Featured Post

Showing posts sorted by relevance for query Eve out of Her Ruins by Ananda Devi. Sort by date Show all posts
Showing posts sorted by relevance for query Eve out of Her Ruins by Ananda Devi. Sort by date Show all posts

Wednesday, April 30, 2025

Eve out of Her Ruins by Ananda Devi / Jeffrey Zuckerman

 ആത്മപീഡയുടെ കവചം



my mouth will be the mouth of those calamities that have no mouth”

-     Aimé Césaire

ഇന്ത്യന്‍ - ക്രിയോള്‍ പാരമ്പര്യമുള്ള മോറീഷ്യന്‍ എഴുത്തുകാരി ആനന്ദ ദേവിയുടെ കൃതികള്‍ ഇന്‍ഡോ- മോറീഷ്യന്‍ സമൂഹത്തിലെ സ്ത്രീത്വത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും പ്രശ്നങ്ങളെ കാവ്യാത്മകഭാവഗീതാത്മക ശൈലിയില്‍ ആവിഷ്കരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ ആദ്യ സാഹിത്യ സമ്മാനം നേടിയ ആനന്ദ ദേവിതുടര്‍ന്നിങ്ങോട്ട്‌ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അത്രയൊന്നും കൊണ്ടാടപ്പെട്ട ഒന്നല്ല മോറീഷ്യന്‍ സാഹിത്യമെങ്കിലും ആനന്ദാ ദേവിയുടെ സംഭാവനകളിലൂടെ ആ കുറവ്  വലിയ തോതില്‍   അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഭയും ധീരമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നൈതികതയും ചേര്‍ന്ന സമ്പന്നമായ രചനാ ലോകത്തിലൂടെ അവര്‍ സ്വന്തം നാട്ടുകാരനായ മറ്റൊരു വലിയ ജീനിയസ്സിന്റെ പാത പിന്തുടര്‍ന്നു: നോബല്‍ പുരസ്കാര ജേതാവായ സാക്ഷാല്‍ ഴാങ് മറീ ഗിസ്റ്റാഫ് ലെ ക്ലെസിയോയുടെ. കാവ്യസുന്ദരമായ ഗദ്യമുപയോഗിച്ചു ദാരിദ്ര്യവും സ്ത്രീവിരുദ്ധതയും ‘വിഷലിപ്തമായ പൌരുഷവും’ (toxic masculinity) അടയാളപ്പെടുത്തുന്ന പ്രാദേശിക ജീവിതം ചിത്രീകരിക്കുന്നതിലൂടെ നതാഷ അപ്പനായെ പോലുള്ള മറ്റു മോറീഷ്യന്‍ എഴുത്തുകാര്‍ക്ക് അവര്‍ വഴികാട്ടിയുമായി. എട്ടു നോവലുകളും കുറെയേറെ ചെറുകഥാ - കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അവരുടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രണ്ടാമത് നോവലാണ്‌ Eve Out of Her Ruins.  

ബഹുസ്വരമായി ആവിഷ്കരിക്കപ്പെടുന്ന ‘ഈവ്’ ടീനേജുകാരായ നാലു പേരുടെ മാറിമാറി വരുന്ന, വ്യക്തിത്വ വൈവിധ്യം വിളിച്ചോതുന്ന സ്വഗതാഖ്യാന സ്വഭാവമുള്ള ചെറു അധ്യായങ്ങളിലൂടെയാണ് ചുരുള്‍ നിവരുന്നത്. മോറീഷ്യസിന്റെ പ്രസിദ്ധമായ ടൂറിസം പോരിമ വിളിച്ചോതുന്ന മാനുവലുകളില്‍ ഇടം പിടിക്കാത്ത കൊടിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുഖമുദ്രയായപോര്‍ട്ട്‌ ലൂയിസ് എന്ന തലസ്ഥാന നഗരിയിലെ കൌമാര/ യുവകുറ്റവാളി സംഘങ്ങള്‍ കയ്യടക്കിയ ട്രോമൊരോണ്‍ ചേരികളുടെ പശ്ചാത്തലത്തില്‍ ഉണര്‍ന്നു വരുന്ന ലൈംഗിഗതയുടെയും സ്വത്വ സംഘര്‍ഷങ്ങളുടെയും മോചനമില്ലാത്ത ഇരുണ്ട സാധ്യതകളുടെ ജീവിതതാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന്റെയും അനിവാര്യ ദുരന്തങ്ങളുടെയും വ്യര്‍ത്ഥബോധത്തിന്റെയും സ്വയമെരിഞ്ഞടങ്ങുന്ന പ്രതികാരത്തിന്റെയും കഥയാണത്.  ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/eve-out-of-her-ruins-by-ananda-devi-jeffrey-zuckerman


Tuesday, April 11, 2017

Becoming Abigail by Chris Abani

കുരുതിപ്പൂക്കളുടെ ശാപം




കൊളോണിയല്‍ അനന്തര നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത ഘട്ടമായിരുന്നു ബയാഫ്രന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് സംഘര്‍ഷത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവാസത്തിലും ഒക്കെയാണ് . കൗമാരത്തിലേ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത അബാനി തന്റെ രചനകളിലൂടെ പട്ടാള ഭരണത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും കൊടിയ പീഡന മുറകളുള്ള ജയിലറകളില്‍ എകാന്തത്തടവിനും മരണ ദണ്ഡനക്കും വിധിക്കപ്പെടുകയും ചെയ്തു. ഭരണ കൂടത്തിനെതിരെ അട്ടിമറി ശ്രമം ഉള്‍പ്പടെ കുറ്റം ചാര്‍ത്തപ്പെട്ടു പതിനെട്ടാം വയസ്സ് മുതല്‍ മൂന്നു തവണയായി ആറു വര്‍ഷക്കാലം കാരാഗൃഹത്തില്‍ കഴിഞ്ഞ, സുഹൃത്തുക്കള്‍ കൈക്കൂലിയായി ജയിലധികൃതര്‍ക്ക് നല്‍കിയ കൈമടക്കിന്റെ ബലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പുരാവൃത്തത്തിനു ഉടമയാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബാനി. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയാണ് കൃത ഹസ്തനായ കവി കൂടിയായ അബാനി തന്റെ രചനകളില്‍ വികാര സാന്ദ്രമെങ്കിലും ഒരു ഘട്ടത്തിലും അതിവൈകാരികമല്ലാത്ത കവിതാത്മക ഭാഷയില്‍ സന്നിവേശിപ്പിക്കുന്നത്. തന്റെ പേരിന്റെ യഥാര്‍ത്ഥ ഉടമയായ വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ ലാഗോസിലെ ചേരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന 'ഗ്രേസ്‌ ലാന്‍ഡ്‌' , ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വെന്തുരുകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്കളുടെ (child soldiers) ജീവിതാവസ്ഥകള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്ര സൗന്ദര്യമിയന്ന കാവ്യാത്മകവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന 'സോംഗ് ഫോര്‍ നൈറ്റ്‌' , 9/11-ന്നു ശേഷമുള്ള സമാധാന ത്വരയുടെയും ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍ കിഴക്കന്‍ ലോസ് ഏഞ്ചലസിലെ കടുത്ത സാഹചര്യങ്ങളില്‍ അതിജീവിക്കുന്ന ബ്ലാക്ക്‌ എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ ജീവിതം പകര്‍ത്തുന്ന 'ദി വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്' തുടങ്ങിയ കൃതികളിലൊക്കെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ കഥകളാണ് അബാനി വിഷയമാക്കുന്നത്.


ജനിച്ചപ്പോഴേ അമ്മയുടെ മരണത്തിനു കാരണമായിത്തീര്‍ന്നവള്‍ എന്ന ശാപം പേറുകയും വിരഹാര്‍ത്തനായഉത്തരവാദിത്ത ബോധമില്ലാത്തവനും കുടിയനുമായ പിതാവിന് എപ്പോഴും അമ്മയെ ഓര്‍മ്മിപ്പിക്കും വിധം അവരോടു കടുത്ത രൂപ സാദൃശ്യത്തോടെ വളര്‍ന്നു വരികയും ചെയ്യുന്നഅമ്മയുടെ അതേ പേരുള്ള അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ ഹ്രസ്വവും നരക തുല്യവുമായ ജീവിതത്തിന്റെയും കീഴടങ്ങാന്‍ തയ്യാറില്ലാത്ത ദുരന്ത വീര്യത്തിന്റെയും അവരില്‍ നിന്നുംഒരു വേള അവരിലേക്കു തന്നെയുമുള്ള ആത്മ വികാസ / നിരാസത്തിന്റെയും വൈരുധ്യ പൂര്‍ണ്ണമായ ആത്മ സത്താന്വേഷണവും (becoming) സ്വയമെരിഞ്ഞമരലുമാണ് 120 പുറങ്ങള്‍ മാത്രമുള്ള അബാനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ രചിക്കപ്പെട്ട BECOMING ABIGAIL എന്ന നോവെല്ല പറയുന്നത് . അവളുടെ ജീവിതത്തെ തന്നെ ഒരു നിഴല്‍ രൂപമാക്കിയ (ghostly presence) തുടക്കം ഓര്‍മ്മകളുടെ ആദ്യ സ്ഫുരണങ്ങളോടൊപ്പം പില്‍ക്കാലം തുന്നിക്കൂട്ടിയെടുക്കുന്ന അയഥാര്‍ത്ഥമായ ഒരനുഭവമായാണ് അവള്‍ തിരിച്ചറിയുകനോവെല്ലയുടെ ആരംഭത്തില്‍ നിന്ന്:

"അപ്പോള്‍ ഇതും.............

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/becoming-abigail-by-chris-abani

(അകം മാസിക, ഏപ്രില്‍ 2017)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 159-164)

More by Chris Abani:

    GraceLand by Chris Abani

    https://alittlesomethings.blogspot.com/2016/08/blog-post_18.html

    Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

More on woman/ child abuse theme:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Woman at Point Zero by Nawal El Saadawi

 https://alittlesomethings.blogspot.com/2024/08/woman-at-point-zero-by- nawal-el-saadawi.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html



Saturday, August 3, 2024

Your Name Shall Be Tanga by Calixthe Beyala

ഋതുഹാരകളുടെ മാനിഫെസ്റ്റോ




പ്രകോപനപരമായ രീതിയില്‍ പുരുഷാധിപത്യ വിരുദ്ധമെന്നു ഫെമിനിസ്റ്റ് നിരൂപകര്‍ എന്ന് ആഘോഷിക്കുമ്പോള്‍ത്തന്നെ സാഹിത്യ ചോരണത്തിനു ഏറെ ഭത്സിക്കപ്പെടുകയും ചെയ്തിട്ടുള്ള എഴുത്തുകാരിയാണ് കാമറൂണിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് കലിസ്തെ ബിയാല. പോസ്റ്റ്കൊളോണിയല്‍, പുരുഷാധികാര ആഫ്രിക്കന്‍ സമൂഹത്തില്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ വിധേയത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ വന്യമായ ലൈംഗിക ബിംബങ്ങള്‍ വേണ്ടുവോളം ഉപയോഗിച്ച് ആവിഷ്കരിക്കുന്ന കൃതികളിലൂടെ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റ് എന്നും പുരുഷ വിദ്വേഷിയെന്നും വിളിക്കപ്പെട്ടിട്ടുണ്ട് അവര്‍. ആഫ്രിക്കന്‍ വാമൊഴി കഥാ പാരമ്പര്യത്തെ പിന്തുടര്‍ന്ന് രേഖീയമല്ലാത്ത ആഖ്യാനങ്ങളിലൂടെ ലൈംഗിക അതിക്രമങ്ങളും പീഡനവും നിരന്തരം അനുഭവിക്കേണ്ടി വരുന്നജീവിതകാലം മുഴുവനും പുരുഷാധിപത്യത്തിന് അടിപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കു വേണ്ടി, ആഫ്രിക്കന്‍, ആഫ്രിക്കന്‍ കുടിയേറ്റ സമൂഹങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചു അവര്‍ എഴുതുന്നു. രചനാ ശൈലിയില്‍ പോസ്റ്റ്മോഡേന്‍ എന്ന് വിവരിക്കപ്പെടുന്ന രേഖീയമല്ലാത്തസങ്കീര്‍ണ്ണവും ശ്ലഥവുമായ ആഖ്യാനംഫ്ലാഷ് ബാക്കുകള്‍തെരുവു സംസാരം ഉള്‍പ്പടെ വ്യത്യസ്ത ഭാഷാ രീതികളുടെ മിശ്രണംഭൂതകാലവും വര്‍ത്തമാനവും സൂചകഭേദങ്ങളില്ലാതെ ഇടകലരുന്ന രീതിവ്യത്യസ്ത ആഖ്യാന സ്വരങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഇടകലരുന്നു.   

കാമറൂണിലെ ഏറ്റവും വലിയ നഗരമായ ദുവാലയില്‍ പരമ ദരിദ്രമായ കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍ ഒരുവളായി 1961ല്‍ ജനിച്ച ബിയാലന്യു ബില്ലിലെ ചേരിയില്‍ മൂത്ത സഹോദരിയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്‌. പതിനേഴാം വയസ്സില്‍ പാരീസിലെത്തിയ ബിയാല അവിടെ വെച്ചാണ്‌ പഠനം പൂര്‍ത്തിയാക്കുന്നതും വിവാഹിതയകുന്നതും. 1987ല്‍ ആദ്യ നോവല്‍ പുറത്തിറക്കിയ ശേഷം ഫ്രാന്‍സിലെ പ്രവാസികളുടെയും ന്യൂന പക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക അംഗം ആയിത്തീര്‍ന്ന ബിയലതുടര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പേരില്‍ സാഹിത്യ ചോരണത്തിനു കോടതി കയറേണ്ടി വന്നു. ആലീസ് വാക്കര്‍ബെന്‍ ഓക്രി തുടങ്ങിയ വലിയ എഴുത്തുകാരുടെ ഉള്‍പ്പടെ ദീര്‍ഘമായ അനുരണങ്ങള്‍ അവരുടെ കൃതികളില്‍ ആരോപിക്കപ്പെട്ടു. എന്നാല്‍സമാന്തരമായി അക്കാഡമി ഫ്രാന്‍സ് പോലുള്ള വലിയ സാഹിത്യ ബഹുമതികളും അവരെ തേടിയെത്തിക്കൊണ്ടിരുന്നു. നിലവിലുള്ള സ്രോതസ്സുകളില്‍ നിന്ന് സമൃദ്ധമായി കടം കൊള്ളുന്ന ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തിന്റെ പേരില്‍ ബിയാല സ്വയം വിശദീകരിച്ചു.

ആദ്യ നോവല്‍The Sun Hath Looked upon Me, ചേരിപ്രദേശത്തെ കുടിലില്‍ അടക്കിഭരിക്കുന്ന അമ്മാവിയുടെ കീഴില്‍ രോഷം ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന അതേബയെന്ന പത്തൊമ്പതുകാരിയുടെ ജീവിതം പകര്‍ത്തുന്നു. ഒടുവില്‍അടിച്ചമര്‍ത്തുന്ന പുരുഷാധികാര ക്രമത്തിനെതിരില്‍ അവള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഈ നോവലിന്റെ ഏതാണ്ടൊരു തുടര്‍ച്ചയായി Your Name Shall Be Tanga എന്ന കൃതിയ കാണാനാവും. സ്ത്രീത്വത്തിന്റെ ഇരവല്‍ക്കരണം, ദാരിദ്ര്യം, ലൈംഗികത, ലൈംഗികത്തൊഴില്‍, നിത്യജീവിതത്തിലെ ഹിംസാത്മകത, ചരിത്രത്തിന്റെ വിളയാട്ടമോ, അഥവാ ചരിത്രത്തിന്റെ അഭാവമോ, അതിജീവനം, എന്നിങ്ങനെ ആദ്യ നോവലിലെ പ്രമേയങ്ങളില്‍ പലതും ടാങ്കയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അതെ സമയം കഥ പെണ്‍സൌഭ്രാത്രത്തിലൂടെയുള്ള സ്ത്രീ ശാക്തീകരണം, അതിജീവനം എന്നീ പ്രമേയങ്ങളില്‍ കൂടുതല്‍ കേന്ദ്രീകൃതമാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *1.

ജയില്‍ മുറിയില്‍ മരിച്ചു കൊണ്ടിരിക്കുന്ന ടാങ്ക എന്ന കുട്ടിക്കാലം നിഷേധിക്കപ്പെട്ട ആഫ്രിക്കന്‍ പെണ്‍കുട്ടി (‘girlchild- woman’) അന്നാ ക്ലോദ് എന്ന, ഉന്മാദത്തില്‍ പിടിയില്‍ പെട്ടുപോയ മുതിര്‍ന്ന സ്ത്രീയോട് തന്റെ കഥ പറയുന്നു: പിതാവിന്റെ മരണ ശേഷം ദാരിദ്ര്യം മൂലം അമ്മയുടെ നിര്‍ബന്ധത്തിലൂടെ കുഞ്ഞിലേ ബാലവേശ്യ ആയിത്തീര്‍ന്നതിന്റെഅവിശുദ്ധ രതിയുടെ (incest), നേരിടേണ്ടി വന്ന ജുഗുപ്സാവഹമായ കയ്യേറ്റങ്ങളുടെ, കുറ്റകൃത്യങ്ങളുടെവിരഹത്തിന്റെ. നോവലിന്റെ പശ്ചാത്തലമായ ഇനിംഗുവെന്ന സാങ്കല്‍പ്പിക പട്ടണത്തില്‍തന്റെ വിദ്യാര്‍ഥികളോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തടവിലാക്കപ്പെട്ടവളാണ് അന്നാ ക്ലോദ്. അവര്‍ പെണ്‍കുട്ടിയെ ടാങ്ക എന്ന് വിളിക്കുകയും തന്റെ കഥ പറയാന്‍ നിര്‍ബന്ധിക്കുകയുമാണ്. പെണ്‍കുട്ടിക്ക് വേണ്ടപോലെ സംസാരിക്കാനാവാത്തതു കൊണ്ട് അന്ന അവളുടെ കൈപിടിക്കുന്നുചരിത്രം അവരിലേക്ക്‌ പ്രവഹിക്കുന്നു. ടാങ്കയുടെയും അന്നയുടെയും വ്യക്തിത്വങ്ങള്‍ ഒന്നായിത്തുടങ്ങുകയും ടാങ്കയുടെ മരണ നിമിഷത്തില്‍ അന്ന തീര്‍ത്തും അവളായിത്തീരുകയും ചെയ്യുന്നു. തീര്‍ത്തും അപരിചിതയും വെള്ളക്കാരിയുമായ സ്ത്രീയോട് എന്ന നിലയില്‍ മടിച്ചു മടിച്ചുംവാക്കുകള്‍ക്കു പ്രയാസപ്പെട്ടും തുടങ്ങുന്ന കഥയില്‍ പോകെപ്പോകെയാണ് വിശ്വാസത്തിന്റെ ബലം കടന്നു വരുന്നത്. ടാങ്കയുടെ മരണ ശേഷവും ജീവിതം തുടരുന്ന അന്നയിലേക്ക് അവളുടെ വ്യക്തിത്വം കൂടി സംക്രമിപ്പിക്കുന്നതിലൂടെ പോസ്റ്റ്‌ കൊളോണിയല്‍ സാഹചര്യങ്ങളില്‍ വേര്‍തിരിക്കപ്പെട്ട രീതിയില്‍ മനസ്സിലാക്കപ്പെട്ട ആഫ്രിക്കന്‍ കഥാപത്രവും യൂറോപ്പ്യന്‍ കഥാപാത്രവും സമന്വയിപ്പിക്കപ്പെടുന്നു; അതൊരു സങ്കര മാതൃ സ്വരമായി (a hybrid maternal voice) പരിണമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2.

Your Name Shall Be Tanga , ദ്വിമുഖമായ ഒരു ‘പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ’ ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്: ഭാഗികമായി കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ഭാഗികമായി സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതും. *3. കുട്ടിക്കാലം നിഷേധിക്കപ്പെട്ടഅവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തവിസ്മരിക്കപ്പെട്ട ആഫ്രിക്കന്‍ കുട്ടികളെ കുറിച്ച് ബിയാല പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നോവല്‍ അത്തരം കുട്ടികളുടെ സ്വരം വീണ്ടെടുക്കുന്നു. “അപ്പോള്‍അത് കുട്ടിക്ക് വേണ്ടിയാണ് – മുതിര്‍ന്നവരായിജനിക്കുകയും തങ്ങളുടെ വിധിയുടെ കാഠിന്യം എങ്ങനെ അളക്കണമെന്ന് ഒരിക്കലും മനസ്സിലാക്കുകയും ചെയ്യാനിടയില്ലാത്ത ഈ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്; തങ്ങളുടെ കുട്ടിക്കാലത്തിന്റെ വിഭാര്യന്മാരായ (widowers of their childhood) ഈ കുട്ടികള്‍: സമയം പോലും അവര്‍ക്കൊരു വാഗ്ദാനവും നല്‍കുന്നില്ല.” എന്ന് നോവലിസ്റ്റ് എഴുതുന്നു. അയി ക്വയി അര്‍മായുടെ The Beautyful Ones Are Not Yet Born എന്ന നോവലിലെ പേരില്ലാത്ത കഥാപാത്രം, നൂറുദ്ദീന്‍ ഫറായുടെ Maps എന്ന നോവലിലെ ഓസ്കാര്‍ എന്നിവരെ പോലെ ‘സ്വന്തം കുട്ടിക്കാലത്തിന്റെ വിഭാര്യന്മാര്‍’ എന്ന് വിളിക്കപ്പെടാവുന്ന കൌമാര കഥാപാത്രങ്ങളില്‍ ഒന്നായി Your Name Shall Be Tanga യിലെ ടാങ്ക എന്ന കഥാപാത്രത്തെ (‘girlchild-woman’) കാണാമെന്നു സോന്യ ഡാര്‍ലിംഗ്ടണ്‍ നിരീക്ഷിക്കുന്നു (Ibid). തികച്ചും സാര്‍വ്വലൌകികമായി അംഗീകരിക്കപ്പെടുന്ന പെണ്‍കുട്ടി/ മുതിര്‍ന്ന സ്ത്രീ എന്ന ദ്വന്ദ്വത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്തും നേര്‍ത്തുപോയകുട്ടിക്കാലം നിഷേധിക്കപ്പെട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ പ്രസ്തുത സംജ്ഞ (‘girlchild-woman’) മുപ്പതു തവണയെങ്കിലും നോവലില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് നിരൂപക ചൂണ്ടിക്കാണിക്കുന്നു. അഥവാ അവളുടേതു പോലുള്ള നെരിപ്പോടു ജീവിതങ്ങള്‍ക്ക് അത്തരം വര്‍ഗ്ഗീകരണങ്ങളുടെ വാര്‍പ്പു മാതൃകകള്‍ പ്രസക്തമല്ല എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുകയാണ്. അതുകൊണ്ടു തന്നെ നോവല്‍ ഒരു ‘മുതിര്‍ന്നു വരവി’ന്റെ (coming-of-the-age) കഥയല്ല. സിറ്റ്സി ദംഗരെമ്പയുടെ റ്റംബുവിനെ പോലെ (Nervous Conditions) മുതിര്‍ന്നു വരവിന്റെ പാതയില്‍ കടന്നുവന്ന വഴികളിലെ തടസ്സങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന കഥാപാത്രമായോകമാര ലായെയുടെ മുഖ്യ കഥാപാത്രമായ ‘കറുത്ത കുഞ്ഞി’നെ (Camara Laye - Dark Child) പോലെ കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ശൈശവത്തിന്റെ നിഷ്കളങ്കതയുടെ ആവിഷ്കാരമായോ അല്ല ടാങ്കയുടെ കഥ പറയപ്പെടുന്നത്‌. എഫൂറുവിനെ പോലെ (Efuru- Flora Nwapa) പൊരുതി മുന്നേറുന്ന നായികയുടെ കഥയുമല്ല ടാങ്കയുടെത്.

ബിയാലയുടെ നോവലില്‍ കുട്ടികളുടെ അവകാശം എന്ന കേന്ദ്ര പ്രമേയം കൂടുതല്‍ സ്ഫുടം ചെയ്യപ്പെടുന്നുണ്ട്: അത് പെണ്‍കുട്ടിയാണ്ഒപ്പം കുട്ടിക്കാലമില്ലാതെ പോയ പെണ്ണും. സമകാലിക ആഫ്രിക്കന്‍ സാഹചര്യത്തില്‍ അത്തരം കുട്ടിയല്ലാത്ത പെണ്‍കുട്ടിയുടെ മേല്‍ വന്നു പതിക്കുന്ന സ്വാതന്ത്ര്യരഹിതമായ നിയതാവസ്ഥ (determinism)ക്ക് സാമ്പത്തികവും പുരുഷാധികാര പരവും മനശാസ്ത്രപരവുമായി അവളെ വരിഞ്ഞു മുറുക്കുന്ന ഒട്ടേറെ മാനങ്ങളുണ്ട്. കുടുംബവും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം ടാങ്കക്ക് ഒരു കള്ളി വരച്ചു നല്‍കുന്നുണ്ട്: അവള്‍ കുട്ടിയാണെന്നതും അവരെ കയ്യേറ്റം ചെയുന്നവര്‍ ബലാല്‍ക്കാരം ചെയ്യുന്നവരാണ് എന്നതും വിസ്മരിച്ച് അവരൊക്കെ വേശ്യയെന്ന നിലയില്‍ അവളുടെ ലൈംഗികതയെ വര്‍ഗ്ഗീകരിക്കുന്നു. ലൈംഗികത്തൊഴില്‍ദുര്‍വൃത്തികള്‍അക്രമം എന്നിങ്ങനെയല്ലാതെ മറ്റു അതിജീവന പോംവഴികള്‍ ഇല്ലാത്ത ഇടമാണത്. ആറാം വയസ്സില്‍ അവളുടെ കണ്‍വെട്ടത്തു വെച്ച് പിതാവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക വേഴ്ച്ച നടത്തുന്നു. പത്താം വയസ്സില്‍ അയാള്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അതില്‍ പിറക്കുന്ന കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്യുന്നു. പത്രണ്ടാം വയസ്സില്‍ കാമുകനായ ഹസ്സന്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അവളെ പോലോരുത്തി വിവാഹമെന്നു ചിന്തിക്കുന്നതു പോലും വട്ടാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: “നിനക്കെന്തു പറ്റുമെന്നു നിനക്കറിയാമോനിന്റെ സൌന്ദര്യം പോയ്പ്പോകും. മറ്റെല്ലാവരെയും പോലെ,” പിന്നീട് എന്നെ നിരുത്സാഹപ്പെടുത്താനായി അവന്‍ അയഞ്ഞുതൂങ്ങിയ വയറുമായി വരാന്തയിലിരിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അവരുടെ തൂങ്ങിയ മുലകളെ കുറിച്ചുംനിരാശനായ ഭര്‍ത്താവിന്റെ മടുപ്പ് ബാധിച്ച, പതിയെ പതിയെ നിശബ്ദമാകുന്ന ശബ്ദത്തെ കുറിച്ചും പറയുന്നു.” പതിനാറു വയസ്സാകുമ്പോഴേക്കും ഭിന്ന ദേശക്കാരും വര്‍ഗ്ഗക്കാരും അവളെ ചവച്ചു തുപ്പിയിരിക്കുന്നു; അവളുടെ ഉടല്‍ അതിന്റെ ഫലമായി വല്ലാതെ മുറിഞ്ഞു പോയിരിക്കുന്നു. “ഞാനെന്റെ കാലുകള്‍ക്കിടയിലെ രക്തത്തിന്റെ പിന്‍ഗാമിയായി. എന്റെ തുടകള്‍ക്കിടയിലെ ഒരു ദ്വാരം. വിസ്മൃതിയുടെ നിയമം മാത്രമേ എനിക്ക് സ്വന്തായി കിട്ടിയുള്ളൂ. കാലം കടന്നു പോയിഎന്റെ പൊയ്പ്പോയ ആ ഭാഗവുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടത്തെ റാഞ്ചി. ഞാനവയെ കയറുകൊണ്ടു ബന്ധിച്ചു. ഞാനത് കാലത്തിന്റെ വലിപ്പിലേക്ക് ആഴത്തിലേക്ക് പൂഴ്ത്തിവെച്ചു.” എന്നാല്‍ വേറെ ചിലര്‍, ‘ഞാന്‍ ആരുടേയും കുഞ്ഞല്ല.” ("I'm nobody's child") എന്ന് പറയുന്ന ചട്ടുകാലനെ (Footwreck) പോലെ ഇനിംഗൂവിലെ ഊരും പേരുമില്ലാത്ത കുട്ടികളില്‍ ഒന്നായി, ഒരു വര്‍ഗ്ഗീകരണവും സാധ്യമല്ലാത്ത ഒരുവളായിഅവളെ കരുതി. തടവറയില്‍ വെച്ച് അന്നയാണ് അവളെ ടാങ്ക എന്ന് വിളിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. മനശാസ്ത്ര തലത്തില്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പീഡകള്‍ക്ക് അവളുടെ ഗര്‍ഭാവസ്ഥയോളം തന്നെ പഴക്കമുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്ത ഭര്‍ത്താവിനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്ന നിലയില്‍ മമ്മ അപ്പോഴേ അവളെ വെറുത്തു. കുടുംബ വരുമാനത്തിന് വേണ്ടിയും, എരെന്‍ഡിരയുടെ വളര്‍ത്തമ്മയെ പോലെ (“Innocent Erindira- Marquez) ദുരൂഹമായ ഒരു പിഴ ചുമത്തലായും ലൈംഗികത്തൊഴിലിലേക്ക് തീരെ കുഞ്ഞിലെ അവളെ തള്ളിവിട്ടു. മകളുടെ ശാരീരികവും മാനസികവുമായ ജയില്‍വാസത്തിന് മമ്മയാണ് പ്രധാന കാരണമെന്നും സ്ത്രീയുടെ പീഡനത്തിനു സ്ത്രീ തന്നെ നിമിത്തമാകുന്നതിന്റെ ഉദാഹരമാണ് ഇതെന്നും എന്‍ഫാഹ് അബേന്‍യി നിരീക്ഷിക്കുന്നു *4. ഏതൊരു കൌമാരക്കാരിയെയും പോലെ സ്വന്തം ജീവിതത്തെ നാണക്കേടുകളുടെ അനുസ്യൂതിയായി അവള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സ്ത്രീലമ്പടനായ പിതാവിന്റെ മകളായി ജനിച്ചതില്‍അമ്മ നടത്തുന്ന തന്റെ പെണ്‍ചേലാകര്‍മ്മത്തില്‍ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടി തന്റെ കണ്‍മുന്നില്‍ മമ്മ നടത്തുന്ന യാചനയില്‍ആദ്യം അച്ഛന്‍പിന്നെ കാമുകന്‍പിന്നെ പതിനാലു പേരെ കൊന്ന ചരിത്രമുള്ള ആയുധ വ്യാപാരി മോന്‍സ്യോര്‍ ജോണ്‍പിന്നെ കശാപ്പുകാരന്‍പിന്നെ പേരറിയാത്ത മറ്റൊരാള്‍ എന്നിങ്ങനെ താന്‍ നേരിട്ട ബാലാല്‍ക്കാരങ്ങളില്‍. ഒന്നിലും ഒരധികാരവുമില്ലാത്ത അവള്‍ക്ക് ആരെയും നിയന്ത്രിക്കാനാവില്ല. വിവാഹ സാധ്യതയില്ല തനിക്കൊരിക്കലും എന്ന ചിന്തയും നാണക്കേടായി അവളെ മഥിക്കുന്നുണ്ട്.     

ബിയാലയുടെ കൃതികളിലെ സ്ത്രീപക്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും‘ടാങ്കയില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വിമര്‍ശന വിധേയരാക്കുന്നുണ്ട്. സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നവിശ്വസിക്കാന്‍ കൊള്ളാത്തഉത്തരവാദിത്ത ബോധമില്ലാത്ത അക്രമ സ്വഭാവികളും മേധാവിത്ത മനസ്ഥിതിക്കാരുമായ പുരുഷന്മാരുടെ പ്രതീകമാണ് ടാങ്കയുടെ പിതാവ്. സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍. എന്നാല്‍പുരുഷാധിപത്യ ക്രമത്തില്‍ സ്ത്രീയുടെ ഇരവല്‍ക്കരണം നടക്കുന്നത് പലപ്പോഴും മറ്റു സ്ത്രീകളുടെ കൂടി പിന്തുണയോടെയോ സഹകരണത്തോടെയോ ആണെന്ന വസ്തുത നോവലിസ്റ്റ് നിശിതമായി നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം അവരുടെ കുട്ടിക്കാലം തട്ടിത്തെറിപ്പിക്കുന്നതില്‍ ടാങ്കയുടെ അമ്മയെ പോലുള്ള സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. പരാജയപ്പെടുമെങ്കിലും തനിക്കു സംഭവിച്ച ദുര്‍വ്വിധിയില്‍ നിന്ന് മറ്റു കുട്ടികളെ രക്ഷിക്കാന്‍ ടാങ്ക നടത്തുന്ന ശ്രമങ്ങള്‍ അവളെ വെറുമൊരു ഇരയെന്ന മട്ടില്‍ ചുരുക്കി കാണേണ്ടതില്ല എന്നതിന്റെ തെളിവാണ്. അന്നയെന്ന മുതിര്‍ന്ന സ്ത്രീയിലേക്കു പരകായം നടത്തുന്ന ടാങ്കയിലൂടെ ഇരവല്‍ക്കരണത്തിനെതിരെ തങ്ങളുടെ ചരിത്രം പങ്കിടുന്നതിലൂടെ സ്ത്രീകളുടെ സൗഭ്രാത്രം (solidarity among women) എന്ന ആശയം നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നു. തന്റെ കഥ പറയുക എന്നത് സ്ത്രീയെ വെറുമൊരു വസ്തു വല്‍കൃത ജീവി എന്നതില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ കര്‍തൃസ്ഥാനത്തേക്ക് മാറ്റുന്നുവെന്നും ചൂഷണം ചെയ്യപ്പെടുന്ന ഏതൊരു കുട്ടിക്കാലമില്ലാത്ത പെണ്‍കുട്ടിയെയും പോലെ അവളും സ്വന്തം കഥയെ/ ചരിത്രത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും മേരി കലിസ നിരീക്ഷിക്കുന്നു. എന്നാല്‍ബുദ്ധിഭ്രമമുള്ളവള്‍ എന്ന് കണക്കാക്കപ്പെടുകയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് തടവിലാക്കപ്പെടുകയും ചെയ്യുന്ന യൂറോപ്പ്യന്‍ സ്ത്രീയിലൂടെ ടാങ്കയുടെ കഥയ്ക്ക് ഇനിയെന്തു സക്രിയത്വമാണ് ലഭിക്കുക എന്ന ചോദ്യം നോവലന്ത്യത്തെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. ഘടനാപരമായ സങ്കീര്‍ണ്ണതയും രേഖീയമല്ലാത്തതും ശ്ലഥവുമായ ആഖ്യാനവും പോലുള്ള ഘടകങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ, വിശേഷിച്ചും ആഫ്രിക്കന്‍ വനിതാ സാഹിത്യത്തിന്റെപതിവു രീതിയില്‍ നിന്നുള്ള ബോധപൂര്‍വ്വമായ വേറിട്ട്‌ പോക്കാണ് എന്നും അവര്‍ കരുതുന്നു (Marie-Chantal Kalisa).

ടാങ്കക്കു നിഷേധിക്കപ്പെടുന്നത് കുട്ടിക്കാലം മാത്രമല്ലഒരു വര്‍ഗ്ഗീകരണ ഘട്ടവും അവള്‍ക്ക് സ്വാഭാവികമായി ലഭ്യമാകുന്നില്ല. ‘പെണ്ണാവുക’ എന്ന അനുഭവം അതൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യാനാവും മുമ്പേ കയ്യേറ്റങ്ങള്‍ക്കും ഉടല്‍ ഭേദത്തിനും വിധേയയായ നിലയില്‍ അവള്‍ക്ക് ഉണ്ടാവുന്നില്ല. അവളൊരിക്കലും കാമുകിയോ ഭാര്യയോ ആകില്ല. സുഹൃത്തോവ്യക്തിയോ ആകുന്നില്ലപ്രസവിച്ചെങ്കിലും അമ്മയാകുന്നില്ല. മാലയെ ദത്തെടുക്കുമ്പോള്‍ അവന്‍ തന്നെയും സമൂഹത്തിലെ ആത്യന്തിക ചേരാത്തവന്‍ (ultimate misfit) ആണ്: അമ്മ ഉപേക്ഷിച്ച് ഉടല്‍ ഭാഗങ്ങള്‍ കീടങ്ങള്‍ അരുമ്പിയ നിലയില്‍ വളര്‍ച്ചാ വൈകല്യമുള്ള പന്ത്രണ്ടുകാരന്‍. ഇനിംഗുവിലെ കുട്ടികളെ ഹോളോകോസ്റ്റിലെ കുട്ടികള്‍ എന്ന് ടാങ്ക വിവരിക്കുന്ന സന്ദര്‍ഭമുണ്ട്‌.

നവാല്‍ അല്‍ സഅദാവിയുടെ Woman at Point Zero, എന്ന നോവലും Tanka യിലേതു പോലൊരു സാഹചര്യത്തിലാണ് കഥ പറയുന്നത്. പാത്ര സൃഷ്ടിയില്‍ മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദ ദേവിയുടെ Eve Out of Her Ruins,  നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ Becoming Abigail,  തുടങ്ങിയ നോവലുകളിലും ടാങ്കക്ക് സമാനതകള്‍ കണ്ടെത്താനാകും. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye) യും വായനയില്‍ ഓര്‍മ്മയിലെത്താം.  

  

References:

1.      1. (Marie-Chantal Kalisa -University of Iowa- www.h-net.org/reviews/showrev.php?id=1133).

2.       2.  (Köhler, Sigrid G. "Mad Body-Gifts: A Postcolonial Myth of Motherhood in Calixthe Beyala's Tu t'appelleras Tanga." In Body, Sexuality, and Gender: Versions and Subversions in African Literatures I, edited by Flora Veit-Wild and Dirk Naguschewski, pp. 31-46. Amsterdam, The Netherlands: Rodopi, 2005.)

3.       3. (https://www.encyclopedia.com/arts/culture-magazines/beyala-calixthe-1961)

4.      4.  (Nfah-Abbenyi, Juliana Makuchi. Gender in African Women's Writing. Bloomington: Indiana UP, 1997.)


more on child abuse theme:

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html


Friday, August 2, 2024

Azoora by K R Viswanathan (Malayalam Novel)

 ബലിമൃഗത്തിന്റെ ജാതകം



(കെ. ആര്‍ വിശ്വനാഥന്‍ രചിച്ച അസൂറ എന്ന നോവലിനെ കുറിച്ച്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിലുള്ള വൈഭവം ദേശത്തിന്റെ ജാതകം എന്ന പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. 'അസൂറ'യിലും അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.) 

സൗന്ദര്യവും അസാമാന്യ അഴകളവുകളുമുള്ള അരക്ഷിത പെണ്‍ബാല്യ കൗമാരങ്ങള്‍ കാവല്‍ക്കാരില്ലാത്ത തോട്ടമാണ്. വലിപ്പച്ചെറുപ്പമന്യേ വേട്ടക്കാര്‍ക്ക് ഉന്നം പരിശീലിക്കാനുള്ള വേട്ടമൃഗം. വഴിപോക്കര്‍ക്കോ തോട്ടമുടമകള്‍ക്ക് തന്നെയോ ഇറുത്തെടുക്കാവുന്ന മഞ്ഞു പുതച്ച പൂമൊട്ടുകള്‍. അത്തരം ഒരു പെണ്‍ജന്മത്തെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന നോവലാണ്‌, മുഖ്യ കഥാപാത്രത്തിന്റെ തന്നെ പേരുനല്‍കപ്പെട്ട അസൂറ. ആരുമില്ലാത്തവള്‍. എവിടെയും നങ്കൂരമില്ലാത്തവള്‍. നിസ്സഹായയായ ഒരമ്മയുടെ സാന്നിധ്യമോ ആത്മാന്വേഷനത്തിന്റെ ദുരൂഹ വഴികളില്‍ സ്വയം നഷ്ടമാകുന്ന, ആപത് ഘട്ടങ്ങളിലൊന്നും സന്നിഹിതന്‍ പോലുമല്ലാത്ത പിതൃ സ്ഥാനീയനോ, ജീവിച്ചിരിക്കുമ്പോള്‍ സദാചാര നിയമങ്ങളുടെ നടത്തിപ്പുകാരായി ഭേദ്യം ചെയ്യാന്‍ മാത്രം മുന്നില്‍ നില്‍ക്കുകയും എല്ലാം ഒടുങ്ങിക്കഴിയുമ്പോള്‍ ഫെമിനിസ്റ്റ് സിനിമയെടുത്ത് പ്രതിബദ്ധത തെളിയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ- പരിഷ്കര്‍ത്താക്കള്‍ ചമയുന്ന ടീച്ചറമ്മമാരോ അവളുടെ ജീവിതത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. സ്വന്തം ജീവ രക്തത്തില്‍ മുക്കി അവളെഴുതുന്ന കഥ തട്ടിയെടുത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് അവളുടെ സര്‍ഗ്ഗ സിദ്ധിയുടെ പോലും കൂമ്പടക്കുന്ന സനക ടീച്ചര്‍ തന്നെയാണ് അവളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമിനു തിരക്കഥ രചിക്കുക. കൈക്കുഞ്ഞായിരിക്കെ, പിതൃത്വം ഉറപ്പിക്കാന്‍ കഴിയാത്ത പിതാവ് ഇരുചെവിയറിയാതെ നടപ്പിലാക്കാന്‍ മുതിരുന്ന ദയാവധം പോലും വഴിമാറിപ്പോവുന്നത്, നോവലില്‍ വേറൊരു ഘട്ടത്തില്‍ സൂചിതമാകുന്നത് പോലെ, ഭാഗ്യഹീനത തന്നെയാണ്. കുഞ്ഞുന്നാളില്‍ കാളവേലയുടെ വന്യവും അചാരബദ്ധവുമായ ആസുര താളത്തില്‍ ഏറെ മുതിര്‍ന്ന അയല്‍ക്കാരന്‍ തുടങ്ങിവെക്കുന്ന ചോരക്കളി, കാളയെന്ന ബിംബത്തോട്‌ തന്നെയുള്ള അപസ്മാരമുണര്‍ത്തുന്ന ഭയമായി അസൂറയുടെ മനസ്സില്‍ ഉറഞ്ഞു കൂടുന്നുണ്ട്. ഭീഷണവും പ്രാണന്‍ പിടയുന്നതുമായ കയ്യേറ്റങ്ങളുടെ മുഹൂര്‍ത്തങ്ങളെ, ആചാരബദ്ധവും താളാത്മകതവും സുദീര്‍ഘവും വിരാമചിഹ്നങ്ങളില്ലാത്തതുമായ ഒരു ചടങ്ങിന്റെ ആവിഷ്കാരമെന്നോണം ഒരൊറ്റ നെടുങ്കന്‍ വാക്യത്തിലും ശ്വാസം മുട്ടിക്കുന്ന വേഗതയിലുമുള്ള സര്‍ റിയലിസ്റ്റിക് കാളകളി വിവരണമായി ആവര്‍ത്തിക്കുന്നത് അസൂറയുടെ ജീവിതത്തിലെ നിയാമകതയുടെ ആവര്‍ത്തന പര്‍വ്വതത്തെ സാക്ഷ്യപ്പെടുത്തുന്നു. പ്രാകൃത ഗര്‍ഭഛിദ്രത്തിന്റെയും വിവാഹനാട്യത്തിലൂടെ വില്‍പ്പനച്ചരക്കാകുന്ന വാണിഭത്തിന്റെയും കുരുടന്‍ ആനയെക്കാണുന്ന നീതി നിര്‍വ്വഹണ വിശേഷങ്ങളുടെയും നഗര മൂലയിലെ തുറസ്സില്‍ പോലും വേട്ടയാടപ്പെടുന്ന നിസ്സഹായതയുടെയും പെണ്‍ജീവിതങ്ങളില്‍, വിശേഷിച്ചും ദരിദ്രരും ‘അധകൃത’രും കുടുംബ സംരക്ഷണം ഇല്ലാത്തവരുമെങ്കില്‍, വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. രേതസ്സിന്റെ തെരുവുകളില്‍ അടിഞ്ഞു പോകുകയോ, പുഴയാഴങ്ങളിലേക്ക് ഇറങ്ങി മറയുകയോഒരു കയര്‍ കുരുക്കിലോ, ഒരു കന്നാസ് മണ്ണെണ്ണയിലോ, റെയില്‍ പാളങ്ങളിലോ അതുമല്ലെങ്കില്‍ മലയോരങ്ങളിലെ അജ്ഞാത ജടങ്ങളുടെ ഫോസിലുകളിലോ വിശ്രാന്തി കണ്ടെത്തുകയോ ചെയ്യുന്ന പെണ്‍ജന്മങ്ങള്‍ വാര്‍ത്തയല്ലാത്ത ഇക്കാലത്ത് അസൂറയുടെ ജീവിതവും കാലവും മരണവും ഉയിര്‍പ്പും നോവലിന്റെ വിഷയമാകുമ്പോള്‍ അവതരണം തന്നെയാണ് മുഖ്യം; ഇതിവൃത്തമല്ല. സ്വയം വരിക്കുന്ന ചിതാ പ്രവേശത്തിന്റെ അപൂര്‍വ്വതയിലേക്ക് അസൂറയുടെ അന്ത്യത്തെ പരിവര്‍ത്തിപ്പിക്കുന്നത് വിശ്വാസ ജടിലമായ സമൂഹത്തില്‍ വിചിത്രമായ ഒരു ദേവീനിയോഗമായി നോവലിസ്റ്റ് സൂചിപ്പിച്ചു വെക്കുന്നുണ്ട്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിനുള്ള വൈഭവം പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്, വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. പുതിയ കൃതിയില്‍ അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.

 



ജന്മമുഹൂര്‍ത്തം മുതല്‍ എപ്പോഴും എതിരുനിന്ന പഞ്ചഭൂതങ്ങള്‍ മുതല്‍ ഒരിക്കലും പിഴക്കാത്ത പട്ടേരി വല്യച്ചനെ പോലും ജാലം കാട്ടി വഴിതെറ്റിക്കുന്ന ഗൃഹനിലകള്‍ വരെ അസൂറയുടെ ജീവിതത്തിലും ദുരന്തത്തിലും ഗൂഡാലോചന നടത്തുന്നത് അവള്‍ക്കും മുണ്ടാല ദേശത്തിനു തന്നെയും ഒരു പുരാണം കല്‍പ്പിച്ചു നല്‍കുകയെന്ന രചനാ തന്ത്രത്തിന്റെ കൂടി ഭാഗമാണ്. സ്നേഹരഹിതവും പരുക്കന്‍ ലൈംഗികത്തെറികളുടെ പ്രയോഗം സാമാന്യവുമായ, സാക്ഷാല്‍ രാമ ലക്ഷ്മണന്മാര്‍ പോലും ‘അടങ്ങു പൊലയാടിച്യെ, അടങ്ങു കൂത്തച്യെ’ എന്നൊക്കെ നിര്‍ബ്ബാധം പ്രയോഗിക്കുന്ന പുരാണ സ്മൃതികളുള്ള പശിമയറ്റ ലോകമാണ് മുണ്ടാലയുടെത്. സീതാശാപത്തില്‍ ഭഗവതി വാഴാത്ത, ഇല്ലാഭഗവതിയെ ധ്യാനിക്കുന്ന ലോകം. അസൂറയുടെ ജീവിതം തന്നെയും അത്തരം ഒറ്റുകളുടെയും കയ്യൊഴിയലിന്റെയും നൈരന്തര്യമാണ്. ഒരിടത്തും, പ്രണയത്തിന്റെ എകാന്തവഴിയില്‍ കൈപിടിച്ച കളിക്കൂട്ടുകാരനില്‍ നിന്നുപോലും, അയാളത് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഒരു തണലും അവള്‍ക്ക് ലഭിക്കുന്നില്ല. ഭദ്രമായ കുടുംബ പശ്ചാത്തലമുള്ള പതിനഞ്ചുകാരന് പ്രണയ ലേഖനമെഴുതാനേ കഴിയൂ, ദുരന്തങ്ങളുടെ പാതാളത്തിലേക്ക് കൂപ്പുകുത്തുന്ന പിഴച്ചു പ്രസവിക്കപ്പെട്ട കൂട്ടുകാരിയെ കൈപിടിച്ചു രക്ഷിക്കാനാവില്ല. സുരക്ഷയുടെ ഒരു ചെറു ഇടവേള പോലെ തോന്നിക്കുന്ന പിതൃസ്ഥാനീയനായ പട്ടേരിയോടൊപ്പമുള്ള ഇത്തിരി നിമിഷങ്ങളില്‍ വീണ്ടും നവഗൃഹങ്ങള്‍ ഇടപെടുകയും ഒരിക്കലും സംഭവിക്കരുതാത്തതു സംഭവിക്കുകയും ചെയ്യുന്നതാണ് അവളുടെ, രക്ഷകന്റെയും, വിപര്യയം. ഒരര്‍ത്ഥത്തില്‍ നിര്‍ണ്ണായക വാദത്തോളമെത്തുന്ന (deterministic) രീതിയില്‍ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക്‌ അസൂറയെ എടുത്തെറിയുന്നതില്‍ നോവലിസ്റ്റ് ഒരുതരം ഉന്മാദം അനുഭവിക്കുന്നുണ്ട് എന്ന് തന്നെ തോന്നാം. പട്ടേരിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് അസൂറ കണ്ടെടുക്കുന്ന സുവര്‍ണ്ണ ലതാ ഭട്ടതിരിപ്പാടിന്റെ അപൂര്‍ണ്ണമായ ആത്മകഥയിലെ  ബാക്കിയായ ഭാഗങ്ങള്‍ തന്നെയാണ് അവള്‍ ജീവിച്ചു തീര്‍ക്കുന്നത്. നിങ്ങള്‍ വായിക്കുന്നത് ഒരു നോവലാണ്‌ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഇടയ്ക്കിടെ ഇടയില്‍ കയറുന്ന നോവലിസ്റ്റ്, വായനയെ, നോവലിനെ തന്നെയും, എത്രമാത്രം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്‌ എന്നത് വിമര്‍ശനപരമായി കാണേണ്ടതാണ്; അസൂറയുടെ കഥയുടെ ആസുരവേഗത്തെ അതത്ര ബാധിക്കുന്നില്ലെങ്കിലും. മുണ്ടാല പോലെ പോയ കാലത്തിലെങ്ങോ ഉറഞ്ഞു പോയതെന്നു തോന്നിക്കുന്ന ഒരു ദേശത്തിന് സമകാലിക മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കാനും, തീക്ഷ്ണനൊമ്പരത്തിന്റെ കഥാന്തരീക്ഷത്തില്‍ ഒട്ടൊരു അയവ് വരുത്താനും ഇടയ്ക്കിടെ നടത്തുന്ന ചില സ്ഥല കാല നട്ടു പിടിപ്പിക്കലുകള്‍ ഒട്ടൊരു അസംബന്ധമായി ചിലപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ട് എന്നത്, കൃതഹസ്തനായ ഈ എഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. നവഗ്രഹങ്ങളും ചതിച്ച അസൂറയുടെ ശാപഗ്രസ്തമായ പിറവിയെ പി. ടി. ഉഷയുടെയും ഷൈനി വില്‍സന്റെയും പിറവിയിലെ അനിശ്ചിതത്വങ്ങളുമായൊക്കെ ചേര്‍ത്തു കെട്ടുന്നതില്‍ നിന്നുരുവാകുന്ന കനം കുറഞ്ഞ ഹാസ്യം ഇവിടെ സംഗതമാണോ എന്ന് ശങ്കിക്കാം. ഒരു മെറ്റാഫിക് ഷന്‍ ഘടനയിലേക്ക് പാകപ്പെടുന്ന പ്രമേയമാണോ അസൂറയുടേത് എന്നത് സംശയകരമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ നോവലിസ്റ്റ് ആ പരിമിതി സ്വയം തിരിച്ചറിഞ്ഞു ഉപേക്ഷിക്കുന്നുണ്ട് എന്ന് വേണം കരുതാനും. 

അസൂറയുടെ കൂടെപ്പിറപ്പുകള്‍ ലോകസാഹിത്യത്തില്‍ 

അസൂറ ലോകത്തെങ്ങും സാഹിത്യത്തില്‍, വിശേഷിച്ചും ജീവിതസാഹചര്യങ്ങള്‍ കടുത്തതും സ്ത്രീസ്വാതന്ത്ര്യം /ബാലാവകാശങ്ങള്‍ തുടങ്ങിയവ ദയനീയാവസ്ഥയില്‍ ഉള്ളതുമായ  ഏഷ്യന്‍ - ആഫ്രിക്കന്‍, സമൂഹ/മൂന്നാംലോക / നോവലുകളില്‍, നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം തന്നെയാണ്. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye), മാര്‍ക്കേസിന്റെ എരെന്‍ഡിര (Innocent Erindira), നവാല്‍ അല്‍ സഅദാവിയുടെ ഫിര്‍ദൗസ് (Woman at Point Zero), കാമറൂണ്‍ നോവലിസ്റ്റ് കലിഹ്തെ ബിയാലയുടെ ടാങ്ക (Your Name Shall Be Tanga), മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദാ ദേവിയുടെ ഈവ് (Eve Out fo Her Ruins), നൈജീരിയന്‍ നോവലിസ്റ്റ്  ക്രിസ് അബാനിയുടെ അബിഗേല്‍ (Becoming Abigail ) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ പെട്ടെന്ന് സ്വയം മുന്നോട്ടായുന്നുണ്ട്. ഈ കൗമാരക്കാരികളെല്ലാം പല അര്‍ത്ഥത്തിലും അസൂറയുടെ കൂടെപ്പിറപ്പുകളാണ്,  ഫിര്‍ദൗസ് ഒഴികെ എല്ലാവരും അസൂറയെക്കാള്‍ ഇത്തിരി കൂടി ഇളയതാണ് എന്നേയുള്ളൂ. പക്ഷെ അസൂറ അതിലും നേരത്തെ നേരിട്ടുതുടങ്ങിയതു തന്നെയാണ് ആ അനുഭവങ്ങള്‍. അവര്‍ നേരിടുന്ന അവമതികള്‍ ഒട്ടുമിക്കപ്പോഴും ഗാര്‍ഹിക അരക്ഷിതാവസ്ഥ, അനാഥത്വം അല്ലെങ്കില്‍ സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന പീഡനം എന്നിവയില്‍ തുടങ്ങുന്നു. പിക്കോലോയുടെ ദുരന്തം തുടങ്ങിവെക്കുന്നത്  സ്വന്തം പിതാവു തന്നെ. അച്ഛന്‍ ചോളി ബ്രീഡ് ലൌ രണ്ടുതവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭിണിയാകുകയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ടവഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം എന്നും ജീവിതാഭിലാഷമായിരുന്ന നീലക്കണ്ണുകളുടെ വരം തനിക്കു ലഭിച്ചതായി വിശ്വസിക്കുകയും ചെയ്യുന്ന പിക്കോലോ ഉള്ളുലക്കുന്ന അനുഭവമാണ്‌.  പിതാവിന്റെ മരണത്തിനു ശേഷം കൊടിയ ദാരിദ്ര്യത്തില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാലവേശ്യയായിത്തീരുന്ന ടാങ്ക, അക്കാര്യത്തില്‍ മാര്‍ക്കേസിന്റെ എരെന്‍ഡിരയുടെയും, പിതാവില്‍നിന്നുതന്നെ ഗര്‍ഭിണിയാകുന്നതില്‍ പിക്കോലോയുടെയും  കൂടെപ്പിറപ്പാണ്. ജയില്‍ മുറിയിലിരുന്നു മറ്റൊരാളോട്/ ആഖ്യാതാവിനോട് സ്വന്തം കഥ പറയുകയും അതുവഴി ഒരര്‍ത്ഥത്തില്‍ കര്‍തൃത്വം സ്ഥാപിക്കുകയും ചെയ്യുന്ന കുറ്റവാളിയും മരണം കാത്തുകഴിയുന്നവളും എന്ന അവസ്ഥയില്‍ ടാങ്ക, ഇജിപ്ഷ്യന്‍ നോവലിസ്റ്റ് നവാല്‍ അല്‍ സഅദാവിയുടെ വിഖ്യാത കൃതിയിലെ (Woman at Point Zero) ഫിര്‍ദൗസിനെയും ഓര്‍മ്മിപ്പിക്കുന്നു. പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും രാത്രി ലൈംഗിക തൊഴിലാളിയുമായി മാറേണ്ടി വരുന്ന ഈവിന്റെ കാര്യവും വ്യത്യസ്തമല്ല. ചെറുപ്പം തൊട്ടേ പ്രദേശത്തെ ആണ്‍കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ തരം കടന്നു കയറ്റങ്ങളും നേരിടേണ്ടി വന്നിട്ടുള്ള അവള്‍ക്ക് പോര്‍ട്ട്‌ ലൂയിസിലെ തന്നെപ്പോലുള്ള പെണ്‍കുട്ടികളെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് വ്യാമോഹങ്ങള്‍ ഒന്നിമില്ല എന്നിടത്താണ് അവള്‍ പേരു സൂചിപ്പിക്കുന്ന ആദിമ സ്ത്രീപ്രതീകം തന്നെയാകുന്നത് . ഇരയാകുന്ന /ആക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ‘തന്റെ ഉടലില്‍ നിന്ന് പുറത്തേക്ക് ചുവടുവെച്ച്’ സ്വയം മരവിപ്പിക്കുന്ന ഈവ് നിരാര്‍ഭാടമായ ചേരി ജീവിതത്തിന്റെ പെണ്‍സഹനത്തെയും പ്രതീക്ഷയറ്റ വികാരശൂന്യതയെയും പ്രതിഫലിപ്പിക്കുന്നു. ഇത്തരം പെണ്‍കുട്ടികളുടെ അതിജീവന സൂത്രമായി ഈവ് വളര്‍ത്തിയെടുക്കുന്ന “കടലാമ” തന്ത്രത്തെ വിവരിക്കുന്നുണ്ട് ആനന്ദാ ദേവിയുടെ നോവലിന്റെ അവതാരികയില്‍ നോബല്‍ പുരസ്കാര ജേതാവായ മോറീഷ്യന്‍ നോവലിസ്റ്റ് ജെ.എം.ജി.ലെ ക്ലെസിയോ. മറ്റാരെയും ആശ്രയിക്കാനില്ലാതെ പിതാവിന്റെ കൊടിയ പീഡനങ്ങളില്‍ സ്വയം തല പിന്‍വലിച്ചു ചുരുണ്ട് കൂടുന്ന ഈവിന്റെ പ്രകൃതത്തെ സൂചിപ്പിക്കാന്‍ നോവലില്‍ ഉപയോഗിക്കപ്പെടുന്ന രൂപകമാണ് അത്. ഒരുവളേ, പരപീഡനത്തെ ആത്മപീഡനം തന്നെയാക്കി പരിവര്‍ത്തിപ്പിക്കുന്ന, സ്വയം മുറിവേല്‍പ്പിച്ചും പൊള്ളലേല്‍പ്പിച്ചും വിചിത്ര അതിജീവനം പയറ്റുന്ന ക്രിസ് അബാനിയുടെ അബിഗേലിന്റെതും അത്ര വേറിട്ടൊരു കഥയല്ല. ഒരായുസ്സില്‍ അനുഭവിച്ചു തീര്‍ക്കാനാവുന്നതിലേറെ പീഡന പര്‍വ്വങ്ങള്‍ അനുഭവിച്ചു തീര്‍ത്ത്‌ ഒരു രാവിന്റെ വിജന നിശബ്ദതതയില്‍ അപ്പോള്‍ വലിച്ചു തീര്‍ത്തു വിരലുകള്‍ കൊണ്ട് ഏറ്റിത്തെറിപ്പിച്ച സിഗരറ്റ്‌ കുറ്റിയുടെ ആയത്തെ ഉടലോടെ പിന്‍തുടര്‍ന്ന് തെംസ് നദിയുടെ ആഴങ്ങളില്‍ മറയുമ്പോള്‍ വയസ്സു പതിനാലാണ് അവള്‍ക്ക്. ഈവ് ആകട്ടെ, നിരന്തര പീഡനം കൊണ്ട് മരവിച്ചുപോയ സ്വന്തം ഉടലിനെ തന്റെ കാലുകള്‍ക്കിടയിലെ വിടവിലേക്കു ചുരുക്കുന്നു. എതിര്‍പ്പുകള്‍ നിഷ്ഫലമാണ് എന്ന അറിവില്‍ അവള്‍ സ്വയം തുറന്നിടുന്നു. അപ്പോഴും അവള്‍ സ്കൂള്‍ ക്ലാസുകളില്‍ എത്തിയിട്ടേ ഉള്ളൂ.

മറ്റൊരു പരിഗണനയില്‍, ഉടലഴകിന്റെ ദുരന്തം വേട്ടയാടിയ ദുര്‍വ്വിധി എന്ന പ്രമേയം എപ്പോഴും എമിലി സോലയുടെ നാനയെ (Nana) ഓര്‍മ്മിപ്പിക്കും. എന്നാല്‍, ഉടല്‍ സമൃദ്ധിയുടെ കനലില്‍ സ്വയമെരിയുകയും അടുത്തു വന്നവരേയും ആവാഹിച്ചു വരുത്തിയവരെയും എരിയിക്കുകയും ചെയ്യുന്ന നാനയെക്കാളേറെ ബലിമൃഗത്തിന്റെ ജാതകം എന്ന സമവാക്യം തന്നെയാണ് മുകളില്‍ സൂചിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ അസൂറക്കും ചേരുക. അവരാരും ആരെയും പൊള്ളിക്കുന്നില്ലഎല്ലാ പൊള്ളലുകളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏറ്റുവാങ്ങുന്നതേയുള്ളൂ. അണക്കെട്ടു നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിമ ജനതയുടെ ദൈന്യം ഇതിഹാസമാനമുള്ള മാനവിക ദുരന്തമായി അവതരിപ്പിച്ച തന്റെ ആദ്യ നോവലിന് നോവലിസ്റ്റ് നല്‍കിയ പേര് ‘ദേശത്തിന്റെ ജാതകം’ എന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. അസൂറയില്‍ ദേശമല്ലഒരൊറ്റ കഥാപാത്രം തന്നെയാണല്ലോ നിറഞ്ഞു നില്‍ക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങളുള്ള ‘ദേശത്തിന്റെ ജാതക’ത്തില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും പൊറുത്തുകൊടുക്കലിന്റെ പാരസ്പര്യത്തിന്റെയും വെളിച്ചം അസൂറയില്‍ കാണാനാവാത്തത് മൂവന്തിയില്ലാത്ത ‘കര്‍ക്കടകത്തിന്റെ കറുപ്പി’ലേക്ക്‌ ജനിച്ചു വീണ കുരുതിപ്പൂവിനോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെടരുത് എന്ന എഴുത്തുകാരന്റെ തീര്‍പ്പു തന്നെയാവണം. പിന്‍ചട്ട സൂചിപ്പിക്കുന്ന തരത്തില്‍ ദേവീ സങ്കല്‍പ്പമായി ഉയരുകയെന്ന ഇതിവൃത്ത ഘടകം നല്‍കുന്ന സൂചനയില്‍ മലയാളി വായനക്കാരന് ഒരു അപ്രതീക്ഷിതത്വമുണ്ട് എന്ന് കൂടി പറഞ്ഞു വെക്കട്ടെ: കെ. പി. രാമനുണ്ണിയുടെ സൂഫിയുടെ കഥയുമായി വിശേഷിച്ചൊരു താരതമ്യത്തിനും നോവല്‍ ഇടം നല്‍കുന്നില്ല എന്നതാണ് അത്.   



കൂടുതല്‍ വായനക്ക്: 

'ദേശത്തിന്റെ ജാതകം' :

https://alittlesomethings.blogspot.com/2017/02/blog-post.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

  The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

     

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html   

Sunday, September 6, 2015

God Help the Child by Toni Morrison

കുരിശേറുന്ന ബാല്യം: ടോണി മോറിസണ്‍ വീണ്ടുമെഴുതുമ്പോള്‍.
പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ ദക്ഷിണ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന കറുത്തവര്‍ക്ക് നേരെയുള്ള വര്‍ണ്ണ വിവേചനത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് രക്ഷ തേടി ഓഹായോയിലേക്ക് കുടിയേറിയ തൊഴിലാളി വര്‍ഗ്ഗ കുടുംബമായിരുന്ന അച്ഛനമ്മമാരുടെ നാല് മക്കളില്‍ രണ്ടാമത്തവളായി ജനിച്ച ടോണി മോറിസന് ആഫ്രിക്കന്‍ - അമേരിക്കന്‍ സാഹിതീയ – സാംസ്കാരിക പൈതൃകം പകര്‍ന്നു കിട്ടിയത് സ്വാഭാവികമായിരുന്നു. സാഹിത്യ ലോകത്ത് നോബല്‍ സമ്മാനം വരെയുള്ള പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന അവരുടെ പ്രമേയപരമായ ഉത്കണ്ഠകളില്‍ കറുത്തവന്റെ അനുഭവങ്ങള്‍ അതിന്റെ സാകല്യത്തില്‍ കടന്നു വരുന്നുണ്ട്. ഒപ്പം പുരുഷ മേധാവിത്തത്തിന്റെ ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്ര സ്ഥാനീയര്‍ ആയിരിക്കുമ്പോഴും പറഞ്ഞു പതിഞ്ഞ 'ഫെമിനിസ്റ്റ്‌' കള്ളികളില്‍ അവര്‍ താല്പര്യം കാണിച്ചിട്ടില്ല. അടഞ്ഞ സമീപനങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്ന് അവര്‍ ഏറ്റുപറഞ്ഞിട്ടുള്ളത്, മറ്റൊരര്‍ത്ഥത്തിലും പ്രസക്തമാണ് - ഏകപക്ഷീയമായ വംശീയ വിചാരണകളുടെ കനം കുറഞ്ഞ വിധിയെഴുത്തും അവര്‍ക്ക് പഥ്യമല്ല. കുടുംബം, പാരമ്പര്യത്തിന്റെ ഭാരം, വര്‍ത്തമാനവും ചരിത്രവും തമ്മിലുള്ള കെട്ടുപിണച്ചിലുകള്‍ തുടങ്ങിയ മോറിസന്‍ പ്രമേയങ്ങളില്‍ ഇരകളുടെ സ്ഥാനത്ത് എല്ലായിപ്പോഴും കറുത്തവനും അല്ല.

കരിനീലക്കണ്ണുകള്‍ പറഞ്ഞത്:
കുട്ടിക്കാലത്തെ പീഡാനുഭവങ്ങള്‍ അതേറ്റുവാങ്ങുന്നവരില്‍ സൃഷ്ടിക്കുന്ന വിട്ടുപോകാത്ത മുറിവുകള്‍ ടോണി മോറിസന്റെ പ്രഥമ കൃതികയായ 'The Bluest Eye' എന്ന നോവലില്‍ മുഖ്യ വിഷയമാണ്. 1970-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയില്‍ മുപ്പതുകളിലെ വന്‍ സാമ്പത്തിക മാന്ദ്യ(The Great Depression)ത്തിന്റെ ഒടുവില്‍, രണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെയും വര്‍ണ്ണ വിവേചനത്തിന്റെയും ബലിക്കല്ലില്‍ തകര്‍ന്നു പോവുന്ന പിക്കൊളോ ബ്രീഡ് ലൌ എന്ന പതിനൊന്നുകാരിയുടെയും അതിനു സാക്ഷികളും പങ്കാളികളുമായ ഏതാനും കഥാപാത്രങ്ങളിലൂടെയും കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ചു വന്ന ആത്മ പുച്ഛത്തോളം എത്തുന്ന ആത്മ സംഘര്‍ഷങ്ങളുടെയും സന്ദേഹങ്ങളുടെയും കഥ പറയുന്നു. എല്ലാവരാലും സ്നേഹിക്കപ്പെടണമെന്നും അച്ഛനും അമ്മയും തമ്മില്‍ പതിവായ ഹിംസാത്മക സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടണമെന്നും മാത്രം ആഗ്രഹിക്കുന്ന പിക്കൊളോയുടെ മോഹം നടക്കാന്‍ പോവുന്നില്ലെന്നു മാത്രമല്ല, ആ ഊരാക്കുടുക്കില്‍ ആഴ്ന്നു പോവുകയുമാണവള്‍. കറുത്ത നിറം വൈരൂപ്യമാണെന്ന ചിന്തയിലാണ് അവള്‍ മുത്തശ്ശിക്കഥയിലെ രാജകുമാരിയെ പോലെ തന്റെ ദുഃഖങ്ങള്‍ക്കെല്ലാം പരിഹാരമായി സ്വന്തം ഫാന്റസിയില്‍ നീലക്കണ്ണുകള്‍ക്കായി മോഹിക്കുന്നത്. നോവലിന്റെ കാലമായ നാല്‍പ്പതുകളുടെ തുടക്കത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അപകര്‍ഷ ബോധത്തിന്റെ ഭാരമായിരുന്നു സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും വെളുത്ത നിറവുമാണ് സൗന്ദര്യ ത്തിന്റെ ലക്ഷണം എന്ന ചിന്ത. അറുപതുകളില്‍ 'കറുപ്പുനിറം സുന്ദരമാണ്' (Black is Beautiful) എന്നത് ഒരു പ്രസ്ഥാനമായിത്തന്നെ വളര്‍ന്നു വന്നത് ഈ പശ്ചാത്തലത്തിലാണ്. ആ അര്‍ഥത്തില്‍ പിക്കോളോയുടെ പീഡാനുഭവം കറുത്ത വര്‍ഗ്ഗക്കാരന്റെ സഞ്ചിത ചരിത്രത്തിന്റെ ദുര്‍വ്വിധിയാണ്. അച്ഛന്‍ ചോളി ബ്രീഡ്ലൌ രണ്ടു തവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭം ധരിക്കേണ്ടി വരികയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ട വഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം തനിക്ക് നീലക്കണ്ണുകളുടെ വരം ലഭിച്ചതായി വിശ്വസിക്കുന്ന പിക്കോളോ ഉള്ളുലയ്ക്കുന്ന അനുഭവമാണ്.

വെളുത്തവന്റെ സൗന്ദര്യബോധം അബോധത്തില്‍ പോലും സ്വാധീനിക്കുകയും അപകര്‍ഷ ചിന്തയായി വംശീയമായിത്തന്നെ വേരൂന്നുകയും ചെയ്ത അനുഭവത്തിനു പിക്കോളോ മാത്രമല്ല ഇരയാവുന്നത്. നോവലില്‍ കൂടിയോ കുറഞ്ഞോ അളവില്‍ എല്ലാ കഥാപാത്രങ്ങളും ഈ ദൂഷിത വലയത്തില്‍ പെട്ട് പോവുന്നുണ്ട്. മാക്‌ ടിയര്‍ കുടുംബത്തിലെ സ്നേഹ പൂര്‍ണ്ണവും സംരക്ഷണ സ്വഭാവത്തിലുള്ളതുമായ ജീവിതം ആസ്വദിക്കുമ്പോഴും ക്ലോഡിയയും ഫ്രീഡയും സ്കൂളിലും പുറത്തും ഈ അപകര്‍ഷവുമായി ഏറ്റുമുട്ടുന്നുണ്ട്. പിക്കോളോയുടെ ദുര്‍വ്വിധിയുടെ അന്തിമ കാരണമായിത്തീരുന്ന ചോളി തന്നെയും അത്രയേറെ കെട്ടുപോയ ഒരു മാനസികാവസ്ഥയില്‍ പെട്ടുപോവുന്നത് വംശീയമായ കുടിലതകള്‍ നേരിടേണ്ടിവന്ന ബാല്യ കൌമാരങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍, എല്ലാവര്‍ക്കും അവരനുഭവിക്കുന്ന/ നേരിടുന്ന അവമതികള്‍ പ്രക്ഷേപിക്കാനും അതുവഴി താരതമ്യ സുരക്ഷിതത്വത്തിന്റെ പുകമറയില്‍ സ്വയം രക്ഷപ്പെടാനുമുള്ള ബലിയാടായി മാറുന്നു എന്നിടത്താണ് പിക്കോളോയുടെ ദുരന്തം വ്യത്യസ്തവും ഒരു ജനതയുടെ വംശീയാനുഭവത്തിന്‍റെ പ്രതിനിധാനവും ആവുന്നത്.

പീഡന ഗാഥ വീണ്ടും : രചനയുടെ ശിശിരം?
തന്റെ പ്രഥമ കൃതിയില്‍ രചനയുടെ മാന്ത്രികതയിലൂടെ കൈകാര്യം ചെയ്തു ലോകമെമ്പാടു മുള്ള വായനക്കാരുടെ ഉള്ളുലച്ച പ്രമേയം നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കൃത ഹസ്തയായ നോവലിസ്റ്റ് വീണ്ടും അവതരിപ്പിക്കുമ്പോള്‍ വര്‍ദ്ധിത മാനങ്ങളിലേക്ക് അത് വികസിക്കുന്നുവോ എന്ന അനുവാചക ഉത്കണ്ഠ സ്വാഭാവികമാണ്. 'കുഞ്ഞുങ്ങള്‍ എന്റെ അടുക്കല്‍ വരട്ടെ, അവരെ തടയരുത്" എന്ന ക്രിസ്തു വചനത്തിന്റെ പ്രവേശന വാക്യത്തിലൂടെ ആരംഭിക്കുന്ന ഈ വര്‍ഷം പുറത്തിറങ്ങിയ അവരുടെ പുസ്തകം 'കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ ' (God Help the Child) ഒരു ഓര്‍മ്മപ്പെടുത്തലാണ് : 'നിങ്ങള്‍ കുട്ടികളോട് എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണ്. അവരത് ഒരിക്കലും മറന്നേക്കില്ല.'
'പാതിരാക്കറുപ്പ് അല്ലെങ്കില്‍ സുഡാനീസ് കറുപ്പുമായി പിറന്നു വീഴുകയാല്‍ ആദ്യ നോട്ടത്തിലേ ഇളം കറുപ്പ് നിറക്കാരിയായ അമ്മക്ക് ചതുര്‍ത്ഥിയാവുകയും അഗമ്യഗമനം ആരോപിച്ചു അച്ഛന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നതിന്റെ അപകര്‍ഷ ബോധമാണ് പിറവിയിലേ ലുലാ ആനിന് പൈതൃകമായിക്കിട്ടുന്നത് . മകളെ തൊടാന്‍ അറപ്പായിരുന്ന അമ്മ, അവള്‍ തന്നെ അമ്മയെന്ന് വിളിക്കുന്നത്‌ പോലും ഇഷ്ടപ്പെടാത്തത് കൊണ്ടാണ് 'സ്വീറ്റ്‌നസ്സ് 'എന്ന്‍ തികഞ്ഞ വിരോധാഭാസമായ ഒരു പേര് സ്വയം അണിയുന്നത്. കുഞ്ഞായിരുന്ന ലുലാ ആന്‍ അമ്മ തന്നെയൊന്നു തല്ലിയിരുന്നെങ്കില്‍ അങ്ങനെയെങ്കിലും ആ സ്പര്‍ശം അനുഭവിക്കാമായിരുന്നു എന്ന് ആഗ്രഹിക്കുന്നുണ്ട് . പട്ടിണിക്കിടുകയും മുറിയില്‍ പൂട്ടിയിടുകയും ഒക്കെയായിരുന്നു പകരം അമ്മ കണ്ടെത്തിയ ശിക്ഷാ മുറകള്‍ . അമ്മയുടെ പരിഗണനയെങ്കിലും പിടിച്ചു പറ്റാനുള്ള കടും കയ്യിന്റെ ഭാഗമായാണ് അവളൊരു മഹാപാപം ചെയ്യുന്നത്: സോഫിയ ഹക്സലിയെന്ന വെളുത്ത വര്‍ഗ്ഗക്കാരി കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികക്കെതിരെ കെട്ടിച്ചമച്ച ബാലപീഡനത്തിനു സാക്ഷി പറഞ്ഞു അവരെ ജയിലിലടക്കാന്‍ കാരണക്കാരിയാവുന്നുണ്ട് അവള്‍. അമ്മയുടെ കണക്ക് കൂട്ടലില്‍ നിന്ന് വ്യത്യസ്തമായി എണ്ണക്കറുപ്പിന്റെ വശ്യ സൗന്ദര്യമായിത്തീരുന്ന ലുല, തന്റെ കഴിഞ്ഞകാലം പിന്നില്‍ കളയാനും കൂടിയാണ് തന്റെ പേര് ബ്രൈഡ് എന്ന്‍ ചുരുക്കുന്നത്. ഒരു സൗന്ദര്യ സംവര്‍ദ്ധക ഉല്പന്നക്കമ്പനിയുടെ ഉന്നത സ്ഥാനീയയായ ഉദ്യോഗസ്ഥയായി ഉല്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുമ്പോള്‍ മുമ്പ് തൊലിയുടെ നിറത്തിന്റെ പേരില്‍ തന്നെ അവമതിച്ചിരുന്നവരുടെ സൗന്ദര്യ സങ്കല്‍പ്പത്തെ അമ്മാനമാടുന്നതിന്റെ സുഖം അവള്‍ അനുഭവിക്കുന്നുണ്ട്. പോയ കാലത്തോട് കണക്ക് തീര്‍ക്കുന്നതിന്റെ ഇതേ മാനസികാവസ്ഥയുടെ മറുവശമാണ് ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കാനും സാമ്പത്തിക സഹായത്തിലൂടെ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിച്ചു പ്രായശ്ചിത്തം ചെയ്യാനുമായി അവള്‍ പരോളില്‍ ഇറങ്ങുന്ന സോഫിയയെ കാണാന്‍ ചെല്ലുന്നത്. എന്നാല്‍ സ്വയം നിയന്ത്രിക്കാനാവാതെ സോഫിയ അവള്‍ക്കു നല്‍കുന്ന അപ്രതീക്ഷിത മര്‍ദ്ദനം അവള്‍ക്ക് കടുത്ത മുഖ വൈകല്യത്തിനും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായിത്തീരുന്ന ചികിത്സക്കും ഇടയാക്കുന്നു. സോഫിയയുടെ സ്വന്തം ആഖ്യാനത്തില്‍ നിന്ന് ഈ സംഭവം അവളെത്തന്നെയും ഒരര്‍ഥത്തില്‍ വിമോചിതയാക്കുന്നുവെന്നു പിന്നീട് വ്യക്തമാകും. വെറുപ്പിന്റെ കാഠിന്യത്തില്‍ അടഞ്ഞു കല്ലിച്ചു പോയിരുന്ന അവളുടെ മനസ്സ് കണ്ണീരിന്റെയും ദുഃഖത്തിന്റെയും രൂപത്തില്‍ വിമലീകരിക്കപ്പെടുന്നതും ജീവിതം തീര്‍ന്നു പോയിട്ടില്ല എന്ന് ഒരിക്കല്‍ കൂടി അവളെ ചിന്തിപ്പിക്കുന്നതും ഈ സംഭവമാണല്ലോ.

കൂട്ടുകാരന്‍ ബുക്കര്‍ 'നീയല്ല ഞാന്‍ തേടുന്ന സ്ത്രീ!'യെന്ന് അവളെ ഉപേക്ഷിക്കുന്നത് ബ്രൈഡിനു മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറത്തായത് കൊണ്ടാണ് അവള്‍ അയാളെ തിരഞ്ഞു പോവുന്നത്. ബുക്കറിന്റെ സ്വന്തം ആഖ്യാനത്തില്‍ വ്യക്തമാകുന്ന, അതീവ തീക്ഷ്ണമായ ഒരു കുട്ടിക്കാല അനുഭവത്തിന്റെ പുരാവൃത്തത്തില്‍ നിന്നാണ് നമുക്ക് അതിന്റെ വിശദീകരണം കിട്ടുക. അസാമാന്യ സുന്ദരനായിരുന്ന പത്തുവയസ്സുകാരന്‍ ജ്യേഷ്ടന്‍ ആഡം ബാലപീഡകന്റെ കയ്യില്‍ ഒടുങ്ങിയതിന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ടതാണ് അത്. അയാള്‍ 'മറ്റെല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും നല്ലവനായ മാന്യന്‍ ' ആയിരുന്നെന്നു എല്ലാവരും ആവര്‍ത്തിക്കുമായിരുന്നു. ഇപ്പോള്‍, അതേ കുറ്റം ചെയ്ത ഒരുത്തിയെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ കാരണത്താല്‍ മുറിവേറ്റ ബ്രൈഡിനു മാപ്പ് കൊടുക്കാന്‍ അയാള്‍ക്ക് കഴിയില്ല. അവര്‍ വീണ്ടും ഒന്നിക്കുക, സോഫിയ ഹക്സലിയുടേത് തന്റെ സഹോദരന്റെ ഘാതകന്റെതില്‍ നിന്ന് ഭിന്നമായ കഥയായിരുന്നു എന്നറിയുമ്പോഴാണ്. എന്നാല്‍ അതിനു മുമ്പേ, കൊന്നവന്‍ മരിച്ചവന്റെ ഉടലിനെ അഴുകിത്തീരും വരെയും ചുമക്കുകയെന്ന ശിക്ഷയുടെ ഗോത്ര മുറ പോലെ, പഴമയുടെ ഭാരം ചുമക്കേണ്ടി വരുന്നതിന്റെ ബീഭത്സത കിറുക്കിയായ ക്വീന്‍ അമ്മായി അയാളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് : 'നിനക്ക് തോന്നുന്നില്ലേ അവന്‍ തളര്‍ന്നു കാണുമെന്ന്?... മരിക്കേണ്ടി വന്നിട്ടും മറ്റൊരാളുടെ ജീവിതം ഓടിക്കൊണ്ടേയിരിക്കേണ്ടി വരുന്നതിനാല്‍ ഒരു വിശ്രമവും ലഭിക്കായ്കയാല്‍... നീ എപ്പോഴെങ്കിലും അവനില്‍ നിന്ന് സ്വതന്ത്രനാണ് എന്ന്‍ നിനക്ക് തോന്നിയിട്ടുണ്ടോ?”

നോവലിന്റെ ലോകം ബാലപീഡനകഥകളുടെ ഒരു അറ്റമില്ലാച്ചുഴിയാണെന്നു പറയാം . ബ്രൈഡ് , ആഡമിന്റെ വിധിയുടെ സാക്ഷിയും വൈകാരിക തലത്തില്‍ അതിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവനുമായ ബുക്കര്‍ എന്നിവരെ പോലെത്തന്നെ അപ്പാര്‍ട്ട്മെന്റിന്റെ പിരിയന്‍ ഗോവണിയില്‍ വെച്ച് ബ്രൈഡ് സാക്ഷിയാവുന്ന പീഡനത്തിലെ ബാലനും ആഡമിന്റെ കൊലയാളിയായ മനോരോഗിയുടെ മറ്റിരകളും അവിടെയുണ്ട്. എന്നാല്‍, അതില്‍ ഏറ്റവും തെളിച്ചമുള്ള പാത്രാവിഷ്ക്കാരം റെയ്ന്‍ എന്ന നിഗൂഡ ഭാവക്കാരിയായ പെണ്‍കുട്ടിയുടേതാണ്. ബുക്കറിനെ തേടിയുള്ള ഏതാണ്ട് യക്ഷിക്കഥാന്തരീക്ഷം പകരുന്ന യാത്രാ മദ്ധ്യേ ഗുരുതരമായ കാറപകടത്തില്‍ പെടുന്ന ബ്രൈഡിനു അഭയവും പരിചരണവും നല്‍കുന്ന വെളുത്ത വര്‍ഗ്ഗക്കാരായ ഈവലിന്‍; - സ്റ്റീവ് എന്നീ മധ്യ വയസ്കരായ ദമ്പതിളുടെ കൂട്ടത്തിലാണ് അവള്‍ റെയ്നിനെ കണ്ടുമുട്ടുന്നത്. വെളുത്ത വര്‍ഗ്ഗക്കാരി തന്നെയായ റെയ്ന്‍, ലൈംഗികത്തൊഴിലാളിയായിരുന്ന അമ്മയുടെ പതിവുകാരുടെ കൊടിയ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഈവലിന്‍ - സ്റ്റീവ് കുടുംബത്തില്‍ എത്തുന്നത്. ഹിപ്പി സംസ്കാരത്തിന്റെ ബാക്കി പത്രമായ ഈ ദമ്പതികള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യ സന്ധതയും സമ്പത്തിനോടുള്ള അവരുടെ നിരുന്മേഷനിലപാടുകളും റെയ്നിനോട് അവര്‍ക്കുള്ളവാത്സല്യവും നോവലില്‍ അപൂര്‍ണ്ണമായി കിടക്കുന്ന സൂചകങ്ങളില്‍ ചിലത് മാത്രം. ഒരു ഘട്ടത്തില്‍ തന്നെ ആപത്തില്‍ നിന്ന് രക്ഷിക്കാനായി സ്വയം മുറിവേറ്റു വാങ്ങുന്ന ബ്രൈഡിനെ ഇനിയെന്നും പെണ്‍കുട്ടി ഓര്‍ത്തിരിക്കും - സ്നേഹത്തോടെ, വേദനയോടെ.

അപൂര്‍ണ്ണമോ രചയിതാവിന്റെ പിടിയില്‍ ഒതുങ്ങാതെ പോയതോ ആയ ആഖ്യാന ഘടകങ്ങള്‍ നോവലില്‍ വേറെയും ഉണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ബുക്കര്‍ വിട്ടേച്ചു പോവുന്നതിനു പിറകെ തന്നില്‍ സംഭവിക്കുന്ന മാറ്റത്തെ കുറിച്ചു ബ്രൈഡ് നല്‍കുന്ന സൂചനകള്‍ അതില്‍ പ്രധാനമാണ്. മാജിക്കല്‍ റിയലിസത്തിന്റെ മാനങ്ങളുള്ള ഈ മാറ്റങ്ങള്‍ വേണ്ടത്ര കലാചാരുതയോടെ പുസ്തകത്തില്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല എന്നും നിരീക്ഷി ക്കപ്പെട്ടിട്ടുണ്ട് . തന്റെ രഹസ്യ ഭാഗത്തെ രോമങ്ങള്‍ കൊഴിഞ്ഞു പോവുന്നതായി ബ്രൈഡ് ആദ്യം കണ്ടെത്തുന്നു. പിന്നീട് അവളുടെ ശരീരം അകാരണമായി ശോഷിക്കുന്നതും പ്രകോപനപരമാം വിധം നിറഞ്ഞു മുറ്റിയിരുന്ന മാറിടങ്ങള്‍ മുലക്കണ്ണുകള്‍ മാത്രം അവശേഷി പ്പിച്ചു അപ്രത്യക്ഷമാവുന്നതും അവളറിയുന്നു. എന്നാല്‍ മറ്റേതെങ്കിലും കഥാപാത്രങ്ങള്‍ അത് ശ്രദ്ധിക്കുന്നതായിപ്പോലും എങ്ങും സൂചനയില്ല . ബുക്കറുമായുള്ള പുനസമാഗമാനത്തിനു ശേഷം അവ പൂര്‍വ്വ സ്ഥിതി പ്രാപിക്കുന്നതായും സൂചനയുണ്ട്. പ്രണയ നിരാസത്തിന്റെ നാളുകളില്‍ ബ്രൈഡ് ആ പഴയ വെറുക്കപ്പെട്ട ലുലാ ആന്‍ ബ്രൈഡ് വെല്ലിലേക്ക് തിരിച്ചു പോവുകയാണോ?

പിക്കോളോ ബ്രീഡ്ലൌവില്‍ നിന്ന് ലുലാ ആന്‍ ബ്രൈഡ് വെല്ലിലേക്ക് എത്തുമ്പോള്‍ ആഴത്തിലേല്‍ക്കുന്ന മുറിവുകള്‍ എന്ന സമാനത നില നില്‍ക്കുമ്പോഴും അതിന്റെ സാമൂഹിക മാനങ്ങള്‍ ദുര്‍ബ്ബലമായിപ്പോവുന്നതായിക്കാണാം .പിക്കോളോ ഏറ്റുവാങ്ങുന്ന മുറിവുകള്‍ ഒരു വംശത്തിന്റെ വേദനയുടെതും അത് കൊണ്ട് തന്നെ ഒരു കുരിശേറ്റത്തിന്റെ മാനമുള്ളതും ആണെങ്കില്‍ ബ്രൈഡിന്റെ അനുഭവങ്ങള്‍ തന്റെ കുടുംബ പശ്ചാത്തലത്തിന്റെ മാനങ്ങള്‍ക്കപ്പുറത്തേക്ക് അത്രയൊന്നും മുന്നോട്ടു പോകുന്നില്ല. നാല്‍പ്പതുകളുടെ പശ്ചാത്തലത്തില്‍ തീക്ഷ്ണമായിരുന്ന അനുഭവങ്ങള്‍ അത്രയൊന്നും പൊള്ളിക്കുന്നതായി പില്‍ക്കാലം അനുഭവപ്പെടാത്തത് സാമൂഹിക മാറ്റങ്ങള്‍ പ്രമേയത്തിന്റെ സന്ദിഗ്ദതയെ ദുര്‍ബ്ബലപ്പെടുത്തിയത് കൊണ്ടോ രചനയുടെ തന്നെ കൈക്കുറ്റപ്പാടുകള്‍ കൊണ്ടോ എന്ന വിധിപ്രസ്താവ വിമര്‍ശനം മാറ്റിവെച്ചാലും രണ്ടുകൃതികളും പകരുന്ന അനുഭൂതിവിശേഷങ്ങളിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. . അധിക ഭാഗങ്ങളും കഥാപാത്രങ്ങളുടെ സ്വഗതാഖ്യാന രീതിയിലുള്ള ഏറ്റുപറച്ചിലുകളുടെ (confessional) രൂപത്തിലുള്ള പില്‍ക്കാല കൃതിയില്‍ പാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും അധിക പേരും അനുവാചകനില്‍ പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കുന്നില്ല എന്നതും ഇതോടു ചേര്‍ത്തു കാണണം . കൃത ഹസ്തയായ ഒരെഴുത്തുകാരി തന്റെ എണ്‍പത്തിനാലാം വയസ്സില്‍ രചിച്ച കൃതി അതിന്റെ പ്രക്ഷേപിത ലക്‌ഷ്യം നേടുന്നതില്‍ മുമ്പേ പോലെ വിജയിക്കാതെ പോവുകയാണ് എന്നും വരാം.

(പ്രസാധകന്‍ മാസിക, സെപ്തംബര്‍ 2015)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍: Logos Books, പേജ് 24-29)

To purchase, contact ph.no:  8086126024

read more:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html