പ്രതിഭാശാലിയായ
നടന്‍ മാത്രമായിരുന്നില്ല , മഹത്തായ ലക്ഷ്യങ്ങളില്‍ ഒരു പോരാളിയുടെ വീറോടെ ഇടപെട്ട മനുഷ്യ സ്നേഹിയും
പുരോഗമന ചിന്താഗതിക്കാരനും കൂടിയായിരുന്നു മാര്‍ലന്‍ ബ്രാന്‍ഡോ. The Godfather, Apocalypse Now, A Streetcar
Named Desire, Last Tango in Paris തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ കലയുടെ ആഴമളക്കുമ്പോഴും
കറുത്ത വര്‍ഗ്ഗക്കാരുടെയും ഗോത്രവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായുള്ള
പ്രസ്ഥാനങ്ങളിലും ഐക്യ ദാര്‍ഡ്യപ്പെട്ട മനുഷ്യസ്നേഹി. റോബര്‍ട്ട് ലിന്‍ഡ് സെയോടൊപ്പം ചേര്‍ന്ന് എഴുതി 1995-ല്‍
പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ Brando: Songs My Mother
Taught Me തീക്ഷ്ണമായ അനുഭവാഖ്യാനവും ഒപ്പം ഒരു
കാലഘട്ടത്തിന്റെ നിഴല്‍ചിത്രങ്ങള്‍ നിറഞ്ഞതുമാണ്.
സ്നേഹ
രഹിതമായ കുട്ടിക്കാലം. കുടിയനും സ്ത്രീലംബടനും തല്ലുകൊള്ളിയും ഒപ്പം ഗൃഹാന്തരീക്ഷത്തില്‍
ഒരൊന്നാം തരം ഏകാധിപതിയും ആയിരുന്ന അച്ഛന്‍. 'അയാളുടെ രക്തം
ആല്‍ക്കഹോളും ടെസ്റ്റോസ്റ്റെറോനും ആഡ്രിനാലിനും ദേഷ്യവും കൊണ്ടുള്ളതായിരുന്നു'.
പുസ്തകത്തിന്റെ തലക്കെട്ടിന്റെ ഉറവിടമായ ആയിരം പാട്ടുകളുടെ ഉടമയും
ലോല മനസ്കയുമെങ്കിലും മദ്യാസക്തിയില്‍ മക്കളുടെ കാര്യം മറന്നു കളഞ്ഞവള്‍
തന്നെയായിരുന്നു അമ്മയും. പലപ്പോഴും ദിവസങ്ങളോളം അവരെ
കാണാതായി, മാര്‍ ലനും രണ്ടു ചേച്ചിമാരും ബാറുകള്‍ തോറും
നടത്തിയ തിരച്ചില്‍ പലപ്പോഴും പാഴായി, പോലീസുകാര്‍ അവരെ
വീട്ടിലെത്തിച്ചു. സ്വന്തം കുടുംബത്തിന്റെ, വിശേഷിച്ചും ഭാര്യമാരുടെയും മക്കളുടെയും കഥകളെ കുറിച്ച് അനിവാര്യ മൌനം
നിലനിര്‍ത്തുന്ന ആത്മകഥാപുസ്തകത്തില്‍, ഒരു പ്രൊഫഷനല്‍
ജീവചരിത്രകാരന്റെ കയ്യില്‍ വെറും ചാരുകസേര മനോവിശകലനം ആയിപ്പോകാനിടയുള്ള ഇത്തരം
പുരാവൃത്തങ്ങള്‍ കണിശമായി രേഖപ്പെടുത്തുന്നതിലൂടെ തന്റെ വ്യക്തിത്വ
രൂപീകരണത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ബ്രാണ്ടോ.
“എന്റെ അമ്മയില്‍ നിന്ന് എന്റെ സ്വാഭാവിക പ്രതികരണ സ്വഭാവങ്ങള്‍ ലഭിച്ചു
എന്ന് ഞാന്‍ കരുതുന്നു; സംഗീതത്തോടുള്ള താല്പര്യവും. അച്ഛനില്‍ നിന്ന് സഹന ശക്തിയും- കാരണം അയാള്‍
ശരിക്കുമൊരു പരുക്കന്‍ കുരങ്ങായിരുന്നു.”
മകന്റെ ആത്മ വിശ്വാസം തകര്‍ക്കുന്നവന്‍ , ഒരു നല്ല വാക്ക്, നോട്ടം, ആലിംഗനം, ഇതൊന്നും
ഒരിക്കലും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്ന ഓര്‍മ്മയുടെ മറുവശമായി പ്രസിദ്ധനായ
മകന്‍ ഇതും കൂട്ടി ചേര്‍ക്കുന്നു: ജീവിതകാലം മുഴുവന്‍
അധികാരത്തോടുള്ള വിരക്തിയും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവും തനിക്കു
പിതൃദായമാണ്. പില്‍ക്കാലം തന്റെ പ്രോഡക് ഷന്‍ മാനേജര്‍
തസ്തികയില്‍ നിയമിച്ചു അച്ഛനോടുള്ള പ്രതികാരം നിര്‍വ്വഹിച്ചത് പുസ്തകത്തില്‍
വിവരിക്കുന്നുണ്ട്. ഒരു ദിവസം അയാളെ മണിക്കൂറുകളോളം
തോലിയുരിച്ചതിനെ കുറിച്ച് "ഞാന്‍ അയാളെ ഒന്നിനും
കൊള്ളാത്ത ദുര്‍ബ്ബലനായ ഒരാളാണെന്ന് സ്വയം തോന്നിച്ചു.” സ്ത്രീകളോട് വൈകാരികമായ ക്രൂരതയോടെയുള്ള സമീപനത്തില്‍ മാര്‍ലോണ്‍ അച്ഛന്റെ
മകനാണെന്ന് തെളിയിക്കുന്നുമുണ്ട്. മാര്‍ലോണ്‍
ക്രിസ്തുവാണെന്ന് ഭ്രമകല്‍പ്പനയില്‍ പെട്ടുപോയ ഒരു ആരാധികയെ മനോരോഗ ചികിത്സക്ക്
സഹായിക്കുന്നുണ്ട് അദ്ദേഹം.
“എനിക്ക് ഒരു വൈകാരിക ഇന്‍ഷുറന്‍സ് പോളിസിയെന്നോണം ഒരേ സമയം പല സ്ത്രീകളെ
ആവശ്യമായിരുന്നു.”
റാന്‍ഡാം
ഹൗസിന് വേണ്ടി തന്റെ ആത്മകഥാ രചനയില്‍ രണ്ടു വര്‍ഷത്തോളം മുഴുകിയിട്ടും ഒരു
മുഴുനീള ആത്മകഥ എഴുതാന്‍ വേണ്ട 'വൈകാരിക ശേഷിപ്പ്' തനിക്കില്ലെന്നു ബ്രാണ്ടോക്ക്
ബോധ്യമായതാണ് റോബര്‍ട്ട് ലിന്‍ഡ് സെക്കുള്ള ആ ഫോണ്‍ കോള്‍ ആയി പരിണമിച്ചത്. ലിന്‍ഡ് സേയുടെ വാക്കുകളില്‍ 'മുപ്പതു വര്‍ഷങ്ങള്‍ക്കു
മേല്‍ ഒരൊറ്റ ഭാര്യയുമായി കഴിയുന്ന ഒരു സാധാരണ ഭൂതകാലമുള്ള ജേണലിസ്റ്റ്' മാത്രമായ, ന്യൂ യോര്‍ക്ക് ടൈംസിനു വേണ്ടി
ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെയും മറ്റും അഭിമുഖം നടത്തേണ്ടി വന്നത് കൊണ്ട് ആ
എടുത്താല്‍ പൊങ്ങാത്ത താന്‍ പോരിമാ ഭാവത്തിലും തലക്കനത്തിലും മടുപ്പുണ്ടായിരുന്ന
തന്നെപ്പോലെ ഒരാളെ, ബഹളങ്ങളില്‍ നിന്ന് പിന്‍ വാങ്ങി
തനിച്ചു കഴിയാന്‍ ഇഷ്ടപ്പെട്ട, മാധ്യമപ്പടയെ വെറുത്ത, നൂറു കണക്കിന് സ്ത്രീജന സഹവാസമുണ്ടായിരുന്ന, അമ്പത്
വര്‍ഷത്തിലേറെക്കാലത്തെ ഹോളിവുഡ് സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന മാര്‍ലന്‍
ബ്രാണ്ടോ വിളിച്ചതിന്റെ പൊരുള്‍ അയാളെ കുഴക്കുന്നുണ്ട്. എന്നാല്‍
തങ്ങള്‍ക്കിടയില്‍ പൊതുവായി പലതും ഉണ്ടായിരുന്നു എന്ന് ലിന്‍ഡ് സെ കണ്ടെത്തുന്നു. ബ്രാണ്ടോക്ക് താല്പര്യമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങള്‍
ഒട്ടനവധിയായിരുന്നു. എന്നാല്‍ വിചിത്രമായത്, സിനിമ, ഹോളിവുഡ് എന്നിവയില്‍
അദ്ദേഹത്തിനുണ്ടായിരുന്ന തികഞ്ഞ താല്‍പര്യ രാഹിത്യമായിരുന്നു. ആത്മകഥയില്‍ ഇത് വ്യക്തമാണ്: മെതേഡ്
ആക്റ്റിംഗിന്റെ ഏറ്റവും പ്രാമാണികനായ പ്രയോക്താവായി കണിശമായ സ്വയം ശിക്ഷണത്തോടെ
പാത്രാവിഷ്കരണത്തില്‍ അഹം നിര്യാതനവും ആത്മ നിരാസത്തോളമെത്തുന്ന ഗൌരവ പൂര്‍ണ്ണമായ
പരകായവും നടത്തുമായിരുന്ന ബ്രാണ്ടോ 'ഏറ്റവും കുറഞ്ഞ
സമയത്തെ കുറഞ്ഞ അധ്വാനം കൊണ്ട് കണ്ടമാനം പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം' എന്നതിനപ്പുറം ഒരു മഹത്വവും ഇല്ലാത്ത ഒരു പ്രൊഫെഷന്‍ ആയാണ് അഭിനയത്തെ
കണ്ടത്; ഹോളിവുഡിനെ ആവട്ടെ, ചതിയുടെയും
പണാധിപത്യത്തിന്റെയും ലോകമായും. അഭിനയ കലയില്‍ തന്റെ
നേട്ടങ്ങളുടെയെല്ലാം പ്രഭവമായി അദ്ദേഹം സ്റ്റാനിസ്ലാവിസ്കിയന്‍ അധ്യാപിക
സ്റ്റെല്ലാ ആഡ് ലറെ കാണുന്നു - സ്വയം അര്‍ഹിച്ച
അംഗീകാരം നേടിയെടുക്കാന്‍ കഴിയാതെ പോയ പ്രതിഭ. മറുവശത്ത്,
സങ്കീര്‍ണ്ണ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വ്യക്തിപരമായിത്തന്നെ
ഏറ്റവും വേദനാ പൂര്‍ണ്ണമായ അനുഭവമാണ് എന്ന് ബ്രാണ്ടോ നിരീക്ഷിക്കുന്നുമുണ്ട്. കുട്ടിക്കാലത്തുതന്നെ ഒരു അഭിനേതാവ് ആകാനുള്ള തീരുമാനത്തില്‍
എത്തിയിരുന്നു എന്ന് തുറന്നു പറയുന്ന ബ്രാണ്ടോ പക്ഷെ, അമ്മ
ഒരു അമേച്വര്‍ അഭിനേത്രിയായിരുന്നു എന്ന കാര്യത്തെ കുറിച്ച് സ്വതസിദ്ധമായ ശൈലിയില്‍
തികഞ്ഞ മൌനം ദീക്ഷിക്കുന്നു. അഭിനയത്തോടുള്ള ഈ രാഗ-ദ്വേഷ ബന്ധം അദ്ദേഹത്തിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളെയും ഒട്ടൊക്കെ
വിശദീകരിക്കുന്നുണ്ട്. Streetcar ലെയും (1951) On
the Water Front ലെയും (1954) വിജയം നല്‍കിയ പണവും സ്ത്രീസൗഹൃദങ്ങള്‍ക്കും
ശേഷം 1972 ഡോണ്‍ കോര്‍ലിയോനിയിലെ ക്കുള്ള പരകായംവരെ
അദ്ദേഹത്തിന്റെ കരിയര്‍ മുകളിലേക്കായിരുന്നില്ല. അതേ
വര്‍ഷം Last Tango ക്ക് ശേഷം ബ്രാണ്ടോ സ്വയം തെരഞ്ഞെടുത്തത്
മറ്റൊരു വിചിത്ര വഴിയായിരുന്നു. 1992-ല്‍ Christopher
Columbus: The Discovery എന്ന ചിത്രത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത ഒരു വേഷം ചെയ്യുമ്പോള്‍ 'പ്രതിഫലം മോശമല്ലായിരുന്നു, അഞ്ച് ദിവസത്തെ ജോലിക്ക് അഞ്ച് മില്ല്യന്‍ ഡോളര്‍ ' എന്ന ഏറ്റുപറച്ചില്‍ അഭിനയ കലയോട് അദ്ദേഹം വളര്‍ത്തിയെടുത്തിരുന്ന
ഉദാസീനതയുടെ തെളിവായി കാണാം.
“ഞാന്‍ പൊട്ട സിനിമകള്‍ ചെയ്തിട്ടുണ്ട്. കാരണം
എനിക്ക് പണം വേണമായിരുന്നു. ഈ പുസ്തകം എഴുതുന്നതും
പണത്തിനു വേണ്ടിയാണ്.”
മകന്‍
ക്രിസ്ത്യന്‍ ബ്രാണ്ടോ പത്തുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഒരു കേസ് നടത്തിപ്പിന്
വേണ്ട തുക കണ്ടെത്താന്‍ വേണ്ടിയാണ് ആത്മകഥാ പുസ്തകത്തിനുള്ള അഞ്ച് മില്ല്യന്‍
ഡോളര്‍ കരാറില്‍ എത്തിപ്പെട്ടത് എന്നത് പക്ഷെ അദ്ദേഹം പറയുന്നില്ല.
സിനിമയെയും കുടുംബജീവിതത്തെയും എത്രയും വേര്‍തിരിച്ചു നിര്‍ത്താന്‍
ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പരകായങ്ങളില്‍
വൈയക്തികാനുഭാവങ്ങളുമായി 'വൈകാരിക യുദ്ധം നടത്തേണ്ടി വന്നതിനെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശങ്ങള്‍
ഉണ്ട്. ലാസ്റ്റ് ടാംഗോയിലെ പ്രസിദ്ധമായ ആത്മ ഭാഷണം
സംവിധായകന്‍ ബര്‍ത്തലൂച്ചിയുമായി ചേര്‍ന്ന് പരുവപ്പെടുത്തി എടുക്കുകയായിരുന്നു
അദ്ദേഹം. അമ്മയുടെ മദ്യപാനാസക്തിയുടെയും അച്ഛന്റെ
ഏകാധിപത്യ സാഡിസ്റ്റ് പെരുമാറ്റത്തിന്റെയും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഖനനം
ചെയ്തു പുറത്തെടുത്തവയായിരുന്നു ഭാഷണ ശകലങ്ങള്‍.
'ലാസ്റ്റ് ടാംഗോയില്‍ എന്നോട് തന്നെ ഒരു പാട് വൈകാരിക മുഷ്ടിയുദ്ധം
ചെയ്യേണ്ടി വന്നു, അതവസാനിച്ചപ്പോള്‍ ഇനിയൊരിക്കലും ഒരു
സിനിമക്ക് വേണ്ടി എന്നെത്തന്നെ നശിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു.'
വൈരുധ്യങ്ങളുടെ സങ്കലനമായ വ്യക്തിത്വത്തിന്റെ ഉടമയെന്ന
നിലയില്‍ തന്നെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും ഒട്ടും ദയയുള്ളവനല്ല
ബ്രാണ്ടോ. എന്നിരിക്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത ഒരു വ്യതിത്വവശവും
അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള സമീപനത്തില്‍ മാത്രമല്ല വ്യക്തമാകുന്നത്. സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ എപ്പോഴും തുറന്നടിക്കുന്ന ആളായിരുന്നു
അദ്ദേഹം. ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുമായും
അമേരിക്കന്‍ ഇന്ത്യന്‍ പ്രസ്ഥാനവുമായും നിലനിര്‍ത്തിയ ബന്ധങ്ങളും വിയെറ്റ്നാം
യുദ്ധത്തോടുള്ള അമേരിക്കന്‍ വിരുദ്ധ നിലപാടും ഇതിനു തെളിവാണ്. ലിങ്കന്‍ സ്കൂളിലെ പഠന കാലത്ത് അമേരിക്കന്‍ വര്‍ണ്ണവെറിയുമായി ആദ്യം
മുഖാമുഖം നിന്നതിന്‍റെ ഓര്‍മ്മകളായി കറുത്ത വര്‍ഗ്ഗക്കാരായ
കുട്ടികളുമായുണ്ടായിരുന്ന സൗഹൃദവും അസാലീയെന്ന സുഹൃത്തിന്റെ വീട്ടില്‍
സ്വാതന്ത്ര്യത്തോടെ ഇടപഴകിയിരുന്നതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നേഴ്സറി പാട്ടിലെ 'നിഗ്ഗര്‍' എന്ന പദം അതിന്റെ വംശീയ ദുരര്‍ത്ഥത്തെ കുറിച്ചറിയാതെ ഉപയോഗിക്കുമ്പോള്‍
അസാലീയുടെ അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുന്നുണ്ട്: “ഡാര്‍ലിംഗ്, ഈ വീട്ടില്‍ ആ പദം ഉപയോഗിക്കാറില്ല.” കുട്ടിക്കാലം
മുതലേ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് അനുതാപമുണ്ടായിരുന്ന പ്രകൃതമായിരുന്നു
ബ്രാണ്ടോയുടെതെന്നു ചേച്ചി ഓര്‍ക്കുന്നുണ്ട്. ബ്രാണ്ടോ
കൂട്ടിച്ചേര്‍ക്കുന്നു,
“ചെറുപ്പത്തിലേ, എന്നെക്കാള്‍ ഭാഗ്യദോഷികളോ
സുഹൃത്തുക്കള്‍ ഇല്ലാത്തവരോ ആയവരെ സഹായിക്കാനുള്ള ബാധ്യത എനിക്കനുഭവപ്പെട്ടു.”
സുദീര്‍ഘമായ
ഹോളിവുഡ് ജീവിതത്തിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ ആ കാലഘട്ടത്തിലെ
വൈയക്തികവും അല്ലാത്തതുമായ പല പ്രമാദ വിഷയങ്ങളും പുസ്തകത്തില്‍ സൂചിതമാകുന്നുണ്ട്. മരിലിന് മണ്‍റോയുമായുള്ള ഹ്രസ്വബന്ധവും
അവരുടെ ദുരൂഹമരണവും സൂചിപ്പിക്കപ്പെടുന്നുണ്ട്. കെന്നഡി
കുടുംബത്തിലേക്ക് പേരെടുത്തു പറയാതെ തന്നെ വിരല്‍ ചൂണ്ടുന്നുണ്ട് ബ്രാണ്ടോ. ജൂതവംശജരുടെ മികവും ജനിതക പാരമ്പര്യത്തെ കുറിച്ചുള്ള ന്യൂനീകരണങ്ങളില്‍
ഒതുങ്ങാത്ത വൈവിധ്യവും മതിപ്പോടെ നോക്കിക്കാണുകയും "ഒടുവില്‍ ജൂത സ്വത്വമെന്നത് ഒരു സാംസ്കാരിക പ്രതിഭാസമാണ്" എന്ന് വിലയിരുത്തുകയും ചെയ്യുന്ന ബ്രാണ്ടോ, ഒരു
കാലത്തെ ഹോളിവുഡിന്റെ മുഖമുദ്രയായിരുന്ന ജൂതവിരോധത്തെ കുറിച്ചും നിരീക്ഷണങ്ങള്‍
നടത്തുന്നുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ ജൂത സ്ത്വം മറച്ചു
പിടിക്കാനായി പേരുകള്‍ മാറ്റി കിര്‍ക്ക് ഡഗ്ലസ് , ടോണി
കര്‍ട്ടിസ്, പോള്‍ മുനി, പോലെറ്റ്
ഗോദാര്‍ദ് എന്നൊക്കെ കാമുഫ്ലാഷ് ചെയ്തു വന്ന കാലമായിരുന്നു അത്. ചാര്‍ളി ചാപ്ലിന്‍ എന്ന മഹാപ്രതിഭയുടെ വ്യക്തിത്വത്തിലെ അധികമാരും
അറിയാത്ത ഒരു ഇരുണ്ട വശം ബ്രാണ്ടോ വിവരിക്കുന്നുണ്ട്. അത്
അദ്ദേഹത്തിന്റെ മകനോടുള്ള തികഞ്ഞ സാഡിസ്റ്റ് സമീപനത്തെ കുറിച്ചുള്ളതാണ്. Apocalypse Now എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ
ഒരു നിഗൂഡ കഥാപാത്രമാക്കി നിര്‍ത്തേണ്ടതിനെ കുറിച്ച് കപ്പോളോയുമായുണ്ടായ
വിനിമയങ്ങള്‍ തുടങ്ങി കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ഒപ്പം സ്വന്തം പ്രതികരണങ്ങളും
വ്യക്തമാക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ആത്മകഥയിലുണ്ട്.
അശ്ലീലച്ചുവയുള്ളത്, ഹാസ്യ പ്രധാനം, ലൈംഗിക സാഹസങ്ങളുടെ അനാവരണങ്ങള്‍ നിറഞ്ഞത് - അങ്ങനെയൊക്കെ ഇടയ്ക്കിടെ അനുഭവപ്പെടാമെങ്കിലും തീക്ഷ്ണമായ വൈകാരിക
സത്യസന്ധതയും തുളഞ്ഞിറങ്ങുന്ന ആത്മ വിമര്‍ശനങ്ങളും അടയാളപ്പെടുത്തുന്നതാണ്
ബ്രാണ്ടോയുടെ ഏറ്റുപറച്ചില്‍ . വസ്തുതാപരമായ
കൃത്യതയുടെ ചിലപ്പോഴെങ്കിലുമുള്ള അഭാവത്തെ കുറിച്ച് ഓര്‍മ്മകളുടെ 'മങ്ങിയ പ്രിസത്തിലൂടെ വികലമായിപ്പോയത്' എന്ന്
അദ്ദേഹം മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്. എഴുപതു
പിന്നിട്ട, ഒട്ടേറെ ശാരീരിക മാനസിക സങ്കീര്‍ണ്ണതകളിലൂടെ
കടന്നുപോയ, എപ്പോഴും വലിഞ്ഞു മുറുകുന്ന ഞരമ്പുകളുമായി
മല്ലടിച്ച ഒരാളുടെ വൈരുധ്യ പൂര്‍ണ്ണമായ വ്യക്തിത്വത്തെ എഴുതപ്പെട്ട വാക്കുകളുടെ
നിയതാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുക ഒരിക്കലും സമഗ്രത അവകാശപ്പെടാനാവാത്ത ഒരു
പ്രക്രിയയാണല്ലോ.
പുസ്തകത്തിന്റെ
ആദ്യ ഭാഗത്തൊരിടത്തു അദ്ദേഹം എഴുതുന്നു.
“എന്റെ അമ്മക്ക് എഴുതപ്പെട്ട എല്ലാ പാട്ടുകളും അറിയാമായിരുന്നു, എന്തുകൊണ്ടെന്നറിയില്ല - ഒരു പക്ഷെ അവരെ
സന്തോഷിപ്പിക്കാനുള്ള എന്റെ മോഹം കാരണമാവാം - ആവുന്നത്ര
ഞാന്‍ ഹൃദിസ്തമാക്കി. ഇന്നും, എന്റെ അമ്മ പഠിപ്പിച്ച ആയിരക്കണക്കിന് പാട്ടുകളുടെ വരികളും സംഗീതവും ഞാന്‍
ഓര്‍ത്തുവെക്കുന്നു. എനിക്കൊരിക്കലും എന്റെ ഡ്രൈവിംഗ് ലൈസന്‍സ്
നമ്പര്‍ ഓര്‍ത്ത് വെക്കാന്‍ കഴിഞ്ഞിട്ടില്ല, എനിക്കെന്റെ
സ്വന്തം ടെലഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തെടുക്കാനാവാത്ത സന്ദര്‍ഭങ്ങള്‍
ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഞാനൊരു പാട്ട് കേള്‍ക്കുമ്പോള്‍
ചിലപ്പോള്‍ ഒരൊറ്റ തവണ പോലും, ഞാനൊരിക്കലും അതിന്റെ
വരികളോ മെലഡിയൊ മറക്കില്ല. ഞാന്‍ എല്ലായിപ്പോഴും എന്റെ
തലക്കകത്ത് ഈണങ്ങള്‍ മൂളുകയാണ്. ആഫ്രിക്കന്‍ ഗീതങ്ങള്‍
ചൈനീസ് ഗീതങ്ങള്‍ താഹിതിയന്‍ ഗീതങ്ങള്‍ ഫ്രഞ്ച് ഗീതങ്ങള്‍ ജര്‍മ്മന്‍ ഗീതങ്ങള്‍
പിന്നെ തീര്‍ച്ചയായും എന്റെ അമ്മ പഠിപ്പിച്ച ഗീതങ്ങളും എല്ലാം എനിക്കറിയാം. ഒരു സംസ്കൃതിയുടെ സംഗീതവുമില്ല എനിക്ക് പരിചിതമല്ലാത്തതായിട്ട്. വിചിത്രമാവാം, എഴുപതുകള്‍ക്ക് ശേഷം എഴുതപ്പെട്ട
ഒരൊറ്റ ഗീതവും എനിക്ക് ഓര്‍ത്തെടുക്കാന്‍ വയ്യ.”
(സിനി ബുക്ക് ഷെല്‍ഫ്: 01: ദൃശ്യതാളം സപ്തംബര്‍ 2017)
read more:
Brigitte
Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman
https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html
Her Again: Becoming Meryl Streep by Michael Schulman
https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html
Smita Patil – A Brief Incandescence by Maithili Rao
https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html
Dilip Kumar: The Substance and the Shadow by Udaya Tara Nayar
https://alittlesomethings.blogspot.com/2018/03/blog-post_4.html
I Want to Live: The Story of Madhubala by Katijia Akbar
https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html