Featured Post

Sunday, September 6, 2015

God Help the Child by Toni Morrison

കുരിശേറുന്ന ബാല്യം: ടോണി മോറിസണ്‍ വീണ്ടുമെഴുതുമ്പോള്‍.
പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ ദക്ഷിണ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന കറുത്തവര്‍ക്ക് നേരെയുള്ള വര്‍ണ്ണ വിവേചനത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് രക്ഷ തേടി ഓഹായോയിലേക്ക് കുടിയേറിയ തൊഴിലാളി വര്‍ഗ്ഗ കുടുംബമായിരുന്ന അച്ഛനമ്മമാരുടെ നാല് മക്കളില്‍ രണ്ടാമത്തവളായി ജനിച്ച ടോണി മോറിസന് ആഫ്രിക്കന്‍ - അമേരിക്കന്‍ സാഹിതീയ – സാംസ്കാരിക പൈതൃകം പകര്‍ന്നു കിട്ടിയത് സ്വാഭാവികമായിരുന്നു. സാഹിത്യ ലോകത്ത് നോബല്‍ സമ്മാനം വരെയുള്ള പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന അവരുടെ പ്രമേയപരമായ ഉത്കണ്ഠകളില്‍ കറുത്തവന്റെ അനുഭവങ്ങള്‍ അതിന്റെ സാകല്യത്തില്‍ കടന്നു വരുന്നുണ്ട്. ഒപ്പം പുരുഷ മേധാവിത്തത്തിന്റെ ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്ര സ്ഥാനീയര്‍ ആയിരിക്കുമ്പോഴും പറഞ്ഞു പതിഞ്ഞ 'ഫെമിനിസ്റ്റ്‌' കള്ളികളില്‍ അവര്‍ താല്പര്യം കാണിച്ചിട്ടില്ല. അടഞ്ഞ സമീപനങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്ന് അവര്‍ ഏറ്റുപറഞ്ഞിട്ടുള്ളത്, മറ്റൊരര്‍ത്ഥത്തിലും പ്രസക്തമാണ് - ഏകപക്ഷീയമായ വംശീയ വിചാരണകളുടെ കനം കുറഞ്ഞ വിധിയെഴുത്തും അവര്‍ക്ക് പഥ്യമല്ല. കുടുംബം, പാരമ്പര്യത്തിന്റെ ഭാരം, വര്‍ത്തമാനവും ചരിത്രവും തമ്മിലുള്ള കെട്ടുപിണച്ചിലുകള്‍ തുടങ്ങിയ മോറിസന്‍ പ്രമേയങ്ങളില്‍ ഇരകളുടെ സ്ഥാനത്ത് എല്ലായിപ്പോഴും കറുത്തവനും അല്ല.

കരിനീലക്കണ്ണുകള്‍ പറഞ്ഞത്:
കുട്ടിക്കാലത്തെ പീഡാനുഭവങ്ങള്‍ അതേറ്റുവാങ്ങുന്നവരില്‍ സൃഷ്ടിക്കുന്ന വിട്ടുപോകാത്ത മുറിവുകള്‍ ടോണി മോറിസന്റെ പ്രഥമ കൃതികയായ 'The Bluest Eye' എന്ന നോവലില്‍ മുഖ്യ വിഷയമാണ്. 1970-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയില്‍ മുപ്പതുകളിലെ വന്‍ സാമ്പത്തിക മാന്ദ്യ(The Great Depression)ത്തിന്റെ ഒടുവില്‍, രണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെയും വര്‍ണ്ണ വിവേചനത്തിന്റെയും ബലിക്കല്ലില്‍ തകര്‍ന്നു പോവുന്ന പിക്കൊളോ ബ്രീഡ് ലൌ എന്ന പതിനൊന്നുകാരിയുടെയും അതിനു സാക്ഷികളും പങ്കാളികളുമായ ഏതാനും കഥാപാത്രങ്ങളിലൂടെയും കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ചു വന്ന ആത്മ പുച്ഛത്തോളം എത്തുന്ന ആത്മ സംഘര്‍ഷങ്ങളുടെയും സന്ദേഹങ്ങളുടെയും കഥ പറയുന്നു. എല്ലാവരാലും സ്നേഹിക്കപ്പെടണമെന്നും അച്ഛനും അമ്മയും തമ്മില്‍ പതിവായ ഹിംസാത്മക സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടണമെന്നും മാത്രം ആഗ്രഹിക്കുന്ന പിക്കൊളോയുടെ മോഹം നടക്കാന്‍ പോവുന്നില്ലെന്നു മാത്രമല്ല, ആ ഊരാക്കുടുക്കില്‍ ആഴ്ന്നു പോവുകയുമാണവള്‍. കറുത്ത നിറം വൈരൂപ്യമാണെന്ന ചിന്തയിലാണ് അവള്‍ മുത്തശ്ശിക്കഥയിലെ രാജകുമാരിയെ പോലെ തന്റെ ദുഃഖങ്ങള്‍ക്കെല്ലാം പരിഹാരമായി സ്വന്തം ഫാന്റസിയില്‍ നീലക്കണ്ണുകള്‍ക്കായി മോഹിക്കുന്നത്. നോവലിന്റെ കാലമായ നാല്‍പ്പതുകളുടെ തുടക്കത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അപകര്‍ഷ ബോധത്തിന്റെ ഭാരമായിരുന്നു സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും വെളുത്ത നിറവുമാണ് സൗന്ദര്യ ത്തിന്റെ ലക്ഷണം എന്ന ചിന്ത. അറുപതുകളില്‍ 'കറുപ്പുനിറം സുന്ദരമാണ്' (Black is Beautiful) എന്നത് ഒരു പ്രസ്ഥാനമായിത്തന്നെ വളര്‍ന്നു വന്നത് ഈ പശ്ചാത്തലത്തിലാണ്. ആ അര്‍ഥത്തില്‍ പിക്കോളോയുടെ പീഡാനുഭവം കറുത്ത വര്‍ഗ്ഗക്കാരന്റെ സഞ്ചിത ചരിത്രത്തിന്റെ ദുര്‍വ്വിധിയാണ്. അച്ഛന്‍ ചോളി ബ്രീഡ്ലൌ രണ്ടു തവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭം ധരിക്കേണ്ടി വരികയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ട വഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം തനിക്ക് നീലക്കണ്ണുകളുടെ വരം ലഭിച്ചതായി വിശ്വസിക്കുന്ന പിക്കോളോ ഉള്ളുലയ്ക്കുന്ന അനുഭവമാണ്.

വെളുത്തവന്റെ സൗന്ദര്യബോധം അബോധത്തില്‍ പോലും സ്വാധീനിക്കുകയും അപകര്‍ഷ ചിന്തയായി വംശീയമായിത്തന്നെ വേരൂന്നുകയും ചെയ്ത അനുഭവത്തിനു പിക്കോളോ മാത്രമല്ല ഇരയാവുന്നത്. നോവലില്‍ കൂടിയോ കുറഞ്ഞോ അളവില്‍ എല്ലാ കഥാപാത്രങ്ങളും ഈ ദൂഷിത വലയത്തില്‍ പെട്ട് പോവുന്നുണ്ട്. മാക്‌ ടിയര്‍ കുടുംബത്തിലെ സ്നേഹ പൂര്‍ണ്ണവും സംരക്ഷണ സ്വഭാവത്തിലുള്ളതുമായ ജീവിതം ആസ്വദിക്കുമ്പോഴും ക്ലോഡിയയും ഫ്രീഡയും സ്കൂളിലും പുറത്തും ഈ അപകര്‍ഷവുമായി ഏറ്റുമുട്ടുന്നുണ്ട്. പിക്കോളോയുടെ ദുര്‍വ്വിധിയുടെ അന്തിമ കാരണമായിത്തീരുന്ന ചോളി തന്നെയും അത്രയേറെ കെട്ടുപോയ ഒരു മാനസികാവസ്ഥയില്‍ പെട്ടുപോവുന്നത് വംശീയമായ കുടിലതകള്‍ നേരിടേണ്ടിവന്ന ബാല്യ കൌമാരങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍, എല്ലാവര്‍ക്കും അവരനുഭവിക്കുന്ന/ നേരിടുന്ന അവമതികള്‍ പ്രക്ഷേപിക്കാനും അതുവഴി താരതമ്യ സുരക്ഷിതത്വത്തിന്റെ പുകമറയില്‍ സ്വയം രക്ഷപ്പെടാനുമുള്ള ബലിയാടായി മാറുന്നു എന്നിടത്താണ് പിക്കോളോയുടെ ദുരന്തം വ്യത്യസ്തവും ഒരു ജനതയുടെ വംശീയാനുഭവത്തിന്‍റെ പ്രതിനിധാനവും ആവുന്നത്.

പീഡന ഗാഥ വീണ്ടും : രചനയുടെ ശിശിരം?
തന്റെ പ്രഥമ കൃതിയില്‍ രചനയുടെ മാന്ത്രികതയിലൂടെ കൈകാര്യം ചെയ്തു ലോകമെമ്പാടു മുള്ള വായനക്കാരുടെ ഉള്ളുലച്ച പ്രമേയം നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കൃത ഹസ്തയായ നോവലിസ്റ്റ് വീണ്ടും അവതരിപ്പിക്കുമ്പോള്‍ വര്‍ദ്ധിത മാനങ്ങളിലേക്ക് അത് വികസിക്കുന്നുവോ എന്ന അനുവാചക ഉത്കണ്ഠ സ്വാഭാവികമാണ്. 'കുഞ്ഞുങ്ങള്‍ എന്റെ അടുക്കല്‍ വരട്ടെ, അവരെ തടയരുത്" എന്ന ക്രിസ്തു വചനത്തിന്റെ പ്രവേശന വാക്യത്തിലൂടെ ആരംഭിക്കുന്ന ഈ വര്‍ഷം പുറത്തിറങ്ങിയ അവരുടെ പുസ്തകം 'കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ ' (God Help the Child) ഒരു ഓര്‍മ്മപ്പെടുത്തലാണ് : 'നിങ്ങള്‍ കുട്ടികളോട് എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണ്. അവരത് ഒരിക്കലും മറന്നേക്കില്ല.'
'പാതിരാക്കറുപ്പ് അല്ലെങ്കില്‍ സുഡാനീസ് കറുപ്പുമായി പിറന്നു വീഴുകയാല്‍ ആദ്യ നോട്ടത്തിലേ ഇളം കറുപ്പ് നിറക്കാരിയായ അമ്മക്ക് ചതുര്‍ത്ഥിയാവുകയും അഗമ്യഗമനം ആരോപിച്ചു അച്ഛന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നതിന്റെ അപകര്‍ഷ ബോധമാണ് പിറവിയിലേ ലുലാ ആനിന് പൈതൃകമായിക്കിട്ടുന്നത് . മകളെ തൊടാന്‍ അറപ്പായിരുന്ന അമ്മ, അവള്‍ തന്നെ അമ്മയെന്ന് വിളിക്കുന്നത്‌ പോലും ഇഷ്ടപ്പെടാത്തത് കൊണ്ടാണ് 'സ്വീറ്റ്‌നസ്സ് 'എന്ന്‍ തികഞ്ഞ വിരോധാഭാസമായ ഒരു പേര് സ്വയം അണിയുന്നത്. കുഞ്ഞായിരുന്ന ലുലാ ആന്‍ അമ്മ തന്നെയൊന്നു തല്ലിയിരുന്നെങ്കില്‍ അങ്ങനെയെങ്കിലും ആ സ്പര്‍ശം അനുഭവിക്കാമായിരുന്നു എന്ന് ആഗ്രഹിക്കുന്നുണ്ട് . പട്ടിണിക്കിടുകയും മുറിയില്‍ പൂട്ടിയിടുകയും ഒക്കെയായിരുന്നു പകരം അമ്മ കണ്ടെത്തിയ ശിക്ഷാ മുറകള്‍ . അമ്മയുടെ പരിഗണനയെങ്കിലും പിടിച്ചു പറ്റാനുള്ള കടും കയ്യിന്റെ ഭാഗമായാണ് അവളൊരു മഹാപാപം ചെയ്യുന്നത്: സോഫിയ ഹക്സലിയെന്ന വെളുത്ത വര്‍ഗ്ഗക്കാരി കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികക്കെതിരെ കെട്ടിച്ചമച്ച ബാലപീഡനത്തിനു സാക്ഷി പറഞ്ഞു അവരെ ജയിലിലടക്കാന്‍ കാരണക്കാരിയാവുന്നുണ്ട് അവള്‍. അമ്മയുടെ കണക്ക് കൂട്ടലില്‍ നിന്ന് വ്യത്യസ്തമായി എണ്ണക്കറുപ്പിന്റെ വശ്യ സൗന്ദര്യമായിത്തീരുന്ന ലുല, തന്റെ കഴിഞ്ഞകാലം പിന്നില്‍ കളയാനും കൂടിയാണ് തന്റെ പേര് ബ്രൈഡ് എന്ന്‍ ചുരുക്കുന്നത്. ഒരു സൗന്ദര്യ സംവര്‍ദ്ധക ഉല്പന്നക്കമ്പനിയുടെ ഉന്നത സ്ഥാനീയയായ ഉദ്യോഗസ്ഥയായി ഉല്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുമ്പോള്‍ മുമ്പ് തൊലിയുടെ നിറത്തിന്റെ പേരില്‍ തന്നെ അവമതിച്ചിരുന്നവരുടെ സൗന്ദര്യ സങ്കല്‍പ്പത്തെ അമ്മാനമാടുന്നതിന്റെ സുഖം അവള്‍ അനുഭവിക്കുന്നുണ്ട്. പോയ കാലത്തോട് കണക്ക് തീര്‍ക്കുന്നതിന്റെ ഇതേ മാനസികാവസ്ഥയുടെ മറുവശമാണ് ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കാനും സാമ്പത്തിക സഹായത്തിലൂടെ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിച്ചു പ്രായശ്ചിത്തം ചെയ്യാനുമായി അവള്‍ പരോളില്‍ ഇറങ്ങുന്ന സോഫിയയെ കാണാന്‍ ചെല്ലുന്നത്. എന്നാല്‍ സ്വയം നിയന്ത്രിക്കാനാവാതെ സോഫിയ അവള്‍ക്കു നല്‍കുന്ന അപ്രതീക്ഷിത മര്‍ദ്ദനം അവള്‍ക്ക് കടുത്ത മുഖ വൈകല്യത്തിനും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായിത്തീരുന്ന ചികിത്സക്കും ഇടയാക്കുന്നു. സോഫിയയുടെ സ്വന്തം ആഖ്യാനത്തില്‍ നിന്ന് ഈ സംഭവം അവളെത്തന്നെയും ഒരര്‍ഥത്തില്‍ വിമോചിതയാക്കുന്നുവെന്നു പിന്നീട് വ്യക്തമാകും. വെറുപ്പിന്റെ കാഠിന്യത്തില്‍ അടഞ്ഞു കല്ലിച്ചു പോയിരുന്ന അവളുടെ മനസ്സ് കണ്ണീരിന്റെയും ദുഃഖത്തിന്റെയും രൂപത്തില്‍ വിമലീകരിക്കപ്പെടുന്നതും ജീവിതം തീര്‍ന്നു പോയിട്ടില്ല എന്ന് ഒരിക്കല്‍ കൂടി അവളെ ചിന്തിപ്പിക്കുന്നതും ഈ സംഭവമാണല്ലോ.

കൂട്ടുകാരന്‍ ബുക്കര്‍ 'നീയല്ല ഞാന്‍ തേടുന്ന സ്ത്രീ!'യെന്ന് അവളെ ഉപേക്ഷിക്കുന്നത് ബ്രൈഡിനു മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറത്തായത് കൊണ്ടാണ് അവള്‍ അയാളെ തിരഞ്ഞു പോവുന്നത്. ബുക്കറിന്റെ സ്വന്തം ആഖ്യാനത്തില്‍ വ്യക്തമാകുന്ന, അതീവ തീക്ഷ്ണമായ ഒരു കുട്ടിക്കാല അനുഭവത്തിന്റെ പുരാവൃത്തത്തില്‍ നിന്നാണ് നമുക്ക് അതിന്റെ വിശദീകരണം കിട്ടുക. അസാമാന്യ സുന്ദരനായിരുന്ന പത്തുവയസ്സുകാരന്‍ ജ്യേഷ്ടന്‍ ആഡം ബാലപീഡകന്റെ കയ്യില്‍ ഒടുങ്ങിയതിന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ടതാണ് അത്. അയാള്‍ 'മറ്റെല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും നല്ലവനായ മാന്യന്‍ ' ആയിരുന്നെന്നു എല്ലാവരും ആവര്‍ത്തിക്കുമായിരുന്നു. ഇപ്പോള്‍, അതേ കുറ്റം ചെയ്ത ഒരുത്തിയെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ കാരണത്താല്‍ മുറിവേറ്റ ബ്രൈഡിനു മാപ്പ് കൊടുക്കാന്‍ അയാള്‍ക്ക് കഴിയില്ല. അവര്‍ വീണ്ടും ഒന്നിക്കുക, സോഫിയ ഹക്സലിയുടേത് തന്റെ സഹോദരന്റെ ഘാതകന്റെതില്‍ നിന്ന് ഭിന്നമായ കഥയായിരുന്നു എന്നറിയുമ്പോഴാണ്. എന്നാല്‍ അതിനു മുമ്പേ, കൊന്നവന്‍ മരിച്ചവന്റെ ഉടലിനെ അഴുകിത്തീരും വരെയും ചുമക്കുകയെന്ന ശിക്ഷയുടെ ഗോത്ര മുറ പോലെ, പഴമയുടെ ഭാരം ചുമക്കേണ്ടി വരുന്നതിന്റെ ബീഭത്സത കിറുക്കിയായ ക്വീന്‍ അമ്മായി അയാളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് : 'നിനക്ക് തോന്നുന്നില്ലേ അവന്‍ തളര്‍ന്നു കാണുമെന്ന്?... മരിക്കേണ്ടി വന്നിട്ടും മറ്റൊരാളുടെ ജീവിതം ഓടിക്കൊണ്ടേയിരിക്കേണ്ടി വരുന്നതിനാല്‍ ഒരു വിശ്രമവും ലഭിക്കായ്കയാല്‍... നീ എപ്പോഴെങ്കിലും അവനില്‍ നിന്ന് സ്വതന്ത്രനാണ് എന്ന്‍ നിനക്ക് തോന്നിയിട്ടുണ്ടോ?”

നോവലിന്റെ ലോകം ബാലപീഡനകഥകളുടെ ഒരു അറ്റമില്ലാച്ചുഴിയാണെന്നു പറയാം . ബ്രൈഡ് , ആഡമിന്റെ വിധിയുടെ സാക്ഷിയും വൈകാരിക തലത്തില്‍ അതിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവനുമായ ബുക്കര്‍ എന്നിവരെ പോലെത്തന്നെ അപ്പാര്‍ട്ട്മെന്റിന്റെ പിരിയന്‍ ഗോവണിയില്‍ വെച്ച് ബ്രൈഡ് സാക്ഷിയാവുന്ന പീഡനത്തിലെ ബാലനും ആഡമിന്റെ കൊലയാളിയായ മനോരോഗിയുടെ മറ്റിരകളും അവിടെയുണ്ട്. എന്നാല്‍, അതില്‍ ഏറ്റവും തെളിച്ചമുള്ള പാത്രാവിഷ്ക്കാരം റെയ്ന്‍ എന്ന നിഗൂഡ ഭാവക്കാരിയായ പെണ്‍കുട്ടിയുടേതാണ്. ബുക്കറിനെ തേടിയുള്ള ഏതാണ്ട് യക്ഷിക്കഥാന്തരീക്ഷം പകരുന്ന യാത്രാ മദ്ധ്യേ ഗുരുതരമായ കാറപകടത്തില്‍ പെടുന്ന ബ്രൈഡിനു അഭയവും പരിചരണവും നല്‍കുന്ന വെളുത്ത വര്‍ഗ്ഗക്കാരായ ഈവലിന്‍; - സ്റ്റീവ് എന്നീ മധ്യ വയസ്കരായ ദമ്പതിളുടെ കൂട്ടത്തിലാണ് അവള്‍ റെയ്നിനെ കണ്ടുമുട്ടുന്നത്. വെളുത്ത വര്‍ഗ്ഗക്കാരി തന്നെയായ റെയ്ന്‍, ലൈംഗികത്തൊഴിലാളിയായിരുന്ന അമ്മയുടെ പതിവുകാരുടെ കൊടിയ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഈവലിന്‍ - സ്റ്റീവ് കുടുംബത്തില്‍ എത്തുന്നത്. ഹിപ്പി സംസ്കാരത്തിന്റെ ബാക്കി പത്രമായ ഈ ദമ്പതികള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യ സന്ധതയും സമ്പത്തിനോടുള്ള അവരുടെ നിരുന്മേഷനിലപാടുകളും റെയ്നിനോട് അവര്‍ക്കുള്ളവാത്സല്യവും നോവലില്‍ അപൂര്‍ണ്ണമായി കിടക്കുന്ന സൂചകങ്ങളില്‍ ചിലത് മാത്രം. ഒരു ഘട്ടത്തില്‍ തന്നെ ആപത്തില്‍ നിന്ന് രക്ഷിക്കാനായി സ്വയം മുറിവേറ്റു വാങ്ങുന്ന ബ്രൈഡിനെ ഇനിയെന്നും പെണ്‍കുട്ടി ഓര്‍ത്തിരിക്കും - സ്നേഹത്തോടെ, വേദനയോടെ.

അപൂര്‍ണ്ണമോ രചയിതാവിന്റെ പിടിയില്‍ ഒതുങ്ങാതെ പോയതോ ആയ ആഖ്യാന ഘടകങ്ങള്‍ നോവലില്‍ വേറെയും ഉണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ബുക്കര്‍ വിട്ടേച്ചു പോവുന്നതിനു പിറകെ തന്നില്‍ സംഭവിക്കുന്ന മാറ്റത്തെ കുറിച്ചു ബ്രൈഡ് നല്‍കുന്ന സൂചനകള്‍ അതില്‍ പ്രധാനമാണ്. മാജിക്കല്‍ റിയലിസത്തിന്റെ മാനങ്ങളുള്ള ഈ മാറ്റങ്ങള്‍ വേണ്ടത്ര കലാചാരുതയോടെ പുസ്തകത്തില്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല എന്നും നിരീക്ഷി ക്കപ്പെട്ടിട്ടുണ്ട് . തന്റെ രഹസ്യ ഭാഗത്തെ രോമങ്ങള്‍ കൊഴിഞ്ഞു പോവുന്നതായി ബ്രൈഡ് ആദ്യം കണ്ടെത്തുന്നു. പിന്നീട് അവളുടെ ശരീരം അകാരണമായി ശോഷിക്കുന്നതും പ്രകോപനപരമാം വിധം നിറഞ്ഞു മുറ്റിയിരുന്ന മാറിടങ്ങള്‍ മുലക്കണ്ണുകള്‍ മാത്രം അവശേഷി പ്പിച്ചു അപ്രത്യക്ഷമാവുന്നതും അവളറിയുന്നു. എന്നാല്‍ മറ്റേതെങ്കിലും കഥാപാത്രങ്ങള്‍ അത് ശ്രദ്ധിക്കുന്നതായിപ്പോലും എങ്ങും സൂചനയില്ല . ബുക്കറുമായുള്ള പുനസമാഗമാനത്തിനു ശേഷം അവ പൂര്‍വ്വ സ്ഥിതി പ്രാപിക്കുന്നതായും സൂചനയുണ്ട്. പ്രണയ നിരാസത്തിന്റെ നാളുകളില്‍ ബ്രൈഡ് ആ പഴയ വെറുക്കപ്പെട്ട ലുലാ ആന്‍ ബ്രൈഡ് വെല്ലിലേക്ക് തിരിച്ചു പോവുകയാണോ?

പിക്കോളോ ബ്രീഡ്ലൌവില്‍ നിന്ന് ലുലാ ആന്‍ ബ്രൈഡ് വെല്ലിലേക്ക് എത്തുമ്പോള്‍ ആഴത്തിലേല്‍ക്കുന്ന മുറിവുകള്‍ എന്ന സമാനത നില നില്‍ക്കുമ്പോഴും അതിന്റെ സാമൂഹിക മാനങ്ങള്‍ ദുര്‍ബ്ബലമായിപ്പോവുന്നതായിക്കാണാം .പിക്കോളോ ഏറ്റുവാങ്ങുന്ന മുറിവുകള്‍ ഒരു വംശത്തിന്റെ വേദനയുടെതും അത് കൊണ്ട് തന്നെ ഒരു കുരിശേറ്റത്തിന്റെ മാനമുള്ളതും ആണെങ്കില്‍ ബ്രൈഡിന്റെ അനുഭവങ്ങള്‍ തന്റെ കുടുംബ പശ്ചാത്തലത്തിന്റെ മാനങ്ങള്‍ക്കപ്പുറത്തേക്ക് അത്രയൊന്നും മുന്നോട്ടു പോകുന്നില്ല. നാല്‍പ്പതുകളുടെ പശ്ചാത്തലത്തില്‍ തീക്ഷ്ണമായിരുന്ന അനുഭവങ്ങള്‍ അത്രയൊന്നും പൊള്ളിക്കുന്നതായി പില്‍ക്കാലം അനുഭവപ്പെടാത്തത് സാമൂഹിക മാറ്റങ്ങള്‍ പ്രമേയത്തിന്റെ സന്ദിഗ്ദതയെ ദുര്‍ബ്ബലപ്പെടുത്തിയത് കൊണ്ടോ രചനയുടെ തന്നെ കൈക്കുറ്റപ്പാടുകള്‍ കൊണ്ടോ എന്ന വിധിപ്രസ്താവ വിമര്‍ശനം മാറ്റിവെച്ചാലും രണ്ടുകൃതികളും പകരുന്ന അനുഭൂതിവിശേഷങ്ങളിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. . അധിക ഭാഗങ്ങളും കഥാപാത്രങ്ങളുടെ സ്വഗതാഖ്യാന രീതിയിലുള്ള ഏറ്റുപറച്ചിലുകളുടെ (confessional) രൂപത്തിലുള്ള പില്‍ക്കാല കൃതിയില്‍ പാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും അധിക പേരും അനുവാചകനില്‍ പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കുന്നില്ല എന്നതും ഇതോടു ചേര്‍ത്തു കാണണം . കൃത ഹസ്തയായ ഒരെഴുത്തുകാരി തന്റെ എണ്‍പത്തിനാലാം വയസ്സില്‍ രചിച്ച കൃതി അതിന്റെ പ്രക്ഷേപിത ലക്‌ഷ്യം നേടുന്നതില്‍ മുമ്പേ പോലെ വിജയിക്കാതെ പോവുകയാണ് എന്നും വരാം.

(പ്രസാധകന്‍ മാസിക, സെപ്തംബര്‍ 2015)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍: Logos Books, പേജ് 24-29)

To purchase, contact ph.no:  8086126024

read more:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html


Sunday, August 30, 2015

Bamboo People by Mitali Perkins

മുള മനുഷ്യര്‍ - സംഘര്‍ഷ ഭൂമിയിലെ കൗമാരങ്ങള്‍.


1948-ല്‍ ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ബര്‍മ്മ, വിവിധ ഗോത്ര/ വംശീയവിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ കൊണ്ട് നിറഞ്ഞതെങ്കിലും 1962ലെ പട്ടാള അട്ടിമറി വരെയും ഒരു കേന്ദ്രീകൃതഭരണത്തിന്‍ കീഴിലായിരുന്നു. എല്ലാ തരം പൗര- മാധ്യമ സ്വാതന്ത്ര്യങ്ങളെയും അട്ടിമറിച്ച പട്ടാള ഭരണം അതിന്റെ കിരാത നടപടികള്‍ക്ക് ഏറ്റവും വലിയ മാതൃക ചമച്ചത് 1988 ആഗസ്റ്റ്‌ 8 (8/8/88)നു സമാധാന പരമായി നടന്ന അഹിംസാത്മക ബഹുജന മാര്‍ച്ചിലേക്ക് ഇരമ്പിയെത്തിയ സൈന്യം നടത്തിയ കൂട്ടക്കുരുതിയിലൂടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരകണക്കിനു ആളുകള്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ തടവിലാക്കി കൊടിയ പീഠനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്തു. ആങ് സുന്‍ സ്യുകിയുടെ ജനാധിപത്യ മുന്നേറ്റവും വീട്ടുതടങ്കലും എല്ലാം ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇന്നും തുടരുന്ന ഗോത്ര ജനതയുടെ ചെറുത്തു നില്‍പ്പും പാലായന ദുരന്തങ്ങളും ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാലയോദ്ധാക്കളെ (child soldiers) സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും ഒരു കാലത്ത് 'ഏഷ്യയുടെ നെല്‍പാത്രം'(rice bowl of Asia) ആയിരുന്ന, പ്രകൃതി, ജൈവ സമ്പന്നതയുടെ പ്രതീകമായിരുന്ന, ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ ഏറ്റവും സാക്ഷരതയുണ്ടായിരുന്ന ഈ കൊച്ചു ഭൂപ്രദേശത്തെ ഇന്ന് അതിന്റെയൊക്കെ നേരെതിരറ്റത്തു ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും വികലാംഗരുടെയും പരസ്പരം ഇണങ്ങാത്ത തുരുത്ത് സമൂഹങ്ങള്‍ ആക്കി മാറ്റിയിരിക്കുന്നു.

പരിഷ്കൃതരുടെ മുന്‍ വിധികള്‍:

സമകാലിക ബര്‍മ്മയുടെ വംശീയ സംഘര്‍ഷ പശ്ചാത്തലത്തില്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ട രണ്ടു കൗമാരക്കാരുടെ ജീവിതത്തിലൂടെ, സംഘര്‍ഷഭൂമിയിലെ 'മുതിര്‍ന്നു വരവിന്റെ' (coming-of-the-age) കഥ പറയുകയാണ്‌ കൊല്കത്തയില്‍ ജനിച്ചു ഘാന, കാമറൂണ്‍, മെക്സിക്കോ, ബംഗ്ലാദേശ്, തായ് ലാന്‍ഡ് കാലിഫോര്‍ണിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി പാര്‍ക്കുകയും ഇപ്പോള്‍ മസ്സാച്ചുസെറ്റ്സില്‍ സ്ഥിര താമസമാക്കുകയും ചെയ്തിട്ടുള്ള മിതാലി പെര്‍കിന്‍സ്. ഹൃസ്വ ദ്രിഷ്ടിയായ ചികോ എന്ന ബര്‍മീസ്‌ പതിനഞ്ചുകാരന്‍ ഗോത്ര വിഭാഗങ്ങളെ ശത്രുക്കളായി കാണുന്നതിന്റെ പൊള്ളത്തരത്തെ കുറിച്ച് മനുഷ്യ സ്നേഹിയായ ഡോക്ടര്‍ ആയിരുന്ന അച്ഛന്‍ നല്‍കിയ പാഠങ്ങളില്‍ വിശ്വസിക്കുന്ന, കായിക ബലം കുറഞ്ഞ പുസ്തകപ്രേമിയാണ്. 'കുട്ടിപ്പട്ടാള'ത്തിലേക്ക് അവനെ റിക്രൂട്ട് ചെയ്യാന്‍ ഏതു നിമിഷവും എത്തിയേക്കാവുന്ന സൈനികരെ ഭയന്ന് ഏതാണ്ട് വീട്ടുതടങ്കലിലാണ് അമ്മ അവനെ വളര്‍ത്തുന്നത്. 'ദേശദ്രോഹി' എന്ന കുറ്റം ചാര്‍ത്തി മാസങ്ങള്‍ക്ക് മുമ്പ്‌ അവരുടെ കണ്മുന്നില്‍ വെച്ചാണ് അച്ഛനെ പട്ടാളം അറസ്റ്റ്‌ ചെയ്തു കൊണ്ട് പോയത്. ഇപ്പോള്‍ അദ്ദേഹത്തിനെന്തു സംഭവിച്ചു എന്നത് അവരുടെയും, ഡോ വിഡോ എന്ന അയല്‍ക്കാരി മുത്തശ്ശിയുടെയും മറ്റെല്ലാവരുടെയും നെഞ്ചിലെ തീയാണ്. ജയിലില്‍ അച്ഛന്റെ ചിലവിലേക്കായി പണം അയക്കേണ്ട ഗതികേടും സ്വതേ ദരിദ്രരായ അവര്‍ക്കുണ്ട്. അത് കൊണ്ടാണ്, അപകട സാധ്യതയുള്ളതെങ്കിലും പത്രപ്പരസ്യം കണ്ടു ചികോ അധ്യാപകജോലിക്ക് ശ്രമിക്കുന്നത്. ഭയപ്പെട്ടപോലെ അതൊരു ചതിയായിരുന്നുവെന്നു തിരിച്ചറിയുക സൈനിക ക്യാമ്പിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോഴാണ്. കൂടെ തടവിലാക്കപ്പെടുന്ന കുട്ടികളില്‍ തെരുവിന്റെ പുത്രനായ തായ്, അവനു ജീവിത പാഠങ്ങളില്‍ ഇനി വഴികാട്ടിയാവും. സഹോദരി സവാതി തെരുവില്‍ അതിജീവിക്കുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളില്‍ എങ്ങനെയും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ തായ്‌ അപകടങ്ങളിലും കൊടിയ പീഠനങ്ങളിലും പെട്ടുപോവുന്നുണ്ട്. ക്യാമ്പിലെ ശിക്ഷാമുറകളുടെ കാഠിന്യത്തെ കുറിച്ച് പരാതിപ്പെടുന്ന ചികോയോടു അവന്‍ പറയുന്നുണ്ട്: “ഇതാണോ കടുപ്പം? ഒരാഴ്ച തെരുവില്‍ കഴിയാന്‍ ശ്രമിക്കൂ" പോരാന്‍ നേരം ഡോ വിഡോ അവന്റെ ഉള്‍പോക്കറ്റില്‍ വെച്ചിരുന്ന അച്ഛന്റെയും കളിക്കൂട്ടുകാരി ലെയുടെയും ചിത്രങ്ങള്‍ അവനു ആശ്വാസവും ജീവിത പ്രതീക്ഷയുമാവും. അവനു താങ്ങാനാവാത്ത ശിക്ഷാമുറകള്‍ അവനു പകരം ഏറ്റുവാങ്ങുന്ന തായ്‌, പിന്നീട് അവനു ശിഷ്യപ്പെടുകയും, എഴുതാനും വായിക്കാനും പഠിക്കുകയും ചെയ്യും. ആദ്യം കളിയാക്കലിന്റെ ഭാഗമായി 'ടീച്ചര്‍' എന്ന് വിളിക്കപ്പെടുന്നുവെങ്കിലും പിന്നീട് ക്യാമ്പിലെ മേധാവി ഉതാ ദിന്‍ തനിക്ക് ആവശ്യമായ എഴുത്തുകുത്തുകള്‍ നടത്താന്‍ നിയോഗിക്കുമ്പോള്‍ അമ്മക്ക് രഹസ്യമായി ഒരു സന്ദേശം അയക്കാനും തായ്‌ എപ്പോഴും വിഷമിക്കുന്ന സവാതിന്റെ സംരക്ഷണ ചുമതല അമ്മയെ ഏല്‍പ്പിക്കാനും അവനു അവസരം കിട്ടുന്നു. തന്റെ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അവന്‍ അറിയുന്നതും അങ്ങനെയാണ്. ഒടുവില്‍, ഇരുസുഹൃത്തുക്ക ളെയും അകാരണമായി വെറുക്കുന്ന മേലുദ്യോഗസ്ഥന്‍ ('Captain Evil' എന്ന് തായ്‌) കാരണം അതീവ അപകടകരമായ ഒരു ദൗത്യത്തിന് തായ്‌ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവനെ കത്തിടപാടുകള്‍ നടത്താന്‍ ക്യാമ്പില്‍ ആവശ്യമുണ്ടെന്നും അത് കൊണ്ട് താന്‍ പകരം വരാമെന്നും ചികോ സ്വയം സന്നദ്ധനാവുന്നത് തന്റെ സഹോദര തുല്യനായ സുഹൃത്തിനോടുള്ള പ്രത്യുപകാരമാണ്.

ചികോയുടെ കഥയ്ക്ക് സമാന്തരമായി കാരെന്നി ഗോത്ര ബാലന്‍ റ്റൂറേയുടെ ആഖ്യാനത്തിലേക്ക് നമ്മള്‍ നോവലിന്റെ രണ്ടാം പകുതിയില്‍ എത്തിച്ചേരുന്നു. സൈനികര്‍ പിടിച്ചു കൊണ്ടുപോയാണ് ഉള്‍വനങ്ങളിലേക്ക് നഗരബാലനായ ചികോ എത്തിച്ചേരുന്നതെങ്കില്‍, ഇവിടെ റ്റൂറേ തന്റെ പിതാവിനോടും രണ്ടുമൂന്നു ഗോത്ര യോദ്ധാക്കളോടും ഒപ്പം ഉള്‍വനങ്ങളിലുള്ള ക്യാമ്പിലേക്ക് മരുന്നും മറ്റും എത്തിക്കുക എന്ന ദൗത്യത്തിലാണ്. യാത്രക്കിടെ, തങ്ങളെ പിന്‍തുടരുന്ന ശത്രുസംഘം മൈന്‍ പാടത്ത് അപകടത്തില്‍ പെടുന്നതും ഒരാളൊഴിച്ച് ബാക്കിയെല്ലാവരും മരിക്കുന്നതും, തുടര്‍ന്ന് അതീവ ഗുരുതരമായി പരിക്കേറ്റ ശത്രുയോദ്ധാവിന്റെ ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യം അച്ഛന്‍ റ്റൂറേയെ എല്‍പ്പിക്കുന്നതുമാണ് അവന്റെയും ചികൊയുടെയും ജീവിതങ്ങളെ ഇഴ കോര്‍ക്കുന്നത്. ചികൊയുടെ അച്ഛന്‍ നല്‍കിയിരുന്ന മാനവിതയുടെ പാഠങ്ങള്‍ തന്നെയാണ് കരേന്നി ഗോത്ര സംസ്കൃതിയുടെ ഭാഷ്യത്തില്‍ റ്റൂറേയുടെ അച്ഛനും തന്റെ മകന് പകര്‍ന്നു നല്‍കുന്നത്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന സൈനികരുടെ പ്രതിനിധി എന്ന നിലയില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണോ അതോ മുറിവേറ്റ മനുഷ്യനോട് ദയ കാണിക്കുകയെന്ന ഗോത്ര നൈതികത പുലര്‍ത്തണമോ എന്ന അവന്റെ സംത്രാസത്തിനു മുമ്പില്‍ , ഒരു കാരെന്നി സ്വയം തീരുമാനം കൈക്കൊള്ളണമെന്ന് പ്രചോദിപ്പിക്കുന്ന അച്ഛന്‍, മകന്റെ നീതിബോധത്തില്‍ വിശ്വസിക്കുന്നുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കുന്ന റ്റൂറേയെക്കാത്ത് പഴയ സുഹൃത്തിന്റെതുള്‍പ്പടെ കടുത്ത വിമര്‍ശനങ്ങളും ഒറ്റുകാരന്‍ എന്ന ആരോപണവും കാത്തിരിപ്പുമുണ്ട്. അവയെ ഒക്കെയും സ്വന്തം ധാര്‍മ്മിക ബോധ്യം കൊണ്ടും അതേ ബോധ്യങ്ങള്‍ പങ്കു വെക്കുന്ന അമ്മയും സഹോദരിയും കൂട്ടുകാരും നല്‍കുന്ന പിന്തുണ കൊണ്ടും അവനു അതിജീവിക്കാനാവുന്നത് കൊണ്ടുമാണ്, തായ്‌- ചികോ സാഹോദര്യം പോലെ ചികോ- റ്റൂറേ സാഹോദര്യവും വംശീയതകള്‍ക്ക് കുറുകെ ഉണരുന്ന മാനുഷിക നന്മയുടെ കണ്ണാടിയാവുന്നതും, ചികോക്ക് തന്റെ കുടുംബത്തിലേക്കും പ്രണയത്തിലേക്കും , കൃതൃമ കാലിലെങ്കിലും, ജീവിതം തിരിച്ചു പിടിക്കാനാവുന്നതും. മുമ്പ് തന്റെ അച്ഛന്റെ തന്നെ ശിഷ്യയായിരുന്ന ഡോക്ടര്‍ ആന്റിയുടെ കൂടെ, റ്റൂറേയുടെ ഏക സമ്പാദ്യമായ കോവര്‍ കഴുതപ്പുറത്തേറി നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവന്‍ നല്‍കുന്ന വാക്കും അതാണ്‌: തിരിച്ചെത്തിയാല്‍ ഗോത്ര വിഭാഗങ്ങള്‍ക്കെതിരിലുള്ള നാട്ടുകാരുടെ മുന്‍ വിധികളെ മറികടക്കാന്‍ അവനെപ്പോഴും അവരെ പ്രേരിപ്പിക്കും.

മുളന്തണ്ട് പോലെ, കാട്ടുപച്ച പോലെ:

ഇളം പ്രായക്കാര്‍ക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ കനം കുറഞ്ഞ ഫാന്റസി ലോകമോ ശുഭാന്ത്യങ്ങള്‍ ഉറപ്പു നല്‍കുന്ന അതിവൈകാരിക നാടകീയത മുറ്റിയ രചനകളോ ആയിരിക്കണം എന്ന അലിഖിത നിയമങ്ങള്‍ക്ക് ആഹ്ലാദകരമാം വിധം അപ്പുറത്താണ് മിതാലി പെര്‍കിന്‍സിന്റെ 'മുള മനുഷ്യര്‍'. ഗോത്ര വിഭാഗങ്ങളെ അടിച്ചമര്‍ത്തി അവരുടെ ഭൂമിയും ജീവിതവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും തലമുറകളായി ഇവിടെ ജീവിച്ച അവര്‍ക്ക് ഈ നാട്ടില്‍ അവകാശമുണ്ടെന്നും മകനെ പഠിപ്പിക്കുന്ന ചികൊയുടെ അച്ഛനും, 'അവര്‍എല്ലാവരും, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ , മനസ്സാക്ഷിയില്ലാത്ത കൊലപാതകികളാണ് . അവര്‍ ബര്‍മീസ്‌ ഭാഷയേയും നമ്മുടെ ബുദ്ധ മതത്തെയും വെറുക്കുന്നു' എന്ന് പുതിയ റിക്രൂട്ടുകളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്ന ക്യാപ്റ്റനും ഗോത്ര ജനതയെ കുറിച്ചുള്ള പരിഷ്കൃത ബര്‍മ്മീസ് സമൂഹത്തിന്റെ വീക്ഷണങ്ങളിലെ എതിരറ്റങ്ങളാണ്. ഹിംസയുടെ പ്രവണത ആസ്വാദ്യമാവുന്നതിന്റെ അപകടത്തെ കുറിച്ച് ചികോ ബോധാവനാവുന്ന ഒരു നിമിഷം നോവലില്‍ കടന്നു വരുന്നുണ്ട്. ക്യാമ്പില്‍ വെച്ച് കിക്ക്‌ ബോക്സിംഗ് പരിശീലന ഘട്ടത്തില്‍ എതിരാളിയുടെ മേല്‍ നന്നായി തിളങ്ങാന്‍ കഴിയുന്ന സമയം അനുഭവപ്പെട്ട സന്തോഷമാണത്. അവന്‍ സ്വയം ഓര്‍മ്മിപ്പിക്കുന്നു: 'ചികോ, ശ്രദ്ധിക്കണം. നീ ഇത് ഇഷ്ടപ്പെട്ടുതുടങ്ങിയേക്കാം.' യുവ മനസ്സുകളെ കുടുസ്സു ദേശീയതയും ഹിംസാത്മകതയും കീഴ്പ്പെടുത്തുന്ന സൈനിക പരിശീലന തന്ത്രങ്ങളാണ് ഇവ. അക്ഷരജ്ഞാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്ന ചികൊയോടു ഒരു ഘട്ടത്തില്‍ തായ്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്: 'എല്ലാം ചെയ്യാനൊന്നും വായന സഹായിച്ചേക്കില്ല, ഏട്ടാ.'

ചികോ - തായ്‌ ഹൃദയ ബന്ധത്തിന്റെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷികതയുടെയും കൂടുതല്‍ ജൈവമായ പ്രസരണം റ്റൂറേയുടെയും അച്ഛന്റെയും വിനിമയങ്ങളിലാണ് നാം കാണുന്നത്. മുറിവേറ്റ ശത്രുവിനെ വെറുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, 'അവര്‍ നമ്മുടെ സമൂഹത്തോട് ചെയ്തത്' എന്ന പതിവ് മറുപടി നല്‍കുന്നതിന് പകരം 'പേഹ്' (അച്ഛന്‍) അവനോടു പറയുന്നുണ്ട്: 'വെറുപ്പ്‌ നിറഞ്ഞ മനുഷ്യന്‍ ഒരു തോക്ക് പോലെയാണ്, മകനേ.. അയാളെ ഒരൊറ്റ കാര്യത്തിനെ കൊള്ളൂ - കൊല്ലാന്‍.' മുള എന്ന പ്രകൃതി വിഭവം ഗോത്ര ജീവിതത്തെ സമഗ്രമായി എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്ന്കൂടി വ്യക്തമാക്കുന്ന ഈ ഭാഗമാണ് നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ ഉത്തുംഗം. 'നിനക്ക് ഒരു വന്യ മൃഗത്തെ മുള കൊണ്ട് കൊല്ലാം.' 'മുവ (അമ്മ) അത് കൊണ്ട് പാചകം ചെയ്യും... നമ്മള്‍ അതില്‍ നിന്ന് മരുന്നുണ്ടാക്കും. കുട്ടകള്‍. വീടുകള്‍. ചങ്ങാടങ്ങള്‍. പലതും' 'ശരിയാണ്. അത് കൊണ്ടാണ് ഞാന്‍ മുളയെ പോലെ കഴിയാന്‍ പോവുന്നത്, റ്റൂറേ. എന്നെ ഒരു പാട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം, ഒരൊറ്റ കാര്യത്തിനാവരുത്.' ഇതൊക്കെയും പറഞ്ഞ ശേഷവും 'ഒരു കാരെന്നി കാര്യങ്ങള്‍ സ്വയം തീരുമാനിക്കണം' എന്ന് ഉത്തരവാദിത്തം മകന് തന്നെ നല്‍കുന്ന അച്ഛന്‍, മാനുഷികതയുടെ ബോധ്യങ്ങള്‍ സ്വയം ഊട്ടിയുറപ്പിക്കേണ്ടതാണ് എന്നുകൂടിയാണ് കൌമാരക്കാരനോട് പറഞ്ഞു വെക്കുന്നത്. 'ഒരു തീരുമാനം മറ്റൊന്നിലേക്ക് നയിക്കും.' എന്നെങ്കിലും തായ്‌ ലാന്റിലേക്ക് രക്ഷപ്പെടണം എന്ന മോഹം നടക്കില്ലെന്നും ബര്‍മീസ്‌ പട്ടാളത്തിന്റെ കയ്യില്‍ ഓടുങ്ങാനേ അതിടയാക്കൂ എന്നും റ്റൂറേക്കറിയാം. അതുകൊണ്ടാണ് തന്റെ മോഹങ്ങളെ അവന്‍ ഇങ്ങനെ ചുരുക്കുന്നത്: 'ഇത്തിരി ഭൂമി, കുറച്ചു നെല്ല്, ഒരു കുടുംബം, ഒരു വീട്. അത്ര മതി.' പക്ഷെ സംഘര്‍ഷ ഭൂമിയില്‍ അതെത്ര വലിയ സ്വപ്നമാണെന്ന് അവനറിയാം.

ബര്‍മ്മയുടെ ചരിത്രത്തിന്റെയും വര്‍ത്തമാന കാല സംഘര്‍ഷങ്ങളുടെയും അവസ്ഥകള്‍ വ്യക്തമാക്കുന്ന ഒരധ്യായത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. സമകാലിക ബര്‍മ്മയുടെ (മ്യാന്മാര്‍ എന്ന് ഔദ്യോഗിക ഭാഷ്യം) പശ്ചാത്തലത്തില്‍ സ്നേഹം, സാഹോദര്യം,. മാനുഷികത തുടങ്ങിയ സംഘര്‍ഷ വിരുദ്ധ മൂല്യങ്ങളുടെ പ്രസക്തി 'ഫിക് ഷന്റെ കലാചാരുതയോടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. ഇളം പ്രായക്കാരെ വായനാസമൂഹമായി മുന്നില്‍ കാണുന്ന ഏതു രചനയും പാലിക്കേണ്ട മിതത്വം സൂക്ഷിക്കുന്നത് കൊണ്ട് ബര്‍മ്മീസ് സംഘര്‍ഷങ്ങളുടെ രക്ത പങ്കില ഭീകരത നേരിട്ട് അധികമൊന്നും നോവലില്‍ ചിത്രീകരിക്കപ്പെടുന്നില്ല.

(വര്‍ത്തമാനം വാരാദ്യം 30-08-2015)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 139-143)

To purchase, contact ph.no:  8086126024

More on Child Soldier Theme:

Island of a Thousand Mirrors by Nayomi Munaweera

https://alittlesomethings.blogspot.com/2015/05/blog-post_22.html

Bamboo People by Mitali Perkins

https://alittlesomethings.blogspot.com/2015/08/blog-post.html

The Bite of the Mango by Mariatu Kamara

https://alittlesomethings.blogspot.com/2016/01/blog-post.html

Radiance of Tomorrow by Ishmael Beah

https://alittlesomethings.blogspot.com/2018/01/blog-post_1.html

Allah Is Not Obliged by Ahmadou Kourouma

https://alittlesomethings.blogspot.com/2017/03/blog-post.html

Monday, May 11, 2015

അസ്തമയം വരെ: സന്ദേഹിയുടെ ആത്മാന്വേഷണങ്ങള്‍.



“Failed priests specialize in blasphemy”. - Saul Bellow


ഒരു സിനിമ മികച്ചൊരു ദൃശ്യാനുഭവം ആയിരിക്കുമ്പോള്‍ തന്നെ, സാഹിതീയ മാനമുള്ള ചിന്താര്‍ഹമായ ഒരു ചിത്രമാവുക എന്നത് മലയാള ചലചിത്ര രംഗത്ത് ഒരപൂര്‍വ്വതയാണ്. സജിന്‍ ബാബുവിന്റെ 'അസ്തമയം വരെ' ശ്രദ്ധേയമാകുന്നത് ഈ അര്‍ത്ഥത്തിലാണ്. ഗഹനമായ പ്രമേയം അതാവശ്യപ്പെടുന്ന അവധാനതയോടെ സ്ക്രിപ്റ്റിലേക്ക് രൂപപ്പെടുത്തിയതിന്റെയും ശ്രദ്ധയോടെ ചലച്ചിത്ര ഭാഷ്യം നല്‍കിയതിന്റേയും ബഹുമതി ചലചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ട്. പശ്ചാത്തല സംഗീതത്തിന്റെ അഭാവമോ, താരതമ്യേന പരിചയം കുറഞ്ഞ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പങ്കാളിത്തമോ ചിത്രത്തിനു ബാധ്യതയായിട്ടുമില്ല. പ്രമേയ പരമായ വായനാ സാധ്യതകള്‍ ഏറെ കരുതി വെക്കുന്നുമുണ്ട് ചിത്രം.


'പീഡാനുഭവത്തിലൂടെ പാപ മോചന'മെന്നതും അതിനു നേരെതിരറ്റം പോലെ പാപത്തിനു ശമ്പളം മരണമെന്ന കാര്‍ക്കശ്യവും കൃസ്തീയമാണ്. പുണ്യ-പാപ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേ ക്ക് ആത്മാന്വേഷണത്തിന്റെ സാക്ഷാത്കാരത്തിലാണ് സെന്റ്‌ അഗസ്റ്റിനും സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസ്സിയും ജ്ഞാനോദയം കണ്ടെത്തുന്നത്. പാപത്തില്‍ അഭിരമിക്കുകയല്ല അതിനെ മറികടക്കുകയാണ് അവരുടെ വിജയ മാര്‍ഗ്ഗമായത്. കസാന്‍ദ് സാക്കീസിന്റെ കൃസ്തുവിനു അന്ത്യ പ്രലോഭനത്തിന്റെ ആത്യന്തിക വിശ്വാസ പ്രതിസന്ധിയുടെ നിമിഷം ഈ മറികടക്കിലിന്റെ ഇതിഹാസ വിജയമായത് കൊണ്ടാണ് അല്‍പ്പബുദ്ധികള്‍ തെറ്റായി മനസ്സിലാക്കിയതില്‍ നിന്ന് നേര്‍ വിപരീതമായി അത് കൃസ്തുവിലുള്ള അചഞ്ചല വിശ്വാസത്തിന്റെ പ്രഖ്യാപനമായത്.

ആത്മ ശൈലത്തിലേക്ക് കൃസ്തീയമായി?

അമ്മയുടെ ജാര സംസര്‍ഗ്ഗത്തിന്റെയും അച്ഛനും പെങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധ(incest)ത്തിന്റെയും പാപ പരിസരങ്ങളില്‍ നിന്ന് സെമിനാരിയിലെത്തിപ്പെടുന്ന വൈദിക വിദ്യാര്‍ഥിയും തനിക്കൊരിക്കലും കിട്ടിയിട്ടില്ലാത്ത ദൈവ വിളിയുടെ പൊരുത്തക്കേടിനോട് മറ്റു മാര്‍ഗ്ഗമില്ലാതെ സമരസപ്പെടാന്‍ നിര്‍ബന്ധിതനാകുന്ന സഹപാഠിയും മറ്റൊരു പാപത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്. ഇത്തവണ അത് ശവ രതിയുടെ മലീമസ രൂപത്തിലാണ്. ആരാണ് യഥാര്‍ത്ഥ പ്രതി/കള്‍ എന്നിടത്തല്ല, പാപ ബോധം നിതാന്ത സത്യമായ വിശ്വാസ/ ജീവിതാവസ്ഥകളിലേക്ക് തീക്ഷ്ണമായ ഒരു പുറപ്പെട്ടു പോക്കിനും വഴിവിളക്കായി ഉറ്റു നോക്കുന്ന സെന്റ്‌ ഫ്രാന്‍സിസ്‌ പുണ്യാളന്റെ മാതൃകക്കാല്‍പ്പാടുകള്‍ പതിഞ്ഞ ആത്മാന്വേഷണത്തിനും അതൊരു ആയമാവുകയാണ് എന്നതാണ് ചിത്രത്തില്‍ പ്രസക്തം. സെമിനാരി വസ്ത്രം പുണ്യാളന്റെ പാദങ്ങളില്‍ ഊരിവെച്ച് ഒരു കൈത്തോക്ക് വാങ്ങുമ്പോള്‍ ആത്മാന്വേഷണത്തിലേറെ പ്രതികാര ചിന്തയുടെ സംഘര്‍ഷമാണ് അവനെ മഥിക്കുന്നത് എന്ന്‍ വ്യക്തം. ആരെയും വിചാരണ ചെയ്യാന്‍ തനിക്കാവില്ലെന്ന് അയാള്‍ വൈകാതെ തിരിച്ചറിയും : ഒരു പാപ ചിന്തയില്‍ നിന്നും താനും മുക്തനല്ലല്ലോ. യാത്രക്കിടെ കണ്ടുമുട്ടുന്ന , സ്വന്തം കാമുകനെ സ്വന്തമാക്കാന്‍ അവനും കുടുംബത്തിനും കൊടുക്കേണ്ട സ്ത്രീധനം കണ്ടെത്താനായി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന യുവതി മുതല്‍ കൂടെ കൊയര്‍ പാടുന്ന കൂട്ടുകാരിയും ഇനിയുമൊരു ഘട്ടത്തില്‍ അച്ഛന് പാപത്തിനു ശമ്പളം നല്‍കാന്‍ ഊരിപ്പിടിച്ച കഠാരയുമായി പാഞ്ഞടുക്കുമ്പോള്‍ കുളിക്കടവില്‍ അഭിനിവേശമാകുന്ന പെങ്ങളും വരെ അവനെ അത് ബോധ്യപ്പെടുത്തുന്നുണ്ട്. മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ലെന്നു വേവലാതിപ്പെടുന്ന അവനോടു വലിയ അച്ഛന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്: സന്യാസത്തില്‍ പ്രണയം പാപമൊന്നുമല്ല. ശരീരം ഉണരുന്ന അവസ്ഥയില്‍ നിന്ന് ആത്മാവ് ഉണരുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടാനാ ണ് സന്യാസി ശ്രമിക്കുന്നത്. ക്ലാരയുടെ പ്രലോഭനത്തെ അതിജീവിച്ച സെന്റ്‌ ഫ്രാന്‍സിസിനെ അച്ഛന്‍ ഓര്‍ക്കുന്നുണ്ട്. സെന്റ്‌ ഫ്രാന്‍സിസിന്റെ സ്വാധീനം അവന്റെ കരുത്തും ബലഹീനതയും ആവുന്നതും അത് കൊണ്ട് തന്നെ: ക്ലാരയെന്ന പേര് തന്നെയും അവന്റെ പാപ ബോധ ജടിലമായ മനസ്സിനെ വിചാരണ ചെയ്യുകയും പൗരുഷത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ടല്ലോ. ''കൃസ്തുവിനു കിഴക്കെന്ന പോലെ' വലിയ അച്ഛന് കടലും തീരപ്രദേശങ്ങളും ഇഷ്ടമായിരുന്നു' എന്ന് അവന്‍ പറയുന്നുണ്ടെങ്കിലും സ്വയം ജല രാശി അവനെ ഭയപ്പെടുത്തുന്നുണ്ട് . നിലയില്ലാക്കയങ്ങ ളിലേക്കുള്ള ശ്വാസം പിടയുന്ന പിടഞ്ഞു താഴലായും മുങ്ങിപ്പോവുന്ന പാദങ്ങളില്‍ നിന്ന് പിടി വിട്ടു പോവുന്ന സ്വപ്നമായും അത് അവനെ മഥിക്കുന്നുണ്ട്. ദൈവ വചന പ്രഘോഷകനെ മുക്കുവനായും വിശ്വാസബലമില്ലാത്ത സംശയാലുവിനെ മുങ്ങിപ്പോവുന്നവനായും കൃസ്തു തന്നെയും ഉപമിച്ചിട്ടുമുണ്ടെന്ന് ഓര്‍ക്കാം. ഒരര്‍ഥത്തില്‍ ആദിമ പ്രകൃതിയിലേക്കുള്ള പിന്‍ മടക്കത്തിന് മുന്നോടിയായി ആ ചങ്ങാടം മറിഞ്ഞ പുനര്‍ജ്ജനി അനിവാര്യവുമാണ്. പരിഷ്കൃതിയുടെ ശേഷിപ്പുകള്‍ പിറകിലുപേക്ഷിച്ചു വേണം ആത്മ യാനത്തിന്റെ ആദിയിലേക്ക് മടങ്ങാന്‍. അത് കൊണ്ട് ലാപ്‌ ടോപ്പിനും ജല സമാധി വിധിക്കേണ്ടതുണ്ട്. മറുവശത്ത്‌ വന സ്ഥലികളിലും അവന്‍ പൊരുത്തക്കേടുകള്‍ അഭിമുഖീകരിക്കുന്നു. 'ഇതിനു മുമ്പ്‌ ഇതിലെ പോയവര്‍ പലരും ആരെയെങ്കിലുമൊക്കെ കൊല്ലണമെന്നും പറഞ്ഞു പോയവരാ' എന്ന്‍ പറയുന്ന, 'വഴിതെറ്റിവന്നവര്‍ക്ക് മാത്രമായുള്ള ശില്പങ്ങ'ളുടെ പര്‍ണ്ണശാലയിലെ ശില്പ്പിയോട് 'പ്രകൃതി നിയമങ്ങള്‍ക്കെതിരായത് സംഭവിച്ചാല്‍ അത് തടഞ്ഞേ മതിയാവൂ' എന്ന് അവന്‍ കുപിതനാവുന്നുണ്ട്. എന്നാല്‍ എന്താണ് പ്രകൃതി നിയമം? എന്തിലെങ്കിലും പുണ്യ പാപ ചിന്തകളുടെ ചിട്ടവട്ടങ്ങളുണ്ടോ പ്രകൃതി ചോദനകള്‍ക്ക്? അവന്റെ തത്വം 'ബന്ധങ്ങളെല്ലാം വളരെ സങ്കീര്‍ണ്ണമാണ്, അത് പവിത്രമാല്ലാതാകുന്നത് പലപ്പോഴും നമ്മുടെ ധാരണകളില്‍ നിന്നാണ് ' എന്ന അച്ഛന്റെ സമവാക്യത്തോട്‌ ഏറ്റുമുട്ടുന്നു. സോദോം- ഗോമോറ നശീകരണ സന്ദര്‍ഭത്തില്‍ ഉപ്പ് തൂണായിപ്പോയ ലോത്തിന്റെ ഭാര്യ ഒരു ബിംബ സങ്കല്‍പ്പമായി വരുന്നുണ്ട് ചിത്രത്തില്‍ ഒരിടത്ത്. തുടര്‍ന്ന് വംശമറ്റു പോവാതിരിക്കാന്‍ പിതാവിനെ പ്രാപിക്കുന്ന പെണ്‍മക്കള്‍ നിയതമായ ധാര്‍മ്മികതയുടെ ചട്ടക്കൂടിലല്ലല്ലോ അഭിജാതരാകുന്നത്. സ്വയം കൃതാനര്‍ത്ഥം കൊണ്ട് മകന് മുന്നില്‍ അന്യയായിപ്പോയതിനു ശിക്ഷയായി ആത്മഹത്യയുടെ സ്വയം വിധി നടപ്പിലാക്കിയ അമ്മയും നിയമത്തിന്റെയും സമൂഹത്തിന്റെയും വേട്ടക്കൊപ്പം തീര്‍ത്തും മടുത്തു പോയ വൈദിക ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ഇനിയും താങ്ങാനാവില്ലെന്നു കടല്‍ ജലപാളികളിലേക്ക് ഊളിയിട്ടു മറയുന്ന, തിരിച്ചു പോവാന്‍ നാടും വീടുമില്ലാത്ത വൈദിക സുഹൃത്തും പാപത്തിന്റെ ശമ്പളമെന്ന ലളിതവല്‍ക്കരണത്തില്‍ ഒതുങ്ങുന്നവരല്ല. തിരിച്ചറിവിന്റെ ശാന്തിയിലോ ചെയ്യാന്‍ നിനച്ച കര്‍മ്മത്തിന്റെ അര്‍ത്ഥ ശൂന്യത ബോധ്യമായത് കൊണ്ടോ അല്ല സ്വന്തം കൈ മുറിഞ്ഞ ചോര പുരണ്ട കത്തി അച്ഛന് മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു പ്രതികാര ചിന്തക്ക് അവന്‍ അവധി കൊടുക്കുന്നത്. മറിച്ച്, പകയും നിസ്സഹായതയും അതിനുമപ്പുറം, ഉള്ളിന്‍റെയുള്ളില്‍, താന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്‌ തന്നെയാണ് അച്ഛന്‍ ചെയ്യുന്നത് എന്ന അറിവും കൂടിക്കുഴഞ്ഞ സംത്രാസത്തിലാണ്. പാപ വിചാരണയായ സ്നാനപ്പെടലല്ല, മറ്റൊരു പാപത്തിലേക്കുള്ള – സഹോദരന്‍, സഹോദരി- ക്ഷണമാവുന്നുണ്ടല്ലോ (baptism in lust) കുളക്കടവില്‍ ഒളിഞ്ഞു നോട്ടത്തിന്റെ മദപ്പാടായി പെങ്ങളുമായുള്ള മല്‍പ്പിടുത്ത സങ്കല്‍പ്പം. മുമ്പൊരിക്കല്‍ അവന്‍ വിലപിച്ച മനസ്സിന്റെ പക്വതയില്ലായ്മ മറികടക്കാന്‍ അവനിനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നു സാരം. ഒരു പിതൃ വധം തനിക്ക് അനിവാര്യമാണെന്ന 'ഹാംലെറ്റ്' മനോഗതിയില്‍ നിന്ന് പ്രാകൃത ചോദനകളുടെ പുണ്യ-പാപ നിരപേക്ഷമായ നിര്‍മ്മമത്വത്തിലേക്ക് സ്വയം ഉണരുക എന്നതും സന്യാസത്തിന്റെ പാഠമാണ്. അനിവാര്യമായ പ്രലോഭനങ്ങളുടെ കുരിശു മുറിവുകളും കടന്നാവണം ഒരാള്‍ ആത്മ സാക്ഷാത്ക്കാരത്തിന്റെ കാല്‍വരി കയറുക. കൈത്തലം മാത്രമല്ല, നെഞ്ചിലും ചോര വാര്‍ന്ന മുറിവേല്‍ക്കേണ്ടതുണ്ട്. ഹെമിംഗ് വേയുടെ സാന്റിയാഗോ, വള്ളവും വലയും മുകളിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ നേരത്തെ മുറിഞ്ഞു പോയ കൈത്തലത്തില്‍ ചോര പൊടിയുന്ന വേദനയില്‍ സ്വയം ഞരങ്ങിപ്പോവുന്നതിനെ ആണി മാംസത്തിലൂടെ തുളഞ്ഞു തടിയിലേക്ക് കയറുമ്പോള്‍ കുരിശേറ്റപ്പെടുന്നയാള്‍ ഉച്ചരിച്ചു പോകുന്ന ശബ്ദമായി തിരിച്ചറിയുന്നുണ്ട്. കാല്‍വരി കേറുന്ന ദൈവപുത്രനെ പോലെ തന്റെ ഭാരത്തില്‍ വീണ്ടും വീണ്ടും വീണു പോവുമ്പോഴും വയോധികന് അമിതാവേശമില്ല, പിന്‍ മാറ്റവും. ഈ അവധാനതയുടെ , വീഴ്ചകളില്‍ നിന്ന് വീണ്ടും ഉയിര്‍ക്കുന്നതിന്റെ പാഠമാണ് ചിത്രാന്ത്യം വെളിപ്പെടുത്തുന്നത്. മുന്‍ രംഗങ്ങളിലെ അമിതാവേശം കയ്യൊഴിഞ്ഞ്, തിരു മുറിവുകളുടെ വഴിയിലൂടെ ആദിമമായ പുല്‍ നാമ്പുകളുടെ കിരീടം ചൂടി തെരഞ്ഞെടുപ്പിന്റെ നിമിഷം കടന്നു കാലം നിശ്ചലമായിപ്പോയോ എന്ന് തോന്നിക്കും വിധം, വിദൂരതയില്‍ പര്‍വ്വതാരോഹണം ആരംഭിക്കുന്നു. ഒട്ടും ധൃതിയില്ലാതെ; സ്ഥല കാല രാശികള്‍ അപ്രസക്തമാകുന്ന അനന്തതയുടെ നേര്‍ക്ക്‌ മുഖം തിരിച്ച്...


പോസ്റ്റ്‌ നീഷിയന്‍ ഉല്പത്തി ഭൂമിക?

ഏറെക്കുറെ പരമ്പരാഗതമായ കൃസ്തീയ ആത്മാന്വേഷണം എന്ന ഇത്തരമൊരു ഏകപക്ഷീയ വായന പക്ഷെ ചിത്രം അത്ര കണ്ടു അംഗീകരിക്കുന്നുമില്ല. ദൈവ മരണത്തിന്റെ നീഷിയന്‍ പ്രഖ്യാപനം ചുവരെഴുത്തായി ചിത്രത്തില്‍ ഫോക്കസ് ചെയ്യപ്പെടുന്നുണ്ട്. അതിനു മറുകുറിയായി 'നീഷേ മരിച്ചു : ദൈവം' എന്ന വിശ്വാസി പ്രതിഷേധം അവനു മൂത്ര ശങ്ക തീര്‍ക്കാനുള്ള മതില്‍ മറയായി വര്‍ത്തിക്കുന്നതെയുള്ളു. 'മിസ്റ്റര്‍ ദൈവം, താങ്കള്‍ എവിടെയായിരുന്നു?' എന്ന സര്‍ക്കാസം അയാള്‍ സ്വയം എഴുതുന്നുമുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പേരുകളില്ലെന്നും നമുക്കും പേരുകളില്ലാതെ പ്രണയിക്കാമെന്നുമുള്ള 'അനീമിസ' (പ്രകൃതിവാദം')വും നിയതമായ അര്‍ത്ഥത്തില്‍ ക്രിസ്തീയമല്ല.

വ്യാവഹാരിക ലോകത്തിന്റെ അപൂര്‍ണതകളെ (mundane imperfections) ആത്മീയ ലോകത്തിന്റെ ആദര്‍ശവല്കൃത പൂര്‍ണതകള്‍ കൊണ്ട് മറികടക്കാനുള്ള സാധനയാണ് ആത്മാന്വേഷണം. മാംസബദ്ധമായ വ്യവഹാരങ്ങളുടെ അഭിരുചികളില്‍ അഭിരമിക്കുന്ന ജനകനെ (father figure) നിഗ്രഹിക്കുന്നതിലൂടെയല്ലാതെ ആത്മീയ പിതാവിന് വേണ്ടിയുള്ള അന്വേഷണം (quest for a spiritual father) പൂര്‍ണമാവുകയില്ല എന്ന തീവ്ര നിലപാടോടെയാണ് അവന്‍ അന്വേഷണ പര്‍വത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അച്ഛനും തനിക്കും ഒരേ മുഖമെന്ന് കണ്ടെത്തുന്ന നിമിഷം നിഗ്രഹം (annihilation) ആത്മഹത്യ(self-annihilation)ക്കപ്പുറം ഒന്നുമല്ലെന്നും അവന്‍ തിരിച്ചറിയുന്നുണ്ടാവണം. കൊലയും ആത്മഹത്യയും (suicide and murder) ചിന്താശാലിയെ സംബന്ധിച്ചിടത്തോളം ഒരേ വ്യവസ്ഥയുടെ ഇരു പുറങ്ങളാണെന്ന ആല്‍ബര്‍ കാമുവിന്റെ നിരീക്ഷണം ഇതിനോട് ചേര്‍ത്ത് വയ്ക്കാം. ഒരു നിലപാട് തറയില്‍ നിന്ന് തുടങ്ങുകയും എന്നാല്‍ ജീവിതം/ യാഥാര്‍ത്ഥ്യം ഒരു മുന്‍ നിശ്ചിത ധാരണകളുടെ കോപ്പി പുസ്തക വടിവിലും അനുസരണ ശീലമുള്ള അക്ഷര വിധേയത്വം പുലര്‍ത്തുന്നില്ലെന്നു തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ദാര്‍ശനികമായി സ്വതന്ത്രനാവുന്നത്.

ജൈവ പ്രകൃതിയുടെ കൂടി രക്ഷകനായ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സിസ്സിയുടെ മാതൃകാ കാല്പാടുകള്‍ പിന്തുടര്‍ന്ന് ആദിമ വിശുദ്ധിയുടെ വനസ്ഥലികളിലേക്ക് പുറപ്പാടാവുമ്പോള്‍ ഒരാള്‍ പുല്ലിലും പ്രാണി ജന്മങ്ങളിലും സന്ദേശങ്ങള്‍ക്ക് ചെവിയോര്‍ക്കുന്നത് സ്വാഭാവികം തന്നെ. പ്രാര്‍ഥനാ നിരതനാവുന്ന പുല്‍ച്ചാടിയും പൂക്കളില്‍ കര്‍മ്മ കാണ്ഡം ഉരുക്കഴിക്കുന്ന വണ്ടും അയാള്‍ക്ക്‌ ഗുരുവായേക്കാം. എന്നാല്‍ അവയെ കൂടുതല്‍ ആഴത്തില്‍ നിരീക്ഷിക്കാനോ, ജൈവ പ്രകൃതിയുടെ പാഠങ്ങള്‍ക്ക് തന്റെ പ്രചോദനമായ പുണ്യാളനെ പോലെ ചെവി കൊടുക്കാനോ കഴിയാത്ത വിധം അന്വേഷണത്തിന്റെയും പ്രതികാര ബോധത്തിന്റെയും പരസ്പര വിരുദ്ധവും എതിര്‍ ദിശാ മുഖികളുമായ ചോദനകള്‍ കഥാപുരുഷനെ മഥിക്കുന്നുണ്ട്‌. ഈ വൈരുധ്യം ഏദന്‍ ബിംബങ്ങള്‍ കൊണ്ട് നിറഞ്ഞ സ്ഥലരാശിയിലും പ്രകടമാണ് എന്നിടത്താണ് കഥാനായകന്റെ ദാര്‍ശനിക വിഹ്വലതകള്‍ പ്രമേയ ഗാത്രത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്താനാവുന്നത്. നായകന്റെ അനിശ്ചിതത്വങ്ങള്‍ കേന്ദ്ര പ്രമേയത്തിലെ അനിശ്ചിതത്വത്തിന്റെ തന്നെ കണ്ണാടിയാണെന്നു സാരം. ഉല്‍പ്പത്തി പുസ്തകത്തിലെ ഏദന്‍ തോട്ടത്തോട് പ്രകടമായ സാദൃശ്യങ്ങളുണ്ട് സ്ഥല രാശിക്ക്. അറിവിന്റെ/ പാപത്തിന്റെ ഒറ്റ വൃക്ഷം , സര്‍പ്പ സാന്നിധ്യം, ജീവ സന്ദായകമായ അരുവി, ആദി പാപത്തിന്റെ തേന്‍കനി പോലെ മദിപ്പിക്കുന്ന തേനും പഴങ്ങളും, പാപ ചിന്തയുണര്‍ത്തും വിധം ത്രസിക്കുന്ന പെണ്ണുടല്‍, കഥാനായകന്‍ ഇടയ്ക്കിടെ എടുത്തണിയുന്ന ആദിപിതാവിന്റെ ശരീര ഭാഷ, അങ്ങനെ. ഇല്ലാത്തതൊന്നു മാത്രം, അരുതുകളുടെ മേഘ ഗര്‍ജ്ജനമായി കര്‍ക്കശക്കാരനും ഗംഭീരനും ഒപ്പം പ്രജാ വത്സലനുമായ കുലപതി(patriarch)യെ പോലെ ഒരു ദൈവ സാന്നിധ്യം. പകരം ദൈവ വിലക്കുകളുടെ മുള്‍വരമ്പുകള്‍ പ്രാകൃത ജൈവചോദനകള്‍ കൊണ്ട് മറി കടക്കുന്ന ജനക സാന്നിധ്യം. ദൈവം- ചെകുത്താന്‍ ദ്വന്ദ്വത്തില്‍, പാപത്തിനു പാപത്തിലൂടെ പാപ മോചനം തേടുന്ന വിശുദ്ധ പാപിയായ ഈ പിതാവിന്റെ ഭാഗം തീര്‍ച്ചയായും ദൈവത്തോടൊപ്പം ആകുകയുമില്ല. പശ്ചാത്തപിക്കാത്ത പാപിയും പരിത്യാഗിയായ വിശുദ്ധനും ഒരു വേള ഒരുപോലെ വിമുക്തരാണ് - സന്ദേഹിയുടെ അശാന്തിയില്‍ നിന്ന്. എന്നാല്‍ ഒരു ഘട്ടത്തില്‍ ക്ലോസ് അപ്പില്‍ കാണുന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ദുരൂഹ വേദന തിങ്ങിയ സംഘര്‍ഷ ഭരിതമായ മുഖം ഈ വായനയേയും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്.



മാതൃ സ്ഥാനീയയായ ചിറ്റമ്മയെ അറിഞ്ഞ പാപത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിച്ച് ഗുരുതുല്യയാവേണ്ടിയിരുന്ന സ്വാമിനിയിലേക്കും വസൂരിയുടെ പൂക്കള്‍ കാത്തിരിക്കുന്ന ഭൂമിയായ കോടച്ചിയുടെ ഉടലിലേക്കും ഖസാക്കിലെ യാഗാശ്വമായ മൈമൂനയിലേക്കും പാപത്തില്‍ നിന്ന് പാപത്തിലേക്ക് മുങ്ങിത്താഴുന്ന രവി, കുഞ്ഞാമിനയുടെ മുകുളാവസ്ഥയിലൂടെ, പല്ല് മുളക്കാത്ത ശിശുവിന്റെ കുസൃതിയായ സര്‍പ്പ ദംശനത്തിലൂടെ രോമ കൂപങ്ങള്‍ക്കിടയില്‍ വളരുന്ന പുല്‍ നാമ്പുകളിലൂടെ മരണത്തിലേക്ക് പുനര്‍ജ്ജനിക്കുന്നത് മലയാളിയുടെ സാംസ്ക്കാരിക ബോധങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ സാഹിത്യാനുഭാവമാണ്. പാപ ബോധവും അതില്‍ നിന്നുള്ള മുക്തി തേടുന്ന പഥികന്റെ ആദിമ/പ്രാകൃത സ്ഥലികളിലേക്കുള്ള പിന്‍ നടത്തവും അടയാളപ്പെടുത്തിയ ഖസാക്കിന്റെ ഇതിഹാസം സമാന സ്വഭാവമുള്ള പ്രമേയങ്ങള്‍ തൊടുമ്പോഴൊക്കെ മലയാളിയെ അറിഞ്ഞും അറിയാതെയും സ്വാധീനിക്കുകയും വഴി നടത്തുകയും ചെയ്തേക്കും. തന്നെ ആഴത്തില്‍ സ്വാധീനിച്ചതെന്നു ഒരു സ്വകാര്യ സംഭാഷണത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയ കസാന്‍ദ് സാക്കീസിന്റെ സെന്റ്‌ ഫ്രാന്‍സിസ്‌ പാഠം പോലെ തന്നെ ധന്യമായ ഒരു ഇതിഹാസ സ്വാധീനമാവാം അതും. പാത്ര സൃഷ്ടിയിലെ തിരിമറി - ഇവിടെ രവിയെക്കാളേറെ പിതൃ ബിംബമാണ് പ്രാകൃത ചോദനകളുടെ പ്രഘോഷകന്‍- മാറ്റിവെച്ചാല്‍, ഖസാക്കും ഞാറ്റുപുരയും ഓര്‍മ്മിപ്പിക്കുന്നുണ്ട് ചിത്രത്തിന്‍റെ ഭൂപ്രകൃതി പലപ്പോഴും. രവിയും ഒരു ദൈവമരണത്തിന്റെ ശ്വാന ദിനത്തില്‍ പിറവിയെടുത്തവനാണെന്നു പറഞ്ഞാല്‍ അതത്ര അസ്ഥാനത്തുള്ള ഒരു നിരീക്ഷണവും ആവില്ലല്ലോ.





(ദേശാഭിമാനി വാരിക: 10-  മെയ്‌- )
2015







Thursday, April 30, 2015

ഡിസ്റ്റോപ്പിയ നൗ : കേരള സ്പെഷ്യല്‍



അപ്പോള്‍
ഈച്ചയിരിക്കുന്ന പച്ചക്കറി
മത്സ്യം
മുന്തിരി
അതത്രേ ബുദ്ധിജീവികള്‍ക്കിഷ്ടം.-
അതും കേരളാവില്‍.
ബുദ്ധിജീവികളുടെ സ്വന്തം നാട്ടില്‍
ആയതിനാല്‍
ഇപ്പോഴേ തുടങ്ങണം:
എന്റോസുള്‍ഫാന്‍ ട്രീറ്റഡ്
വിത്ത്
സ്പെഷ്യല്‍ കോട്ടിംഗ് ഫോര്‍
ലോഡ്‌ ഓഫ് ദി ഫ്ലൈസ്.

ച്ചാല്‍
പുതിയൊരയ്റ്റം-
സാക്ഷാല്‍ റൌണ്ടപ്പിലും
ഈച്ചയാര്‍ക്കും.

വെളിച്ചപ്പാടിന്റെ മരണം




നിറകൊണ്ട പാതിരാക്കും
വേലുവേട്ടന് വെളിപാടുണ്ടാവും.
ഉറഞ്ഞു തുള്ളി നാട് വിറപ്പിക്കും.
മാവേലിക്കാലത്തിന്റെ ചാത്തമൂട്ടിന്
ഭൂമി മലയാളം മുഴവന്‍ ഉറക്കമുണരും.
കമ്പിളിപ്പുതപ്പിനകത്ത്
മുത്തശ്ശിയോട് പറ്റിച്ചേര്‍ന്ന്
കൊച്ചുമോന്‍ പേടിച്ചു വിറക്കും.
ദാഹം മൂത്ത പിതൃക്കളെ ച്ചൊല്ലി
ഗ്രാമ വയോധികരാധി കൊള്ളും.
പിഴച്ചു പോയതിനു
പെടുമരണപ്പെട്ടോളെ പ്രതി
ആണുങ്ങളോരോ മന്ത്രം ജപിക്കും.
കൂടോത്രം കൊണ്ട് കുലം മുടിച്ചവര്‍
കുട്ടിച്ചാത്തനെ മനസ്സില്‍ ഭജിക്കും.

ഉറഞ്ഞു തുള്ളുമ്പോള്‍
ഇന്നതേ പറയൂ എന്നില്ല വേലുവേട്ടന്
ദുര്‍മ്മരണപ്പെട്ടോന്റെ തേങ്ങലും
ആഭിജാരക്കാരന്റെ കുന്നായ്മയും
വേലുവേട്ടന്‍ വിളിച്ചു പറയും.
മുജ്ജന്മ ശാപത്തിനു മുക്തി തേടി
മൂര്‍ത്തികളെ ചൊല്ലിയുണര്‍ത്തും.
അപസ്മാരം തുള്ളുന്ന പെമ്പ്രന്നോളെ
ഗന്ധര്‍വ സേവക്ക് തൊലിയുരിക്കും
തറവാട്ടമ്മയുടെ ഒളി സേവയും
പത്തായപ്പുരയിലെ വളകിലുക്കവും
അങ്ങനെയങ്ങനെ നാട്ടാരറിയും.

സംസാര സാഗരം കടന്നവരോ,
അവര്‍, മിത ഭാഷികള്‍.
ഉറഞ്ഞു തുള്ളിവിസ്തരിക്കുമ്പോള്‍ മാത്രമാണ്
അവരുടെ സങ്കടങ്ങള്‍
ആഴങ്ങള്‍ വെളിപ്പെടുത്തുക..

വേലുവേട്ടന്‍ പോയപ്പോഴോ
മരിച്ചവര്‍ ഞങ്ങളോട് മിണ്ടാതായി.

Thursday, April 16, 2015

നദിയിലിറങ്ങുമ്പോള്‍



ഒരുമിച്ചാണ് നമ്മള്‍
യാത്ര തുടങ്ങിയത്.
ഉടലുകളില്‍
ഉപ്പു പൊടിയുന്ന വേനലറുതിയിലും
ഉറവ വറ്റാത്ത നദിയില്‍ മുങ്ങവേ
നമ്മളില്‍ ചിലര്‍
ഓരങ്ങളിലെ പരല്‍മീനുകളോടും
ആഴങ്ങളിലെ വരാലുകളോടും
ഉടമ്പടിയുണ്ടാക്കി.
ഗര്‍ഭസ്ഥരായ കുഞ്ഞുങ്ങള്‍
ജലദേവതമാരുടെ താരാട്ടുകേട്ട്
യാത്രകളുടെ പിതൃക്കളോട് പിണങ്ങി
അമ്മമാരുടെ പാദങ്ങളില്‍
കനത്തു നിന്നു.
കൊതുമ്പു വള്ളമേറിയ
അവരുടെ ദൈവം
മത്സ്യ ഗന്ധം കൊണ്ട്
അവരെ അനുഗ്രഹിച്ചു.
അങ്ങനെയാണ്
നദീതട സംസ്കാരങ്ങളുണ്ടായത്.

നദിയിലിറങ്ങുമ്പോള്‍
കുഞ്ഞുങ്ങളെ മറക്കരുത്.
അമ്മമാരെ ദുഷിക്കരുത്.