Featured Post

Wednesday, November 30, 2016

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim / Jonathan Wright



 
അമേരിക്കന്‍ അധിനിവേശം , അത് ലോകത്ത് എവിടെയായാലും, ഫിക് ഷനിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നതിനു ഒരു ശീലമുണ്ട്. ആദ്യമെത്തുക അധിനിവേശക്കാരുടെ ഭാഷ്യമാണ്, മിക്കപ്പോഴും ഔദ്യോഗിക എജന്‍സികളോ എംബെഡെഡ് ജേണലിസ്റ്റുകളിലെ എഴുത്തുകാരോ എഴുതുന്നത്‌. അടുത്തത്, ഹോളിവുഡിനു പാകത്തില്‍ തിരിച്ചെത്തിയ അധിനിവേശ സൈനികന്റെ ഊഴമാണ്. ഒടുവില്‍ താരതമ്യേന നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആക്രമിക്കപ്പെട്ടവരുടെ കാഴ്ചപ്പാടില്‍ അതിജീവിച്ചവരുടെ - പലപ്പോഴും പ്രവാസി എഴുത്തുകാരുടെ - രചനകളില്‍ ഇതര വശം വ്യക്തമാവുക. അധിനിവേശാനന്തര ഇറാഖിനെ ഈ മൂന്നാമത് രീതിയില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ആദ്യ കൃതിയാണ് "ഒരു പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മികച്ച അറബ് ഫിക് ഷന്‍ എഴുത്തുകാരന്‍ " എന്ന് വിശേഷിപ്പിക്കപ്പെട്ട (ദി ഗാര്‍ഡിയന്‍), ഇപ്പോള്‍ ഫിന്‍ ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന, ഹസന്‍ ബ്ലാസിം രചിച്ച 'ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും'.

പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഇറാഖിനു പഴയ ഇതിഹാസകഥകളിലെ ബാഗ്ദാദുമായോ കിര്‍കുക്കുമായോ അത്തരം ശബള കാല്‍പ്പനികതയുമായോ ഒരു ബന്ധവുമില്ലെന്ന് ഓരോ നിമിഷവും ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂപ്രദേശ വര്‍ണ്ണനയോ പലപ്പോഴും നഗരങ്ങളുടെ പേരുകള്‍ പോലുമോ കഥകളിലില്ല. ഇറാന്‍ - ഇറാഖ് യുദ്ധവും കുവൈറ്റ്‌ അധിനിവേശവും അമേരിക്കന്‍ അധിനിവേശവും ഖുര്‍ദ് വിരുദ്ധ സംഘര്‍ഷങ്ങളും ഏകാധിപതിയുടെ പതനവും തുടര്‍ന്ന് അമേരിക്കന്‍ പാവ സര്‍ക്കാരിന് കീഴില്‍ നാടെങ്ങും നടമാടുന്ന അരാചകത്വവും പശ്ചാത്തലത്തില്‍ മാത്രം നിര്‍ത്തി ഭാവിയില്ലായ്മയുടെ വൈരുദ്ധ്യപൂര്‍ണ്ണമായ കൂസലില്ലായ്മയില്‍ വികാര രഹിതരായി ജീവഭയമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കും ചാവേര്‍ സംസ്കൃതിയിലേക്കും കൊലയും കൊള്ളയും പിടിച്ചു പറിയും തുടങ്ങിയ ഒരുനാള്‍ ജീവിതത്തിലേക്കും തിരിയുന്ന ഒരു തലമുറയാണ് കഥകളില്‍ നിറയുന്നത്. അവര്‍ കൊല്ലുകയും കിരാതമായ പീഡന മുറകളില്‍ കലാസൃഷ്ടികള്‍ എന്നോണം സൂക്ഷ്മതയോടെ വ്യാപൃതരാവുകയും ചെയ്യുമ്പോഴും സിനിമ കാണുകയും മികച്ച പുസ്തകങ്ങളും ദാര്‍ശനിക ഗ്രന്ഥങ്ങളും വായിക്കുകയും ചെയ്യും. അമേരിക്കന്‍ , ഇറാനി കഥാപാത്രങ്ങളൊന്നും കഥകളില്‍ കടന്നുവരുന്നില്ല. മുച്ചൂടും ഇരുണ്ടതും വിഭ്രാമാകവുമായ കഥകളില്‍ പ്രസന്നമായ സാഹചര്യങ്ങള്‍ അപൂര്‍വ്വമായെങ്കിലും സംഭവിക്കുമ്പോഴാവട്ടെ, അവ അനിവാര്യമാം വിധം അല്‍പ്പായുസ്സും മിക്കപ്പോഴും അസംബന്ധപൂര്‍ണ്ണമായ രീതിയില്‍ ദുരന്ത പര്യവസായിയും ശൂന്യതാ വാദ (നിഹിലിസം) പരവുമാണ്.


ശവപ്രദര്‍ശനമെന്ന സര്‍ഗ്ഗ സപര്യ

പുസ്തകത്തിന്റെ ടൈറ്റില്‍ കഥ തന്നെ മരണം എല്ലാ തരം ഭീകരതയോടും കൂടി കൊണ്ടും കൊടുത്തും സ്വയം മുന്നേറുന്ന ഒരു ദുസ്വപ്ന ലോകത്തെ അവതരിപ്പിക്കുന്നു. ദുരൂഹവും ഭീഷണവുമായ പ്രവര്‍ത്തന രീതികളും ലക്ഷ്യങ്ങളുമുള്ള ഒരു 'മര്‍ഡര്‍ കള്‍ട്ട് ' ഗ്രൂപ്പിലെ സീനിയര്‍ അംഗം പുതുതായി ചേരുന്ന റിക്രൂട്ടിനു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന ഘടനയില്‍ ആദ്യ വാചകവും അവസാന വാചകവും മാറ്റിനിര്‍ത്തിയാല്‍ നാടകീയ സ്വഗതാഖ്യാനത്തിന്റെ രീതിയിലാണ് അവതരണം. "മറ്റുള്ളവരെ ഭയപ്പെടുത്തി മെരുക്കാന്‍ വേണ്ടി പരമാവധി ഇരകളെ വീഴ്ത്തുക എന്ന ലക്ഷ്യമുള്ള ഭീകരരല്ല ഞങ്ങള്‍ , അല്ലെങ്കില്‍ പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ഭ്രാന്തന്‍ കൊലയാളികള്‍ പോലുമല്ല. മതഭ്രാന്തരായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുമായോ , ഏതെങ്കിലും നെറികെട്ട സര്‍ക്കാരുകളുടെ രഹസ്യാന്വേഷ ഏജന്‍സിയുമായോ, അത്തരം ഏതെങ്കിലും പോഴത്തവുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല.” ശവപ്രദര്‍ശനം എന്നത് അതീവ സര്‍ഗ്ഗഭാവനയോടെ ചെയ്യേണ്ട സൂക്ഷ്മ പ്രവര്‍ത്തിയാണെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. “നിങ്ങള്‍ തീര്‍ക്കുന്ന ഓരോരുത്തരും നിങ്ങളുടെ അവസാന മിനുക്ക്‌ പണി കാത്തിരിക്കുന്ന കലാ സൃഷ്ടികളാണ്, അപ്പോള്‍ ഈ നാട്ടിലെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊരു അമൂല്യ രത്നം പോലെ തിളങ്ങാനാവും. മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ ഒരു ശവത്തെ പ്രദര്‍ശിപ്പിക്കുക എന്നത് ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതും പഠിച്ചു നേട്ടങ്ങളുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതുമായ സര്‍ഗ്ഗസിദ്ധിയുടെ ഉത്തുംഗമാണ്.” 'ഭാവനാ സമ്പന്നത'യോടെയും 'ലാളിത്യത്തിന്റെ കവിത' മനസ്സിലാക്കിയും ചെയ്യേണ്ട സര്‍ഗ്ഗ സാധനയില്‍
'ഒന്നിനും കൊള്ളാത്ത മാനുഷിക വികാരങ്ങള്‍ ' ഒരാളുടെ അന്ത്യമായിരിക്കും. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഒരു സാധ്യതയായിക്കാണുന്ന മത പാഠശാലകളില്‍ നിന്ന് വ്യത്യസ്തമായി അതിനെ 'മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ അധിക ബാധ്യത'യായിക്കണ്ട് വികാര രഹിതമായി കൈകാര്യം ചെയ്യാന്‍ കഴിയണമെന്നതാണ് തത്വം. ബോധം കെടുത്താതെ തളര്‍ത്തിയിട്ട 'സുഹൃത്തി'ന്‍റെ തൊലി മുറകാമിയുടെ 'വൈന്‍ഡ് അപ്പ് ബേഡി'ലെ ബോറിസ് ദി സ്കിന്നറെ പോലെ അപ്പാടെ, കലാചാരുതയോടെ ഉരിച്ചെടുക്കുമ്പോള്‍ ചോരക്കെട്ടില്‍ നിന്ന് തവളക്കുഞ്ഞിനെ പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ പാട്ട് വിചിത്രമായ സ്ത്രീശബ്ദത്തില്‍ മൂളുന്ന കഥാപാത്രമുണ്ട് കഥയില്‍ . ഈ സമാഹാരത്തിലെ ഒടുമിക്ക സന്ദര്‍ഭങ്ങള്‍ക്കും ചേരുന്ന ഒരു ബിംബമാണ് അയാള്‍ . ഭാഷയിലെ തികഞ്ഞ ഔപചാരിക മാന്യതയും പ്രവര്‍ത്തിയുടെ കിടിലം കൊള്ളിക്കുന്ന ഉള്ളടക്കവും തമ്മിലുള്ള വൈരുധ്യം ഡിസ്റ്റോപ്പിയന്‍ സാഹിത്യത്തിന്റെ പ്രത്യേകതയാണ്.

തുടര്‍ന്നുള്ള കഥകളില്‍ ഭാഷയിലെ ഔപചാരികത ചിലപ്പോഴൊക്കെ തെറിപ്രയോഗങ്ങള്‍ക്കും നാട്ടുമൊഴികള്‍ക്കും വഴിമാറുന്നുണ്ട്. മടുപ്പും ദൈവ നിന്ദയും അടയാളപ്പെടുത്തുന്ന ജീവിതവുമായി ലഹരിയും രതിയും പിടിച്ചുപറിയും ശീലമാക്കുമ്പോഴും നമതിന്മകളുടെസാമ്പ്രദായികതകള്‍ക്കപ്പുറം ചിലപ്പോഴൊക്കെ മര്‍ദ്ദിതനു വേണ്ടി എന്തും ചെയ്യാനും തയ്യാറാവുന്ന വിചിത്ര കഥാപാത്രമാണ് 'കൊലയാളിയും കോമ്പസും' എന്ന കഥയിലെ അബു ഹദീദ്. നവയുവാവായ അനുജന്‍ മഹ്ദിക്ക് അയാള്‍ നല്‍കുന്ന ജീവിത പാഠം അയാളുടെ കണ്ടെത്തലുകളുടെ ആകത്തുകയാണ്: "ഈ ലോകത്ത് നീ കൊണ്ടും കൊടുത്തും വളരണം. നീ ഇന്നാണോ മുപ്പതു കൊല്ലം കഴിഞ്ഞാണോ മരിക്കുന്നത് എന്നത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ഇന്ന് എന്നതാണ് പ്രശ്നം, ആളുകളുടെ കണ്ണുകളില്‍ നിനക്ക് ഭയം കാണാന്‍ കഴിയുന്നുണ്ടോ എന്നതും. ചകിതരായ മനുഷ്യര്‍ നിനക്ക് എന്തും തരും. ആരെങ്കിലും നിന്നോട് "ദൈവത്തെയോര്‍ത്ത്‌' ' എന്നോ 'അത് തെറ്റാണ് ' എന്നോ പറഞ്ഞാല്‍ , അവന്റെ പൃഷ്ടത്തില്‍ തൊഴിക്കുക, കാരണം ആ ദൈവം ഒരു പിണ്ണാക്കനാണ്. അതവരുടെ ദൈവം, നിന്റെയല്ല, ഇതാണ് നിന്റെ ദിനം. തന്റെ പേരില്‍ പട്ടിണി കിടന്നു മരിക്കാനും സഹിക്കാനും തയ്യാറുള്ള അനുയായികളും ഇള്ളപ്പിള്ളാരുമില്ലാതെ ഒരു ദൈവവുമില്ല.” വിശ്വാസം, ദൈവം തുടങ്ങിയ അമൂര്‍ത്തതകള്‍ അതിജീവനം എന്നത് ഏറ്റവും വലിയ ചോദ്യ ചിഹ്നമാകുന്ന ഒരു സാമൂഹിക ക്രമത്തില്‍ അശ്ലീലമായി മാറുന്നത് വേറെയും കഥകളില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. 'യാഥാര്‍ത്ഥ്യവും രേഖകളും' എന്ന കഥയിലെ ദാര്‍ശനികനായ പ്രൊഫസര്‍ നിരീക്ഷിക്കുന്നു, "ചിന്തിയ രക്തവും അന്ധവിശ്വാസങ്ങളുമാണ് ലോകത്തിന്റെ അടിത്തറ. തീറ്റക്കോ, പ്രണയത്തിനോ, അധികാരത്തിനോ വേണ്ടിക്കൊല്ലുന്ന ജീവി മനുഷ്യന്‍ മാത്രമല്ല, കാരണം കാട്ടിലെ മൃഗങ്ങളും അതൊക്കെ വ്യത്യസ്ത രീതികളില്‍ ചെയ്യുന്നുണ്ട്, എന്നാല്‍ വിശ്വാസത്തിനു വേണ്ടി കൊല്ലുന്ന ഏക ജീവി അവനാണ്. … മനുഷ്യ കുലത്തിന്റെ പ്രശ്നം നിതാന്ത ഭയം ഒന്നുകൊണ്ടു മാത്രമേ പരിഹരിക്കാനാവൂ.” ഈ കഥയിലെ പ്രധാന കഥാപാത്രം വ്യത്യസ്ത ഭീകരപ്രവര്‍ത്തക ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടു പോവുകയും അവരുടെ ലക്ഷ്യങ്ങള്‍ക്കായി മീഡിയക്ക് മുന്നില്‍ അവര്‍ക്ക് വേണ്ടവിധം അവതരിപ്പിക്കുകയും ചെയ്യുന്ന നാല്‍പ്പതുകാരനാണ് . ദക്ഷിണ സ്വീഡനിലെ മാല്‍മോയിലെ അഭയാര്‍ഥി ക്യാമ്പില്‍ അധികൃതര്‍ക്ക് മുന്നില്‍ , ഭീകരര്‍ക്ക്‌ വേണ്ടി തനിക്കു അഭിനയിക്കേണ്ടി വന്ന റോളുകളെ കുറിച്ച് അയാള്‍ പറയുന്നു. ചിലപ്പോള്‍ "ചതിയനായ ഖുര്‍ദ്, അവിശ്വാസിയായ ഒരു കൃസ്ത്യാനി, ഒരു സൌദി ഭീകരന്‍, ഒരു സിറിയന്‍ ബാത്തിസ്റ്റ് രഹസ്യാന്വേഷക എജന്റ്, അല്ലെങ്കില്‍ സോരാഷ്ട്രിയന്‍ ഇറാനില്‍ നിന്നുള്ള ഒരു റവലൂഷനറി ഗാര്‍ഡ് . ഈ വീഡിയോ ടേപ്പുകളില്‍ ഞാന്‍ കൊന്നു, ബലാല്‍ക്കാരം ചെയ്തു, തീവെപ്പ് തുടങ്ങി, ബോംബുകള്‍ സ്ഥാപിച്ചു, സുബോധമുള്ള ഒരു മനുഷ്യനും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തു. ഈ ടേപ്പുകളെല്ലാം ലോകമെങ്ങുമുള്ള സാറ്റലൈറ്റ് ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. വിദഗ്ദരും ജേണലിസ്റ്റുകളും രാഷ്ട്രീയക്കാരും ഞാന്‍ പറഞ്ഞതും ചെയ്തതും ചര്‍ച്ച ചെയ്തു കുത്തിയിരുന്നു. ഞങ്ങള്‍ നേരിട്ട ഒരേയൊരു ഭാഗ്യക്കേട് ഞാന്‍ ഒരു സ്പാനിഷ് സൈനികനായി പ്രത്യക്ഷപ്പെട്ട വീഡിയോ ആയിരുന്നു, ഒരു റസിസ്റ്റന്‍സ് പോരാളി എന്റെ കഴുത്തില്‍ കത്തി വെച്ച് സ്പാനിഷ് സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നത്. എല്ലാ ഉപഗ്രഹ ചാനലുകളും അത് കാണിക്കാന്‍ വിസമ്മതിച്ചു, കാരണം ഒരു കൊല്ലം മുമ്പ് സപാനിഷ് സൈന്യം നാട് വിട്ടിരുന്നു.” ഭിന്ന വ്യക്തിത്വങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രശ്നമെങ്കില്‍ അതിജീവനത്തിനായി ഇരട്ട വ്യക്തിത്വം സ്വീകരിക്കുന്നതും, അപ്പോഴും കുടഞ്ഞുകളയാനാവാതെ തന്റെ ഇറാഖി സ്വത്വം ദുരന്തകാരണം ആയിത്തീരുന്നതുമാണ് സമാഹാരത്തിലെ അവസാനത്തേതായ 'കാര്‍ലോസ് ഫ്യൂയന്തസിന്റെ പേടിസ്വപ്നങ്ങള്‍ ' എന്ന കഥയില്‍ . 'ഇറാഖില്‍ അയാളുടെ പേര് സലിം അബ്ദുല്‍ ഹുസൈന്‍ എന്നായിരുന്നു', ശുചീകരണവകുപ്പില്‍ ജോലി ചെയ്തു. 'കോഴികളെയും പഴങ്ങളും പച്ചക്കറിയും ചില ആളുകളെയും' എരിച്ചുകളഞ്ഞ സ്ഫോടനങ്ങളുടെ പരിണിതഫലമായുണ്ടാവുന്ന നാശാവഷിഷ്ടള്‍ നീക്കം ചെയ്യുമ്പോള്‍ ചിതറിത്തെറിച്ച കൈവിരലുകളില്‍ നിന്ന് ഒരു മോതിരമോ മറ്റോ അധിക വരുമാനമായി കാണുന്ന തരത്തില്‍ പെട്ടവന്‍ . 2009 -ല്‍ ഹോളണ്ടില്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് പേര് കാര്‍ലോസ് ഫ്യൂയെന്തസ് എന്നായിരുന്നു. അയാളുടെ നിറവും രൂപവും വെച്ച് യൂറോപ്യന്‍ പേര് സ്വീകരിക്കാനാവില്ലെന്നും ക്യൂബന്‍ പേരോ അര്‍ജന്റീനിയന്‍ പേരോ ആയിരിക്കും ചേരുക എന്നുമുള്ള ഉപദേശമാണ് ഒരു സാഹിത്യ മാസികയില്‍ കാണാനിടയായ എഴുത്തുകാരന്റെ പേരില്‍ അയാളെ എത്തിക്കുന്നത്. കാര്യങ്ങള്‍ നന്നായിപ്പോയി തുടങ്ങുമ്പോഴാണ് ഭൂതകാലം സ്വപ്നങ്ങളായി അയാളെ ആവേശിക്കുന്നതും അതയാളുടെ അന്ത്യത്തിലേക്ക് നയിക്കുന്നതും. കാര്‍ലോസില്‍ നിന്നിറങ്ങി അയാളെ നേരിടുന്ന സലിം അയാളെ കളിയാക്കുന്നു, “ഡച്ചുകാരന്‍ സലിം, മെക്സിക്കന്‍ സലിം, ഇറാഖി സലിം, ഫ്രെഞ്ചുകാരന്‍ സലിം, ഇന്ത്യന്‍ സലിം, പാക്കിസ്ഥാനി സലിം, നൈജീരിയന്‍ സലിം..”ആറാം നിലയില്‍ നിന്ന് ചാടി മരിച്ച ഇറാഖിയെ കുറിച്ചാണ് പിറ്റേ ദിവസം ഡച്ച് പത്രങ്ങളും വാര്‍ത്ത കൊടുക്കുക. ഒരാള്‍ക്ക് തന്റെ ഭൂതകാലം ചീന്തിയെരിയാനാവില്ലെന്നു സലിം പഠിക്കുകയാവാം.


മാജിക്കല്‍ റിയലിസം / ദുസ്വപ്ന റിയലിസം

ഒരഭിമുഖത്തില്‍ തന്റെ രചനയെ കുറിച്ച് "മാജിക്കല്‍ റിയലിസം" എന്ന പ്രയോഗത്തെ നിരാകരിച്ചു കൊണ്ട് "ദുസ്വപ്ന റിയലിസം. ഭീതിദമായ വിഭ്രാന്തികള്‍ "എന്ന് ഹസന്‍ ബ്ലാസിം തിരുത്തുന്നുണ്ട്‌. “ഇറാഖ് കുറെ ഏറെക്കൊല്ലങ്ങള്‍ മറ്റാരുടെയോ കോളനിയായി കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ട് മി. ബ്ലാസിമിനെ പോലെ ഒരാളെ ലാറ്റിന്‍ അമേരിക്കന്‍ കഥാപാരമ്പര്യത്തിന്റെ ഒരു ഉപഭോക്തൃ സ്റ്റേറ്റ് ആയി മാറ്റേണ്ടതില്ല.” എന്ന് ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു. (ന്യൂ യോര്‍ക്ക്‌ ടൈംസ്, ജനുവരി 28 - 2014)

വിവരണാതീതമായ സംഭവവികാസങ്ങള്‍ പല തരത്തിലും കഥകളില്‍ കടന്നു വരുന്നുണ്ട്. 'പദപ്രശ്നങ്ങള്‍ ' എന്ന കഥയില്‍ സ്ഫോടനത്തില്‍ മാരകമായി പൊള്ളലേറ്റ മര്‍വാന്‍ എന്ന വിശേഷ സങ്കല്‍പ്പങ്ങളുള്ള യുവാവിനെ അതേ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ ആത്മാവ് ആവേശിച്ചതായി അയാള്‍ക്ക് തോന്നുന്നു. അയാളുടെ ഭാര്യയോടൊപ്പം കിടക്കുമ്പോള്‍ അത് മൂന്നു പേരുണ്ട് എന്ന് തോന്നുന്ന വിധം അയാള്‍ക്കത് ദുസ്സഹമാവുന്നു. 'ആയിരത്തൊന്നു കത്തികള്‍ ' എന്ന കഥയില്‍ ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ചില കണ്‍കെട്ടു വിദ്യകള്‍ അരങ്ങേറുന്നു. കത്തികള്‍ അപ്രത്യക്ഷമാക്കുകയും അവ ഒരു വിധവയുടെ അടുക്കളപ്പുറത്തു നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 'ഒരു സൈനിക വാര്‍ത്താപത്രം ' എന്ന കഥയില്‍ പത്രാധിപര്‍ക്ക് മഹത്തായ അഞ്ചോളം കഥകളുടെ കയ്യെഴുത്തു പ്രതികള്‍ തപാലില്‍ ലഭിക്കുന്നു. യുദ്ധ മുന്നണിയിലെങ്ങോ ഉള്ള ഒരു സാധാരണ സൈനികന്‍ അയച്ചത്. അയാള്‍ മരണപ്പെട്ടു എന്നറിയുന്നതോടെ സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിച്ചു പ്രശസ്തനാവുന്ന എഡിറ്റര്‍ പെട്ടുപോവുന്നത് പിന്നീട് പേമാരിപോലെ മെയിലുകള്‍ എത്തിത്തുടങ്ങുന്നതോടെയാണ്. ഒന്ന് ഒന്നിനേക്കാള്‍ മെച്ചമായ രചനകള്‍ . അയനെസ്കൊയുടെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രേതത്തെ പോലെ മുറികളും വീടും കവിഞ്ഞും മരിച്ചവന്റെ രചനകള്‍ എത്തിത്തുടങ്ങുന്നു- പത്രാധിപരുടെ അനിവാര്യമായ ആത്മഹത്യ വരെ. തികച്ചും വ്യത്യസ്തമായ രീതിയിലാണെങ്കിലും മറ്റൊരു 'ആധിക്യ' (excess) ദുരന്തമാണ് 'ഒരപശകുന പുഞ്ചിരി' എന്ന കഥ. ഒരു സുപ്രഭാതത്തില്‍ തന്റെ മുഖത്തു മായ്ച്ചു കളയാനാവാത്ത ഒരു പുഞ്ചിരി കാണേണ്ടി വരുന്ന കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ നവ നാസികളുടെ കയ്യില്‍ വംശ വെറിയുടെ ഇരസ്ഥാനത്തേക്ക് പോലും അയാളെ വലിച്ചിഴക്കുന്നു. ഒരു കാര്യവുമില്ലാതെ ഒരു വിഡ്ഢിയെപ്പോലെ ചിരിക്കുന്ന' തന്നെ ഭാര്യയും കുഞ്ഞും കാണാതിരിക്കാന്‍ അയാള്‍ക്ക് ഒഴിഞ്ഞു മാറേണ്ടി വരുന്നു. നായികയുടെ ആത്മഹത്യയില്‍ ഒടുങ്ങുന്ന സിനിമ കാണുമ്പോള്‍ , ബാറില്‍ , അപകട മരണം നടക്കുന്നിടത്ത്, വിശന്നു മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ , കാമുവിന്‍റെ മെര്‍സോളിനെ പോലെ ഒരിടത്തും സമൂഹം പ്രതീക്ഷിക്കുന്ന പ്രതികരണം നല്‍കാനാവില്ല എന്നതിനുമപ്പുറം നേരെ വിപരീതമായ പ്രതികരണം നല്‍കുകയും ചെയ്യുന്നത് അയാളെ ഒരു അന്യഗൃഹ ജീവിയാക്കുന്നു.
'ആധിക്യം' എന്ന പ്രശ്നവുമായി ചേര്‍ത്തുകാണാവുന്നത് തന്നെയാണ് ഉന്മാദമെന്ന അവസ്ഥയും. 'ദി കമ്പോസര്‍ ' എന്ന കഥയിലെ ജാഫര്‍ അല്‍ മുതലബ്ബി ആദ്യകാലം കമ്യൂണിസ്റ്റും പിന്നീട് ബാത്ത് പാര്‍ട്ടി അംഗവും ഇപ്പോഴും നിരീശ്വരവാദിയുമാണ്‌. ഉന്മാദത്തിന്റെ പിടിയില്‍ പെട്ടുപോകുന്ന അയാളെ വിമതസൈന്യം തലയറുത്ത് കൊല്ലുന്നു. അന്‍ഫാല്‍ കലാപ നാളുകളില്‍ അയാളുടെ കുടുംബത്തിനു കാവലാവുന്നത് ഉമ്മു താരിഖ് എന്ന കുര്‍ദ് സ്ത്രീയാണ്. സമാഹാരത്തിലെ ഏറ്റവും പ്രശസ്തമായ കഥകളില്‍ ഒന്ന്‍ പേരുകൊണ്ട് തന്നെ ഉന്മാദത്തെ അടയാളപ്പെടുത്തുന്നു, “സ്വാതന്ത്ര്യ ചത്വരത്തിലെ ഭ്രാന്തന്‍' എന്ന കഥയില്‍ ചത്വരത്തില്‍ നിലനിന്ന രണ്ടു പ്രതിമകളുടെ പുരാവൃത്തം ആഖ്യാതാവ് അവതരിപ്പിക്കുന്നു. പ്രദേശത്തെ കുട്ടികള്‍ ഭ്രാന്തനായി കരുതുന്ന അയാള്‍ ഒരു വശത്ത്‌ മൌലികവാദ ഫത് വായും മറുവശത്ത്‌ പഴയ ഭരണകൂടത്തിന്റെതായ എല്ലാം നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഭരണകൂടവും ഒത്തു ചേര്‍ന്നു തകര്‍ത്ത പ്രതിമകളില്‍ കൊത്തിവെച്ചിരുന്ന സ്വര്‍ണ്ണത്തലമുടിക്കാരായിരുന്ന രണ്ടു യുവ കൊമാളന്മാരുടെ ഇതിഹാസം വിവരിക്കുന്നു. 'ഇരുട്ട്' എന്ന് പേരിട്ട നാടിനു ഭാഗ്യങ്ങള്‍ കൊണ്ട് വന്നവര്‍ . പ്രദേശത്തെ പെണ്‍കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രണയം പടര്‍ത്തിയവര്‍ . വന്നപോലെത്തന്നെ ദുരൂഹമായി അഅപ്രത്യക്ഷരായിട്ടും ദേശ രക്ഷക്കായി പൊരുതാന്‍ വീണ്ടും പ്രത്യക്ഷരായവര്‍ . കഥാന്ത്യത്തില്‍ പക്ഷെ എല്ലാം ചോദ്യങ്ങളാണ്. വെടിച്ചീളു കൊണ്ട് ബുദ്ധിഭ്രമം ബാധിച്ചതായി എല്ലാവരും കരുതുന്ന ആഖ്യാതാവിന്റെ കഥയില്‍ ഉള്ളതേത്, പൊയ് ഏത് എന്നതില്‍ . 'ഗഹ്വരം' എന്ന കഥയില്‍ അബ്ബാസിയ കാലം മുതല്‍ നൂറ്റാണ്ടുകള്‍ ജീവിച്ചുവന്ന ഒരു ജിന്ന് എന്ന് സ്വയം പരിചയപ്പെടുത്തുന്ന കിഴവന്‍ , കുഴിയില്‍ വീണ പുതിയ അതിഥിയെ വരവേല്‍ക്കുന്നു. നരഭോജിയായ അയാള്‍ , അയാള്‍ക്ക് മുമ്പ് കുഴിയില്‍ വീണ സൈനികന്റെ ജഡം തിന്നുന്നു. 'നീ എന്നെ തിന്നു'മെന്ന് പുതിയ അന്തേവാസിയോട് അയാള്‍ പ്രവചനം നടത്തുകയും ചെയ്യുന്നു. ആവര്‍ത്തന ചക്രത്തെ സൂചിപ്പിച്ചുകൊണ്ട് അയാള്‍ പറയുന്നു: “നിനക്ക് എന്റെ ഭാഷ മനസ്സിലാവില്ല, കാരണം ഞാന്‍ നിനക്ക് മുമ്പേ കുഴിയില്‍ എത്തി. എന്നാല്‍ ഇനി വീഴാന്‍ പോകുന്നയാളുടെ ഭാഷ നീ സംസാരിക്കും.” രക്ത വിശകലന റോബോട്ടില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കുഴിയില്‍ വീണുപോകുന്ന അടുത്ത ഇരയായ യുവതിയോട് കഥാനായകന്‍ താനറിയാതെ പരിചയപ്പെടുത്തുക താനൊരു ജിന്ന് ആണ് എന്നാണ്. അതും പറഞ്ഞു അയാള്‍ വൃദ്ധന്റെ ജഡത്തിനരികിലേക്ക് ഇഴയുന്നു. ഇരയും ഹിംസയും കുഴമറിയുന്ന മാനുഷികാനുഭവത്തിന്റെ സാര്‍വ്വകാലികത ഈ കഥ ശക്തമായി ആവിഷ്ക്കരിക്കുന്നുണ്ട്.

മരിച്ചവര്‍ കഥപറയും വിധം:

"നമ്മള്‍ സെമിത്തേരിയിലേക്ക് പോകും, മോര്‍ച്ചറിയിലേക്കും. ഭൂതകാലത്തിന്റെ കാവല്‍ക്കാരോട് അനുവാദം ചോദിക്കും. നമ്മള്‍ മരിച്ചയാളെ പബ്ലിക് ഗാര്‍ഡനിലേക്ക് കൊണ്ട് പോകും, പഴുത്ത ഓറഞ്ചു സൂര്യന് ചുവടെ പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കും. അയാളുടെ തല നേരെ പിടിക്കാന്‍ നമ്മള്‍ ശ്രമിക്കും. ഒരു പ്രാണി, ഒരീച്ച അയാളെ വട്ടമിടുന്നു, ഈച്ചകള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തുല്യതയോടെ വട്ടമിടുമെങ്കിലും. അയാളോട് കഥ നമുക്ക് വേണ്ടി ഒന്നുകൂടി പറയാന്‍ നാം അഭ്യര്‍ഥിക്കും. സത്യസന്ധവും നിഷ്പക്ഷവുമായി കഥ പറയാന്‍ അയാളെ വൃഷണങ്ങളില്‍ തോഴിക്കേണ്ടി വരില്ല, കാരണം മരിച്ചവര്‍ സാധാരണ ഗതിയില്‍ സത്യസന്ധരും നിഷ്പക്ഷരുമാണ്, അവര്‍ക്കിടയിലെ തന്തക്ക് പിറക്കാത്തവര്‍ പോലും.”- ഒരു സൈനിക വാര്‍ത്ത പത്രം എന്ന കഥയില്‍ നമ്മള്‍ വായിക്കുന്നു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകങ്ങള്‍ പലപ്പോഴും തിരിച്ചറിയാനാവാത്ത വിധം ഒന്നായിത്തീരുകയും മരിച്ചവര്‍ കഥ പറയുകയും ചെയ്യുന്ന അനുഭവം, ഏതു നിമിഷവും മരണം കടന്നെത്താവുന്ന സാഹചര്യം നില നില്‍ക്കുന്നയിടത്ത് ഒട്ടും അസ്വാഭാവികവുമല്ല.

വാടകക്കൊലയാളികളും ചാവേറുകളും ഏറെയുള്ള സമാഹാരത്തില്‍ വേറിട്ട്‌ നില്‍ക്കുന്ന കഥയാണ്‌ 'ഇറാഖി ക്രൈസ്റ്റ്'. ആഖ്യാതാവിനോടൊപ്പം കുവൈറ്റ്‌ യുദ്ധത്തിലും പങ്കെടുത്തിരുന്ന എല്ലാവരെയും സഹായിക്കുന്ന സ്വഭാവക്കാരനായ ഡാനിയേല്‍ എന്ന ക്രിസ്തു മത വിശ്വാസിയെ അയാളുടെ ചുവിംഗ് ഗം ശീലം കാരണം എല്ലാവരും ച്ചുവിംഗ് ഗം ക്രൈസ്റ്റ് എന്ന് വിളിച്ചു. 'വെറും കോമിക് ബുക്ക് യുദ്ധങ്ങള്‍ നടത്തിവന്ന തങ്ങളെ പോലുള്ള സൈനികര്‍ ആട്ടിന്‍ പറ്റം മാത്രമായിരുന്നു' എന്ന് ആഖ്യാതാവ് പറയുന്നു. ഡാനിയേലിന്റെ ചില ഉള്‍വിളികള്‍ പലപ്പോഴും അവരുടെ ജീവന്‍ രക്ഷിച്ചു. അടിവയറ്റിലെ വിട്ടുമാറാത്ത ചൊറിച്ചില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ ആക്രമണത്തെ കുറിച്ചും തുടര്‍ച്ചയായ മൂന്നു തുമ്മല്‍ ഒരു റോക്കറ്റ് ആക്രമണത്തെയും സൂചിപ്പിച്ചാലോ? ഏകാധിപതിയെ വെറുപ്പായിരുന്നെങ്കിലും അധിനിവേശ സൈന്യത്തെ എതിര്‍ക്കാന്‍ അണിചേര്‍ന്നതായിരുന്നു അയാള്‍ . തനിക്കു പ്രിയപ്പെട്ട ഒരുവളുടെ ജീവന്‍ രക്ഷിക്കാനുള്ള നിവര്‍ത്തികേടാണ് അയാളെ ഒരു ചാവേറാക്കുക. അക്കഥ വില്‍ഫ്രെഡ് ഓവന്റെ വിഖ്യാത കവിതയിലേതു പോലെ മരണാന്തരം ഇരുവരും കണ്ടുമുട്ടുമ്പോള്‍ അറിഞ്ഞാണ് ആഖ്യാതാവ് നമ്മോടു പറയുന്നത്. മരിച്ചവര്‍ സത്യസന്ധവും നിഷ്പക്ഷവുമായി കഥ പറയുമെന്ന് 'ഒരു സൈനിക വാര്‍ത്താ പത്ര'ത്തിലും നിരീക്ഷിക്കുന്നുണ്ട്.. 'ഹരിതപ്രദേശത്തെ മുയല്‍ ' എന്ന കഥയും ഒരു പോട്ടിത്തെറിയിലാണ് അവസാനിക്കുന്നത്. എന്തെന്ന് വ്യക്തമാക്കുന്നില്ലാത്ത ഒരു ഭീകര പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെടുന്ന യുവാവ് ബാഗ്ദാദിലെ ഹരിത പ്രദേശത്ത്‌ തന്റെ ഊഴം കാത്തിരിക്കുന്നു. ഉന്നം സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത സൂചനയുണ്ട് കഥാന്ത്യത്തില്‍ . ആഖ്യാതാവ് ജീവന്‍ നിലനിര്‍ത്തുന്ന ചുരുക്കം കഥകളില്‍ ഒന്ന് ഇതാണ്. യുദ്ധാനന്തര ഇറാഖിലെ അഭയാര്‍ഥികളുടെ കഥ അവതരിപ്പിക്കുന്ന 'മെമ്മറി റേഡിയോ' ക്കു വേണ്ടി കഥപറയാനെത്തുന്നവരിലേക്ക് ശ്രദ്ധ ചെലുത്തുന്ന 'ആടുകളുടെ ഗാനം' എന്ന കഥയും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. മേസോപ്പോട്ടെമിയന്‍ സംസ്കൃതിയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കാത്തുവെപ്പുകള്‍ ആളും നാഥനുമില്ലാത്ത ഇറാഖി മ്യൂസിയങ്ങളില്‍ നിന്ന് അധിനിവേശ സൈനികരും നാട്ടുകാരും ഒരുപോലെ കൊള്ളയടിച്ചു വന്നതിനെ കുറിച്ചും അതില്‍ അധികൃതരുടെ പങ്കിനെ കുറിച്ചും സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട് ഈ കഥയില്‍ . മനസാക്ഷിയുടെ വിളി കേട്ട് കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അദ്ധ്യാപകനില്‍ അല്‍ ഖായിദ ബന്ധം ചാര്‍ത്തി പ്രതിരോധ മന്ത്രാലയം യു. എസ്. സൈന്യത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അന്ന് രാത്രി നടക്കുന്ന ബോംബിങ്ങില്‍ ഭാര്യയും നാല് മക്കളും വൃദ്ധമാതാവും നഷ്ടപ്പെടുന്ന അദ്ധ്യാപകന് തലക്ക് മാരകമായി മുറിവേല്‍ക്കുകയും കൈകള്‍ നഷ്ടമാവുകയും ചെയ്യുന്നു.

ഇറാഖിന്റെ സഹന പര്‍വ്വങ്ങള്‍


എട്ടു വര്ഷം നീണ്ടു നിന്ന ഇറാന്‍ - ഇറാഖ് യുദ്ധം, കുവൈറ്റ്‌ ആക്രമണം, 'ഡെസെര്‍ട്ട് സ്റ്റോം ', സാമ്പത്തിക ഉപരോധങ്ങള്‍ , രണ്ടാം അമേരിക്കന്‍ അധിനിവേശം, ആഭ്യന്തര യുദ്ധം, ഇപ്പോള്‍ ഐസിസ് - കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലമായി ഇറാഖ് ജനത അനുഭവിച്ചയത്രയും ലോകത്ത് മറ്റേതെങ്കിലും ജനത അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകുമോ? ഭീകരത ഒരു നിത്യ സംഭവം ആകുകയും ലോകത്തൊരു ശക്തിക്കും ഒരു താല്‍പര്യവും ഇല്ലാത്ത വിധം അത് നിരന്തരം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ആദ്യം വൈകാരികത നഷ്ടമാവുക ഇരകള്‍ക്ക് തന്നെയാവും. ആല്ലാതെ എങ്ങനെയാണ് ഒരു ജനതയ്ക്ക് ഇത്രയും സഹിക്കാനാവുക എന്നത് ചരിത്രം മറുപടി പറയേണ്ട ചോദ്യമാണ്. എഴുത്തുകാരന് ഈ ചോദ്യത്തെ സമീപിക്കാന്‍ സാഹിത്യ ഇനങ്ങളുടെ (genres) ഏറ്റവും വിചിത്രമായ മുറിച്ചുകടക്കലും സങ്കലനവും തന്നെയാണ് ഉപകരണവും മാധ്യമവും ആവുക. 'ഞെട്ടിക്കുന്ന യാഥാതഥത്വവും ഫാന്റസിയുടെ ചിറകുവിരിക്കലും' ചേര്‍ന്ന് ഭീകരതയുടെ സാഹിതീയ ഇനങ്ങളായ (genres) ഡിസ്റ്റോപ്പിയന്‍ , കാഫ്ക്കെയസ്ക്, മെകാബെര്‍ (macabre), ഹൊറര്‍ , ശവരതി , വാമ്പയര്‍ , കാനിബലിസം, വിച്ച് ഹണ്ട്, അതിവിചിത്രം (bizarre), തുടങ്ങിയ എല്ലാത്തിനെയും ആവാഹിക്കുകയോ അതിശയിക്കുകയോ ചെയ്യുന്ന, സമൂര്‍ത്തമായ ഒരു 'അബു ഗറൈബ് ' സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന പതിനാലു ചെറു കഥകളിലൂടെ യുദ്ധത്തെ, അത് ചവച്ചു തുപ്പിയ നാടിന്റെയും നാട്ടാരുടേയും വിധിയെ നമ്മളറിഞ്ഞിട്ടില്ലാത്ത ഒരു രീതിയില്‍ അവതരിപ്പിക്കുകയാണ് ഹസ്സന്‍ ബ്ലാസിം ഇവിടെ. കാഫ്ക്കയുടെ കാസിലും ഓര്‍വെല്ലിന്‍റെ 1984 -ഉം ബെര്‍ജസ്സിന്‍റെ ക്ലോക്ക് വര്‍ക്ക് ഓറഞ്ചും കൊര്‍മ്മാക് മെക്കാര്‍ത്തിയുടെ ദി റോഡും ഇഷിഗുരോയുടെ നെവര്‍ ലെറ്റ്‌ മി ഗോ-യും അടങ്ങുന്ന ഡിസ്റ്റോപ്പിയന്‍ രചനകളുടെ ശ്രേണിയിലേക്ക് നിസ്സംശയം ചേര്‍ത്തുവെക്കേണ്ടത് തന്നെ ശവ പ്രദര്‍ശനവും മറ്റു ഇറാഖി കഥകളും. മിക്കവാറും മധ്യകാലം പശ്ചാത്തലമാക്കുന്ന ഹൊറര്‍ ഫിക് ഷന്‍റെയൊ സാങ്കല്‍പ്പിക സ്ഥല കാലങ്ങളുടെ ആലിഗറിവല്‍കൃത സയന്‍സ് ഫിക് ഷന്റെയോ 'സേഫ് ഡിസ്റ്റന്‍സ്' ആനുകൂല്യം പോലും തരാത്തത് കൊണ്ട് ഒരുപക്ഷെ അവയെക്കാളെല്ലാം ആവേശിക്കുന്നതും ഉറക്കത്തിന്‍റെ മേടുകളെ തീപിടിപ്പിക്കുന്നതും. കഥകള്‍ രചിക്കപ്പെട്ട ക്രമം നമുക്കറിയില്ലെങ്കിലും പുസ്തകത്തില്‍ അവ അടുക്കിവെച്ചിരിക്കുന്ന ക്രമത്തില്‍ ഒരു നോവലിലെന്നോണമുള്ള കൂടിക്കൂടി വരുന്ന ഒരു സമ്മര്‍ദ്ദ ശക്തിയുണ്ടെന്ന് ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു. പ്രധാന കഥാപാത്രങ്ങളുടെ വികാസം ടീനേജ് ഗുണ്ടാ സംഘാംഗങ്ങള്‍ , വാടക ഗുണ്ടകള്‍ എന്നതില്‍ നിന്ന് ജേണലിസ്റ്റുകള്‍ , സൈനികര്‍ തുടങ്ങി അഭയാര്‍ഥികള്‍ എന്ന് വരെ നീളുന്നു. കഥകലാവട്ടെ കൂടുതല്‍ കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതും ഘടനാ പരമായ പൂര്‍ണ്ണത നെടുന്നവയും ആയിത്തീരുകയും ചെയ്യുന്നു. അറബി മൂലത്തിന്റെ കാമ്പും കരുത്തും ഒട്ടും ചോര്‍ന്നു പോകാതെയാണ് ജോനാഥന്‍ റൈറ്റ് ഇംഗ്ലീഷ് വിവര്‍ത്തനം സാധ്യമാക്കിയിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1984 -ല്‍ റോയിറ്റേഴ്സ് റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ ലെബനോണില്‍ വെച്ച് , ഭീകരരുടെ കയ്യില്‍ ബന്ദിയാക്കപ്പെട്ട ചരിത്രമുണ്ട് പരിഭാഷകന്‍ റൈറ്റിന് എന്നത് പുസ്തകത്തിന്റെ ലോകവുമായി ആദ്ദേഹത്തിന് ഇത്രയേറെ താദാത്മ്യപ്പെടാന്‍ കഴിഞ്ഞതിനുള്ള വിശദീകരണം ആവുന്നുണ്ട്‌.
(ദേശാഭിമാനി വാരിക, 04, ഡിസംബര്‍ -2016)

More on Iraqi experience:

Frankenstein in Baghdad by Ahmed Saadawi
https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 230-237)


Saturday, November 26, 2016

The Sellout by Paul Beatty

ചരിത്ര ഭാരങ്ങളുടെ കറുത്ത ഹാസ്യം


ആഫ്രിക്കന്‍ - അമേരിക്കന്‍ ജീവിതാവസ്ഥകളെ അമേരിക്കന്‍ സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ മുന്‍ നിരയില്‍ പ്രതിഷ്ഠിച്ച ടോണി മോറിസന്‍, ജെയിംസ്‌ ബാള്‍ഡ് വിന്‍, ആലിസ് വാക്കര്‍, മയാ ഏഞ്ചലു തുടങ്ങിയവരുടെ നിരയിലേക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രചനകളിലൂടെ കടന്നു വന്ന എഴുത്തുകാരനാണ്‌ പോള്‍ ബീറ്റി. ദി വൈറ്റ് ബോയ്‌ ഷഫിള്‍ (1996) സ്ലംബര്‍ലാന്‍ഡ് (2008) തുടങ്ങിയ നോവലുകളിലൂടെയും കവിതകളിലൂടെയും സമകാലീന അമേരിക്കന്‍ സാഹിത്യത്തില്‍ തന്റെ ഇടം കണ്ടെത്തിയ ബീറ്റിയുടെ നോവലാണ്‌, ആദ്യമായി മാന്‍ ബുക്കര്‍ പുരസ്കാരം അമേരിക്കയിലേക്കെത്തിച്ച ദി സെല്‍ ഔട്ട്‌ എന്ന പുസ്തകം. (ജോനാതന്‍) സ്വിഫ്റ്റിനോടും മാര്‍ക്ക് ട്വൈനിനോടും താരതമ്യം ചെയ്യപ്പെടുന്ന തീക്ഷ്ണമായ സറ്റയറിന്റെ ശൈലിയില്‍ അമേരിക്കന്‍ സാമൂഹിക ജീവിതത്തിലെ തീക്ഷ്ണമായ ഒരു ഖണ്ഡത്തെ പോള്‍ ബീറ്റി അവതരിപ്പിക്കുന്നു.


ലോസ് ഏഞ്ചലസിന്റെ ദക്ഷിണ പ്രാന്തങ്ങളിലുള്ള ഡിക്കന്‍സ് എന്ന കാര്‍ഷിക ചേരിയില്‍ പേരുകേട്ട പുരാതന കെന്റക്കി കുടുംബത്തിന്റെ താവഴിയായി 'മി' എന്ന് മാത്രം ഒട്ടുമിക്കപ്പോഴും പേരു പറയുന്ന ബോണ്‍ബോണ്‍ മി എന്ന ആഖ്യാതാവ് വിചിത്രവും ആഫ്രിക്കന്‍ അമേരിക്കക്കാരെ സംബന്ധിച്ച പൊതുബോധത്തിനു നേരെയുള്ള പരിഹാസ പൂര്‍ണ്ണവുമായ ഒരു സ്വയം വെളിപ്പെടുത്തളിലൂടെയാണ് ആഖ്യാനത്തിലേക്ക് കടക്കുന്നത്‌:

ഒരു കറുത്ത വര്‍ഗ്ഗക്കാരനില്‍ നിന്ന് എന്ന നിലയില്‍ ഇത് വിശ്വസിക്കാന്‍ പ്രയാസമാവാം, പക്ഷെ ഞാന്‍ ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല. നികുതി വെട്ടിപ്പോ ക്രെഡിറ്റ്‌ കാര്‍ഡ് തട്ടിപ്പോ നടത്തിയിട്ടില്ല. ഒരിക്കലും സിനിമാശാലയില്‍ നുഴഞ്ഞുകയറുകയോ കച്ചവടത്തിന്റെയോ മിനിമം കൂലി പ്രതീക്ഷകളുടെയോ രീതികളില്‍ താല്‍പര്യമില്ലാത്ത മരുന്നുകട കാഷ്യര്‍ക്ക് ബാക്കി ചില്ലറ തിരികെ നല്‍കാന്‍ മറന്നു പോവുകയോ ചെയ്തിട്ടില്ല. ഞാനൊരിക്കലും ഒരു ഭവനഭേദനം നടത്തിയിട്ടില്ല. മദ്യക്കട കയ്യേറിയിട്ടില്ല. ഒരിക്കലും ഒരു തിരക്കുള്ള ബസ്സിലോ സബ് വേ കാറിലോ കയറി മുതിര്‍ന്നവര്‍ക്കുള്ള സീറ്റില്‍ ഇരിക്കുകയോ എന്റെ ഭീമന്‍ പൗരുഷം പുറത്തെടുത്ത് ഒരേസമയം ഒരു വിഷമം പിടിച്ച മുഖഭാവത്തോടെയും ഒപ്പം വൈകൃതത്തിന്റെ സംതൃപ്തിയോടെയും സ്വയം ഭോഗം ചെയ്തിട്ടില്ല.എന്നിട്ടുമിതാ ഇവിടെ ഞാന്‍ , ഐക്യ നാടുകളുടെ സുപ്രീം കോടതിയിലെ ഗുഹാസമാനമായ അറയില്‍ , എന്റെ കാര്‍ ഏതാണ്ടൊരു വിരുദ്ധോക്തിയില്‍ കോണ്‍സ്റ്റിട്യൂഷന്‍ ആവന്യൂവില്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്ത് , എന്റെ കൈകള്‍ വിലങ്ങണിയിച്ചു പിറകില്‍ കുറുകെ ബന്ധിച്ച്...”

ചരിത്രത്തില്‍ ഇടം നേടിയ വംശീയ ഉള്ളടക്കമുള്ള അനേക കേസുകളില്‍ ഏറ്റവും പുതിയതായേക്കാവുന്ന 'മി വേഴ്സസ് യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' എന്ന കേസിന് ഒരു രാസത്വരകമായതായി തന്നെകുറിച്ചു ചരിത്രം രേഖപ്പെടുത്തുമെന്നു അയാള്‍ സ്വപ്നം കാണുന്നു. അയാള്‍ സ്വയം ചെയ്യുന്ന തെറ്റിനാവട്ടെ - ഇക്കാലത്തും ഒരടിമയെ നിലനിര്‍ത്തുന്നതും വംശീയാടിസ്ഥാനത്തില്‍ പ്രദേശത്തെ പുനര്‍ ക്രമീകരിക്കുന്നതും ഉള്‍പ്പടെ - ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ വേര്‍തിരിച്ച കുപ്രസിദ്ധമായ കേസുകളില്‍ പൂര്‍വ്വ മാതൃകകളുണ്ട്. ലോസ് ഏഞ്ചലസില്‍ താന്‍ ജനിച്ചു വളര്‍ന്ന ഡിക്കന്‍സ് എന്ന സാങ്കല്‍പ്പിക പേരുള്ള 'കാര്‍ഷിക ചേരി' പ്രദേശം കാലിഫോര്‍ണിയയുടെ ഭൂപടത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതിനെതിരില്‍ , സമ്പന്നരായ ഇതര വിഭാഗങ്ങള്‍ പ്രദേശം മുഴുവന്‍ വാങ്ങിക്കൂട്ടുകയും അതിന്റെ സ്വത്വം നഷ്ടപ്പെടുകയും ചെയ്യുന്നതിന് പരിഹാരമായാണ് അയാള്‍ തന്റെ വിപരീത വംശീയപ്രക്രിയ (re segregation) ആരംഭിക്കുക. പട്ടണത്തിലെ ഏറ്റവും പ്രശസ്തനായ അന്തേവാസിയുടെ സഹായത്തോടെ - ബാക്കിയായ ഒരേയൊരു 'ലിറ്റില്‍ റാസ്ക്കല്‍ ' (1994-ലെ കോമഡി ടി. വി. പരമ്പര) നടന്‍ ഹോമിനി ജെങ്കിന്‍സ് - ചിന്തിക്കാവുന്നതില്‍ ഏറ്റവും മോശമായ ഒരു പ്രവര്‍ത്തി അയാള്‍ തുടങ്ങിവെക്കുന്നു: അടിമത്തം പുനസ്ഥാപിക്കുക, ആദ്യം ചരിത്രപാതയില്‍ സംഭവിച്ചപോലെ ബസ്സുകളില്‍ , പിന്നീട് പ്രാദേശിക സ്കൂള്‍ വംശീയമായി വേര്‍തിരിക്കുക. ഇതയാളെ സുപ്രീം കോടതിയില്‍ എത്തിക്കുന്നു.
ഞാന്‍ എന്ത് ചെയ്തുവോ അത് ചെയ്യുമ്പോള്‍ അവിഭാജ്യമായ അവകാശങ്ങളെ കുറിച്ചോ ഞങ്ങളുടെ ജനതയുടെ പ്രൌഡമായ ചരിത്രത്തെ കുറിച്ചോ ആയിരുന്നില്ല ഞാന്‍ ചിന്തിച്ചത്. നടക്കുന്ന കാര്യം ചെയ്യുകയായിരുന്നു, എന്നുമുതലാണ് ഒരിത്തിരി അടിമത്തവും വിവേചനവും ആരെയെങ്കിലും വിഷമിപ്പിക്കാന്‍ തുടങ്ങിയത്, ഇനി അങ്ങനെയാണെങ്കില്‍ , മുടിയാനായിട്ട്, അതങ്ങനെതന്നെയാവട്ടെ.”

ആഖ്യാതാവിന്റെ ജീവിതം യു. എസ് ഭരണഘടനയുടെ പവിത്ര ധാരണകളെയും നാഗരിക ജീവിതം, സിവില്‍ റൈറ്റ്സ് പ്രസ്ഥാനം , പിതൃ - പുതൃ ബന്ധം, കറുത്തവരുടെ വംശീയ സമത്വമെന്ന വിശുദ്ധ സങ്കല്‍പ്പം എന്നിവയെ എല്ലാം വെല്ലുവിളിക്കുന്ന രീതിയിലേക്ക് പരിണമിക്കുന്നത് വിഭാര്യനും വിവാദ സോഷ്യോളജിസ്റ്റുമായ, അസാമാന്യമാം വിധം സാഡിസ്റ്റ് ആയിരുന്ന അച്ഛന്റെ വംശീയതയെ കുറിച്ചുള്ള 'സോഷ്യോളജിക്കല്‍ ' പരീക്ഷണങ്ങള്‍ക്ക് നിരന്തരം വിധേയനായി വളര്‍ന്നു വന്നതിന്റെ കയ്പ്പുറ്റ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. തനിക്കും തന്നെപ്പോലുള്ളവര്‍ക്കും ഏതാണ്ട് അനിവാര്യം തന്നെയായ താഴെ തട്ടിലുള്ള മധ്യവര്‍ഗ്ഗ കാലിഫോര്‍ണിയക്കാരുടെ വിധി അതിന്റെ എല്ലാ പാരവശ്യങ്ങളോടെയും അയാള്‍ സ്വയം അംഗീകരിക്കുന്നു: “ഞാന്‍ വളര്‍ന്നുവന്ന ഇതേ കിടപ്പുമുറിയില്‍ ഞാന്‍ മരിക്കും, '68 -ലെ ഭൂമികുലുക്കം മുതല്‍ മച്ചിലുള്ള കുമ്മായച്ചാന്തിലുള്ള വിള്ളലുകളിലേക്ക് നോക്കിക്കൊണ്ട്‌.” തന്റെ അച്ഛന്റെ ഏറ്റവും മികച്ച കൃതി ഒരു ഓര്‍മ്മക്കുറിപ്പ്‌ ആയിരിക്കുമെന്നാണ് അയാളെ വിശ്വസിപ്പിച്ചിരിക്കുന്നത്, അത് തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും. എന്നാല്‍ അച്ഛന്‍ കറുത്തവര്‍ഗ്ഗക്കാരുടെ സാമാന്യ വിധിയിലെന്നോണം ലോസ് ഏഞ്ചലസ് പോലീസിന്റെ (LAPD) വെടിപെപ്പില്‍ കൊല്ലപ്പെടുമ്പോള്‍ അത്തരമൊരു ഓര്‍മ്മക്കുറിപ്പ്‌ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് മകന്‍ തിരിച്ചറിയുന്നു. ഈ വഞ്ചനയും തന്റെ സ്വന്തം പട്ടണത്തില്‍ എങ്ങും വ്യാപിച്ചിട്ടുള്ള സാമാന്യമായ നൈരാശ്യവും ചേര്‍ന്നാണ് വിചിത്രമായ ഒരു വിപരീത പരിഹാരത്തിന് അയാളെ ഇറക്കുക. അയാള്‍ ഒന്നാമത് ഒരു 'മനുഷ്യന്‍' എന്നും പിന്നീട് മാത്രം ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എന്നും അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ , ബീറ്റിയുടെ ആക്ഷേപ ഹാസ്യം കറുത്തവരെയോ വെളുത്തവര്‍ഗ്ഗക്കാരെയോ ഏകപക്ഷീയമായി ലക്‌ഷ്യം വെക്കുന്നില്ല. ആകപ്പാടെ വക്രമായിപ്പോയ ലോകത്ത് ആരും ആ വക്രതയില്‍ നിന്ന് മുക്തരല്ല എന്നിടത്താണ് സര്‍വ്വവ്യാപിയായ ആ പരിഹാസത്തിന്റെ ശക്തി തെളിയുന്നത്. റിയല്‍ എസ്റ്റേറ്റ് ലോബി പ്രാദേശിക അധികാരികളുടെ ഒത്താശയോടെ ഡിക്കന്‍സ് പ്രദേശത്ത്‌ കണ്ണുവെക്കുകയും അടയാള ചിഹ്നങ്ങള്‍ മാറ്റുകയും ചെയ്യുമ്പോഴാണ് "വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് സ്ഥാപിച്ച് മി. തന്റെ പ്രവര്‍ത്തനം തുടങ്ങുക. വിജയിക്കാന്‍ സ്വയമൊരു വെളുത്ത വര്‍ഗ്ഗക്കാരന്‍ ആവണമെന്ന തല തിരിഞ്ഞ ലോജിക് ഉപയോഗിക്കെപ്പെടുന്നുണ്ട് ഹോമിനിയെ അടിമയാക്കുന്നതില്‍ . ആളുകള്‍ തങ്ങളുടെ വംശീയതയില്‍ സന്തോഷം കണ്ടെത്തുന്നവരാണെന്നും അത് കൊണ്ട് താന്‍ ചെയ്യുന്നത് സമത്വം സംസ്ഥാപിക്കുക മാത്രമാണെന്നും അയാള്‍ കരുതുന്നു. കുപ്രസിദ്ധമായ പ്ലെസ്സി വേഴ്സസ് ഫെര്‍ഗ്യൂസന്‍ കേസില്‍ (1896- '97) വിധി പറഞ്ഞ വംശീയാനന്തര ലൂസിയാനാ കോടതി, പതിനാലാമത് ഭരനാഘടനാ ഭേദഗതിയെ വ്യാഖ്യാനിച്ചു കൊണ്ട് "വേറിട്ട്‌, സമന്മാരായി" (“separate but equal”) എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച ചരിത്രമുണ്ടെന്നത് ഇവിടെ പ്രസക്തമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (The Sellout by Paul Beatty review – a galvanizing satire of post-racial America - Seth Colter Walls, The Guardian, 4 March, 2015)



മി-യുടെ തമസ്കരിക്കപ്പെട്ട പട്ടണത്തിലെ അന്തേവാസികളില്‍ ഹോമിനി ജെങ്കിന്‍സ് എന്ന, സ്വമേധയാ മി- യുടെ 'അടിമ'യായിക്കഴിയുന്ന പ്രായം ചെന്ന, പഴയ 'ലിറ്റില്‍ റാസ്കല്‍സ് ' അഭിനേതാവിനെ പോലെ ചട്ടമ്പി സംഘങ്ങളും ഹക്ക്ള്‍ബറി ഫിന്‍ പോലുള്ള കഥകളിലെ 'നിഗ്ഗര്‍ ' എന്ന പ്രയോഗത്തെ 'യോദ്ധാവ്' എന്നും , 'അടിമ' എന്നതിനെ 'ഇരുണ്ട നിറക്കാരനായ സന്നദ്ധന്‍ ' എന്നും തിരുത്തിയെഴുതുന്ന, ധാര്‍മ്മിക രോഷം മുഖ മുദ്രയായ അക്കദമീഷ്യന്‍ ഫോയ് ചെഷയര്‍ , തകര്‍ന്നു കൊണ്ടിരിക്കുന്ന പ്രാഥമിക വിദ്യാലയത്തെ റസീവര്‍ ഭരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പാടുപെടുന്ന നടത്തിപ്പുകാരന്‍ തുടങ്ങിയവരും, മി-യുടെ അച്ഛന്‍ തുടങ്ങിവെച്ച ആഫ്രിക്കന്‍ അമേരിക്കന്‍ ബുദ്ധിജീവികളുടെ കൂട്ടായ്മയും പെടും. കൂട്ടായ്മയുടെ പുതിയ നേതാവാണ്‌ മി- യെ 'സ്വയം വിറ്റുകളഞ്ഞവന്‍ ' -The Sellout- എന്ന് വിളിക്കുക. തൊട്ടടുത്ത് കാലിഫോര്‍ണിയയുടെ ഔദ്യോഗിക ഭൂപടത്തില്‍ നിന്ന് തിരോഭവിച്ചിട്ടില്ലാത്ത മറ്റൊരു പ്രാന്ത പ്രദേശത്ത്‌ അയാളുടെ മുന്‍കാമുകി മാര്‍പേസായുണ്ട്. അമ്പതുകളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പട്ടണത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ടോണി മോറിസന്റെ 'പാരഡൈസ് ' വായിച്ച് അയാള്‍ ചിന്തിക്കുന്നു, “വര്‍ണ്ണ വിവേചനം സൌത്ത് ആഫ്രിക്കയിലെ കറുത്തവരെ ഒന്നിപ്പിച്ചു, ഡിക്കന്‍സിന്റെ കാര്യത്തിലും എന്തുകൊണ്ട് അത് സംഭവിക്കില്ല?” ഒന്നിന് പിറകെ ഒന്നെന്നോണം ബീറ്റിയുടെ ചാട്ടുളിപ്രയോഗം നോവലില്‍ നിറയുന്നുണ്ടെങ്കിലും അമേരിക്കന്‍ സമൂഹത്തിലെ വംശീയതയും അടിമത്തത്തിന്റെ മഹാവേദനയുടെ ഓര്‍മ്മകളും ഒരു ഘട്ടത്തിലും നോവലിന്‍റെ ഫോക്കസില്‍ നിന്ന് മറയുന്നില്ല.

'ആഫ്രിക്കയില്‍ എന്നതിലേറെ ഇവിടെയായിരിക്കാന്‍ തന്നെയാണ് നിങ്ങളും ആഗ്രഹിക്കുക.' ഇടുങ്ങിയ ചിന്താഗതിക്കാരായ എല്ലാ നാറ്റിവിസ്റ്റുകളും (അമേരിക്കയില്‍ പിറന്ന ആഫ്രിക്കന്‍ വംശജര്‍ ) ഇറക്കുന്ന തുരുപ്പു ശീട്ട്. തീര്‍ച്ചയായും , ജോഹാനസ്ബര്‍ഗ് അത്ര മോശമല്ലെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും, കേപ് വെര്‍ദിയന്‍ കടലോരങ്ങളില്‍ അലയുന്നത് അവിശ്വസനീയമാം വിധം മനോഹരമാണെങ്കിലും നിങ്ങളെന്റെ തലക്കു മേല്‍ കപ്പ്‌ കേക്ക് വെച്ചാല്‍ എനിക്ക് ആഫ്രിക്കയില്‍ എന്നതിലേറെ ഇവിടെത്തന്നെയാവാനാണ് ഇഷ്ടം. എന്നിരിക്കിലും, ഇരുപത്തിനാല് മണിക്കൂറും കിട്ടുന്ന ചില്ലി ബര്‍ഗറും , ബ്ലുറെയും, ഏരോണ്‍ ഓഫീസ് കസേരകളും ഉള്‍പ്പടെ, അതുമാത്രവും അല്ലാതെ, എനിക്ക് നല്‍കുന്ന ആപേക്ഷിക സന്തോഷം തലമുറകള്‍ നീണ്ട പീഡാനുഭവങ്ങള്‍ക്ക് പകരമാവും എന്ന് കരുതാന്‍ മാത്രം സ്വാര്‍ത്ഥനല്ല ഞാന്‍. അടിമക്കപ്പലില്‍ എത്തിയ പൂര്‍വ്വികരില്‍ ആരെങ്കിലും ബലാല്‍ക്കാരത്തിനും ചാട്ടവാറടിക്കും ഇടയിലുള്ള ആ അലസ നിമിഷങ്ങളില്‍ മുട്ടറ്റമുള്ള സ്വന്തം മലത്തില്‍ നിന്നു കൊണ്ട് , ഒടുവില്‍ , തലമുറകള്‍ നീളുന്ന കൊലകളും ദുസ്സഹ വേദനയും പീഡനങ്ങളും മാനസിക വ്യഥയും കഠിന രോഗങ്ങളും എല്ലാം ഒരു നാള്‍ തന്റെ ഏഴാമത്തെയോ എട്ടാമത്തേയോ തലമുറയിലെ പേരക്കിടാവിന്, എത്ര സാവധാനത്തിലും മുറിഞ്ഞു മുറിഞ്ഞു പോകുന്നതും ആണെങ്കിലും വൈ- ഫൈ ലഭ്യമാവുന്നതിനു തക്കതാണല്ലോ എന്ന് യുക്തിചിന്ത നടത്തിയിരിക്കുമോയെന്ന് ഞാന്‍ ശരിക്കും സംശയിക്കുന്നു.”

നോവലിന്റെ അന്ത്യത്തില്‍ , കറുത്തവരുടെ സമൂഹത്തിനു നേരെ പരിഹാസച്ചിരി ചിരിക്കുന്ന വെളുത്ത വര്‍ഗ്ഗ ദമ്പതികളെ ഭീഷണിയോടെ ഇറക്കിവിടുന്ന കറുത്ത കൊമേഡിയന്‍ അവരോടു പൊട്ടിത്തെറിക്കുന്നു, “എന്നെക്കണ്ടാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് മുടിഞ്ഞ തമാശയടിക്കുന്നത് എന്ന് തോന്നുന്നുണ്ടോ? ഈ തീട്ടം നിങ്ങള്‍ക്ക് വേണ്ടിയല്ല. മനസ്സിലായോ? കടന്നുപോകൂ ഇവിടെ നിന്ന്! ഇത് ഞങ്ങളുടെ കാര്യമാണ്!”
അപമാനിതരും നിസ്സഹായരുമായി ഇറങ്ങിപ്പോവുന്ന ദമ്പതികള്‍ക്ക് വേണ്ടി ഇടപെടാതിരുന്നതിനെ കുറിച്ച് മി ഓര്‍ക്കുന്നു,:
കറുത്ത കൊമേഡിയന്‍ വെള്ളക്കാരായ ദമ്പതികളെ തങ്ങളുടെ വാലുകളും ധരിച്ചു വശായ ചരിത്രങ്ങളും കാലുകള്‍ക്കിടയില്‍ തിരുകി ഓടുന്ന വിധത്തില്‍ ഇരുട്ടിലേക്ക് ഇറക്കിവിട്ട ആ രാവിനെ കുറിച്ചോര്‍ക്കുമ്പോള്‍ , ഞാന്‍ ശരിതെറ്റുകളെ കുറിച്ചല്ല ഓര്‍ക്കുന്നത്. എന്റെ ചിന്തകള്‍ ആ സായഹ്നത്തിലേക്ക് മടങ്ങുമ്പോള്‍ ഞാനെന്റെ മൗനത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. മൌനം ഒരു പ്രതിഷേധമോ അല്ലെങ്കില്‍ ഒരു സമ്മതമോ ആവാം, എന്നാല്‍ മിക്കപ്പോഴും അത് ഭയമാണ്. എനിക്ക് തോന്നുന്നു, അതുകൊണ്ടാണ് ഞാന്‍ ഇത്ര ശാന്തനും ഇത്ര നല്ല പിറുപിറുക്കലുകാരനും ആകുന്നത്, നിഗ്ഗര്‍ ആണെങ്കിലും അല്ലെങ്കിലും. കാരണം ഞാനെപ്പോഴും ഭീരുവാണ്. ഞാനെന്തു പറഞ്ഞേക്കും എന്ന ഭയം. എന്തൊക്കെ വാഗ്ദാനങ്ങളും ഭീഷണികളുമാണ് ഞാന്‍ നല്‍കിയേക്കുക, എനിക്ക് പാലിക്കേണ്ടി വരിക. അതാണ്‌ ഇയാളുടെ കാര്യത്തില്‍ എനിക്കിഷ്ടമായത്, “കടന്നു പോകൂ, ഇത് ഞങ്ങളുടെ കാര്യമാണ്" എന്നയാള്‍ പറഞ്ഞത് എനിക്കിഷ്ടമായില്ലെങ്കിലും. അയാള്‍ക്ക് ഒന്നുമേ പ്രശ്നമായിരുന്നില്ല എന്നതിനെ ഞാന്‍ മാനിക്കുന്നു. എനിക്കത്ര ഭയമില്ലായിരുന്നെങ്കില്‍ , എണീറ്റ്‌ നിന്ന് പ്രതിഷേധിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. അയാള്‍ ചെയ്തതെന്തോ അതിനു അയാളെ ഭത്സിക്കാനല്ല, അല്ലെങ്കില്‍ വിഷമിച്ചു പോയ വെള്ളക്കാര്‍ക്കു വേണ്ടി ഇടപെടാനും അല്ല. ഒന്നോര്‍ത്താല്‍ , അവര്‍ക്ക് സ്വയം പ്രതിരോധിക്കാമായിരുന്നു, അധികൃതരെയോ തങ്ങളുടെ ദൈവത്തെയോ വിളിക്കാമായിരുന്നു, സ്ഥലത്തുള്ള എല്ലാവരെയും പ്രഹരിക്കാമായിരുന്നു, പക്ഷെ എനിക്ക് എണീറ്റു നിന്ന് അയാളോടൊരു ചോദ്യം ചോദിക്കാനായിരുന്നെങ്കില്‍ : “അപ്പോള്‍ എന്താണ് ഈ നമ്മുടെ കാര്യം?”



ബരാക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രസിഡന്റ് ആവുന്നത് വംശീയതയുടെ മുറിവുകളെ ഉണക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കില്‍ , അത് വിപരീതാര്‍ഥത്തില്‍ അവയെ ഉദ്ധീപിപ്പിക്കുന്നതാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ അമേരിക്കയില്‍ കണ്ടത്. സാഹിത്യം ഈ ഉത്കണ്ഠകളെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഭരനാഘടനാദത്തം എന്നൊക്കെപ്പറയുന്ന ഒരു വിശുദ്ധപശുവും ഒരു കടലാസിലും പുല്ലു തിന്നുന്നില്ല എന്ന പോള്‍ ബീറ്റിയുടെ നിലപാട്. ജോസഫ് ഹെല്ലറുടെ കാച്ച്- 22 രണ്ടാം ലോക യുദ്ധരംഗത്തെ അസംബന്ധങ്ങളെ ഏതുവിധം തുറന്നു കാണിച്ചുവോ അതുപോലെ വര്‍ത്തമാനകാല അമേരിക്കന്‍ സമൂഹത്തിലെ വംശീയതയുടെ അടിയൊഴുക്കുകളെ ഏറ്റവും ശക്തമായി ആവിഷ്കരിക്കുന്ന കൃതി എന്നുതന്നെ ദി സെല്‍ഔട്ട്‌ വിലയിരുത്തപ്പെടുന്നു. ഒരു സര്‍ജ്ജന്‍ അനസ്തേഷ്യ ഉപയോഗിക്കുന്നത് പോലെ, ഒരു മാന്ത്രികന്റെ കൈത്തഴക്കം പോലെ, പോക്കറ്റടിക്കാരന്റെ വൈദഗ്ദ്യത്തോടെ ബീറ്റി സറ്റയര്‍ ഉപയോഗിക്കുന്നു എന്ന് സാറാ സില്‍വര്‍മാന്‍ നിരീക്ഷിക്കുന്നു. അതേസമയം, 'വംശീയതാനന്തര അമേരിക്ക'യെന്ന വെള്ളപൂശലിന്റെ അസംബന്ധത്തിനെതിരിലുള്ള മുനകൂര്‍ത്ത സറ്റയറും ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിന്റെ പ്രാദേശിക – ദേശീയ സ്വത്വാനുഭവങ്ങളിലേക്കുള്ള എണ്ണമറ്റ സൂചനകളും ഒരേസമയം നോവലിനെ ഏറെ സാന്ദ്രമാക്കുകയും വായനയെ ഒട്ടൊക്കെ ക്ലിഷ്ടമാക്കുകയും ചെയ്യുന്നു. മുഴുവന്‍ വായനക്ക് ശേഷവും പിടിതരാതെ പോയ ഒട്ടനവധി സൂചകങ്ങള്‍ സാമാന്യ വായനക്കാരനില്‍ അപൂര്‍ണ്ണ വായനയുടെ അസംപ്തൃപ്തി നിറക്കുമ്പോഴും അതെ സൂചകാധിക്യത്തില്‍ (topical allusions) മങ്ങിയും മുങ്ങിയും പോകുന്ന ഇതിവൃത്തത്തിന്റെ താരതമ്യേനയുള്ള പ്രാധാന്യമില്ലായ്മ രണ്ടാമതൊരു വായനയുടെ പരിഗണനയിലേക്ക് നോവലിനെ അത്രകണ്ട് കൊണ്ടുവരുന്നുമില്ല.
(മാധ്യമം വാരിക, നവംബര്‍ 28, 2016)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 251-256)

read more:

American War by Omar El Akkad

https://alittlesomethings.blogspot.com/2018/01/blog-post.html

The Mountains Sing by Nguyễn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Behold the Dreamers by Imbolo Mbue

https://alittlesomethings.blogspot.com/2017/04/blog-post_21.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html