Featured Post

Tuesday, September 3, 2024

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

ബ്രിജിത് ബാര്‍ദോയും ആസക്തിയുടെ കന്നിപ്പെണ്‍ ബിംബകല്‍പ്പനയും



(സിമോങ് ദേ ബുവ്വെയുടെ Brigitte Bardot and The Lolita Syndrome  എന്ന കൃതിയെ കുറിച്ച്. അസ്തിത്വവാദ സ്ത്രീപക്ഷ സമീപനങ്ങളില്‍ ഒരു ഐക്കണ്‍ ആയി ഉയര്‍ത്തിക്കാണിക്കപ്പെട്ട ബ്രിജിത് ബാര്‍ദോയെ നബകോവിന്റെ ലോലിതയുടെ ‘നിംഫെറ്റ്’ സങ്കല്‍പ്പനത്തിന്റെ പശ്ചാത്തലത്തില്‍ പഠന വിധേയമാക്കുകയാണ് ബുവ്വേയുടെ ലേഖനം.)

എഴുത്തുകാരി, അസ്ഥിത്വവാദത്തിന്റെ ദാര്‍ശനിക വക്താവ്, ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ്, സാമൂഹ്യ നിരീക്ഷകയും സൈദ്ധാന്തികയും തുടങ്ങി ബഹുനിലകളില്‍ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപാതിയിലെ ഏറ്റവും സജീവ ബൌദ്ധികസാന്നിധ്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയയായ വ്യക്തിത്വമാണ് സിമോങ് ദേ ബുവ്വെയുടെത്. സാര്‍ത്രിന്റെ പങ്കാളിയും കൂട്ടാളിയുമെന്നനിലയിലും ഫെമിനിസ്റ്റ് എക്സിസ്റ്റന്‍ഷലിസത്തിന്റെ ഏറ്റവും സമുന്നത വക്താവും ഫെമിനിസ്റ്റ് തിയറിയുടെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ The Second Sex എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഉള്‍പ്പടെ വിഖ്യാതമായ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലും സിമോങ് ദേ ബുവ്വെ രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പ്യന്‍ ചിന്താമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച ഒരാളാണ്. യുദ്ധാനന്തര കാലഘട്ടത്തില്‍ ഹോളിവുഡിന്റെ കടന്നുകയറ്റം അനുഭവിച്ച ഫ്രഞ്ച് സിനിമയുടെ പശ്ചാത്തലത്തില്‍ ഉദിച്ചുയരുന്ന താരപ്രഭയായിരുന്ന ബ്രിജിത് ബാര്‍ദോ അടയാളപ്പെടുത്തിയ രതിസങ്കല്‍പ്പങ്ങളിലെ വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും അനാവരണം ചെയ്യുന്ന ഒരൊറ്റ ലേഖനമാണ് Brigitte Bardot and The Lolita Syndrome  എന്ന, പാതിയിലേറെയും പുറങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ബാര്‍ദോ ചിത്രങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകം. നേരിട്ട് ഇക്കാലത്ത് കാലിക പ്രസക്തം എന്നതിലേറെ ചിന്തോദ്ധീപകമായ, ബുവ്വേക്ക് മാത്രം സാധിക്കുന്ന, നിരീക്ഷണങ്ങളുടെ പുസ്തകം എന്ന നിലക്കാണ് പുസ്തകം കയ്യിലെടുക്കേണ്ടത്.

ഫ്രഞ്ച് / അമേരിക്കന്‍ സമീപനങ്ങള്‍

ലേഖനം ആരംഭിക്കുന്നത് ഫ്രഞ്ച് സമൂഹം ബ്രിജിത് ബാര്‍ദോയെ അംഗീകരിക്കുന്നതില്‍ കപടമായ മുന്‍വിധികള്‍ വെച്ച് പുലര്‍ത്തിയതിനെ കുറിച്ചും അതേസമയം അമേരിക്കയില്‍ താത്വികമായെങ്കിലും അവര്‍ പ്രതിനിധാനം ചെയ്ത സ്ത്രീ സ്വത്വ സങ്കല്പങ്ങള്‍ അംഗീകരിക്കപ്പെട്ടതും സൂചിപ്പിച്ചുകൊണ്ടാണ്. പുതുവത്സര ദിനത്തില്‍ ടി. വി. യില്‍ നീല ജീന്‍സും സ്വെറ്ററും ധരിച്ച് പതിവ് രീതിയില്‍ അലസമായി കെട്ടി വെച്ച മുടിയുമായി പ്രത്യക്ഷപ്പെട്ട ബാര്‍ദോയേ കാണാന്‍ കൊള്ളാവുന്ന സൌന്ദര്യം പോലുമില്ലാത്ത ‘വീട്ടുവേലക്കാരിയെപ്പോലുണ്ട്’ എന്ന് കുശുമ്പു പറയുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ ആണുങ്ങള്‍ കണ്ണുകള്‍ കൊണ്ട് രഹസ്യമായി നക്കിത്തുടച്ചു. മുപ്പതോളം വരുന്ന പ്രേക്ഷകരില്‍ താനുള്‍പ്പടെ മൂന്നോ നാലോ പേര്‍ക്കു മാത്രമാണ് അവള്‍ ആകര്‍ഷണീയയായി തോന്നിയതെന്ന് ബൂവ്വേ ഓര്‍ക്കുന്നു. ഒന്നാന്തരമായി നൃത്തം ചെയ്ത ബാര്‍ദോയേ പക്ഷെ പെണ്ണുങ്ങളും അംഗീകരിച്ചു, ഏറെ മടിയോടെയെങ്കിലും. എന്നാല്‍ തത്വത്തിലെങ്കിലും ലിംഗ സമത്വവും സ്ത്രീയുടെ തെരഞ്ഞുടുപ്പിനുള്ള അവകാശവും അംഗീകരിക്കുന്ന അമേരിക്കയില്‍ And God Created Woman മികച്ച വിജയമാകുകയും ബാര്‍ദോ ഒരു അന്താരാഷ്‌ട്ര താര പദവിയിലേക്ക് ഉയരുകയും ചെയ്തു. ഫ്രാന്‍സിലാവട്ടെ, അപ്പോഴും ഗോസ്സിപ്പ് കോളങ്ങളില്‍  സമൂഹത്തിലെ ചീത്ത സ്വാധീനമായി ബാര്‍ദോ നിറഞ്ഞു നിന്നു. ഒന്നിനും കൊള്ളാത്ത ചെറുപ്പക്കാര്‍ കൊലക്കുറ്റങ്ങള്‍ നടത്തുമ്പോള്‍ പോലും അത് അവരുടെ കണക്കില്‍ ചേര്‍ക്കപ്പെട്ടു. ‘പ്രൊഫെഷണല്‍ മോറലിസ്റ്റുകള്‍’ ലോകമെങ്ങും, അമേരിക്കയില്‍പോലും, അവരുടെ സിനിമകള്‍ നിരോധിക്കപ്പെടെണ്ടതാണ് എന്ന് നിലപാടെടുത്തു. എന്നാല്‍ മാര്‍ട്ടിന്‍ കരോളിനെ പോലുള്ള നടികള്‍ വിവസ്ത്രരാകുമ്പോള്‍ പ്രതിഷേധിക്കാതിരുന്ന പ്രേക്ഷകര്‍ ബ്രിജിത്തിനെ മാത്രം അധാര്‍മ്മികതയുടെ പര്യായമായിക്കണ്ടത് ഇതുകൊണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസമായിരുന്നു എന്ന് ബൂവ്വേ നിരീക്ഷിക്കുന്നു. സ്ക്രീനില്‍ കണ്ട സാങ്കല്‍പ്പിക ജീവിയെ ചുറ്റിപ്പറ്റിയാണ് ആരാധകരും വിമര്‍ശകരും ഒരു പോലെ ബാര്‍ദോ ഇമേജ് രൂപപ്പെടുത്തിയത് എന്നിരിക്കെ, ബ്രിജിത് ബാര്‍ദോ എന്ന യുവതിയായ സ്ത്രീ എന്താണെന്ന് അറിയേണ്ടത് ‘ബിബി’ പ്രതിനിധാനം ചെയ്യുന്നതെന്ത്‌ എന്നറിയാന്‍ ആവശ്യമല്ല. എന്നാല്‍ ‘നിതാന്ത സ്ത്രീ’ എന്ന പൌരാണിക സങ്കല്പത്തിന്റെ ഒരാധുനിക പതിപ്പ് പുന സൃഷ്ടിക്കുന്നതില്‍  റോജര്‍ വാദിം ഒരുപുത്തന്‍ രതിഭാവന (eroticism) പ്രയോജനപ്പെടുത്തുന്നു. ഈ പുതുമയാണ് ചിലര്‍ക്ക്  വിലോഭനീയമാകുകയും മറ്റു ചിലരെ ഞെട്ടുക്കുകയും ചെയ്യുന്നത് എന്ന് ബൂവ്വേ കണ്ടെത്തുന്നു.

ലോലിത സിന്‍ഡ്രോം സിനിമയില്‍ മാത്രമോ?

ഈ പുത്തന്‍ രതിഭാവനയുടെ ചരിത്രപരമായ വികാസത്തെ കുറിച്ച് വളരെ സംക്ഷിപ്തമായ സൂചനകള്‍ ബൂവ്വേ മുന്നോട്ടു വെക്കുന്നുണ്ട്. ലിംഗ പരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ അപ്രസക്തമായിത്തുടങ്ങിയപ്പോള്‍ ഇറോട്ടിട്ടിസിസത്തിന്റെ പ്രാധാന്യം സിനിമയില്‍ കുറഞ്ഞുവന്നുവെന്നു അവര്‍ കരുതുന്നു. മുപ്പതുകളില്‍ അത് കാല്‍പ്പനികതക്കും അതിവൈകാരികതക്കും വഴിമാറി. പഴയ ‘vamp’ കഥാപാത്രം പെണ്‍സുഹൃത്ത് എന്നതിലേക്ക് മാറിയതിന്റെ ഏറ്റവും മികച്ച മാതൃക ഴാങ് ആര്‍തര്‍ ആയിരുന്നു. എന്നാല്‍ ബ്ലൂം ബൈന്‍സ് ഉടമ്പടിയും തത്ഫലമായ ഹോളിവുഡിന്റെ തള്ളിക്കയറ്റവും സൃഷ്ടിച്ച 1947-ലെ  പ്രതിസന്ധിയെ തുടര്‍ന്ന് പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ ഇറോട്ടിക് ഉള്ളടക്കത്തിന്റെ സാധ്യതകളിലേക്ക് ചലച്ചിത്രകാരന്മാര്‍ തിരിച്ചു പോയി. അതേസമയം, സ്ത്രീകള്‍ കാറോടിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ക്രയവിക്രയം നടത്തുകയും ബീച്ചുകളില്‍ ശങ്കയേതും കൂടാതെ വിവസ്ത്രരാകുകയും ചെയ്ത ഒരു കാലത്ത് പഴയ ‘വാമ്പ്’ ബിംബമോ അതിന്റെ നിഗൂഡതയോ അചിന്ത്യമായിരുന്നു. അതുകൊണ്ട് കുറെ കൂടി പരുക്കനായ ആണ്‍ നോട്ടത്തിനു പാകത്തില്‍ പെണ്‍ ഉടലളവുകളില്‍ സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചു. വികാരതീക്ഷ്ണമായ കണ്ണുകളോ നോട്ടങ്ങളോ എന്നതിലേറെ ശാരീരിക ആകര്‍ഷണീയത പ്രധാനമായി. മരിലിന്‍ മണ്‍റോയും സോഫിയ ലോറനും ഗിന ലോലോബ്രിജിഡയും അടയാളപ്പെടുത്തിയ പെണ്ണുടല്‍ സമൃദ്ധി ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍ സ്വപ്നവ്യാപാരികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിക്കൊണ്ടിരുന്നു. ഓഡ്രി ഹെപ്ബേണ്‍, ഫ്രാന്‍സ്വാ ആര്‍നൂള്‍, മറീന വ്ലാഡി, ലെസ്ലി കാരോണ്‍, ബ്രിജിത്ത് ബാര്‍ദോ തുടങ്ങിയവരിലൂടെ ‘ബഹളക്കാരിയായ പെണ്‍കിടാവി’ന്റെ പ്രതിരൂപം അവര്‍ ഉരുവപ്പെടുത്തി. Dangerous Connections-ല്‍ റോജര്‍ വാദിം പതിനാലുകാരിയായ ‘മുതിര്‍ന്നുവരുന്ന പെണ്‍കിടാവിനെ (child-woman)’ അവതരിപ്പിച്ചപ്പോള്‍ അത് സിനിമയില്‍ മാത്രം കണ്ട ഒരു പ്രതിഭാസവും ആയിരുന്നില്ല. ആര്‍തര്‍ മില്ലര്‍ A View form the Bridge ല്‍ കൌമാരക്കാരിയായ നായികയെ അവതരിപ്പിച്ചപ്പോള്‍ നബക്കോവിന്റെ ലോലിതയില്‍ നാല്‍പ്പതുകാരനായ നായകന് പന്ത്രണ്ടുകാരിയോടുള്ള ബന്ധം സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിത്തീര്‍ന്നത്‌ ചരിത്രം. ‘നിംഫെറ്റ്’ എന്ന പദവും പില്‍ക്കാല സാഹിത്യചരിത്രത്തിന്റെ ഭാഗമായി. ലിംഗ സമത്വത്തെ കുറിച്ചുള്ള ആശയങ്ങള്‍ ശക്തമായി സ്ഥാപിതമായതോടെ പുരുഷനോടൊപ്പം തന്നെ ഇടം നേടിയ മുതിര്‍ന്ന സ്ത്രീ, ആസക്തിയുണര്‍ത്താന്‍ അനിവാര്യമായ അകലത്തില്‍ അല്ലാതായപ്പോള്‍ ആ ഇടത്തിലേക്ക് പ്രായത്തിലെ വ്യത്യാസം മൂലം പുരുഷകാമനകള്‍ക്ക് വിലക്കപ്പെട്ട ഇളം പ്രായക്കാരി (child-woman) കടന്നുവന്നു. ‘ഇളം കായും വിലോഭനീയ സ്ത്രീയും’ (‘green fruit’ and ‘femme fatale’) സമ്മേളിക്കുന്ന പുതിയ ഹവ്വക്ക് അങ്ങനെയാണ് പിറവിയായത് എന്ന് ബൂവ്വേ സിദ്ധാന്തിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ‘നിംഫെറ്റ്’

ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ബ്രിജിത്ത് ബാര്‍ദോ എങ്ങനെയാണ് ഈ ദുരൂഹ ഭാവങ്ങളുള്ള ‘നിംഫി’ന്റെ സമ്പൂര്‍ണ്ണ മാതൃകയാവുന്നതെന്നും അമേരിക്കയില്‍ നേടിയ അംഗീകാരം ഫ്രാന്‍സില്‍ അവര്‍ക്ക് ലഭിക്കാതെ പോയതെന്തുകൊണ്ട് എന്നും വിശദമാക്കുന്നുണ്ട്. പെണ്‍നിറവുള്ള മാറിടങ്ങളില്‍ ഒഴികെ മിക്കവാറും ഉഭയലിംഗത്വം തോന്നാവുന്ന മെലിഞ്ഞ, പേശീബലമുള്ള നര്‍ത്തകീ ശരീരമാണ് അവരുടേത്. ചുംബനം ദാഹിക്കുന്ന ചുണ്ടുകളെ കുറിച്ചും സന്യാസിയെ പോലും മോഹിപ്പിക്കുന്ന നൃത്തച്ചുവടുകളെ കുറിച്ചും പറയുമ്പോള്‍ ബുവ്വേ ശരിക്കും തന്റെ കഥാപാത്രവുമായി നിഗൂഡ പ്രണയത്തിലാണ് എന്ന് തോന്നാം. ഇളംമുറക്കാരികളുമായി അത്തരം ചിലബന്ധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു എന്നും സാര്‍ത്രുമായി ചേര്‍ന്ന് അവ വിചിത്ര ത്രികോണബന്ധങ്ങളായി വളരാറുണ്ടായിരുന്നു എന്നുമുള്ള അവരുടെ ജീവചരിത്ര സൂചനകള്‍ ഇതോടു ചേര്‍ത്തുവെക്കാം. ബാര്‍ദോയുടെ കാര്യത്തില്‍ ബുവ്വേ നിരീക്ഷിക്കുന്നത് ഭാവരഹിതമായ ആ ഭാവത്തില്‍ ജീവിതാനുഭവങ്ങളില്ലാത്ത, ഓര്‍മ്മകളോ, ഭൂതകാലമോ ഇല്ലാത്ത ഒരു മിത്തിക്കല്‍ കുട്ടിക്കാലത്തിന്റെ ചിലപ്പോഴൊക്കെ അസംബന്ധം വരെയെത്തുന്ന നിഷ്കളങ്കതയുടെ ഭാവമാണ്. ‘ഒരു പ്രകൃതി പ്രതിഭാസം’ എന്ന നിലയില്‍ ‘അവള്‍ അഭിനയിക്കുന്നില്ല’ ‘നിലനില്‍ക്കുന്നതേ ഉള്ളൂ’ എന്ന് വാദിം നിരീക്ഷിച്ചതും And God Created Woman-ലെ ജൂലിയറ്റിനു വേണ്ടി താന്‍ താനായി നിന്നതേ ഉള്ളൂ എന്ന് ബിബി തന്നെയും പറഞ്ഞതും ബുവ്വേ ഉദ്ധരിക്കുന്നു. ചീര്‍പ്പ് പോലും ഉപയോഗിക്കാതെ വിരലുകള്‍ കൊണ്ട് മുടി ഒതുക്കുക മാത്രം ചെയ്യുന്നതായിരുന്നു അവരുടെ ശീലം.

“അവള്‍ പ്രകൃതിയുടെ ഒരു ശക്തിയായി നിലക്കൊള്ളുന്നു, ആരും മെരുക്കാത്തിടത്തോളം അപകടകാരി, അവളെ ഇണക്കിയെടുക്കുക എന്നത് പുരുഷന്റെ ജോലിയാണ്”

ദയാലുവും ഉദാരയുമായ, ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കാത്ത അവളുടെ പ്രകൃതം നന്മ തിന്മകളോടുള്ള ഉദാസീനതയുടെ സൃഷ്ടിയാണ്. ശരിതെറ്റുകള്‍ എന്ന മാനദണ്ഡം അവിടെ പ്രയോഗക്ഷമമല്ല. ജൂലിയറ്റ് തന്റെ ജീവിതസാരം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

“ഞാന്‍ ഏതു നിമിഷവും മരിച്ചുപോകാം എന്ന മട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. ഒരോ തവണ പ്രണയത്തിലാകുമ്പോഴും ഞാന്‍ കരുതും അത് എന്നേക്കും ഉള്ളതാണെന്ന്.”

അനശ്വരതയില്‍ വസിക്കുക എന്നാല്‍ കാലത്തെ തിരസ്കരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്നു ബുവ്വേ നിരീക്ഷിക്കുന്നു. സദാചാരത്തിന്റെ കാവല്‍ക്കാര്‍ കാലഘട്ടത്തിന്റെ മൂല്യച്യുതിയുടെ സൃഷ്ടിയായി അവളെ കാണുന്നു. ഏതൊക്കെയോ ദുരൂഹ വശീകരണ സിദ്ധികളുള്ള ഈ അഴിഞ്ഞാട്ടക്കാരിയുടെ മുന്നില്‍ തങ്ങളുടെ ധാര്‍മ്മിക ഔന്നത്യം അവരെ മഹത്വപ്പെടുത്തുന്നതുകൊണ്ട് അവളില്‍ അവര്‍ക്ക് എതിരാളിയില്ല. അതേ സമയം തിന്മയും നിഷ്കളങ്കതയും ഒന്നാകുന്നതിന്റെ ഈ മിശ്രിതം ഉടലഴകുകൊണ്ട് പുരുഷനെ ആകര്‍ഷിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എടുത്തുകാണിക്കുന്ന ഉടയാടകളോ സൌന്ദര്യ വര്‍ദ്ധക ഉപാധികളോ ഇല്ലാതെ തനിക്കു ചുറ്റും ഒരു നിഗൂഡതയും സൃഷ്ടിക്കാതെ എപ്പോഴും ചലിക്കുന്ന, നൃത്തം ചെയ്യുന്ന ബാര്‍ദോ പ്രണയത്തില്‍ വേട്ടക്കാരിയും തുല്യമായി ഇരയുമാകുന്നു. പുരുഷന്‍ അവള്‍ക്കുള്ള ഇരയാണെങ്കില്‍ തിരികെ അവളും പുരുഷനുള്ള ഇരയാകുന്നു. ഇത് പുരുഷന്റെ അഹന്തയെ മുറിപ്പെടുത്തുന്നുവെന്നു ബുവ്വേ നിരീക്ഷിക്കുന്നു. ‘സ്ത്രീ എന്ന വസ്തു’ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സര്‍വ്വാഭരണ വിഭൂഷിതയായി സ്വയമൊരു ദേവതയാകാന്‍ വിസമ്മതിക്കുന്ന ബാര്‍ദോ മനോവൈകല്യമുള്ളവളായി കണക്കാക്കപ്പെട്ടു. രക്തവും മാംസവുമുള്ള, ഒരു പാവയ്ക്ക് പകരം തന്റെ സ്വത്വത്തെ കുറിച്ച് ബോധമുള്ള, ഒരാളുടെയടുത്തു പുരുഷന്‍ അസ്വസ്തനായിരിക്കും. “ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആകര്‍ഷണീയയായി കാണുമ്പോള്‍ അവളുടെ പിന്‍ഭാഗത്ത് നുള്ളണം അയാള്‍ക്ക്” എന്ന് പറഞ്ഞ ഫ്രഞ്ചുകാരനെ ബുവ്വേ ഓര്‍ക്കുന്നു. ബിബിയുടെ സ്വതേയുള്ള കുലീനത ഇത്തരം കടന്നുകയറ്റങ്ങളെ അസാധ്യമാക്കുന്നു. വാക്കുകളില്ലാതെ തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ലൈംഗിക സമത്വം അമേരിക്കയില്‍ എന്നേ അംഗീകരിച്ചതാണ് എങ്കിലും ഫ്രാന്‍സില്‍ മിക്ക സ്ത്രീകളും പുരുഷന്റെ മേല്‍ക്കൈ എന്ന മൂല്യധാരണ തുടരുന്നു.

‘അവരുടെ പുരുഷന്മാര്‍ ബിബിയുടെ ഉദ്ധതമായ ലജ്ജയില്ലായ്മയിലേറെ ഈ മുതിര്‍ന്ന സ്ത്രീകളുടെ വിധേയത്വത്തെ ഇഷ്ടപ്പെടുന്നു.”

ഫ്രഞ്ചുകാരുടെ പരുക്കന്‍ ഫലിത ബോധത്തെ കുറിച്ച് മുമ്പും സൂചിപ്പിച്ചിട്ടുള്ള ബുവ്വേ, അത്തരം മനോനിലയില്‍ നിന്നുള്ള മുക്തിതേടി മിസ്റ്റിക് സങ്കല്‍പ്പങ്ങളിലേക്കുള്ള ഇടവേള തേടലില്‍ ഗ്രേറ്റാ ഗാര്‍ബോയുടെ ‘ദൈവികസ്പര്‍ശം’ നല്‍കുന്ന ആദര്‍ശ വല്‍ക്കരണത്തില്‍ അവര്‍ അഭയം കാണുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്തും ആരോപിക്കാവുന്ന ഒരു ശൂന്യഭാവമുണ്ടായിരുന്നു ഗാര്‍ബോയുടെ മുഖത്തെങ്കില്‍, ബിബിയുടെ മുഖത്തു നിന്നു ഒന്നും വായിച്ചെടുക്കാന്‍ ആവുമായിരുന്നില്ല. അത് വെറും പച്ച യാഥാര്‍ത്ഥ്യം ആയിരുന്നു. മദാലസ സങ്കല്പങ്ങള്‍ ചേര്‍ത്തുവെക്കാന്‍ അതൊരു വലിയ തടസ്സമായി. പകരം തങ്ങളുടെ ആസക്തിയുടെ പ്രാകൃതത്വത്തെ അത് അവരെ ഓര്‍മ്മിപ്പിച്ചു. ലൈംഗികതയെ അതായിത്തന്നെ കണ്ടു അംഗീകരിക്കാന്‍ അധികം പേര്‍ക്കും കഴിയില്ലെന്നിരിക്കെ, ആത്മീയ നാട്യങ്ങളില്‍ അഭിരമിക്കുന്ന സമൂഹത്തില്‍ തങ്ങളുടെ കാപട്യത്തെ അനാവൃതമാക്കുന്ന ബിബിയുടെ ലൌകികവും ‘ഗദ്യാത്മക’വുമായ സത്യസന്ധത അവരെ വെല്ലുവിളിച്ചു.

മാറ്റങ്ങളുടെ വഴിയിലേക്ക്?

റോജര്‍ വാദിം (And God Created Woman) ബിബിയുടെ സ്ക്രീന്‍ സാന്നിധ്യത്തില്‍ പ്രാപ്യയായ അഴിഞ്ഞാട്ടക്കാരിയെന്ന ഇമേജ് സൃഷ്ടിക്കുമ്പോഴും അരങ്ങില്‍ വിവസ്ത്രയാകുന്നവളുടെ എകാന്തതക്കപ്പുറം ഈ സുന്ദരി പ്രസിദ്ധയും കൊണ്ടാടപ്പെടുന്നവളും അതുകൊണ്ട് തന്നെ അപ്രാപ്യയും ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ മെരുങ്ങാത്തവളോടുള്ള പ്രതികാര ചിന്തയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു എന്ന് ബുവ്വേ നിരീക്ഷിക്കുന്നു. എന്നാല്‍ Love is My Profession (1958)-ല്‍  ഒതാന്ത് ലാറക്ക് ആ കുഴപ്പം സംഭവിക്കുന്നില്ല. ബിബിയുടെ ഏറ്റവും മികച്ച പ്രകടനം പക്ഷെ അവര്‍ക്ക് വിശേഷാല്‍ സല്‍പ്പേരൊന്നും നേടിക്കൊടുത്തില്ലെന്നു ബുവ്വേ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ ചിത്രം കപട സാമൂഹ്യ നിലപാടുകളെ കൂടുതല്‍ തീക്ഷണമായി തുറന്നു കാട്ടി. യിവെറ്റിന്റെ കൂസലില്ലായ്മ സമൂഹം കുലീനമായിക്കരുതിയ പശ്ചാത്താപ സാധ്യതയെ പോലും കണക്കിലെടുക്കുന്നില്ല. ചിത്രം മുന്നോട്ടു വെക്കുന്ന വീക്ഷണത്തെ ബുവ്വേ വിവരിക്കുന്നു: “നമ്മുടെ കളങ്കിത സമൂഹത്തില്‍ അതിനെ നിഷേധിക്കുകയും അതില്‍ നിന്നു ബോധപൂര്‍വ്വം സ്വയം വിഛെദിച്ചു മാറുകയും ചെയ്യുന്നവര്‍ക്കൊഴിച്ചു ആര്‍ക്കും ശുദ്ധരായിരിക്കാനാവില്ല.” എന്നാല്‍ ഒഴുക്കിനെതിരെ നീങ്ങുക എന്നത് ഫ്രാന്‍സിന്റെ വഴിയല്ലെന്നും ബിബി ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണെന്നും ബുവ്വേ സൂചിപ്പിക്കുന്നുണ്ട്. ഒരു താരത്തെ സംബന്ധിച്ച് അത് വിവാഹം പോലുള്ള സാമ്പ്രദായികതകള്‍ക്ക് വഴിപ്പെടല്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവാഹത്തെ കുറിച്ച് വളരെ അവ്യക്തമായി മാത്രം സൂചിപ്പിക്കുന്ന ബ്രിജിത്ത് തന്റെ മൃഗ സ്നേഹവും കാര്‍ഷിക ജീവിതത്തോടുള്ള ആഭിമുഖ്യവും കൂടെക്കൂടെ എടുത്തു പറയുന്നുണ്ട് എന്ന കാര്യം ബുവ്വേ ഊന്നിപ്പറയുന്നത്‌ മുപ്പത്തിയൊമ്പതാം വയസ്സില്‍ അഭിനയ ജീവിതത്തോടു വിടവാങ്ങിയ ബ്രിജിത്തിന്റെ ജീവിതത്തില്‍ പിന്നീട് തളിയിക്കപ്പെട്ട വസ്തുതകള്‍ തന്നെയാണ്. ഫ്രഞ്ച് ബൂര്‍ഷ്വാ ജീവിതത്തിന്റെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിത്വമായിത്തന്നെയാണ് ബുവ്വേ ബ്രിജിത്തിനെ മനസ്സിലാക്കുന്നത്. “ഭാര്യയും അമ്മയും, കര്‍ഷകസ്ത്രീ, ബിസിനസ്സുകാരി, കാര്‍മ്മലൈറ്റ്‌ സന്യാസിനി, എന്നിങ്ങനെ വിഷിഷ്ടഭാവിയുടെ സാധ്യതകളെല്ലാം ബിബിയുടെ മുന്നിലുണ്ട്”. എന്തായാലും Babette Goes to War പോലുള്ള സിനിമകളിലൂടെ സ്ക്രീനില്‍ അവര്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തമാണ്. സൈനിക യൂണിഫോമിന്റെ ഉള്ളിലേക്ക് ആ ഉടലഴക് മറക്കപ്പെടുകയാണ്. കാലഘട്ടത്തിന്റെ അധാര്‍മ്മികതയുടെ പ്രതീകമായി ബിബിയെ കണ്ടവരും സമൂഹം നിര്‍മ്മിച്ചുവെച്ച വിലക്കുകള്‍ കാലാനുസൃതം പരിണമിക്കേണ്ടതുണ്ടെന്നു കരുതുന്നവരും ഈ മാറ്റത്തെ വ്യത്യസ്ത രീതിയില്‍ സമീപിച്ചേക്കാം. ബിബി പ്രതിനിധാനം ചെയ്ത ലിംഗ വിമോചന സങ്കല്‍പ്പം താത്വികമായെങ്കിലും അമേരിക്കന്‍ സമൂഹത്തിനു വെല്ലുവിളിയാവുന്നില്ലെങ്കിലും ‘പ്രണയത്തില്‍ കാപട്യമരുത്’ എന്ന ബിബിയുടെ തുറന്ന സമീപനം അമേരിക്കന്‍ പൊതുബോധത്തെയും അലോസരപ്പെടുത്തുന്നുണ്ട്. ബുവ്വേ പ്രബന്ധം അവസാനിപ്പിക്കുന്നത് ഒരു വലിയ പ്രതീക്ഷയിലാണ്:

“പ്രണയത്തിലെയും ഇരോട്ടിസിസത്തിലെയും കാപട്യം തുറന്നുകാണിക്കുക എന്നത് നാം കരുതുന്നതിലേറെ വിശാലമായ ധ്വനികള്‍ ഉള്ളതാണ്. ഒരൊറ്റ മിത്തിനെപോലും സ്പര്‍ശിക്കുന്നതോടെ എല്ലാ സങ്കല്‍പ്പധാരണകളും അപകടത്തിലാകും. ആത്മാര്‍ഥമായ ഒരു നോട്ടം, അതിന്റെ പരിധി എത്ര ചെറുതാണെങ്കിലും, എല്ലാ കപട വേഷങ്ങളെയും ചാരമാക്കികളയുന്ന തീയായി പടരും. എന്തുകൊണ്ട്, എന്ത് കൊണ്ട് അരുത് എന്ന് കുട്ടികള്‍ എപ്പോഴും ചോദിക്കുന്നു. അവരോടു നിശബ്ദരാകാന്‍ നാം പറയുന്നു. ബ്രിജിത്തിന്റെ കണ്ണുകള്‍, അവരുടെ ചിരി, സാന്നിധ്യം, നിങ്ങളെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു: എന്തുകൊണ്ട് ആവാം, എന്തുകൊണ്ട് അരുത്? ഒരൊറ്റ വാക്കുമില്ലാതെ അവള്‍ ചോദിക്കുന്ന ചോദ്യത്തെ അവര്‍ നിശബ്ദമാക്കാന്‍ പോകുകയാണോ? നുണ നിറഞ്ഞ ഞഞാമിഞ്ഞയിലൂടെ സംസാരിക്കാന്‍ അവളും സമ്മതിക്കാന്‍ പോവുകയാണോ? ഒരു വേള അവള്‍ ഉദ്ദീപിപ്പിച്ച വിദ്വേഷം തണുത്തുപോയേക്കാം, പക്ഷെ അപ്പോള്‍ അവള്‍ ആര്‍ക്കുവേണ്ടിയും ഒന്നിനെയും പ്രതിനിധീകരിക്കില്ല. ജനസമ്മതി നേടുന്നതിനായി അര്‍ത്ഥശൂന്യതയോട് സ്വയം രാജിയാവാന്‍ അവള്‍ തയ്യാറാവില്ല എന്ന് ഞാന്‍ ആശിക്കുന്നു. അവള്‍ പക്വത കൈവരിക്കും, എന്നാല്‍ മാറ്റത്തിനു വിധേയയാവില്ല എന്ന് ഞാന്‍ ആശിക്കുന്നു.”

ഡാന്റെയുടെയും ബോദ് ലെയറുടെയും മനസ്സുകളില്‍ തുടിച്ചു നിന്ന മിത്തിക് രൂപത്തിലേക്ക് ബാര്‍ദോ എന്ന ബിംബത്തെ മാറ്റിയെടുക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ബൂവ്വേ ചെയ്യുന്നത് കവിതയ്ക്ക് വേണ്ടി വാദിക്കുകയാണ് എന്നും ഫിലോസഫിയിലും, സാമൂഹ്യ വിമര്‍ശനത്തിലും നോവലിലും ഓര്‍മ്മക്കുറിപ്പുകളിലും ഒരേ സമയം വ്യാപരിക്കുന്ന ഒരാള്‍ക്ക് മാത്രം സാധ്യമാകുന്ന രീതിയിലാണ് അവരത് സാധിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ‘ദി സെക്കന്‍ഡ് സെക്സി’ന്റെ രചയിതാവിന്റെ നിരീക്ഷണത്തില്‍ തന്റെ നായിക ‘ആധികാരികത’, പ്രകൃത്യായുള്ള ശുദ്ധമായ ‘ആസക്തി’, കാപട്യലേശമില്ലാത്ത തീക്ഷ്ണ ലൈംഗികത, ലൈംഗിക സമത്വം, അക്കാര്യത്തിലെ സ്വയം നിയന്ത്രണാവകാശം എന്നിവയുടെ അവതാരമായി നില്‍ക്കുകയും “ഭാര്യയുടെയും അമ്മയുടെയും ഭയപ്പെടുത്തുന്ന സങ്കല്‍പ്പങ്ങള്‍ ഇനിയും പ്രത്യക്ഷമായിത്തുടങ്ങിയിട്ടില്ലാത്ത ഇളംപെണ്ണിന്റെ (nymph) വശ്യതകള്‍” നിലനിര്‍ത്തുകയും ചെയ്യുന്നു. 

  (സിനി ബുക്ക് ഷെല്‍ഫ്: 02: ദൃശ്യതാളം October 2017) 

read more:

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 


Monday, September 2, 2024

Pulayatthara by Paul Chirakarode (Malayalam)

 

‘പുലയത്തറ’ – വീണ്ടെടുക്കപ്പെട്ടുവോ ദലിത്ജീവിതം?



(മലയാള സാഹിത്യത്തിലെ ആദ്യകാല ദലിത് നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പുലയത്തറ’യുടെ സമകാലിക വായന. നോവലന്ത്യം മുന്നോട്ടുവെച്ച ശുഭാപ്തിക്ക് ഇനിയും സാക്ഷാത്കാരമായോ എന്ന ചോദ്യം നോവലിന്‍റെ പാഠത്തില്‍ തന്നെ നിലീനമാണ് എന്ന് ലേഖനം നിരീക്ഷിക്കുന്നു.)


 

‘ആത്മാവോ? പുലയനുണ്ടോ ആത്മാവുള്ളൂ? ദിവസവും വേലയെടുത്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ പൂട്ടിയിടും.” – കോശി കുര്യന്‍ (കോളിന്‍സ് മദാമ്മ- ‘ഘാതകവധം’ (1877).)

 

“എങ്കിലും ചിലപ്പോള്‍ പാവപ്പെട്ട പുലയര്‍ക്കു സ്വര്‍ഗ്ഗമില്ലായിരിക്കുമെന്നു വിചാരിച്ചു ഞാന്‍ ഭയപ്പെടുന്നു. ചിലപ്പോള്‍ ഇവിടെ ഞങ്ങള്‍ കീഴുജാതിക്കാരായിരിക്കുന്നതുപോലെ അവിടെയും ആയേക്കുമെന്നും തോന്നുന്നു.”- - - (കോളിന്‍സ് മദാമ്മ- ‘ഘാതകവധം’)

 

“പാതിരിവേദക്കാരാണ്. എന്നുവെച്ചാല്‍, യേശുക്രിസ്തുവിന്റെ കൂട്ടരാണ്. വെള്ളക്കാരുടെ വേദം തന്നെയാണ് ഇവര്‍ക്കും ഉള്ളത്. ഇവര്‍ക്ക് ഒരു പ്രത്യേക ജാതിയില്ല. ജാതി എന്നതെയില്ല. പല ജാതികളില്‍ ഉള്ളവര്‍ ചെന്നുചേര്‍ന്നിട്ടുണ്ട്. ചേര്‍ന്നാല്‍ എല്ലാം ഒന്നായി, കടല്‍ പോലെയാണ്.”

-   (സരസ്വതീവിജയം, (1892) പോത്തേരി കുഞ്ഞമ്പു – പേജ് 66)

 

 

സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ സമൂഹത്തിന്‍റെ കുടല്‍മാലയിലെ നാടവിര എന്ന് ജാതിസമ്പ്രദായത്തെ കുറിച്ച് വിവരിക്കുന്നുണ്ട് ഒരു പുറമെക്കാരിയുടെ (outsider) വസ്തുനിഷ്ഠ വീക്ഷണത്തിന്‍റെ സത്യസന്ധതയില്‍ സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റ് ഷീലാ ഫുഗാര്‍ദ് അവരുടെ വിഖ്യാത നോവലില്‍.  ആ നാട്ടിലെ ഗാന്ധിയുടെ ഇടപെടലുകളും ഗാന്ധി-കസ്തൂര്‍ബാ ബന്ധവും വിഷയമാകുന്ന ‘ഒരു വിപ്ലവവനിത’ (A Revolutionary Woman) എന്ന പുസ്തകമാണ് ഇവിടെ വിവക്ഷ. ‘ദൈനംദിന ഹോളോകോസ്റ്റ്’ എന്നു ഒരു നിരൂപകന്‍ വിവരിക്കുന്ന *(1) ദലിത് ജീവിതാവസ്ഥയുടെ സാഹിതീയ ആവിഷ്കാരങ്ങള്‍ക്കു പക്ഷെ ഈയടുത്ത കാലത്തുമാത്രമേ പ്രാമാണികത കൈവന്നിട്ടുള്ളൂ.  ദലിത് സാഹിത്യത്തിന്‍റെ ഭാവങ്ങള്‍ ഏറിയോ കുറഞ്ഞോ പ്രകടമാകുന്ന കഥകള്‍ കോളിന്‍സ് മദാമ്മയുടെ ‘ഘാതക വധം’ (1877) പോലുള്ള കൃതികളിലും, ഒരുവളേ അതിനുംമുമ്പ് മിഷനറി ആഖ്യാനങ്ങളിലും ഉണ്ടായിട്ടുണ്ട്. പണ്ഡിറ്റ്‌ കറുപ്പന്‍, ടി.കെ.സി. വടുതല, പോള്‍ ചിറക്കരോട്, സി.അയ്യപ്പന്‍ തുടങ്ങിയവരുടെ രചനകളില്‍ എമ്പതുകള്‍ക്കു ശേഷമുണ്ടായ പുനര്‍വായനകള്‍ 1920 മുതല്‍ 1956 വരെയുള്ള അംബേദ്‌കറുടെ ഇടപെടലുകളുടെ തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ രൂപംകൊണ്ട ദലിത് സാഹിത്യത്തിന്‍റെ നിറവിലായിരുന്നു എന്ന് എം.ആര്‍.രേണുകുമാര്‍ വിവരിക്കുന്നു *(2). മറാത്തി ഭാഷയില്‍ തുടങ്ങി ഹിന്ദി, കന്നഡ, തെലുഗു, ബംഗ്ലാ, തമിഴ് ഭാഷകള്‍ക്കും ശേഷമാണ് നിയതമായ അര്‍ത്ഥത്തില്‍ ദലിത് സാഹിത്യം മലയാളത്തില്‍ വളര്‍ന്നുവന്നത്. ‘ബുദ്ധിസത്തിന്‍റെയും അംബേദ്‌കറിസത്തിന്‍റെയും വെളിച്ചത്തില്‍ മറാത്തി ദലിത് സാഹിത്യം എത്തിച്ചേര്‍ന്ന സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമൊന്നും അവകാശപ്പെടാനാവില്ലെങ്കിലും’,  അറുപതുകളില്‍ത്തന്നെ ജാതിയെയും മതത്തെയും പ്രശ്നവല്‍ക്കരിക്കുന്ന’ (Ibid) കൃതികള്‍ രചിക്കപ്പെട്ടത്‌ മലയാള ദലിത്‌സാഹിത്യ ചരിത്രത്തില്‍ സുപ്രധാനമാണ്‌. 1892ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതീവിജയം’, 1960ല്‍ പുറത്തുവന്ന ടി.കെ.സി.വടുതലയുടെ ‘കറ്റയും കൊയ്ത്തും’ എന്നിവയെ മുന്‍മാതൃകകളായി വിവരിക്കുന്ന മലയാള ദലിത്‌ നോവല്‍സാഹിത്യത്തില്‍ അടുത്ത ഏറ്റവും പ്രധാനകൃതിയായി ‘പുലയത്തറ’ (1962) പരിഗണിക്കപ്പെടുന്നു. എന്നാല്‍, എന്തുകൊണ്ട് പുസ്തകത്തിന് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ തുടർന്നുള്ള പതിറ്റാണ്ടുകളിലോ സാഹിത്യചരിത്രത്തിൽ ശ്രദ്ധേയമായ ഇടം ലഭിക്കാതെപോയിയെന്ന ചോദ്യത്തെ, സര്‍വ്വവ്യാപിയായ സവര്‍ണ്ണ മുഖ്യധാരാ ഭാവുകത്വവുമായി ചേര്‍ത്തുവെച്ചു മാത്രമാണ് വിശദീകരിക്കാനാകുക. ‘സാമൂഹികവും സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ ബൈനറികള്‍ സൃഷ്ടിച്ചുകൊണ്ട് ഒരേസമയം തങ്ങളുടെ മേല്ക്കോയ്മയെയും ബഹുജനങ്ങളുടെ കീഴാളതയെയും കാലാനുസൃതമായി നിലനിര്‍ത്താന്‍ .. പ്രബല/സവര്‍ണ്ണ ധാരക്കുള്ള പാടവം അന്യാദൃശമാണ്’(Ibid). പുരോഗമാനസാഹിത്യത്തിന്‍റെയും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയബോധ്യങ്ങളുടെയും ഉദ്ബോധനസ്വഭാവംകൊണ്ടു പരിമിതപ്പെട്ടുപോയ, വര്‍ഗ്ഗബോധം കൈവരിച്ച സവര്‍ണ്ണന്‍റെ മഹാമാനസ്കതയില്‍ വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ക്ക് പ്രശ്നപരിഹാരം കണ്ടെത്തിയ ‘രണ്ടിടങ്ങഴി’ പോലെ ഒരു നോവലിനു ലഭിച്ച സ്വീകാര്യതപോലും ‘പുലയത്തറ’ക്കോ മറ്റു  സമാനകൃതികള്‍ക്കോ ലഭിക്കുകയുണ്ടായില്ല എന്നതിനു ഏറ്റവും വ്യക്തമായ വിശദീകരണം ഇതുതന്നെ.

 

സാമാന്യാനുഭവ പാത്രസൃഷ്ടികള്‍

 

“ദൃശ്യതയില്ലാത്ത ഒരു സമുദായത്തിലെ ഒരു വ്യക്തിയുടെ ചരിത്രം ഒരു സമുദായത്തിന്‍റെ ചരിത്രം തന്നെ ആയിരിക്കും” എന്നു നിരീക്ഷിക്കുന്നുണ്ട് പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ ‘എരി’ എന്ന നോവലിലെ ഗവേഷകവിദ്യാര്‍ഥിയായ ആഖ്യാതാവ്. എന്തുകൊണ്ടാണ് കൊളോണിയല്‍/ ജാതീയ/ വംശീയ/ വര്‍ണ്ണാധീശ വിവേചനം നേരിടുന്ന പാര്‍ശ്വവല്കൃതരുടെ/ കീഴാള/ അധസ്ഥിത വിഭാഗങ്ങളുടെ കഥകളില്‍ വൈയക്തികതക്കപ്പുറം സാമാന്യാനുഭവങ്ങള്‍ (generic experiences) പ്രധാനമാകുകയും പാത്രസൃഷ്ടി, വ്യക്തികള്‍ എന്നതിലേറെ ടൈപ്പുകള്‍/ പ്രതിനിധാനങ്ങള്‍ ആയിത്തീരുകയും ചെയ്യുന്നത് എന്നതിന്‍റെ കൃത്യമായ വിശദീകരണമാണ് പ്രസ്തുതനിരീക്ഷണം. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങളും ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളും കാലഗണനയായ അടിമ/അടിമസമാന കുട്ടനാടന്‍ പുലയ ജീവിതമാണ്‌ തേവന്‍ പുലയന്‍, മകന്‍ കണ്ടങ്കോരന്‍, സവര്‍ണ്ണ ഭൂപ്രഭു നാരായണന്‍ നായര്‍, തുടങ്ങിയ വൈയക്തികമെന്നതിലേറെ പ്രതീകഭാവമുള്ള ഏതാനും കഥാപാത്രങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ കാലം തന്‍റെ വിയര്‍പ്പിന്‍റെ ഉപ്പുവീണു മരതകകാന്തിയാര്‍ജ്ജിച്ച കൃഷിയിടങ്ങളില്‍നിന്ന് ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ തേവന്‍ പുലയനെ ഇല്ലാത്ത കാര്യത്തിന് ജന്മി ഒരു പ്രഭാതത്തില്‍ ഇറക്കിവിടുമ്പോള്‍ പുലയനു അതൊരു പറുദീസാ നഷ്ടമാകുന്നത്, അതില്‍ എന്തെങ്കിലും സ്വത്തവകാശം ഉണ്ടായിട്ടല്ല, അതിനോടുള്ള ജൈവ, വൈകാരിക ബന്ധം മൂലമാണ്. പുലയനെ പ്രകൃതിയുടെ അംശം തന്നെയായി അടയാളപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ നോവലില്‍ വേറെയുമുണ്ട്. കൃഷിഭൂമി കര്‍ഷകന് എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിനപ്പുറം, കണ്ടങ്കോരന്‍/ തോമായിലൂടെ അടുത്ത തലമുറയിലും തെളിയുന്ന പ്രകൃതി സൗഭ്രാത്രത്തെ പില്‍ക്കാല ഭൗമരാഷ്ട്രീയ ബോധ്യങ്ങളുടെ മുമ്പേനടക്കുന്ന സൂചനയായും കാണാവുന്നതാണ്.

 

‘അന്നക്കിടാത്തിക്ക് മനസ്സിലായി. അവളുടെ ഭര്‍ത്താവ് ആ വിശാലതയുടെ ഒരു അംശമായിരുന്നു.... അവന്‍ പാടത്തിന്‍റെ മകനാണ്. പാടമാണ് അവന്‍റെ കര്‍മഭൂമി.’

 

 

പുതിയ തലമുറയുടെ സ്വാതന്ത്ര്യവാഞ്ച ആവേശിച്ച കണ്ടങ്കോരനില്‍ ജന്മി, വളര്‍ന്നുവരുന്ന ഒരു ഭീഷണി കാണുന്നുണ്ട്. കമ്യൂണിസമൊക്കെ വേരുപിടിക്കുന്ന കാലമാണ്. ഒരു സുപ്രഭാതത്തില്‍ കൂടും തൊഴിലും നഷ്ടമാകുന്ന തേവനും മകനും തലചായ്ക്കാനൊരു കൂരതേടി പഴയ ‘കിളിയന്‍ പുലയ’നായിരുന്ന കൂട്ടുകാരന്‍ പള്ളിത്തറ പൗലോസിന്‍റെ കുടിലിലെത്തുന്നു. മാര്‍ക്കംകൂടിയ പുലയനെന്ന നിലയില്‍ പള്ളിവക പറമ്പില്‍ കുടില്‍കെട്ടി കഴിയാന്‍ അനുവാദംകിട്ടിയ  പൗലോസിനു വിരോധമില്ലെങ്കിലും അതിഥികള്‍ക്കുകൂടിയുള്ള വക കണ്ടെത്തുന്നതിന്‍റെ അധികബാധ്യതയില്‍ വിഷമിക്കുന്ന മറിയക്കു പക്ഷെ അതത്ര സന്തോഷമല്ല. ഒളിഞ്ഞും തെളിഞ്ഞും അവരത് പ്രകടിപ്പിക്കപ്പെടുമ്പോള്‍ അഭിമാനിയായ തേവനോ കണ്ടങ്കോരനോ അത് തങ്ങാവുന്നതല്ല. അന്നക്കിടാത്തിയും കണ്ടങ്കോരനുമിടയില്‍ മൊട്ടിടുന്ന പ്രണയം, പ്രണയസാഫല്യത്തിനായി മതംമാറ്റമെന്ന പോംവഴിയിലേക്ക് കണ്ടങ്കോരനെ എത്തിക്കുന്നത് പഴയ കുടുംബ/പാരമ്പര്യ വെച്ചുപൂജകളും മറ്റും പവിത്രമായി കരുതുന്ന തേവന്‍റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുന്നു. ദുരൂഹസാധനകളുടെ ഒറ്റയാന്‍ വഴിയിലേക്ക് ഇറങ്ങി മറയുന്ന വയോധികനെ ആഖ്യാനം തീര്‍ത്തും പ്രാന്തത്തില്‍ നിര്‍ത്തുന്നത് ആഖ്യാനപരമായി, ഒരുവളേ, വേണ്ടത്ര ഉപയോഗിക്കപ്പെടാതെപോയ അവസരമായി പറയാം. സമകാലിക മലയാളനോവലിന്‍റെ ആഖ്യാനരീതിയില്‍ കാണാനാകുന്ന ഒരു സവിശേഷ പ്രവണതയെയാണ് ഉദ്ദേശിക്കുന്നത്. കൊളോണിയല്‍ ആധുനികതയുടെ കഥാകാലത്തിലും പോയ്പ്പോയ/ അസ്തപ്രായമായ ഗോത്രസംസ്കാര കഷ്ടകാലത്തിന്റെ ദലിത്/ആദിവാസി കഥാപാത്രങ്ങളെ/ ജീവിതപരിസരങ്ങളെ പ്രകടനപരതയോടെ പിന്തുടരുകയും ആധുനികോത്തര ആഖ്യാനതന്ത്രങ്ങളുടെ പ്രയോഗ അരങ്ങായി അവരുടെ തുച്ഛജീവിതങ്ങളെ വിചിത്ര സൗന്ദര്യവല്ക്കരിക്കുകയും (exoticizing) ചെയ്യുന്ന രീതി സമകാലിക മലയാള നോവലില്‍ മടുപ്പുളവാക്കുംവിധം ആവര്‍ത്തിക്കുന്നുണ്ട് എന്ന് ഈ ലേഖകന് വിമര്‍ശനമുണ്ട്. ഒരര്‍ത്ഥത്തില്‍ പോസ്റ്റ്‌കൊളോണിയല്‍ ആഖ്യാനങ്ങളില്‍ വിപരീതാര്‍ത്ഥത്തില്‍ ചേക്കേറിയ ഒറിയന്റലിസ്റ്റ് വിധേയത്വത്തിന്റെ കേരളീയ വകഭേദമാണ് ഇന്ന് മുഖ്യധാരാ സാഹിത്യത്തില്‍ നിഗൂഡവല്‍ക്കരിക്കുന്ന അരികുജീവിതങ്ങള്‍. എവിടെയാണ് ഈ ആവിഷ്കാരങ്ങള്‍ സാമൂഹികജീവിതവുമായി ഏതെങ്കിലും നിലയില്‍ കണ്ണിചേരുന്നത് എന്ന ചോദ്യം വിമര്‍ശകലോകം ഉന്നയിക്കുന്നില്ല എന്നിടത്താണ് ഈ രചനാരീതി പൊതു സമ്മതിയുടെ കുറുക്കുവഴിയായിത്തീരുന്നത്. തേവന്‍ പുലയന്റെ പിന്നീടുള്ള ജീവിതതാളം അത്തരം പ്രലോഭനത്തിനു വേണ്ടത്ര അവസരം ഒരുക്കിയേനെ. അതെന്തായാലും ഇവിടെ നോവലിസ്റ്റ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഒറ്റത്തവണയായി അത് ഒതുക്കുന്നു.  

‘വൃദ്ധനായ തേവന്‍പുലയന്‍ ഇന്നും ആ പാടത്തിന്‍റെ വരമ്പില്‍ അലഞ്ഞുനടക്കുകയാണ്. പഴയ ശംഖും കവടിയും ഒരിക്കലും കൈമോശം വരികയില്ല. പതമുള്ള മണ്ണില്‍ കളം വരച്ച്, ശംഖുനിരത്തി കളിയാണ്‌. അതങ്ങനെ തുടരും. പൈതൃകമായ വേലത്താന്‍ പണിയുടെ അംഗീകാരം നേടാത്ത ഒരാവര്‍ത്തനമാണത്.’

 

കണ്ടങ്കോരനില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ വേദനയായും കടപ്പാടായും പടരുന്നത്‌ വ്യക്തമാണ്‌. തന്‍റെയും അന്നക്കിടാത്തിയുടെയും കുഞ്ഞിന് തന്‍റെ അപ്പന്‍റെ പേരുതന്നെ ഇടണമെന്നും മാര്‍ക്കംകൂടിയതൊന്നും അതിനൊരു തടസ്സമല്ലെന്നും അയാള്‍ തീരുമാനിക്കുന്നു.

 

മതംമാറ്റത്തിന്‍റെ സാമൂഹ്യപരിതസ്ഥിതി

 

പുതിയ മതം പുലയനെന്താണ് നല്‍കുന്നത് എന്ന ചരിത്രപരമായ ചോദ്യം നോവല്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്‌. തങ്ങള്‍ അനുഭവിച്ചുവന്ന ജാതീയ/അടിമത്ത വിവേചനങ്ങളില്‍ നിന്നുള്ള മോചനനമാര്‍ഗ്ഗം എന്നതാണ്, അല്ലാതെ വിശേഷിച്ചെന്തെങ്കിലും ആത്മീയദര്‍ശനം മൂലമൊന്നുമായിരുന്നില്ല ‘അധകൃത’രെന്നു മുദ്രകുത്തപ്പെട്ടവര്‍ മതംമാറ്റത്തിനു തുനിഞ്ഞത്.

“തനതായി നാഴിമണ്ണ് അവകാശപ്പെടാനില്ലാത്ത പറയനും പുലയനും പള്ളിയില്‍ ചേരുന്നതിനു ഒരുദ്ദേശ്യമുണ്ട്. അത് സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന വ്യാമോഹമല്ല. സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അവിടെയും മുന്‍കയ്യെടുക്കുന്നത് മേല്‍ജാതിക്കാരായ ക്രിസ്ത്യാനികളായിരിക്കും. അവര്‍ അങ്ങേ ലോകത്തില്‍ വെച്ചുമാത്രം അധീശത്വം കയ്യൊഴിയുമെന്നു വിചാരിച്ചുകൂടാ. ദൈവം അവരുടെ ഭാഗത്തായിരിക്കില്ലെന്ന് എങ്ങനെയറിയും? അപ്പോള്‍ പുലയന്‍ പള്ളിയില്‍ ചേരുന്നത് മിഷന്‍വക സെമിത്തേരിയില്‍ കുഴിച്ചുതാക്കാനാണ്. ആ സൗകര്യം അവനു നല്കാന്‍ മിഷന്‍ വക പള്ളികള്‍ക്കേ കഴിയൂ. നിത്യവും ജോലി ചെയ്തു തളരുന്ന പുലയനു ശവക്കുഴിയല്ലാതെ വേറെന്താണ് സ്വപ്നം കാണാനുള്ളത്?”

എന്നാല്‍, പുരാതന മഹത്വം ഘോഷിക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍ വാസ്തവത്തില്‍ മിഷന്‍വക സൗജന്യവും ദുരുപയോഗിക്കുകയായിരുന്നു:

“മിഷന്‍സ്ഥലം വിദേശത്തുനിന്നു വന്ന മിഷനറി സായിപ്പന്മാര്‍ സമ്പാദിച്ചു കൊടുത്തതാണ്. അവര്‍ അതു തേടിവെച്ചത് ഈ നാട്ടിലെ പാവപ്പെട്ട പുതുക്രിസ്ത്യാനികള്‍ക്കു താമസിക്കാനാണ്. ജാതിയുടെ പേരില്‍ പുതുക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പരാധീനതകള്‍ കണ്ടു നല്ലവരായ ആ മിഷനറിമാര്‍ ചെയ്ത പുണ്യകര്‍മ്മം. അവരോടു ഒട്ടിനിന്ന് കര്‍ത്തൃസ്ഥാനത്ത് വലിഞ്ഞു കയറുകയാണ് സുറിയാനി ക്രിസ്ത്യാനികള്‍.”

 

എന്നാല്‍ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ജാതീയ അടിമത്തം അങ്ങനെ കുടഞ്ഞുകളയാന്‍ ആവുമായിരുന്നില്ല.

“കുന്നുമ്മോളില്‍ സഭയില്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്നും തമ്പ്രാക്കന്മാരായിരുന്നു. പറയനും പുലയനും മാമോദീസാ ഏറ്റെങ്കിലും തീണ്ടലുള്ളവര്‍ തന്നെയായിരുന്നു. ആ നില ഇന്നും തുടരുന്നു.”

 

മതംമാറ്റത്തെ ശരിക്കും ആത്മീയാനുഭവം തന്നെയായി കാണുന്ന പൗലോസിനുപോലും അക്കാര്യം താമസിയാതെ ബോധ്യമാകുന്നു. ‘പൂച്ച ക്രിസ്ത്യാനികള്‍’ എന്ന വിളി അയാള്‍ക്കും ബാധകമാകുന്നു. ‘ഞങ്ങായെ അടിമകളാക്കാനാണോ പള്ളീലോട്ടു ചേര്‍ത്തെ?’ എന്ന് അയാളും ചോദിക്കുന്നുണ്ട്- കാളിപ്പറയനെ പോലുള്ളവര്‍ എന്നും പറഞ്ഞുവന്ന കാര്യം. വാസ്തവത്തില്‍, കൃസ്തുമതത്തിലെ ജാതിവ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പ്രതീകമാണ്‌ പള്ളികമ്മിറ്റി അംഗം എന്നസ്ഥാനം വെറും അലങ്കാരമായിമാത്രം കൊണ്ടുനടക്കാന്‍ കഴിയുന്ന, നിര്‍ണ്ണായ തീരുമാനങ്ങളിലൊന്നും ഒരുപങ്കുമില്ലാത്ത പൗലോസ്. ചരിത്രപരമായി ഇതെല്ലാം സത്യമായിരുന്നു എന്നതും നോവലിന്‍റെ കാലമായ 1930-’40 കളുടെ കൊളോണിയല്‍ കേരളത്തിലെന്നപോലെ പില്‍ക്കാലത്തും ആ അവസ്ഥക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല എന്നതും, പുതിയ കാലത്തും പുസ്തകം ചര്‍ച്ച ചെയ്യപ്പെടെണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു. തോമയായി മാറി അന്നക്കുട്ടിയെ വിവാഹം ചെയ്യുന്ന കണ്ടങ്കോരനു പക്ഷെ ഒരുഘട്ടത്തിലും മതംമാറ്റത്തില്‍ അമിതപ്രതീക്ഷകള്‍ ഒന്നുമില്ല എന്നത്, വരാനിരിക്കുന്ന കാലത്തെകുറിച്ചുള്ള യാഥാര്‍ത്ഥ്യബോധത്തിന്‍റെ കൂടി സൂചകമാണ്. അന്നക്കിടാത്തിയെ സ്വന്തമാക്കുക എന്നതിനപ്പുറം ഒരു ആത്മീയലക്ഷ്യവും മതംമാറ്റത്തിനു പിന്നില്‍ അയാള്‍ക്കില്ല. അയാള്‍ക്കറിയാം അധ്വാനത്തിന്‍റെ ഉടയോനായ തനിക്ക് ബാക്കിയാകുക വിയര്‍പ്പുചിന്താന്‍ പാകത്തില്‍ വിശാലമായി മലര്‍ന്നുകിടക്കുന്ന പാടങ്ങളാണ്. അയാള്‍ എന്നും വേദനിച്ചത്‌ അപ്പനെ ഓര്‍ത്തുമാത്രമായിരുന്നു: പാരമ്പര്യവും മകന്‍റെ പ്രണയവും കൊമ്പുകോര്‍ത്തപ്പോള്‍ പഴമയുടെ കെട്ടുപാടുകള്‍ ഭേദിക്കാനാകാതെ ഒറ്റയാന്‍ വഴിയിലേക്ക് ഇറങ്ങിപ്പോയവന്‍. ആ കടപ്പാടിന്‍റെ മുമ്പില്‍മാത്രം അയാള്‍ക്കൊരു അര്‍ച്ചനയുണ്ട്: അതാണ് ആ അപ്പന്‍റെ പേരിട്ടു വളര്‍ത്തുന്ന മകന്‍. തിരുവഞ്ചൂര്‍ പുലയന്‍ എന്ന പേര് പള്ളിക്കാര്‍ സമ്മതിക്കുമോ എന്നു ഭയപ്പെടുന്ന അന്നക്കിടാത്തിയോട് അയാള്‍ക്ക് ഉറച്ച മറുപടിയുണ്ട്: “പള്ളീക്കാരു സമ്മതിക്കുന്നില്ലേ മേണ്ടാടീ. ഞാന്‍ ഏന്‍ ക്ടാത്തനെ അപ്പേരിലേ വിളിക്കത്തൊള്ളൂ.” എന്നാല്‍, അപ്പനോ താനോ അനുഭവിച്ചതൊന്നും അവന്‍ അനുഭവിക്കരുതെന്നും അയാള്‍ക്കു നിര്‍ബന്ധമുണ്ട്: “എന്‍റെ മകനെ ഞാന്‍ പഠിപ്പിച്ചു കേമാനാക്കും. അവനെ കൂലിപ്പണിക്ക് വിടുകേലാ..”

 

പുതിയ കാറ്റു വീശുമ്പോള്‍

 

പള്ളിക്കമ്മിറ്റിയില്‍ പുരാതനക്രിസ്ത്യാനികളും പുതുക്രിസ്ത്യാനികളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും യൂണിയന്‍ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചക്കെതിരെ പള്ളിയുടെ നിലപാടുകളും തുടങ്ങി പുതിയൊരു കാലത്തിന്‍റെ കാറ്റുവീശിത്തുടങ്ങുന്നത് വലിയ ശുഭാപ്തിയോടെയാണ് നോവലിസ്റ്റ് നോക്കിക്കാണുന്നത്. തോമായും അന്നക്കുട്ടിയും തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ സ്നാനം ചെയ്യിക്കേണ്ടതില്ലെന്നും അവനു ക്രൈസ്തവപ്പേര് ഇടേണ്ടതില്ലെന്നും തീരുമാനിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍ ശുഭാപ്തിയുടെ നിറവ് തുടക്കം മുതലേ നിഷേധിയായിരുന്ന കണ്ടങ്കോരനിലൂടെമാത്രം മതിയാക്കാതെ അതിനെ ഒരു സാമൂഹിക പരിവര്‍ത്തനനാന്ദിയായിത്തന്നെ അടയാളപ്പെടുത്തുന്ന ഒരന്ത്യവാചകവും നോവലിസ്റ്റ് കുറിക്കുന്നു: “പുതിയ തലമുറ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.” കേവല പ്രചോദനപരതക്കപ്പുറം ‘സംസാരിക്കുക’ എന്ന പ്രയോഗത്തിന്‍റെ രാഷ്ട്രീയം കീഴാളന് സംസാരിക്കാനാകുമോ?’ എന്ന ചോദ്യത്തിലേക്കുകൂടി ചേര്‍ന്നുനില്‍ക്കുന്നുണ്ട് എന്നുപറയാം: അനുസരണവും മൗനവും ഭാഷയാക്കപ്പെട്ട ഒരു ജനതയെ സംബന്ധിച്ച് സംസാരം എന്നതുതന്നെ അടിച്ചേല്‍പ്പിക്കപ്പെട്ട/ ആരോപിക്കപ്പെട്ട കീഴാളതയുടെ സക്രിയനിഷേധമാണല്ലോ.

 

തലമുറകള്‍ തമ്മിലുള്ള വിടവ് പ്രതീക്ഷാഭരിതമായ നാളുകളുടെ നാന്ദിയാണ് എന്ന ആശയം തുടക്കം മുതലേ നോവലിസ്റ്റ് താലോലിക്കുന്നുണ്ട്.

‘പുതുക്രിസ്ത്യാനികളുടെ കാര്യം. അവര്‍ക്ക് ഈ വക കാര്യങ്ങളില്‍ അഭിപ്രായമില്ല. അഥവാ, ഉണ്ടെങ്കില്‍ പറയുകയുമില്ല. അവര്‍ വെറും കേള്‍വിക്കാരല്ലാതെ മറ്റാരാണ്‌?’,

‘ആ നിസ്സാരനായ മനുഷ്യനു ഭാഷയില്ല.’

എന്നൊക്കെ അനുസരണയും മൗനവും ശീലിച്ച പഴയ തലമുറ കാലഹരണപ്പെടുമെന്ന പ്രഖ്യാപനം, പ്രഥമ അധ്യായത്തിന്‍റെ ഒടുവില്‍ത്തന്നെ നോവല്‍ നടത്തുന്നു:

‘വരുംതലമുറയിലെ ആ പണിയാളന്‍ ചിലപ്പോള്‍ തമ്പുരാനെ ധിക്കരിച്ചെന്നുമിരിക്കും. അതൊരു സമരത്തിന്‍റെ തുടക്കമാകും.’

ഒരര്‍ത്ഥത്തില്‍ ഈ പ്രഖ്യാപനത്തിന്‍റെ പൂര്‍ത്തീകരണം തന്നെയാണ് നോവലന്ത്യം സാധിക്കുന്നതും. പ്രസ്തുത ശുഭാപ്തിയോടൊപ്പം നവോഥാന, പുരോഗമാനകാലഘട്ടം ഉത്പാദിപ്പിച്ച സോദ്ദേശ സാഹിത്യത്തിന്‍റെ മുഴക്കങ്ങളും നോവലില്‍ അങ്ങിങ്ങു പ്രകടമാണ്:

‘ഇന്നത്തെ സമുദായനീതി സമ്മതിക്കാത്തതുമൂലം. പണിചെയ്യുന്നവന് അവകാശം നിഷേധിക്കുന്ന ഈ വ്യവസ്ഥിതി മാറണം.’

അവകാശബോധത്തിലേക്ക്‌ ഉണരുന്ന തലമുറയെ കുറിച്ചുള്ള ഭയം കൊണ്ടുതന്നെയാണ് വേദപുസ്തകത്തിലെ ‘അലറുന്ന സാത്താനായ സിംഹ’മായി കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുളപൊട്ടുന്നതിനെപ്പോലും കപ്യാരും പള്ളിയും എതിര്‍ക്കുന്നത്.

 

‘അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന തോന്നല്‍പോലുമില്ല. ആ തോന്നല്‍ ഉണ്ടായാലല്ലേ പരാതിപ്പെടാന്‍ കഴിയൂ?’

 

നേരിട്ടു ബാധിക്കുന്നില്ലെങ്കിലും നവോഥാനം മുന്നോട്ടുവെച്ച മാനവികതയുടെ സന്ദേശം ചെവിയോര്‍ക്കുന്ന ചുരുക്കം കഥാപാത്രങ്ങളെങ്കിലും ‘പുലയത്തറ’യിലുണ്ട് എന്നതും പ്രധാനമാണ്. ‘ആരും എന്നെ ‘തമ്രാ’നെന്നു വിളിക്കണ്ട. ഞാനത് ഇഷ്ടപ്പെടുന്നില്ല’ എന്ന് വിലക്കുന്ന അധ്യാപകന്‍ അതിലൊരാളാണ്. വ്യക്തിപരമായി വലിയനഷ്ടം സഹിച്ചും പള്ളിയിലെ വിവേചനത്തിനെതിരെ തുറന്നടിക്കുന്ന പിള്ളേച്ചന്‍ എന്ന ചായക്കടയുടമ കൂടുതല്‍ തിളക്കമുള്ള കഥാപാത്രമാണ്:

‘പാവപ്പെട്ട പറേനേം പെലേനേം പള്ളീല്‍ ചേര്‍ക്കും. എന്നിട്ട് പൂച്ചക്രിസ്ത്യാനീന്നു വിളിക്കും. ഇതൊന്നും ഈശ്വരനു നിരക്കുവേലെന്ന് ഓര്‍ത്തോ.’

യോഗം ചേരാനുള്ള പുതുക്രിസ്ത്യാനികളുടെ അവകാശത്തെയും അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

‘പെലേരു പള്ളീച്ചേര്‍ന്നേന്നുംകണ്ട് അവരിന്നും വേറെ കൂട്ടരാ. നിങ്ങളും അവരും തമ്മില്‍ യാതൊരു മമതേം ബന്ധോമില്ല. അവര്‍ക്കൊരു യോഗം ചേരണം. അതിലെന്താ തെറ്റ്?’

തിരുസഭയുടെ ചട്ടം ലംഘിക്കപ്പെടുകയാണ് എന്ന ആരോപണത്തിനും അയാള്‍ക്ക് മറുപടിയുണ്ട്: ‘പിന്നെന്തിനാ നിങ്ങളവരെ പുതുക്രിസ്ത്യാനികളാക്കി വെച്ചോണ്ടിരിക്കുന്നെ?’

 

 

പ്രാമാണിക ദലിത് സാഹിത്യമെന്നത്‌ അതേ ജനവിഭാഗത്തില്‍നിന്നുതന്നെ എഴുതെപ്പെട്ടതാണ് എന്നിരിക്കെ, “തിരുവിതാകൂറിൽ മതപരിവർത്തനത്തിന് വിധേയമായവരിലെ ആദ്യത്തെ ആളാകുന്ന ദൈവത്താന്‍റെ പിന്മുറക്കാരൻ” (സിതാര ഐ. പി., ‘പുലയത്തറയിലെ അടിയാള ജീവിതങ്ങൾ’, Ala/അല, A Kerala Studies Blog, Issue 69) എന്ന നിലയില്‍ ദലിത് ജീവിതത്തിന്‍റെ അകവും പുറവും അറിയാവുന്ന നോവലിസ്റ്റിന്‍റെ ആത്മാംശം നോവലിലുണ്ട് എന്നുപറയാം. എങ്കിലും ദലിത് എന്ന പദം നോവലിന്‍റെ പാഠത്തിനു തീര്‍ത്തും അന്യമാണ്; 1958ല്‍ സംഘടിപ്പിക്കപ്പെട്ട മഹാരാഷ്ട്ര ദലിത് സാഹിത്യസംഘം കൃത്യമായും ആ പദം പ്രയോഗിച്ചുവെങ്കിലും മലയാളി പരിസരത്തില്‍ അത് പിന്നെയും വൈകിയാണ് പ്രയോഗത്തിലെത്തിയത്. ‘മുഖ്യധാരാ മലയാളത്തില്‍ ദലിത് സാഹിത്യമെന്ന ധാര ശ്രദ്ധേയമാകുന്നത് ഭാഷാപോഷിണി ഒരു ‘ദലിത് സാഹിത്യ പതിപ്പ്’ പ്രസിദ്ധീകരിക്കുന്നതോടുകൂടിയാണ്’ എന്ന് എം.ആര്‍.രേണുകുമാര്‍ രേഖപ്പെടുത്തുന്നു. ദലിത് കഥാപാത്രങ്ങളെ, വിശേഷിച്ചും ദലിത് ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ, അവതരിപ്പിക്കുന്ന നോവലുകള്‍ ‘ഘാതകവധം’ തൊട്ടു മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തു മതത്തിലേക്കുള്ള മാറ്റത്തിലൂടെ സമൂലമായ പുരോഗതി കൈവരിക്കുന്നവരായാണ് അവരെ ചിത്രീകരിച്ചത്. ‘ഘാതകവധ’ത്തിലെ മാനകഭാഷ സംസാരിക്കുകയും കൃസ്തുമാര്‍ഗ്ഗത്തിന്‍റെ വിശുദ്ധിയെ കുറിച്ച് വാചാലരാകുകയും ചെയ്യുന്ന പുലയ ക്രിസ്ത്യാനികളുടെ പിന്മുറക്കാര്‍. പോത്തേരി കുഞ്ഞമ്പുവിനെ (‘സരസ്വതി വിജയം’ -1892) പോലെയുള്ള എഴുത്തുകാർ മതപരിവർത്തനത്തെക്കുറിച്ചു അതേ ഉജ്ജ്വലവും വിമോചനപരവുമായ വീക്ഷണം പങ്കിട്ടു. അത്, സാന്ദര്‍ഭികമായി, കൊളോണിയൽ കാലത്ത് ദളിതരോ മറ്റു തൊട്ടുകൂടാത്തവരോ ബ്രിട്ടീഷുകാരെ പലപ്പോഴും ഉയർന്ന ബഹുമാനത്തോടെ വീക്ഷിക്കുകയും, ഏറ്റവും ചുരുങ്ങിയത് ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളിലെങ്കിലും, ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഉത്സാഹം കാണിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുന്നു. താഴ്ന്ന ജാതിക്കാർ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, കുബേരൻ നമ്പൂതിരി (‘സരസ്വതി വിജയം’) പ്രതികരിക്കുന്നത് ബ്രാഹ്മാവ് അത് മുൻ ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ ശുദ്ധീകരണമായി നിശ്ചയിച്ചിട്ടുണ്ടെന്നും അത് ബ്രാഹ്മണനിന്ദയ്ക്കുള്ള ശിക്ഷയാണെന്നുമാണ്. അവരെ ഉയർത്താനുള്ള ശ്രമങ്ങൾ ദൈവഹിതത്തെ അനാദരിക്കുന്നതിന് തുല്യമാകുമെന്ന് അയാള്‍ കൂട്ടിച്ചേർക്കുന്നു. വെള്ളക്കാർ ആരെയും ഏത് ജോലിയും ചെയ്യാൻ അനുവദിച്ചുകൊണ്ട് തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള ജാതി വ്യവസ്ഥയെ അപകടത്തിലാക്കിയതിനാൽ, വെള്ളപ്പൊക്കവും ഖൽക്കി അവതാരവും ആസന്നമായിരിക്കുമെന്ന് അയാള്‍ ആശങ്കാകുലനാണ്. എന്നിരുന്നാലും, മതപരിവർത്തനം ദളിതർക്കും മറ്റ് താഴ്ന്ന ജാതിക്കാർക്കും (ഹീനജാതി) തുല്യതയും ആത്മാഭിമാനവും നേടാനുള്ള ഒരു മാർഗമായി നോവലിസ്റ്റ് കരുതുന്നു എന്നത് വ്യക്തമാണ്‌. (‘സരസ്വതീവിജയം’, അദ്ധ്യായം.3). എന്നാല്‍ അത്തരം ആദര്‍ശവല്‍ക്കരണങ്ങള്‍ ‘വെളുത്തവന്‍റെ ഭാര’മായ (‘Whiteman’s Burden’) ‘പ്രാകൃതരെ സംസ്കരിക്കുന്ന സാംസ്കാരിക ദൗത്യ’മെന്ന (Civilizing the Savages)  കൊളോണിയല്‍ കാപട്യത്തിന്‍റെ പ്രാദേശിക വകഭേദമെന്നതിനപ്പുറം യാഥാര്‍ത്ഥ്യബോധമുള്ളതായിരുന്നില്ല. “അത്തരം നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി എന്താണോ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അതിനെ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിരിക്കുകയാണ് ഇവിടെ എഴുത്തുകാരൻ” (സിതാര ഐ.പി) എന്ന ‘പുലയത്തറ’യെ കുറിച്ചുള്ള നിരീക്ഷണം ആ നിലക്ക് കൂടുതല്‍ പ്രസക്തമാണ്‌. എന്നാല്‍, നോവലില്‍ ദലിതന്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ - സാമൂഹിക തുല്യതാ നിഷേധം, ഭൂമിക്കുമേലുള്ള ഉടമസ്ഥത ഇല്ലായ്മ, മതപരമായ വിവേചനം, നേരിട്ടോ പ്രച്ഛന്നമായോ ഉള്ള തൊട്ടുകൂടായ്മ – ഒന്നും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത, നോവലന്ത്യം മുന്നോട്ടുവെക്കുന്ന ശുഭാപ്തിയെ നിറംകെടുത്തുന്നുണ്ട്.

 

 

നോവലന്ത്യം ഉന്നയിക്കുന്ന സങ്കീര്‍ണ്ണതകള്‍

 

നോവലന്ത്യം വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞതായി നിരീക്ഷിക്കാവുന്നതാണ്. മകന്റെ ഭാവിയെക്കുറിച്ചുള്ള ഉയര്‍ന്ന പ്രതീക്ഷകളുണ്ടെങ്കിലും, കണ്ടങ്കോരന്റെ പാത്രസൃഷ്ടിയില്‍ ശുഭാപ്തിവിശ്വാസത്തിന്റെ ഒരുതരം നിഷേധം ഒളിഞ്ഞിരിക്കുന്നു. തന്റെ മകനെ പിതാവിൻ്റെ പേരു വിളിക്കാനുള്ള അയാളുടെ ദൃഢനിശ്ചയം, പള്ളിയോടും കുടുംബത്തോടും വേദനിപ്പിക്കുന്ന പിതൃസ്‌മരണകളോടുമുള്ള അയാളുടെ മനോഭാവത്തിന്റെ പശ്ചാത്തലത്തിൽ ഭിന്ന മാനങ്ങളുള്ള ഒന്നാണ്. ഏറ്റവും വ്യക്തമായ തലത്തിൽ, അത് സഭയുടെ പ്രതീക്ഷകളോടുള്ള അയാളുടെ നഗ്നമായ ധിക്കാരത്തെ സൂചിപ്പിക്കുന്നു. സഭ അയാളെപ്പോലുള്ളവരെ ക്രിസ്തുമതാനുയായികള്‍ എന്ന്  അവകാശപ്പെടുന്നു,  എന്നാൽ അതിനോട് ചേര്‍ന്ന ഒരു പ്രത്യേകാവകാശവും അവരുമായി പങ്കിടില്ല, ക്രിസ്തുവിലുള്ള സമത്വത്തിന്റെ ഒരു ലാഞ്ചനപോലുമില്ല. അവർ സഹിക്കേണ്ടിവരുന്ന നിന്ദ്യമായ പെരുമാറ്റവും, അന്യവൽക്കരണവും, വാസ്തവത്തിൽ, അവരേസംബന്ധിച്ച് ഒരുതരം ഇരട്ടപ്പുറത്താക്കലില്‍ (double exile) കലാശിച്ചു. അവർ അവരുടെ മാതൃസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു,  ക്രിസ്ത്യൻ സമൂഹം അവരെ ഒരിക്കലും തുല്യനിലയിൽ സ്വീകരിച്ചതുമില്ല. അങ്ങനെ,  മതപരിവർത്തനം ചെയ്യപ്പെട്ട ദലിതർ, പുതിയ രൂപങ്ങളിൽ തൊട്ടുകൂടായ്മയുടെ പഴയ മുറിവുകൾ ഏറ്റുവാങ്ങി എങ്ങും സ്വീകാര്യരല്ലാത്ത ത്രിശങ്കുവിലായി.

ഈ അനുഭവം അവരുടെ ആദ്യപരിവർത്തനത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുകയും കഴുത്തിൽ കൊന്ത ധരിച്ചാലും 'പുലയന്റെ വിധി’ അവരോടൊപ്പം മുദ്രയിട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. സവർണ്ണഹിന്ദു ആധിപത്യത്തിനു പകരം കുലീന ക്രിസ്ത്യൻ ആധിപത്യം നിലവിൽ വന്നു, പുലയനെ സംബന്ധിച്ച് ഒന്നും മാറിയതുമില്ല. രണ്ടാമത്തെ തലത്തിൽ, തോമായുടെ തീരുമാനം തന്റെ വ്യക്തിത്വം വീണ്ടെടുക്കാനുള്ള അന്വേഷണമാണ്. കമ്മ്യൂണിസം, യൂണിയൻ സ്പിരിറ്റ്, വർഗബോധ അഭിമാനം എന്നിങ്ങനെ പുതുതായി ഉയർന്നുവന്ന ശക്തികളുടെ പശ്ചാത്തലത്തിലെ സാമൂഹിക-രാഷ്ട്രീയ പ്രേരണകൾ, താനൊരു നാണംകെട്ട സ്വത്വമല്ല എന്നും, സ്വർഗീയ വിമോചനത്തിന്റെ മിഥ്യാധാരണയ്ക്കായി വിട്ടുവീഴ്ച ചെയ്യപ്പെടാനുള്ളതള്ള തന്റെ ഐഡന്റിറ്റി എന്നുമുള്ള പുതിയ അവബോധത്തിലേക്ക് അയാളെ നയിച്ചിരിക്കാം.

 

മൂന്നാമതൊരു തലത്തില്‍, കുറേക്കൂടി വ്യക്തിപരവും വൈകാരികവുമായ ഒന്നാണ് അയാളുടെ തീരുമാനം. അപ്പനുമായി വീണ്ടും ഒരുമിക്കുന്നതിനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനവും അറ്റുപോയ ബന്ധം തിരിച്ചുപിടിക്കാനുമുള്ള വേദനാജനകമായ ഒരു ശ്രമവുമാണ് ഈ അര്‍ഥത്തില്‍ അത്. അപ്പനെ വീണ്ടും കുടിയിരുത്താനുള്ള പ്രതീകാത്മക ശ്രമം. എന്നിരുന്നാലും, അത്തരത്തിലുള്ള ഏതൊരുശ്രമവും പരാജയം വിധിക്കപ്പെട്ടതാണ് എന്നത് അതിനെ സങ്കീര്‍ണ്ണമാക്കുന്നു. തോമയെ സംബന്ധിച്ച് അത് യാഥാർത്ഥ്യബോധത്തിനു നിരക്കാത്തതാണെന്ന് സ്വന്തം അനുഭവത്തിൽ തെളിഞ്ഞതുമാണ്. വൃദ്ധന്റെ ഏകാന്തതയിലും ഗതികേടിലും അയാള്‍ ശരിക്കും വേദനിക്കുന്നുണ്ടെങ്കിലും, ഒരു ഘട്ടത്തിലും അദ്ദേഹത്തെ വീണ്ടും കുടിയിരുത്തുന്നതിനെ കുറിച്ച് തോമ ആലോചിച്ചിട്ടേയില്ല. കാരണം അവരുടേത് ഒരിക്കലും പൊരുത്തപ്പെടാത്ത ജീവിതരീതികളാണെന്ന് അയാള്‍ക്കറിയാം. പാരമ്പര്യങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, വെച്ചാരാധനകള്‍ എന്നതൊക്കെയാണ് തേവന്‍ പുലയന്റെ ജീവിത സര്‍വ്വസ്വം. തോമയെ സംബന്ധിച്ചിടത്തോളം കുടുംബസ്നേഹത്തേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല. തേവന്‍ പുലയനെ പ്രതീകാത്മകമായി കുടിയിരുത്താന്‍ കണ്ടങ്കോരന്‍ തയ്യാറാണെങ്കിലും, പ്രായോഗികമായ, യാഥാര്‍ത്ഥ്യബോധവുമുള്ള അർത്ഥത്തിൽ അങ്ങനെ ചെയ്യാൻ അയാള്‍ക്ക് കഴിയില്ല. വാസ്തവത്തിൽ, പാരമ്പര്യത്തിനും പുതിയ ജീവിതരീതികൾക്കും ഇടയിൽപെട്ടുപോകുന്ന ആധുനിക മനുഷ്യന്റെ ധർമ്മസങ്കടം തന്നെയാണ് അയാള്‍ അനുഭവിക്കുന്നത്. പഴയതിനോടുള്ള നൊസ്റ്റാൾജിയ, പുതിയതിനോടുള്ള ആസക്തി. അതുകൊണ്ടാണ് തന്റെ മകൻ പുലയരുടെ ജീവിതരീതി പിന്തുടരേണ്ടതില്ലെന്നു തീരുമാനിക്കുമ്പോള്‍ത്തന്നെ, തലമുറകളോളം പഴക്കമുള്ള ഒരു പേര് അവൻ വഹിക്കണമെന്ന് അയാള്‍ ചിന്തിക്കുന്നത്. ഭാവിയുമായി യാതൊരു ബന്ധവുമില്ലാത്ത കേവല ഗൃഹാതുരത്വമാണത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭാവിയുടെ പ്രതിനിധിയായ മകന് അത്തരമൊരു പേരുനൽകുന്നതിലൂടെ, അയാള്‍ ചെറുപ്പക്കാരനെ ആധുനികതയുടെയും പാരമ്പര്യത്തിന്റെയും ഒരു കവലയില്‍ കൊണ്ടുനിര്‍ത്തുകയാണ്. അവന്റെ തെരഞ്ഞെടുപ്പ് തന്റെ പിതാവ് ആഗ്രഹിക്കുന്നതുപോലെ ആയിരിക്കുമോ, അതോ അദ്ദേഹം ചെയ്തതുപോലെ ആയിരിക്കുമോ? കാലം മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഉത്തരം വ്യക്തമാണ്.

 

അപ്പോൾ പുതിയ ക്രിസ്ത്യാനിയുടെ മകനെ തിരുവഞ്ചൂർ പുലയൻ എന്ന് നാമകരണം ചെയ്യാൻ ഇടവകക്കാർ സമ്മതിക്കുമോ എന്നതല്ല ചോദ്യം. അത്: കണ്ടങ്കോരൻ എന്ന തോമ സങ്കല്‍പ്പിക്കുന്നതുപോലെ, പുലയന്റെ ജീവിതക്രമത്തില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടു വിദ്യാസമ്പന്നനായി വളരുന്ന മകൻ തന്നെ ആ പേര് സഹിക്കുമോ എന്നതാണ്. കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ പ്രണയത്തേക്കാൾ പ്രധാനമല്ലെന്ന് ബോധ്യപ്പെട്ടു പിതാവിനെയും മതത്തെയും പാതിവഴിയിൽ ഉപേക്ഷിച്ചവനാണ് കണ്ടങ്കോരൻ. ചരിത്രം ആവർത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്?  ആധുനിക വിദ്യാഭ്യാസത്തിന്റെ രീതികളില്‍  വളര്‍ത്തപ്പെടുന്ന ഒരു മകൻ, രണ്ട് തലമുറകൾക്ക് മുമ്പുള്ള പാരമ്പര്യത്തെ ഒരു ഭാരമായി അടയാളപ്പെടുത്തുന്ന ഒന്നായി ആ പേരിനെ കണ്ടെത്തില്ലെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? നോവലിസ്റ്റ് ഇത് നേരിട്ട് ചോദിക്കുന്നില്ലെങ്കിലും, തോമ തന്റെ പിതാവിനെ എല്ലാ പ്രായോഗിക അർത്ഥത്തിലും ഉപേക്ഷിച്ചതില്‍ അത് വ്യക്തമാണ്‌. അച്ഛന്റെ അത്രപോലും ആ പഴയ ജീവിതരീതിയോട് ഒരു വൈകാരിക അടുപ്പവുമില്ലാത്ത മകൻ ആ പിതാവ് ചെയ്യാത്തത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് തികച്ചും അയഥാർത്ഥമാണ്. അവന്‍ ശരണ്‍കുമാര്‍ ലിംബാലെയുടെ ‘ഹിന്ദു’വിലെ ആഖ്യാതാവിനെ പോലെ രാഷ്ട്രീയശരി കുറഞ്ഞ പ്രതീകവല്‍ക്കരണമായ ഉടമ്പടികളുടെ ‘ഹിജഡ’ (ലിംബാലെ) ജീവിതത്തിലേക്കോ, കെ.ജെ.ബേബിയുടെ ‘നാടുഗദ്ദിക’യില്‍, മുഷിഞ്ഞുനാറുന്ന അപ്പനെതിരെ മുഖം തിരിച്ചു മറഞ്ഞുനില്‍ക്കുന്ന പഠിപ്പുള്ള ആദിവാസി യുവാവിന്‍റെ പരിഷ്കാരത്തിലേക്കോ കടന്നുപോവില്ലെന്ന് ആരാണ് അയാള്‍ക്ക് ഉറപ്പുകൊടുക്കുക!

 

അവലംബങ്ങള്‍:

1.    Yogesh Maitreya. ‘Pulayathara: A Dalit Man’s Quest for Home and Love’, https://www.newsclick.in/pulayathara-dalit-man-quest-home-love, 28 Feb 2022. Acccessed 21.07.2024

2.    എം.ആര്‍.രേണുകുമാര്‍, ‘വീണ്ടെടുക്കപ്പെടുന്ന പുലയത്തറ’, മലയാള മനോരമ ‘പുലയത്തറ’ പതിപ്പിന്‍റെ ആമുഖം.

3.    സിതാര ഐ. പി., ‘പുലയത്തറയിലെ അടിയാള ജീവിതങ്ങൾ’, Ala/അല, A Kerala Studies Blog, Issue 69

4.    ‘സരസ്വതീ വിജയം’, പോത്തേരി കുഞ്ഞമ്പു, അധ്യായം മൂന്ന്.

Available at:


htps://www.keraleeyammasika.com/pulayathara-dalit-novel-paul-chirakkarode-malayalam-m-r-renukumar-ghathakavadham-eri-pradeep-pampirikunnu-fazal-rahman/