Featured Post

Wednesday, April 19, 2017

Tram 83 by Fiston Mwanza Mujila

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങള്‍ 

“ആദിയില്‍ കല്ലുണ്ടായിരുന്നു, കല്ല്‌ പിന്നീട് ഉടമസ്ഥതയെ ഉദ്ധീപിപ്പിച്ചു, ഉടമസ്ഥത ഒരു പരക്കം പാച്ചിലിനെ(rush), പരക്കം പാച്ചില്‍ വ്യത്യസ്ത ഭാവങ്ങളുള്ള ആളുകളുടെ വരവിനെ - അവര്‍ പാറകളിലൂടെ റെയില്‍ പാളങ്ങള്‍ ഉണ്ടാക്കി, പനങ്കള്ളില്‍ ജീവിതം പടുത്തുയര്‍ത്തി, ഒരു വ്യവസ്ഥ ഉരുത്തിരിയിച്ചു, ഖനനത്തിന്റെയും കച്ചവടത്തിന്റെയും മിശ്രിതം.”

(ട്രാം - 83 - ആരംഭം )

 

പ്രതിഭാധനരായ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരിലെ ശ്രദ്ധേയമായ താരോദയമാണ്  "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യയുള്ളവയില്‍ ഒന്നായ ഡി. ആര്‍ . സി. (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ) ഏറെക്കാലമായി കാത്തിരിക്കയായിരുന്ന ആ മഹാനായ നോവലിസ്റ്റ്" എന്ന് അലെയ്ന്‍ മ്ബാങ്കു വിശേഷിപ്പിച്ച യുവ നോവലിസ്റ്റ് ഫിസ്റ്റന്‍ നാസര്‍ മ്വാന്‍സാ മുജീല. മികച്ച കവിതകളിലൂടെ തന്റെ ഇടം കണ്ടെത്തിയ മുജീലയുടെ പ്രഥമ നോവലായ  'ട്രാം- '83', ഡി. ആര്‍ .സി - യുടെ തെക്കു കിഴക്കന്‍ നഗരമായ ലുബുംബാഷിയുടെ പശ്ചാത്തലത്തില്‍ സബ് സഹാറന്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്രയൊന്നും പരിചിതമല്ലാത്ത 'ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഇറക്കുന്ന പോസ്റ്റ്‌ കാര്‍ഡുകളില്‍ കാണാത്ത' തരം കുത്തഴിഞ്ഞതും അരാചകത്വം നിറഞ്ഞതുമായ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നു. കോംഗോയില്‍ മാത്രമല്ല, ആഫ്രിക്കയിലെങ്ങും നടമാടിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും നിയോ കൊളോണിയലിസത്തിന്റെയും രൂപങ്ങളെ ആവിഷ്കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്.

 

ട്രാം 83 - ജാസിന്‍റെ താളം , അരാജകത്വം 

സ്റ്റാന്‍ലിയുടെ (ഹെന്‍ റി മോര്‍ട്ടന്‍ സ്റ്റാന്‍ലി - 1841-1904)കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നു തോന്നിക്കുന്ന തകര്‍ന്നു പോയ റെയില്‍പ്പാതയുള്ള നോര്‍ത്തേണ്‍ സ്റ്റേഷനില്‍ ഒരു വെള്ളിയാഴ്ച വൈകീട്ട് 'എഴിനോ ഒമ്പതിനോ അടുത്ത്' ലൂഷിയന്‍ വന്നിറങ്ങുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “രാത്രി ഈ സമയത്ത് എത്തിച്ചേരുന്ന ഈ ട്രെയ്നുകളുടെ ശാപം അത് വിദ്യാര്‍ഥികളോ ഖനിത്തൊഴിലാളികളോ ആവട്ടെ, സ്വന്തം നിലക്ക് പട്ടണത്തില്‍ തിരിച്ചെത്താന്‍ കഴിയാത്ത തെണ്ടികളാണ് അതില്‍ വന്നിറങ്ങിയത് എന്നതാണ്.” ഒന്നിനും ഒരു ചിട്ടയും വ്യവസ്ഥയുമില്ലാത്ത ഒരിടം - "തൂങ്ങിച്ചാവാനും വിസര്‍ജ്ജിക്കാനും ദൈവദൂഷണം നടത്താനും ആസക്തനാവാനും ആരു കാണുന്നതും കൂസാതെ മോഷ്ടിക്കാനും എല്ലാം സാധിക്കുന്ന ഭൂമിയിലെ ഒരേയൊരിടം" - സിറ്റി സ്റ്റേറ്റ് എന്ന് ഏതാണ്ടൊരു ദുസ്വപ്നാത്മകമായ ഡിസ്റ്റോപ്പിയന്‍ കല്‍പ്പനപോലുള്ള ഇടത്തിലാണ് ട്രാം - '83 എന്ന അധോലോകം തന്നെയായ വൈരുദ്ധ്യങ്ങളുടെ സംഗമസ്ഥലി. എഴുത്തുകാര്‍ , കുടിയന്മാര്‍ , മയക്കുമരുന്ന് കച്ചവടക്കാര്‍, സ്വപ്നാടകര്‍, എല്ലാം നഷ്ടപ്പെട്ടവര്‍ , നോവലില്‍ ഉടനീളം ഒരു വായ്ത്താരി പോലെ 'നിങ്ങള്‍ക്ക് സമയമുണ്ടോ?' എന്ന ചോദ്യവുമായി ചുറ്റിക്കറങ്ങുന്ന ബാല വേശ്യകള്‍ (baby chicks), അവിവാഹിത അമ്മമാര്‍ (single mammas), നാല്പ്പതു കടക്കുന്നതോടെ പിന്നീട് പ്രായമാവാതെ മുന്നേറുന്ന മുതിര്‍ന്ന വേശ്യകള്‍,   സഹായികളും സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടുകാരും കൂട്ടിക്കൊടുപ്പുകാരുമായി 'സ്ലിം ജിംസ്' എന്നു വിളിക്കുന്ന ബാലന്മാര്‍, പെന്റക്കോസ്ത് പ്രഭാഷകര്‍, വര്‍ഷങ്ങളായി കലാപങ്ങളില്‍ അടഞ്ഞു കിടക്കുന്ന, ഒരു കാരണവുമില്ലാതെ റെയില്‍പ്പാത രണ്ടായി പകുത്തുകളഞ്ഞ ഏക യൂണിവേഴ്സിറ്റിയുടെ പേര് പറയുന്ന മെക്കാനിക്കുകളെ പോലുള്ള വിദ്യാര്‍ഥികള്‍ , സ്വന്തം ലെക്ചര്‍ നോട്ടുകള്‍ വില്‍ക്കാന്‍ നടക്കുന്ന പ്രൊഫസര്‍മാര്‍, ഒരു 'കാരണവുമില്ലാതെ സാല്‍സ, ഫ്ലെമെന്‍ഗോ, മെരെംഗെ പ്രകടനങ്ങളുമായി നടക്കുന്ന ക്യൂബന്‍ സംഗീതജ്ഞര്‍, നിശാ ക്ലബ്ബുകളില്‍ രോഗ നിര്‍ണ്ണയം നടത്തുന്ന ഡോക്റ്റര്‍മാര്‍, അടുത്തൂണ്‍ പറ്റിയ ജേര്‍ണലിസ്റ്റുകളും ഉഭയ ലിംഗക്കാരും സ്വവര്‍ഗ്ഗാനുരാഗികളും, പോണ്‍ ഫിലിം പ്രണയികള്‍, പിടിച്ചുപറിക്കാര്‍, രാഷ്ട്രീയാഭയം തേടുന്നവര്‍, കുറ്റവാളി സംഘാംഗങ്ങള്‍, മണ്മറഞ്ഞ സംസ്കൃതികള്‍ തേടുന്ന പുരാവസ്തു ഗവേഷകര്‍, പുതിയ നിധി വേട്ടക്കാര്‍, അവയവ മാഫിയക്കാര്‍, കുടിവെള്ളവില്‍പ്പനക്കാര്‍, ഷൂ പോളിഷ് ചെയ്യുന്ന കുട്ടികള്‍, ലൈംഗിക ദാഹം മൂത്ത വിധവകള്‍, വിമത സൈനികര്‍, ഉത്തേജക - മയക്കു മരുന്ന് വില്‍പ്പനക്കാര്‍, കള്ള പാസ്പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്നവര്‍, കൂടോത്ര മാന്ത്രികര്‍, അനിയന്ത്രിതമായ ബലാല്‍ക്കാരാസക്തിയില്‍ വീര്‍പ്പു മുട്ടുന്ന സൈനികരും വാടക കൊലയാളികളും, മുഴുക്കുടിയന്മാര്‍, ബാല യോദ്ധാക്കളും സമാധാന സേനാ ആക്റ്റിവിസ്റ്റുകളും -അരാജകത്വത്തിത്തിന്റെ മൂര്‍ത്ത രൂപമായ ഒരു 'അസംഘടിത ബനാനാ റിപ്പബ്ലിക്' തന്നെയായ  'സിറ്റി സ്റ്റേറ്റി'ന്റെ കേന്ദ്രമാണ് ട്രാം 83 എന്ന ഇടം. സമൂഹത്തിലെ ഈ അടിത്തട്ടു ജീവികളെ മുഴുവന്‍ പ്രദേശത്തേക്ക് ആര്‍ത്തലക്കാന്‍ ഇടയാക്കുന്നതാവട്ടെ, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്നു പോയ സാമൂഹിക - സമ്പദ് ഘടനയും 'വിമത ജനറല്‍ ' എന്ന് മാത്രം വിളിക്കപ്പെടുന്ന ഒരു യുദ്ധപ്രഭുവിനപ്പുറം ഒന്നുമല്ലാത്ത, മലീമസ രതിയുടെയും അവസാനമില്ലാത്ത പ്രഭാഷണങ്ങളുടെ വലിയ വായുമായ അധികാര കേന്ദ്ര പ്രതീകത്തിന്റെ നൈമിഷിക വിഭ്രാന്തികല്‍ക്കനുസരിച്ചു തുറക്കുകയോ പൂട്ടിയിടുകയോ ചെയ്യുന്ന വൈരക്കല്‍ ഖനികളും അതിനെ ഉപജീവിച്ചും ചുറ്റിപ്പറ്റിയും തഴക്കുന്ന സ്വദേശി - വിദേശി ഗുണ്ടാ - കുത്തക കൂട്ടുകട്ടുകളും അനുബന്ധ ലൈംഗിക ആരാചകത്വങ്ങളുടെയും ചുറ്റുപാടുകളാണ്.

 

ജാസ് സംഗീതം ഊടും പാവുമാണ് കറുത്തവന്റെ ജീവിതത്തിനു എന്നതിന്റെ പാരഡിയാണ് നോവലിലെങ്ങും സാന്നിധ്യമാകുന്ന വെറും അവലക്ഷണ അനുകരണമായ ജാസ് സംഗീതം. 'കരിമ്പു മണം അടിച്ചു വീശുന്നത് അറിയാന്‍ വേണ്ടിയോ നീഗ്രോ ബോധവുമായി ചേരാന്‍ വേണ്ടിയോ ആ മ്യൂസിക്കല്‍ നോട്ടുകളുടെ സൌന്ദര്യത്തിനു വേണ്ടിയോ അല്ല.. അത് ആഭിജാത്യ ലക്ഷണം ആയതു കൊണ്ട്, ധനികരുടെയും പുതു പണക്കാരുടെയും സംഗീതം ആയതു കൊണ്ട് , തങ്ങളുടെ സുന്ദരമായ ശിഥില ലോകം പനിയുന്നവരുടെത് ആയതു കൊണ്ട്.” അരാചകത്വം അതിന്റെ പരകോടിയില്‍ അക്രമാസക്തവും സ്വയം വിനാഷകവുമായ അവസ്ഥ. "ഭൂമധ്യരേഖാ ആഫ്രിക്കയില്‍ ചെറുപ്പമായിരിക്കുന്നത് വ്യര്‍ത്ഥമാണ്. മുപ്പതിന് ചുവടെയുള്ളവര്‍ മടുപ്പ് ബാധിച്ചവരും, പരജന വിദ്വേഷികളും തട്ടിപ്പുകാരും പിത്തലാട്ടക്കാരും ജാസ് ആവട്ടെ, ഒരു സൌകര്യത്തിനുള്ള വിവാഹമാകട്ടെ, എന്തു മാര്‍ഗ്ഗത്തിലും ദാരിദ്ര്യം എന്ന തടവ്‌ ചാടാന്‍ വെമ്പുന്നവരും ആണ്.” “വിശപ്പിനെ സൂക്ഷിക്കുക! മുലകുടി മാറാത്ത മുട്ടുകുത്തുന്ന കുട്ടികള്‍ പോലും വിപണന വസ്തുക്കളും അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതും എല്ലാം ഉള്‍പ്പടെ ഒരു ട്രെയ്നിനെ മുഴുവന്‍ ബന്ദികലാക്കിയ ചരിത്രമുള്ളയിടത്ത്. വിദൂര കാരണം: രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും അടച്ചു കളയുന്ന വിശപ്പ്‌.  നേരിട്ടുള്ള ഫലം: രക്തച്ചൊരിച്ചിലോടെയുള്ള സായുധക്കൊള്ള " ഇത്തരം അനിശ്ചിതത്വങ്ങളുടെ ലോകത്ത് ജീവിതത്തിനും മരണത്തിനും എന്ത് സംഭവിക്കുന്നു എന്നു നോവലില്‍ നിരീക്ഷിക്കുന്നുണ്ട് : “മരണമെന്നതിനു ഒരര്‍ത്ഥവുമില്ല, കാരണം നിങ്ങളൊരിക്കലും ശരിക്കും ജീവിച്ചിട്ടില്ല.”   അമേരിക്കന്‍ , റഷ്യന്‍ പോണ്‍ സിനിമകള്‍ ഒഴിച്ച് മറ്റെന്തും കിട്ടുക പ്രയാസം. സര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും രാപ്പകലില്ലാതെ പരസ്പരം യുദ്ധം ചെയ്തു. കാര്യങ്ങള്‍ വീണ്ടും വ്യവസ്ഥയില്‍ എത്തിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം പത്തൊമ്പത് പരമാധികാര ദേശീയ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയെങ്കിലും ഒന്നും ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രം . ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമായ ട്രാമില്‍ മൂന്നു ഗോത്രങ്ങള്‍ സംഗമിച്ചു: ഒന്ന്, അന്നാന്നത്തെ ജീവിതം ജീവിച്ച , മാസങ്ങളായി ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍,. രണ്ട്, സ്വപ്നാടകര്‍.  വിദ്യാര്‍ഥികള്‍, ഖനിത്തൊഴിലാളികള്‍, ബേബി ചിക്സ്, ലാഭം തേടുന്ന ടൂറിസ്റ്റുകള്‍, വിമതരുടെ ഏറ്റവും അടുത്തയാളുകള്‍. മൂന്ന്, തഴക്കം വന്നവര്‍. അവിവാഹിത അമ്മമാര്‍, കലാഷ് നിക്കൊവുമായി നടക്കുന്ന ബാല സൈനികര്‍, അവയവ കച്ചവടക്കാര്‍, നിശാ ശാലകളിലെ പരിചാരികമാര്‍,   തുടങ്ങിയവര്‍. അതിജീവനത്തിന്റെ ഈ വന്യതയില്‍ ഖനികളില്‍ എവിടെയെങ്കിലും ഒരിടത്ത് കല്ലിന്റെ ശേഖരം കണ്ടെത്തിയാല്‍ എല്ലാവരും കൂടി സുരക്ഷിതത്വത്തെ കുറിച്ചൊന്നും ചിന്തിക്കാതെ അങ്ങോട്ട്‌ കുതിക്കുന്നു - ബേബി ചിക്സ്, സ്ലിം ജിംസ്, ഖനിത്തൊഴിലാളികള്‍ എല്ലാവരും ഉള്‍പ്പടെ.  ഖനിയിടിച്ചിലില്‍ ഓടുങ്ങിപ്പോവുന്നവര്‍ എത്രയും വേഗം വിസ്മൃതരാവുന്നു. ചിലര്‍ അത്ഭുതകരമായി രക്ഷപ്പെട്ടും ചരിത്രം സൃഷ്ടിക്കുന്നു. എട്ടു തവനെ ഖനിയിടിച്ചില്‍ അതിജീവിച്ച ബൂബകാര്‍ എന്നയാള്‍ 'ലാസര്‍ ' എന്ന അറിയപ്പെടുന്നു. വിമത ജനറല്‍ ആവട്ടെ, ഖനിയിടിച്ചിലിനെ തനിക്കും കുടുംബത്തിനും താന്‍ അനുവദിക്കുന്നവര്‍ക്കും ഒഴികെ ഖനിയില്‍ അവകാശമില്ലെന്നതിന്റെ ദൈവിക അംഗീകാരമായി കൊണ്ടാടുന്നു.

 

മുഖാമുഖങ്ങള്‍ , പരിണാമങ്ങള്‍

 

വര്‍ഷങ്ങള്‍ക്ക് ശേഷം ലൂഷിയന്‍ , റിക്വേം എന്ന സുഹൃത്തുമായി സന്ധിക്കാന്‍ പോകുന്നു. ഇരു ധ്രുവങ്ങളില്‍ പ്രകൃതമുള്ള ഇരുവരുടെയും ജീവിതങ്ങളിലെ ഇഴപിരിഞ്ഞും കൂടിച്ചേര്‍ന്നുമുള്ള ഭൂതകാല മുറിവുകളും ഒറ്റുകളും പുതിയ വിനിമയങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നത് ഇതിവൃത്ത ഘടനയില്‍ ഏറെ പ്രധാനമാണെങ്കിലും, ആത്യന്തികമായി 'ട്രാം 83' ഒരു സാഹചര്യത്തെ കുറിച്ചുള്ള  (atmospheric novel) ആണ്. 'ബാക്ക് കണ്ട്രി ' എന്ന് പേരുള്ള അവികസിത പ്രദേശത്ത്‌ നിന്നാണ് ലൂഷിയന്റെ വരവ്. റിക്വേം കൊളോണിയല്‍ കാലം മുതല്‍ നില നിന്ന 'വാമ്പയര്‍ ടൌണ്‍ '  എന്നയിടത്തു നിന്നും. എന്നാല്‍ 'ആണുങ്ങള്‍ കാറ്റു പോലെയാണ്: രണ്ടിനും പാദങ്ങള്‍ ഭൂമിയില്‍ ഉറക്കില്ല.' എഴുത്തുകാരനും ഇടത്തിനിണങ്ങാത്ത വിധം സഹൃദയനുമാണ് ലൂഷിയന്‍ എങ്കില്‍ റിക്വേം അയാളില്‍ കഠിന വിദ്വേഷം ഉള്ളവനായതിനു പിന്നില്‍ ഒരിക്കല്‍ തന്റെ ഭാര്യയായിരുന്ന ജാക്വിലിനുമായി അയാള്‍ക്കുണ്ടായ ബന്ധത്തിന്റെ കഥയുണ്ട്. ഇന്ന് ബ്ലാക്ക് മെയില്‍ പോലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബ്ബാധം ഏര്‍പ്പെടുന്ന റിക്വേം 'യൗവ്വന കാലത്ത് തികച്ചും മറ്റൊരു ഈണത്തില്‍ ആയിരുന്നു, ശാന്തന്‍ , ആത്മാര്‍ഥത ഉള്ളവന്‍ , കൂറുള്ളവന്‍ . പിസ്റ്റള്‍ പുറത്തെടുക്കാന്‍ സമയം പാര്‍ത്തിരിക്കുന്നവരെ കാലം മൃഗങ്ങളാക്കും.” ലൂഷിയനുമായി എമിലിയാനുള്ള താല്പര്യം അറിഞ്ഞു കൊണ്ട് തന്നെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പ്രസാധകന്‍ മാലിംഗോക്ക് തന്‍റെ തണലില്‍ വളര്‍ന്ന ലൂഷിയന്റെ നാടകം പ്രസിദ്ധീകരിക്കാന്‍ അനുവദം നല്‍കണമെങ്കില്‍ അയ്യായിരം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതും അയാള്‍ വഴങ്ങാതെ വരുമ്പോള്‍ ക്രിസ്റ്റെലയെ ഉപയോഗിച്ച് അയാളുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു ഭീഷണിമുഴക്കി ആവശ്യം പതിനായിരം ഡോളര്‍ ആക്കി ഉയര്‍ത്തുന്നതും അയാളുടെ പില്‍ക്കാല പരിണാമങ്ങള്‍. എല്ലാ പ്രശ്നങ്ങള്‍ക്കും അയാള്‍ ലൂഷിയനെ ഉത്തരവാദിയായി കാണുന്നു: “സര്‍ക്കാര്‍ സൈന്യത്തിന്റെ വിനാശങ്ങള്‍ , തന്റെ അച്ഛന്റെ മരണം, അമ്മയുടെ പെട്ടെന്നുള്ള പുനര്‍വിവാഹം, ജാക്വലിനുമായുള്ള വിവാഹ മോചനം.” എഴുത്തുനിര്‍ത്തി കിട്ടുന്ന ജോലി സ്വീകരിക്കാന്‍ അയാള്‍ ലൂഷിയനെ ഉപദേശിക്കുന്നുണ്ട്. “പഠിക്കുന്നതൊക്കെ പൊങ്ങച്ചത്തെ ഉദ്ധീപിപ്പിക്കുകയെ ഉള്ളൂ. അറിയാമോ?  നിങ്ങള്‍ ബുദ്ധിജീവികളാണ് ഈ നാടിനെ കുട്ടിച്ചോറാക്കിയത് !” വെറും നല്പത്തിയൊന്നു വയസ്സ് ശരാശരി ആയുസ്സുള്ള സിറ്റി സ്റ്റേറ്റില്‍ മരണകാരണം പലര്‍ക്കും പലതാണ്, ലൈംഗിക രോഗങ്ങള്‍ മാത്രം പൊതുവായുള്ളതും. വിമത ജനറല്‍ ലൂഷിയനെ തന്റെ അവസാനമില്ലാത്ത ഒരു പ്രഭാഷണത്തില്‍ പേര് പറഞ്ഞു പരാമര്‍ശിച്ചത് അയാള്‍ക്ക് നല്‍കിയ പ്രശസ്തിയും റിക്വേമിനെ അസ്വസ്ഥനാക്കുന്നു. സുഡാന്‍, അങ്കോള, കൊറിയ, മുന്‍ സായിറെ, ഇസ്രയേല്‍, റുവാണ്ട എന്നിവിടങ്ങളില്‍ സൈനികനായിരുന്ന അയാള്‍ക്ക് ദുരൂഹ ബന്ധങ്ങള്‍ ഉള്ളതും അയാളുടെ ആയുധ പാടവവും അയാളെ ഏതാണ്ട് അസ്‌പൃശ്യന്‍ ആക്കുന്നുണ്ട്‌. ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ ഒന്നുമില്ലാത്തവന്റെ കൈവിട്ടകളിയാണ് അയാളുടെത് . “ലോകം മോക്ഷ രഹിതമാണ്... ദുരന്തം മുമ്പേ കുറിക്കപ്പെട്ടാണ്, നമ്മളതിനു ആമുഖം എഴുതുന്നതെ ഉള്ളൂ. അതുകൊണ്ട് നമുക്കാ ആമുഖം ചമക്കാം.”

 

നാടകം - ചരിത്രവും വക്രീകരണവും

 

ലൂഷിയന്‍ എഴുതിക്കൊണ്ടിരിക്കുന്ന നാടകം നാടിനെ ചരിത്ര പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്നതായിരിക്കും എന്ന് അയാള്‍ തീരുമാനിച്ചിട്ടുണ്ട്. "സാധ്യതകളുടെ ആഫ്രിക്ക: ലുമുംബ, ഒരു മാലാഖയുടെ പതനം, അഥവാ ഇടിച്ചു പൊടിച്ച വര്‍ഷങ്ങള്‍ " എന്നാണു അയാള്‍ അത് നാമകരണം ചെയ്യുക. കഥാപാത്രങ്ങള്‍ ചെ ഗുവേര, സെകൂ ടോരെ, ഗാന്ധി,  ലിങ്കണ്‍ , ലുമുംബ , മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌, ചെഷസ്ക്യൂ, എന്നിവര്‍ മാത്രമല്ല, വിമത ജനറലും ഉണ്ടായിരിക്കും എന്ന് അയാള്‍ പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ ലുമുംബയെ നേപ്പോളിയനോടും കൊളംബസിനോടും ഒപ്പം അവതരിപ്പിക്കുന്നത്‌ ചരിത്രത്തെ വളച്ചൊടിക്കല്‍ ആവില്ലേ എന്ന് അയാള്‍ ആശങ്കപ്പെടുന്നുണ്ട്. നെപ്പോളിയന്‍, മാവോ സെ തൂങ്ങിനൊപ്പം സെന്റ്‌. ഹെലിന ദ്വീപിലേക്ക് പോകുന്ന ഘട്ടത്തില്‍ ലെനിന്‍ നടത്തേണ്ട സ്വകീയ ഭാഷണവും ഇത്തിരി അമിത ഭാരമായി അയാള്‍ക്ക് തോന്നുന്നു. എല്ലായിപ്പോഴും ട്രാമിലെ ജീവിതം അയാള്‍ക്ക് ആശയങ്ങള്‍ നല്‍കുന്നു. ഏതു ഘട്ടത്തിലും അത്തരം കുറിപ്പുകള്‍ തയ്യാറാക്കുന്ന ലൂഷിയന്‍ സമ്മിശ്ര വികാരങ്ങളാണ് മറ്റുള്ളവരില്‍ ജനിപ്പിക്കുക. എന്നാല്‍ പ്രസാധകന്‍ മാലിംഗോക്ക് ഇവരെയൊക്കെ വിട്ട് അയാള്‍ റെയില്‍പ്പാതയെ കുറിച്ചും ഖനികളെ കുറിച്ചുമൊക്കെ എഴുതണം. “ആഫ്രിക്കന്‍ നോവലിലെ പ്രധാന കഥാപാത്രം എപ്പോഴും അവിവാഹിതനും ഞരമ്പു രോഗിയും വൈകൃതങ്ങള്‍ ഉള്ളവനും വിഷാദ രോഗിയും കുട്ടികളില്ലാത്തവനും വീടില്ലാത്തവനും കടങ്ങളില്‍ വീര്‍പ്പു മുട്ടുന്നവനുമാണ്. നമ്മള്‍ ഇവിടെ ജീവിക്കുന്നു, ഭോഗിക്കുന്നു, നമ്മള്‍ സന്തുഷ്ടരാണ്. ആഫ്രിക്കന്‍ സാഹിത്യത്തിലും ഭോഗം വേണം!” ഒരു ഘട്ടത്തില്‍ കഥാപാത്രങ്ങളുടെ എണ്ണം ഇരുപതില്‍ നിന്ന് പത്തായി കുറക്കണം എന്നും, ഇഷ്ടമില്ലാതെയും അത് ചെയ്തു കഴിയുമ്പോള്‍ പശ്ചാത്തലം ആഫ്രിക്കയില്‍ നിന്ന് കൊളംബിയിലേക്ക് മാറ്റണം എന്നും അയാള്‍ ആവശ്യപ്പെടുന്നു. “ആഫ്രിക്കയില്‍ മിക്ക ബുദ്ധിജീവികള്‍ക്കും കൌതുകമില്ല; അതായത്, കഴിഞ്ഞ നാനൂറു വര്‍ഷങ്ങളിലെ പോലെ ഇപ്പോള്‍ അത് ആകര്‍ഷണീയമല്ല.” നോവലന്ത്യത്തില്‍, റിക്വെമിന്റെ ഭീഷണി അവഗണിച്ചു നോവല്‍ പുറത്തിറക്കിയത് മാലിംഗോ ആഘോഷിക്കുമ്പോഴും അപ്പോഴേക്കും വേറെ ജോലി കിട്ടിക്കഴിഞ്ഞ പഴയ ലിറ്റററി എജന്റ് അതേ ആശയം ആവര്‍ത്തിക്കുന്നു , “ആഫ്രിക്കന്‍ സാഹിത്യം ഇനിയും ആകര്‍ഷണീയമേയല്ല. പ്ലീസ്, ലൂഷിയന്‍ , ഇനി ഫോണില്‍ വിളിക്കുമ്പോള്‍ , നമുക്ക് മറ്റു കാര്യങ്ങള്‍ സംസാരിക്കാം., കാമ സൂത്ര, സംഗീതം, ബിയര്‍ , പക്ഷെ എന്തായാലും സാഹിത്യം വേണ്ട. നമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, നീയിനിയും ഒരു എഴുത്തുകാരന്‍ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു!” 

കറുത്ത ഹാസ്യം

 രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി എഴുതാന്‍ തയാറുള്ളവര്‍ക്ക് സിറ്റി സ്റ്റേറ്റില്‍ ഒരു പാട് സാധ്യതകള്‍ ഉണ്ട് എന്ന് ലൂഷിയന്‍ ഒട്ടൊരു തമാശയോടെ നിരീക്ഷിക്കുന്നുണ്ട്. “ഓരോ രാഷ്ട്രീയ ഭരണത്തിനും , ചേര്‍ന്ന സാഹിത്യം ഉണ്ടാക്കപ്പെടുന്നു. പ്രസിഡണ്ടിന്റെ ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കുറിച്ച് ഒരു മഹാകാവ്യം രചിക്കൂ, നിങ്ങള്‍ക്കൊരു വീട് തരും; പ്രവചനവകുപ്പ് മന്ത്രി (Minister of Divination, Clairvoyance, and Prophesies) യുടെ സ്വപ്നങ്ങളെ പുനസൃഷ്ടിക്കുന്ന സ്വഗതാഖ്യാനത്തിനു വെനീസിലേക്ക് ഒരു ട്രിപ്പ്‌, പ്രസിഡണ്ടിന്റെ കുട്ടിക്കാലത്തെ കുറിച്ച് ഒരു നോവലിന് അവര്‍ നിങ്ങളെ കൃഷിവകുപ്പിന്റെയും കാലിമേക്കലിന്റെയും മന്ത്രിയായി നിയമനം.” ഏറ്റവും അപഹാസ്യമായ ഈ സാഹചര്യത്തെ രൂക്ഷമായി തിരസ്കരിക്കുന്ന പ്രയോഗങ്ങള്‍ ഒരധ്യായത്തിന്റെ (19) തുടക്കത്തില്‍ വായിക്കാം : “.. നിങ്ങള്‍ ഭോഗിക്കുന്നില്ല,  ഞങ്ങള്‍ നിങ്ങളെ ഭോഗിക്കും. നിങ്ങള്‍ തിന്നുന്നില്ല, ഞങ്ങള്‍ നിങ്ങളെ തിന്നും. നിങ്ങള്‍ തുലക്കുന്നില്ല, ഞങ്ങള്‍ നിങ്ങളെ തുലക്കും. ഇതാ ഇവിടെ പുതു ലോകമാണ്. ഇത് ഓരോരുത്തരും അവനവന്, എല്ലാവര്‍ക്കും അമേദ്യം എന്നതാണ്. ഇത് കാടാണ്.” തന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുമ്പോഴൊക്കെ ഖനികള്‍ അടച്ചിടുകയും സ്വതേ നിലനില്‍പ്പില്ലാത്ത ദേശത്തിന്റെ ആകെയുള്ള അതിജീവന മാര്‍ഗ്ഗം അടച്ചു കളയുകയും ചെയ്യുന്ന വിമത ജനറല്‍ പതിവ് ബനാനാ റിപ്പബ്ലിക് ഭരണാധികാരി തന്നെ; ഭരണം എന്നതൊന്നും ഒരുതരത്തിലും ഇവിടെ നിലവിലില്ല എങ്കിലും.

ലൂഷിയന്റെ പാത്ര സൃഷ്ടി മറ്റൊരു തരം സമസ്യയാണ് ഉയര്‍ത്തുന്നത്. സിറ്റി സ്റ്റേറ്റ് പോലൊരു നരകത്തില്‍ ഒരിക്കലും പുലരാനിടയില്ലാത്ത ഏതൊക്കെയോ ആദര്‍ശാത്മകത പലപ്പോഴും അയാളെ ഒരു കോമാളിയാക്കുന്നുണ്ട് : “സാധാരണ നശ്വരന്മാരെ പോലെ ലൂഷിയന്‍ ഖനികളില്‍ കുഴിക്കാന്‍ പോയില്ല. അയാള്‍ പേന കൊണ്ട് ജീവിക്കാനോ, അല്ലെങ്കില്‍ വലിയൊരു ഓഫീസില്‍ ജോലി ചെയ്യാനോ ആഗ്രഹിച്ചു. പക്ഷെ അത് സിറ്റി സ്റ്റേറ്റ് പോലൊരു വനത്തില്‍ അസാധ്യമായിരുന്നു.”  അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ചെറിയ കൈമടക്കു കൊടുത്ത് രക്ഷപ്പെടുന്നതിനു പകരം ജയിലിലേക്ക് പോകുന്ന ലൂഷിയന്‍, എമിലിയന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പീഡനം കലയും ശാസ്ത്രവുമായി വികസിപ്പിക്കുന്ന ജയിലറയില്‍ ഓടുങ്ങേണ്ടതായിരുന്നു. 'ബേബി ചിക്സി'ന്‍റെ തൊഴില്‍ 'മറ്റിടങ്ങളില്‍ നിങ്ങളെ ജയിലലയച്ചേനേ,' എന്ന് വിമര്‍ശിക്കുന്ന ലൂഷിയന്‍, അവളെ എതിര്‍ത്ത് മനസ്സാക്ഷി പറഞ്ഞു അവളുടെ സ്നേഹം നിഷേധിച്ചു വിട്ടു പോവുന്നു. 'എമിലിയന്റെ ലഹരിപിടിപ്പിക്കുന്ന ഉടലിലേറെ കൂറകള്‍ നിറഞ്ഞ' പായയെ ഇഷ്ടപ്പെട്ട ലൂഷിയനെ കുറിച്ച് റിക്വേം നിരീക്ഷിച്ചത് ശരിയാണെന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു : “ചിലയാളുകള്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നുള്ള തലച്ചോറുമായാണ് കഴിയുന്നത്‌.” അയാള്‍ പോകുന്നത് തടയാന്‍ വേണ്ടി മുന്നില്‍ മുട്ട് കുത്തുന്ന എമിലിയനെ നിഷേധിച്ചുകൊണ്ടുള്ള ആ ഹീറോ ചമയല്‍ , ഒടുവില്‍ , 'കണ്ണ് തുറക്കാന്‍ തയ്യാറില്ലാത്ത ഒരു എഴുത്തുകാരന്റെ മനസ്സാക്ഷി'യെന്ന ദുരൂഹത മാത്രമാണെന്നും നോവലില്‍ അപ്പോര്‍വ്വം ഘട്ടങ്ങളില്‍ കേള്‍ക്കുന്ന ആഖ്യാന ശബ്ദം നിരീക്ഷിക്കുന്നു.

 

വിദേശ ടൂറിസ്റ്റുകളെ 'പ്രായപൂര്‍ത്തി'യാവാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തിലൂടെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ട് റിക്വേം . കറുത്ത ഹാസ്യത്തിന്റെ മികച്ച മാതൃകയാണ് ഇത്തരം ഭാഗങ്ങള്‍ : "നോഹയുടെ, എസക്കിയേല്‍ പ്രവാചകന്റെ , സഹോദരി അഭിഗേലിന്റെ കാലം മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത പൌരന്മാരുടെ നാട്ടില്‍ പ്രായമെന്നത് എങ്ങനെയും മാറ്റാവുന്ന ഒന്നാണ്. സംഭവം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നു. പക്ഷെ പണമായിരുന്നു പ്രധാനം. ആര്‍ക്കാണ് പണം ഇഷ്ടമല്ലാത്തത്? അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിയിരുന്ന കോടതി ഒരു പണപ്പശുവിനെ കണ്ടെത്തിയിരുന്നു.” റിക്വേമിന്റെ ഏറ്റവും വലിയ സ്വപ്നം വിമത ജനറലിനെ തന്നെ ഇരയാക്കുക എന്നതായിരുന്നു. അതയാള്‍ സാധിക്കുന്നതാണ് ഇതിവൃത്തത്തിന്റെ ക്ലൈമാക്സ് തീര്‍ക്കുകയും , തുടക്കം മുതലേ ഒ. വി. വിജയന്‍റെ 'പ്രജാപതി'യെ ഓര്‍മ്മിപ്പിക്കുന്ന വിമത ജനറലിന്റെ ഉന്മാദത്തെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുകയും ചെയ്യുക. അനേകം 'ബേബി ചിക്സ്' ഉള്‍പ്പെട്ട ഹാരമില്‍ ലൈംഗിക ക്ഷീണവും വലിപ്പമില്ലായ്മയും അലട്ടലാവുന്ന ജനറല്‍ , തന്റെ കഴിവുകേട് പുറം ലോകത്തെത്തുന്നതിനെതിരെ ഭ്രാന്തമായി പ്രതികരിക്കുകയും ഖനികള്‍ അടച്ചിടുകയും ചെയ്യുന്നു. ട്രാം 83 അടച്ചിടാനുള്ള നീക്കം ആവര്‍ത്തിച്ചു പരാജയപ്പെടുന്നുവെങ്കിലും ലൂഷിയന്‍ ,  റിക്വേം, പ്രസാധകന്‍ മാലിംഗോ എന്നിങ്ങനെ മൂന്നു പേരെയും ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് വന്‍ തുക ഇനാം പ്രഖ്യാപിക്കുകയും ചെയ്യുന്നത് മൂവരെയും ഒരു ഒളിച്ചോട്ടത്തിലേക്ക് നയിക്കുന്നു. സിറ്റി സ്റ്റേറ്റിലെ ചൈനീസ് കേന്ദ്രത്തില്‍ അഭയം കണ്ടെത്തുന്ന മൂവരും വീണ്ടും പലായനം ചെയ്യേണ്ടി വരുന്നത് വര്‍ദ്ധിപ്പിച്ച ഇനാം അവിടത്തെ അന്തേവാസികളെ പ്രലോഭിപ്പിച്ചു തുടങ്ങുമ്പോഴാണ്.

മുജീലയുടെ പ്രതിഭ തിളങ്ങി നില്‍ക്കുന്നത് ഇതിവൃത്ത പരിചരണം എന്നതിലേറെ, വിചിത്ര വിശേഷങ്ങളുള്ള, ഫിക് ഷന്റെ നേരിയ ആവരണത്തിനപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തില്‍ തന്നെ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, വര്‍ത്തമാന കാല കോംഗോ ജീവിതത്തിന്റെ യഥാതഥവും ഒപ്പം ദുസ്വപ്നാത്മകവുമായ അന്തരീക്ഷത്തെ ഒപ്പിയെടുക്കുന്നതിലും , നോവലിനെ ഒരു ശ്രാവ്യാനുഭവം കൂടിയാക്കുന്നതിലുമാണ്. ഭിന്നസ്വരങ്ങളുടെയും താളങ്ങളുടെയും മേളനമാണ് നോവലിലെങ്ങും- റുംബ, സാല്‍സ, ജാസ്, റോക്ക്, ഫ്യൂഷന്‍ സംഗീത ധാരകള്‍ മാത്രമല്ല യൂറോപ്യന്‍ ക്ലാസിക്കല്‍ സംഗീതവും ഇഴകോര്‍ക്കുന്നുണ്ട് നോവലില്‍ എങ്ങും. സംഭാഷണങ്ങളും സംഭാഷണ ശകലങ്ങളും പലപ്പോഴും അവയുടെ താളങ്ങളെയും ഈണങ്ങളെയും പ്രതിഫലിപ്പിക്കുന്നത് കൊണ്ട് നോവലില്‍ കണ്ണും കാതും പരസ്പരം വെച്ച് മാറുന്നുവെന്ന് ലിങ്ക്സ് കേലി നിരീക്ഷിക്കുന്നു. (M Lynx Qualey - The National Arts & Life, March 28, 2016). മുജീലയുടെ ഭാഷയുടെ സംഗീതത്തെ ഇംഗ്ലീഷിലേക്ക് മനോഹരമായി പരാവര്‍ത്തനം ചെയ്ത റോലാന്‍ഡ് ഗ്ലേസറുടെഫ്രഞ്ച് ഭാഷയില്‍ നിന്നുള്ള മൊഴിമാറ്റത്തെ 'ഒരു വന്‍ വിജയം' എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.

 


(കാക്കത്രൈമാസിക ഏപ്രില്‍ -ജൂണ്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 186-193)

To purchase, contact ph.no:  8086126024

read more:

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

 Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html

Tuesday, April 11, 2017

Becoming Abigail by Chris Abani

കുരുതിപ്പൂക്കളുടെ ശാപം




കൊളോണിയല്‍ അനന്തര നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത ഘട്ടമായിരുന്നു ബയാഫ്രന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് സംഘര്‍ഷത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവാസത്തിലും ഒക്കെയാണ് . കൗമാരത്തിലേ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത അബാനി തന്റെ രചനകളിലൂടെ പട്ടാള ഭരണത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും കൊടിയ പീഡന മുറകളുള്ള ജയിലറകളില്‍ എകാന്തത്തടവിനും മരണ ദണ്ഡനക്കും വിധിക്കപ്പെടുകയും ചെയ്തു. ഭരണ കൂടത്തിനെതിരെ അട്ടിമറി ശ്രമം ഉള്‍പ്പടെ കുറ്റം ചാര്‍ത്തപ്പെട്ടു പതിനെട്ടാം വയസ്സ് മുതല്‍ മൂന്നു തവണയായി ആറു വര്‍ഷക്കാലം കാരാഗൃഹത്തില്‍ കഴിഞ്ഞ, സുഹൃത്തുക്കള്‍ കൈക്കൂലിയായി ജയിലധികൃതര്‍ക്ക് നല്‍കിയ കൈമടക്കിന്റെ ബലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പുരാവൃത്തത്തിനു ഉടമയാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബാനി. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയാണ് കൃത ഹസ്തനായ കവി കൂടിയായ അബാനി തന്റെ രചനകളില്‍ വികാര സാന്ദ്രമെങ്കിലും ഒരു ഘട്ടത്തിലും അതിവൈകാരികമല്ലാത്ത കവിതാത്മക ഭാഷയില്‍ സന്നിവേശിപ്പിക്കുന്നത്. തന്റെ പേരിന്റെ യഥാര്‍ത്ഥ ഉടമയായ വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ ലാഗോസിലെ ചേരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന 'ഗ്രേസ്‌ ലാന്‍ഡ്‌' , ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വെന്തുരുകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്കളുടെ (child soldiers) ജീവിതാവസ്ഥകള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്ര സൗന്ദര്യമിയന്ന കാവ്യാത്മകവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന 'സോംഗ് ഫോര്‍ നൈറ്റ്‌' , 9/11-ന്നു ശേഷമുള്ള സമാധാന ത്വരയുടെയും ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍ കിഴക്കന്‍ ലോസ് ഏഞ്ചലസിലെ കടുത്ത സാഹചര്യങ്ങളില്‍ അതിജീവിക്കുന്ന ബ്ലാക്ക്‌ എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ ജീവിതം പകര്‍ത്തുന്ന 'ദി വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്' തുടങ്ങിയ കൃതികളിലൊക്കെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ കഥകളാണ് അബാനി വിഷയമാക്കുന്നത്.


ജനിച്ചപ്പോഴേ അമ്മയുടെ മരണത്തിനു കാരണമായിത്തീര്‍ന്നവള്‍ എന്ന ശാപം പേറുകയും വിരഹാര്‍ത്തനായ, ഉത്തരവാദിത്ത ബോധമില്ലാത്തവനും കുടിയനുമായ പിതാവിന് എപ്പോഴും അമ്മയെ ഓര്‍മ്മിപ്പിക്കും വിധം അവരോടു കടുത്ത രൂപ സാദൃശ്യത്തോടെ വളര്‍ന്നു വരികയും ചെയ്യുന്ന, അമ്മയുടെ അതേ പേരുള്ള അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ ഹ്രസ്വവും നരക തുല്യവുമായ ജീവിതത്തിന്റെയും കീഴടങ്ങാന്‍ തയ്യാറില്ലാത്ത ദുരന്ത വീര്യത്തിന്റെയും അവരില്‍ നിന്നും, ഒരു വേള അവരിലേക്കു തന്നെയുമുള്ള ആത്മ വികാസ / നിരാസത്തിന്റെയും വൈരുധ്യ പൂര്‍ണ്ണമായ ആത്മ സത്താന്വേഷണവും (becoming) സ്വയമെരിഞ്ഞമരലുമാണ് 120 പുറങ്ങള്‍ മാത്രമുള്ള അബാനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ രചിക്കപ്പെട്ട BECOMING ABIGAIL എന്ന നോവെല്ല പറയുന്നത് . അവളുടെ ജീവിതത്തെ തന്നെ ഒരു നിഴല്‍ രൂപമാക്കിയ (ghostly presence) തുടക്കം ഓര്‍മ്മകളുടെ ആദ്യ സ്ഫുരണങ്ങളോടൊപ്പം പില്‍ക്കാലം തുന്നിക്കൂട്ടിയെടുക്കുന്ന അയഥാര്‍ത്ഥമായ ഒരനുഭവമായാണ് അവള്‍ തിരിച്ചറിയുക. നോവെല്ലയുടെ ആരംഭത്തില്‍ നിന്ന്:

"അപ്പോള്‍ ഇതും.............

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/becoming-abigail-by-chris-abani

(അകം മാസിക, ഏപ്രില്‍ 2017)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 159-164)

More by Chris Abani:

    GraceLand by Chris Abani

    https://alittlesomethings.blogspot.com/2016/08/blog-post_18.html

    Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

More on woman/ child abuse theme:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Woman at Point Zero by Nawal El Saadawi

 https://alittlesomethings.blogspot.com/2024/08/woman-at-point-zero-by- nawal-el-saadawi.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html



Wednesday, March 22, 2017

Russian Christu by Venu V. Desom (Malayalam Novel)

ആത്മാവിന്റ ആഴങ്ങളും ദുരന്തങ്ങളിലെ മോക്ഷവും




പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ അലക്സാണ്ടര്‍പുഷ്കിനില്‍ ശക്തി പ്രാപിച്ചു ലെര്‍മണ്ടോവ്, ഗോഗോള്‍ തുടങ്ങി കുറെയേറെ മികച്ച എഴുത്തുകാരിലൂടെ വളര്‍ന്നു പന്തലിച്ച റഷ്യന്‍ ദേശീയ ഭാഷാ സാഹിതി ടര്‍ജിനെവ്, ടോള്‍സ്റ്റോയ്, ദസ്തയവ്സ്കി എന്നീ ത്രിമൂര്‍ത്തികളിലൂടെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിയതിലൂടെയാണ് റഷ്യന്‍ ഗദ്യസാഹിത്യത്തിന്റെ അപ്രമാദിത്തം സ്ഥാപിതമായത്. 1856 -നും 1880 -നും ഇടക്കുള്ള കാല്‍നൂറ്റാണ്ടിനിടെ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച ഒരു ഡസനോളം നോവലുകളാണ് ഈ മൂന്നു മഹാരഥന്മാരുടെതായി പുറത്തുവന്നത്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് എന്ന മഹാനായ പരിഭാഷകനിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ അവ ലോകഭാഷകളിലേക്കും എത്തിച്ചേര്‍ന്നു. 'ബ്രദേഴ്സ് കരമസോവ്' ആ ധാരയില്‍ ഒടുവിലത്തേതും ഒരുപക്ഷെ ഏറ്റവും മഹത്തരവുമായതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ കുലത്തോടുള്ള അഗാധ സ്നേഹവും ദുരിതമനുഭവിക്കുന്നവരോടുള്ള സഹജ ഭാവവും മൂവരിലും പ്രകടമായ അന്തര്‍ദ്ധാരകളായിരിക്കുമ്പോഴും മൂവരിലും ശക്തമായ വ്യത്യാസങ്ങളും പ്രമേയപരമായ ഉത്കണ്ഠകളും പ്രകടമാണ്. ടോള്‍സ്റ്റോയിയുടെയോ ദസ്തയവ്സ്കിയുടെയോ വിശ്വാസ വഴികളില്‍ ഒരിക്കലും താല്‍പര്യം കാണിച്ചിട്ടില്ലാത്ത ടര്‍ജിനെവ് പരിഷ്കരണ വാദത്തിന്റെ നിഹിലിസ്റ്റിക് ധാരകളെയാണ് പിന്തുടര്‍ന്നത്‌. ടോള്‍സ്റ്റോയ് ഹോമറിന്റെ പാതയില്‍ കുടുംബകഥകളും സാമൂഹികകഥകളും ചരിത്രപരതയോടെ ബ്രഹദാഖ്യാനം ചെയ്യുകയും ഗിരിപ്രഭാഷണത്തിന്റെ ഉത്ബോധനങ്ങളില്‍ തന്റെ വിശ്വാസപരവും റാഡിക്കല്‍ സോഷ്യലിസ്റ്റ് - പാസിഫിസ്റ്റ് ആദര്‍ശ ബദ്ധവുമായ നിലപാടുറപ്പിക്കുകയും ചെയ്യുമ്പോള്‍ ദസ്തയവ്സ്കി വിശാലതയെക്കാളെറെ ആഴങ്ങള്‍ തേടുന്ന സോഫോക്ലിയന്‍ - ഷേക്സ്പിയറിയന്‍ ദുരന്ത - പീഡനാത്മക വഴികളിലാണ് തന്റെ സര്‍ഗ്ഗസപര്യ നകൂരമിടുന്നത് എന്ന് സാമാന്യമായി പറയാം. എക്കാലത്തെയും ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാള്‍ എന്നു മാത്രമല്ല, മനുഷ്യന്റെ മാനസിക വ്യവഹാര സങ്കീര്‍ണ്ണതളെ ഏറ്റവും തീവ്രമായും വിട്ടുവീഴ്ച്ചയില്ലാതെയും അനാവരണം നടത്തിയ പ്രതിഭ എന്ന നിലയിലും ഒരു പ്രവാചകത്വപദവിയുണ്ട് ദസ്തയവിസ്കിക്ക്. ശരാശരി മാനുഷിക വിനിമയങ്ങളിളല്ല, മറിച്ച് രോഗാതുരവും പീഡാനുഭവ ബദ്ധവുമായ അതി-സാധാരണത്വത്തിലാണ് (abnormality) അദ്ദേഹം താല്പര്യമെടുക്കുന്നത്. ചാള്‍സ് ഡിക്കന്‍സ്  അവസാനിപ്പിക്കുന്നിടത്താണ് ദസ്തയവ്സ്കി തുടങ്ങുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  അനാഥത്വത്തിന്റെയും ക്രൂരരായ മേല്‍നോട്ടക്കാരുടെ ദണ്ഡമുറകളുടെയും ശൈശവങ്ങളെ വേണ്ടുവോളം അടയാളപ്പെടുത്തുന്ന ഡിക്കന്‍സ്, ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്ന ഒരു  'ശേഷകാലം സുഖമായി'യില്‍ കഥയവസാനിപ്പിച്ചു നിര്‍വൃതികൊള്ളുന്നുവെങ്കില്‍ ദസ്തയവ്സ്കിക്ക് അത്തരം കനം കുറഞ്ഞ ശുഭാന്ത്യങ്ങളില്‍ താല്‍പര്യമേയില്ല.

 

ശ്രീ വേണു വി. ദേശം രചിച്ച 'റഷ്യന്‍ ക്രിസ്തു' എന്ന നോവല്‍ ദസ്തയവ്സ്കിയുടെ ജീവിതത്തെയാണ് പ്രമേയമാക്കുന്നത്. മനുഷ്യ മനസ്സിന്റെ നിഗൂഡമായ ആഴങ്ങള്‍ ഗഹനമായും പ്രൌഡമായും അപഗ്രഥിക്കുന്ന ദസ്തയവ്കിയന്‍ രീതി മുഗ്ദരാക്കിയ എഴുത്തുകാരുടെയും ചിന്തകരുടെയും ദാര്‍ശനികരുടെയും നിര എണ്ണമറ്റതാണ്. മനോവിജ്ഞാനീയത്തിന്റെ പിതാവെന്നു കണക്കാക്കുന്ന ഫ്രോയ്ഡ് താന്‍ ദസ്തയവ്സ്കിയില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിട്ടുണ്ടല്ലോ. ദസ്തയവ്സ്കിയുടെ രചനകളിലെ കഥാഭാഗങ്ങള്‍ താരതമ്യേന ലളിതമായി ചുരുക്കിപ്പറയാനാവുന്നവ തന്നെയാണ്. സങ്കീര്‍ണ്ണതകള്‍ മുഴുവനും ആ അപഗ്രഥനങ്ങളിലാണ് കുടികൊള്ളുന്നത്. അത്രയും ആഴത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പേറാന്‍ കഴിവുള്ളവരാണോ സമൂഹത്തില്‍ നിന്ദിതരും പീഡിതരുമായി കഴിയുന്ന നിസ്വരായ ആ കഥാപാത്രങ്ങളില്‍ പലരും എന്നൊരു വിമര്‍ശനക്കണ്ണ് അസ്ഥാനത്തല്ല. അതുകൊണ്ട് കൂടിയാവാം ദസ്തയവ്സ്കി വായനക്കാരുടെത് എന്നത് പോലെത്തന്നെയോ ഒരു പക്ഷെ അതില്‍ക്കൂടുതലോ ഒരു  'എഴുത്തുകാരുടെ എഴുത്തുകാരന്‍' ആയി പരിഗണിക്കപ്പെടുന്നതും. പൊള്ളിക്കുന്ന സ്വാനുഭവങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്ന ദസ്തയവ്സ്കി, അവയ്ക്കൊപ്പം ഒരൊന്നാം തരം നിരീക്ഷകനും ആയിരുന്നു എന്ന് ജയിലിലും മറ്റും കൂടെയുണ്ടായിരുന്നവര്‍ 'റഷ്യന്‍ ക്രിസ്തു'വില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഒരേ സമയം പങ്കാളിയും സാക്ഷിയുമാവുക എന്നത് എന്നും ശൈശവ തുല്യമായ നിഷ്കളങ്കതയും ഒപ്പം മനുഷ്യാസ്തിത്വത്തിന്റെ സമസ്യകളിലേക്ക് നീണ്ടു ചൊല്ലുന്ന അശാന്തമായ അന്വേഷണ ബുദ്ധിയും സ്വന്തമായുള്ള എഴുത്തുകാരന്റെ ഇരട്ട വ്യക്തിത്വവും ആവാം. ദസ്തയവ്സ്കിയുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട ഈ പുസ്തകത്തിലും ഏതാണ്ട് അത്തരമൊരു ദ്വന്ദ്വം ആരോപിക്കാവുന്നതാണ്. ഇതും നേരിട്ടൊരു ദസ്തയവ്സ്കി ജീവിതാഖ്യാനമല്ല. തന്നെയല്ല, ഒരു വേള ഇത് ദസ്തയവ്സ്കി വായനയില്‍ ഒരു തുടക്കക്കാരനുള്ള പുസ്തകമേയല്ല. ഒന്നാമതായി, നോവലിസ്റ്റ് തന്റെ കഥാനായകന്റെ ജീവിതം ഏതെങ്കിലും ഒരു നിയത രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല. ദസ്തയവ്സ്കിയുടെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരോ, ആ തൂലികയില്‍ പിറവിയെടുത്തവരോ ആയ നൂറ്റിയിരുപതോളം ആളുകളുടെ ഹ്രസ്വ സ്മൃതികളിലൂടെയാണ് പുസ്തകം ആഖ്യാനം ചെയ്യുന്നത് എന്ന് മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്, കഥാനായകന്റെ ജീവിതത്തിലെ ഒരനുഭവവും കഥാഖ്യാന രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല എന്നതാണ്. മറിച്ച്, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കഥാപാത്രം നല്‍കുന്ന ഏറ്റവും ഹ്രസ്വമായ സൂചനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ജീവിതസന്ദര്‍ഭങ്ങള്‍ പോലും ഒതുങ്ങുന്നു. മറ്റു വാക്കുകളില്‍, ദസ്തയവ്സ്കിയുടെ ജീവിത കഥയും അദ്ദേഹത്തിന്റെ രചനകളും നേരത്തെ പരിചിതമായവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പുസ്തകം. അതുകൊണ്ട് ഇതൊരു വായനക്കാരന് എന്നതിലേറെ ഒരു ദസ്തയവ്സ്കി പഠിതാവിനുള്ള പുസ്തകമാണ്.

 

ദസ്തയവ്സ്കിയുടെ കൊടുങ്കാറ്റു സമാനമായ ജീവിതാനുഭവങ്ങളെയും മന്ദമാരുതന്റെ കുളിര്‍ സ്പര്‍ശമുള്ള ആത്മതേജസ്സിനെയും കലങ്ങിമറിഞ്ഞ റഷ്യന്‍ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആറ്റിക്കുറുക്കിയ സൂചനകളിലൂടെ വരച്ചിടാന്‍ ശ്രീ. വേണു നടത്തുന്ന ആഖ്യാതാക്കളുടെ തെരഞ്ഞെടുപ്പിന്റെ സമഗ്രതയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മികവ്. ആ ജീവിതത്തെയും രചനകളെയും ഏറ്റവും ആഴത്തില്‍ അറിഞ്ഞ ഒരാള്‍ക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്. 1849-ല്‍ പെട്രോഷേവ്സ്കി ഗ്രൂപ്പില്‍ ആകൃഷ്ടനായി സാര്‍ വിരുദ്ധ നാസ്തിക വിപ്ലവ സംഘാംഗം എന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ആ കുപ്രസിദ്ധമായ വധശിക്ഷാ നാടകത്തിനും തുടര്‍ന്ന് സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട അനുഭവങ്ങള്‍ക്കും ഇരയാവുകയും ചെയ്തതാണ് ദസ്തയവ്സ്കിയെ മാറ്റിമറിക്കുന്നത്‌. പീനല്‍ കോളനിയിലെ ശിക്ഷക്കുശേഷവും ചങ്ങലയില്‍ ബന്ധിതനായി കഴിയേണ്ടി വന്ന അഞ്ചുവര്‍ഷവും പുതിയ നിയമം എന്ന ഒരേയൊരു പുസ്തകവുമായി കഴിഞ്ഞു കൂടിയ നാളുകള്‍ ദസ്തയവ്സ്കിയുടെ ആത്മീയ ഭൂമിക തീര്‍ത്തും പുതുക്കിപ്പണിയുകയായിരുന്നു. ജീവിതത്തിലെ ആ സൈബീരിയന്‍ കാണ്ഡത്തിനു മുമ്പ് നാസ്തികവും സാമൂഹ്യവിപ്ളവ പ്രചോദിതവുമായിരുന്ന ആ മനസ്സ് ഇപ്പോള്‍ തടവറയില്‍ കണ്ട മനുഷ്യരിലും റഷ്യന്‍ തൊഴിലാളികളിലും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തന്നെ പതിപ്പുകളാണ് കണ്ടത്. എല്ലാം കഴിയുമ്പോള്‍ കുറ്റവാളികള്‍ക്കും മനോ വിഭ്രാന്തിയില്‍ അകപ്പെട്ടവര്‍ക്കും രോഗഗ്രസ്തര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും ഇടയില്‍ വേണ്ടുവോളം പെരുമാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം- ഇനിയൊരായുസ്സു മുഴുവന്‍ എഴുതിയാലും തീരാത്തത്ര ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ തിടം വെച്ചിരുന്നു. 'മരിച്ച വീട്', 'അധോതലക്കുറിപ്പുകള്‍ ' എന്നിവയില്‍ നേരിട്ടും മറ്റെല്ലാ കൃതികളിലും ഊര്‍ജ്ജമായും ഈ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ ഭൗതിക തലത്തില്‍ ആഖ്യാതാവിന്റെ ചേക്കയിടമായ ഇരുണ്ട ബേസ്മെന്റ് ഫ്ലാറ്റിനെയും അതേസമയം ഫ്രോയ്ഡിന്റെ 'ഇദ്' സങ്കല്പ്പനത്തിലെന്നോണം അയാളുടെ ആദി ചോദനകളുടെ ഇരണ്ട വശങ്ങളെയും സൂചിപ്പിക്കുന്നുണ്ട് 'അധോതലക്കുറിപ്പുകളി'ലെ അധോതലം. നോവലിന്റെ ആദ്യപകുതി നല്‍കുന്ന കഥാംശ ശൂന്യതയുടെ പ്രതീതി ദസ്തയവ്സ്കിയുടെ പില്‍ക്കാല രചനകളിലും പണിക്കുറ തീര്‍ന്നു കാണാവുന്ന ആഴത്തിലുള്ള മാനസികാവലോകന -introspection-ത്തിനു വഴിമാറുന്നുവെങ്കിലും രണ്ടാം പകുതി ഈ അവലോകനങ്ങള്‍ക്ക് നിദാനമായ മൂന്നു നാലു സംഭവങ്ങള്‍ ആവിഷ്കരിക്കുന്നു. അങ്ങനെ ഒരേസമയം രസച്ചരട് മുറിയാത്ത കഥ, അസാധാരണമായ മനശാസ്ത്ര വിശകലനം, പിടിച്ചിരുത്തുന്ന ദാര്‍ശനികകൃതി എന്നീ മൂന്നുനിലകളിലും നോവല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പില്‍ക്കാലം അദ്ദേഹം തന്റെ ഏറ്റവും മികച്ച കൃതികളില്‍ ആഴത്തില്‍ പരിശോധിക്കുന്ന പ്രമേയങ്ങളെല്ലാം ഇവിടെ ബീജരൂപം കൈവരിക്കുന്നുണ്ട്‌ എന്നുപറയാം. കുറ്റവും ശിക്ഷയും, ശുദ്ധാത്മാവ്‌, ഭൂതാവിഷ്ടര്‍, കരമസോവ് സഹോദരന്മാര്‍ തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ദസ്തയവ്സ്കി പ്രതിഭ എന്തുകൊണ്ടാണ് മനുഷ്യമനസ്സിന്റെ ഇരുണ്ടതും ഭ്രാന്തവുമായ നിഗൂഡ രഥ്യകളില്‍ തന്റെ അന്വേഷണങ്ങളെ എന്നും ചേര്‍ത്തുവെച്ചത് എന്ന ചോദ്യത്തിന് നരകങ്ങള്‍ ജീവിച്ചു തീര്‍ത്ത ആ ആയുസ്സിന്റെ പുസ്തകത്തില്‍ തന്നെയാണ് മറുപടികള്‍ കണ്ടെത്താനാവുക.  അന്നയുടെ സ്നേഹഭരിതവും ഊര്‍ജ്ജസ്വലവുമായ യുവത്വമുള്ള കൈകളില്‍ കൂട്ടും അഭയവും രക്ഷാകര്‍തൃത്വവും കണ്ടെത്തുന്നതുവരെ ജീവിതത്തിലെങ്ങും ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും കുരിശേറിയ ദൈവപുത്രനെ പോലെ ആരെയും വെറുക്കാന്‍ ശ്രമിക്കാതെ, ഒരുവേള മിഷ്കിന്റെ നിഷ്കളങ്കതയോടെയും അല്യോഷയുടെ അചഞ്ചല വിശ്വാസത്തോടെയും അതേ സമയം കരമസോവ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന 'അഡിക് ഷന്‍ ' പ്രവണതയോടെ ചൂതാട്ടത്തിന്റെ സ്വയം നശീകരണ മാനസികാവസ്ഥയോടെയും പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കും കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്കും കൂപ്പു കുത്തിക്കൊണ്ടിരുന്നതാണ് ദസ്തയവ്സ്കിയുടെ ജീവിതം. തലനാരിഴക്ക്‌ മാറിപ്പോയ വധശിക്ഷ നല്‍കിയ മരവിപ്പോളം എത്തിയ ഞെട്ടല്‍ കുട്ടിക്കാലത്ത് ഇടക്കെപ്പോഴെങ്കിലും ഉണ്ടാവുമായിരുന്ന അപസ്മാരത്തെ പതിവിനു വിപരീതമായി പില്‍ക്കാലം വര്‍ദ്ധിപ്പിച്ചു. കഴുകന്‍ കണ്ണുമായി വട്ടമിട്ട പ്രസാധകരും ആരെയും നിഷേധിക്കാനാവാത് മസൃണ മനസ്സിന്റെ ദൗര്‍ബല്യത്തെ മുതലെടുത്ത ബന്ധുക്കളും ചാര്‍ച്ചക്കാരും പരാജയപ്പെട്ട വിവാഹങ്ങളിലെ/ബന്ധങ്ങളിലെ പങ്കാളികളും കലങ്ങിമറിഞ്ഞു കൊണ്ടിരുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ഒന്നും തന്നെ നല്ലതൊന്നുമല്ല അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിട്ടുംവെച്ചത്.  സ്വന്തം ആത്മീയാന്വേഷണത്തിന്റെ അശാന്തയാനങ്ങളും കുഞ്ഞു മകളുടെ വിയോഗം പോലെ നേരില്‍ കാണേണ്ടി വന്ന ദുരന്തങ്ങളുടെ ദുരൂഹതകളും മനുഷ്യ ജീവിതം എന്ന മഹാസമസ്യയില്‍ അനായാസ വിശദീകരണങ്ങളില്ലെന്നു ഇയ്യോബിന്റെ പുസ്തകത്തിലേതു പോലെ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒരര്‍ഥത്തില്‍ 'ഭൂമിയിലെ ജീവിതത്തിന്റെ ദുരന്താത്മകതയാണ് ക്രിസ്തുമതത്തിന്റെ സന്ദേശം' (റഷ്യന്‍ ക്രിസ്തു - പേജ് 51 ) എന്ന കണ്ടെത്തലിലാണ് ദസ്തയവ്സ്കിയുടെ വിശ്വാസ വഴികള്‍ നകൂരമിടുന്നത് എന്നു പറയാം.

 

വ്യക്തി ജീവിതത്തില്‍ സ്നേഹമായും പീഡനമായും വന്നുപോയ ഒട്ടേറെ പേര്‍ ആ വ്യക്തിത്വത്തിന്റെ മഴവില്‍ ദീപ്തിയിലേക്കും ആ മനസ്സില്‍ തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന ആത്മ പീഡകളിലേക്കും നിരീക്ഷണങ്ങളുടെ മിന്നായം തെളിക്കുന്നുണ്ട്. ദസതയവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെ തുടക്കമായ പിതാവിനോടുള്ള രാഗ-ദ്വേഷ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന പിതാവ് മിഖയേല്‍ ആന്ദ്രയെവിച്ചില്‍ തുടങ്ങുന്ന ആഖ്യാനത്തില്‍ മകനില്‍ റഷ്യന്‍ മൂല്യബോധം നിറച്ച അമ്മ മരിയ ഫയദറോവ്ന, സഹോദരന്‍ എന്നതിലേറെ ആത്മസുഹൃത്തു കൂടിയായിരുന്ന ജ്യേഷ്ടന്‍ മിഖായേല്‍, ജ്യേഷ്ഠപത്നി എമിലി തുടങ്ങിയ കുടുംബാംഗങ്ങള്‍,  സൈബീരിയന്‍ പീനല്‍ കോളനി തടവില്‍ കഴിഞ്ഞ കാലത്ത് പുതിയ നിയമത്തിന്റെ കോപ്പി നല്‍കി പെട്രോഷേവ്സ്കി സംഘംഗത്തിന്റെ ആത്മീയ ഗതിമാറ്റത്തിനു തുടക്കം കുറിച്ച നതാലിയ ദിമിത്രിയെവ്ന, ശുദ്ധാത്മാവായിരുന്ന ദസ്തയവ്സ്കിയെ ചതിവില്‍ പെടുത്തി പുസ്തകങ്ങളുടെ മുഴുവന്‍ അവകാശവും തട്ടിയെടുക്കാന്‍ ശ്രമിച്ച് അന്നയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം അത് സാധിക്കാന്‍ കഴിയാതെ പോയ സ്റ്റെല്ലോവ്സ്കി, ഗവര്‍ണറെ വെടിവെച്ചു വീഴ്ത്താന്‍ ശ്രമിച്ച വിപ്ലവാകാരിയായിട്ടും തന്റെ ധാര്‍മ്മികതയെ അംഗീകരിച്ചതിന് സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ ഓര്‍ക്കുന്ന വേര ഇവാനോവ്ന, സൈബീരിയന്‍ കാലം മുതല്‍ പലപ്പോഴായി പലരൂപത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന സ്ത്രീസാന്നിധ്യങ്ങളും നസ്താഷയെ പോലുള്ള മാനസപുത്രിമാരും തുടങ്ങി ഒട്ടേറെ ആഖ്യാതാക്കള്‍ ആ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുന്ന സാഹിത്യ ചരിത്രത്തിലെ ഒട്ടേറെ പ്രതിഭകള്‍ നോവലിലുണ്ട്. ദുരന്ത പര്യവസായികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ തന്റെ പാതയിലാണ് ദസ്തയവ്സ്കിയെന്നു കണ്ടെത്തുന്ന ഷേക്സ്പിയര്‍, 'ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു' എന്ന് ദസ്തയവ്സ്കിക്ക് വഴികാട്ടിയ വോള്‍ട്ടയര്‍, “ഞാന്‍ സാമൂഹിക വിമര്‍ശന പരമായും നീതിന്യായ പരിഷ്കരണത്തിന് വേണ്ടിയും വാദിച്ചപ്പോള്‍ അയാള്‍ മന:ശാസ്ത്രത്തിലൂന്നി വ്യക്തിവിവേകത്തെ ചിഹ്നഭിന്നമാക്കുന്നതും സൃഷ്ട്യുന്‍മുഖമാക്കുന്നതുമായ പ്രശ്നങ്ങളില്‍ സഞ്ചരിച്ചു" എന്ന് നിരീക്ഷിക്കുന്ന വിക്റ്റര്‍ ഹ്യൂഗോ, 'എന്നില്‍ നിന്നാണ് പിറവിയെടുത്തത് ' എന്നഭിമാനിക്കുമ്പോഴും ദസ്തയവ്സ്കിയുടെ കഥാപാത്രങ്ങള്‍ക്കുള്ള ആന്തര ലോകം എന്റെ കഥാപാത്രങ്ങല്‍ക്കില്ലേയില്ല' എന്ന് സമ്മതിക്കുന്ന ഗൊഗോള്‍, ആദ്യനോവല്‍ 'പാവപ്പെട്ടവര്‍ ' ഒറ്റ രാത്രികൊണ്ട്‌ വായിച്ചു അതിനെ ഏറെ പുകഴ്ത്തുകയും അങ്ങനെ അതിദ്രുതം എഴുത്തുകാരനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത അക്കാലത്തെ സാഹിത്യ കുലപതി ബെലിന്‍സ്കി, 'തിന്മയുടെ പ്രശ്നത്തിന് ഒരു റഷ്യന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചതേയുള്ളൂ ഞാനും ഫയദോറും' എന്ന് അഭ്യസൂയ കൂടാതെ അംഗീകരിക്കുന്ന സാക്ഷാല്‍ ടോള്‍സ്റ്റോയ്, 'അയാളുടെ ശവസംസ്കാരത്തെ ചൊല്ലിപ്പോലും ഞാന്‍ അസൂയപ്പെട്ടു' എന്ന് കുമ്പസാരിക്കുന്ന ടര്‍ജിനെവ്, 'ആധുനിക മനശാസ്ത്രത്തിനു തറക്കല്ലിട്ടത് താനല്ലെന്നും ദസ്തയവ്സ്കി ആണെന്നും നിരീക്ഷിക്കുന്ന ഫ്രോയ്ഡ്, ഇഡിയറ്റ് എന്ന നോവലിന് നല്‍കിയ ചലച്ചിത്ര ഭാഷ്യത്തെ കുറിച്ച് അത് മഹത്തരമായെന്നു ആരാധകര്‍ പറയുമെങ്കിലും നോവലിന്റെ സൗന്ദര്യം അല്‍പ്പമെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏറ്റുപറയുന്ന കുറൊസാവ , 'റഷ്യക്കാരന്റെ പകയും ദുരയും ആസക്തിയും സ്നേഹ-ദ്വേഷങ്ങളും ദേശീയ ബോധവും പരപീഡനരതിയും സ്വപ്നവും സംഘര്‍ഷവും ചാലിച്ച് അവനെഴുതിയ രചനകള്‍ അവനെ വിശ്വ മഹാകവിയാക്കി' എന്നു നിരീക്ഷിക്കുന്ന പുഷ്കിന്‍, ഉള്ളുകൊണ്ട് ഇഷ്ടപ്പെട്ടപ്പോഴും 'വിശക്കുന്ന ജനകോടികളെ ഒരുതരം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും തൃപ്തിപ്പെടുത്താന്‍ കഴിയില്ല' എന്ന ദസ്തയവ്സ്കിയുടെ പ്രഖ്യാപനത്തില്‍ ചകിതനായിപ്പോയ ലെനിന്‍, കമ്മ്യൂണിസത്തെ വെറുത്ത രാജപക്ഷവാദി നേരത്തെ മരിച്ചു പോയതുകൊണ്ട് ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നിര്‍ത്തേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുമ്പോഴും കരമസോവ് സഹോദരന്മാര്‍ പലവട്ടം വായിച്ച സ്റ്റാലിന്‍ എന്നിങ്ങനെ ഒട്ടേറെ ചരിത്ര പുരുഷന്മാര്‍ .

 

നുറുങ്ങു സ്മൃതികളുടെ രൂപത്തിലാണ് നോവലിന്റെ ഉടനീള ആഖ്യാനം എന്നത് കൊണ്ട് രൂപപരമായ അന്വേഷണങ്ങങ്ങള്‍ക്കോ ആവിഷ്കാര തന്ത്രങ്ങളെ കുറിച്ചുള്ള പഠനത്തിനോ അധികം ഇടം നോവല്‍ വിട്ടുവെക്കുന്നില്ല. ആഖ്യാതാക്കളുടെ കാലഗണനയിലെ തിരിമറികള്‍ (anachronism),   കഥാപുരുഷന്റെ സ്വഭാവത്തില്‍ നോവലിസ്റ്റ് വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്ന വശത്തിലേക്ക് മാത്രമുള്ള മിന്നായങ്ങള്‍ പകരുന്ന തരത്തില്‍ ബോധപൂര്‍വ്വം ചിട്ടപ്പെടുത്തിയതായതുകൊണ്ട് അനിച്ഛാപൂര്‍വ്വമെന്നു (spontaneous) പറയാനാവാത്ത അവരുടെ സ്വഗതാഖ്യാനങ്ങള്‍ എന്നതൊക്കെ ഒരു തരം നാടകീയതയുടെയും ഫാന്റസിയുടെയും തലങ്ങള്‍ നോവലിന് നല്‍കുകയും യഥാതഥത്വം ആവിഷ്ക്കാരത്തിന്റെ പരിധിക്കു പുറത്താണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ദസ്തയവ്സ്കി പ്രതിഭയുടെ കറകളഞ്ഞ ആരാധകനും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ പലതും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാളുമായ ശ്രീ. വേണു വി. ദേശം, ആ മഹാപ്രതിഭയുടെ ജീവിതത്തെ കുറിച്ച് ഒരു നോവല്‍ രചിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു സ്നേഹാര്‍ച്ചന ആവാതെ വയ്യ. 'റഷ്യന്‍ ക്രിസ്തു' എന്ന തലക്കെട്ട്‌ ദസ്തയവ്സ്കിയുടെ ജീവിതസത്തയും,   സാഹിത്യത്തില്‍ അദ്ദേഹം ആവിഷ്കരിച്ച ദാര്‍ശനിക ലോകത്തെയും പ്രകാശിപ്പിക്കുന്നുണ്ട്.   ആത്മപീഡനത്തിലൂടെ മോക്ഷം എന്ന ആശയത്തില്‍ വിശ്വസിച്ച, മിഷ്കിനെയും അല്യോഷയെയും ഫാദര്‍ സോസിമയെയും സൃഷ്ടിച്ച എഴുത്തുകാരന് ചേര്‍ന്ന പേര് തീര്‍ച്ചയായും അത് തന്നെ.

(മാധ്യമം വാരിക, മാര്‍ച്ച് 27, 2017 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)