മെക്സിക്കന്‍
വിപ്ലവത്തിന്റെ അശാന്തവഴികള്‍
മെക്സിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതി
ഹുവാന്‍ റുള്‍ഫോയുടെ ‘പെദ്രോ പരാമോ’ (1955) ആണെന്നത് സുവിദിതമാണ്. മെക്സിക്കന്‍
വിപ്ലവത്തിന്റെ പരാജയം സൃഷ്ടിച്ച ആത്മീയവും അസ്തിത്വപരവുമായ ശൂന്യതകളെ,
സാഹിത്യത്തില്‍ മുമ്പ് പരിചയിച്ചിട്ടില്ലാത്ത രീതിയില്‍ ആവിഷ്കരിച്ച ‘പെദ്രോ
പരാമോ’, അനുവാചക ലോകത്തിനുമേല്‍ ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍, പ്രസ്തുത കൃതി
രചിക്കപ്പെടുന്നതിനും നാലു പതിറ്റാണ്ടു മുമ്പ്, വിപ്ലവം ഒരു
വര്‍ത്തമാനകാല അനുഭവമായിരുന്ന കാലത്ത്, ഏതാണ്ടൊരു പ്രവചന
സിദ്ധിയോടെ ആ പരിണതികള്‍ യഥാതഥമായി ആവിഷ്കരിച്ച കൃതിയാണ് മാനുവല്‍ അസുവേലയുടെ
‘അധസ്ഥിതര്‍’(1915). ഒരു നൂറ്റാണ്ടിനിപ്പുറവും, മെക്സിക്കന്‍ വിപ്ലവത്തിന്റെ സര്‍ഗ്ഗാത്മക
ആവിഷ്കാരങ്ങളില്‍ അനിവാര്യ വായനയായി അസുവേലയുടെ കൃതി നിലക്കൊള്ളുന്നു.
പാത്രസൃഷ്ടിയിലും ആവിഷ്കാര ശൈലിയിലും അങ്ങേയറ്റം വ്യതിരിക്തമായിരിക്കുമ്പോഴും
‘പെദ്രോ പരാമോ’യുടെ സര്‍ഗ്ഗസൗന്ദര്യമിയന്ന
മുന്‍ഗാമി എന്ന നിലയില്‍ ‘അധസ്ഥിതര്‍’ വായിക്കപ്പെടുന്നു. ഇരു നോവലുകളുടെയും
താരതമ്യം, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ രണ്ടു മാസ്റ്റര്‍പീസുകളെ ചേര്‍ത്തുവെക്കാന്‍
സഹായകമാണ്.
1. 1. മരിയാനോ അസുവേല:
കൊമാലയുടെ സ്നാപകന്‍
ആധുനിക മെക്സിക്കന്‍ സാഹിത്യത്തെക്കുറിച്ചു
പറഞ്ഞുതുടങ്ങുമ്പോള്‍ ന്യായമായും ആരും തുടങ്ങുക ഹുവാന്‍ റുള്‍ഫോയുടെ ‘പെഡ്രോ
പരാമോ’ (1955 ) യില്‍
നിന്നായിരിക്കും. എന്നാല്‍ അതിനൊപ്പം പരിഗണിക്കേണ്ട ഒരാദ്യകാല ക്ലാസിക്ക്
നോവെല്ലയാണ് മരിയാനോ അസുവേല രചിച്ച ‘The Underdogs’. ‘Los de Abajo’ എന്ന സ്പാനിഷ് മൂലത്തിന് ‘അടിയില്‍ പെട്ടവര്‍’ (‘Those Below’) എന്ന് ഗൂഗിള്‍ വിവര്‍ത്തനം തരുന്നു. പുസ്തകത്തിനു പല ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വന്നിട്ടുണ്ടെങ്കിലും എന്‍റിക്
മുന്‍ഗിയ ജൂനിയര്‍ നിര്‍വ്വഹിച്ച ആദ്യ ഇംഗ്ലീഷ് ഭാഷാന്തരം മുതല്‍ (1928) ‘The Underdogs’ എന്നുതന്നെയാണ് തലക്കെട്ടു
നല്കപ്പെട്ടിട്ടുള്ളത്. മെക്സിക്കന്‍ വിപ്ലവത്തെ (1910–20) അധികരിച്ചുള്ള കൃതികളില്‍ ഏറ്റവും പ്രശസ്തമായ രചന എന്ന നിലയില്‍ 1915 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ഒരു നൂറ്റാണ്ടിനിപ്പുറവും അതിന്റെ
ശക്തിയും പ്രസക്തിയും ചോരാതെ നിലനില്‍ക്കുന്നു. ക്രിസ്തുവിന്
സ്നാപക യോഹന്നാന്‍ എന്നപോലെ, കൊമാലയുടെ രചയിതാവിന്
വഴിയൊരുക്കുകയായിരുന്നോ അസുവേല എന്ന് കൌതുകപ്പെടാം.
ചരിത്രപരമായ കാരണങ്ങളാല്‍ മെക്സിക്കന്‍
വിപ്ലവത്തിന്റെ സംഘര്‍ഷ കാലത്ത്, സ്വതേ സമ്പുഷ്ടവും ഉദാരവുമായിരുന്ന മെക്സിക്കന്‍
സാഹിത്യത്തില്‍ വിപ്ലവത്തെ കുറിച്ച് വളരെകുറച്ച് നോവലുകള്‍ മാത്രമേ
രചിക്കപ്പെട്ടുള്ളൂ എന്നും 1918നു മുമ്പ് അപ്രകാരം രചിക്കപ്പെട്ട ഏക
പ്രധാന കൃതി മാനുവല്‍ അസുവേലയുടെ ‘The Underdogs’
ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “(മെക്സിക്കന്‍)
വിപ്ലവത്തിന്റെ ആദ്യനോവലിസ്റ്റ്” എന്നറിയപ്പെട്ട മരിയാനോ അസുവേല ജെലിസ്കൊയില്‍
ലേഗോസ് ഡി മോറെനോയില്‍ 1873 ലാണ്
ജനിച്ചത് . ജനറല്‍ പോര്‍ഫീരിയോ ഡയസിന്റെ ഏകാധിപത്യനാളുകളില്‍ (1884–1911) മുതിര്‍ന്നു വരികയും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി
സേവനമാരംഭിക്കുകയും ചെയ്ത അദ്ദേഹം, ഒരു യുവലിബറല്‍ എന്ന
നിലയില്‍ ഫ്രാന്‍സിസ്കോ മദേരോയുടെ (Francisco I.
Madero) അനുയായിത്തീര്‍ന്നത് സ്വാഭാവികമായിരുന്നു. 1911 ല്‍ ജലിസ്കോ സ്റ്റേറ്റ് വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. മദേരോ
വധിക്കപ്പെട്ടശേഷം ജനറല്‍ പാഞ്ചോ വിയായുടെ (Pancho Villa ) സൈന്യത്തിലെ ഏകഡോക്റ്റര്‍ എന്നനിലയില്‍
വിപ്ലവപോരാട്ടത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി.
വിക്റ്റൊറിയാനോ വെര്‍ത്ത (Victoriano Huerta) നേതൃത്വം നല്‍കിയ പ്രതിവിപ്ലവ മുന്നേറ്റം താല്‍ക്കാലികവിജയം നേടിയപ്പോള്‍
ടെക്സാസിലെ എല്‍പാസോയിലേക്ക് കുടിയേറിയ അസുവേല അവിടെവെച്ചാണ്, 1915ല്‍ The Underdogs (Los de abajo) എഴുതിയത്. അടിസ്ഥാനപരമായി ആദര്‍ശവാദി ആയിരുന്ന അസുവേല, വിപ്ലവത്തെക്കുറിച്ച് നിരാശനാകാന്‍ അധികം കാലമെടുത്തില്ല. കൂടുതല്‍
മികച്ചൊരു മെക്സിക്കോക്കു വേണ്ടിയാണ് താന്‍ പോരാടിയതെങ്കില്‍, വിപ്ലവം ചില അനീതികള്‍ പരിഹരിച്ചപ്പോള്‍ അത്രതന്നെ മോശമായ മറ്റുപ്രവണതകള്‍ക്ക്
കാരണമാവുന്നത് അദ്ദേഹം കണ്ടു. സ്വാര്‍ത്ഥരും ആദര്‍ശശൂന്യരുമായ നേതൃത്വം, അധ:സ്ഥിതരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതും എന്തിനെയും തങ്ങളുടെ
ഉന്നമനത്തിനു മാത്രമായി മാറ്റിത്തീര്‍ക്കുന്നതും അദ്ദേഹത്തിന്റെ നൈരാശ്യം
തീക്ഷ്ണമാക്കി. എഴുത്തില്‍ ധാരാളിയയിരുന്ന അദ്ദേഹത്തിന്റെ പില്‍ക്കാല കൃതികളില്‍
കടുത്ത സറ്റയറായിത്തീരുന്ന ഈ നൈരാശ്യത്തിന്റെ അലയൊലികള്‍ ‘അണ്ടര്‍ഡോഗ്സ്’
പ്രകടമാക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രകൃതം പരിഗണിച്ചു ലാറ്റിന്‍ അമേരിക്കന്‍
സാഹിത്യത്തിലെ ഒരു സുപ്രധാന വിഭാഗമായി പില്‍ക്കാലം അടയാളപ്പെടുത്തപ്പെട്ട
‘ഏകാധിപതി/ ഏകാധിപത്യ നോവല്‍’ (Dictator/
Dictatorship novel) പാരമ്പര്യത്തിന്റെ ഒരു മുന്നോടിയായും
പുസ്തകത്തെ സമീപിക്കാവുന്നതാണ്.
‘അധസ്ഥിതര്‍’
നൂറുപേജില്‍ താഴെവരുന്ന ചെറുകൃതിയാണ് The Underdogs. എന്നാല്‍, മെക്സിക്കന്‍ വിപ്ലവം അതിന്റെ പരീക്ഷണഘട്ടങ്ങളിലൂടെ
കടന്നുപോയ്ക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ രചിക്കപ്പെട്ടതെന്ന നിലയില്‍ ആ
അനുഭവങ്ങള്‍ തികച്ചും സജീവമായിരുന്നു നോവലിസ്റ്റിന്റെ ജീവിതത്തിലും ചിന്തകളിലും.
വ്യത്യസ്ത ദൈര്‍ഘ്യമുള്ള മൂന്നു ഭാഗങ്ങളിലായി നാല്‍പ്പത്തിരണ്ട് അധ്യായങ്ങളില്‍
എപ്പിസോഡിക് ഘടനയിലാണ് ഉള്ളടക്കം. ആദ്യഭാഗം താരതമ്യേന നീളമുള്ളതാണെങ്കില്‍
അവസാനഭാഗം ചെറിയൊരു സമാപനം (epilogue) പോലെ തോന്നാം. നോവെല്ല ഴോനറിന്റെ
പ്രത്യേകതയെന്നു പറയാവുന്ന ശൈലിയാണ് ഇതിവൃത്ത അനുസ്യൂതിക്കു പകരം ചടുലത
ഉറപ്പുവരുത്തുന്ന ചെറു അധ്യായങ്ങളും ചലച്ചിത്രത്തിലെ ‘jump cuts’ സങ്കേതത്തെ ഓര്‍മ്മിപ്പിക്കുന്ന അതിവേഗ
രംഗമാറ്റങ്ങളും. ഇത് ആഖ്യാനത്തിന് തൂലികാ ചിത്രങ്ങളുടെ (series of
vignettes) പ്രകൃതം നല്‍കുന്നു. നോവല്‍ രചിക്കപ്പെട്ട കാലം
പരിഗണിക്കുമ്പോള്‍ (1915) തികച്ചും വിപ്ലവകരമായ
ആഖ്യാനതന്ത്രമായിരുന്നു അത്.
2.
വിക്റ്റൊറിയാനോ വെര്‍ത്തയുടെ ഫെഡറല്‍ ("Federales”) ദേശീയസൈന്യവുമായി ഇടയേണ്ടി വരുന്ന ഡിമെട്രിയോ
മാസിയാസ് എന്ന ദരിദ്രനും നിരക്ഷരനുമായ ഗോത്രവംശജനെയും കൂട്ടാളികളെയുമാണ് ഒരര്‍ത്ഥത്തില്‍
നോവല്‍ പിന്തുടരുന്നത്. നാടെങ്ങും അതിക്രമങ്ങളുമായി മുന്നേറുന്ന ഫെഡറല്‍ സൈന്യം, മാസിയാസിന്റെ ഗ്രാമത്തിലും എല്ലാം തങ്ങള്‍ക്ക് സ്വന്തമാണ് എന്ന ഭാവമാണ്
പ്രകടിപ്പിക്കുന്നത്. മാസിയാസിന്റെ നായയെ കൊല്ലുന്ന രംഗം നോവലിലെ ഏറെ ഉള്‍ക്കിടിലമുണ്ടാക്കുന്ന
ഒന്നാണ്. അയാളുടെ ഭാര്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു പതിവുരീതിയുടെ
തുടര്‍ച്ച മാത്രവും. തന്റെ കുടുംബത്തിന്റെ അതിജീവനം ഉറപ്പുവരുത്താന്‍ റിബല്‍
സൈന്യത്തില്‍ ചേരേണ്ട അവസ്ഥയിലാണ് അയാള്‍. അഥാവാ ഏതെങ്കിലും ആദര്‍ശം എന്നതിനപ്പുറം
നിലനില്‍പ്പിന്റെ പ്രശ്നം. ധീരനും വ്യക്തിപ്രഭാവമുള്ളവനുമായ അയാള്‍, തന്നെപ്പോലെ ഫെഡറല്‍ സൈന്യത്തിന്റെ അത്യാചാരങ്ങള്‍ സഹിച്ചുമടുത്ത കര്‍ഷകജനതയെ
സംഘടിപ്പിക്കുകയും പാഞ്ചോ വിയാ സൈന്യത്തില്‍ ചേരുകയും വൈകാതെ ജനറല്‍ ആയിത്തീരുകയും
ചെയ്യുന്നു. മാസിയാസിന്റെ സൈന്യവും തങ്ങള്‍ നേരിട്ട അതേതരം അതിക്രമങ്ങളും കൊള്ളയും
ബലാല്ക്കാരവുമെല്ലാം കടന്നുപോകുന്ന മെക്സിക്കന്‍ ഗ്രാമങ്ങളില്‍
അരങ്ങേറുന്നുമുണ്ട്. ആദ്യമൊക്കെ നാടിനെ പരിഷ്കരിക്കാന്‍വേണ്ടി പൊരുതിയ അയാള്‍ക്ക്
പോകെപ്പോകെ എന്തിനുവേണ്ടിയാണു തന്റെ യുദ്ധം എന്നത് അവ്യക്തമാകുന്നു.
വെള്ളച്ചാട്ടത്തിലേക്ക് അയാള്‍ എറിയുന്ന കല്ലിനോട് തന്റെ പ്രവര്‍ത്തികളെ അയാള്‍ത്തന്നെ
തുലനംചെയ്യുന്ന സന്ദര്‍ഭമുണ്ട്. എന്തിനുവേണ്ടി, എന്നതില്‍
നിന്ന് തദ്സമയം എന്താണ് വേണ്ടത് എന്നതിലേക്ക് സൈന്യത്തിന്റെ ലക്ഷ്യം തന്നെയും
മാറിപ്പോകുകയും ചെയ്യുന്നു. വിപ്ലവത്തിനും വിപ്ലവകാരികളിലും സംഭവിക്കുന്ന ഇത്തരം
പരിവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ മെക്സിക്കന്‍ സാഹിത്യത്തില്‍ത്തന്നെ കാര്‍ലോസ്
ഫ്യുയെന്തസിന്റെ The Old Gringo പോലുള്ള
കൃതികളില്‍ വിശദമായി പരിഗണിക്കപ്പെടുന്നത് കാണാം.
പ്രതീകാത്മകത ഏറെയുള്ള സൂചകങ്ങള്‍ നിറഞ്ഞ
കൃതികൂടിയാണ് The Underdogs. ഡിമെട്രിയോ എന്ന പേരുതന്നെയും
അയാളെ ഗ്രീക്ക് പുരാണത്തിലെ കാര്‍ഷിക ദേവനുമായി (Demeter) ബന്ധിപ്പിക്കുന്നു. അച്ഛനും അമ്മയും മകനുമടങ്ങുന്ന കുടുംബത്തന്റെ പാലായന
ശ്രമത്തിനു പുറപ്പാട് പുസ്തകംവരെ വേരുകളുണ്ട്. പ്രകൃതിയുടെ സൗന്ദര്യത്തെയും
പ്രശാന്തതയെയും മനുഷ്യന്റെ ഹിംസാത്മകതയോടു മുഖാമുഖം നിര്‍ത്തുന്ന ശൈലി നോവലില്‍
വ്യക്തമാണ്. ഹിംസയുടെ താണ്ഡവം വിവരിക്കപ്പെടുന്നതിനിടയില്‍ നമുക്ക്
വായിക്കാനാകും:
“കൊച്ചു നീര്‍ച്ചാട്ടങ്ങളുടെ പാട്ടിനൊപ്പം പുഴ
കുതിച്ചുപാഞ്ഞു. കള്ളിച്ചെടിക്കകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പക്ഷികള്‍ ചിലച്ചു, ചീവീടുകളുടെ
താളത്തിലുള്ള മൂളല്‍ മലയുടെ ഏകാന്തതയെ നിഗൂഡത കൊണ്ട് നിറച്ചു.”
വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ നോവലിസ്റ്റ് പുലര്‍ത്തുന്ന കണിശത, കാവ്യാത്മകതയും
സംഗീതാത്മകതയും സ്വരങ്ങളുടെ ധ്വനിസാന്ദ്രതയും ഉള്‍ച്ചേര്‍ക്കുന്നു എന്ന്
നിരീക്ഷിക്കപ്പെടുന്നു. നോവലിന്റെ പ്രസിദ്ധമായ ചില ഭാഗങ്ങള്‍ സ്പാനിഷ് മൂലത്തില്‍
വായിച്ചുകേള്‍ക്കുന്നത് വാച്യാര്‍ഥങ്ങള്‍ പിണങ്ങിനില്‍ക്കുമ്പോഴും ഹൃദ്യമായ
അനുഭവമാണ്.
ഹിംസാത്മകതയുടെയും കാവ്യാത്മകതയുടെയും വൈരുധ്യപൂര്‍ണ്ണമായ
ശക്തി യോജിപ്പിക്കുന്നതു പോലെത്തന്നെയാണ് മാസിയാസിന്റെയും സര്‍വാന്റിസിന്റെയും
വിരുദ്ധവീക്ഷണങ്ങളെ അവതരിപ്പിക്കുന്നതും. ഡിമെട്രിയോ മാസിയാസ് പോരാളിയാണ്, ആദര്‍ശങ്ങളല്ല
അയാളുടെ പ്രചോദനം. മറിച്ച് ലൂയിസ് സര്‍വാന്റിസ് വിപ്ലവത്തിന്റെ ആശയങ്ങളെക്കുറിച്ചു
ചിന്തിക്കുന്ന ആദര്‍ശശാലിയാണ്. മാസിയാസിന്റെ റിബലുകള്‍ക്കിടയില്‍ ഏറ്റവും പുതുതായി
എത്തിച്ചേരുന്ന അയാള്‍ ഫെഡറല്‍ സൈന്യത്തില്‍നിന്നു ഓടിപ്പോന്നവനാണ്. കൂട്ടാളികളില്‍നിന്നു
വ്യത്യസ്തമായി അഭ്യസ്തവിദ്യനും സംസ്കാരസമ്പന്നനുമായ അയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും
ജേണലിസ്റ്റുമായിരുന്നു. നോവലിന്റെ അവസാനമാകുമ്പോഴെക്ക് അയാള്‍ യു. എസ്സില്‍
കുടിയേറാനായി വിട്ടുപോവുന്നുണ്ട്. അഭിമുഖങ്ങളില്‍ അസുവേല
സമ്മതിച്ചിട്ടില്ലെങ്കിലും, പുസ്തകത്തില്‍
നോവലിസ്റ്റിന്റെ അപരസ്വരം വലിയൊരളവു അയാളാണ്:
“നമ്മളെല്ലാം നമ്മുടെ നാടിന്റെ പുരോഗതിയോടൊപ്പം
മാത്രം മുഴുവനാകുന്ന ഒരുവലിയ സാമൂഹിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്. നമ്മുടെ ജനതയുടെ
പരിപാവനമായ അവകാശങ്ങളുടെ സമര്‍ത്ഥനത്തിന് വിധിയുടെ ഉപകരണങ്ങളാണ് നാം. നമ്മളൊരു
നീചനായ കൊലയാളിയെ താഴെയിറക്കാനല്ല പൊരുതുന്നത്, മറിച്ച്
ഏകാധിപത്യത്തിനു എതിരെയാണ്. തത്വങ്ങള്‍ക്കുവേണ്ടി ആദര്‍ശങ്ങള്‍കൊണ്ടു പൊരുതുക
എന്നാല്‍ അതാണ്. അതിനാണ് വിയായും നതേരയും കരാന്‍സയും പൊരുതുന്നത്. അതിനാണ് നമ്മളും
പൊരുതുന്നത്.”
എന്നാല്‍ ഈ അമിത ആദര്‍ശവല്‍ക്കരണത്തിന്റെ നാടകീയതയെ ഡിമെട്രിയോ
അപ്പോള്‍ത്തന്നെ കാറ്റഴിച്ചുവിടുന്നു: “പാന്ക്രെസിയോ, രണ്ടുകുപ്പി
ബിയര്‍ കൂടി കൊണ്ടുവരൂ.” ഈ അതിവൈകാരികതാവിരുദ്ധ സമീപനം നോവലിനു ‘പ്രതിലോമകരം’ എന്ന വിമര്‍ശനം നേടിക്കൊടുക്കുമെന്നു വാദമുയര്‍ന്നപ്പോള്‍ നോവലിസ്റ്റിന്റെ
പ്രതികരണം തിരിച്ചായിരുന്നു: അത് പ്രതിലോമകരമല്ല. സത്യമാണ്.
3.
ഒളിപ്പോര് വിഷയമാകുന്ന കൃതികള്‍, അതിവൈകാരികതാവിരുദ്ധ
സമീപനത്തില്‍ എന്നപോലെ പല സാമ്യങ്ങളുമുള്ള ഹെമിങ് വെയുടെ For
Whom the Bell Tolls പോലെ, പലപ്പോഴും
പുരുഷകേന്ദ്രിതവും സ്ത്രീകഥാപാത്രങ്ങളെ പുരുഷവീക്ഷണത്തില്‍ അവതരിപ്പിക്കുന്നതുമാണ്
പതിവ്. ഇവിടെയും സമീപനം തീര്‍ത്തും വ്യത്യസ്തമല്ല. ഡിമെട്രിയോയുടെ ഭാര്യ
പോരാളിയല്ല, കുടുംബിനീവേഷത്തില് ഒതുങ്ങുന്നവളുമാണ്.
എന്നാല്‍, ഹെമിങ് വെ നോവലിലെ ജിപ്സി സ്ത്രീ പിലാറില്‍
തുടര്‍ച്ച കണ്ടെത്താവുന്ന കഥാപാത്രമാണ് നോവലിലെ മറ്റൊരുസുപ്രധാന
സ്ത്രീസാന്നിധ്യമായ ലാ പിന്റാഡായുടെത്. മെക്സിക്കന്‍ വിപ്ലവത്തില്‍ മുന്‍നിര പോര്‍മുഖത്തുതന്നെ
സജീവ പങ്കാളിത്തമുണ്ടായിരുന്ന ‘Soldaderas’ എന്ന്
വിളിക്കപ്പെട്ട പെണ്‍പോരാളി വിഭാഗത്തിന്റെ പതിപ്പായ ലാ പിന്റാഡാ, പരുക്കന്‍ പ്രകൃതക്കാരിയാണ്. ആണുങ്ങളെ വെല്ലുവിളിക്കാന്‍ കഴിവുള്ളവള്, വെടിയുണ്ടകളെ ഭയന്നോടാത്തവള്, തെറി പറയുകയും
വന്യമായ കരുത്തോടെ കൈകുലുക്കുകയും ചെയ്യുന്നവള്‍, കാലുകള്‍
കവച്ചു കുതിരയോടിക്കുന്നവള്, മാസിയാസിനെ കളിയാക്കുകയും
എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന റിവോള്‍വര്‍കൊണ്ടു യുദ്ധം ചെയുകയും ചെയ്യുന്നവള്‍.
ആക്രമകാരിയായ പെണ്‍കോഴിയെന്നു അവളുടെ പേരിന് അര്‍ത്ഥമുണ്ടെന്നും മെക്സിക്കന്‍
പുരുഷാധികര സമൂഹത്തില്‍ തന്റേടത്തോടെ പൊരുതുന്ന പുത്തന്‍ സ്ത്രീത്വത്തിന്റെ
പ്രതീകമായി അവര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട് എന്നും വികിപീഡിയ ലേഖനം
സൂചിപ്പിക്കുന്നു. ലാ പിന്റാഡാ എന്ന സ്പാനിഷ് മൂലത്തെ ‘War Paint” എന്ന് ആംഗലവല്‍ക്കരിച്ചത് എന്തിനെന്നും
തോന്നാം. എന്നാല്‍, നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം
മുതല്‍ ഇത് തുടര്‍ന്നുകാണുന്നു. മറ്റൊരു സ്ത്രീകഥാപാത്രം, ലൂയിസ് സര്‍വാന്റിസിന്റെ പ്രേരണയില്‍ മാസിയാസിന്റെ സൈന്യത്തില്‍ ചേരുന്ന
കാമില എന്ന ടീനേജറാണ്. ലൂയിസുമായും ഒരുവേള ഒരു ത്രികോണ പ്രണയസംഘര്‍ഷത്തിലേക്ക്
കുറഞ്ഞൊരു തോതില്‍ നയിക്കുംവിധം ഡിമെട്രിയോയുമായും പ്രണയത്തിലാണെങ്കിലും
വിപ്ലവപൂര്‍വ്വ മെക്സിക്കോ സമൂഹത്തിലെ വിധേയത്വമുള്ള പെണ്‍പതിപ്പാണ് അവള്‍. ലാ
പിന്റാഡായുടെ നേര്‍വിപരീതം, ദൌര്‍ഭാഗ്യകരമായ ഒരു
അസൂയാജന്യ സംഘര്‍ഷത്തില്‍ ഒടുങ്ങുന്ന ദുരന്തപാത്രവും. എവിടെയൊക്കെയോ ഹെമിങ് വെ നോവലിലെ തന്നെ മരിയയുടെ മുന്‍ഗാമിയാണ്
കാമില എന്ന് ഈ ലേഖകനു തോന്നി.
അസുവേലയുടെ വാക്കുകളില്‍ സ്വന്തം ജിഹ്വയായി അന്റോണിയോ
സോലിസ് എന്ന കഥാപാത്രമാണ് വിപ്ലവത്തിന്റെ അപചയത്തെ കുറിച്ചുള്ള നോവലിലെ സുപ്രധാന
നിരീക്ഷണം മുന്നോട്ടുവെക്കുന്നത്. ലൂയിസ് സര്‍വാന്റിസുമായുള്ള സംഭാഷണത്തില്‍ അയാള്‍
പറയുന്നു:
“പൂക്കള്‍ നിറഞ്ഞ ഒരു ശാദ്വലപ്രദേശമാണ് ഞാന്‍
പ്രതീക്ഷിച്ചത്, പക്ഷെ എത്തിപ്പെട്ടത് ഒരു ചതുപ്പിലാണ്.”
അയാള്‍ തുടരുന്നു:
“സുഹൃത്തെ, ചില ആളുകളും സംഭവങ്ങളുമുണ്ട്
വെറും വിഷമല്ലാതെ മറ്റൊന്നുമല്ലാത്തതായി. തുള്ളി തുള്ളിയായി ആ വിഷം ആത്മാവില്‍
പ്രവേശിക്കും, എല്ലാത്തിനെയും തീണ്ടും, നാശമാക്കും. ഉത്സാഹം, പ്രതീക്ഷ, ആദര്‍ശങ്ങള്‍, സന്തോഷം... പിന്നീട് ഒന്നും, ഒന്നും ബാക്കിയുണ്ടാവില്ല. ഒന്നുകില്‍ അവരെപോലെ നിങ്ങളൊരു കൊള്ളക്കാരനാകും, അല്ലെങ്കില്‍ ഭേദിക്കാനാകാത്ത കടുത്ത താന്‍പോരിമയുമായി ചുവരുകള്‍ക്കു
പിന്നിലൊളിക്കുന്ന, അരങ്ങത്തുനിന്ന് നിഷ്ക്രമിച്ച ഒരാള്‍.”
വെടിവെപ്പിന്റെ പുകയും കൂരകള്‍ കത്തിയമരുന്നതിന്റെ പൊടിയും നോക്കിനില്‍ക്കുമ്പോള്‍
സോലിസ്, വിപ്ലവത്തെ കുറച്ചുനേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും
പിന്നീട് അപ്രത്യക്ഷമായി ഇല്ലാതാകുകയും ചെയ്യുന്ന മേഘത്തോട് ഉപമിക്കുന്നു.
നോവലിന്റെ ഏതാണ്ട് ഒടുവിലൊരിടത്ത്, ഉന്നയിക്കപ്പെടുന്ന
ചോദ്യം പ്രസക്തമാണ്:
“അപ്പോള്‍ ഡിമെട്രിയോ, ഇനിയും നിങ്ങളെന്തിനു
വേണ്ടിയാണു പൊരുതുന്നത്?”
ആഖ്യാതാവ് വ്യക്തമാക്കുന്നു:
“ഡിമെട്രിയോ ഊറിച്ചിരിച്ചുകൊണ്ട്, അശ്രദ്ധമായി ഒരു കല്ലെടുക്കുന്നു, എന്നിട്ടത്
നീര്‍ച്ചാട്ടത്തിന്റെ അടിയിലേക്ക് എറിയുന്നു. അയാള്‍ ഗര്‍ത്തത്തിലേക്ക് നോക്കി
ചിന്താമൂകനായി നില്ക്കുന്നു, എന്നിട്ട് പറയുന്നു, ‘ആ കല്ല് നോക്കൂ, അതെങ്ങനെയാണ്
പോയ്ക്കൊണ്ടിരിക്കുന്നതെന്ന്...’”
ഹിംസാത്മകതയുടെ ചാക്രികതയില്‍ പെട്ടുപോയി യഥാര്‍ത്ഥലക്ഷ്യം കാഴ്ചയില്‍നിന്നുതന്നെ
മറഞ്ഞുപോകുന്ന കഥാപാത്രങ്ങളിലൂടെ കൂടുതല്‍ വലിയ അസ്തിത്വ പ്രശ്നങ്ങളെയാണ് അസുവേല പ്രതിഫലിപ്പിച്ചത്:
അടിസ്ഥാനപരമായി അസന്തുലിതമായ, ദുഷിച്ചുപോയ ലോകത്തില്‍ മാനുഷികമായ
ആദര്‍ശ പരതയുടെയും പോരാട്ടത്തിന്റെയും വ്യര്‍ത്ഥത, നൈരാശ്യത്തിന്റെ
അനിവാര്യത എന്നിവയാണ് നോവല്‍ ആവിഷ്കരിച്ചത്.
അസുവേലയുടെ യഥാതഥത്വം (social realism)
വിപ്ലവസ്വപ്നങ്ങളുടെ അസംബന്ധത്തെ ദൈനംദിന അനുഭവത്തിന്റെതന്നെ ബാക്കിപത്രമായി
അവതരിപ്പിച്ചു. രേഖീയവും താരതമ്യേന ഋജുവുമായ ആഖ്യാന ശൈലി, പാളിപ്പോകുന്ന ആദര്‍ശപരതയുടെയും വിപ്ലവലക്ഷ്യത്തിന്റെയും അസംബന്ധം കഥാപാത്രങ്ങളില്‍ സൃഷ്ടിക്കുന്ന ശൈഥില്യത്തെയും ദേശം നിപതിക്കുന്ന
അരാജകത്വത്തെയും വിപരീതത്തില്‍ പൊലിപ്പിക്കുന്നു.
4. കൊമാലയിലെ മനുഷ്യര്‍
മരണശയ്യയില്‍ അമ്മ ഡോലോരെസ് പ്രേസിയാദോക്ക് നല്‍കിയ
വാക്കുപാലിക്കാന്‍ പ്രേതഭൂമിയായ കൊമാല പട്ടണത്തിലേക്ക് പിതാവ് പെദ്രോ പരാമോയെ തേടി
ഹുവാന്‍ പ്രേസിയാദോ യാത്ര തിരിക്കുന്നതോടെയാണ് ഹുവാന്‍ റുള്‍ഫോയുടെ നോവല്‍
ആരംഭിക്കുന്നത്. ഡോലോരെസിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ ജീവന്‍ തുടിച്ചുനിന്ന
പട്ടണമായിരുന്ന കൊമാല ഇന്ന് മരിച്ചവരുടെ മര്‍മ്മരങ്ങള്‍ മാത്രമുള്ള
വിജനപ്രദേശമാണെന്ന് പ്രസിയാദോ കണ്ടെത്തുന്നു. ജീവിതവും മൃതിയും
പരസ്പരം അതിരിത്തികള്‍ ഭേദിക്കുന്ന/ പങ്കിടുന്ന പ്രമേയത്തിലേക്കുള്ള ആദ്യ സ്പര്‍ശമാണ്
അത്. ഹുവാന്‍ കണ്ടെത്തുന്ന ഒട്ടേറെ പ്രേതരൂപികള്‍ പട്ടണത്തിന്റെ ദുരന്ത
ചരിത്രത്തിലേക്കും അയാളുടെ പിതാവിന്റെ അധീശത്ത്വപ്രകൃതത്തിലേക്കും വെളിച്ചം വീശും.
ആദ്യം കണ്ടുമുട്ടുന്ന അബൂന്ദിയോ മാര്‍ടിനസ് എന്ന, കോവര്‍കഴുതയെ
മേയ്ക്കുന്നയാള്‍ പെദ്രോ പരാമോയുടെ എണ്ണമറ്റ ജാരസന്തതികളില്‍ ഒരാളാണെന്ന് പിന്നീടാണ് മനസ്സിലാകുക.
“ആ പട്ടണം ഭൂമിയുടെ കനലുകള്‍ക്ക് മുകളിലാണ്
ഇരിക്കുന്നത്, നരകത്തിന്റെ വായക്ക് തൊട്ട്. അവിടത്തുകാര്‍ മരിച്ചു
നരകത്തിലെത്തുമ്പോള്‍, അവര്‍ കരിമ്പടം തേടി തിരികെ വരാറുണ്ടത്രേ.”
അബൂന്ദിയോക്ക് ഇതിവൃത്തപ്രധാനമായ ദൌത്യവും നോവലിസ്റ്റ് നല്‍കുന്നുണ്ട്:
ദരിദ്രനും പരാജിതനുമായ അയാളാണ്, അന്തിമമായി, പെദ്രോയുടെ വിധി
നിര്‍ണ്ണയിക്കുക. ആ ഹിംസയിലൂടെയാണ് പെദ്രോയുടെ അധീശത്തം അവസാനിക്കുക.
ജാരസന്തതിയുടെ ഗതിമുട്ടിയ നൈരാശ്യത്തോടൊപ്പം പട്ടണത്തെ ഗ്രസിക്കുന്ന ഹിംസയുടെ
ചാക്രികതയുടെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമാണ് അയാള്‍. പ്രസിയാദോ
കണ്ടുമുട്ടുന്ന എദുവിഗസ് ദിയാദ എന്ന സ്ത്രീ അയാള്‍ക്കുവേണ്ടി ഒരുക്കാനൊന്നും അവര്‍ക്ക്
സമയം കിട്ടിയില്ലെന്ന് പരിഭവം പറയും. ഒരാഴ്ച മുമ്പ് മരിച്ച പ്രസിയാദോയുടെ അമ്മ
ഇപ്പോള്‍ അറിയിച്ചേയുള്ളൂ അയാളുടെ വരവിനെ കുറിച്ച് എന്നാണ് അവരുടെ വിശദീകരണം.
വാസ്തവത്തില്‍, ലാറ്റിന്‍ അമേരിക്കന്‍ നോവല്‍ സാഹിത്യത്തില്‍
ഘടനാപരമായി മുമ്പില്ലാത്ത വ്യതിയാനത്തോടൊപ്പം ദുരൂഹ സ്വരങ്ങളുടെയും
സാന്നിധ്യങ്ങളുടെയും ഭൂമികയെന്ന കൊമാല അനുഭവം ഇവിടെ തുടങ്ങുകയാണ്. പാത്രസൃഷ്ടിയില്‍ അബൂന്ദിയോയോട് അടുത്തുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം
പെദ്രോ പരാമോയുടെ വീട്ടുവേലക്കാരിയായിരുന്ന ഡാമിയാനാ സിസ്നേരോ ആണ്. മരിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരുടെയും ഇടയിലെ ഒരു പാലമായ ഡാമിയാനാ, കൊമാലയില്‍
കഴിയുന്ന കാലം മുഴുവന്‍ ഹുവാന്‍ പ്രസിയാദോയുടെ വഴികാട്ടിയാണ്. മരിച്ചുപോയവരുടെ
സാന്നിധ്യമെന്ന പ്രമേയം കൃത്യമായും കാണാവുന്ന മറ്റൊരു കഥാപാത്രം യാചകിയായ ഡോരോതിയ
എന്ന, അനപത്യദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. ഹുവാന്‍
പ്രസിയാദോയുമായി കുഴിമാടം പങ്കിടുകയും പട്ടണത്തെ കുറിച്ചും അവിടത്തെ ആളുകളെ
കുറിച്ചും അയാളോട് സംസാരിക്കുകയും ചെയ്യുന്നവള്‍. കൊമാലയിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ
പ്രതീകമായ ഡോരോതിയ, മരണത്തിനുപോലും ശാന്തമാക്കാനാകാത്ത
ഓര്‍മ്മകളുടെ വേട്ടയാടല്‍ അനുഭവിക്കുന്നു.
ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന, നോവലില്‍ ഏറ്റവും
രേഖീയവും സുതാര്യവുമായ ആഖ്യാനമുള്ള ഏക ഭാഗവുമായ കഥഭാഗത്ത്, പെദ്രോ പരാമോ
അധികാരത്തിലേക്ക് ഉയര്‍ന്നതെങ്ങനെ എന്നു നിരീക്ഷിക്കപ്പെടുന്നു. പെദ്രോയോടുള്ള
വിധേയത്വത്തിന്റെയും കാര്യപ്രാപ്തിയുടെയും പ്രയോഗികതയുടെയും മാതൃകയും അയാളുടെ
അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും വലങ്കയ്യുമായ, ഒടുവില്‍
വിപ്ലവകാരികളുടെ കൈകളാല്‍ കൊല്ലപ്പെടുകയെന്ന വിധി പേറുന്ന, കാര്യസ്ഥന് ഫുള്‍ഗോര്‍ സെദാനോയോടൊപ്പം ക്രൂരമായ വെട്ടിപ്പിടുത്തങ്ങളിലൂടെ
വികസിപ്പിച്ച ഭൂമിയും അധികാരപ്രയോഗത്തിന്റെ ഭാഗമായി നടത്തിയ നിര്‍ബന്ധിത
വിവാഹങ്ങളും അയാളുടെ ജന്മിത്ത ക്രൂരത, ആണ്‍പോരിമ, അധികാരപ്രമത്തത തുടങ്ങിയവ വെളിപ്പെടുത്തുന്നു. അത്തരമൊരു ചതിയിലൂടെ,
ഭൂസ്വത്തില്‍ കണ്ണുവെച്ചു നടത്തിയ വിവാഹത്തിന്റെ ഇരയായിരുന്നു,
ലക്ഷ്യം നേടിയ ഉടന്‍ അയാള്‍ ഉപേക്ഷിച്ച ഡോലോരെസ്. സ്വയം വേദനകളുടെ
ഒരാള്‍രൂപമായി മാറുന്ന ഡോലോരെസ് പെദ്രോയുടെ അധികാരപ്രയോഗ ഇരകളുടെ പ്രതീകവും
ആയിത്തീരുന്നു. നഷ്ടസ്വപ്നങ്ങളെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെയും
പിന്തുടരുകയെന്ന നോവലിന്റെ ഭാവം ആരംഭിക്കുന്നതും അവരിലാണ്. അതാണ് അവര്‍ക്ക്
അയാളോടുള്ള വെറുപ്പിനും നീതിതേടിയുള്ള ആ ദൗത്യമേല്‍പ്പിക്കലിനും ഇടയാക്കുക.
“അയാളെക്കൊണ്ട് വിലയൊടുക്കിക്കണം, എന്റെ മോനെ, ഈ വര്‍ഷങ്ങളത്രയും നമ്മളെ അയാളുടെ
മനസ്സില്‍നിന്ന് അകറ്റിവെച്ചതിന്.”
ഭൂതകാലത്തിനും വര്‍ത്തമാന കാലത്തിനുമിടയില്‍
മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനം ‘ഗ്രീക്ക് കോറസ് പോലെ’ (F. Sdrigotti) മരിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരുടെയും സ്വരങ്ങളുടെ സങ്കലനമാണ്. പെദ്രോക്ക് സുസാന സാന്‍
ഹുവാനിനോടുണ്ടായിരുന്ന തിരികെ കിട്ടാതെ പോയ പ്രണയം അയാളില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍
പട്ടണവാസികളോടുള്ള ക്രൂരമായ ചതിപ്രയോഗങ്ങളും അനീതികളും ഒടുവില്‍ പട്ടണത്തിന്റെ
നാശവുമായി പരിണമിക്കുകയായിരുന്നു. സ്വയം പീഡിതയും കലങ്ങിയ മനോനിലയുള്ളവളുമായ സുസാന, ഒരേസമയം പെദ്രോയുടെ
അപ്രാപ്യസങ്കല്‍പ്പവും ഒപ്പം കൊമാലയുടെ ആത്മീയ, വൈകാരിക
ജീര്‍ണ്ണതയുടെ പ്രതീകവുമാണ്. ദുരന്ത പാത്രവും സ്വന്തം ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടവളും.
സുസാനയുടെ അന്ത്യം പെദ്രോയുടെയും പട്ടണത്തിന്റെ തന്നെയും അന്തിമവിധിയെ
പ്രതിഫലിപ്പിക്കുന്നു.
5.
നോവല്‍ മുന്നോട്ടുപോകുമ്പോള്‍ നമുക്ക്
തിരിച്ചറിയനാകുന്നു, ഹുവാന്‍ തന്നെയും മരിച്ചുപോയവന്‍ ആണെന്നും
കൊമാലയിലേക്കുള്ള അയാളുടെ യാത്ര സ്വന്തം വേരുതെടി എന്നപോലെത്തന്നെ മരണാനന്തര
ലോകത്തേക്കുള്ള യാത്രയുമാണ് എന്നും.
“മര്‍മ്മരങ്ങള്‍ എന്നെ കൊന്നു. ഞാനെന്റെ ഭയത്തെ
നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ അത് വര്‍ദ്ധിച്ചുവന്നു, ഒടുവില്‍ എനിക്കത്
ഇനിയും സഹിക്കാനാകില്ല എന്നായി.”
ഏതാണ്ട് നോവലിന്റെ പകുതിയോടെ സംഭവിക്കുന്ന ഈ വെളിപ്പെടുത്തലിനു ശേഷവും
കൂടുതല്‍ സ്വരങ്ങള്‍ കേള്‍ക്കാവുന്നത് തുടരുന്നു:
“ഈ പട്ടണം പ്രതിധ്വനികള്‍ കൊണ്ട് നിറഞ്ഞതാണ്. അവര്‍
ചുമരുകള്‍ക്കു പിറകിലോ, ഉരുളന്‍കല്ലുകള്‍ക്ക് താഴെയോ
കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന പോലെയാണത്. നടക്കുമ്പോള്‍ നിങ്ങള്‍ക്കു പിറകില്‍, നിങ്ങളുടെ ചവിട്ടടികളില്‍ ചവിട്ടി ആരോ ഉണ്ടെന്നു നിങ്ങള്‍ക്ക് തോന്നും.
നിങ്ങള്‍ക്ക് മര്‍മ്മരം കേള്‍ക്കാം. ആളുകള്‍ ചിരിക്കുന്നതും. തീര്‍ന്നുപോയ പോലുള്ള
ചിരി. വര്‍ഷങ്ങളായി ക്ഷയിച്ചുപോയ സ്വരങ്ങള്‍.”
ഓര്‍മ്മകളും സ്വപ്നങ്ങളും അപരലോകത്തു നിന്നുള്ള സ്വരങ്ങളും ഇടതിങ്ങാന്‍
തുടങ്ങുന്നതോടെ ഒരു പട്ടണത്തിന്റെയും വ്യക്തിയുടെയും ചിത്രം തെളിഞ്ഞു വരുന്നു:
കുറ്റബോധം, ആസക്തി, ചരിത്രത്തിന്റെ
ഭാരം എന്നിവകൊണ്ട് മഥിതനായ ഒരാളുടെ ചിത്രം. എന്നാല്‍, ഗുണാത്മക
പ്രഭാവങ്ങള്‍ ഒന്നുമില്ലാത്ത പെദ്രോയെ വിധികല്‍പ്പനാ ഭാവത്തില്‍ ആരും
വായിക്കേണ്ടതില്ലെന്ന് നിഷ്ടയുള്ള പോലെ സുസാനയെ കുറിച്ചുള്ള അയാളുടെ ഓര്‍മ്മകള്‍
നോവലിസ്റ്റ് വിവരിക്കുന്നു:
“അയാള്‍ കരുതിയിരുന്നു അയാള്‍ക്കവളെ അറിയാമെന്ന്.
പക്ഷെ അതില്ലെന്നു അയാള്‍ തിരിച്ചറിഞ്ഞപ്പോഴും, അവളാണ് ഈ ഭൂമിയില്‍
അയാള്‍ ഏറ്റവും സ്നേഹിച്ച വ്യക്തി എന്നറിഞ്ഞാല്‍ പോരായിരുന്നോ? ഒപ്പം – ഇതാണ് ഏറ്റവും പ്രധാനം – അവള്‍ കാരണം അയാള്‍ മറ്റെല്ലാ ഓര്‍മ്മകളെയും
മായ്ച്ചുകളയുന്ന ഒരു സങ്കല്‍പ്പവുമായി ഈ ഭൂമിയെ പ്രകാശിപ്പിച്ചുകൊണ്ട്
കടന്നുപോകും.
പക്ഷെ സുസാനാ സാന്‍ ഹുവാന്‍ ഏതു ലോകത്താണ്
ജീവിച്ചിരുന്നത്? അതായിരുന്നു പെദ്രോ പരമോ ഒരിക്കലും അറിയാന്‍
ഇടയില്ലാത്ത കാര്യങ്ങളില്‍ ഒന്ന്.”
സ്വതേ ദുര്‍ബ്ബലനും പട്ടണത്തിന്റെ ജീര്‍ണ്ണതയില്‍
ഇടപെടാന്‍ കഴിയാത്തതിന്റെ കുറ്റബോധം ഉള്ളില്‍പേറുന്നവനുമായ ഫാദര്‍ റന്റെറിയയുടെ
പരാജയം സഭയുടെതന്നെ പരാജയമാണ്. കൊമാലയില്‍ ജീവിച്ചിരിക്കുന്നവരുടെ
പ്രതിനിധാനങ്ങളായി വരുന്ന സഹോദരങ്ങളായ ഡോനിസും സഹോദരിയും അവിശുദ്ധ രതി (incest) ബന്ധം വെച്ചുപുലര്‍ത്തുന്നത്, കൊമാലയെ ചൂഴ്ന്നുനില്‍ക്കുന്ന സാമൂഹിക നൈതികതടെയും ധാര്‍മ്മികതയുടെയും
പരിപൂര്‍ണ്ണ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പാപബോധം പേറി ജീവിക്കുമ്പോള്‍
എണ്ണത്തില്‍ കൂടുതലും അപരലോകത്ത് നിന്നുള്ളവര്‍ ആയിരിക്കുന്നതിന്റെ ചകിതാവസ്ഥയെ കുറിച്ച്
അവര്‍ നിരീക്ഷിക്കുന്നുണ്ട്:
“ഇവിടത്തെ രാത്രികള്‍ നിറയെ പ്രേതങ്ങളാണ്. തെരുവിലൂടെ
നടക്കുന്ന എല്ലാ ആത്മാക്കളെയും നിങ്ങള്‍ കാണണം. ഇരുട്ടാവുന്നതും
അവര്‍ വന്നുതുടങ്ങും. ആര്‍ക്കും അവരെ കാണാന്‍ ഇഷ്ടമല്ല. അവരത്രയ്ക്ക് കൂടുതലുണ്ട്, ഞങ്ങള്‍ അത്രയും കുറവും, അതുകൊണ്ട് ഞങ്ങള്‍
അവരെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി, അവര്‍ക്കുവേണ്ടി
പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്നതുപോലും നിര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഇനിയും
ചെലവിടാനും മാത്രം പ്രാര്‍ത്ഥനകള്‍ ഇല്ല.”
6. ‘അധസ്ഥിത’രും 'പെദ്രോപരാമോ'യും
മെക്സിക്കന്‍ വിപ്ലവം വിഭാവനംചെയ്ത പരിവര്‍ത്തനങ്ങളും
സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വിടവ് ആദ്യനാളുകള്‍ തൊട്ടേ നിശിതമായി
നിരീക്ഷിച്ച നോവലായിരുന്നു, മുകളില്‍ സൂചിപ്പിച്ചപോലെ, അസുവേലയുടെ കൃതി. ആദ്യകാല പ്രതീക്ഷകളുടെ അപചയം ഹൃദയാലുവായ എഴുത്തുകാരനില്‍
സൃഷ്ടിച്ച ആഴമേറിയ നൈരാശ്യമാണ് പുസ്തകത്തിന്റെ സ്വരത്തെ രൂപപ്പെടുത്തിയത്.
ഒരര്‍ത്ഥത്തില്‍ അസുവേല അവസാനിപ്പിച്ചിടത്താണ് ഹുവാന്‍
റുള്‍ഫോ തുടങ്ങിയത് എന്നുപറയാം. അസുവേല ഭയപ്പെട്ട ആ പരിണതികളെ പ്രതിഫലിപ്പിച്ച
റുള്‍ഫോ, വിപ്ലവത്തിന്റെ തൊട്ടുപിറകിലെ മെക്സിക്കന്‍
അനുഭവങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ക്കപ്പുറം അധികാരത്തിന്റെയും ഹിംസാത്മകതയുടെയും
ആത്മീയവും അസ്തിത്വപരവുമായ പരിണതികളിലാണ് നങ്കൂരമിട്ടത്. മൃതഭൂമിയായ കൊമാലയെന്ന
പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍, വിപ്ലവത്തിന്റെ പരാജയം മെക്സിക്കന്‍ ഗ്രാമീണജീവിതത്തില്‍ വരുത്തിയ
തീരാദുരന്തങ്ങള്‍ ചിത്രീകരിച്ചു. വിപ്ലവം എന്തിനെയൊക്കെ അവസാനിപ്പിക്കാനാണോ
വിഭാവനം ചെയ്യപ്പെട്ടത്, അതേ എകാധിപത്യത്തിന്റെയും
പുരുഷാധികാര പ്രമത്തദയുടെയും പ്രതീകം തന്നെയാണ് സര്വ്വാധികാരസ്ഥനായ, നോവലിന്റെ ടൈറ്റില്‍ കഥാപാത്രമായ ഭൂപ്രഭു. സ്വന്തം മരണത്തിനു ശേഷവും അയാള്‍
കൊമാലയെ ആവേശിക്കുന്നു. വിഭാവനം ചെയ്യപ്പെട്ട പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിനു
പകരം കൊമാലയെ ഊഷരവും ഭൂതാവിഷ്ടവുമായ ഒരിടമായി വിട്ടുവെക്കുകയാണ് വിപ്ലവം ചെയ്തത്.
ദുര്‍വ്വിധികളുടെ ഭൂതകാലത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഇടം. അറുപതുകളിലെ
‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ പ്രതിഭാസത്തിനു തുടക്കമിടും
വിധം നോവലില്‍ ഉപയോഗിക്കപ്പെട്ട മാജിക്കല്‍ റിയലിസത്തിന്റെ സമൃദ്ധമായ പ്രയോഗത്തിലൂടെ
ജീവിതത്തിനും മൃത്യുവിനും ഇടയിലെ അതിരുകള്‍ നേര്‍ത്തു പോകുന്ന ആഖ്യാനത്തില്‍, നാടിന്റെ ഭൗതിക അപചയം ആത്മീയ ശൂന്യതയുടെ പ്രതീകം തന്നെയായിത്തീരുന്നു.
കൊമാല പ്രതീക്ഷാരാഹിത്യത്തിന്റെ രൂപകമാവുമ്പോള്‍, ഒരിക്കല്‍
ജീവിതം തുടിച്ചുനിന്ന ഇടത്തിന്റെ ഓര്‍മ്മകളുമായി ജീവിതത്തിനും മൃത്യുവിനും ഇടയില്‍
ഇടറിനീങ്ങുന്ന പട്ടണത്തിലെ അന്തേവാസികള്‍ നൈരാശ്യത്തിന്റെ ചാക്രികതയില്‍, പഴയ അനീതികളുടെ അവിരാമമായ തുടര്‍ച്ചയില്‍ വട്ടംചുറ്റുന്നു. നോവലില്‍ ഒരു
പശ്ചാത്തലം മാത്രമല്ലാതകുന്ന കൊമാല, വിപ്ലവാനന്തര
മെക്സിക്കോയുടെ മനശാസ്ത്രപരവും, ധാര്‍മ്മികവുമായ
അപചയത്തിന്റെയും രൂപകം കൂടിയാണ്. നോവലില്‍ വിപ്ലവത്തിന്റെ സ്വാധീനം നേരിട്ടുള്ള
ഒരു സന്ദര്‍ഭം എന്ന നിലക്കല്ല, മറിച്ച് പഴയ ഒരോര്‍മ്മ
എന്ന നിലയിലാണ്. കൊമാലയുടെ ഭൂമികയെ ഊഷരവും ജനതയെ ആത്മീയമായി മൃതവുമാക്കിയ ഒന്ന്.
ഓര്‍മ്മ, കുറ്റബോധം, വിമോചനം എന്നീ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്ന നോവല്‍ അടിയന്തിര
രാഷ്ട്രീയപ്രമേയത്തിനപ്പുറം പോവുകയും മിത്തിന്റെയും, സാര്‍വ്വലൌകികമായ
മാനുഷിക ദുരന്തത്തിന്റെയും (human tragedy) തലങ്ങളിലേക്ക്
കടക്കുകയും ചെയ്യുന്നു. ‘അണ്ടര്‍ഡോഗ്സില്‍’ സോഷ്യല്‍
റിയലിസത്തിന്റെ ശൈലിയില്‍ സമീപിക്കപ്പെടുന്ന ഭൂമികയെ ആലിഗറിയുടെയും അസ്തിത്വവാദ
സമീപനങ്ങളുടെയും ശൈലിയിലാണ് റുള്‍ഫോ സമീപിക്കുന്നത്. നോവലിന്റെ ഒട്ടും
രേഖീയമല്ലാത്ത ശിഥിലമായ ഘടന, കൊമാലയുടെ ഭൂമികയുടെ
പ്രാകൃതമായ സ്ഥല, കാല വിഘടനത്തെ പ്രതിഫലിപ്പിക്കുന്നു.
ഭൂതവും വര്‍ത്തമാനവും, ജീവിതവും മൃതിയും വേര്‍തിരിച്ചരിയാനാകാത്ത
വിധം ഒരുമിക്കുന്ന ഒരു ‘ഇടയിട’ത്തിലാണ് (liminal space) കൊമാല ഇടംപിടിക്കുന്നത്. ഈ ആഖ്യാന ശൈഥില്യം കഥാപാത്രങ്ങളുടെ, പ്രത്യേകിച്ചും പെദ്രോ പരാമോയുടെയും ഹുവാന്‍ പ്രസിയാദോയുടെയും, മനശാസ്ത്രപരമായ വിഘടനത്തിന്റെ പ്രതിഫലനമാണ്. ഓര്‍മ്മകളുടെ
നിയതത്വമില്ലായ്മയെയും അത് പ്രതിഫലിപ്പിക്കുന്നു. ഭൂതകാലം ഓര്‍മ്മകളായും മഹദ്
സ്വപ്‌നങ്ങളുടെ മൃതശേഷിപ്പുകള്‍ ദുസ്വപ്ന പ്രത്യക്ഷങ്ങളായും വേട്ടയാടുന്ന വര്‍ത്തമാനത്തെ
നേരിടാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ശൈലിയാണ് പെദ്രോ പരാമോയുടെ
ആഖ്യാനകേന്ദ്രത്തിലെ ചാക്രികവും സ്വപ്നസമാനവുമായ ശിഥിലഘടന എന്നര്‍ത്ഥം. കൊമാല
അശാന്ത സാന്നിധ്യങ്ങളുടെ പുരാണപ്രോക്തമായ ശുദ്ധീകരണസ്ഥലി (purgatory) ആണ്; ഹുവാന്‍ പ്രേസിയാദോയുടെ ‘പിതാവിനെ തേടല്‍’ (quest for the father figure) അയാളുടെ
സ്വത്വാന്വേഷണവും. അത് അയാളുടെ മരണത്തില്‍ കലാശിക്കുന്നത്, ജീര്‍ണ്ണമായ
ലോകത്ത് ആത്യന്തികമായ, രക്ഷപ്പെടാനാകാത്ത അപചയമെന്ന കൊമാല
പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠത്തെ പൂര്‍ത്തീകരിക്കുന്നു. അസുവേലയുടെ
കഥാപാത്രങ്ങള്‍ വിപ്ലവത്തിന്റെ തൊട്ടുപിറകെ സംഭവിച്ച രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍
നിലയുറപ്പിച്ചപ്പോള്‍, റുള്‍ഫോ കഥാപാത്രങ്ങള്‍ കൂടുതല്‍
പ്രതീകാത്മക സ്വഭാവങ്ങള്‍ ഉള്ളവരാണ്: ആഴമേറിയ അസ്തിത്വ, ആത്മീയ പ്രതിസന്ധികളില്‍ ഉഴറുന്നവരാണ് അവര്‍. ചരിത്രം നേരിട്ട്
വേട്ടയാടുന്ന ദുരന്തമാണ് അസുവേലയുടെ തട്ടകമെങ്കില്‍, റുള്‍ഫോയുടെ
കഥാപാത്രങ്ങള്‍ ആ ‘പര്‍ഗേറ്ററി’യില്‍ ഭൂതകാലത്തിന്റെ പ്രേതസാന്നിധ്യങ്ങളോടൊപ്പം
അനന്തമായ കറങ്ങിത്തിരിയലിലാണ്. പുത്തന്‍ ബൂര്‍ഷ്വാസിയുടെ പരാജയപ്പെട്ട സാമ്പത്തിക
പരിഷ്കരണങ്ങളുടെ ആവിഷ്കാരമായ സാമൂഹിക നോവല്‍, പിതൃ-പുത്ര
ദുരന്തമെന്ന ഈഡിപ്പല്‍ സംഘര്‍ഷത്തിന്റെ ആലിഗറി എന്നൊക്കെയുള്ള സാമൂഹിക, മനോവിജ്ഞാനീയ വായനകള്‍ ഒട്ടേറെ നോവലിനെ കുറിച്ച് വന്നിട്ടുണ്ടെങ്കിലും, ‘മരിച്ചുപോയവരുടെ നോവലിസ്റ്റ്’ എന്ന ലാങ്ഫോര്‍ഡിന്റെ
(Walter M. Langford) നിരീക്ഷണത്തോട് ചേര്‍ന്നുപോകുമ്പോഴാണ്
അവയൊക്കെയും കൂടുതല്‍ സംഗതമാകുന്നത്.
പ്രധാന അവലംബങ്ങള്‍:
1. ‘Mexico in Its Novels’ by John S. Brushwood, University of Texas Press, 2014
രണ്ടു ലേഖനങ്ങള്‍ - ‘The Gradual Tempest’ Page 173-189
‘The Novel of Time and Being’ Page 31-34
2. ‘The Mexican Novel Comes of Age’ by Walter M. Langford, University of
Notre Dame Press, London, 1972
മൂന്നു ലേഖനങ്ങള്‍ - ‘Mariano Azuela: A Break
with the Past’ Pages: 14-33
‘The Novels of Mexican Revolution’ Pages: 34-51
‘Juan Rulfo, Novelist of the Dead’ Pages: 88-102
3. ‘And Then There Was Pedro Páramo’, by Fernando Sdrigotti, The
London Magazine, https://thelondonmagazine.org/91241-2/, Accessed 09.09.2024
4. ‘Juan Perez Rulfo’s Pedro Páramo: A
Microcosm of the Mexican
Revolution’s Aftermath’, Mark Anthony G. Moyano, Research Journal of
Language, Literature and Humanities, Vol. 8(2), 9-11, May (2021).