Featured Post

Showing posts sorted by relevance for query Desert and Wandering Star by J.M.G. Le Clézio. Sort by date Show all posts
Showing posts sorted by relevance for query Desert and Wandering Star by J.M.G. Le Clézio. Sort by date Show all posts

Sunday, August 4, 2024

The Last Brother by Nathacha Appanah / Geoffrey Strachan

 ഹോളോകോസ്റ്റിന്റെ മോറീഷ്യന്‍ ചിത്രം




ചരിത്രത്തിന്റെ മഹാപാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരികയും എണ്ണമറ്റ ഇരകളുടെ അന്ത്യത്തിന് ശേഷംതിരയടങ്ങിയ ‘സമാധാന’ കാലത്തേക്ക് ജീവിച്ചിരിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ ഉരുവാകുന്ന ‘അതിജീവിച്ചവന്റെ കുറ്റബോധം’ (survivor guilt) ഹോളോകോസ്റ്റ് അനന്തര ലോക സാഹിത്യത്തില്‍ ഏറെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ  ഫ്രഞ്ച്- മോറീഷ്യന്‍ നോവലിസ്റ്റ് നതാഷ അപ്പനായുടെ The Last Brother ഹോളോകോസ്റ്റ് ചരിത്രത്തിലെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു ഖണ്ഡത്തെയാണ് പശ്ചാത്തലമാക്കുന്നത്. നാസി ഭീകരതയുടെ നാളുകളില്‍ പോളണ്ട്ചെക്കോസ്ലോവാക്യഓസ്ട്രിയ തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായ പലസ്തീന്‍ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാഷ്ട്രീയ കാരണങ്ങളാല്‍ ബ്രിട്ടീഷ് നിയന്ത്രിത പലസ്തീനിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന മോറീഷ്യസിലെ ബോ ബാസ്സിന്‍ ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്ത ആയിരത്തി അഞ്ഞൂറോളം ജൂത അഭയാര്‍ഥികളുടെ ദുരന്ത പശ്ചാത്തലത്തില്‍ അപൂര്‍വ്വമായ ഒരു കൌമാര സൌഹൃദത്തിന്റെയും വിധിവൈപരീത്യങ്ങളുടെയും നിസ്സഹായതകളുടെയും കഥയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌.

എഴുപതിലെത്തിയ രാജ് എന്ന ഇന്ത്യന്‍-മോറീഷ്യന്‍ വംശജന്റെ ഓര്‍മ്മകളില്‍ തെളിയുന്ന അപൂര്‍വ്വ സൌഹൃദത്തില്‍ഡേവിഡ് എന്ന പത്തുവയസ്സുകാരന്‍ അഭയാര്‍ഥി പയ്യനുണ്ട്: നാസി അധിനിവേശ നാളുകളില്‍ ചെക്കോസ്ലോവക്യയില്‍ പ്രാഗില്‍ നിന്ന് നിന്ന് ഓടിപ്പോന്ന അനാഥന്‍. വര്‍ഷം 1945. രാജിന്റെ ഓര്‍മ്മകളില്‍ സ്വപ്നാനുഭാവമായി ഡേവിഡ് പലപ്രായത്തില്‍ എത്തുമെങ്കിലും പത്തു വയസ്സില്‍ മരിച്ചു പോയവനാണ് ആ അതീവ ഹ്രസ്വ സൌഹൃദത്തിലെ സഹോദര സമാനന്‍. എട്ടാം വയസ്സുവരെ രാജ് ജീവിച്ചത് വടക്കന്‍ ദേശത്തെ മാപൂവിലാണ്. പഞ്ചസാര ഫാക്റ്ററിയില്‍ തൊഴിലാളിയായിരുന്ന പിതാവിനെ അവനൊരിക്കലും പപ്പയെന്നോ മറ്റോ ഉള്ള സ്നേഹസൂചക പദങ്ങളൊന്നും ചേര്‍ത്തു വിളിക്കാത്തത് അയാള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഏറ്റവും ബീഭത്സ മുഖം ആയിരുന്നത് കൊണ്ടാണ്. ഫ്രാന്‍സ് ഫാനന്റെ പ്രസിദ്ധമായ പ്രയോഗത്തെ കടമെടുത്ത് “ഭൂമിയിലെ അഭിശപ്തര്‍ (the wretched of the earth)” എന്ന് നോവലിസ്റ്റ് വിളിക്കുന്ന സമൂഹത്തില്‍പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്ക് (indentured labourers) ഇടയില്‍ പതിവായിരുന്ന വിധം എന്നും വൈകീട്ട് മദ്യ ലഹരിയില്‍ അയാളത് ഭാര്യക്കും മക്കള്‍ക്കുമെതിരെ വീട്ടില്‍ അരങ്ങേറി. അച്ഛന്‍റെ പ്രകൃതത്തിനു നേര്‍വിപരീതമായി മമ്മ ‘ദരിദ്ര ജീവിതത്തിന്റെ കരുണാര്‍ദ്രമായ വശത്തെ പ്രതിനിധാനം ചെയ്തു. രാജിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സുമാത്രം മൂപ്പുണ്ടായിരുന്ന സഹോദരന്‍ വിനോദ് വിഫലമായ ചെറുത്തുനില്‍പ്പിന് ശ്രമച്ചിരുന്നുവെങ്കിലും അതും നീണ്ടു നിന്നില്ല. എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ പ്രകൃതിയുടെ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത കൌമാരക്കാര്‍ തൊട്ടടുത്തുള്ള കാട്ടിലും മലയിലും കൌമാര സാഹസങ്ങളുടെ ഇടവേളകള്‍ കണ്ടെത്തി. അത്തരം ഒരു ഘട്ടത്തില്‍ദുരന്തം അതിന്റെ മുഴുവന്‍ പ്രഹര ശേഷിയും പുറത്തെടുത്തു. 1944ന്റെ കൊല്ലപ്പിറവി ദിനത്തില്‍കൊടുങ്കാറ്റും പേമാരിയും തകര്‍ത്ത ഒരു പ്രളയ ദിനത്തില്‍ഒരൊറ്റ സായാഹ്നത്തില്‍ വിനോദിനോടൊപ്പം അനിയന്‍ അനിലും നഷ്ടപ്പെട്ടുപോയ വേദനിപ്പിക്കുന്ന ഓര്‍മ്മയില്‍ കഴിയുന്ന കുടുംബംഅച്ഛന് പട്ടണത്തില്‍ ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടുന്നതോടെ അങ്ങോട്ടേക്ക് താമസം മാറ്റുന്നു.

നോവലിന്റെ വര്‍ത്തമാന കാലത്തില്‍ ഫ്ലാഷ് ബാക്കുകളിലൂടെ ഒരു മുത്തച്ചന്‍ ആയിക്കഴിഞ്ഞ രാജ് നടത്തുന്ന ആഖ്യാനം ഫലത്തില്‍ ഒരു സ്തുതിഗീതം കൂടിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഡേവിഡിന്അവനൊപ്പം തടവറയില്‍ ഒടുങ്ങിയ 127 ജൂത അഭയാര്‍ഥികള്‍ക്ക്രാജിന്റെ സഹോദരന്മാരായ അനിലിനും വിനോദിനുംഒപ്പം നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിനും (Dalia Sofer: Castaways- nytimes.com).

 “എന്നെപ്പോലെഎന്റെ അമ്മയും അനിലിന്റെയും വിനോദിന്റെയും മരണത്തിന്റെ ഭാരം ഉള്ളില്‍ പേറി. നിങ്ങള്‍ക്ക് സ്വയം നിങ്ങളെ അനാഥന്‍ എന്നോവിധവയെന്നോ വിഭാര്യന്‍ എന്നോ വിളിക്കാംഎന്നാല്‍ ഒരൊറ്റ ദിവസത്തില്‍ രണ്ടു മക്കളെഒരൊറ്റ ദിവസത്തില്‍ രണ്ടു സഹോദരങ്ങളെ നഷ്ടമായാല്‍പിന്നെ നിങ്ങള്‍ എന്താണ്നിങ്ങളെന്തായിക്കഴിഞ്ഞു എന്ന് പറയാന്‍ ഏതു വാക്കാണ്‌ പിന്നെയുള്ളത്അത്തരം ഒരു വാക്ക് ഞങ്ങളെ തുണച്ചേനേ”

എന്ന് ഭാഷയുടെ പരിമിതിയില്‍ ചെന്ന് മുട്ടുന്ന നോവല്‍ദുഃഖഭാരങ്ങള്‍ക്കു മറുമരുന്നായി ഉയര്‍ത്തിക്കാട്ടുന്നത് സുദൃഡമായ സൗഹൃദത്തിന്റെ ബന്ധുത്വമായി രണ്ടു കൌമാരക്കാരുടെയും ഇല്ലാതായ മക്കളുടെ സ്ഥാനത്തേക്ക് അനാഥപ്പയ്യനു ഹൃദയത്തില്‍ ഇടം കൊടുക്കുന്ന അമ്മയുടെയും നിലപാടുകളാണ്.    

ഭാഷയുടെ പരിമിതിയെന്ന പ്രമേയത്തോടൊപ്പം തന്നെയാണ് ഏകാന്തതയുടെ ദുഖവും നോവലില്‍ സുപ്രധാന വിഷയമാകുന്നത്‌. ജയിലിലെ അന്തേവസികളെ കുറിച്ചുള്ള അച്ഛന്റെ വിവരണത്തിലെ കുറ്റവാളികള്‍കൊള്ളക്കാര്‍ തുടങ്ങിയ അപൂര്‍വ്വ മനുഷ്യരെ കാണാനുള്ള കൌമാരസഹജമായ ജിജ്ഞാസയോടെ കുറ്റിക്കാടിനു പിറകില്‍ മറഞ്ഞിരിക്കുന്ന രാജ്വിളറിവെളുത്തു മൃതപ്രായരായ പ്രേതരൂപികളെ പോലുള്ള ഒരു കൂട്ടം മനുഷ്യരെ ജയില്‍ വളപ്പില്‍ കണ്ടെത്തുന്നത് ഒരു അപൂര്‍വ്വ സൌഹൃദത്തിന്റെ തുടക്കമാകുന്നു. സ്വര്‍ണ്ണത്തലമുടിയുള്ള ഒരു പയ്യന്‍ ഒരു മൂലയിലിരുന്നു വിതുമ്മുന്നത് അവന്‍ ശ്രദ്ധിക്കുന്നു.

“അന്നേ ദിവസം ഡേവിഡ് ചെയ്തത് തന്നെ ഞാനും ചെയ്തു,.. ഞാനെന്റെ തല ഇലകള്‍ക്കിടയില്‍ പൂഴ്ത്തി വിതുമ്മിഏതാനും വാരയകലെ അവന്‍ ചെയ്തു കൊണ്ടിരുന്ന പോലെ.”

ഈ നൈസര്‍ഗ്ഗിക ആത്മ ഐക്യം സൌഹൃദമായി വളരുക തൊട്ടടുത്ത ദിവസത്തിലാണ്. അച്ഛന്റെ പതിവു പീഡനത്തെ തുടര്‍ന്ന് ജയിലിലെ ആശുപത്രിയിലെത്തുന്ന രാജ് മലമ്പനിക്ക്‌ ചികിത്സ തേടുന്ന ഡേവിഡുമായി ചങ്ങാത്തം സ്ഥാപിക്കുന്നുഎന്നാല്‍ യുദ്ധത്തെ കുറിച്ചോ ജൂതാനുഭവത്തെ കുറിച്ചോ ഇപ്പോഴും അവന്‍ തീര്‍ത്തും അജ്ഞനാണ്. ഇരുവര്‍ക്കും അന്യമായ മുറി ഫ്രഞ്ചില്‍ ഇരുവരും അവരവരുടെ ദുഖത്തിന്റെ അന്തസ്സത്ത വെളിപ്പെടുത്തുന്നു: “ഞാന്‍ തനിച്ചാണ്.” “ഞാനുമതെ.” അതീവ സാഹസികമായ ഒരു ശ്രമത്തിലൂടെ ഡേവിഡിനെ പുറത്തെത്തിക്കാന്‍ രാജ് പാടുപെടുന്നത് അവനെ രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല തന്റെ എകാന്തതക്കുള്ള പരിഹാരമായും രണ്ടു മക്കളെ നഷ്ടപ്പെട്ട അമ്മക്ക് പകരം ഒരു മകനെ നല്‍കുകയെന്ന ആഗ്രഹത്തിലുമാണ്.

“ഞാന്‍ കരുതി എനിക്കവനെ .. ഒരു ഒരു പ്രിയ സഹോദരനെ ചേര്‍ത്തു നിര്‍ത്തും പോലെ എന്നോട് ചേര്‍ത്തു നിര്‍ത്താനാവും,.. മറ്റൊരു മകനെ കൊണ്ട് കൊടുക്കുന്നതിലൂടെ എന്റെ അമ്മയുടെ ദുഖത്തില്‍ കുറച്ചു ഇല്ലാതാക്കാനാകും എന്ന്.”

നോവലില്‍ ഉടനീളം എതിരറ്റങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന രീതിയുണ്ടെന്നു ഡാലിയ സോഫാര്‍ നിരീക്ഷിക്കുന്നു: (ibid). നഷ്ടത്തിന്റെ ദുഖവും സ്നേഹത്തിന്റെ സന്തോഷവുംയുദ്ധത്തിന്റെ ഭീകരതയും സൌഹൃദത്തിന്റെ സൗന്ദര്യവുംചില ദിനങ്ങളിലെ പ്രകൃതിയുടെ താണ്ഡവവും മറ്റു ഘട്ടങ്ങളിലെ പരിലാളനയുംഎന്നിങ്ങനെ തുടങ്ങി ഹൃദയ ശുദ്ധിയുള്ള കഥാപാത്രങ്ങളും നേര്‍വിപരീത ചിത്രങ്ങളും നോവലില്‍ ഏറെയുണ്ട്. നോവല്‍ തന്നെയും ചരിത്രത്തിന്റെ അപാരമായ ഒരു ദുരന്ത ഘട്ടത്തെ ആവിഷ്കരിക്കുമ്പോഴും ‘ആമന്ത്രണം ചെയ്യപ്പെടുന്ന ഒരു ദൃഷ്ടാന്തകഥ’യുടെ സാരള്യവും ഉള്‍ച്ചേര്‍ക്കുന്നുണ്ട് എന്നു നിരൂപക (ഡാലിയ സോഫാര്‍) ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍വൈരുധ്യങ്ങളെ ആവിഷ്കരിക്കുന്നതില്‍ ഐറണിയുടെ സ്പര്‍ശം ഒട്ടുമില്ലെന്നും ഡേവിഡിന്റെ ഇത്തിരി കോടിയ ചിരി പോലും ഒട്ടും പരിഹാസസൂചകമായിരുന്നില്ല എന്നും മറിച്ചു ‘സുന്ദരമായതെന്തോ’ ഒന്നിനുള്ള തുടക്കമായിരുന്നു എന്നും രാജ് നിരീക്ഷിക്കുന്നു. സുന്ദരമായതെന്തോ ഒന്നിനു വേണ്ടിയുള്ള അന്വേഷണം നോവലില്‍ എല്ലാ കഥാപാത്രങ്ങളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നടത്തുന്നുണ്ട്. രണ്ടു സഹോദരന്മാരെ പ്രകൃതി ദുരന്തം തട്ടിയെടുത്ത വേദനിപ്പിക്കുന്ന ഓര്‍മ്മകളുള്ള ഇടം വിട്ടു രാജിന്റെ കുടുംബംപ്രാഗില്‍ നിന്നുള്ള ഡേവിഡിന്റെ പലായനംവാഗ്ദത്ത ഭൂമി തേടിയുള്ള ജൂതയാനംതടവറയില്‍ നിന്ന് രാജിന്റെ സഹായത്തോടെയുള്ള ഡേവിഡിന്റെ രക്ഷപ്പെടല്‍രാജും സഹോദരങ്ങളും തങ്ങളുടെ ദുസ്സഹ ജീവിതത്തില്‍ നിന്ന് പറന്നകലാന്‍ നടത്തുന്ന വിമാനം കളിഒരു ചിത്രശലഭമായി ഭാരമില്ലാതെ പറന്നകലാനുള്ള രാജിന്റെ മോഹം എന്നതൊക്കെ ഈ മനോനിലയുടെ പ്രതിരൂപങ്ങളാണ്. എന്നാല്‍ രക്ഷപ്പെടല്‍ ഒരു മോഹം മാത്രമായി അവശേഷിക്കും. അനിലിന്റെ ‘U’ മാതൃകയിലുള്ള വടി പോലെദിവസങ്ങളോളം വനത്തിലൂടെ ഓടിയിട്ടും തുടങ്ങിയ ഇടത്തില്‍ തന്നെ തിരികെയെത്തുകയും പോലീസിന്റെ പിടിയിലായി ജയിലില്‍ ഒടുങ്ങുകയും ചെയ്യുന്ന ഡേവിഡിനെ പോലെ. അതേ സമയം ശാരീരികമായി സാധ്യമല്ലാത്ത രക്ഷപ്പെടല്‍ ഭാഷയിലൂടെയും പാട്ടുകളിലൂടെയും സാധ്യമാക്കുന്നുണ്ട്ജയില്‍ ഹോസ്പിറ്റലില്‍ കഴിയുന്ന ജൂതത്തടവുകാര്‍ അവരുടെ യിദ്ദിഷ് പാട്ടുകളിലൂടെ. വനത്തിനുള്ളില്‍മരണത്തെ മുഖാമുഖം കാണുന്ന ഘട്ടത്തില്‍ ഡേവിഡ് പാടുന്നത് ഏറെ കാവ്യാത്മക ഭാഷയിലാണ് രാജ് വിവരിക്കുന്നത്:

“ഡേവിഡിന്റെ കുഞ്ഞു ശബ്ദം കസ്തൂരി മരത്തിനരികില്‍ നിന്നുയര്‍ന്നുഅവന്റെ യിദ്ദിഷ് വാക്കുകള്‍ ഉഷ്ണമേഖലാ രാവില്‍ നിറഞ്ഞുഈ ജൂത ഗാനം കാടിനെ ആലിംഗനം ചെയ്തുഎന്നെകൊച്ചു രാജിനെആലിംഗനം ചെയ്തു. അവന്റെ സ്വരം അത്ര പ്രശാന്തമായിരുന്നുവാക്കുകള്‍ നൈസര്‍ഗ്ഗികമായി ഒഴുകിഈ ആലാപനം എന്നില്‍ പ്രവേശിച്ചു എന്റെ ഹൃദയത്തിലെത്തിഅതെന്നെ എനിക്ക് ചുറ്റുമുള്ള ലോകവുമായി ഒന്നാക്കിത്തീര്‍ത്തുഅതുവരെയും ഞാനൊരു അന്യനായിരുന്നു എന്ന മട്ടില്‍. ഈ വിലാപം ജീവിതത്തിന്റെ സൌന്ദര്യത്തെ കുറിച്ച് തന്നെയാണ് പറഞ്ഞത്”

എന്ന് രാജ് നിരീക്ഷിക്കുന്നു. അവന്റെ പേരിന്റെ ഉറവിടമായ ഡേവിഡ് രാജാവ് “ഇസ്രായേലിന്റെ മാധുര്യമൂരുന്ന ഗായകന്‍” ആയിരുന്നു എന്നത് പ്രസക്തമാണ്. രാജിന്റെ അമ്മയുടെ പ്രകൃതിചികിത്സാ സിദ്ധിയെ കുറിച്ച് നോവലില്‍ സൂചനയുണ്ട്:

“അവരുടെ വിരലുകളുടെ സ്പര്‍ശത്തില്‍ഓരോ ചെടിയും അതിന്റെ വിധിവിഹിതം തിരിച്ചറിഞ്ഞു: സുഖപ്പെടുത്തല്‍സംരക്ഷണംവേദന ശമിപ്പിക്കല്‍ചിലപ്പോള്‍ കൊല്ലലും.”

ഒരുപക്ഷെ പ്രമേയത്തിന്റെ ദുരന്തഭാവത്തിനെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നതും ഈ പ്രസന്നമായ ആഖ്യാനസ്വരം തന്നെയാണ് എന്ന് പറയാം. സ്വര്‍ണ്ണത്തലമുടിയുടെ പ്രഭാവലയം (halo) ഉള്ള ഡേവിഡും മുറിവുകളില്‍ സാന്ത്വനമാകുന്ന മമ്മയും തന്റെ ജീവിതത്തിലെ മാലാഖമാരായിരുന്നുവെന്നു രാജ് കരുതുന്നു. മകന്റെ മുറിവുകള്‍ തലോടുന്ന അമ്മയിലും കൂട്ടുകാരന്റെ മുറിവേറ്റ പാദങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്ന രാജിലും മഡോണ – ക്രിസ്തു പ്രതീകങ്ങളുടെ സാന്നിധ്യവും പ്രസക്തമാണ്‌.

അതിജീവിച്ചവന്റെ കുറ്റബോധം എന്ന വിഷയം കഥപറയാനുള്ള യോഗ്യതയുടെ ധാര്‍മ്മികത സംബന്ധിച്ച ചോദ്യമായി ആഖ്യാതാവിനെ മഥിക്കുന്നുണ്ട്:

“പക്ഷെ ഇന്ന് ഈ അന്ധാളിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം പറയാന്‍ എനിക്കെന്തൊക്കെയോ അവകാശമുണ്ട്‌ എന്ന മട്ടില്‍ ഈ കഥ പറയാന്‍ഇതെല്ലാം പറയാന്‍അവനെ കുറിച്ച് ഇതുപോലെ സംസാരിക്കാന്‍ഞാനാരാണ്.. അവനെങ്ങനെയായിരുന്നിരിക്കണം അനുഭവപ്പെട്ടിരിക്കുകനാടുകടത്തലിനെ കുറിച്ചോകൂട്ടക്കുരുതികളെ കുറിച്ചോ എനിക്കെന്തറിയാംതടവറയെ കുറിച്ച് എനിക്കെന്തറിയാം?

മഹാദുരന്തങ്ങള്‍ സുരക്ഷിത അകലങ്ങളില്‍ ഇരുന്നു കഥയും ഇതിഹാസവുമാക്കുന്നതിന്റെ അസംബന്ധ പൂര്‍ണ്ണമായ ഐറണിയാണ് ഈ ചോദ്യങ്ങളില്‍ മുഴങ്ങുന്നത്.

“ഇത് പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ലേ എന്ന് എനിക്കറിയില്ല. പക്ഷെ അതായിരുന്നു സത്യം: നാലു കൊല്ലമായി ഒരു ലോകയുദ്ധം നടക്കുകയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നുആശുപത്രിയില്‍ വെച്ച് ഡേവിഡ് എന്നോട് ഞാന്‍ ജൂതനായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പൊരുള്‍ എനിക്കറിയില്ലായിരുന്നു. ഹോസ്പിറ്റലില്‍ ആയിരുന്നത് കൊണ്ട് ജുവിഷ് എന്നത് ഏതോ രോഗത്തിന്റെ പേരായിരിക്കും എന്ന അവ്യക്ത ധാരണയോടെ ഞാന്‍ പറഞ്ഞുഅല്ല. ഞാന്‍ ജര്‍മ്മനിയെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ലസത്യത്തില്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ഡേവിഡില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഒരു സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സമ്മാനംഅന്ന് 1945ന്റെ തുടക്കത്തില്‍ അതായിരുന്നു എനിക്ക് ഒരേയൊരു കാര്യവും.”

പ്രകൃതി എപ്പോഴും സൌഹാര്‍ദ്ദപരമായി മാത്രം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്ന പ്രതിഭാസമാണ് എന്ന കാല്‍പ്പനികവല്‍ക്കരണം നോവല്‍ പിന്തുടരുന്നില്ല. മറിച്ചു മാരക ശേഷിയുള്ളതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ ഒരു സാന്നിധ്യമാണത്:

 “എനിക്കറിയാമായിരുന്നുഎവിടെയാണ് ഒരു വലിയ മാവില്‍ നിന്ന് പുളഞ്ഞു മാറേണ്ടത്തന്ത്രപൂര്‍വ്വം വീഴ്ത്തിയേക്കാവുന്ന വേരുകളെ കരുതി ബദാമിനടുത്ത് ഇടതു വശത്തുകൂടി  മെല്ലെ പോകേണ്ടത്യൂകാലിപ്റ്റസിന്റെ പൊട്ടിപ്പിളര്‍ന്ന ചില്ലകളെ കുനിഞ്ഞൊഴിയേണ്ടത്ടര്‍പന്റൈന്‍ മണക്കുന്ന മാവുകള്‍ക്കിടയില്‍ഇടയ്ക്കു നിര്‍ത്താതെചിന്തിക്കാന്‍ നില്‍ക്കാതെമറ്റേ മാവിനരികിലൂടെ കുതിച്ചു ചാടേണ്ടത്‌കാരണം അവിടെയൊരു മാളമുണ്ടായിരുന്നുആ മാളത്തിനരികില്‍ ചിതല്‍ പുറ്റും നിറയെ തിളങ്ങുന്ന അടിവശമുള്ള വലിയ ചുവപ്പന്‍ ഉറുമ്പുകളുംഅവയുടെ കടി കടുത്ത കടച്ചിലും അതീവ വേദനയും നല്‍കുമായിരുന്നു.”

കാവ്യാത്മക/ പ്രകൃതി രൂപകങ്ങളെ നോവലിസ്റ്റ് ഉപയോഗിക്കുന്ന രീതിയിലും ഈ തിരിച്ചറിവിന്റെ സാന്നിധ്യമുണ്ട്. കേവലം ഭാവഗീതാത്മക സൗന്ദര്യ സൃഷ്ടി മാത്രം ഉദ്ദേശിച്ചുള്ളതല്ല അത്. കൊച്ചു രാജ് ആഹ്ലാദത്തോട് കണ്ടുനില്‍ക്കുന്ന ചക്രവാളത്തില്‍ തിരയിളക്കുന്ന മേഘപാളികളെ കുറിച്ചുള്ള വര്‍ണ്ണന കരീബിയന്‍ നോവലിസ്റ്റ് ജമൈക്ക കിന്‍കെയ്ഡിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും എന്നാല്‍ പിന്നീടത്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ഉയരുന്ന “തീയില്‍ പൊട്ടിപ്പിളരുന്ന കരിമ്പ് തണ്ടുകള്‍ക്ക് പകരം ആളുകള്‍സ്ത്രീകള്‍കുട്ടികള്‍ ഒക്കെ” ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ പുകയുടെ ഭീകരതയിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നുവെന്നും ആന്റെഴ്സന്‍ ടെപ്പര്‍ നിരീക്ഷിക്കുന്നത് (Anderson Tepper: wordswithoutborders.org) ഇതോടു ചേര്‍ത്തു പറയാം. ജീവിത പരിസരം കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു കൌമാരക്കാരുടെ തീരെ ഹ്ര്വസ്വമായ ഒരു പാരസ്പര്യം ജീവിതകാലം മുഴുവനും ഓര്‍ത്തുവെക്കാനും ആഖ്യാതാവിന്റെ ജീവിത വീക്ഷണത്തെ അപ്പാടെ മാറ്റി മറിക്കാനും നിമിത്തമാകുകയും ഒപ്പം ചരിത്രത്തിന്റെ ചോരപ്പാടുകളിലേക്ക് സാഹിത്യത്തിന്റെ ഉള്‍ക്കണ്ണ്‍ തുറപ്പിക്കുവാനും ഇടയാക്കുകായും ചെയ്യുന്നതില്‍ നതാഷേ അപ്പനായുടെ നോവല്‍ തന്റെ നാട്ടുകാരനായ മറ്റൊരു വലിയ പ്രതിഭയുടെ മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: ലേ ക്ലെസിയോയുടെ ‘അലയുന്ന നക്ഷത്രം’ (Wandering Star) എന്ന നോവലിലെ എസ്തറിനെയും നജ്മയെയും ഞൊടിയിട പാരസ്പര്യം അടയാളപ്പെടുത്തുന്ന അവരുടെ വിധിയെയും. ലേ ക്ലെസിയോയും ആവിഷ്കരിക്കുന്നത് പലസ്തീന്‍ വാഗ്ദത്ത ഭൂമിയിലേക്കുള്ള ജൂത പ്രയാണത്തിന്റെ കഥയാണ്‌ എന്നതും ഇരു നോവലുകളെയും ഒരുമിപ്പിക്കുന്ന മറ്റൊരു തലമാണ്. എന്നാല്‍വൈയക്തിക തലത്തില്‍ തന്നെ ഹോളോകോസ്റ്റ് അനുഭവത്തെ നേരിടുകയും അതിനെ ലോക സാഹിത്യത്തിന്റെ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഏലി വീസല്‍പ്രിമോ ലെവിആന്ദ്രെ ഷ്വാസ് ബാര്‍ട്ട് തുടങ്ങിയ സാഹിത്യ കുലപതികളുടെ നിരയിലേക്ക് ഉയരാന്‍ അപ്പനായുടെ എഴുത്തിനു കഴിയുന്നില്ലെന്നും കുറ്റബോധത്തിന്റെയും ദുഃഖത്തിന്റെയും വൈകാരികതയെ വേണ്ടത്ര തീവ്രതരമാക്കുന്നതില്‍ അവരിനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്നും മാര്‍ത്ത ടോള്‍ നിരീക്ഷിക്കുന്നു (Martha Toll: washingtonindependentreviewofbooks.com).

 

മോറീഷ്യന്‍ സാഹിത്യത്തില്‍ നിന്ന് കൂടുതല്‍:


  Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/search?q=Eve+out+of+Her+Ruins+by+Ananda+Devi

 

Desert by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio

 

Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Wandering+Star+by+J.M.G.+Le+Cl%C3%A9zio

 

 

Desert and Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+and+Wandering+Star+by+J.M.G.+Le+Cl%C3%A9zio

More on Holocaust:


Wednesday, January 29, 2014

Desert and Wandering Star by J.M.G. Le Clézio

ലേ ക്ലെസിയോ : പാലായനത്തിന്റെ മരുഭൂ മുഖങ്ങള്‍





ഫ്രഞ്ച് - മോറീഷ്യന്‍ ഇരട്ട പൗരത്വമുള്ള ഴാങ്ങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോ (Jean-Marie Gustave Le Clézio ) യ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍ക്കുമ്പോള്‍, സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയും, നിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍ ” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (The Wandering Star) ", "മരുഭൂമി (Desert) " എന്നീ കൃതികളിലൂടെ ലേ ക്ലെസിയോയുടെ ഉത്കണ്ടകളിലേക്ക് കണ്ണോടിക്കാനാവും.

ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍

രണ്ടു യുവതികള്‍. ഒരാള്‍ ഹിറ്റ്ലറുടെ 'അന്തിമപരിഹാര (The Final Solution)'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വാഗ്ദത്ത ഭൂമിയിലേക്ക്‌ പാലായനം ചെയ്യുന്നു. മറ്റൊരാള്‍ അതേ വാഗ്ദത്ത ഭൂമിയുടെ സൃഷ്ടിയെ തുടര്‍ന്ന് പറിച്ചെറിയപ്പെട്ടു അജ്ഞാതമായ വിധിയിലേക്ക് നീങ്ങുന്നു. എസ്തര്‍ എന്ന ജൂത പെണ്‍കുട്ടിയും നെജ്മ എന്ന സമപ്രായക്കാരിയായ പലസതീന്‍ പെണ്‍കുട്ടിയും. ദുരിതങ്ങള്‍ ഏറ്റുവാങ്ങാനും സഹിക്കാനുമുള്ള മനുഷ്യമനസ്സിന്റെ അപാരമായ കഴിവിനെ കുറിച്ച് താന്‍ കണ്ടറിഞ്ഞതും, രണ്ടാം ലോക യുദ്ധ കാലത്ത് ബാല്യ കൗമാരങ്ങള്‍ പിന്നിട്ട ഒരാളെന്ന നിലയില്‍ സ്വയം അനുഭവിച്ചതുമായ ജീവിത സന്ധികളുടെ കരുത്തില്‍ ഈ രണ്ടു യുവതികളുടെയും അവര്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ജീവിതങ്ങള്‍ പകര്‍ത്തുകയാണ് 'അലയുന്ന നക്ഷത്രം' എന്ന നോവലില്‍ ലേ ക്ലെസിയോ. യുദ്ധ കാല യൂറോപ്പില്‍ ജൂതനായിരിക്കുക എന്നാല്‍ എന്താണെന്ന് ഇറ്റാലിയന്‍ സൈന്യം കീഴടക്കിയ നൈസ് എന്ന ഫ്രഞ്ച് മലയോര ഗ്രാമത്തില്‍ നിന്നുള്ള എസ്തറിന്റെയും അമ്മയുടെയും ജീവിതാവസ്ഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജര്‍മ്മന്‍ സൈന്യം മുന്നേറുന്നതിനെ കുറിച്ചുള്ള അറിവാണ് അവരെ പാലായനത്തിലേക്ക് എടുത്തെറിയുന്നത്. യുദ്ധാന്ത്യത്തില്‍ ഇരുവരും ജറുസലേമിലേക്കുള്ള ദുരിതപൂര്‍ണ്ണമായ യാത്ര തുടങ്ങുന്നു. യാത്രക്കിടയില്‍ എതിര്‍ ദിശയില്‍ നജ്മ ഉള്‍പ്പെടുന്ന ഒരു അഭയാര്‍ഥി സമൂഹത്തെ അവര്‍ കടന്നു പോവുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പിലെ നജ്മയുടെ ജീവിതം, എസ്തറിന്റെ തന്നെ അതിജീവനാനുഭവത്തിന്റെ സമാന്തരമാണ്. പിന്നീടൊരിക്കലും ഇരുവരും പരസ്പരം കണ്ടു മുട്ടുന്നതേയില്ല. എന്നാല്‍, ആ ഞൊടിയിടക്കാഴ്ച ഇരുവരുടെയും പ്രവാസത്തിന്റെ പിന്‍ നാളുകളിലൊക്കെയും രണ്ടു പേരെയും ഇനിയെന്നും വേട്ടയാടിക്കൊണ്ടേയിരിക്കും.
ഒരു ജനത സ്വന്തം ദേശം സംസ്ഥാപിക്കുമ്പോള്‍ മറ്റൊരു ജനത പിഴുതെറിയപ്പെടുന്നതിന്റെ ഐറണിയാണ് ചരിത്രത്തിന്റെ മുഖാമുഖം ഇവിടെ ഉരുവപ്പെടുത്തുന്നത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ എസ്തറിന്റെ ജീവിതവും കലങ്ങി മറിയുന്നുണ്ട്. എങ്കിലും അവള്‍ അതി ജീവിക്കുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍, നജ്മയുടെയും അവളുടെ സമൂഹത്തിന്റെയും ജീവിതം പട്ടിണിയിലും രോഗങ്ങളിലും ഒടുങ്ങിക്കൊണ്ടിരിക്കുകയാണ്. ആ അര്‍ത്ഥത്തില്‍, എസ്തറിന്റെ പീഡാനുഭവങ്ങള്‍ക്ക് മാനസിക മാനങ്ങളാണ് കൂടുതലുള്ളതെങ്കില്‍ നെജ്മയുടെത് ശാരീരികം കൂടിയാണ്. ലേ ക്ലെസിയോ ആവര്‍ത്തിക്കുന്ന യുദ്ധത്തിന്റെ നിരപരാധികളായ ഇരകള്‍ എന്ന പ്രമേയം, ഇവിടെ വര്‍ത്തമാന കാലത്തെ ഏറ്റവും പൊള്ളുന്ന ദേശീയ - രാഷ്ട്രീയ വിഷയങ്ങളിലൊന്നായ ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു.
1943 ലെ യുദ്ധാനന്തര യൂറോപ്പില്‍ നിന്ന് തുടങ്ങി മധ്യ പൂര്‍വ്വ ദേശത്തേക്കും, പിന്നീട് കാനഡയിലേക്കും തിരിച്ചുമുള്ള നീണ്ട പാലായനങ്ങളുടെ നാല് പതിറ്റാണ്ടുകാലമാണ് നോവലില്‍ കടന്നു വരുന്നത്. ആദ്യ ഭാഗങ്ങളില്‍ തന്നെ, ജീവിതത്തിനു ജീവിക്കുന്ന ഇടത്തോടുള്ള ബന്ധം എന്ന വിഷയം ലേ ക്ലെസിയോ ഊന്നിപ്പറയുന്നുണ്ട്. ഇറ്റാലിയന്‍ ആധിപത്യത്തിന് ചുവടെ ജൂത സമുദായം അനുഭവിക്കുന്ന ആപേക്ഷിക സുരക്ഷിതത്വം, പ്രദേശത്തെ കുട്ടിക്കാലം ഒരു ഏദന്‍ പ്രതീതിയായി എസ്തറിനു തോന്നാന്‍ ഇടവരുത്തുണ്ട്. അവളുടെ അച്ഛന് അവള്‍ 'കുഞ്ഞു താരകം' (Estrellita) ആയിരുന്നു. വിശ്വാസിയല്ലാത്ത, കമ്മ്യൂണിസ്റ്റ്കാരനായിരുന്ന അദ്ദേഹം ജൂത ജനതയെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നുണ്ട് . ഹെലെന എന്ന പേരില്‍ വീട്ടിനു പുറത്ത് അവളുടെ ജൂതപ്പേര് മറച്ചു വയ്‌ക്കേണ്ടി വരുന്നുണ്ട് എസ്തറിന്. ഇത് തന്നെയും അവള്‍ ജീവിക്കുന്ന ഏദന്‍ സങ്കല്പം എത്രമാത്രം പേലവമാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ഈ യക്ഷിക്കഥാ ലോകം നാത്സി അധിനിവേശ ഭീഷണിയോടെ ശിഥിലമാവുകയും ഗ്രാമം, പാരീസ്, പോളണ്ട്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വാഗ്ദത്ത ഭൂമിയിലേക്കുള്ള വഴിതേടലിനു ഒരു പ്രവേശന മാര്‍ഗ്ഗം ആയിത്തീരുകയും ചെയ്യുന്നു. ഹോളോകോസ്റ്റിനു ശേഷമുള്ള ലോകം ഒരിക്കലും ആ പഴയ നൈസര്‍ഗ്ഗിക നിഷ്കളങ്കതക്ക് ഇടം കൊടുക്കുന്നതേയില്ല എന്ന ചരിത്ര സത്യം തന്നെയാണ്, നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. അപരിചിതരും നിരാശ്രയരുമായ മനുഷ്യരുടെ പുഴ, പുതിയ രോഗങ്ങള്‍, പുതിയ ദ്വേഷങ്ങള്‍. ജര്‍മ്മന്‍ സൈന്യം പിടിച്ചു കൊണ്ട് പോയ ഭാര്യയുടെ സ്മരണയില്‍ ആര്‍ദ്രമായ സംഗീതത്തില്‍ മുഴുകുന്ന മി. ഫേണ്‍, അച്ഛന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയശേഷം അമ്മയോടൊപ്പം കാനില്‍ നിന്ന് ഓടിപ്പോന്ന ട്രിസ്റ്റാന്‍ തുടങ്ങിയവര്‍ ഇവരുടെ പ്രതീകങ്ങള്‍ തന്നെ. ട്രിസ്റ്റാന്‍ എസ്തറിനെ പോലെ മറ്റൊരു അലയുന്ന നക്ഷത്രം തന്നെയാണ്, നോവലിസ്റ്റ് അവന്റെ രഥ്യകള്‍ പിന്തുടരുന്നില്ലെങ്കിലും.
ഇറ്റാലിയന്‍ സൈന്യം പരാജയപ്പെടുകയും ജര്‍മ്മന്‍ സൈന്യം കടന്നു വരികയും ചെയ്യുമ്പോള്‍ ജൂത ജനത വിജയ സാധ്യതയൊട്ടുമില്ലാത്ത ഒരു പാലായനം തുടങ്ങുന്നു. മലകളും പാറയിടുക്കുകളും മരണം വിതക്കുന്ന യാനം. ജൂത വംശഹത്യയുടെ നാത്സി പരീക്ഷണങ്ങളുടെ ചിത്രണം ബോധപൂര്‍വ്വം നോവലിസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. എസ്തറിന്റെ കൗമാര മനസ്സിന് ഉള്‍കൊള്ളാനാവാത്ത ആ വിശദാംശങ്ങള്‍ ഒഴിവാക്കുന്നതിന് കൂടിയാവാം ഈ ഭാഗം എസ്തറിന്റെ പ്രഥമ വ്യക്തിക അവതരണത്തിന്റെ (first person narrative) രൂപത്തില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. ജരൂസലേമിലേക്കുള്ള സമുദ്രയാത്ര മുടങ്ങുകയും ഒരു ഫ്രഞ്ച് തടവറയില്‍ അമ്മയോടൊപ്പം അടക്കപ്പെടുകയും ചെയ്യുന്നു അവള്‍. ഇത്തരത്തില്‍ മാനസികമായി തകര്‍ന്നു പോവുന്ന ഈ ജനത, 1947-48 കാലത്തെ പലസ്തീനിലെ ആഭ്യന്തര യുദ്ധത്തെയും നേരിടേണ്ടി വരുന്നു.
എസ്തറിന്റെ പാത ഒരു ജനതയുടെ അതിജീവന സാഹസങ്ങള്‍ക്ക്‌ വേണ്ടത്ര സഹാനുഭൂതി നേടിക്കൊടുക്കും വിധം പിന്‍ തുടര്‍ന്ന ശേഷമാണ് നോവലിസ്റ്റ് പലസ്തീന്‍ ദുരന്തത്തിന്റെ പ്രതീകമായ നെജ്മയുടെയും കൂട്ടരുടെയും ജീവിതത്തിലേക്ക് ശ്രദ്ധയൂന്നുന്നത്. പരസ്പരമുള്ള ഒരു ഞൊടിയിടക്കാഴ്ചയില്‍ ഇരുവരും അപരന്റെ മാനുഷികാവസ്ഥ തിരിച്ചറിയുന്നുണ്ട്. പുസ്തകത്തിന്റെ ഹൃദയം തുറന്നു വെക്കുന്നതും ഈ മുഹൂര്‍ത്തത്തിലാണ്. ഹോളോകോസ്റ്റിന്റെ ഭീകരാന്ത്യത്തില്‍ നിന്ന് രക്ഷപ്പെടുന്ന ജൂത അഭയാര്‍ഥികള്‍ "എറെട്സ് ഇസ്രയേല്‍" സ്വപ്നത്തിലേക്ക് ചുവടു വെയ്ക്കവേ, നിഷ്കാസിതരുടെ വിധിയുമായി , നൂര്‍ ഷംസ് ക്യാമ്പിന്റെ കമ്പിവേലിക്ക് പുറകില്‍ നിരാശയോടെ നില്‍ക്കുന്ന നജ്മ ക്യാമ്പ് ശരിക്കും ഒരു തടവറയാണെന്നു തിരിച്ചറിയുന്നു. ജീവന്‍ കഷ്ടിച്ച് നിലനിര്‍ത്താന്‍ വേണ്ടത്ര പോലും ഒന്നും ലഭ്യമല്ലാത്ത, പ്ലേഗ് ബാധിച്ചു ആയിരങ്ങള്‍ മരിക്കുന്ന ക്യാമ്പിലെ ജീവിതം നെജ്മയുടെ മുന്‍ മനോബലമൊക്കെ തകര്‍ക്കുന്നു. തുറിച്ചു നോക്കുന്ന ഉന്മൂലനം എന്ന ദുര്‍വ്വിധിക്ക് തങ്ങളെ വിട്ടു കൊടുത്ത് യു. എന്‍. പിന്‍വലിയാന്‍ പോവുന്നു എന്നറിയുന്ന ഘട്ടത്തില്‍, നെജ്മ കണ്ടെത്തുന്നുണ്ട്: ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുന്നു. മരുഭൂമിയിലെ കരിഞ്ഞ പുല്ല് പോലെ, കാറ്റ് പിടിച്ച നാമ്പുകള്‍ പോലെ, അതാണ്‌ വിദേശികളുടെ തീരുമാനം. അവള്‍ ചോദിക്കുന്നുണ്ട്: അപ്പോള്‍ ഞങ്ങള്‍ ഈ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരാവുമോ? കിഴവന്‍ നാസ് പാടുമായിരുന്ന വരി ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവള്‍ പേര്‍ത്തും പേര്‍ത്തും ചോദ്യമാക്കുന്നുണ്ട്. “എന്ത് കൊണ്ടാണ് സൂര്യന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രകാശിക്കാത്തത്?” ഒരു എഴുത്തുകാരനും മറുപടിയില്ലാത്ത ഈ ചോദ്യത്തിന് മുന്നില്‍ പകച്ചു പോയത് കൊണ്ട് തന്നെയാവാം ലേ ക്ലെസിയോ നെജ്മയെ മരുഭൂപരപ്പില്‍ വിട്ടേച്ചു പോവുന്നതും. ഒരേ ഇടത്തിന് രണ്ടവകാശികള്‍ ഉണ്ടാവുകയും സഹജീവനം ദുസ്സാധ്യമാവുകയും ചെയ്യുമ്പോള്‍ ആര്‍ക്കാണ് ആ ചോദ്യത്തിന് മറുപടി നല്‍കാനാവുക!.

തിരിച്ചു വിളിക്കുന്ന മരുഭൂ മൗനങ്ങള്‍.

മെരുങ്ങാത്ത ഭൂപ്രകൃതിയുടെ എഴുത്തുകാരനാണ്‌ ലെ ക്ലെസിയോ. തന്റെ നോബല്‍ സ്വീകാര പ്രസംഗത്തിലുടനീളം, മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യാത്ര ചെയ്ത ഡാരിയന്‍ പ്രദേശത്തെ കുറിച്ചും ലാറ്റിനമേരിക്കന്‍ ഭൂപ്രകൃതിയെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
ലെ ക്ലെസിയോയുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ വിലയിരുത്തപ്പെടുന്നതാണ് 'മരുഭൂമി'. പാരായണ ക്ഷമത പ്രഥമ പരിഗണന ആയിക്കാണുന്ന വായനക്കാര്‍ക്കു അത്ര പഥ്യമാവാനിടയില്ല ഈ പുസ്തകം. ശക്തമായ കഥാപാത്ര സൃഷ്ടിയോ ഇതിവൃത്ത പരിചരണമോ നോവലിസ്റ്റിന്റെ രീതിയല്ല, ഇവിടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലനിന്ന ചരിത്ര സന്ധികളായ കൊളോണിയലിസവും യുദ്ധങ്ങളുമൊക്കെ നോവലിന് പശ്ചാത്തലമാവുന്നുണ്ടെങ്കിലും അവയൊന്നും വിശദമായി പ്രതിപാദിക്കപ്പെടുന്നതേയില്ല. നോവല്‍ തുടങ്ങുമ്പോള്‍, കൊളോണിയല്‍ വിരുദ്ധ ജിഹാദിന്റെ നെടുനായകനായ അഭിവന്ദ്യ ഷെയ്ക്ക് മാ-അല്‍-ഐനീ ('ഇരു കണ്ണുകളിലെ ജലം')ന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് മൊറോക്കന്‍ നിവാസികള്‍ ഒരുമിച്ചു ചേരുന്നു. കുറെയേറെ കഥാപാത്രങ്ങളെ നാം തുടക്കത്തിലേ കണ്ടുമുട്ടുന്നുണ്ടെങ്കിലും നോവലിസ്റ്റ് ചരിത്ര പരതയിലേക്കോ രാഷ്ട്രീയ-സാമൂഹിക മാനങ്ങളിലേക്കോ അത്രയൊന്നും ഊന്നുന്നില്ല; മറിച്ചു ഈ അടിയൊഴുക്കുകളില്‍ പെട്ട് പോകുന്ന മനുഷ്യരുടെ നിത്യ ജീവിതാവസ്ഥകളിലേക്കാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്.
രണ്ടു കാലഘട്ടങ്ങളിലൂടെ പാലായനത്തിന്റെയും പ്രവാസത്തിന്റെയും കഥ പറയുകയാണ് 'മരുഭൂമി'. ആദ്യത്തേതില്‍ 1900-1910 കാലഘട്ടത്തില്‍ 'നീല മനുഷ്യര്‍' എന്നറിയപ്പെട്ട മാ-എല്‍-ഐനീന്റെ ജനത സഹാറാ മരുഭൂമിക്കു കുറുകെ ഫ്രഞ്ച് കൊളോണിയലിസ്സ്റ്റുകള്‍ക്കെതിരെയുള്ള അവരുടെ ദുരന്തത്തിലൊടുങ്ങാനുള്ള പോരാട്ട - പാലായനത്തിലാണ്. ആവശ്യത്തിനു വേണ്ട വിഭാവങ്ങളോ ആയുധങ്ങളോ ഒന്നുമില്ലാതെ, സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളുമൊക്കെയുള്ള പരാജയത്തിലേക്കുള്ള യാനം.
അവര്‍ മണലിന്റെയും കാറ്റിന്റെയും പ്രകാശത്തിന്റെയും രാത്രിയുടെയും പുരുഷന്മാരും സ്ത്രീകളും ആയിരുന്നു. ഒരു മണല്‍ക്കൂമ്പാരത്തിന്റെ മുകളില്‍ സ്വപ്നത്തിലെന്നപോലെ, മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെ സന്തതികളാണെന്നപോലെ അവര്‍ കാണപ്പെട്ടു. അപാരതയുടെ കാര്‍ക്കശ്യം തങ്ങളുടെ കൈകാലുകളില്‍ അവര്‍ പേറിയിരുന്നു. വിശപ്പും ചോരയൊലിക്കുന്ന ചുണ്ടുകളുടെ ദാഹവും മിന്നിത്തിളങ്ങുന്ന സൂര്യന്റെ കഠിനമായ നിശ്ശബ്ദതയും തണുത്ത രാത്രികളും ക്ഷീരപഥത്തിന്റെ തിളക്കവും ചന്ദ്രനും അവര്‍ തങ്ങളോടൊപ്പം കൊണ്ടു നടന്നു. സന്ധ്യക്ക്‌ അവരുടെ കൂറ്റന്‍ നിഴലുകളും അവരുടെ ചെരിഞ്ഞ കാലുകള്‍ ചവിട്ടി നടന്ന കന്നിമണ്ണിന്റെ അലകളും അപ്രാപ്യമായ ചക്രവാളവും അവരെ അനുഗമിച്ചു. മറ്റെന്തിനും ഉപരിയായി, കണ്‍ വെള്ളയില്‍ മിന്നിത്തിളങ്ങുന്ന പ്രകാശം അവര്‍ അവരോടൊപ്പം കൊണ്ടു നടന്നു.”*
നൂര്‍ എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ഭാഗം നോവലില്‍ വരുന്നത്. ചരിത്രപരമായ പശ്ചാത്തലമുണ്ട് ഈ ഭാഗത്തിന്. മരുഭൂമിയിലെ നാടോടി സമൂഹത്തിന്റെ തലവന്‍ മാ -എല്‍- ഐനീന്റെ നേതൃത്വത്തില്‍ പശ്ചിമ സഹാറയില്‍ സമാറാ പട്ടണം നിര്‍മ്മിക്കപ്പെട്ടതും ഫ്രഞ്ച്- സ്പാനിഷ് കൊളോണിയലിസ്റ്റുകള്‍ക്കെതിരെയെന്ന പോലെത്തന്നെ, പില്‍ക്കാലത്ത് ഒന്നാം ലോക യുദ്ധത്തില്‍ 'കശാപ്പുകാരന്‍' ('The Butcher') എന്ന് കുപ്രസിദ്ധനായിത്തീര്‍ന്ന ജനറല്‍ ചാള്‍സ് മാംഗിന്റെ (General Charles Mangin) നേത്രത്വത്തില്‍ ഇസ്ലാമിനെതിരെ ഉണ്ടായ ക്രിസ്ത്യന്‍ അധിനിവേശത്തിനെതിരെ നടന്ന ജിഹാദ് യുദ്ധങ്ങളും മാ-അല്‍-ഐനീന്റെ അന്തിമ പരാജയവുമൊക്കെ ചരിത്ര വസ്തുതകളാണ്. നൂറിന്റെ കാഴ്ചയിലൂടെ ഈ 'നൊമാഡിക്' കുടുംബങ്ങള്‍ അവരുടെ നാട്ടില്‍ നിന്ന് തുരത്തപ്പെടുന്നതും വറുതിയിലും ദാഹത്തിലും മൊറോക്കന്‍ തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. മാ-എല്‍-ഐനീന്റെ പടയാളികളായ 'മരുഭൂമിയുടെ നീല മനുഷ്യ'രേ ഫ്രഞ്ച് സൈന്യം നിലം പരിശാക്കുന്നതോടെ പരാജയത്തിലും അവര്‍ തങ്ങള്‍ക്കൊഴിച്ചു മറ്റാര്‍ക്കും നിവസിക്കാനാവാത്ത അവരുടെ മരുഭൂ നാട്ടിലേക്ക് തിരിച്ചു പോവുന്നു.
രണ്ടാം ഘട്ടത്തില്‍ നമ്മള്‍ ലല്ലയെ പരിചയപ്പെടുന്നു. വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും എഴുപതുകളുടെ കാലപരിസരമാണെന്നു ഈ ഭാഗത്തെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നൂറിന്റെ; 'നീല മനുഷ്യ'രുടെ പിന്‍ മുറക്കാരിയാണ് ലല്ല. അനാഥ. മരുഭൂമിയുടെ ജീവന്‍ തുടിപ്പുകളെയൊക്കെയും ഇഷ്ടപ്പെടുന്നവള്‍: അതിന്റെ പ്രാണികളെ, കുഞ്ഞുറുമ്പുകളെ, ഈയലുകളെ. ഈ ഇഷ്ടം തന്നെയാണ് അവളെ മരുഭൂമിയുടെ നിശ്ശബ്ദ ആത്മാവ് തന്നെയായ ഇടയയുവാവ് 'ഹര്‍ത്താനി'യുമായി അടുപ്പിക്കുന്നതും. കിഴവന്‍ മുക്കുവന്റെ കഥകളില്‍ കേള്‍ക്കുന്ന നിറം പിടിപ്പിച്ച വടക്കന്‍ പ്രദേശ ഗാഥകള്‍ അവളെ മോഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രായക്കൂടുതലുള്ള ഒരു ധനികനുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് ഒളിച്ചോടാനായി അവള്‍ ഓടിപ്പോവുന്നതും മാര്‍സേയ്ല്‍സില്‍ എത്തിപ്പെടുന്നതും. മരുഭൂമിയുടെ ആത്മാവ് പോലെത്തന്നെ നിഗൂഡമായ രഥ്യകളുള്ള ഹര്‍ത്താനിയില്‍ നിന്ന് അവള്‍ ഗര്‍ഭിണിയാണ്. എന്നാല്‍ അവനു ഒന്നിനോടും പ്രത്യേകം ചേര്‍ന്ന് നില്‍ക്കാനാവില്ല. മറു വശത്ത്‌ നഗരം അവള്‍ക്കായി കാത്തു വെച്ചതൊന്നും അവള്‍ സങ്കല്‍പ്പിച്ചതേ അല്ലായിരുന്നു. അംബര ചുംബികള്‍ക്കിടയില്‍, തെളിഞ്ഞു വരുന്ന തന്റെ ഉടലിലേക്ക് കൂര്‍ത്തുവരുന്ന നോട്ടങ്ങള്‍ക്കിടയില്‍, ലല്ലക്ക് ഏകാന്തതയും വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നു. അവള്‍ക്കു തിരിച്ചു പോവാതെ വയ്യ, മരുഭൂമിയുടെ അത്തിത്തണലിലേക്ക്.
ആദ്യ ഖണ്ഡത്തില്‍ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണം മരുഭൂമി മുറിച്ചു കടക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നുവെങ്കില്‍, രണ്ടാം ഭാഗത്ത് സ്വയം തെരഞ്ഞെടുപ്പിലൂടെ തന്റെ ഇടം അവിടെത്തന്നെയാണ് എന്ന് കണ്ടെത്തുന്ന ലല്ലയെ നമ്മള്‍ കാണുന്നു. നാഗരീകതയും മെരുങ്ങാത്തതെങ്കിലും നൈസര്‍ഗ്ഗികമായ വന്യപ്രകൃതിയും തമ്മിലുള്ള താരതമ്യത്തില്‍ തന്റെ തെരഞ്ഞെടുപ്പ് എന്താണെന്ന് ലെ ക്ലെസിയോ വ്യക്തമാക്കുന്നുണ്ട് എന്നുതന്നെ പറയാം. സംസ്കൃതിയുടെ നിഷ്ടുര ശേഷിപ്പുകളായ ജന്മ ദേശത്തു നിന്ന് തുരത്തപ്പെടുന്നതിന്റെയും, അറ്റമില്ലാത്ത ചാക്രിക പാലായനങ്ങളുടെയും, പ്രവാസത്തിന്റെയും, വംശീയ ഉന്‍മൂലനത്തിന്റെയുമൊക്കെ മാനുഷികദുരന്ത ഗാഥകളില്‍ ആകൃഷ്ടനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതൊരു പക്ഷെ തികച്ചും സ്വഭാവികവുമാണല്ലോ.
*(ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'മരുഭൂമി' മലയാള വിവര്‍ത്തനം പേജ്: എട്ട്. വിവര്‍ത്തനം ഡോ. എസ്. ശ്രീനിവാസന്‍.)

(പച്ചക്കുതിര മാസികയില്‍ വന്ന (2014 Sept) ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം Logos Books പ്രസിദ്ധീകരിച്ച കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ എന്ന പുസ്തകകത്തില്‍ വായിക്കാം. പേജ്: 15- 23)