Featured Post

Monday, September 2, 2024

Season of Crimson Blossoms by Abubakar Adam Ibrahim


ഉടലുണര്‍വ്വിന്റെ ചോരപ്പാടുകള്‍



(അബുബകര്‍ ആദം ഇബ്രാഹിമിന്റെ നൈജീരിയന്‍ സാഹിത്യ പുരസ്കാരം നേടിയ പ്രഥമ നോവല്‍ ‘ചെഞ്ചോരപ്പൂമൊട്ടുകളുടെ കാലം’ എന്ന നോവല്‍ പരമ്പരാഗത സമൂഹത്തില്‍ വൈധവ്യത്തിലെ ഉടലുണര്‍വ്വുകള്‍ എന്ന വിലക്കപ്പെട്ട വിഷയത്തെ സമകാലിക നൈജീരിയന്‍ അധോലോക/ രാഷ്ട്രീയ സംസ്കൃതിയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു.)

 

"ഇരുണ്ട ചുണ്ടുകളും ചെറു ചിതൽപ്പുറ്റുകളുടെ വയൽ പോലുള്ള ചപ്രത്തലമുടിയുമായി ബൂട്ടുകളും മറ്റും ധരിച്ചു പുരയിടത്തിന്റെ വേലി ചാടിക്കടന്നു തന്റെ ഹൃദയമെന്ന ചെളിക്കുഴിയിലേക്കു ആ തെമ്മാടി നിപതിച്ച ആ ദിനത്തിലാണ് ഒടുവിൽതന്റെ അമ്പത്തിയഞ്ചാം വയസ്സിൽഹാജിയാ ബിൻതാ സുബൈറു പിറവിയെടുത്തത്. അന്ന് വെളുപ്പിന് കൂറകളുടെ ദുസ്സഹ ഗന്ധത്തിൽ കഠിനമായ അസ്വസ്ഥതയോടെ ഉണർന്നപ്പോൾ തന്നെ എന്തോ അശുഭകരമായതു സംഭവിക്കാൻ പോകുന്നുവെന്ന് അവൾക്ക് തോന്നിയിരുന്നു. അത് വളരെ മുമ്പൊരു നാൾഅവളുടെ പിതാവ് അവൾക്കരികിൽ കുതിച്ചെത്തുകയും ഒരപരിചിതന് അവളെ വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അന്നത്തെ അതേ വികാരം ആയിരുന്നു. അല്ലെങ്കിൽആ അപരിചിതൻകൊല്ലങ്ങളോളം അവളുടെ ഭർത്താവായിരുന്ന സുബൈറുവർഗ്ഗീയ വിദ്വേഷത്തിന് അത്രക്കും ലജ്‌ജാരഹിതമായി ഇരയാവുകയും മത്തുപിടിച്ച മതഭ്രാന്തന്മാരുടെ ഒരു കൂട്ടത്തിന്റെ കയ്യിൽ എരിക്കപ്പെടുകയും ചെയ്ത ആ ദിനം പോലെയായിരുന്നു. അല്ലെങ്കിൽഅവളുടെ ആദ്യമകൻ യാരോഅവളുടെ അമ്മയുടെ ശാന്തമായ മുഖവും ശാലീന ഭാവവും ഉണ്ടായിരുന്നവന്‍പോലീസിന്റെ വെടിയേറ്റു മരിച്ച ദിനം പോലെ. അതുമല്ലെങ്കിൽഅവളുടെ മെരുങ്ങാപ്രകൃതകാരിയായ മകൾ ഹുറൈറ തന്റെ ഒന്നിനും കൊള്ളാത്തവനായ ഭർത്താവ് തന്നെ മൊഴി ചൊല്ലിയെന്നു കരഞ്ഞു വിളിച്ചു തിരികെയെത്തിയ നാൾ പോലെ."

പ്രണയമെന്ന ഉടല്‍ വഴക്കം

ഒരു നോവൽ വായനക്കാർക്ക് എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് സുവ്യക്തവും തീവ്രവുമായി ആദ്യ ഖണ്ഡിക തന്നെ ആവിഷ്ക്കരിക്കുന്നത് നിങ്ങളെ പുസ്തകത്തിന്റെ ഹൃദയത്തിലേക്ക് അതിവേഗം വലിച്ചടുപ്പിക്കും. ഇതിവൃത്ത കേന്ദ്രത്തിലെ സംഭവങ്ങൾ എന്നതിലേറെ തീക്ഷ്ണമായ ചില ഉത്കണ്ഠകളിലാണ് തന്റെ താത്പര്യം എന്ന് കൂടിയാണ്അത്തരം ഘടകങ്ങൾ ആദ്യമേ 'തുറന്നു വെക്കുന്ന'തിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. മധ്യവയസ്സു കടന്നാൽ പ്രണയമെന്നത് ഒരു പുരുഷമാത്ര വ്യവഹാരമാണ് എന്നത് പരമ്പരാഗത സമൂഹങ്ങളുടെവിശേഷിച്ചും മുസ്ലിം പാരമ്പര്യത്തിലെ പുരുഷമേധാവിത്ത മൂല്യങ്ങൾ ഭരിക്കുന്ന ഹോസാ വിഭാഗത്തിൽഅത്ര വേഗം മറികടക്കാനാവാത്ത വഴക്കമാണ് എന്നിരിക്കെഅതിനൊരു മാതൃ-പുത്ര ഈഡിപ്പല്‍’ അഗമ്യഗമന തലം കൂടി പകർന്നു നൽകുകഅവിശുദ്ധ രതിയുടെ 'അരുതാത്ത വിഷയംധീരമായി ആവിഷ്കരിക്കുകഅതിൽ തന്നെയുംഒരു പുരുഷ നോവലിസ്റ്റ് ആയിരിക്കുമ്പോൾത്തന്നെസ്ത്രൈണ രതി സങ്കൽപ്പങ്ങളുടെ വിമോചനാത്മക ഭാവങ്ങൾ തികഞ്ഞ സംവേദന ക്ഷമതയോടെ പരിശോധിക്കാൻ തയ്യാറാകുകഇതിനൊക്കെയൊപ്പംനാടിന്റെ സങ്കീർണ്ണവും ദുരന്തപൂർണ്ണവുമായ ഭൂത, വർത്തമാന കാല ചരിത്രത്തിലേക്ക് എല്ലായിപ്പോഴും ഉണർന്നിരിക്കുക- അബുബക്കർ ആദം ഇബ്രാഹിം എന്ന യുവ നൈജീരിയൻ നോവലിസ്റ്റ് തന്റെ പ്രഥമ നോവൽ ‘സീസൺ ഓഫ് ക്രിംസൺ ബ്ലോസംസ്’ എന്ന കൃതിയിലൂടെ ഈ വെല്ലുവിളകളാണ് ഏറ്റെടുക്കുന്നതും വിജയിക്കുന്നതും. വിഖ്യാതമായ നൈജീരിയൻ സാഹിത്യ പുരസ്കാരം (2016 )നേടിയ പ്രസ്തുത കൃതിയിലൂടെ "പ്രകോപനകാരിയായ സാഹിത്യകാരൻ" എന്ന് അദ്ദേഹം വിളിക്കപ്പെട്ടതും ഫെമിനിസ്റ്റ് സമീപനങ്ങൾ ഉള്ള എഴുത്തുകാരികൾ പുസ്തകത്തെ ആഹ്‌ളാദത്തോടെ സ്വീകരിച്ചതും സ്വാഭാവികമായിരുന്നു.

പ്രണയത്തെ കുറിച്ചുള്ള ഹാജിയ ബിന്‍ത സുബൈറുവിന്റെ ആദ്യ നിലപാട് പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ തെരഞ്ഞെടുപ്പെന്ന കേട്ടു കേള്‍വിയില്ലാത്ത കാര്യം അവരെങ്ങനെയാണ് നിശ്ശബ്ദം അംഗീകരിച്ചത് എന്നതില്‍ പ്രകടമാണ്2001 – സെപ്തംബര്‍ ഏഴ് എന്ന ശപിക്കപ്പെട്ട ദിനത്തില്‍ വീട്ടില്‍ നിന്ന് പുറത്തു പോകുകയും പിന്നീട് ഒരിക്കലും തിരിച്ചു വരാതിരിക്കുകയും ചെയ്ത സുബൈറു വിനെ പ്രണയപൂര്‍വ്വമാണോ ഓര്‍ക്കുന്നത് എന്ന പേരക്കിടാവിന്റെ ചോദ്യത്തിന് ഹാജിയാ ബിന്‍ത സുബൈറു നല്‍കുന്ന മറുപടിയില്‍ അത് വ്യക്തമാണ്:

പ്രണയം?ആ വാക്ക് ബിന്‍തയുടെ നാവില്‍ അസാധാരണമാം വിധം കനത്തതായി അനുഭവപ്പെട്ടു. “എനിക്കറിയില്ല, സത്യമായും. എന്നാല്‍ നീ ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം ജീവിച്ചാല്‍ നീ അയാളെ പ്രണയിക്കുന്നോ ഇല്ലെയോ എന്നത് ഒരു വിഷയമേയല്ല.”

എങ്ങനെയാണ് പ്രണയിച്ചിട്ടെയില്ലാത്ത ഒരാളോടൊപ്പം ജീവിക്കാനാവുക?

എന്റെ കാലത്ത്, ഞങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്തോ, അതുപ്രകാരം ജീവിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു...”

പരമ്പരാഗത പാപബോധ ചിന്ത ആഴത്തില്‍ വേരോടിയത് കൊണ്ടുതന്നെയാണ് റേസയുമായുള്ള ബന്ധം അത്രമേല്‍ ആത്മനിന്ദ ബിന്‍തയില്‍ ഉളവാക്കുന്നതും. “പൂക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ കാത്തു നില്‍ക്കുന്ന ഏതോ വങ്കന്‍ പുഷ്പം. മുപ്പതു വര്‍ഷംഅവള്‍ പറഞ്ഞു. എന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അതു സംഭവിക്കുമ്പോഴോഅത് ഒരു ശവം പോലെ നാറുന്നു.” ഒരായുഷ്കാലത്തിന്റെ കാമനകള്‍ മുഴുവന്‍ ഉള്ളിലൊതുക്കിപ്പിടിച്ച് പ്രണയശേഷമില്ലാത്ത നിരര്‍ത്ഥക ബന്ധങ്ങളില്‍ നിരന്തരം ആറാടി ഒടുവില്‍വാര്‍ദ്ധക്യത്തിന്റെ പിടിമുറുക്കം തുടങ്ങുന്ന ഘട്ടത്തില്‍ തന്റെ നിതാന്ത പ്രണയമായിരുന്ന ഫെര്‍മിന ഡാസായുമായി സന്ധിക്കുന്ന മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ അരീസോ (കോളറക്കാലത്തെ പ്രണയം) കണ്ടെത്തുന്നതും അതാണ്‌: ഈ പ്രായത്തില്‍ അത് ഒട്ടും ആസ്വദ്യകരമല്ല.

ചരിത്രത്തിന്റെ കുരുതിപ്പൂക്കള്‍

വടക്കന്‍ നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റില്‍ ജോസ് എന്ന സ്ഥലം നോവലിന്റെ പ്രധാന ‘സംഭവ കേന്ദ്രമായി (centre of action) നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്‌. വടക്കന്‍ നൈജീരിയ ക്രിസ്ത്യന്‍-മുസ്ലിം സംഘര്‍ഷങ്ങളില്‍ കലങ്ങിമറിഞ്ഞ പുതിയ നൂറ്റാണ്ടാദ്യത്തില്‍ സംഭവിക്കുന്ന സുബൈറുവിന്റെ കൊലപൊതുവേ സമാധാനപൂര്‍ണ്ണമായിരുന്ന പ്രദേശം ദക്ഷിണ സുഡാനിന്റെയോ റുവാണ്ടയുടെയോ പോലുള്ള ഇതര ആഫ്രിക്കന്‍ സംഘര്‍ഷ മേഖലകളുടെ സ്വഭാവത്തിലേക്കു മാറിയതിന്റെ ചിഹ്നമാണ്2001 സെപ്തംബര്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട, നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഇടയ്ക്കിടെ ചൂടുപിടിക്കുകയും ഇന്നും തുടരുകയും ചെയ്യുന്ന സംഘര്‍ഷങ്ങളില്‍ ജോസ് പ്രദേശത്തു മാത്രം പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അതിലുമെത്രയോ കൂടുതല്‍ ആളുകള്‍ പറിച്ചെറിയപ്പെടുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ പട്ടാളമോ യുദ്ധപ്രഭുക്കളോ അട്ടിമറിക്കുന്നതും തങ്ങള്‍ക്കിണങ്ങാത്ത ഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ അതംഗീകരിക്കാതിരിക്കുന്നതും പതിവായി സംഭവിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഹാജിയ ബിന്‍തഒരു യുദ്ധ വിധവയാണ്; അവരുടെ സഹോദരീ പുത്രി ഫായിസ യുദ്ധം സൃഷ്ടിച്ച അനാഥയും2010-ലെ ലഹളകളുടെ നേര്‍ ചിത്രങ്ങളാണ് അവളുടെ ഉറക്കം കെടുത്തുന്നതും മനോ വിഭ്രാന്തിക്കു കാരണമാകുന്നതും. ചില്ലുകള്‍ ഉടയുന്നതിന്റെയും ഭയന്ന അലമുറകളും കോപവും പ്രതിഷേധവും യാചനയും കലമ്പുന്ന സ്വരങ്ങളും അവള്‍ കേട്ടുകൊണ്ടെയിരിക്കുന്നുഅത് ജിന്നുബാധയാണെന്നു ഹുറൈറ പറയുമ്പോഴും ഹാജിയക്കറിയാം അതെവിടെ നിന്ന് വരുന്നുവെന്ന്. സഹോദരന്റെ മുഖം ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല എന്നത് ഒരു വേദനയായി ഫായിസയെ വേട്ടയാടുന്നുണ്ട്‌. അവള്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൂടിക്കലരുകയും ഇഴപിരിയുകയും ചെയ്യുന്നു. യുദ്ധം അന്നുവരെ ഒരുമിച്ചു കഴിഞ്ഞ മനുഷ്യരെ പോലും പരസ്പരം ഒറ്റിക്കൊടുക്കുകയും കൊലയാളികള്‍ ആക്കുകയും ചെയ്യുന്നതിന് അവള്‍ സാക്ഷിയായിട്ടുണ്ട്: അവളുടെ പിതാവ് മുവാസു അമീനുവിനെ ചിരപരിചിതനായിരുന്ന അവളുടെ ഗണിത അദ്ധ്യാപകന്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊന്നുകളയുകയായിരുന്നു. നോവലിസ്റ്റിന്റെ ഭാഷയുടെ കരുത്തും സൗന്ദര്യവും ബോധ്യപ്പെടുത്തുന്ന ഏറ്റവും തീക്ഷ്ണമായ വിവരണം ഇങ്ങനെയാണ്:

അവര്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്തപ്പോള്‍ ആദ്യം അവളുടെ പിതാവ് കൈകള്‍ തലയ്ക്കു മുകളിലുയര്‍ത്തി മുന്നോട്ടു ചെന്നു.,..

എന്റെ കുഞ്ഞുങ്ങളെ വെറുതെ വിടണേ, ദയവായി.’ വീട്ടില്‍ അതിക്രമിച്ചു കയറിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ മുവാസു മുട്ടുകുത്തി.

കൊല്ലവനെ!, കൊല്ലവനെ! എന്താണ് കാത്തു നില്‍ക്കുന്നത്?അതൊരു സ്ത്രീയായിരുന്നു

ഫായിസക്കറിയാമായിരുന്നു ആ സ്ത്രീയുടെ സ്വരം അവള്‍ ഒരിക്കലും മറക്കില്ലെന്ന്. അതിലെ വെറുപ്പ്‌ അവളൊരിക്കലും മറക്കില്ല. ആളുകളെ തങ്ങള്‍ ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത മനുഷ്യരെ കൊല്ലാന്‍ പ്രാപ്തമാക്കുന്ന വെറുപ്പിന്റെ പകര്‍ച്ച സ്വഭാവം അവളറിഞ്ഞു, അല്ലെങ്കില്‍ ഒരേ പാത്രത്തില്‍ നിന്ന് ഉണ്ട മനുഷ്യരെ, ഒരുമിച്ചു കരഞ്ഞ, ചിരി പങ്കുവെച്ച, ചില സന്ദര്‍ഭങ്ങളില്‍ ബന്ധുത്വത്തിന്റെ അടുത്തെത്തുന്ന സൗഹൃദത്തിന്റെ തളിര്‍ത്ത വള്ളിക്കുടില്‍ നനച്ചുവളര്‍ത്തിയ മനുഷ്യരെ. എന്നാല്‍ ആ സ്ത്രീയുടെ സ്വരം, ഒരൊറ്റയടിക്ക്, വള്ളിക്കുടിലിനെ തകര്‍ത്തുകളഞ്ഞു, അതിന്റെ ശകലങ്ങള്‍ ചിന്നഭിന്നമായ സസ്യജാലത്തെ പോലെ അവരുടെ കാല്‍ക്കല്‍ വീണുപോയി

ഫായിസ മുന്നോട്ടു ചുവടുവെച്ചുതന്റെ ഗണിത അദ്ധ്യാപകന്‍ ജേക്കബ് ജെയിംസിന്റെ മുഖം കണ്ടുഅയാളെപ്പോഴും വൃത്തിയായി വസ്ത്രം ധരിക്കുമായിരുന്നു- ഷര്‍ട്ട് നന്നായി ഇസ്തിരിയിട്ട്കൃത്യമായി ധരിച്ച ടൈയ്യോടെ.

അയാളുടെ മുഖം യുദ്ധത്തിന്റെ ചായം പൂശി ക്രൗര്യം വരുത്തിയിരുന്നു, അത് വിയര്‍പ്പും വിദ്വേഷവും കൊണ്ട് തിളങ്ങി, അയാള്‍ തന്റെ കൊടുവാള്‍ ഉയര്‍ത്തി താഴേക്കു കൊണ്ടുവന്നു. തിളങ്ങുന്ന ചുവപ്പ് ചോര, ചൂടും ഒട്ടലുമുള്ളത്, ഫായിസയുടെ മുഖത്തേക്ക് തെറിച്ചുവീണു, പിതാവ് നല്‍കിയതായിരുന്ന ചിപ്പിച്ചുവപ്പുള്ള രാത്രി വസ്ത്രത്തില്‍ പുള്ളികള്‍ വീഴ്ത്തി.” – നോവലിന്റെ തലക്കെട്ടിലെ ‘ചെഞ്ചോര മൊട്ടുകള്‍’ അങ്ങനെയാണ് പിറവിയെടുക്കുന്നത്.

ലളിതമല്ലാത്ത സമവാക്യങ്ങള്‍

എന്നാല്‍വംശീയ സംഘര്‍ഷങ്ങളും മാനുഷികതയും തമ്മിലുള്ള വിനിമയങ്ങളിലെ സങ്കീര്‍ണ്ണതകള്‍ സമവാക്യങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നു ബിന്‍ത കണ്ടെത്തുന്നുണ്ട്: “എന്റെ ഭര്‍ത്താവ്.. അദ്ദേഹം തൊഴില്‍ നല്‍കിയ ക്രിസ്ത്യന്‍ യുവാക്കളാല്‍ കൊല്ലപ്പെട്ടു. അവര്‍ അദ്ദേഹം ഒന്നാം പേരില്‍ വിളിച്ച ഇടപാടുകാര്‍ ആയിരുന്നു. എന്റെ സഹോദരിയുടെ ഭര്‍ത്താവും മകനും ക്രിസ്ത്യന്‍ അയല്‍പക്കക്കാരുടെ കൈകളില്‍ കശാപ്പു ചെയ്യപ്പെട്ടുകാരണം ഒരു സ്ത്രീ അതവരോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ സഹോദരിയും പെണ്‍മക്കളും ബാലാല്‍ക്കാരത്തില്‍ നിന്നും കൊലയില്‍ നിന്നും രക്ഷപ്പെട്ടത് മുസ്ലിം യുവാക്കള്‍ കൊന്നുകളഞ്ഞ ഭര്‍ത്താവുണ്ടായിരുന്ന ഒരു സ്ത്രീ മുഖാന്തരമായിരുന്നു.” ഈ പാഠമാണ് അവള്‍ റേസയ്ക്കു പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നത്: “.. (ഇതാണ്) ഞാന്‍ മാനുഷികതയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താത്തത്. ഇതാണ് ഞാന്‍ നിന്നെ കുറിച്ച് പ്രതീക്ഷ കൈവിടാന്‍ തയ്യറല്ലാത്തത്.”

ഓരോ ദിനവും മോഷ്ടാക്കള്‍ക്ക്’ (‘എവരിഡേ ഈസ്‌ ഫോര്‍ ദി തീഫ്’- തേജു കോല്‍ Every Day Is for the Thief- Theju Cole) എന്ന മട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ വിളയാടുന്ന ദൈനംദിന ജീവിതാവസ്ഥയുടെ പ്രതീകം തന്നെയാണ് ഹസന്‍ ‘റേസാ’ ബാബാലെയെന്ന ഗുണ്ടയും സംഘത്തലവനും അവരുടെ കേന്ദ്രമായ ‘സുശുപ്തിയിലാണ്ട മൃഗ’മായ സാന്‍ സീറോ ചേരിയുടെ രാജകുമാരനും കഞ്ചാവു വലിക്കാരനുമായ ചെറുപ്പക്കാരന്‍ - ‘റേസര്‍’ മൂര്‍ച്ചയോടെ ഹിംസ നടത്താന്‍ കഴിയുന്നവനെങ്കിലും സെനറ്റര്‍ ബുബാ മൈകുദിയെ പോലുള്ള കൂടുതല്‍ വലിയ രാഷ്ട്രീയ ദൈവങ്ങളുടെ പദ്ധതികളില്‍ ആവശ്യം കഴിഞ്ഞാല്‍ കൃമികളെ പോലെ ഒടുക്കിക്കളയാന്‍ മാത്രം വിധിയുള്ളവന്‍. വടക്കന്‍ ദേശത്തെ ഫുലാനി വിഭാഗക്കാരില്‍ നിന്ന് കാലികളെ വാങ്ങി തെക്കന്‍ നൈജീരിയയിലെ ഇബോ വിഭാഗക്കാര്‍ക്കെത്തിച്ചു കൊടുക്കുന്ന ജോലിയായിരുന്നു അവന്റെ പിതാവിന്. ഒരിക്കലും യോജിക്കാത്ത ബന്ധം ഉപേക്ഷിച്ചു മമ്മ സൌദിയിലേക്ക് പോയത് അവന്റെ കുട്ടിക്കാലത്തെ ഇല്ലാതാക്കി. ‘ആ സൗദി തേവിടിശ്ശി’ എന്ന് മാത്രം മമ്മയെ ഓര്‍ക്കുന്നതിന് അവനു കാരണങ്ങള്‍ ഉണ്ട്പശ്ചാത്തപിക്കാനും മകനെ രക്ഷപ്പെടുത്താനുമുള്ള അവരുടെ ശ്രമങ്ങള്‍ അവഗണിക്കാനും. ഒരു പ്രകോപനവുമില്ലാത്ത പതിവു ഏറ്റുമുട്ടലില്‍ പോലീസിന്റെ കൈകളില്‍ മരിക്കുന്ന യാരോയുടെ തികച്ചും വിസ്മൃതമായ ഓര്‍മ്മ എങ്ങനെയാണ് റേസാ ഉണര്‍ത്തിയതെന്നത് ഹാജിയാ ബിന്‍തക്കും നിഗൂഡതയാണ്. താന്‍ തന്നെ മറന്നുപോയ ഹസന്‍ എന്ന യഥാര്‍ത്ഥ പേര് ഇപ്പോള്‍ ബിന്‍ത മാത്രമാണ് തന്നെ വിളിക്കുന്നതെന്നത് റേസാക്കും വിചിത്രമായിത്തോന്നും. അപ്രതിരോധ്യമായ ഒരാകര്‍ഷണത്തില്‍ ‘പാപം’ ആവര്‍ത്തിക്കുമ്പോഴും റേസായുടെ ജീവിത വഴികളില്‍ മാതൃ സാന്നിധ്യം ആവാന്‍ തന്നെയാണ് ബോധപൂര്‍വ്വമെങ്കിലും അല്ലെങ്കിലും ഹാജിയായുടെ ശ്രമം. അത് ഒന്നിലേറെ തവണ ബന്ധത്തിന് ഭീഷണിയാകുന്നുമുണ്ട്. ഒരു ഘട്ടത്തില്‍ സ്വയം മറന്നു ഹാജിയയെ പ്രഹരിക്കാന്‍ ഉയര്‍ത്തിയ കൈ അവരെ ഞെട്ടിക്കുന്നുണ്ട്. “അവളുടെ ഹൃദയത്തിന്റെ വന്യമായ മിടിപ്പിനും മുകളില്‍ നഗ്നമായ ഭീഷണിയുടെ നുരകള്‍ അവളറിഞ്ഞു,   ആസക്തി കൊണ്ടും അവര്‍ പേരു വിളിക്കാന്‍ വിസമ്മതിച്ച മറ്റു മൃദുല ഭാവങ്ങള്‍ കൊണ്ടും അവര്‍ ഒരുമിച്ചു തീര്‍ത്ത കൂടിനെ അത് പിടിച്ചുലച്ചു.”  റേസായുമായി ബന്ധം പുനസ്ഥാപിക്കാനും അവനെ അവന്റെ നരകജീവിതത്തില്‍ നിന്ന് മോചിപ്പിച്ചു സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും മമ്മ നടത്തുന്ന ശ്രമങ്ങളോട് ഈര്‍ഷ്യയോടെ മുഖം തിരിക്കുന്ന യുവാവിനെ അവര്‍ ശാസിക്കുന്നുമുണ്ട്, അത് വിശേഷിച്ചു ഒരു ഗുണവും ഉണ്ടാക്കില്ലെങ്കിലും. ആദ്യ കണ്ടുമുട്ടലില്‍ കഴുത്തില്‍ മുറിപ്പാടുണ്ടാക്കുന്ന കത്തിമുന അമരുമ്പോഴും ഒരു ആണുടലിനോട് താന്‍ ചേര്‍ന്ന് നിന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നു ബിന്‍ത ഓര്‍മ്മിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ഓരോ സമാഗമവും അങ്കലാപ്പും പാരമ്പര്യ നിഷേധത്തിന്റെ ഭയപ്പാടും പാപബോധവും കലര്‍ന്ന ‘വിലക്കപ്പെട്ട’  ബന്ധത്തിന്റെ (‘അബിന്‍ കുന്‍യ’‘Abin Kunya’) സംഘര്‍ഷമാണ് ഹാജിയ ബിന്‍തയില്‍ അവശേഷിപ്പിക്കുക. ഹാജിയ തന്റെ ജീവിതത്തില്‍ അത്തരം വിധിവിലക്കുകള്‍ എന്നും മാനിച്ചു പോന്നവളാണ് എന്നതിന്റെ ശക്തമായ തെളിവാണ് ആദ്യ ആണ്‍സന്തതിയെ പേരു വിളിച്ചുകൂടാ എന്ന കീഴ്വഴക്കം അവര്‍ നിഷ്കര്‍ഷയോടെ അംഗീകരിക്കുന്നതും, പട്ടാള ഭരണാധികാരി മൂര്‍ത്തല മുഹമ്മദ്‌ വധിക്കപ്പെട്ട ദിവസം (13 ഫെബ്രുവരി 1976) പിറന്നതിന്റെ ഓര്‍മ്മയ്ക്ക്‌  മുര്‍ത്തല  സുബൈറു എന്ന് പേരിട്ട മൂത്ത മകനെ ‘യാരോ’ (‘boy’) എന്ന് വിളിക്കുന്നതും. അക്കാര്യത്തില്‍ മകള്‍ ഹദീസക്ക് വേറെ നിലപാടാണ്: “ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. ഞാന്‍ എന്നെയും എന്റെ കുട്ടികളെയും നിങ്ങള്‍ ചെയ്തപോലെ പഴയ രീതികളുടെ ചങ്ങലയില്‍ കുരുക്കില്ല.” അതേ സമയം ‘റേസാ’യെന്ന വിളിപ്പേരിനു പകരം ഹസന്‍ എന്ന ആരും വിളിക്കുന്നില്ലാത്ത പേരില്‍ മാത്രമാണ് ബിന്‍ത കാമുകനെ വിളിക്കുക. ബന്ധത്തിലെ ഈഡിപ്പല്‍ സംഘര്‍ഷം അവരേ തുടക്കം മുതലേ മഥിക്കുന്നുമുണ്ട്: “അവര്‍ക്ക് അറിയാനായി, ഒരപരിചിതന്റെ കണ്ണുകളില്‍ യാരോക്കു വേണ്ടിയുള്ള തന്റെ അന്വേഷണം അവരുടെ അത്രയും കാലം അടക്കിനിര്‍ത്തിയിരുന്ന അഭിലാഷങ്ങളെ കയറൂരിവിട്ടു, വ്യഭിചാരത്തിന്റെ മനംപിരട്ടുന്ന വാട തന്നില്‍ ചുറ്റിപ്പറ്റിനില്‍ക്കാന്‍ ഇടയാക്കുകയും ചെയ്തു.” കണ്ണീരൊഴുകുന്ന മുഖവുമായാണ് തന്റെ ഉടലിനുള്ളില്‍ അയാള്‍ തുറന്നുവിടുന്ന ആസക്തിയുടെ രുചികള്‍ അവര്‍ ഏറ്റുവാങ്ങുക. റേസയാകട്ടെകണ്ണീരണിയുക സമാനമായ ഒരു കണ്ടെത്തലിലാണ്: “അവര്‍ക്ക് എന്റെ അമ്മയുടെ കണ്ണുകളുണ്ട്.”

പ്രതീക്ഷയുടെ വഴികള്‍

വിദ്യാഭ്യാസമാണ് സ്വതേ പ്രതീക്ഷയറ്റ സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഏക ഉപാധിയെന്നത് പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ തിരിച്ചറിവുകളുടെ ഭാഗമായി ആ ദേശങ്ങളില്‍ നിന്നുള്ള സാഹിത്യത്തില്‍ ആവര്‍ത്തിക്കുന്ന പ്രമേയമാണ്. വടക്കന്‍ നൈജീരിയയിലെ വഴിതെറ്റിപ്പോകുന്ന യുവത്വത്തിന്റെ പ്രധാന പോരായ്മ വിദ്യാഭ്യാസക്കാര്യത്തില്‍ കുടുംബങ്ങളില്‍ നിലനിന്ന അലംഭാവം തന്നെയാണെന്നും ഭരണ-രാഷ്ട്രീയ മാഫിയകള്‍ ഈ ദൗര്‍ബല്യത്തെ ആവോളം മുതലെടുത്തിട്ടുണ്ടെന്നും തങ്ങളുടെ ആവശ്യത്തിനു ഉപയോഗിച്ച് തള്ളാനുള്ള കായിക വിഭവം മാത്രമാണ് അവര്‍ക്ക് ദൗര്‍ഭാഗ്യവാന്മാരായ ഈ ചെറുപ്പക്കാര്‍ എന്നുമുള്ള വസ്തുതയുടെ തികഞ്ഞ മാതൃകയാണ് റേസായും കൂട്ടരും. മൂന്നോ നാലോ കുട്ടികള്‍ ആയിക്കഴിഞ്ഞതിനു ശേഷം വാശിയോടെ മുതിര്‍ന്നവര്‍ക്കുള്ള ക്ലാസില്‍ പഠിക്കുകയും അധ്യാപികയായി രണ്ടു പതിറ്റാണ്ടു കാലം ജോലി ചെയ്യുകയും ചെയ്ത ബിന്‍ത, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം റേസായെ ബോധ്യപ്പെടുത്താന്‍ പലവുരു ശ്രമിക്കുന്നുണ്ട്. അവര്‍ തന്നെ മുന്‍കൈ എടുത്ത് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. “അവള്‍ അയാളുടെ അരികിലിരുന്നു, എന്നിട്ട് സ്വന്തം മകനോടെന്ന പോലെ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു” എന്ന് നോവലിസ്റ്റ് എഴുതുന്നു. നൈജീരിയന്‍ സാഹിത്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നായ ‘കാനോ മാര്‍ക്കറ്റ് ലിറ്ററേച്ചര്‍’ പാരമ്പര്യത്തെ കുറിച്ചുള്ള ഒട്ടേറെ സൂചകങ്ങളും നോവലില്‍ കടന്നു വരുന്നുണ്ട്. ബിന്‍തയുടെ പേരക്കിടാങ്ങള്‍ ഫായിസയും കരീമയും മറ്റും അത്തരം റൊമാന്‍സ് (‘soyayya’ novels ) നോവലുകളുടെ ആരാധകരാണ്. ഒരു പെണ്‍സുഹൃത്ത് സമ്മാനമായി നല്‍കിയ സൈപ്രിയന്‍ എക് വെന്‍സിയുടെ നോവല്‍ ‘ദി പ്രൊഫസര്‍ ഓഫ് മലാം ഇലിയ’യുടെ കോപ്പി തന്റെ ഭര്‍ത്താവിന്റെ പെട്ടിയില്‍ കണ്ടെത്തുന്നതാണ് ഹുറൈറ അയാള്‍ക്കെതിരില്‍ ഉപയോഗിക്കുന്ന ഒരായുധം. ഹെമിങ് വേയുടെ കിഴവന്റെ സഹനവും ദുരന്തവും തന്റെ ജീവിതത്തിലും മാറ്റൊലിക്കൊള്ളുന്നതായി ആ പുസ്തകം വീണ്ടും വീണ്ടും വായിക്കുന്നനല്ല വായനക്കാരിയായ ഹാജിയ ചിന്തിക്കുന്നുണ്ട്. എന്നാല്‍ഇതിനൊക്കെ നേര്‍വിപരീതമായിബുബാ മൈകുദിയെ പോലുള്ളവര്‍ക്ക് വിദേശത്തു മികച്ച യൂണിവേഴ്സിറ്റികളില്‍ തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാണെങ്കിലും റേസായെ പോലുള്ള ചാവേറുകളുടെ കാര്യത്തില്‍ വേറെ പദ്ധതികളാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ‘രാഷ്ട്രീയത്തില്‍ നിതാന്ത സൌഹൃദങ്ങള്‍ ഇല്ലപക്ഷെ നിതാന്ത താല്‍പര്യങ്ങള്‍ ഉണ്ട്’ എന്ന നിലപാടുള്ള തികഞ്ഞ മാക്കിയവെല്ലിയന്‍ വില്ലന്‍ ആയ സെനറ്റര്‍പാര്‍ട്ടിക്കകത്തെ തന്റെ രാഷ്ട്രീയ എതിരാളി അല്‍ ഹാജി ഷേഹു ബാകോരിയെ വരുതിയിലാക്കാനുള്ള പദ്ധതിയുടെ നടത്തിപ്പിനായി അയാളുടെ മകനെ തട്ടിക്കൊണ്ടുപോകുകയെന്ന ജോലി റേസയെ ഏല്‍പ്പിക്കുന്നത് അതിന്റെ ഭാഗമാണ്. അത് കൂട്ടുകാരുടെ പിടിപ്പുകേടില്‍ പരാജയപ്പെടുന്നത് അയാളെ ബോസിന്റെ കരിമ്പട്ടികയിലാക്കുന്നു. എന്നാല്‍ നോവലിസ്റ്റ് ഈ സന്ദര്‍ഭത്തെ റേസയുടെ മനസ്സില്‍ ഇനിയും വറ്റിയിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ ഉറവ ഒരിക്കല്‍ കൂടി ചുരത്താനുള്ള അവസരമായാണ് ഉപയോഗിക്കുന്നത്. ആളുമാറി തടവിലാക്കുന്ന പെണ്‍കുട്ടിയോട് തോന്നുന്ന ആകര്‍ഷണം ഒരു കീഴടക്കല്‍ മനോനിലയിലേക്ക് ഒരിക്കലും അയാളെ എത്തിക്കുന്നില്ല. ലൈലയുടെ മുടിയിഴകളുടെ മസൃണതയും ഉടലിന്റെ പേലവ യൌവ്വനവും പ്രായം കടന്ന ഹാജിയയുമായുള്ള സമാഗമ ഘട്ടത്തില്‍ അയാളെ മഥിക്കുന്നുണ്ട്അയാളുടെ എങ്ങോ നഷ്ടപ്പെട്ട ഭാവം പുതിയ ബന്ധത്തിന്റെ തെളിവായി ഹാജിയ മണത്തറിയുന്നുമുണ്ട്. തങ്ങള്‍ രണ്ടുപേരും പെട്ട് പോയവരാണ് എന്ന് ലൈലയോട് വിവരിക്കുന്ന റേസ പറയുന്നുണ്ട്: “ചിലയാളുകള്‍ പുതിയ ഔഷധികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്മറ്റുള്ളവര്‍ പുതിയ ആയുധങ്ങള്‍ തീര്‍ക്കുകയും. പിന്നെ വേറെ ചിലരുണ്ട് തങ്ങളെ തന്നെ കൊല്ലാന്‍ നടക്കുന്നവര്‍. ശരിക്കും ഭോഗിക്കപ്പെട്ടത്‌, മനസ്സിലാവുന്നുണ്ടല്ലോ?” ദുരൂഹമായ ചടങ്ങായി ദൈവപ്രീതിക്കുവേണ്ടി മൂന്നു വയസ്സുകാരിയെ കൊന്നു തുണ്ടം തുണ്ടമാക്കിയ കൊലയാളിയെ കുറിച്ച് പറയുമ്പോള്‍ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിക്കുന്ന ഒരുതുള്ളി കണ്ണീര്‍ അയാളുടെ കണ്ണുകളില്‍ പൊടിയുന്നത് അവള്‍ കാണുന്നുണ്ട്.

ബലിമൃഗത്തിന്റെ അടയാളം

നോവലിലെ കഥാപാത്രങ്ങളെല്ലാം സമൂഹ നിര്‍മ്മിതിയായ സങ്കീര്‍ണ്ണതകളെ നേരിടുന്നുണ്ടെന്നും ഒരു ‘ചെഞ്ചോര മൊട്ടു’മായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Salamatu Sule: “SEASON OF CRIMSON BLOSSOMS”: THE EFFECT OF SOCIETY ON THE HUMAN PERSONALITY IN ABUBAKAR ADAM IBRAHIM’S DEBUT NOVEL: .wrr.ng/authorpedia). ഫായിസ യുദ്ധത്തിന്റെ പ്രതിബിംബങ്ങള്‍ വരക്കാന്‍ ശ്രമിക്കുമ്പോള്‍ ഹുറൈറക്ക് തന്റെ ഭര്‍ത്താവിനെ തിരികെ കിട്ടണം. റേസയുടെ ദുരന്തത്തിനു ശേഷം അയാള്‍ നല്‍കിയ പൂമ്പാറ്റകളെ തുന്നിപ്പിടിപ്പിച്ച ലേസുകളില്‍ ബിന്‍തയുടെ പ്രണയം തങ്ങിനില്‍ക്കും. നിരന്തര പ്രണയാഭ്യര്‍ത്ഥനയുമായി ഹാജിയ ബിന്‍തയെ പിന്തുടരുന്ന മലാം ഹാറൂനയുടെ റേഡിയോയാണ് അയാളുടെ ചെഞ്ചോര മൊട്ട്. ഹാജിയ അതുമാത്രമല്ലഅയാളുടെ പ്രണയത്തെയും നിഷേധിക്കുന്നതാണ് അയാളില്‍ പ്രതികാരവാഞ്ചയായി ഉണരുകയും ഉന്നതങ്ങളില്‍ പിടിപാടുള്ള ഹാജിയുടെ മകന്‍ മുന്‍കൈലയെ റേസയുമായുള്ള മുഖാമുഖത്തിലേക്കും തുടര്‍ന്ന് ദുരന്തങ്ങളുടെ അനുസ്യൂതിയിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുക. റേസയില്‍ നിരാശനായിപ്പോയ സെനറ്ററും ചെറുപ്പക്കാരന്റെ കൂസലില്ലായ്മയില്‍ എന്നും പ്രകോപിതനായിരുന്ന പോലീസ് മേധാവി ദോദാ ബലേരിയും അതില്‍ കണ്ണിചേരുന്നത് തികച്ചും ഒരു കാനിവുഡ് ത്രില്ലര്‍ ചേരുവ പ്രദാനം ചെയ്യുന്നുമുണ്ട്. റേസയുടെ ദുരന്തം എവിടെയൊക്കെയോ മെല്‍ വില്ലിന്റെ ബില്ലിയെ (Billy Budd: the Sailor – Herman Melville)   ഓര്‍മ്മിപ്പിക്കുന്നുണ്ട്,   ബില്ലിയുടെ നിരുപാധിക നിഷ്കളങ്കതയല്ല റേസയുടെ പ്രകൃതം എന്നിരിക്കിലും.

 പാപത്തിന്റെ ശമ്പളം മരണമെന്ന പരമ്പരാഗത സമൂഹങ്ങളില്‍ രൂഡമായ നിലപാടിനു തികച്ചും ദാരുണമായ ഒരു ഉദാഹരണമായിത്തീരുന്ന നോവലന്ത്യംമരണത്തെക്കാള്‍ വലിയ ദുരന്തമാണ് ബിന്‍തയുടെ വിഹിതമായി കരുതിവെക്കുന്നത്‌. വിധവയുടെ അടിച്ചമര്‍ത്തപ്പെട്ട ഉടല്‍മോഹങ്ങളുടെ വിമോചനം എന്ന സാധ്യതക്കെതിരെ മതവും ലൈംഗിക അസൂയയും കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകളും ഒരുമിച്ചു കൈകോര്‍ക്കുമ്പോള്‍രക്ഷപ്പെടാനുള്ള ചെറിയ മനുഷ്യരുടെ മോഹങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും പശ്ചാത്താപ ബോധത്തിനോ സ്വയം പരിവര്‍ത്തനപ്പെടാനുള്ള സന്നദ്ധതക്കോ ഒരിക്കല്‍ വാളെടുത്തുപോയ ഇരജന്മങ്ങളെ പുനരധിവസിപ്പിക്കാനാവില്ല എന്നും റേസായുടെ വിധി സാക്ഷ്യപ്പെടുത്തുന്നു. പ്യൂരിറ്റാനിക്കല്‍ സാഹചര്യങ്ങളിലെ വിലക്കപ്പെട്ട ലൈംഗികതയുടെ ആവിഷ്കാരത്തില്‍ നോവല്‍ നാഥനീല്‍ ഹോതോണിന്റെ ‘ദി സ്കാര്‍ലെറ്റ് ലെറ്റര്‍’ എന്ന ക്ലാസിക്കിനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ബിന്‍ത സുബൈറുവിനെ ഹെസ്റ്റര്‍ പ്രിന്നിന്റെ ഒരു ഹോസാ-മുസ്ലിം പതിപ്പായി കാണാമെന്നും ജോസഫ് ഒമോതായോ (Joseph Omotayo, criticalliteraturereview.blogspot.com) നിരീക്ഷിക്കുന്നതും പ്രസക്തമാണ്. 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 171-180)

To purchase, contact ph.no:  8086126024

read more: 

Ghana Must Go by Taiye Selasi

https://alittlesomethings.blogspot.com/2016/08/blog-post_59.html

Americanah by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html

Purple Hibiscus by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2016/06/blog-post_10.html


Sunday, September 1, 2024

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

 ദൈവനിഴല്‍പ്രദേശത്തിന്റെ സന്ദേശം




ആഫ്രിക്കന്‍ ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ കലാപകാരിയും നൂതന പാതയുടെ വക്താവുമായ ഐവോറിയന്‍ (Côte d'Ivoire- B.1955) എഴുത്തുകാരി വെറോനിക് താദ് യോ, ചെറുകഥകവിതനോവലുകള്‍കുട്ടികളുടെ സാഹിത്യം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ചിത്രകാരി കൂടിയായ താദ് യോ അവരുടെ പുസ്തകങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുകയും സ്വന്തമായും ഗ്രൂപ്പുകളിലും ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ കൃതികളില്‍ പലതും ഇംഗ്ലീഷ് ഭാഷയിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. A vol d'oiseau (1986; As the Crow Flies), Loin de mon père (2010; Far from My Father), L'Ombre d'Imana (2000; The Shadow of Imana), Reine Pokou (2005; Queen Pokou) എന്നിവ അവരുടെ നോവലുകളില്‍ പ്രധാനപ്പെട്ടവയാണ്. രേഖീയമല്ലാത്തതും ശ്ലഥവുമായ ശൈലിയില്‍ രചിക്കപ്പെട്ട As the Crow Flies, “ഉയര്‍ന്നു പറക്കുകയും ഇടയ്ക്കിടെ ഒട്ടേറെ കഥകളിലേക്കും സ്വരങ്ങളിലേക്കും മനോനിലകളിലേക്കും ഇടങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും കൂപ്പു കുത്തുകയും ചെയ്യുന്ന പക്ഷിയുടെ വീക്ഷണത്തിലൂടെ കൃതിയുടെ പാഠവുമായി വിനിമയം നടത്താന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു” എന്നുംആ ഭിന്ന ചിത്രങ്ങളില്‍ “നിത്യ ജീവിത സംഭവങ്ങള്‍ ഉള്‍പ്പടെ ലോക ദുരന്തങ്ങള്‍” ആവിഷ്കരിക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു *(1). ബോധധാരാ സമ്പ്രദായം ഉപയോഗിച്ചു ഒട്ടേറെ നഖചിത്രങ്ങളിലൂടെ (vignettes), പുരാതന ആഫ്രിക്കന്‍ കഥാ പാരമ്പര്യത്തെയും വാമൊഴി സമ്പ്രദായത്തെയും ഉപജീവിച്ചു പറയപ്പെടുന്ന നോവലില്‍ ജോനറുകള്‍ കൂടിക്കലരുന്നു. പ്രണയവും സാമൂഹ്യപ്രതിബദ്ധതയും ആത്മീയ, ധൈഷണിക സംഘര്‍ഷങ്ങളും സദുദ്ദേശത്തിന്റെ മാനുഷിക പരിമിതിയും പോലുള്ള സാര്‍വ്വത്രിക പ്രമേയങ്ങള്‍ പരിശോധിക്കപ്പെടുന്ന നോവലില്‍ സ്ത്രീവിരുദ്ധതആവിഷ്കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന ഏകാധിപത്യ സാഹചര്യങ്ങള്‍‘ഭൂമിയിലെ അധസ്ഥിതര്‍’ ("wretched of the earth") ആയിപ്പോയ ദരിദ്രരുടെ ദേശീയ കഥകള്‍ തുടങ്ങിയ ‘ആഫ്രിക്കന്‍’ എന്ന് മുദ്രകുത്തപ്പെട്ട പ്രമേയങ്ങളും കടന്നുവരുന്നുണ്ട്. സ്ത്രീയുടെ സ്വയം കണ്ടെത്തലിലും ശാക്തീകരണത്തിലും കൂടിയുള്ള ദേശനിര്‍മ്മിതിയെന്ന ആഫ്രിക്കന്‍ ‘വുമനിസ്റ്റ്/ ഫെമിനിസ്റ്റ്’ നിലപാട് നോവലിന്റെ അന്തര്‍ധാരയാണെന്നു പറയാം. ഇപ്പറഞ്ഞ പ്രമേയപരവും ശൈലീപരവുമായ നിരീക്ഷണങ്ങള്‍ താദ് യോയുടെ മറ്റു കൃതികള്‍ക്കും ബാധകമാണ്.

വെറോനിക് താദ് യോയുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ കണക്കാക്കപ്പെടുന്ന, റുവാണ്ടന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട The Shadow of Imana (translated by Véronique Wakerley) യെ സമീപിക്കുമ്പോള്‍ അതിന്റെ രചനയിലേക്കു നയിച്ച ദൌത്യത്തെ കുറിച്ച് പറയേണ്ടതുണ്ട്. സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ ഛാഢിയന്‍ എഴുത്തുകാരന്‍ നോക്കി ജെദാനുമിനെ (Nocky Djedanoum) പോലുള്ള അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagement) ആയിരുന്നു. സംഘത്തിലെ സ്ത്രീപ്രാതിനിധ്യങ്ങള്‍ മോനിക് ഇല്‍ബൂദോ (Monique Ilboudo - ബുര്‍കിനാ ഫാസോ)വെറോനിക് താദ് യോ എന്നീ എഴുത്തുകാരികളും കൂടാതെ വംശഹത്യ അതിജീവിച്ച എസ്തര്‍ മുജവായോയും (Esther Mujawayo)  ആയിരുന്നു. ഇവരുടെ സംഭാവനകളില്‍ മുജവായോയുടെ SurVivantes (‘Survivors’-Google translation)ഇല്‍ബൂദോയുടെ Murekatete എന്നിവ ഇംഗ്ലീഷില്‍ ലഭ്യമല്ല. പ്രസ്തുത സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതികള്‍ സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi- the Book of Bones, താദ് യോയുടെ The Shadow of Imana: Travels in the Heart of Rwanda എന്നിവയാണ്. മുജവായോ, ഇല്‍ബൂദോ, താദ് യോ എന്നീ മൂന്നു കൃതികളെയും വിശദമായ പഠനത്തിനു വിധേയമാക്കുന്ന ഒരു പഠനം നിരീക്ഷിക്കുന്നത് അവയില്‍ “പൊതുവായി ഉള്ള ഒരു പ്രധാന വശം വംശഹത്യാനന്തര ജീവിതത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഉത്കണ്ഠയാണ്അവയെല്ലാം ജീവിതംമരണംഅതിജീവനം എന്നിവയും പരിഗണിക്കുന്നു” *(2). 

റുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്ത സമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്. അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' *(3). ഡിയോപ്പിന്റെ കൃതി കൃത്യമായും ഒരു നോവലിന്റെ ഘടന പിന്തുടരുമ്പോള്‍ ‘ഇമാനയില്‍ ഭാഷാപരവും മാനസികാപഗ്രഥന തലങ്ങളിലും അനുഭവാവിഷ്കാരങ്ങളിലെ കാവ്യാത്മകവും തീക്ഷ്ണവുമായ നിരീക്ഷണങ്ങളിലുമുള്ള ഭാവനാത്മകകാവ്യാത്മകത മാറ്റിവെച്ചാല്‍ ഫിക് ഷന്‍ എന്നതിലേറെ ഉപന്യാസം, യാത്രാനുഭവംഓര്‍മ്മക്കുറിപ്പ്‌ എന്നീ വിവരണങ്ങള്‍ ഒക്കെയാണ് പ്രസക്തമാകുക. ഉപന്യാസകാരന്റെ/കാരിയുടെ സ്വരത്തെ ബഹുസ്വരവല്‍ക്കരിക്കുന്ന (pluralises ) നിരന്തരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ഒരിക്കലും കൃത്യമായ നിര്‍വ്വചനങ്ങളിലേക്ക് ചുരുങ്ങാതിരിക്കുകയും ചെയ്യുന്ന മോണ്ടെനിയന്‍ ഉപന്യാസത്തിന് (Montaignean essay) ആഫ്രിക്കന്‍ സാഹിത്യത്തില്‍ പിന്തുടര്‍ച്ച ഉണ്ടായത് ഉപന്യാസത്തില്‍ അല്ലെന്നും ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ അതിനൊരു തുടര്‍ച്ചയുണ്ടെന്നും മറിയമാ ബായുടെ വിഖ്യാത കൃതിയെ (So Long A Letter-1980) പോലുള്ള ആദ്യകാല ആഫ്രിക്കന്‍ രചനകളെ ആധാരമാക്കി സോണിയ ലീ നിരീക്ഷിക്കുന്നു. ഈ പാരമ്പര്യത്തില്‍ ചേര്‍ത്തുവെച്ചാണ് താദ് യോയുടെ കൃതിയെ അവര്‍ പഠന വിധേയമാക്കുന്നത് *(4).

വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക്  നിര്‍ണ്ണായകമാരുന്നു. കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും  - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. അവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടു. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.  1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാനടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് അശനിപാതമായി വാര്‍ത്തയെത്തിയത്. 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ,  റുവാണ്ടന്‍ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയും (Juvénal Habyarimana) ബുറുണ്ടി പ്രസിഡന്റ് സൈപ്രിയന്‍ ന്റാറിമിറയും (Cyprien Ntaryamira) സഞ്ചരിച്ച വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും ഇരുവരും  കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കപ്പെടുകയും രണ്ടു ലക്ഷം സ്ത്രീകള്‍ ബാലാത്കാരം ചെയ്യപ്പെടുകയും ചെയ്തു. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്” (“All the Tutsi are cockroaches”). “എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്. (“Exterminate the cockroaches) "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" (“Cut down the tall trees.”). ഹുടു അര്‍ദ്ധസൈനിക സംഘ ('Interahamwe' ) കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം. 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായ' വംശഹത്യയായിത്തീര്‍ന്നു ഈ നരമേധം. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായി. യു. എന്‍. നടത്തിയ നാമമാത്ര ഇടപെടല്‍കൊണ്ട് ഒരു വിശേഷവും ഉണ്ടായില്ല. ഒടുവില്‍ജൂലൈ നാലിന് RPF (Rwandan Patriotic Front)  കിഗാലി കീഴടക്കിയതോടെയാണ് വംശഹത്യക്ക് അന്ത്യമായത്. നൂറ്റാണ്ടന്ത്യത്തില്‍ ഒരു ലക്ഷത്തോളം പേര്‍ വംശഹത്യാ കുറ്റത്തിന് വിചാരണ കാത്തു അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നു *(5).

താദ് യോയുടെ പുസ്തകം ആരംഭിക്കുന്നത് “വിട്ടുപോയിക്കഴിഞ്ഞും എന്നുമെന്നും നമുക്കുള്ളില്‍ വസിക്കുന്നവര്‍ക്ക്” എന്ന സമര്‍പ്പണത്തോടെയാണ് എന്നത്തുടര്‍ന്ന് വരുന്ന പേജുകളില്‍ റുവാണ്ടന്‍ ദുരന്തത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലേക്ക് വായനക്കാരെ കൂടി ഉള്‍പ്പെടുത്തുകയാണ്.

“ഞാനൊരു പരികല്‍പ്പനയുമായി പുറപ്പെടുകയായിരുന്നു: സംഭവിച്ചതെന്തോ അത് നാമോരോരുത്തരെയും ബാധിക്കുന്നതായിരുന്നു. അത് ആഫ്രിക്കയുടെ ഇരുണ്ട ഹൃദയത്തില്‍ നഷ്ടപ്പെട്ട ഒരു ജനതയുടെ മാത്രം പ്രശ്നമായിരുന്നില്ല. ആ ബഹളങ്ങള്‍ക്കും രോഷത്തിനുമെല്ലാം ശേഷം റുവാണ്ടയെ മറക്കുകയെന്നാല്‍ ഒറ്റക്കണ്ണന്‍ ആവുകയെന്നായിരുന്നുമൂകനും അംഗവൈകല്യം ഉള്ളവനുമാവുകയെന്നായിരുന്നു. അത് ഇരുട്ടില്‍ മറ്റാരുടെ മേലും ചെന്ന് മുട്ടാതിരിക്കാന്‍ കൈകള്‍ നീട്ടിപ്പിടിച്ചു നടക്കലായിരുന്നു.” (Ch.1)

സങ്കല്‍പ്പിക്കാനാവാത്ത ദുരന്തങ്ങള്‍ക്ക് ഒരു വ്യവസ്ഥ നല്‍കാനെന്നോണം താദ് യോയുടെ അവതരണം വളരെ സുഘടിതമാണെന്നു സോനിയ ലീ നിരീക്ഷിക്കുന്നു. ആറു ഭാഗങ്ങളായി തിരിച്ച ടെക്സ്റ്റ്, എഴുത്തുകാരി റുവാണ്ടയിലേക്ക് നടത്തിയ രണ്ടു യാത്രകളുടെ അവതരണമാണ്. ഇവക്കിടയില്‍ ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന തലക്കെട്ടുകളോടെ ചെറു അധ്യായങ്ങള്‍. ഈ സുഘടിത രീതി വാസ്തവത്തില്‍വംശഹത്യ അരങ്ങേറിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന എഴുത്തുകാരിയുടെ വീക്ഷണമൊഴികെ മറ്റൊരു ഏകീകരണ ഘടകവുമില്ലാത്ത അനുഭവ വൈവിധ്യങ്ങളെ വിരുദ്ധോക്തിയില്‍ തീക്ഷ്ണമാക്കുകയാണ്. ‘യാത്രകള്‍’ എന്ന് താദ് യോ വിവരിക്കുന്നുണ്ടെങ്കിലും ‘യാത്രാ വിവരണ സാഹിത്യം’ എന്നു പുസ്തകത്തെ വിളിക്കാനാവില്ല. സത്യത്തില്‍ അത്  “തിന്മയുടെ ഭയാനകതയെ ഉച്ഛാടനം ചെയ്യുന്നതിന് വേണ്ടി നരകത്തിലേക്ക് നടത്തുന്ന ഒരു സുദീര്‍ഘ യാത്രയാണ്. 1994 ഏപ്രില്‍ മുതല്‍ ജൂലൈ വരെ റുവാണ്ടന്‍ സര്‍ക്കാര്‍ അതിന്റെ തന്നെ ജനതയില്‍ ഒരു വിഭാഗമായ ടുട്സികള്‍ക്കെതിരെ ഏതാണ്ട് ഒരു മില്ല്യന്‍ ഇരകളെ സൃഷ്ടിച്ച വംശഹത്യ നടത്താന്‍ പ്രോത്സാഹനം നല്‍കി എന്ന് എങ്ങനെയാണു ഒരാള്‍ക്ക് എഴുതാനാകുക?(Ibid). ആഫ്രിക്കയുടെ വാമൊഴി പാരമ്പര്യം സഞ്ചിത ഓര്‍മ്മകള്‍ക്കു വിഘാതമാണോ എന്ന ചോദ്യം ‘അറിവിനെ ശാശ്വതമാക്കാന്‍ എഴുതിയേ പറ്റൂ’ എന്ന നിലപാടിലേക്ക് നോവലിസ്റ്റിനെ എത്തിക്കുന്നുണ്ട്.

            കിഗാലിയിലെത്തുന്ന ആഖ്യാതാവിന് നഗരത്തിന്റെ പ്രശാന്തതയും ഒന്നും സംഭിവിച്ചിട്ടില്ലെന്ന ഭാവവും വിചിത്രമായി അനുഭവപ്പെടുന്നുണ്ട്. പ്രകടമായ മുറിവുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞ നഗരത്തിലെ അന്തേവാസികളുടെ കണ്ണുകളില്‍ മാത്രമാണ് ഇപ്പോള്‍ അത് കാണാനാവുക. ‘അങ്ങേയറ്റത്തെ പൈശാച’ത്തിന്റെ ഒരു മേഖലയിലേക്കാണ് താന്‍ പ്രവേശിക്കുന്നതെന്നും പരാവര്‍ത്തനം ചെയ്യാനാവാത്ത ഒന്നിനെ വായനക്കാര്‍ക്കു വേണ്ടി താന്‍ പരാവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അവര്‍ക്ക് തോന്നുന്നു. എങ്കിലും അത് പറഞ്ഞേ പറ്റൂ എന്നിടത്താണ് ‘എഴുതുകയെന്നത് ദൗത്യം’ ആയിത്തീരുന്നത്. ലളിതവും പലപ്പോഴും കാവ്യാത്മകവുമായ ഭാഷയില്‍ വംശഹത്യയുടെ ഭീകരത അരങ്ങേറിയ, സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്ന ഇടങ്ങളിലേക്കുള്ള യാത്രകള്‍  അവര്‍ വിവരിക്കുന്നു. കാവല്‍ക്കാരന്‍ കൈക്കൂലി പോലും വാങ്ങി യഥേഷ്ടം സന്ദര്‍ശകരെ അനുവദിക്കുന്നത് കാണുമ്പോള്‍ അവര്‍ ചിന്തിക്കുന്നു: ഇത്ര ദൂരെ നിന്ന് ഇതൊക്കെ കാണാന്‍ വന്ന തന്നെ കുറിച്ച് അയാള്‍ എന്താവും കണക്കു കൂട്ടുന്നത്‌അയ്യായിരം പേര്‍ കൊല ചെയ്യപ്പെട്ട ന്ററാമ (Ntarama) ചര്‍ച്ചില്‍ കൂടിക്കിടക്കുന്ന തലയോട്ടികളും അസ്ഥികളും തൂവിപ്പോയ രക്തക്കറകളും ആയുധങ്ങളും എല്ലാര്‍ക്കും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പീഡിത യുവതിയുടെ ശരീരവും ആഖ്യാതാവ് വിവരിക്കുന്നു. കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളെക്കാള്‍ ഭീകരമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് അതിജീവിച്ചവരുടെയും പ്രിയപ്പെട്ടവരെ പിറകിലുപേക്ഷിച്ചും രാജ്യം വിടാന്‍ നിര്‍ബന്ധിതരായവരുടെയും കൊലയാളികളായി ജീവിച്ചു ഇപ്പോള്‍ വിധി കാത്തു കഴിയുന്നവരുടെയും സാക്ഷിമൊഴികളും ചില കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രരായി പുറത്തുണ്ട് എന്ന അറിവുമായിരുന്നു. ബാലാത്കാരത്തിന്റെ ഫലമായി പിറന്ന കുട്ടികള്‍വെറുപ്പിന്റെ സന്തതികള്‍സ്നേഹം ലഭിച്ചിട്ടില്ലാത്തവര്‍, ആര്‍ക്കും വേണ്ടാത്തവര്‍എന്നിവരെ കുറിച്ച് എന്താണ് പറയുകയെന്ന ചോദ്യം എല്ലാ വംശഹത്യകളിലും എന്ന പോലെ റുവാണ്ടയിലും മുഴങ്ങുന്നത് ആഖ്യാതാവ് അറിയുന്നുണ്ട്. ഇതെങ്ങനെ സാധിച്ചുഎങ്ങനെയാണ് സാധാരണ മനുഷ്യര്‍ക്ക്‌ തങ്ങളുടെ തന്നെ ഇഷ്ടപ്രകാരം ഇതൊക്കെ സാധ്യമായത്എന്ന ചോദ്യങ്ങളോടൊപ്പം നടുക്കുന്ന ഒരു ആത്മ പരിശോധനയുടെ ആവശ്യവും അവരെ മഥിക്കുന്നു: അവരുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ താന്‍ വ്യത്യസ്തയാകുമായിരുന്നോ?

            ആത്മ പരിശോധനയും അന്വേഷണവും മുന്നിട്ടു നില്‍ക്കുന്ന ആദ്യ ഭാഗത്തിനുശേഷം രണ്ടാം ഭാഗത്ത്, ഇരകള്‍ ഉള്‍പ്പെടുന്നവരുടെ സാക്ഷ്യങ്ങളിലേക്ക് നോവലിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രഥമ വ്യക്തിക ആഖ്യാനത്തിനു (first person narrative) പകരം തൃതീയ വ്യക്തിക (third person) ആഖ്യാനം ഉപയോഗിച്ച് സാങ്കല്‍പ്പിക പാത്രസൃഷ്ടിയിലേക്കു തിരിയുന്ന നോവലിസ്റ്റ്, ജീവിച്ചിരിക്കുന്നവരെ വേട്ടയാടുന്ന മരിച്ചവരുടെ പ്രതിനിധാനത്തെ പോലും സൃഷ്ടിക്കുന്നു. തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടുവെന്നും എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്നവര്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി തരാത്തത് എന്നും അവര്‍ക്കറിയണം. യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നവര്‍ തങ്ങളെ മറന്നു പോയതാണ് അവരുടെ രോഷത്തിന്റെ ഉറവിടം എന്ന് വ്യക്തമാണ്‌.

“അവരില്‍ ചിലര്‍ ഏറെ കുപിതരയിരുന്നതുകൊണ്ട് ഭൂമി വിട്ടു പോകേണ്ട സമയമായപ്പോഴും അതിനു വിസമ്മതിച്ചു.” (P.41)

തലയറുക്കപ്പെട്ട അത്തരം ഒരാത്മാവ് കടുത്ത വിമ്മിഷ്ടം കാണിക്കുകയും വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനെ ശാന്തനാക്കാനായി വിളിച്ചു വരുത്തുന്ന സിദ്ധന്‍ (diviner) ആ പ്രതികാര ദാഹത്തെ ഏറെ പണിപ്പെട്ടാണ് അടക്കുന്നത്:

“അദ്ദേഹം, സമാദരണീയന്‍സമയത്തിന്റെ നിഗൂഡതകള്‍ അറിഞ്ഞ മഹാജ്ഞാനിഎത്തിയപ്പോള്‍മഴയെ അഭിവാദ്യം ചെയ്തുകാറ്റിന് നേരെ തിരിഞ്ഞുഎന്നിട്ട് രോഷാകുലനായ ആത്മാവിനെ ശ്രവിച്ചു. അദ്ദേഹം അയാളുടെ കൊലയുടെ, തലയറുക്കപ്പെടും മുമ്പ് അയാള്‍ അനുഭവിച്ച അപമാനങ്ങളുടെയും പീഡനങ്ങളുടെയും കഥ കേട്ടു.

“ആത്മാവ് നിശ്ശബ്ദനായപ്പോള്‍ സിദ്ധന്‍ പല അനുകമ്പാ വാക്യങ്ങളും പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു: “ഞാന്‍ കരയുമ്പോള്‍ പോലുംഎനിക്കറിയാം എന്റെ വേദന ക്രൂരത കൊണ്ട് അരിഞ്ഞുവീഴ്ത്തപ്പെട്ട നിന്റെ സഹനത്തിന്റെ അരികിലെങ്ങുമെത്തില്ല. ഞാന്‍ വിനീതനായി എത്തിയത് ഓര്‍മ്മകള്‍ മുറിവുകളെ പോലെ തുറക്കുന്ന ഈ രാത്രയില്‍ താങ്കളോടും മറ്റു പരേതരോടും എന്നെ മൌനത്തിന്റെയും വിലാപത്തിന്റെയും ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യണമെന്നു അഭ്യര്‍ഥിക്കാനാണ്. മരിച്ചുപോയ ആയിരങ്ങള്‍ അടങ്ങിയ നിങ്ങളുടെ എല്ലാവരുടെയും മുമ്പില്‍ ഞാന്‍ നില്‍ക്കുന്നുനിങ്ങള്‍ക്ക് നിങ്ങളുടെ കത്തുന്ന നോട്ടം എന്റെ മുഴു നഗ്നതയില്‍ പതിപ്പിക്കാം. ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ദുര്‍ബ്ബലനാണ്, മനുഷ്യകുലത്തില്‍ പെട്ട നിസ്സഹായന്‍.

“നിങ്ങളുടെ വേദനയുടെ കവാടം ഭേദിക്കാന്‍ ഞാനാര്നിങ്ങളുടെ രോഷത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താന്‍ ഞാനാര്‌?

“ഞാന്‍ ചില സത്യങ്ങള്‍ അന്വേഷിക്കുന്ന യാചകനാണ്. നമ്മുടെ ഹിംസയുടെ ഗര്‍ത്തത്തില്‍ പെട്ടുപോയ മനുഷ്യനാണ് ഞാന്‍. ഞാനിവിടെയുള്ളത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരവസരം നല്‍കണമെന്ന് അംഗീകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കാനാണ്.

ഇത്രയും പറഞ്ഞു സിദ്ധന്‍ നിര്‍ത്തി.” (P.42,43)

തുടര്‍ന്ന് കോഴിയെ നേദിച്ചും മറ്റു അഭിചാരമുറകളിലൂടെയും രാത്രി അവസാനിക്കുകയും മഴ തോരുകയും പുലരിയുടെ നിത്യജീവിത ശബ്ദങ്ങള്‍ മുഴങ്ങിത്തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രകൃതി കലിയടങ്ങിയതായി കാണപ്പെടുന്നു.

“അപ്പോള്‍ തന്റെ എതിര്‍പ്പ് അവസാനിപ്പിക്കാറായി എന്ന് മൃതാത്മാവ് തിരിച്ചറിഞ്ഞു. അസ്തിത്വത്തിന്റെ മറുവശത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുന്ന യാത്രക്ക് അവന്‍ തയ്യാറായി. ഒരൊറ്റ തുള്ളി ജലവും ആകാശത്തു നിന്ന് പൊഴിയാതയപ്പോള്‍അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു” (P.43).

സിദ്ധന്‍ എല്ലാവരോടുമായി ഉദ്ബോധിപ്പിക്കുന്നു:

“നാം നമ്മുടെ മരിച്ചുപോയവരെ അടക്കണംഅപ്പോഴവര്‍ക്ക് ശാന്തരായി നമ്മെ കാണാന്‍ വരാന്‍ കഴിയുംഅവരുടെ ജീര്‍ണ്ണതയും കണ്ണുപൊട്ടിക്കുന്ന നഗ്നതയും മറച്ച്നമ്മെ ശപിക്കാതെ.”

തുടര്‍ന്ന് അയാള്‍ ജീവിതാസക്തിയുടെ പാഠത്തെ മൃത്യുവിന്റെ സന്ദേശവുമായി കൂട്ടിച്ചേര്‍ക്കുന്നു:

“മരിച്ചവര്‍ തന്നെയാണ് നമ്മോടു ജീവിതം തുടരാന്‍ ആവശ്യപ്പെടുന്നത്പുതുതായി തുടങ്ങാന്‍ഇനിയൊരിക്കലും അവര്‍ക്ക് ഉരിയാടാനാവാത്ത വാക്കുകള്‍ ആവര്‍ത്തിക്കാന്‍, നാം നൈരാശ്യം പൂണ്ടും കണ്ണീരോഴുക്കിയും അവരുടെ വഴിമുടക്കിയാല്‍ അവര്‍ക്കെങ്ങനെയാണ് തിരികെ വരാനാകുകനാമവര്‍ക്ക്‌ വേണ്ടി വാതിലുകള്‍ തുറക്കണംഅവരെ കുടിയിരുത്തണം, നാമെങ്ങനെ കഴിയുന്നുവെന്ന് കാണിച്ചുകൊടുക്കണം, നമ്മുടെ ഓര്‍മ്മ അവരുടെ നേരെ സ്നേഹത്തോടെ, സൌഹൃദത്തോടെഉത്തരവാദിത്തബോധത്തോടെ തിരിയണം” (P.43).

തുടര്‍ന്ന് സിദ്ധന്‍ ആളുകളെ അഭിസംബോധന ചെയ്യുകയും തങ്ങളുടെ ഹൃദയങ്ങളില്‍ ബാക്കിയായ വെറുപ്പിന്റെ അംശങ്ങളെ തൂത്തുകളയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെയല്ലാതെ നാടിനു മുന്നോട്ടു പോകാനാവില്ല എന്ന് പറയുന്ന സിദ്ധന്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്‌: തങ്ങള്‍ ഇരയാക്കപ്പെട്ടുവെന്നും ആ നിലക്ക് പ്രതികാരത്തിനു തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമുള്ള ധാരണ ഹിംസയുടെ ചാക്രികത സൃഷ്ടിക്കുകയെ ഉള്ളൂ. ബുബാക്കര്‍ ഡിയോപ്പിന്റെ കൃതിയില്‍ താദ് യോയുടെ സിദ്ധനെ ഓര്‍മ്മിപ്പിക്കുന്ന  ഒരു വയോധിക കഥാപാത്രം പറയുന്നുണ്ട്:

“എനിക്ക് നിങ്ങളോട് പറയാനുണ്ട്: നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍  അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ല. അവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്. തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍സെമിയോന്‍ ഹാബിനെസ, ആവര്‍ത്തിക്കുന്നു, നിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂ: ഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള  ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. നിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ല. അത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവും. ഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നു: നിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.” (Murambi, the Book of Bones- Bubacar Boris Diop, Fiona Mc Laughlin, Indiana University Press, 2006, P.164).

നോവലിന്റെമൊത്തം പ്രോജക്റ്റിന്റെ ('Project Rwanda, Writing as a duty to remember') സന്ദേശമാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ഇത്തരം രംഗങ്ങളാണ് താദ് യോയുടെ കൃതിയെ ‘നോവല്‍’ എന്ന വിവരിക്കുന്നതിനു നിദാനവും.

            നോവലിന്റെ ‘രണ്ടാം യാത്രയെന്ന അവസാന ഭാഗം ആദ്യഭാഗത്തിലെ പ്രഥമ വ്യക്തിക ആഖ്യാനത്തിലെക്കും ഉപന്യാസ സ്വഭാവത്തില്‍ നടത്തപ്പെടുന്ന ദാര്‍ശനിക നിരീക്ഷണങ്ങള്‍സ്ഥിതിവിവര കണക്കുകള്‍തുടങ്ങിയവയിലെക്കും തിരികെ പോകുന്നു (Lee, Sonia). ‘നാം തീര്‍ത്തും നിശൂന്യരാണെങ്കില്‍, എന്തിനെഴുതണം?’ എന്ന നൈരാശ്യം ഒരു ഘട്ടത്തില്‍ നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നുണ്ട്. വൈയക്തിക സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതും ഓര്‍മ്മിക്കുന്നതും ദൌത്യമായി തീരുന്നതെങ്ങനെ എന്ന ചോദ്യം ഒരൊറ്റ സാക്ഷി പറയാന്‍ ഒരാളും ബാക്കിയാവരുതെന്ന വംശഹത്യയുടെ സൂത്രധാരന്മാരുടെ തീരുമാനത്തെ കുറിച്ചുള്ള HRW (Human Rights Watch) റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നോവലന്ത്യം സ്ഥാപിച്ചെടുക്കുന്നു.

“അതെഓര്‍മ്മിക്കുക. സാക്ഷി പറയുക. ഇതേയുള്ളൂ നമുക്ക് ഭൂതകാലത്തോട് പൊരുതാനും മനുഷ്യത്വം പുനസ്ഥാപിക്കാനും” (P.97).

സംഭവിച്ച തരം അതിരില്ലാത്ത ഹിംസയുടെ ചരിത്രവുമായി പൊരുത്തപ്പെടാനുള്ള മാര്‍ഗ്ഗം അവയിലൂടെ കടന്നുപോയവരുടെ കലര്‍പ്പില്ലാത്ത അനുഭവങ്ങളിലൂടെ അത് രേഖപ്പെടുത്തലാവാം എന്ന് താദ് യോ കരുതുന്നു. അതിജീവിച്ചവരില്‍ ഒരാള്‍ പറയുന്നത് പോലെ: “അറിയാന്‍ ഭയക്കരുത്!” (P.117). എന്നാല്‍ തുടക്കത്തില്‍ കണക്കുകൂട്ടിയിരുന്ന പോലെ ‘റുവാണ്ട’യെ ഉച്ഛാടനം ചെയ്യുക സാധ്യമല്ലെന്ന് ഒടുവില്‍ അവര്‍ തിരിച്ചറിയുന്നുണ്ട്:

 “ഞാന്‍ റുവാണ്ടയില്‍ നിന്ന് മുക്തയായിട്ടില്ല. റുവാണ്ട ഉച്ഛാടനം ചെയ്യപ്പെട്ടിട്ടില്ല. അപകടം ഇപ്പോഴുമുണ്ട്, ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നതായികുറ്റിക്കാട്ടില്‍ തങ്ങിനില്‍ക്കുന്നതായിനാടിന്‍റെ അതിരില്‍” (P.134).

റുവാണ്ട താനുള്‍പ്പെടുന്ന മാനവ കുലത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന, മനുഷ്യത്വമില്ലായ്മയെന്ന നിന്ദ്യത സ്ഥല കാലാതീതമാണ് എന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തിനെതിരെ ‘ഓര്‍മ്മിച്ചിരിക്കുകകരുതിയിരിക്കുക’ എന്ന പടച്ചട്ടയാണ് ഒരുപക്ഷെ നോവല്‍ മുന്നോട്ടു വെക്കുന്നത്ഈ വാക്യങ്ങളോടെയാണ് നോവല്‍ അവസാനിക്കുന്നത്:

“മനസ്സിലാക്കുക. വെറുപ്പിന്റെ പ്രവര്‍ത്തന രീതിയെ വ്യവച്ഛേദിക്കുക. വിഭജിക്കുന്ന വാക്കുകള്‍. ഒറ്റിനെ അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തികള്‍. ഭീകരതയെ കെട്ടഴിച്ചു വിടുന്ന ചേഷ്‌ടകള്‍.

അറിയുക. നമ്മുടെ മനുഷ്യകുലം അപകടത്തിലാണ്” (P.134).

ദൈവം ഉറങ്ങാനെത്തുന്ന ദേശമെന്നു പുരാണങ്ങള്‍ പറഞ്ഞ ദേശം എന്തുകൊണ്ട് ഒരു ദൈവ നിഴല്‍ പ്രദേശമായി (Shadow of Imana) എന്ന ചോദ്യത്തെ നേരിടുമ്പോള്‍, കഴിഞ്ഞു പോയതിന്റെ പോസ്റ്റുമോര്‍ട്ടം എന്നതിലും പ്രധാനം ഇനിയത് ആവര്‍ത്തിക്കാതിരിക്കാന്‍ ഉണര്‍ന്നിരിക്കുക എന്നതു തന്നെയാണ് എന്നുകൂടിയകാം ആ തലക്കെട്ടും സൂചിപ്പിക്കുന്നത്.

References:

1. https://www.encyclopedia.com/arts/culture-magazines/tadjo-veronique-1955

2. de Beer, Anna-Marie, & Snyman, Elisabeth. (2015). Shadows of life, death and survival in the aftermath of the Rwandan genocide. Tydskrif vir Letterkunde, 52(1)113-130. https://dx.doi.org/10.4314/tvl.v52i1.8

3. Qtd from Manthia Diawara by Fiona Mc Laughlin, “Introduction to Murambi, The Book of Bones “To call a monster by its name”, P. XVI

4. Lee, Sonia. "The Emergence of the Essayistic Voice in Francophone African Women Writers: Véronique Tadjo's L'Ombre d'Imana." In The Modern Essay in French: Movement, Instability, Performance, edited by Charles Forsdick and Andrew Stafford, pp. 77-86. Oxford: Peter Lang, 2005

5. Tadjo, Veronique. (2010). Genocide: The changing landscape of memory in Kigali. African Identities. 8. 379-388. 10.1080/14725843.2010.513252

 

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html