Featured Post

Thursday, July 17, 2014

Gate of the Sun by Elias Khoury

ചരിത്ര ഭൂപടം ഓര്‍മ്മച്ചീന്തുകളില്‍




വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രം. പറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യും. ഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. ചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / സൃഷ്ടിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാം. ഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്/ ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

കഥ പറച്ചില്‍, ചരിത്രം:

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍ സാദ്: കഥ പറഞ്ഞു കൊണ്ടേയിരിക്കുക, ഇല്ലെങ്കില്‍ മരിക്കുക. ഈ സമവാക്യത്തിനെ തിരിച്ചി ടുകയാണ് വിഖ്യാത ലബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍. ഇവിടെ പറയുന്നത് കഥയല്ല, ചരിത്രം തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരി ക്കുകയാണ്. 'കഥകള്‍ ഉറങ്ങാനുള്ളതാണ്; മരണത്തിനുള്ളതല്ല' എന്ന് വിശ്വസിക്കുന്ന അയാള്‍ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്: 'ഞാന്‍ നിന്നെ കഥകള്‍ കൊണ്ട് ചികിത്സിക്കാന്‍ തീരുമാനിച്ചിരിക്കുന്നു' എന്ന് പറയുന്നു അയാള്‍.

പ്രിയ സുഹൃത്തെ, നമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്. താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. താങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്ന, തനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്. യൂനുസ്‌ , തന്റെ മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഖലീലിനെ കാണുന്നതെന്ന് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനി യന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നഖ്ബ' എന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. 'സംഭവിക്കാന്‍ സാധിക്കാത്ത കഥകളാണല്ലോ ജീവിതം. എഴുതിയോ പറഞ്ഞോ അറിയപ്പെടാത്ത ജീവിതം കഥയും'. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റ, നിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്. ബോധാബോധങ്ങളു ടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെ, വിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെ, മോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെ, ഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെ, തീവ്ര ധ്യാനങ്ങളിലൂടെ, ജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെ, അത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്; ഒരു ജനതയും അങ്ങനെത്തന്നെ. ആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ല; തിരിച്ചു വരാനാവാത്ത, അകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്ന, ഇല്ലാതി രിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. 1948 ന് മുമ്പുള്ള ഫലസ്തീനെ കുറിച്ച് യൂനുസ് ഓര്‍മ്മിക്കുന്നുണ്ട്: “ഫലസ്തീന്‍ അതിന്റെ നഗരങ്ങളായിരുന്നു: ഹൈഫ, ജാഫ, ജെറു സലേം, ആക്കര്‍. അവിടെയൊ ക്കെ ഫലസ്തീന്‍ എന്ന് പറയാവുന്ന ഒന്ന് ഞങ്ങള്‍ അനുഭവിച്ചി രുന്നു. ഗ്രാമങ്ങള്‍ മറ്റേതു ഗ്രാമങ്ങളെയും പോലെത്തന്നെയായിരുന്നു... സത്യത്തില്‍ ഫലസ്തീനെ കീഴ്പ്പെടുത്തിയവര്‍ അത് നഷ്ട പ്പെടുന്നതിലൂടെ അതെന്താണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി". ബഹിഷ്കൃതന്റെ അന്വേഷണം പോലെത്തന്നെ, അകന്നേ പോവുകയും ഒടുവില്‍ തികച്ചും അവ്യക്തമാവുകയും ചെയ്യുന്നു ഈ ഉണ്മ. ഒരു ഘട്ടത്തില്‍ തന്റെ ആത്മീയ പിതാവിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെ തന്നെ ഖലീല്‍ സന്ദേഹിച്ചു തുടങ്ങുന്നുണ്ട്.

താല്‍ക്കാലിക രാജ്യത്ത് , താല്‍ക്കാലിക ജീവിതം:

ഖലീല്‍ സ്വയം തന്നെയും ഒരു താല്‍ക്കാലിക വ്യക്തിത്വ ജീവിതം (ambiguous persona) ആണ് നയിക്കുന്നത്. യഥാര്‍ഥത്തില്‍ ചൈനയില്‍ നിന്ന് കുറഞ്ഞൊരു കാലത്തെ മെഡിക്കല്‍ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ഒരു നേഴ്സ് ആണ് അയാള്‍. ഗലീലിയിലെ തകര്‍ന്നു പോയ ഒരു താല്‍ക്കാലിക ആശുപത്രിയിലെ ജീവനക്കാരനായി ഷാത്തിലാ കാമ്പില്‍ അയാള്‍ യൂനുസിനെ പരിചരിക്കുന്നു: "ഒരു താല്‍ക്കാലിക രാജ്യത്ത്, ഒരു താല്‍ക്കാലിക ആശുപത്രിയില്‍ ഒരു താല്‍ക്കാ ലിക ഡോക്റ്റര്‍" എന്ന് അയാള്‍ സ്വയം ചുരുട്ടിക്കെട്ടുന്നുണ്ട്. യൂനുസിനോട് അയാള്‍ തുറന്നു പറയുന്നു: " നീ ഇപ്പോള്‍ എവിടെയാണ് എന്നറിയാമോ? ആശുപത്രി എന്നാണു കരുതുന്നതെ ങ്കില്‍ നിനക്ക് തെറ്റി. അങ്ങനെ കാണുന്നുവെങ്കിലും ഇതൊരു ആശുപത്രിയല്ല. ഇവിടെയുള്ള തെല്ലാം അതിന്റെ അനുകരണങ്ങള്‍ മാത്രം. വീട് എന്ന് നമ്മള്‍ പറയുമെങ്കിലും നമ്മള്‍ കഴിയു ന്നത് വീടുകളിലല്ല. ബൈറൂത്ത് എന്ന് പേരുണ്ടെങ്കിലും നമ്മള്‍ കഴിയുന്നത് ബൈറൂത്തിലും അല്ല. ഡോക്റ്റര്‍ എന്ന് പേരുണ്ടെങ്കിലും ഞാന്‍ ഒരു ഡോക്റ്ററല്ല. ഡോക്റ്റര്‍ ആയി അഭിനയിക്കുന്നതേ ഉള്ളൂ.” തന്റെ സ്വന്തം കഥയില്‍ അയാള്‍ക്കും പുതുമയൊന്നും തോന്നുന്നില്ല എന്ന് അയാളുടെ ഏറ്റുപറച്ചിലുണ്ട്. “എന്റെ കഥ കേട്ട് നീ മടുത്തു അന്ന് എനിക്കറിയാം. അത് കൊണ്ട് ഞാന്‍ നിന്റെ കഥകള്‍, നീ എനിക്ക് തന്ന നിന്റെ കഥകള്‍ നിനക്ക് തിരിച്ചു തരാന്‍ പോകുന്നു. അത് കേട്ട് നിന്റെ മുഖത്ത് മിന്നി മറയുന്ന ചിരി എനിക്ക് കാണണം.”

ക്യാമ്പിലെ മിഡ് വൈഫ് ആയ ഉമ്മു ഹസ്സന്റെ മരണത്തോടെ തുടങ്ങുന്ന നോവലില്‍ അവരുടെ ഓര്‍മ്മയുടെ ലോകത്തെ അന്തേവാസികളുടെ ശ്ലഥമായ കഥകളിലൂടെ 'നഖ്ബ' തൊട്ടുള്ള അനുഭവങ്ങള്‍ കടന്നു വരുന്നു. പരസ്പരം നെടുകെയും കുറുകെയും കടന്നു പോവുന്ന കഥകലെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയാണ് യൂനുസ്‌. ഫലസ്തീന്‍ ഫെദായീന്‍ (പ്രതിരോധ പ്പോരാളി) ആയിരുന്ന യൂനുസ്, ലബനാനിനും ഗലീലിക്കുമിടയില്‍ അപകടകരമായ യാത്രകള്‍ നിരന്തരം ചെയ്തു വന്നവനാണ്. നോവലിന്റെ പേരിന്റെ കൂടി ഉറവിടമായ 'ബാബ് അല്‍ ഷംസ്' ('സൂര്യകവാടം') എന്ന ഗുഹ അയാള്‍ക്ക്‌ അഭയവും പ്രണയവും സ്വാതന്ത്ര്യവുമായിരുന്നു: അവിടെ യാണ് അയാള്‍ നഹീലയുമായി സന്ധിച്ചതും പ്രണയവും ജീവിതവും പങ്കുവെച്ചതും. സ്വതന്ത്ര ഫലസ്തീന്‍ എന്ന സങ്കല്‍പ്പനത്തിന്റെ തന്നെ ഏക പ്രതീകമാവുന്നുണ്ട് പിന്നീട് അത്: ഇസ്രയേല്‍ പിടിച്ചടക്കിയിട്ടില്ലാത്ത ഏക ഇടം. അത് കൊണ്ട് തന്നെയാണ് സഹനത്തിന്റെയും നഷ്ടപ്പെടലു കളുടെയും അറ്റം കാണാത്ത ഇരുള്‍ ജീവിതത്തിനൊടുവില്‍ പിന്നീടൊരു ഘട്ടത്തില്‍ ഇനിയും യൂനുസിനെ കാണുകയില്ലെന്നു തീരുമാനിക്കുമ്പോള്‍ ഗുഹ അടച്ചുകളയാനും ഒരിക്കലും ഇസ്രയേല്‍ അധിനിവേശത്തിനു അതിനെ വിട്ടു കൊടുക്കാതിരിക്കാനും നഹീല തന്റെ മക്കളോട് പറയുന്നതും. നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്, അത് അടച്ചു കളയാന്‍ അവര്‍ ഇസ്രയേല്‍ യൂനിവേഴ്സിറ്റികളില്‍ നിന്ന് കിട്ടിയ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉപയോഗിച്ചുവെന്ന്. അവസരം കിട്ടുകയാണെങ്കില്‍ തങ്ങളുടെ ഗൃഹം നശിപ്പിക്കുകയാണ് അധിനിവേശത്തിനു വിട്ടുകൊടുക്കുക എന്നതിനേക്കാള്‍ മനുഷ്യര്‍ ഇഷ്ടപ്പെടുക എന്ന് കൂടിയാവാം നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ഗുഹ തന്നെയാണ് നോവല്‍: "വാക്കുകള്‍ കൊണ്ട് നമ്മള്‍ ഒരു സുരക്ഷിത താവളം ഉണ്ടാക്കിയിരി ക്കുന്നു, വാക്കുകള്‍ കൊണ്ട് ഒരു രാജ്യം, വാക്കുകള്‍ കൊണ്ട് സ്ത്രീകള്‍". യൂനുസിന്റെ ഓര്‍മ്മകളില്‍ തെളിയുന്ന ചിതറിയ ഖണ്ഡങ്ങളിലൂടെ 'ഫലസ്തീനില്‍ നിന്ന് ലബനാനിലെക്കും, അവിടെ നിന്ന് സിറിയയിലേക്കും, ജയിലില്‍ നിന്ന് ജയിലിലേക്കും' എടുത്തെറിയപ്പെടുന്ന ഫലസ്തീന്‍ അസ്തിത്വ ത്തെ 1930 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളിലൂടെ നോവല്‍ ചിത്രീകരിക്കുന്നു. അതിന്റെ കേന്ദ്ര സ്ഥാനത്തു ഷാത്തിലാ ക്യാമ്പും 1982- ലെ സബ്രാ- ഷാത്തിലാ കൂട്ടക്കൊലകളുമാണുള്ളത്.

അറബ് ഭരണ കൂടങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളോട് കാണിക്കുന്ന നിരുന്മേഷ നിലപാടുകളെ നോവലിസ്റ്റ് കണക്കിന് വിമര്‍ശിക്കുന്നുണ്ട്: “ഒരിടത്ത് അവര്‍ ജൂതനേക്കാള്‍ ജൂതനാവും, വേറൊരിടത്തു അറബിയെക്കാള്‍ അറബിയും.” പുറത്തു നിന്ന് ഉപരോധിക്കപ്പെട്ടതും അകത്തുനിന്നു നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് ക്യാമ്പ്. “ഞങ്ങളുടെ ഗ്രാമങ്ങള്‍ തുടച്ചു നീക്കുകയും ഹൃദയങ്ങളില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുകയും ചെയ്തത് പോലെ കൊടും ക്രൂരതക ളുടെ ഓര്‍മ്മകളെ തുടച്ചു നീക്കാന്‍ അതിന്റെ സാക്ഷികളെയും തുടച്ചു നീക്കുക"യാണെന്ന് ഖലീല്‍ നിരീക്ഷിക്കുന്നുണ്ട്. “നമ്മള്‍ ഒരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മളോര്‍ക്കുക മറ്റുള്ളവരുടെ ഓര്‍മ്മകള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ്". ഓര്‍മ്മകള്‍ സജീവമായിരിക്കേണ്ട ഇതേ ബോധ്യത്തില്‍ നിന്നാണ് ഫലസ്തീന്‍കാര്‍ ഹോളോകോസ്റ്റിനെയും ഓര്‍മ്മിക്കണമെന്നു ഖലീല്‍ ചിന്തിക്കുന്നത്. “നിങ്ങളും ഞാനും ഭൂമുഖത്തുള്ള സകല മനുഷ്യരും അറിയണമായിരുന്നു, നിശബ്ദ രായി നോക്കിനില്‍ക്കുകയും ചെയ്യരുതായിരുന്നു, തന്റെ ഇരകളെ പ്രാകൃതവും മുമ്പെങ്ങുമില്ലാത്ത തുമായ വിധത്തില്‍ നശിപ്പിക്കുന്നതില്‍ നിന്ന് ആ മൃഗത്തെ തടയണമായിരുന്നു. ഇരകള്‍ ജൂതന്മാരായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു അവരുടെ മരണം നമ്മുടെ ഉള്ളിലെ മനുഷ്യത്വ ത്തിന്റെ തന്നെ മരണമായിരുന്നു എന്നത് കൊണ്ട്" എന്ന് അയാള്‍ പറയുന്നുണ്ട്. “കശാപ്പിലേക്കു തെളിക്കപ്പെടുന്ന ആ മനുഷ്യരുടെ മുഖങ്ങളില്‍ നിങ്ങളുടെ മുഖത്തിന്റെ സാമ്യം നിങ്ങള്‍ കണ്ടില്ലേ?” എന്ന് യൂനുസിനോട് ചോദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ എതിരാളിയുടെ കഥയെ സ്വന്തം കഥയുടെ കണ്ണാടിയായി കാണണം എന്ന് തന്നെയാണ് നോവല്‍ സൂചിപ്പിക്കുന്നത്. ഇതേ ചിന്തയാണ് ഫ്രഞ്ച് അഭിനേത്രിയും ഒരു ഘട്ടത്തില്‍ പങ്കു വെക്കുന്നത്: “ഇപ്പോള്‍ എനിക്ക് ജൂതന്മാരോട് തറപ്പിച്ചു പറയാനാവും, ഓരോ പലസ്തീന്‍കാരനെ വധിക്കുമ്പോഴും നിങ്ങള്‍ നിങ്ങളെ തന്നെയാണ് വധിക്കുന്നതെന്ന്.”

ഓര്‍മ്മച്ചീന്തുകള്‍:

1948-ലെ 'നഖ്ബ'യുടെയൊ പില്‍ക്കാല ഫലസ്തീന്‍ അനുഭവങ്ങളുടെയോ യഥാതഥ ചിത്രണമല്ല 'സൂര്യകവാടം'. വൈയക്തിക അനുഭവങ്ങളുടെ ശ്ലഥ ചിത്രങ്ങളും ഓര്‍മ്മകളില്‍ കൂട്ടിത്തുന്നിയെടുക്കുന്ന ചീന്തുകളുമാണിവിടെ. യൂനുസുമായുള്ള ഖലീലിന്റെ ഏക പക്ഷീയ 'സംഭാഷണ'ത്തില്‍ എന്തും തുറന്നു സംവദിക്കുന്ന രണ്ടു പുരുഷന്മാരുടെ 'ഇടപാടുക'ളാണ്. അവര്‍ 'എല്ലാം' തുറന്നു പറയുന്നു, എങ്കിലും എല്ലായ്പ്പോഴും അത്ഭുദാദരങ്ങളോടെ തങ്ങളുടെ ജീവിത ത്തിലെ സ്ത്രീകളിലേക്ക് തിരിച്ചെത്തുന്നു. ഖലീല്‍ പലപ്പോഴും അഭയാര്‍ഥി ക്യാമ്പിലെ കൂട്ടക്കുരുതി യില്‍ മരിച്ചു പോയ തന്റെ പോരാളിയായ കാമുകി ഷംസിനെ ഓര്‍ത്തെടുക്കുന്നു. സ്വയം നഷ്ടപ്പെട്ടു നകൂരമിടാന്‍ കഴിയാത്ത യാനമാണ് സ്നേഹമെന്നു അവളുമായുണ്ടായിരുന്ന പ്രണയത്തിന്റെയും അതിന്റെ നഷ്ടവേദനയുടെയും പശ്ചാത്തലത്തില്‍ അയാള്‍ ചിന്തിക്കുന്നു. സുപ്രസിദ്ധ പലസ്തീനിയന്‍ നോവലിസ്റ്റ് കനഫാനി (ഗസ്സാന്‍ കനഫാനി - 1936- 1972) യൂനുസിനെ അഭിമുഖം നടത്തിയതും അയാള്‍ ഓര്‍ക്കുന്നുണ്ട്. നോവലിസ്റ്റിനെ പ്രചോദിപ്പിക്കുന്നതൊന്നും അതിലുണ്ടായി രുന്നില്ല. “അദ്ദേഹം വ്യാപ്തിയുള്ള കഥാ സാധ്യത തേടുകയായിരുന്നു, നിന്റെതാവട്ടെ പ്രണയത്തി ലായ ഒരാളുടെ കഥയ്ക്കപ്പുറം ഒന്നുമായിരുന്നില്ല. സ്വയം ഇടം കണ്ടെത്താന്‍ പോലുമാവാത്ത ആ പ്രണയത്തില്‍ എവിടെയാണ് പ്രതീകാത്മകത കണ്ടെത്തുക? നിനക്ക് നിന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ കഥ അയാള്‍ വിശ്വസിക്കുമെന്ന് നീയെങ്ങനെ പ്രതീക്ഷിച്ചു? ഒരാള്‍ക്ക്‌ തന്റെ ഭാര്യയോടുള്ള പ്രണയത്തെ കുറിച്ച് എഴുതാനെന്തിരിക്കുന്നു?” യൂനുസിന്റെ നിലപാടുകളില്‍ ചരിത്രം തന്നെയും ഒരു കണ്‍ കെട്ടാണ് . 'ആദി മുതല്‍ ഇങ്ങനെ ഒരു ജനത ഉണ്ടായിരുന്നു, ഇന്നുള്ളവര്‍ പണ്ടുണ്ടായിരുന്നവരുടെ , മണ്ണടിഞ്ഞ ഏതോ പൂര്‍വ്വികരുടെ സാക്ഷാല്‍ അനന്തരാ വകാശികളാണ് എന്ന മിത്ത് . ആരും ആരുടേയും അവകാശികളല്ല, ആര്‍ക്കും അങ്ങനെയൊരു ചരിത്രവുമില്ല'. വാക്കുകള്‍ കത്തിമുന പോലെ നോവിക്കുന്നതായിരിക്കണം എന്ന് വിശ്വസിക്കുന്ന യൂനുസിനു ശാശ്വതം എന്ന വാക്കിനോട് തന്നെ താല്പര്യമില്ലായിരുന്നെന്നു ഖലീല്‍ പറയുന്നു. 'ജറൂസലേം ജൂതന്മാരുടെ നിത്യ തലസ്ഥാനം എന്ന അവരുടെ മുദ്രാവാക്യം കേട്ട് ഇവരുടെ മനസ്സ് എത്ര ചെറുതാണെന്ന് നീ അതിശയിച്ചിരുന്നല്ലോ,' എന്ന് ഖലീല്‍ ഓര്‍ക്കുന്നു. മാതൃ ദേശത്തെ കുറിച്ചും അതു പോലുള്ള അത്രയൊന്നും കാല്‍പ്പനികമാല്ലാത്ത നിലപാടുകളാണ് യൂനുസിനുള്ളത്. അത് കൊണ്ടാണ് "അത് തിന്നാനുള്ളതല്ല, അത് പലസ്തീനാണ്!” എന്ന് നാട്ടിലെ ഓറഞ്ചിനെ കുറിച്ച് പറയുന്ന ഉമ്മുഹസനില്‍ നിന്ന് വ്യത്യസ്തമായി മാതൃദേശം തങ്ങള്‍ക്കു തിന്നാ നുള്ളതാണെന്നും മറിച്ച് അത് തങ്ങളെ തിന്നാന്‍ അനുവദിച്ചു കൂടെന്നും അയാള്‍ പറയുന്നത്. വീരശൂരനാണെങ്കിലും ധീരന്മാരുടെ നേരെയും ഇടക്കൊരിത്തിരി പരിഹാസമുതിര്‍ക്കാന്‍ കഴിയുന്നവനെന്നു യൂനുസിനെ കുറിച്ച് ഖലീല്‍ ഓര്‍ക്കുന്നുണ്ട്. താന്‍ പൊരുതുന്നത് രാജ്യത്തിനോ ചരിത്രത്തിനോ വേണ്ടിയല്ലെന്നും, തന്റെ പെണ്ണിന് വേണ്ടിയാണെന്നും അയാള്‍ക്ക്‌ പറയാനാ വുന്നതും മഹത്തായ ലക്ഷ്യങ്ങളുടെ പേരില്‍ പൊതുവേ ഉണ്ടാവാറുള്ള ഇത്തരം അമിതാവേശ ത്തിന്റെ അഭാവം മൂലമാണ്. ഒരു പടി കൂടി കടന്ന്, അത്തരം ശാശ്വതാവസ്തയിലുള്ള വിശ്വാസം സ്വയം പരാജയപ്പെടുത്തും എന്നും യൂനുസ്‌ കണക്ക് കൂട്ടുന്നു. അനശ്വരതയുടെ കൊടിയേന്തിയ തോടെ അവര്‍ തോല്‍വിയുടെ കാണാക്കയത്തിലേക്ക് വീണു തുടങ്ങിയെന്നും അതേ മാര്‍ഗ്ഗത്തില്‍ തുടരാന്‍ അവരെ അനുവദിച്ചാല്‍ അവര്‍ സ്വയം തകര്‍ന്നു കൊള്ളുമെന്നും ഇസ്രയേലിനെ കുറിച്ച് യൂനുസ്‌ പറയുന്നുണ്ട്. എന്നാല്‍, 1948-ലെ യുദ്ധത്തെ കുറിച്ച് അയാള്‍ നിരീക്ഷിക്കുന്നു: “ '48-ല്‍ ജൂതന്മാര്‍ യുദ്ധം ചെയ്തു ജയിച്ചു എന്നത് പൊളിയാണെന്റെ മോനേ. അന്ന് നമ്മള്‍ പോരാടിയില്ല. അവര്‍ ചുമ്മാതങ്ങ് ജയിച്ചു. ഒരു സ്വപ്നം പോലെ.” വീട്ടിനു തൊട്ടപ്പുറത്ത്, ഗ്രാമാതിര്‍ത്തിയില്‍ താന്‍ കാവല്‍ നില്‍ക്കെ, 1948 ജൂലൈ പതിനാലിന്റെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍പ്പെട്ട് മറമാടപ്പെടാന്‍ പോലുമാവാതെ മരിച്ചു പോയ ഭാര്യയേയും മക്കളെയുമോര്‍ത്ത് അബൂ മഅറൂഫും ഇതേ സാക്ഷ്യം നല്‍കുന്നുണ്ട്: “മറ്റു അറബ് രാജ്യങ്ങളുടെ സഹായമില്ലാത്തത് കൊണ്ട് പലസ്തീന്‍ നമുക്ക് നഷ്ടപ്പെട്ടു എന്ന് ഇന്ന് നാം കുറ്റ പ്പെടുത്തുന്നു. എന്നാല്‍ അത് സത്യമല്ല. യുദ്ധം ചെയ്യാത്ത ത് കൊണ്ട് നമുക്ക് പലസ്തീന്‍ നഷ്ടമായി എന്നതാണ് നേര്. തനി മണ്ടന്മാരായി തോക്കെടുത്ത് നമ്മള്‍ കാത്തിരുന്നു. യന്ത്രവല്‍കൃത യുദ്ധ സന്നാഹങ്ങ ളും വിമാനങ്ങളും ബോംബുമായി വന്നവര്‍ കണ്ണടച്ച് തുറക്കും മുമ്പ്‌ നമ്മെ കീഴ്പ്പെടു ത്തി.” ഓര്‍മ്മ കളില്‍ ചടഞ്ഞിരിക്കുന്നതിന്റെ അസംബ ന്ധം ഉമ്മു ഹസന്‍ പോലും തിരിച്ചറിയു ന്നുണ്ട് ചിലപ്പോള്‍. ഡോക്റ്റര്‍ ഈസായുടെ റിസര്‍ച്ച് വിഷ യമായ ആന്റലൂസിയന്‍ പാലായനത്തെ കുറിച്ച് പറയുമ്പോള്‍, നാട്ടില്‍ നിന്ന് തുരത്തിയോടി ക്കപ്പെട്ട ആന്റലൂസിയക്കാര്‍ തങ്ങളുടെ വീടുക ളുടെ താക്കോലുകള്‍ മുറുകെ പിടിച്ച പോലെ താനും 'വാതിലുകള്‍ പൊളിഞ്ഞു വീണു' എന്നേ ക്കുമായി നഷ്ടപ്പെട്ട വീടിന്റെ താക്കോല്‍ വെറുതെ മുറുകെ പിടിക്കുകയാണെന്നു അവള്‍ സ്വയം പരിഹസിക്കുന്നുണ്ട്.

എന്നാല്‍, ഖലീലിന്റെയും മറ്റു ആഖ്യാതാക്കളുടെയും ഹാസ്യാത്മക നിരീക്ഷണങ്ങള്‍ക്കപ്പുറ
ത്തേക്ക് നീളുന്നത് തന്നെയാണ് നോവലിന്റെ ഉള്ളടക്കത്തില്‍ നിറയുന്ന ഓര്‍മ്മ/ജീവിതസഞ്ചയം. ഈ സഞ്ചിത സ്മൃതികള്‍ എല്ലാം ഉള്‍ കൊള്ളുന്നുണ്ട്: ഇസ്രായേല്‍ സ്വാതന്ത്ര്യ യുദ്ധത്തെ തുടര്‍ന്ന് ഗലീലീയിലെ ഖീഖത്, ഗബ്സിയ്യ തുടങ്ങിയ ഗ്രാമങ്ങളുടെ തകര്‍ച്ച, ലെബനീസ് ആഭ്യന്തര യുദ്ധ ത്തിലെ ചോരപ്പുഴകള്‍, PLO പോരാളികളുടെ ചൈനയിലെ പരിശീലനം, ജെനിന്‍ കൂട്ടക്കൊല, തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ മുതല്‍ അറബ് വിമോചന സേനക്ക് ഇസ്രേയേല്‍ സൈന്യത്തെ എതിരിടുന്നതിലേറെ കോഴികളെ കണ്ടു കെട്ടി കൊണ്ടു പോവാനുള്ള താല്‍പര്യം, തന്റെ പൗരുഷ ത്തിന് മേല്‍ ഇസ്രായേലി ടാങ്ക് ഉരുണ്ടു കേറുന്നതിനെ കുറിച്ചുള്ള അബു മഹ്ഫൂസിന്റെ പേടി സ്വപ്നം എന്നിങ്ങനെയുള്ള കാരികേച്ചര്‍ മുതല്‍, 1982ലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ലെബനീ സ് പടയാളിയുടെ കുറ്റസമ്മതം, 'ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശ'ത്തെ സംബന്ധിച്ച താന്‍ കേട്ടു പഠിച്ച വീണ്‍ വാക്കുകളും ക്യാമ്പിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ അസ്വസ്ഥയാവുകയും 'സബ്ര – ഷാത്തിലാ കൂട്ടക്കൊലകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കാനുള്ള വിഷയമല്ലെ'ന്ന് തിരിച്ചറിഞ്ഞു ആ ഭാഗം അഭിനയിക്കാന്‍ തയ്യാറായാല്‍ താന്‍ ആ ക്രൂരതകളുടെ ഭാഗമായിപ്പോവും എന്നും കണ്ടു അഭിനയിക്കാന്‍ വിസമ്മതിക്കുന്ന ഫ്രഞ്ച് നടിയുടെ അനുഭവം, എന്നിവ മുതല്‍ ഇസ്രയേലി പട്ടാളക്കാര്‍ കേട്ടാലോ എന്ന് ഭയന്ന് ഒളിച്ചിരിക്കുന്ന വയലില്‍ കരയുന്ന കുഞ്ഞിനെ കൊന്നു കളയുന്ന ഉമ്മയുടെ അനുഭവം വരെ- കഥകള്‍ ഒടുങ്ങുന്നതേയില്ല, യൂനുസിന്റെ മരണ ത്തോടെ നോവല്‍ അവസാനിക്കുന്നത് വരെ. ലക്ഷണമൊത്ത ദുരന്ത കഥാഖ്യാനങ്ങളുടെ സുസാധ്യമായ ജീവിത പരിസരങ്ങളല്ല തങ്ങള്‍ ജീവിക്കുന്നതെന്ന് ഖലീല്‍ നിരീക്ഷിക്കുന്നത് , കലയും ജീവിതവുമെന്ന കള്ളികളിലൊന്നും ഉള്‍കൊള്ളാനാവാത്ത സങ്കീര്‍ണ്ണതകളെ അടയാളപ്പെടുത്തുന്നു.

'ഈ ഉമ്മമാര്‍ അസാമാന്യ കൂട്ടരാണിഷ്ടാ...!'.

'ഈ ഉമ്മമാര്‍ അസാമാന്യ കൂട്ടരാണിഷ്ടാ...!'. ഒരു ഘട്ടത്തില്‍ ഖലീല്‍ തന്റെ ആത്മീയ പിതാവിനോട് പറയുന്നുണ്ട്. നോവല്‍ ആരംഭിക്കുന്നത് തന്നെ ഷാത്തിലാ ക്യാമ്പില്‍ എല്ലാവരും ഉമ്മയെന്നു വിളിച്ച ഉമ്മു ഹസന്റെ മരണത്തോടെയാണ്. ക്യാമ്പില്‍ ജനിച്ച ഓരോ കുഞ്ഞും തന്റെ ഉമ്മയുടെ വയറ്റില്‍ നിന്ന് അവളുടെ കൈകളിലേക്കാണല്ലോ പിറന്നു വീണത്‌. ജന്മ ദേശത്തിന്റെ നഷ്ടത്തെ കുറിച്ചുള്ള ചിന്തയില്‍ 'ഉമ്മയുടെ മരണം' എന്നത് ഒരു സംഭവം മാത്രാമാവുക വയ്യ. ഉമ്മു ഹസന്‍ ഒരര്‍ഥത്തില്‍ പലസ്തീന്‍ തന്നെയാണ്. അവരൊക്കെയും പിറന്നു വീഴുന്ന ഇടം. ആര്‍ക്കും പിടിച്ചു നിര്‍ത്താനാവാത്ത വിധം അവര്‍ക്ക് നഷ്ടമാവുന്ന ഇടം. നോവലില്‍ ആകെയും ദുരിത പര്‍വ്വങ്ങള്‍ക്കിടയിലും അസാമാന്യ ധീരതയുടെയും സഹനത്തിന്റെയും ഇതിഹാസങ്ങളാവുന്നതും ഉമ്മുഹസന്‍ ഉള്‍പ്പടെ ഉമ്മമാരാണ് . അവരാണ് കഥകളുടെ സംരക്ഷകരാവുന്നതും ജീവന്റെ അനുസ്യൂതിയാവുന്നതും. ഇസ്രായേല്‍ അധിനിവേശം സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കുമ്പോഴും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ചു പായിക്കുമ്പോഴും പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ പേറി, കുഞ്ഞുങ്ങളെയും പ്രായമായവേരെയും ജീവിതത്തില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് അവരാണ്. ആശയറ്റു പോയ കാലത്ത് പ്രതീക്ഷയുടെ ജൈവ സാന്നിധ്യമാവുന്നത്.

യൂനുസ്‌ ഒരു നിരന്തര അതിര്‍ത്തിഭേദകന്‍ ആയിത്തുടരുമ്പോള്‍ നഹീല 1948 നു ശേഷം ഇസ്രയേലിന്റെ ഭാഗമായിത്തീരുന്ന തന്റെ പ്രദേശത്തു തുടരുന്നു. നാല്‍പ്പതോളം വര്‍ഷങ്ങളില്‍ 'സൂര്യന്‍ ഉറങ്ങാന്‍ പോവുന്ന' ആ ഗുഹയില്‍ മാത്രമാണ് അവരുടെ ജീവിതം പരസ്പരം ചേരുന്നതും ഇടയുന്നതുമൊക്കെ. തനിച്ചാണ് നഹീല കുട്ടികളെ പോറ്റുന്നതും വളര്‍ത്തുന്നതും. ഒരൊറ്റത്തവണ മാത്രം 'സൂര്യ കവാട'ത്തില്‍ വെച്ച് യൂനുസ്‌ തന്റെ മക്കളെ കാണുന്നുണ്ട്. അവസാന കൂടിക്കാഴ്ച യില്‍ ഇനിയും തമ്മില്‍ കാണേണ്ടതില്ലെന്നു തുറന്നടിക്കുന്നതും അവള്‍ തന്നെ. വൈകാതെ മരണത്തിനു കീഴടങ്ങുമ്പോള്‍ 'സൂര്യകവാടം' എന്നെന്നേക്കുമായി അടച്ചു കളയാന്‍ അവള്‍ തന്റെ മകനെ ഒസ്യത്ത് ചെയ്യുന്നുണ്ട്. 'ഇസ്രയേലികളെ അതിനകത്ത് കടക്കാന്‍ നാം ഒരിക്കലും അനുവദിച്ചു കൂടാ; മോചിപ്പിക്കപ്പെട്ട ഒരേയൊരു ഫലസ്തീന്‍ പ്രദേശം അതാണ്‌.' യൂനുസിന്റെ മകന്‍ അമ്മയുടെ നിര്‍ദ്ദേശം പാലിക്കുകയും പിന്നീട് പിതാവിനെ ഒരേയൊരു തവണ കാണുക യും ചെയ്യുന്നു, 'രാജ്യത്തെ അടച്ചു കഴിഞ്ഞു'വെന്നു അയാളെ അറിയിക്കുന്നു. അധിനിവേശിക്ക പ്പെട്ടിട്ടില്ലാത്ത ഏക ഫലസ്തീന്‍ ചീള്. സാമ്പ്രദായിക രീതിയില്‍ യൂനുസ്‌ ആണ് മുഖ്യ കഥാപാത്ര മെന്ന് പറയാമെങ്കിലും നോവലിലെ യഥാര്‍ത്ഥ 'ഹീറോയിക്‌' ആയ കഥാപാത്രം നഹീലയാണെ ന്നു ഖൌറിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. 'നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, പക്ഷെ അത് കൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ലെ'ന്ന് ഇസ്രയേലി സൈന്യാധിപനോട് തുറന്നടിക്കുന്ന തും 'ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍, ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യുമെന്ന് നമുക്കിനി കാണാം' എന്ന് സൈന്യാധിപനെ വെല്ലുവിളിക്കുന്നതും നഹീലയാണ്. 'അയാള്‍ ഗലീലിയിലേക്കു പോവാറുണ്ടായിരുന്നു, അതിര്‍ത്തി ഭേദിക്കാറുണ്ടായിരുന്നു... എന്നാല്‍, അന്തിമ വിശകലനത്തില്‍ അയാള്‍ ഒന്നുമായിരുന്നില്ല, യഥാര്‍ത്ഥ കഥ നഹീലയായിരുന്നു; കുട്ടികളുമായുള്ള അവളുടെ ബന്ധം, അവളെങ്ങനെ ജീവിതത്തെ പ്രതിരോധിച്ചു എന്നതൊക്കെ. അഭയാര്‍ഥി ക്യാമ്പില്‍ നഹീലയെ പോലെ നൂറു കണക്കില്‍ സ്ത്രീകളെ ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ അത് കേവലം രൂപകമായിരുന്നില്ല. അത് വളരെ യഥാതഥമായിരുന്നു' എന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പലായനത്തിനിടയില്‍ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ്‌ മരിച്ച ഭര്‍ത്താവിനെ ശരിയായി മറവു ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടം കാലങ്ങള്‍ കഴിഞ്ഞും മനസ്സിലേറ്റുന്ന ഉമ്മ സാദ് റാദി ഒന്നേ ആഗ്രഹി ക്കുന്നുള്ളൂ: “അവര്‍ പല സ്തീന്‍ സ്വന്തമാക്കിക്കോട്ടെ. എനിക്കാ സെമിത്തേരിയില്‍ പോയി അയാളെ ശരിക്ക് മറവു ചെയ്തു എന്നൊന്ന് കണ്ടാല്‍ മതി. അല്‍ കാബ്രിയും മറ്റെല്ലാ സ്ഥലങ്ങളും വൈകാതെ നഷ്ടപ്പെടും. അവര്‍ എടുത്തതല്ലേ, പിടിച്ചു കൊണ്ടിരുന്നോട്ടെ. പക്ഷെ, നമ്മുടെ ശ്മശാനങ്ങള്‍ അവര്‍ നമുക്ക് തിരിച്ചു തരേണ്ടതാണ്.!” ഇതേ മനോഭാവം തന്നെയാണല്ലോ മുസ്ലിമിനെ വിവാഹം കഴിച്ചു സംതൃപ്തമായ കുടുംബ ജീവിതത്തിനൊടുവില്‍ പൂര്‍വ്വ പിതാക്കളുടെ ജര്‍മ്മനിയിലുള്ള കുഴിമാടത്തിനടുത്തേക്ക് അന്ത്യ വിശ്രമം തേടിപ്പോവുന്ന സാറയും പ്രകടിതമാക്കുന്നത്. 'നാടും മണ്ണും എല്ലാം നിങ്ങളെടു ത്തിട്ടു ഈ അന്തരീക്ഷവും കാറ്റും മാത്രം ഞങ്ങള്‍ക്ക് തരൂ !' എന്ന് പറയുന്ന നൂഹയുടെ വല്യുമ്മ, ഓര്‍മ്മകള്‍ക്ക് നൈരന്തര്യം നല്‍കുക ഫോട്ടോഗ്രാഫുകളാണെന്നും അവയുടെ സൂക്ഷിപ്പിനു അവക്കെപ്പോഴും നനച്ചു കൊടുക്കണമെന്നും വിശ്വസിക്കുന്ന യാസീന്റെ ഉമ്മ ഷഹീന തുടങ്ങിയ വരൊക്കെ ഇതേ സാത്വിക ബോധത്തിന്റെ പ്രതീകങ്ങളാണ്. “ഇര വേട്ടക്കാരനാവുന്നതിന്റെ സാഹചര്യം എനിക്ക് ദഹിക്കില്ല. അപ്പോള്‍ ചരിത്രത്തിനു തന്നെ അര്‍ഥമില്ലാതാവും" എന്ന ഫ്രഞ്ച് അഭിനേത്രിയുടെ ധൈഷണികമായ തിരിച്ചറിവ് ഈ നൈസര്‍ഗ്ഗിക നിസ്സഹായതയുടെ മറ്റൊരറ്റത്തുണ്ട്.
നാഹിലയുടെ സഹനം അതിന്റെ ഏറ്റവും ഉദാത്തമായ തലത്തില്‍ നാം കാണുന്നത് ഇസ്രായേല്‍ പട്ടാളം അവളെ ഭേദ്യം ചെയ്യുമ്പോഴാണ്. ഗര്‍ഭിണിയായ നാഹില തങ്ങള്‍ അന്വേ
ഷിക്കുന്ന പോരാളി യൂനുസിന്റെ ഭാര്യയാണെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് അയാളെ കുറിച്ചറി യണം. എന്നാല്‍ ഭേദ്യമുറകളോ കടുത്ത അപമാനിക്കലോ കൊണ്ട് അവര്‍ക്കൊന്നും നേടാനാ വുന്നില്ല. താനൊരു വേശ്യയാണെന്നും തന്റെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവാരെന്നു തനിക്ക് നിര്‍ണ്ണയിക്കാനാവില്ലെന്നും അവള്‍ സ്വയം അവമതിയേറ്റു വാങ്ങുന്നത് യൂനുസിന്റെ സുരക്ഷിത ത്വത്തിന് വേണ്ടിയാണ്. ആ മനക്കരുത്തിന് മുന്നില്‍ പകച്ചു പോവുന്ന സൈനികര്‍ക്ക് അവളെ വിട്ടയക്കുകയാല്ലാതെ മറ്റൊന്നും ചെയ്യാനില്ല. എന്നാല്‍, നഹീല സ്വയം തന്റെ ഏറ്റവും വലിയ വിജയ മുഹൂര്‍ത്തമായി കാണുന്നത് ഇസ്രയേലി അധികൃതരെ കോടതിയില്‍ ജയിച്ച സന്ദര്‍ഭമാണ്. തന്റെ ഇളയ മക്കളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് യൂനുസ്‌ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാനാവാത്ത നിസ്സഹായതയുടെ മറ പിടിച്ചു വിസമ്മതിക്കുന്ന അധികൃതരെ അവള്‍ വെല്ലുവിളിക്കുന്നു: അയാള്‍ മരിച്ചു പോയി എന്ന് തെളിയിക്കുക. അതിനവര്‍ ഹാജരാക്കുന്ന തെളിവ് അട്ടിമറി സംഘങ്ങള്‍ അയാളുടെ രക്തസാക്ഷിത്തം ഉദ്ഘോഷിക്കുന്നതാണ്. അത്തരം സംഘങ്ങളെ ഇസ്രായേല്‍ കോടതി അംഗീകരിക്കുന്നില്ലെന്നും അത് കൊണ്ട് തന്നെ ആ തെളിവ് നില നില്‍ക്കുന്നതല്ലെന്നും അവള്‍ക്കു സ്ഥാപിക്കാന്‍ കഴിഞ്ഞു.

ഭയക്കേണ്ടുന്ന എക സ്വരീയത :

നോവലിസ്റ്റ് എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ആശയ പരമായ പ്രത്യേക നിലപാടുകള്‍ മുന്നോട്ടു വെക്കുകയോ തന്റെ ലക്ഷ്യമേ ആക്കുന്നില്ല. 1967 ല്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കും ഗാസയും പിടിച്ചടക്കിയപ്പോള്‍ ഫലസ്തീന്‍ പ്രതിരോധ സമരത്തില്‍ പങ്കെടുക്കാനായി അമ്മാനിലേക്ക് പോയ ചരിത്രമുണ്ട് അന്ന് പത്തൊമ്പത് കാരനായിരുന്ന ഖൌറിക്ക്. 1975-ല്‍ ലബനോനില്‍ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെയും തുടര്‍ന്നു ണ്ടായ നൈരാശ്യത്തിന്റെയും അനുഭവ പാഠങ്ങളാണ് 'ലിറ്റില്‍ മൌണ്ടന്‍' എന്ന കൃതിക്ക് പ്രചോ ദനമായത്. എന്താണ് നീതി, എന്താണ് മനുഷ്യന്‍, എന്താണ് ജീവിതം എന്നിങ്ങനെ ഏറെ ചിന്തി ക്കാന്‍ ഈ അനുഭവങ്ങള്‍ നിമിത്തമായെന്ന് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. ആ ബോധ്യങ്ങ ളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് 'ഒറ്റക്കഥയുടെ അപകടങ്ങളെ' (dangers of a single story) കുറിച്ചുള്ള തീവ്രമായ ഈ തിരിച്ചറിവ് നോവലില്‍ കടന്നു വരുന്നത്: “ചരിത്രത്തിനു പല പാഠ ഭേദങ്ങള്‍ ഉണ്ടാവണം. ഒറ്റ പാഠാന്തരമുള്ളചരിത്രത്തെ നാം പേടിക്കണം. കാരണം അത് അനി വാര്യമായും ഒരു ജനതയെ അവരുടെ മരണത്തിലേക്ക് കൊണ്ടുപോവും.” യൂനുസിന്റെ നിലപാടു കളിലെ തിരിച്ചറിവുകളും പ്രസക്തമാവുന്നത് അങ്ങനെയാണ്. മ്യൂണിക് ഒളിമ്പിക്സിലെ ഇസ്രയേ ലി കായിക താരങ്ങളെ വധിച്ചതിനെ കുറിച്ച് ഖലീല്‍ പറയുന്നുണ്ട്: “എനിക്കറിയാം, താങ്കള്‍ (യൂനുസ്) അത്തരം ഓപ്പറേഷനുകളെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന്. വിമാനങ്ങള്‍ ഹൈ ജാക്ക് ചെയ്യുകയും വിദേശങ്ങളില്‍ സിവിലിയന്‍ പൗരന്മാരെ കൊല്ലു കയും ചെയ്യുന്ന തരം പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചിലരില്‍ പെട്ടവനായിരുന്നു താങ്കള്‍" .

ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നഖ്‌ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്. അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ല, മുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. 'നിന്നില്‍ നിന്നും മറ്റു പലരില്‍ നിന്നും കിട്ടിയ തുണ്ടുകള്‍ ചേര്‍ത്തു വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാം. എനിക്ക് തെറ്റിയാല്‍ നിനക്കതു ശരിയാക്കാം. നിന്നെപ്പോലെയല്ലാത്തത് കൊണ്ട് ഞാന്‍ ആദിയില്‍ നിന്ന് ആരംഭിക്കുന്നില്ല. പണ്ട് പണ്ട് എന്ന് കഥ തുടങ്ങാന്‍ എനിക്കാവില്ല.' ഖലീല്‍ പറയുന്നു. പ്രമേയത്തോടുള്ള ധൈഷണിക പ്രതിബദ്ധതയിലേറെ വാമൊഴി പാരമ്പര്യത്തിന്റെ നിത്യ നവ്യതയാണ് ഖൌറി ആശ്രയിക്കുന്നത്. ഒരു കഥയില്‍ തുടങ്ങുക, എന്നിട്ട് മറ്റൊന്നിലേക്കും പിന്നെയുമൊന്നിലെക്കും പോവുക, വീണ്ടും തിരിച്ചു വരിക. എന്നിട്ടും എല്ലായിപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെളിപ്പെടുത്തലുകളും കരുതി വെക്കുന്നതിലൂടെ ഓരോ പറച്ചിലും ഒരു പുനവതരണമായിത്തീരുക. കഥയും കാഥികനും തമ്മിലും പാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ ക്കുമിടയിലും നിരന്തരം നടക്കുന്ന പാരസ്പര്യവും നവീകരിക്കലുമാണ് വാമൊഴി സമ്പ്രദായത്തിന്റെ നിത്യ നൂതനത്വത്തിനു നിദാനമാവുന്നതും.

(സമകാലീന മലയാളം വാരിക: 17-10-2014)


(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 117-126)

To purchase, contact ph.no:  8086126024

സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍



ഉള്‍ത്തടങ്ങളില്‍
എന്തൊക്കെയോ ഉരുണ്ടു കൂടവേ
സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍
ഊഴം കാത്തിരിപ്പാണൊരു വെളുപ്പിന്.
ജനിയുടെ വാതില്‍പ്പുറക്കാഴ്ചകളില്‍
മറുമരുന്നുണ്ട്
വേദനയുടെ കൊടുങ്കാറ്റിനെന്നു
കാഴ്ചകളുടെ കൊളാഷ്.

പന്ത്രണ്ടാണ്ട് നോറ്റിരുന്നിട്ടും
ഉള്ളില്‍ കൊരുത്തെന്നു നിലാവുദിച്ചത്
വെറും തോന്നലായിരുന്നെന്നു
കണ്ണീരൊപ്പിയിറങ്ങിപ്പോവുന്നു
മനം മുറിഞ്ഞ ദമ്പതികള്‍.

പടുവിത്തെന്നു പറിച്ചെറിയാന്‍ വന്നു
മുഖം മറച്ചു പമ്പ കടന്നത്
ഇത്തിരിപ്പോന്ന പെണ്ണും
പിമ്പിലൊരു പിമ്പും.
ഇടനാഴിയില്‍ തങ്ങിനില്‍പ്പുണ്ട്
എന്റെ പണിയതല്ലെന്നൊരു പൊട്ടിത്തെറി.

പ്രസന്ന വദനയായൊരിളം തരുണി
സുധീരം മറച്ചു പിടിക്കുന്നുണ്ട്
കന്നിനോവിന്റെയങ്കലാപ്പ്.
കൂടെയുള്ള ചെറു യുവാവ്
ഒന്നുമില്ലെന്ന് സ്വയം നടിക്കുന്നുണ്ട്.
കൂട്ടിനില്ലാരുമെന്നു മുഖത്തെഴുത്തുണ്ട്
രണ്ടു പേര്‍ക്കും.
പ്രണയ വഴിയില്‍ ഒറ്റപ്പെട്ടവരാവാം,
ജാതിക്കോമരങ്ങള്‍ മതവ്രണം കൊണ്ടതാവാം,
കര്‍മ്മ പാശങ്ങളിലെയനാഥത്തമാവാം.

ചകിതമാം കണ്ണുകളില്‍
അപ്പുറത്തൊരുത്തി
പ്രാര്‍ഥനാ നിരതയാവുന്നു:
കൊരുത്തത് രണ്ടിനേം
പിറക്കും മുന്‍പേ തിരിച്ചെടുത്തതാണ് നീ,
ഇതിനെയെങ്കിലും, നാഥാ...!

ഇനിയുമൊന്നിനെ പോറ്റാനായിട്ടല്ല,
ഒരാണ്‍ തരി വേണ്ടേ കുടുംബത്തിലെന്ന്
നെടുവീര്‍പ്പിടുന്നു ചടച്ചൊരുത്തി:
പെണ്ണായ്‌പ്പിറന്നാലെന്നെ പോലെ-
യുരുകിത്തീരുമീ പാഴ്ജന്മം.

ഏറെയാ,യെങ്കിലു-
മൊടെ തമ്പുരാന്‍ തരണതല്ലേ,
കൈ നീട്ടി വാങ്ങുക, മറ്റെന്തു വഴിയെന്ന്
പോയ കാലത്തിന്‍ പതം പറച്ചിലായ്
തണുത്തിരിപ്പുണ്ട് പ്രായം കടന്നൊരാള്‍.

അകാലത്തില്‍ മാസമുറയെന്നു
തപ്തയാവുന്നു കുടുംബിനിയൊരുത്തി.
ഇങ്ങിനിയില്ലാതെ തീര്‍ന്നു പോവുന്നുവോ
പെണ്ണെന്ന ബോധ്യമുടലിനെന്നു
മധ്യ വയസ്സിന്‍ കരള്‍ കിടുക്കം.

സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍
ഊഴം കാത്തിരിക്കുമ്പോള്‍
സൃഷ്ടിയുടെ ആചാര മര്യാദകള്‍
കെട്ടുപിണയുന്നതായ്‌ കാണുന്നു.


Friday, June 27, 2014

ഇനിയെനിക്ക് വേണ്ടത്




വറ്റിപ്പോയ വാക്കുകളുടെ
കടലില്‍ നിന്ന്‌
എനിക്കൊരു ചിപ്പി കണ്ടെത്തണം.
അതിനുള്ളിലെ മൃത സഞ്ജീവനി കൊണ്ട്
അന്തര്‍ദ്ധാനം ചെയ്ത ജല ജീവികളെ
വീണ്ടുമാക്കടലില്‍ നിറയ്‌ക്കണം.
സൃഷ്ടിയുടെ തോരാമഴയില്‍
നിറഞ്ഞു കവിയണം.

അവതാരങ്ങളൊക്കെയും ഉയിര്‍ത്ത
അനാദിയില്‍ നിന്ന്‌
എനിക്കൊരു മൂര്‍ത്തിയെ വേണം.
നന്ദി കെട്ടവരോട് മടുത്ത്
ആഴങ്ങളില്‍ മറഞ്ഞിട്ടും
മഹാ വിസ്ഫോടനങ്ങളില്‍ തിരോഭവിച്ച
പവിഴദ്വീപിനെ
ചുമലിലുയര്‍ത്തി
ഭൂമിയായ്‌ കാത്തവന്‍.

വെളിപാടുകളൊക്കെയും ജ്വലിച്ചുനിന്ന
പര്‍വ്വതങ്ങളില്‍ നിന്ന്‌
എനിക്കൊരു പ്രവാചകനെ വേണം.
താഴ്വാരങ്ങളുടെ ഗുഹാന്തരങ്ങള്‍ കടന്ന്
മരുഭൂമിയുടെ മൃഗതൃഷ്ണയോടും
കൂട്ടിക്കൊടുപ്പിന്റെ തെരുവോരങ്ങളോടും
നാട്ടിടവഴികളുടെ കുന്നായ്മയോടും
സൗമ്യമായ്‌ മൊഴിഞ്ഞവന്‍.

പരാഗങ്ങളൊക്കെയും ദേശാന്തരം ചെയ്ത
കാറ്റില്‍ നിന്ന്‌
എനിക്കൊരു ഗുരുവിനെ വേണം.
അന്നേക്കും ഇന്നേക്കുമിടയില്‍
അവിടേയ്ക്കും ഇവിടേയ്ക്കുമിടയില്‍
നിനക്കും അവര്‍ക്കുമിടയില്‍
അതിരുകളുടെ അസംബന്ധമെന്ന്
വഴിവിളക്ക് കൊളുത്തിയോന്‍ .

നിറഞ്ഞുമൊഴിഞ്ഞും പൂത്തു കൊഴിയുന്ന
ഭൂമിയില്‍ നിന്ന്‌
എനിക്കൊരു ആദിമാനവനെ വേണം.
ശിലയുടെ മുന കൊണ്ട് കൈകള്‍ തീര്‍ത്തവന്‍
കാരിരുരുമ്പിന്‍ കരുത്തില്‍ എഴുന്നു നിന്നവന്‍.
കാറ്റിനോട് ചലനവും
വേരുകളോട് ധ്യാനവും
ഉറവകളോട് മോക്ഷവും പഠിച്ചവന്‍.

Saturday, June 7, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍ - 4


തിരിച്ചറിവിന്റെ പാഠങ്ങള്‍; മാനവികതയുടെയും.

June 8, 2014 at 9:37am
പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍ - 4

തിരിച്ചറിവിന്റെ പാഠങ്ങള്‍; മാനവികതയുടെയും.

-ഫസല്‍ റഹ്മാന്‍


അമേരിക്കന്‍ സാഹിത്യത്തിലെ കുലപതികളില്‍ ഒരാളാണ് വില്ല്യം ഫോക്നര്‍. എഴുത്തിന്റെ കാര്യത്തില്‍ സാമാന്യം ധാരാളിയായിരുന്ന ഫോക്നറെ തേടി നോബല്‍ സമ്മാനം ഉള്‍പ്പെടെ പല ബഹുമതികളും എത്തിയിട്ടുണ്ട്. 1962-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന കൃതിയും (അദ്ദേഹത്തിന്റെ മരണ ശേഷമാണ് നോവല്‍ പുറത്തുവന്നത്.) പുലിറ്റ്സര്‍ സമ്മാനം നേടിയ നോവലും ആയ 'The Reivers' (തട്ടിപ്പുകാര്‍) -നെ അവലംബിച്ച് മാര്‍ക്ക് റൈഡല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'The Reivers' (1969). ഒരേ സമയം ഒരു 'റോഡ്‌ മൂവി'യും ഒരുcoming – of - the- age (മുതിര്‍ന്നവനാവുന്നതിന്റെ അനുഭവം) ചിത്രവുമാണ് 'തട്ടിപ്പുകാര്‍'. ഒന്ന് കൂടി നിരീക്ഷിച്ചാല്‍ 'പിക്കാറെസ്ക് (picaresque)' (താന്തോന്നിത്തത്തോടെ വീരം കാട്ടിയും യാത്ര ചെയ്തും മുന്നോട്ടു പോവുന്ന കഥാപാത്രങ്ങളുള്ള സംഭവബഹുലമായ ഇതിവൃത്തമുള്ള പലപ്പോഴും പ്രഥമ പുരുഷ രീതിയുള്ള ആഖ്യാനങ്ങള്‍) സ്വഭാവവും കണ്ടെത്താം. അറുപതു പിന്നിട്ട ഒരാള്‍ തന്റെ കുട്ടിക്കാലത്തെ നിര്‍ണ്ണായകമായ ഒരു അനുഭവത്തെ ഓര്‍ത്തെടുക്കുന്നതാണ് ചിത്രത്തിന്‍റെ ഘടന.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകത്തിലെ ആ 'പൊയ്പ്പോയ നല്ലകാലത്തിന്റെ പ്രശാന്ത സൗന്ദര്യം നിറഞ്ഞ ' ('old-world charm') മിസിസിപ്പി. ഹക്ക്ള്‍ബറി ഫിന്നിന്റെ മിസിസിപ്പി. 'ഗോണ്‍ വിത്ത് ദി വിന്‍ഡ്', 'നാഷണല്‍ വെല്‍വെറ്റ്' തുടങ്ങിയ ക്ലാസിക്കുകളുടെ ഓര്‍മ്മ പകരും ചലച്ചിത്ര പ്രേമികള്‍ക്ക് അത്. ഒരേക്കര്‍ ഭൂമിക്കു ഒരു ഡോളര്‍ വിലയുണ്ടായിരുന്ന കാലം. ഏദനിലെ ആദി പിതാക്കളെ പോലെ 'ആളുകള്‍ വിവാഹിതരാവുകയും കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും വീട് വയ്ക്കുകയും തങ്ങളുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്ന കാലം'. ചിത്രത്തിലെ ആഖ്യാതാവായ ലൂഷിയസ്(ബര്‍ജെസ്സ് മെറിഡിത്തിന്റെ ശബ്ദം) തന്റെ കുട്ടിക്കാലത്തെ ഒരു ദിനം ഓര്‍ത്തെടുക്കുന്നു. 1905-ല്‍ ചൂട് നൂറു ഡിഗ്രിയിലെത്തിയിരുന്ന ഒരു ശനിയാഴ്ച ഉച്ചയോടടുത്ത സമയം. 'അന്നാണ് ഞാന്‍ എന്റെ കുട്ടിക്കാലം കൈവിട്ടതെന്നു തോന്നുന്നു' അയാള്‍ ഓര്‍ക്കുന്നു. അന്നാണ് എല്ലാവരും 'ബോസ്' എന്ന്‍ വിളിക്കുന്ന മക് എസ്ലിന്‍ കുടുംബത്തിലെ കാരണവര്‍, ലൂഷിയസ്സിന്റെ മുത്തച്ചന്‍ (വില്‍ ഗിയര്‍) ഒരു പുതു പുത്തന്‍ വിന്റന്‍ ഫ്ലയര്‍ കാറ്, തീവണ്ടി മാര്‍ഗ്ഗം കൊണ്ടുവന്നത്. ആരും പറയാതെ തന്നെ ബൂണ്‍ ഹൊഗ്ഗെന്‍ബെക് (സ്റ്റീവ് മക് ക്വീന്‍) കാറിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്നു. എന്നാല്‍, മക് എസ്ലിന്‍ കുടുംബത്തിലെ അര്‍ദ്ധ രക്ത ബന്ധുവായ കൂട്ട് തെമ്മാടി നെഡ് (റൂപ്പെര്‍ട്ട് ക്രോസ്) എന്ന'മുലാറ്റോ' (സങ്കര വര്‍ഗ്ഗക്കാരന്‍) ക്ഷമാരഹിതനാണ്. അവന് കാറില്‍ ഒന്ന് 'ചെത്തി' തന്റെ കാമിനിയെ ഒന്ന് ആകര്‍ഷിക്കണം. അവനതു വൈകാതെ ഒപ്പിക്കുന്നുന്മുണ്ട്, അവനും ബൂണും വലിയ വില കൊടുക്കേണ്ടി വരുന്നുമുണ്ട്. ലൂഷിയസി (മിച്ച് വോഗല്‍) ന്റെ അമ്മയുടെ അച്ഛന്‍ ലെസേപ്പിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി എല്ലാവരും പോകുന്ന സമയത്ത് കാറിന്റെയും കുട്ടിയായ ലൂഷിയസിന്റെയും സംരക്ഷണം ആരെ ഏല്‍പ്പിക്കണം എന്നത് ബോസിനെ അലട്ടുന്നുണ്ട്.

ബോസും കൂട്ടരും പോയതും ബൂണ്‍ ലൂഷിയസിനെയും കൂട്ടി ജെഫേഴ്സണില്‍ നിന്ന് മെംഫിസിലേക്ക് തിരിക്കുന്നു. അയാള്‍ക്കൊരു ലക്ഷ്യമുണ്ട്. അവിടെയുള്ള ഒരു 'നേരമ്പോക്കുകളുടെ വീട്ടില്‍'അയാള്‍ക്കൊരു പതിവുകാമിനിയുണ്ട്:കോറി (ഷാരോണ്‍ ഫാരെല്‍). പതിനൊന്നുകാരനേയും കൂട്ടി അത്തരം ഒരു സ്ഥലത്ത് പോവുന്നതിലൊന്നും ബൂണ്‍ തെറ്റു കാണുന്നില്ല. കുട്ടികള്‍ എല്ലാം മനസ്സിലാക്കണം എന്ന പക്ഷക്കരനാണയാള്‍. യാത്രയില്‍ അവരെ കാത്തു പല പരീക്ഷണങ്ങളുമുണ്ട്; ചെളിയില്‍ പൂണ്ടു പോവുന്ന കാര്‍ വലിച്ചു കയറ്റാന്‍ വേണ്ടി കഴുത്തറപ്പന്‍ പണം വാങ്ങുന്ന കുതിരവണ്ടിക്കാരന്‍ മുതല്‍. എന്നാല്‍ ഏറ്റവും വലിയ 'കുരിശ്' കാറില്‍ അവരറിയാതെ ഒളിച്ചു കയറിയിട്ടുള്ള നെഡ് തന്നെയായിരിക്കും. കോറിയുടെത് സ്നേഹമസൃണമായ പെരുമാറ്റവും അതിനൊത്ത മനസ്സുമാണെന്നു ആദ്യമേ വ്യക്തമാവുന്നുണ്ട്. 'എട്ടു സഹോദരന്മാരുള്ള'കോറിക്ക് അമ്മയെ ഓര്‍ത്ത്‌ വിഷമിക്കുന്ന കൊച്ചു ലൂഷിയസിനെ എളുപ്പം കൂട്ടുകാരനാക്കാന്‍ കഴിയുന്നുണ്ട്. അവളെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്ന അവളുടെ കസിനുമായി അവന്‍ ഏറ്റുമുട്ടുകയും കയ്യില്‍ ആഴത്തില്‍ മുറിവുണ്ടാകുകയും ചെയ്യുന്നു. “എന്നെ പ്രതി ആളുകള്‍ തമ്മില്‍ തല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരാള്‍ എനിക്ക് വേണ്ടി വഴക്കിടുന്നത് !” എന്ന് അവള്‍ പറയുന്നു. ഭക്ഷണ മേശയില്‍ മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ആതിഥേയനോട് സൗമ്യമായും എന്നാല്‍ ഉറച്ചും അത് നിഷേധിക്കുന്ന ലൂഷിയസ് അതിനു പറയുന്ന കാരണം വ്യക്തമാണ്. ഞാന്‍ അമ്മക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അമ്മ കാണുമോ ഇല്ലെയോ എന്നത് പ്രധാനമല്ല. ഈ ഒരു മാനസിക ഔന്നത്യമാണ് കോറിയെ പുതിയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. “നീ നിന്റെ അമ്മക്ക് കുടിക്കില്ലെന്ന് വാക്ക് കൊടുത്തു, അത് പാലിക്കുകയും ചെയ്തു.ഞാന്‍ നിനക്ക് വാക്ക് തരുന്നു, അത് പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കയും ചെയ്യും. ഞാന്‍ ഈ തൊഴില്‍ വിടുന്നു. ഇനിയൊരിക്കലുമില്ല". ബൂണിന് പോലും അതത്ര ഇഷ്ടമാവുന്നില്ല ആദ്യം.എന്നാല്‍, അവളെ പോലെ ഒരു യുവതിക്ക് അതത്ര എളുപ്പമാവില്ല.

നെഡിന്റെ എടുത്തുചാട്ട സ്വഭാവം വലിയൊരു പ്രശ്നത്തിലാണ് അവരെ എത്തിക്കുന്നത്. അയാള്‍ കാറ് വിറ്റു ഒരു പന്തയക്കുതിരയെ വാങ്ങിയിരിക്കുന്നു. ലൂഷിയസ് മത്സരത്തില്‍ ജയിച്ചാല്‍ കാറും തിരിച്ചു കിട്ടും, പന്തയക്കുതിരയെയും. എന്ത് ചെയ്യണമെന്നറിയാതെ തൂങ്ങിമരിക്കാന്‍ തയ്യാറാവുന്ന ബൂണ്‍, കഴുക്കോല്‍ പൊട്ടി താഴെ വീഴുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ പോസ്സം അമ്മാവന്റെ ഫാമിലെത്തുന്ന കൂട്ടുകാര്‍ വഷളന്‍ ഷരീഫു (ഉന്നത നിയമ പാലകന്‍) മായി ഇടയാന്‍ ഇടയാവുന്നു.ഒരു വെളുത്തവര്‍ഗ്ഗക്കരിയുമായി അനാശാസ്യത്തിന് നാട് ചുറ്റുന്നു എന്ന കുറ്റമാരോപിച്ചു അയാള്‍ക്ക്‌ എല്ലാവരെയും അറസ്റ്റ് ചെയ്യാം. നെഡിയും പോസ്സം അമ്മാവനെയും വംശീയമായും കോറിയെ ലൈംഗീകമായും അധിക്ഷേപിക്കുന്ന ഷരീഫുമായി ബൂണ്‍ ഏറ്റുമുട്ടുകയും അതൊരു വന്‍ സംഘര്‍ഷം ആവുകയും ചെയ്യുന്നു. എല്ലാവരും ജയിലില്‍ അടക്കപ്പെടുന്നു. ഈ അവസ്ഥയെ കുറിച്ച് ലൂഷിയസ് ഓര്‍ക്കുന്നുണ്ട്: "ഉണ്ടാവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ട്, എന്നാല്‍ അവ ലോകത്തുണ്ട്.അവയൊക്കെ അറിയേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. എനിക്ക് പതിനൊന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ.” അവിടെ നിന്ന് മോചിതരവാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ: കോറി വീണ്ടും അത് ചെയ്യേണ്ടി വരുന്നു. അതറിഞ്ഞ ബൂണ്‍ അവളെ മര്‍ദ്ദിച്ചതിന്റെ കരുവാളിച്ച പാട് അവളുടെ മുഖത്തു കണ്ട ലൂഷിയസ് ബൂണിനെ പൊതിരെ തല്ലുന്നുണ്ട്. ബൂണ്‍ കുറ്റബോധത്തോടെ അതൊക്കെയും ഏറ്റു വാങ്ങുന്നു. മുതിര്‍ന്നവരുടെ ലോകത്തിന്റെ തിന്മകളില്‍ ശ്വാസം മുട്ടുന്ന ലൂഷിയസ്,കുതിരപ്പന്തയത്തിനു വിസമ്മതിക്കുന്നു. അവനു മതിയായി. അവനു തിരിച്ചു പോവണം. എല്ലാം കൈവിട്ടു പോവുന്നു എന്ന ഘട്ടത്തിലാണ് കാറിന്റെ ഹോണ്‍ മുഴങ്ങുന്നത് അവന്‍ കേള്‍ക്കുന്നത്.ബോസിനോട് നടന്നതെല്ലാം ഏറ്റു പറയാം, നമ്മള്‍ നുണ പറഞ്ഞതും, മോഷ്ടിച്ചതും,അരുതാത്തിടത്ത് താമസിച്ചതും എല്ലാം. എന്നാല്‍ നീ തോറ്റ് പിന്‍വാങ്ങി എന്ന് എങ്ങനെ പറയും എന്നാണു നെഡിന്റെ ചോദ്യം.

മത്സരത്തില്‍ വിജയശ്രീ ലാളിതനാവുന്ന ലൂഷിയസിനു മുന്നില്‍ ബോസ് എത്തുന്നതോടെ അവന്റെ വിജയാഹ്ലാദം ഒടുങ്ങുന്നു. അവസാന ഭാഗത്ത് അവന്റെ തെറ്റുകള്‍ക്ക് ചാട്ടയടി കൊണ്ട് ശിക്ഷിക്കാനൊരുങ്ങുന്ന അച്ഛനെ, മുത്തച്ചന്‍ ബോസ് പിന്തിരിപ്പിക്കുന്നു. “ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് നിങ്ങള്‍ എന്നോട് ഇങ്ങനെയല്ലേ ചെയ്തത്?” എന്ന മകന്റെ ചോദ്യത്തിന് വയോധികന്‍ കൊടുക്കുന്ന മറുപടി ഇതാണ്: “ഇപ്പോള്‍ ഞാന്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് കൊണ്ടായിരിക്കണം !” . മുത്തച്ചനും കൊച്ചു മകനും തമ്മിലുള്ള കുമ്പസാരം ഹൃദ്യമായ ഒരനുഭവമാണ്. ചെയ്ത തെറ്റ് എന്താണ് എന്ന് കൊച്ചു ലൂഷിയസ് മനസ്സിലാക്കണം: “ഒരു മാന്യന്‍ തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ ഫലം സ്വയം അനുഭവിക്കുകയും വേണം " എന്ന് ബോസ് അവനോടു പറയുന്നു. ആവശ്യത്തിനു കരയാന്‍ വിട്ട ശേഷം അയാള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കുന്നു: “ഇപ്പോള്‍ ടാങ്ക് കാലിയായിട്ടുണ്ടാവും. പോയി മുഖം കഴുക്.ഒരു മാന്യന്‍ കരയുകയും ചെയ്യും. എന്നാല്‍ അത് കഴിഞ്ഞു മുഖം കഴുകും "

തിരിച്ചറിവുകളുടെ നിമിഷത്തില്‍ ലൂഷിയസ് തങ്കമനസ്സുള്ള ഒരു നിസ്സഹായ യുവതിയെ കുറിച്ചുള്ള വേദനയിലാണ്. 'കോറി ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും !' എന്ന അവന്റെ വേവലാതിക്ക് ബൂണ്‍ മറുപടി പറയുന്നുണ്ട്: അവളിപ്പോള്‍ വിവാഹ വസ്ത്രം തുന്നുകയായിരിക്കും. 'നീ അവളെ വിവാഹം കഴിക്കുകയാണോ?' ആഹ്ലാദത്തോടെയുള്ള അവന്റെ ചോദ്യത്തിന് ബൂണ്‍ ഇങ്ങനെ മറുപടി പറയുന്നു. 'നിനക്കവളെ ഒരു കത്തിയുടെ മുനയില്‍ പോലും പരിരക്ഷിക്കാമെങ്കില്‍ എന്ത് കൊണ്ട് എനിക്കവളെ വിവാഹം കഴിച്ചു കൂടാ; ഞാന്‍ ഒരു പതിനൊന്നുകാരന്‍ അല്ലെങ്കിലും ഞാനും നിന്നെപ്പോലെ നല്ലവന്‍ തന്നെയാണ്, അല്ലേ? ഇനിയൊരു കൊല്ലം കഴിഞ്ഞു നീ വരുമ്പോള്‍ നിനക്ക് സന്തോഷം തോന്നും അവളുടെ കയ്യില്‍ ആ കുഞ്ഞിനെ കാണുമ്പോള്‍. അവനെ ഞാനെന്തു വിളിക്കും എന്നറിയാമോ? ലൂഷിയസ് പ്രീസ്റ്റ് മക് കാസ്ലിന്‍ ഹൊഗ്ഗെന്‍ബെക്. ആ ഒരൊറ്റ പേരെ അവനു പറ്റൂ.'

പ്രമേയധാരയില്‍ ഏറ്റവും ശക്തവും തീക്ഷ്ണവുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഇഴ ചേര്‍ന്നിട്ടുണ്ട്.അടിമത്തം നിയമപ്രകാരം നിരോധിച്ച് നൂറ്റാണ്ടിലേറെ പിന്നിട്ടിരുന്നെങ്കിലും അതിന്റെ വംശീയ ചിന്തകള്‍ എത്രമാത്രം സങ്കീര്‍ണ്ണവും ആഴത്തില്‍ വേരോടിയിരുന്നതുമാണെന്നു ചിത്രം സൂചിപ്പിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ നെഡ് വഷളന്‍ ഷരീഫിനോട് പറയുന്നുണ്ട്: “മിസ്റ്റര്‍... ഒരു ഘട്ടത്തില്‍ നിയമം ഒന്ന് നില്‍ക്കണം... എന്നിട്ട് നീതിമാന്മാര്‍ തുടങ്ങണം.” എന്നാല്‍, ബൂണ്‍,ലൂഷിയസ്, നെഡ് എന്നിവരുമായുള്ള ഊഷ്മള ബന്ധത്തിലോ, പോസ്സം അമ്മാവന്റെ കൂടെ കിടന്നുറങ്ങിയതിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ നന്മ അംഗീകരിക്കുന്ന മുത്തച്ഛന്‍ ബോസിന്റെ പ്രതികരണത്തിലോ വംശീയത തൊട്ടു തീണ്ടാത്ത മാനവികതയുടെ സ്നേഹ സ്പര്‍ശമുണ്ട്.ജീവിതത്തിന്റെ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ ഒറ്റപ്പെട്ടു മാനം വില്‍ക്കേണ്ടി വരുമ്പോഴും ഹൃദയത്തില്‍ ആര്‍ദ്രത വറ്റിയിട്ടില്ലാത്ത സ്ത്രീസാന്നിധ്യം കോറിയില്‍ ഒടുങ്ങുന്നില്ല ചിത്രത്തില്‍. കോറിയോടുള്ള പ്രതികാരം തീര്‍ക്കാനെന്നോണം അവളുടെ കൂട്ടുകാരി ഹന്നയെ സമീപിക്കുന്ന ബൂണിനോട് കടന്നു പോവാന്‍ ആവശ്യപ്പെടുന്ന ഹന്ന, പനിച്ചു വിറച്ചപ്പോള്‍ തന്നെ ക്ഷമയോടും സ്നേഹത്തോടും പരിപാലിച്ച സഹോദരീ തുല്യയായ കോറിയെ ഓര്‍ത്തുകൊണ്ട്‌, അയാളോടു പറയുന്നു: “നിന്നെ പോലുള്ള പുരുഷന്മാര്‍ വരും, പോവും. എന്നാല്‍ എല്ലാ മരച്ചുവട്ടിലും നിനക്കൊരു കോറിയെ കണ്ടെത്താനാവില്ല.” വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മുതിര്‍ന്നവരുടെ ലോകത്തിന്റെ നെറികേടുകളില്‍ വിഷണ്ണനായിപ്പോവുന്നുണ്ടെങ്കിലും തന്റെ മനസ്സിന്റെ നന്മ കൈമോശം വരാതെ കാക്കുന്ന ലൂഷിയസ്, തിരിച്ചു മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും തെളിമയുള്ള സന്ദേശങ്ങളാണ് കോറിയുടെയും,ബൂണിന്റെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നത്.


കൃത ഹസ്തനായ ഒരെഴുത്തുകാരന്റെ പ്രസന്നമായ സാന്നിധ്യം ഓരോ നിമിഷത്തിലും നമുക്ക് കാണാനാവും ഈ ചിത്രത്തില്‍. സ്റ്റീവ് മക് ക്വീന്‍ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായിരു ന്നിട്ടും നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെ അദ്ദേഹം സര്‍വ്വാത്മനാ ഉള്‍ക്കൊണ്ടു അവിസ്മര ണീയമാക്കി. എന്നിരിക്കിലും ചിത്രം ഇറങ്ങുമ്പോള്‍ മുപ്പത്തൊമ്പത് വയസ്സുണ്ടായിരുന്ന സ്റ്റീവിന്റെ പ്രായം കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ ഭാവങ്ങളിലൂടെ കടന്നു പോവേണ്ടി വരുന്ന കൊച്ചു ലൂഷിയസ് ആയി മിച്ച് വോഗലിന്റെ പ്രകടനം അങ്ങേയറ്റം പക്വതയുള്ളതാണെന്നു കാണാം. റൂപ്പെര്‍ട്ട് ക്രോസ്, വില്‍ ഗിയര്‍, ഷാരോണ്‍ ഫാരെല്‍ തുടങ്ങിയവരൊക്കെയും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച വെക്കുന്നത്. കുടുംബ ചിത്രം എന്ന പദം സിനിമയെ സംബന്ധിച്ച ഒരു ക്ലീഷേ ആയി മാറുന്നതിനു മുമ്പത്തെ ഒരു കാലത്തിന്റേതായത് കൊണ്ട് കൂടിയാവാം, പ്രമേയ ഘടനയിലെ 'അഴിഞ്ഞാട്ടത്തിന്റെ വീട്' പോലുള്ള ഘടകങ്ങളെ പോലും അല്‍പ്പം പോലും നെറ്റിചുളിക്കേണ്ടി വരാത്ത രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ അതിന്റെ ശില്‍പ്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യ സൗന്ദര്യം പകര്‍ന്നു വയ്ക്കുന്ന റിച്ചാര്‍ഡ് മൂറിന്റെ ചായാഗ്രഹണവും വിസ്മരിക്കാനാവില്ല.

(മേന്റര്‍ മാഗസിന്‍, ജൂണ്‍ 2014)

പ്യാസാ (1957)


പ്യാസാ (1957)

June 8, 2014 at 9:04am
കാലം കാത്തുവെച്ച ചിത്രങ്ങള്‍: 10
പ്യാസാ (1957)
രചന: അബ്രാര്‍ അലവി,
സംവിധാനം : ഗുരു ദത്ത്
Pyasaa
Pyasaa


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായിരുന്നു ഗുരുദത്ത്.കാലത്തിനു മുമ്പേ നടന്നവന്‍. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മാത്രമല്ല; സ്വന്തമായി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഉള്‍പ്പടെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ക്രാന്ത ദര്‍ശി. Baazi, Jaal, Aar Paar, CIDതുടങ്ങിയ ത്രില്ലറുകളുടെയും Mr & Mrs. ’55 എന്ന ലക്ഷണമൊത്ത കോമഡിയുടെയും സാമ്പത്തികവും കലാപരവുമായ വന്‍ വിജയങ്ങള്‍ പകര്‍ന്ന ധൈര്യത്തിലാണ് ഇനി തന്റെ മനസ്സിലുള്ള സിനിമകള്‍ എടുത്തു തുടങ്ങാം എന്ന ആത്മ വിശ്വാസത്തില്‍ ഗുരുദത്ത് എത്തിച്ചേര്‍ന്നത്. അങ്ങനെയാണ് ജനപ്രിയ സിനിമയുടെ ചേരുവകള്‍ ഭംഗിയായി സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ കാവ്യാത്മകവും കലാത്മകവുമായ സിനിമകളുടെതായ ആ ഗുരുദത്ത് രീതിക്ക് തുടക്കം കുറിച്ച് കൊണ്ട് സുഹൃത്ത് അബ്രാര്‍ അലവിയുടെ രചനയില്‍ 1957 ല്‍ അദ്ദേഹം തന്റെ ചിരകാല സ്വപ്നമായിരുന്ന പ്യാസാ സാക്ഷാത്കരിക്കുന്നത് .
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തന്റെ രചനകള്‍ പുറത്തു കൊണ്ടുവരാന്‍ പാടുപെടുന്ന യുവ കവിയുടെയും അയാളുടെ സര്‍ഗ്ഗ ജീവിതത്തിനു താങ്ങും തണലുമായിത്തീരുന്ന ഹൃദയവതിയായ ഒരു ലൈംഗികത്തൊഴിലാളിയുടെയും ജീവിത സന്ധി/ പ്രതിസന്ധികളിലൂടെ ചിത്രം കലോപാസനയുടെയും അതിനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഭൗതികനേട്ടങ്ങളില്‍ മാത്രം അഭിരമിച്ച് പോയ ബാഹ്യ ബന്ധങ്ങളുടെയും സമൂഹം കല്ലെറിയുക മാത്രം ചെയ്യുമ്പോഴും സ്നേഹവും സഹൃദയത്വവും സൂക്ഷിക്കുന്ന പരാജിത മനസ്സുകളുടെയും ജീവിത സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്നു. തൊഴില്‍ രഹിതനായ വിജയ്‌ (ഗുരുദത്ത്) എന്ന യുവാവ്, തന്റെ ഏകാന്തതയേയും ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന കുടുംബ വൃത്തങ്ങളിലെ അഭിപ്രായത്തിന്റെയും വീര്‍പ്പുമുട്ടലില്‍ പൊരുത്തപ്പെടാനാവാതെ വീട് വിടുന്നു. തെരുവിലലയുന്ന വിജയ്‌, ഗുലാബോ (വഹീദാ റഹ്മാന്‍)എന്ന ലൈംഗികത്തൊഴിലാളി യുവതിയുമായി പരിചയപ്പെടുന്നു. അവള്‍ അയാളിലുള്ള പ്രതിഭാധനനായ കവിയുടെ ആരാധികയാണ്. ഇതേ സമയം തന്റെ കോളേജ് പഠനകാലത്തെ പ്രണയിനിയായിരുന്ന മീന (മാലാ സിന്‍ഹ) യെയും അയാള്‍ കണ്ടുമുട്ടുന്നുണ്ട്. അവള്‍ പണക്കാരനായ മി. ഘോഷിനെ (റഹ്മാന്‍) വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയം വിസ്മരിക്കുകയായിരുന്നു. അറിയപ്പെടുന്ന പുസ്തക പ്രസാധകന്‍ ആയ ഘോഷ്, തന്റെ ഭാര്യയ്ക്ക് മുന്‍ കാമുകനോത്തുണ്ടായിരുന്ന ബന്ധത്തില്‍ സംശയാലുവാണ്. കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ അയാള്‍ വിജയിനെ ജോലിക്കെടുക്കുന്നു. സ്വയം അപകര്‍ഷ ബോധാത്താല്‍ പീഡിതനായ വിജയ്‌, തന്റെ കവിതകള്‍ കടലാസു കെട്ടുകളായി തൂക്കിവിറ്റ സഹോദരങ്ങളുടെ അവഗണനയില്‍ മനം മടുത്തു വീടുവിട്ടവനാണ്. ഒരി ഘട്ടത്തില്‍, സഹതാപം തോന്നിയ ഒരു യാചകന് ധരിക്കാന്‍ തന്റെ കോട്ട് അയാള്‍ ഊരിക്കൊടുക്കുന്നത് , യാചകന്‍ തീവണ്ടി മുട്ടി മരിക്കുന്നതോടെ വല്ലാത്തൊരു വഴിത്തിരിവാകുന്നു. ഗുലാബോയുടെ ശ്രമ ഫലമായി വിജയിന്റെ കവിതകള്‍ ഘോഷിന്റെ പുസ്തക പ്രസാധക കമ്പനി പ്രസിദ്ധീകരിക്കുന്നു. പുസ്തകം ഒരു സെന്‍സേഷന്‍ ആയിത്തീരുന്നതോടെ ഘോഷ് നടത്തുന്ന കരുനീക്കങ്ങള്‍ക്ക് വിജയിന്റെ പണക്കൊതിയരായ സഹോദരങ്ങളും കൂട്ട് നില്‍ക്കുന്നതോടെ, ലോല ഹൃദയനായ കവിയും ഹൃദയ ശൂന്യമായ ലോകവും തമ്മിലുള്ള സംഘര്‍ഷം ശക്തമാവുന്നു. വിജയിന്റെ പ്രശസ്തി ഒരു ധനാഗമ മാര്‍ഗ്ഗമായി കാണുന്ന ഇക്കൂട്ടര്‍ മരിച്ചതി വിജയ്‌ ആണെന്ന് വരുത്തിത്തീര്‍ക്കുന്നു. അതെ സമയം,രോഗബാധിതനായി ആശുപത്രിയിലാവുന്ന വിജയിനെ തിരിച്ചറിയാന്‍ അവര്‍ വിസമ്മതിക്കുന്നു.താന്‍ വിജയ്‌ ആണെന്ന് അയാള്‍ പറയുമ്പോള്‍ ഭ്രാന്തന്‍ എന്ന് മുദ്രകുത്തി അവര്‍ അയാളെ ഒരു ഭ്രാന്താലയത്തിലടക്കുന്നു.
Guru Dutt
Guru Dutt


‘മരിച്ചു പോയ പ്രശസ്ത കവിയുടെ ആദരിക്കല്‍’ ചടങ്ങിലേക്ക് , തന്റെ സുഹൃത്ത് അബ്ദുല്‍ സത്താറിന്റെ (ജോണി വാക്കര്‍) സഹായത്തോടെ ഭ്രാന്താലയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന വിജയിനെ സുഹൃത്തുക്കള്‍ തിരിച്ചറിയുന്നു. അവര്‍ മി. ഘോഷിന്റെ എതിരാളിയായ മറ്റൊരു പ്രസാധകനെ കണ്ടെത്തുന്നതോടെ വിരുദ്ധ ചേരികളുടെ മത്സരത്തില്‍ താനൊരു കളിപ്പാവയായിപ്പോവുന്നു എന്ന് തിരിച്ചറിയുന്ന വിജയ്‌, തന്റെ അസ്തിത്വം സ്വയം നിഷേധിച്ചു ഗുലാബോയോടൊപ്പം ഒരു പുതിയ വിധിയിലേക്ക് ഇറങ്ങിപ്പോവുന്നു. ചിത്രാന്ത്യത്തെ കുറിച്ച് രചയിതാവ് അബ്രാര്‍ അലവിയും സംവിധായകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അബ്രാര്‍ അലവി നായകം ലോകത്തിന്റെ വഴിക്ക് കീഴ്പ്പെടനമെന്നു ശഠിച്ചുവെങ്കിലും ഗുരുദത്ത് വിസമ്മതിക്കുകയായിരുന്നു.

 ഒരു ശരാശരി ചിത്രത്തിന്റെതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ഇതിവൃത്ത ചര്‍ച്ച ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട് എന്ന് കാണാം. സംഭാഷണങ്ങളിലെ വികാരതീവ്രമായ കാവ്യാത്മകതയും ഓരോ ഫ്രെയ്‌മുകളിലും സംവിധായകന്‍ ചെലുത്തിയിട്ടുള്ള അവധാനതയും സൂക്ഷ്മതയും ചിത്രത്തെ കാലാതിവര്‍ത്തിയായ ഒരു ക്ലാസ്സിക്‌ ആക്കി മാറ്റുന്നത് എങ്ങനെയെന്നത് ഒരനുഭവമാണ്. ചലച്ചിത്ര ഘടനയില്‍ വേറിട്ട്‌ നില്‍ക്കാത്ത വിധം ലയിച്ചു ചേര്‍ന്നവയായിരിക്കണം പാട്ടുകളെന്നത് ഗുരുദത്തിന്റെ നിഷ്കര്‍ഷയായിരുന്നു. പാട്ടുകള്‍ക്ക് വേണ്ടി പാട്ടുകള്‍ എന്ന രീതി മുച്ചൂടും മാറ്റുന്നതില്‍ അദ്ദേഹമാണ് ഇന്ത്യന്‍ സിനിമയിലെ ‘പയനിയര്‍’ എന്ന് പറയാം. പ്യാസായിലെ പാട്ടുകള്‍ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണങ്ങളാണ്. പാത്ര സൃഷ്ടിയിലാവട്ടെ ഒരു ഘട്ടത്തിലും അതിഭാവുകത്വം കടന്നു വരാതിരിക്കാന്‍ ഗുരുദത്ത് എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘തങ്ക മനസ്സുള്ള വേശ്യ’ എന്ന സ്ഥിരം കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വഹീദാ റഹ്മാന്റെ ഗുലാബോ. തന്റെതായ കുറവുകള്‍ ആ കഥാപാത്രത്തിനുണ്ട്. അതെ സമയം, പണക്കാരനെ വിവാഹം ചെയ്യാനായി പ്രണയം മറന്നവള്‍ എന്ന രാക്ഷസപ്രകൃതം അല്ലതന്നെ, മാലാസിന്ഹയുടെ മീനയുടെത്. ഒരു ഘട്ടത്തില്‍ അവള്‍ നിരീക്ഷിക്കുന്നുണ്ട്: “ജീവിതത്തില്‍ കവിതയ്ക്കും പ്രണയത്തിനുമപ്പുറം വിശപ്പ്‌ കൂടിയുണ്ട് !”. വിജയിനെ പോലെ ഒരു സ്വപ്ന ജീവിക്ക് അത് മനസ്സിലാക്കാനാവാത്തത് അവളുടെ തെറ്റല്ലല്ലോ. ഇരു നായികമാരും അവരുടെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളില്‍ പെടുന്ന പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ കാഴ്ച്ചവെക്കുന്നതും. എന്നിരിക്കിലും ഒരു ഘട്ടത്തില്‍ മധുബാലയെയും നര്‍ഗ്ഗീസിനെയും ഈ വേഷങ്ങള്‍ക്കായി ഗുരുദത്ത് പരിഗണിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ എന്താവുമായിരുന്നു ആ മായികമായ ‘കോമ്പിനേഷന്‍’ എന്ന് വെറുതെ ഓര്‍ത്തുപോയെന്നും വരാം.

ചിത്രത്തിലെ ഹൃദ്യമായ ഭാവങ്ങളില്‍ ഒന്ന് അമ്മയുമായുള്ള വിജയിന്റെ ബന്ധമാണ്. മകന്റെ ജീവിതം താളം പിഴക്കുന്നത് നിസ്സഹായയായി കണ്ടു നില്‍ക്കേണ്ടി വരുന്ന സ്നേഹമയിയായ അമ്മയുടെ വേഷത്തില്‍ ലീലാ മിശ്ര മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. കൌശലക്കാരനും പുരുഷാധിപത്യ സ്വഭാവക്കാരനുമായ ഭര്‍ത്താവും പ്രസാധകനുമായി റഹ്മാന്‍, ആപ്ത്ബാന്ധവനായ സുഹൃത്തായി ജോണി വാക്കര്‍ തുടങ്ങിയവരും സംവിധായകന്റെ മനസ്സറിഞ്ഞു അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ ‘ട്രാജഡി കിംഗ്‌’ ദിലീപ്‌ കുമാറിനെ സമീപിച്ചുവേന്കിലും അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്ന്‍, ഗുരുദത്തിനു മാത്രം ചെയ്യാനാവും വിധം വിജയിനെ, തന്റെ സ്വന്തം മാനസ പുത്രനെ, അവതരിപ്പിച്ച ദത്ത് ചിത്രത്തില്‍ നിറസാന്നിധ്യമാവുന്നതും ഇതേ ‘author- backed performance’ (മികച്ച രചയിതാവിന്റെ പിന്‍ബലമുള്ള പ്രകടനം) മൂലമാണ്. ബ്ലാക്ക്‌ & വൈറ്റിന്റെ സാധ്യതകള്‍ ഒപ്പിയെടുക്കുന്നതില്‍ ഗുരുദത്തിന്റെ ഹൃദയം തൊട്ട ചായാഗ്രാഹകാന്‍ വി. കെ. മൂര്‍ത്തി,സംഗീതം പകര്‍ന്ന എസ്‌. ഡി. ബര്‍മ്മന്‍ എന്നിവരുടെ സംഭാവനയും ചെറുതല്ല.
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ‘ടോപ്‌ 100’ ചിത്രങ്ങളില്‍ ഒന്നെന്ന സ്ഥാനം ഒരു ഘട്ടത്തിലും ‘പ്യാസാ’ക്ക് നഷ്ടപ്പെട്ടിട്ടില്ല.

“ഗ്രനേഡ് /ലെമനേഡ്"


“ഗ്രനേഡ് /ലെമനേഡ്"

May 10, 2014 at 7:16pm
പ്രചോദനത്തിന്റെചലച്ചിത്രക്കാഴ്ചകള്‍:3


“ഗ്രനേഡ്/ലെമനേഡ്"

“വൃക്ഷങ്ങള്‍ മനുഷ്യരെ പോലെയാണ്; അവയ്ക്ക് ആത്മാവുണ്ട്; അവയ്ക്ക് വികാരങ്ങളുണ്ട്. അവയോട് സംസാരിക്കേണ്ടതുണ്ട്. അവയ്ക്ക് സ്നേഹപൂര്‍ണ്ണമായ പരിചരണം ആവശ്യമുണ്ട്"
  •  അബൂ ഹാസം : “ലെമണ്‍ ട്രീ

4
4

ഫലസ്തീന്‍ യാഥാര്‍ത്ഥ്യം ഇന്ന് ധാരാളംചലച്ചിത്രങ്ങള്‍ക്ക് വിഷയമാവുന്നുണ്ട്. അത്തരംചിത്രങ്ങള്‍ പലപ്പോഴും സ്വാഭാവികമായിത്തന്നെ പക്ഷം ചേരുന്നുമുണ്ട്. വേട്ടക്കാരനും വെട്ടയാടപ്പെടുന്നവനും ഇടയില്‍ പക്ഷം ചേരുന്നതിന്റെ ശരിയായ രാഷ്ട്രീയം ഇവയില്‍ പലതും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഫലസ്തീനെ സംബന്ധിക്കുന്ന ഒന്നിനും രാഷ്ട്രീയ പരിപ്രേക്ഷ്യം നിരാകരിക്കാനാവില്ല. ഈഅര്‍ത്ഥത്തില്‍ ഏറെ വ്യത്യസ്തവും പ്രസക്തവുമാണ് ഇസ്രയേലി സംവിധായകന്‍ ഇറാന്‍ റിക്ലിസ് (EranRiklis) സംവിധാനംചെയ്ത 'നാരകമരം'(Lemon Tree -(2008) എന്നചിത്രം. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ രാഷ്ട്രീയം ശക്തമായ അന്തര്‍ധാര ആയിരിക്കുമ്പോഴും ഒരു രാഷ്ട്രീയ സിനിമ എന്നതിലേറെതികച്ചും ലളിതവും അതെ സമയം തീവ്രവുമായ മാനുഷിക പ്രശ്നങ്ങള്‍ക്കാണ് ചിത്രം നേര്‍ക്കാഴ്ച ഒരുക്കുന്നത്.

1
1

വെസ്റ്റ്ബാങ്കിനും ഇസ്രയേലിനും ഇടയിലെഹരിത മേഖലയില്‍ (GreenLine) യില്‍ തനിച്ച് കഴിയുന്ന നാല്‍പ്പത്തിയഞ്ച്കാരിയായ ഫലസ്തീനി വനിത സല്‍മ (ഹയംഅബ്ബാസ്)യും പൈതൃക സ്വത്തായി അവര്‍ക്ക് ലഭിച്ച നാരങ്ങാ തോട്ടവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും രൂപകവും. വൃക്ഷങ്ങള്‍മനുഷ്യരെ പോലെയാണെന്നും അവയ്ക്ക് ആത്മാവും വികാരങ്ങളും ഉണ്ടെന്നും അവയോടു സംസാരിക്കേണ്ടതുണ്ടെന്നുമുള്ള പ്രാചീനവും എന്നാല്‍ എന്നും നവീനവുമായ ആദര്‍ശത്തില്‍ ഉറച്ചു വിശ്വസിക്കുന്ന വന്ദ്യവയോധികന്‍ അബൂ ഹാസം (താരീഖ്കോപ്തി ) ആണ് അവള്‍ക്കുള്ള ഏക തുണ. സിയാറ്റില്‍ മൂപ്പന്റെ പ്രാകൃത വിവേകം പങ്കു വെക്കുന്ന ഈ വയോധികന്‍ സല്‍മയ്ക്ക് പിതൃ തുല്യനാണ്. വിവാഹിതയായി ഭര്‍തൃ വീട്ടില്‍ കഴിയുന്ന മകളെയും, അമേരിക്കയില്‍ ഉപജീവനം കണ്ടെത്തുന്ന മകനെയും വിട്ടു തോട്ടവും പരിപാലിച്ചുപ്രശാന്തമായ ജീവിതം  നയിക്കുന്ന സല്‍മയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ നവോണ്‍ (സോരാന്‍ടോവറി), ഭാര്യ മീറാ നവോണി (റോണലിപാസ് മൈക്കേല്‍)നോടൊപ്പം അയല്പക്കത്ത് താമസത്തിനെത്തുന്നതോടെയാണ്. തഴച്ചുവളരുന്ന നാരങ്ങാതോട്ടം മന്ത്രിയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. തോട്ടം ഇല്ലാതാക്കണമെന്നും പുതുതായി പ്രഖ്യാപിച്ച ഇന്‍തിഫാദാ നിയമമനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെങ്കിലും മാനുഷിക പരിഗണന വെച്ച് അതിനു തയ്യാറാണെന്നും ഉള്ള ഔദ്യോഗിക അറിയിപ്പ് സല്‍മയെ തേടിയെത്തുന്നു. ഏകജീവനോപാധി എന്നതിനപ്പുറം സ്നേഹനിധിയായിരുന്ന പിതാവിന്റെ ഓര്‍മ്മ കൂടിയായ തോട്ടം നശിപ്പിക്കുന്നതിനെതിരെ സല്‍മ, ഇസ്രയേല്‍സുപ്രീം കോടതി വരെ നീളുന്ന നിയമ യുദ്ധത്തിനു ഒരുങ്ങുന്നതോടെ ചിത്രം ഇസ്രയേല്‍ -പലസ്തീന്‍ സംഘര്‍ഷത്തെ പുതിയൊരു മാനത്തിലേക്ക്‌ ഉയര്‍ത്തുകയാണ്. തോക്കും ഗ്രനേഡും ആത്മഹത്യാ ബോംബുകളും മാത്രമാവരുത് ഫലസ്തീനിയുടെ മാര്‍ഗ്ഗമെന്ന സന്ദേശം കൂടിയാണ് ഇവിടെ ഉരുവം കൊള്ളുന്നത്‌. 'ജീവിതത്തില്‍ ദുരിതങ്ങളുടെ കാര്യത്തില്‍ എന്റേതായ പങ്കു വേണ്ടത്ര ഞാന്‍ അനുഭവിച്ചിട്ടുണ്ട്' എന്ന്പ്രഖ്യാപിക്കുന്ന സല്‍മ മനക്കരുത്തുള്ള സ്ത്രീയാണെന്ന് വ്യക്തം. മന്ത്രിയുടെ രാത്രി സല്‍ക്കാരങ്ങളില്‍ വിളമ്പാന്‍ സുരക്ഷാ സൈനികര്‍ പറിച്ചു കൊണ്ട് പോവുന്ന നാരങ്ങകളെ കുറിച്ച്  'എന്നോടൊരു വാക്ക് ചോദിക്കുക പോലും ചെയ്യാതെ അവര്‍ മോഷ്ടിക്കുകയായിരുന്നു' എന്ന്സല്‍മ ക്രുദ്ധയാവുന്നുണ്ട്. തോട്ടത്തില്‍ കയറരുതെന്ന വിലക്ക് തരിമ്പും മുഖവിലക്കെടുക്കാതെ, സുരക്ഷഭടന്മാര്‍ തീര്‍ക്കുന്നകൂറ്റന്‍ ഇരുമ്പു മതില്‍ചാടി ക്കടന്നു തന്റെ തോട്ടത്തിലെ മരങ്ങളെ പരിപാലിക്കാന്‍ അവര്‍ക്ക് മടിയില്ല. സുരക്ഷാഭടന്മാരുടെ അന്ധമായ വിരോധവും അസംബന്ധ ഭയാശങ്കകളും ശരാശരി ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍, മിറാനവോണിന്റെ മനസ്സില്‍ സല്‍മയോട് മൊട്ടിടുന്ന അനുതാപവും സ്വന്തം ഭര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന ഫലസ്തീന്‍ വിരുദ്ധ ആന്ധ്യത്തോട് അവര്‍ പ്രകടിപ്പിക്കുന്ന തുറന്ന എതിര്‍പ്പും, സുരക്ഷാ മതിലുകള്‍ക്കും, ഫലസ്തീന്‍ വാസ സ്ഥലങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇസ്രായേലി സൈനിക നടപടികള്‍ക്കുമപ്പുറം ഇരു വശത്തുമുള്ള ശരാശരി മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സഹജീവന ത്വരയെ സൂചിപ്പിക്കുന്നു. അയല്‍പക്കത്തെ തഴച്ചു വളരുന്ന ഹരിത ഭംഗിയുള്ള തോട്ടം കാണുമ്പോള്‍ ''മനോഹരമല്ലേ അവ !' എന്നാണു മിറയുടെ ആദ്യ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഈരണ്ടു സ്ത്രീകളും പരസ്പരം സംവദിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പരസ്പരം വേര്‍ തിരിക്കുന്ന മതിലുകളല്ല, മറിച്ച് കൂട്ടിയിണക്കുന്ന പാലങ്ങളാണ് വേണ്ടതെന്നു മിറ ആഗ്രഹിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു സല്‍മയുടെ വീടിന്റെ വാതില്‍ വരെ എത്തുന്നുണ്ട് മിറ; അപ്പോഴേയ്ക്കും പിടിക്കപ്പെടുകയും തിരികെ കൊണ്ട് പോവുകയും ചെയ്യുന്നുണ്ടെങ്കിലും. അവര്‍ക്കിടയില്‍ ഉരുത്തിരിയുന്ന ഒരു നേരിയ പുഞ്ചിരി അപാരമായ ചില സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിന്റെ വിജയ സാധ്യത എത്രമാത്രം വിദൂരമാണെന്ന് പേര്‍ത്തും പേര്‍ത്തും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും, ആര്‍ക്കറിയാം, പര്‍വ്വതങ്ങളെ കിളച്ചു മാറ്റാന്‍ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധനെ പോലെ, ഒരുനാള്‍, സുരക്ഷാ മതിലുകളെയും സൈനിക നടപടികളേയും എണ്ണമറ്റ സെക്യൂരിറ്റി ചെക്ക്പോയിന്റുകളേയും, വര്‍ണ്ണവിവേചനം ശക്തിപ്പെടുത്തുന്ന ഉല്‍ബോധനങ്ങളെയും (RacistEducation) , ഗ്രനേഡുകളേയും, ആത്മഹത്യാ ബോംബര്‍മാരെയുമൊക്കെ നാരങ്ങാനീരു കൊണ്ടും ചെറു പുഞ്ചിരി കൊണ്ടും ഹൃദയം തൊടുന്ന കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഇരു വശത്തുമുള്ള മനുഷ്യര്‍ മറി കടക്കുന്ന ഒരു കാലം വരികയില്ലെന്ന് !.

2
2

അപാരമായ ഈ ശുഭാപ്തി വിശ്വാസം പക്ഷെ, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത അതി വൈകാരികതയിലേക്കും, ലളിതവല്‍ക്കരിച്ച പരിഹാര നിര്‍ദ്ദേശങ്ങളിലേക്കും വഴുതിപ്പോവാന്‍ ഒരു ഘട്ടത്തിലുംചലച്ചിത്രകാരന്‍ അനുവദിച്ചിട്ടില്ല. ചിത്രാന്ത്യത്തില്‍ സല്‍മയുടെ യുവ അഭിഭാഷകന്‍ അലി സുലൈമാന്‍ (സിയാദ്ദോദ് )പറയുന്നത് പോലെ, 'ശുഭാന്ത്യങ്ങള്‍ഹോളിവുഡില്‍ മാത്രമാണ്.'  'ഇസ്രയേല്‍ പ്രതിരോധമാന്ത്രിക്കെതിരെ ഏതാനും നാരക മരങ്ങള്‍ !ഒരു അസാധ്യ സമവാക്യം. നിങ്ങള്‍ക്ക്യാതൊരു സാധ്യതയുമില്ല' എന്ന് കോടതിയില്‍ വെച്ച് മുതിര്‍ന്ന വക്കീല്‍ അലി സുലൈമാനെ കളിയാക്കുന്നുണ്ട്. എന്നിരിക്കിലും തോട്ടം മുഴുവന്‍ നശിപ്പിച്ചു കളയുക എന്ന പരിഹാരത്തില്‍ നിന്നും മരങ്ങളൊക്കെ പകുതിവെട്ടി കാഴ്ച സുഗമാമാക്കിയാല്‍മതി എന്ന കല്‍പ്പനയിലേക്കുള്ള ചുവടുമാറ്റം ഒരു തുടക്കമെന്ന നിലക്ക് ഒരു വിജയം തന്നെയാണ്. പാതിവെട്ടിയമരങ്ങള്‍ വീണ്ടും തളിര്‍ക്കാനുള്ള സാധ്യതയെങ്കിലും ഉണ്ടല്ലോ, ഹൃദയഭേദകമായ ഒരു കാഴ്ചയാണ് അതെങ്കിലും. ഇസ്രയേല്‍ പരമോന്നത കോടതിയില്‍ നിന്ന് ഒരു ഫലസ്തീനി വനിതയ്ക്ക് അത്രയെങ്കിലും സാധ്യമായി എന്നത് പോരാട്ട വഴികളില്‍ ചെറുതല്ലാത്ത ഊര്‍ജ്ജ പ്രവാഹമാണുണ്ടാക്കുക. ടെലിവിഷന്‍ ചാനലുകളില്‍ ഒരു ചൂടന്‍വിഭവമാവുന്ന സല്‍മ അതിന്റെ സെന്‍സേഷനലിസത്തിന്റെ കെട്ടുപാടുകളുണ്ടെങ്കിലും വിഷയത്തെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതില്‍ വലിയൊരു ചുവടാണ് വെക്കുന്നത്.

3
3

പുരുഷകേന്ദ്രീകൃത മൂല്യങ്ങളില്‍ ശ്വാസം മുട്ടുന്ന രണ്ടു വനിതകളുടെ  ജീവിത ചിത്രീകരണത്തിലൂടെശക്തമായ ഒരു സ്ത്രീ പക്ഷ രചന കൂടിയാവുന്നുണ്ട് ഈ ചിത്രം. ചിത്രാന്ത്യത്തില്‍ മിറായ്ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വരുന്നതും സല്‍മയ്ക്ക് അലി സുലൈമാനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വരുന്നതും പുരുഷ മേധാവിത്തപരമായ കാരണങ്ങളാലാണ്. അതിനോട് ചേര്‍ന്ന് പോവുന്ന മതാധിഷ്ടിത സാമൂഹ്യ മൂല്യങ്ങള്‍ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ അമിത കേന്ദ്രീകരണത്തിനപ്പുറം മാനുഷികതയുടെ ഊഷ്മളതയില്‍ തന്നെയാണ് പ്രശ്ന പരിഹാരത്തിനുള്ള വിദൂര സാധ്യതയെങ്കിലുമുള്ളത് എന്ന് തന്നെയാണ്, മനസ്സില്‍ ആര്‍ദ്രത വറ്റിയിട്ടില്ലാത്തരണ്ടു സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാ ക്കുന്നതിലൂടെ സൂചിതമാവുന്നത്. മിറഉപേക്ഷിച്ചു പോയതിനു ശേഷം ഒറ്റപ്പെട്ട വീട്ടിലിരുന്നു പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഇസ്രയേല്‍ നവോണിന്റെ നോട്ടം ഉയര്‍ന്ന സുരക്ഷാ മതിലില്‍ ഉടക്കി നില്‍ക്കുന്നത് ശക്തമായ ഒരു പ്രതീകമാണ്. മിറയ്ക്ക് അതിനപ്പുറം കാണണമായിരുന്നു; സല്‍മയ്ക്കും. അഥവാ, ഇരുപുറത്തുമുള്ള സാധാരണമനുഷ്യര്‍ക്ക്‌ മുഴുവനും.


(മെന്റര്‍ മാഗസിന്‍, മെയ്- 2014)