Featured Post

Tuesday, April 8, 2014

പതിരെഴുത്ത്


ഉണ്ണീന്‍ ഹാജിയുടെ മെതിക്കളത്തില്‍
ആള്‍ പൊക്കമുള്ള ഉലക്കയായിരുന്നു
ഉമ്മയുടെ ചിഹ്നം.
നീറിപ്പുകയുന്ന പച്ച വിറകുകള്‍
ഇത്താത്തമാരുടെയും.
ഇളയതുങ്ങള്‍ വിശപ്പുകൊണ്ടാണ്
അടയാളപ്പെട്ടത്‌.
വറുതിയും വസൂരിയും വന്നുപോയ
നാട്ടുപാതകളില്‍
മെലിഞ്ഞ മടിശ്ശീലയായി
ഇടക്കെപ്പോഴോ ഒരു ഉഷ്ണക്കാറ്റ്‌-
വിണ്ട പാദങ്ങളായി ബാപ്പ.

മെതിക്കളങ്ങള്‍ നാട് നീങ്ങിയപ്പോള്‍
ക്ഷതം പറ്റിയ സന്ധികളില്‍
ഉമ്മ നേരത്തെ യാത്രയായി.
ദേശാടനത്തിന്റെ ഭിക്ഷാടനത്തിന്
അവധി കൊടുത്ത്
ബാപ്പ മുന്നേ പോയി.
കൊച്ചു മക്കള്‍ക്കോ
വിശപ്പൊരു കഥാവസ്തുവായി.

ഇടയിലൊരുവനുണ്ടായിരുന്നു-
അള്‍സറിന്റെ ഇടനാഴിയില്‍
ഒറ്റപ്പെട്ടുപോയവന്‍.
കിനാക്കാലമായിരുന്നു അവനന്നും.
ചിറകില്ലാതെയും പറക്കാമെന്ന്
തന്നോട് തന്നെ ഭള്ളു പറഞ്ഞവന്‍.
എന്നിട്ട് ദാ, ഇവിടെ
ഈ പതിരെഴുത്തു മെതിക്കളത്തില്‍
പണ്ടാരമടങ്ങിയവന്‍.

Monday, April 7, 2014

ജ്ഞാനയോഗം

വലിയ ഗ്രന്ഥങ്ങളാണ് വായിച്ചു തീര്‍ത്തത് .
എന്നാല്‍
ജ്ഞാനികളുടെ മലയോരങ്ങളില്‍
ഗ്രന്ഥപ്പുരകളല്ലായിരുന്നു.
അവിടമാകെയും
ഗുരുപ്രസാദങ്ങളുടെ നിറവ്.
കാടിന്റെ ഹരിതം കൊണ്ട്
പച്ച കുത്തിയവര്‍ .
ദേശാടനക്കിളികളോട്
ലോക വിശേഷം കതോര്‍ത്തവര്‍
തൂക്കണാം കുരുവിയോട്
വീടു വെക്കാന്‍ പഠിച്ചവര്‍.
നീരൊഴുക്കില്‍ നിന്ന് താളം
പൂമൊട്ടിനോട് ധ്യാനം
പുളിയുറുമ്പിനോട് കര്‍മ്മവേഗം.
തേനീച്ചകളോട് കൂട്ടം ചേരല്‍
മിന്നമിന്നിയോടു പ്രണയം .

സമതലങ്ങളില്‍
പാറയില്‍ വീണ വിത്തില്‍
അനപത്യ ദുഃഖം കണ്ടവര്‍ക്ക്
മുളച്ച നാമ്പില്‍ നിത്യതയുടെ പാഠം.
ആഴങ്ങള്‍ തേടുന്നവര്‍ക്ക്
അടിയൊഴുക്ക് മറന്നും ശാന്തരാവാന്‍
കടലിന്റെ മന്ത്രം.
വലിയ സ്വപ്നാടകര്‍ക്ക്
ഉയര്‍ന്നു പൊങ്ങുമ്പോഴും തണുത്തു പെയ്യാന്‍
മുകിലിന്റെ ദര്‍ശനം.
ഒടുവില്‍
കൊടുമുടികള്‍ താണ്ടിയോന്
ഇടിമിന്നലിന്റെ വചന സാക്ഷ്യം.

Wednesday, April 2, 2014

വിട്ടു പോവാത്ത ചിഹ്നങ്ങള്‍

വിട്ടു പോവാത്ത ചിഹ്നങ്ങള്‍

മലപ്പുറം ഗവണ്‍മെന്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. 'വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നു വരുന്ന എന്റെ ലോറിയുടെ കിളി' ലൈന്‍ അല്ലെങ്കിലും (അത് പിന്നെയും നാലഞ്ചു കൊല്ലം കഴിഞ്ഞാണ് സംഭവിക്കുന്നത്‌) നമ്മള്‍ അന്ന് ഏതാണ്ട് അങ്ങനെ ആയിരുന്നു. രണ്ടു - മൂന്നു ആഴ്ച വളാഞ്ചേരി- മണ്ണാര്‍ക്കാട് റൂട്ടില്‍ സ്വകാര്യ ബസ്സില്‍ അത്യുന്നതമായ 'ചെക്കര്‍' പോസ്റ്റ്. ഇടയ്ക്കു ഒരു ഡാവിന് ഒരാഴ്ച്ച കോളേജ് പഠിത്തം. അഞ്ചു പീരിയഡ് ഉള്ള ദിവസത്തില്‍ മൂന്നും പിന്നെ രണ്ടും പീരിയഡ് കട്ട് ചെയ്തു നൂണ്‍ ഷോക്ക് അങ്ങ് കോഴിക്കോട് ക്രൌണിലേക്കും തിരൂര്‍ ഖയ്യാമിലെക്കും മക്കെന്നാസ് ഗോള്‍ഡും ഒമര്‍ മുഖ്താറും ഇടയ്ക്കു ഷോണ്‍ കോണറി / റോജര്‍ മൂര്‍ ജെയിംസ് ബോണ്ടും കാണാന്‍ ടി. ആവശ്യത്തിനായി പ്രത്യേകം സ്വരുക്കൂട്ടിയെടുത്ത കണസഷന്‍ പാസ്സുമായി പോവുകയും ഇടക്കെപ്പോഴെങ്കിലും ഏറെ ഇഷ്ടമുള്ള ഒരു ക്ലാസില്‍ - ഇംഗ്ലീഷ് ആയിരുന്നു അത് എന്നത് ഒരു 'സാമ്രാജ്യത്വ വിധേയത്ത'മായും കാണാം - ഒന്ന് എത്തിനോട്ടം നടത്തുകയും ചെയ്തിരുന്ന കാലം. കൊല്ലാവസാനം സി - സോണില്‍ ഉറപ്പായും ഒരു നാടകം, അതും ആംഗലേയത്തില്‍. അതൊക്കെയൊരു കാലം .

എല്ലായിടത്തുമെന്ന പോലെ സ്നേഹത്തോടൊപ്പം വേദന എന്ന ബുദ്ധാനുഭവത്തിനു അന്നുമുണ്ടൊരു കനത്ത സാക്ഷ്യം. അതിതാണ്: ഭാഷയോടുള്ള അടുപ്പം തിരിച്ചറിഞ്ഞതു കൊണ്ടാവാം ഏറെ സ്നേഹവും പരിഗണനയും തന്നിരുന്ന ഒരു ഇംഗ്ലീഷ് അധ്യാപകനുണ്ടായിരുന്നു. ശിഷ്യന്‍ എന്നതിനപ്പുറം ഒരു രക്ഷിതാവിനെ പോലെ ഉപദേശിക്കയും 'നീ ലിറ്ററേച്ചറിനു പോകണം' എന്ന് അന്നേ കൊതിപ്പിക്കുകയും ചെയ്ത ഹൃദയാലു. ഫാറൂഖ് കോളേജില്‍ നല്ല കാമ്പസും ഒന്നാം തരം ലൈബ്രറിയുമുണ്ട്, പക്ഷെ അവിടെ അമേരിക്കന്‍ ലിറ്ററെച്ചര്‍ ഇല്ല; അതും കൂടി ചേരുമ്പോഴേ ഇംഗ്ലീഷ് സാഹിത്യ പഠനം സമഗ്രമാവൂ എന്ന് ഓര്‍മ്മപ്പെടുത്തിയ ആള്‍. ഒരു മാതിരി ഇംഗ്ലീഷ് ഭാഷാ സാഹിത്യ വിദ്യാര്‍ത്ഥികളൊക്കെയും അത്ഭുതാദരങ്ങളോടെ സ്മരിക്കുന്ന സാക്ഷാല്‍ ഷെപ്പേര്‍ഡ് സാറിന്റെ ശിഷ്യന്‍. പില്‍ക്കാലത്ത് ആ മഹാനായ അധ്യാപകന്റെ ക്ലാസ്സിലിരുന്നു തയ്യാറാക്കിയ 'വേസ്റ്റ് ലാന്റ്' നോട്ട്സ് എനിക്ക് സമ്മാനിക്കുകയും ഒരിക്കലും നേരിലനുഭവിച്ചിട്ടില്ലാത്ത ആ ഗുരുപ്രസാദം ഹൃദയം നിറയെ പകുത്തെടുക്കാന്‍ അവസരം തരികയും ചെയ്ത എന്റെ വഴിവിളക്ക്. അന്ന് കോളേജിലെ ഏറ്റവും സുമുഖനായ അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു സാറ്. ഡിഗ്രി വിദ്യാര്‍ത്ഥികളായ ഞങ്ങളെക്കാള്‍ ആറോ ഏഴോ വയസ്സിനു മാത്രം മൂത്തയാള്‍. ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. മുന്‍പ് എസ്. എസ്. എല്‍. സി വരെ പഠിച്ച ഒരു മത - മതേതര പഠന ശാലയിലെ എന്റെ സഹപാഠിയെ ആയിരുന്നു സാറ് വിവാഹം കഴിച്ചിരുന്നത്. കുരുത്തം കെട്ടവനെങ്കിലും അങ്ങനങ്ങ് എഴുതി തള്ളേണ്ട എന്ന് ആ പഴയ സതീര്‍ത്ഥ്യ പറഞ്ഞിരുന്നുവെന്നു പിന്നെയാണ്, ഒരിക്കല്‍ ഒരുമിച്ചിരുന്നു സാറിന്റെ വീട്ടില്‍ നിന്ന് അവള്‍ തന്നെ വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സാറ് തന്നെ പറഞ്ഞത്. സാറിന്റെ രണ്ടു കുഞ്ഞുമക്കളെയും വല്ലാതെ ഇഷ്ടമായിരുന്നു അന്നേ.

ഒരിക്കല്‍ വേനലവധിയും രണ്ടു മൂന്നാഴ്ചത്തെ ബസ്സിലെ ജോലിയും കഴിഞ്ഞു പോക്കറ്റിലിത്തിരി 'ചിക്കിലി'യുമായി കൂട്ടുകാര്‍ക്കിടയില്‍ ഒന്ന് ഷൈനിക്കാന്‍ പാകത്തില്‍ കോളേജ് കുമാരനായി പുനരവതരിച്ചതായിരുന്നു നമ്മള്‍. ആദ്യ ദിവസത്തിന്റെ ആലസ്യത്തില്‍ പ്രിയപ്പെട്ട സാറിന്റെ ക്ലാസ്സിലും കേറിയില്ലായിരുന്നു. എങ്കിലും പുറത്തു വെച്ച് സാറിനെ കണ്ടപ്പോള്‍ ഒന്ന് സൗഹൃദം പുതുക്കാതെ വയ്യാത്തത് കൊണ്ട് അടുത്തു ചെന്നു. ഓരോന്നൊക്കെ ചോദിച്ചു. സല്‍മ സുഖമായിരിക്കുന്നോ, കുട്ടികള്‍ക്ക് വിശേഷമൊന്നുമില്ലല്ലോ.... അങ്ങനെ. ഇല്ല , ഇപ്പൊ ഒക്കെ ഒരു മാതിരി നോര്‍മല്‍ ആയി... ചെറിയോന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് അവള്‍ക്കു പ്രയാസമുണ്ട്. അത്രേയുള്ളൂ എന്ന് മറുപടി .. എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഭാവം കണ്ടിട്ടാവണം സാറ് തന്നെയാണ് പറഞ്ഞത്. അവന്‍ മരിച്ചു, രണ്ടാഴ്ചയോളം ആശുപത്രിയില്‍ കിടന്നെങ്കിലും രക്ഷിക്കാനായില്ല.

ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല അപ്പോള്‍. അല്ലെങ്കിലും എന്ത് ചോദിക്കാനാണ്!

പിന്നെയാണറിഞ്ഞത്. ചെറിയോനും ഏട്ടനും തമ്മിലുള്ള കളിക്കിടയില്‍ ഗോവണിപ്പടിയില്‍ നിന്ന് വീഴുകയായിരുന്നു മൂത്തവന്‍. അത് പക്ഷെ അവനെ കൊണ്ട് പോയി.

പിന്നീടൊരിക്കല്‍ സാറ് പറഞ്ഞിട്ടുണ്ട് എന്ത് കൊണ്ട് വീട്ടില്‍ സ്വീകരണ മുറിയില്‍നിന്നു ആല്‍ബങ്ങളൊക്കെ എടുത്തു മാറ്റിയെന്ന് . ചിത്രങ്ങള്‍ കാണുമ്പോഴൊക്കെ ഇളയവന്റെ ചോദ്യം ഏട്ടനെവിടെ എന്ന്. എല്ലായിടത്തും അവന്റെ ചിഹ്നങ്ങളാണെന്നു നെഞ്ചു പിടയുന്നൊരുമ്മ.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും സമാനമായ ഒരു നീറ്റലിലൂടെ കടന്നു പോയി. ഇത്തവണ ആത്മഹത്യയുടെ രൂപത്തില്‍ മരണം റാഞ്ചിയെടുത്തത് എനിക്ക് പുത്രീതുല്യയായ ഒരുവളെയായിരുന്നു. ഈ ലോകത്തിനു സഹിക്കാവുന്നതിലേറെ നിഷ്കളങ്കതയുമായി ഇവിടെ വരുന്നവരെ നമ്മള്‍ അവിടെ തന്നെയെത്തിക്കുമെന്നത് വീണ്ടും തെളിഞ്ഞ ഒരനുഭവം . സൈബര്‍ ഇടമായിരുന്നു എന്റെ പ്രിയ സുഹൃത്തിന്റെ മോളെ അവര്‍ക്ക് നഷ്ടപ്പെടുത്തിയത് . ഇന്ന് എവിടെത്തിരിഞ്ഞാലും അവളുടെ ചിഹ്നങ്ങളുള്ള ഒരു ലോകത്ത് ജീവിതമെന്ന വലിയ പ്രഹേളികയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഉന്നത സാമൂഹ്യ ശ്രേണിയിലുള്ള ആ സുഹൃത്തും കുടുംബവും ആശ്വാസ വാക്കുകളുടെ പൊള്ളത്തരത്തെയും പരിമിതികളേയും ഞങ്ങള്‍ സുഹൃത്തുക്കളെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഒരു കുഞ്ഞു കിന്നര ജന്മമായി മോഹിപ്പിച്ച് അനുവാദത്തിനു കാത്തിരിക്കാതെ തിരിച്ചു പോയ ഒരുവളെയോര്‍ത്തു ഒരു പ്രിയ സുഹൃത്ത് കുറിച്ച വരികള്‍ വായിക്കുമ്പോള്‍ ഇപ്പോള്‍ ഒരിക്കല്‍ കൂടി വിട്ടുപോവാത്ത ചിഹ്നങ്ങളെ കുറിച്ച് ഓര്‍ത്ത്‌ പോവുന്നു. ഓര്‍മ്മകള്‍ക്ക് ഒരു ശ്രാദ്ധമായി ഇപ്പോള്‍ ഞാന്‍ ഇങ്ങനെ കുറിക്കുന്നു:

അതങ്ങനെയാണ്:
അവര്‍ പ്രിയപ്പെട്ടവര്‍.
അവര്‍ വെറുതെയങ്ങു പോവില്ല.
അവരെപ്പോഴും കാത്തു വെക്കും
നക്ഷത്രങ്ങളില്‍
മയില്‍പ്പീലിത്തുണ്ടില്‍
ചായക്കോപ്പയില്‍
മഷികൂട്ടില്‍
വാക്കുകളുടെ കൂട്ടുചേരലില്‍
കിടക്കപ്പായിലെ തലയിണ മണത്തില്‍
പൊടി പിടിച്ച ജനല്‍പ്പാളിയില്‍
കുഞ്ഞു വിരല്‍പ്പാടിലെ പേരെഴുത്തില്‍
മച്ചിലെ പങ്കക്കൊളുത്തില്‍
കുളിമുറിയിലെ വാസന സോപ്പില്‍
ചോര വാര്‍ന്ന പൈപ്പിന്‍ ചുവട്ടില്‍
ഉപ്പ് മുളക് ചേരുവയില്‍
ജനാലവിരിയിലെ വര്‍ണ്ണ വിവേചനത്തില്‍
നിന്റെ ഹൃദയത്തിലെ പൂങ്കുയില്‍ പാട്ടില്‍
നീലക്കണ്ണാടിയിലെ കുങ്കുമപ്പൊട്ടില്‍
നിനക്കും നിനക്കും
സ്മൃതിനാശത്തിലും പട്ടു പോകാത്ത ചിഹ്നങ്ങള്‍.


രണ്ടു കവിതകള്‍


 1.

എവിടൊക്കെയോ ഇപ്പോഴും ഉറവകളുണ്ട്.
ദാഹിച്ചു മരിക്കാത്തതിന്
നീയതിനു നന്ദി പറയുക.
എവിടൊക്കെയോ ഇപ്പോഴും പൂമരങ്ങളുണ്ട്.
അപശബ്ദങ്ങളുടെ തലപ്പെരുക്കത്തിലും
ഒരു കുയില്‍ പാട്ടിന്
നീയവയോട് കടപ്പെട്ടിരിക്കുന്നു.
ആരൊക്കെയോ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട്.
ജീവിച്ചിരിക്കുന്നതിന്
അവരെയൊന്നു നമിക്കുക,
നിമിഷാര്‍ദ്ധമെങ്കിലും



2.

അതങ്ങനെയാണ്:
അവര്‍ പ്രിയപ്പെട്ടവര്‍.
അവര്‍ വെറുതെയങ്ങു പോവില്ല.
അവരെപ്പോഴും കാത്തു വെക്കും-
നക്ഷത്രങ്ങളില്‍
മയില്‍പ്പീലിത്തുണ്ടില്‍
ചായക്കോപ്പയില്‍
മഷികൂട്ടില്‍
വാക്കുകളുടെ കൂട്ടുചേരലില്‍
കിടക്കപ്പായിലെ തലയിണ മണത്തില്‍
മച്ചിലെ പങ്കക്കൊളുത്തില്‍
കുളിമുറിയിലെ വാസന സോപ്പില്‍
ചോര വാര്‍ന്ന പൈപ്പിന്‍ ചുവട്ടില്‍
ഉപ്പ് മുളക് ചേരുവയില്‍
ജനാലവിരിയിലെ വര്‍ണ്ണ വിവേചനത്തില്‍
നിന്റെ ഹൃദയത്തിലെ പൂങ്കുയില്‍ പാട്ടില്‍
നീലക്കണ്ണാടിയിലെ കുങ്കുമപ്പൊട്ടില്‍
നിനക്കും നിനക്കും
സ്മൃതിനാശത്തിലും പട്ടു പോകാത്ത ചിഹ്നങ്ങള്‍.

Wednesday, March 26, 2014

നിലയില്ലാക്കയങ്ങളിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍


കൂട്ടം കൂടിയാര്‍ത്തു വിളിച്ച്
കാടിളക്കി മലയിളക്കി
പാട്ടുപാടിത്തിമിര്‍ത്തു രസിച്ച്
ഈ മലയോരത്തെത്തും
വേഷം പകര്‍ന്നും വേഷമഴിച്ചും
കാട്ടാറില്‍ നീരാട്ടിനിറങ്ങും
മുന്നറിയിപ്പുകളുടെ കാവല്‍ മനസ്സ്
നീരൊഴുക്കിലൊഴുകിപ്പോവും.
ജലപാളികള്‍ പിളര്‍ന്നു മാറുമ്പോള്‍.
ആര്‍പ്പുവിളികള്‍ തേങ്ങലുകളാവും.
വിനോദയാത്രയുടെ മദപ്പാടിലേക്ക്
പുത്ര ദുഃഖം മരവിച്ചിറങ്ങും.
പെയ്തൊഴിയാകണ്ണുകളോടെ
ഓര്‍മ്മനാളുകള്‍ കടന്നു പോവും.

നീരാട്ടിനിറങ്ങുന്നവരോട് കിന്നരിക്കുന്ന
മീനുമ്മകളുടെ രഹസ്യമാണത്:
സ്വര്‍ണ്ണ മത്സ്യങ്ങളായ് തിരിച്ചു വരുന്നു
മുങ്ങി മരിക്കുന്ന കുഞ്ഞുങ്ങള്‍.

Saturday, March 22, 2014

ദേവദാസ് (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 8

ദേവദാസ് (1955) (ഹിന്ദി)
കഥ: ശരത്ചന്ദ്ര ചാറ്റര്‍ജി (നോവല്‍)
തിരക്കഥ: നബേന്ദു ഘോഷ്
സംഭാഷണം: രജീന്ദര്‍ സിംഗ് ബേദി
നിര്‍മ്മാണം, സംവിധാനം: ബിമല്‍ റോയ്


ശരത് ചന്ദ്ര ചാറ്റര്‍ജിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബിമല്‍ റോയ് സംവിധാനം ചെയ്ത് ദിലീപ് കുമാര്‍, സുചിത്ര സെന്‍, വൈജയന്തി മാല എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1956 – ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദേവദാസ്'. നോവലിന് ഇതിനു മുന്‍പും അതിനു ശേഷവും പല ചലചിത്ര ആവിഷ്ക്കാരങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ ചലച്ചിത്രരൂപം നരേഷ് മിത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിശ്ശബ്ദ ചിത്രമായിരുന്നു. പിന്നീട് 1935-ല്‍ പ്രമതെഷ് ബറുവ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ബംഗാളി ചിത്രം പുറത്തിറങ്ങി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം തന്നെ ഹിന്ദി ഭാഷയില്‍, ജമുന ബറുവ, ടി. ആര്‍. രാജകുമാരി എന്നിവരോടൊപ്പം സാക്ഷാല്‍ കെ. എല്‍. സൈഗാള്‍ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച ദേവദാസ് (1936) സംവിധാനം ചെയ്തു പുറത്തിറക്കി. ദക്ഷിണേന്ത്യന്‍ സിനിമയിലെ കുലപതികളില്‍ അഗ്രഗണ്യനായ സാക്ഷാല്‍ അക്കിനേനി നാഗേശ്വര റാവുവും സാവിത്രിയും അഭിനയിച്ച് വേദാന്തം രാഘവയ്യ സംവിധാനം ചെയ്ത തെലുങ്ക്‌ ഭാഷയിലുള്ള 'ദേവദാസ്' 1953-ല്‍ പുറത്തിറങ്ങി. പ്രമതെഷ് ബറുവയുടെയും സൈഗാളിന്റെയും നാഗേശ്വര റാവുവിന്റെയും ചിത്രങ്ങള്‍, ദിലീപ് കുമാര്‍ പതിപ്പ് പോലെ തന്നെ അതീവ പ്രാധാന്യമുള്ളവയാണ് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍.


ഫ്യൂഡല്‍ കാല ബംഗാളിന്റെ പശ്ചാത്തലത്തില്‍ ഉന്നത ബ്രാഹ്മണ കുടുംബാംഗമായ സമീന്ദാര്‍ മകന്‍ ദേവദാസും, ബ്രാഹ്മണ കുടുംബം തന്നെയെങ്കിലും ജാതീയ ശ്രേണിയില്‍ അല്‍പ്പം താഴ്ന്നവളും സാമ്പത്തികമായി മോശം അവസ്ഥയില്‍ ഉള്ളവളുമായ അയല്‍ വാസിയും കളിക്കൂട്ടുകാരിയുമായ പാര്‍വതി എന്ന പാരോയുമായുള്ള ദുരന്ത പ്രണയത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നതെന്ന് സ്ഥൂലമായി ചലച്ചിത്ര കഥാസാരം പറയാം. അനുസരണ ശീലം ഒട്ടുമില്ലാത്ത മകനെ സമീന്ദാര്‍ തന്റെ കല്‍ക്കത്തയിലുള്ള ബന്ധുക്കളുടെ അടുക്കലേക്ക് ഉന്നത പഠനത്തിനും മറ്റുമായി വിടുന്നത് മുതല്‍ തുടങ്ങുന്ന പ്രണയ ഭംഗത്തിന്റെയും വിരഹത്തിന്റെയും കഥ, മദ്യത്തില്‍ മുങ്ങിത്താഴുന്ന കഥാനായകന്റെ അപചയത്തിലും, ധൂര്‍ത്തിലും രോഗത്തിലും ഒടുവില്‍ ദുരന്തപൂര്‍ണ്ണമായ മരണത്തിലും കലാശിക്കുന്നു. മറുവശത്ത് സ്ത്രീജന്മത്തിന്റെ നിസ്സഹായതകളിലും കടമകളിലും കെട്ടുപാടുകളിലും പെട്ട് പാര്‍വ്വതി (സുചിത്ര സെന്‍) ആദ്യം പ്രണയ നഷ്ടത്തിന്റെയും പിന്നീട് ഇഷ്ടമില്ലാത്തെതെങ്കിലും ത്യാഗപൂര്‍ണ്ണവും സാമൂഹിക ബഹുമാനം ആര്‍ജ്ജിച്ചു കൊണ്ടുള്ളതുമായ കുടുംബ ജീവിതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കും വളരെ വൈകി മാത്രം നിസ്സഹായമായ, പരാജയം ഉറപ്പായ പ്രണയസാഫല്യത്തിന്റെ സംഗമ സാധ്യതയിലേക്കും മുന്നേറുന്നു. ദേവദാസിന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍ തെന്നലാവേണ്ടിയിരുന്ന ചന്ദ്രമുഖി (വൈജയന്തി മാല) യാവട്ടെ, ആട്ടക്കാരിയുടെ നികൃഷ്ട സാമൂഹികാവസ്ഥയുടെ നിസ്സഹായതയില്‍ വേദനിക്കാന്‍ മാത്രം വിധിക്കപ്പെട്ടവളും ആവുന്നു.

പ്രണയം വ്യത്യസ്ത ഭാവങ്ങളില്‍ ചിത്രത്തിലുടനീളം സാന്നിധ്യമാവുന്നുണ്ട്. ദേവദാസും പാരോയും കുട്ടിക്കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചങ്ങാത്തം ഇണങ്ങിയും പിണങ്ങിയും കരയിച്ചും വളര്‍ന്നു വരുന്ന അവരുടെ ഉള്ളിലെ അവര്‍ക്ക് തന്നെ തിരിച്ചറിയാത്ത ജന്മാന്തര ബന്ധമാണ് . ദേവദാസിനെ കല്‍ക്കത്തയിലേക്കയക്കുമ്പോള്‍ വിരഹത്തിന്റെ ആദ്യ പാഠങ്ങള്‍ അവരറിയുന്നുണ്ട്. ഒഴിവു കാലങ്ങളില്‍ തിരിച്ചു വരുമ്പോഴൊക്കെ പുന സമാഗമത്തിന്റെ ആശ്വാസം അവര്‍ അനുഭവിച്ചിരിക്കണം. യൗവനം അതിന്റെ കരവിരുത് പാരോയില്‍ പതിപ്പിച്ചു കഴിയുമ്പോള്‍, സങ്കോചവും ലജ്ജയും അവര്‍ക്കിടയില്‍ അതിരുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ദേവദാസിനു കുടുംബ മഹിമക്കൊത്ത വിവാഹം ആലോചിക്കുന്നുവെന്ന് അറിയുമ്പോള്‍ , അര്‍ദ്ധ രാത്രിയില്‍ അയാളെ തനിച്ച് കാണാനെത്തുന്ന പാരോ അവളൊരു വെറും തൊട്ടാവാടിയോ ഭീരുവോ അല്ലെന്നു തെളിയിക്കുന്നുണ്ട്. ഇത് നിനക്ക് ചീത്തപ്പേരുണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, നിനക്ക് വേണ്ടിയല്ലേ, എനിക്കതൊരു പ്രശ്നമല്ല എന്ന് നിസ്സങ്കോചം മറുപടി പറയുന്നുണ്ട് അവള്‍. എന്നാല്‍, സാമൂഹിക അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കാന്‍ ദേവദാസ് അറച്ച് നില്‍ക്കുമ്പോള്‍ ആത്മാഭിമാന ബോധത്തോടെ എന്റെയച്ചനും കഴിയും എനിക്കൊരു വിവാഹം ഉറപ്പിക്കാന്‍ എന്ന് അവള്‍ പറയുന്നു; അതൊരിക്കലും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും. അത്രയും ദുരഭിമാനം പാടില്ലെന്നും, സൗന്ദര്യത്തിന്റെ ആത്മ ബലത്തിലാണ് അങ്ങനെ പറയുന്നതെങ്കില്‍ എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ അതിനൊരു മുറിവ് കിടക്കട്ടെയെന്നും പറഞ്ഞാണ് ദേവദാസ് പാരോയുടെ നെറ്റിത്തടത്തില്‍ വടികൊണ്ട് ആഞ്ഞടിച്ചു മുറിവുണ്ടാക്കുന്നത്. പാരോ ആകട്ടെ, അത് ദേവദാസിനെ എന്നും ഓര്‍മ്മിക്കാനുള്ള പ്രണയ ചിഹ്നമായി മനസ്സിലെടുക്കുന്നു.


പ്രണയം വെറും സഹനമല്ലെന്നും അത് അഭിമാന പൂര്‍ണ്ണമായ പങ്കു വെക്കല്‍ ആണെന്നും വിശ്വസിക്കുന്ന പാരോയുടെ നേരെ എതിരറ്റത്താണ് ചന്ദ്രമുഖി. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് അവള്‍ക്കു പ്രണയം. പ്രണയ ദാസ്യം. ഒരര്‍ഥത്തില്‍ സമൂഹത്തിന്റെ മുഴുവന്‍ പരിഹാസത്തിന്റെയും നടുവില്‍ താന്‍ നയിക്കുന്ന ജീവിതത്തോട് വെറുപ്പ്‌ കാണിച്ച ഏക മനുഷ്യനോട്, തന്നില്‍ നിന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടതൊന്നും ആവശ്യപ്പെടാതെ തന്റെ സമയത്തിനു 'വില' നല്‍കിയ മനുഷ്യനോട് അവള്‍ വിധേയപ്പെടുന്നത്, അവളുടെ തന്നെ പൂര്‍വ്വ കാലത്തോട് അവള്‍ക്കുള്ള പ്രതിഷേധത്തിന്റെ കൂടി സൂചകമാണ്. വെറുപ്പും പ്രണയവും ഒന്ന് തന്നെയെന്ന ദ്വന്ദം. പ്രണയിക്കുന്നവനെ മുഴുവനും ആവശ്യപ്പെടുന്ന പാരോയും ഒന്നും ഒരിക്കലും ആവശ്യപ്പെടാത്ത ചന്ദ്രമുഖിയും ഒരേ പ്രണയ സത്യത്തിന്റെ രണ്ടു ഭിന്ന മുഖങ്ങളാണ്. ചന്ദ്രമുഖിയുടെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ജീവന്‍ തിരിച്ചു കിട്ടുന്ന ഘട്ടത്തില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിന്നെ നിഷേധിക്കാനാവില്ലെന്നു പറയുന്ന ദേവദാസിനോട് അവള്‍ അവളുടെ പ്രണയ സാരം വെളിപ്പെടുത്തുന്നുണ്ട്: എനിക്കത് മതി, അത് മാത്രം മതി. ചിരപരിചിതമായ ഈ 'ഭാരതീയ സ്ത്രീ'സങ്കല്‍പ്പം, പ്രകാശിപ്പിക്കപ്പെടുന്നത് സമൂഹം കല്ലെറിയുന്ന ഒരാട്ടക്കാരിയിലൂടെയാണ് എന്ന വസ്തുതയ്ക്ക് ഒരു വിഗ്രഹ ഭജ്ഞനത്തിന്റെ കൂടി തലമുണ്ടെന്നു വരാം.

പാരോയെയും ചന്ദ്രമുഖിയേയും അപേക്ഷിച്ച് ഒരു ഘട്ടത്തിലും സ്വതന്ത്രമായൊരു തെരഞ്ഞെടുപ്പോ കര്‍തൃത്വമോ പ്രദര്‍ശിപ്പിക്കുന്നില്ല ദേവദാസ്. അങ്ങനെയൊരു നിലപാട് ആവശ്യപ്പെടുന്ന ഘട്ടങ്ങളിലൊക്കെയും സ്വയം മദ്യത്തില്‍ അഭയം തേടുകയാണ് അയാള്‍. സ്നേഹത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് പാരോയും മറ്റൊരു ഘട്ടത്തില്‍ ചന്ദ്ര മുഖിയും അയാളോട് അപേക്ഷിക്കുന്നുണ്ട് മദ്യം ഉപേക്ഷിക്കാന്‍. അതിനും അയാള്‍ കൃത്യമായ മറുപടി കൊടുക്കുന്നില്ല ഒരു ഘട്ടത്തിലും. അയാള്‍ക്ക്‌ ഒന്നിന് മേലും സ്വാധീനമില്ല, തന്റെ തന്നെ ശീലങ്ങള്‍ ഉള്‍പ്പടെ. എല്ലാം അയാളില്‍ സംഭവിക്കുകയാണ്. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും അയാള്‍ സ്വയം സ്ഥാപിക്കുന്നതേ ഇല്ല. നിരാശനാവാന്‍, പരാജയപ്പെടാന്‍ ജനിച്ചവനാണയാള്‍.


ഹൃദയദ്രവീകരണ ക്ഷമമായ ഒരു ദുരന്ത പ്രണയ കഥ എന്ന നിലയില്‍ മാത്രമല്ല 'ദേവദാസ്' പ്രസക്തമാവുന്നത്. ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ അത്തരത്തിലുള്ള പ്രസക്തി തന്നെയും ഇക്കാലത്ത് അത്ര സംഗതമായി തോന്നിയേക്കില്ല. അതിഭാവുകത്വത്തിന്റെ സീമകള്‍ കടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളും അതി വൈകാരികതയും ഒട്ടൊക്കെ അരുചികരമായി പുതിയ തലമുറയ്ക്ക് തോന്നുകയും ചെയ്തേക്കാം. അത് കൊണ്ടൊക്കെത്തന്നെയാവണം കഥയുടെ പില്‍ക്കാല പുനസൃഷ്ടികളൊന്നും അത്ര ഏശാതെ പോയതും. എന്നാല്‍ കേന്ദ്ര കഥാപാത്രമായ ദേവദാസ് ആയി എക്കാലത്തെയും നിര്‍ണ്ണായക പ്രകടനം കാഴ്ച വെച്ച ദിലീപ് കുമാറും, പാരോ ആയി ഇനിയൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം പരകായപ്രവേശം നടത്തിയ സുചിത്രസെന്നും തങ്കപ്പെട്ട മനസ്സിന്റെ ഉടമയായ ആട്ടക്കാരി ചന്ദ്ര മുഖിയായി അഭിനയിച്ച വൈജയന്തി മാലയുടെ പകര്‍ന്നാട്ടവും ചിത്രത്തെ ചലച്ചിത്രാഭിനയത്തിന്റെ പാഠ പുസ്തകമാക്കുന്നതില്‍ നിര്‍വ്വഹിച്ച പങ്ക് എക്കാലവും പ്രസക്തമായിരിക്കും. അതിനുമപ്പുറം, ഏറ്റവും പ്രസക്തമായ കാര്യം പൊയ്പ്പോയ ഒരു കാലഘട്ടത്തിന്റെയും സംസ്കൃതിയുടെയും തിരു ശേഷിപ്പായി ചിത്രം നിലക്കൊള്ളുന്നു എന്നതാണ്. സ്വാതന്ത്ര്യ പൂര്‍വ്വ ഫ്യൂഡല്‍ ബംഗാളിന്റെ പശ്ചാത്തലത്തില്‍ പ്രഭു കുലങ്ങളുടെയും ദരിദ്ര ജീവിതം നയിക്കുന്ന സാധാരണ മനുഷ്യരുടെയും ഒപ്പം ഉന്നത സാമ്പത്തിക ശ്രേണികളില്‍ പെട്ടവരുടെ നേരമ്പോക്കിനായി നഗരങ്ങളില്‍ അടിഞ്ഞു പോവുന്ന കലാ സാംസ്ക്കാരിക ഉപഭോഗാസക്തിയുടെ ഇരകളായി ഉപജീവനം കണ്ടെത്തുന്ന വേരറ്റ മനുഷ്യരുടെയും ചിത്രീകരണം കൂടിയാവുന്നുണ്ട് ചിത്രം. ദേവദാസ് പ്രതിനിധാനം ചെയ്യുന്ന ഉന്നത കുല ജാതരുടെ ജീവിതം അക്കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ എങ്ങനെയാണ് സാമൂഹിക- സാമ്പത്തിക ഉച്ചനീചത്വങ്ങളെ നിലനിര്‍ത്തിയതെന്നും പാരോയുടെ സ്വതന്ത്ര ബുദ്ധിയും ആത്മാഭിമാനവും അവളുടെ സാമ്പത്തിക സ്ഥിതി ആവശ്യപ്പെടുന്ന വിധേയത്വ മനസ്സിനോട് എങ്ങിനെ എതിര്‍ ദിശയില്‍ ആവുന്നു എന്നതും ശ്രദ്ധേയമാണ്. ജന്മാന്തരങ്ങളുടെ ആഴമുള്ള പ്രണയ പാശത്തില്‍ പരസ്പരം ബന്ധിതരായിരിക്കുമ്പോഴും ഇരുവരും തങ്ങളുടെ സാമൂഹിക കെട്ടുപാടുകള്‍ സൃഷ്ടിക്കുന്ന മുന്‍ വിധികള്‍ മുറിച്ചു കടക്കുന്നതില്‍ പരാജയപ്പെടുന്നു. ഒടുവില്‍, അതങ്ങനെ ഏതാണ്ട് സാധിക്കാന്‍ തുടങ്ങുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്യുന്നു. തന്റെ ഗെയ്റ്റിനു വെളിയില്‍ മരിച്ചു കിടക്കുന്നത് ദേവദാസ് തന്നെയാണെന്നറിഞ്ഞു മറ്റുള്ളവരുടെ വിലക്കുകളോ കുല വധുവിന്റെ മര്യാദകളോ വക വെക്കാതെ ഓടിയണയാന്‍ ശ്രമിക്കുന്ന പാരോയ്ക്ക് മുന്നില്‍ അടഞ്ഞു പോവുന്ന പടുകൂറ്റന്‍ വാതിലുകള്‍, ആ മുറിച്ചു കടക്കല്‍ എത്ര മാത്രം ദുസ്സാധ്യമാണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.



Tuesday, March 18, 2014

വിലക്കുകളുടെ പുസ്തകം വായിക്കുമ്പോള്‍

ഞാനിപ്പോള്‍വിലക്കുകളുടെ പുസ്തം തുറക്കുന്നു.
ആദ്യകല്‍പ്പന ഇങ്ങനെ വായിക്കുന്നു:
നീതിമാനല്ലാത്തവന്‍ നീതിസാരം പറയരുത്.
അപ്പോഴേഅറം പറ്റുന്ന കവിതയില്‍നിന്നും
വഴിവിളക്കുകള്‍അണഞ്ഞു പോവുന്നു.
ഇരുള്‍സര്‍പ്പ സാന്നിധ്യമാകുന്നു.
ദൈവപുത്രന്മാരും രക്തസാക്ഷികളും
പടിയിറങ്ങുന്നു.
പാപികളും ചുങ്കക്കാരും
പാര്‍പ്പുറപ്പിക്കുന്നു.
കാരുണ്യത്തിന്റെപ്രവചന സ്വനങ്ങള്‍
വിപത്സന്ദേശങ്ങളുടെ മുരള്‍ച്ചയാവുന്നു.

കടലറിയാത്തവന്‍തിര മുറിക്കരുത് :
എന്റെവരികളില്‍ നിന്ന്
തിരകളുംതിമിംഗലങ്ങളും പിന്‍ വാങ്ങുന്നു.
ജലകന്യകമാര്‍ അന്തര്‍ദ്ധാനംചെയ്ത
ജലരഹിതമായകടലില്‍
മോശെയുടെവികലാനുകരണം പോലെ
ഞാന്‍തറഞ്ഞു നില്‍ക്കുന്നു.
ജലജീവികള്‍പിറക്കാതെ പോവുന്നു.
ദുര്‍വ്വിധികളിലേക്ക്കപ്പലോടിച്ചവര്‍
എന്റെദിക്കു തെറ്റിയ കപ്പിത്താന്മാര്‍
ജീവിതംപോലെ പാമരത്തില്‍ ബന്ധിതരായവര്‍
എവിടെയാണിനിമാസ്മര സംഗീതം കേള്‍ക്കുക!
എന്റെ കടല്‍പ്പക്ഷികള്‍,
ചേക്കയിടംനഷ്ടമായവര്‍-
അവരെഞാനെന്തു ചെയ്യണം ?
കടല്‍ക്കാറ്റിന്റെഈര്‍പ്പമില്ലാത്ത
സമതലങ്ങളുടെചുടുവാതത്തിലേക്ക്
അനാഥരാക്കണോ?
കടലില്‍മരിച്ച മുക്കുവര്‍
ഉപ്പോളങ്ങളില്‍ഒഴുകിമറഞ്ഞവര്‍
അഴുകിത്തീരാത്തഉടലുകളില്‍
അലഞ്ഞുതിരിയുന്നത്
ഞാന്‍സ്വപ്നം കാണുന്നു.

ചിറകുകളില്ലാത്തവന്‍ആകാശയാനമരുത്.
ഗഗനചാരികളായ എന്റെ കൂട്ടുകാരെ
എനിക്ക്നഷ്ടമാവുന്നു.
നിലാവില്‍
സുഷുപ്തിയുടെമേടണയുന്ന എന്റെ കിന്നരന്മാര്‍
ഇനിയെന്നെക്കൂടാതെതിരിച്ചു പോവും.
നക്ഷത്രജാലകത്തില്‍ നിന്ന്
എന്നെനോക്കിയിരിക്കുന്ന
അമ്മിഞ്ഞയുടെഉര്‍വ്വരത
മുമ്പില്ലാത്തവിധം അകന്നേ പോവുന്നു.
ജന്മത്തിന്റെകൂട് വെടിഞ്ഞാല്‍
പാര്‍പ്പുറപ്പിക്കാന്‍കാത്തു വെച്ച
എന്റെഗോളാന്തരങ്ങള്‍
വിലക്കുകളുടെപുസ്തകം
തട്ടിയെടുക്കുന്നു.

വിലക്കുകളുടെപുസ്തകം
കവിതയില്‍നിന്ന്
കവിത
തട്ടിയെടുക്കുന്നു.