Featured Post

Saturday, July 22, 2017

A Horse Walks into a Bar by David Grossman

കീഴ്മേല്‍ കാഴ്ച്ചയുടെ വിദൂഷക സത്യങ്ങള്‍


ഒരേസമയവും ദേശീയവും വൈയക്തികവുമായ ദുരന്തങ്ങളെ തീക്ഷണമായും തീവ്ര വൈകാരികതയോടെയും ആവിഷ്കരിക്കുന്ന ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌, ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം തുടങ്ങിയ കൃതികളുടെ രചയിതാവായ ഇസ്രായേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്സ്മാന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു രചാന രീതിയിലേക്ക് ചുവടു മാറുകയാണ് എ ഹോഴ്സ് വാക്സ് ഇന്‍ടു എ ബാര്‍ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍. 2011-ല്‍ പുറത്തിറങ്ങിയ ശക്തമായ ആത്മകഥാംശമുള്ള ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌ എന്ന ഇതിഹാസമാനമുള്ള നോവലില്‍ 2002-ലെ ഓപറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ് എന്ന വെസ്റ്റ് ബാങ്ക് അധിനിവേശഘട്ടത്തില്‍ സൈനിക വൃത്തിക്കിടെ കാണാതായ മകനെ തേടിയുള്ള ഓറ എന്ന അമ്മയുടെ അന്വേഷണം മൂന്നരപ്പതിറ്റാണ്ടിന്റെ വൈയക്തിക, ദേശീയ ചരിത്രത്തിലൂടെയും ഇസ്രായേലിന്റെ ദേശഭൂമികയിലൂടെയും കടന്നു കാല - ദേശങ്ങളുടെ വലിയ കാന്‍ വാസിലാണ് സംഭവിക്കുന്നത്‌. 2015-ല്‍ ഇറങ്ങിയ ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം ആവട്ടെ, നോവലിന്റെ പ്രകൃതം മുറിച്ചു കടന്ന് നാടകം, ഗദ്യം, കവിത എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ ഇനങ്ങളുടെ സ്വഭാവം ഉള്‍കൊള്ളുന്നു. ഏറ്റവും പുതിയ നോവലിലേക്ക് എത്തുമ്പോള്‍ സാമ്പ്രദായിക നോവല്‍ ആഖ്യാനത്തിലോ ഇനങ്ങളിലോ (genre) ഇനിയങ്ങോട്ട് താനിക്ക് താല്‍പര്യമില്ലെന്ന് ഏതാണ്ടൊരു തീരുമാനമെടുത്തപോലെയാണ് ഗ്രോസ്സ്മന്‍.

 

ഹാസ്യത്തിന്റെ നിര്‍മ്മിതിവഴക്കം

 

ചാക്യാര്‍ക്കും വിദൂഷകനും കോമാളിക്കുമുള്ള ജനാധിപത്യകാല വികല രൂപാന്തരമാണ് കോമിക് ടാക്ക് ഷോ അവതാരകന്‍. വാക്കുകള്‍ കൊണ്ടുള്ള ഞാണിന്‍മേല്‍ കളിയില്‍ ‘സ്പെഷ്യലൈസ്’ ചെയ്യുന്ന അയാളുടെ തമാശകള്‍ ഉന്നത നിലവാരത്തിലേറെ സമൂഹത്തിന്റെ കാപട്യങ്ങളുടെ കണ്ണാടിയായാണ് നിലയുറപ്പിക്കേണ്ടത്. അസുഖകരമായ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ പൂര്‍വ്വ സൂരികള്‍ക്ക് എന്നത് കൂടുതല്‍ രാഷ്ട്രീയ ബോധ്യങ്ങള്‍ വളര്‍ന്നിട്ടുള്ള ജനാധിപത്യ കാലത്ത് കൊമേഡിയന് കേട്ടു കേള്‍വി മാത്രമാണോ? കേളികേട്ട ജൂതഹാസ്യത്തിന്റെ സ്വാതന്ത്ര്യ ബോധം  ആഷ് വിറ്റ്സ് അനന്തര ഘട്ടത്തില്‍ പ്രസന്നഭാവങ്ങളില്‍ നിന്ന് ഇരുണ്ട ബോധ്യങ്ങളിലേക്കും കറുത്ത ഹാസ്യത്തിലേക്കും ചുവടു മാറിയതും സ്വാഭാവികമാകാം. വടക്കന്‍ ഇസ്രായേലിലെ തീരദേശ പ്രദേശമായ നെതാന്യയിലെ ഒരിടത്തരം കോമഡി ക്ലബ്ബില്‍ അലസമായ സായാഹ്നങ്ങളിലൊന്നില്‍ ഒരു ആഗസ്റ്റ്‌ ഇരുപതിന് തമാശയാസ്വദിക്കാന്‍ കാത്തിരിക്കുന്ന കുറെയേറെ ആളുകള്‍ക്ക് മുന്നില്‍ ഡോവാലെ ഗ്രീന്‍സ്റ്റീന്‍ എന്ന ഡോവാലെ ജി എന്ന ഡോവ്ചിക്ക് എന്നു വിളിപ്പേരുള്ള സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കടന്നുവരുന്നതോടെയാണ് ഡേവിഡ് ഗ്രോസ്സ്മന്‍ തന്റെ ‘കുതിര’യെ ബാറിലേക്ക്’ കൊണ്ടുവരുന്നത്. ഇന്ന് ഡോവിനു അമ്പത്തിയേഴു വയസ്സ് തികയുകയാണ്. “അതെളുപ്പമല്ല!” അയാള്‍ ഉറക്കെ പറയുന്നു, എന്നിട്ട് ഒരു വിശാലമായ, ശൂന്യമായ ആലിംഗനത്തിനായി കൈകള്‍ വിടര്‍ത്തുന്നു,. “അമ്പത്തിയേഴില്‍ എത്തുക എളുപ്പമേയല്ല, അതും, നമ്മിളിതാ ഇപ്പോള്‍ കേട്ടപോലെ, ഹോളോകോസ്റ്റും ബൈബിളും അതിജീവിച്ച്.” ഇന്നിനി അടുത്ത രണ്ടു മണിക്കൂറിലായി നടത്താനിരിക്കുന്ന പ്രകടനം പതിവ് പോലെയുള്ളതല്ല, അതിനി ആവര്‍ത്തിക്കുകയുമില്ല, കാരണം ഇതയാളുടെ അവസാന പ്രകടനമാണ്. ഡോവാലെയുടെ പ്രൊഫഷന്‍ കോമഡിയാണെങ്കിലും ഉയരം കുറഞ്ഞു, കണ്ണട വെച്ച്, അസ്ഥിമാത്ര പ്രാകൃതനായ, പ്രോസ്ട്രേറ്റ് കാന്‍സറിന്റെ രൂപത്തില്‍ സ്വന്തം അന്തകന്‍ ഉള്ളില്‍ ഒളിച്ചിരിക്കുന്ന അയാള്‍ ഒട്ടും പ്രസന്ന പ്രകൃതിയല്ല എന്നത് നോവല്‍ ഹാസ്യപ്രധാനമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. പിണങ്ങിപ്പിരിഞ്ഞ അഞ്ച് മക്കളുള്ള ഡോവ് അഞ്ചു തവണ പ്രസവാനന്തര ഡിപ്രഷന്‍ (postpartum depression) അനുഭവിച്ചവന്‍ എന്നാണു അയാള്‍ സ്വയം വിവരിക്കുക. തന്റെ ജനനം തന്നെയും ഒരനാവശ്യ ദുരന്തമായിരുന്നുവെന്ന്‍ പരിഹസിക്കുന്ന മനോനിലയാണ് അയാളുടേത്. “എനിക്ക് ഏറ്റവും നല്ലത് വരണം എന്നാഗ്രഹിച്ചുവെന്നു അവകാശപ്പെടുന്ന ഒരു സ്ത്രീ, എന്നിട്ടും എനിക്ക് ജന്മം നല്‍കി! എന്ന് വെച്ചാല്‍, ഞാനാലോചിക്കുന്നത്, കൊലപാതം കാരണം എത്ര വിചാരണകളും ജയിലുകളും കുറ്റാന്വേഷണങ്ങളും കുറ്റകൃത്യപരമ്പരകളുമാണ് ഉണ്ടായിട്ടുള്ളത്, എന്നാല്‍ ജനനം ഉള്‍പ്പെട്ട ഒരൊറ്റ കേസെങ്കിലും ഇതുവരെയും ഞാന്‍ കേട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള ജനനം, അലംഭാവ ജനനം, ആകസ്മിക ജനനം, എന്തിന്, ജനനത്തിനുള്ള പ്രേരണയെങ്കിലും ഉള്‍പെട്ട ഒരു കേസു പോലും. അതുമാത്രമല്ല, നാം സംസാരിക്കുന്നത് ഒരു മൈനര്‍ ഉള്‍പെട്ട കേസിന്റെ കാര്യമാണ് എന്നതും മറക്കരുത്.” അടുത്ത നിമിഷം അമ്മയെ തന്റെ തമാശക്കുള്ള അസംസ്കൃതവസ്തുവാക്കുന്നതില്‍ അയാള്‍ക്ക് കുറ്റബോധവും തോന്നുന്നു. “എന്നോട് ക്ഷമിക്കൂ, മമ്മ, കാരണം ഞാന്‍ നെറികേട് കാട്ടി, ഒറ്റിക്കൊടുത്തു, ഞാനീ നദിയില്‍ ഒരു ചിരിക്കു വേണ്ടി നിന്നെ വീണ്ടും വിറ്റുകളഞ്ഞു. ഞാന്‍ ചിരിയുടെ കൊടിച്ചിയാണ്, അതെനിക്ക് വിടാന്‍ വയ്യ..”

തുടര്‍ന്ന്‍ ഒട്ടും മികച്ചതോ സംസ്കാരപൂര്‍ണ്ണമോ അല്ലാത്ത വഷളന്‍ തമാശകളിലേക്കും എങ്ങനെയും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കും അയാള്‍ ചുവടു മാറുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാണ്: ആര്‍ക്കുവേണം യാഥാര്‍ത്ഥ്യ ബോധമുള്ള സാമൂഹിക നിരീക്ഷണങ്ങള്‍? മോഡേണ്‍ ടൈംസ് എന്ന ക്ലാസ്സിക് ചലച്ചിത്രം ചെയ്തപ്പോള്‍ ചാര്‍ളി ചാപ്ലിന്‍ നേരിട്ട വിമര്‍ശനം പോലെ, കൊമേഡിയന്‍ ആശയങ്ങളുടെ ഗരിമ കൊണ്ട് അത്ഭുതപ്പെടുത്തേണ്ടതില്ല. ഇസ്രായേലി കുടിയേറ്റക്കാര്‍, സമധാനപ്രവര്‍ത്തകര്‍, ജൂതന്മാര്‍, അറബികള്‍ - എല്ലാവരെ കുറിച്ചും അയാള്‍ കനം കുറഞ്ഞ തമാശകള്‍ പറയുന്നുണ്ട്. എന്നാല്‍ ഗൌരവ സ്വഭാവമുള്ള എന്തെങ്കിലും നിരീക്ഷണം നടത്തുമ്പോള്‍ അത് പ്രശ്നമാവുന്നു. ചെക്ക് പോയിന്റുകളില്‍ കോമാളിയെ പോലെ കൈകാര്യം ചെയ്യപ്പെടുന്ന പലസ്തീനിയെ കുറിച്ച് പറയുമ്പോള്‍ ഇരുണ്ടു പോകുന്ന പ്രേക്ഷകരുടെ മുഖഭാവങ്ങള്‍ പ്രസന്നമാക്കാന്‍ അയാള്‍ക്ക് വാചാലനാവേണ്ടി വരുന്നു, “ശരി, സമ്മതിച്ചു, ബോസ്സ്, യൊവാവ്, എന്റെ സുഹൃത്തെ. അയാളുടെ മുഖം കണ്ടോ! എന്താ ഇത്ര സംഭ്രമം, ബോസ്സ്? ഞാന്‍ സത്യം ചെയ്യുന്നു, ഇനി അത്തരം സംസാരം ഉണ്ടാവില്ല, ഞാന്‍ നിര്‍ത്തി, ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഉറപ്പു തന്നു, ഞാനെന്റെ വാക്ക് തന്നു, എനിക്കറിയാം, അതങ്ങനെ നാക്കില്‍ നിന്ന് വീണ്‌പോയതാ, അതാണ്‌, ഇനി രാഷ്ട്രീയമില്ല, പിടിച്ചടക്കലിനെ കുറിച്ച് ഇല്ല, പലസ്തീനികളില്ല, ലോകമില്ല, യാഥാര്‍ത്ഥ്യമില്ല, ഹെബ്രോന്‍ കാസ്ബയിലൂടെ നടക്കുന്ന രണ്ടു കുടിയേറ്റക്കാരില്ല...” രാഷ്ട്രീയം പറയുന്നതില്‍ കാര്യമില്ലെന്ന് അയാള്‍ ചിന്തിക്കുന്നത് തന്റെ തലമുറയെ കുറിച്ചുള്ള നൈരാശ്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. “യൊവാവ് പറഞ്ഞത് തീര്‍ത്തും ശരിയാണ് – രാഷ്ട്രീയം വേണ്ട! എന്തായാലും നമ്മുടെ മക്കള്‍ വളര്‍ന്നു വരും വരെ അത് സംഭവിക്കാന്‍ പോകുന്നില്ല, അത് കൊണ്ട് അതവരുടെ തലവേദനയാണ്. ആരാണ് അവരോടു നമ്മള്‍ വിസര്‍ജ്ജിക്കുന്നത് തിന്നാന്‍ വേണ്ടി ഇവിടെ ചുറ്റിപറ്റി നില്‍ക്കാന്‍ പറയുന്നത്? അപ്പോള്‍ എന്തിനാണ് അതെക്കുറിച്ച് ഇപ്പോള്‍ വേവലാതി കൊള്ളുന്നത്‌? എന്തിനീ പോരാട്ടവും വാഗ്വാദങ്ങളും ആഭ്യന്തര യുദ്ധങ്ങളും? എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്? എന്തിനാ ചിന്തിക്കുക എന്നത് തന്നെ? ചിന്താ ശൂന്യതക്ക് കയ്യടിക്കൂ!” എന്നാല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഏറ്റവും ചുരുങ്ങിയ നിരീക്ഷണത്തില്‍ അസ്വസ്ഥരാകുന്ന പ്രേക്ഷകര്‍ പക്ഷെ പുത്തന്‍ സെമിറ്റിക് വിരുദ്ധതയെ വിമര്‍ശിക്കുമ്പോള്‍ ഏറെ ആവേശ ഭരിതരാവുകയും ചെയ്യുന്നുണ്ട്: കാന്‍സറിനെതിരില്‍ ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ മികച്ച മുന്നേറ്റം നടത്തി എന്ന് പറഞ്ഞാല്‍ അവര്‍ കാന്‍സറിന്റെ വക്താക്കളായി രംഗത്ത് വരും. “മനുഷ്യന് കാന്‍സറിനെക്കാള്‍ ഏതെങ്കിലും വിധത്തിലുള്ള മഹത്വമുണ്ടോ, അതിനെ നശിപ്പിക്കാന്‍ അവന് അധികാരം നല്‍കും വിധം?” അവര്‍ കൂട്ടിച്ചേര്‍ക്കും, “വസ്തുതയെന്തെന്നാല്‍, കാന്‍സറുമായി പൊരുത്തപ്പെടാനുള്ള ശ്രമം അവരെ കൂടുതല്‍ നല്ല മനുഷ്യരാക്കി എന്ന്. ഒപ്പം നിങ്ങളോര്‍ക്കണം, കാന്‍സര്‍ റിസെര്‍ച്ച് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വികാസത്തിനും നിമിത്തമായിട്ടുണ്ട്.” വെറും വാചകമടിയുടെ തലത്തിലുള്ള ഇത്തരം നിരീക്ഷങ്ങളാണ് അയാളുടെ പ്രകടനത്തിന്റെ ഒട്ടുമുക്കാലും ഇടം പിടിക്കുന്നത്‌. ഉള്‍ക്കാമ്പുള്ള ഒന്നും തന്റെ പ്രകടനത്തില്‍ എന്നല്ല, ജീവിതത്തിലേ നിലനിര്‍ത്താനാവാത്ത വിപര്യയത്തെ കുറിച്ച് അയാള്‍ ബോധവാനാണ്. അല്ലഗൌരവമായി പറഞ്ഞാല്‍.. ഇക്കാലത്ത് ഒരു ആത്മാവിനെ നിലനിര്‍ത്തുക എന്നാല്‍ എന്താണെന്നറിയാമോഅതൊരു ആര്‍ഭാടമാണ്‌നോ ഷിറ്റ്!. ഒന്ന് കണക്കു കൂട്ടി നോക്കൂഅതിനു മഗ്നീഷ്യം ചക്രങ്ങളേക്കാള്‍ വില നല്‍കേണ്ടി വരും! ഞാന്‍ സംസാരിക്കുന്നത് ഒരു ബേസ് മോഡല്‍ ആത്മാവിനെ കുറിച്ചാണ്ഒരു ഷേക്ക്‌സ്പിയറോ ചെക്കൊവോ കാഫ് കയോ അല്ല – അതൊക്കെ ഗംഭീര സാധനങ്ങളാണ്പറഞ്ഞു വരുമ്പോള്‍, ഞാന്‍ വ്യക്തിപരമായി അതൊന്നും വായിച്ചിട്ടില്ല”

 

ചാരം മൂടിയ കനല്‍ക്കാലം

 

ഇത്തവണ അയാള്‍ ചിലതൊക്കെ തീരുമാനിച്ചു തന്നെയാണ് എന്ന് വ്യക്തമാകുക, അയാളുടെ തയ്യാറെടുപ്പുകളിലാണ്. നാല്‍പ്പതു വര്‍ഷം മുമ്പ് സൈനിക സ്കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനെ ഇന്നയാള്‍ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തിയിട്ടുണ്ട് തന്റെ പ്രകടനം കാണാന്‍. വിരമിച്ച ജില്ലാ ജഡ്ജിയായ അവിഷായ് ലാസറിലൂടെയാണ് നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും ഈ ക്ഷണം ഡോവേവാലെയുടെ ഭൂതകാലത്തിന്റെ നിഗൂഡതകളുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് വൈകാതെ ലാസര്‍ തിരിച്ചറിഞ്ഞു തുടങ്ങും. ഒട്ടും താല്‍പര്യമില്ലാതെയാണ് അയാളവിടെയെത്തുന്നത്. ഇത്തരം പ്രകടനങ്ങള്‍ അയാളുടെ പരിഗണനക്ക് പുറത്താണ്, “വാസ്തവമെന്തെന്നാല്‍, നിന്നെപ്പോലോരാള്‍ക്ക് എന്തും ഫലിതത്തിനുള്ള വെറും കാലിത്തീറ്റയാണ്, ഒരു കാര്യവും ഓരോ വ്യക്തിയും, എന്തും ചേരും, നിങ്ങള്‍ക്കൊരു പൊടിക്ക് മെച്ചപ്പെടുത്താനുള്ള (improvise) കഴിവും ചടുല ബുദ്ധിയുമുണ്ടെങ്കില്‍, എങ്കില്‍ നിനക്ക് എന്തില്‍ നിന്നും ഫലിതമോ പാരഡിയൊ കരികേച്ചറോ സൃഷ്ടിക്കാം – രോഗം, മരണം, യുദ്ധം, അതെല്ലാം കളിനിയമത്തില്‍ പെടും, ഇല്ലേ?” പലപ്പോഴും ഡോവിയുടെ തമാശകള്‍ ഏശാതെ പോകുന്നതിനുള്ള കാരണവും അയാള്‍ക്ക് പിടികിട്ടുന്നുണ്ട്, “ഇവിടെ ശരിക്കും ഇത്തിരി ഉയര്‍ന്ന ചിന്തയുള്ള കാമ്പുള്ള പ്രേക്ഷകരുണ്ട്, ഡോവി. അവരില്‍ ചിലര്‍ ഇടതുപക്ഷക്കാര്‍ പോലുമാവാം, അപ്പോള്‍ കുറച്ചു കൂടി ശക്തമായ നിലപാടുകളുള്ള, ഇത്തിരി താന്‍ പോരിമയുള്ള രീതി വേണ്ടി വരും.” എന്നാല്‍, ഈ സ്ഥലത്ത് തന്റെ പ്രസക്തിയെന്തെന്നത് അയാളെ മഥിക്കുന്നു. പ്രകടനം കോമഡിയുടെ തലം വിട്ട് ഏതാണ്ട് ആത്മ കഥാഖ്യാനമായും ദേശാനുഭവ സൂചകാമായും മാറുന്നത് അയാള്‍ക്ക് അപകട സൂചന നല്‍കുന്നുണ്ട്. “നമ്മളിവിടെ വന്നത് ചിരിക്കാനാണ്, എന്നിട്ടിയിലാള്‍ നമുക്ക് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം തരുന്നു. അയാള്‍ ഹോളോകൊസ്റ്റിനെ കുറിച്ച് തമാശ പറയുന്നു” എന്ന് ഒരു പ്രേക്ഷകന്‍ അസ്വസ്ഥനാകുമ്പോള്‍ “അയാള്‍ അയാളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മെ ഉപയോഗിക്കുയാണ്” എന്ന് മറ്റൊരാള്‍ മുറുമുറുക്കുന്നു.

 

ആത്മപീഠ, വംശപീഠ.

 

ഒരു ഘട്ടത്തില്‍ തന്റെ ഫലിതങ്ങളില്‍ ഹാസ്യമില്ല എന്ന വിമര്‍ശനത്തില്‍ സഹികെട്ട് സ്വന്തം മുഖത്തു ആഞ്ഞടിച്ചു പീഡിപ്പിക്കുന്ന ഡോവിനെ കുറിച്ച് അവിഷായ് നിരീക്ഷിക്കുന്നു, “അയാള്‍ തന്റെ പീഠകരുമായി ഐക്യപ്പെടുകയാണ്. മറ്റൊരാളുടെ കൈകള്‍ കൊണ്ട് തന്നെത്തന്നെ പ്രഹരിക്കുകയാണ്.” ഈ ആത്മപീഠന പ്രവണതക്ക് പിന്നിലെ ഭൂതകാലമാണ് നോവലിന്റെ ഇതിവൃത്തത്തിലെ നിഗൂഡത. നിരന്തര പീഠനത്തിന്റെ അവമതിയില്‍ നിന്ന് രക്ഷ നേടി തല കീഴായി കൈകളില്‍ നടന്നു ശീലിച്ച വിചിത്ര കൗമാരത്തിന്റെ കഥ. തല കീഴായി നടക്കുന്ന ഒരാളുടെ മുഖത്തടിക്കാന്‍ നിങ്ങള്‍ക്ക് ഏറെ, അസാധ്യമാം വിധത്തില്‍, കുനിയേണ്ടി വരും. തലകീഴായി കൂടെ നടക്കുന്ന കുട്ടിയില്‍ കൗതുകം പൂണ്ട ആളുകള്‍ അമ്മയുടെ സൌന്ദര്യത്തെ തുറിച്ചു നോട്ടത്തില്‍ നിന്ന് വെറുതെ വിടും. ഒരു പക്ഷെ തല തിരിഞ്ഞ ലോകത്തെ അവനൊന്നു നേരെ കാണുകയും ആവാം. ഏറ്റവും തീക്ഷ്ണമായ ഒരു ഘട്ടത്തില്‍ മരണത്തിന്റെ അതീത ഗംഭീര്യത്തെ ഈ വിചിത്ര ചേഷ്ഠയുടെ ശാരീരിക വഴക്കത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ തന്റെ വിധി തീര്‍ച്ചപ്പെടുത്തിയ മുഹൂര്‍ത്തമായി ഡോവ് കണ്ടെത്തുക. തന്റെ പിതൃ പാരമ്പര്യത്തില്‍ എല്ലാവരും ‘മിത് സ് വാ’ പ്രായത്തില്‍ (പന്ത്രണ്ട്, പതിമൂന്നു വയസ്സ്) വളര്‍ച്ച മുറ്റുമെന്നും അവിടെ ഉറഞ്ഞു പോകുമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നും ഡോ. മിന്‍ഗേല പോലും അത് സമര്‍ഥിക്കുന്നുണ്ട് എന്നും അയാള്‍ പറയുന്നത് ഇതുമായി ചേര്‍ത്തു വെക്കാം.

നോവലിന്റെ വലിയ ഭാഗം അപഹരിക്കുന്ന കുട്ടിക്കാല ഭീകരാനുഭവ സംഭവത്തിന്റെ അടരുകള്‍ അതീവ സൂക്ഷ്മമായാണ് നോവലില്‍ ഇഴ ചേരുന്നത്. അവിടെ ഹോളോകോസ്റ്റ് കടന്നെത്തിയ അനുഭവങ്ങളുടെ വിഹ്വലതയില്‍ മനസ്സിന്റെ താളം പിഴച്ച അതീവ സുന്ദരിയും സ്നേഹമയിയുമായിരുന്ന, ഡോവിന്റെ പതിനാലാം വയസ്സില്‍ മരിച്ചു പോയ അമ്മയുണ്ട്‌. “.. ആ ഗംഭീര മാര്‍ബിള്‍ ഓര്‍ക്കുന്നോ? ഉള്ളില്‍ ഒരു ചിത്രശലഭമുള്ള അത്..? അത്തരം മാര്‍ബിള്‍ ആയിരുന്നു അവര്‍, എന്റെ അമ്മ.” കര്‍ക്കശക്കാരനും വാക്കുകൊണ്ടല്ല ചൂരല്‍ കൊണ്ടാണ് മകനെ തിരുത്തേണ്ടത് എന്ന് വിശ്വസിച്ചവനുമായ, ഹൃദയാലുവായ മകന്റെ കലാവാസന തിരിച്ചറിയാന്‍ കഴിയാതെ പോയ സാഡിസ്റ്റുമായ അച്ഛനുണ്ട്‌. “ഡാഡിയുമായി ഇടയാന്‍ പറ്റില്ല, ഞങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്കിനിയും മനസ്സിലായിട്ടില്ലെങ്കില്‍, ഏകദൈവാരാധന ആയിരുന്നു: അയാളല്ലാതെ വേറെ ദൈവമില്ല.” ഡാഡിയുടെ കുടുംബത്തില്‍ ഇരുപതു പേരെങ്കിലും ഹോളോകോസ്റ്റിന്റെ മൃത്യു ഡോക്റ്റര്‍ (Doctor Death) ആയിരുന്ന ഡോ. യോസെഫ്‌ മിന്‍ഗേലയുടെ ‘ഓരോറ്റത്തവണ പരിചരണം’ കഴിഞ്ഞ് ‘ആകാശമാണ്‌ പരിധി (sky is the limit)’ എന്ന് സ്വയം കണ്ടെത്തിയവരാണ്- ‘ചിമ്മിനിയിലൂടെ മുകളിലേക്ക് പോകുക (going up the chimneys) എന്ന ഗ്യാസ് ചേംബര്‍ പരിഹാരത്തെ കുറിച്ചുള്ള നോവലിസ്റ്റിന്റെ പ്രയോഗമാണത്. അച്ഛന്‍ സ്വയം ‘തക്ക സമയത്തിനും അര മണിക്കൂര്‍ മുമ്പേ’ ഒളിച്ചു കടന്നത്‌ കൊണ്ട് ആ വിധിയില്‍ നിന്ന് രക്ഷപ്പെട്ടതാണ്. ഡോവിന്റെ ശപിക്കപ്പെട്ട ഭൂതകാലത്തില്‍ വേറെയും ഏറെപ്പേരുണ്ട്. സ്വതേ ദുര്‍ബ്ബലനും ഫലത്തില്‍ അശരണനും ആയിരുന്ന വേണ്ടത്ര ശരീര വളര്‍ച്ചയോ ഉയരമോ ഇല്ലാതിരുന്ന ബാലനെ ഒരു കളിപ്പാട്ടം പോലെ തട്ടിക്കളിച്ച അയല്‍വാസികളായ കുട്ടികള്‍ ‘വെറുതെ, വെറുതെ’ ഒരു നിഷ്ഠ പോലെ അവനെ തല്ലുകയും തൊഴിക്കുകയും അഴുക്കുചാലില്‍ തള്ളിയിടുകയും ചെയ്തു വന്നു. ഗാഡ്നാ ക്യാമ്പിലെ സൈനിക സ്കൂളിലും ഇതേ അനുഭവങ്ങള്‍ അവനെ കാത്തിരുന്നു. ബ്ലാങ്കെറ്റില്‍ ചുരുട്ടിക്കൂട്ടി മുകളിലെക്കെറിഞ്ഞു രസിക്കുമ്പോള്‍ കണ്ണീരോലിപ്പിക്കുന്ന ചകിതനായ കൂട്ടുകാരനുവേണ്ടി ചെറു വിരല്‍ അനക്കാന്‍ മടിച്ചു നിന്ന, കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ റൂം മാറി രക്ഷപ്പെട്ട, ഒരുമിച്ചുണ്ടായിരുന്ന വെറും നാലു ദിവസങ്ങള്‍ കൊണ്ട് ഒറ്റു കൊടുക്കലിന്റെ പാഠം പകര്‍ന്നു നല്‍കിയ, പില്‍ക്കാലം ജില്ലാ ജഡ്ജി വരെയെത്തി കുറ്റകൃത്യങ്ങളില്‍ വിധിപ്രസ്താവങ്ങള്‍ നടത്തിയ സുഹൃത്തുണ്ട്. ഇപ്പോള്‍ ആ സുഹൃത്തിനോട് ഒരൊറ്റ കാര്യമേ കൊമേഡിയന്‍ ആവശ്യപ്പെടുന്നുള്ളൂ – ഇന്നത്തെ പ്രകടനം കാണുക, എന്നിട്ട് കണ്ടെതെന്താണ് എന്ന് പിന്നീട് അയാളോട് ഒന്ന് പറയുക. അത്രമാത്രം. “എനിക്ക് കേള്‍ക്കണം ആളുകളെ നിരീക്ഷിക്കുകയും ഒരു നിമിഷത്തില്‍ അവരുടെ തായ് വേര് വരെ അവരെ വായിക്കുകയും ചെയ്യുന്നതില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഒരാളില്‍ നിന്ന്” എന്നാണ് അയാള്‍ പറഞ്ഞത്. “നാടിന്റെ ഏറ്റവും ഉന്നതമായ ന്യായാസനത്തില്‍ നിന്ന്, സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് അവിഷായ് ലാസര്‍ ഇന്നത്തെ പ്രകടനം കാണാന്‍ എത്തിയിട്ടുണ്ട്” എന്ന് ബോധപൂര്‍വ്വം തെറ്റിച്ചു പറഞ്ഞ് അയാള്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്, ഒരു പ്രതികാരത്തിന്റെ തുടക്കമാണ് എന്ന് ലാസര്‍ സംധയിച്ചു തുടങ്ങുന്നു. “ഈ സംഗതി മുഴുവനും, ക്ഷണവും അവലക്ഷണം പിടിച്ച അഭ്യര്‍ത്ഥനയും, ഒരു കെണിയായിരുന്നു, അയാളുടെ സ്വകാര്യ പ്രതികാരം, ഒരു വിഡ്ഢിയെ പോലെ ഞാന്‍ അതിലേക്കു കടന്നു ചെന്നു.”

 

കൊമേഡിയന്റെ കോമഡിയില്ലാത്ത പ്രകടനത്തില്‍ മടുത്ത് സ്ഥലം വിടുന്ന പ്രേക്ഷകരില്‍ ലസാറിനെ പോലെ ഡോവ് ക്ഷണിച്ചു വരുത്തിയതോ എന്ന് തീര്‍ച്ചയില്ലാത്ത തീരെ ഉയരം കുറഞ്ഞ സ്ത്രീയും അയാളുടെ കുട്ടിക്കാലത്തെ സുഹൃത്താണെന്ന് വൈകാതെ വ്യക്തമാകുന്നുണ്ട്. തുംബലീനാ എന്നു വിളിക്കുന്നതില്‍ അവള്‍ പ്രതിഷേധിക്കുന്നു. ആദ്യം കണ്ടുമുട്ടിയപ്പോള്‍ അയാളൊരു തിയേറ്റര്‍ നടനും അവളൊരു നര്‍ത്തകിയും ആയിരുന്നെന്നു അവള്‍ പറയുന്നു. “നീ പറഞ്ഞു നമ്മള്‍ ഹോളോകോസ്റ്റിന്റെ സന്തതികള്‍ ആയിരുന്നെന്നു, അല്ലെങ്കില്‍ ബൈബിളില്‍ നിന്നുള്ളവര്‍, അല്ലെങ്കില്‍ ഗുഹാ മനുഷ്യരോടോത്തുള്ളവര്‍, നിനക്ക് ശരിക്കും ഓര്‍ത്തെടുക്കാനായില്ല.” അന്ന് “നീയൊരു നല്ല കുട്ടിയായിരുന്നു” എന്ന അവളുടെ ഓര്‍മ്മപ്പെടുത്തലിന് “എന്റെ ദുഷ്പേര് ചീത്തയാക്കുന്നതിനു ഞാന്‍ നിനക്കെതിരില്‍ കേസു കൊടുക്കും” എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വയം ശിഥിലീകരണം തന്നെയായിത്തീരുന്ന പ്രകടനത്തിന്റെ ഒടുവില്‍ അയാളോടൊപ്പം ബാക്കിയാവുന്നതും രണ്ടു പേര്‍ മാത്രമാണ്.

ഇടറിയും ഇണങ്ങിയും ഘടനയും പ്രമേയവും

നൂറ്റി തൊണ്ണൂറ്റി നാല് പുറങ്ങള്‍ മാത്രമുള്ള നോവല്‍ പക്ഷെ വായന അത്ര എളുപ്പമല്ല എന്ന പ്രത്യേകതയുണ്ട്. അധ്യാങ്ങളായി തിരിച്ചിട്ടില്ലാത്ത, വല്ലാത്തൊരു ഭ്രാന്തമായ കുതിപ്പിലുള്ള (nervous energy) ഡോവിന്റെ അനുസ്യൂത ആഖ്യാനത്തില്‍ ഇടയ്ക്കിടെ കടന്നുവരുന്ന ആഖ്യാതാവ് അവിഷായ് ലാസറിന്റെ ആത്മഗതങ്ങള്‍ വായനക്കാരന് ഒരു ശ്വസന സ്ഥലിയുടെ തെല്ലൊരു ആശ്വാസവും ഇതിവൃത്ത ധാരയിലെ പിടികിട്ടാത്ത കണ്ണികളിലേക്കുള്ള സൂചകങ്ങളും ആവുന്നുണ്ട്‌. മുഴുവന്‍ സമയവും ഒരൊറ്റ സ്റ്റേജിന്റെ ഇടത്തിലും രണ്ടു മണിക്കൂറിന്റെ ശ്വാസം പിടിച്ചുള്ള ഭാഷണങ്ങളിലുമാണ് ആഖ്യാനം സംഭവിക്കുന്നത്‌ എന്നത് കൊണ്ട് ഈ ശ്വസനസ്ഥലി ഏറെ പ്രധാനമാണ്. ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡിലെ ഓറ തന്റെ മകന്റെ ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് മാറ്റിവെക്കാനായി ഓടിക്കൊണ്ടേയിരിക്കുന്ന പോലെ, ഡോവാലെ ജി തന്റെ അമ്മയുടെ എന്നേ സംഭവിച്ച മരണത്തെ അകറ്റി നിര്‍ത്താന്‍ തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (റബേക്ക ആഡംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്). ആദ്യപാതിയെക്കാള്‍ ശ്ലഥവും അങ്കലാപ്പുണ്ടാക്കുന്നതുമായ രണ്ടാം പകുതി അത്ര വേഗം വഴങ്ങിത്തരുന്നതല്ല. അതിസൂക്ഷ്മ വായനയിലും എന്തൊക്കെയോ ഇനിയും പിടിതരാത്തതായുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണ് ഈ ഭാഗം. എന്നാല്‍ ഈ ‘മുടുപ്പിക്കല്‍’ തികച്ചും ഉദ്ദേശപൂര്‍ണ്ണവും പ്രമേയത്തിന്റെ കാതലായ, പ്രേക്ഷകരില്‍/ അനുവാചകരില്‍ സ്വയം കണക്കെടുപ്പിന്റെ അലോസരം സൃഷ്ടിക്കലിന്റെ ഭാഗവുമാണെന്നു പടിപടിയായി കുറഞ്ഞു വരുന്ന ശ്രോതാക്കളുടെ എണ്ണം സൂചിപ്പിക്കുന്നു. ആര്‍ക്കാണ് ഇത്രയും സത്യങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവുക എന്ന കാതലായ ചോദ്യമാണത്.

ഇതിവൃത്തധാരയെപ്പോലെത്തന്നെയോ ഒരു പക്ഷെ അതിലും കൂടുതലോ പ്രധാനമാണ് വെറും വാചകമടി എന്ന തോന്നല്‍ അതാതു സന്ദര്‍ഭങ്ങളില്‍ ഉണ്ടാക്കുമ്പോഴും സാകല്യത്തില്‍ തീക്ഷണവും തീവ്രവുമായി പരസ്പരം ബന്ധിതമായിരിക്കുന്ന കൊമേഡിയന്‍ ഭാഷണങ്ങള്‍. നോവലിന്റെ ഹാസ്യമാകട്ടെ, ഭാവനയുടെ ധാരാളിത്തം കൊണ്ട് മികച്ച ഹാസ്യപ്രതിഭകള്‍ക്ക് സാധ്യമാവുന്ന തരം മിന്നായങ്ങള്‍ കൊണ്ടല്ല, മറിച്ച് അയാളുടെ അത്തരം ഭാഷണങ്ങള്‍ എങ്ങനെയാണ് പ്രേക്ഷകനെ/ അനുവാചകനെ, അവരിലൂടെ നോവല്‍ അഭിസംബോധന ചെയ്യുന്ന സമകാലിക ഇസ്രെയെലിനെ, അഥവാ ലോകത്തെ തന്നെ ബാധിക്കുന്നത് എന്നതിലാണ് അര്‍ത്ഥവത്താകുന്നത്. അവ സ്വതേ ഹാസ്യപ്രധാനമോ ഫലിതോക്തി നിറഞ്ഞതോ അല്ല. ആത്മനിന്ദയുടെ വരണ്ട ചിരിയെക്കാളേറെ തന്റെ പ്രൊഫഷന്‍ അവശ്യം ആവശ്യപ്പെടുന്ന മൂടിവെച്ച പരിഹാസത്തിന്റെ അമര്‍ത്തിച്ചിരിയാണ് അവ ഉയര്‍ത്തുന്നത്, അതിലേറെ തങ്ങളിലേക്ക് തന്നെ അത് കൂര്‍ത്തുവരുന്നുവോ എന്ന ശ്രോതാക്കളുടെയും വായനക്കാരന്റെയും അലോസരവും. നേരമ്പോക്കില്‍ തുടങ്ങി ആത്മ വിചാരണയിലേക്കും കുമ്പസാരത്തിലേക്കും നീങ്ങുന്ന ഏറ്റുപറച്ചില്‍ അതേ സമയം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയുടെയും ദേശം നഷ്ടപ്പെട്ട ജനതയുടെയും അനാഥത്ത്വത്തെ കൂടി അടയാളപ്പെടുത്തുന്ന ഒരു കഥ – parable - ആയിത്തീരുക എന്നതാണ് നോവലില്‍ സംഭവിക്കുന്നത്‌. നോവല്‍ രൂപം ആവശ്യപ്പെടന്ന ഘടനാപരമായ ഒതുക്കവും അടിസ്ഥാനപരമായി ഒരു സ്റ്റേജ് ഇനമായ സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ അപ്പപ്പോള്‍ തോന്നുന്ന പരുവപ്പെടുത്തലിന്റെ (on-stage improvisations)’ പ്രകൃതവും  തമ്മിലുള്ള സംഘര്‍ഷവും കൃതിയെ പിന്തുടരല്‍ ക്ലിഷ്ടമാക്കുന്നുണ്ട്. ഒരു വേള, നോവലും ഇത്തരം ടാക്ക് ഷോയും വിപരീത ദിശകളിലേക്ക് വണ്ടി വലിക്കുന്ന കുതിരകളാണെന്നും അവ പൊരുത്തപ്പെടില്ലെന്നും ആ പൊരുത്തക്കേട് നോവലിനെ ബാധിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായും ഭിന്നമുഖികളായ ഈ ബലാബലങ്ങള്‍ ഉരുവാക്കുന്ന സമ്മര്‍ദ്ദം എന്നത് തന്നെയാണ് സ്വതേ ശിഥിലമായ വൈയക്തിക സാമൂഹിക പരിസരങ്ങളില്‍ ഡോവാലെ ജി-യുടെ ഒരിക്കലും കയ്യിലൊതുങ്ങിയിട്ടില്ലാത്ത ജീവിതത്തിനും അതും വെച്ച് പൊള്ളമനുഷ്യരുടെ ചിന്താശൂന്യമായ വിനോദാര്‍ത്തിയെ തൃപ്തിപ്പെടുത്തേണ്ടി വരുന്ന വിപര്യയത്തിനും ചേര്‍ന്ന ഏറ്റവും ശക്തമായ രൂപകം എന്നതാണ് നോവലിനെ ഒരു സമകാലീന ക്ലാസ്സിക് ആക്കുന്നത്.

 

ഇസ്രായേലിലും പലസ്തീനിലും ഒരുപോലെ ആരാധകരെയും എതിരാളികളെയും നേടിയിട്ടുണ്ട് ഡേവിഡ് ഗ്രോസ്സ്മന്‍. എന്നാല്‍ ആരെയെങ്കിലും ആശ്വസിപ്പിക്കാനോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ അദ്ദേഹം ബോധപൂര്‍വ്വം വിസമ്മതിച്ചിട്ടും ഉണ്ട്. എക്കാലത്തും ഒരു സമാധാന പ്രവര്‍ത്തകനായ ഗ്രോസ്സ്മന്, 2006-ലെ ലബനോണ്‍ പ്രതിസന്ധി ഘട്ടത്തില്‍ യു. എന്‍. ഇടപെടലിനെ തുടര്‍ന്ന് വെടി നിര്‍ത്തല്‍ നിലവില്‍ വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹിബുള്ള മിസ്സൈല്‍ ആക്രമണത്തില്‍ ഇരുപതുകാരനായ മകനെ നഷ്ടപ്പെട്ട അനുഭവമുണ്ട്. ഈ അനുഭവങ്ങളാണ് ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം, ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ് എന്നീ കൃതികളിലെ പോലെത്തന്നെ ഈ നോവലിലും അനുഭവ വേദ്യമായ അശാന്തമായ ധാര്‍മ്മിക രോഷത്തിന്റെയും ആത്മരക്ഷയുടെ കാപട്യത്തിന് നേരെയുള്ള സിനിസിസത്തിന്റെയും അടക്കിപ്പിടിച്ച സ്വരത്തെ ഉരുവപ്പെടുത്തുന്നത്. ഇപ്പറഞ്ഞ മൂന്നു നോവലുകളും ചേര്‍ന്ന് ‘നഷ്ടത്തിന്റെ ത്രയം (trilogy of loss)’ എന്ന് വിളിക്കാവുന്ന ഒരു നോവല്‍ ത്രയമായിത്തീരുന്നു എന്ന് റബേക്ക ആഡംസ് നിരീക്ഷിക്കുന്നു.

(മലയാളം വാരിക, 26 - ജൂണ്‍ -2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 308-315)

Saturday, June 17, 2017

Land of No Rain by Amjad Nasser


ആത്മരതി തീണ്ടാത്ത ദര്‍പ്പണങ്ങള്‍



അറബ് സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും എഡിറ്ററുമായ ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ അംജദ് നാസ്സര്‍ എന്ന തൂലികാ നാമധാരിയായ യഹ്  നുമൈരി അല്‍ നൈമാത്ത് രചിച്ച ആദ്യ നോവലാണ് ലാന്‍ഡ്‌ ഓഫ് നോ റെയ്ന്‍. തന്റെ യഥാര്‍ത്ഥ പേര് ഇന്ന് അധികമാര്‍ക്കും അറിയുക പോലുമില്ലെന്നു അദ്ദേഹം പറയാറുണ്ട്. കുട്ടിക്കാലത്ത് പലസ്തീന്‍ അഭയാര്‍ഥികളുടെ ദൈന്യം നേരില്‍ കണ്ടു വളര്‍ന്ന നാസ്സറിനു പലസ്തീന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗറില്ല പ്രവര്‍ത്തനം നടത്തിയ കോളേജ് പഠനകാലവും സുപ്രസിദ്ധ പലസ്തീന്‍ എഴുത്തുകാരന്‍ ഗസാന്‍ കനഫാനി സ്ഥാപിച്ച അല്‍ ഫദാഹ് മാസികയില്‍ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തനം നടത്തിയ ചരിത്രവുമുണ്ട്. കനഫാനിയെ അദ്ദേഹത്തിന്റെ മുപ്പത്തിയാറാം വയസ്സില്‍ 1972 ല്‍ കാറില്‍ സ്ഥാപിച്ച ബോംബു സ്ഫോടനത്തിലൂടെ മൊസ്സാദ് കൊന്നു കളയുകയായിരുന്നു. പിന്നീട് 1987 മുതല്‍ ഇംഗ്ലണ്ടില്‍ പ്രവാസ ജീവിതം നയിക്കുകയാണ് അംജദ് നാസ്സര്‍. സുദീര്‍ഘമായ പ്രവാസവും മഹത്തായ മൂല്യങ്ങളില്‍ വിശ്വസിച്ചു നടന്ന യൗവ്വനത്തിന്റെ നഷ്ട സ്മൃതികളും പതിറ്റാണ്ടുകള്‍ക്ക് ശേഷം മാറിയ സാഹചര്യങ്ങളില്‍ സ്വദേശത്തേക്ക് മടങ്ങുന്ന ഹൃദയാലുവായ വ്യക്തിയില്‍ ഉണ്ടാകാവുന്ന സംത്രാസങ്ങളെ അവതരിപ്പിക്കുമ്പോഴും വ്യക്ത്യനുഭവങ്ങള്‍ ദേശത്തിന്റെയും കാലത്തിന്റെയും ഒരു വേള ലോകത്തിന്റെ തന്നെയും കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാവും എന്നത് കാവ്യാത്മകവും സാന്ദ്രവും ആയ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് നാസറിന്റെ ‘മഴനിഴല്‍ പ്രദേശം’

ഇരട്ടയായി നേരാഖ്യാനം

    നോവല്‍ ആഖ്യാന രീതിയില്‍ അത്ര സാധാരണമല്ലാത്ത മാധ്യമ പുരുഷ ആഖ്യാനം ആവിഷ്ക്കാര വിനിമയത്തില്‍ ഉരുത്തിരിയിക്കുന്നത് ഒരേ സമയം ഒരു അഭിമുഖ വ്യക്തിത്വത്തിന്റെ പ്രഭാവവും ഒപ്പം വായനക്കാരന്റെ വേറിട്ട ഒരസ്ഥിത്വത്തിന്‍റെ ഉണര്‍ന്നിരിക്കലുമാണ്. ആഖ്യാതാവ് ഫിക് ഷന്   അകത്തു മറ്റൊരാളെ നേരില്‍ അഭിമുഖീകരിക്കുന്നുണ്ട്, അത് വായനക്കാരന്‍ അല്ല; അയാള്‍, വായനക്കാരന്‍, കേള്‍വിക്കാരനായി ഫിക് ഷന് പുറത്ത് സാദാ ജഗരൂകന്‍ ആണ് താനും. ഒരര്‍ത്ഥത്തില്‍ ഇതൊരു ഒളിച്ചു കേള്‍ക്കലാണ്: രണ്ടു പേരുടെ വിനിമയം മൂന്നാമതൊരാള്‍ കേള്‍ക്കുന്നു. ആഖ്യാതാവും അയാളുടെ ഫിക്ഷനല്‍ കേള്‍വിക്കാരനും ഇരട്ടകള്‍ ആകുന്ന ഒരു വിചിത്ര സാഹചര്യമാണ് ലാന്‍ഡ്‌ ഓഫ് നോ റെയ്ന്‍ മുന്നോട്ടു വെക്കുന്നത്. നോവലില്‍ ഉടനീളം ആഖ്യാതാവ് അഭിമുഖീകരിക്കുന്ന “നീ” അയാളുടെ ഇരട്ടയാണ്: മുമ്പ് താനായിരുന്ന സ്വന്തം സ്വത്വം.

 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/land-of-no-rain-by-amjad-nasser


 

 

 

 

 

  

 

Monday, May 22, 2017

Murambi, The Book of Bones by Boubacar Boris Diop

മുറംബി : ഫോസിലുകളില്‍ എഴുതപ്പെട്ടത്.



















To write poetry after Auschwitz is barbaric - Theodor Adorno (1949)

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നുഎഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ മോനിക് ഇല്‍ബൂദോ (ബുര്‍കിനാ ഫാസോ), ടിയെര്‍നോ മോനെനെംബോ (ഗിനിവെറോനിക് താദ് യോ (ഐവറി കോസ്റ്റ്തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതി സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi, The Book of Bones തന്നെയായിരുന്നുറുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്തസമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' (മാന്‍തിയ ദിയാവാരനോവലിന്റെ അവതാരികയില്‍ ഫിയോന മക് ലോലിന്‍ ഉദ്ധരിച്ചത്.) രാഷ്ട്രീയവും സാഹിതീയവുമായി ഈ പരിപ്രേക്ഷ്യത്തിലാണ് ബോറിസ് ഡിയോപ്പിന്റെ നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറു കൃതികളില്‍ ഒന്നായി സിംബാബ്‌വേ അന്താരാഷ്‌ട്ര പുസ്തക മേളയില്‍ ഇടം പിടിച്ചത്ആഫ്രിക്കയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരില്‍ ഒരാളായ ഡിയോപ്പ് ആക്റ്റിവിസ്റ്റും സെനഗലിലെ ആദ്യത്തെ സ്വതന്ത്ര പത്രത്തിന്റെ പ്രഥമ പത്രാധിപസമിതി അംഗവുമാണ്അദ്ദേഹത്തിന്റെ കൃതികളെല്ലാം ചരിത്രവും മിത്തും തമ്മിലുള്ള ബന്ധവും സമകാലിക ആഫ്രിക്കന്‍ ജീവിതത്തില്‍ അവ എങ്ങനെ പ്രതിവര്‍ത്തിക്കുന്നു എന്നതും തികച്ചും വിഗ്രഹഭജ്ഞക സ്വഭാവത്തോടെ ആവിഷ്കരിക്കുന്നു എന്ന് മക് ലോലിന്‍ നിരീക്ഷിക്കുന്നു

 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും പ്രസിഡന്റ് ഉള്‍പ്പടെ എല്ലാവരും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കി 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായവംശഹത്യയായിത്തീര്‍ന്നുഅന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായിവ്യത്യസ്ത ആഖ്യാന സ്വരങ്ങളിലൂടെ ശ്ലഥമായ മിത്തുകളെ ആവിഷ്കരിക്കുകയും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രത്യേക നിലപാടിലേക്ക് ആഖ്യാനത്തെ അടുപ്പിക്കുന്നതിനു പകരം വ്യക്തിഗത അനുഭവങ്ങളുടെയും വ്യതിരിക്ത പ്രതികരണങ്ങളുടെയും ഓര്‍മ്മകളുടെയും അനന്യത സമര്‍ഥിക്കുന്ന രീതിയാണ് തന്റെ പതിവ് ശൈലിയില്‍ നോവലിസ്റ്റ് അവലംബിക്കുന്നത്അതുകൊണ്ട് ഹുടു എന്നോ ടുട്സി എന്നോ പൊതു സംജ്ഞകളുടെ കള്ളികളിലേക്ക് അനുഭവങ്ങളെ ഒതുക്കുന്നതിന് പകരം വൈയക്തിക അനുഭവാഖ്യാനങ്ങളുടെ തലങ്ങളിലും കൂടി റുവാണ്ടന്‍ ദുരന്തത്തെ സമീപിക്കുന്ന ആദ്യ കൃതിയായി മുറംബി മാറുന്നു എന്ന് മക് ലോലിന്‍ സാക്ഷ്യപ്പെടുത്തുന്നു. "മുറംബി പ്രഥമമായും ഏറ്റവും പ്രധാനമായി വൈയക്തിക ആഖ്യാനങ്ങളുടെ ഒരു നോവലാണ്‌അതുപയോഗപ്പെടുത്തുന്ന വിവിധ ആഖ്യാന സ്വരങ്ങളില്‍ ബഹുമുഖാഖ്യായികളായ (polyphonic) ഡിയോപ്പിന്റെ മുന്‍ നോവലുകളെ പോലെ. ആഖ്യാതാക്കള്‍ഒട്ടേറെ സാക്ഷികള്‍അക്രമം നടത്തിയവര്‍ഇരകള്‍നോക്കിനിന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് അദ്ധ്യായങ്ങള്‍ക്ക്ഈ വൈയക്തിക കഥകളിലൂടെയാണ് വംശഹത്യയുടെ കൊടും ക്രൂരതകള്‍ വെളിപ്പെടുത്തുന്നത്, ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചിട്ട ദിവസത്തെ ആദ്യത്തെ ഭയവും അവിശ്വസനീയതയും തൊട്ട്കൂട്ടക്കുരുതികളുടെയും പീഡനങ്ങളുടെയും ഭയാനകവും പലപ്പോഴും വീറില്ലാത്തതുമായ വിവരണങ്ങള്‍ വരെഅതിജീവിച്ചവരുടെ മനസ്സുകളില്‍ പില്‍ക്കാലം പിന്തുടരുന്ന ഓര്‍മ്മകള്‍ വരെ.”

സംഘര്‍ഷങ്ങളുടെ കൊളോണിയല്‍ വേരുകള്‍ 

               വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക് നോവലിന്റെ നൈതിക ദര്‍ശനങ്ങളുടെ കണ്ണാടിയായ സിമെയോന്‍ ഹബിനേസയെന്ന വയോധികന്‍ ഓര്‍മ്മിക്കുന്നുകൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിഅവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടുസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). ഹുടു അര്‍ദ്ധസൈനികസംഘം  ('Interahamwe')  കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം.

നിസ്സംഗതയുടെ പാപം

 

               പ്രസിഡന്റ് കൊല്ലപ്പെട്ട ദിനം ഉരുണ്ടുകൂടുന്ന ഭീഷണാവസ്ഥയോട് അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിസ്സംഗത നോവല്‍ ആരംഭത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. ടുട്സിയായ വീഡിയോ സ്റ്റോര്‍ ഉടമ മൈക്കല്‍ സെരുമുണ്ടോ രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത മകനെ അന്വേഷിച്ചിറങ്ങുമ്പോള്‍ വേവലാതി പൂണ്ട ഭാര്യയെ സമാധാനിപ്പിക്കുന്നു. “വിഷമിക്കണ്ടസേരാലോകം മുഴുവന്‍ അവരെ നോക്കിയിരിപ്പുണ്ട്‌, അവര്‍ക്കൊന്നും ചെയ്യാനാവില്ല.” പക്ഷെ അയാള്‍ക്കറിയാം.

ഉള്ളിന്റെയുള്ളില്‍ എനിക്കറിയാമായിരുന്നു ഞാന്‍ പറഞ്ഞത് തെറ്റാണെന്ന്യുഎസ്സില്‍ ലോക കപ്പു തുടങ്ങാന്‍ പോവുകയായിരുന്നുഭൂഗോളത്തിലാര്‍ക്കും മറ്റൊന്നിലും താല്പര്യം ഉണ്ടായിരുന്നില്ലഎന്ത് തന്നെയായാലും റുവാണ്ടയില്‍ എന്ത് സംഭവിച്ചാലും അതെപ്പോഴും കറുത്തവര്‍ കറുത്തവരെ ആക്രമിക്കുന്ന അതെ പഴയ കഥയായിരിക്കുംഓരോ കളിയുടെയും ഇടവേളകളില്‍ ആഫ്രിക്കക്കാര്‍ പോലും പറയും, “അവര്‍ നമ്മെ അമ്പരപ്പിക്കുകയാണ്അവര്‍ ഇത് പോലെ പരസ്പരം കൊല്ലുന്നത് നിര്‍ത്തണം.” പിന്നെ അവര്‍ മറ്റെന്തിലെക്കെങ്കിലും വിഷയം മാറ്റും. “നീ ക്ലൈവര്‍ട്ടിന്റെ ആ ഫ്ലിപ്പ് കണ്ടോ?” ഞാന്‍ പറയുന്നത് ഒരു കുറ്റപ്പെടുത്തല്‍ അല്ലഞാന്‍ ടെലിവിഷനില്‍ ഉള്‍കൊള്ളാനാവാത്ത ഒട്ടേറെ രംഗങ്ങള്‍ കണ്ടിട്ടുണ്ട്സ്ലിപ്പുകളും മാസ്ക്കും ധരിച്ച ആളുകള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ജഡങ്ങള്‍ വലിച്ചു പുറത്തിടുന്നത്നവജാത ശിശുക്കളെ ചിരിച്ചുകൊണ്ട് ബ്രെഡ്‌ ഒവനിലേക്ക് തട്ടിയിടുന്നത്യുവതികള്‍ ഉറങ്ങാന്‍ പോകും മുമ്പ് തൊണ്ടയില്‍ എണ്ണ പുരട്ടുന്നത്അവര്‍ പറയും, 'അങ്ങനെയാവുമ്പോള്‍ കഴുത്തറുക്കുന്നവര്‍ വരുമ്പോള്‍ അവരുടെ കത്തികളുടെ വായ്ത്തല അധികം വേദനിപ്പിക്കില്ലഞാനിതൊക്കെ കണ്ടു വേദനിച്ചെങ്കിലും അതിന്റെ ഭാഗമായി തോന്നിയിരുന്നില്ലഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, ഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ . പക്ഷെ 1994 ഏപ്രിലിലെ ഈ ആദ്യ ദിനങ്ങളില്‍ ലോകത്തിന്റെ മറുവശത്തുള്ള രാജ്യം എന്റേതാണ്.” 

മകനെ അന്വേഷിച്ചിറങ്ങുന്ന സെരുമുണ്ടോയെ കുറിച്ച് പിന്നീട് നോവല്‍ മൌനമാണ്.

നിസ്സംഗത എങ്ങനെയാണ് ചരിത്രപഠനത്തിന്റെ തട്ടകത്തില്‍ തമസ്കരണമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്‌ എന്ന് കോര്‍നെലിയസ് തന്നെ നോവലില്‍ വ്യക്തമാക്കുന്നുണ്ട്:

ജിബൂട്ടിയിലോഞാന്‍ അവിടെ സ്കൂളില്‍ ചരിത്രാധ്യാപകന്‍ ആയിരുന്നു.”

എന്നിട്ട് എന്ത് ചരിത്രമാണ് നീ അവിടെ പഠിപ്പിച്ചത്?”

സിമെയോന്‍ എന്താണ് ഉദ്ദേശിച്ചതെന്നു കോര്‍നെലിയസ് ഊഹിച്ചു.

ഞങ്ങള്‍ റുവാണ്ടയെ കുറിച്ച് അത്രയധികം സംസാരിച്ചില്ല.”

എന്താ നീ പറയുന്നത്ദൈവം റുവാണ്ടയെ വളരെ ആകര്‍ഷകമായി കണ്ടുവെന്നും രാത്രി മറ്റെവിടെയും ചെലവഴിക്കില്ല എന്നും ജിബൂട്ടിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് അറിയില്ലെന്നോ?”പരിഹാസത്തോടെ സിമെയോന്‍ ചോദിച്ചു.

കോര്‍നെലിയസ് പ്രകോപിതനാവാന്‍ തയ്യാറാവാതെ മുറംബി മലകളില്‍ വ്യാപിച്ചു കണ്ട വിളക്കുകളെ നോക്കി പറഞ്ഞു, “എന്റെ വിദ്യാര്‍ഥികള്‍ അത് വിശ്വസിക്കുമായിരുന്നില്ല. റുവാണ്ട എന്ന വാക്ക് എല്ലാവരിലും രക്തം ചിന്തലും അവസാനമില്ലാത്ത കൊലയും മാത്രമേ ഓര്‍മ്മപ്പെടുത്തുമായിരുന്നുള്ളൂ.” 

ഇര സിദ്ധാന്തവും ഹിംസയുടെ ചാക്രികതയും 

              ആഫ്രിക്കന്‍ അനുഭവത്തില്‍ കുരുതികളുടെയും നശീകരണത്തിന്റെയും ചരിത്ര ഘട്ടങ്ങള്‍ പലപ്പോഴും കൊളോണിയലിസത്തിന്റെ ഫലമായി സംഭവിച്ചതാണെങ്കിലും അത്തരം ഇരവല്‍ക്കരണ സിദ്ധാന്തത്തെ പൂര്‍ണ്ണമായും 'മുറംബി' സാധൂകരിക്കുന്നില്ല. ഫോസ്റ്റിന്‍ ഗസാനെയുടെ പിതാവിന്റെ കിടപ്പറച്ചുമരിനെ അലങ്കരിക്കുന്ന പഴയ ചിത്രത്തില്‍ ബെല്‍ജിയം രാജാവിനു ഷേക്ക്‌ ഹാന്‍ഡ് ചെയ്യുന്ന പ്രസിഡണ്ട്‌ കയിബാന്റയെ കാണാംരാജാവിന്റെ മുഖത്തെ മടുപ്പും കയിബാന്റയുടെ ആരാധനാ ഭാവവും കൊളോണിയല്‍ യജമാനനും ആഫ്രിക്കന്‍ സില്‍ബന്തിയും എന്ന വിനിമയത്തിന്റെ സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്നുകലാപ നാളുകളില്‍ ടുട്സി അനുകൂലമനോഭാവത്തിന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ പത്തു ബെല്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന് ബെല്‍ജിയന്‍ പൗരന്മാര്‍ ഫ്രഞ്ച് പൗരന്മാരെന്ന വ്യാജേന ചെക്ക്പോയിന്റുകള്‍ കടക്കുന്നതും കൊളോണിയലിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നുഫ്രഞ്ച് ജനറല്‍മാര്‍ കൂട്ടക്കൊലകളില്‍ ടുട്സി വിരുദ്ധ വികാരം ആളിക്കത്തിക്കും വിധം പ്രവര്‍ത്തിക്കുന്നതും 'മുറംബിയുടെ കശാപ്പുകാരന്‍' എന്നറിയപ്പെട്ട ഉവിമാനയുടെ പിതാവ് ഉള്‍പ്പടെയുള്ള യുദ്ധക്കുറ്റവാളികളുടെ രക്ഷപ്പെടലിനു മറയൊരുക്കുന്നതും നോവല്‍ തുറന്നു കാട്ടുന്നുണ്ട്സിമെയോന്‍ ഹെബിനേസയെന്ന വയോധികനിലൂടെ ഇരവല്‍ക്കരണ സിദ്ധാന്തം എങ്ങനെയാണ് ഹിംസയുടെ ചാക്രികതക്ക് കാരണമാവുക എന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട്തങ്ങളുടെ ബന്ധുക്കളുടെ കൊലക്ക് നേതൃത്വം കൊടുത്തയാളുടെ കൊട്ടാര സദൃശമായ വീട് തകര്‍ത്തുകളയാന്‍ വെമ്പുന്ന ഗ്രാമീണരെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുറുവാണ്ടന്‍ ചരിത്രത്തില്‍ പ്രതികാര നടപടികള്‍ തിരിച്ചടികളെ പ്രകോപിപ്പിച്ചതാണ് എല്ലാ കാലത്തും അനന്തമായ വയലെന്സിനു കാരണമായത്‌ഇന്നലത്തെ ഇരകള്‍ തങ്ങളുടെ പീഡാനുഭവങ്ങളെ ഹിംസാത്മകതക്കുള്ള ലൈസന്‍സ് ആയിക്കാണുകയും തങ്ങളുടെ ദുഃഖത്തിനു പ്രതികാരക്രിയകളിലൂടെ പരിഹാരം കാണുകയും ചെയ്യുന്നത് ആ ചാക്രികത അനവരതം തുടരാനെ ഇടയാക്കൂ.

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍, സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

ഇരവല്‍ക്കരണവും അത് ഉത്പാദിപ്പിക്കുന്ന പകപോക്കല്‍ 'ഉത്തരവാദിത്ത ബോധവുംതള്ളിക്കളയുന്നതിലൂടെ ഇരയാക്കപ്പെട്ടവര്‍ക്ക് സ്വമേധയാ വന്നു ചേരുന്ന 'നിരപരാധര്‍ ' എന്ന പരിവേഷവും തകര്‍ത്ത് കളയുകയാണ് സിമെയോന്‍.

ഇരസാക്ഷിആക്രമകാരി - വെച്ച് മാറുന്ന സ്വത്വങ്ങള്‍ 

             ഹിംസാത്മകതയുടെ കൊളോണിയല്‍ പങ്ക് എന്ന പരിഗണന കൊണ്ടുമാത്രം റുവാണ്ടയില്‍ നടന്നതെല്ലാം വിശദീകരിക്കാനാവില്ലെന്നു സിമെയോന്‍ കണ്ടെത്തുന്നുണ്ട്. കിബുംഗോയിലെയും മുഗോനെരോയിലെയും മുറംബിയിലെയും ആള്‍ക്കൂട്ടങ്ങള്‍ അരുംകൊലകള്‍ ആഘോഷിച്ച രീതി അയാളെ ചിന്തിപ്പിക്കുന്നുഇര സിദ്ധാന്തം ചരിത്രം തങ്ങളില്‍ 'സംഭവിക്കുക'യായിരുന്നു എന്നതോന്നല്‍ ഉറപ്പിക്കുന്നതിലൂടെ അത് ചെയ്തവരെ/ ഉത്തരവാദികളായവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടേ തങ്ങളുടെ കര്‍തൃത്വം സ്ഥാപിക്കാനാവൂ എന്ന കടുത്ത പരിഹാരാന്വേഷണത്തിലേക്ക് നയിക്കുന്നുകൊളോണിയല്‍ വിരുദ്ധപോരാട്ടത്തില്‍ അക്രമാസക്തമായ കലാപങ്ങളിലൂടെ കോളണീകൃത ജനത സ്വയം സ്ഥാപിക്കുന്നത് മുന്നേറ്റമായിക്കണ്ട ഫ്രാന്‍സ് ഫാനന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 'ഇരകളുടെ സ്വത്വ'മെന്ന ഐക്യപ്പെടല്‍ ഹിംസാത്മകതയുടെ ചാക്രികതയില്‍ ആണ് ചെന്നെത്തുന്നത് എന്ന് സിമെയോന്‍ വിചാരിക്കുന്നുഇരയും സാക്ഷിയും അക്രമകാരിയുമെന്ന സ്വത്വങ്ങള്‍ അത്ര ഭിന്നമല്ല എന്നും പരസ്പരം വെച്ച് മാറാവുന്ന ഒന്നാണ് എന്നും ചരിത്രം പലവുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോസിമെയോന്‍ നടത്തുന്ന നിരീക്ഷണം പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌരിയുടെ ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ നാഹിലയും മുന്നോട്ടു വെക്കുന്നുണ്ട്.

നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുപക്ഷെ അതുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ല... ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം.” ('ഗേറ്റ് ഓഫ് ദി സണ്‍ ' എന്ന നോവലില്‍ നിന്ന്.)

            'മുറംബി'യില്‍ വംശഹത്യ അവസാനിപ്പിച്ച ആര്‍പിഎഫ്. 'വിമോചന'ത്തിന്റെ ഭാഗമായി ഹുടു മിലീഷ്യാ അംഗങ്ങളെ അരിഞ്ഞു വീഴ്ത്തുന്നത് നോക്കിനിന്നത് കോര്‍നെലിയസിന്റെ സുഹൃത്തും റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റും ആയിരുന്ന ജെസിക്ക വിവരിക്കുന്നുണ്ട്. 'മുറംബിയുടെ കശാപ്പുകാര'നായ പിതാവിന്റെയും അയാളുടെ കല്‍പ്പനയില്‍ കൊന്നു തള്ളപ്പെട്ട അരലക്ഷത്തോളം ഇരകളില്‍ അയാള്‍ അറിഞ്ഞുകൊണ്ടുതന്നെ ഒടുങ്ങിപ്പോയ അമ്മയുടെയും മകനായ കോര്‍നെലിയസ് ആകട്ടെ "പരിപൂര്‍ണ്ണ റുവാണ്ടന്‍ : ഒരേസമയം കുറ്റവാളിയും ഇരയുംഎന്നാണ് സ്വയം കണ്ടെത്തുക

നിമു എന്‍ജോയ നിരീക്ഷിക്കുന്നത് പോലെസെമിയോന്‍ ഹെബിനെസയിലൂടെ 'മുറംബിമുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് ഇതാണ്ഹിംസയുടെ ചാക്രികത അവസാനിപ്പിക്കാനും വന്‍തോതിലുള്ള അത്യാചാരങ്ങള്‍ക്ക് ശേഷം ഒരു ദേശത്തിന് സ്വയം പുനര്‍ സൃഷ്ടിക്കുന്നതിനും ഇരകള്‍ ബോധപൂര്‍വ്വം നിരപരാധിത്വത്തിന്റെ നിഷ്ക്രിയഭാവം ഉപേക്ഷിക്കണംപകരം മാപ്പുനല്‍കല്‍ എന്ന സക്രിയമായ തെരഞ്ഞെടുപ്പിലൂടെ സ്വയം സ്ഥാപിക്കണംപൊറുത്തു കൊടുക്കുക എന്നത് അമൂര്‍ത്തമായ ആത്മീയ പ്രക്രിയയല്ലമറിച്ച് ഇരകളുടെ ഭാഗത്ത് നിന്നുള്ള അഹിംസാത്മകവും പ്രതികാര ചിന്താമുക്തവുമായ ഒരു സക്രിയ പ്രവര്‍ത്തനമാണ്മുമ്പ് അവരില്‍ 'സംഭവിക്കുക'യായിരുന്ന ചരിത്രത്തില്‍ അപ്പോഴാണ്‌ അവര്‍ കര്‍തൃത്വം തിരിച്ചു പിടിക്കുകഡെസ്മണ്ട് ടുടുവിന്റെ ടിആര്‍ . സി. (Truth and Reconciliation Commission) യും , റുവാണ്ടയിലെ ഗചാച്ച സമ്പ്രദായവും (റുവാണ്ടന്‍ കമ്മ്യൂണിറ്റി ജസ്റ്റിസ് സിസ്റ്റംമുന്നോട്ടു വെച്ചതും ഈ നിലപാടാണ് എന്ന് നിമു എന്‍ജോയ ചൂണ്ടിക്കാട്ടുന്നു.

 വംശ ഹത്യയുടെ സാഹിത്യം

               നാലുഭാഗങ്ങളിലായി എഴുതപ്പെട്ട നോവലില്‍ ഒന്നും മൂന്നും ഭാഗങ്ങള്‍ വംശഹത്യയില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ട പലരുടെയും ചെറു വിവരണങ്ങളായി ആ കഥകള്‍ ആവിഷ്കരിക്കപ്പെടുന്നുരണ്ടും നാലും ഭാഗങ്ങള്‍ കോര്‍നെലിയസിന്റെ തിരിച്ചു വരവും കണ്ടെത്തലുകളും ജനിച്ചു വളര്‍ന്ന മുറംബിയിലെ ഇപ്പോഴത്തെ അനുഭവങ്ങളുമാണ്. പന്ത്രണ്ടാം വയസ്സില്‍ ജിബൂട്ടിയിലേക്ക് ചേക്കേറുമ്പോള്‍ അയാളുടെ കുടുംബം മുറംബിയില്‍ ആയിരുന്നുഇവിടെയാണ് പിന്നീട് റുവാണ്ടന്‍ ദുരന്തത്തിലെ ഏറ്റവും ഭീകരമായ ഒരു കാണ്ഡം അരങ്ങേറിയത്അതും അയാളുടെ സ്വന്തം പിതാവിന്റെ കാര്‍മ്മികത്വത്തില്‍. ജിബൂട്ടിയില്‍ യുവ ചരിത്രാധ്യാപകനായി പ്രവാസജീവിതം നയിക്കുന്ന കോര്‍നേലിയസ് ഉവിമാന റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു നാലുകൊല്ലങ്ങള്‍ക്ക് ശേഷം സ്വദേശം സന്ദര്‍ശിക്കുന്നതാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രംഅയാളുടെ കുടുംബം മുഴുവന്‍, സിമെയോന്‍ ഹബിനെസയെന്ന വയോധികനായ അമ്മാവനൊഴികെആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്ആ കുരുതികളുമായി പൊരുത്തപ്പെടാനും അതിലേക്കു നയിച്ച സംഭവ ഗതികളെ കുറിച്ച് ഒരു നാടകം രചിക്കാനും വേണ്ടിയാണ് ഇപ്പോള്‍ അയാളുടെ വരവ്. ആഖ്യാനത്തുടര്‍ച്ചയില്ലാത്തഎന്നാല്‍ ഭാവനാത്മകമായി ഇഴ കോര്‍ക്കുന്ന കുറെ ശ്ലഥ ചിത്രങ്ങളിലൂടെകുറെയേറെ കഥാപാത്രങ്ങളുടെ നേരനുഭവ വിവരണങ്ങളിലൂടെ ആ നൂറു ദിനങ്ങളുടെ സംഭവങ്ങള്‍ ദുരന്തനാളുകള്‍ക്ക് മുമ്പ്അവക്കിടയില്‍അതിനു ശേഷം എന്ന ക്രമത്തില്‍ നമ്മളറിയുന്നുഈ കഥകളിലൂടെ ദുരന്തത്തെ സംബന്ധിച്ച നല്ലൊരു ചരിത്രധാരണ ഉരുത്തിരിയുന്നു - അതിലേക്കു നയിച്ച ആസൂത്രണങ്ങള്‍, പരിശീലനം, പ്രോപഗാണ്ടഎന്നിവ മാത്രമല്ല കുരുതിയിടങ്ങളില്‍ നിന്നുള്ള ദുസ്സഹമായ ഗന്ധവും ഒടുവില്‍ ഉവിമാന കണ്മുന്നില്‍ കാണുന്ന സ്വന്തം അമ്മയും സഹോദരങ്ങളും ഉള്‍പ്പടെയുള്ള തന്റെ സമൂഹത്തിലെ അംഗങ്ങളുടെ സംഭവസ്ഥലത്ത് പ്രത്യേക തരത്തില്‍ കുമ്മായത്തില്‍ മുക്കി സൂക്ഷിച്ച അഴുകിത്തുടങ്ങിയ ശരീരാവശിഷ്ടങ്ങള്‍ വരെ.

 

              ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്‌. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യം' പറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത് എന്ന് നിമു എന്ജോയ നിരീക്ഷിക്കുന്നു. (Nimu Njoya, http://www.logosjournal.com/issue_6.1-2/njoya.htm).

 

              സാഹിത്യത്തിനു വംശഹത്യയുടെ സാക്ഷ്യം അടയാളപ്പെടുത്താന്‍ എത്രകണ്ട് സാധ്യമാണ് എന്നത് നോവലിലെ പ്രധാന പരിഗണനകളില്‍ ഒന്നാണ്മുറംബി കുരുതിയില്‍ അതിജീവിച്ച ചുരുക്കം ചിലരില്‍ ഒരാളായ ജെറാര്‍ഡ് നയിന്‍സിര തന്റെ രക്ഷപ്പെടലിന്റെ അനുഭവം വിവരിക്കുമ്പോള്‍ പറയുന്നുണ്ട്:

കവികളുടെ ആ മനോഹരമായ വാക്കുകള്‍ക്കൊന്നുംകോര്‍നെലിയസ്ഞാന്‍ സത്യം ചെയ്യാംഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു പട്ടിയെ പോലെ ചാവുന്ന ആ അമ്പതിനായിരം രീതികളെ കുറിച്ച് ഒന്നും പറയാനാവില്ല.” 

നോവലന്ത്യത്തില്‍ മുറംബിയില്‍ ബാക്കിയാവുന്ന ചിഹ്നങ്ങള്‍ എല്ലാം കണ്ടും കഥകളെല്ലാം കേട്ടും കഴിയുമ്പോള്‍ കോര്‍നെലിയസ് നാടകം എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചതില്‍ ലജ്ജിക്കുന്നുണ്ട്ഒരു വംശഹത്യ തുടക്കവും ഒടുക്കവും ഉള്ള ഇടയില്‍ ഏറെക്കുറെ സാധാരണ കാര്യങ്ങള്‍ സംഭവിക്കുന്ന എന്തെങ്കിലും ഒരു കഥയല്ലതന്റെ ജീവിതത്തില്‍ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത സിമെയോന്‍ ഹെബിനേസ സ്വന്തം നിലയില്‍ ശരിക്കും ഒരു നോവലിസ്റ്റ് ആണ്അതായത്അന്തിമ വിശകലനത്തില്‍ എന്നേക്കുമുള്ള കഥാകാരന്‍ " അക്കാര്യത്തില്‍ സിമെയോനോട് മത്സരിക്കാന്‍ ആവില്ലെങ്കിലും 'മൌനത്തിലൂടെ കൊലയാളികളുടെ സുനിശ്ചിത വിജയത്തിന് ഇടം നല്‍കി അയാള്‍ പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. … അയാള്‍ ആ ഭീകരതകള്‍ അക്ഷീണം ആവിഷ്കരിക്കുംകൊടുവാള്‍ വാക്കുകള്‍ കൊണ്ട്കൂടം പോലുള്ള വാക്കുകള്‍ കൊണ്ട്, ആണി തറച്ച വാക്കുകള്‍ കൊണ്ട്നഗ്നമായ വാക്കുകള്‍ കൊണ്ട്, .. രക്തവും മലവും പുരണ്ട വാക്കുകള്‍ കൊണ്ട്. അതയാള്‍ക്ക് ചെയ്യാനാവുംറുവാണ്ടന്‍ ടുട്സി വംശഹത്യയില്‍ ഒരു വലിയ പാഠം അതിന്റെ ലാളിത്യത്തില്‍ അയാള്‍ കണ്ടുഏറ്റവും ചുരുങ്ങിയത് എല്ലാ ചരിത്രാഖ്യാതാക്കള്‍ക്കും പഠിക്കുകയെങ്കിലും ചെയ്യാനാവും - അയാളുടെ കലക്ക് ഏറ്റവും അനിവാര്യമായ ഒന്ന് - ഒരു ഭീകര സ്വത്വത്തെ അതേ പേരില്‍ തന്നെ വിളിക്കുക.” തന്റെ പിതാവിന്റെ കീഴില്‍ അരങ്ങേറിയ അരും കൊലയുടെ വേദിയായിരുന്ന പോളി ടെക്നിക്കില്‍ കൃത്യമായി തിരിച്ചറിഞ്ഞ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലുള്ള പജ്ഞരങ്ങള്‍ക്കരികെ നിത്യവും സന്ദര്‍ശിക്കുന്ന യുവതിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ശരിക്കും ജീവിച്ചിരിക്കുന്നോ അതോ മരിച്ചവള്‍ ആണോ എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ലകൊല്ലപ്പെട്ടവരുടെ സംഖ്യ എട്ടു ലക്ഷമോ അതോ പത്തോ എന്ന് തര്‍ക്കിക്കുന്നവരോട് അവളെ ഏതു ഗണത്തില്‍ പെടുത്തും എന്ന് ചോദിക്കണമെന്നുണ്ട് അയാള്‍ക്ക്അവളോടാകട്ടെ അയാള്‍ക്ക് പറയാനുള്ളത് ഇതാണ്മുറംബിയില്‍ മരിച്ചവര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുഅവരുടെ ഏറ്റവും തീക്ഷ്ണമായ സ്വപ്നം ജീവിച്ചിരിക്കുന്നവരുടെ ഉയിര്‍പ്പായിരുന്നു

             ആര്‍ . പിഎഫ്കിഗാലിയിലേക്ക് മുന്നേറാന്‍ തുടങ്ങുന്നതോടെ പാലായനം ചെയ്യുന്ന ഹുടു മിലീഷ്യയുടെയും കിഴക്കന്‍ കോംഗോയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹുടു അഭയാര്‍ഥികളുടെയും എതിരെ അരങ്ങേറിയ തിരിച്ചടിക്കല്‍ നടപടികളെ കുറിച്ചും 1959 -നും എത്രയോ മുമ്പേ വേരോടിയിരുന്ന വംശീയ വിദ്വേഷത്തെ കുറിച്ചും വേണ്ടത്ര ജാഗ്രതയുള്ള നിരീക്ഷണങ്ങള്‍ നോവലില്‍ ഇല്ല എന്ന് നിമു എന്‍ജോയ നിരീക്ഷിക്കുന്നു. കൃത്യമായും 1959 മുതല്‍ 1994 വരെ എന്ന് മുറിച്ചെടുത്തു നിരീക്ഷിക്കാവുന്ന വിധം ക്ലിപ്തമായ അതിരുകള്‍ സാധ്യമല്ല വംശീയ സംഘര്‍ഷത്തിന്റെ ഭയാനകമായ ഈ ചരിത്രസന്ദര്‍ത്തെ കുറിച്ചുള്ള ചിന്തകളില്‍ എന്നിരിക്കെ അത് നോവലിന്റെ ഒരു പരിമിതിയാണ് എന്നും പില്‍ക്കാല ഹുടു വംശീയാനുഭവത്തെ കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ റുവാണ്ടന്‍ ദുരന്തത്തെ കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളില്‍ തമസ്കരിക്കപ്പെട്ട കഥകളുടെ കാര്യത്തില്‍ മൌനം കൊണ്ട് 'മുറംബി'യും ഒപ്പ് ചാര്‍ത്തുന്നുവെന്നും വിമര്‍ശകന്‍ ചൂണ്ടിക്കാട്ടുന്നുഎന്നാല്‍ "നമ്മളും അവരുംഎന്ന ധാരണകളില്‍ ഒളിച്ചിരിക്കുന്ന വംശഹത്യാ മാനങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ സമകാലിക അന്താരാഷ്ട്രീയ വിനിമയങ്ങളിലെ പരിമിതപ്പെടുത്തുന്ന അതിരുകളുടെ അര്‍ത്ഥശൂന്യത തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റിന്റെ സൂക്ഷ്മമായ ഉള്‍ക്കാഴ്ച സുവ്യക്തമാണ്.

(ഉള്ളെഴുത്ത് മാസികമേയ് 2017)

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

To purchase, contact ph.no:  8086126024

more on Rwandan genocide:

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html

Throwing Sparks by Khal Abdo

പറുദീസയില്‍ സാത്താന്‍ സുരക്ഷിതനാണ് 



         നിരൂപണസമീപനങ്ങള്‍ സ്ഥാപനവല്‍കൃത പദ്ധതിയാണെന്നും അത് ആസ്വാദനത്തിലും അപഗ്രഥനത്തിലും പരിമിതി സൃഷ്ടിക്കുന്ന മുന്‍ നിശ്ചിത ധാരണകളിലേക്ക് വായനക്കാരേ എത്തിക്കുന്നുവെന്നും അമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികന്‍ സ്റ്റാന്‍ലി ഫിഷ്‌ നിരീക്ഷിക്കുന്നുഒരു കൃതിയുടെ പാഠം വായിച്ചെടുക്കുന്നതില്‍ അതിന്റെ സാമൂഹിക സാംസ്കാരിക സന്ദര്‍ഭങ്ങള്‍ക്ക് അപ്രമാദിത്തം കല്‍പ്പിക്കുമ്പോള്‍ , കൃതി പലപ്പോഴും യാഥാസ്ഥികതക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇട വരികയും എഴുത്തുകാരന്‍എഴുത്തുകാരി വേട്ടയാടപ്പെടുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്യുന്നുഫിഷ്‌ "വ്യാഖ്യാനോന്മുഖ സമൂഹങ്ങള്‍ " (“interpretive communities”) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമകാലിക സൗദി നോവലിസ്റ്റുകളും കൃതികളും തങ്ങളുടെ സമൂഹവുമായുള്ള വിനിമയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ അല്‍ ഗൊസൈബിഅബ്ദുറഹിമാന്‍ മുനിഫ്അബ്ദു ഖാല്‍ , തുര്‍കി അല്‍ ഹമാദ്യൂസുഫ് അല്‍ മുഹൈമിദ്റജാ അല്‍ സനീഅലൈല അല്‍ ജുഹാനി തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ , നിലവിലുള്ള മതാത്മക പുരുഷാധിപത്യ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവയെന്ന നിലയില്‍ നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നും നൂറ അല്‍ ഗഹ്താനി ചൂണ്ടിക്കാണിക്കുന്നു. (The Impact of Socio-Cultural Contexts on the Reception of Contemporary Saudi Novels- Npura Algahtani, University of Leeds, UK.) മത മേലധ്യക്ഷന്മാരുടെ നിലപാടുകളില്‍ ഉണ്ടായിട്ടുള്ള കാലിക മാറ്റങ്ങള്‍ , എണ്ണയില്‍ നിന്നുള്ള സമ്പന്നതഗള്‍ഫ് യുദ്ധം, 9/11 സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സൗദി സമൂഹത്തിലെ പരിണാമങ്ങള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്സാംസ്കാരിക മണ്ഡലത്തിലാവട്ടെആധുനിക വിദ്യാഭ്യാസംമീഡിയയുടെ സ്വാധീനംസെന്‍സര്‍ഷിപ്പ്എന്നിവയും പ്രാധാനമായിരുന്നുപരമ്പരാഗത ജീവിത രീതികള്‍ ദേശാന്തര സമ്മിശ്രണം സാധ്യമാവുന്ന നഗര ജീവിത രീതികളിലേക്ക് മാറിത്തുടങ്ങിയതും മതാത്മക കാര്‍കശ്യങ്ങള്‍ താരതമ്യേന സഹിഷ്ണുതാ മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതും സമൂഹത്തിന്റെ ദ്രുത ഗതിയിലുള്ള ആധുനിക വല്‍ക്കരണത്തിനു വഴിതെളിയിച്ചുഇവയൊക്കെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വാഭാവിക സാഹിത്യ രൂപമെന്ന നിലയിലാണ് നോവല്‍ മുമ്പില്ലാത്ത വിധം സൗദി സാഹിത്യത്തിന്റെ കേന്ദ്ര രൂപമായിത്തീര്‍ന്നത്‌സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കയ്റോയും ബെയ്റൂത്തും എഴുത്തുകാരെ സഹായിച്ചുഎണ്‍പതുകളിലും തൊണ്ണൂറുകളിലും ലഭ്യമല്ലായിരുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റിന്റെയും സാറ്റലൈറ്റ് ടെലിവിഷന്റെയും ലോകം തുറന്നിട്ടു. “സൗദി നോവല്‍ ഒരു സാഹിത്യ വിഭാഗം എന്ന നിലയില്‍ പുതുതായി കൈവരിച്ച പക്വത സൗദി എഴുത്തുകാര്‍ , ആണും പെണ്ണുംഅറബ് ലോകത്തും പുപാശ്ചാത്യ ലോകത്തും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ വ്യക്തമാണ്.”(Ibid)

 തുടര്‍ വായനക്ക്...


https://www.fazalrahman.com/essays/article/throwing-sparks-by-abdo-khal

 

Friday, May 19, 2017

Beneath the Lion's Gaze by Maaza Mengiste

സിംഹദൃഷ്ടിക്കുമപ്പുറം നീചമര്‍ത്യന്‍



      

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ കൊളോണിയല്‍ അധിനിവേശത്തിനു ഒരിക്കലും കീഴടങ്ങിയിട്ടില്ലാത്ത ദേശമെന്ന ഖ്യാതിയുണ്ട് എത്യോപ്യക്ക്ഇരുപതാം നൂറ്റാണ്ടു പക്ഷെ ഈ മഹത്തായ ദേശത്തെ നാനാവിധത്തില്‍ പരീക്ഷിച്ചുമുസ്സോളിനിയുടെ പടയോട്ടംഅയല്‍ രാജ്യങ്ങളായ എരിത്രിയസുഡാന്‍സൊമാലിയ എന്നിവയുമായുള്ള ദീര്‍ഘ യുദ്ധങ്ങള്‍ വീണ്ടും വീണ്ടും വേട്ടയാടിയ കൊടും വരള്‍ച്ചകള്‍ എന്നിവയെ കൂടാതെ രക്ത രൂക്ഷിതമായ അധികാരക്കൈമാറ്റങ്ങളും ഈ നാടിനെ ചവച്ചു തുപ്പിഇതിലേറ്റവും ഭീകരമെന്ന് പറയാവുന്നത് ആറു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1974-ല്‍ സാമ്രാട്ട് ഹെയ്ലി സലാസിയെ സ്ഥാന ഭ്രഷ്ടനാക്കി അധികാരം സ്ഥാപിച്ച മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിന്റെ - 'The Derg' - സംസ്ഥാപനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അത്യാചാരങ്ങളായിരുന്നുഈ സംഘര്‍ഷ ഭരിതമായ നാളുകളെ പശ്ചാത്തലമാക്കി തന്റെ പ്രഥമ നോവലായ 'ബിനീത്ത് ദി ലയന്‍സ് ഗേസ്രചിച്ചതിലൂടെ എത്യോപ്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് മാസ മെംഗിസ്തെഫ്രാന്‍സ് ഫാനന്‍ 'ഭൂമിയിലെ നിര്‍ഭാഗ്യവാന്മാര്‍ എന്നു വിളിച്ച കൊളോണിയല്‍ അധിനിവേശത്തിന്റെ ഇരകള്‍ സ്വയം എത്ര വലിയ ഹിംസാത്മകതയുടെ പ്രയോക്താക്കളാവാന്‍ കഴിയുന്നവരാണ് എന്ന ചോദ്യത്തെ സുധീരം നേരിടുന്ന ക്രിസ് അബാനിചിമമാന്‍ഡാ അദീചിഹെലന്‍ ഹബീലഉവേം അഖ്പേംഉസോദിന്മോ ഇവിയേലഅമിനാറ്റ ഫോര്‍ന തുടങ്ങിയ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരോട് ചേരുന്നു എന്നും എന്നാല്‍ ഈ എഴുത്തുകാര്‍ മുന്‍ തലമുറയിലെ നൂറുദ്ദീന്‍ ഫറായെ പോലുള്ള സാഹിത്യകുലപതികള്‍ ഈ ഇരുണ്ട ഭൂമികയില്‍ കരഗതമാക്കിയ രാജകീയ കയ്യടക്കം ഇനിയും നേടേണ്ടാതായിട്ടുണ്ട് എന്നും (“the magisterial command of this dark terrain”) ലൊറെയ്ന്‍ ആഡംസ് നിരീക്ഷിക്കുന്നു. (“Battle Scars” - Sunday Book Review, 31- December- 2009, Lorraine Adams)

 

പശ്ചാത്തലം

         ഒരു ചരിത്ര നോവലിലെന്നോണം രാഷ്ട്രീയ കാലാവസ്ഥയെ ഉപജീവിച്ചു കൊണ്ടാണ് ഇതിവൃത്തം ചുരുള്‍ നിവരുന്നത്‌വയോധികനും ജനജീവിതവുമായി ഒരു ബന്ധവും നിലനിര്‍ത്തുന്നില്ലാത്തവനുമായ ചക്രവര്‍ത്തിക്ക് കീഴെ കുപ്രസിദ്ധമായ ആ എത്യോപ്യന്‍ വരള്‍ച്ചയും തുടര്‍ന്നുണ്ടാവുന്ന പട്ടിണിയും നാടിനെ കൂട്ട മരണങ്ങളിലേക്ക് തള്ളിയിടുന്നുപൊടുന്നനെയെന്നോണം സംഭവിക്കുന്ന നിശ്ശബ്ദ അട്ടിമറിയെ തുടര്‍ന്ന് ഒരു പുതിയ "സോഷ്യലിസ്റ്റ്ഭരണം സ്ഥാപിതമാവുന്നുഅശിക്ഷിതരും നിരക്ഷരരുമായ സൈനികര്‍ ജനജീവിതത്തിലേക്ക്‌ ഇരമ്പിയെത്തുന്നുകൊലയും കൊള്ളയും കൊള്ളിവെപ്പും ഭൂസ്വത്തുകളുടെ തോന്നിയ പടിയുള്ള തിരിമറികളും അകാരണമോ രാഷ്ട്രീയ പ്രേരിതമോ ആയ തടവു ശിക്ഷകളും കസ്റ്റഡി പീഡനങ്ങളും കൊലകളും സ്ത്രീകള്‍ക്ക് നേരെയുള്ള അത്യാചാരങ്ങളും നിത്യസംഭവമാകുന്ന അന്തരീക്ഷത്തില്‍ സോവിയറ്റ്ക്യൂബന്‍ പിന്തുണയോടെ ഭരണകൂടം 'ചുവപ്പു ഭീകരതകെട്ടഴിച്ചു വിടുന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/beneath-the-lions-gaze-by-maaza-mengiste


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 119-128)

To purchase, contact ph.no:  8086126024