Featured Post

Friday, November 15, 2024

They Die Strangers (1971) Mohammad Abdul-Wali (Yemen) / Abubaker Bagader & Deborah Akers

മൃതിയിലും അന്യരായി : അബ്ദുല്‍ വാലിയുടെ യമന്‍



യമനി സാഹിത്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അതില്‍ത്തന്നെ കഥാഖ്യാന വിഭാഗം അതീവപ്രാധാന്യം നേടിയെടുത്തുകൊണ്ടിരിക്കുന്നു എന്നും സമകാലിക വികാസങ്ങള്‍ മുന്‍ നിര്‍ത്തി നിരീക്ഷിക്കപ്പെടുന്നു. യമനി കവിതക്ക് പതിറ്റാണ്ടുകളുടെ ഊര്‍ജ്ജസ്വലമായ പാരമ്പര്യം ഉണ്ടെങ്കിലും, ഇതര അറബ് ദേശങ്ങളെ പോലെത്തന്നെ, ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ചെറുകഥയും നോവലും യമനി കവിതയോടൊപ്പം പ്രാധാന്യം നേടിയെടുത്തു തുടങ്ങിയത്. യമനില്‍  നോവലിന്റെ വികാസം പിന്നെയും വൈകി 1960-കളോടെയാണ് ശക്തമാകുന്നത്. വടക്കന്‍ യമനില്‍ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മതാധിപത്യം അവസാനിപ്പിച്ച 1962-ലെ വിപ്ലവാനന്തര കാലവും, അറുപതുകളില്‍ ആദേനില്‍ (Aden) ശക്തമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പും ആധുനിക കഥാഖ്യാന സംസ്കാരത്തെ പോഷിപ്പിച്ച ഘടകങ്ങളായിരുന്നു. ആധുനിക അറബ് ആഖ്യാന പാരമ്പര്യം യൂറോപ്യന്‍ സാഹിത്യത്തിന്റെ അനുരണനം ആയിരുന്നതുകൊണ്ട് കൊളോണിയല്‍ ശക്തിയെന്ന നിലയില്‍ പാശ്ചാത്യ സ്വാധീനം നിലനിന്ന ആദേന്‍ പോലുള്ള ഇടങ്ങളില്‍ അതിന്റെ വളര്‍ച്ച ശക്തമായത് സ്വാഭാവികവുമായിരുന്നു. കൊളോണിയല്‍/ ബ്രിട്ടീഷ് വിരുദ്ധ ഉള്ളടക്കം ആദ്യം മുതലേ യമനി സാഹിത്യത്തിന്റെ പ്രഭവം ആയിത്തീര്‍ന്നതും അതുകൊണ്ട് തന്നെ (1.)

യമനി സംഘര്‍ഷം സംബന്ധിച്ച ‘വിഭാഗീയതാ മാതൃക’ (sectarian paradigm) അതിനെ സുന്നി-ഷിയാ സംഘര്‍ഷമെന്ന ലളിത യുക്തിയില്‍, ഏതാണ്ട് ‘സംസ്കാരങ്ങളുടെ സംഘര്‍ഷ സിദ്ധാന്തത്തെ പോലെ, വിവരിക്കുന്നുവെന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ സംഘര്‍ഷത്തെ സമൂലമായി നിബന്ധിക്കുന്നു എന്നും സൗദിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ലേഖനം നിരീക്ഷിച്ചു (2.). പ്രസ്തുത പശ്ചാത്തലത്തില്‍, യമനി സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെ കുറിച്ച് ലേഖനം നടത്തുന്ന നിരീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്: പ്രസിദ്ധീകരണ സൌകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന യാഥാര്‍ത്ഥ്യം ഇരിക്കിലും, യമനി സഹിത്യം കാലങ്ങളായി ദേശം നേരിട്ട അധിനിവേശം, ആഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങി, മീഡിയ നിരന്തരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ ലളിത വല്‍ക്കരണത്തിനും അപ്പുറത്തുള്ള ദേശീയ പരിതോവസ്ഥകളുടെ ഒരു പ്രിസം ആയി വര്‍ത്തിക്കുന്നു. 2014 മുതല്‍ യമനി നോവല്‍ സാഹിത്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇതര അറബ് ദേശങ്ങളില്‍ കഥ, നോവല്‍ സാഹിത്യ ശാഖകളില്‍ ഉണ്ടായ ഉണര്‍വ്വിന്റെ വൈകിയ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം എട്ടു നോവലുകള്‍ മാത്രം പിറന്ന രാജ്യത്ത് ആ വര്‍ഷം  ഇരുപതു നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു; മൊത്തം അന്ന് വരെ രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പത്തു ശതമാനം. സര്‍വ്വാധിപത്യം, ചെറുത്തുനില്‍പ്പ്, രാഷ്ട്രാന്തരീയ ബന്ധങ്ങള്‍, ലിംഗ പദവി യാഥാസ്ഥിതികതയുടെ വിമര്‍ശനം എന്നതൊക്കെ ഈ പുതിയ സാഹിത്യം പ്രതിഫലിപ്പിച്ചു.

കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ ദേശീയ പ്രമേയങ്ങളില്‍ നിന്ന് കലാരൂപമെന്ന രീതിയിലേക്ക് എഴുത്തിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ അഗ്രഗാമിയായിത്തീര്‍ന്ന, അതീവ സജീവമെങ്കിലും ഹ്രസ്വ ജീവിതത്തിന്റെ ഉടമയായിപ്പോയ മുഹമ്മദ്‌ അബ്ദുല്‍വാലി (1941-1973) രചിച്ച ഏതാനും ചെറുകഥകളും രണ്ടു നോവലുകളും യമനി സാഹിത്യത്തില്‍ ഏറെ പ്രാധാന്യമുള്ളവയാണ്. 1990ല്‍ തെക്കന്‍ യമനുമായി യോജിച്ചു റിപ്പബ്ലിക് ഓഫ് യമന്‍ രൂപീകരിക്കും വരെ വടക്കന്‍ യമനിന്റെ ഭരണം കയ്യാളിയ ഹമ്മാദ് അല്‍ ദീനിന്റെ ഏകാധിപത്യ ഇമാമത്തിനെതിരെ പോരാടിയ ആദ്യകാല റിപ്പബ്ലിക്കന്‍ വിപ്ലവകാരിയായിരുന്നു അബ്ദുല്‍ വാലിയുടെ പിതാവ്. അദ്ദേഹം എത്യോപ്യയിലേക്ക് കുടിയേറി അവിടത്തുകാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ‘പാതി അറബ് ആയാണ് അബ്ദുല്‍ വാലി ജനിച്ചതും വളര്‍ന്നതും. മോസ്കോയിലെ ഗോര്‍ക്കി ഭവനില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം കമ്യൂണിസ്റ്റ് ആയിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സാഹിത്യ സപര്യയില്‍ വലിയൊരു പങ്ക് യമനി കുടിയേറ്റക്കാരുടെയും യമനി-ആഫ്രിക്കന്‍ വിവാഹത്തിലെ സന്തതികളുടെയും അവസ്ഥകളെ ആവിഷ്കരിക്കുന്നതാണ്. ഈ സമീപനങ്ങളുടെ ഉറവിടം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണെന്നു വ്യക്തമാണ്‌. കവിയുടെ സ്ഥായിയായ ഭാവം ‘എല്ലായിപ്പോഴും, എല്ലായിടത്തും അസ്വസ്ഥത നിറഞ്ഞതാണ്‌ എന്ന ചെസ്ലാവ് മിലോചിന്റെ നിരീക്ഷണത്തിന് അബ്ദുല്‍ വാലിയുടെ ജീവിതം തന്നെ മികച്ച ഉദാഹരണമാണ് എന്നു ഗ്രിഗറി ജോണ്‍സണ്‍ നിരീക്ഷിക്കുന്നു (3).  ദീര്‍ഘ കാലം കാത്തിരുന്നതിന് ശേഷം പ്രിയപ്പെട്ട ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്ക് യാഥാര്‍ത്ഥ്യമാകുന്നതിനു തൊട്ടുമുമ്പ് സംഭവിക്കുന്ന കഥാനായകന്‍ അബൂ സഈദിന്റെ മരണം “മിഡില്‍ ഈസ്റ്റ്, തെക്കന്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ എങ്ങും ചിതറിപ്പോയ മില്ല്യന്‍ കണക്കിന് യമനി കുടിയേറ്റക്കാരുടെ തീര്‍ത്തും സാധാരണമായ വിധിയാണ്” (4).

ഇമാമത്തിനു കീഴിലെ കിരാത ഭരണത്തിന്റെ അന്ത്യ ദശകങ്ങള്‍ ആഭ്യന്തര യുദ്ധത്തിനും വ്യാപകമായ അസ്വാസ്ഥ്യങ്ങള്‍ക്കും തുടക്കം കുറിച്ചതോടെ ഫിക് ഷന്‍ രചന ദുസ്സാധ്യമാകുന്ന സാഹചര്യമുണ്ടായത് കവിതയുടെ അപ്രമാദിത്തത്തിലേക്ക് നയിച്ചു. എന്നാല്‍ ആഭ്യന്തര യുദ്ധം അവസാനിച്ചതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ‘യമനി നോവലിന്റെ സുവര്‍ണ്ണ കാല’ത്തിനു തുടക്കം കുറിച്ചു. മുഹമ്മദ്‌ അബ്ദുല്‍ വാലിയുടെ They Die Strangers (1971) യമനിലെ ജനപ്രിയ സാഹിത്യത്തിന്റെ ഉദയം അടയാളപ്പെടുത്തി. ഇമാമത്ത് ഭരണം ഈ കൃതിയിലും പ്രകടമാകുന്നത്, അടിച്ചമര്‍ത്തലും ദാരിദ്ര്യവും തന്നെയാണ് മുഖ്യകഥാപാത്രത്തിന്റെ കുടുംബത്തെ പോലുള്ളവര്‍ ചെങ്കടല്‍ കടന്നു എത്യോപ്യയിലേക്കും മറ്റും യമനി കുടിയേറുന്നതിനു കാരണം എന്ന പശ്ചാത്തലത്തിലാണ്. കുടിയേറ്റക്കാര്‍ ജന്മദേശത്തോട് അങ്ങേയറ്റം കൂറു പുലര്‍ത്തുകയും Free Yemeni Party യുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ക്കു കയ്യയച്ചു സഹായം ചെയ്യുകയും ചെയ്യുന്നുണ്ട്. യമനി പിതാവിന്റെയും എത്യോപ്യന്‍ മാതാവിന്റെയും മകനായ അബ്ദുല്‍ വാലിയുടെ കൃതിയില്‍ യമനും ഈസ്റ്റ് ആഫ്രിക്കയും തമ്മിലുള്ള സാമൂഹിക സാമ്പത്തിക ബന്ധങ്ങള്‍ മാത്രമല്ല അന്വേഷിക്കപ്പെടുന്നത്. പ്രസ്തുത സമൂഹം നേരിടുന്ന കറുത്തവര്‍ഗ്ഗക്കര്‍ക്കെതിരായ വംശീയ വിരോധവും സങ്കര സന്തതികളുടെ ദുരന്തങ്ങളും ആഴത്തില്‍ നിരീക്ഷിക്കപ്പെടുന്നു. 

അബ്ദുല്‍ വാലിയുടെ ഏറ്റവും ശക്തമായ രചനയായി കണക്കാക്കപ്പെടുന്ന "They Die Strangers" (ഇംഗ്ലീഷ് വിവര്‍ത്തനം-2002- They Die Strangers: A Novella and Stories from Yemen) എന്ന അമ്പതു പേജോളം വരുന്ന ഒരു നോവെല്ല പുസ്തകത്തിലെ ഏറ്റവും ആത്മകഥാപരമായ രചനയാണ്. “എത്യോപ്യയില്‍ പശ്ചാത്തലമാക്കുന്ന കഥ ഒരേസമയം സഫലീകരിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതുമായ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും കഥയാണ്, എന്നാല്‍ അതിനപ്പുറം അത് സ്വത്വാന്വേഷണത്തിന്റെയും സംസ്കാരങ്ങള്‍ക്കിടയില്‍ കഴിയുന്ന മനുഷ്യര്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളുടെയും കഥയാണ്” (Johnsen & Johnson). “സെക്രട്ടറി ഒരു വേരില്ലാത്ത വൃക്ഷം പോലെയായിരുന്നു; അയാള്‍ ആരുമായിരുന്നില്ല. അതേ, ആരുമായിരുന്നില്ല” (പേജ്: 56) എന്ന നോവലിലെ പാത്ര വിവരണം നോവലിസ്റ്റിനെ കുറിച്ചും ശരിയാണ്. “അയാള്‍ ആരായിരുന്നു? എല്ലാവരും അയാളെ ‘മുവല്ലദ്’ എന്ന് വിളിച്ചു, ‘പാതി സങ്കരം’. അയാളുടെ ദേശം എവിടെയായിരുന്നു? ആരായിരുന്നു അയാളുടെ ജനത?” (പേജ്. 56). നോവല്‍ അന്ത്യത്തില്‍ ഒരു ശ്മശാനത്തില്‍ വെച്ചു സെക്രട്ടറി മറ്റൊരു ‘മുവല്ലദ്’ ബാലകനോട് ചോദിക്കുന്നു: “എവിടെയാണ് നമ്മുടെ ദേശം? നാം അവരെക്കാള്‍ അന്യരാണ്. നമുക്കു ദേശമില്ല. നമ്മളാണ് എല്ലാത്തിലും വെച്ച് നഷ്ടപ്പെട്ടവര്‍” (പേജ്: 65).

പ്രവാസാനുഭവത്തിന്റെ ഏറ്റവും വിശദമായ വിവരണം എന്നു കണക്കാക്കപ്പെടുന്ന നോവെല്ല (5). (The complete review's Review), പത്തുവര്‍ഷമായി അദീസ് അബാബയില്‍ ഒരു കടയുടമയായി പ്രവര്‍ത്തിക്കുന്ന അബ്ദുസഈദ് എന്ന യെമനി പ്രവാസിയുടെ കഥ പറയുന്നു. അയാളെ കുറിച്ചോ എങ്ങനെയാണു അയാള്‍ അയാള്‍ അവിടെയെത്തി കച്ചവടം തുടങ്ങിയത് എന്നതിനെ കുറിച്ചോ ആര്‍ക്കും കാര്യമായ അറിവില്ല. എന്നാല്‍ അയാള്‍ പൊതുവേ ജനസമ്മതനാണ്, സ്ത്രീകള്‍ക്കു പ്രിയങ്കരനാണ്, അയാള്‍ക്ക് നല്ല വ്യാപാരവുമുണ്ട്. എന്നാല്‍ അയാളുടെ കയ്യില്‍ അത്ര പണമുണ്ട് എന്ന സൂചനയൊന്നും അയാളുടെ ജീവിത രീതിയിലില്ല. സത്യത്തില്‍ അയാള്‍ക്ക് യമനില്‍ ഭാര്യയും മകനുമുണ്ട്. അങ്ങോട്ടാണ് അയാളുടെ സമ്പാദ്യം പോകുന്നതും. അവിടെ തന്റെ അഭാവത്തില്‍ താന്‍ അയക്കുന്ന പണം കൊണ്ട് ഉയരുന്ന വമ്പന്‍ വീട്ടില്‍ തിര്കെയെത്തി കുടുംബത്തോടൊപ്പം ജീവിക്കുക എന്നതാണ് അയാളുടെ സ്വപ്നം. അതേസമയം, അയാളെ തേടിയെത്തുന്ന പെണ്‍സൌഹൃദങ്ങളെ വേണ്ടുവോളം അയാള്‍ ആസ്വദിക്കുന്നുമുണ്ട് എന്നതാണ് അദീസ് അബാബയിലെ അയാളുടെ നേരമ്പോക്ക്. അയാളുടെ ചായയുള്ള കുട്ടികള്‍ പരിസരങ്ങളില്‍ ഉണ്ടെന്നതും രഹസ്യമല്ല. അതിലൊരുത്തി ഒരു കുഞ്ഞിനെ അനാഥനാക്കി മരണമടയുമ്പോള്‍ അതൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ പ്രാദേശിക മുസ്ലിംകള്‍ അയാളോട് അഭ്യര്‍ഥിക്കുന്നു: അല്ലാത്ത പക്ഷം ഒരു മുസ്ലിം ബാലകന്‍ ക്രിസ്ത്യന്‍ സംരക്ഷണത്തില്‍ വളരുകയും അവന്റെ ആത്മാവ് ദൈവനിഷേധത്തിന്റെ പാപത്തില്‍ പതിക്കുകയും ചെയ്യില്ലേ? “നമുക്കീ മുസ്ലിം കുട്ടികളെ നര്കത്തിലക്കെ പോകാന്‍ വിടാനവുമോ?

അബ്ദുസഈദിന്റെ ജീവിതപ്രതിസന്ധികളും ജന്മദേശത്തേക്കു തിരകെ പോകാനുള്ള അഭിലാഷവും മുതല്‍ അക്കാലത്തു അദീസ് അബാബയില്‍ ജീവിച്ച സങ്കരവര്‍ഗ്ഗ കുഞ്ഞുങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വരെ ഒട്ടേറെ സാമൂഹിക ഉത്കണ്ഠകള്‍ ചുരുങ്ങിയ പേജുകളില്‍ കേന്ദ്രീകരിക്കുന്നതിലൂടെ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിലേക്ക് പുസ്തകത്തിന്റെ വലിപ്പത്തിനപ്പുറമുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നായി നോവെല്ല മാറുന്നുണ്ട്. പ്രവാസത്തെ സുരക്ഷിതവഴിയായി തെരഞ്ഞെടുക്കുകയും അതേസമയം നാടിന്റെ മോചനസ്വപ്നങ്ങളെ കുറിച്ച് വാചാലരാകുകയും ചെയ്യുന്നത്തിലെ ഇരട്ടത്താപ്പിനെ കുറിച്ചു ‘സങ്കരസന്തതികളുടെ’ സംഘടനയുടെ സെക്രട്ടറി നടത്തുന്ന  നിരീക്ഷണം കുറിക്കു കൊള്ളുന്നതാണ്:

“ഇല്ല, സാര്‍, നിങ്ങള്‍ നിങ്ങളുടെ വിമോചന ലക്ഷ്യവുമായൊന്നുമല്ല വന്നത്. നിങ്ങള്‍ ഇമാമിന്റെ പ്രേതത്തെ ഭയന്ന് രക്ഷപ്പെട്ടു വന്നതാണ്‌. നിങ്ങള്‍ ഭീരുവായിരുന്നു. ശരിക്കും നാടിനെ മോചിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിചിരുന്നുവെങ്കില്‍, എനിനാണ് നിങ്ങള്‍ വിവാഹം കഴിക്കുയും പിതവകുകയും ചെയ്തത്? ഞാന്‍ തുറന്നു പറയാം, നിങ്ങളൊരിക്കലും നിങ്ങളുടെ നാടിന്റെ മോചകരാകുകയില്ല. അത് വിമോചിതമാകുനുവെങ്കില്‍, അതവിടെ നിന്നവരെകൊണ്ടായിരിക്കും, അല്ലെങ്കില്‍ ഞങ്ങളിലൂടെ.”

പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിനു വേണ്ടി എഴുതിയ ആമുഖത്തില്‍, 1962 മുതല്‍ 1970 വരെ വടക്കന്‍ യെമനിനെ പ്രക്ഷുബ്ധമാക്കിയ ആഭ്യന്തര യുദ്ധത്തെ കുറിച്ചു ഷെലാഗ് വിയെര്‍ (Shelagh Weir)  ചര്‍ച്ച ചെയ്യുന്നുണ്ട്. ലേഖനം, നോവലിലെ ആത്മകഥാംശത്തെ കൃത്യമായും സൂചിപ്പിക്കുന്നുമുണ്ട്. സുന്നി മേധാവിത്തമുള്ള ഗവര്‍മെന്റും ഹൂതി, ഷിയാ റിബല്‍ ഗ്രൂപ്പുകളും സജീവമായ യമനിലെ സംഘര്‍ഷങ്ങളുടെ ചരിത്ര സമാന്തരങ്ങള്‍ ഇന്നും പ്രസക്തമാണ്. അബ്ദുല്‍ വാലി തന്നെയും നേരിട്ട പ്രതിസന്ധി, നോവെല്ലയിലെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളില്‍ കാണാം. യമനില്‍ ജനിച്ചുവെങ്കിലും ഏതാണ്ടു മുഴുവന്‍ ജീവിതകാലവും എത്യോപ്യയില്‍ കഴിഞ്ഞ അദ്ദേഹത്തെ എത്യോപ്യന്‍ സമൂഹം അന്യനായിക്കണ്ടു. താന്‍ ജീവിക്കുന്ന ചുറ്റുപാടിലും സംസ്കാരത്തിലും അന്യനായി കണക്കാക്കപ്പെടുക എന്ന പ്രമേയം അബ്ദുല്‍വാലിയുടെ കൃതികളില്‍ ഉടനീളം പ്രകടമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു (6). യമനി രാഷ്ട്രീയവും എഴുത്തുകാരന്റെ ജീവിതവും തമ്മിലുള്ള അകലത്തെ കുറിച്ചു നോവലിലെ നിരീക്ഷണവും അബ്ദുല്‍ വാലിയെ സംബന്ധിച്ച് കൃത്യമാണ്. ഒരു സ്വീഡിഷ് വനിതയെ വിവാഹം ചെയ്തതിനെ കുറിച്ചും ഏവിയേഷന്‍ അതോറിറ്റിയില്‍ ഉന്നത പദവി അലങ്കരിക്കുന്നതിനെ കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ രണ്ടുവര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നതിനെ കുറിച്ചുമുള്ള വിവരണങ്ങളും തികച്ചും ആത്മാശം ഉള്ളവ തന്നയാണ്. 1973ല്‍ ആദേനില്‍ നിന്ന് ഹദര്‍മൌത്തിലെക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നു മരിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ആയി, തന്റെ യെമനി ഭാര്യയുടെ മരണ ശേഷം വിവാഹം ചെയ്ത സ്വീഡന്‍കാരിയായ ഭാര്യയും കുറെയേറെ മക്കളും ഉണ്ടായിരുന്നു അബ്ദുല്‍ വാലിക്ക്.

References:

(1.)                Günther Orth, ‘Young Yemeni Literature Is Looking for Its Place’, Neue Zürcher Zeitung, 12 June 2004, https://en.qantara.de/content/background-gunther-orth-young-yemeni-literature-is-looking-for-its-place. Accessed 05.02.21

(2.)                Middle East Monitor, ‘Yemen through its literature: A nation besieged’, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/. Accessed 05.02.21

(3.)                Johnsen, Gregory D., and Gregory D. Johnson. The Arab Studies Journal, 12/13, no. 2/1, 2004, pp. 194–196. JSTOR, www.jstor.org/stable/27933915. Accessed 5 Feb. 2021

(4.)                Richard Michelet Grimsrud, ‘Phoenix Rising from Desert Sands: the Modern Arabic Novella in the Arab Spring’, Academia.edu, P. 96

(5.)                https://www.complete-review.com/reviews/arab/abdulwm.htm

(6.)                Marco Palladino. ‘“They Die Strangers” Book Analysis’,OurPolitics.net, 17.05-4.2017, https://ourpolitics.net/they-die-strangers-book-analysis-2/. Accessed 5 Feb. 2021


The Hostage (1984) Zayd Mutee' Dammaj (Yemen) / Christopher Tingley & May Jayyusi

 ഗതകാലത്തിന്റെ ബന്ദികള്‍



When Life is seen in the  context of history, we have a novel; when the novel’s characters live in the same world of historical persons, we have a historical novel”  (‘The English Historical Novel’ - Avrom Fleishman – P: 4)

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1918ല്‍ വടക്കന്‍ യമന്‍ സ്വതന്ത്രമായി. ഒരു ഫ്യൂഡല്‍ സമൂഹമായി നിലക്കൊണ്ട ദേശം, പലപ്പോഴും ‘ചെങ്കടലിലെ ടിബറ്റ്‌ എന്ന പേരില്‍ വിളിക്കപ്പെട്ടു. തെക്കുഭാഗത്ത്‌ ആദേന്‍ നഗരം ഒരു പോര്‍ട്ട്‌ എന്ന നിലയില്‍ അതിന്റെ തന്ത്രപ്രധാനമായ സ്ഥിതി കാരണം പുറംലോകത്തേക്കു യമനിന്റെ പ്രധാന ബാഹ്യകവാടമായി ബ്രിട്ടീഷ് അധീനതയില്‍ നിലക്കൊണ്ടു. അറബി സാഹിത്യത്തില്‍ ‘യമനിന്റെ കണ്ണ് എന്ന് വിളിക്കപ്പെട്ട ആദേന്‍, 1950 ആകുമ്പോഴേക്കും തികച്ചും കവചിതമായിരുന്ന യമനിനെ സംബന്ധിച്ചു ആധുനിക ലോകത്തേക്കുള്ള ഒരു ജനാലയും വാതിലും ആയിക്കഴിഞ്ഞിരുന്നു.  വടക്കന്‍ യമനിന്റെ ആദ്യ ഭരണാധികാരി ആയിരുന്ന ഇമാം യഹിയ നാല്‍പ്പതു ആണ്‍കുട്ടികളെ വിദേശ വിദ്യാഭ്യാസത്തിനു അനുവദിച്ചു. അവര്‍ പിന്നീട് ‘പ്രസിദ്ധരായ നാല്‍പ്പതുപേര്‍’ (The Famous Forty) എന്നറിയപ്പെട്ടു. ഏതാണ്ട് രണ്ടു  ദശകങ്ങള്‍ക്കു ശേഷം, ദാമ്മാജ് സ്വയം അത്തരത്തില്‍ വിദേശത്തെത്തിയ ബുദ്ധിജീവികളില്‍ എത്തിപ്പെടുകയും ഇജിപ്തില്‍ ജേണലിസവും നിയമവും പഠിക്കുകയും ചെയ്യും. ഒരെഴുത്തുകാരന്‍ എന്നതിനോടൊപ്പം, യമനിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ അംഗം, ഗവര്‍ണര്‍, കുവൈറ്റിലേക്കുള്ള അംബാസിഡര്‍ എന്നീ നിലകളിലും ദാമ്മാജ് സേവനം അനുഷ്ടിച്ചു. റഷ്യന്‍, ജര്‍മ്മന്‍, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട The Hostage അദ്ദേഹത്തിന്‍റെ ഏറ്റവും വിഖ്യാതകൃതിയാണ്.

1940കള്‍ പശ്ചാത്തലമാക്കുന്ന നോവല്‍ യമനി ചരിത്രത്തിലെ പോയ്പോയ ഒരു കാലത്തെയാണ് ആഖ്യാനത്തിലെത്തിക്കുന്നത്. 1940മുതല്‍ ഇമാം യഹിയ കൊല്ലപ്പെടുന്ന 1948നു തൊട്ടു പിറകെ വരെയാണ് കഥാകാലം. തികച്ചും ഫ്യൂഡല്‍ ആയിനിലക്കൊണ്ട യമനിലെ ഒരു പഴഞ്ചന്‍ സമ്പ്രദായമാണ് നോവലിന്റെ കേന്ദ്രത്തില്‍. ഗോത്ര സംഘര്‍ഷങ്ങളില്‍ അപകടകാരിയാകാവുന്ന ഗോത്രത്തെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ടി പ്രയോഗിച്ചു വന്നതായിരുന്നു അത്, ഇതിന്‍പ്രകാരം, ഇമാം ശക്തരായ കുടുംബങ്ങളില്‍ നിന്നും ആണ്‍മക്കളെ ബന്ദികളാക്കും. കുടുംബങ്ങള്‍ അവരെ പ്രതി അനുസരണശീലമുള്ളവരാകും. അങ്ങനെ കൊണ്ടുപോകുന്ന തടവുകാരനോട് മാന്യമായി പെരുമാറണം എന്നത് മത നിഷ്ഠ ആയതുകൊണ്ടു നല്ല ജീവിത സാഹചര്യവും വിദ്യാഭ്യാസവും നല്‍കപ്പെടുന്നുവെങ്കിലും, ബന്ധനം, ബന്ധനം തന്നെയായി യുവാവിനു അനുഭവപ്പെടുന്നു. അയാള്‍ക്ക് കുടുംബം, മാത്രമല്ല, സ്വന്തം പേരും നഷ്ടമാകുന്നു. തന്റെ കുടുംബത്തിന്റെ വിപ്ലവപ്രവര്‍ത്തികളെ കുറിച്ച് അയാള്‍ അറിയുന്നില്ല. കൊട്ടാരത്തിലെ മുതിര്‍ന്ന സ്ത്രീകളുടെ ലൈംഗിക തൃഷ്ണകള്‍ക്കും അയാള്‍ ഇരയാകുന്നു. അകത്തളങ്ങളിലുള്ള ഓരോരുത്തരുടെയും തൃഷ്ണകള്‍ ശമിപ്പിക്കാന്‍ ഇളംമുറക്കാരന്‍ നിര്‍ബന്ധിതനായിത്തീരുന്ന ഗവര്‍ണ്ണറുടെ കൊട്ടാരത്തെ, ഏകാധിപത്യത്തിന്റെ മലീമസ ലക്ഷ്യങ്ങള്‍ക്കായി നിസ്സഹായരാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ദേശ ജീവിതത്തിന്റെ ഗാര്‍ഹിക ചെറുപതിപ്പായി (domestic microcosm) നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. അവര്‍ ‘Duwadera’ എന്നറിയപ്പെട്ടു. തന്റെ  ഒമ്പതാം വയസ്സില്‍ നടത്തപ്പെടുന്ന അത്തരം തട്ടിക്കൊണ്ടുപോകലില്‍ ഈ ബന്ദിജീവിതത്തില്‍ എത്തിപ്പെടുന്ന, പേരു പറയുന്നില്ലാത്ത കഥാപാത്രമാണ് നോവലിന്റെ ആഖ്യാതാവ്. മുമ്പ് ‘ഷണ്ഡന്മാര്‍’ (eunuchs) കൈകാര്യം ചെയ്തിരുന്ന അന്തപ്പുര കാവല്‍ ഉള്‍പ്പടെ സേവകരായാണ് ഇത്തരം ബാലകര്‍ നിയോഗിക്കപ്പെട്ടത്. കുഞ്ഞുന്നാളില്‍ മാതാവിന്റെ കൈകളില്‍ നിന്നു തട്ടിയെടുക്കപ്പെടുന്ന ഈ കുട്ടികളുടെ ഏറ്റവും മികച്ച സാഹിതീയ മാതൃക ഇവോ ആന്ദ്രിച്ചിന്റെ ‘The Bridge on the Drina’ യിലെ മുഹമ്മദ്‌ പാഷ സൊകൊലോവിച്ചില്‍ കാണാം. എന്നാല്‍ ‘Devshirme’ system  എന്നറിയപ്പെട്ട പ്രസ്തുത സമ്പ്രദായത്തില്‍ രാജ്യത്ത് രാജാവിന് താഴെ തൊട്ടടുത്ത അത്യുന്നത പദവി വരെയെത്താന്‍ കഴിയുമായിരുന്നു അത്തരത്തില്‍ തട്ടിയെടുക്കപ്പെടുന്ന കുട്ടികള്‍ക്ക്. ഇവിടെയാകട്ടെ, ദാമ്മാജിന്റെ കഥാപാത്രം അത്തരം ഗാംഭീര്യത്തിലെക്കൊന്നും

ഉയരുന്നില്ല. അല്‍ ഖാഹിറ കോട്ടയില്‍ എത്തിപ്പെടുന്ന ബാലനനെ സനായിലെ ഗവര്‍ണ്ണറുടെ കൊട്ടാരത്തില്‍ ദുവാദേരയായി നിയോഗിക്കപ്പെടുന്നതോടെ അവന്റെ ജീവിതത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു.

ആഖ്യാതാവിന്റെ ദൌത്യനിര്‍വ്വഹന ശിക്ഷണം ഏല്‍പ്പിക്കപ്പെടുന്ന ‘സുന്ദരനായ ദുവാദേര (the handsome duwadera) എന്ന ബാലന്റെ അനുഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊട്ടാരജീവിത അന്തര്‍ നാടകങ്ങളുടെ ലൈംഗിക ജീര്‍ണ്ണതയുടെ മടുപ്പിക്കുന്ന ലോകമാണ് തുറന്നുവെക്കുന്നത്. കടുത്ത ക്ഷയരോഗ ബാധിതനാകുന്ന അയാളെ അതൊന്നും കണക്കിലെടുക്കാതെ രാത്രികാലങ്ങളില്‍ ഇടതടവില്ലാതെ സമീപിക്കുന്ന അന്തപുര സ്ത്രീകളിലൂടെ മറ്റൊരു തരം സ്ത്രീപാത്ര സൃഷ്ടിയും നോവലിസ്റ്റ് നടത്തുന്നു എന്നുപറയാം. ഇവിടെ സ്ത്രീകള്‍ ഇരപിടിയന്മാര്‍ തന്നെയാണ്. എന്നാല്‍, കൊട്ടാരജീവിതത്തിന്റെ അസംബന്ധങ്ങളെ തുറന്നുകാട്ടാന്‍ അപഥസഞ്ചാരങ്ങളുടെ യഥാതഥ ആവിഷ്കാരത്തിനു പകരം സൂക്ഷ്മ പരിഹാസമിയന്ന സൂചനകളാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

നോവലിന്റെ സിംഹഭാഗവും ആഖ്യാതാവിനു ഗവര്‍ണറുടെ സഹോദരി ശരീഫ ഹഫസയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ്. രാഷ്ട്രീയ കാരണങ്ങള്‍ക്കൊണ്ടു വിവാഹിതയായിരുന്ന അവര്‍ വിവാഹമോചനം തരപ്പെടുത്തി തിരിച്ചെത്തിയ സുന്ദരിയായ സമ്പന്ന യുവതിയാണ്. ബാലന്‍ അത്തരം വികാരങ്ങള്‍ ഉണ്ടാവാനും മാത്രമുള്ള പ്രായത്തില്‍ എത്തിയിട്ടില്ലെങ്കിലും ഇതൊരു ആണ്‍വേട്ടയുടെ ലോകമാണ്. ഇരുവര്‍ക്കും ഇടയിലെ ബന്ധമാകട്ടെ, പ്രവചനാതീത ഭാവങ്ങളിലേക്ക് ഇടയ്ക്കിടെ കടക്കുന്നുമുണ്ട്‌. ചിലപ്പോള്‍ ഹഫ്സ തന്നെ പിന്തുടരുന്നതില്‍ വിഷമിക്കുന്ന ആഖ്യാതാവ്, ചിലപ്പോള്‍ കാമുകനാകാന്‍ ഉത്‌സുകനുമാണ്. ചിലഘട്ടങ്ങളില്‍ പ്രായത്തിനു നിരക്കാത്ത അധ്ഹെഷത്ത ഭാവവും അവന്‍ പ്രകടിപ്പിക്കുന്നു. അത്തരം ചില ഘട്ടങ്ങളില്‍ തക്ക ശിക്ഷ നല്‍കുന്ന ഹഫ്സയുടെ ചെയ്തി അവനൊരു പ്രശ്നവുമല്ല. അവന്‍ കുഴപ്പത്തില്‍ ചാടുന്ന ഘട്ടങ്ങളില്‍ ഹഫ്സ സഹായത്തിനെത്തുന്നുമുണ്ട്. കിരീടാവകാശിയുടെ പ്രേയസിയുമായി ഉടക്കുന്ന ഘട്ടം അത്തരത്തില്‍ ഒന്നാണ്. കണക്കിനു തിരിച്ചടിക്കുന്ന ആഖ്യാതാവിനെ കടുത്ത ശിക്ഷയില്‍ നിന്നും രക്ഷിക്കുന്നത് ആ ഇടപെടലാണ്.

ഒരു പ്രഥമവ്യക്തിക (first person) ആഖ്യാനം എന്ന നിലയില്‍, തന്റെ ‘ദുവാദേര പദവിയെ കുറിച്ചു അറിഞ്ഞുതുടങ്ങുക മാത്രം ചെയ്യുന്ന ബാലകന്റെ പരിമിത ആവിഷ്കാരങ്ങളിലൂടെ കഥ പറയുന്നത്, നോവലിസ്റ്റിന്റെ കയ്യടക്കത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അവന്റെ കാഴ്ച്ചപ്പാട്, ഫലത്തില്‍, ഒരു പ്രിസം ആയിത്തീരുകയും അതിലൂടെ വായനക്കാര്‍ അവന്റെ ബോധ്യങ്ങള്‍ക്കും അപ്പുറം കാണുകയും ചെയ്യുന്നു. ഒരു സൈനികന്‍ ഇടയ്ക്കിടെ മൂളുന്നു:

“ഓ ദുവാദാര്‍, നിന്റെ മാതാവ്, തന്റെ നഷ്ടത്തില്‍ ദുഃഖിതയാണ്
അവളുടെ കണ്ണീര്‍ മഴപോലെ വീഴുന്നു”

ഈ വരികള്‍ ബാലകനെ അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് തന്നെ പിടിച്ചു കൊണ്ടുവന്നിരിക്കുന്നതെന്നോ, എപ്പോള്‍ തനിക്കു തിരികെ പോകാനാകുമെന്നോ അവനറിയില്ല. തന്റെ അമ്മാവന്മാര്‍ ജയിളിലാനെന്നും പിതാവ് ആദേനിലേക്ക് രക്ഷപ്പെട്ടിരിക്കുന്നു എന്നും കേള്‍ക്കുമ്പോള്‍ അവന്‍ പറയുന്നു: “അതെന്നെ ചിന്തിപ്പിച്ചു. ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്റെ പിതാവ് ഇത്ര പ്രധാനപ്പെട്ട ആളാണ്‌ എന്ന്.” ഇവിടെ വായനക്കര്‍ക്കറിയാം പുറത്തൊരു വിപ്ലവ അന്തരീക്ഷം ഉയര്‍ന്നുവരികയാണ് എന്ന്. എന്നാല്‍, ആ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും തന്റെ തടവിന്റെ കാരണത്തെ കുറിച്ചും ആഖ്യാതാവ് അജ്ഞനാണ്. അതേസമയം ഓര്‍ക്കുന്നു, ചിന്തിക്കുന്നു എന്നിങ്ങനെ ആഖ്യാതാവ് കൂടെക്കൂടെ ഉപയോഗിക്കുന്ന സംജ്ഞകള്‍ ചിലപ്പോഴൊക്കെ അസ്പഷ്ടമായി തുടരുകയും ചെയ്യുന്നുണ്ട്. ഒരുവേള അറബിക് മൂലത്തില്‍ വ്യക്തമായിരുന്നവ ഇംഗ്ലീഷ് മൊഴിമാറ്റത്തില്‍ നഷ്ടപ്പെട്ടതാകാം ഇത്തരം അവ്യ്ക്തതകള്‍ക്കു നിദാനം എന്നും വരാം. എന്നിരിക്കിലും, യമനിന്റെ ഏകീകരണത്തിനു മുമ്പത്തെ അവസ്ഥയുടെ ഒരു ചിത്രം വരക്കുന്നതിലൂടെ സാഹിതീയ പാരമ്പര്യത്തില്‍ സമ്പന്നമായ ഒരു ദേശത്തിലേക്കു മികച്ചൊരു വാതായനമായി നോവല്‍ വര്‍ത്തിക്കുന്നു. “ഇമാം യഹിയയുടെ വധത്തെ തുടര്‍ന്നും, ലോകം മാറിക്കൊണ്ടിരിക്കുകയാണ് എന്നത് അവ്യക്തമായേ വെളിപ്പെടുന്നുള്ളൂ, എന്നാല്‍ കടന്നുപോയ്ക്കഴിഞ്ഞ ഒരു ലോകത്തേക്കുള്ള ഒരൊറ്റ നോട്ടം നല്‍കുന്നതിലാണ്, എങ്ങനെയാണ് ആ ലോകം മാറാന്‍ തുടങ്ങിയത് എന്ന് പറയുന്നതിലേറെ, ദാമ്മാജിനു താല്‍പ്പര്യം.” (1).  എന്നാല്‍ വ്യത്യസ്തമായ ഒരു വീക്ഷണത്തില്‍ “ഗവര്‍ണ്ണറുടെ ചുമരുകള്‍ക്കപ്പുറം അരങ്ങേറുന്ന വിപ്ലവം  യുവ തടവുകാരന്, താന്‍ തടവില്‍ ആയിരിക്കുമ്പോള്‍ തന്നെ, മറ്റൊരു വ്യത്യസ്ത ഭാവി വിഭാവനം ചെയ്യാന്‍ സാധ്യത നല്‍കുമ്പോള്‍, ഈ പ്രതിഫലിപ്പിക്കല്‍ അന്തിമമായി പ്രകടമായിത്തന്നെ വെളിവാക്കപ്പെടുന്നുണ്ട്”(2).

പ്രാദേശിക സാംസ്കാരിക ചിത്രങ്ങളും പ്രാദേശിക ചരിത്രവും കൂട്ടിക്കലര്‍ത്തി കഥപറയുന്ന ‘തനതു യമനി എഴുത്തുകാരന്‍’ എന്ന കീര്‍ത്തി ഈ നോവലിലൂടെ ദമ്മാദ് നേടിയെടുത്തു. അറബ് ലോകത്തെങ്ങും സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞ നോവലിന് ഇംഗ്ലീഷ്,  ഫ്രഞ്ച് ഭാഷാന്തരങ്ങളും ഉണ്ടായി. “ദമ്മാദിന്റെ ചെറുകഥകളില്‍ പലതും ‘ആധികാരികമായ’ പുരാതന യമനി രംഗങ്ങള്‍ രേഖപ്പെടുത്തുന്നു, എന്നാല്‍ പലപ്പോഴും അവയില്‍ പലതിലും ഒരു വിശ്വസനീയ ഘടനയുടെയും പിടിച്ചിരുത്തുന്ന ഇതിവൃത്തത്തിന്റെയും അഭാവമുണ്ട്” എന്നും അതിനു ലഭിച്ച സ്വീകാര്യത നാട്ടില്‍ മികച്ച സാഹിത്യ പാരമ്പര്യം ഇല്ലാത്തതിന്റെ തെളിവാണ് എന്നും വിമര്‍ശനമുണ്ട്. വിദ്യാഭ്യാസ അവസരമോ മികച്ച സാഹിത്യ നിരൂപണമോ ഇല്ലാത്തത് ഇതിനുള്ള കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു (3).

പോയ നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച നൂറ് അറബ് നോവലുകളില്‍ ഇടം പിടിച്ച (Arab Writers Union) നോവല്‍, ഇമാം യഹിയുടെ ഇമാമത്തിനു കീഴിലെ ഇതര ദേശ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട (isolationist policies) യമന്‍ ദേശത്തിന്റെ ഒറ്റപ്പെടലിന്റെ ഒരു ആലിഗറി ആയി കണക്കാക്കപ്പെടുന്നു; ഒപ്പം സമാനമായ രീതിയില്‍ ഇന്നും ദേശത്തെ തടവുകാരന്‍ (hostage) ആക്കിയിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ പ്രസക്തിയൊട്ടും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ക്ലാസിക് ആയും.

References:

(1). themodernnovel. ‘Zayd Mutee Dammaj: The Hostage’, Copyright © The Modern Novel 2015-2022. https://www.themodernnovel.org/asia/arab/yemen/dammaj/hostage/. Accessed 05.02.21

(2) Middle East Monitor, ‘Yemen through its literature: A nation besieged’, May 52015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/. Accessed 05.02.21.

(3).Günther Orth, ‘Young Yemeni Literature Is Looking for Its Place’, Neue Zürcher Zeitung, 12 June 2004, https://en.qantara.de/content/background-gunther-orth-young-yemeni-literature-is-looking-for-its-place. Accessed 05.02.21

 

Saturday, November 9, 2024

Weep Not, Child by Ngũgĩ wa Thiong'o

 

സ്വാതന്ത്ര്യത്തിന്റെ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍



ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രി ചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം ങ്ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).

ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.


കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് ങ്ഗൂഗി വാ തിയോംഗോ. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം. ദുരിതങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ടെങ്കിലും വിട്ടുപോയിട്ടില്ലാത്ത സൗന്ദര്യത്തിന്റെ ഉടമയായ മമ്മ ന്യോകാബി, മകനു സ്കൂളില്‍ പോകാനുള്ള അപൂര്‍വ്വ അവസരം വാഗ്ദാനം ചെയ്യുന്നത്, അതീവ സന്തോഷത്തോടെയാണ് അവന്‍ സ്വീകരിക്കുക. ആശാരിപ്പണി പഠിക്കുന്ന അര്‍ദ്ധ സഹോദരന്‍ കമാവു അനിയനെ അനുമോദിക്കുന്നു; അവര്‍ മികച്ച ഭാവി സ്വപ്നം കാണുന്നു. ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന ഭൂമിയില്‍ ഇപ്പോള്‍ അതിന്റെ ബ്രിട്ടിഷ് ഭൂവുടമ മി. ഹോലാന്‍ഡ്സിന് വേണ്ടി കര്‍ഷകത്തൊഴില്‍ ചെയ്യുന്ന പപ്പ എന്‍ഗോതോ, കുടുംബത്തില്‍ ആദ്യം സ്കൂളില്‍ പോവുക തന്റെ മകനായിരിക്കുമെന്ന അഭിമാനത്തിലാണ്. സ്കൂളിലെ കഠിനമായ ആദ്യ ദിനങ്ങളില്‍ അവനു കൂട്ടാവുക ധനികനായ ഗികുയു കര്‍ഷകനും തങ്ങളുടെ കിടപ്പാടത്തിന്റെ ഉടമയുമായ ജകൊബോയുടെ മകള്‍ മ്വിഹാകി ആയിരിക്കും.


ഒരു സായാഹ്നത്തില്‍ , എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഗികുയു ദേശം സ്വന്തമാക്കിയതെന്ന കഥ പപ്പ തന്റെ ഭാര്യമാരോടും കോറി, ബോറോ, കമാവു, ന്യൊറോഗി എന്നീ മക്കളോടും പറയുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുവെങ്കിലും, രണ്ടാം ലോക യുദ്ധത്തിനിടെ തന്റെ സഹോദരനെ നഷ്ടമായ ബോറോയിലാണ് അത് കൂടുതല്‍ രോഷം സൃഷ്ടിക്കുക. ഇംഗ്ലീഷ് പരിജ്ഞാനം നേടിയെടുക്കുന്ന ന്യൊറോഗി തന്റെ ബൈബിള്‍ പഠനത്തിനിടെ, ഗികുയു പോരാട്ടങ്ങളും ഇസ്രയേല്യരുടെ പീഡനവും തമ്മില്‍ സാമ്യം കണ്ടെത്തുന്നു. കമാവുവാകട്ടെ, തന്റെ ആശാന്‍ എന്‍ഗാനയുടെ മെല്ലെപ്പോക്കില്‍ മടുത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍ ജനതക്ക് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിക്കുന്നതിനെ കുറിച്ച് കേള്‍ക്കാനിടയാവുന്ന എന്‍ഗോതോക്ക് അതില്‍ പങ്കെടുക്കണം എന്നുണ്ടെങ്കിലും മി. ഹോലാന്‍ഡ്സ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇതിനോടകം പ്രസ്ഥാനത്തില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നിരിക്കുന്ന ബോറോ, മറ്റു ചിലരോടൊപ്പം യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൊളോണിയല്‍ കാലത്ത് സ്വന്തമായി ഭൂമി ഉടമസ്ഥതയില്‍ വെക്കാനും കൃഷിനടത്താനും അവകാശമുള്ള ചുരുക്കം തദ്ദേശീയരില്‍ ഒരാള്‍ എന്ന നിലയില്‍ നാട്ടുപ്രമാണിയായ ജകൊബോയെ മുന്നില്‍ നിര്‍ത്തി സമരം പൊളിക്കാന്‍ പോലീസ് ശ്രമിക്കുന്നതില്‍ പ്രകോപിതനാവുന്ന എന്‍ഗോതോ സ്റ്റേജില്‍ കയറി അയാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. കലാപം ഉടനടി അടിച്ചമര്‍ത്തപ്പെടുന്നെങ്കിലും, ഭയപ്പെട്ടപോലെ, എന്‍ഗോതോയും കുടുംബവും അതിനു കനത്ത വില നല്‍കേണ്ടി വരുന്നു. മി. ഹോലാന്‍ഡ്സ് അയാളെ പിരിച്ചു വിടുകയും, ജകൊബോ അവരെ കുടിയിറക്കുകയും ചെയ്യുന്ന സന്ദിഗ്ധ ഘട്ടത്തില്‍ എന്‍ഗാന അവര്‍ക്ക് അഭയം നല്‍കുന്നു.


'മോമോ' പ്രസ്ഥാനത്തിലെ മിതസ്വരത്തിന്റെ പ്രതീകവും ന്യൊറോഗിയുടെ നായകനുമായ ജോമോ കെനിയാറ്റ അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ് രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഖ്യാനം പുരാരംഭിക്കുന്നത്. പ്രസ്ഥാനത്തിലെ തീവ്ര വിഭാഗം കടുത്ത മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞതിന്റെ ഫലങ്ങള്‍ ഹിംസാത്മകമായ തിരിച്ചടികളായി നാടെങ്ങും അനുഭവപ്പെട്ടു തുടങ്ങുന്നു. പോലീസിനെയും കലാപകാരികളെയും ജനങ്ങള്‍ ഒരുപോലെ ഭയപ്പെടേണ്ട സാഹചര്യം. ഒരു വശത്ത്‌ കൊറോയും ബോറിയും പോലീസുമായി ഇടയ്ക്കിടെ കൊമ്പു കോര്‍ക്കുന്നു. അതേ സമയം, മി. ഹോലാന്‍ഡ്സും ജകൊബോയും കൈകോര്‍ത്തു എന്‍ഗോതോയെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നു. കോറിയും എന്‍ഗോതോയുടെ ആദ്യ ഭാര്യ എന്‍യേരിയും അറസ്റ്റിലാവുന്നു. ഇത്തരം കാലുഷ്യങ്ങള്‍ക്കെല്ലാം ഇടയിലും കമാവുവിന്റെ ഉപദേശ പ്രകാരം കലാപകാരികളുടെ ഭീഷണി അവഗണിച്ചു ന്യൊറോഗി സ്കൂളില്‍ പോകുന്നത് തുടരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന മ്വിഹാകിയും ന്യൊറോഗിയും സൗഹൃദം പുതുക്കുന്നുവെങ്കിലും, തങ്ങളുടെ സാമൂഹ്യ നിലകളിലെ അന്തരം മ്വിഹാകിയെ ഉലക്കുന്നു. അതിനോടൊപ്പം, ന്യൊറോഗിക്ക് ഹൈ സ്കൂള്‍ പഠനത്തിനു അവസരം ഒരുങ്ങുമ്പോള്‍ ഗ്രേഡുകള്‍ മോശമായ മ്വിഹാകിക്ക് ടീച്ചിംഗ് കോളേജില്‍ പോകേണ്ടിയും വരുന്നു. സ്കൂളില്‍ വെച്ച് മി. ഹോലാന്‍ഡ്സിന്റെ മകന്‍ സ്റ്റീഫനുമായി അപൂര്‍വ്വമായ ഒരു സൗഹൃദത്തിലേക്കു ന്യൊറോഗി എത്തിച്ചേരുന്നു. കുട്ടിക്കാലത്ത് പരസ്പരം സംസാരിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുപേര്‍ക്കും പൊതുവായി പലതുമുണ്ടെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തുന്നു. പ്രതീക്ഷകളുടെ നാളുകള്‍ക്ക് പക്ഷെ അല്‍പ്പായുസ്സാണെന്ന് തെളിയിച്ചുകൊണ്ട്‌ , പത്തൊമ്പതാം വയസ്സില്‍ , ജകൊബോയുടെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന ന്യൊറോഗി ഭീകരമായി പീഡിപ്പിക്കപ്പെടുന്നു.


യഥാര്‍ഥത്തില്‍ ജക്കൊബോയുടെ വധം കുടുംബത്തിന്റെ സമൂലമായ ദുരന്തത്തിനു കാരണമായിത്തീരുമെങ്കിലും ന്യോറോഗിയോ എന്‍ഗോതോയോ അല്ല അതിനുത്തരവാദിയെന്നു സുവ്യക്തമാണ്. മി. ഹോലാന്‍ഡ്സും ജകൊബോയും ചേര്‍ന്ന് അച്ഛനെ അറസ്റ്റ് ചെയ്യിക്കുന്നതിനെ തുടര്‍ന്നു ബോറോയാണ് ജകൊബോയെ കൊല്ലാന്‍ പദ്ധതിയിടുന്നത് . തടവില്‍ എന്‍ഗോതോ കുറ്റ സമ്മതം നടത്തിയിട്ടുണ്ടെന്നും അയാളെ വന്ധ്യംകരിച്ചിരിക്കുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വസ്തനായ കുടിയാനെ ഇത്തിരി വൈകിയാണെങ്കിലും മനസ്സാക്ഷിയുടെ കുത്തല്‍ സഹിക്കാനാവാതെ മി. ഹോലാന്‍ഡ്സ് ജയില്‍ മോചിതനാക്കുന്നു. കസ്റ്റഡിയില്‍ പെട്ടുപോയിരുന്ന കമാവുവിനെ രക്ഷിക്കാന്‍ വേണ്ടി എന്‍ഗോതോ കുറ്റം എല്‍ക്കുകയായിരുന്നു എന്നും യഥാര്‍ഥത്തില്‍ സഹോദരന്റെ മരണത്തിനു പ്രതികാരമെന്നോണം അത് ചെയ്തത് ബോറോ ആയിരുന്നു എന്നും വ്യക്തമാവുന്നു. പീഡനത്തിന്റെ ബാക്കിപത്രമായി എന്‍ഗോതോ വൈകാതെ മരിക്കുന്നതോടെ, അയാളുടെ നിരപരാധിത്തം അറിഞ്ഞിട്ടും അതിനു വിട്ടുകൊടുത്ത മി. ഹോലാന്‍ഡ്സിനെ, അയാളുടെ വസതിയില്‍ വെച്ചുതന്നെ ബോറോ വധിക്കുകയായിരുന്നു . എന്‍ഗോതോയുടെ മരണ ശേഷം കുടുംബഭാരം ഏല്‍ക്കേണ്ടി വരുന്ന ന്യൊറോഗി പഠനം നിര്‍ത്തി ഒരു ഡ്രസ്സ്‌ ഷോപ്പില്‍ ജോലി നോക്കാന്‍ നിര്‍ബന്ധിതനാവുന്നു. തനിക്കുള്ള ഒരേയൊരു ആശ്വാസമായ മ്വിഹാകിയെ അയാള്‍ തേടിയെത്തുന്നുവെങ്കിലും, ഇരുവരും തങ്ങളുടെ പ്രണയം ഏറ്റുപറയുന്നെങ്കിലും, പിതാക്കള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ ഒരുമിക്കുന്നത് അസാധ്യമാക്കിയിരിക്കുന്നുവെന്നു തിരിച്ചറിയുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്ന ന്യൊറോഗിയേ പിന്തിരിപ്പിച്ചു മമ്മ ന്യോകാബി വീട്ടിലേക്കു കൊണ്ടുവരുന്നു.


മണ്ണിന്റെ ഉടമസ്ഥത എന്നത് പവിത്രമായ ഒരു അവകാശമായിക്കണ്ടിരുന്ന ഗികുയു സംസ്കൃതിയില്‍ ബ്രിട്ടീഷ് ഭൂസ്വത്ത് നിയമങ്ങള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അക്രമകാരികളായ കൊളോണിയലിസ്റ്റുകള്‍ വന്‍ തോതില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനും, ചിരപുരാതനമായി അന്തസ്സോടെ സ്വന്തം ഭൂമിയില്‍ കഴിഞ്ഞുവന്നവരെ അവിടെത്തെ തന്നെ അടിയാന്മാരാക്കി മാറ്റുന്നതിനും ഈ ഇടപെടലുകള്‍ നിമിത്തമായി. എന്‍ഗോതോയുടെ ജീവിതം ഈ പരിതോവസ്തയുടെ പ്രതീകമാണ്. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി നിര്‍ബന്ധിത സൈനിക വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട യുവാക്കളുടെ ജീവത്യാഗങ്ങള്‍ വിലമതിക്കപ്പെടാതെ പോയതും അമര്‍ഷം രൂക്ഷമാക്കിയ ഘടകമായിരുന്നു. നാല്‍പ്പതുകളില്‍ ആരംഭിച്ച 'കെനിയ ആഫ്രിക്കന്‍ യൂണിയന്‍ ' , ജോമോ കേനിയാറ്റയുടെ നേതൃത്വത്തില്‍ മിതവാദസമീപനങ്ങളിലൂടെ സ്വാതന്ത്ര്യ സമര സന്ദേശം ഏറ്റെടുത്തെങ്കിലും 1952-ല്‍ , ഗോത്ര സംസ്കൃതിയില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന രഹസ്യസ്വഭാവവും 'പ്രതിജ്ഞ'യെടുക്കലും അടിസ്ഥാനമാക്കി രൂപമെടുത്ത മോ മോ പ്രസ്ഥാനം യൂറോപ്പ്യന്‍ വംശജര്‍ക്കും 'ഒറ്റുകാര്‍ ' എന്ന് മുദ്രചാര്‍ത്തപ്പെട്ട തദ്ദേശീയര്‍ക്കുതന്നെയും എതിരെ കടുത്ത ആക്രമണ സ്വഭാവങ്ങളുള്ള കടന്നു കയറ്റങ്ങളിലൂടെ സ്വാതന്ത്ര്യ സമരങ്ങളുടെ നേതൃത്വം കയ്യടക്കി. 1956 ആവുമ്പോഴേക്കും ഭീകര മര്‍ദ്ദനമുറകളിലൂടെ കലാപം ഏതാണ്ട് പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടിരുന്നെങ്കിലും1960വരെ അടിയന്തിരാവസ്ഥ തുടര്‍ന്നു. 1960-ല്‍ തുടങ്ങിയ അധികാരക്കൈമാറ്റപ്രക്രിയ 1962-ലെ സ്വാതന്ത്ര്യപ്രാപ്തിവരെ തുടര്‍ന്നു. അധികാരക്കൈമാറ്റ പ്രക്രിയയുടെ കാലം 'കുഞ്ഞേ, കരയരുത്' പശ്ചാത്തലത്തിലേക്കെടുക്കുന്നില്ല.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 73-78

The Art of Hearing Heartbeats by Jan-Philipp Sendker/ Kevin Wiliarty

 

പ്രണയ നൊമ്പരത്തിന്റെ ജന്മാന്തരങ്ങള്‍



ദുരൂഹമായി അപ്രത്യക്ഷനാകുന്ന പിതാവിനെ തേടിയിറങ്ങുന്ന അന്വേഷണം എന്നത് ഒഡീസ്സിയൂസ് – ടെലെമാക്കസ്  കഥ മുതല്‍  സാഹിത്യത്തില്‍ ഒരാദിരൂപ ഘടന പോലെ ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമാണ്. നിയതമായ രക്തബന്ധം (biological father) എന്നയര്‍ത്ഥത്തില്‍ മാത്രമല്ലആത്മീയ പിതാവിനെ (spiritual father) തേടുന്ന ജെയിംസ് ജോയ്സിന്റെ സ്റ്റീഫന്‍ ഡെഡാലസിനെ പോലെ ദാര്‍ശനിക അന്വേഷണമായും പിതൃസ്വരൂപത്തെ തേടുകയെന്ന പ്രമേയം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ജര്‍മ്മന്‍ നോവലിസ്റ്റ് യാന്‍ ഫിലിപ്പ് സെന്‍കര്‍ രചിച്ചു കെവിന്‍ വിലിയാര്‍ട്ടി ഇംഗ്ലീഷ് ഭാഷാന്തരം നിര്‍വ്വഹിച്ച The Art of Hearing Heartbeats എന്ന നോവല്‍ അതി തീവ്രമായ ദാര്‍ശനിക കെട്ടുപാടുകള്‍ ഒന്നുമില്ലാതെ ഒരേ സമയം പ്രണയ വേദനയുടെതും പിതാവിനെ തേടലിന്റെയും കഥ പറയുന്നു. 

നാല് വര്‍ഷം മുമ്പ്തീര്‍ത്തും ദുരൂഹമായ വിധത്തില്‍ അപ്രത്യക്ഷനായ പിതാവ് എഴുതിയതെന്നു കരുതാവുന്ന ഒരു പ്രണയ ലേഖനം കണ്ടെത്തപ്പെടുന്നതിന്റെ ചുവടു പിടിച്ചു ബര്‍മ്മയിലെ കാലോയിലേക്ക് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന ജൂലിയ വിന്‍ എന്ന ന്യു യോര്‍ക്ക് അഭിഭാഷകയിലൂടെയാണ് വിചിത്ര സൌന്ദര്യമിയന്ന ഒരു പ്രണയ കഥയായി ‘ഹൃദ്സ്പന്ദങ്ങളുടെ ശ്രവണ കല’ വികസിക്കുന്നത്. തികച്ചും ദരിദ്രമായ ബര്‍മ്മീസ് പശ്ചാത്തലത്തില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് പ്രമുഖനായ വാള്‍ സ്ട്രീറ്റ് അഭിഭാഷകന്‍ ആയി ഉയര്‍ന്നമികച്ച സാമൂഹിക പദവിയും ജീവിത ചുറ്റുപാടുകളും ഉള്ള ടിന്‍ വിന്‍ അത്തരമൊരു ഒളിച്ചോട്ടം നടത്തിയത് എന്തിനാവാം എന്നത്പിതാവിന്റെ പാത പിന്തുടര്‍ന്നു അതേ രീതിയില്‍ പ്രശസ്തയായിക്കൊണ്ടിരിക്കുന്ന യുവ അഭിഭാഷകക്ക് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. നോവലില്‍ ഒരു നിഴല്‍ രൂപമെന്നതിനപ്പുറം പ്രസക്തിയില്ലാത്ത അമ്മയില്‍ നിന്ന് കൃത്യമായ ഒരു സൂചനയും അവള്‍ക്കു ലഭിക്കുന്നുമില്ല. പതിനെട്ടു മണിക്കൂര്‍ വിമാനയാത്രയും അതിലും ദീര്‍ഘവും ഉലച്ചുകളയുന്നതുമായ ഗ്രാമീണ- മലയോര പാതകളിലൂടെയുള്ള യാത്രകള്‍ക്കും ശേഷം കാലോയില്‍ എത്തുന്ന ജൂലിയയെ കാത്തെന്നോണം യൂബായെന്ന അമ്പത് പിന്നിട്ട വയോധിക ബര്‍മ്മീസ് പുരോഹിതന്‍ കഥകളുടെ ഭാണ്ഡവുമായി അവളെ കണ്ടുമുട്ടുന്നു. ഒരു നിയോഗം പോലെപല ഘട്ടങ്ങളിലായി അയാള്‍ പറഞ്ഞു തുടങ്ങുന്ന കഥയാണ്‌ യഥാര്‍ത്ഥത്തില്‍ നോവലിന്റെ മര്‍മ്മം. അതുകൊണ്ട് തന്നെ ജൂലിയയുടെ സ്വന്തം ആഖ്യാനം ഒരു ചട്ടക്കൂട് എന്ന നിലയിലേക്ക് ചുരുങ്ങുന്നു. യുബാ സ്വയം ആരാണ് എന്നതും കഴിഞ്ഞ നാലു വര്‍ഷങ്ങളായി അവളെ കാത്തിരിക്കയായിരുന്നു എന്നും പറയാന്‍ മാത്രം അയാള്‍ക്കും ജൂലിയക്കുമിടയിലെ ബന്ധം എന്താണെന്നതും നോവലിലെ ചെറിയ നിഗൂഡതകളില്‍ പെടുന്നു.

ഒന്നാം ലോക യുദ്ധപൂര്‍വ്വ ബര്‍മ്മയുടെ വന്യസൗന്ദര്യമിയന്ന ആദിമ വൈചിത്ര്യങ്ങളുടെ (mysterious and exotic) പശ്ചാത്തലത്തില്‍ പറഞ്ഞു തുടങ്ങുന്ന കഥയില്‍ ടിന്‍ വിന്‍ എന്ന ബാലന്റെ ജീവിതത്തിലെ അത്യസാധാരണ അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നു. ഡിസംബറിലെ ശനിയാഴ്ച്ചയെന്ന അപശകുന മുഹൂര്‍ത്തത്തില്‍ പിറന്നവന്‍ എന്ന നിലയില്‍ പിതാവ് ഖിന്‍ മോങ്ങിന്റെ അപകട മരണം ഉള്‍പ്പടെ കുടുംബത്തില്‍ ദുരന്തങ്ങള്‍ക്കു നിമിത്തമായവാന്‍ എന്ന് കണക്കാക്കപ്പെട്ട ബാലനെ അവന്റെ ആറാം ജന്മ ദിനനാളില്‍ അമ്മ മിയാ മിയ ഉപേക്ഷിച്ചു പോകുന്നത് അവനെ സ്നേഹമയിയായ ബന്ധു സു കിയുടെ സംരക്ഷണയില്‍ എത്തിക്കുന്നു. ദുരന്തങ്ങളുടെ തുടര്‍ച്ചയില്‍ കാഴ്ചശക്തി നഷ്ടപ്പെടുന്ന ടിന്‍ വിന്‍പക്ഷെ അതീവ സൂക്ഷ്മമായ ശ്രവണ ശക്തിയുടെ വരസിദ്ധിയിലേക്ക് എത്തിപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമാകുന്നത്. തുടര്‍ന്ന് യുബാ വര്‍ണ്ണിക്കുന്ന ടിന്‍ വിന്നിന്റെ ചിത്രം ജൂലിയയുടെ മനസ്സില്‍ തീര്‍ത്തും വ്യത്യസ്തനായ ഒരാളായി അയാളെ പുനസൃഷ്ടിക്കുന്നത് എങ്ങനെയെന്നത് നോവലിന്റെ പ്രധാന ആകര്‍ഷണമാണ്. എന്നാല്‍മാജിക്കല്‍ റിയലിസത്തിന്റെയോ പരമ്പരാഗത ബര്‍മ്മീസ് ദൃഷ്ടാന്ത കഥയുടെയോ ഭാവങ്ങള്‍ക്ക് പകരം യഥാതഥ ആഖ്യാന രീതിയെ ആശ്രയിക്കുന്ന നോവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ടിന്‍ വിന്‍ മുട്ടക്കുള്ളിലെ വിരിഞ്ഞിറങ്ങിയിട്ടില്ലാത്ത കോഴിക്കുഞ്ഞിന്റെ ഹൃദയ താളം ശ്രവിക്കുന്നതു പോലുള്ള വിവരണങ്ങളില്‍ വിശ്വസനീയതയുടെ അതിര്‍വരമ്പുകള്‍ നോവലിസ്റ്റ് ഏതാണ്ട് ബോധപൂര്‍വ്വം തന്നെ വലിച്ചു നീട്ടുന്നുണ്ട് എന്നും പറയേണ്ടി വരും. തന്നെയും മമ്മയെയും ഉപേക്ഷിച്ചു പോയ പിതാവിനോട് സ്വാഭാവികമായി തോന്നേണ്ട ഈര്‍ഷ്യയുടെ സ്ഥാനത്ത് സ്നേഹവും ആരാധനയും സൃഷ്ടിക്കുകയെന്ന ധര്‍മ്മം സാധിക്കാന്‍ ടിന്‍ വിന്നിനെ ഏതാണ്ടൊരു ദൈവിക പരിവേഷത്തിലേക്ക് നോവലിസ്റ്റ് ഉയര്‍ത്തുന്ന പോലെയാണ് ഈ ഭാഗം.

ഹൃദ്സ്പന്ദങ്ങള്‍ കേള്‍ക്കാനുള്ള അപൂര്‍വ്വ സിദ്ധി ലഭിക്കുന്ന ടിന്‍ വിന്‍ ആദ്യമായി കേള്‍ക്കുന്നത് മിമിയുടെ ഹൃദ്സ്പന്ദമാണ് എന്നതില്‍ ഒരു മുജ്ജന്മ ബന്ധമുണ്ടെന്നു പിന്നീട് അവര്‍ക്കിടയില്‍ വളരുന്ന അപൂര്‍വ്വ പ്രണയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്ധനായ കൌമാരക്കാരന് കാണാനാവുന്നില്ലെങ്കിലും ജന്മനാ കാലുകള്‍ക്ക് വൈകല്യമുള്ള മിമി എണീറ്റു നടക്കാന്‍ കഴിയാത്തവളാണ് എന്നത് അവന്‍ അറിയുന്നുണ്ട്. അഞ്ചു സഹോദരങ്ങള്‍ക്കിടയിലെ ഏക പെണ്‍കുട്ടി എന്ന കുടുംബ വാത്സല്യം ആവോളം അനുഭവിച്ചു വന്ന മിമിക്ക് അവളുടെ അംഗപരിമിതി അപകര്‍ഷബോധമായി അനുഭവപ്പെട്ടിട്ടില്ല. മിമിയെ പുറകിലേറ്റി നദിയും മലയും താണ്ടുന്ന ടിന്‍ വിന്നിന് അവളാണ് കണ്ണുകളാവുക. ആദിമ പറുദീസയുടെ പ്രശാന്തതയുള്ള ഈ ബന്ധത്തിലേക്ക് വില്ലനായി എത്തുക എല്ലാ ദുരന്തങ്ങളെയും തന്റെ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ വിജയിക്കുന്ന അമ്മാവന്‍ യൂസോയുടെ ഇടപെടലാണ്. യുദ്ധകാലത്തും മുപ്പതുകളിലെ മാന്ദ്യത്തിന്റെ കാലത്തും തന്റെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാനായതിനു പിന്നില്‍ അധികാര ശ്രേണിയിലെ മാറുന്ന സമവാക്യങ്ങള്‍ക്കനുസരിച്ചു അപ്പപ്പോള്‍ പാകപ്പെടാനുള്ള യുസോയുടെ മിടുക്കായിരുന്നു കാരണമെന്ന് നോവലിസ്റ്റ് അടിവരയിടുന്നുണ്ട്. നോവലിന്റെ ചരിത്രബോധത്തിന്റെ കണ്ണാടിയായിത്തീരുന്ന യൂസോരണ്ടാം ലോകയുദ്ധാനന്തര കാലത്തു തന്റെ മുന്‍ കണക്കുകൂട്ടലുകള്‍ തെറ്റിയതിനും മാറിമറിഞ്ഞ രാഷ്ട്രീയ പരിണാമങ്ങള്‍ക്കും വിലയൊടുക്കേണ്ടിയും വരുന്നുണ്ട്.  അതേസമയംനോവലില്‍ ഉടനീളം ആവര്‍ത്തിക്കപ്പെടുന്ന രാശികളുടെയും ശകുനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും സ്വാധീനത്തില്‍നിന്ന് അയാളും മുക്തനല്ല. സമൂഹത്തില്‍ ദാന ധര്‍മ്മങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ഏറെ ഉച്ചത്തിലുള്ള പ്രതീതി സൃഷ്ടിക്കാനും അപശകുനങ്ങള്‍ സൃഷ്ടിക്കാവുന്ന ദുര്‍വ്വിധിയില്‍നിന്നു രക്ഷ നേടാനുമായി കുടുംബക്കാരെ കയ്യയച്ചു സഹായിക്കുകയെന്ന രാശിനോട്ടക്കാരന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം എന്ന നിലയിലാണ് ടിന്‍ വിന്നിന്റെ കണ്ണിനു ശസ്ത്രക്രിയ ചെയ്യുകയെന്ന ‘സേവന പ്രവര്‍ത്തി’ അയാള്‍ ഏറ്റെടുക്കുന്നതും അതിന്റെ പേരില്‍ അവനെ മിമിയില്‍ നിന്ന് അകറ്റുന്നതും. അനിവാര്യമായ ദുരന്തത്തിന്റെ മുന്നോടിയായ വേര്‍പ്പാടിന്റെ മുഹൂര്‍ത്തത്തില്‍ പ്രണയം എല്ലാ അര്‍ത്ഥത്തിലും പങ്കുവെക്കപ്പെടുന്നു എന്നതാണ് യൂബായുടെ ജന്മരഹസ്യം. വര്‍ഷങ്ങളായി നിസ്സഹായനായ കൌമാരക്കാരന്‍ യൂസോയുടെ കരുനീക്കങ്ങളില്‍ ഇരയായിപ്പോകുന്നതാണ് അഞ്ചു പതിറ്റാണ്ടിലേറെക്കാലം നീണ്ട വിരഹത്തിലേക്ക്‌ ടിന്‍ വിന്നിനെയും മിമിയെയും കൊണ്ടെത്തിക്കുക. പ്രണയാര്‍ദ്രമായ അവരുടെ കത്തുകള്‍ എത്തേണ്ടിടത്ത് ഒരിക്കലും എത്തുന്നില്ല എന്നുറപ്പുവരുത്തുന്നതിനു പിന്നിലും അയാളുടെ സ്വാര്‍ഥതയാണ്: തകര്‍ച്ച നേരിടുന്ന തന്റെ ബിസിനസ്സ് സാമ്രാജ്യത്തെ രക്ഷിക്കാന്‍ സമര്‍ത്ഥനായ യുവാവിനെ അയാള്‍ക്ക് ആവശ്യമുണ്ടായിരുന്നു.

പാശ്ചാത്യലോകത്തുള്ള പ്രണയരഹിതമായ ജീവിതം നിശബ്ദം തുടരുമ്പോഴും മിമിയുടെ ഓര്‍മ്മകള്‍ ടിന്‍ വിന്നിനെ വേട്ടയാടിയിരുന്നുവെന്നു ഒരന്തിമ ശ്രമത്തില്‍ അയാള്‍ അവളോട്‌ ചേരുന്ന രീതിയില്‍ വ്യക്തമാണ്. ഒരു നിയോഗം പോലെമൃത്യുവിന്റെ അവസാന സമാഗമമായി ഇരുവരും കണ്ടുമുട്ടുന്നത്ചോദ്യങ്ങളൊക്കെ ചോദിച്ചും പറഞ്ഞും സുദീര്‍ഘമായ ഒരു സന്ധിക്കല്‍ ആയല്ല നോവലിസ്റ്റ് ചിത്രീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒന്നും പറയേണ്ടതില്ലഹൃദ്സ്പന്ദങ്ങള്‍ പങ്കുവെച്ച ജന്മാന്തര പ്രണയത്തിനു ഭാഷയുടെമൊഴിവഴക്കത്തിന്റെ ആര്‍ഭാടം ആവശ്യമേയല്ല.  മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ – ഫെര്‍മിന ബന്ധം പോലെ മാംസബദ്ധം കൂടിയായ ഒന്നായല്ലഅമിതമായി ആദര്‍ശവല്‍ക്കരിച്ച ഒന്നായാണ് ടിന്‍ വിന്‍ - മിമി ബന്ധം നോവലില്‍ ഇടം പിടിക്കുന്നത്‌. മരണത്തിലും അത്തരം ഇച്ഛാഭംഗത്തിന്റെ പരിക്കേല്‍ക്കാതെ ഒരാദര്‍ശ സങ്കല്‍പ്പനം പോലെ അതിനു പൂര്‍ണ്ണത കൈവരുന്നു. ഒരു പക്ഷെ അതിന്റെ പരിമിതിയും അതു തന്നെയാണ്.

ടിന്‍ വിന്നിനു പ്രചോദനം നല്‍കുകയെന്ന ഉദ്ദേശത്തോടെ യൂബാ പറയുന്ന മറ്റൊരു ആഖ്യാനത്തില്‍ഉച്ചനീച്ചത്വങ്ങളില്ലാത്ത സംശുദ്ധമായ പ്രണയമെന്ന അനുഭവത്തെടിന്‍ വിന്‍ - മിമി ബന്ധത്തിന് ഏറെക്കുറെ സമാന്തരമായ ഒന്നായി അതിതീക്ഷ്ണമായി പറഞ്ഞുവെക്കുന്ന മറ്റൊരു കഥകൂടിയുണ്ട്. ടിന്‍ വിന്നിന്റെ ബുദ്ധമത ഗുരു യുമേയുടെ ജീവിത കഥയിലാണ് അത് കടന്നു വരുന്നത്. വീട്ടുവേലക്കാരിയുടെ മകള്‍ മാമുവുമായി നവയുവാവിനുണ്ടായിരുന്ന ഹൃദയ ബന്ധം തകര്‍ക്കുന്നത് അയാളുടെ പിതാവാണ്. ഒരു മിന്നായം പോലെ മാമുവും കുഞ്ഞും മരണത്തിലേക്കു കൂപ്പുകുത്തുന്നത്അത് തിരിച്ചറിയാതെയെങ്കിലുംകാണാന്‍ ഇടയാകുന്നുണ്ട് യൂമേ. ബുദ്ധ സന്യാസിയുടെ പരിത്യാഗി ജീവിതത്തിലേക്ക് അയാളെ എത്തിക്കുന്നതില്‍ പ്രണയഭംഗത്തിന്റെ അനുഭവത്തിനും പങ്കുണ്ടായിരിക്കാം.  

കനംകുറഞ്ഞ കൌമാര പ്രണയ കഥയിലേക്ക്‌ ഏതാണ്ടൊരു പൌലോ കൈലോ നിലവാരത്തിലുള്ള ആഴം കുറഞ്ഞ ആത്മീയ ഭാവം കൂടി ചേര്‍ത്തുവെച്ച എളുപ്പവായനയായി നില്‍ക്കുമ്പോഴും ഇടക്കൊന്നു കണ്ണുകള്‍ ഈറനണിയുന്നതും സഹൃദയത്വത്തിന്റെ ഭാഗമാണ് എന്ന് കരുതുന്ന വായനക്കാരെ ‘ഹൃദ്സ്പന്ദങ്ങളുടെ ശ്രവണ കല’ മുഷിപ്പിക്കുകയില്ല. വായിച്ചിട്ട് ഇഷ്ടമാവാത്തവര്‍ പുസ്തകം തിരികെയെത്തിച്ചാല്‍ ചോദ്യങ്ങള്‍ ഏതുമില്ലാതെ പണം തിരികെ നല്‍കുന്നതാണ് എന്ന വെല്ലുവിളി ഉയര്‍ത്താനും അതില്‍ വിജയിക്കാനും 2002ല്‍ ജര്‍മ്മന്‍ മൂലം പുറത്തിറക്കിയപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷം2006ല്‍ ഇംഗ്ലീഷ് ഭാഷാന്തരം അവതരിപ്പിച്ചപ്പോഴും  (ഇന്ത്യന്‍ പതിപ്പ് പിന്നെയും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ഇറങ്ങുന്നത്) പ്രസാധകരെ ധൈര്യപ്പെടുത്തിയതും നോവലിന്റെ ഈ തീവ്ര വൈകാരികോര്‍ജ്ജം തന്നെയാവാം. ജാന്‍ ഫിലിപ്പ് സെന്‍കറുടെ ജര്‍മ്മന്‍ മൂലത്തോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട് കെവിന്‍ വിലിയാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാന്തരം എന്ന് നിരൂപകര്‍ വിലയിരുത്തുന്നു.  

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 261-265)

To purchase, contact ph.no:  8086126024