രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ ‘ജനാധിപത്യ’
ശക്തികളും ‘കമ്മ്യൂണിസ്റ്റ്’ ചേരിയും എന്ന രീതിയില്‍ അമേരിക്കന്‍ - യൂറോപ്പ്യന്‍
ശക്തികള്‍ രണ്ടായി തിരിഞ്ഞതിന്റെ പരിണതിയായി ഉരുവം കൊണ്ട ‘ശീത യുദ്ധ’ സാഹചര്യം
നേരിടുന്നതിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് ഭീഷണി നേരിടുന്ന ഏതു രാജ്യത്തെയും
സഹായിക്കുക എന്ന വിദേശ നയം (Truman Doctrine-1947) പ്രസിഡണ്ട് ട്രൂമാന്‍ പ്രഖ്യാപിച്ചത്. ഒരു
ദേശത്ത് കമ്മ്യൂണിസം വിജയിക്കുന്നത് തുടര്‍ പ്രക്രിയയായി മറ്റിടങ്ങളിലും സമാന
വിജയത്തിനു ഇടയാക്കുമെന്ന ഡൊമീനോ സിദ്ധാന്തം (1950) കൂടിയായപ്പോള്‍ അമേരിക്കന്‍ - യൂറോപ്യന്‍
ശക്തികള്‍ക്കിടയിലെ കമ്യൂണിസ്റ്റ് ഫോബിയ അതിന്റെ പാരമ്യത്തിലെത്തി. ഈ
പൊറുതി മുട്ടിക്കുന്ന അവസ്ഥയുടെ ഏറ്റവും പ്രചണ്ഡമായ പ്രയോഗങ്ങളില്‍ ഒന്ന് 1955 മുതല്‍ 1975 വരെ രണ്ടു പതിറ്റാണ്ടുകാലം കൊടുമ്പിരിക്കൊണ്ട വിയറ്റ്നാം
യുദ്ധമായിരുന്നു. വിയറ്റ്‌നാമില്‍ അമേരിക്കന്‍ വിരുദ്ധ ചെറുത്തുനില്‍പ്പു
യുദ്ധമെന്നറിയപ്പെട്ട സംഘര്‍ഷം, ലോകമെമ്പാടും യുദ്ധ വിരുദ്ധ വികാരവും അമേരിക്കന്‍
മേധാവിത്തത്തിന് നേരയുള്ള അമര്‍ഷവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു
വഹിച്ചു. മുമ്പില്ലാത്ത വിധം തിരിച്ചടികള്‍ നേരിടേണ്ടി വന്ന
അമേരിക്കന്‍ സൈന്യത്തിന് ചരിത്രം മാപ്പുകൊടുക്കാത്ത നാണക്കേടായി ഇന്നും
യുദ്ധത്തിന്റെ ഓര്‍മ്മകള്‍ നില നില്ക്കുന്നു. ഇതേ സാഹചര്യങ്ങളുടെ ഭാഗമായി
വിയറ്റ്‌നാം വിട്ടു അമേരിക്കയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന കുടുംബത്തിലെ
ഇളംമുറക്കാരന്‍ തന്റെ പ്രഥമ കൃതിയിലൂടെ ആ അനുഭവങ്ങളെ നാലു പതിറ്റാണ്ടിനിപ്പുറം
ഫിക് ഷനിലേക്ക് ആവാഹിക്കുമ്പോള്‍ അതിനു സ്വാഭാവികമായും വന്നു ചേരാവുന്ന സങ്കീര്‍ണ്ണതകള്‍ 2016- ലെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി സിംപതൈസര്‍ എന്ന നോവലിനെ ചരിത്ര
നോവലുകളുടെ തട്ടകത്തില്‍ ഏറ്റവും ശ്രദ്ദേയമായ ഒരു രചനയാക്കുന്നുണ്ട്.
ദ്വന്ദ്വ ഭാവം, ഇരു പുറം തേടല്‍ :
“ഞാനൊരു ചാരനാണ്, ഒരു ഉറക്കക്കാരന്‍ , ഒരു
പ്രേതം, ദ്വിമുഖനായ ഒരാള്‍ . ഒരു പക്ഷെ, അത്ഭുതമില്ല, ഞാന്‍
രണ്ടു മനസ്സിന്റെ ഉടമയാണ്. ഞാന്‍ ഒരു ഭീകര സിനിമയിലെയോ കോമിക് പുസ്തകത്തിലെയോ
തെറ്റിദ്ധരിക്കപ്പെട്ട ഒരു പരിണാമ രൂപിയല്ല, ചിലരൊക്കെ എന്നെ അങ്ങനെ
കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും. എനിക്കാകെയുള്ള പ്രശ്നം ഞാന്‍ ഏതു വിഷയത്തെയും ഇരു
വശങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നവനാണ് എന്നതാണ്" വിയെറ്റ് താംഗ് എന്‍ഗുയെന്‍
എന്ന യുവ വിയറ്റ്നാമീസ് അമേരിക്കന്‍ എഴുത്തുകാരന്റെ പുലിറ്റ്സര്‍ സമ്മാനിതമായ
പ്രഥമ കൃതി ദി സിംപതൈസര്‍ തുടങ്ങുന്നത് ഒരിക്കലും പേര് പറയുന്നില്ലാത്ത
കഥാനായകന്റെ ഈ സ്വയം ആവിഷ്കാരത്തിലൂടെയാണ്. വിയെറ്റ്നാം യുദ്ധകാലത്തും
തൊട്ടു പിറകിലുമായി തെക്കന്‍ വിയെറ്റ്നാമിലെ ഒരു ജനറലിന്‍റെ കീഴില്‍ ജോലി ചെയ്യവേ
കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ട വടക്കന്‍
വിയെറ്റ്നാംകാരന്റെ നിര്‍ബന്ധിത കുറ്റസമ്മത രേഖയുടെ രൂപത്തില്‍ എഴുതപ്പെട്ട
നോവലാണ് ദി സിംപതൈസര്‍ . ഇരു വശത്തെയും ദുരിതങ്ങളോടു അനുതാപമുള്ളയാളാണ് മുഖ്യ
കഥാപാത്രം എന്ന നിലയില്‍ നോവലിന്റെ പേര് അയാളുടെ പ്രകൃതത്തെ സൂചിപ്പിക്കുമ്പോള്‍
തന്നെ, അയാളുടെ ദ്വന്ദ്വ വ്യക്തിത്വത്തെയും അത് അടിവരയിടുന്നു.
നോവലില്‍ ക്യാപ്റ്റന്‍ എന്ന് മാത്രം വിളിക്കപ്പെടുന്ന, ഒരിക്കലും
പേര് പറയുന്നില്ലാത്ത ആഖ്യാതാവിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമെന്ന് അയാള്‍
തന്നെ ഏറ്റു പറയുന്ന ദ്വിമുഖത്വത്തിന്‍റെ ഉറവിടം അയാളുടെ പിറവിയുമായിത്തന്നെ
ബന്ധപ്പെട്ട് കിടക്കുന്നു. ടീനേജുകാരിയായ ഒരു വിയറ്റ്നാമീസ് ഗ്രാമീണ പെണ്‍കൊടിക്ക്
ഫ്രഞ്ച് കാത്തോലിക് പാതിരിയില്‍ ജനിച്ച അവിഹിത സന്തതിയാണയാള്‍ . ഈ ഇരട്ട
വ്യക്തിത്വം അയാളുടെ ശക്തിയുടെയും ഒപ്പം വേദനയുടെയും ഉറവിടമാണ് ഏറെ പേലവ
മനസ്ക്കനും ചിന്താശാലിയുമായ യുവാവിന്. മുപ്പത്തിയൊന്നാം വയസ്സില്‍
ക്ഷയ രോഗത്തിന് അടിപ്പെട്ടു മരിച്ചു പോയ അമ്മ സ്നേഹ നൊമ്പരമായും, രഹസ്യമായെങ്കിലും
ഒരേയൊരു തവണയെങ്കിലും മകനേയെന്നു വിളിക്കാത്ത പിതാവ് ഉള്ളില്‍ പതിഞ്ഞ പിതൃവധ
വാഞ്ചയായും അയാളെ മഥിക്കുമായിരുന്നു. സ്റ്റുഡന്റ് എക്സ്ചേഞ്ച്
വിദ്യാര്‍ഥിയായി യു. എസ്സില്‍ എത്തിയ അറുപതുകളിലെ കോളേജ് പഠനകാലത്ത് അമേരിക്കന്‍
സംസ്കൃതിയുടെ രാവും പകലും അയാളറിഞ്ഞിരുന്നു. ഇരു പുറം എപ്പോഴും
കാഴ്ചപ്പാടില്‍ നിര്‍ത്താനുള്ള കഴിവ് ഒരു ചാരനാവാനുള്ള തന്റെ സിദ്ധിയായി
തിരിച്ചറിയുന്നതാണ് വിയെറ്റ്നാമില്‍ തിരിച്ചെത്തുമ്പോള്‍ അയാളെ അമേരിക്കന്‍
സൈനികവിഭാഗങ്ങളില്‍ എത്തിക്കുന്നതും സി. ഐ . എ-യുടെ
വിശ്വസ്തന്‍ ആക്കുന്നതും. സൈനികത്തലവന്മാരുടെ ഇഷ്ടക്കാരനാകുന്ന അയാള്‍ക്ക് വടക്കന്‍
വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സൈനിക മേധാവികള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുക
എളുപ്പമായിത്തീരുന്നു. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന്
കത്തോലിക്കര്‍ക്കിടയില്‍ വ്യാപിച്ച ആപല്‍ ശങ്കകള്‍ ഒരു വശത്തും ഹരിതകം
വറ്റിക്കുന്ന നാപ്പാം ബോംബ് പോലെ വിയറ്റ്നമീസ് മണ്ണിനെയും കാര്‍ഷിക ജീവിതത്തെയും
മുച്ചൂടും നശിപ്പിച്ച അമേരിക്കന്‍ അധിനിവേശം സൃഷ്ടിച്ച ഭീകരതകളും "വിദേശ
സൈനികരെ സേവിക്കുന്നതിനായി സ്വദേശി വേശ്യകളെ സൃഷ്ടിക്കുക എന്നത് അധിനിവേശ
യുദ്ധത്തിന്റെ അനിവാര്യ ഫലമാണ്" എന്ന നിരീക്ഷണത്തിലേക്ക് നയിച്ച
തരം അവമതികളും മറുവശത്തും നേരിടേണ്ടി വരുന്ന ചിന്താശാലിയായ ഒരാളില്‍ അതിനാവശ്യമായ
ആ ദ്വന്ദ്വ ഭാവം സാഭാവികവും ആയിരുന്നു. ശീത യുദ്ധത്തെ രാജ്യങ്ങളുടെയും
ആദര്‍ശങ്ങളുടെയും സംഘര്‍ഷം മാത്രമായല്ല, പാശ്ചാത്യവും പൌരസ്ത്യവുമായ
സംസ്കാരങ്ങളുടെ സംഘര്‍ഷമായാണ് അയാള്‍ തിരിച്ചറിയുന്നത്.
1975-ല്‍
വടക്കന്‍ വിയറ്റ്‌കോംഗ് മുന്നേറ്റത്തെ തുടര്‍ന്ന് സംഭവിക്കുന്ന സായ്ഗോണിന്റെ
പതനത്തെ തുടര്‍ന്ന് പലായനം ചെയ്യാന്‍ തിക്കിത്തിരക്കുന്ന അമേരിക്കന്‍ സൈനികര്‍ , സഹകാരികള്‍ , അതുകൂടാതെ
സിവിലിയന്മാര്‍ എന്നിവര്‍ക്കിടയില്‍ നിന്ന് തന്റെ മേധാവിയായ ജനറലിനെയും
കുടുംബത്തെയും, ഒപ്പം വാടകക്കൊലയാളിയാമായ ബോണ്‍ എന്ന ചിരകാല സുഹൃത്തിനെയും
രക്ഷപ്പെടുത്തുന്നതില്‍ അയാള്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. തൊട്ടു
മുമ്പ് സംഭവിക്കുന്ന സ്ഫോടനത്തിന്റെ മനുഷ്യ മാംസം കരിഞ്ഞ ഗന്ധത്തിലൂടെ അവരെ
സുരക്ഷിതമായി വിമാനത്തില്‍ എത്തിക്കുമ്പോള്‍ ബോണിന്റെ ഭാര്യയും കുഞ്ഞും പിറകില്‍
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വയലന്‍സും ഭ്രാന്തമായ
രക്ഷപ്പെടല്‍ ശ്രമങ്ങളും ചേര്‍ന്ന് വരുന്ന ഈ ഭാഗം, കൃതകൃത്യതയോടെ, ചടുലവും
ഞെട്ടലുലവാക്കും വിധവുമാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്.
അഭയാര്‍ഥിയായി കാലിഫോര്‍ണിയയില്‍ വാസമുറപ്പിക്കുന്ന ഭാഗം, മുന്‍ഭാഗത്തെ
കൊടുങ്കാറ്റിനെ തുടര്‍ന്ന് വരുന്നത് കൊണ്ടാവാം, സ്വാഭാവികമായും അവധാന പൂര്‍ണ്ണമാണ്. എഴുപതുകളിലെയും
എണ്‍പതുകളിലേയും പ്രവാസാനുഭവത്തിന്റെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഗൃഹാതുരതകളും ഈ
ഭാഗത്ത് സൂക്ഷ്മമായി ആവിഷ്കരിക്കപെട്ടിട്ടുണ്ട്. "അമേരിക്കക്കാരിലെ ഭൂരിപക്ഷവും
ഞങ്ങളെ തുറന്ന അതൃപ്തി എന്നില്ലെങ്കില്‍ സന്ദേഹത്തോടെ പരിഗണിച്ചു, കാരണം
ഞങ്ങള്‍ അവരുടെ വിട്ടുപോകാത്ത പരാജയത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. 'വൈറ്റ്
ആന്‍ഡ് ബ്ലാക്ക്' അമേരിക്കയുടെ ആകാര വടിവിനും പൊതുസമ്മതിക്കും ഞങ്ങള്‍
ഭീഷണിയുയര്‍ത്തി, അതിന്റെ 'യിന്‍ ആന്‍ഡ് യാംഗ്' വംശീയ രാഷ്ട്രീയത്തില്‍ മറ്റൊരു
നിറത്തിനും, വിശേഷിച്ചും അമേരിക്കന്‍ പണസഞ്ചി പോക്കറ്റടിക്കുന്ന ആ
ദൈന്യം പിടിച്ച മഞ്ഞത്തൊലിക്കാരായ കുറിയ മനുഷ്യര്‍ക്ക്, ഇടമുണ്ടായിരുന്നില്ല.” യൂണിവേഴ്സിറ്റിയിലെ
ഒറിയന്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ക്ലെറിക്കല്‍ ജോലി കണ്ടെത്തുന്ന കഥാനായകന്‍
ജനറലുമായി ബന്ധം തുടരുന്നു. ജനറല്‍ ഒരു പ്രതിവിപ്ലവ പദ്ധതി ആസൂത്രണം ചെയ്യുന്ന വിവരം
അയാള്‍ തന്റെ പതിവ് കോഡെഡ് രീതിയില്‍ വിയെറ്റ്നാമിലെ തന്റെ അയാള്‍ കണ്ണികളെ
അറിയിക്കുന്നുണ്ട്. തന്റെ ഇരട്ട വ്യക്തിത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ബോണുമായി
ചേര്‍ന്ന് നിരപരാധരെ ചാരക്കുറ്റം ചുമത്തി അരുംകൊല ചെയ്യേണ്ടുന്ന സാഹചര്യത്തില്‍
അയാള്‍ എത്തുന്നു. തടിയന് മേജറെ കൊന്നുകളയുന്ന ഘട്ടം അതിലൊന്നാണ്. മറ്റൊരു
ഘട്ടത്തില്‍ , തന്റെ ഇഷ്ടക്കാരി മിസ് മോറിയുമായുള്ള ബന്ധത്തില്‍
എതിരാളിയാവാന്‍ ഇടയുള്ള സോണിയെ അയാള്‍ വധിച്ചു കളയുന്നതും ഇതേ ഭയം മൂലമാണ്. ഈ രണ്ടു
പേരുടെയും അരൂപി സാന്നിധ്യങ്ങള്‍ ഇനിയൊരിക്കലും അയാള്‍ക്ക് സ്വസ്ഥത നല്‍കാത്ത വിധം
അയാളെ വേട്ടയാടും. ജനറലിന്‍റെ കമ്യൂണിസ്റ്റ് വിരുദ്ധ കലാപ പദ്ധതിക്ക് വന്‍
തോതില്‍ പണം മുടക്കാന്‍ തയ്യാറായി അമേരിക്കന്‍ രാഷ്ട്രീയ ഭീമന്മാര്‍ എത്തുന്നത്
അയാള്‍ അറിയുന്നുണ്ട്.
ഹോളിവുഡ് - അമേരിക്കന്‍ യുദ്ധങ്ങളുടെ
സാംസ്കാരിക മുഖം :
നോവല്‍ രചനയില്‍ നോവലിസ്റ്റിന്റെ തന്നെ പശ്ചാത്തലം കനത്ത
സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്പതുകളുടെ മധ്യത്തില്‍ രാജ്യം വടക്കന്‍ വിയെറ്റ്നാം, തെക്കന്‍
വിയെറ്റ്നാം എന്നിങ്ങനെ വിഭജിതമായ കാലത്ത് വടക്കന്‍ മേഖലയില്‍ ജീവിച്ചു വന്ന
മാതാപിതാക്കള്‍ , രാജ്യം കമ്മ്യൂണിസ്റ്റ് അധീനതയില്‍ വന്നതോടെ തെക്കന്‍
ദേശത്തേക്ക് പാലായനം ചെയ്തു; 1975-ല്‍ സായ്ഗോണിന്റെ പതനം സംഭവിച്ചപ്പോള്‍ അമേരിക്കയിലേക്കും. അന്നത്തെ
നാലുവയസ്സുകാരനായ എന്‍ഗുയെന്‍ കൌമാരത്തിലേക്കു കടന്ന എണ്‍പതുകള്‍ വിയെറ്റ്നാം
യുദ്ധത്തിന്റെ ഭീകരാനുഭവങ്ങള്‍ അതിജീവിച്ചവരും സാക്ഷികളുമായ പ്രവാസികളുടെ ഓര്‍മ്മകളില്‍
പച്ചപിടിച്ചു നിന്ന ഘട്ടമായിരുന്നു. യുദ്ധം അവസാനിച്ചിട്ടില്ലെന്നും
എന്നെങ്കിലുമൊരിക്കല്‍ എല്ലാം നേരെയാവുമെന്നും തങ്ങളുടെ നാട് ജീവിതാര്‍ഹമായ
രീതിയില്‍ തിരിച്ചു കിട്ടുമെന്നും മോഹവും പ്രതീക്ഷയും ഉയര്‍ന്നു നിന്ന കാലം. റാംബോ
പോലുള്ള ചിത്രങ്ങള്‍ , സുന്ദരനായ നായകന്‍റെ ഉരുണ്ടു കേറുന്ന മസിലുകളില്‍
ഹോളിവുഡ്സ് ആണ് വിയെറ്റ്നാം യുദ്ധം നടത്തുന്നത് എന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍
അയാള്‍ സമൃദ്ധമായി കൊന്നു തള്ളിയ ആ ഏഷ്യന്‍ പരദേശി താനാണല്ലോ എന്ന തോന്നല്‍
ഇടയിലെപ്പോഴോ തന്നെ അസ്വസ്ഥനാക്കിയതിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചിട്ടുണ്ട്. പ്ലാറ്റൂണ്‍
എന്ന ഒലിവര്‍ സ്റ്റോണ്‍ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോഴും ആരുമായാണ് താന്‍
താദാത്മ്യപ്പെടെണ്ടത് എന്ന് അങ്കലാപ്പിലായതിനെ കുറിച്ചും അദ്ദേഹം പറയുന്നു. എന്നാല്‍
കപ്പോളോയുടെ അപോകാലിപ്സ് നൌ തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു എന്ഗുയന്. നോവലിലെ
ചലച്ചിത്ര നിര്‍മ്മാണ ഭാഗം യഥാര്‍ഥത്തില്‍ ഈ ചിത്രത്തെയാണ് മാതൃകയാക്കുന്നത്. വിയറ്റ്നാംകാര്
കൊല്ലപ്പെടുമ്പോള്‍ കയ്യടിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചോദ്യം ആദ്യമായി
തന്നെ തൊട്ടു വിളിച്ചത് അദ്ദേഹം ഓര്‍ക്കുന്നു. താന്‍ ആരോടൊപ്പം നില്‍ക്കണം? കൊന്നൊടുക്കുന്ന
അമേരിക്കക്കാരനോടൊപ്പം? അതോ, തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വാക്ക് പോലും പറയാന്‍
അവസരമില്ലാതെ മരിച്ചു വീഴുന്ന വിയറ്റ്നാംകാരനോടോപ്പമോ? ഈ
ചോദ്യം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയായി വളര്‍ന്നതാണ് നോവലിലെ
നായകനെ ദി ഹാംലെറ്റ് എന്ന ചിത്രത്തിന് വിയറ്റ്‌നാം കാര്യ ഉപദേശകനായി
എത്തിക്കുന്നത്. ഒരു ചാരന്‍ ഒരര്‍ഥത്തില്‍ ഒരുപദേഷ്ടാവ് കൂടിയാണ്. എന്നാല്‍
ഹോളിവുഡ്, സ്റ്റേജ് ഉപകരണങ്ങളുടെയും അലങ്കാരങ്ങളുടെയും കാര്യത്തിലും
കഥാപാത്രങ്ങളുടെ വസ്ത്ര ധാരണത്തിലും വിശദാംശങ്ങളില്‍ പോലും സ്വീകരിക്കുന്ന
വിട്ടുവീഴ്ചയില്ലാത്ത ആധികാരികത, കഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തിന്റെ കാര്യത്തില്‍
കാര്യമാക്കുന്നേയില്ലെന്നും ഫലത്തില്‍ ഹോളിവുഡ്, പെന്റഗണിന്റെ യുദ്ധ
തന്ത്രത്തിന്റെയും പ്രോപ്പഗാണ്ട യന്ത്രത്തിന്റെയും അനൗദ്യോഗിക ഏജന്റുമാര്‍
മാത്രമാണെന്നും അയാള്‍ കണ്ടെത്തും. അമേരിക്കന്‍ പ്രേക്ഷകര്‍ എന്താണോ കാണാന്‍ കാശുമുടക്കുന്നത്
അതിനപ്പുറം പ്രതിബദ്ധത ഹോളിവുഡ് ലക്ഷ്യമാക്കുന്നില്ല. വിയെറ്റ്നാം
യുദ്ധം, യുദ്ധചരിത്ര രചനയുടെ കാര്യത്തില്‍ ഒരു വലിയ വൈരുധ്യം
സൃഷ്ടിച്ചതും ശ്രദ്ധേയമാണ്: യുദ്ധചരിത്രം പൊതുവേ വിജയിച്ചവരാണ്എഴുതാറുള്ളത്. എന്നാല്‍
ഇവിടെ, യുദ്ധം തോറ്റിട്ടും അതിന്റെ ചരിത്രമെഴുതിയത് അമേരിക്കന്‍
പക്ഷപാതിത്തമാണ്; ഹോളിവുഡും. നോവലില്‍ നിരീക്ഷിക്കുന്നു: "സിനിമകള്‍ ബാക്കി ലോകത്തെ
തണുപ്പിക്കുന്നതിനുള്ള അമേരിക്കന്‍ മാര്‍ഗ്ഗമായിരുന്നു, ഹോളിവുഡ്
ഇടതടവില്ലാതെ പ്രേക്ഷകരുടെ മാനസിക പ്രതിരോധത്തെ കടന്നാക്രമിച്ചു, ഹിറ്റുകള്‍ , സ്മാഷ്
ഹിറ്റുകള്‍ , കെട്ടുകാഴ്ചകള്‍ , ബ്ലോക്ക് ബാസ്റ്ററുകള്‍ , എന്തിന്, വന്‍
ബോക്സ് ഓഫീസ് പരാജയങ്ങള്‍ കൊണ്ട് പോലും. എന്ത് കഥയാണ് പ്രേക്ഷകര്‍
കണ്ടത് എന്നത് പ്രധാനമായിരുന്നില്ല. കാര്യം ഇതായിരുന്നു, അവര്‍
കണ്ടതും ഇഷ്ടപ്പെട്ടതും അമേരിക്കന്‍ കഥയാണ്, അമേരിക്കന്‍ സിനിമകളില്‍ അവര്‍
കണ്ടുകൊണ്ടിരുന്ന അതേ വിമാനങ്ങള്‍ അവരുടെ മേല്‍ തന്നെ ബോംബുകള്‍ വര്‍ഷിച്ചേക്കാവുന്ന
ദിനം വരെയും.”
അതിലും വലിയ ഐറണിയായി നോവലിസ്റ്റ് എടുത്ത് പറയുന്നത് ആ
പരാജയത്തിന്റെ മറുവശമാണ്. അമ്പത്തി എണ്ണായിരം അമേരിക്കന്‍ മറീനുകള്‍ കൊല്ലപ്പെട്ടതാണ്
അമേരിക്കക്ക് യുദ്ധം പരാജയമാക്കിയത്; യുദ്ധത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലുമായി
സംഭവിച്ച മുപ്പതു ലക്ഷം വിയറ്റ്‌നാംകാരുടെയോ അത്ര തന്നെ ലാവോസ്- കംബോഡിയന്‍
ജനതയുടെയോ മരണമല്ല. വിയറ്റ്‌നാമിന് വെളിയില്‍ എപ്പോഴും യുദ്ധത്തെ സംബന്ധിച്ച
അമേരിക്കന്‍ ഓര്‍മ്മകള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നത്, മരണക്കണക്കിലെ
ഈ തുലനമില്ലായ്മക്ക് ഉത്തരവാദിയായ അമേരിക്കാന്‍ വ്യാവസായിക ശക്തി പോലെത്തന്നെ, അമേരിക്കന്‍
സാംസ്കാരിക വ്യവസായവും സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തവുമാണെന്ന് തെളിയിക്കുന്നു; എപ്പോഴും
കപ്പോളോയുടെ ചിത്രം സംവാദങ്ങളുടെ തുടക്കമാവുന്നു. എന്നിരിക്കിലും, ദുഷ്ട
കഥാപാത്രങ്ങളായിപ്പോലും എല്ലായിപ്പോഴും അമേരിക്കന്‍ സൈനികരെ കേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ
വിയറ്റ്‌നാമിന് കഥയില്ലെന്നു സമര്‍ഥിക്കുകയും അത് വഴി വിയറ്റ്‌നാമും പില്‍ക്കാലം
മിഡില്‍ ഈസ്റ്റ് പോലുള്ള ഇതര സംഘര്‍ഷങ്ങളും സാധ്യമാക്കിയ മനോഘടനക്ക് സാധുത നല്‍കുകയും
ചെയ്യുമ്പോഴും, "അമേരിക്കാവല്‍ക്കരണത്തിന്റെ ബാലിസ്റ്റിക് മിസ്സൈല്‍ ലോഞ്ച്
ചെയ്യുക എന്ന ഹോളിവുഡ് ദൗത്യം" തുടരുമ്പോഴും വിയറ്റ്നാം ഒരു
തെറ്റായ യുദ്ധമായിരുന്നു എന്നെങ്കിലും ഹോളിവുഡ് അംഗീകരിച്ചിട്ടുണ്ട് എന്ന് എന്‍ഗുയെന്‍
നിരീക്ഷിക്കുന്നു. കലയും സാഹിത്യവും രാഷ്ട്രീയവുമായി എങ്ങനെ ബന്ധപ്പെടുന്നു
എന്ന മാവോ സിദ്ധാന്തമൊന്നും തനിക്കറിയില്ലായിരുന്നു എന്ന് നോവലില്‍ കഥാനായകന്‍
പറയുന്നുണ്ട്. അതെ സമയം, നോവലിനെ വിയറ്റ്നാം യുദ്ധത്തെ വിയറ്റ്‌നാം കണ്ണിലൂടെ
കാണുന്ന ഒരു പ്രതി രചനയായി കാണുന്നുവോ എന്ന ചോദ്യത്തിന് നോവലിസ്റ്റ് പറയുന്ന
മറുപടി ഇതാണ്: “കണിശമായും. അത് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളോയോടുള്ള എന്റെ പ്രതികാരമാണ്. അത്
ഹോളിവുഡിനോടുള്ള എന്റെ പ്രതികാരമാണ്.... വിയറ്റ്നാം ഒരു രാജ്യമാണ്. ഒരു
യുദ്ധമല്ല. എന്നാല്‍ ഞങ്ങള്‍ (വിയറ്റ്നമീസ്- അമേരിക്കന്‍
കലാകാരന്മാര്‍ ) നോവലുകള്‍ ആണെഴുതുന്നത്. എന്ന് വെച്ചാല്‍ , എന്റെ
നോവല്‍ , ഇപ്പോള്‍ ഈ പുരസ്കാരം ലഭിച്ചെങ്കിലും, അതൊരു
പുസ്തകം മാത്രമാണ്. ഹോളിവുഡ് ആവട്ടെ 200 മില്ല്യന്‍ 500 മില്ല്യന്‍ ഡോളര്‍ ബ്ലോക്ക് ബസ്റ്റര്‍ ഇതിഹാസങ്ങള്‍ ഉണ്ടാക്കുന്നു, അതെന്റെ
പുസ്തകത്തെ തീര്‍ത്തും നശിപ്പിക്കും.”
വിയറ്റ്‌നാം സംഘര്‍ഷത്തിന്റെ ഹോളിവുഡ് സാധ്യതകള്‍
മുതലെടുക്കാന്‍ എത്തുന്ന വിഖ്യാത സംവിധായകനുമായി കടുത്ത ഈഗോ ക്ലാഷ്
ഉണ്ടാവുമെങ്കിലും, സിനിമയിലെ വിയറ്റ്നാം കാര്യ ഉപദേഷ്ടാവ് എന്ന നിലയില്‍
സ്വാധീനം ചെലുത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. വിയെറ്റ്നാം കഥാപാത്രങ്ങള്‍ക്ക്
വ്യക്തിത്വവും സംഭാഷണ ഭാഗങ്ങളും നല്‍കപ്പെടുന്നതിലേക്കും ഹോളിവുഡിന്റെ പതിവ്
രീതികളില്‍ നിന്ന് വ്യത്യസ്തമായി സംഘര്‍ഷത്തിലെ വിയെറ്റ്നാം വശത്തിലേക്ക് നേരിയ
തോതിലെങ്കിലും വെട്ടം വീഴ്ത്തുന്നതിലും അത് സഹായകമാകുന്നുണ്ട്. എന്നാല്‍ , സെറ്റില്‍
ഉണ്ടാവുന്ന സ്ഫോടനത്തില്‍ തനിക്കു ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കാന്‍ ഇടയാവുന്നതിനു
പിന്നില്‍ സംവിധായകന്റെ വൈരാഗ്യത്തിന് പങ്കുണ്ടോ എന്ന സംശയം അയാളില്‍
ബലപ്പെടുന്നുണ്ട്. നഷ്ടപരിഹാര പ്രശ്നത്തില്‍ അയാള്‍ കടും പിടുത്തം
പിടിക്കുന്നതും അതിന്റെ ഭാഗമായിട്ടാണ്. ചിത്രനിര്‍മ്മാണത്തിന്റെ അവസാന
ഘട്ടം അയാള്‍ക്ക് കാണാനാവാത്തതും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍
ആയിപ്പോവുന്നത് കൊണ്ടാണ്. താരതമ്യേന നീണ്ട ഭാഗമാണ് ചിത്ര നിര്‍മ്മാണവുമായി
ബന്ധപ്പെട്ടതായി നോവലിലുള്ളത് എന്നത്, നോവലിനെ ഏതാണ്ട് ഒരു 'സിനിമാ
നോവല്‍ ' ആയും മാറ്റുന്നുണ്ട്.
സ്പൈ നോവല്‍ , ന്യൂന പക്ഷ സാഹിത്യം:
നോവല്‍ ആശയം ആദ്യം ഉരുത്തിരിഞ്ഞത് തന്നെ ഗൌരവമുള്ള
രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സ്പൈ നോവല്‍ എന്ന ചിന്തയോടെയാണെന്നു
നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. തെക്കന്‍ വിയറ്റ്‌നാമിലെ
അമേരിക്കന്‍ സൈനിക മേധാവികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യഥാര്‍ത്ഥ
ചാരന്മാര്‍ ഉണ്ടായിരുന്നുവെന്നും അതില്‍ യു. എസ്സില്‍ വിദ്യാഭ്യാസം നടത്തിയ
ഫാം ഹുവാന്‍ ആന്‍ എന്ന ഏറെ പ്രസിദ്ധനായ ഒരാളെ പ്രത്യേകം ഓര്‍ക്കുന്നുവെന്നും
നോവലിസ്റ്റ് പറയുന്നു. കുമ്പസാര രൂപം കത്തോലിക്കന്‍ കുടുംബ പശ്ചാത്തലമുള്ളയാള്‍
എന്ന നിലയിലും കമ്മ്യൂണിസ്റ്റ് എന്ന നിലയിലും പ്രസക്തമാണെന്നു അദ്ദേഹം
വിലയിരുത്തുന്നു. ചൈനീസ്, വിയറ്റ് നമീസ് പാര്‍ട്ടികളുടെ 'പുനര്‍
വിദ്യാഭ്യാസം' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട യാതനാപര്‍വ്വം സുദീര്‍ഘമായ
ഏറ്റു പറച്ചില്‍ ഒരു ശിക്ഷാമുറയായിത്തന്നെ നടപ്പിലാക്കുമായിരുന്നു. അതിനുമപ്പുറം, ഒരു
വിയറ്റ്‌നാംകാരന്‍ മറ്റൊരു വിയറ്റ്നാംകാരനോട് നടത്തുന്ന കുമ്പസാരം എന്ന നിലയില്‍
ന്യൂന പക്ഷ സാഹിത്യത്തിന്റെ പതിവ് രീതി - എപ്പോഴും എഴുതപ്പെടുന്നത്
മറുഭാഗത്തിലെ, അഥവാ ഇവിടെ അമേരിക്കന്‍ സമൂഹത്തിലെ സഹൃദയ, വിമോചിത
മനസ്ഥിതിയുള്ളവരും ബുദ്ധിജ്ജീവി വിഭാഗത്തിലുള്ളവരുമായ വായനാ സമൂഹത്തെ ലക്‌ഷ്യം
വെക്കുന്നത് - പൊളിച്ചെഴുതാനും ന്യൂന പക്ഷ എഴുത്തുകാരന് അതെ വിഭാഗത്തെ
അഭിമുഖീകരിക്കാനും സഹായിക്കുകയും ചെയ്യുന്നു എന്ന് നോവലിസ്റ്റ് വിശ്വസിക്കുന്നു.
കാത്തോലിക് പൗരോഹിത്യവും സി. ഐ. എ-യും
ചേര്‍ന്ന് പര്‍വ്വതീകരിച്ച ഭീഷണാവസ്ഥയുടെ പശ്ചാത്തലത്തിലാണ് എട്ടു ലക്ഷത്തോളം
കത്തോലിക്ക വിശ്വാസികള്‍ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്ന് പാലായനം ചെയ്തത്. ഈ
സാഹചര്യത്തിലാണ് വടക്കന്‍ വിയറ്റ്‌നാമില്‍ സാക്ഷാല്‍ ഹോ ചിമിനെ പോലുള്ള കടുത്ത
കമ്മ്യൂണിസ്റ്റുകളെയും ഒപ്പം കടുത്ത കത്തോലിക്കരെയും വളര്‍ത്തിയെടുത്ത ഒരു ദേശത്തു
നിന്ന് രണ്ടാമത് വിഭാഗത്തില്‍ പെട്ട എന്‍ഗുയെന്റെ മാതാപിതാക്കള്‍ പാലായനം ചെയ്തത്. (പിന്നീട്
പുനപുനരേകീകരണത്തിനും ശേഷം തൊണ്ണൂറുകളിലാണ്, നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞ്
കുടുംബങ്ങള്‍ ഒന്നിച്ചതെന്നു നോവലിസ്റ്റ് ഓര്‍ക്കുന്നു.) എന്നാല്‍
നാട്ടില്‍ തങ്ങിയ കുടുംബാംഗങ്ങള്‍ , പറഞ്ഞു പരത്തപ്പെട്ടിരുന്ന തരം
പീഠനങ്ങള്‍ക്ക് വിധേയമാകുകയുണ്ടായില്ലെന്നും എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായി
അരികുവല്‍ക്കരിക്കപ്പെട്ടുവെന്നും എന്‍ഗുയെന്‍ തുറന്നു പറയുന്നു. വിഘടനവാദം
സംശയിക്കപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ എപ്പോഴും അവര്‍ പ്രയാസങ്ങള്‍
അനുഭവിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണം എപ്പോഴും അത്തരം കാര്യങ്ങളില്‍
പാരനോയിഡ് ആയിരിക്കുക എന്നത് സ്വാഭാവികവുമാണ്. സായ്ഗോണില്‍ നിന്ന് ജീവ രക്ഷാര്‍ത്ഥം
ഓടിപ്പോയ 'ബോട്ട് പീപ്പിള്‍ ' സന്ദര്‍ഭത്തെ കുറിച്ച് അന്നത്തെ
നാലുവയസ്സുകാരന്റെ അറിവ് മൂത്ത സഹോദരന്റെയും അമ്മയുടെയും ഓര്മ്മകിലൂടെയാണ്. എങ്കിലും
ഇപ്പോഴും ഭാഗ്യം കൂടെയുണ്ടായ അപൂര്‍വ്വം ചിലരില്‍ പെട്ടവരായിരുന്നു തന്റെ കുടുംബം
എന്ന് അദ്ദേഹം ഓര്‍ക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ നാലുപേരുള്ള കുടുംബത്തിനു സ്പോണ്‍സര്‍മാരെ
കിട്ടാതെ വന്നത് കൊണ്ട് വേറിട്ട് പോവുകയും ഒരു വെളുത്ത വര്‍ഗ്ഗ കുടുംബത്തില്‍
തനിയെ എത്തിപ്പെടുകയും ചെയ്തത് മുതലാണ് എന്‍ഗുയന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്. ഏതാനും
മാസങ്ങള്‍ മാത്രമായിരുന്നു ആ ഒറ്റപ്പെടലെങ്കിലും നടുക്കുന്ന ഓര്‍മ്മയാണ് അത്
എന്നും അദ്ദേഹത്തിന്.
കുമ്പസാരം, ശുദ്ധീകരണം:
കത്തോലിക്ക സമ്പ്രദായത്തിലും കമ്മ്യൂണിസ്റ്റ് തടവറകളിലും
ഒരു പോലെ പ്രധാനമായ ഒരു പ്രക്രിയയായിരുന്നു കുമ്പസാരമെന്നത് നോവലില്‍ പ്രസക്തമായ
ഒരു ഐറണിയാണ്. വിയറ്റ്‌നാമില്‍ അയാള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള
തൊട്ടു മുകള്‍ക്കണ്ണി സ്കൂള്‍ കാലം മുതല്‍ , ബോണിനോടൊപ്പം ഒരു മൂവര്‍
സംഘമായി കൂട്ടായിരുന്ന മാന്‍ എന്ന സുഹൃത്താണ് എന്നത് അയാള്‍ക്ക് ഞെട്ടലുളവാക്കുന്ന
അറിവായിരിക്കും . വിയെറ്റ്നാമിലേക്ക് ഒരു കാരണവശാലും തിരികെ വരരുതെന്നും യു. എസ്സില്‍
തന്റെ ചാരപ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്നും മാന്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നത്
അവഗണിച്ച്, തിരിച്ചു പോകുന്ന പ്രവാസി സൈനികരെ പിന്തുടരാന്‍
തീരുമാനിക്കുന്നതാണ് ക്യാപ്റ്റന്റെ ദുരന്തത്തിനു നിമിത്തമാകുന്നത്. വിയറ്റ്‌നാമില്‍
എത്തുന്നതോടെ ദുരൂഹമായ വിധത്തില്‍ തടവിലാക്കാപ്പെടുന്ന ഘട്ടത്തില്‍ ഭേദ്യ മുറയുടെ
ഭാഗമായി എഴുതുന്ന കുറ്റസമ്മതം/ ഏറ്റു പറച്ചില്‍ ആണ് നാം വായിക്കുന്ന നോവലിന്റെ ഉള്ളടക്കം. 294 പേജ്
വരുന്ന മൊഴിയെ കുറിച്ച് നോവലിന്റെ 294-മത് പേജില്‍ തന്നെയാണ് നാം
വായിക്കുന്നത്. മൊഴി പക്ഷെ അയാളുടെ ജീവ ചരിത്രം തന്നെയാണ്. ഒട്ടും
വിട്ടു വീഴ്ച ചെയ്യാതെ, ഒന്നും ഒളിച്ചു വെക്കാതെ, മുഷ്ടിമൈഥുനത്തിന്റെ കഥ പോലും
ആവിഷ്കരിക്കുന്ന വെളിപ്പെടുത്തല്‍ പക്ഷെ വെറും വൈയക്തിക ആവിഷ്കാരത്തില്‍
ഒതുങ്ങുന്നില്ല. "കൂട്ടക്കൊല അശ്ളീലമാണ്. പീഠനം അശ്ളീലമാണ്. മൂന്നു
ദശലക്ഷം മരണം അശ്ളീലമാണ്. മുഷ്ടിമൈഥുനമോ, ആരും സമ്മതിക്കും വിധം
വ്യക്തമായും കഥയില്ലാത്ത ഒരു കണവയുമായാണെങ്കിലും? അത്രക്കില്ല. എന്റെ
കാര്യം പറഞ്ഞാല്‍ , "മുഷ്ടി മൈഥുനം" എന്ന വാക്കിലേറെ "കൊല" എന്ന
വാക്ക് ഉച്ചരിക്കുന്നത് നമ്മെ പിറുപിറുക്കലിലേക്ക് എത്തിക്കുന്നുവെങ്കില്‍ ലോകം
ഒന്ന് കൂടി നല്ല ഒരിടമാകും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .” എന്നാല്‍
അയാളുടെ ഏറ്റുപറച്ചിലിന്റെ വിട്ടുവീഴ്ചയില്ലായ്മ അത് ബോധ്യപ്പെടെണ്ടവരെ മാത്രം
തൃപ്തിപ്പെടുത്തുന്നില്ല. ഭേദ്യമുറയുടെ മേധാവി വിശദീകരിക്കുന്നു: "നിന്നെപ്പോലുള്ളവര്‍
നീക്കം ചെയ്യപ്പെടണം, കാരണം നിങ്ങള്‍ വിപ്ലവത്തിന്റെ വിശുദ്ധിയെ നശിപ്പിക്കുന്ന
പകര്‍ച്ച വ്യാധി പേറുന്നുണ്ട്. എന്റെ ദൗത്യം നിന്നെ ഉന്മൂലനം ചെയ്യേണ്ടതില്ലെന്നും തുറന്നു
വിടാവുന്നതാണ് എന്നും തെളിയിക്കലാണ്. കൃത്യമായും അതിനു വേണ്ടിയാണ്
ഞാനീ പരീക്ഷാ മുറി തയ്യാറാക്കിയിരിക്കുന്നത്.” പാഠപുസ്തക മാര്‍ക്സിസത്തിന്റെ
ജാര്‍ഗണുകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെടുന്നു: "മിലിട്ടറി കമാണ്ടാന്റും
പൊളിറ്റിക്കല്‍ കമ്മിസാറും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ജീവിച്ചിരിക്കുന്ന
പ്രതിരൂപങ്ങളാണ്. ഞങ്ങളാണ് തീസിസും ആന്റി തീസിസും. അതില്‍
നിന്ന് കൂടുതല്‍ ശക്തമായ സിന്തസിസ് ഉത്ഭവിക്കും. ശരിക്കുമുള്ള വിപ്ലവ അവബോധം.”
ഭേദ്യമുറകളുടെ മേലാവി തന്റെ ചിരകാല സുഹൃത്ത് മാന്‍
തന്നെയാണ് എന്ന് ഞെട്ടലോടെയാണ് അയാള്‍ തിരിച്ചറിയുക. താനെപ്പോഴും വിപ്ലവത്തിന്റെ
കൂടെയായിരുന്നു എന്ന വിശദീകരണം ഗുണം ചെയ്യുന്നില്ല. 'അമേരിക്കന്‍ ' വഴികളില്‍
മലിനപ്പെട്ടു പോയ അയാളെ 'പുനര്‍ വിദ്യാഭ്യാസം' ചെയ്യിച്ചു 'ശുദ്ധീകരിക്കാന്‍ ' വേണ്ടിയാണ്
ഏകാന്തവാസം എന്ന വിശദീകരണമാണ് അയാള്‍ക്ക് കിട്ടുക. ഉറക്കം നിഷേധിക്കുകയും അതിനു
വേണ്ടി മാരകമല്ലാത്ത വൈദ്യുതാഘാതം ഉപയോഗിക്കുകയും കുത്തിവെപ്പ് നടത്തുകയും ചെയ്തു
കൊണ്ട് ഇരയുടെ ബോധമണ്ഡലത്തെ വിഘടിപ്പിക്കുക എന്ന രീതിയാണ് അയാളില്‍
പ്രയോഗിക്കപ്പെടുന്നത്. "തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉറങ്ങാനൊക്കില്ല. വിപ്ലവകാരികള്‍
നിദ്രാ വിഹീനരാണ്, ചരിത്രത്തിന്റെ ദുസ്വപ്നങ്ങള്‍ കാരണം ഉറങ്ങാനാവാത്തവിധം
ചകിതരായവര്‍ , ലോകത്തിന്റെ രോഗാതുരത കാരണം ഉണര്‍വ്വിലും താഴെ കഴിയേണ്ടും
വിധം വിഷമത്തിലായവര്‍ , അഥവാ അങ്ങനെയാണ് കമാണ്ടാന്റ് പറഞ്ഞത്". പിടിക്കപ്പെട്ട
വനിതാ കമ്യൂണിസ്റ്റ് ഏജന്റിനെ പീഡിപ്പിക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്തു
എന്നതടക്കമുള്ള ചെയ്തിട്ടില്ലാത്ത കുറ്റങ്ങള്‍ ഏറ്റു പറയാന്‍ ഇപ്പോള്‍ അയാള്‍ക്ക്
മടിയില്ല. പിതൃവധം സ്വപ്നം കണ്ടിരുന്നു എന്ന്
രേഖപ്പെടുത്തിയിട്ടുള്ളയാള്‍ തന്‍ അത് ചെയ്തു എന്നും ഏറ്റു പറയണം. ശ്രേണീബദ്ധമായ
വിപ്ലവാധികാര സ്വരൂപത്തില്‍ മാന്‍ സ്വയം ഒരു കണ്ണി മാത്രമാണെന്നും സുഹൃത്തിന്
വേണ്ടി അയാള്‍ക്ക് പരമാവധി ചെയ്യാനാവുക കൊല്ലപ്പെടുന്നതില്‍ നിന്ന് 'പുനര്‍
വിദ്യാഭാസം' ചെയ്യിച്ചു പ്രസ്ഥാനത്തിന് ഉപയോഗപ്പെടുത്താം എന്ന ധാരണയില്‍
രക്ഷപ്പെടുത്തല്‍ മാത്രമാണെന്നും മാന്‍ അയാളോട് പറയുന്നു. നോവലിന്റെ
തുടക്കത്തില്‍ തന്നില്‍ സ്വയം കണ്ടെത്തിയ ഇരുവശം കാണുന്ന വ്യക്തിത്വ സ്വഭാവം മാന്‍
എന്ന സുഹൃത്തിനെ മനസ്സിലാക്കാന്‍ അയാള്‍ക്ക് തുണയാവുന്നുണ്ട്. "അയാള്‍
കമ്മിസാര്‍ ആയിരുന്നു, പക്ഷെ അയാള്‍ മാന്‍ തന്നെയും ആയിരുന്നു; അയാളെന്റെ
ഭേദ്യക്കാരന്‍ ആയിരുന്നു, പക്ഷെ എന്റെ വിശ്വസ്തനും; അയാള്‍ എന്നെ പീഠിപ്പിച്ച
ഭീകരനായിരുന്നു, പക്ഷെ എന്റെ സുഹൃത്തും. ചിലര്‍ പറഞ്ഞേക്കാം ഞാന്‍
ഓരോന്ന് കാണുകയാണെന്ന്, എന്നാല്‍ യഥാര്‍ത്ഥ ഭ്രമക്കാഴ്ച്ച, തന്നെയും
മറ്റുള്ളവരെയും അവിഭജിതരും പൂര്‍ണ്ണരും ആയി കാണുന്നതാണ്, ഫോക്കസില്‍
നില്‍ക്കുക എന്നത് ഔട്ട് ഓഫ് ഫോക്കസ് ആവുന്നതിനേക്കാള്‍ യഥാര്‍ത്ഥമാണ് എന്ന
മട്ടില്‍ . നമ്മള്‍ കരുതി കണ്ണാടിയിലെ നമ്മുടെ പ്രതിരൂപമാണ് ശരിക്കും
നമ്മളെന്ന്; സത്യത്തില്‍ നാം നമ്മളെ കാണുന്നതും മറ്റുള്ളവര്‍ നമ്മളെ
കാണുന്നതും പലപ്പോഴും ഒരേ പോലെയല്ല എന്നിരിക്കെ. അത് പോലെത്തന്നെ, നാം
നമ്മളെ തന്നെ ഏറ്റവും വ്യക്തമായി കാണുന്നു എന്ന് വിചാരിക്കുമ്പോള്‍ പലപ്പോഴും നാം
നമ്മെ തന്നെ വഞ്ചിക്കുകയായിരുന്നു.” മറ്റാര്‍ക്കും കഴിയാത്ത വിധം കൂട്ടുകാരന്റെ പ്രതിസന്ധി
തനിക്കു മനസ്സിലാവുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു, “കാരണം
ഇരട്ട മുഖമുള്ള ഒരാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് മറ്റൊരു ഇരട്ട മുഖക്കാരനെ
തിരിച്ചറിയാനാവുക?” നാപാം സ്ഫോടനത്തില്‍ മുഖത്തെ മാംസം വാര്‍ന്നു
തിരിച്ചറിയാനാവാത്ത വിധം വിരൂപനായ മാന്‍ , ഇപ്പോഴും പഴയ പാഠപുസ്തക വിപ്ലവ
കാര്‍ക്കശ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നത് വിചിത്രമായും അയാള്‍ക്ക്
അനുഭവപ്പെടുന്നുണ്ട്, "അയാള്‍ ഒരു വിഡ്ഢിയൊ, സ്വന്തം കാര്യം നോക്കാന്‍
വയ്യാത്ത വിധം മിടുക്കനോ ആയിരുന്നോ? അയാള്‍ ചരിത്രത്തിന്റെ ശരിയായ
വശമാണോ അതോ തെറ്റായ വശമാണോ തെരഞ്ഞെടുത്തത്? ഈ ചോദ്യങ്ങളെല്ലാം
നമ്മളെല്ലാവരും ചോദിക്കേണ്ടത് തന്നെയായിരുന്നില്ലേ? അതോ, ഇതൊക്കെ
ഞാന്‍ മാത്രം വ്യാകുലപ്പെടേണ്ട കാര്യമാണോ?”
'ബോട്ട്
പീപ്പിള്‍ ' - പാശ്ചാത്യ മാധ്യമ നിര്‍മ്മിതി:
നോവലന്ത്യത്തില്‍ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിലും ഫലപ്രദമായ, വേണ്ടിടത്തെത്തുന്ന
വന്‍ കൈമടക്കിന്റെ ബലത്തില്‍ മാന്‍ ഒരുക്കിക്കൊടുക്കുന്ന അവസരം ഉപയോഗിച്ച് 'ബോട്ട്
പീപ്പിള്‍ ' പ്രതിഭാസത്തിന്റെ ഭാഗമായി രക്ഷപെടാന്‍ തയ്യാറെടുക്കുന്ന
കഥാപാത്രത്തെ നാം കാണുന്നു. "ഞാന്‍ മുമ്പും അഭയാര്‍ഥികളെ കണ്ടിട്ടുണ്ടായിരുന്നു... യുദ്ധം
ദക്ഷിണ ദേശത്തുള്ള ദശ ലക്ഷങ്ങളെ സ്വദേശത്ത് ഭവന രഹിതരാക്കിയപ്പോള്‍ . എന്നാല്‍
മനുഷ്യകുലത്തിന്റെ ഈ ചവറുകൂട്ടം മറ്റൊരു പുതിയ സ്പിഷീസ് ആയിരുന്നു. പാശ്ചാത്യ
മീഡിയ അതിനൊരു പുതിയ പേര് നല്‍കിയത് തികച്ചും അനന്യമായിരുന്നു, 'ബോട്ട്
പീപ്പിള്‍ ' , ആമസോണ്‍ നദിയില്‍ പുതുതായി കണ്ടെത്തപ്പെട്ട ഒരു വര്‍ഗ്ഗമെന്നോ
അല്ലെങ്കില്‍ ഒരു ജലയാന സംവിധാനം മാത്രം അതിജീവിച്ച അടയാളമായി ബാക്കിവെച്ച് മറഞ്ഞ
ഏതോ നിഗൂഡമായ പ്രാക്തന ചരിത്ര ജനത എന്നോ തോന്നാവുന്ന സംജ്ഞ.” അഭയാര്‍ഥികളും
നാട് കടത്തപ്പെട്ടവരും പ്രവാസികളും സമയത്തില്‍ വര്‍ത്തുളമായി ചലിക്കാന്‍
ശപിക്കപ്പെട്ടവരാണ് എന്ന് അയാള്‍ നിരീക്ഷിക്കുന്നു.
തടവറയില്‍ അടക്കപ്പെട്ട രാഷ്ട്രീയത്തടവുകാരന്‍ വിശദമായ
കുറ്റസമ്മത മൊഴി എഴുതേണ്ടിവരികയും അതിനു ആത്മകഥയുടെയും ഒപ്പം ദേശ
ചരിത്രത്തിന്റെയും മാനം വന്നു ചേരുകയും ചെയ്യുന്നതിന് സമകാലിക സാഹിത്യത്തില്‍ ഏറെ
ഉദാഹരണങ്ങളുണ്ട്. ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ 'യാലോ' എന്ന
നോവലില്‍ കഥാനായകനായ യാലോ, ശിക്ഷകര്‍ തൃപ്തരാവും വരെ വീണ്ടും വീണ്ടും ഈ പ്രക്രിയയില്‍
ഏര്‍പ്പെടെണ്ടിവരുന്നത്തിലൂടെ അയാളുടെ ജീവിത കഥ മാത്രമല്ല, ആധുനിക
ലബനോനിന്റെ ഹിംസാത്മക രാഷ്ട്രീയ ചരിത്രം കൂടിയാണ് വെളിപ്പെടുന്നത്. ദി
സിംപതൈസര്‍ ഒരേ സമയം പല രീതിയില്‍ വായിക്കപ്പെടാവുന്ന കൃതിയാണ്: അതൊരു
സ്പൈ നോവലാണ്, ഒരു യുദ്ധ നോവലും, പ്രവാസ നോവലും, രാഷ്ട്രീയ
നോവലുമാണ്, ഒപ്പം ഒരു ബൗദ്ധിക ആശയങ്ങളുടെ നോവലായും സിനിമാ നോവലായും
നോവലുകളെ കുറിച്ച് തന്നെയുള്ള നോവലായും അത് വായിച്ചെടുക്കാം. വിയെറ്റ്നാം
യുദ്ധം പില്‍ക്കാല സാമൂഹിക ബോധ്യങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ട ആവിഷ്കാര
രൂപങ്ങളെല്ലാം നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നതാണ് ആ ദുരന്ത ചരിത്ര
ഘട്ടം പിന്നിട്ടു നാലു പതിട്ടാണ്ടിപ്പുരം എഴുതപ്പെട്ട നോവലിന്റെ ഈ ബഹുരൂപ
പ്രാപ്തിക്കു നിദാനം. ഇടക്കൊക്കെ ആസ്വാദനം ക്ലിഷ്ടമാകുന്ന വല്ലാത്തൊരു വിസ്തൃതി
നോവലില്‍ കടന്നു വരുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട് എന്ന് പറയാം.
(ഉള്ളെഴുത്ത് മാസിക ഒക്ടോബര്‍ 2017)
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 264-273)