Featured Post

Saturday, April 19, 2014

മിറാല്‍ (2010)


മിറാല്‍ (2010)
രചന : റൂലാ ജബ്രിയേല്‍..
സംവിധാനം: ജൂലിയന്‍ ശനാബേല്‍
(ഇംഗ്ലീഷ്, അറബിക്, ഹിബ്രു)


1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേ, അമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായി.. പുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കി. പിന്നെ കൂടുതല്‍ അറിഞ്ഞു ; ഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്. ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനം) എന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു.


അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍. പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യവിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'. എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്. ഈ കൃതിയെ ആസ്പദമാക്കി നോവലിസ്റ്റ് തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ശെനാബേല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍) അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്. സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തെക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നു. ജൂത, ക്രിസ്തീയ, അറബ് വംശജരോക്കെയും വിരുന്നിനുണ്ട്. മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്. എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢി(വില്ല്യം ഡാഫോ) യുമായി അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട് . ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്' എന്നും അയാളോട് പറയുന്നുണ്ടവര്‍. താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടി വരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യു. എന്‍. സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചു പോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുണ്ട്. ഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നു. തുടര്‍ന്ന്, ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥമാവുന്നു.

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരു നീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നു. ചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപം, ബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴു വര്‍ഷം തടവ്‌ ശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്. ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിന യുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു. ഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്. തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.
സ്നേഹധനനായ പിതാവിന് വേണ്ടി അവയവ ദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്. അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നും, മദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍ നിന്ന് പുറത്തുവന്നതിനു ശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നു. എന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്: അത് പ്രധാനമായിരുന്നില്ല. നീയെന്റെ മകളാണ്. ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതെ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയേ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി. എല്‍. . നേതൃ നിരക്കാരനായിരുന്ന ഹാനി, ഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികലാല്‍ കൊല്ലപ്പെടുകയാണ്. പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്; അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയും, ഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും.

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്. അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍' ഏറെക്കുറെ ശൂന്യമായിരിക്കുന്നു. ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്. ഹിന്ദ്‌, മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്. മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്, വൈകാതെ ഹിന്ദിന്റെ മരണവും സംഭവിക്കുന്നുണ്ട്.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. സഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നു. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുല്‍പ്പാടെ അഭിനേതാക്കളുടെ മികച്ച പ്രകടനം ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ചായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌. എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ അഭിനയ ചാതുരി തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.





Wednesday, April 16, 2014

ഉറവകളെ കുറിച്ച് പാടുക


വറ്റിപ്പോയ ഉറവകളെ കുറിച്ച് പാടുക:
പാട്ടിന്റെ ഉറവകളില്‍
പൊയ്പ്പോയ കാലത്തിന്റെ
അസ്ഥിഖണ്ഡങ്ങള്‍ക്ക് ജീവന്‍ പകരുക.
മുത്തശ്ശിയുടെ കുഴിമാടത്തില്‍
മാവേലിക്കാലത്തിന്റെ കൊയ്ത്തുപാട്ടിനു
കാതോര്‍ത്ത് നില്‍ക്കുക.
കടം കൊണ്ട അവില്‍പ്പൊതിക്കാരന്‍
ദേശാടനത്തിന്റെ മുത്തച്ഛനോട്
നിധിവേട്ടയുടെ കഥ കേട്ടുറങ്ങുക.
പൊട്ടിയ കണ്ണാടിയില്‍
മാഷിക്കറുപ്പിന്റെ ലാസ്യം പൂണ്ടവള്‍ക്ക്
മേഘം മറച്ച നിലാവിന് കീഴെ
പ്രണയത്തിന്റെ പനി പകര്‍ന്നവള്‍ക്ക്
പാടിമറന്ന ഈണങ്ങള്‍ കൊണ്ട്
സ്മാരകം തീര്‍ക്കുക.
കുഞ്ഞിക്കാലുകള്‍ കവച്ച്
നെഞ്ചിലും മുഖത്തും മൂവടിയളന്നവന്
ഉയിരിന്റെ ഭൂപടം പതിച്ചു നല്‍കുക.

ഇടവും കാലവും കടന്നങ്ങ്
ഭൂമിയും സ്വര്‍ഗ്ഗവും കടന്നങ്ങ്
ഇരുളും വെളിച്ചവും കടന്നങ്ങ്

അഹം കടന്നങ്ങടങ്ങുക.

Wednesday, April 9, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:2



നീയൊരു മോശം കച്ചവടക്കാരനാണ്, നീയൊരു നല്ല സന്യാസിയാവും!”

1950- കളില്‍ ചൈനീസ് ചെമ്പട ടിബറ്റ്‌ ആക്രമിക്കുകയും ജന സംഖ്യയുടെ അഞ്ചിലൊന്നോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. പതിനായിരത്തോളം ബുദ്ധ സന്യാസി മഠങ്ങള്‍ നശിപ്പിക്കുകയും ബുദ്ധ മത വിശ്വാസം കുറ്റകരമാക്കുകയും ചെയ്തു. ദലയ് ലാമയുടെ ചിത്രം സൂക്ഷിക്കുന്നത് പോലും നിരോധിക്കപ്പെട്ടു. അത് കൊണ്ട്, പല കുടുംബങ്ങളും ഇന്ത്യയിലും ഭൂട്ടാനിലുമുള്ള പ്രവാസ സന്യാസി മഠങ്ങളിലേക്ക് ബുദ്ധ മത പരിശീലനങ്ങല്‍ക്കായി തങ്ങളുടെ കുട്ടികളെ ഒളിപ്പിച്ചു കടത്തി. 'ദി കപ്പ്' എന്ന ചിത്രം അത്തരം ഒരു മഠത്തിന്റെയും 1994 -ലെ ലോക കപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെയും പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.

ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വികസിക്കുന്ന കഥ പാല്‍ദെന്‍, നില്‍മ എന്നീ രണ്ടു ടിബറ്റന്‍ ബാലന്മാര്‍ , ഹിമാലയ സാനുക്കളിലെങ്ങോ പ്രകൃതി രമണീയമായ ഒരിടത്തുള്ള ഒരു ബുദ്ധമഠത്തിലെത്തുന്നതോടെയാണ് ആരംഭിക്കുന്നത്. ലോക കപ്പ് ഫൈനല്‍ ജ്വരം മഠത്തിലെ അന്തേവാസികളെയും ബാധിച്ചിരിക്കുന്നു. ചുറുചുറുക്കും അത്യാവശ്യം കുസൃതിത്തരങ്ങളും കയ്യിലുള്ള ഒജീന്‍ എന്ന പതിനാലുകാരനാണ് ഫുട്ബാള്‍ ജ്വര പ്രചോദിതമായ പല സാഹസങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌. മഠത്തിലെ കര്‍ക്കശക്കാരനായ വാര്‍ഡന്‍ ഗെക്കോയ്ക്ക് ഇത് പലപ്പോഴും തലവേദനയാവുന്നുണ്ട്. അര്‍ദ്ധരാത്രി ടി.വി.യില്‍ സെമി ഫൈനല്‍ കാണാന്‍ ഒജീന്റെയും എന്തിനും അവനു കൂട്ടുള്ള ലോഡോയുടെയും നേതൃത്വത്തില്‍ അടുത്തുള്ള ഒരു കടയില്‍ അവര്‍ എത്തുന്നുവെങ്കിലും അവരുടെ അമിതാവേശം കാരണം കടക്കാരന്‍ അവരെ പുറത്താക്കുന്നു. തിരിച്ചെത്തുമ്പോള്‍ കയ്യോടെ പിടിക്കപ്പെടുന്നതോടെ മഠത്തില്‍ നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യത തെളിയുന്നുണ്ട്. എങ്കിലും പുറമേക്ക് കര്‍ക്കശക്കാരനായ ഗെക്കോ, യഥാര്‍ഥത്തില്‍ കുട്ടികളുടെ കുസൃതിത്തരങ്ങളെ ആ സ്പിരിറ്റില്‍ എടുക്കാന്‍ കഴിയുന്ന ആള്‍ തന്നെയാണെന്നും വൃദ്ധനായ മടാധിപതിയും വിട്ടുവീഴ്ചാ മനസ്ഥിതിക്കാരനാണ് എന്നും നമ്മള്‍ മനസ്സിലാക്കുന്നു.

എങ്ങനെയും ഫൈനല്‍ കാണാനുള്ള ആവേശം ഒരു വിചിത്രമായ അഭ്യര്‍ഥനയുമായി ഗെക്കൊയെ സമീപിക്കാന്‍ ഒജീനെ പ്രാപ്തനാക്കുന്നു. അവര്‍ ഒരു ടി. വി. സെറ്റ് വാടകക്കെടുക്കും. പണം? അതവര്‍ എല്ലാവരില്‍ നിന്നുമായി പിരിച്ചെടുക്കും. സന്യാസിമാരുടെ കയ്യില്‍ അത്രയൊന്നും പണമുണ്ടാവാനിടയില്ല എന്ന ലളിത സത്യമൊന്നും ഒജീനു മനസ്സിലാവില്ല ഇപ്പോള്‍. അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഗെക്കോയും മടാധിപതി തന്നെയും അനുവാദം കൊടുക്കുകയും ചെയ്യുന്നതോടെ കൂട്ടുകാര്‍ കൈ മെയ് മറന്നു അതിനായി ഇറങ്ങിത്തിരിക്കുന്നു. എന്നാല്‍, മുമ്പ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക ഫൈനല്‍ ആവേശത്തിന്റെ പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കാരനായ ടി. വി. ഉടമ ആവശ്യപ്പെടുന്നതോടെ അവര്‍ വീണ്ടും കുഴങ്ങിപ്പോവുന്നു. ഒടുവില്‍ ഒരറ്റകൈ പ്രയോഗമായി ഒജീന്‍, നില്‍മയുടെ കയ്യിലുള്ള അവന്റെ ഏറ്റവും വലിയ സമ്പാദ്യം , ഒളിച്ചു പോരുമ്പോള്‍ അവന്റെ അമ്മ നല്‍കിയ ഒരു വാച്ച് , പണയം വെക്കാന്‍ വാങ്ങുന്നു. ഒരു വിധം എല്ലാം ശരിയാക്കി കളി കാണാന്‍ പാകത്തില്‍ തയ്യാറാവുമ്പോഴേക്കും കാര്യങ്ങള്‍ ഒജീന്റെ കൈ വിട്ടു പോവുന്നു. കൊച്ചു പയ്യനായ നില്‍മക്ക് പണയ വസ്തു തിരിച്ചു കിട്ടും വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. പിറ്റേ ദിവസം എങ്ങനെ അതിനു വേണ്ട പണം കണ്ടെത്തും എന്ന് ഒജീനു ഒരു പിടിയും ഇല്ല താനും. കണ്ണില്‍ ചോരയില്ലാത്ത ടി. വി. ഉടമ ഒരു നിമിഷം പോലും കൂടുതല്‍ സമയം നല്‍കില്ലെന്നും അവനറിയാം. എല്ലാം കൂടി അവനു ഒരു നിമിഷം പോലും കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കളി കാണുന്ന ഹാളില്‍ അവന്റെ അഭാവം ശ്രദ്ധിക്കുന്ന ഗെക്കോ അവനെ തിരഞ്ഞു പോവുന്നു. അപ്പോള്‍ അവന്‍ പണയ വസ്തു തിരിച്ചെടുക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ്. ഒടുവില്‍ ചില പോംവഴികള്‍ അവന്‍ കണ്ടെത്തുന്നു.

എന്നെങ്കിലും ഒരു വലിയ കളിക്കാരനാവുന്നതും ലോകകപ്പില്‍ തന്റെ നാടിനെ നയിക്കുന്നതും സ്വപ്നം കാണുന്ന ഒജീന്റെ കയ്യില്‍ ചില അമൂല്യ വസ്തുക്കളുണ്ട്. കുടുംബ സ്വത്തായ വിലയേറിയ ഒരു കത്തി, പിന്നെ പുതു പുത്തന്‍ സ്പോട്സ് ഷൂ, അത് പോലെ ചിലത്. പണയ വസ്തു തിരിച്ചെടുക്കാന്‍ അമ്പത് രൂപ കണ്ടെത്താന്‍ അവയൊക്കെ വില്‍ക്കാം എന്നാണ് അവന്റെ തീരുമാനം. “നീയൊരു മോശം കച്ചവടക്കാരനാണ്, നീയൊരു നല്ല സന്യാസിയാവും!” എന്ന് ഗെക്കോ അവനെ ആശീര്‍വദിക്കുന്നു. അവന്റെ ബാധ്യത അദ്ദേഹം ഏറ്റെടുക്കുകയും ചെയ്യുന്നു.

പാരമ്പര്യവും പുതിയ സാഹചര്യവും തമ്മിലുള്ള ബലാബലം, പ്രവാസത്തിന്റെ സന്ദിഗ്ദതകള്‍, ടിബറ്റന്‍ നൊമ്പരങ്ങള്‍ , ബുദ്ധിസ്റ്റ് ജീവിത പാഠങ്ങള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെയും അതീവ സൂക്ഷ്മമായിത്തന്നെ ചിത്രത്തില്‍ ഇഴ ചേര്‍ന്നിട്ടുണ്ട്. സന്യാസ മഠങ്ങളിലെ ജീവിതത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ സൗമ്യമായി പൊളിച്ചെഴുതുന്നുണ്ട് ടിബറ്റന്‍ പാരമ്പര്യത്തിലെ ഒരു ലാമ തന്നെയായ സംവിധായകന്‍. പരസ്പരം 'പാര'വെക്കലും വേദ പഠനത്തിന്റെ ഗൗരവത്തിനിടയില്‍ കുസൃതികള്‍ ഒപ്പിക്കലും വാര്‍ഡന്റെ കണ്ണു വെട്ടിച്ചു രാത്രി കറങ്ങലും സന്യാസത്തിന്റെ ഭാഗമായി മൊട്ടയടിക്കുമ്പോള്‍ 'ഹൃദയ ഭേദകമാം വിധം സുന്ദരികളായ' പെണ്‍കുട്ടികള്‍ എന്ത് കരുതും എന്ന് വേവലാതിപ്പെടലുമൊക്കെ ഇവിടെയുമുണ്ട്. എന്നാല്‍, ഒരു ഘട്ടത്തിലും അത് നിര്‍ദ്ദോഷമായ നേരമ്പോക്കുകളുടെ പരിധി വിടുന്നില്ല. ഒജീന്‍ തനിക്കും ലോഡോയ്ക്കും ശിക്ഷയായിക്കിട്ടിയ അടുക്കളപ്പണി, ലോഡോ തനിച്ച് ഏതാണ്ട് ചെയ്തു കഴിയുവോളം കറങ്ങിത്തിരിയുന്നതും, പിരിവു കൊടുക്കാന്‍ വിസമ്മതിക്കുന്ന കിഴവന്‍ പ്രവചനക്കാരനെ പൂട്ടിയിടുന്നതുമൊക്കെ സന്യാസത്തിന്റെ 'ഗൗരവ'ച്ചേരുവയുടെ പുറത്താണ്. വൈകാതെ തന്റെ നാട് സ്വതന്ത്രമാവുമെന്നു പ്രതീക്ഷിച്ചു എപ്പോഴും പോവാന്‍ തയ്യാറായിരിക്കുന്ന വൃദ്ധനായ സന്യാസി വര്യന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയും, നാട്ടില്‍ നിന്ന് പോന്നതിന്റെ ഗൃഹാഹുരത്വം കാരണം കണ്ണു നിറയുന്ന കൊച്ചു നില്‍മയും പ്രവാസ ജീവിതാനുഭവത്തിന്റെ രണ്ടറ്റങ്ങളാണ്. ചിത്രാരംഭത്തില്‍ മഠം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന ഒരു ഉത്കണ്ഠയുടെ അന്ത്രീക്ഷമുണ്ട്: എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടു ബാലന്മാര്‍ അതിര്‍ത്തി കടന്നു സുരക്ഷിതരായി എത്തുന്നത് വരെ അത് തുടരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ ടിബറ്റന്‍ അനുഭവത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യം തന്നെയാണ്. ചിത്രത്തിലുടനീളം പ്രവാസത്തിന്റെ രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും കടന്നു വരുന്നുണ്ട്. ഇറ്റലിയുമായി കളിക്കുമ്പോള്‍ ഫ്രാന്‍സ് ജയിച്ചു കാണാന്‍ ഒജീന്‍ ആഗ്രഹിക്കുന്നതിന് യഥാര്‍ത്ഥ കാരണം ഫ്രാന്‍സ് ടിബറ്റിനെ പിന്തുണയ്ക്കുന്നു എന്നതാണ്. അമേരിക്കയെ പിന്തുണക്കെണ്ടതില്ലെന്നു കരുതുന്നതിനു പിറകില്‍ അവരുടെ ഇക്കാര്യത്തിലുള്ള നിലപാടില്ലായ്മയും. 'ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിട്ടും ഇന്ത്യ നമുക്കും ഇടം തരുന്നു' എന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുന്നുണ്ട് ആചാര്യന്‍. എന്നാല്‍ , ആന്റിന സ്ഥാപിക്കാന്‍ വേറെ പണം ആവശ്യപ്പെട്ടത് കാരണം



ഒഴിവാക്കിയ ടി. വി. ഉടമ തെറ്റായ ദിശ പറഞ്ഞു കൊടുത്തതിനെ കുറിച്ച് "ഒരിക്കലും ഒരു ഇന്ത്യക്കാരനോട് ദിശ ചോദിക്കരുത്,” എന്ന് ഒജീന്‍ പറയുന്നുമുണ്ട്.

എന്താണ് ഈ ലോക കപ്പ് മത്സരം എന്ന ചോദ്യത്തിന് അത് രണ്ടു പര്ഷ്കൃത രാഷ്ട്രങ്ങള്‍ ഒരു പന്തിനു വേണ്ടി നടത്തുന്ന പോരാട്ടമാണെന്ന് പറയുന്ന ഗെക്കൊയോടു മടാധിപതി ചോദിക്കുന്നുണ്ട്; 'എപ്പോഴാണ് ഈ യുദ്ധമെന്ന്. അര്‍ദ്ധരാത്രി എന്ന് മറുപടി പറയുമ്പോള്‍, അദ്ദേഹം പ്രതികരിക്കുന്നത് ഇങ്ങനെയാണ്. “ഒരു യുദ്ധം തുടങ്ങാന്‍ എന്തൊരു വിചിത്ര സമയം!” എന്താണ് അതിനവര്‍ക്ക് കിട്ടുക എന്ന ചോദ്യത്തിന് 'ഒരു കപ്പ്‌' എന്നുള്ള മറുപടി, തന്റെ കയ്യിലുള്ള കപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന മടാധിപതിയുടെ ചെറു ചിരിയിലേക്ക് വ്യാപിക്കുന്നു. ചിത്രാന്ത്യത്തില്‍ കച്ചവടക്കണ്ണും സന്യാസ ജീവിതവും രണ്ടു വിപരീത മുഖങ്ങളാണ് എന്ന സത്യത്തിനു കൂടി അടിവരയിടുന്ന ഈ ചിത്രം, ഏറ്റവും ലാഭകരമായ കച്ചവടം ആത്മീയതയാണെന്ന പുത്തന്‍ പാഠത്തിന്റെ കാലത്ത് കൂടുതല്‍ തിളക്കമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.

തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തില്‍- ഭൂട്ടാനില്‍ നിന്നുള്ള ആദ്യ മുഴുനീള ഫീച്ചര്‍ ചിത്രവും ഇത് തന്നെ- ഒരു ബുദ്ധിസ്റ്റ് ലാമ കൂടിയായ ക്വിന്‍സ്ടെ നോര്‍ബു , അഭിനയത്തില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത യഥാര്‍ത്ഥ ജീവിതത്തിലും ബുദ്ധിസ്റ്റ് സന്യാസിമാര്‍ തന്നെയായ അഭിനേതാക്കളെയാണ് ഉപയോഗിച്ചത്. ഹിമാലയ സാനുക്കളില്‍ ഒരു ടിബറ്റന്‍ അഭയാര്‍ഥിക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന 'ചോക്ലിംഗ് ' മഠം ലൊക്കേഷന്‍ ആയി തെരഞ്ഞെടുത്തത് ആധികാരികത ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. ഇംഗ്ലീഷില്‍ എഴുതിയ സ്ക്രിപ്റ്റും സംഭാഷണങ്ങളും ആ ഭാഷ ഒട്ടുമറിയാത്ത അഭിനേതാക്കള്‍ പഠിച്ചും ഓര്‍മ്മിച്ചും ചെയ്യുകയായിരുന്നുവെങ്കിലും മിക്ക സീനുകളും മൂന്നില്‍ ചുവടെ ടേക്കുകളില്‍ ഒകെ ആയിരുന്നുവെന്നത്‌ അഭിനേതാക്കളുടെ അര്‍പ്പണത്തിന്റെ തെളിവാണ്. ചിത്രപശ്ചാത്തലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള സംഗീതവും, വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും ഏറെ ആകര്‍ഷണീയമായി അനുഭവപ്പെടുകയും ചെയ്യും.

Tuesday, April 8, 2014

പതിരെഴുത്ത്


ഉണ്ണീന്‍ ഹാജിയുടെ മെതിക്കളത്തില്‍
ആള്‍ പൊക്കമുള്ള ഉലക്കയായിരുന്നു
ഉമ്മയുടെ ചിഹ്നം.
നീറിപ്പുകയുന്ന പച്ച വിറകുകള്‍
ഇത്താത്തമാരുടെയും.
ഇളയതുങ്ങള്‍ വിശപ്പുകൊണ്ടാണ്
അടയാളപ്പെട്ടത്‌.
വറുതിയും വസൂരിയും വന്നുപോയ
നാട്ടുപാതകളില്‍
മെലിഞ്ഞ മടിശ്ശീലയായി
ഇടക്കെപ്പോഴോ ഒരു ഉഷ്ണക്കാറ്റ്‌-
വിണ്ട പാദങ്ങളായി ബാപ്പ.

മെതിക്കളങ്ങള്‍ നാട് നീങ്ങിയപ്പോള്‍
ക്ഷതം പറ്റിയ സന്ധികളില്‍
ഉമ്മ നേരത്തെ യാത്രയായി.
ദേശാടനത്തിന്റെ ഭിക്ഷാടനത്തിന്
അവധി കൊടുത്ത്
ബാപ്പ മുന്നേ പോയി.
കൊച്ചു മക്കള്‍ക്കോ
വിശപ്പൊരു കഥാവസ്തുവായി.

ഇടയിലൊരുവനുണ്ടായിരുന്നു-
അള്‍സറിന്റെ ഇടനാഴിയില്‍
ഒറ്റപ്പെട്ടുപോയവന്‍.
കിനാക്കാലമായിരുന്നു അവനന്നും.
ചിറകില്ലാതെയും പറക്കാമെന്ന്
തന്നോട് തന്നെ ഭള്ളു പറഞ്ഞവന്‍.
എന്നിട്ട് ദാ, ഇവിടെ
ഈ പതിരെഴുത്തു മെതിക്കളത്തില്‍
പണ്ടാരമടങ്ങിയവന്‍.

Monday, April 7, 2014

ജ്ഞാനയോഗം

വലിയ ഗ്രന്ഥങ്ങളാണ് വായിച്ചു തീര്‍ത്തത് .
എന്നാല്‍
ജ്ഞാനികളുടെ മലയോരങ്ങളില്‍
ഗ്രന്ഥപ്പുരകളല്ലായിരുന്നു.
അവിടമാകെയും
ഗുരുപ്രസാദങ്ങളുടെ നിറവ്.
കാടിന്റെ ഹരിതം കൊണ്ട്
പച്ച കുത്തിയവര്‍ .
ദേശാടനക്കിളികളോട്
ലോക വിശേഷം കതോര്‍ത്തവര്‍
തൂക്കണാം കുരുവിയോട്
വീടു വെക്കാന്‍ പഠിച്ചവര്‍.
നീരൊഴുക്കില്‍ നിന്ന് താളം
പൂമൊട്ടിനോട് ധ്യാനം
പുളിയുറുമ്പിനോട് കര്‍മ്മവേഗം.
തേനീച്ചകളോട് കൂട്ടം ചേരല്‍
മിന്നമിന്നിയോടു പ്രണയം .

സമതലങ്ങളില്‍
പാറയില്‍ വീണ വിത്തില്‍
അനപത്യ ദുഃഖം കണ്ടവര്‍ക്ക്
മുളച്ച നാമ്പില്‍ നിത്യതയുടെ പാഠം.
ആഴങ്ങള്‍ തേടുന്നവര്‍ക്ക്
അടിയൊഴുക്ക് മറന്നും ശാന്തരാവാന്‍
കടലിന്റെ മന്ത്രം.
വലിയ സ്വപ്നാടകര്‍ക്ക്
ഉയര്‍ന്നു പൊങ്ങുമ്പോഴും തണുത്തു പെയ്യാന്‍
മുകിലിന്റെ ദര്‍ശനം.
ഒടുവില്‍
കൊടുമുടികള്‍ താണ്ടിയോന്
ഇടിമിന്നലിന്റെ വചന സാക്ഷ്യം.

Wednesday, April 2, 2014

വിട്ടു പോവാത്ത ചിഹ്നങ്ങള്‍

വിട്ടു പോവാത്ത ചിഹ്നങ്ങള്‍

മലപ്പുറം ഗവണ്‍മെന്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. 'വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നു വരുന്ന എന്റെ ലോറിയുടെ കിളി' ലൈന്‍ അല്ലെങ്കിലും (അത് പിന്നെയും നാലഞ്ചു കൊല്ലം കഴിഞ്ഞാണ് സംഭവിക്കുന്നത്‌) നമ്മള്‍ അന്ന് ഏതാണ്ട് അങ്ങനെ ആയിരുന്നു. രണ്ടു - മൂന്നു ആഴ്ച വളാഞ്ചേരി- മണ്ണാര്‍ക്കാട് റൂട്ടില്‍ സ്വകാര്യ ബസ്സില്‍ അത്യുന്നതമായ 'ചെക്കര്‍' പോസ്റ്റ്. ഇടയ്ക്കു ഒരു ഡാവിന് ഒരാഴ്ച്ച കോളേജ് പഠിത്തം. അഞ്ചു പീരിയഡ് ഉള്ള ദിവസത്തില്‍ മൂന്നും പിന്നെ രണ്ടും പീരിയഡ് കട്ട് ചെയ്തു നൂണ്‍ ഷോക്ക് അങ്ങ് കോഴിക്കോട് ക്രൌണിലേക്കും തിരൂര്‍ ഖയ്യാമിലെക്കും മക്കെന്നാസ് ഗോള്‍ഡും ഒമര്‍ മുഖ്താറും ഇടയ്ക്കു ഷോണ്‍ കോണറി / റോജര്‍ മൂര്‍ ജെയിംസ് ബോണ്ടും കാണാന്‍ ടി. ആവശ്യത്തിനായി പ്രത്യേകം സ്വരുക്കൂട്ടിയെടുത്ത കണസഷന്‍ പാസ്സുമായി പോവുകയും ഇടക്കെപ്പോഴെങ്കിലും ഏറെ ഇഷ്ടമുള്ള ഒരു ക്ലാസില്‍ - ഇംഗ്ലീഷ് ആയിരുന്നു അത് എന്നത് ഒരു 'സാമ്രാജ്യത്വ വിധേയത്ത'മായും കാണാം - ഒന്ന് എത്തിനോട്ടം നടത്തുകയും ചെയ്തിരുന്ന കാലം. കൊല്ലാവസാനം സി - സോണില്‍ ഉറപ്പായും ഒരു നാടകം, അതും ആംഗലേയത്തില്‍. അതൊക്കെയൊരു കാലം .

എല്ലായിടത്തുമെന്ന പോലെ സ്നേഹത്തോടൊപ്പം വേദന എന്ന ബുദ്ധാനുഭവത്തിനു അന്നുമുണ്ടൊരു കനത്ത സാക്ഷ്യം. അതിതാണ്: ഭാഷയോടുള്ള അടുപ്പം തിരിച്ചറിഞ്ഞതു കൊണ്ടാവാം ഏറെ സ്നേഹവും പരിഗണനയും തന്നിരുന്ന ഒരു ഇംഗ്ലീഷ് അധ്യാപകനുണ്ടായിരുന്നു. ശിഷ്യന്‍ എന്നതിനപ്പുറം ഒരു രക്ഷിതാവിനെ പോലെ ഉപദേശിക്കയും 'നീ ലിറ്ററേച്ചറിനു പോകണം' എന്ന് അന്നേ കൊതിപ്പിക്കുകയും ചെയ്ത ഹൃദയാലു. ഫാറൂഖ് കോളേജില്‍ നല്ല കാമ്പസും ഒന്നാം തരം ലൈബ്രറിയുമുണ്ട്, പക്ഷെ അവിടെ അമേരിക്കന്‍ ലിറ്ററെച്ചര്‍ ഇല്ല; അതും കൂടി ചേരുമ്പോഴേ ഇംഗ്ലീഷ് സാഹിത്യ പഠനം സമഗ്രമാവൂ എന്ന് ഓര്‍മ്മപ്പെടുത്തിയ ആള്‍. ഒരു മാതിരി ഇംഗ്ലീഷ് ഭാഷാ സാഹിത്യ വിദ്യാര്‍ത്ഥികളൊക്കെയും അത്ഭുതാദരങ്ങളോടെ സ്മരിക്കുന്ന സാക്ഷാല്‍ ഷെപ്പേര്‍ഡ് സാറിന്റെ ശിഷ്യന്‍. പില്‍ക്കാലത്ത് ആ മഹാനായ അധ്യാപകന്റെ ക്ലാസ്സിലിരുന്നു തയ്യാറാക്കിയ 'വേസ്റ്റ് ലാന്റ്' നോട്ട്സ് എനിക്ക് സമ്മാനിക്കുകയും ഒരിക്കലും നേരിലനുഭവിച്ചിട്ടില്ലാത്ത ആ ഗുരുപ്രസാദം ഹൃദയം നിറയെ പകുത്തെടുക്കാന്‍ അവസരം തരികയും ചെയ്ത എന്റെ വഴിവിളക്ക്. അന്ന് കോളേജിലെ ഏറ്റവും സുമുഖനായ അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു സാറ്. ഡിഗ്രി വിദ്യാര്‍ത്ഥികളായ ഞങ്ങളെക്കാള്‍ ആറോ ഏഴോ വയസ്സിനു മാത്രം മൂത്തയാള്‍. ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. മുന്‍പ് എസ്. എസ്. എല്‍. സി വരെ പഠിച്ച ഒരു മത - മതേതര പഠന ശാലയിലെ എന്റെ സഹപാഠിയെ ആയിരുന്നു സാറ് വിവാഹം കഴിച്ചിരുന്നത്. കുരുത്തം കെട്ടവനെങ്കിലും അങ്ങനങ്ങ് എഴുതി തള്ളേണ്ട എന്ന് ആ പഴയ സതീര്‍ത്ഥ്യ പറഞ്ഞിരുന്നുവെന്നു പിന്നെയാണ്, ഒരിക്കല്‍ ഒരുമിച്ചിരുന്നു സാറിന്റെ വീട്ടില്‍ നിന്ന് അവള്‍ തന്നെ വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സാറ് തന്നെ പറഞ്ഞത്. സാറിന്റെ രണ്ടു കുഞ്ഞുമക്കളെയും വല്ലാതെ ഇഷ്ടമായിരുന്നു അന്നേ.

ഒരിക്കല്‍ വേനലവധിയും രണ്ടു മൂന്നാഴ്ചത്തെ ബസ്സിലെ ജോലിയും കഴിഞ്ഞു പോക്കറ്റിലിത്തിരി 'ചിക്കിലി'യുമായി കൂട്ടുകാര്‍ക്കിടയില്‍ ഒന്ന് ഷൈനിക്കാന്‍ പാകത്തില്‍ കോളേജ് കുമാരനായി പുനരവതരിച്ചതായിരുന്നു നമ്മള്‍. ആദ്യ ദിവസത്തിന്റെ ആലസ്യത്തില്‍ പ്രിയപ്പെട്ട സാറിന്റെ ക്ലാസ്സിലും കേറിയില്ലായിരുന്നു. എങ്കിലും പുറത്തു വെച്ച് സാറിനെ കണ്ടപ്പോള്‍ ഒന്ന് സൗഹൃദം പുതുക്കാതെ വയ്യാത്തത് കൊണ്ട് അടുത്തു ചെന്നു. ഓരോന്നൊക്കെ ചോദിച്ചു. സല്‍മ സുഖമായിരിക്കുന്നോ, കുട്ടികള്‍ക്ക് വിശേഷമൊന്നുമില്ലല്ലോ.... അങ്ങനെ. ഇല്ല , ഇപ്പൊ ഒക്കെ ഒരു മാതിരി നോര്‍മല്‍ ആയി... ചെറിയോന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് അവള്‍ക്കു പ്രയാസമുണ്ട്. അത്രേയുള്ളൂ എന്ന് മറുപടി .. എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഭാവം കണ്ടിട്ടാവണം സാറ് തന്നെയാണ് പറഞ്ഞത്. അവന്‍ മരിച്ചു, രണ്ടാഴ്ചയോളം ആശുപത്രിയില്‍ കിടന്നെങ്കിലും രക്ഷിക്കാനായില്ല.

ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല അപ്പോള്‍. അല്ലെങ്കിലും എന്ത് ചോദിക്കാനാണ്!

പിന്നെയാണറിഞ്ഞത്. ചെറിയോനും ഏട്ടനും തമ്മിലുള്ള കളിക്കിടയില്‍ ഗോവണിപ്പടിയില്‍ നിന്ന് വീഴുകയായിരുന്നു മൂത്തവന്‍. അത് പക്ഷെ അവനെ കൊണ്ട് പോയി.

പിന്നീടൊരിക്കല്‍ സാറ് പറഞ്ഞിട്ടുണ്ട് എന്ത് കൊണ്ട് വീട്ടില്‍ സ്വീകരണ മുറിയില്‍നിന്നു ആല്‍ബങ്ങളൊക്കെ എടുത്തു മാറ്റിയെന്ന് . ചിത്രങ്ങള്‍ കാണുമ്പോഴൊക്കെ ഇളയവന്റെ ചോദ്യം ഏട്ടനെവിടെ എന്ന്. എല്ലായിടത്തും അവന്റെ ചിഹ്നങ്ങളാണെന്നു നെഞ്ചു പിടയുന്നൊരുമ്മ.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും സമാനമായ ഒരു നീറ്റലിലൂടെ കടന്നു പോയി. ഇത്തവണ ആത്മഹത്യയുടെ രൂപത്തില്‍ മരണം റാഞ്ചിയെടുത്തത് എനിക്ക് പുത്രീതുല്യയായ ഒരുവളെയായിരുന്നു. ഈ ലോകത്തിനു സഹിക്കാവുന്നതിലേറെ നിഷ്കളങ്കതയുമായി ഇവിടെ വരുന്നവരെ നമ്മള്‍ അവിടെ തന്നെയെത്തിക്കുമെന്നത് വീണ്ടും തെളിഞ്ഞ ഒരനുഭവം . സൈബര്‍ ഇടമായിരുന്നു എന്റെ പ്രിയ സുഹൃത്തിന്റെ മോളെ അവര്‍ക്ക് നഷ്ടപ്പെടുത്തിയത് . ഇന്ന് എവിടെത്തിരിഞ്ഞാലും അവളുടെ ചിഹ്നങ്ങളുള്ള ഒരു ലോകത്ത് ജീവിതമെന്ന വലിയ പ്രഹേളികയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഉന്നത സാമൂഹ്യ ശ്രേണിയിലുള്ള ആ സുഹൃത്തും കുടുംബവും ആശ്വാസ വാക്കുകളുടെ പൊള്ളത്തരത്തെയും പരിമിതികളേയും ഞങ്ങള്‍ സുഹൃത്തുക്കളെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഒരു കുഞ്ഞു കിന്നര ജന്മമായി മോഹിപ്പിച്ച് അനുവാദത്തിനു കാത്തിരിക്കാതെ തിരിച്ചു പോയ ഒരുവളെയോര്‍ത്തു ഒരു പ്രിയ സുഹൃത്ത് കുറിച്ച വരികള്‍ വായിക്കുമ്പോള്‍ ഇപ്പോള്‍ ഒരിക്കല്‍ കൂടി വിട്ടുപോവാത്ത ചിഹ്നങ്ങളെ കുറിച്ച് ഓര്‍ത്ത്‌ പോവുന്നു. ഓര്‍മ്മകള്‍ക്ക് ഒരു ശ്രാദ്ധമായി ഇപ്പോള്‍ ഞാന്‍ ഇങ്ങനെ കുറിക്കുന്നു:

അതങ്ങനെയാണ്:
അവര്‍ പ്രിയപ്പെട്ടവര്‍.
അവര്‍ വെറുതെയങ്ങു പോവില്ല.
അവരെപ്പോഴും കാത്തു വെക്കും
നക്ഷത്രങ്ങളില്‍
മയില്‍പ്പീലിത്തുണ്ടില്‍
ചായക്കോപ്പയില്‍
മഷികൂട്ടില്‍
വാക്കുകളുടെ കൂട്ടുചേരലില്‍
കിടക്കപ്പായിലെ തലയിണ മണത്തില്‍
പൊടി പിടിച്ച ജനല്‍പ്പാളിയില്‍
കുഞ്ഞു വിരല്‍പ്പാടിലെ പേരെഴുത്തില്‍
മച്ചിലെ പങ്കക്കൊളുത്തില്‍
കുളിമുറിയിലെ വാസന സോപ്പില്‍
ചോര വാര്‍ന്ന പൈപ്പിന്‍ ചുവട്ടില്‍
ഉപ്പ് മുളക് ചേരുവയില്‍
ജനാലവിരിയിലെ വര്‍ണ്ണ വിവേചനത്തില്‍
നിന്റെ ഹൃദയത്തിലെ പൂങ്കുയില്‍ പാട്ടില്‍
നീലക്കണ്ണാടിയിലെ കുങ്കുമപ്പൊട്ടില്‍
നിനക്കും നിനക്കും
സ്മൃതിനാശത്തിലും പട്ടു പോകാത്ത ചിഹ്നങ്ങള്‍.


രണ്ടു കവിതകള്‍


 1.

എവിടൊക്കെയോ ഇപ്പോഴും ഉറവകളുണ്ട്.
ദാഹിച്ചു മരിക്കാത്തതിന്
നീയതിനു നന്ദി പറയുക.
എവിടൊക്കെയോ ഇപ്പോഴും പൂമരങ്ങളുണ്ട്.
അപശബ്ദങ്ങളുടെ തലപ്പെരുക്കത്തിലും
ഒരു കുയില്‍ പാട്ടിന്
നീയവയോട് കടപ്പെട്ടിരിക്കുന്നു.
ആരൊക്കെയോ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട്.
ജീവിച്ചിരിക്കുന്നതിന്
അവരെയൊന്നു നമിക്കുക,
നിമിഷാര്‍ദ്ധമെങ്കിലും



2.

അതങ്ങനെയാണ്:
അവര്‍ പ്രിയപ്പെട്ടവര്‍.
അവര്‍ വെറുതെയങ്ങു പോവില്ല.
അവരെപ്പോഴും കാത്തു വെക്കും-
നക്ഷത്രങ്ങളില്‍
മയില്‍പ്പീലിത്തുണ്ടില്‍
ചായക്കോപ്പയില്‍
മഷികൂട്ടില്‍
വാക്കുകളുടെ കൂട്ടുചേരലില്‍
കിടക്കപ്പായിലെ തലയിണ മണത്തില്‍
മച്ചിലെ പങ്കക്കൊളുത്തില്‍
കുളിമുറിയിലെ വാസന സോപ്പില്‍
ചോര വാര്‍ന്ന പൈപ്പിന്‍ ചുവട്ടില്‍
ഉപ്പ് മുളക് ചേരുവയില്‍
ജനാലവിരിയിലെ വര്‍ണ്ണ വിവേചനത്തില്‍
നിന്റെ ഹൃദയത്തിലെ പൂങ്കുയില്‍ പാട്ടില്‍
നീലക്കണ്ണാടിയിലെ കുങ്കുമപ്പൊട്ടില്‍
നിനക്കും നിനക്കും
സ്മൃതിനാശത്തിലും പട്ടു പോകാത്ത ചിഹ്നങ്ങള്‍.