Featured Post

Friday, November 3, 2017

The Sympathizer by Viet Thanh Nguyen

ഹോളിവുഡ് സൃഷ്ടിയല്ല വിയറ്റ്‌നാം 





രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ ‘ജനാധിപത്യ’ ശക്തികളും ‘കമ്മ്യൂണിസ്റ്റ്’ ചേരിയും എന്ന രീതിയില്‍ അമേരിക്കന്‍ - യൂറോപ്പ്യന്‍ ശക്തികള്‍ രണ്ടായി തിരിഞ്ഞതിന്റെ പരിണതിയായി ഉരുവം കൊണ്ട ‘ശീത യുദ്ധ’ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് ഭീഷണി നേരിടുന്ന ഏതു രാജ്യത്തെയും സഹായിക്കുക എന്ന വിദേശ നയം (Truman Doctrine-1947) പ്രസിഡണ്ട്‌ ട്രൂമാന്‍ പ്രഖ്യാപിച്ചത്ഒരു ദേശത്ത്‌ കമ്മ്യൂണിസം വിജയിക്കുന്നത് തുടര്‍ പ്രക്രിയയായി മറ്റിടങ്ങളിലും സമാന വിജയത്തിനു ഇടയാക്കുമെന്ന ഡൊമീനോ സിദ്ധാന്തം (1950) കൂടിയായപ്പോള്‍ അമേരിക്കന്‍ - യൂറോപ്യന്‍ ശക്തികള്‍ക്കിടയിലെ കമ്യൂണിസ്റ്റ് ഫോബിയ അതിന്റെ പാരമ്യത്തിലെത്തിഈ പൊറുതി മുട്ടിക്കുന്ന അവസ്ഥയുടെ ഏറ്റവും പ്രചണ്ഡമായ പ്രയോഗങ്ങളില്‍ ഒന്ന് 1955 മുതല്‍ 1975 വരെ രണ്ടു പതിറ്റാണ്ടുകാലം കൊടുമ്പിരിക്കൊണ്ട വിയറ്റ്‌നാം യുദ്ധമായിരുന്നുവിയറ്റ്‌നാമില്‍ അമേരിക്കന്‍ വിരുദ്ധ ചെറുത്തുനില്‍പ്പു യുദ്ധമെന്നറിയപ്പെട്ട സംഘര്‍ഷംലോകമെമ്പാടും യുദ്ധ വിരുദ്ധ വികാരവും അമേരിക്കന്‍ മേധാവിത്തത്തിന് നേരയുള്ള അമര്‍ഷവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചുമുമ്പില്ലാത്ത വിധം തിരിച്ചടികള്‍ നേരിടേണ്ടി വന്ന അമേരിക്കന്‍ സൈന്യത്തിന് ചരിത്രം മാപ്പുകൊടുക്കാത്ത നാണക്കേടായി ഇന്നും യുദ്ധത്തിന്റെ ഓര്‍മ്മകള്‍ നില നില്‍ക്കുന്നുഇതേ സാഹചര്യങ്ങളുടെ ഭാഗമായി വിയറ്റ്‌നാം വിട്ടു അമേരിക്കയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന കുടുംബത്തിലെ ഇളംമുറക്കാരന്‍ തന്റെ പ്രഥമ കൃതിയിലൂടെ ആ അനുഭവങ്ങളെ നാലു പതിറ്റാണ്ടിനിപ്പുറം ഫിക് ഷനിലേക്ക് ആവാഹിക്കുമ്പോള്‍ അതിനു സ്വാഭാവികമായും വന്നു ചേരാവുന്ന സങ്കീര്‍ണ്ണതകള്‍ 2016- ലെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി സിംപതൈസര്‍ എന്ന നോവലിനെ ചരിത്ര നോവലുകളുടെ തട്ടകത്തില്‍ ഏറ്റവും ശ്രദ്ദേയമായ ഒരു രചനയാക്കുന്നുണ്ട്.

ദ്വന്ദ്വ ഭാവംഇരു പുറം തേടല്‍ :

ഞാനൊരു ചാരനാണ്ഒരു ഉറക്കക്കാരന്‍ , ഒരു പ്രേതംദ്വിമുഖനായ ഒരാള്‍ . ഒരു പക്ഷെഅത്ഭുതമില്ലഞാന്‍ രണ്ടു മനസ്സിന്റെ ഉടമയാണ്ഞാന്‍ ഒരു ഭീകര സിനിമയിലെയോ കോമിക് പുസ്തകത്തിലെയോ തെറ്റിദ്ധരിക്കപ്പെട്ട ഒരു പരിണാമ രൂപിയല്ലചിലരൊക്കെ എന്നെ അങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലുംഎനിക്കാകെയുള്ള പ്രശ്നം ഞാന്‍ ഏതു വിഷയത്തെയും ഇരു വശങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നവനാണ് എന്നതാണ്വിയെറ്റ് താംഗ് എന്‍ഗുയെന്‍ എന്ന യുവ വിയറ്റ്നാമീസ് അമേരിക്കന്‍ എഴുത്തുകാരന്റെ പുലിറ്റ്സര്‍ സമ്മാനിതമായ പ്രഥമ കൃതി ദി സിംപതൈസര്‍ തുടങ്ങുന്നത് ഒരിക്കലും പേര് പറയുന്നില്ലാത്ത കഥാനായകന്റെ ഈ സ്വയം ആവിഷ്കാരത്തിലൂടെയാണ്വിയെറ്റ്നാം യുദ്ധകാലത്തും തൊട്ടു പിറകിലുമായി തെക്കന്‍ വിയെറ്റ്നാമിലെ ഒരു ജനറലിന്‍റെ കീഴില്‍ ജോലി ചെയ്യവേ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ട വടക്കന്‍ വിയെറ്റ്നാംകാരന്റെ നിര്‍ബന്ധിത കുറ്റസമ്മത രേഖയുടെ രൂപത്തില്‍ എഴുതപ്പെട്ട നോവലാണ്‌ ദി സിംപതൈസര്‍ . ഇരു വശത്തെയും ദുരിതങ്ങളോടു അനുതാപമുള്ളയാളാണ് മുഖ്യ കഥാപാത്രം എന്ന നിലയില്‍ നോവലിന്റെ പേര് അയാളുടെ പ്രകൃതത്തെ സൂചിപ്പിക്കുമ്പോള്‍ തന്നെഅയാളുടെ ദ്വന്ദ്വ വ്യക്തിത്വത്തെയും അത് അടിവരയിടുന്നു.

 

 

നോവലില്‍ ക്യാപ്റ്റന്‍ എന്ന് മാത്രം വിളിക്കപ്പെടുന്നഒരിക്കലും പേര് പറയുന്നില്ലാത്ത ആഖ്യാതാവിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമെന്ന് അയാള്‍ തന്നെ ഏറ്റു പറയുന്ന ദ്വിമുഖത്വത്തിന്‍റെ ഉറവിടം അയാളുടെ പിറവിയുമായിത്തന്നെ ബന്ധപ്പെട്ട് കിടക്കുന്നുടീനേജുകാരിയായ ഒരു വിയറ്റ്നാമീസ് ഗ്രാമീണ പെണ്‍കൊടിക്ക് ഫ്രഞ്ച് കാത്തോലിക് പാതിരിയില്‍ ജനിച്ച അവിഹിത സന്തതിയാണയാള്‍ . ഈ ഇരട്ട വ്യക്തിത്വം അയാളുടെ ശക്തിയുടെയും ഒപ്പം വേദനയുടെയും ഉറവിടമാണ് ഏറെ പേലവ മനസ്ക്കനും ചിന്താശാലിയുമായ യുവാവിന്മുപ്പത്തിയൊന്നാം വയസ്സില്‍ ക്ഷയ രോഗത്തിന് അടിപ്പെട്ടു മരിച്ചു പോയ അമ്മ സ്നേഹ നൊമ്പരമായുംരഹസ്യമായെങ്കിലും ഒരേയൊരു തവണയെങ്കിലും മകനേയെന്നു വിളിക്കാത്ത പിതാവ് ഉള്ളില്‍ പതിഞ്ഞ പിതൃവധ വാഞ്ചയായും അയാളെ മഥിക്കുമായിരുന്നുസ്റ്റുഡന്റ് എക്സ്ചേഞ്ച് വിദ്യാര്‍ഥിയായി യുഎസ്സില്‍ എത്തിയ അറുപതുകളിലെ കോളേജ് പഠനകാലത്ത് അമേരിക്കന്‍ സംസ്കൃതിയുടെ രാവും പകലും അയാളറിഞ്ഞിരുന്നുഇരു പുറം എപ്പോഴും കാഴ്ചപ്പാടില്‍ നിര്‍ത്താനുള്ള കഴിവ് ഒരു ചാരനാവാനുള്ള തന്റെ സിദ്ധിയായി തിരിച്ചറിയുന്നതാണ് വിയെറ്റ്നാമില്‍ തിരിച്ചെത്തുമ്പോള്‍ അയാളെ അമേരിക്കന്‍ സൈനികവിഭാഗങ്ങളില്‍ എത്തിക്കുന്നതും സി . -യുടെ വിശ്വസ്തന്‍ ആക്കുന്നതുംസൈനികത്തലവന്മാരുടെ ഇഷ്ടക്കാരനാകുന്ന അയാള്‍ക്ക് വടക്കന്‍ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സൈനിക മേധാവികള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുക എളുപ്പമായിത്തീരുന്നുകമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കത്തോലിക്കര്‍ക്കിടയില്‍ വ്യാപിച്ച ആപല്‍ ശങ്കകള്‍ ഒരു വശത്തും ഹരിതകം വറ്റിക്കുന്ന നാപ്പാം ബോംബ്‌ പോലെ വിയറ്റ്നമീസ് മണ്ണിനെയും കാര്‍ഷിക ജീവിതത്തെയും മുച്ചൂടും നശിപ്പിച്ച അമേരിക്കന്‍ അധിനിവേശം സൃഷ്ടിച്ച ഭീകരതകളും "വിദേശ സൈനികരെ സേവിക്കുന്നതിനായി സ്വദേശി വേശ്യകളെ സൃഷ്ടിക്കുക എന്നത് അധിനിവേശ യുദ്ധത്തിന്റെ അനിവാര്യ ഫലമാണ്എന്ന നിരീക്ഷണത്തിലേക്ക് നയിച്ച തരം അവമതികളും മറുവശത്തും നേരിടേണ്ടി വരുന്ന ചിന്താശാലിയായ ഒരാളില്‍ അതിനാവശ്യമായ ആ ദ്വന്ദ്വ ഭാവം സാഭാവികവും ആയിരുന്നുശീത യുദ്ധത്തെ രാജ്യങ്ങളുടെയും ആദര്‍ശങ്ങളുടെയും സംഘര്‍ഷം മാത്രമായല്ലപാശ്ചാത്യവും പൌരസ്ത്യവുമായ സംസ്കാരങ്ങളുടെ സംഘര്‍ഷമായാണ് അയാള്‍ തിരിച്ചറിയുന്നത്‌.

 

1975-ല്‍ വടക്കന്‍ വിയറ്റ്‌കോംഗ് മുന്നേറ്റത്തെ തുടര്‍ന്ന് സംഭവിക്കുന്ന സായ്ഗോണിന്റെ പതനത്തെ തുടര്‍ന്ന് പലായനം ചെയ്യാന്‍ തിക്കിത്തിരക്കുന്ന അമേരിക്കന്‍ സൈനികര്‍ , സഹകാരികള്‍ , അതുകൂടാതെ സിവിലിയന്മാര്‍ എന്നിവര്‍ക്കിടയില്‍ നിന്ന് തന്റെ മേധാവിയായ ജനറലിനെയും കുടുംബത്തെയുംഒപ്പം വാടകക്കൊലയാളിയാമായ ബോണ്‍ എന്ന ചിരകാല സുഹൃത്തിനെയും രക്ഷപ്പെടുത്തുന്നതില്‍ അയാള്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്തൊട്ടു മുമ്പ് സംഭവിക്കുന്ന സ്ഫോടനത്തിന്റെ മനുഷ്യ മാംസം കരിഞ്ഞ ഗന്ധത്തിലൂടെ അവരെ സുരക്ഷിതമായി വിമാനത്തില്‍ എത്തിക്കുമ്പോള്‍ ബോണിന്റെ ഭാര്യയും കുഞ്ഞും പിറകില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്വയലന്‍സും ഭ്രാന്തമായ രക്ഷപ്പെടല്‍ ശ്രമങ്ങളും ചേര്‍ന്ന് വരുന്ന ഈ ഭാഗംകൃതകൃത്യതയോടെചടുലവും ഞെട്ടലുലവാക്കും വിധവുമാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്.

അഭയാര്‍ഥിയായി കാലിഫോര്‍ണിയയില്‍ വാസമുറപ്പിക്കുന്ന ഭാഗംമുന്‍ഭാഗത്തെ കൊടുങ്കാറ്റിനെ തുടര്‍ന്ന് വരുന്നത് കൊണ്ടാവാംസ്വാഭാവികമായും അവധാന പൂര്‍ണ്ണമാണ്എഴുപതുകളിലെയും എണ്‍പതുകളിലേയും പ്രവാസാനുഭവത്തിന്റെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഗൃഹാതുരതകളും ഈ ഭാഗത്ത് സൂക്ഷ്മമായി ആവിഷ്കരിക്കപെട്ടിട്ടുണ്ട്. "അമേരിക്കക്കാരിലെ ഭൂരിപക്ഷവും ഞങ്ങളെ തുറന്ന അതൃപ്തി എന്നില്ലെങ്കില്‍ സന്ദേഹത്തോടെ പരിഗണിച്ചുകാരണം ഞങ്ങള്‍ അവരുടെ വിട്ടുപോകാത്ത പരാജയത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. 'വൈറ്റ് ആന്‍ഡ് ബ്ലാക്ക്അമേരിക്കയുടെ ആകാര വടിവിനും പൊതുസമ്മതിക്കും ഞങ്ങള്‍ ഭീഷണിയുയര്‍ത്തിഅതിന്റെ 'യിന്‍ ആന്‍ഡ്‌ യാംഗ്വംശീയ രാഷ്ട്രീയത്തില്‍ മറ്റൊരു നിറത്തിനുംവിശേഷിച്ചും അമേരിക്കന്‍ പണസഞ്ചി പോക്കറ്റടിക്കുന്ന ആ ദൈന്യം പിടിച്ച മഞ്ഞത്തൊലിക്കാരായ കുറിയ മനുഷ്യര്‍ക്ക്ഇടമുണ്ടായിരുന്നില്ല.” യൂണിവേഴ്സിറ്റിയിലെ ഒറിയന്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ക്ലെറിക്കല്‍ ജോലി കണ്ടെത്തുന്ന കഥാനായകന്‍ ജനറലുമായി ബന്ധം തുടരുന്നുജനറല്‍ ഒരു പ്രതിവിപ്ലവ പദ്ധതി ആസൂത്രണം ചെയ്യുന്ന വിവരം അയാള്‍ തന്റെ പതിവ് കോഡെഡ് രീതിയില്‍ വിയെറ്റ്നാമിലെ തന്റെ അയാള്‍ കണ്ണികളെ അറിയിക്കുന്നുണ്ട്തന്റെ ഇരട്ട വ്യക്തിത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായിബോണുമായി ചേര്‍ന്ന് നിരപരാധരെ ചാരക്കുറ്റം ചുമത്തി അരുംകൊല ചെയ്യേണ്ടുന്ന സാഹചര്യത്തില്‍ അയാള്‍ എത്തുന്നുതടിയന്‍ മേജറെ കൊന്നുകളയുന്ന ഘട്ടം അതിലൊന്നാണ്മറ്റൊരു ഘട്ടത്തില്‍ , തന്റെ ഇഷ്ടക്കാരി മിസ്‌ മോറിയുമായുള്ള ബന്ധത്തില്‍ എതിരാളിയാവാന്‍ ഇടയുള്ള സോണിയെ അയാള്‍ വധിച്ചു കളയുന്നതും ഇതേ ഭയം മൂലമാണ്ഈ രണ്ടു പേരുടെയും അരൂപി സാന്നിധ്യങ്ങള്‍ ഇനിയൊരിക്കലും അയാള്‍ക്ക് സ്വസ്ഥത നല്‍കാത്ത വിധം അയാളെ വേട്ടയാടുംജനറലിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ കലാപ പദ്ധതിക്ക് വന്‍ തോതില്‍ പണം മുടക്കാന്‍ തയ്യാറായി അമേരിക്കന്‍ രാഷ്ട്രീയ ഭീമന്മാര്‍ എത്തുന്നത് അയാള്‍ അറിയുന്നുണ്ട്.

 

ഹോളിവുഡ് - അമേരിക്കന്‍ യുദ്ധങ്ങളുടെ സാംസ്കാരിക മുഖം :

നോവല്‍ രചനയില്‍ നോവലിസ്റ്റിന്റെ തന്നെ പശ്ചാത്തലം കനത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്അമ്പതുകളുടെ മധ്യത്തില്‍ രാജ്യം വടക്കന്‍ വിയെറ്റ്നാംതെക്കന്‍ വിയെറ്റ്നാം എന്നിങ്ങനെ വിഭജിതമായ കാലത്ത് വടക്കന്‍ മേഖലയില്‍ ജീവിച്ചു വന്ന മാതാപിതാക്കള്‍ , രാജ്യം കമ്മ്യൂണിസ്റ്റ് അധീനതയില്‍ വന്നതോടെ തെക്കന്‍ ദേശത്തേക്ക് പാലായനം ചെയ്തു; 1975-ല്‍ സായ്ഗോണിന്റെ പതനം സംഭവിച്ചപ്പോള്‍ അമേരിക്കയിലേക്കുംഅന്നത്തെ നാലുവയസ്സുകാരനായ എന്‍ഗുയെന്‍ കൌമാരത്തിലേക്കു കടന്ന എണ്‍പതുകള്‍ വിയെറ്റ്നാം യുദ്ധത്തിന്റെ ഭീകരാനുഭവങ്ങള്‍ അതിജീവിച്ചവരും സാക്ഷികളുമായ പ്രവാസികളുടെ ഓര്‍മ്മകളില്‍ പച്ചപിടിച്ചു നിന്ന ഘട്ടമായിരുന്നുയുദ്ധം അവസാനിച്ചിട്ടില്ലെന്നും എന്നെങ്കിലുമൊരിക്കല്‍ എല്ലാം നേരെയാവുമെന്നും തങ്ങളുടെ നാട് ജീവിതാര്‍ഹമായ രീതിയില്‍ തിരിച്ചു കിട്ടുമെന്നും മോഹവും പ്രതീക്ഷയും ഉയര്‍ന്നു നിന്ന കാലംറാംബോ പോലുള്ള ചിത്രങ്ങള്‍ , സുന്ദരനായ നായകന്‍റെ ഉരുണ്ടു കേറുന്ന മസിലുകളില്‍ ഹോളിവുഡ്സ് ആണ് വിയെറ്റ്നാം യുദ്ധം നടത്തുന്നത് എന്ന പ്രതീതി സൃഷ്ടിച്ചുഎന്നാല്‍ അയാള്‍ സമൃദ്ധമായി കൊന്നു തള്ളിയ ആ ഏഷ്യന്‍ പരദേശി താനാണല്ലോ എന്ന തോന്നല്‍ ഇടയിലെപ്പോഴോ തന്നെ അസ്വസ്ഥനാക്കിയതിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചിട്ടുണ്ട്പ്ലാറ്റൂണ്‍ എന്ന ഒലിവര്‍ സ്റ്റോണ്‍ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോഴും ആരുമായാണ് താന്‍ താദാത്മ്യപ്പെടെണ്ടത് എന്ന് അങ്കലാപ്പിലായതിനെ കുറിച്ചും അദ്ദേഹം പറയുന്നുഎന്നാല്‍ കപ്പോളോയുടെ അപോകാലിപ്സ് നൌ തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു എന്‍ഗുയന്നോവലിലെ ചലച്ചിത്ര നിര്‍മ്മാണ ഭാഗം യഥാര്‍ഥത്തില്‍ ഈ ചിത്രത്തെയാണ് മാതൃകയാക്കുന്നത്വിയറ്റ്‌നാംകാര്‍ കൊല്ലപ്പെടുമ്പോള്‍ കയ്യടിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചോദ്യം ആദ്യമായി തന്നെ തൊട്ടു വിളിച്ചത് അദ്ദേഹം ഓര്‍ക്കുന്നുതാന്‍ ആരോടൊപ്പം നില്‍ക്കണംകൊന്നൊടുക്കുന്ന അമേരിക്കക്കാരനോടൊപ്പംഅതോതന്റെ ഭാഗം വിശദീകരിക്കാനായി ഒരു വാക്ക് പോലും പറയാന്‍ അവസരമില്ലാതെ മരിച്ചു വീഴുന്ന വിയറ്റ്‌നാംകാരനോടോപ്പമോഈ ചോദ്യം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയായി വളര്‍ന്നതാണ് നോവലിലെ നായകനെ ദി ഹാംലെറ്റ് എന്ന ചിത്രത്തിന് വിയറ്റ്‌നാം കാര്യ ഉപദേശകനായി എത്തിക്കുന്നത്ഒരു ചാരന്‍ ഒരര്‍ഥത്തില്‍ ഒരുപദേഷ്ടാവ് കൂടിയാണ്എന്നാല്‍ ഹോളിവുഡ്സ്റ്റേജ് ഉപകരണങ്ങളുടെയും അലങ്കാരങ്ങളുടെയും കാര്യത്തിലും കഥാപാത്രങ്ങളുടെ വസ്ത്ര ധാരണത്തിലും വിശദാംശങ്ങളില്‍ പോലും സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ആധികാരികതകഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തിന്റെ കാര്യത്തില്‍ കാര്യമാക്കുന്നേയില്ലെന്നും ഫലത്തില്‍ ഹോളിവുഡ്പെന്റഗണിന്റെ യുദ്ധ തന്ത്രത്തിന്റെയും പ്രോപ്പഗാണ്ട യന്ത്രത്തിന്റെയും അനൗദ്യോഗിക ഏജന്റുമാര്‍ മാത്രമാണെന്നും അയാള്‍ കണ്ടെത്തുംഅമേരിക്കന്‍ പ്രേക്ഷകര്‍ എന്താണോ കാണാന്‍ കാശുമുടക്കുന്നത് അതിനപ്പുറം പ്രതിബദ്ധത ഹോളിവുഡ് ലക്ഷ്യമാക്കുന്നില്ലവിയെറ്റ്നാം യുദ്ധംയുദ്ധചരിത്ര രചനയുടെ കാര്യത്തില്‍ ഒരു വലിയ വൈരുധ്യം സൃഷ്ടിച്ചതും ശ്രദ്ധേയമാണ്യുദ്ധചരിത്രം പൊതുവേ വിജയിച്ചവരാണ്എഴുതാറുള്ളത്എന്നാല്‍ ഇവിടെയുദ്ധം തോറ്റിട്ടും അതിന്റെ ചരിത്രമെഴുതിയത് അമേരിക്കന്‍ പക്ഷപാതിത്തമാണ്ഹോളിവുഡുംനോവലില്‍ നിരീക്ഷിക്കുന്നു: "സിനിമകള്‍ ബാക്കി ലോകത്തെ തണുപ്പിക്കുന്നതിനുള്ള അമേരിക്കന്‍ മാര്‍ഗ്ഗമായിരുന്നുഹോളിവുഡ് ഇടതടവില്ലാതെ പ്രേക്ഷകരുടെ മാനസിക പ്രതിരോധത്തെ കടന്നാക്രമിച്ചുഹിറ്റുകള്‍ , സ്മാഷ് ഹിറ്റുകള്‍ , കെട്ടുകാഴ്ചകള്‍ , ബ്ലോക്ക് ബാസ്റ്ററുകള്‍ , എന്തിന്വന്‍ ബോക്സ് ഓഫീസ് പരാജയങ്ങള്‍ കൊണ്ട് പോലുംഎന്ത് കഥയാണ്‌ പ്രേക്ഷകര്‍ കണ്ടത് എന്നത് പ്രധാനമായിരുന്നില്ലകാര്യം ഇതായിരുന്നുഅവര്‍ കണ്ടതും ഇഷ്ടപ്പെട്ടതും അമേരിക്കന്‍ കഥയാണ്‌അമേരിക്കന്‍ സിനിമകളില്‍ അവര്‍ കണ്ടുകൊണ്ടിരുന്ന അതേ വിമാനങ്ങള്‍ അവരുടെ മേല്‍ തന്നെ ബോംബുകള്‍ വര്‍ഷിച്ചേക്കാവുന്ന ദിനം വരെയും.”

അതിലും വലിയ ഐറണിയായി നോവലിസ്റ്റ് എടുത്ത് പറയുന്നത് ആ പരാജയത്തിന്റെ മറുവശമാണ്അമ്പത്തി എണ്ണായിരം അമേരിക്കന്‍ മറീനുകള്‍ കൊല്ലപ്പെട്ടതാണ് അമേരിക്കക്ക് യുദ്ധം പരാജയമാക്കിയത്യുദ്ധത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലുമായി സംഭവിച്ച മുപ്പതു ലക്ഷം വിയറ്റ്‌നാംകാരുടെയോ അത്ര തന്നെ ലാവോസ്കംബോഡിയന്‍ ജനതയുടെയോ മരണമല്ലവിയറ്റ്‌നാമിന് വെളിയില്‍ എപ്പോഴും യുദ്ധത്തെ സംബന്ധിച്ച അമേരിക്കന്‍ ഓര്‍മ്മകള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നത്മരണക്കണക്കിലെ ഈ തുലനമില്ലായ്മക്ക് ഉത്തരവാദിയായ അമേരിക്കാന്‍ വ്യാവസായിക ശക്തി പോലെത്തന്നെഅമേരിക്കന്‍ സാംസ്കാരിക വ്യവസായവും സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തവുമാണെന്ന് തെളിയിക്കുന്നുഎപ്പോഴും കപ്പോളോയുടെ ചിത്രം സംവാദങ്ങളുടെ തുടക്കമാവുന്നുഎന്നിരിക്കിലുംദുഷ്ട കഥാപാത്രങ്ങളായിപ്പോലും എല്ലായിപ്പോഴും അമേരിക്കന്‍ സൈനികരെ കേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ വിയറ്റ്‌നാമിന് കഥയില്ലെന്നു സമര്‍ഥിക്കുകയും അത് വഴി വിയറ്റ്‌നാമും പില്‍ക്കാലം മിഡില്‍ ഈസ്റ്റ് പോലുള്ള ഇതര സംഘര്‍ഷങ്ങളും സാധ്യമാക്കിയ മനോഘടനക്ക് സാധുത നല്‍കുകയും ചെയ്യുമ്പോഴും, "അമേരിക്കാവല്‍ക്കരണത്തിന്റെ ബാലിസ്റ്റിക് മിസ്സൈല്‍ ലോഞ്ച് ചെയ്യുക എന്ന ഹോളിവുഡ് ദൗത്യംതുടരുമ്പോഴും വിയറ്റ്‌നാം ഒരു തെറ്റായ യുദ്ധമായിരുന്നു എന്നെങ്കിലും ഹോളിവുഡ് അംഗീകരിച്ചിട്ടുണ്ട് എന്ന് എന്‍ഗുയെന്‍ നിരീക്ഷിക്കുന്നുകലയും സാഹിത്യവും രാഷ്ട്രീയവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന മാവോ സിദ്ധാന്തമൊന്നും തനിക്കറിയില്ലായിരുന്നു എന്ന് നോവലില്‍ കഥാനായകന്‍ പറയുന്നുണ്ട്അതെ സമയംനോവലിനെ വിയറ്റ്‌നാം യുദ്ധത്തെ വിയറ്റ്‌നാം കണ്ണിലൂടെ കാണുന്ന ഒരു പ്രതി രചനയായി കാണുന്നുവോ എന്ന ചോദ്യത്തിന് നോവലിസ്റ്റ് പറയുന്ന മറുപടി ഇതാണ്: “കണിശമായുംഅത് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളോയോടുള്ള എന്റെ പ്രതികാരമാണ്അത് ഹോളിവുഡിനോടുള്ള എന്റെ പ്രതികാരമാണ്.... വിയറ്റ്നാം ഒരു രാജ്യമാണ്ഒരു യുദ്ധമല്ലഎന്നാല്‍ ഞങ്ങള്‍ (വിയറ്റ്നമീസ്അമേരിക്കന്‍ കലാകാരന്മാര്‍ ) നോവലുകള്‍ ആണെഴുതുന്നത്എന്ന് വെച്ചാല്‍ , എന്റെ നോവല്‍ , ഇപ്പോള്‍ ഈ പുരസ്കാരം ലഭിച്ചെങ്കിലുംഅതൊരു പുസ്തകം മാത്രമാണ്ഹോളിവുഡ് ആവട്ടെ 200 മില്ല്യന്‍ 500 മില്ല്യന്‍ ഡോളര്‍ ബ്ലോക്ക് ബസ്റ്റര്‍ ഇതിഹാസങ്ങള്‍ ഉണ്ടാക്കുന്നുഅതെന്റെ പുസ്തകത്തെ തീര്‍ത്തും നശിപ്പിക്കും.”

 

വിയറ്റ്‌നാം സംഘര്‍ഷത്തിന്റെ ഹോളിവുഡ് സാധ്യതകള്‍ മുതലെടുക്കാന്‍ എത്തുന്ന വിഖ്യാത സംവിധായകനുമായി കടുത്ത ഈഗോ ക്ലാഷ് ഉണ്ടാവുമെങ്കിലുംസിനിമയിലെ വിയറ്റ്‌നാം കാര്യ ഉപദേഷ്ടാവ് എന്ന നിലയില്‍ സ്വാധീനം ചെലുത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്വിയെറ്റ്നാം കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വവും സംഭാഷണ ഭാഗങ്ങളും നല്‍കപ്പെടുന്നതിലേക്കും ഹോളിവുഡിന്റെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി സംഘര്‍ഷത്തിലെ വിയെറ്റ്നാം വശത്തിലേക്ക് നേരിയ തോതിലെങ്കിലും വെട്ടം വീഴ്ത്തുന്നതിലും അത് സഹായകമാകുന്നുണ്ട്എന്നാല്‍ , സെറ്റില്‍ ഉണ്ടാവുന്ന സ്ഫോടനത്തില്‍ തനിക്കു ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കാന്‍ ഇടയാവുന്നതിനു പിന്നില്‍ സംവിധായകന്റെ വൈരാഗ്യത്തിന് പങ്കുണ്ടോ എന്ന സംശയം അയാളില്‍ ബലപ്പെടുന്നുണ്ട്നഷ്ടപരിഹാര പ്രശ്നത്തില്‍ അയാള്‍ കടും പിടുത്തം പിടിക്കുന്നതും അതിന്റെ ഭാഗമായിട്ടാണ്ചിത്രനിര്‍മ്മാണത്തിന്റെ അവസാന ഘട്ടം അയാള്‍ക്ക് കാണാനാവാത്തതും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിപ്പോവുന്നത് കൊണ്ടാണ്താരതമ്യേന നീണ്ട ഭാഗമാണ് ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടതായി നോവലിലുള്ളത് എന്നത്നോവലിനെ ഏതാണ്ട് ഒരു 'സിനിമാ നോവല്‍ ' ആയും മാറ്റുന്നുണ്ട്.

 

സ്പൈ നോവല്‍ , ന്യൂന പക്ഷ സാഹിത്യം:

നോവല്‍ ആശയം ആദ്യം ഉരുത്തിരിഞ്ഞത് തന്നെ ഗൌരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സ്പൈ നോവല്‍ എന്ന ചിന്തയോടെയാണെന്നു നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്തെക്കന്‍ വിയറ്റ്‌നാമിലെ അമേരിക്കന്‍ സൈനിക മേധാവികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യഥാര്‍ത്ഥ ചാരന്മാര്‍ ഉണ്ടായിരുന്നുവെന്നും അതില്‍ യുഎസ്സില്‍ വിദ്യാഭ്യാസം നടത്തിയ ഫാം ഹുവാന്‍ ആന്‍ എന്ന ഏറെ പ്രസിദ്ധനായ ഒരാളെ പ്രത്യേകം ഓര്‍ക്കുന്നുവെന്നും നോവലിസ്റ്റ് പറയുന്നുകുമ്പസാര രൂപം കത്തോലിക്കന്‍ കുടുംബ പശ്ചാത്തലമുള്ളയാള്‍ എന്ന നിലയിലും കമ്മ്യൂണിസ്റ്റ് എന്ന നിലയിലും പ്രസക്തമാണെന്നു അദ്ദേഹം വിലയിരുത്തുന്നുചൈനീസ്വിയറ്റ് നമീസ് പാര്‍ട്ടികളുടെ 'പുനര്‍ വിദ്യാഭ്യാസംഎന്ന ഓമനപ്പേരില്‍ അറിയപ്പെട്ട യാതനാപര്‍വ്വം സുദീര്‍ഘമായ ഏറ്റു പറച്ചില്‍ ഒരു ശിക്ഷാമുറയായിത്തന്നെ നടപ്പിലാക്കുമായിരുന്നുഅതിനുമപ്പുറംഒരു വിയറ്റ്‌നാംകാരന്‍ മറ്റൊരു വിയറ്റ്നാംകാരനോട് നടത്തുന്ന കുമ്പസാരം എന്ന നിലയില്‍ ന്യൂന പക്ഷ സാഹിത്യത്തിന്റെ പതിവ് രീതി - എപ്പോഴും എഴുതപ്പെടുന്നത്‌ മറുഭാഗത്തിലെഅഥവാ ഇവിടെ അമേരിക്കന്‍ സമൂഹത്തിലെ സഹൃദയവിമോചിത മനസ്ഥിതിയുള്ളവരും ബുദ്ധിജ്ജീവി വിഭാഗത്തിലുള്ളവരുമായ വായനാ സമൂഹത്തെ ലക്‌ഷ്യം വെക്കുന്നത് - പൊളിച്ചെഴുതാനും ന്യൂന പക്ഷ എഴുത്തുകാരന് അതെ വിഭാഗത്തെ അഭിമുഖീകരിക്കാനും സഹായിക്കുകയും ചെയ്യുന്നു എന്ന് നോവലിസ്റ്റ് വിശ്വസിക്കുന്നു.

കാത്തോലിക് പൗരോഹിത്യവും സി-യും ചേര്‍ന്ന് പര്‍വ്വതീകരിച്ച ഭീഷണാവസ്ഥയുടെ പശ്ചാത്തലത്തിലാണ് എട്ടു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്ന് പാലായനം ചെയ്തത്ഈ സാഹചര്യത്തിലാണ് വടക്കന്‍ വിയറ്റ്‌നാമില്‍ സാക്ഷാല്‍ ഹോ ചിമിനെ പോലുള്ള കടുത്ത കമ്മ്യൂണിസ്റ്റുകളെയും ഒപ്പം കടുത്ത കത്തോലിക്കരെയും വളര്‍ത്തിയെടുത്ത ഒരു ദേശത്തു നിന്ന് രണ്ടാമത് വിഭാഗത്തില്‍ പെട്ട എന്‍ഗുയെന്റെ മാതാപിതാക്കള്‍ പാലായനം ചെയ്തത്. (പിന്നീട് പുനപുനരേകീകരണത്തിനും ശേഷം തൊണ്ണൂറുകളിലാണ്നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞ് കുടുംബങ്ങള്‍ ഒന്നിച്ചതെന്നു നോവലിസ്റ്റ് ഓര്‍ക്കുന്നു.) എന്നാല്‍ നാട്ടില്‍ തങ്ങിയ കുടുംബാംഗങ്ങള്‍ , പറഞ്ഞു പരത്തപ്പെട്ടിരുന്ന തരം പീഠനങ്ങള്‍ക്ക് വിധേയമാകുകയുണ്ടായില്ലെന്നും എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായി അരികുവല്‍ക്കരിക്കപ്പെട്ടുവെന്നും എന്‍ഗുയെന്‍ തുറന്നു പറയുന്നുവിഘടനവാദം സംശയിക്കപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ എപ്പോഴും അവര്‍ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നുകമ്മ്യൂണിസ്റ്റ് ഭരണം എപ്പോഴും അത്തരം കാര്യങ്ങളില്‍ പാരനോയിഡ് ആയിരിക്കുക എന്നത് സ്വാഭാവികവുമാണ്സായ്ഗോണില്‍ നിന്ന് ജീവ രക്ഷാര്‍ത്ഥം ഓടിപ്പോയ 'ബോട്ട് പീപ്പിള്‍ ' സന്ദര്‍ഭത്തെ കുറിച്ച് അന്നത്തെ നാലുവയസ്സുകാരന്റെ അറിവ് മൂത്ത സഹോദരന്റെയും അമ്മയുടെയും ഓര്‍മ്മകിലൂടെയാണ്എങ്കിലും ഇപ്പോഴും ഭാഗ്യം കൂടെയുണ്ടായ അപൂര്‍വ്വം ചിലരില്‍ പെട്ടവരായിരുന്നു തന്റെ കുടുംബം എന്ന് അദ്ദേഹം ഓര്‍ക്കുന്നുഅഭയാര്‍ഥി ക്യാമ്പില്‍ നാലുപേരുള്ള കുടുംബത്തിനു സ്പോണ്‍സര്‍മാരെ കിട്ടാതെ വന്നത് കൊണ്ട് വേറിട്ട്‌ പോവുകയും ഒരു വെളുത്ത വര്‍ഗ്ഗ കുടുംബത്തില്‍ തനിയെ എത്തിപ്പെടുകയും ചെയ്തത് മുതലാണ്‌ എന്‍ഗുയന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു ആ ഒറ്റപ്പെടലെങ്കിലും നടുക്കുന്ന ഓര്‍മ്മയാണ് അത് എന്നും അദ്ദേഹത്തിന്.

 

കുമ്പസാരംശുദ്ധീകരണം:

കത്തോലിക്ക സമ്പ്രദായത്തിലും കമ്മ്യൂണിസ്റ്റ് തടവറകളിലും ഒരു പോലെ പ്രധാനമായ ഒരു പ്രക്രിയയായിരുന്നു കുമ്പസാരമെന്നത് നോവലില്‍ പ്രസക്തമായ ഒരു ഐറണിയാണ്വിയറ്റ്‌നാമില്‍ അയാള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള തൊട്ടു മുകള്‍ക്കണ്ണി സ്കൂള്‍ കാലം മുതല്‍ , ബോണിനോടൊപ്പം ഒരു മൂവര്‍ സംഘമായി കൂട്ടായിരുന്ന മാന്‍ എന്ന സുഹൃത്താണ് എന്നത് അയാള്‍ക്ക് ഞെട്ടലുളവാക്കുന്ന അറിവായിരിക്കും . വിയെറ്റ്നാമിലേക്ക് ഒരു കാരണവശാലും തിരികെ വരരുതെന്നും യുഎസ്സില്‍ തന്റെ ചാരപ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്നും മാന്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നത് അവഗണിച്ച്തിരിച്ചു പോകുന്ന പ്രവാസി സൈനികരെ പിന്തുടരാന്‍ തീരുമാനിക്കുന്നതാണ് ക്യാപ്റ്റന്റെ ദുരന്തത്തിനു നിമിത്തമാകുന്നത്വിയറ്റ്‌നാമില്‍ എത്തുന്നതോടെ ദുരൂഹമായ വിധത്തില്‍ തടവിലാക്കാപ്പെടുന്ന ഘട്ടത്തില്‍ ഭേദ്യ മുറയുടെ ഭാഗമായി എഴുതുന്ന കുറ്റസമ്മതംഏറ്റു പറച്ചില്‍ ആണ് നാം വായിക്കുന്ന നോവലിന്റെ ഉള്ളടക്കം. 294 പേജ് വരുന്ന മൊഴിയെ കുറിച്ച് നോവലിന്റെ 294-മത് പേജില്‍ തന്നെയാണ് നാം വായിക്കുന്നത്മൊഴി പക്ഷെ അയാളുടെ ജീവ ചരിത്രം തന്നെയാണ്ഒട്ടും വിട്ടു വീഴ്ച ചെയ്യാതെഒന്നും ഒളിച്ചു വെക്കാതെമുഷ്ടിമൈഥുനത്തിന്റെ കഥ പോലും ആവിഷ്കരിക്കുന്ന വെളിപ്പെടുത്തല്‍ പക്ഷെ വെറും വൈയക്തിക ആവിഷ്കാരത്തില്‍ ഒതുങ്ങുന്നില്ല. "കൂട്ടക്കൊല അശ്ളീലമാണ്പീഠനം അശ്ളീലമാണ്മൂന്നു ദശലക്ഷം മരണം അശ്ളീലമാണ്മുഷ്ടിമൈഥുനമോആരും സമ്മതിക്കും വിധം വ്യക്തമായും കഥയില്ലാത്ത ഒരു കണവയുമായാണെങ്കിലുംഅത്രക്കില്ലഎന്റെ കാര്യം പറഞ്ഞാല്‍ , "മുഷ്ടി മൈഥുനംഎന്ന വാക്കിലേറെ "കൊലഎന്ന വാക്ക് ഉച്ചരിക്കുന്നത് നമ്മെ പിറുപിറുക്കലിലേക്ക് എത്തിക്കുന്നുവെങ്കില്‍ ലോകം ഒന്ന് കൂടി നല്ല ഒരിടമാകും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .” എന്നാല്‍ അയാളുടെ ഏറ്റുപറച്ചിലിന്റെ വിട്ടുവീഴ്ചയില്ലായ്മ അത് ബോധ്യപ്പെടെണ്ടവരെ മാത്രം തൃപ്തിപ്പെടുത്തുന്നില്ലഭേദ്യമുറയുടെ മേധാവി വിശദീകരിക്കുന്നു: "നിന്നെപ്പോലുള്ളവര്‍ നീക്കം ചെയ്യപ്പെടണംകാരണം നിങ്ങള്‍ വിപ്ലവത്തിന്റെ വിശുദ്ധിയെ നശിപ്പിക്കുന്ന പകര്‍ച്ച വ്യാധി പേറുന്നുണ്ട്എന്റെ ദൗത്യം നിന്നെ ഉന്മൂലനം ചെയ്യേണ്ടതില്ലെന്നും തുറന്നു വിടാവുന്നതാണ് എന്നും തെളിയിക്കലാണ്കൃത്യമായും അതിനു വേണ്ടിയാണ് ഞാനീ പരീക്ഷാ മുറി തയ്യാറാക്കിയിരിക്കുന്നത്.” പാഠപുസ്തക മാര്‍ക്സിസത്തിന്റെ ജാര്‍ഗണുകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെടുന്നു: "മിലിട്ടറി കമാണ്ടാന്റും പൊളിറ്റിക്കല്‍ കമ്മിസാറും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളാണ്ഞങ്ങളാണ് തീസിസും ആന്റി തീസിസുംഅതില്‍ നിന്ന് കൂടുതല്‍ ശക്തമായ സിന്തസിസ് ഉത്ഭവിക്കുംശരിക്കുമുള്ള വിപ്ലവ അവബോധം.”

 

ഭേദ്യമുറകളുടെ മേലാവി തന്റെ ചിരകാല സുഹൃത്ത് മാന്‍ തന്നെയാണ് എന്ന് ഞെട്ടലോടെയാണ് അയാള്‍ തിരിച്ചറിയുകതാനെപ്പോഴും വിപ്ലവത്തിന്റെ കൂടെയായിരുന്നു എന്ന വിശദീകരണം ഗുണം ചെയ്യുന്നില്ല. 'അമേരിക്കന്‍ ' വഴികളില്‍ മലിനപ്പെട്ടു പോയ അയാളെ 'പുനര്‍ വിദ്യാഭ്യാസംചെയ്യിച്ചു 'ശുദ്ധീകരിക്കാന്‍ ' വേണ്ടിയാണ് ഏകാന്തവാസം എന്ന വിശദീകരണമാണ് അയാള്‍ക്ക് കിട്ടുകഉറക്കം നിഷേധിക്കുകയും അതിനു വേണ്ടി മാരകമല്ലാത്ത വൈദ്യുതാഘാതം ഉപയോഗിക്കുകയും കുത്തിവെപ്പ് നടത്തുകയും ചെയ്തു കൊണ്ട് ഇരയുടെ ബോധമണ്ഡലത്തെ വിഘടിപ്പിക്കുക എന്ന രീതിയാണ് അയാളില്‍ പ്രയോഗിക്കപ്പെടുന്നത്. "തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉറങ്ങാനൊക്കില്ലവിപ്ലവകാരികള്‍ നിദ്രാ വിഹീനരാണ്ചരിത്രത്തിന്റെ ദുസ്വപ്നങ്ങള്‍ കാരണം ഉറങ്ങാനാവാത്തവിധം ചകിതരായവര്‍ , ലോകത്തിന്റെ രോഗാതുരത കാരണം ഉണര്‍വ്വിലും താഴെ കഴിയേണ്ടും വിധം വിഷമത്തിലായവര്‍ , അഥവാ അങ്ങനെയാണ് കമാണ്ടാന്റ് പറഞ്ഞത്". പിടിക്കപ്പെട്ട വനിതാ കമ്യൂണിസ്റ്റ് ഏജന്റിനെ പീഡിപ്പിക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്തു എന്നതടക്കമുള്ള ചെയ്തിട്ടില്ലാത്ത കുറ്റങ്ങള്‍ ഏറ്റു പറയാന്‍ ഇപ്പോള്‍ അയാള്‍ക്ക് മടിയില്ലപിതൃവധം സ്വപ്നം കണ്ടിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുള്ളയാള്‍ തന്‍ അത് ചെയ്തു എന്നും ഏറ്റു പറയണംശ്രേണീബദ്ധമായ വിപ്ലവാധികാര സ്വരൂപത്തില്‍ മാന്‍ സ്വയം ഒരു കണ്ണി മാത്രമാണെന്നും സുഹൃത്തിന് വേണ്ടി അയാള്‍ക്ക് പരമാവധി ചെയ്യാനാവുക കൊല്ലപ്പെടുന്നതില്‍ നിന്ന് 'പുനര്‍ വിദ്യാഭാസംചെയ്യിച്ചു പ്രസ്ഥാനത്തിന് ഉപയോഗപ്പെടുത്താം എന്ന ധാരണയില്‍ രക്ഷപ്പെടുത്തല്‍ മാത്രമാണെന്നും മാന്‍ അയാളോട് പറയുന്നുനോവലിന്റെ തുടക്കത്തില്‍ തന്നില്‍ സ്വയം കണ്ടെത്തിയ ഇരുവശം കാണുന്ന വ്യക്തിത്വ സ്വഭാവം മാന്‍ എന്ന സുഹൃത്തിനെ മനസ്സിലാക്കാന്‍ അയാള്‍ക്ക് തുണയാവുന്നുണ്ട്. "അയാള്‍ കമ്മിസാര്‍ ആയിരുന്നുപക്ഷെ അയാള്‍ മാന്‍ തന്നെയും ആയിരുന്നുഅയാളെന്റെ ഭേദ്യക്കാരന്‍ ആയിരുന്നുപക്ഷെ എന്റെ വിശ്വസ്തനുംഅയാള്‍ എന്നെ പീഠിപ്പിച്ച ഭീകരനായിരുന്നുപക്ഷെ എന്റെ സുഹൃത്തുംചിലര്‍ പറഞ്ഞേക്കാം ഞാന്‍ ഓരോന്ന് കാണുകയാണെന്ന്എന്നാല്‍ യഥാര്‍ത്ഥ ഭ്രമക്കാഴ്ച്ചതന്നെയും മറ്റുള്ളവരെയും അവിഭജിതരും പൂര്‍ണ്ണരും ആയി കാണുന്നതാണ്ഫോക്കസില്‍ നില്‍ക്കുക എന്നത് ഔട്ട്‌ ഓഫ് ഫോക്കസ് ആവുന്നതിനേക്കാള്‍ യഥാര്‍ത്ഥമാണ് എന്ന മട്ടില്‍ . നമ്മള്‍ കരുതി കണ്ണാടിയിലെ നമ്മുടെ പ്രതിരൂപമാണ് ശരിക്കും നമ്മളെന്ന്സത്യത്തില്‍ നാം നമ്മളെ കാണുന്നതും മറ്റുള്ളവര്‍ നമ്മളെ കാണുന്നതും പലപ്പോഴും ഒരേ പോലെയല്ല എന്നിരിക്കെഅത് പോലെത്തന്നെനാം നമ്മളെ തന്നെ ഏറ്റവും വ്യക്തമായി കാണുന്നു എന്ന് വിചാരിക്കുമ്പോള്‍ പലപ്പോഴും നാം നമ്മെ തന്നെ വഞ്ചിക്കുകയായിരുന്നു.” മറ്റാര്‍ക്കും കഴിയാത്ത വിധം കൂട്ടുകാരന്റെ പ്രതിസന്ധി തനിക്കു മനസ്സിലാവുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു, “കാരണം ഇരട്ട മുഖമുള്ള ഒരാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് മറ്റൊരു ഇരട്ട മുഖക്കാരനെ തിരിച്ചറിയാനാവുക?” നാപാം സ്ഫോടനത്തില്‍ മുഖത്തെ മാംസം വാര്‍ന്നു തിരിച്ചറിയാനാവാത്ത വിധം വിരൂപനായ മാന്‍ , ഇപ്പോഴും പഴയ പാഠപുസ്തക വിപ്ലവ കാര്‍ക്കശ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നത്‌ വിചിത്രമായും അയാള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ട്, "അയാള്‍ ഒരു വിഡ്ഢിയൊസ്വന്തം കാര്യം നോക്കാന്‍ വയ്യാത്ത വിധം മിടുക്കനോ ആയിരുന്നോഅയാള്‍ ചരിത്രത്തിന്റെ ശരിയായ വശമാണോ അതോ തെറ്റായ വശമാണോ തെരഞ്ഞെടുത്തത്ഈ ചോദ്യങ്ങളെല്ലാം നമ്മളെല്ലാവരും ചോദിക്കേണ്ടത്‌ തന്നെയായിരുന്നില്ലേഅതോഇതൊക്കെ ഞാന്‍ മാത്രം വ്യാകുലപ്പെടേണ്ട കാര്യമാണോ?”

 

'ബോട്ട് പീപ്പിള്‍ ' - പാശ്ചാത്യ മാധ്യമ നിര്‍മ്മിതി:

നോവലന്ത്യത്തില്‍ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിലും ഫലപ്രദമായവേണ്ടിടത്തെത്തുന്ന വന്‍ കൈമടക്കിന്റെ ബലത്തില്‍ മാന്‍ ഒരുക്കിക്കൊടുക്കുന്ന അവസരം ഉപയോഗിച്ച് 'ബോട്ട് പീപ്പിള്‍ ' പ്രതിഭാസത്തിന്റെ ഭാഗമായി രക്ഷപെടാന്‍ തയ്യാറെടുക്കുന്ന കഥാപാത്രത്തെ നാം കാണുന്നു. "ഞാന്‍ മുമ്പും അഭയാര്‍ഥികളെ കണ്ടിട്ടുണ്ടായിരുന്നു... യുദ്ധം ദക്ഷിണ ദേശത്തുള്ള ദശ ലക്ഷങ്ങളെ സ്വദേശത്ത്‌ ഭവന രഹിതരാക്കിയപ്പോള്‍ . എന്നാല്‍ മനുഷ്യകുലത്തിന്റെ ഈ ചവറുകൂട്ടം മറ്റൊരു പുതിയ സ്പിഷീസ് ആയിരുന്നുപാശ്ചാത്യ മീഡിയ അതിനൊരു പുതിയ പേര് നല്‍കിയത് തികച്ചും അനന്യമായിരുന്നു, 'ബോട്ട് പീപ്പിള്‍ ' , ആമസോണ്‍ നദിയില്‍ പുതുതായി കണ്ടെത്തപ്പെട്ട ഒരു വര്‍ഗ്ഗമെന്നോ അല്ലെങ്കില്‍ ഒരു ജലയാന സംവിധാനം മാത്രം അതിജീവിച്ച അടയാളമായി ബാക്കിവെച്ച് മറഞ്ഞ ഏതോ നിഗൂഡമായ പ്രാക്തന ചരിത്ര ജനത എന്നോ തോന്നാവുന്ന സംജ്ഞ.” അഭയാര്‍ഥികളും നാട് കടത്തപ്പെട്ടവരും പ്രവാസികളും സമയത്തില്‍ വര്‍ത്തുളമായി ചലിക്കാന്‍ ശപിക്കപ്പെട്ടവരാണ് എന്ന് അയാള്‍ നിരീക്ഷിക്കുന്നു.

തടവറയില്‍ അടക്കപ്പെട്ട രാഷ്ട്രീയത്തടവുകാരന്‍ വിശദമായ കുറ്റസമ്മത മൊഴി എഴുതേണ്ടിവരികയും അതിനു ആത്മകഥയുടെയും ഒപ്പം ദേശ ചരിത്രത്തിന്റെയും മാനം വന്നു ചേരുകയും ചെയ്യുന്നതിന് സമകാലിക സാഹിത്യത്തില്‍ ഏറെ ഉദാഹരണങ്ങളുണ്ട്ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ 'യാലോഎന്ന നോവലില്‍ കഥാനായകനായ യാലോശിക്ഷകര്‍ തൃപ്തരാവും വരെ വീണ്ടും വീണ്ടും ഈ പ്രക്രിയയില്‍ ഏര്‍പ്പെടെണ്ടിവരുന്നത്തിലൂടെ അയാളുടെ ജീവിത കഥ മാത്രമല്ലആധുനിക ലബനോനിന്റെ ഹിംസാത്മക രാഷ്ട്രീയ ചരിത്രം കൂടിയാണ് വെളിപ്പെടുന്നത്ദി സിംപതൈസര്‍ ഒരേ സമയം പല രീതിയില്‍ വായിക്കപ്പെടാവുന്ന കൃതിയാണ്അതൊരു സ്പൈ നോവലാണ്‌ഒരു യുദ്ധ നോവലുംപ്രവാസ നോവലുംരാഷ്ട്രീയ നോവലുമാണ്ഒപ്പം ഒരു ബൗദ്ധിക ആശയങ്ങളുടെ നോവലായും സിനിമാ നോവലായും നോവലുകളെ കുറിച്ച് തന്നെയുള്ള നോവലായും അത് വായിച്ചെടുക്കാംവിയെറ്റ്നാം യുദ്ധം പില്‍ക്കാല സാമൂഹിക ബോധ്യങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ട ആവിഷ്കാര രൂപങ്ങളെല്ലാം നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നതാണ് ആ ദുരന്ത ചരിത്ര ഘട്ടം പിന്നിട്ടു നാലു പതിട്ടാണ്ടിപ്പുരം എഴുതപ്പെട്ട നോവലിന്റെ ഈ ബഹുരൂപ പ്രാപ്തിക്കു നിദാനംഇടക്കൊക്കെ ആസ്വാദനം ക്ലിഷ്ടമാകുന്ന വല്ലാത്തൊരു വിസ്തൃതി നോവലില്‍ കടന്നു വരുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട് എന്ന് പറയാം.

(ഉള്ളെഴുത്ത് മാസിക ഒക്ടോബര്‍ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 264-273)

Tuesday, October 24, 2017

Exit West by Mohsin Hamid

അതിരുകള്‍ മായ്ക്കുന്ന അഭയാര്‍ഥിക്കാലം


അന്താരാഷ്‌ട്ര പ്രശസ്തനാണ് പ്രഥമ കൃതി മുതലേ രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന പാകിസ്ഥാനി നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ മൊഹ്സിന്‍ ഹമീദ്പാകിസ്ഥാനിലെ തീവ്രവാദമത മൌലിക ചുറ്റുപാടിലെ ജീവിതാവസ്ഥ പകര്‍ത്തുന്നു 'Moth Smoke', 9/11 അനന്തര മുസ്ലിം പരിതോവസ്തയുടെ സംത്രാസം പാകിസ്താന്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ വിഷയമാക്കുന്ന 'The Reluctant Fundamentalist', മൂലധന ശക്തികളും ആര്‍ത്തിയും പ്രതിവര്‍ത്തിക്കന്നതിന്റെ കഥ പേര് സൂചിപ്പിക്കും പോലെ ഏതോ ഏഷ്യന്‍ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്ജ്കരിക്കുന്ന 'How to Get Filthy Rich in Rising Asia' എന്നീ ശ്രദ്ധേയ രചനകള്‍ക്ക് ശേഷം മൊഹ്സിന്‍ ഹമീദിന്റെതായി പുറത്തു വരുന്ന നാലാമത് നോവലാണ്‌ 2017 ലെ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചപുരസ്കാരത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന 'Exit West'.

അസ്വാസ്ഥ്യങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍

"അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞഎങ്കിലും ഏറിയ കൂറും സമാധാനത്തിലായിരുന്നചുരുങ്ങിയ പക്ഷം ഇപ്പോഴും തുറന്ന യുദ്ധത്തിലെത്തിച്ചേര്‍ന്നിരുന്നില്ലാത്തഒരു നഗരത്തില്‍ ഒരു ക്ലാസ് മുറിയില്‍ വെച്ച് ഒരു ചെറുപ്പക്കാരന്‍ ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടിഎന്നാല്‍ ദിവസങ്ങളോളം അയാള്‍ അവളോട്‌ സംസാരിച്ചില്ലഅവന്റെ പേര് സഈദ് എന്നായിരുന്നുഅവളുടെ പേര് നാദിയ എന്നും..” നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്അഭയാര്‍ഥിത്വംയുദ്ധംപ്രണയം നോവലില്‍ന്റെ കേന്ദ്ര പ്രമേയങ്ങള്‍ ആദ്യ വാചകത്തില്‍ തന്നെ സൂചിതമാണ്നാദിയയുടെയും സഈദിന്റെയും നഗരത്തിനും പേര് പറയുന്നില്ലഅതൊരു സൌത്ത് ഏഷ്യന്‍ നഗരമാകാന്‍ സാധ്യതയേറുംഎങ്കിലും അത് അഫ്ഘാനിസ്ഥാനോ ലിബിയയോ സിറിയയോ പോലെ മൊസൂളോ അലെപ്പോയോ പോലെ മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും യുദ്ധാന്തരീക്ഷത്തിന്റെയും സാഹചര്യമുള്ള ലോകത്തെ ഏതു ദേശവുമാകാംഇസ്ലാമിക തീവ്രവാദത്തിന്റെയും അഭയാര്‍ഥി പ്രശ്നത്തിന്റെയും ലോകസന്ദിഗ്ധാവസ്ഥ വായനക്കാരന് പരിചിതമാണ് എന്ന നിലപാടില്‍ തന്നെയാണ് ആഖ്യാനം നടത്തപ്പെടുന്നത്. 'കൊര്‍പ്പോരെറ്റ് സ്വത്വവും ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് നിര്‍ണ്ണയവുംഎന്ന വിഷയത്തില്‍ ഒരു രാത്രികാല ക്ലാസ് മുറിയില്‍ വെച്ചു സഈദ്നാദിയയെ കണ്ടുമുട്ടുന്നുയൂണിവേഴ്സിറ്റി അധ്യാപക ദമ്പതികളുടെ മകനും പരസ്യക്കമ്പനി ഉദ്യോഗസ്ഥനുമായ പൊതുവേ ഒതുങ്ങിയ പ്രകൃതമുള്ള സഈദില്‍ നിന്ന് വ്യത്യസ്തമായി ഇന്ഷുറന്സ് കമ്പനി ജീവനക്കാരിയായവിശ്വാസിയല്ലാത്തസഈദിനോടൊപ്പം മരിജുവാന പുകക്കാന്‍ ഇഷ്ടപ്പെടുന്ന ഇടയ്ക്ക് ഇന്റെര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു വരുത്തുന്ന ഇത്തിരി 'സൈക്കെഡലിക് മഷ് റൂംആസ്വദിക്കുന്ന സ്വതന്ത്ര ബുദ്ധിയായതനിച്ചു കഴിയാന്‍ ഇഷ്ടപ്പെടുന്നബൈക്കില്‍ യാത്ര ചെയ്യുന്ന നാദിയ ദേശം അടയാളപ്പെടുത്തുന്ന സ്ത്രീ വിരുദ്ധതയുടെ വിധേയ വ്യക്തിത്വമല്ലെന്നു വ്യക്തംഅടിമുതല്‍ മുടി വരെ മൂടുന്ന കറുത്ത വസ്ത്രം ധരിക്കുന്നത് 'ആണുങ്ങള്‍ എനിക്കിട്ടു പണിയാതിരിക്കാനാണ്!' എന്നാണു നാദിയ വിശദീകരിക്കുകപ്രണയത്തില്‍ രതിയുടെ അതിരുകളിലേക്ക് ധൈര്യപ്പെടുക നാദിയയാണ്അവരുടെ പ്രണയത്തിന്റെ ഒട്ടും പുതുമയില്ലാത്ത മടുപ്പന്‍ രീതി ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദേശത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷവുമായി വൈരുധ്യത്തിലാണ്അഭയാര്‍ഥി പ്രാവാഹമുണ്ടെങ്കിലും ആദ്യമൊക്കെ നഗരം പഴയ ജീവിതക്രമത്തിന്റെ മാതൃകകള്‍ ഏറെക്കുറെ നില നിര്‍ത്തുന്നുണ്ട്എങ്കിലും സഈദിന്റെ മാതാപിതാക്കള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടു മുട്ടിയ സിനിമാ ശാലകള്‍ അടഞ്ഞു കിടക്കുന്നുസംഘര്‍ഷങ്ങള്‍ പുകഞ്ഞു തുടങ്ങുന്നുണ്ടെങ്കിലും സഈദിനും നാദിയക്കും ഇപ്പോഴും അവരുടെ ജോലികള്‍ നില നിര്‍ത്താനാവുന്നുണ്ട്എന്നാല്‍ സംഘര്‍ഷം യുദ്ധസമാനമാകുന്നതോടെ കമ്പനികളൊന്നും ഔദ്യോഗികമായി ബിസിനസ്സ് അവസാനിപ്പിക്കാതെത്തന്നെ എല്ലാവരും തൊഴില്‍ രഹിതരാവുന്നുകഴിവും സാധ്യതകളും അവശ്യം വേണ്ട ബന്ധങ്ങളും ഉള്ളവര്‍ നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി കണ്ടെത്തുന്നുമുടങ്ങിപ്പോയ ശമ്പളത്തിന് പകരമായി ഓഫീസ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോകുന്ന ജീവനക്കാര്‍ക്കിടയില്‍ നാദിയ രണ്ടു ലാപ്ടോപ്പുകള്‍ സ്വന്തമാക്കുന്നുതനിച്ചു കഴിയാനുള്ള തീരുമാനം മാറ്റിവെച്ച് നാദിയസഈദിന്‍റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നു. “അവളുടെ റെക്കോര്‍ഡ് പ്ലേയറും റെക്കോര്‍ഡുകളും വസ്ത്രങ്ങളും ഭക്ഷണവും ഉണങ്ങിത്തുടങ്ങിയതെങ്കിലും ഇനിയും തളിര്‍ക്കാന്‍ ഇടയുള്ള നാരക മരവും അതിന്റെ മണ്‍ചട്ടിയില്‍ മണ്ണില്‍ പൂഴ്ത്തി വെച്ച കുറച്ചു പണവും ഏതാനും സ്വര്‍ണ്ണ നാണയങ്ങളുംഅവള്‍ കൂടെ കൊണ്ട് പോരുന്നുണ്ട്.

 

സഈദിന്റെയും നാദിയയുടെയും ബന്ധം വളരുന്നതിനു സമാന്തരമായി നഗരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ഒറ്റക്കൊറ്റക്ക്‌ രൂക്ഷമായിത്തോന്നില്ലെങ്കിലും അവയുടെ സാകല്യത്തില്‍ ഭീകര ഫലങ്ങളിലേക്കാണ് ഈ മാറ്റങ്ങള്‍ എത്തിച്ചേരുകഒരു രാത്രിബാല്‍ക്കണിയില്‍ നിന്ന് ടെലിസ്കോപ്പിലൂടെ നോക്കുന്ന സഈദിന്റെ കുടുംബം അകലെ വെടിയൊച്ച മുഴങ്ങുന്നത് കേള്‍ക്കുന്നുപിന്നീട് ആകാശത്തു ഹെലികോപ്റ്ററുകളും ഡ്രോണുകളും നിറയുന്നുസ്റ്റോക്ക് എക്സ്ചെയ്ഞ്ച് കയ്യേറുന്ന ഭീകരരെ സൈന്യം കീഴടക്കുന്നുണ്ടെങ്കിലും അത് ഇരുവശത്തും ഏറെ ആള്‍ നാശത്തിന് ഇടവരുത്തി വെക്കുന്നുപിന്നീട് ഭീകരര്‍ നഗരത്തിലേക്ക് കൂടിയ തോതില്‍ വന്നു തുടങ്ങുന്നതോടെ നഗരം അവരുടെ കൈപ്പിടിയിലാകുന്നുവൈദ്യുതിയും ജലവിതരണവും മുടങ്ങുന്ന നഗരത്തില്‍ ജനജീവിതം ദുസ്സഹമാകുന്നുസെല്‍ ഫോണുകളും ഇന്റര്‍നെറ്റും മുടങ്ങിപ്പോവുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന നഗരത്തില്‍ തെരഞ്ഞുപിടിച്ചുള്ള ഉന്‍മൂലനങ്ങളും കുരുതികളും പതിവാകുന്നുഒരു നാള്‍ ചെറുപ്പക്കാര്‍ മൈതാനത്ത് പന്തുകളിക്കുന്നത് ഗൃഹാതുരതയോടെ കണ്ടുനില്‍ക്കുന്ന സഈദിന്റെ പിതാവ് ആ കളിപ്പന്തു എന്താണെന്നറിയുന്നതോടെ ഞെട്ടിപ്പോകുന്നുഅതൊരു അറുത്തെടുക്കപ്പെട്ട മനുഷ്യ ശിരസ്സായിരുന്നുഭീകരതക്ക് അതിന്റെ സഹജമായ ബീഭത്സകാരിയെന്ന ഭാവം കൈമോശം വരികയും വികാര രഹിതരായ മനുഷ്യരെ അത് സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥസിവില്‍ സമൂഹത്തിന്റെ പരമമായ അപചയത്തെ സൂചിപ്പിക്കുന്നുഈ വിധം മൃത്യു ഭൂമിയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ദേശത്ത്‌ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായാണ് 'വാതായനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്.

വാതായനങ്ങള്‍ പ്രവാസ വഴികള്‍

മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളുള്ള 'വാതായനങ്ങള്‍ എന്ന രക്ഷാമാര്‍ഗ്ഗം നോവലില്‍ പക്ഷെ ഒരു ശൈലീപരമായ മാധ്യമം മാത്രമല്ലഅഭയാര്‍ഥി ജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ഘട്ടം 'കടന്നു പോവുകഎന്നത് തന്നെയാണെന്നിരിക്കെഇത്തരം ആഖ്യാനങ്ങളുടെ സിംഹഭാഗമോ കേന്ദ്ര സ്ഥാനീയമോ ആയി ആ ഘട്ടം മാറാനുള്ള സാധ്യതയെ മറികടക്കുകയും നോവലിന്റെ ഫോക്കസ് അത്ര സാധാരണമല്ലാത്ത ചില ചോദ്യങ്ങളിലേക്കു എത്തിക്കുകയുമാണ് നോവലിസ്റ്റ്ലോറികളുടെ പുറകിലോ ഏതു നിമിഷവും മുങ്ങിപ്പോകാവുന്ന ബോട്ടുകളിലോ ഉള്ള ജീവന്മരണ യാത്രകള്‍ വിവരിക്കപ്പെടുന്നില്ലഇടത്താവളങ്ങളിലെ പട്ടിണിയും രോഗങ്ങളും മൃതിയും ചിത്രീകരിക്കപ്പെടുന്നില്ലപകരം അജ്ഞാത വിധി കാത്തിരിക്കുന്ന പുതിയ ഇടങ്ങളില്‍ ഉണ്ടായേക്കാവുന്ന അനുഭവങ്ങളെ കുറിച്ചുള്ള ഞെട്ടല്‍ മാത്രം. “ചില അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിമരണക്കെണിയായ നാട്ടില്‍ നിന്നകലെഅങ്ങ് ദൂരെ ഇടങ്ങളിലേക്ക് നിങ്ങളെ കൊണ്ട് പോകുന്ന വാതിലുകളെ കുറിച്ച്.. അത്തരം വാതിലുകളിലൂടെ പുറത്തു കടന്ന ആളുകളെ കുറിച്ച് അറിയാവുന്ന ആളുകളെ കുറിച്ച് അറിയാമെന്നു ചിലര്‍ അവകാശപ്പെട്ടുഅവരുടെ അഭിപ്രായത്തില്‍ ഒരു സാധാരണ വാതിലിന് ഒരു വിശിഷ്ട വാതില്‍ ആവാന്‍ കഴിയുംഏതൊരു വാതിലിന്റെയും കാര്യത്തില്‍ഒരു മുന്നറിയിപ്പും കൂടാതെ അത് സംഭവിക്കുകയും ചെയ്യാംമിക്കയാളുകളും ഇത്തരം അഭ്യൂഹങ്ങള്‍ വെറും ഭോഷ്കായി കരുതിദുര്‍ബ്ബല മനസ്കരുടെ അന്ധ വിശ്വാസങ്ങള്‍ എന്നിരുന്നാലും മിക്കയാളുകളും അവരുടെ സ്വന്തം വാതിലുകള്‍ക്ക് നേരെ വ്യത്യസ്തമായ രീതിയില്‍ നോക്കിത്തുടങ്ങി.” 'തീര്‍ച്ചയായും ഒരു വില നില്കിയാല്‍ തുറക്കപ്പെടുന്ന ഈ 'രഹസ്യ വാതിലുകള്‍ സൃഷ്ടിക്കുന്ന കാഫ്കെയസ്ക് അന്തരീക്ഷം കോള്‍സണ്‍ വൈറ്റ്ഹെഡിന്റെ 'അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്‌', മുറകാമിയുടെ 'വൈന്റ് അപ് ബേര്‍ഡ് ക്രോണിക്കിള്‍ തുടങ്ങിയ കൃതികളെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നങ്കൂരമില്ലാത്തവന് അതിരുകളുമില്ല

നഗരം അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ എത്തുമ്പോഴാണ് പിറുപിറുത്തു സംസാരിക്കുന്ന "കവിയോ അതോ സൈക്കോപാത്തോഎന്ന് പറയാനാവാത്ത ഒരു ഒരു എജന്റ് നിഗൂഡമായ വാതിലിന്റെ വാഗ്ദാനവുമായി സഈദിനെയും നാദിയയെയും സമീപിക്കുക. “അതവരുടെ ജീവിതത്തിലെ അവസാന സായാഹ്നമാവാനുള്ള ഒരു സാധ്യതയുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു.” ഇരുണ്ട ശ്വാസം മുട്ടിക്കുന്ന തുരങ്കം നൂണ്ടു കടന്നാണ് ഒരു മധ്യകാല റൊമാന്‍സിലെ മിത്തിക്കല്‍ യാനം പോലുള്ള സ്വപ്നയാഥാര്‍ത്ഥ്യ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ധനികരായ ടൂറിസ്റ്റുകള്‍ക്കൊപ്പം ചേക്കയിടം പങ്കിടുന്ന ഗ്രീക്ക് ദ്വീപായ മികോനോസില്‍ അവര്‍ ആദ്യം എത്തിച്ചേരുക. 'വാതിലുകള്‍ വരവിനും പോക്കിനുമുള്ള ഒരു സാര്‍വ്വ ദേശീയ മാര്‍ഗ്ഗമായിക്കഴിഞ്ഞതായി അവര്‍ മനസ്സിലാക്കുന്നുസമ്പന്ന ദേശങ്ങളിലെക്കുള്ള പ്രവേശന കവാടങ്ങളില്‍ കനത്ത കാവലുള്ളപ്പോള്‍ ദരിദ്ര രാജ്യങ്ങളുടെത് മിക്കവാറും നാഥനില്ലാതെ കിടന്നുഇനിയൊരു ഘട്ടത്തില്‍ മറ്റൊരു 'വാതില്‍ അവരെ ലണ്ടനിലെത്തിക്കുംഅഭയാര്‍ഥികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ചേക്കേറാന്‍ പാകത്തില്‍ സമ്പന്ന വിദേശികള്‍ വാങ്ങിയിട്ട വന്‍ മന്ദിരങ്ങളുണ്ട് അവിടെ. “വെസ്റ്റ്‌ മിന്‍സ്റ്ററിനും ഹാമര്‍സ്മിത്തിനും ഇടയില്‍ നിയമപ്രകാരമുള്ള താമസക്കാര്‍ ന്യൂനപക്ഷമാണെന്നും സ്വദേശ ജാതര്‍ വംശ നാശം വരും വിധം കുറവാണെന്നും പറഞ്ഞു വന്നുപ്രാദേശിക പത്രങ്ങളുടെ അഭിപ്രായത്തില്‍ പ്രദേശം ദേശഗാത്രത്തിലെ ഏറ്റവും മോശമായ തമോഗര്‍ത്തങ്ങളില്‍ പെട്ടതായിരുന്നു.” ലണ്ടനില്‍ വെച്ചാണ് പ്രാവാസാനുഭവത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ സഈദും നാദിയയും മനസ്സിലാക്കുകനഗരമധ്യത്തില്‍ ഒരു പ്രവാസി സമൂഹം അതിന്റെ എല്ലാ അനിശ്ചിതത്വങ്ങളോടും അരാജകത്വത്തോടും ഒപ്പം വികസിക്കുന്നു. “ലണ്ടനില്‍ എല്ലായിടത്തും അത്തരം വീടുകളും പാര്‍ക്കുകളും ഉപയോഗ ശൂന്യമായ ലോട്ടുകളും ജന നിബിഡമായിഒരു മില്യണ്‍ അഭയാര്‍ഥികളെന്നു ചിലര്‍ പറഞ്ഞുവേറെ ചിലരാവട്ടെ അതിന്റെ ഇരട്ടിയെന്നുംനഗരത്തില്‍ എത്ര ഒഴിഞ്ഞ ഇടങ്ങളുണ്ടോഅത്രയും കുടില്‍ കെട്ടിത്താമാസക്കാരെ അത് ആകര്‍ഷിച്ചുചെല്‍സിയിലെയും കെന്‍സിംഗ് ടണിലെയും ആളില്ലാത്ത മന്ദിരങ്ങള്‍ പ്രത്യേകിച്ചും കയ്യടക്കപ്പെട്ടു.” അഭയാര്‍ഥികള്‍ നാട്ടുകാരുടെ ബോംബ്‌ ആക്രമണത്തിനിരയായി. 'ബ്രിട്ടനെ ബ്രിട്ടന് തിരികെ കിട്ടാനുള്ളപ്രസ്ഥാനങ്ങള്‍ ഉണ്ടായിഅധികാരികള്‍ വൈദ്യുതിയും പൈപ്പുവെള്ളവും പോലുള്ള പൊതു സൌകര്യങ്ങള്‍ ബോധപൂര്‍വ്വം തടസ്സപ്പെടുത്തിവെളിച്ചമുള്ള ലണ്ടനും ഇരുട്ട് മൂടിയ ലണ്ടനും ഉണ്ടായിഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമായിരുന്നപ്പോള്‍ പുതുതലമുറ ഡിജിറ്റല്‍ ഉപകരങ്ങളുടെ വിധേയത്വം വളര്‍ത്തിയെടുത്തിരുന്ന സഈദും നാദിയയും ലോകാവസ്ഥ അപ്പപ്പോള്‍ അറിഞ്ഞുവന്ന ലോകാഭിമുഖതയുംഇപ്പോള്‍ നഷ്ടമാവുന്നുബ്രോഡ് ബാന്‍ഡ് നല്‍കിയ സ്വാതന്ത്ര്യം ഇപ്പോള്‍ റോഡ്‌ ബ്ലോക്കുകള്‍ക്കും ക്യാമ്പുകളിലെ പിരിമുറുക്കത്തിനും കമ്പി വേലികള്‍ക്കും വഴിമാറുന്നുനക്ഷത്ര തിളക്കം നോക്കിയിരിക്കുമായിരുന്ന ആകാശമിപ്പോള്‍ യുദ്ധ വിമാനങ്ങളുടെയും ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും ഇരമ്പിയാര്‍ക്കലിന്റെ കലുഷാവസ്ഥയിലാണ്പുതിയ ഇടങ്ങളിലേക്ക് പുറപ്പാടവേണ്ട സാഹചര്യം ഉരുത്തിരിയിക്കുന്നു എന്നത് മാത്രമല്ലഅഭയാര്‍ഥിത്വത്തിന്റെ ആഗോള പ്രതിസന്ധിയില്‍ ആരും സുരക്ഷിതരില്ല എന്ന ദുരന്ത പ്രവചന സ്വഭാവമുള്ള ചകിതാവസ്ഥ കൂടിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്പുതിയ അന്തരീക്ഷം പഴയതിന്റെ തനിയാവര്‍ത്തനം ആയിത്തീരുന്നതെങ്ങനെ എന്നത് ദുരന്ത സാധ്യത രക്ഷപ്പെടാനാവാത്ത വിപര്യയമായിത്തീരുന്ന ഒരു വിപത് ഭാവിയെ സൂചിപ്പിക്കുന്നുവാതിലുകള്‍ ഇരുവശത്തേക്കും തുറക്കുന്നവയാണ് എന്നിരിക്കെഇത്തരം പ്രദേശങ്ങളില്‍ നിന്ന് തീവ്ര വാദികളും ഭീകരരും നാദിയയും സഈദും ഉപേക്ഷിച്ചു പോന്ന നാട്ടിലേക്ക് കുടിയേറുന്ന അവസ്ഥയുണ്ടെന്നും നോവലിസ്റ്റ് സൂചിപ്പിക്കുന്നുനിരന്തര ചലനം എന്നത് നോവലിന്റെ കേന്ദ്ര പ്രമേയവുമായി ബന്ധപ്പെട്ടത് തന്നെയാണ്വന്‍ തോതിലുള്ള പ്രവാസമെന്ന വസ്തുത വേണ്ട വിധം തിരിച്ചറിയാനാവാത്തതാണ് യൂറോപ്പും അമേരിക്കയും നേരിടുന്ന രാഷ്ട്രീയ നിശ്ചലാവസ്ഥക്ക് പ്രധാന കാരണമെന്ന് ഒരഭിമുഖത്തില്‍ നോവലിസ്റ്റ് അഭിപ്രായപ്പെടുന്നുണ്ട്സാമ്പത്തികമായി മരവിച്ചു പോയഅപകടാവസ്ഥയിലുള്ള ദേശങ്ങളില്‍ നിന്ന് സാമ്പത്തികമായി ഇളം ചൂടുള്ള സുരക്ഷിത ഇടങ്ങളിലേക്ക് പോകാനുള്ള പ്രവാസ മനസ്സിനെ ദുരന്തമായിക്കാണാതെ മനുഷ്യത്വ പരമായും പ്രചോദകമായും കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിക്കുന്നുഅഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞ ലോകം ഇപ്പോള്‍ പുതിയ തരം ക്രമത്തെ ഉറ്റുനോക്കുന്നുഅവിടെ പ്രസക്തമായ ഒരേയൊരു വിഭജനം കടന്നു പോകാനുള്ള അവകാശം തേടുന്നവരും അത് തടയുന്നവരും തമ്മിലുള്ളത് മാത്രമാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുആ അര്‍ത്ഥത്തില്‍ നോവലിന് അതി തീവ്രമായ പ്രബോധക ഭാവമുണ്ട് എന്ന് പറയാംജീവിത സൌകര്യങ്ങള്‍ മറ്റുള്ളവരുടെ ദുരിതങ്ങളില്‍ നിന്ന് മുഖം തിരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കുമെന്നു നാദിയ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്‌. 'ഒരു രാജകുമാരിയെ പോലെഅല്ലെങ്കില്‍ തനിക്കു ലഭിച്ച സൗകര്യങ്ങളില്‍ ഒരു ഏകാധിപതിയുടെ സുഖലോലുപരായ മക്കളെ പോലെ അഭിരമിച്ചു പോകുന്ന അവസ്ഥഹമീദ് ആരോടും വിട്ടുവീഴ്ച ചെയ്യുന്നില്ലതന്റെ മുഖ്യ കഥാപാത്രങ്ങളോട് പോലും. “പ്രവാസികളാവുമ്പോള്‍ പിന്നില്‍ വിട്ടേച്ചു പോന്നവരെ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് നാം കൊന്നു കളയുന്നു.” അറുപത്തിയഞ്ചു ദശലക്ഷം പേര്‍ അഭയാര്‍ഥികളായ ലോകത്ത് ഇതാണ് യഥാര്‍ത്ഥ ഭീകരാനുഭവമെന്നു എക്സിറ്റ് വെസ്റ്റ്‌ സൂചിപ്പിക്കുന്നു.

 

നോവല്‍ ശില്‍പ്പത്തിനപ്പുറം പോകുന്ന ഉത്കണ്ഠകള്‍

ദി റലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് പോലുള്ള ഹമീദിന്റെ മുന്‍ നോവലുകളില്‍ നിന്ന് ഭിന്നമായി 'എക്സിറ്റ് വെസ്റ്റ്‌ ഭദ്രമായ ഇതിവൃത്ത ഘടനയോ പാത്ര സൃഷ്ടിയിലെ ചടുലതയോ നിലനിര്‍ത്താത്തത് ബോധപൂര്‍വ്വമാണ് എന്ന് കാണാംനാദിയയോ സഈദോ ശക്തമായ വ്യക്തിത്വമോ അതുണ്ടാക്കുന്ന കര്‍തൃത്വമോ ഉള്ളവരല്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Sukhdev Sandhu, The Guardian). ഇത്തരം ഒരു കൃതിയില്‍ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന സോഷ്യല്‍ റിയലിസത്തിന്റെ രീതിയോ ഭീകരാനുഭവങ്ങളുടെ ദൃക് സാക്ഷി വിവരണത്തിന്റെ കിടുകിടുപ്പിക്കുന്ന 'വാര്‍ /ഡിസാസ്റ്റര്‍ മൂവിരീതികളോ നോവലിസ്റ്റ് അവലംബിക്കുന്നില്ലസിറിയയുടെയും മ്യാന്മാറിന്റെയും കാലത്തെ അഭയാര്‍ഥി പ്രശ്നമെന്ന സമകാലിക സമസ്യയെ ആഖ്യാന രീതികളുടെ ഒരു സമ്മിശ്രത്തിലൂടെയാണ് നോവലിസ്റ്റ് സമീപിക്കുന്നത് എന്ന് സുഖ്ദേവ് സന്ധു ചൂണ്ടിക്കാണിക്കുന്നുഅത് ഒരേ സമയം ദേശാതിര്‍ത്തികള്‍ ഉല്ലംഘിക്കപ്പെട്ന്നതിന്റെയും സിവില്‍ സമൂഹത്തില്‍ പടരുന്ന അശാന്തികളെ കുറിച്ചുള്ള ന്യൂസ് റീല്‍ രൂപത്തിന്റെയും പുതുകാല നരക ഭൂപടം ചമക്കുന്നതിന്റെ ഭാവനാത്മക രചനയുടെയും സ്വഭാവം ഉള്‍കൊള്ളുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുസഈദും നാദിയയും ഉപേക്ഷിച്ചു പോകുന്ന ദേശത്തിന് പേര് പറയുന്നില്ലെങ്കിലും അവര്‍ ലക്ഷ്യമായി എത്തിച്ചേരുന്ന ഇടങ്ങള്‍ മികോനോസ്ലണ്ടന്‍ അമേരിക്ക കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട് എന്നത് പ്രധാനമാണ്ഒരിടവും സുരക്ഷിതമോ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പ്രതിരോധിക്കപ്പെട്ടതോ അല്ലതന്നെതന്റെ രചനകളിലെല്ലാം ഹമീദ് പങ്കുവെക്കുന്ന നിലപാടാണ് കൊളോനിയലിസത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും അനിവാര്യഫലമായി പാശ്ചാത്യ പൌരസ്ത്യ ലോകങ്ങള്‍ പരസ്പരം സന്ധി ചെയ്യേണ്ടി വരുന്നുവെന്നത്സഈദിന്റെയും നാദിയയുടെയും പോലുള്ള വൈയക്തിക പ്രണയ കഥകള്‍ക്ക് പോലും ചരിത്രത്തിന്റെ ഈ അനിവാര്യതയില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ലചരിത്രം ആവേശിക്കുമ്പോഴാവട്ടെമരണവും ഹിംസയും നിറഞ്ഞാടുന്നുഒരു ട്രക്ക് മരണം വിതച്ചു പൊട്ടിത്തെറിക്കുന്നുഅനിശ്ചിതത്വവും അരാജകത്വവും നുരയുന്ന സാഹചര്യങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നുഅറുത്തുമാറ്റപ്പെട്ട ഒരു മനുഷ്യന്റെ തല മൈതാനത്തിലെ കളിപ്പന്തായി മാറുന്നുഎന്നാല്‍ നാദിയയുടെ കസിന്‍ ബോംബ്‌ സ്ഫോടനത്തില്‍ തലയും ഒരു കയ്യിന്റെ ഏതാനും ഭാഗങ്ങളും മാത്രം ബാക്കിയാവും വിധം ചിതറിത്തെറിക്കുന്നത് പോലുള്ള അത്തരം രംഗങ്ങളില്‍ നോവല്‍ തറഞ്ഞു നില്‍ക്കുന്നേയില്ലഇതര രാജ്യങ്ങളിലുണ്ടാവുന്ന സമാന സംഭാവങ്ങളാവട്ടെ ഡിജിറ്റല്‍ അകലത്തിലിരുന്നാണ് നാദിയയും സഈദും മനസ്സിലാക്കുക.

മഹാസങ്കടങ്ങളിലും ഇണര്‍പ്പുകളുണ്ട്

ലണ്ടനിലെ വാഗ്ദത്ത നഗരത്തിലെത്തുമ്പോള്‍ കാണുന്ന ജീവിതാവസ്ഥകളാണ് നോവലിന്റെ രണ്ടാം പകുതിയെ നിര്‍ണ്ണയിക്കുന്നത്. “ഭൂഗോളം മുഴുവനും യാത്രയിലായിരുന്നുലോകത്തിന്റെ തെക്ക് ഗോളത്തിന്റെ വടക്കോട്ട്‌ മുന്നേറിഅതെ സമയം തെക്കുള്ളവര്‍ മറ്റു തെക്കന്‍ ദേശങ്ങളിലേക്കും വടക്കന്‍ ദേശക്കാര്‍ മറ്റു വടക്കന്‍ ദേശങ്ങളിലേക്കും.” ഈ നിരീക്ഷണത്തിലാണ് പ്രവാസം നിയാമകമാകാന്‍ പോകുന്ന ഒരു ഭാവികാലത്തിന്റെ ഫുചൂറിസ്റ്റിക്ക് ആഖ്യാനമായി നോവല്‍ മാറുന്നത്എല്ലാവരും സഞ്ചാരത്തിലാകുമ്പോള്‍ ചലനം അസ്വാസ്ഥ്യകരമെന്നതിലേറെ സ്വാഭാവികമായിത്തീരുംതദ്ദേശീയര്‍ എന്ന് സ്വയം കരുതുന്നവര്‍ക്ക് ഈ പാലായനം അസ്വാസ്ഥ്യകരമാവാമെങ്കിലും ആരും താല്‍ക്കാലിക താമസക്കാരിലപ്പുറം ഒരിടത്തിന്റെയും ഉടമകളല്ലെന്ന ആഗോളീകൃതപോസ്റ്റ്‌ കൊളോണിയല്‍ അനിവാര്യതയില്‍ നിന്നാണ് ഈ വിപര്യയത്തിലും ശുഭാപ്തിയുടെ കിരണങ്ങള്‍ മൊഹ്സിന്‍ ഹമീദ് കണ്ടെത്തുന്നത്തദ്ദേശീയര്‍ അന്യരെഅപരിചിതരെ കുറിച്ചുള്ള തങ്ങളുടെ ആദ്യ അങ്കലാപ്പ് മറികടക്കുന്നതോടെ ഇരു കൂട്ടരും സൂക്ഷ്മവും പരസ്പര മാനുഷിക സൗഹൃദത്തിന്റെ അടിത്തറയിലുള്ളതുമായ നീക്ക് പോക്കില്‍ ഒരുമിച്ചു പോകാനുള്ള വഴികള്‍ തെളിയാനാണ് കൂടുതല്‍ സാധ്യത എന്ന് നോവലിസ്റ്റ് പ്രതീക്ഷിക്കുന്നുയാത്രാ ക്ഷീണത്തിന്റെ

ഇനിയൊരറ്റത്തു നാളുകളോളം ചെമ്മണ്‍ പാതകള്‍ താണ്ടിയ യാത്രിക ഇളം ചൂടുവെള്ളമൊഴുകുന്ന പൈപ്പിന് ചുവടെ ഏതാണ്ട് അതീന്ദ്രിയമായ സ്വര്‍ഗ്ഗീയാനുഭൂതി നുകരുന്നു. 

നോവലിന്റെ ആത്യന്തിക ഭാവത്തില്‍ എവിടെയോ പ്രാര്‍ത്ഥനകളുടെയും പ്രതീക്ഷകളുടെയും ഇണര്‍പ്പുകളുണ്ട്ബ്രസീലുകാരനായ ഒരു വയോധികന്‍ ആംസ്റ്റര്‍ ഡാമില്‍ വെച്ച് മറ്റൊരു വയോധികനെ കണ്ടു മുട്ടുകയും വാക്കുകള്‍ ഒന്നുമില്ലാതെ പ്രണയത്തിലാവുകയും ചെയ്യുന്നുആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങവേഇംഗ്ലണ്ടുകാരനായ ഒരാള്‍ നമീബിയയിലേക്ക് ഒരു വഴി കണ്ടെത്തുകയും പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്നുനോവലിന്റെ അവസാന വരികളില്‍ അമ്പത് കൊല്ലങ്ങള്‍ക്കിപ്പുറംപഴയ നാളുകളിലേത് പോലെഒരു റസ്റ്ററെന്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോള്‍ "നാദിയ ചോദിച്ചു സഈദ് ചിലിയിലെ മരുഭൂമികളില്‍ പോയി നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ എന്നും അത് പ്രതീക്ഷിച്ച പോലെത്തന്നെയായിരുന്നുവോ എന്നുംഅയാള്‍ തലയാട്ടിക്കൊണ്ട് പറഞ്ഞുഅവള്‍ക്കൊരു സായാഹ്നം ഒഴിവുണ്ടെങ്കില്‍ അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാമെന്ന്അത് ജീവിതത്തില്‍ കാണേണ്ട കാഴ്ച തന്നെയാണ്അവള്‍ കണ്ണുകളടച്ചു കൊണ്ട് പറഞ്ഞുഅവള്‍ക്കത് ഏറെ താല്പര്യമുണ്ട്അവര്‍ എണീറ്റുഎന്നിട്ട് ആലിംഗനം ചെയ്തുഎന്നിട്ട് രണ്ടു വഴി പോയിഅപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ലായിരുന്നുആ സായാഹ്നം എപ്പോഴെങ്കിലും വരുമോ എന്ന്.”

തീക്ഷ്ണ രാഷ്ട്രീയ സാംസ്കാരിക ധ്വനികള്‍ നിറഞ്ഞവയെങ്കിലും താരതമ്യേന നീളം കുറഞ്ഞ നോവലുകലോടുള്ള പ്രതിപത്തിയുണ്ട് മൊഹ്സിന്‍ ഹമീദിന്ദി റലക്റ്റന്റ് ഫണ്ടമമെന്റലിസ്റ്റിന്റെ ഹ്രസ്വതയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി പ്രസക്തമാണ്: “എന്റെ പുസ്തകം പാതി വായിക്കപ്പെടുന്നതിലേറെ രണ്ടു തവണ വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം.” എന്നാല്‍ എക്സിറ്റ് വെസ്റ്റ്‌ ഉള്‍പ്പടെയുള്ള കൃതികള്‍ ദൈര്‍ഘ്യത്തില്‍ വരുന്ന കുറവ് അവയുടെ ധ്വനി സാന്ദ്രത കൊണ്ട് പരിഹരിക്കുന്നുണ്ട് എന്ന് കാണാംഒരു ഡിസ്റ്റോപ്പിയന്‍ ആസന്ന ലോകാവസാന ചകിതാന്തരീക്ഷത്തിനിടയിലും മനുഷ്യാസ്തിത്വം പതിവ് ചാലുകളില്‍ ചലിക്കാന്‍ ശ്രമിക്കുന്നതിന്റെയും ഒപ്പം സമ്പന്നതയും രാഷ്ട്രീയ സൈനിക ആഭ്യന്തര സുരക്ഷിതത്വവും ഉള്ളതെന്ന് കരുതപ്പെടുന്ന പാശ്ചാത്യ ലോകവും അത്തരം ദുരന്ത നിമിഷത്തില്‍ യഥാര്‍ഥത്തില്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യത്തിന്റെയും ആവിഷ്കാരമാണ് 'എക്സിറ്റ് വെസ്റ്റ് '; അതുകൊണ്ട് തന്നെ 'ഇസ്ലാമിക് സ്റ്റേറ്റി'ന്റെയും 'ഭീകരതക്കെതിരായ യുദ്ധ'ത്തിന്റെയും മതാന്ധതയും സാമ്രാജ്യത്വ കടന്നു കയറ്റങ്ങളും ചേര്‍ന്നൊരുക്കുന്ന പശ്ചാത്ഗമനത്തിന്റെയും (atavism) സവിശേഷ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ നോവലും.

(മലയാളം വാരിക,  23 ഒക്ടോബര്‍ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 324-330)

also read:

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html

The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

Hope and Other Dangerous Pursuits by Laila Lalami (revised)

https://alittlesomethings.blogspot.com/2018/01/05.html

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

Burnt Shadows by Kamila Shamsie

https://alittlesomethings.blogspot.com/2015/11/blog-post.html