Featured Post

Monday, May 22, 2017

Murambi, The Book of Bones by Boubacar Boris Diop

മുറംബി : ഫോസിലുകളില്‍ എഴുതപ്പെട്ടത്.



















To write poetry after Auschwitz is barbaric - Theodor Adorno (1949)

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നുഎഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ മോനിക് ഇല്‍ബൂദോ (ബുര്‍കിനാ ഫാസോ), ടിയെര്‍നോ മോനെനെംബോ (ഗിനിവെറോനിക് താദ് യോ (ഐവറി കോസ്റ്റ്തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതി സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi, The Book of Bones തന്നെയായിരുന്നുറുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്തസമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' (മാന്‍തിയ ദിയാവാരനോവലിന്റെ അവതാരികയില്‍ ഫിയോന മക് ലോലിന്‍ ഉദ്ധരിച്ചത്.) രാഷ്ട്രീയവും സാഹിതീയവുമായി ഈ പരിപ്രേക്ഷ്യത്തിലാണ് ബോറിസ് ഡിയോപ്പിന്റെ നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറു കൃതികളില്‍ ഒന്നായി സിംബാബ്‌വേ അന്താരാഷ്‌ട്ര പുസ്തക മേളയില്‍ ഇടം പിടിച്ചത്ആഫ്രിക്കയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരില്‍ ഒരാളായ ഡിയോപ്പ് ആക്റ്റിവിസ്റ്റും സെനഗലിലെ ആദ്യത്തെ സ്വതന്ത്ര പത്രത്തിന്റെ പ്രഥമ പത്രാധിപസമിതി അംഗവുമാണ്അദ്ദേഹത്തിന്റെ കൃതികളെല്ലാം ചരിത്രവും മിത്തും തമ്മിലുള്ള ബന്ധവും സമകാലിക ആഫ്രിക്കന്‍ ജീവിതത്തില്‍ അവ എങ്ങനെ പ്രതിവര്‍ത്തിക്കുന്നു എന്നതും തികച്ചും വിഗ്രഹഭജ്ഞക സ്വഭാവത്തോടെ ആവിഷ്കരിക്കുന്നു എന്ന് മക് ലോലിന്‍ നിരീക്ഷിക്കുന്നു

 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും പ്രസിഡന്റ് ഉള്‍പ്പടെ എല്ലാവരും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കി 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായവംശഹത്യയായിത്തീര്‍ന്നുഅന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായിവ്യത്യസ്ത ആഖ്യാന സ്വരങ്ങളിലൂടെ ശ്ലഥമായ മിത്തുകളെ ആവിഷ്കരിക്കുകയും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രത്യേക നിലപാടിലേക്ക് ആഖ്യാനത്തെ അടുപ്പിക്കുന്നതിനു പകരം വ്യക്തിഗത അനുഭവങ്ങളുടെയും വ്യതിരിക്ത പ്രതികരണങ്ങളുടെയും ഓര്‍മ്മകളുടെയും അനന്യത സമര്‍ഥിക്കുന്ന രീതിയാണ് തന്റെ പതിവ് ശൈലിയില്‍ നോവലിസ്റ്റ് അവലംബിക്കുന്നത്അതുകൊണ്ട് ഹുടു എന്നോ ടുട്സി എന്നോ പൊതു സംജ്ഞകളുടെ കള്ളികളിലേക്ക് അനുഭവങ്ങളെ ഒതുക്കുന്നതിന് പകരം വൈയക്തിക അനുഭവാഖ്യാനങ്ങളുടെ തലങ്ങളിലും കൂടി റുവാണ്ടന്‍ ദുരന്തത്തെ സമീപിക്കുന്ന ആദ്യ കൃതിയായി മുറംബി മാറുന്നു എന്ന് മക് ലോലിന്‍ സാക്ഷ്യപ്പെടുത്തുന്നു. "മുറംബി പ്രഥമമായും ഏറ്റവും പ്രധാനമായി വൈയക്തിക ആഖ്യാനങ്ങളുടെ ഒരു നോവലാണ്‌അതുപയോഗപ്പെടുത്തുന്ന വിവിധ ആഖ്യാന സ്വരങ്ങളില്‍ ബഹുമുഖാഖ്യായികളായ (polyphonic) ഡിയോപ്പിന്റെ മുന്‍ നോവലുകളെ പോലെ. ആഖ്യാതാക്കള്‍ഒട്ടേറെ സാക്ഷികള്‍അക്രമം നടത്തിയവര്‍ഇരകള്‍നോക്കിനിന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് അദ്ധ്യായങ്ങള്‍ക്ക്ഈ വൈയക്തിക കഥകളിലൂടെയാണ് വംശഹത്യയുടെ കൊടും ക്രൂരതകള്‍ വെളിപ്പെടുത്തുന്നത്, ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചിട്ട ദിവസത്തെ ആദ്യത്തെ ഭയവും അവിശ്വസനീയതയും തൊട്ട്കൂട്ടക്കുരുതികളുടെയും പീഡനങ്ങളുടെയും ഭയാനകവും പലപ്പോഴും വീറില്ലാത്തതുമായ വിവരണങ്ങള്‍ വരെഅതിജീവിച്ചവരുടെ മനസ്സുകളില്‍ പില്‍ക്കാലം പിന്തുടരുന്ന ഓര്‍മ്മകള്‍ വരെ.”

സംഘര്‍ഷങ്ങളുടെ കൊളോണിയല്‍ വേരുകള്‍ 

               വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക് നോവലിന്റെ നൈതിക ദര്‍ശനങ്ങളുടെ കണ്ണാടിയായ സിമെയോന്‍ ഹബിനേസയെന്ന വയോധികന്‍ ഓര്‍മ്മിക്കുന്നുകൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിഅവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടുസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). ഹുടു അര്‍ദ്ധസൈനികസംഘം  ('Interahamwe')  കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം.

നിസ്സംഗതയുടെ പാപം

 

               പ്രസിഡന്റ് കൊല്ലപ്പെട്ട ദിനം ഉരുണ്ടുകൂടുന്ന ഭീഷണാവസ്ഥയോട് അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിസ്സംഗത നോവല്‍ ആരംഭത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. ടുട്സിയായ വീഡിയോ സ്റ്റോര്‍ ഉടമ മൈക്കല്‍ സെരുമുണ്ടോ രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത മകനെ അന്വേഷിച്ചിറങ്ങുമ്പോള്‍ വേവലാതി പൂണ്ട ഭാര്യയെ സമാധാനിപ്പിക്കുന്നു. “വിഷമിക്കണ്ടസേരാലോകം മുഴുവന്‍ അവരെ നോക്കിയിരിപ്പുണ്ട്‌, അവര്‍ക്കൊന്നും ചെയ്യാനാവില്ല.” പക്ഷെ അയാള്‍ക്കറിയാം.

ഉള്ളിന്റെയുള്ളില്‍ എനിക്കറിയാമായിരുന്നു ഞാന്‍ പറഞ്ഞത് തെറ്റാണെന്ന്യുഎസ്സില്‍ ലോക കപ്പു തുടങ്ങാന്‍ പോവുകയായിരുന്നുഭൂഗോളത്തിലാര്‍ക്കും മറ്റൊന്നിലും താല്പര്യം ഉണ്ടായിരുന്നില്ലഎന്ത് തന്നെയായാലും റുവാണ്ടയില്‍ എന്ത് സംഭവിച്ചാലും അതെപ്പോഴും കറുത്തവര്‍ കറുത്തവരെ ആക്രമിക്കുന്ന അതെ പഴയ കഥയായിരിക്കുംഓരോ കളിയുടെയും ഇടവേളകളില്‍ ആഫ്രിക്കക്കാര്‍ പോലും പറയും, “അവര്‍ നമ്മെ അമ്പരപ്പിക്കുകയാണ്അവര്‍ ഇത് പോലെ പരസ്പരം കൊല്ലുന്നത് നിര്‍ത്തണം.” പിന്നെ അവര്‍ മറ്റെന്തിലെക്കെങ്കിലും വിഷയം മാറ്റും. “നീ ക്ലൈവര്‍ട്ടിന്റെ ആ ഫ്ലിപ്പ് കണ്ടോ?” ഞാന്‍ പറയുന്നത് ഒരു കുറ്റപ്പെടുത്തല്‍ അല്ലഞാന്‍ ടെലിവിഷനില്‍ ഉള്‍കൊള്ളാനാവാത്ത ഒട്ടേറെ രംഗങ്ങള്‍ കണ്ടിട്ടുണ്ട്സ്ലിപ്പുകളും മാസ്ക്കും ധരിച്ച ആളുകള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ജഡങ്ങള്‍ വലിച്ചു പുറത്തിടുന്നത്നവജാത ശിശുക്കളെ ചിരിച്ചുകൊണ്ട് ബ്രെഡ്‌ ഒവനിലേക്ക് തട്ടിയിടുന്നത്യുവതികള്‍ ഉറങ്ങാന്‍ പോകും മുമ്പ് തൊണ്ടയില്‍ എണ്ണ പുരട്ടുന്നത്അവര്‍ പറയും, 'അങ്ങനെയാവുമ്പോള്‍ കഴുത്തറുക്കുന്നവര്‍ വരുമ്പോള്‍ അവരുടെ കത്തികളുടെ വായ്ത്തല അധികം വേദനിപ്പിക്കില്ലഞാനിതൊക്കെ കണ്ടു വേദനിച്ചെങ്കിലും അതിന്റെ ഭാഗമായി തോന്നിയിരുന്നില്ലഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, ഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ . പക്ഷെ 1994 ഏപ്രിലിലെ ഈ ആദ്യ ദിനങ്ങളില്‍ ലോകത്തിന്റെ മറുവശത്തുള്ള രാജ്യം എന്റേതാണ്.” 

മകനെ അന്വേഷിച്ചിറങ്ങുന്ന സെരുമുണ്ടോയെ കുറിച്ച് പിന്നീട് നോവല്‍ മൌനമാണ്.

നിസ്സംഗത എങ്ങനെയാണ് ചരിത്രപഠനത്തിന്റെ തട്ടകത്തില്‍ തമസ്കരണമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്‌ എന്ന് കോര്‍നെലിയസ് തന്നെ നോവലില്‍ വ്യക്തമാക്കുന്നുണ്ട്:

ജിബൂട്ടിയിലോഞാന്‍ അവിടെ സ്കൂളില്‍ ചരിത്രാധ്യാപകന്‍ ആയിരുന്നു.”

എന്നിട്ട് എന്ത് ചരിത്രമാണ് നീ അവിടെ പഠിപ്പിച്ചത്?”

സിമെയോന്‍ എന്താണ് ഉദ്ദേശിച്ചതെന്നു കോര്‍നെലിയസ് ഊഹിച്ചു.

ഞങ്ങള്‍ റുവാണ്ടയെ കുറിച്ച് അത്രയധികം സംസാരിച്ചില്ല.”

എന്താ നീ പറയുന്നത്ദൈവം റുവാണ്ടയെ വളരെ ആകര്‍ഷകമായി കണ്ടുവെന്നും രാത്രി മറ്റെവിടെയും ചെലവഴിക്കില്ല എന്നും ജിബൂട്ടിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് അറിയില്ലെന്നോ?”പരിഹാസത്തോടെ സിമെയോന്‍ ചോദിച്ചു.

കോര്‍നെലിയസ് പ്രകോപിതനാവാന്‍ തയ്യാറാവാതെ മുറംബി മലകളില്‍ വ്യാപിച്ചു കണ്ട വിളക്കുകളെ നോക്കി പറഞ്ഞു, “എന്റെ വിദ്യാര്‍ഥികള്‍ അത് വിശ്വസിക്കുമായിരുന്നില്ല. റുവാണ്ട എന്ന വാക്ക് എല്ലാവരിലും രക്തം ചിന്തലും അവസാനമില്ലാത്ത കൊലയും മാത്രമേ ഓര്‍മ്മപ്പെടുത്തുമായിരുന്നുള്ളൂ.” 

ഇര സിദ്ധാന്തവും ഹിംസയുടെ ചാക്രികതയും 

              ആഫ്രിക്കന്‍ അനുഭവത്തില്‍ കുരുതികളുടെയും നശീകരണത്തിന്റെയും ചരിത്ര ഘട്ടങ്ങള്‍ പലപ്പോഴും കൊളോണിയലിസത്തിന്റെ ഫലമായി സംഭവിച്ചതാണെങ്കിലും അത്തരം ഇരവല്‍ക്കരണ സിദ്ധാന്തത്തെ പൂര്‍ണ്ണമായും 'മുറംബി' സാധൂകരിക്കുന്നില്ല. ഫോസ്റ്റിന്‍ ഗസാനെയുടെ പിതാവിന്റെ കിടപ്പറച്ചുമരിനെ അലങ്കരിക്കുന്ന പഴയ ചിത്രത്തില്‍ ബെല്‍ജിയം രാജാവിനു ഷേക്ക്‌ ഹാന്‍ഡ് ചെയ്യുന്ന പ്രസിഡണ്ട്‌ കയിബാന്റയെ കാണാംരാജാവിന്റെ മുഖത്തെ മടുപ്പും കയിബാന്റയുടെ ആരാധനാ ഭാവവും കൊളോണിയല്‍ യജമാനനും ആഫ്രിക്കന്‍ സില്‍ബന്തിയും എന്ന വിനിമയത്തിന്റെ സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്നുകലാപ നാളുകളില്‍ ടുട്സി അനുകൂലമനോഭാവത്തിന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ പത്തു ബെല്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന് ബെല്‍ജിയന്‍ പൗരന്മാര്‍ ഫ്രഞ്ച് പൗരന്മാരെന്ന വ്യാജേന ചെക്ക്പോയിന്റുകള്‍ കടക്കുന്നതും കൊളോണിയലിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നുഫ്രഞ്ച് ജനറല്‍മാര്‍ കൂട്ടക്കൊലകളില്‍ ടുട്സി വിരുദ്ധ വികാരം ആളിക്കത്തിക്കും വിധം പ്രവര്‍ത്തിക്കുന്നതും 'മുറംബിയുടെ കശാപ്പുകാരന്‍' എന്നറിയപ്പെട്ട ഉവിമാനയുടെ പിതാവ് ഉള്‍പ്പടെയുള്ള യുദ്ധക്കുറ്റവാളികളുടെ രക്ഷപ്പെടലിനു മറയൊരുക്കുന്നതും നോവല്‍ തുറന്നു കാട്ടുന്നുണ്ട്സിമെയോന്‍ ഹെബിനേസയെന്ന വയോധികനിലൂടെ ഇരവല്‍ക്കരണ സിദ്ധാന്തം എങ്ങനെയാണ് ഹിംസയുടെ ചാക്രികതക്ക് കാരണമാവുക എന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട്തങ്ങളുടെ ബന്ധുക്കളുടെ കൊലക്ക് നേതൃത്വം കൊടുത്തയാളുടെ കൊട്ടാര സദൃശമായ വീട് തകര്‍ത്തുകളയാന്‍ വെമ്പുന്ന ഗ്രാമീണരെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുറുവാണ്ടന്‍ ചരിത്രത്തില്‍ പ്രതികാര നടപടികള്‍ തിരിച്ചടികളെ പ്രകോപിപ്പിച്ചതാണ് എല്ലാ കാലത്തും അനന്തമായ വയലെന്സിനു കാരണമായത്‌ഇന്നലത്തെ ഇരകള്‍ തങ്ങളുടെ പീഡാനുഭവങ്ങളെ ഹിംസാത്മകതക്കുള്ള ലൈസന്‍സ് ആയിക്കാണുകയും തങ്ങളുടെ ദുഃഖത്തിനു പ്രതികാരക്രിയകളിലൂടെ പരിഹാരം കാണുകയും ചെയ്യുന്നത് ആ ചാക്രികത അനവരതം തുടരാനെ ഇടയാക്കൂ.

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍, സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

ഇരവല്‍ക്കരണവും അത് ഉത്പാദിപ്പിക്കുന്ന പകപോക്കല്‍ 'ഉത്തരവാദിത്ത ബോധവുംതള്ളിക്കളയുന്നതിലൂടെ ഇരയാക്കപ്പെട്ടവര്‍ക്ക് സ്വമേധയാ വന്നു ചേരുന്ന 'നിരപരാധര്‍ ' എന്ന പരിവേഷവും തകര്‍ത്ത് കളയുകയാണ് സിമെയോന്‍.

ഇരസാക്ഷിആക്രമകാരി - വെച്ച് മാറുന്ന സ്വത്വങ്ങള്‍ 

             ഹിംസാത്മകതയുടെ കൊളോണിയല്‍ പങ്ക് എന്ന പരിഗണന കൊണ്ടുമാത്രം റുവാണ്ടയില്‍ നടന്നതെല്ലാം വിശദീകരിക്കാനാവില്ലെന്നു സിമെയോന്‍ കണ്ടെത്തുന്നുണ്ട്. കിബുംഗോയിലെയും മുഗോനെരോയിലെയും മുറംബിയിലെയും ആള്‍ക്കൂട്ടങ്ങള്‍ അരുംകൊലകള്‍ ആഘോഷിച്ച രീതി അയാളെ ചിന്തിപ്പിക്കുന്നുഇര സിദ്ധാന്തം ചരിത്രം തങ്ങളില്‍ 'സംഭവിക്കുക'യായിരുന്നു എന്നതോന്നല്‍ ഉറപ്പിക്കുന്നതിലൂടെ അത് ചെയ്തവരെ/ ഉത്തരവാദികളായവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടേ തങ്ങളുടെ കര്‍തൃത്വം സ്ഥാപിക്കാനാവൂ എന്ന കടുത്ത പരിഹാരാന്വേഷണത്തിലേക്ക് നയിക്കുന്നുകൊളോണിയല്‍ വിരുദ്ധപോരാട്ടത്തില്‍ അക്രമാസക്തമായ കലാപങ്ങളിലൂടെ കോളണീകൃത ജനത സ്വയം സ്ഥാപിക്കുന്നത് മുന്നേറ്റമായിക്കണ്ട ഫ്രാന്‍സ് ഫാനന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 'ഇരകളുടെ സ്വത്വ'മെന്ന ഐക്യപ്പെടല്‍ ഹിംസാത്മകതയുടെ ചാക്രികതയില്‍ ആണ് ചെന്നെത്തുന്നത് എന്ന് സിമെയോന്‍ വിചാരിക്കുന്നുഇരയും സാക്ഷിയും അക്രമകാരിയുമെന്ന സ്വത്വങ്ങള്‍ അത്ര ഭിന്നമല്ല എന്നും പരസ്പരം വെച്ച് മാറാവുന്ന ഒന്നാണ് എന്നും ചരിത്രം പലവുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോസിമെയോന്‍ നടത്തുന്ന നിരീക്ഷണം പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌരിയുടെ ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ നാഹിലയും മുന്നോട്ടു വെക്കുന്നുണ്ട്.

നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുപക്ഷെ അതുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ല... ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം.” ('ഗേറ്റ് ഓഫ് ദി സണ്‍ ' എന്ന നോവലില്‍ നിന്ന്.)

            'മുറംബി'യില്‍ വംശഹത്യ അവസാനിപ്പിച്ച ആര്‍പിഎഫ്. 'വിമോചന'ത്തിന്റെ ഭാഗമായി ഹുടു മിലീഷ്യാ അംഗങ്ങളെ അരിഞ്ഞു വീഴ്ത്തുന്നത് നോക്കിനിന്നത് കോര്‍നെലിയസിന്റെ സുഹൃത്തും റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റും ആയിരുന്ന ജെസിക്ക വിവരിക്കുന്നുണ്ട്. 'മുറംബിയുടെ കശാപ്പുകാര'നായ പിതാവിന്റെയും അയാളുടെ കല്‍പ്പനയില്‍ കൊന്നു തള്ളപ്പെട്ട അരലക്ഷത്തോളം ഇരകളില്‍ അയാള്‍ അറിഞ്ഞുകൊണ്ടുതന്നെ ഒടുങ്ങിപ്പോയ അമ്മയുടെയും മകനായ കോര്‍നെലിയസ് ആകട്ടെ "പരിപൂര്‍ണ്ണ റുവാണ്ടന്‍ : ഒരേസമയം കുറ്റവാളിയും ഇരയുംഎന്നാണ് സ്വയം കണ്ടെത്തുക

നിമു എന്‍ജോയ നിരീക്ഷിക്കുന്നത് പോലെസെമിയോന്‍ ഹെബിനെസയിലൂടെ 'മുറംബിമുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് ഇതാണ്ഹിംസയുടെ ചാക്രികത അവസാനിപ്പിക്കാനും വന്‍തോതിലുള്ള അത്യാചാരങ്ങള്‍ക്ക് ശേഷം ഒരു ദേശത്തിന് സ്വയം പുനര്‍ സൃഷ്ടിക്കുന്നതിനും ഇരകള്‍ ബോധപൂര്‍വ്വം നിരപരാധിത്വത്തിന്റെ നിഷ്ക്രിയഭാവം ഉപേക്ഷിക്കണംപകരം മാപ്പുനല്‍കല്‍ എന്ന സക്രിയമായ തെരഞ്ഞെടുപ്പിലൂടെ സ്വയം സ്ഥാപിക്കണംപൊറുത്തു കൊടുക്കുക എന്നത് അമൂര്‍ത്തമായ ആത്മീയ പ്രക്രിയയല്ലമറിച്ച് ഇരകളുടെ ഭാഗത്ത് നിന്നുള്ള അഹിംസാത്മകവും പ്രതികാര ചിന്താമുക്തവുമായ ഒരു സക്രിയ പ്രവര്‍ത്തനമാണ്മുമ്പ് അവരില്‍ 'സംഭവിക്കുക'യായിരുന്ന ചരിത്രത്തില്‍ അപ്പോഴാണ്‌ അവര്‍ കര്‍തൃത്വം തിരിച്ചു പിടിക്കുകഡെസ്മണ്ട് ടുടുവിന്റെ ടിആര്‍ . സി. (Truth and Reconciliation Commission) യും , റുവാണ്ടയിലെ ഗചാച്ച സമ്പ്രദായവും (റുവാണ്ടന്‍ കമ്മ്യൂണിറ്റി ജസ്റ്റിസ് സിസ്റ്റംമുന്നോട്ടു വെച്ചതും ഈ നിലപാടാണ് എന്ന് നിമു എന്‍ജോയ ചൂണ്ടിക്കാട്ടുന്നു.

 വംശ ഹത്യയുടെ സാഹിത്യം

               നാലുഭാഗങ്ങളിലായി എഴുതപ്പെട്ട നോവലില്‍ ഒന്നും മൂന്നും ഭാഗങ്ങള്‍ വംശഹത്യയില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ട പലരുടെയും ചെറു വിവരണങ്ങളായി ആ കഥകള്‍ ആവിഷ്കരിക്കപ്പെടുന്നുരണ്ടും നാലും ഭാഗങ്ങള്‍ കോര്‍നെലിയസിന്റെ തിരിച്ചു വരവും കണ്ടെത്തലുകളും ജനിച്ചു വളര്‍ന്ന മുറംബിയിലെ ഇപ്പോഴത്തെ അനുഭവങ്ങളുമാണ്. പന്ത്രണ്ടാം വയസ്സില്‍ ജിബൂട്ടിയിലേക്ക് ചേക്കേറുമ്പോള്‍ അയാളുടെ കുടുംബം മുറംബിയില്‍ ആയിരുന്നുഇവിടെയാണ് പിന്നീട് റുവാണ്ടന്‍ ദുരന്തത്തിലെ ഏറ്റവും ഭീകരമായ ഒരു കാണ്ഡം അരങ്ങേറിയത്അതും അയാളുടെ സ്വന്തം പിതാവിന്റെ കാര്‍മ്മികത്വത്തില്‍. ജിബൂട്ടിയില്‍ യുവ ചരിത്രാധ്യാപകനായി പ്രവാസജീവിതം നയിക്കുന്ന കോര്‍നേലിയസ് ഉവിമാന റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു നാലുകൊല്ലങ്ങള്‍ക്ക് ശേഷം സ്വദേശം സന്ദര്‍ശിക്കുന്നതാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രംഅയാളുടെ കുടുംബം മുഴുവന്‍, സിമെയോന്‍ ഹബിനെസയെന്ന വയോധികനായ അമ്മാവനൊഴികെആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്ആ കുരുതികളുമായി പൊരുത്തപ്പെടാനും അതിലേക്കു നയിച്ച സംഭവ ഗതികളെ കുറിച്ച് ഒരു നാടകം രചിക്കാനും വേണ്ടിയാണ് ഇപ്പോള്‍ അയാളുടെ വരവ്. ആഖ്യാനത്തുടര്‍ച്ചയില്ലാത്തഎന്നാല്‍ ഭാവനാത്മകമായി ഇഴ കോര്‍ക്കുന്ന കുറെ ശ്ലഥ ചിത്രങ്ങളിലൂടെകുറെയേറെ കഥാപാത്രങ്ങളുടെ നേരനുഭവ വിവരണങ്ങളിലൂടെ ആ നൂറു ദിനങ്ങളുടെ സംഭവങ്ങള്‍ ദുരന്തനാളുകള്‍ക്ക് മുമ്പ്അവക്കിടയില്‍അതിനു ശേഷം എന്ന ക്രമത്തില്‍ നമ്മളറിയുന്നുഈ കഥകളിലൂടെ ദുരന്തത്തെ സംബന്ധിച്ച നല്ലൊരു ചരിത്രധാരണ ഉരുത്തിരിയുന്നു - അതിലേക്കു നയിച്ച ആസൂത്രണങ്ങള്‍, പരിശീലനം, പ്രോപഗാണ്ടഎന്നിവ മാത്രമല്ല കുരുതിയിടങ്ങളില്‍ നിന്നുള്ള ദുസ്സഹമായ ഗന്ധവും ഒടുവില്‍ ഉവിമാന കണ്മുന്നില്‍ കാണുന്ന സ്വന്തം അമ്മയും സഹോദരങ്ങളും ഉള്‍പ്പടെയുള്ള തന്റെ സമൂഹത്തിലെ അംഗങ്ങളുടെ സംഭവസ്ഥലത്ത് പ്രത്യേക തരത്തില്‍ കുമ്മായത്തില്‍ മുക്കി സൂക്ഷിച്ച അഴുകിത്തുടങ്ങിയ ശരീരാവശിഷ്ടങ്ങള്‍ വരെ.

 

              ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്‌. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യം' പറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത് എന്ന് നിമു എന്ജോയ നിരീക്ഷിക്കുന്നു. (Nimu Njoya, http://www.logosjournal.com/issue_6.1-2/njoya.htm).

 

              സാഹിത്യത്തിനു വംശഹത്യയുടെ സാക്ഷ്യം അടയാളപ്പെടുത്താന്‍ എത്രകണ്ട് സാധ്യമാണ് എന്നത് നോവലിലെ പ്രധാന പരിഗണനകളില്‍ ഒന്നാണ്മുറംബി കുരുതിയില്‍ അതിജീവിച്ച ചുരുക്കം ചിലരില്‍ ഒരാളായ ജെറാര്‍ഡ് നയിന്‍സിര തന്റെ രക്ഷപ്പെടലിന്റെ അനുഭവം വിവരിക്കുമ്പോള്‍ പറയുന്നുണ്ട്:

കവികളുടെ ആ മനോഹരമായ വാക്കുകള്‍ക്കൊന്നുംകോര്‍നെലിയസ്ഞാന്‍ സത്യം ചെയ്യാംഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു പട്ടിയെ പോലെ ചാവുന്ന ആ അമ്പതിനായിരം രീതികളെ കുറിച്ച് ഒന്നും പറയാനാവില്ല.” 

നോവലന്ത്യത്തില്‍ മുറംബിയില്‍ ബാക്കിയാവുന്ന ചിഹ്നങ്ങള്‍ എല്ലാം കണ്ടും കഥകളെല്ലാം കേട്ടും കഴിയുമ്പോള്‍ കോര്‍നെലിയസ് നാടകം എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചതില്‍ ലജ്ജിക്കുന്നുണ്ട്ഒരു വംശഹത്യ തുടക്കവും ഒടുക്കവും ഉള്ള ഇടയില്‍ ഏറെക്കുറെ സാധാരണ കാര്യങ്ങള്‍ സംഭവിക്കുന്ന എന്തെങ്കിലും ഒരു കഥയല്ലതന്റെ ജീവിതത്തില്‍ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത സിമെയോന്‍ ഹെബിനേസ സ്വന്തം നിലയില്‍ ശരിക്കും ഒരു നോവലിസ്റ്റ് ആണ്അതായത്അന്തിമ വിശകലനത്തില്‍ എന്നേക്കുമുള്ള കഥാകാരന്‍ " അക്കാര്യത്തില്‍ സിമെയോനോട് മത്സരിക്കാന്‍ ആവില്ലെങ്കിലും 'മൌനത്തിലൂടെ കൊലയാളികളുടെ സുനിശ്ചിത വിജയത്തിന് ഇടം നല്‍കി അയാള്‍ പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. … അയാള്‍ ആ ഭീകരതകള്‍ അക്ഷീണം ആവിഷ്കരിക്കുംകൊടുവാള്‍ വാക്കുകള്‍ കൊണ്ട്കൂടം പോലുള്ള വാക്കുകള്‍ കൊണ്ട്, ആണി തറച്ച വാക്കുകള്‍ കൊണ്ട്നഗ്നമായ വാക്കുകള്‍ കൊണ്ട്, .. രക്തവും മലവും പുരണ്ട വാക്കുകള്‍ കൊണ്ട്. അതയാള്‍ക്ക് ചെയ്യാനാവുംറുവാണ്ടന്‍ ടുട്സി വംശഹത്യയില്‍ ഒരു വലിയ പാഠം അതിന്റെ ലാളിത്യത്തില്‍ അയാള്‍ കണ്ടുഏറ്റവും ചുരുങ്ങിയത് എല്ലാ ചരിത്രാഖ്യാതാക്കള്‍ക്കും പഠിക്കുകയെങ്കിലും ചെയ്യാനാവും - അയാളുടെ കലക്ക് ഏറ്റവും അനിവാര്യമായ ഒന്ന് - ഒരു ഭീകര സ്വത്വത്തെ അതേ പേരില്‍ തന്നെ വിളിക്കുക.” തന്റെ പിതാവിന്റെ കീഴില്‍ അരങ്ങേറിയ അരും കൊലയുടെ വേദിയായിരുന്ന പോളി ടെക്നിക്കില്‍ കൃത്യമായി തിരിച്ചറിഞ്ഞ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലുള്ള പജ്ഞരങ്ങള്‍ക്കരികെ നിത്യവും സന്ദര്‍ശിക്കുന്ന യുവതിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ശരിക്കും ജീവിച്ചിരിക്കുന്നോ അതോ മരിച്ചവള്‍ ആണോ എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ലകൊല്ലപ്പെട്ടവരുടെ സംഖ്യ എട്ടു ലക്ഷമോ അതോ പത്തോ എന്ന് തര്‍ക്കിക്കുന്നവരോട് അവളെ ഏതു ഗണത്തില്‍ പെടുത്തും എന്ന് ചോദിക്കണമെന്നുണ്ട് അയാള്‍ക്ക്അവളോടാകട്ടെ അയാള്‍ക്ക് പറയാനുള്ളത് ഇതാണ്മുറംബിയില്‍ മരിച്ചവര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുഅവരുടെ ഏറ്റവും തീക്ഷ്ണമായ സ്വപ്നം ജീവിച്ചിരിക്കുന്നവരുടെ ഉയിര്‍പ്പായിരുന്നു

             ആര്‍ . പിഎഫ്കിഗാലിയിലേക്ക് മുന്നേറാന്‍ തുടങ്ങുന്നതോടെ പാലായനം ചെയ്യുന്ന ഹുടു മിലീഷ്യയുടെയും കിഴക്കന്‍ കോംഗോയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹുടു അഭയാര്‍ഥികളുടെയും എതിരെ അരങ്ങേറിയ തിരിച്ചടിക്കല്‍ നടപടികളെ കുറിച്ചും 1959 -നും എത്രയോ മുമ്പേ വേരോടിയിരുന്ന വംശീയ വിദ്വേഷത്തെ കുറിച്ചും വേണ്ടത്ര ജാഗ്രതയുള്ള നിരീക്ഷണങ്ങള്‍ നോവലില്‍ ഇല്ല എന്ന് നിമു എന്‍ജോയ നിരീക്ഷിക്കുന്നു. കൃത്യമായും 1959 മുതല്‍ 1994 വരെ എന്ന് മുറിച്ചെടുത്തു നിരീക്ഷിക്കാവുന്ന വിധം ക്ലിപ്തമായ അതിരുകള്‍ സാധ്യമല്ല വംശീയ സംഘര്‍ഷത്തിന്റെ ഭയാനകമായ ഈ ചരിത്രസന്ദര്‍ത്തെ കുറിച്ചുള്ള ചിന്തകളില്‍ എന്നിരിക്കെ അത് നോവലിന്റെ ഒരു പരിമിതിയാണ് എന്നും പില്‍ക്കാല ഹുടു വംശീയാനുഭവത്തെ കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ റുവാണ്ടന്‍ ദുരന്തത്തെ കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളില്‍ തമസ്കരിക്കപ്പെട്ട കഥകളുടെ കാര്യത്തില്‍ മൌനം കൊണ്ട് 'മുറംബി'യും ഒപ്പ് ചാര്‍ത്തുന്നുവെന്നും വിമര്‍ശകന്‍ ചൂണ്ടിക്കാട്ടുന്നുഎന്നാല്‍ "നമ്മളും അവരുംഎന്ന ധാരണകളില്‍ ഒളിച്ചിരിക്കുന്ന വംശഹത്യാ മാനങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ സമകാലിക അന്താരാഷ്ട്രീയ വിനിമയങ്ങളിലെ പരിമിതപ്പെടുത്തുന്ന അതിരുകളുടെ അര്‍ത്ഥശൂന്യത തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റിന്റെ സൂക്ഷ്മമായ ഉള്‍ക്കാഴ്ച സുവ്യക്തമാണ്.

(ഉള്ളെഴുത്ത് മാസികമേയ് 2017)

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

To purchase, contact ph.no:  8086126024

more on Rwandan genocide:

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html

Throwing Sparks by Khal Abdo

പറുദീസയില്‍ സാത്താന്‍ സുരക്ഷിതനാണ് 



         നിരൂപണസമീപനങ്ങള്‍ സ്ഥാപനവല്‍കൃത പദ്ധതിയാണെന്നും അത് ആസ്വാദനത്തിലും അപഗ്രഥനത്തിലും പരിമിതി സൃഷ്ടിക്കുന്ന മുന്‍ നിശ്ചിത ധാരണകളിലേക്ക് വായനക്കാരേ എത്തിക്കുന്നുവെന്നും അമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികന്‍ സ്റ്റാന്‍ലി ഫിഷ്‌ നിരീക്ഷിക്കുന്നുഒരു കൃതിയുടെ പാഠം വായിച്ചെടുക്കുന്നതില്‍ അതിന്റെ സാമൂഹിക സാംസ്കാരിക സന്ദര്‍ഭങ്ങള്‍ക്ക് അപ്രമാദിത്തം കല്‍പ്പിക്കുമ്പോള്‍ , കൃതി പലപ്പോഴും യാഥാസ്ഥികതക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇട വരികയും എഴുത്തുകാരന്‍എഴുത്തുകാരി വേട്ടയാടപ്പെടുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്യുന്നുഫിഷ്‌ "വ്യാഖ്യാനോന്മുഖ സമൂഹങ്ങള്‍ " (“interpretive communities”) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമകാലിക സൗദി നോവലിസ്റ്റുകളും കൃതികളും തങ്ങളുടെ സമൂഹവുമായുള്ള വിനിമയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ അല്‍ ഗൊസൈബിഅബ്ദുറഹിമാന്‍ മുനിഫ്അബ്ദു ഖാല്‍ , തുര്‍കി അല്‍ ഹമാദ്യൂസുഫ് അല്‍ മുഹൈമിദ്റജാ അല്‍ സനീഅലൈല അല്‍ ജുഹാനി തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ , നിലവിലുള്ള മതാത്മക പുരുഷാധിപത്യ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവയെന്ന നിലയില്‍ നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നും നൂറ അല്‍ ഗഹ്താനി ചൂണ്ടിക്കാണിക്കുന്നു. (The Impact of Socio-Cultural Contexts on the Reception of Contemporary Saudi Novels- Npura Algahtani, University of Leeds, UK.) മത മേലധ്യക്ഷന്മാരുടെ നിലപാടുകളില്‍ ഉണ്ടായിട്ടുള്ള കാലിക മാറ്റങ്ങള്‍ , എണ്ണയില്‍ നിന്നുള്ള സമ്പന്നതഗള്‍ഫ് യുദ്ധം, 9/11 സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സൗദി സമൂഹത്തിലെ പരിണാമങ്ങള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്സാംസ്കാരിക മണ്ഡലത്തിലാവട്ടെആധുനിക വിദ്യാഭ്യാസംമീഡിയയുടെ സ്വാധീനംസെന്‍സര്‍ഷിപ്പ്എന്നിവയും പ്രാധാനമായിരുന്നുപരമ്പരാഗത ജീവിത രീതികള്‍ ദേശാന്തര സമ്മിശ്രണം സാധ്യമാവുന്ന നഗര ജീവിത രീതികളിലേക്ക് മാറിത്തുടങ്ങിയതും മതാത്മക കാര്‍കശ്യങ്ങള്‍ താരതമ്യേന സഹിഷ്ണുതാ മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതും സമൂഹത്തിന്റെ ദ്രുത ഗതിയിലുള്ള ആധുനിക വല്‍ക്കരണത്തിനു വഴിതെളിയിച്ചുഇവയൊക്കെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വാഭാവിക സാഹിത്യ രൂപമെന്ന നിലയിലാണ് നോവല്‍ മുമ്പില്ലാത്ത വിധം സൗദി സാഹിത്യത്തിന്റെ കേന്ദ്ര രൂപമായിത്തീര്‍ന്നത്‌സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കയ്റോയും ബെയ്റൂത്തും എഴുത്തുകാരെ സഹായിച്ചുഎണ്‍പതുകളിലും തൊണ്ണൂറുകളിലും ലഭ്യമല്ലായിരുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റിന്റെയും സാറ്റലൈറ്റ് ടെലിവിഷന്റെയും ലോകം തുറന്നിട്ടു. “സൗദി നോവല്‍ ഒരു സാഹിത്യ വിഭാഗം എന്ന നിലയില്‍ പുതുതായി കൈവരിച്ച പക്വത സൗദി എഴുത്തുകാര്‍ , ആണും പെണ്ണുംഅറബ് ലോകത്തും പുപാശ്ചാത്യ ലോകത്തും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ വ്യക്തമാണ്.”(Ibid)

 തുടര്‍ വായനക്ക്...


https://www.fazalrahman.com/essays/article/throwing-sparks-by-abdo-khal

 

Friday, May 19, 2017

Beneath the Lion's Gaze by Maaza Mengiste

സിംഹദൃഷ്ടിക്കുമപ്പുറം നീചമര്‍ത്യന്‍



      

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ കൊളോണിയല്‍ അധിനിവേശത്തിനു ഒരിക്കലും കീഴടങ്ങിയിട്ടില്ലാത്ത ദേശമെന്ന ഖ്യാതിയുണ്ട് എത്യോപ്യക്ക്ഇരുപതാം നൂറ്റാണ്ടു പക്ഷെ ഈ മഹത്തായ ദേശത്തെ നാനാവിധത്തില്‍ പരീക്ഷിച്ചുമുസ്സോളിനിയുടെ പടയോട്ടംഅയല്‍ രാജ്യങ്ങളായ എരിത്രിയസുഡാന്‍സൊമാലിയ എന്നിവയുമായുള്ള ദീര്‍ഘ യുദ്ധങ്ങള്‍ വീണ്ടും വീണ്ടും വേട്ടയാടിയ കൊടും വരള്‍ച്ചകള്‍ എന്നിവയെ കൂടാതെ രക്ത രൂക്ഷിതമായ അധികാരക്കൈമാറ്റങ്ങളും ഈ നാടിനെ ചവച്ചു തുപ്പിഇതിലേറ്റവും ഭീകരമെന്ന് പറയാവുന്നത് ആറു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1974-ല്‍ സാമ്രാട്ട് ഹെയ്ലി സലാസിയെ സ്ഥാന ഭ്രഷ്ടനാക്കി അധികാരം സ്ഥാപിച്ച മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിന്റെ - 'The Derg' - സംസ്ഥാപനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അത്യാചാരങ്ങളായിരുന്നുഈ സംഘര്‍ഷ ഭരിതമായ നാളുകളെ പശ്ചാത്തലമാക്കി തന്റെ പ്രഥമ നോവലായ 'ബിനീത്ത് ദി ലയന്‍സ് ഗേസ്രചിച്ചതിലൂടെ എത്യോപ്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് മാസ മെംഗിസ്തെഫ്രാന്‍സ് ഫാനന്‍ 'ഭൂമിയിലെ നിര്‍ഭാഗ്യവാന്മാര്‍ എന്നു വിളിച്ച കൊളോണിയല്‍ അധിനിവേശത്തിന്റെ ഇരകള്‍ സ്വയം എത്ര വലിയ ഹിംസാത്മകതയുടെ പ്രയോക്താക്കളാവാന്‍ കഴിയുന്നവരാണ് എന്ന ചോദ്യത്തെ സുധീരം നേരിടുന്ന ക്രിസ് അബാനിചിമമാന്‍ഡാ അദീചിഹെലന്‍ ഹബീലഉവേം അഖ്പേംഉസോദിന്മോ ഇവിയേലഅമിനാറ്റ ഫോര്‍ന തുടങ്ങിയ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരോട് ചേരുന്നു എന്നും എന്നാല്‍ ഈ എഴുത്തുകാര്‍ മുന്‍ തലമുറയിലെ നൂറുദ്ദീന്‍ ഫറായെ പോലുള്ള സാഹിത്യകുലപതികള്‍ ഈ ഇരുണ്ട ഭൂമികയില്‍ കരഗതമാക്കിയ രാജകീയ കയ്യടക്കം ഇനിയും നേടേണ്ടാതായിട്ടുണ്ട് എന്നും (“the magisterial command of this dark terrain”) ലൊറെയ്ന്‍ ആഡംസ് നിരീക്ഷിക്കുന്നു. (“Battle Scars” - Sunday Book Review, 31- December- 2009, Lorraine Adams)

 

പശ്ചാത്തലം

         ഒരു ചരിത്ര നോവലിലെന്നോണം രാഷ്ട്രീയ കാലാവസ്ഥയെ ഉപജീവിച്ചു കൊണ്ടാണ് ഇതിവൃത്തം ചുരുള്‍ നിവരുന്നത്‌വയോധികനും ജനജീവിതവുമായി ഒരു ബന്ധവും നിലനിര്‍ത്തുന്നില്ലാത്തവനുമായ ചക്രവര്‍ത്തിക്ക് കീഴെ കുപ്രസിദ്ധമായ ആ എത്യോപ്യന്‍ വരള്‍ച്ചയും തുടര്‍ന്നുണ്ടാവുന്ന പട്ടിണിയും നാടിനെ കൂട്ട മരണങ്ങളിലേക്ക് തള്ളിയിടുന്നുപൊടുന്നനെയെന്നോണം സംഭവിക്കുന്ന നിശ്ശബ്ദ അട്ടിമറിയെ തുടര്‍ന്ന് ഒരു പുതിയ "സോഷ്യലിസ്റ്റ്ഭരണം സ്ഥാപിതമാവുന്നുഅശിക്ഷിതരും നിരക്ഷരരുമായ സൈനികര്‍ ജനജീവിതത്തിലേക്ക്‌ ഇരമ്പിയെത്തുന്നുകൊലയും കൊള്ളയും കൊള്ളിവെപ്പും ഭൂസ്വത്തുകളുടെ തോന്നിയ പടിയുള്ള തിരിമറികളും അകാരണമോ രാഷ്ട്രീയ പ്രേരിതമോ ആയ തടവു ശിക്ഷകളും കസ്റ്റഡി പീഡനങ്ങളും കൊലകളും സ്ത്രീകള്‍ക്ക് നേരെയുള്ള അത്യാചാരങ്ങളും നിത്യസംഭവമാകുന്ന അന്തരീക്ഷത്തില്‍ സോവിയറ്റ്ക്യൂബന്‍ പിന്തുണയോടെ ഭരണകൂടം 'ചുവപ്പു ഭീകരതകെട്ടഴിച്ചു വിടുന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/beneath-the-lions-gaze-by-maaza-mengiste


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 119-128)

To purchase, contact ph.no:  8086126024

Saturday, April 29, 2017

Hiding in Plain Sight by Nuruddin Farah

മുന്‍ വിധികളുടെ മനോ ഭൂപടങ്ങള്‍ 



ഭരണ കൂടവുമായി സംഘര്‍ഷത്തിലാവുകയും ഒത്തു തീര്‍പ്പിന്റെ എളുപ്പവഴിക്കപ്പുറം പ്രവാസത്തിന്റെ കഠിന മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്ത എഴുത്തുകാരുടെ നിര എല്ലാ കാലത്തും വലിയതാണ്ഒരു തരത്തിലുള്ള സാംസ്കാരിക വിനിമയങ്ങളും സുരക്ഷിതമല്ലാത്ത വിധം ഹിംസാത്മക അന്തരീക്ഷം നില നിന്നു വന്ന പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കയെ സംബന്ധിച്ചെടത്തോളം അത് മാതൃ രാജ്യങ്ങളില്‍ അതി കഠിനമായ മസ്തിഷ്കച്ചോര്‍ച്ച (brain drain) സംഭവിക്കും വിധം കൂടുതലായിരുന്നുആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ സോമാലിയന്‍ നോവലിസ്റ്റ് നൂറുദ്ദീന്‍ ഫറാ തന്റെ രണ്ടാമത് നോവലായ 'എ നെയ്ക്കഡ് നീഡിലി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് സമാന സാഹചര്യത്തില്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുത്തയാളാണ്നീണ്ട ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സ്വദേശം സന്ദര്‍ശിച്ചത്എഴുത്തിനെ തന്റെ ജന്മ ദേശത്തെ ഉയിരോടെ നിര്‍ത്താനുള്ള ശ്രമമായാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്ആദ്യ രചനകളായ From a Crooked Rib (1970), A Naked Needle (1976), എന്നീ നോവലുകള്‍ കൂടാതെ Variations on the Theme of African Dictatorship Trilogy(1979- 1983), Blood in the Sun Trilogy (1986 -1998), Past Imperfect Trilogy (2003 – 2011) എന്നിങ്ങനെ മൂന്നു വീതം നോവലുകള്‍ ഉള്‍കൊള്ളുന്ന മൂന്നു നോവല്‍ ത്രയങ്ങളും ഏതാനും സ്റ്റേജ് നാടകങ്ങളും റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റെ രചനാലോകത്തില്‍ ഉള്‍പ്പെടുംവിഖ്യാതമായ നുസ്റ്റാഡ് അന്താരാഷ്‌ട്ര സാഹിത്യ പുരസ്ക്കാര ജേതാവായ ഫറാ നോബല്‍ പുരസ്ക്കാര സാധ്യതയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകാരനാണ്.

 

ഫറായുടെ പുതിയ കൃതിയായ Hiding in Plain Sight (2015) ഭീകരാക്രമാണങ്ങളും മരണങ്ങളും തുടര്‍ക്കഥയാവുന്ന സോമാലിയന്‍ അന്തരീക്ഷം തന്നെയാണ് പശ്ചാത്തലമാക്കുന്നത്മൊഗദിഷുവില്‍ യുഎന്‍സംഘത്തിനു വേണ്ടി ലോജിസ്റ്റിക്സ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന 'ആര്‍എന്ന് മാത്രം പേര് പറയുന്ന സോമാലിയന്‍ പൗരന് ഒരൊറ്റ വാക്ക് സന്ദേശം ലഭിക്കുന്നതോടെയാണ്‌ ഇതിവൃത്തം ചുരുള്‍ നിവരുന്നത്‌. “DETH!” എന്ന വാക്ക് 'debt' എന്നത് തെറ്റിയെഴുതിയതാവാം എന്നാശ്വസിക്കാന്‍ ശ്രമിക്കുമ്പോഴുംഅത് സോമാലിയയാണ് എന്നും 'death'എന്നത് തെറ്റിയെഴുതിയത് ആവുമെന്നും അയാളുടെ ഉപബോധം അയാളോട് പറയുന്നുണ്ട്ശാരീരികമായി അതയാളെ ബാധിച്ചുതുടങ്ങുകയും നൈറോബിയിലേക്ക് തിരികെ പോവാന്‍ തയ്യാറെടുത്ത് തന്റെ പുസ്തകങ്ങള്‍ മുമ്പേ അയക്കുകയും ചെയ്ത ശേഷം പുതുജീവിതത്തിന് താന്‍ കണ്ടെത്തിയ കൂട്ടുകാരി ഗിനിലയോടോപ്പമുള്ള കുറെ ചിത്രങ്ങള്‍ ഓഫീസില്‍ നിന്നെടുക്കാന്‍ അങ്ങോട്ട്‌ പോവുകയും ചെയ്യുമ്പോഴാണ് 'ശബാബ് കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കുന്നത്. 1994 - ല്‍ യഥാര്‍ഥത്തില്‍ സംഭവിച്ച യുഎന്‍കാര്യാലയത്തിലെ ഭീകരാക്രമാണത്തിലേത് പോലെ മുപ്പതോളം പേര്‍ കൊല്ലപ്പെടുന്നുമരണത്തെ തുടര്‍ന്ന് 'ആര്‍ഒരദൃശ്യ സാന്നിധ്യമായി നോവലിന്റെ പിന്നീടുള്ള ഭാഗങ്ങളിലൊക്കെയും നിറഞ്ഞു നില്‍ക്കുംനോവല്‍ പൂര്‍ത്തീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനുമിടയില്‍എഴുത്തിന്റെ പ്രവചന സ്വരമെന്ന പോലെ ഫറായുടെ പ്രിയ സഹോദരി ബസ്രാ ഫറാ നാസര്‍ 2014ജനുവരിയില്‍ കാബൂളിലെ യുഎന്‍ആസ്ഥാനത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതും ചരിത്രം.

ഒരു ഭീകരാക്രമണത്തില്‍ ഒരു നോവല്‍ തുടങ്ങുക എന്നത് ഏറെ ദുഷ്കരമാണെന്നും ഫറായെ പോലെ കൃത ഹസ്തനായ ഒരാള്‍ക്കേ അത് അനായാസമായി ചെയ്യാനാവൂ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ആദ്യ അദ്ധ്യായം ഒരേ സമയം ഏറെ ആവേശമുണര്‍ത്തുന്നതും അതെ സമയം നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളെ കുറിച്ച് തെറ്റിദ്ധാരണ നല്‍കുന്നതുമാണ് എന്ന് പറയാംചടുലമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സാധ്യതകളിലേക്ക് പോയേക്കാവുന്ന ഇതിവൃത്തം പക്ഷെ ഒരു കുടുംബ കഥയുടെയുംഒപ്പം ആഫ്രിക്കന്‍ സോമാലിയന്‍ ജീവിതത്തിന്റെ വര്‍ത്തമാനാവസ്ഥകളുടെ അനാവരണങ്ങളിലേക്കുമാണ് തിരിയുന്നത്. 'ആറി'ന്റെ മരണം ഉയര്‍ത്തുന്ന പുതിയ സാഹചര്യം നേരിടാനും അയാളുടെ കൌമാരക്കാരായ രണ്ടു മക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുമായി തന്റെ റോമിലെ പ്രൊഫഷനല്‍ ദൌത്യം അവസാനിപ്പിച്ചെത്തുന്ന ഇളയ അര്‍ദ്ധ സഹോദരി ബെല്ലയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. "ഒരു വിളിക്ക് മറുപടി നല്‍കുകയാണ് എന്ന് ഏതാണ്ട് മതപരമായ ഒരു വിളിക്ക്എന്ന് അവള്‍ക്കു തോന്നി എന്ന് നോവില്സ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുപ്രശസ്തയായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ ബെല്ലക്ക് സഹോദരനുമായി ഏതാണ്ടൊരു രതിതീക്ഷ്ണത (incest)യുള്ള ഊഷ്മളമായ സ്നേഹ ബന്ധമാണുണ്ടായിരുന്നത്വേദനയോടെയെങ്കിലും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങളുള്ള സലിഫിന്റെയും ദഹാബയുടെയും കാര്യത്തില്‍ അതത്ര എളുപ്പമാവില്ല എന്ന് ബെല്ല വേഗം തിരിച്ചറിയുംകുട്ടികളുടെ മാതാവായ വലേറി ഇടപെടാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകായും ചെയ്യും. 'ആറു'മായി വര്‍ഷങ്ങള്‍ക്കു മുമ്പേ പിണങ്ങി പിരിഞ്ഞതാണെങ്കിലും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തതും സ്വയം നിയന്ത്രിക്കാനാവാത്ത വികാര വിക്ഷോഭസ്വഭാവങ്ങള്‍ ഉണ്ടെങ്കിലും കുട്ടികളോട് ഇപ്പോഴും വലേറിക്ക് സ്നേഹമുള്ളതും ബെല്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നു.

 

അലസമായ അപര നിര്‍മ്മിതികള്‍.

 

'Hell is other people' എന്ന സാര്‍ത്രിന്റെ വചനം നോവലില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌ജന സമൂഹങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇടയില്‍ എപ്പോഴും നിലനില്‍ക്കുന്ന അപരസ്വത്വത്തെ കുറിച്ചുള്ള നിര്‍മ്മിത മുന്‍ വിധികള്‍ നോവലിലെ ഏറ്റവും പ്രധാന ഉത്കണ്ഠകളില്‍ ഒന്നാണ്അതുമായി ചേര്‍ന്ന് പോവുകയോ സംഘര്‍ഷത്തില്‍ ആവുകയോ ചെയ്യുന്നില്ലാത്ത ഒരാളും നോവലില്ല. 'ആറി'ന്റെ പിണങ്ങിപ്പിരിഞ്ഞ ഭാര്യയും സ്വവര്‍ഗ്ഗാനുരാഗിയുമായ വലേറി തന്റെ കൂട്ടുകാരി പദ്മിനിയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് താമസം മാറാനുള്ള തീരുമാനത്തിലാണ്ഇന്ത്യയുമായി പഠന കാലം മുതലേ ആത്മ ബന്ധമുണ്ടായിരുന്ന നോവലിസ്റ്റിന്റെ കൃതിയില്‍ ആ ദേശത്തിന്റെ ചരിത്രം കടന്നു വരുന്നത് സ്വാഭാവികം തന്നെഹോട്ടല്‍ ബിസിനസ്സിലേക്ക്‌ തിരിയാന്‍ ശ്രമിക്കുന്ന പദ്മിനി പാചക വിധികളുടെ താരതമ്യത്തില്‍ പോലും ഇന്ത്യന്‍ രുചികള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. “ഇന്ത്യ ഒരു പാട് അധിനിവേശങ്ങള്‍ നേരിട്ടിട്ടുണ്ട്. .. അത് ഒരു പുരാതന സംസ്കൃതിയുള്ള ഉപ ഭൂഖണ്ഡമാണ്ഒരു വലിയ ജനസംഖ്യവ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളുംപാചക വിധികള്‍ ആ സാംസ്കാരിക ബഹുസ്വരത പ്രതിഫലിപ്പിക്കുന്നു എന്ന് ഞാന്‍ പറയുംഇംഗ്ലണ്ട് ഉള്‍പ്പടെ യൂറോപ്പിലുള്ള ഏതൊരു രാജ്യത്തെക്കാളും വലിയ ലോകപൌരത്വം ഇന്ത്യക്കുണ്ട്.” ഇന്ത്യയുള്‍പ്പടെ ലോകത്തെ ഇതര ഭാഗങ്ങളില്‍ നിന്നും സ്വാധീനിക്കപ്പെട്ടതാണ് സോമാലി നാഗരിക ഭക്ഷണ രീതിയെന്നും സ്വദേശി രീതികളില്‍ അതിപ്പോഴും തനിമ നിലനിര്‍ത്തുന്നുവെന്നും മീഹ്ദി പ്രതികരിക്കുന്നു.

 

'ആറി'ന്റെ വില്‍ പത്രത്തില്‍ വലേറി ഇടം പിടിക്കുന്നതേയില്ലെങ്കിലും ഒരു ഉഗാണ്ടന്‍ വക്കീലിന്റെ സഹായത്തോടെ അയാളുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് ആക്കിമാറ്റുന്നതിനു അവള്‍ ശ്രമം നടത്തുന്നുണ്ട്വര്‍ഷങ്ങളായി കുടുംബവുമായോ കുട്ടികളുമായോ ഒരു ബന്ധവും ഇല്ലാതെ കഴിഞ്ഞവളാണ് വലേറി എന്നിരിക്കെ അതൊരു കുരുക്കാവില്ലെന്നും ബെല്ല സ്വമേധയാ സഹകരിക്കാന്‍ തയ്യാറാവാത്തേടത്തോളം നിയമപരമായി ആര്‍ക്കും അവളെ അതിനു നിര്‍ബന്ധിക്കാനാവില്ലെന്നും ഗനില ബെല്ലയെ ആശ്വസിപ്പിക്കുന്നു. 'ഒരു നാവികന്റെ മനസ്സുള്ളഫ്രിജിഡ് ആയ ബെല്ല'ക്ക് വിട്ടുകൊടുക്കാതെ കുട്ടികളെ ഇംഗ്ലണ്ടില്‍ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്ന പദ്മിനിക്ക് സോമാലിയയെ കുറിച്ചും മുസ്ലിംകളെ കുറിച്ചും കടുത്ത മുന്‍ വിധികളുണ്ട്, “ നിങ്ങളുടെ കുട്ടികള്‍ ആഫ്രിക്കക്കാര്‍ മാത്രമല്ലഅവര്‍ സോമാലിയക്കാരും മുസ്ലിംകളും കൂടിയാണ്, .. സോമാലികള്‍ മതഭ്രാന്തരാണ് അവരില്‍ എല്ലാ ഓരോരുത്തരുംഅവര്‍ക്ക് നമ്മെ ജീവനോടെ ചുട്ടുകൊല്ലാന്‍ ആഹ്ലാദമാവുംഅവര്‍ നമ്മെ വഴിതെറ്റിയവര്‍ ആയിക്കാണുന്നു., സാത്താനെ ഭജിക്കുന്നവരെക്കാള്‍ മോശംഅതിനൊത്ത ശിക്ഷ നമ്മള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍ വിശ്വസിക്കുന്നു.” എന്നാല്‍ഇംഗ്ലണ്ടില്‍ എല്ലാം ശരിയാവും എന്ന പദ്മിനിയുടെ അവകാശവാദത്തിലൊന്നും കാര്യമില്ലെന്ന് പ്രതികരണ സ്വഭാവമുള്ള യുവാവിലേക്ക് വളരുന്ന സലിഫ് കരുതുന്നു, “ഞാന്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്ഇംഗ്ലണ്ടില്‍ ഞാന്‍ വളരെ വേഗം ഒരു കരുതല്‍ തടങ്കല്‍ സെല്ലില്‍ എത്തിപ്പെടാം കാരണം ഞാന്‍ പുരുഷനും യുവാവുമായ കറുത്തവനും ഒരു മുസ്ലിം പേര് ഉള്ളയാളുമാണ്.” പദ്മിനിഈദി അമിന്‍ ഉഗാണ്ടയില്‍ നിന്ന് ഇന്ത്യന്‍ വംശജരെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ അവിടെയുള്ള പൈതൃക സ്വത്തിന്റെ കാര്യത്തില്‍ നിയമപ്രക്രിയകളുടെ നൂലാമാലകളിലാണ്കുട്ടികളുടെ സംരക്ഷണാധികാരം അവര്‍ക്ക് ലഭിക്കാന്‍ നിയമസാധ്യതയില്ലെങ്കിലും ബെല്ല ഒന്നിലേറെ തവണ വലേറിയുടെയും പദ്മിനിയുടെയും രക്ഷക്കെത്തുന്നുണ്ട്സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമായ ഉഗാണ്ടാ ജയിലില്‍ നിന്ന് വന്‍ തുക പിഴയായും കൈക്കൂലിയായും ഒടുക്കി രഹസ്യമായി ഇരുവരെയും രക്ഷിക്കുന്നതും ആഫ്രിക്കയില്‍ അത്തരം താല്പര്യങ്ങളോട് മൃദുസമീപനമുള്ള നൈറോബിയിലേക്ക് പോകാന്‍ അവര്‍ക്ക് കളമൊരുക്കുന്നതും അമിത മദ്യപാനത്തിന്റെയും ധൂര്‍ത്തിന്റെയും ഹോട്ടല്‍ താമസ ബില്ലായി വന്‍ തുകയടച്ച്‌ മറ്റൊരു ജയില്‍ വാസത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതും ബെല്ലയാണ്ഗാംഭീര്യമുള്ള വ്യക്തിത്വത്തിനുടമയായ പദ്മിനി കംപാല ജയിലില്‍ അധികൃതരുടെ അപമാനം സഹിക്കേണ്ടി വന്നതിന്റെ ഓര്‍മ്മയില്‍ ബെല്ലയോടു ഏറെ നന്ദിയുള്ളവള്‍ ആണെങ്കിലും, ("കൊല്ലങ്ങള്‍ പഴക്കമുള്ള മൂത്ര നാറ്റവും പ്രകൃതി വിരുദ്ധ രതിയുടെയും ബാലാല്‍ക്കാരത്തിന്റെയും അഴുകിയ ചരിത്രവുമുള്ള ലോക്കപ്പില്‍ രണ്ടു രാത്രി ഞങ്ങള്‍ കഴിച്ചു കൂട്ടി') ഒന്നിനും നന്ദി പറഞ്ഞു ശീലമില്ലാത്ത വലേറി അയഥാര്‍ത്ഥമായ അഭിമാന ബോധത്തോടെ അനാവശ്യ മഹാമനസ്ക്കതക്ക് ബെല്ലയോടു പൊട്ടിത്തെറിക്കുന്നുമുണ്ട്സഹോദരന്‍ വലേറിയുമായി പിണങ്ങി പിരിഞ്ഞതിനു കാരണം പദ്മിനിയുമായി അവള്‍ക്കുള്ള ബന്ധമാണെന്നു വിശ്വസിക്കുന്ന ബെല്ല ഒരു ഘട്ടത്തില്‍വലേറിയുടെ ലൈംഗിക താല്പര്യം അവരെ ഭീഷണിപ്പെടുത്തി കുട്ടികളുടെ കാര്യത്തില്‍ പിന്മാറ്റാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു പോവുന്നുണ്ടെങ്കിലും ആ ചിന്തയില്‍ ഉടന്‍തന്നെ അവള്‍ പശ്ചാത്തപിക്കുന്നുണ്ട്.

ബെല്ലയുടെ മനസ്സില്‍ സ്വാതന്ത്ര്യങ്ങളെല്ലാം ഒരൊറ്റ പാക്കേജ് ആണ്അതുകൊണ്ട് ആഫ്രിക്കയിലെയോ മിഡില്‍ ഈസ്റ്റിലെയോ ദശലക്ഷക്കണക്കിനു പൗരന്മാര്‍ക്ക് നിത്യവും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങള്‍ ലോകത്തിന്റെ ഈ ഭാഗങ്ങളിലേ ജനാധിപത്യമില്ലായ്മയുമായി ബന്ധിതമാണ്വ്യക്തികള്‍ അവരുടെ സ്വകാര്യ ജീവിതങ്ങളില്‍ നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ അവര്‍ ബാലറ്റ് പെട്ടിയില്‍ നടത്തുന്ന തെരഞ്ഞെടുപ്പിനോളം തന്നെ പ്രാധാന്യമുള്ളതാണ്പരസ്യമായ സ്നേഹ പ്രകടനങ്ങള്‍ആണും പെണ്ണും തമ്മിലോരണ്ടു സ്ത്രീകളോരണ്ടു പുരുഷന്മാരോ തമ്മിലോആവട്ടെജനാധിപത്യ പരമായ പെരുമാറ്റങ്ങളുടെ ആവിഷ്കാരങ്ങലാണ്ആര്‍ക്കുംരാജ്യത്തിന്റെ പ്രസിഡന്റിനു പോലുംപ്രണയത്തെ നിര്‍വ്വചിക്കാനുള്ള അധികാരവും ശക്തിയും ഉണ്ടാവരുത് ആരെ സ്നേഹിക്കണം എന്നതുള്‍പ്പടെ.”

വലേറികുട്ടികള്‍ മുസ്ലിം കുടുംബമായ ഫാത്തിമ മഹ്ദി ദമ്പദികളുമായൊ അവരുടെ മക്കളായ സുബൈര്‍ഖമര്‍ എന്നിവരുമായോ കൂട്ടുകൂടരുതെന്നു ശഠിക്കുന്നതിലും അവളുടെ ഇസ്ലാം വിരുദ്ധ മനോഭാവത്തിനും പിന്നിലുള്ളത്‌നോര്‍ത്ത് ആഫ്രിക്കന്‍ വിമത സൈനികര്‍ തന്റെ പിതാവിനെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് വിധേയനാക്കിയതിന്റെ കഥകളാണ്. 'ആര്‍തന്റെ ശരീരം ദഹിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് അയാളുടെ പഴയ ഇന്ത്യന്‍ ആത്മീയതാ താല്പര്യ കാലത്തെ നിലപാടുകള്‍ ഉയര്‍ത്തി അവള്‍ ആവശ്യപ്പെടുകയും ഒരു വേള സലിഫിനെ ആ വഴിക്ക് ബെല്ലയുമായി ഉടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. “നിന്റെ സോമാലി സുഹൃത്തുക്കള്‍ നിന്നെ തോക്കും മറ്റും പഠിപ്പിക്കുന്നില്ല എന്ന് ഞാന്‍ ആഗ്രഹിക്കുന്നുഎന്ന് തന്റെ മുന്‍ വിധി കൌമാരക്കാരനോട് പറയുന്ന വലേറിയോട് ബെല്ല പ്രതിഷേധിക്കുന്നുമുണ്ട്‌.

 

സദാചാരത്തിന്റെ ആഫ്രിക്കന്‍ തമോഗര്‍ത്തങ്ങള്‍

പ്രായമേറിയ ഒരാളുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ക്യാമ്പ് വിട്ടു ഒളിച്ചോടുന്ന ഒരു നാടോടി ബാലികയുടെ കഥയായിരുന്ന From a Crooked Rib എന്ന ആദ്യ നോവലിന് ശേഷം തുടര്‍ന്നെഴുതിയ 'ആഫ്രിക്കന്‍ ഏകാധിപത്യപ്രമേയ ത്രയ'ത്തില്‍ കൊളോനിയലിസംപുരുഷ കേന്ദ്രിത വ്യവസ്ഥ മുഹമ്മദ്‌ സിയാദ് ബാരെയുടെ കീഴിലായിരുന്ന സോമാലിയുടെ എകാധിപത്യം എന്നിവയിലെ സമാന്തരങ്ങളാണ് ഫറാ വിഷയമാക്കിയത്. 'ബ്ലഡ് ഇന്‍ ദി സണ്‍ത്രയത്തില്‍ രക്ത രൂക്ഷിത സംഘര്‍ഷങ്ങള്‍വിദേശ സഹായംസാധാരണ കുടുംബങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ എന്നിവ വിഷയമാക്കിഒരിക്കല്‍ സുന്ദരമായിരുന്ന സോമാലിയയെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര യുദ്ധങ്ങളും ചേര്‍ന്ന് അഭയാര്‍ഥികളുടെ ദേശമാക്കി മാറിയ വിപര്യയമാണ് ഫറാ തന്റെ കൃതികളില്‍ വിഷയമാക്കുന്നത് എന്ന് സാമാന്യമായി പറയാം. 'ആറി'ന്റെ കുടുംബം കഴിയുന്ന കെനിയയുടെ ജനസംഖ്യയില്‍ ആറു ശതമാനം ഇത്തരം സോമാലി പ്രവാസികളാണ്സ്വാഭാവികമായും 'അന്യദേശക്കാ'രെ കുറിച്ചുള്ള മുന്‍വിധികള്‍ എല്ലായിടത്തും അവര്‍ നേരിടെണ്ടിയും വരുന്നുണ്ട്. “മുഴുവന്‍ നോവലിനെയും സത്യത്തില്‍പൊരുത്തപ്പെടാത്ത സാമാന്യവല്‍ക്കരണങ്ങള്‍ വാരിവലിച്ചിട്ട ഇടത്തില്‍ വസിക്കുന്ന പ്രവാസികളുടെ ഒരു തരം ഭൂപടം പോലെകാണാമെന്ന് എലെന്‍ അകിന്‍സ് നിരീക്ഷിക്കുന്നു. (സ്റ്റാര്‍ ട്രിബ്യൂണ്‍നവംബര്‍ 10, 2014) എന്നാല്‍മൂന്നു ഭൂഖണ്ഡങ്ങളിലായി 'വളരെവളരെ സുമുഖനായ ഒരാള്‍; (തനിക്കു ഒരു കുഞ്ഞെങ്കിലും പിറക്കേണ്ടിയിരുന്ന വളരെവളരെ ബുദ്ധിമാനായ മറ്റൊരാള്‍മൂന്നാമതായി അവളൊരു കൂറ്റനെ തെരഞ്ഞെടുക്കും നന്നായി സെക്സ് ആസ്വദിക്കാന്‍ പറ്റുന്ന ഒത്ത ഒരുത്തന്‍എന്ന് വിധേയത്വമേതും ഇല്ലാതെ കൂട്ടാളികളെ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ബെല്ല പതിവ് വാര്‍പ്പ് മാതൃകകള്‍ക്ക് തികച്ചും പുറത്താണ്പെണ്‍ ചേലാകര്‍മ്മം എന്ന നാട്ടു നടപ്പിന് വിധേയയായിട്ടില്ലാത്തവള്‍അതില്‍ അപമാന ബോധമശേഷമില്ലാത്തവള്‍ . “മൂന്നു കാമുകന്മാരുമായി കഴിയുന്ന അവള്‍ക്കറിയാമായിരുന്നു അവളൊരു ചില്ലു വീട്ടിലാണെന്നും സമാന അവസ്ഥയിലുള്ള ആര്‍ക്കുമെതിരില്‍ കുപ്പിച്ചില്ലുകൊണ്ടെറിയാന്‍ അവള്‍ക്കാവില്ലെന്നും.” ആവിഷ്കാര സ്വാതന്ത്ര്യംമത സ്വാതന്ത്ര്യംഇഷ്ടപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം വിദ്യാഭ്യാസത്തിനുള്ള അവകാശംഭക്ഷണത്തിനും ശുദ്ധ ജലത്തിനുമുള്ള വകാശം എന്നിവ പോലെ പ്രധാനമാണ് എന്നതാണ് ബില്ലയുടെ നിലപാട്മിനി സ്കര്‍ട്ട് ധരിച്ചിരുന്ന തന്റെ പഴയ നാളുകളെ കുറിച്ച് ഗിനില ഓര്‍ക്കുന്നുണ്ട്മൊഗാദിഷു ഇന്ന് ആ കോസ്മോപോളിറ്റന്‍ നഗരമല്ല. 'സെക്കുലര്‍എന്ന പദം പോലും അശ്ലീലമായി കണക്കാക്കുന്ന മൌലിക വാദികള്‍ പിടി മുറുക്കിയിരിക്കുന്നുഎന്നാല്‍ പ്രവാസികള്‍ അനുഭവിക്കുക ഇതേ ദുര്യോഗത്തിന്റെ തിരിച്ചു കുത്തലാണ്ഇത്തരം വീര്‍പ്പു മുട്ടിക്കുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെയാണ് അവര്‍ പ്രവാസികളായത്‌ എന്ന വസ്തുത വിസ്മരിക്കപ്പെടുകയും അഭയം തേടുന്നയിടങ്ങളില്‍ അതെ മുന്‍ വിധികളുടെ പേരില്‍ അവര്‍ ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു. 1972 വരെ ഒരു ലിപി പോലും ഇല്ലാതിരുന്ന പിന്നോക്കാവസ്ഥയുടെ സൃഷ്ടിയായ ആ 'സോമാലിനിര്‍മ്മിതി അവരെ വേട്ടയാടുന്നു.

 

ബെല്ലയും വലേറിയും -വ്യക്തിത്വ ഭിന്നങ്ങള്‍

കുട്ടികളോട് ബെല്ല പറയുന്നുണ്ട്:: "ആരോടൊപ്പം കഴിയണമെന്നതില്‍ ആളുകള്‍ക്ക് എവിടെയും അവര്‍ക്ക് ദൈവം നല്‍കിയ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയണം." വലേറിയും പദ്മിനിയും തമ്മിലുള്ള വേഴ്ച കാണാനിടയായത്തില്‍ അങ്കലാപ്പിലായ പെണ്‍കുട്ടിയോട് ബെല്ല പറയുന്നുണ്ട്: “നമ്മള്‍ ആഫ്രിക്കക്കാര്‍ ഇതര ലോകര്‍ക്ക് ഏറെ പുറകിലാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ചുഴിഞ്ഞു നോക്കി നാം നമ്മുടെ വിലയേറിയ ഊര്‍ജ്ജം പാഴാക്കുന്നു.” തങ്ങളുടെ പിതാവിന്റെ സ്വവര്‍ഗ്ഗ താല്പര്യം കാരണം ആദ്യഭാര്യ വിട്ടുപോകാനിടയായതാണ് ആറിന്റെയും പന്ത്രണ്ടു വയസ്സ് ഇളപ്പമുള്ള ബെല്ലയുടെയും അമ്മമാര്‍ രണ്ടു പേരാവാന്‍ കാരണമായത്‌സ്വവര്‍ഗ്ഗ താല്പര്യങ്ങളുള്ളയാള്‍ എന്നറിഞ്ഞു കൊണ്ട് തന്നെ ദിഗാലെയുടെ പങ്കാളിയാവാന്‍ തയ്യാറായ കാലത്തിനു മുമ്പേ നടന്ന ഹാര്‍ദോ ഈ സഹിഷ്ണുതാ പാഠങ്ങളാണ് മകള്‍ക്ക് പകര്‍ന്നു കൊടുത്തത്അതുകൊണ്ട് അത് യൂറോപ്പില്‍ നിന്നല്ല തന്റെ അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന് ബെല്ല അനന്തിരവളോട് പറയുന്നു,

ആളുകളെ വേറെവേറെയാക്കുന്ന കാര്യങ്ങളെ അവര്‍ അംഗീകരിച്ചു... നമ്മള്‍ (ആഫ്രിക്കക്കാര്‍ലോകത്തെ കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടില്ലാത്തവരാണ് ശരിയായ വിദ്യാഭ്യാസമില്ലാത്തവര്‍നമ്മോടു വിയോജിക്കുന്നവരോട് സഹിഷ്ണുതയില്ലാത്തവര്‍ .. നമ്മള്‍ നമ്മുടെ സര്‍ക്കാരുകളെപ്പോലെത്തന്നെ ജനാധിപത്യ ബോധമില്ലാത്തവരാണ്എന്നാല്‍ സെക്സ് എന്നത് സമൂഹമോ സര്‍ക്കാരോ ഇടപെടേണ്ടതില്ലാത്ത വ്യക്തികളുടെ സ്വകാര്യ കാര്യമാണ്.”

 

 

നോവലിന്റെ സിംഹഭാഗവും കുട്ടികളുടെ സംരക്ഷണ ചുമതലയുടെ കാര്യത്തില്‍ ബെല്ലയും വലേറിയും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കേന്ദ്രീകരിക്കുന്നത്സാധാരണ ഗതിയില്‍ പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീ പതറിപ്പോവാനിടയുള്ള സാഹചര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ബെല്ല അവരുടെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മാത്രമല്ല ആകര്‍ഷണീയയാകുന്നത്സഹോദരന്റെ വക്കീലും മറ്റൊരു വിവാഹ സങ്കല്പം വരെയെത്തിയിരുന്ന കൂട്ടുകാരിയുമൊക്കെ ബെല്ലക്ക് പിന്തുണയുണ്ട്ഇതൊക്കെയാണെങ്കിലും ബെല്ലയുടെ പാത്ര സൃഷ്ടിയില്‍ എല്ലാ വിപല്‍ ഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാനും കുതറിപ്പോവാനുള്ള പ്രവണത ഏറെയുള്ള ദഹാബക്ക് പോലും ഒരു റോള്‍ മോഡല്‍ ആവാനും കഴിയും വിധം ആകപ്പാടെ ഒരു 'പിക്ച്ചര്‍ പെര്‍ഫെക്റ്റ് ഇമേജ് സൃഷ്ടിക്കുന്നതില്‍ മികച്ച ഫിക് ഷന് ചേരാത്ത ഒരു കൃതൃമത്വമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (റോണ്‍ ചാള്‍സ്വാഷിംഗ്ടണ്‍ പോസ്റ്റ്‌,. നവബര്‍ 04, 2014)

നോവലില്‍ അത്രയേറെ സഹാനുഭൂതിയോടെ ആവിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത കഥാപാത്രമാണ് പ്രവചനാതീത രീതികളും വികാര വിക്ഷോഭ സ്വഭാവവുമുള്ള വലേറിഎന്നാല്‍നോവലന്ത്യത്തില്‍ തന്റെ തന്നെ വ്യക്തിത്വത്തിലെ പരിമിതികളെ കുറിച്ച് അവള്‍ നടത്തുന്ന ഏറ്റുപറച്ചില്‍ വലിയൊരളവു ആ കുറവ് പരിഹരിക്കുന്നുണ്ട് എന്ന് പറയാംബെല്ലയോടു പറയാതെ പോയ കടപ്പാട് അവള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു, “സാധാരണക്കാരായ ആളുകള്‍ സ്വാഭാവികമായി കാണുന്ന പല കാര്യങ്ങളും ഗുഡ്ബൈ പറയുന്നതുല്‍ള്‍പ്പടെ എന്റെ പ്രകൃതത്തിനു അന്യമാണ്സത്യത്തില്‍ എനിക്ക് പല സ്വത്വങ്ങളുണ്ട്എനിക്ക് സ്വസ്ഥത തരുന്ന ഒരു സ്വകാര്യ സ്വത്വവും എനിക്കൊട്ടും പരിചിതമല്ലാത്ത ഒരു വിദേശ ഭാഷ സംസാര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ അങ്ങേയറ്റം ആയാസകാരവും തളര്‍ത്തിക്കളയുന്നതുമായ ഒരു പുറം സ്വത്വവുംസംശയമില്ലനിങ്ങളെല്ലാരും കരുതുന്നുണ്ടാവും ഞാന്‍ അസാധാരണ പ്രകൃതിയും കാഴ്ചപ്പാടില്‍ മര്യാദയില്ലാത്തവളും നന്ദി വേണ്ടിടത്ത് നന്ദികെട്ടവളും ആണെന്ന്എന്റെ പിതാവും ഞാന്‍ വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഗുഡ്ബൈതാങ്ക് യു എന്നീ പദങ്ങള്‍ എന്റെ പദാവലിയില്‍ ഇല്ലാത്തതിന്റെ കാരണങ്ങള്‍അതുകൊണ്ട് ഇനിയുമോര്‍ക്കാന്‍ അയുക്തികമായി ഞാന്‍ ഇഷ്ടപ്പെടാത്ത എന്റെ ചെറുപ്പകാലത്തിലെ ഒരു ഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന അതെ വാക്കുകള്‍ നിങ്ങളോട് ഞാന്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ കള്ളം പറയുകയായിരിക്കും.” സ്വന്തം അച്ഛന്റെ കയ്യില്‍ നിന്നേല്‍ക്കുന്ന പീഡോഫീലിയയുടെ ഭീകരാനുഭവങ്ങള്‍ ഒരു കുട്ടിയുടെ മനസ്സില്‍ എങ്ങനെയാണ് എന്നെന്നേക്കുമുള്ള മുറിവുണ്ടാക്കുകയും അവളുടെ വ്യക്തിത്വം വക്രീകരിച്ചു കളയുകയും ചെയ്യുക എന്നതില്‍ തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ അസാധാരണവും വെറുപ്പിക്കുന്നതുമായ പ്രതികരണങ്ങളുടെ വിശദീകരണങ്ങളുണ്ട്.

 

അതിവേഗം പരിവര്‍ത്തനപ്പെടുന്ന നാടിന്റെ പരിഛെദങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മൊറോക്കന്‍ നോവലിസ്റ്റ് താഹിര്‍ ബിന്‍ ജലൂനിനെയും ഈജിപ്തിന്റെ നാഗിബ് മഹ്ഫൂസിനെയും വ്യത്യസ്ത രീതിയില്‍ നുറുദ്ദീന്‍ ഫറാ ഓര്‍മ്മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്രാജ്യാന്തര ഭീകരതസ്വവര്‍ഗ്ഗ ഭിന്ന രതിക്കാരോടുള്ള ആഫ്രിക്കന്‍ മുന്‍വിധികള്‍പിണങ്ങിപ്പിരിഞ്ഞ ദമ്പദികള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തംകൗമാരക്കാരുടെ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങള്‍പ്രവാസത്തിന്റെ സന്നിഗ്ദതകള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെ നോവലില്‍ പരിശോധിക്കപ്പെടുന്നുണ്ട് എന്നതും സുവ്യക്തമാണ്എന്നാല്‍ ആത്യന്തികമായി അത് മറവിയിലേക്ക് പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത നഷ്ടങ്ങളുടെ നിഴലില്‍ ശപിക്കപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിഅതിജീവിക്കേണ്ടി വരുന്നവരുടെ മാനുഷിക നിസ്സഹായാതകളുടെവിശേഷിച്ചും വര്‍ത്തമാന സോമാലിയന്‍ ജീവിതത്തിന്റെ സന്ദിഗ്ദതകളെ കുറിച്ചുള്ള ഒരു നോവലാണ്‌.

(Yes മലയാളം , 01 ഏപ്രില്‍ 2017)


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 47-54)

To purchase, contact ph.no:  8086126024