Featured Post

Tuesday, March 7, 2017

Allah Is Not Obliged by Ahmadou Kourouma

ദൈവനീതിയുടെ പുസ്തകം - കോമാളിത്തത്തിന്റെയും 



അരിസ്റ്റോട്ടില്‍ പറയും പോലെ ഇതിവൃത്തം (plot) ട്രാജഡിയുടെ ആത്മാവാണെങ്കില്‍ ആഖ്യാനസ്വരം (voice) സംശയലേശമെന്യേ ആക്ഷേപഹാസ്യത്തിന്റെ (satire) കാതലാണ്കുറൂമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ഭാരം അദ്ദേഹത്തിന്റെ സ്പര്‍ശലാളിത്യവുമായി ബലാബലത്തിലാണ്അദ്ദേഹത്തിന്റെ കൈകളില്‍ ഭയാനകതയും ഹാസ്യാത്മകതയും ഒരേ കിടക്കയില്‍ ഉറങ്ങുന്നവരായിത്തീരുന്നുഅതിന്റെ ഫലമായി ഈ നോവല്‍ .. ഹൃദയ ഭേദകമായിരിക്കുമ്പോള്‍ തന്നെ ചിരിനിറഞ്ഞതും ആയിരിക്കുന്നു.”

-ഇഗോര്‍നി ബെരെറ്റ് (Blackass; Love Is Power, or Something Like That)

ആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ ഐവോറിയന്‍ (Ivory Coast) നോവലിസ്റ്റ് അഹ്മദൂ കുറൂമ (1927 – 2003) എഴുതിയ അവസാനത്തെ നോവലായ "അല്ലാഹുവിനു ബാധ്യതയില്ല  (Allah Is Not Obliged)”എന്ന കൃതി "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൊണ്ടാടപ്പെട്ട പ്രശസ്തര്‍ "  എന്ന് വിവരിക്കപ്പെട്ട ബാല സൈനികരെ കുറിച്ചുള്ളതാണ്എന്നാല്‍ പാത്രസൃഷ്ടിയുടെയോ പശ്ചാത്തലത്തിന്റെയോ എന്നതിലേറെ ആഖ്യാന സ്വരത്തിന്റെ പ്രത്യേകതയും നോവലിനെ മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്ന സറ്റയറിന്റെയും കറുത്ത ഹാസ്യത്തിന്റെയും വിഗ്രഹ ഭജ്ഞന സ്വഭാവമുള്ള നിലപാടുകളുടെയും സാന്നിധ്യവുമാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്

 

ചോരക്കളികളും വിശ്വാസഫലിതങ്ങളും

തൊണ്ണൂറുകളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെങ്ങും വ്യാപകമായ ആഭ്യന്തര യുദ്ധങ്ങളില്‍ ബാല സൈനികനായാണ് ബിരാഹിമ സ്വയം പരിചയപ്പെടുത്തുന്നത്. കടുത്ത അംഗ വൈകല്യവും ഒരു കാലിലെ അഴുകിത്തുടങ്ങിയ കഠിന വേദനയുള്ള ട്യൂമറുമായി 'ചന്തി'യില്‍ ഇഴഞ്ഞുനീങ്ങി ജീവിതം തള്ളിനീക്കിയ അമ്മയോട് ഇടയ്ക്കിടെ കലഹിക്കുമായിരുന്നെങ്കിലും ഏറെ സ്നേഹമായിരുന്നു അവന്തനിക്കുവന്ന വിവാഹാലോചന നിരസിച്ചതിന് പ്രതിശ്രുത വരന്റെ അമ്മ ദുര്‍മ്മന്ത്രവാദം നടത്തിയതിന്റെ ഫലമാണ് അമ്മയുടെ അംഗവൈകല്യം. 'ഒരുകാല്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിരങ്ങിനീങ്ങുന്ന ഞണ്ടിനെ പോലെഎന്ന് അമ്മയുടെ ചലനത്തെ അവന്‍ കളിയാക്കുന്നുണ്ടെങ്കിലും അമ്മയുടെ മരണം അനാഥനാക്കുന്നതോടെയാണ് ലൈബീരിയയിലുള്ള മാഹാന്‍ അമ്മായിയെ തേടി ഗിനിയന്‍ - ഐവേറിയന്‍ അതിര്‍ത്തിയിലുള്ള തന്റെ ഗ്രാമം വിട്ട് യഥാര്‍ഥത്തില്‍ ഓരോന്നാം തരം തട്ടിപ്പുകാരനും 'നോട്ടിരട്ടിപ്പുകാരന്‍' മോഷ്ടാവുമായ, സ്വയമൊരു കൂടോത്രക്കാരനും ഉറുക്കെഴുത്തുകാരനും സിദ്ധ വൈദ്യനും ആയി നടിക്കുന്ന യൊകൂബയെന്ന തന്റെ അമ്മാവനോടൊപ്പം പന്ത്രണ്ടു വയസ്സുകാരന്‍ (അതോ പത്തോതീര്‍ച്ചയില്ലയാത്ര തുടങ്ങുന്നത്.

ഞങ്ങളെന്നാല്‍ മുടന്തന്‍ തട്ടിപ്പുകാരനും ഉറുക്കെഴുത്തുകാരനും (grigriman) നോട്ടിരട്ടിപ്പുകാരനുമായ യൊകൂബയും വിനയവാനും കുറ്റമറ്റവനും നിര്‍ഭയനായ തെരുവ് ബാലനുമായ ഞാനും

എന്നാണു അവന്റെ വായ്ത്താരിമുസ്ലിമായാത് കൊണ്ട് ഖുറാന്‍ സൂക്തങ്ങളും അറബ് വാക്യങ്ങളും വെച്ചാണ് യൊകൂബയുടെ പയറ്റെങ്കില്‍ ക്രിസ്തീയവും പരമ്പരാഗത ക്രമങ്ങളും ആയുധമാക്കുന്ന വേറെയും കൂടോത്ര സിദ്ധന്മാര്‍ അയാളോടെറ്റു മുട്ടുന്നുണ്ട്. 'തൈവങ്ങ തമ്മി കടി പണിയാം പഷ്തില്ല ' എന്ന ഖസാഖ് സമാന മുന്‍ കൂര്‍ ജാമ്യത്തില്‍ 'സിദ്ധന്മാര്‍' പരസ്പരം രാജിയാവുകയും തങ്ങളുടെ തടി സംരക്ഷിക്കുകയും ചെയ്യുന്നുയാത്രാന്ത്യത്തില്‍ തിരിച്ചു വരവിനിടെ സൈനികര്‍ വിവസ്ത്രനാക്കുമ്പോള്‍ ഹെര്‍ണിയ പോലെ അടിവസ്ത്രത്തിന് ചുവടെ കെട്ടിത്തൂക്കിയ അസംഖ്യം മടിശ്ശീലകളില്‍ വിലയേറിയ തട്ടിപ്പ് സമ്പാദ്യങ്ങള്‍ ഏറെയുണ്ട്കൊല്ലപ്പെട്ടവരുടെ ജടങ്ങളില്‍ നിന്നുംഒപ്പം മോഷ്ടിച്ച വസ്തുക്കളില്‍ നിന്നും കാത്ത് വെച്ചവഅത്ര മോശമല്ലാത്ത യുദ്ധമുതലുകള്‍ സമാന രീതിയില്‍ ബിരാഹിമയില്‍ നിന്നും സൈനികര്‍ക്ക് കിട്ടുന്നുണ്ട്.

യുദ്ധപ്രഭുക്കളുടെ കീഴില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന ലൈബീരിയയില്‍ ഇരുവരെയും ബാല സൈനികര്‍ തടയുമ്പോള്‍ മുതിര്‍ന്നവരുടെ കളികളിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്ന ബിരാഹിമ ഉല്ലാസത്തോടെ ബാലയോദ്ധാവ് ആയിത്തീരുന്നുതുടര്‍ന്ന് ലൈബീരിയയിലും സിയറാ ലിയോണിലുമായി മൂന്നു വര്‍ഷങ്ങളോളമുള്ള അവന്റെ അതിജീവനാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്തുടക്കത്തില്‍ ബാല സൈനികരുടെ കൂസലില്ലായ്മയും ധൈര്യപ്രകടവും കലാഷ്നികൊവ് പോലും കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യാന്‍ കിട്ടുന്നതിലെ ആവേശവും അവനെ ഏറെ ഉന്മത്തനാക്കുകയും അതിവേഗം യുദ്ധപ്രഭു പാപ ലേ ബോണിന്റെ ഭാഗ്യരാശി (mascot) എന്ന അസൂയാര്‍ഹമായ പദവി അവനു കൈവരികയും ചെയ്യുന്നുപാപ കൊല്ലപ്പെടുമ്പോള്‍ ചിതറിപ്പോവുന്ന ബാല സൈനികര്‍ എവിടെയാണ് കൂടുതല്‍ റേഷന്‍ ലഭ്യമാകുക എന്ന മാനദണ്ഡത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു എന്ന നിലയില്‍ സംഘങ്ങള്‍ മാറുന്നുഹാഷിഷും കൂടോത്രവും സാത്താനില്‍ നിന്ന് സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനകളും കൊല്ലപ്പെടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഏലസ്സുകളും സമ്പൂര്‍ണ്ണമായി കീഴടക്കുന്ന അരാചക കൊലയാളിക്കൂട്ടം വൃത്തിഹീനവും കുത്തഴിഞ്ഞപ്രായത്തിനിണങ്ങാത്ത ലൈംഗികതയുമായി ഏതു നിമിഷവും കടന്നെത്താവുന്ന മരണവുമായി മല്ലിട്ട് കഴിയുന്നുഈ കുട്ടിക്കൊലയാളിക്കൂട്ടങ്ങളാണ് പ്രദേശത്തെ ഏറ്റവും ഹീനമായ കുരുതികളില്‍ പലതും നടത്തിയത് എന്നിരിക്കിലും അവര്‍ക്കും മറ്റു മാര്‍ഗ്ഗമില്ലായിരുന്നു എന്ന നിസ്സഹായതയുമുണ്ട്കുടുംബങ്ങളില്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ തൊട്ട് നിരക്ഷരതയുടെയും അനാഥത്വത്തിന്റെയും വെറും ജീവ ഭയത്തിന്റെയും വരെ കാരണങ്ങളുണ്ട് അവരുടെ വേഷപ്പകര്‍ച്ചക്ക്കൗമാര നിഷ്കളങ്കതക്കൊന്നും ഇടമില്ലാത്ത അവരുടെ ജീവിതത്തില്‍ സാധ്യതകളും പ്രതീക്ഷകളുമില്ലഉപകരണങ്ങള്‍ മാത്രമായ അവര്‍ ബലിമൃഗങ്ങളുമാണ്ബിരാഹിമയുടെ ലോകത്തെ ഏറ്റവും 'ഹീറോയിക്ആയ കാര്യം അതിജീവിക്കുക എന്നത് തന്നെയാണ് എന്നിരിക്കെകഥപറയാനായി അവന്‍ ബാക്കിയാവുന്നുണ്ട് എന്നത് തീര്‍ച്ചയായും അവനെ നായകനാക്കുന്നുണ്ട്.

ഓരോ തവണ കൂട്ടാളികള്‍ കൊല്ലപ്പെടുമ്പോഴും ഉറുക്കും ഏലസ്സും ഫലിക്കാതെ പോയത് അവര്‍ നിഷ്ടയിലേതോ തെറ്റിച്ചത് കൊണ്ടാണെന്ന് മന്ത്രവാദി കണ്ടെത്തുന്നുഓരോ തവണയും ഓര്‍മ്മിപ്പിക്കപ്പെടുന്നുഅല്ലാഹുവിനു താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതിമാനായിരിക്കാന്‍ ബാധ്യതയില്ലഒരു പക്ഷെ അതിലേറെ ഭരണാധികാരിക്കുംഒപ്പം യുദ്ധപ്രഭുവിനും.

എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും ബാധ്യതയില്ലകാരണം ലൈബീരിയന്‍ ഗോത്ര യുദ്ധങ്ങളുടെ മുടിഞ്ഞ ചതുര്‍ നക്ഷത്ര ബഹളങ്ങളില്‍ വിമത പോരാളികളെ കള്ള സാക്ഷ്യത്തിന് വിചാരണ ചെയ്യാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.('perjury' എന്നാല്‍ എന്റെ കയ്യിലെ ലാറൂസ്സെ പ്രകാരം 'പ്രതിജ്ഞക്ക് ശേഷം ബോധപൂര്‍വ്വം സമ്മതത്തോടെ തെറ്റായ സാക്ഷ്യം പറയലാണ്.') ” 

പാതിവഴിയില്‍ സ്വന്തം കഥ പറച്ചില്‍ ഉപേക്ഷിച്ച് ഇടയ്ക്കിടെ മറ്റു ബാല യോദ്ധാക്കളുടെ ദുര്‍വ്വിധിയിലേക്കും ബനാന റിപ്പബ്ലിക്കുകളിലെ മലീമസ ഗാംഭീര്യ (shitty grandeur)മുള്ള ഏകാധിപതികളുടെയും വിരേചന സ്തംഭനമുള്ള സേനാ നായകരുടെയും കഥകള്‍ ഉള്‍ച്ചേര്‍ന്ന ദേശ ചരിത്രങ്ങളിലേക്കും തിരിയുന്നതും മറ്റൊരു കൂസലില്ലായ്മയാണ്ഞാന്‍ എന്റെ കഥ മുഴുവന്‍ പറയാന്‍ ബാധ്യസ്തനല്ല.

ചരിത്രത്തില്‍ മുങ്ങിപ്പോവുന്ന ഫിക് ഷന്‍

എന്നാല്‍ ലൈബീരിയയുടെയും സിയറാ ലിയോണിന്റെയും സമീപകാല ചരിത്രം അവയുടെ എല്ലാ മലീമസ വിശദാംശങ്ങളിലും സജീവമാണ് നോവലിലെങ്ങുംബിരാഹിമ ഓരോ തവണ ക്യാമ്പുകള്‍ മാറുമ്പോഴും ലഭിക്കുന്ന വ്യത്യസ്ത വീക്ഷണ പരിസരങ്ങളിലൂടെയാണ് ഇത് സാധ്യമാവുന്നത്പല സന്ദര്‍ഭങ്ങളിലും ആഖ്യാതാവ് കഥാപാത്രത്തിന്റെ ആവശ്യത്തില്‍നിന്നു തെന്നി മാറുകയും സാമാന്യേന വിശദമായിത്തന്നെ സിയറാ ലിയോനിന്റെയും ലൈബീരിയയുടെയുംആ സംഘര്‍ഷങ്ങളില്‍ ഇടപെട്ട നൈജീരിയയുടെയും കൊംഗോയുടെയും ചരിത്രഖണ്ഡങ്ങളെയും ചരിത്രപുരുഷന്മാരെയും വസ്തുനിഷ്ഠ വിവരണങ്ങളിലേക്ക് പോവുകയും ചെയ്യുന്നുഫോഡേ സാങ്കോചാള്‍സ് ടൈലര്‍ , സാമുവേല്‍ ഡോപ്രിന്‍സ് ജോണ്‍സണ്‍ തുടങ്ങിയവര്‍ മാത്രമല്ല ജനറല്‍ സാനി അബാച്ചയും നൈജീരിയന്‍ 'സമാധാന സേന'യും നിശിതമായ പരിഹാസത്തിനു ഇരയാവുന്നുണ്ട്.

“CDEAO നൈജീരിയയോട് മാനുഷിക സമാധാന ദൗത്യത്തിന് ആഹ്വാനം ചെയ്തു. (“മാനുഷിക സമാധാന ദൗത്യ''മെന്നാല്‍ ഒരു രാജ്യത്തോട് മറ്റൊരു രാജ്യത്തേക്ക് സൈന്യത്തെ അയച്ചു നിരപരാധികളെ അവരുടെ നാട്ടില്‍ വെച്ച്അവരുടെ ഗ്രാമത്തില്‍അവരുടെ കുടിലില്‍അവരുടെ പായയില്‍ ഇരിക്കുമ്പോള്‍ തന്നെ കൊല്ലാന്‍ ആവശ്യപ്പെടലാണ്.)”

നോവലില്‍ ചരിത്രം പറയുന്ന രീതി ആകാവുന്നതില്‍ കൂടുതല്‍ നേര്‍ക്കുനേര്‍ ആണെന്നും രാഷ്ട്രീയ ചര്‍ച്ചകളായിത്തീരുന്ന വസ്തുതാപരതയിലുള്ള ഊന്നല്‍ ഒരു ഫിക് ഷന്‍ കൃതിയുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്പല ഘട്ടങ്ങളിലും കൌമാരക്കാരനായ ആഖ്യാതാവിന്റെ സാന്നിധ്യം അതോടു ചേര്‍ന്ന് പോകുന്നില്ലെന്നു തോന്നാംഇംഗ്ലീഷ് കൊളോണിയല്‍ യജമാനന്മാരും ക്രിയോളുകളും (യൂറോപ്യന്‍ആഫ്രിക്കന്‍ മിശ്ര വംശജര്‍ ), ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരും 'ബ്ലാക്ക് നിഗ്ഗര്‍ ' തദ്ദേശീയരുടെ താല്പര്യങ്ങള്‍ക്കെതിരില്‍ ഫലത്തില്‍ യോജിക്കുന്നുവെന്ന് തുടങ്ങിയ ഗഹനമായ കണ്ടെത്തലുകള്‍ അതിനുദാഹരണമാണ്:

ബ്ലാക്ക് നിഗ്ഗര്‍ ദേശീയര്‍ കാലികളെ പോലെ പണിയെടുത്തുസര്‍ക്കാര്‍ ജീവനക്കരുടെയും വാണിജ്യ സ്ഥാപനങ്ങളുടെ മാനേജര്‍മാരുടെയും അവസരങ്ങളൊക്കെ ക്രിയോളുകള്‍ക്ക് കിട്ടികൊളോണിയല്‍ ഇംഗ്ലീഷ് കുടിയേറ്റക്കാരും കള്ളന്മാരും ഇരുവശത്തെയും ചതിച്ചുപോന്ന ലബനാന്‍കാരും പണം മുഴുവന്‍ കീശയിലാക്കി.” 

ഫോഡേ സാങ്കോ നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചതിനെ കുറിച്ച് അവന്‍ നിരീക്ഷിക്കുന്നു,

ഫോഡേ സാങ്കോ ജനാധിപത്യക്കളികളില്‍ വഞ്ചിതനായില്ലഇല്ലസാര്‍അയാള്‍ക്ക്‌ അതിലൊന്നും ഒരു കാര്യവുമുണ്ടായിരുന്നില്ലഅയാള്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സ് വേണ്ടായിരുന്നുഅയാള്‍ക്ക് സ്വതന്ത്രവും നീതിയുക്തവുമായ എലക് ഷനും വേണ്ടായിരുന്നുഅയാള്‍ക്ക് ഒന്നും വേണ്ടഅയാള്‍ രാജ്യത്തെ ഡയമണ്ട് ശേഖരമുള്ള ഭാഗം നിയന്ത്രിക്കുന്നു;   അയാള്‍ സിയറാലിയോണിന്റെ പ്രയോജനമുള്ള ഭാഗം നിയന്ത്രിക്കുന്നുഅയാള്‍ക്ക് ഒരു .. വും പ്രശ്നമായിരുന്നില്ല.” 

ആളുകള്‍ വോട്ട് ചെയ്യുന്നതും ആ മാര്‍ഗ്ഗത്തില്‍ അധികാരം നഷ്ടമാവുന്നതും തടയാന്‍ സിവിലിയന്മാരുടെ കൈപ്പത്തികള്‍ ഛേദിച്ചു കളയുക എന്ന ബീഭത്സമായ പരിഹാരം സൈനികമായി നടപ്പിലാക്കിയ സിയറാ ലിയോണ്‍ ചരിത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു ഫോഡേ സാങ്കോ എന്നത് നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്. മരിയാത്തു കമാറയുടെ The Bite of the Mango എന്ന ഓര്‍മ്മപ്പുസ്തകം ഈ ദാരുണ ചരിത്രത്തിന്റെ നേര്‍ സാക്ഷ്യം നല്‍കുന്നുണ്ട്.

യുദ്ധപ്രഭുക്കളുടെ കുടിപ്പകകള്‍ നാടിനെ ഉലച്ചു കളയുന്നതിന്റെയും അവസാനമില്ലാത്ത ചോരപ്പുഴകളുടെയും കലാപങ്ങളുടെയും വ്യത്യസ്ത ഗ്രൂപ്പുകളുടെയും വിഭാഗങ്ങളുടെയും അട്ടിമറികളില്‍ നിരന്തരം നടമാടുന്ന ഉദ്ദേശ ശൂന്യമായ അരുംകൊലകളുടെയും നീണ്ട ആഖ്യാനങ്ങള്‍ നോവലില്‍ കേന്ദ്ര സ്ഥാനീയമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്ബിരാഹിമയുടെ നേരിട്ടുള്ളഒരിക്കലും വൈകാരികമല്ലാത്ത, ആക്ഷേപഹാസ്യത്തിന്റെയും കറുത്ത ഹാസ്യത്തിന്റെയും ഒപ്പം കടുത്ത അശ്ലീല ഭാഷാപ്രയോഗങ്ങളുടെയും രൂപത്തില്‍ അത് നോവലില്‍ നിറയുന്നുആവര്‍ത്തിച്ചു പ്രയോഗിക്കപ്പെടുന്ന 'faforo', 'gnamokode!', 'walahe!' എന്നീ മൂന്നു വാക്കുകള്‍ ആദ്യമേ നോവലിസ്റ്റ് പ്രത്യേകമായി പരിചയപ്പെടുത്തുന്നുണ്ട്.

faforo! (my father’s cock—or your father’s or somebody’s father’s), gnamokodé! (bastard), walahé! (I swear by Allah).”

സ്ഥാനത്തും അസ്ഥാനത്തും ഈ പ്രയോഗങ്ങള്‍ ഒരു വായ്ത്താരി പോലെ നോവലില്‍ ആവര്‍ത്തിക്കുന്നുമുണ്ട്എന്നാല്‍ ഹോളിവുഡ് പാരമ്പര്യത്തിലെ വെറും മോടിക്കുള്ള 'ഫോര്‍ ലെറ്റര്‍ വേര്‍ഡ്‌ഉപയോഗമായി അതൊരിക്കലും തരംതാഴാത്തത് നിശിതമായ ആക്ഷേപഹാസ്യം ഒരു ഘട്ടത്തിലും നോവലില്‍ അസ്ഥാനത്തല്ല എന്നത് കൊണ്ടാണ്.

 

ഭാഷാമാന്യതയുടെ അന്ത്യം

എന്റെ (തെറി)ക്കഥയുടെ സമ്പൂര്‍ണ്ണമായഒടുവിലത്തെമുഴുവനായിട്ടും മുഴുവനായ തലക്കെട്ട്‌ ഇങ്ങനെയാണ്അല്ലാഹുവിനു അവന്‍ ഈ ഭൂമിയില്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും നീതിമാനായിരിക്കാന്‍ ബാധ്യതയില്ലഓക്കേശരിഇനി ഞാന്‍ ചിലതൊക്കെ പറഞ്ഞു തുടങ്ങുന്നതാണ് നല്ലത്.” 

ഇങ്ങനെയാണ് നോവല്‍ തുടങ്ങുന്നത്കുറൂമയുടെ ശൈലിയെ കുറിച്ച് ഇഗോര്‍നി ബെരെറ്റ് നടത്തുന്ന നിരീക്ഷണം മര്‍മ്മ സ്പര്‍ശിയാണ്ലജ്ജാലേശമില്ലാത്ത ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ത്തന്നെ അതിസരള നിഷ്കളങ്കതയും ചിന്തോദ്ധീപകമാമായിരിക്കുമ്പോള്‍ തന്നെ വാചകമടിയും നിറഞ്ഞതായിത്തീരുന്നതാണ് ആഖ്യാനസ്വഭാവം. 'ഒരു കുറ്റവുമില്ലാത്ത നിര്‍ഭയനായ തെരുവ് ബാലന്‍ ' എന്ന് പേര്‍ത്തും പേര്‍ത്തും സ്വയം വിശേഷിപ്പിക്കുന്നത് പോകെപ്പോകെ ഹാസ്യാത്മകമായിത്തീരുന്നു. വിവര്‍ത്തനം ചെയ്യാനാവാത്ത തെറിപ്രയോഗങ്ങള്‍ വായ്ത്താരികള്‍ പോലെ ആവര്‍ത്തിച്ചു വരുന്നതും ഏറ്റവും വികാരവിക്ഷുബ്ദമായി നീണ്ടുപോകാന്‍ എല്ലാ സാധ്യതയുമുള്ള സന്ദര്‍ഭങ്ങളില്‍ കോമാളിത്തം കലര്‍ന്ന സ്വഗതാഖ്യാനങ്ങള്‍ അത്തരം ഭാവങ്ങളെയല്ലാം ഒറ്റയടിക്ക് ഹൈജാക്ക് ചെയ്യുന്നതും നോവലിലെ നിരന്തര സ്വഭാവമാണ്ഇനിയങ്ങോട്ട്‌ ഒന്നും പവിത്രമോ വിലയുള്ളതോ അല്ല എന്ന മട്ടില്‍ ഏറ്റവും തീക്ഷ്ണവും ബീഭത്സവുമായ അനുഭവങ്ങളുടെ നൈരന്തര്യം മടുപ്പിലേക്കും കൂസലില്ലായ്മയിലേക്കും ഒരു വേള എല്ലാത്തിനും നേരെയുള്ള ഉടുമുണ്ടു പൊക്കലിലേക്കും വഴിമാറുന്നു എന്നുവരുന്നതും സ്വാഭാവികമാകാംലാവണ്യയോട് 'പണമോഭോഗമോ?' എന്ന് ഔദ്യോഗിക ഗൗരവത്തോടെ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ധര്‍മ്മപുരാണ സന്ദര്‍ഭങ്ങളുടെ ആവര്‍ത്തനങ്ങളാണ് കുറൂമയുടെ നോവലില്‍ എങ്ങും എന്ന് മലയാളി ചിന്തിച്ചുപോകാവുന്നതാണ്.

ഭാഷ ഒരേസമയം അധിനിവേശത്തിന്റെയും അതിനെതിരായ രൂക്ഷ പരിഹാസത്തിന്റെയും ഉപകരണമാണ് കുറൂമയില്‍നോവല്‍ ആരംഭത്തില്‍ സ്വയം പരിചയപ്പെടുത്തുന്നിടത്തു തന്നെ ഈ വൈരുധ്യം ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്:

ഒന്നാമത്ഒന്നാം കാര്യം ...എന്റെ പേര് ബിരാഹിമഞാനൊരു കൊച്ചു നിഗ്ഗര്‍ ആണ്ഞാന്‍ കറുത്തവന്‍ ആയതു കൊണ്ടോ കുട്ടി ആയതു കൊണ്ടോ അല്ലഞാന്‍ ഒരു കൊച്ചുനിഗ്ഗര്‍ ആയിരിക്കുന്നതിനു കാരണം എനിക്ക് …ഫ്രഞ്ച് സംസാരിക്കാന്‍ ആവില്ല എന്നതാണ്അങ്ങനെയാണ് കാര്യങ്ങള്‍നിങ്ങള്‍ മുതിര്‍ന്നവനാവാം, വൃദ്ധനാവാം, അറബിയാവാംചൈനക്കാരന്‍ ആവാം, വെള്ളക്കാരനാവാം, റഷ്യക്കരനാവാം - അല്ലെങ്കില്‍ അമേരിക്കക്കാരന്‍ പോലുമാവാം - ഫ്രഞ്ച് സംസാരിക്കാന്‍ ആവില്ലെങ്കില്‍ അതിനെയാണ് - കൊച്ചു നിഗ്ഗര്‍ വര്‍ത്തമാനം എന്ന് പറയുക - അപ്പോള്‍ നിങ്ങളും ഒരു കൊച്ചുനിഗ്ഗര്‍ ആവുംഅതാണ്‌ നിങ്ങളുടെ കാര്യത്തിലെ ഫ്രഞ്ച് നിയമങ്ങള്‍." 

എന്നാല്‍ ഈ നിയതാവസ്ഥകളെ അവന്‍ പ്രതിരോധിക്കുന്നതും ഭാഷ കൊണ്ടുതന്നെയാണ് എന്നത് സംഗതമാണ്മലിംഗെ മൊഴിയും സങ്കര പിഡ്ഗിന്‍ മൊഴിയും ബിരാഹിമ ഉപയോഗിക്കുന്നുണ്ട്മൂന്നു ഡിക് ഷ്ണറികള്‍ അവനെപ്പോഴും കൂടെക്കൊണ്ടു നടക്കുന്നുനോവലിന്റെ പൊള്ളയായ സംസാര ഭാവം (gossiping, bantering tone) വലിയൊരളവു നിര്‍ണ്ണയിക്കുന്നതും രൂക്ഷഹാസ്യം പലപ്പോഴും ഉരുത്തിരിയുന്നതും ഇടവും കാലവും നോക്കാതെ ഇവ ഉപയോഗപ്പെടുത്തിയുള്ള പ്രയോഗങ്ങളും വന്‍വാക്കുകളും ബോധപൂര്‍വ്വം ഉപയോഗിക്കുന്നതിലൂടെയാണ്പ്രായത്തിനു നിരക്കാത്ത വന്‍ പ്രയോഗങ്ങള്‍ വലിയൊരളവു സാധൂകരിക്കപ്പെടുന്നതും അങ്ങനെത്തന്നെ.

"എല്ലാ പ്രഭാതങ്ങളിലും അയാള്‍ അമ്പലത്തില്‍ പോയി കാര്‍മ്മികത്വം (officiated) വഹിച്ചു. 'Officiate' ഒരു വലിയ വാക്കാണ്‌എന്റെ കയ്യിലെ ലറൂസ്സെ പ്രകാരം 'ഒരു മത ചടങ്ങ് നടത്തുകഎന്നാണു അതിനര്‍ത്ഥം.)" 

ചിലപ്പോഴെങ്കിലും ഈ ഡിക് ഷ്ണറി നോട്ടം അതിന്റെ സറ്റയര്‍ ലക്ഷ്യവും കടന്ന് ഇത്തിരി അസ്ഥാനത്തായും അനുഭവപ്പെടുന്നുണ്ട്.

ബാധ്യസ്തനല്ല എന്ന രാഷ്ട്രീയം

കുറൂമയുടെ കൃതികള്‍ മാജിക്കല്‍ റിയലിസത്തിന്റെ കള്ളികളില്‍ വായിക്കപ്പെട്ടിരുന്നു മുമ്പ്എന്നാല്‍ അദ്ദേഹത്തിന്റെ ലോകം പലപ്പോഴും അസാധാരണവും വിഭ്രാമകവും ആണെങ്കിലും അത് ഞെട്ടിക്കും വിധം യഥാതഥവുമാണ് എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. ഏലസ്സുകളിലും മറ്റുമുള്ള വിശ്വാസത്തിന്റെ പാപ്പരത്തമൊക്കെ കൌമാരക്കാരന് പോലും വ്യക്തമാണെങ്കിലും അവയുടെ ചുറ്റുപാടുകളില്‍ അവക്കുള്ള പരിവേഷം അത്ഭുത പ്രവര്‍ത്തികളുടെത് തന്നെയാണ്മാഹാന്‍ അമ്മായിയുടെ മരണം ഗോത്ര വിധേയത്തങ്ങളുടെ അസംബന്ധം കൂടി തുറന്നു കാണിക്കുന്നുണ്ട്എല്‍ ഹാജി കൊറോമയെന്ന മലിംഗെ വംശജരുടെ വിശുദ്ധ രക്ഷകനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത എന്‍ജിതലവനോടുള്ള പ്രതിഷേധമായി ചികിത്സ സ്വയം നിഷേധിച്ചു മലമ്പനിയുടെ ഇരയായി മരിക്കുകയായിരുന്നു അവര്‍ . അമ്മയുടെ മരണത്തെ കുറിച്ച് പറഞ്ഞപോലെ 'ഒരു നായയെ പോലെ മരിച്ചുഎന്നാണു ബിരാഹിമ നിരീക്ഷിക്കുകമുമ്പ് കൂട്ടത്തിലുള്ള ബാലസൈനികരില്‍ അടുപ്പമുണ്ടായിരുന്നവരുടെ മരണത്തില്‍ കരയുമായിരുന്ന പോലെ ബിരാഹിമ കരഞ്ഞുവിഗ്രഹഭജ്ഞക സ്വഭാവമുള്ള തലക്കെട്ടും 'കൊച്ചുവായില്‍ വലിയ വര്‍ത്തമാന'മെന്ന പഴി കേള്‍ക്കാന്‍ സ്വാഭാവികമായും ഇടയുള്ള ആഖ്യാതാവും ആയിരിക്കുമ്പോഴുംബാലയോദ്ധാക്കള്‍ എന്ന കരള്‍ നീറ്റുന്ന വിഷയത്തെ സമീപിക്കുന്ന ക്രിസ് അബാനിയുടെ Song for Nightഉസോദിന്മോ ഇവിയേലയുടെ The Beasts of No Nationഇഷ്മയേല്‍ ബിയയുടെ A Long Way Gone: Memoirs of a Boy Soldier; Radiance of Tomorrowമരിയാത്തു കമാറയുടെ The Bite of the Mango തുടങ്ങിയ കൃതികളില്‍ നിന്ന് കുറൂമയുടെ നോവലിനെ വേറിട്ട്‌ നിര്‍ത്തുന്നതും ഈ 'പോയിത്തുലയട്ടെ! (Devil may care!)എന്ന ആഖ്യാന സ്വരമാണ് എന്ന് പറയാം. 'ബാധ്യസ്ഥനല്ലഎന്ന പ്രയോഗം നോവലിലെങ്ങും തീക്ഷ്ണമായ ഐറണിയോടെ മുഴങ്ങുന്നുണ്ട്അല്ലാഹു ഭൂമിയില്‍ എല്ലാത്തിലും നീതിനിഷ്ടനാവാന്‍ ബാധ്യസ്തനല്ലയുദ്ധ പ്രഭുക്കള്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന സൈനികരോട്വിശേഷിച്ചും ബാല സൈനികരോട്ഒന്നിലും ബാധ്യസ്ഥരല്ല, അമിതമയക്കുമരുന്നിനടിപ്പെട്ടു മന്ദരായിരിക്കുന്ന ബാലയോദ്ധാക്കളുടെ നീളന്‍ കൊടുവാളിനു (machete) മുന്നില്‍ സന്തം കൈപ്പത്തികള്‍ മുറിച്ചു മാറ്റപ്പെടാന്‍ വരി നില്‍ക്കുന്ന സിവിലിയന്മാരോട് ദേശത്തെ നിയമമില്ലാ വാഴ്ച ബാധ്യസ്തമല്ലദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്ന സഹായങ്ങള്‍ അത് കാത്തിരിക്കുന്ന നിസ്സഹായരായവിദേശ പത്ര പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരമാനന്ദം അഭിനയിക്കാന്‍ തോക്കിന്‍ മുനയില്‍ പരിശീലിപ്പിക്കപ്പെട്ടപരിത്യക്തരോട് വിതരണ കേന്ദ്രം കൊള്ളയടിക്കുന്ന സൈനികര്‍ ബാധ്യസ്ഥരല്ലപുറം ലോകത്തെവിശേഷിച്ചും സൈനിക ഇടപെടലിന് കരുത്തുള്ള പാശ്ചാത്യ ലോകത്തെ ബോധ്യപ്പെടുത്താന്‍ ജനാധിപത്യ നാട്യങ്ങളുടെ ശാലീന നാടകങ്ങള്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ഏകാധിപതികള്‍ സമ്മതിദായകരോട് ബാധ്യസ്ഥരല്ലകലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ കിട്ടുന്ന ആദ്യ ഹെലികോപ്റ്ററില്‍ തൊട്ടടുത്ത ദേശത്തെ ഏകാധിപതിയുടെ അന്തപുരത്തില്‍ അഭയം തേടുന്ന തെജാന്‍ ഖബ്ബയെ പോലുള്ള പ്രജാപതികള്‍ നിരര്‍ത്ഥകമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കുന്ന സൈനികരുടെ ചെയ്തികള്‍ക്ക് ബാധ്യസ്ഥരല്ലഫോഡേ സാങ്കോയെ പോലെ തെരഞ്ഞെടുപ്പുകളില്‍ തോറ്റ ഏകാധിപതികള്‍ ജനഹിതത്തോട് ബാധ്യസ്ഥരല്ലവലിയ വായില്‍ മാനവിക ദുരന്തത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന യുഎന്‍പോലുള്ള അന്താരാഷ്‌ട്ര ചായസല്ക്കാരങ്ങള്‍ക്ക് പ്രക്ഷേപണത്തോടല്ലാതെ ബാധ്യതയില്ലസമാധാന ദൗത്യസേനയെ ഇറക്കുമതി ചെയ്യുന്ന സാനി അബാച്ചയെ പോലുള്ള അയല്‍നാട്ടു പ്രജാപതികള്‍ക്കും ecomog-നും തങ്ങളുടെ സൈനികര്‍ കൂട്ട ബലാല്‍ക്കാരം ചെയ്യുന്ന സ്ത്രീത്വത്തോടോ കൊന്നൊടുക്കുന്ന നിരായുധരോടോ ബാധ്യതയില്ലഎന്നിങ്ങനെ തുടങ്ങി സ്വന്തം കഥ പറഞ്ഞു തുടങ്ങുന്ന ബിരാഹിമ അത് മുഴുമിക്കാന്‍ അനുവാചകനോട് ബാധ്യസ്തനല്ല എന്ന് വരെ അത് നീളുന്നു. 'ബാധ്യസ്ഥതയില്ലായ്മതന്നെയാണ് നോവലിന്റെ പ്രമേയം എന്നിരിക്കെബിരാഹിമയോട് വായനക്കാരന് അപ്രിയം തോന്നേണ്ടതുമില്ല.

 

(കലാകൗമുദി. മാര്‍ച്ച് 12, 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 39-46)

To purchase, contact ph.no:  8086126024

Friday, February 17, 2017

The Secret Lives of Baba Segi's Wives by Lola Shoneyin

പാരമ്പര്യ വഴികളില്‍ ഉറഞ്ഞുപോയവര്‍




അനേകം ഗോത്രീയവിശ്വാസസാംസ്കാരിക വിഭാഗങ്ങളുടെ സാന്നിധ്യമുള്ള നൈജീരിയന്‍ സാഹിത്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത് പ്രധാനമായും ക്രിസ്തുമതം പിന്തുടരുന്ന ഇബോ ധാരയും ക്രിസ്തുമതവും ഇസ്ലാമും ഒപ്പം പരമ്പരാഗത (പാഗന്‍വിശ്വാസവും സമ്മേളിക്കുന്ന യൊറൂബ ധാരയും സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരുടെതാണ്ചിനുവ അച്ചബെചിമമാന്‍ഡാ അദീചിക്രിസ് അബാനിഫ്ലോറ എന്‍വാപ്പാഒകെ എന്‍ദിബെതുടങ്ങിയ മുന്‍ തലമുറയിലും പുതു തലമുറയിലും പെട്ട സ്ഥിതപ്രജ്ഞരായ എഴുത്തുകാരില്‍ പലരും ഇബോ വംശീയാനുഭവങ്ങളുടെയും സംസ്കൃതിയുടെയും ഊര്‍ജ്ജം ഉള്‍കൊള്ളുമ്പോള്‍ , വോള്‍ സോയിങ്കആമോസ് ടുടുവോലമഷൂദ് അബിയോലതേജു കോല്‍ , ഹെലെന്‍ ഒയെയേമിസെഫി അത്തതായേ സലാസി തുടങ്ങിയവരില്‍ യൊറൂബ ധാരയുടെ സ്വാധീനവും പ്രകടമാണ്ബെന്‍ ഓക്രിചിഗോസി ഒബിയാമ തുടങ്ങിയവരില്‍ ഇരു സ്വാധീനങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്യൊറൂബ സംസ്കൃതിയുടെ പ്രത്യേകതയായി കണക്കാക്കാവുന്ന ഇസ്ലാമിക-ക്രൈസ്തവപരമ്പരാഗത വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന നോവലാണ് 1974-ല്‍ നൈജീരിയയിലെ ഇബാദാനില്‍ ഗോത്രത്തലവന്റെ കുടുംബത്തില്‍ ആറുമക്കളില്‍ ഇളയവളായി ജനിച്ച ലോല ഷോനെയിന്‍ രചിച്ച 'ബാബ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതങ്ങള്‍ ' (ദി സീക്രെറ്റ് ലൈവ്സ്‌ ഓഫ് ബാബാ സെഗിസ് വൈവ്സ് ). തെക്ക് പടിഞ്ഞാറന്‍ നൈജീരിയന്‍ പ്രവിശ്യയായ ഒഗൂണില്‍ ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന മുത്തച്ഛന് (മമ്മയുടെ അച്ഛന്‍അഞ്ചു ഭാര്യമാര്‍ ഉണ്ടായിരുന്നത് നോവലിന്റെ പ്രചോദനങ്ങളില്‍ ഒന്നാണ്യുകെയില്‍ ബ്രിസ്റ്റോളിലും എഡിന്‍ബറോയിലുമായി വിദ്യാഭ്യാസം ചെയ്ത ഷോനെയിന്‍ പിതാവിനെ പട്ടാള ഭരണകൂടം തടവിലാക്കിയ സാഹചര്യത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്‌എതിരറ്റങ്ങളില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ ഒരേസമയം അനുതാപത്തോടെയും പ്രസന്നമാം വിധം വിമര്‍ശനാത്മകമായും ഇടയ്ക്കിത്തിരി ഹാസ്യാത്മകമായും ബഹു ഭാര്യത്വം പോലുള്ള വിഷയങ്ങളെ സമീപിക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തയാക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാം.

 

വിഷലിപ്തമായ പ്രതിനിധാനങ്ങള്‍

 

സമകാലിക നൈജീരിയയുടെ പശ്ചാത്തലത്തില്‍ ബഹുഭാര്യാസമേതനായി തന്റെ ഏഴു മക്കള്‍ക്കുമൊപ്പം സമ്പന്ന കുടുംബത്തിന്റെ അനിഷേധ്യ നാഥനായി കഴിയുന്ന ബാബ സെഗിയുടെ കുടുംബമാണ് ഇതിവൃത്ത കേന്ദ്രംസദാ അഭിവൃദ്ധിപ്പെട്ടു വരുന്ന വ്യാപാരത്തിനു പിന്നില്‍ ആദ്യ ഭാര്യയായ ഇയാ സെഗിയുടെ സമ്പാദ്യത്തിന്റെ വലിയ പങ്കുണ്ട്ഒരാള്‍ പിതാവോ മാതാവോ ആകുന്നതോടെ ആദ്യസന്താനത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന സമ്പ്രദായപ്രകാരം 'സെഗിയുടെ ബാബഎന്നും 'സെഗിയുടെ മമ്മ(ഇയ)' എന്നുമുള്ള മട്ടില്‍ വിളിക്കപ്പെടുന്നു എല്ലാ കഥാപാത്രങ്ങളുംരണ്ടാം ഭാര്യ അതേ രീതിയില്‍ 'ഇയാ ടോപിഎന്നും അടുത്തയാള്‍ ഇയാ ഫെമി എന്നും വിളിക്കപ്പെടുന്നുആജാനുബാഹുവും പ്രസന്ന പ്രകൃതിയുമായ ബാബ സെഗിമക്കളെയെല്ലാം ഏറെ പരിഗണനയോടെ 'ഒരോരുത്തരെയും അവര്‍ പ്രത്യേക വൈശിഷ്ട്യം ഉള്ളവരാണ്എന്ന് തോന്നിക്കും വിധം ചിട്ടയോടെയും വളര്‍ത്തുന്നുമന സംഘര്‍ഷം അനുഭവപ്പെടുമ്പോഴൊക്കെ വയറിന്റെ പിടിവിട്ടുപോകുന്നതാണ് ബാബ സെഗിയുടെ വലിയൊരു പ്രശ്നംഇപ്പോള്‍ അയാള്‍ ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നത്‌ തന്റെ നാലാം ഭാര്യയുടെ ഗര്‍ഭപാത്രം തരിശു കിടക്കുന്നതിന്റെ കാരണം കൊണ്ടാണ്.

 

ബോലാന്‍ലേ എന്ന ബിരുദ ധാരിണി ബാബ സെഗിയുടെ നാലാം ഭാര്യയായി എത്തുന്നതോടെ കുടുംബാന്തരീക്ഷത്തില്‍ കാലുഷ്യങ്ങള്‍ ആരംഭിക്കുന്നുഇയ സെഗിയും ഇയാ ഫെമിയും തങ്ങളുടേതായ കാരണങ്ങളാല്‍ പുതു ഭാര്യയില്‍ തങ്ങളുടെ ശത്രുവിനെയും അന്തകയേയും കണ്ടുതുടങ്ങുന്നുഒരു ഘട്ടം വരെ നിസ്സഹായയായ യുവതിയോട് അനുതാപം കാണിക്കുന്നുവെങ്കിലും പ്രകൃത്യാ പതിഞ്ഞ സ്വഭാവക്കാരിയായ ഇയാ ടോപി മറ്റുള്ളവരുടെ ഭീഷണിക്ക് മുന്നില്‍ നിഷ്ക്രിയയും പിന്നീട് അവര്‍ ഒരുക്കുന്ന മാരകമായ പദ്ധതിയില്‍ നിശ്ശബ്ദ പങ്കാളിയും ആയിത്തീരുന്നുഏറ്റവും കൂടുതല്‍ മക്കളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമായും അന്തസ്സായും കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ തന്റെ ലൈംഗിക ശേഷിയില്‍ ഏറെ അഭിമാനമുള്ള ബാബ സെഗിക്ക് ബോലാന്‍ലേയുടെ വന്ധ്യത ദുസ്സഹമാവുന്നതോടെ അയാളുടെ പതിവ് ഉപദേശകനായ ടീച്ചറുടെ അഭിപ്രായ പ്രകാരം അയാള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നുവിദ്യാസമ്പന്നയായതുകൊണ്ട് മന്ത്രവാദിയുടെ ചികത്സക്കൊന്നും അവള്‍ തയ്യാറാവില്ല എന്നയാള്‍ക്കറിയാംഡോക്റ്ററുടെ ചോദ്യത്തിന് മറുപടിയായി താന്‍ ഒരിക്കല്‍ ഗര്‍ഭം അലസിപ്പിച്ചിട്ടുണ്ട് എന്ന് ബോലാന്‍ലേ തുറന്നു പറയുന്നത് ബാബാ സെഗിയെ ആദ്യം പതിവുപോലെ ടോയ്ലെറ്റിലേക്ക് ഓടിക്കുമെങ്കിലും പിന്നീടത്‌ പുതിയ ചോദ്യങ്ങളിലേക്കും അയാളുടെ അസ്തിത്വത്തിന്റെ തായ് വേരില്‍ കത്തിവെക്കുന്ന വെളിപ്പെടുത്തലുകളിലേക്കും നയിക്കുംപരിശോധനകള്‍ കുട്ടിക്കാലത്തുണ്ടായ പകര്‍ച്ചവ്യാധിയുടെ ഫലമായി ബാബ സെഗിയുടെ പ്രത്യുല്‍പ്പാദന ശേഷി തീര്‍ത്തും ഇല്ലാതാക്കിയിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അത് വഴി തന്റെ ഭാര്യമാരുടെ സത്യസന്ധതതന്റെതെന്നു കരുതിയ മക്കളുടെ പിതൃത്വം എന്നിവയും ചോദ്യ ചിഹ്നമാക്കുകായും ചെയ്യുംഅതിനിടെബോലാന്‍ലെയെ കൊല്ലാന്‍ വേണ്ടി ഇയാ സെഗിയും ഇയാ ഫെമിയും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയില്‍ അബദ്ധത്തില്‍ ഇരയായിപ്പോവുന്ന സെഗിയുടെ അതീവഗുരുതരമായ അവസ്ഥ സൃഷ്ടിക്കുന്ന കുറ്റബോധവും നിസ്സഹായതയും ഇയ സെഗിയുടെ കരുത്തൊക്കെയും ചോര്‍ത്തിക്കളയുന്നുതലേന്ന് കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി പനങ്കള്ളുകടയില്‍ നിന്ന് സ്വല്പം മദ്യം കുടിച്ചിട്ടുണ്ടായിരുന്ന കഥതല്‍ക്കാലം മമ്മയെ രക്ഷപ്പെടുത്താന്‍ അവള്‍ കാരണമായി പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിക്ക് എല്ലാം മനസ്സിലായിരുന്നു എന്ന് അതീവ വേദനയോടെ അവളുടെ മരണക്കിടക്കയില്‍ ഇയാ സെഗി തിരിച്ചറിയേണ്ടി വരുന്നുണ്ട്ആശുപത്രിയില്‍ പരിശോധനക്ക് വിധേയയാകാന്‍ സ്വയം സന്നദ്ധയാവുന്ന ഇയാ സെഗി എല്ലാം ഏറ്റു പറയുന്നുബാബ സെഗിയുടെ കുഞ്ഞുങ്ങളൊന്നും അയാളുടെ കുഞ്ഞുങ്ങളല്ലഇയാ ടോപിയെയും ഇയ ഫെമിയെയും ആ കാര്യത്തിലേക്ക് നിര്‍ബന്ധിച്ചത് താനാണെന്നും എല്ലാത്തിന്റെയും ശിക്ഷ താന്‍ ഏറ്റു കൊള്ളാം എന്നും അവര്‍ പറയുന്നു.

 

ഇരുണ്ട മുഖങ്ങളുടെ മറുപുറം

 

കുടുംബ ജീവിതത്തിന്റെ ചുറ്റുവട്ടത്തില്‍ ഗര്‍ഹണീയ വ്യക്തിത്വങ്ങളായി മൂന്നു സ്ത്രീകളെ അവതരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവരുടെ ജീവിതങ്ങളുടെ പുരാവൃത്തങ്ങളിലേക്കും അവരെങ്ങനെയാണ് അത്തരം അവസ്ഥകളിലേക്കെത്തിച്ചേര്‍ന്നത്‌ എന്നതിലേക്കും നോവലിസ്റ്റ് കടക്കുന്നത്‌ഭര്‍ത്താവുമായുണ്ടായിരുന്ന തങ്ങളുടെ ആഴ്ച്ചവട്ട വിഹിതം 2.33 എന്നതില്‍ നിന്ന് 1.75 എന്നതിലേക്ക് ചുരുങ്ങി എന്നതും കൂടുതല്‍ പ്രലോഭനശക്തിയുള്ള ഇളമുറക്കാരിയുടെ വരവോടെ തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി എന്നതും മാത്രമല്ല അവരുടെ പ്രശ്നം എന്നും തലക്കെട്ടിലെ 'രഹസ്യങ്ങള്‍ ' എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്നും അങ്ങനെയാണ് വ്യക്തമാകുകനോവലിന്റെ സിംഹ ഭാഗവും ബോലാന്‍ലേയുടെ വീക്ഷണത്തിലാണ് അവതരിപ്പിക്കുന്നത്‌ എങ്കിലും മൂന്നു സഹഭാര്യമാര്‍ക്കും ബാബ സെഗിക്കും ഡ്രൈവര്‍ ടാജുവിനു തന്നെയും അവരുടെ ആഖ്യാന ഭാഗങ്ങള്‍ ഉണ്ട്.

 

ആ രീതിയില്‍ ആദ്യം സ്വയം വെളിപ്പെടുത്തുന്ന ആഖ്യാന ഭാഗം ഇയാ ടോപിയുടെതാണ്സ്വതേ സംസാരപ്രിയയല്ല അവര്‍ : “എനിക്കെപ്പോഴും എന്റെ ചിന്തകള്‍ പറയുക പ്രയാസകരമായിരുന്നുഇപ്പോഴുംഞാനെന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ , എന്റെ വായ ചൂണ്ടക്കൊളുത്ത് കാത്തുനില്‍ക്കുന്ന മീനിനെ പോലെ തുറന്നടയുംവാക്കുകളില്‍ ഞാന്‍ ശ്വാസം മുട്ടുംഞാനവ വിഴുങ്ങും.” ഗര്‍ഭിണിയാവാന്‍ വൈകുമ്പോള്‍ ബാബ സെഗി അവള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. “നിന്റെ പിതാവ് എനിക്കൊരു അഴുകിയ പഴമാണ് നല്‍കിയതെങ്കില്‍ അതയാള്‍ക്ക്‌ തിരികെയെത്തും.” ഈ ഘട്ടത്തിലാണ് ഇയാ സെഗി അവളുടെ രക്ഷക്കെത്തുന്നത്അവളൊരു ഇറച്ചി വില്‍പ്പനക്കാരനെ കണ്ടെത്തുന്നുഅയാളിലൂടെ ഒന്നൊന്നായി മൂന്നു മക്കളെയുംഎന്നാല്‍ അതിനപ്പുറം അവള്‍ അയാളില്‍ നല്ലൊരു കാമുകനെ കണ്ടെത്തുന്നുണ്ട്ബാബാ സെഗിയുടെ ഏകപക്ഷീയമായ 'അറയലി'നു പകരം അവളുടെ പെണ്ണുടല്‍ തൊട്ടുണര്‍ത്തുന്ന നല്ലൊരു പ്രണയിഒരു ഘട്ടത്തില്‍ അവളതില്‍ വല്ലാതെ അഭിരമിച്ചു പോകുന്നു എന്ന് തോന്നുമ്പോഴും ഇയ സെഗി അവളുടെ രക്ഷക്കെത്തുന്നുനിര്‍ത്തേണ്ടപ്പോള്‍ നിര്‍ത്തുക എന്നത് എപ്പോള്‍ തുടങ്ങണം എന്നത് പോലെത്തന്നെ പ്രധാനമാണ്ഇയാ സെഗിയുടെ പുരാവൃത്തത്തില്‍ , പണം എന്ന ആരാധ്യവസ്തുവില്‍ വല്ലാതെ ആകൃഷ്ടയായ ഒരു യുവതിയെ നമ്മള്‍ കണ്ടെത്തുന്നുസ്വര്‍ഗ്ഗത്തില്‍ പോയി ഒരു തവണ കൂടി തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിച്ച ഒരമ്മയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്പെണ്‍കുട്ടികള്‍ വിവാഹിതരാവേണ്ടാതില്ല എന്ന സ്വന്തം തത്വ ശാസ്ത്രം മാറ്റിവെച്ച് മകളുടെ വിവാഹത്തിനു അവര്‍ തിരക്കുകൂട്ടിയത് താന്‍ മാരക രോഗത്തിന്റെ പിടിയിലായി എന്ന തിരിച്ചറിവിലാണ്വായാടിയായ തക്കാളി കച്ചവടക്കാരിയോടു തോന്നിയ സ്വവര്‍ഗ്ഗ പ്രണയം മാറ്റിവെച്ച് അവള്‍ അതിനു വഴങ്ങേണ്ടി വന്നു. “നിനക്ക് (വിവാഹംവേണംകുട്ടികളെ പ്രസവിക്കാന്‍ ഒന്ന് കൂടിയേ തീരൂലോകത്തിനു അവിവാഹിതകളോട് ക്ഷമയില്ലഅതവരെ തുപ്പിക്കളയും.” അവളുടെ സമ്പാദ്യമാണ്തന്റെ പൊണ്ണത്തടിക്ക് ചേരുന്ന അതെ ചീര്‍ത്ത പ്രകൃതമുള്ള അവളെ സ്വീകരിക്കാന്‍ ബാബ സെഗിയെ ആകര്‍ഷിക്കുന്നതും. “അങ്ങയെ ഞാന്‍ എങ്ങും പിന്തുടരും.” എന്ന് അവള്‍ പറയുമ്പോള്‍ അതുകൊണ്ട് 'എന്റെ സമ്പാദ്യത്തെ ഞാന്‍ എവിടെയും പിന്തുടരുംഎന്ന് തന്നെയാണ് അര്‍ത്ഥമാക്കിയതെന്ന് നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്ഭര്‍ത്താവിന്റെ മരണ ശേഷം മമ്മക്ക് ഒരു വലിയ മാര്‍ബിള്‍ ഫലകത്തോടൊപ്പം തന്റെ സമ്പാദ്യവുമായി ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതും പഴയ വീടിന്റെ സ്ഥാനത്തു നാലു നില മാളിക പണിയുന്നതും സ്വപ്നം കാണുന്ന ഇയ സെഗിബോലാന്‍ലെയെ തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലനോവലിന്റെ ഏതാണ്ട് ഒടുവില്‍ , ഡ്രൈവര്‍ ടാജുവിന്റെ ആഖ്യാനത്തിലാണ് സെഗിയുടെയും അനിയന്‍ അകിനിന്റെയും ജന്മ രഹസ്യം ചുരുള്‍ നിവരുക.

 

ഏറ്റവും ഹൃദയദ്രവീകരണമാം വിധം ദുരന്തപൂര്‍ണ്ണമായ പുരാവൃത്തമാണ് ഇയ ഫെമിയുടെത്അന്തസ്സുള്ള ചുറ്റുപാടില്‍ സമ്പന്ന മുസ്ലിം കുടുംബത്തില്‍ ഏറെ സ്നേഹവും ലാളനയും കിട്ടി ഏകമകളായി വളര്‍ന്ന പെണ്‍കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത് മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് എല്ലാം തട്ടിയെടുത്ത അമ്മാവനും ഇഷ്ടക്കാരിയും ചേര്‍ന്ന് അവളെ അടിമയാക്കി വിറ്റുകളയുന്നതോടെയാണ്നീണ്ട പതിനഞ്ചു വര്‍ഷം പറഞ്ഞറിയിക്കാനാവാത്ത ഗാര്‍ഹിക പീഡനങ്ങളുടെയും വീട്ടില്‍ ആണായിപ്പിറന്നവരുടെ മുഴുവന്‍ ലൈംഗിക കയ്യേറ്റങ്ങളുടെയും ഒടുവില്‍ കിട്ടിയ അവസരത്തില്‍ രക്ഷപ്പെടുമ്പോള്‍ വീട്ടിലെ മൂത്ത മകന്‍ ടുണ്ടെയോടുള്ള സ്നേഹവും എന്നെങ്കിലും തിരികെയെത്തി 'ഗ്രാന്‍മാഎന്ന് തന്നെക്കൊണ്ട് വിളിപ്പിച്ച വീട്ടമ്മയോട് പക തീര്‍ക്കണം എന്ന മോഹവുമാണ്‌ അവളുടെ സമ്പാദ്യംടുണ്ടേഅവള്‍ക്കൊരു നല്ല കാമുകനായിരുന്നുഅവന്റെ സഹായത്തോടെ അപ്പോഴേക്കും ദുര്‍ബ്ബലന്‍ ആയിക്കഴിഞ്ഞിരുന്ന അമ്മാവന്റെ വീടും പുരയിടവും അവള്‍ തീവെച്ചു നശിപ്പിക്കുന്നുണ്ട്അതിനിടെയഹോവാ സാക്ഷിയുടെ അധ്യയനത്തില്‍ ക്രിസ്തു മതത്തിലെത്തുന്നതാണ് ബാബാ സെഗിയുടെ ഭാര്യയാവുന്നതിലേക്ക് അവളെ എത്തിക്കുന്നതും തുടര്‍ന്നാണ്‌ ഏഴാം മാസം 'ദൈവത്തിന്റെ വഴികള്‍ നിഗൂഡമാണ് ' എന്ന വിശദീകരണത്തില്‍ അവള്‍ ഫെമിയെ പ്രസവിക്കുന്നതും. മക്കള്‍ 'ബയോളജി', ജ്യോമെട്രി' എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ കൈമോശം വന്ന ബാല്യത്തെ കുറിചുള്ള വേദന ഇയ ഫെമിയെ പീഡിപ്പിക്കുന്നു. എങ്കിലും അവള്‍ ഒരു വിധത്തില്‍ ബാബാ സെഗിയെ സ്നേഹിക്കുന്നുണ്ട്, അയാള്‍ നല്‍കിയ കാരുണ്യത്തെയും. ബോലാന്‍ലേ വരുന്നത് വരെ തന്റെ ഉടലായിരുന്നു കാണുമ്പോഴൊക്കെ അയാളുടെ വായില്‍ വെള്ളം ഊറിച്ചിരുന്നത് എന്നും അവള്‍ ഓര്‍ക്കുന്നു. തനിക്കു പ്രതികാരം ചെയ്യാന്‍ കഴിയും മുമ്പ് 'ഗ്രാന്‍മാ' മരിച്ചു പോവുന്നത് അവളെ ഏറെ നിരാശയാക്കുന്നുണ്ട്. പ്രതികാരം ആസ്വദിക്കുന്നതിനും അവള്‍ക്കു വിശദീകരണമുണ്ട്.: 'പ്രതികാരം എന്റെതാണ്' എന്ന് ദൈവം പോലും പറഞ്ഞിട്ടുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക്‌ അത് എത്ര മേല്‍ ഹൃദ്യമാവില്ല!. ടുണ്ടേ അവളുടെ കഥയെ 'സുന്ദരമായ ട്രാജഡി' എന്ന് വിളിക്കുന്നതിന്റെ മുഴുവന്‍ പൊരുള്‍ അവള്‍ക്ക് പക്ഷെ മനസ്സിലാവില്ല. അയാള്‍ അവളോട്‌ ഒരക്ഷരം പറയാതെ അമേരിക്കയിലേക്ക് കടക്കുമ്പോഴാണ് തന്നെ എത്ര കേവലമായാണ് അയാള്‍ കണ്ടിരുന്നതെന്ന് അവള്‍ തിരിച്ചറിയുക. തന്നില്‍ അയാള്‍ക്ക് പിറന്ന മക്കളെ അയാളെ കാണിക്കുന്നത് അവള്‍ സ്വപ്നം കണ്ടിരുന്നു. ഇനിയവര്‍ ആരുടെതും ആകാം, ബാബ സെഗിയുടെതും.

 

അഭയം തേടിയും വെളിച്ചം നല്‍കിയും

 

നൈജീരിയന്‍ സമൂഹത്തിലെവിശേഷിച്ചും പുരുഷ മേധാവിത്തം എല്ലാ അര്‍ത്ഥത്തിലും കൊടികുത്തിവാഴുന്ന യൊറൂബന്‍ സംസ്കൃതിയിലെഎല്ലാ തരം സ്ത്രീവിരുദ്ധതയും ഉടലിലും മനസ്സിലും വേണ്ടുവോളം ഏറ്റുവാങ്ങിയ നിരക്ഷരരായ ഈ സ്ത്രീകളുടെ പേലവമായ അസ്തിത്വത്തിലേക്കാണ് പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും സര്‍വ്വോപരി വിദ്യാഭ്യാസം കൊണ്ടും അതിന്റെ തായ് വേരറുക്കാന്‍ കഴിയുന്ന വന്‍ ഭീഷണിയായി ബോലാന്‍ലേ എത്തുന്നത്അവളുടെ ഹൃദയ ശുദ്ധിയും സഹായ മനസ്ഥിതിയും ആവര്‍ത്തിച്ചു പ്രകോപിപ്പിച്ചിട്ടും കുട്ടികളെ പഠിപ്പിക്കുന്നതിലും മറ്റുമായി അവള്‍ പ്രകടിപ്പിക്കുന്ന സൗമനസ്യവും കൂടുതല്‍ ഭീഷണമായി അവര്‍ക്ക് തോന്നുന്നത് സ്വാഭാവികംഇയ ടോപി അവളോട്‌ മൃദു സമീപനം സ്വീകരിക്കുമ്പോള്‍ , തങ്ങളുടെ കാല്‍ക്കീഴില്‍ വീണ്ടും മണ്ണൊലിപ്പ് ഉണ്ടാവുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്യുന്നുഎന്തുകൊണ്ടാവും ബാബാ സെഗിയെ പോലെ ഒരാളെ സ്വീകരിക്കാന്‍ അവളെപ്പോലെ ഒരുത്തി തയ്യാറായത് എന്നത് തന്നെയും അവര്‍ക്ക് ഊഹിക്കാനാവുന്നുമില്ല.

സഹഭാര്യമാര്‍ക്ക് ഊഹിക്കാനാവാത്ത ആ പുരാവൃത്തം നോവലില്‍ പതിയെ ചുരുള്‍ നിവരുന്നുണ്ട്പതിനഞ്ചാം വയസ്സില്‍ ഓര്‍ക്കാപ്പുറത്ത് ഏറ്റുവാങ്ങേണ്ടിവന്ന ബലാല്‍ക്കാരംതന്നെകുറിച്ചുള്ള വീട്ടുകാരുടെ വലിയ പ്രതീക്ഷകള്‍ തകരാതെ നോക്കാന്‍ ആരുമറിയാതെ നടത്തേണ്ടിവന്ന ഗര്‍ഭചിദ്രംപ്രണയമെന്നു ധ്യാനിച്ചിരുന്ന സെഗുന്‍ പുറം കാലുകൊണ്ട്‌ തന്നെ തട്ടിക്കളഞ്ഞു പോയതിന്റെ വേദന. “ആ നിമിഷത്തിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്ഞാന്‍ അവനു ഒന്നുമായിരുന്നില്ല എന്ന്.” നോവലിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 'ബഹുഭാര്യത്വം സ്വര്‍ണ്ണം കുഴിക്കുന്നവര്‍ക്കും കാട്ടുവാസികള്‍ക്കും ഉള്ളതാണ്നല്ല ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്ന വിദ്യാസമ്പന്നകളായ പെണ്‍കുട്ടികള്‍ക്കുള്ളതല്ലഎന്ന് വിലക്കുന്ന മമ്മയെ അവള്‍ അവഗണിക്കുന്നു. “ഉവ്വ്ഞാനീ വീട് തെരഞ്ഞെടുത്തുപ്രതിമാസ അലവന്‍സിനു വേണ്ടിയല്ല , ലേസു പിടിപ്പിച്ച സ്കേര്‍ട്ട് സ്യൂട്ടിനു വേണ്ടിയല്ല , മുത്തു പിടിപ്പിച്ച ബ്രേസ് ലെറ്റിനും വേണ്ടിയല്ലഞാന്‍ എന്റെ ജീവിതം തിരിച്ചു പിടിക്കാനാണ് ഈ വീട് തെരഞ്ഞെടുത്തത്ആരുമറിയാതെ മുറിവുണക്കാന്‍നിങ്ങള്‍ ഒരിക്കല്‍ ഒരു വീട് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ അവരോടൊപ്പം കഴിയണംനിങ്ങളുടെ സുഹൃത്തുക്കള്‍ അയാളെ ഒരു ബഹുഭാര്യസ്ഥനായ ഭീകരജന്തു എന്നു വിളിക്കുമ്പോഴും നിങ്ങള്‍ അയാള്‍ക്കൊപ്പം നില്‍ക്കണംഅയാളൊരു പെരും തീറ്റക്കാരനായ ഉറാങ്ങുട്ടാന്‍ ആണെന്ന് നിങ്ങളുടെ മമ്മ പറയുമ്പോഴും നിങ്ങള്‍ അയാള്‍ക്കൊപ്പം നില്‍ക്കണംനിങ്ങള്‍ അയാളെ മറ്റൊരു വെളിച്ചത്തില്‍ നോക്കുന്നുഅപ്പോള്‍ അതാ ഒരു ഭീമാകാരനെങ്കിലും ഹൃദയാലുവും വിശാലമാനസ്കനുമായ ഒരാള്‍ '. അവള്‍ ശുഭാപ്തി വിശ്വാസത്തോടെ സഹഭാര്യമാരുടെ ക്രൂരത സഹിക്കാന്‍ തയാറാണ്. “ഒരു നാള്‍ അവരെന്നെ ഈ കുടുംബത്തിലെ ഒരംഗമായി സ്വീകരിക്കുംഒരു നാള്‍ എനിക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടാവുംഎല്ലാം അതാതിന്റെ സ്ഥാനത്ത് എത്തുംഎന്റെ ഭര്‍ത്താവ് വീണ്ടും എന്നില്‍ സന്തുഷ്ടയാവുംഎന്റെ വന്ധ്യത അദ്ദേഹത്തിന്റെ സ്നേഹം നശിപ്പിക്കുന്നതിനു മുമ്പുണ്ടായിരുന്ന പോലെ.' എന്നാല്‍ സെഗിയുടെ ക്രൂരമായ അന്ത്യം അവളെ ബോധ്യപ്പെടുത്തും: “ഞാന്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഈ വീട്ടില്‍ ഞാന്‍ മരിക്കും.”

 

തകിടം മറിയുന്ന സമവാക്യങ്ങള്‍

 

സെഗിയുടെ മരണവും ആശുപത്രിയിലെ വെളിപ്പെടലുകളും അലാവോ കുടുംബത്തിലെ ജീവിത സമവാക്യങ്ങളെല്ലാം തകിടം മറിക്കുന്നുബാബാ സെഗി ഒരു പുരുഷന് സഹിക്കാവുന്ന ഏറ്റവും വലിയ അവമതിയില്‍ തളര്‍ന്നു പോയിരിക്കുന്നു. "തന്റെ ജീവിതം വെറുമൊരു നിഴലായിരുന്നു എന്നും താന്‍ വിശ്വസിച്ചതിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഒരു വിടവുണ്ട്‌ എന്നും ഒരു പുരുഷന്‍ തിരിച്ചറിയുക എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ലതന്റെ മക്കള്‍ തന്റെ മക്കളല്ല എന്നും ഒരു പുരുഷന്‍ തിരിച്ചറിയുക എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ലഎന്നാല്‍ , ഒടുവില്‍ , എല്ലാം ഏറ്റു പറയുന്ന ഇയാ സെഗി തന്നെ പോംവഴിയും നിര്‍ദ്ദേശിക്കുന്നുകുട്ടികള്‍ ബാബാ സെഗിയുടെത് തന്നെയാണ്വിത്തിടുന്നവനല്ല പിതാവ്അവര്‍ക്ക് വേണ്ട സ്നേഹവും പരിചരണവും നല്‍കി പോറ്റിവളര്‍ത്തുന്നവന്‍ തന്നെയാണ്ഈ കുട്ടികള്‍ക്ക് അത് ബാബാ സെഗി അല്ലാതെ മറ്റാരാണ്‌ഒരു മാതാവിന് കിട്ടാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ താന്‍ അനുഭവിച്ചു കഴിഞ്ഞുജീവിച്ചിരിക്കെസ്വന്തം മകളുടെ മരണം കാണേണ്ടി വന്നുഇനി ആരുമൊന്നും അറിയരുത്ജീവിതം മുന്നോട്ടു തന്നെ പോകട്ടെഏട്ടത്തിയുടെ മരണത്തില്‍ തളര്‍ന്നു പോകുന്ന അകിന്ന് ബാബാ സെഗി നല്‍കുന്ന ഉപദേശത്തില്‍ ആ ജീവിത പാഠം അടങ്ങിയിട്ടുണ്ട്. “നീ കരുത്ത് കണ്ടെത്തുംനമ്മളൊക്കെ കരുത്ത് കണ്ടെത്തണംആണുങ്ങള്‍ക്ക് അതങ്ങനെയാണ്ചിലപ്പോള്‍ ഉണരുമ്പോള്‍ നമ്മള്‍ കണ്ടെത്തിയേക്കാംകാര്യങ്ങള്‍ നമ്മള്‍ കരുതിയ പോലെയേ ആയിരുന്നില്ല എന്ന്പക്ഷെ നമുക്കെന്തു ചെയ്യാനാവും?” ഒപ്പം അയാള്‍ മകന് ഒരുപദേശവും നല്‍കുന്നു.: ഒരൊറ്റ സ്ത്രീയെ വിവാഹം ചെയ്യുകഅവള്‍ പറയാതെ പോകുന്ന വാക്കുകള്‍ക്ക് ചെവിയോര്‍ക്കുകപക്ഷെ പുതിയ സമവാക്യത്തില്‍ തനിക്കിനി ഇടമില്ലെന്നു ബോലാന്‍ലേ മനസ്സിലാക്കുന്നു. “അദ്ദേഹത്തിന്റെ കണ്ണുകളിലെ ദുഃഖം ഞാന്‍ കണ്ടുഎനിക്ക് തോന്നിഞങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ ഒരു പ്രത്യേക ഉദ്ദേശത്തിനു വേണ്ടി എങ്ങിനെയോ കൂട്ടിമുട്ടിയതാണെന്നും അതൊരിക്കലും ഒരുമിച്ചു പോകാന്‍ വിധിക്കപ്പെട്ടതായിരുന്നില്ല എന്നും അപ്പോള്‍ അദ്ദേഹത്തിനു മനസ്സിലാവുകയായിരുന്നു എന്ന്.” ഒന്നിനുവേണ്ടിയുമല്ലാതെ മരിച്ചു പോയ ഒരു പെണ്‍കുട്ടിയെ ഓര്‍ത്തുകൊണ്ട്‌ അവിടം വിടുമ്പോള്‍ തനിക്കൊരിക്കലും ഭാഗബാക്കാവാന്‍ കഴിയാതെ പോയ , ചരിത്രത്തിലെ മറ്റേതോ കാലത്തില്‍ നിന്ന്ലോകത്തില്‍ നിന്ന് തിരിച്ചു പോവുന്നതായി ബോലാന്‍ലേക്ക് തോന്നുന്നുആര്‍ക്കറിയാംഒരു നാള്‍ താന്‍ അയാളെ ഓര്‍ത്തേക്കുംഒരു പക്ഷെ സ്നേഹത്തോടെത്തന്നെ എന്ന് അവള്‍ സ്വയം പറയുന്നു.

 

ചരിത്രത്തില്‍ വികാസദശയില്‍ പിന്നെലെങ്ങോ ഉറഞ്ഞുപോയ മനുഷ്യരുടെ ദൈന്യവും സംത്രാസവും ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ലോല ഷോനെയിന്‍ 'ബാബ സെഗി'യില്‍ . ആദ്യ നോട്ടത്തില്‍ വെറും അടുക്കളപ്പോരിന്റെ ദ്വിമാനതയും മുത്തശ്ശിക്കഥയിലെ 'മൂന്നു ദുര്‍മന്ത്രവാദിനിക'ളെയും ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതങ്ങളില്‍ അനുഭവിച്ചതും കടന്നു പോന്നതുമായ ദുര്‍വ്വിധികള്‍ അതിശയോക്തി കൂടാതെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം പതിവ് ഫെമിനിസ്റ്റ് ചേരുവകള്‍ക്കപ്പുറത്താണ്സ്നേഹം തേടിയിടത്തെല്ലാം പരാജയപ്പെടുകയും അഭയം ലഭിക്കുന്നയിടത്തില്‍ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വഞ്ചനാത്മക മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന നിരക്ഷരരും അശിക്ഷിതരുമായനിലനില്‍പ്പിനു നേരെയുള്ളതെന്നു തങ്ങള്‍ക്ക് തോന്നുന്ന ഭീഷണിയെ പരിമിത ബുദ്ധിയില്‍ തെളിഞ്ഞ നശീകരണ ചിന്തയോടെ നശിപ്പിക്കാന്‍ ശ്രമിച്ച് കൊടിയ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന മൂന്നു മുതിര്‍ന്ന സ്ത്രീകളും ഗാംഭീര്യം തികഞ്ഞവരെല്ലെങ്കിലും ദുരന്ത നായികമാര്‍ തന്നെവലിയ ശരീരത്തിനൊത്ത വലിയ മനസ്സും സ്വന്തമായുണ്ടെങ്കിലും ജീവിതം തന്നോട് കാണിക്കുന്ന നെറികേടിനു മുന്നില്‍ അന്തിച്ചു നില്‍ക്കുന്ന ബാബാ സെഗിയും അനുവാചകന്റെ സഹതാപം നേടിയെടുക്കുന്നുതനിക്കു ചേരാത്തതെന്നറിഞ്ഞു കൊണ്ട് തന്നെപിഞ്ഞിപ്പോയ ജീവിതം സ്വരുക്കൂട്ടാന്‍ പരീക്ഷണത്തിന് മുതിര്‍ന്നു അതും പാളിപ്പോയ ബോലാന്‍ലേയും എവിടെയും ആദ്യം ബലിയാവുക ഒന്നിലും പെടാത്ത നിഷ്കളങ്ക ജന്മങ്ങളാണെന്നു ഓര്‍മ്മിപ്പിച്ചു ഒടുങ്ങിപ്പോവുന്ന സെഗിയും നൊമ്പരമായിത്തന്നെ വായനക്കാരനെ പിടികൂടും.

(സാകേതം മാസിക, ഫെബ്രുവരി. 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 127-134)

To purchase, contact ph.no:  8086126024

Also read:

Stay with Me by Aỳbámi Adébáỳ

https://alittlesomethings.blogspot.com/2017/12/blog-post_57.html

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html


Sunday, February 5, 2017

Pandavapuram by Sethu (Malayalam Novel)

ചിത്തഭ്രമങ്ങളില്‍ കുടിപാര്‍പ്പിക്കല്‍ - 'പാണ്ഡവപുരംവീണ്ടും വായിക്കുമ്പോള്‍



അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് സഞ്ചയിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന പേര്‍ഷ്യന്‍ ഇതിഹാസമായ 'അമീര്‍ ഹംസയുടെ സാഹസങ്ങള്‍ ' എന്ന ബൃഹദ് കഥാ പരമ്പരയില്‍ ഒരിടത്ത് കഥാനായകന്റെ മുന്നില്‍ വിധിതീര്‍പ്പിനായി എത്തുന്ന ഒരു വേശ്യയുടെ കേസുണ്ട്ഒരാള്‍ തനിക്കു അര്‍ഹതപ്പെട്ട പ്രതിഫലം നിഷേധിക്കുന്നു. എന്നാല്‍ കുറ്റാരോപിതന് പറയാനുള്ള കഥ മറ്റൊന്നാണ്അവളെയാണ് താന്‍ നിനവില്‍ പാര്‍ത്തതെങ്കിലും തനിക്കുണ്ടായത് സ്വപ്ന സ്ഖലനമാണ്ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അവള്‍ക്ക് പ്രതിഫലം നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലസ്ത്രീയാവട്ടെതന്നിലൂടെ കാമ പൂര്‍ത്തീകരണം സാധ്യമായ നിലക്ക് അത് തനിക്കര്‍ഹതപ്പെട്ടത്‌ തന്നെയാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുനീതിമാനായ അമീര്‍ സ്ത്രീക്കനുകൂലമായി വിധിക്കുന്നു.

ആഗ്രഹ ചിന്തയെ സ്വപ്നമായും തീവ്രമായ ആഗ്രഹചിന്തകളെ നിരന്തര പരിചരണത്തിലൂടെ ഏതാണ്ടൊരു മൂര്‍ത്തമായ ബാധ -obsession - ആയി വളര്‍ത്തിയെടുത്തും അഗമ്യഗമനം നടത്തുകയും പ്രാപിച്ചു സംതൃപ്തി നേടുകയും ചെയ്യുക എന്നത് അത്ര അസാധാരാണമൊന്നുമല്ലവിചിത്ര മനോവ്യാപാരമായി അത്തരം സങ്ക്ല്‍പ്പനങ്ങള്‍ ഉടല്‍ സാന്നിധ്യമായി അനുഭവപ്പെടുന്ന അവസ്ഥ സ്കിസോഫ്രേനിയയുടെ വിഹ്വലതകള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരില്‍ വ്യക്തിയുടെ മാനസികാരോഗ്യത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുംഎന്നാല്‍ , ആര്‍ജ്ജിത ബോധങ്ങളുടെ ഇടുക്കുതൊഴുത്തുകളില്‍ പെട്ടുപോവുന്നവര്‍ മറ്റുള്ളവരുടെതിലേറെ സ്വന്തം മൂല്യ ബോധങ്ങളുടെ വിചാരണയിലാണ് പ്രാകൃതജൈവ ചോദനകളുടെ ഇത്തരം വിളിക്കു മുന്നില്‍ ശ്വാസം മുട്ടിപ്പോവുകവിക്റ്റോറിയന്‍ സദാചാര നിയമങ്ങളുടെ വീര്‍പ്പുമുട്ടലില്‍ മിനാ ഹാര്‍ക്കര്‍ക്ക് തന്റെ ജന്മാന്തര പ്രണയമായ ഡ്രാക്കുള പ്രഭുവിനോട്‌ ചേരാന്‍ ശ്രമിക്കുമ്പോള്‍ ഏറെയുണ്ട് മറികടക്കാനാവാത്തതായിജോനാഥാന്‍ പ്രതിനിധാനം ചെയ്യുന്ന അവളുടെ ജീവിതാവസ്ഥയുടെ മുഴുവന്‍ തടസ്സങ്ങളും അതില്‍പ്പെടുംലൂസി വെസ്റ്റെന്‍ റാ പ്രതിനിധാനം ചെയ്യുന്ന കെട്ടുപാടുകളില്ലാത്ത ജൈവചോദനകള്‍ മിനയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും അന്തിമമായി അവളുടെ ലോകം സ്വാതന്ത്ര്യ നിരാസത്തിന്റെതും കീഴൊതുങ്ങിയ സുരക്ഷിതത്വത്തിന്റെതും ആണ്പാണ്ഡവപുരം ഒരു കാസില്‍ ഡ്രാക്കുളയുടെ വിചിത്ര ഭീകരതയുടെ സൗന്ദര്യത്തെ തിരിച്ചിടുന്ന ഓക്കാനം തോന്നുന്ന മഞ്ഞപ്പുക പിടിച്ച ഒരു വ്യാവസായിക ചേരിയാണ് എന്നത് യാദൃശ്ചികമല്ല. 'കറുത്തു മെലിഞ്ഞ വണ്ടിക്കാരന്റെ വയസ്സന്‍ കുതിരയുടെ കുളമ്പടിശബ്ദ'വും കൊമ്പന്‍ മീശക്കാരനായ പാറാവുകാരനും 'ഫാക്റ്ററിയിലെ നീണ്ട പുകക്കുഴലുകള്‍ തുപ്പുന്ന വിഷവാതകം ശ്വസിച്ച് പഴുത്ത മുഖമുള്ള മനുഷ്യ'രും അടയാളപ്പെടുത്തുന്ന പാണ്ഡവപുരം തണുത്തുറഞ്ഞ ട്രാന്സില്‍വാനിയയുടെ ഭീകരതയിയന്ന മൂകസൗന്ദര്യത്തിന്റെ ദയനീയമായ എതിരറ്റമാണ്പുരുഷ മേല്‍ക്കോയ്മയുടെ മൃതിതുല്യമായ വിധേയത്വങ്ങളില്‍ അസംതൃപ്തകളായ സുമംഗലികള്‍ പ്രണയമെന്ന വിഷം ജാരന്റെ ഗന്ധര്‍വ സ്പര്‍ശമായി തങ്ങളെയും കടാക്ഷിക്കുന്നത്‌ കണ്‍പാര്‍ത്തിരിക്കുന്നആശയറ്റവളുടെ എരിഞ്ഞു തീരല്‍ മനോഗതിയില്‍ പ്രണയാഗ്നി കാത്തിരിക്കുന്ന ഒരിടംപാണ്ഡവപുരത്തെക്കാള്‍ ദുരൂഹത ദേവിയുടെ തറവാട്ടുവീട്ടില്‍ അനുഭവപ്പെടുന്നു എന്നതും 'അജ്ഞാതമായ രഹസ്യങ്ങള്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഏതോ പ്രാചീനമായ ഇരുട്ട്അവിടെ അനുഭവപ്പെടുന്നതായും വിവരിക്കപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഗന്ധര്‍വ്വന്‍ എന്ന സങ്കല്പ്പനത്തില്‍ അടങ്ങിയിരിക്കുന്ന കുറ്റബോധം ഒഴിവാക്കാനുള്ള തന്ത്രം - അമാനുഷിക ഭാവങ്ങളുള്ള ജാരന്‍ പ്രാപിക്കുമ്പോള്‍ ഉത്തരവാദി താനല്ലാത്തത് കൊണ്ട് തനിക്കു കുറ്റമില്ല എന്ന കുമാരിമാരുടെ ആശ്വാസം - ആവശ്യപ്പെടുന്ന മധ്യകാല യുക്തിബോധം ലഭ്യമല്ലാത്തത് കൊണ്ട് ജാരന്‍ വെറും മനുഷ്യനായിപ്പോവുന്നു എന്നിടത്താണ് ദേവി തോറ്റുപോകുന്നത്ഒരു പെണ്ണിനെ 'പിഴപ്പിക്കുന്നതിന്റെ'/ പ്രാപിക്കുന്നതിന്റെ ഉത്തരവാദിത്തം പോലും സ്വയം ഏല്‍ക്കാന്‍ കഴിയാത്ത ദുര്‍ബ്ബലനുമായുള്ള വേഴ്ചയില്‍ ഉത്തരവാദിത്തംഒടുവില്‍തന്റേതു തന്നെയാണ്കുറിയേടത്ത് താത്രിയെ പോലെ തന്നെ അവഗണിച്ചും ലൈംഗിക വസ്തുവായി മാത്രം കണ്ടും അപമാനിച്ച പുരുഷ ലോകത്തിന്റെ പ്രതിനിധാനമായ കുഞ്ഞുക്കുട്ടേട്ടനും പുറം ലോകവും തന്നെ ഭരിക്കേണ്ടതില്ല എന്ന ദേവിയുടെ പ്രതിരോധത്തിന്, ആവാഹിച്ചു വരുത്തിയ ജാരന്റെ പോലും പിന്തുണ കിട്ടാതാവുന്നത് കാലം തെറ്റി സംഭവിക്കുന്ന ഈ പ്രതിഷേധത്തിന്റെ നിലയില്ലായ്മ മൂലമാണ്ഇബ്സന്റെ നോറയെ പോലെ പുതിയ കാലത്തിന്റെ പ്രതിഷേധം ആവശ്യപ്പെടുന്ന ഒരു ഇറങ്ങിപ്പോക്ക് ദേവിയുടെ സങ്കല്‍പ്പത്തില്‍ പോലുമില്ല താനുംദേവി പുറം ലോകത്തേക്ക് തേടിയിറങ്ങുകയല്ലവല നെയ്തു കാത്തിരിക്കുകയാണ്കണ്ടെത്തി കൂടെപ്പോവുകയല്ല, ആവാഹിച്ചു വരുത്തി കുടിയിരുത്തുകയാണ് അവളുടെ മാര്‍ഗ്ഗംഒരു അതീന്ത്രിയ ശക്തിയും അവകാശപ്പെടാനില്ലാത്തപരാജയ ബോധത്തിന് അതിവേഗം അടിപ്പെട്ടു പോവുന്ന വെറുമൊരു മനുഷ്യനെതന്റെ പരിമത ബോധങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍ മെനഞ്ഞുണ്ടാക്കിയ ഒരു പാഴ് ജന്മത്തെ കുടിയിരുത്തിയിട്ട് ഒന്നും നേടാനില്ലെന്നും ഒരു കീഴടക്കലിന്റെ സുഖംപോലും തരാന്‍ കഴിയാത്ത വെറും ദുര്‍ബ്ബലന്‍ മാത്രമാണ് അയാളെന്നും തിരിച്ചറിയുമ്പോഴാണ് ആത്യന്തികമായി തന്റേതു വെറുമൊരു പാഴ് വേലയായിരുന്നു എന്ന് അവള്‍ മനസ്സിലാക്കുക.

ഉടലിലാണ് ജാരന്റെ നിയോഗം പൂര്‍ണ്ണമാവുക എന്നിരിക്കേസുന്ദരിയും എകാകിനിയുമായ അയല്‍വാസിനിയെ 'വെറുതെവെറുതെഅങ്ങ് ഇഷ്ടപ്പെടുകയും ഒരിക്കലും ആ ഇഷ്ടം രതിപൂര്‍ണ്ണമാവാതിരിക്കുകയും ചെയ്യുമ്പോള്‍ ആ പുരുഷന്‍ജാരന്‍ എന്ന നിയോഗത്തിന് ഒരു അനനുയോജ്യന്‍ (aberration) ആയിത്തീരുകയാണ്. 'അവന്റെ വരവ് ആകാശത്തു കൂടെയല്ലഅവന്റെ കാലുകള്‍ മണ്ണില്‍ തൊടുന്നവയാണ്വലവീശി കുരുക്കാനും കീഴടക്കി അടിമയാക്കാനും വേണ്ടി ജനിച്ചവന്‍.' സ്വന്തം ഭര്‍ത്താവിന്റെ മരണം എപ്പോഴെങ്കിലും ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഭൂമുഖത്തുണ്ടാവില്ല എന്ന നിരീക്ഷണം മുന്നോട്ടു വെക്കുമ്പോഴും ആ ഭര്‍തൃവധ വാഞ്ചയിലാണ് ഒരു ജാരന്റെ ഇടമെന്ന് അയാള്‍ വേണ്ടും വിധം മനസ്സിലാക്കുന്നില്ലഅഥവാതന്റെ തന്നെ തിരിച്ചറിവിനെ ജന്മ സാഫല്യത്തിനായി ഉപയോഗിക്കുന്നതില്‍ അയാളൊരു പരാജയമാണ്. 'പാതിവൃത്യത്തിന്റെ വിശുദ്ധി തുടങ്ങിയ സങ്കല്പങ്ങള്‍ ഒന്നുമല്ല എന്നെ തടുത്തുനിര്‍ത്തിയത്എന്നൊക്കെ അവകാശപ്പെടുമ്പോഴും 'നിങ്ങളെ അശുദ്ധമാക്കുന്നതിനെ കുറിച്ച് എനിക്കോര്‍ക്കാന്‍ വയ്യായിരുന്നുഎന്ന് തന്നെ ഭരിക്കുന്ന രതിയെ സംബന്ധിച്ച പരമ്പരാഗത സദാചാര ബോധത്തിന്റെ ഇടുങ്ങിയ ചിന്തകള്‍ മൂടിവെക്കാന്‍ അയാള്‍ പാടുപെടുന്നു. 'ആശ്വാസം തേടുന്നവരുടെ മനസ്സില്‍ പാണ്ഡവപുരം രൂപം കൊള്ളുന്നു'വന്നു ആവര്‍ത്തിച്ചു സ്വയം ന്യായീകരിക്കുമ്പോഴും തന്റെ സര്‍ഗ്ഗവ്യാപാരത്തിന്റെ സൃഷ്ടിയായ ആ ഇടം 'ഒരാശ്വാസം മാത്രമാണ്എന്നും സ്ഥായിയായ ഒരഭയമല്ലെന്നും ദേവി തിരിച്ചറിയുന്നു.

ദ്രൗപതിയുടെയും ദുര്‍ഗ്ഗയുടെയും സങ്കല്പങ്ങള്‍ ദേവിയുടെ പാത്രസൃഷ്ടിയില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് ചിന്തിക്കാന്‍ തോന്നുന്നത്വെറുമൊരു സ്വപ്നസഞ്ചാരത്തിന്റെ തലത്തിനപ്പുറത്തേക്ക് ഏറെയൊന്നും ബാക്കിവെക്കുന്നില്ല ദേവിയുടെ കര്‍തൃത്വത്തിന്റെ ഫലം എന്നത് കൊണ്ടാണ്ജാരന്റെ നഗ്ന ശരീരത്തില്‍ ദുര്‍ഗ്ഗയെ പോലെ നൃത്തം ചെയ്യണമെന്നും കുടല്‍മാല കഴുത്തിലണിയണമെന്നും ചോരയെടുത്തു പൊട്ടു കുത്തണമെന്നുമൊക്കെ കേട്ടുപഠിച്ച പുരാണനായികമാരുടെ ഓര്‍മ്മയില്‍ ഒരൂക്കിന് ദേവി ആവേശം കൊള്ളുന്നുണ്ടെങ്കിലും എല്ലാം വെറുമൊരു തോന്നലാണെന്ന് അവള്‍ക്കറിയാത്തതല്ല. 'എല്ലാം കെട്ടുകഥകള്‍ തന്നെഞാനും നിങ്ങളും പാണ്ഡവപുരവും ഈ മഹാപ്രപഞ്ചവുംഎന്ന സമവാക്യത്തില്‍ നിന്ന് വേദാന്തത്തിന്റെ സാമാന്യവല്‍ക്കരണമായ ആദ്യത്തെയും അവസാനത്തേതുമായ ആ രണ്ടെണ്ണം മാറ്റിവെച്ചാല്‍ അത് തന്നെയാണ് നോവലന്ത്യം ദേവിക്കും വായനക്കാര്‍ക്കും കാത്തുവെക്കുന്ന തിരിച്ചറിവുംഒരാള്‍ക്ക് തന്നോട് തന്നെയുള്ള ബാധ്യതയായും ചിലപ്പോഴൊക്കെ അഹന്തയുടെ ആവശ്യമായും അനുഭവപ്പെടുന്ന യുക്തിക്കിണങ്ങുന്ന ഒരു ഭൂതകാലമെന്ന സ്വപ്നംതാനെന്തുകൊണ്ട് കുഞ്ഞുകുട്ടേട്ടന് വെറുക്കപ്പെട്ടവളായി എന്ന സമസ്യയില്‍ ചെന്നു മുട്ടുമ്പോഴാണ് പാണ്ഡവപുരത്തെ താന്‍ മെനഞ്ഞുണ്ടാക്കിയതെന്നു ദേവി ഏറ്റുപറയുന്നുണ്ട്എല്ലാവരും അവളുടെ വിധിയെന്ന് എഴുതിത്തള്ളിയ തോല്‍വിയെ വിജയമാക്കി മാറ്റാന്‍ പാണ്ഡവപുരത്തെ ജാരന്മാരെ മുഴുവന്‍ ആവാഹിച്ചു വരുത്തി    'അവരുടെ അഹന്തയുടെപൗരുഷത്തിന്റെപത്തിയില്‍ അഞ്ഞാഞ്ഞ്, എണ്ണിയെണ്ണി, ചവിട്ടി ആ പത്തികള്‍ താഴ്ത്തും ..' എന്നൊക്കെ മോഹിക്കുമ്പോഴും 'ഒന്നുകില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ' വരാനിടയുള്ള മറ്റൊരു പരാജിതനായഒന്നിനും കൊള്ളാത്ത ജാരനെ നിഷ്ഫലം കാത്തിരിക്കുന്ന വെറുമൊരു ഭ്രമസ്വപ്ന സഞ്ചാരിണി മാത്രമാണ് ദേവിആ അര്‍ത്ഥത്തില്‍ , നോവലിന്റെ പാഠത്തില്‍ വായിച്ചെടുക്കാവുന്ന ഒരു മെറ്റാ നരേറ്റീവ് തലം തുറന്നു വെക്കുമ്പോഴുംസ്വന്തം ഉള്ളില്‍ നിന്നിറക്കി വിട്ട ഒരു നിഴലിനെ തനതായ വ്യക്തിത്വം നല്‍കി സ്വതന്ത്രനാക്കാനാവുന്ന ഒരു മികച്ച കവിയുടെ സര്‍ഗ്ഗധൈര്യം അവകാശപ്പെടാനില്ലാത്തസ്വന്തം സ്വപ്നത്തെപോലും സ്വതന്ത്രമാക്കാന്‍ കഴിയാത്തതന്റെ പരിമിത ബോധ്യങ്ങളില്‍ കുരുങ്ങി ശ്വാസംമുട്ടി മരിക്കാന്‍ പാകത്തില്‍ വികല ജന്മങ്ങള്‍ക്ക് അല്പപ്രാണന്‍ മാത്രം നല്‍കാനാവുന്ന പരാജയപ്പെട്ട കവിഒരു ബാധകൂടലിന്റെ ദുര്‍ഗ്രാഹ്യതയോഒരു ചെറുത്തുനില്‍പ്പിന്റെ തീക്ഷ്ണതയോഒരു സ്വയം പ്രകാശനത്തിന്റെ ആവിഷ്കാര നവീനതയോ ദേവിയുടെ വിനിമയങ്ങള്‍ക്ക്‌ ആരോപിക്കുക അസ്ഥാനത്താവുംപരിമിതികളില്‍ വീര്‍പ്പുമുട്ടുകയും മുറിച്ചുകടക്കണമെന്നു ആഗ്രഹിക്കുകയും അങ്ങനെ ചെയ്യുന്നുവെന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും എന്നാലപ്പോഴൊക്കെയും പതിവുചാലുകളില്‍ നിന്ന് മോചനമില്ലാതെ അടിഞ്ഞു പോവുകയും ചെയ്യുന്ന ഒരു ഇരജന്മം തന്നെയായി ദേവിയെ കാണുന്നതാവും പാത്രസൃഷ്ടിയുടെ തനിമയിലേക്കുള്ള വാതില്‍ എന്ന് പറയാം. ഒപ്പം, സകറിയ്യയിലും ('ഒറ്റക്കണ്ണുള്ള ജാരന്മാര്‍ ') ടിവികൊച്ചുബാവയിലും  ('അലമാരയില്‍ ഒരു ജാരന്‍ ') പിവിഷാജികുമാറിലും ('ജാരദംശനം') ഒക്കെയായി മലയാള സാഹിത്യത്തില്‍ പില്‍ക്കാലം ആവിഷ്കരിക്കപ്പെട്ട 'ജാരന്‍എന്ന പ്രമേയം അതിന്റെ ശക്തമായ ആദ്യ വരവറിയിക്കുന്നത് പാണ്ഡവപുരത്തിലാണ് എന്നതും പ്രസക്തമാണ്.

സ്വന്തം ജീവിതത്തിലെവ്യക്തിത്വത്തിലെആഗ്രഹ ചിന്തകളിലെ ദൗര്‍ബല്യങ്ങള്‍ /കറുത്ത പാടുകള്‍ മറ്റൊരാളില്‍ പ്രക്ഷേപിച്ചു മാന്യനും വിമര്‍ശനാതീതനുമായി സാമൂഹിക ശരിതെറ്റുകളുടെ അംഗീകൃത സീമകളില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന സുഖലോലുപതയുടെ ആലിഗറിയാണ് 1890-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോറിയന്‍ ഗ്രേ. (The Picture of Dorian Grey - ഓസ്കാര്‍ വൈല്‍ഡ്).  വിക്റ്റോറിയന്‍ സദാചാര കാപട്യങ്ങളുടെ നേര്‍ക്കുള്ള നിശിത പരിഹാസമാണ് വൈല്‍ഡിന്റെ പ്രതിഭയെ എക്കാലവും ചൊടിപ്പിച്ചു നിര്‍ത്തിയത് എന്നത് സുവിദിതമാണ്സാഹിത്യത്തില്‍ സാമൂഹിക / വൈയക്തിക ഹിപ്പോക്രസിയുടെ അനാവരണം വിഷയമാക്കുമ്പോഴൊക്കെ ഒരാദിരൂപം പോലെ ഡോറിയന്‍ ഗ്രേ പില്‍ക്കാല എഴുത്തുകാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. 1982- ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് - ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുരോയുടെ 'മലകളുടെ ഒരു വിളറിയ കാഴ്ച' (A Pale View of Hills ) എന്ന നോവലിലെ എത് സുകോ എന്ന കഥാപാത്രം, ഓര്‍ക്കാനിഷ്ടപ്പെടാത്ത തന്റെ തന്നെ ഭൂതകാലം താന്‍ തന്നെ മെനഞ്ഞുണ്ടാക്കിയ സചികോ എന്ന കഥാപാത്രത്തിന് നല്‍കി സ്വയം പുതുവ്യക്തിത്വത്തിലേക്ക് കടക്കുന്നുനോവലന്ത്യത്തില്‍ ഒരൊറ്റ വാക്യത്തില്‍ ഒളിപ്പിച്ചു വെച്ച സൂചകത്തില്‍ സ്വയം വെളിപ്പെടുന്നുണ്ടെങ്കിലും അതിനു ശേഷവും എത് സുകോ താന്‍ ആഗ്രഹിച്ച ആ അഭിലഷണീയ വ്യക്തത്വത്തില്‍ ജീവിതം തുടരുന്നു. അഥവാ, കുടഞ്ഞു കളയേണ്ടതെന്നു സ്വയം തീരുമാനിച്ച വ്യക്തിത്വത്തെ പുറകിലുപേക്ഷിക്കാന്‍ എത് സുകോക്ക് തടസ്സങ്ങളില്ലഅത് ഒരമ്മ എന്ന നിലയില്‍ തനിക്കു സംഭവിച്ച പരാജയത്തിന്റെയും മകളുടെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെയും കരിനിഴല്‍ പേറുന്നുവെങ്കിലും. 1979-ല്‍ ആണ് പാണ്ഡവപുരം പുറത്തുവരുന്നത്‌ എന്നത്ഏതാണ്ട് ഒരെകാലത്തില്‍ വ്യത്യസ്ത സ്ഥല രാശികളില്‍ എഴുതപ്പെട്ട ഈ രണ്ടു കൃതികളെ സമാനതകളിലും വൈജാത്യങ്ങളിലും വെറുതെ ഒന്ന് ചേര്‍ത്തുവെക്കാന്‍ പ്രേരണ നല്‍കുന്നു.

 

(എഴുത്ത് മാസിക ഫെബ്രുവരി, 2017)