നീതയുടെ അന്ത്യ വിലാപം പ്രേക്ഷകനെ വിട്ടു പോവില്ല: “ഏട്ടാ, എനിക്ക് ജീവിക്കണം.!” അകന്നു പോവുന്ന ക്യാമറ ആ വിലാപം ഏറ്റു വാങ്ങുന്നു. ഏകനായി തിരിച്ചെത്തുന്ന ജ്യേഷ്ഠന്‍, ആരുടേയും അലോസരമാവുന്നില്ല നീത എന്ന സത്യം തിരിച്ചറിയവേ, മുന്‍പ് ഒരു രംഗത്തില്‍ വാറ് പൊട്ടിയ ചെരുപ്പുമായി നഗ്നപാദയായി തെരുവിലൂടെ നടന്ന നീതയെ പോലെ ഒരു തനിയാവര്‍ത്തനമായി മറ്റൊരു പെണ്‍കുട്ടി തന്റെ വാറ്  പൊട്ടിയ ചെരുപ്പുമായി ഏന്തി നീങ്ങുന്നു.

മരണം തൊട്ടറിയുന്ന നിമിഷങ്ങളിലെ നീതയുടെ കരുണാര്‍ദ്ര വിലാപം ഒരര്‍ഥത്തില്‍ ഒരു ശിക്ഷയാണ്, അവളുടെ അച്ഛന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞത് പോലെ: രക്ഷിക്കാനാവുന്നതിലേറെ  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു കിട്ടുന്ന ശിക്ഷ. മലകളെ സ്നേഹിച്ച പെണ്‍കുട്ടിക്ക് പ്രോമിത്യൂസിനെ പോലെ ഒരു പുനരഭി ജനനം അവിടെ സാധ്യമാവുമോ? പക്ഷെ നമ്മള്‍ മനുഷ്യരാണ്, നീത ഒരു പെണ്‍കുട്ടിയും. ആ പരിമിതി മറികടന്നു പലരുടെയും ജീവിതത്തിനു വെളിച്ചം പകരാന്‍ ശ്രമിച്ചത് കൊണ്ടാവാം പ്രോമിത്യൂസിനെ പോലെ അവള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘെ ധക്കെ താരാ’. യഥാര്‍ത്ഥ ജീവിത ചിത്രണത്തില്‍ നിന്ന് ഒളിച്ചോടുന്ന ബോളിവുഡ് മാസലക്കൂട്ടു രീതികളില്‍ നിന്ന് വ്യത്യസ്ഥമായി ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട്‌ നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം (POETIC REALISM) എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്. ‘അജാന്ത്രിക്’,  ‘ബാരി തേകെ പാലിയെ’ എന്നീ ചിത്രങ്ങളില്‍ ഘട്ടക് മുന്‍പ് പരീക്ഷിച്ച ഈ പരിചരണ രീതി അതിന്റെ ഔന്നത്യത്തിലെത്തുകയാണ് ഇവിടെ.



ഏക്‌ ദിന്‍ അചാനക്

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 4 ഏക്‌ ദിന്‍ അചാനക് (1988) (ഹിന്ദി)കഥ : രാമപാദ് ചൗധരി
തിരക്കഥ: സംവിധാനം: മൃണാള്‍ സെന്‍.വിഖ്യാദ ബംഗാളി ചലച്ചിത്രകാരനായ മൃണാള്‍ സെന്‍, തന്റെ സമകാലീനരായ സത്യജിത് റായ്, ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം ഇന്ത്യന്‍ സമാന്തര സിനിമയുടെ ഏറ്റവും പ്രഗല്‍ഭനായ ഒരു പ്രയോക്താവായി കണക്കാക്കപ്പെടുന്നു. മഹാരഥന്മാരായ ആ സമകാലീനരെ പോലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കലാപരമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. അഭ്യസൂയയില്ലാത്ത പരസ്പര ബഹുമാനത്തോടെ തങ്ങളുടെ ചിത്രങ്ങളെ കൂടുതല്‍ മികച്ചവയാക്കാന്‍ മൂവരും യത്നിച്ചു. ഹിന്ദി സിനിമ നിര്‍ണ്ണയിച്ച മുഖ്യധാരയുടെ ചിട്ടവട്ടങ്ങളെ ശക്തമായ കലാത്മകതയോടെ അവര്‍ മറികടന്നു.മൃണാള്‍ സെന്നിന്റെ ചിത്രങ്ങളില്‍ മധ്യവര്‍ഗ്ഗ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളിലെ മടുപ്പിക്കുന്ന ഏകാതാനതയുടെ പുറന്തോടിനുള്ളില്‍ അടഞ്ഞു കിടക്കുന്ന അധീശത്ത- കീഴാള സാന്നിധ്യങ്ങളെയും കൊല്‍ക്കത്തയുടെ നഗര ജീവിതപശ്ചാത്തലത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഒന്നാണ് 'ഏക്‌ ദിന്‍ അചാനക്' ( 1988). ചിത്രത്തിന്‍റെ ഘടനയും പര്യവസാനവും ഇന്ത്യന്‍ സിനിമക്കു അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ്. പുതിയ രൂപങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നതില്‍ മൃണാള്‍ സെന്നിനുള്ള താല്പര്യം ചിത്രത്തില്‍ വ്യക്തമാണ്. രാമപാദ ചൗധരിയുടെ കഥയെ ആസ്പദമാക്കി സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.ക്രൂരവും ഹൃദയശൂന്യവുമായ ഒരു ലോകത്ത് ഹൃദയാലുവായ ഒരു മനുഷ്യന്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളാണ് ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ പ്രമേയം. ശ്രീരാം ലാഗൂ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ പ്രൊഫസര്‍ അക്കാദമിക് താല്പര്യങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഒരാളാണ്. നല്ല മഴയുള്ള ഒരു ദിവസം പുറത്തു പോവുന്ന പ്രൊഫസര്‍ പിന്നീട് തിരിച്ചു വരുന്നതേയില്ല. അയാളുടെ ഭാര്യയും മക്കളും ഉല്‍കണ്ടാകുലരായി കാത്തുനില്‍ക്കുന്നു. അര്‍ദ്ധരാത്രിയോടെ മൂത്തമകള്‍ നീത (ശബാന ആസ്മി) അടുത്ത കുടുംബ സുഹൃത്തിനെയും അമ്മാവനെയും വിവരമറിയിക്കുന്നു. ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെയാണ് പ്രൊഫസറുടെ കുടുംബത്തിന്റെ കഥ ചുരുള്‍ നിവരുന്നത്‌. ശരാശരി കുടുംബിനിയായ അമ്മ അത്ര സന്തുഷ്ടയുമല്ല ജീവിതത്തില്‍. ഒരു ഘട്ടത്തില്‍ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത സ്വാര്‍ഥനാണെന്ന് അവര്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. തന്റെ സ്വപ്നങ്ങള്‍ക്കൊത്തുയരാത്ത മകനുമായും അച്ഛന് സംഘര്‍ഷങ്ങളുണ്ട്. ബിസിനസ്സില്‍ മുടക്കാന്‍ പണം ആവശ്യപ്പെടുന്ന മകന് അച്ഛന്റെ പെരുമാറ്റം അപമാനകരമായി തോന്നുകയും നല്‍കുന്ന ചെക്ക് അയാള്‍ നിരസിക്കുകയും ചെയ്യുന്നുണ്ട്. നീതയാണ് കുടുംബത്തിന്റെ അത്താണി എന്ന് പറയാം. അച്ഛനും മകളും തമ്മിലുള്ള ഹൃദ്യമായ ബന്ധം പല മുഹൂര്‍ത്തങ്ങളിലും വെളിപ്പെടുന്നുണ്ട്. പിന്നീട് അച്ഛനെ കുറിച്ച് പുനര്‍ ചിന്തനം ചെയ്യുകയും അദ്ദേഹം ശരാശരിക്കപ്പുറം ആയിരുന്നില്ല എന്ന് തോന്നിപ്പോവുകയും ചെയ്യുന്നതില്‍, നീതക്ക് കുറ്റബോധം തോന്നുന്നുണ്ട്. കോളേജ് വിദ്യാര്‍ഥിനിയായ ഇളയ മകള്‍ സീമ (രൂപാ ഗാംഗുലി) ജീവിതത്തെ പ്രസന്നമായി സമീപിക്കുന്ന, പരീക്ഷക്ക്‌ ഒന്നാം ക്ലാസ് കിട്ടുന്നതു പോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരിയാണ്.ഏതാനും ദിവസങ്ങള്‍ കഴിയവേ, കുടുംബം തങ്ങളുടെ ദുരന്തത്തോട് പൊരുത്തപ്പെട്ടു തുടങ്ങുന്നുവെങ്കിലും ഒന്നും പഴയ പോലെയാവില്ല അവര്‍ക്ക്. തെരുവില്‍ ഒരപകടം നടക്കുമ്പോള്‍ അകാരണമായ ഭയത്തോടെ നീത എത്തിനോക്കുന്നുണ്ട്. പ്രോഫസര്‍ക്ക് തന്റെ കീഴില്‍ റിസര്‍ച്ച് സ്കോളര്‍ ആയിരുന്ന യുവതിയോട് (അപര്‍ണ്ണ സെന്‍) ഉണ്ടായിരുന്ന ഊഷ്മള ബന്ധവും പിന്നീട് പ്രശ്നമാവുന്നുണ്ട്. അച്ഛനെ കുറിച്ച് കൂടുതലെന്തെങ്കിലും അറിയാന്‍ കഴിയുമോ എന്ന് നോക്കാന്‍ നീത അവരെ കാണാന്‍ ശ്രമിക്കുന്നുമുണ്ട് . പ്രൊഫസറും വിദ്യാര്‍ഥിനിയും ചര്‍ച്ച ചെയ്തിരുന്ന സാഹിത്യ പ്രധാനമായ വിഷയങ്ങളൊന്നും അമ്മക്ക് മനസ്സിലാവുന്നതും ആയിരുന്നില്ലല്ലോ. പ്രൊഫസര്‍ വരച്ച ശിഷ്യയുടെ ചിത്രം കണ്ടതും അത്ര നല്ല പ്രതികരണങ്ങളല്ല ഉണ്ടാക്കുന്നത്‌. എന്നാല്‍, ഈ സൗഹൃദത്തിലൂടെ തന്നെയാണ് പ്രോഫസറുടെ വ്യക്തിത്വത്തിലെ മറ്റൊരു ദൗര്‍ബല്യം കൂടി പ്രകടമാവുന്നത്: അദ്ദേഹത്തിന്റെ രചനകളുടെ നേരെയുള്ള മോഷണാരോപണം അദ്ദേഹത്തെ അനാവശ്യമായി ചൊടിപ്പിക്കുന്നുണ്ട്. ഈ ആത്മവിശ്വാസക്കുറവു ചിത്രത്തിന്‍റെ അസ്തിത്വ പ്രതിസന്ധിയുടെ പ്രമേയ ധാരയില്‍ വളരെ പ്രധാനമാണ്. അതൊരു പക്ഷെ ധൃതി പിടിച്ചെഴുതിയത് കൊണ്ട് സംഭാവിച്ചതാവുമെന്നു ശിഷ്യ അദ്ദേഹത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ പ്രോഫസറെ കുറിച്ചുണ്ടായിരുന്ന ആരാധനയിലെ ഇടിവ് വ്യക്തമാവുന്നുണ്ട്. തനിക്കു പ്രോഫസറുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആരോപണമുയരവേ അവരും അടി പതറുന്നുമുണ്ട്. നീതയുടെ ഹൃദയാലുവായ ആണ്‍ സുഹൃത്ത് എപ്പോഴും കൂടെയുണ്ട് എന്നത് മാത്രമാണ് ഇതിനൊക്കെ ഇടയില്‍ ഒരു ആശ്വാസമാവുന്നത്. ദുരിതങ്ങള്‍ കുമിയുമ്പോള്‍ ആള്‍ ദൈവങ്ങളില്‍ അഭയം തേടാനുള്ള മനുഷ്യപ്രവണതയെ സംവിധായകന്‍ തുറന്നു കാട്ടുന്നുണ്ട് എന്നതും ശ്രദ്ദേയമായ ഒരു മുഹൂര്‍ത്തമാണ്.ചിത്രാന്ത്യം ശക്തവും ചിന്താര്‍ഹാവുമാണ്. പ്രൊഫസറെ കാണാതായതിനു കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഭാര്യയും പെണ്മക്കളും ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ്. ഒരു ഘട്ടത്തില്‍ അച്ഛന്‍ തന്നോട് പറഞ്ഞ ഒരു കാര്യം നീത വെളിപ്പെടുത്തുന്നു. ഖേദകരമെന്ന് പറയാം, നമുക്കൊക്കെയും ഒരു തവണയെ ജീവിതമുള്ളൂ. പ്രഫസര്‍ ഒരു രണ്ടാം ജീവിതം ആഗ്രഹിച്ചിരുന്നുവോ? ഈ ജന്മത്തിന്റെ പോരായ്മകളൊക്കെ തിരുത്തി, കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമായ ഒന്ന്? ഈ ദുരൂഹതയിലാണ് ചിത്രം അവസാനിക്കുന്നത്. തന്റെ ചലച്ചിത്ര സപര്യയെ വിലയിരുത്തി ഒരിക്കല്‍ മൃണാള്‍ സെന്‍ പറയുകയുണ്ടായി: ഒക്കെയും ഒരിക്കല്‍ കൂടി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നു. ആ അര്‍ത്ഥത്തില്‍ മൃണാള്‍ സെന്നിന്റെ ഏറ്റവും വൈയക്തികമായ ചിത്രം കൂടിയാണ് 'ഏക്‌ ദിന്‍ അചാനക്'.

Friday, March 7, 2014

വീണ്ടെടുപ്പുകള്‍




സചിത്രകലണ്ടര്‍ താളില്‍ നിന്ന്
എന്റെ പുഴയോളങ്ങളും
കടവിലടുത്ത വഞ്ചിയില്‍ നിന്ന്
മുങ്ങിമരിച്ച കൂട്ടുകാരിയും
ഇറങ്ങി വരുമെന്ന്
കിനാവു കാണണമെനിക്ക്;

കുറസോവാ ചിത്രത്തില്‍
സൂര്യകാന്തിപ്പാടത്തു നിന്ന്
വാന്‍ഗോഗ് ഇറങ്ങി വരുംപോലെ.

കടവു കടന്ന്
അവള്‍ മുന്നോട്ടു നടക്കവേ
ഡാന്റെയാവണമെനിക്ക്;

ആര്‍നോ നദിക്കരയില്‍
ഞാന്‍ കാത്തുനില്‍ക്കും.
വായ്‌നോട്ടക്കാരനോട്
ഈര്‍ഷ്യ നടിച്ചു
ബിയാട്രിസ് കടന്നു പോവും.
എങ്കിലും ചുവടുകള്‍ മെല്ലെയാവും.
അവളെ തേടി
ഏതു നരകത്തിലും പോവാമെന്നു
ഞാന്‍ എന്നോടു തന്നെ പറയും.

എന്നിട്ടോ,
ജാഗ്രത്തിലേയ്ക്ക്
വിലക്കപ്പെട്ട
ഒരൊറ്റ പിന്‍ നോട്ടത്തില്‍
ഓര്‍ഫിയൂസായ എനിക്ക്
യൂറിഡീസിനെ നഷ്ടപ്പെടും.


പുഴയെ ഓര്‍ത്തു വയ്ക്കാന്‍
ഒരു കടത്തു വഞ്ചി മതി;
യൗവനത്തെ അടയാളപ്പെടുത്താന്‍
ഒരു നഷ്ട പ്രണയവും.

(കുറസോവയുടെDreams (1990) എന്നചിത്രത്തില്‍, സ്വന്തംചിത്രത്തിലെ സൂര്യകാന്തിപ്പാടത്തു നിന്ന് വാന്‍ഗോഗ് ഇറങ്ങിവരുന്നു. Jean Raoux വരച്ചOrpheus and Eurydice (1709), Henry Holiday വരച്ചDanteand Beatrice (1884) എന്നീചിത്രങ്ങളും കവിതയെപ്രചോദിപ്പിച്ചിട്ടുണ്ട്.)

Friday, February 28, 2014

കവിത അറം പറ്റുന്നു

കവിത ചിലപ്പോള്‍ അറം പറ്റും. രണ്ടനുഭവങ്ങളെങ്കിലും എനിക്കുണ്ട് ഇക്കാര്യത്തില്‍. ഇക്കഴിഞ്ഞ വര്‍ഷം ഒരു ദീര്‍ഘയാത്ര കഴിഞ്ഞു തിരിച്ചെത്തിയത്‌ അയല്‍പക്കത്തുള്ള ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കാണ്. അധികമാരോടും സംസാരിക്കുകയോ ഇടപഴകുകയോ ചെയ്തു കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരനെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തില്‍ അവന്‍ കടന്നു പോയ ദുരിതങ്ങളെയും അനാഥത്വത്തെയും കുറിച്ച് അറിഞ്ഞ അസ്വസ്ഥതകള്‍ ഒട്ടൊരു പകപ്പോടെ ഒരു കവിതയില്‍ ഇറക്കി വെച്ചു. 'ദാര്‍ശനികമാല്ലാത്ത ഒരാത്മഹത്യ' എന്ന് ഇത്തിരി ഐറോനിക്കല്‍ ആയ പേര് കൊടുത്തത് അതിവൈകാരികതയുടെ അപകടം ഒഴിവാക്കാനായിരുന്നു. പിന്നീടു കൃത്യം ഒരു വര്‍ഷം കഴിഞ്ഞു വളരെ യാദൃശ്ചികമായി ആ കവിത വീണ്ടും ഓര്‍ത്തെടുക്കാന്‍ ഇടയായി. അപ്പോഴാണ്‌ അവനെ കുറിച്ച് എല്ലാവരും മറന്നു പോയിരിക്കുന്നല്ലോ എന്ന് ചിന്തിച്ചത്. എന്ത് പറ്റി അവന്‍റെ ഓര്‍മ്മകള്‍ക്ക് എന്നോര്‍ത്തപ്പോള്‍ ആ കവിത എന്തോ പുതുതായി എന്നോട് പറയാന്‍ വെമ്പുന്നത് പോലെ. അങ്ങനെയാണ് 'ഒരു കവിത ആവേശിക്കപ്പെടുന്നു' എന്ന രചന ഉണ്ടായത്. അവന്‍ തന്നെയാണോ എന്നെ കൊണ്ട് വീണ്ടുമൊരു കണക്കെടുപ്പ് നടത്തിച്ചത്?
കുട്ടിക്കാലത്തിന്റെ അനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ഒരോര്‍മ്മയായിരുന്നു ഒഴുക്കെടുത്ത ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ളത്. സത്യത്തില്‍ എനിക്കത്ര അടുത്തറിയാവുന്ന ഒരുത്തിയായിരുന്നില്ല ആ കുട്ടി. മദ്രസ്സയില്‍ കണ്ട ഓര്‍മ്മ മാത്രം. നല്ല നീണ്ടു ചുരുണ്ട മുടിയാണ് അവള്‍ക്കുണ്ടായിരുന്നത് എന്ന് ഓര്‍മ്മയുണ്ട്. മലവെള്ളം ഗ്രാമത്തെയാകെ മൂടിയിരുന്ന ആ ദിവസവും, അന്നത്തെ ഏട്ടന്മാരോക്കെ നാട്ടുപുഴയില്‍ ജഡം തേടി പോയതും പിന്നീട് കൈതത്തഴപ്പില്‍ നിന്ന് അത് കണ്ടെത്തിയതും ഞങ്ങള്‍ കുട്ടികളെയൊന്നും കാണാന്‍ അനുവദിക്കാതെ ഒരു പായില്‍ കെട്ടി കൊണ്ട് പോയതുമൊക്കെ നല്ല ഓര്‍മ്മയുണ്ട്. പില്‍ക്കാലത്ത് ആ കുട്ടിയുടെ മൂന്നാമത്തെയോ നാലാമത്തെയോ ഇളയ അനിയത്തിയോട് ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചതും ഏട്ടത്തി കേട്ട് കേള്‍വി മാത്രമായിരുന്ന അവള്‍ നിര്‍വ്വികാരം അതിനെ കുറിച്ച് ഒറ്റവാക്കില്‍ സംസാരിച്ചതും ഓര്‍ക്കുന്നു. തന്നെയല്ല, അന്നത്തെ എന്റെ കൂട്ടുകാരൊന്നും അക്കാര്യം കാര്യമായി ഓര്‍ക്കുന്നുമില്ല . എന്തു കൊണ്ടാവാം പെരുമഴയും ഇടികുടുക്കവുമുള്ള സമയങ്ങളിലൊക്കെയും ഏകാന്തനാവുമ്പോള്‍ ഒരാദിരൂപം പോലെ ഞാന്‍ അവളെ ഓര്‍ത്ത്‌ പോവുന്നത്? ഈ ചിന്തയില്‍ നിന്നാണ് 'ഒഴുക്കെടുത്ത കൂട്ടുകാരി' പിറന്നത്‌. എന്നാല്‍ പിന്നീട് ആ കവിത എനിക്ക് അറം പറ്റിയെന്നു പറയാം. അവളെന്റെ നഷ്ടപ്രണയം തന്നെയായി മാറിയത് കവിത എഴുതിക്കഴിഞ്ഞാണ് . വിചിത്രമായ ആ peripeteia പിന്നീട് പലപ്പോഴും ഉറക്കം കെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരം ഒരു നിദ്രാ ഭംഗത്തിനൊടുവില്‍ ഞാന്‍ എഴുതിപ്പോവുന്നു: 'സ്വര്‍ഗ്ഗാരോഹണം' ഒരു മോഹമാവുന്നത്, അതൊരു പുന സമാഗമ സാധ്യത കൂടി ആവുന്നത് കൊണ്ടാവണം. ഹൃദയപൂര്‍വ്വം ഒരു സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നു കവിതയുടെ വഴിയില്‍ 'രാവറുതി'യും 'പുഴയോളങ്ങ'ളും ആവര്‍ത്തിക്കുന്നതിലെ ക്ലീഷേ വ്യാപനം.
അതെ, ഞാനും മറികടക്കേണ്ടിയിരിക്കുന്നു, ആ പുഴയോളങ്ങളെയും നിദ്രാ ഭംഗത്തിന്റെ രാവറുതികളെയും.

Thursday, February 27, 2014

സ്വര്‍ഗ്ഗാരോഹണം



(
മുങ്ങി മരിച്ച കളിത്തോഴിക്ക് വീണ്ടും. )
ഞാനിപ്പോള്‍ സ്വര്‍ഗ്ഗാരോഹണം
കിനാവ്‌ കാണുന്നു.
ഇറങ്ങിപ്പോയത് പുഴയാഴങ്ങളിലേക്കെങ്കിലും
കടന്നു പോയത് കാലക്കടലുകളെങ്കിലും
നിര്‍ നിദ്രമായ എന്റെ രാവറുതികളില്‍
നീയെന്നെ മാടി വിളിക്കുന്നു.മണ്ണപ്പം പാകമായോ എന്ന്
തൊടിയിലെ മുത്തശ്ശിമാവിന്‍ തണലില്‍
നമ്മളപ്പോള്‍ കാത്തിരിക്കുന്നു.ഉച്ചവെയിലില്‍ ജലമുഖം കണ്ട്
നമ്മള്‍ പുഴയിലിറങ്ങുന്നു.ചെക്കന്റെയൊരു പേടിയെന്ന്
നീയെന്നെ കണ്ണിറുക്കുന്നു.ഇമ തല്ലി മിഴിക്കവേ
എനിക്ക് ജരാനരകള്‍ ബാധിക്കുന്നു.നീയോ,ഒരു സ്വര്‍ണ്ണ മത്സ്യമായി
നദിയോളങ്ങളിലേക്ക് കൂപ്പു കുത്തുന്നു.ജല ദേവതമാരുടെ വരവേല്‍പ്പിലേക്ക്
നീയൊരു പുതു മോടിയാവുന്നു.നിനക്കും എനിക്കുമിടയില്‍
ഗദ്ഗദങ്ങളുടെ ഭൂമി പിളരുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
നീയൊരു ചിറകുള്ള മത്സ്യം.ഇപ്പോഴും നീ അകന്നു പോവുന്നു.ഞാന്‍ നോക്കിയിരിക്കെ
നീ ഉയര്‍ന്നു പറക്കുന്നു.കുതിച്ചു പൊങ്ങുന്നൊരൂഞ്ഞാല്‍ ചിറകില്‍
മേഘപാളികളിലേക്ക് വഴിയൊരുക്കി
നീ വീണ്ടും കണ്ണിറുക്കുന്നു.ചെക്കന്റെയൊരു പേടി.കുഞ്ഞു മാലാഖമാരുടെ നൃത്തവേദിയിലേക്ക്
നീ പറന്നിറങ്ങുന്നു.നിനക്കും എനിക്കുമിടയില്‍
വിരഹത്തിന്റെ ഗോളാന്തരംപിറക്കുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
നീ തളിര്‍ക്കാതെ പോയ വസന്തം.നീയുണ്ടായിരുന്നപ്പോള്‍
നീയെനിക്ക് വെറും കൂട്ടായിരുന്നു;നീ മറഞ്ഞപ്പോഴോ;എന്നില്‍ ലയിച്ച ജന്മാന്തര പ്രണയം.മൃതിയിലാണ് നീയെന്നില്‍ ജനിച്ചത്‌.നീ വീണ്ടും കണ്ണിറുക്കുന്നു.ചെക്കന്റെയൊരു കഥ.കാവ്യ ബിംബങ്ങളുടെ വീര്‍പ്പു മുട്ടലിലേക്ക്
നീ ചിറകൊതുക്കുന്നു.നിനക്കും എനിക്കുമിടയില്‍
നിത്യ കന്യകയുടെ അപ്രാപ്യശാപമുറയുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
ഞാനിപ്പോള്‍ സ്വര്‍ഗ്ഗാരോഹണം
കിനാവ്‌ കാണുന്നു.

Sunday, February 23, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:1

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:1


പോരാളികള്‍ വിരമിക്കുന്നില്ല


1952 – '60 കാലഘട്ടത്തില്‍ കെനിയയില്‍ കികുയു വിഭാഗത്തില്‍ പെട്ട പോരാളികളുടെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ പോരാട്ടം, മോ മോ (Mau Mau ) കലാപം എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. കലാപത്തില്‍ ധീരോദാത്തം പൊരുതിയ കിമാനി മരുകെ (Kimani Ng'ang'a Maruge (c. 1920 -August 14, 2009) എന്ന വയോധികന്റെ ജീവിത കഥയെ ആസ്പദമാക്കി യുവ ബ്രിട്ടീഷ് സംവിധായകന്‍ ജസ്റ്റിന്‍ ച്ഛാഡ്‌ വിക്ക് സംവിധാനം ചെയ്ത ചിത്രമാണ്The First Grader(2010). 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന മാഹാത്മജിയുടെ വാക്കുകള്‍ പോലെ ഒരു യഥാര്‍ത്ഥ പോരാളി ഒരിക്കലും തളര്‍ന്നു പോവുന്നില്ലെന്നും ത്യാഗങ്ങളുടെ പാഠം അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കുമ്പോള്‍ മാത്രമേ അയാളുടെ കടമ മുഴുവനാകുന്നുള്ളൂ എന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

കെനിയയിലെ ഒരു ഉള്‍നാടന്‍ മലയോര ഗ്രാമത്തില്‍ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലൊരിക്കല്‍, സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച സൗജന്യ, സാര്‍വത്രിക വിദ്യാഭ്യാസ പദ്ധതിയില്‍ ഗുണഭോക്താക്കളാവാന്‍ പ്രദേശവാസികളായ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം തിക്കിത്തിരക്കുന്നു. ഇവിടെയ്ക്ക് വരുന്ന ഒരു വിദ്യാര്‍ഥിയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം: ഒരു കാലിനു മുടന്തുള്ള എണ്‍പത്തിനാലുകാരനായ കിമാനി ങ്ങംഗ മരുകെ (Oliver Ritondo) ആണയാള്‍. ഒരു പ്രൈമറി സ്കൂള്‍ അയാള്‍ക്കുള്ളതല്ലെന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന അധികൃതരോട് സൗമ്യമായ ഭാഷയില്‍, സര്‍ക്കാര്‍ വാര്‍ത്ത എടുത്തു നിവര്‍ത്തി അയാള്‍ പറയുന്നു: 'ഇവിടെ വ്യക്തമായി പറയുന്നു, എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന്, എല്ലാവര്‍ക്കും!'. ഈ പ്രായത്തിലിനിയെന്തിനു ഈ സാഹസം എന്ന് പരിഹസിക്കുന്നവരോടും അതെ സൗമ്യതയോടെ അയാള്‍ തിരിച്ചടിക്കുന്നു 'ഞാന്‍ മരിച്ചിട്ടില്ല; ഇപ്പോഴും'. പല കാരണങ്ങളും പരിമിതികളും ചൂണ്ടിക്കാട്ടി തിരിച്ചയക്കുമ്പോഴും അടുത്ത ദിവസം തന്റേതായ രീതിയില്‍ ആ തടസ്സങ്ങള്‍ മറി കടന്നു അയാള്‍ വീണ്ടും പടിക്കലെത്തുന്നു. ഒടുവില്‍, ഉന്നതാധികാരികളുടെ അപ്രിയം പോലും അവഗണിച്ച് പ്രധാനാധ്യാപികയായ ജെയിന്‍ ഒബിഞ്ചു (Naomie Harris) അയാളെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുന്നു; വലിയ വില പിന്നീട് അവള്‍ കൊടുക്കേണ്ടി വരുന്ന ഒരു തീരുമാനം. രക്ഷിതാക്കളും അധികൃതരും അവര്‍ക്കെതിരായിത്തിരിയുന്നു. എന്നാല്‍ മുന്‍ വിധികള്‍ ഇല്ലാത്ത കുട്ടികള്‍ അയാളുടെ നന്മ തിരിച്ചറിയുകയും അയാളെ വേഗം കൂട്ടത്തിലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളില്‍ സ്കൂള്‍ ആക്രമിക്കപ്പെടുകയും, ജെയിന്‍ സ്ഥലം മാറ്റപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പകരം വരുന്ന അധ്യാപികയെ കുട്ടികള്‍ എറിഞ്ഞോടിക്കുന്നു. അതെ സമയം മരൂകെയെന്ന തളരാത്ത പോരാളി തലസ്ഥാനമായ നൈറോബിയിലേക്ക് ഒറ്റയാള്‍ പട നയിക്കുന്നു. അധികൃതരെ നേരില്‍ കണ്ടു അയാള്‍ വികാര തീവ്രമായ ഒരു അഭ്യര്‍ത്ഥന നടത്തുന്നു. അതിനൊടുവില്‍ ജെയിനിന്റെ സ്ഥലം മാറ്റം റദ്ദ് ചെയ്യപ്പെടുന്നു. കുട്ടികളുടെ സ്നേഹപൂര്‍ണ്ണമായ സ്വീകരണത്തിലേക്ക് ജെയിന്‍ തിരിച്ചെത്തുന്നു.

ഇതിവൃത്തഘടന മേല്‍പ്പറഞ്ഞ പോലെ ലളിതമാണെന്നു തോന്നാമെങ്കിലും സ്വാതന്ത്ര്യം, അതിന്റെ കടമകള്‍ നിര്‍വ്വഹിക്കന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക്, പോരാളികളുടെ പിക്കാല ജീവിതം അവര്‍ക്കായി കാത്തു വെക്കുന്ന വെല്ലുവിളികള്‍, അവരുടെ സഹനങ്ങളൊക്കെയും കേട്ടുകേള്‍വികള്‍ മാത്രമായ പുതു തലമുറയ്ക്ക് മുന്നില്‍ അവര്‍ പരിഹാസ്യരാവുന്നതിന്റെയും മനസ്സിലാക്കപ്പെടാതെ പോവുന്നതിന്റെയും വിപര്യയങ്ങള്‍ തുടങ്ങിയ ഗഹനമായ പ്രമേയങ്ങളിലേക്കാണ് ചിത്രം ആഴത്തില്‍ കണ്ണ് തുറക്കുന്നത്. മരൂകെയുടെ ശാന്ത മൗനത്തിനുള്ളില്‍ അയാളിലെ പോരാളി കടന്നു പോന്ന വഴികളുടെ കനല്‍പ്പാടുകളുണ്ടെന്നു വ്യക്തമാക്കുന്ന അതി ശക്തമായ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കുട്ടികളെ കൂടി അഭിസംബോധന ചെയ്യേണ്ട ഒരു ചിത്രമെന്ന നിലക്ക് പീടാനുഭവങ്ങളുടെ ചിത്രീകരണം അവയുടെ പതിവ് പോപ്പുലര്‍ സിനിമാ സ്ഥൂലതയില്‍ അല്ല, മറിച്ചു ഏറ്റവും ന്യൂനോക്തിയില്‍ അവതരിപ്പിക്കുന്ന തീവ്രതയില്‍ ആണ് ചിത്രത്തില്‍ വരുന്നത്. ആദ്യ രംഗത്ത് എകാന്തനായ വയോധികന്‍ കൃഷിയിടമൊരുക്കുമ്പോള്‍ തന്നെ അയാളുടെ ഓര്‍മ്മയില്‍ സുന്ദരിയായ ഒരു യുവതിയും ഒരു ബാലനും ഒരതീത ചിത്രത്തിലെന്നോണം തെളിയുന്നുണ്ട്. പ്രണയാര്‍ദ്രമായ ഭാവത്തോടെ നോക്കുന്ന ആ യുവതിയും കരുത്തനായ ഒരു യുവാവും ഇടയ്ക്കിടെ സ്വപ്ന പ്രത്യക്ഷം പോലെ കടന്നു വരുന്നുമുണ്ട്. സ്കൂളില്‍ അയാളുടെ കേള്‍വിക്കമ്മി ഒരു ഘട്ടത്തില്‍ പ്രശ്നമാവുന്നുണ്ട്. മുന പോയ പെന്‍സിലുമായി എഴുതാന്‍ പ്രയാസപ്പെടുന്ന മരൂകെയുടെ ഓര്‍മ്മയില്‍ നിന്നാണ്, പീഡനത്തിന്റെ സമയത്ത് കോളോണിയല്‍ പോലീസ് കൂര്‍പ്പിച്ച പെന്‍സിലുപയോഗിച്ചു 'നിനക്ക് ഒന്ന് കൂടി വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കാം' എന്ന പരിഹാസത്തോടെ അയാളുടെ ശ്രവണ പുടം തകര്‍ക്കുകയായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. അയാള്‍ നോക്കി നില്‍ക്കെ കാമാറക്കണ്ണിനു വെളിയില്‍, അയാളുടെ ഭാര്യയും കുഞ്ഞു മകനും, തോക്ക് ചൂണ്ടിയ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്ന ശബ്ദവും കുഞ്ഞിന്റെ പെട്ടെന്നു നിലക്കുന്ന കരച്ചിലും നാം അറിയുന്നു. തലകീഴായി കെട്ടിത്തൂക്കി ഭേദ്യം ചെയ്തു കൊല്ലപ്പെടുന്ന സഹ യോദ്ധാക്കളുടെ രൂപങ്ങളും നിശ്ശബ്ദമായ സര്‍റിയല്‍ അനുഭവം പോലെയാണ് അയാളുടെ മനസ്സില്‍ തെളിയുന്നത്. പിന്നീട് നാം അറിയുന്നുണ്ട്, നീണ്ട എട്ടു വര്‍ഷങ്ങളോളം അത്തരം കൊടിയ പീഡനങ്ങളിലൂടെ കടന്നു വന്നയാളാണ് മരൂകെ എന്ന്.

ഒരു പോരാളിക്ക് ഒരിക്കലും വിരമിക്കലില്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തുകയാണ് മരൂകെ. ആറു വയസ്സുകാരുമായുള്ള സഹ വിദ്യാഭ്യാസം, തന്റെ കാലഘട്ടം ഒരുക്കിക്കൊടുത്തതൊക്കെയും എത്ര വേഗത്തിലാണ് പുതു തലമുറയ്ക്ക് കൈമോശം വന്നു തുടങ്ങുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പ്രായത്തിന്റെ ചാഞ്ചല്യം ഒട്ടുമില്ലാത്ത സ്ഫുടവും ഹ്രസ്വവും എന്നാല്‍ വ്യക്തവുമായ അയാളുടെ പദ പ്രയോഗങ്ങള്‍ അയാളുടെ ആദര്‍ശ ദൃഡതയുടെ അടയാളമാണ്. സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന 'ഒഹൂറു' എന്നാ സ്വാഹിലി പദം അയാള്‍ തന്‍റെ സഹപാഠികളെ പഠിപ്പിക്കുന്നത് ഒരു പോരാട്ട ഭൂമിയിലെ കരുത്തോടെയാണ്. സ്കൂള്‍ ആക്രമിക്കാന്‍ വരുന്ന കൂലിപ്പടയെ ഒറ്റയ്ക്ക് സധൈര്യം നേരിടുന്ന മരൂകെ ആ പഴയ കികുയു പോരാളി തന്നെ. ചിത്രാന്ത്യത്തില്‍ നൈറോബിയില്‍ വിദ്യാഭ്യാസ ഡയരക്ട്റ്റരുടെ കാര്യാലയത്തില്‍ പ്രോട്ടോകോള്‍ കാത്തു നില്‍ക്കാതെ നേരിട്ട് കയറിച്ചെല്ലുന്ന മരൂകെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ചുവരില്‍ ചില്ല് പടങ്ങളില്‍ നിരന്നിരിക്കുന്ന ദേശ പിതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് നില നിര്‍ത്തുന്നതില്‍ ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ നിലപാടുകള്‍ സ്വീകരിക്കേണ്ട കടമ അവര്‍ക്കുണ്ടെന്നും. സ്വന്തം മുതുകിലെ പീഡനത്തിന്റെ പാടുകള്‍ ഈ ഒരൊറ്റത്തവണ മാത്രം ചിത്രത്തില്‍ അയാള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികള്‍ വളര്‍ന്നു വരുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഒരവകാശമായിത്തന്നെ പഠിക്കാനുള്ള അവസരത്തിനായി പ്രായത്തിന്റെയും ഏറ്റുവാങ്ങിയ മുറിപ്പാടുകളുടെയും അവശത മറന്നു അക്ഷീണം ശ്രമിക്കുന്ന മരൂകെയുടെ നിശ്ചയ ദാര്‍ദ്യവും ജൈനിനു നന്നായി ഉള്‍കൊള്ളാന്‍ കഴിയുന്നത്‌ അവര്‍ സ്വയം ഒരു പോരാളി ആയതു കൊണ്ട് തന്നെയാണ്. 'ഞാനിപ്പോള്‍ നിങ്ങളുടെ അമ്മയാണ്. ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ വിദ്യാഭ്യാസത്തെ സ്നേഹിക്കണം, അപ്പോള്‍ നിങ്ങള്‍ക്ക് എന്നേക്കാള്‍ മികവുറ്റവര്‍ ആകാന്‍ കഴിയും, നിങ്ങളുടെ എല്ലാ അധ്യാപകരേക്കാളും മികവുറ്റവര്‍ ആകാന്‍ കഴിയും'.അവര്‍ കുട്ടികളോട് പറയുന്നുണ്ട്. മരൂകെയെ സഹായിക്കുന്നത് മൂലം ഒരു ഘട്ടത്തില്‍ സ്നേഹനിധിയായ ഭര്‍ത്തവുമായിപ്പോലും അവര്‍ക്ക് എതിരിടേണ്ടി വരുന്നുമുണ്ട്. വംശീയ വിദ്വേഷച്ചുവയുള്ള പ്രയോഗം നടത്തുന്ന മേലധികാരിയോട് നിര്‍ഭയം 'വംശ വെറിയുടെ കാലം കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതിയിരുന്നത്!' എന്ന് മുഖത്തടിച്ചു പറയാനും മടികാണിക്കുന്നില്ല അവര്‍. മരൂകെയോടൊപ്പം പ്രേക്ഷകമനസ്സില്‍ വലിയസ്വാധീനം ഉണ്ടാക്കുന്നുണ്ട് ഈ കഥാപാത്രവും.


ആദ്യം സൌത്ത് ആഫ്രിക്കയില്‍ വെച്ച് ചിത്രീകരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കെനിയയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. "ഞങ്ങള്‍ക്ക് സൌത്ത് ആഫ്രിക്കയില്‍ ചിത്രീകരിക്കാമായിരുന്നു, എന്നാല്‍ കെനിയയില്‍ നിങ്ങള്‍ക്ക് ഈ അവിശ്വസനീയമായ, വിശദീകരിക്കാനാവാത്ത ഊര്‍ജ്ജം കാണാനാവും- അത് ഈ ചിത്രം ആരെ കുറിച്ചാണോ ആ കുട്ടികളിലും ആളുകളിലും അന്തര്‍ലീനമാണ്." ഇങ്ങനെയാണ് സംവിധായകന്‍ ജസ്റ്റിന്‍ ച്ഛാഡ്‌ വിക്ക് ആക്കാര്യം വിശദീകരിച്ചത്. കഥാനായകന്റെ മരണത്തിനു തൊട്ടടുത്ത വര്‍ഷം അതായത് 2010-ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.