Featured Post

Tuesday, June 18, 2024

I Do Not Come to You by Chance by Adaobi Tricia Nwaubani


ഭംഗിവാക്കുകളുടെ കുംഭകോണം




(നൈജീരിയന്‍ നോവലിസ്റ്റ്‌ഹാസ സാഹിത്യകാരിജേണലിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധയായ അദാവോബി ട്രിഷിയ എന്‍വോബാനിയുടെ I Do Not Come to You by Chance എന്ന നോവലിനെ കുറിച്ച്ഇ മെയില്‍ സ്കാം എന്നും 419 സ്കാം എന്നും അറിയപ്പെടുന്ന നൈജീരിയന്‍ കേന്ദ്രിത ഇന്റര്‍നെറ്റ്‌ തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ പരിശോധിക്കുന്ന ആദ്യ കൃതി എന്ന നിലയിലും സമകാലിക നൈജീരിയന്‍ സാമൂഹികാവസ്ഥയുടെ ആവിഷ്കാരം എന്ന നിലയിലും ഏറെ പ്രസിദ്ധമാണ് കോമന്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ്ബെറ്റി ട്രാസ്ക് ഫസ്റ്റ് ബുക്ക് അവാര്‍ഡ്വോലെ സോയിങ്ക സാഹിത്യ പുരസ്കാരംതുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഈ നോവല്‍.)

 

"പ്രിയ സുഹൃത്തെഞാന്‍ താങ്കളെ തേടിയെത്തുന്നത് യാദൃശ്ചികമായല്ലവിശ്വസ്തവും ആശ്രയിക്കാവുന്നതുമായ ഒരു വിദേശ ബിസിനസ്സുകാരനോ കമ്പനിക്കോ വേണ്ടിയുള്ള എന്റെ അന്വേഷണത്തില്‍ നൈജീരിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ് ഇന്‍ഡസ്ട്രി താങ്കളുടെ പേരാണ് നല്‍കിയത്ഇത്രയും വലിയ ഒരു ഇടപാടിന്റെ കാര്യത്തില്‍ അത് കൈകാര്യം ചെയ്യാന്‍ താങ്കളെ വിശ്വസിച്ചേല്‍പ്പിക്കാം എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ.” ഇ മെയില്‍ സ്കാം എന്നും '419-er'എന്നും വിശേഷിപ്പിക്കപ്പെടുന്ന തട്ടിപ്പിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങള്‍ ഇന്ന് അപരിചിതമല്ലഒരു ബന്ധവുമില്ലാത്ത ഉറവിടങ്ങളില്‍ നിന്നെത്തുന്ന അത്തരം സന്ദേശങ്ങള്‍ പരിഹാസവും ജിജ്ഞാസയും ഇത്തിരി കൌതുകവും എല്ലാം ജനിപ്പിക്കുമെങ്കിലും ഒട്ടുമിക്കയാളുകളും ഡിലീറ്റ് ബട്ടന്‍ കൊണ്ടാണ് അത് കൈകാര്യം ചെയ്യുകനൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തരം റാക്കറ്റുകളുടെ ഉള്ളുകള്ളികള്‍ പക്ഷെ അത്ര സുപരിചിതമല്ല പുറം ലോകത്തിന്ഭംഗിവാക്കുകളും നിര്‍ല്ലോഭമായ മുഖസ്തുതിയും പ്രയോഗിക്കാനുള്ള കഴിവും ധനാര്‍ത്തിയെന്ന മനോനില കണ്ടെത്തി ചൂഷണം ചെയ്യാനുള്ള മിടുക്കും ഒരിക്കല്‍ പെട്ടുപോയാല്‍ പോയതും ഇരട്ടിയും തിരിച്ചു പിടിക്കാന്‍ വേണ്ടി വീണ്ടും വീണ്ടും ആണ്ടു മുങ്ങാനുള്ള ചൂതാട്ട ദൌര്‍ബല്ല്യം കണ്ടറിഞ്ഞു മുതലെടുക്കാനുള്ള ദാക്ഷീണ്യമില്ലായ്മയും - ഒരു സ്കാമര്‍ക്കുണ്ടാവേണ്ട അവശ്യ യോഗ്യതകള്‍ തിരിച്ചറിയുക പ്രയാസമല്ലനൈജീരിയന്‍ സാഹചര്യത്തില്‍ ഈ ആഗോള തട്ടിപ്പിന്റെ വിനിമയങ്ങള്‍ എങ്ങനെയൊക്കെ രൂപപ്പെടുന്നുവെന്ന്എന്താണ് അവയുടെ അടിയൊഴുക്കുകള്‍ എന്ന്ശക്തമായ ഇതിവൃത്തഘടനയോടെ ഹാസ്യാത്മകവും ചിലപ്പോഴൊക്കെ പ്രകോപന പരവുമായ ശൈലിയില്‍ പരിശോധിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റ് അദാവോബി ട്രിഷിയ എന്‍വോബാനി തന്റെ പ്രഥമ നോവലില്‍.

കൊളോണിയല്‍ സംസ്കൃതിയുടെ ഗുണഫലങ്ങള്‍

ഗ്രാമീണര്‍ക്ക് എല്ലാമറിയാമായിരുന്നു എന്ന് തോന്നിആരുടെ മുതുമുത്തശ്ശിയാണ് ഒരു വേശ്യയായിരുന്നതെന്ന് അവര്‍ക്കറിയാമായിരുന്നുഏതു കുടുംബം ഏതു കുടുംബത്തിന്റെ അടിമകളായിരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നുതലമുറകള്‍ക്ക് മുമ്പ് പാഗന്‍ കോവിലുകളിലേക്ക് നടയിരുത്തപ്പെട്ട പൂര്‍വ്വികര്‍ ഉള്ള ആരൊക്കെയാണ്  'ഓസു'   ഭ്രഷ്ടരായിരുന്നത്  എന്നവര്‍ക്ക് അറിയാമായിരുന്നുഅതുകൊണ്ട് അന്ന് ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായും അവര്‍ക്കറിയാമായിരുന്നു എന്നത് ഒട്ടും ആശ്ചര്യകരമായിരുന്നില്ല.” മുഖ്യ കഥാപാത്രമായ കിംഗ്സ് ലിയുടെ മാതാപിതാക്കളെ സംബന്ധിച്ചുള്ള പൂര്‍വ്വ ചരിത്രം ആവിഷ്കരിക്കുന്ന നോവലിന്റെ ആമുഖ അധ്യായത്തില്‍ പ്രകടമായ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ തനതു മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശമുള്ള ഈ തുടക്കം നല്‍കുന്ന പ്രതീക്ഷ ഉടനീളം പാലിക്കുന്നുണ്ടോ എന്ന ചോദ്യം വായനാന്ത്യത്തില്‍ അനുവാചകന്റെ മുന്നില്‍ ഉയര്‍ന്നേക്കാം.  കൊളോണിയല്‍ നൈജീരിയയില്‍ മിഷനറി വിദ്യാഭ്യാസത്തിന്റെ ഗുണ ഭോക്താവായി വളരാന്‍ ഒസോമിന അഗസ്റ്റിനയെ സഹായിക്കുന്നത് പെണ്‍കുട്ടികള്‍ എഴുതാനും വായിക്കാനുള്ള പഠിപ്പിനപ്പുറം പോകുന്നത് ആര്‍ഭാടമാണ് എന്ന് ചിന്തിക്കുന്ന ഇബോ പാരമ്പര്യത്തിന് വിരുദ്ധമായി കുലപതിയായ ഗൃഹനാഥന്റെ മേല്‍ റവസിസ്റ്റര്‍ സേവ്യര്‍ ശരിയായ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കൊണ്ടാണ്തുടര്‍ന്ന് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഉമുവാഹിയയിലുള്ള അമ്മായിയുടെ വീട്ടിലേക്കു താമസം മാറുന്ന അഗസ്റ്റിനബ്രിട്ടനിലെ എഞ്ചിനീയറിംഗ് പഠിത്തത്തിലൂടെ ഇംഗ്ലീഷ് സംസ്കാരത്തില്‍ വല്ലാതെ മുഴുകിപ്പോയ "ആത്മ ലോകത്ത് നിന്നും ഒരു പ്രത്യേക ദൌത്യവുമായി ലൌകിക ലോകത്തെത്തിയ ദൂതനെ പോലെതോന്നിക്കുന്ന പോളിനസ്സിനെ പരിചയപ്പെടുകയും സൗഹൃദം പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയും ആയിരുന്നുഅമ്മായിയുടെ ഭര്‍ത്താവായ ടീച്ചറും എഞ്ചിനീയറും തമ്മിലുള്ള സംഭാഷണങ്ങളില്‍ തനതു ആഫ്രിക്കന്‍ സംസ്കാരവും ഇറക്കുമതി ചെയ്ത കൊളോണിയല്‍ മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രകടമാണ്:

എഞ്ചിനീയര്‍താങ്കള്‍ കാര്യങ്ങളെ വല്ലാതെ വലിച്ചു നീട്ടുന്നുവെന്നാണ് എനിക്ക് തോന്നുന്നത്വെള്ളക്കാരന്റെ വഴികള്‍ താങ്കളെ ഭ്രാന്തനാക്കാതിരിക്കാന്‍ ശ്രദ്ധിക്കണംകാര്യങ്ങളുടെ കിടപ്പ് എങ്ങനെയെന്നാല്‍ആളുകള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങി താങ്കളിപ്പോള്‍ ഒരു ആഫ്രിക്കക്കാരനെ അല്ലെന്ന്.”

അവര്‍ക്കെങ്ങനെയാണ് ഞാന്‍ ആഫ്രിക്കക്കാരന്‍ അല്ലെന്നു പറയാനാവുക? .. എന്റെ തൊലി കറുത്തിട്ടാണ്എന്റെ നാസാദ്വാരങ്ങള്‍ വികസിച്ചുംഎന്റെ തലമുടി ചുരുണ്ടു മുറ്റിയും ഇരിക്കുന്നുഅവര്‍ക്ക് ഇനിയെന്ത് തെളിവ് വേണംഅതോഇനി ഞാന്‍ പുല്ലു കൊണ്ടുള്ള വസ്ത്രവും ധരിച്ച് ചിമ്പാന്‍സിയെ പോലെ നൃത്തം വെച്ച് തുടങ്ങുകയും വേണോ?”

'ടീച്ചര്‍ക്ക് വിഷം തോന്നി.

ഞാനും സ്കൂളില്‍ പോയിട്ടുണ്ടെന്ന് മറക്കരുത്... എന്ന് വെച്ച് അതുകൊണ്ട് എനിക്ക് തോന്നിയിട്ടില്ല ഞാന്‍ മറ്റൊരാളുടെ സംസംസ്കാരത്തിനു വേണ്ടി എന്റെതെല്ലാം വലിച്ചെറിയണം എന്ന്.”

വിദ്യാഭ്യാസത്തിന്റെയും പാശ്ചാത്യ സംസ്കാരത്തിന്റെയും ഫലം ലഭിച്ചാല്‍ ആഫ്രിക്കക്കാര്‍ക്ക് വലിയ കണ്ടുപിടുത്തക്കാരും ഡോക്റ്റര്‍മാരും എഞ്ചിനീയര്‍മാറും ഒക്കെയാവാന്‍ കഴിയും എന്ന് പോളിനസ് അഗസ്റ്റിനയോടും പറയുന്നുണ്ട്അയാളതിനെ 'പ്രകൃതിശിക്ഷണ വിവാദം' (nature/ nurture controversy) എന്ന് വിളിക്കും.

 

ബാധ്യതകളുടെ കാണാവഴികള്‍

            പിതാവിനെ ആരോഗ്യത്തകര്‍ച്ച ബാധിക്കുന്നതോടെ കുടുംബത്തിലെ മൂത്ത മകന്‍ എന്ന നിലയില്‍ കിങ്ങ്സ് ലിയുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നതും കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം തൊഴില്‍ മാര്‍ക്കറ്റില്‍ തന്നെ ചൂടപ്പം ആക്കുമെന്ന മിഥ്യ തകരുന്നതും അടിമുടി സ്വജന പക്ഷപാതവും അഴിമതിയും പിടിമുറുക്കിയ സാമൂഹികാവസ്ഥയില്‍ എല്ലാ ശ്രമങ്ങളും 'അഭിമുഖ'ക്കടമ്പക്കപ്പുറം പോകാത്തതും പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയുടെ ഒരു തലമുറയെ തന്നെ ഗ്രസിച്ച നൈരാശ്യമായി യുവാവിനെ പിടികൂടുന്നു.

 

രണ്ടു നാള്‍ മുമ്പ്പുറത്തുവന്ന ആരോപണം ഒരു പ്രമുഖ സെനറ്റര്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് കള്ളം പറഞ്ഞു എന്നതായിരുന്നുഅയാള്‍ കാനഡയില്‍ വര്‍ഷങ്ങളോളം ജീവിച്ചിരുന്നു എന്നത് ശരിയായിരുന്നുഎന്നാല്‍ ടൊറന്റോ യൂനിവേഴ്സിറ്റിയില്‍ അയാളുടെ ഹാജറിനെ കുറിച്ച് ഒരു രേഖയും ഉണ്ടായിരുന്നില്ല. ഇന്നലത്തേത് മുന്‍ ജനറല്‍ സാനി അബാച്ച ഭരണം മുക്കിയ മൂന്നു ബില്ല്യന്‍ പൌണ്ട് തിരിച്ചു പിടിക്കുന്നതിനായി നൈജീരിയന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ആഗോള കാംപെയ്നിനെ കുറിച്ചുള്ള വാര്‍ത്തയായിരുന്നുസ്വിസ് ബാങ്കില്‍ കണ്ടെത്തിയ ഏതാണ്ട് എഴുനൂറു മില്ല്യന്‍ മരവിപ്പിച്ചു കഴിഞ്ഞിരുന്നുഇന്നത്തേത് സ്റ്റേറ്റ് ഗവര്‍ണ്ണര്‍മാറില്‍ ഒരാളുടെ അംഗരക്ഷക സംഘത്തില്‍ ഒന്ന് ഒരു വാഹന അപകടത്തില്‍ പെട്ടിരിക്കുന്നു എന്നതാണ്ഇത് നാലാം തവണയാണ് ഇതേ ഗവര്‍ണ്ണറുടെ സംഘം ഒരു മാരകമായ അപകടത്തില്‍ പെടുന്നത്.”

 

ഇതര യുവാക്കളെ പോലെ വെറും നേരമ്പോക്ക് ബന്ധത്തിന്റെ പരിധിയിലൊന്നും പെടാത്ത തീവ്ര പ്രണയമായി അയാള്‍ ഹൃദയത്തിലേറ്റിയ ഓലാ കൂടുതല്‍ മികച്ച മേച്ചില്‍പുറം തേടി അയാളെ കയ്യൊഴിയുന്നതും കിങ്ങ്സ് ലിയെ മറ്റു വഴി തേടാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാംമമ്മയുടെ കടയില്‍ സഹായിയായി നില്‍ക്കെഉപഭോക്താക്കളെ പറ്റിച്ച് സ്വകാര്യ ലാഭമുണ്ടാക്കാനുള്ള കുരുട്ടു ബുദ്ധി ചെറുപ്പം മുതലേ പ്രകടമായിരുന്ന അവരുടെ അര്‍ദ്ധ സഹോദരനും കിങ്ങ്സ് ലിയുടെ അമ്മാവനുമായ ബോണിഫേസ് എന്ന കാഷ് ഡാഡി നടത്തിവന്ന വന്‍ കിട ഇ മെയില്‍ കുംഭകോണത്തിലേക്ക് കിങ്ങ്സ് ലി എത്തിപ്പെടുന്നത് അങ്ങനെയാണ്കത്തെഴുതാനുള്ള അവന്റെ മിടുക്ക് കുട്ടിക്കാലത്തേ കണ്ടെത്തിയ അമ്മാവന്‍ അവനില്‍ ഒരു ഭാവി ബിസിനസ് വാഗ്ദാനത്തെ ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നിരിക്കാംകൂര്‍മ്മ ബുദ്ധിയും ചടുല കൌശലങ്ങളും ആരെയും മയക്കുന്ന വാക്ചാതുരിയും അതിനൊത്ത പെരുമാറ്റ കാപട്യങ്ങളും അഭിനയ നൈപുണിയും സ്വന്തമായ കാഷ് ഡാഡി അത്തരം ബിസനസ്സിനു വേണ്ടി ജന്മമെടുത്ത ആള്‍ തന്നെയായിരുന്നുകിങ്ങ്സ് ലി നിരീക്ഷിക്കുന്നത് പോലെ:

അയാള്‍ക്ക് തന്റെ വാക്ചാതുരിയിലൂട ഒരു ചിലന്തിയെ കൊണ്ട് തനിക്കു വേണ്ടി പട്ടുനൂല്‍ സോക്സ്‌ നെയ്തെടുപ്പിക്കാന്‍ കഴിയുമായിരുന്നു.” 

കിങ്ങ്സ് ലി തന്റെ രക്ഷകന്റെ വലയില്‍ വീഴുന്നതിനു അയാള്‍ക്കുള്ള ന്യായീകരണം നൈജീരിയന്‍ സാമൂഹിക ക്രമത്തില്‍ ഏറ്റവും പ്രധാനമായ ഒന്ന് തന്നെയാണ്കുടുംബത്തെ സംരക്ഷിക്കുക എന്ന കടമ ഏറ്റവും പവിത്രമായ ആഫ്രിക്കന്‍ മൂല്യം തന്നെയാണ്പ്രത്യേകിച്ചും കുടുംബത്തിലെ മൂത്ത ആണ്‍തരിക്ക്കാഷ് ഡാഡിയാകട്ടെ ആശ്രിതരെ കയ്യയച്ചു സഹായിക്കുന്നതില്‍ ഒട്ടും അമാന്തമില്ലാത്തവനുംഅമ്മാവന്റെ സ്വാധീന വലയത്തില്‍ മടിച്ചു മടിച്ചാണെങ്കിലും പെട്ട് പോകുന്നതോടെ വിശ്വാസ വഞ്ചനയുടെ കലയില്‍ തനിക്കുള്ള മിടുക്ക് കിങ്ങ്സ് ലിയും കണ്ടെത്തുന്നുണ്ട്.

 

ചിലന്തിവലയുടെ കൌശലങ്ങള്‍

അവയവക്കടത്തും 419-er കുംഭകോണവുംഏറ്റവും ലാഭകരമായ രണ്ടു ബിസിനസ്സുകള്‍ ആയി പരിഗണിക്കപ്പെട്ടത് ഇത് രണ്ടുമായിരുന്നുഇ മെയില്‍ സ്കാം എന്ന തട്ടിപ്പ് അത് കുറ്റകരമാക്കിയ വകുപ്പിന്റെ (419) പേരില്‍ അറിയപ്പെട്ടുഈ കുറ്റത്തിന്റെ ഉള്ളറകളിലേക്ക് നടത്തിയ റിസര്‍ച്ച് വളരെ ലാഘവത്വത്തോടെവലിയ ജേണലിസ്റ്റിക്ക് സാഹസിക ഭാവങ്ങളൊന്നുമില്ലാതെ നോവലിസ്റ്റ് ഉപയോഗിക്കുന്നുപാശ്ചാത്യരായ ഇരകളെ വലവീശിപ്പിടിക്കുന്നതിന്റെ രസകരവും ഹാസ്യാത്മകവുമായ രംഗങ്ങള്‍ നോവലിലുണ്ട്ഒരു രംഗത്ത് അത്യുച്ചത്തില്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഒരു യുവാവ്ന്യു ജേഴ്സിയില്‍ നിന്നുള്ള സ്ഥൂലസ്തനിയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വേഷം കെട്ടുന്നുസാള്‍ട്ട് ലേക്കിലുള്ള കാമാതുരനായ ഇര 'ബെയ്ബ്ഉടന്‍ തന്നെ സന്ദര്‍ശിക്കും എന്ന ടെക്സ്റ്റ് മെസ്സേജുകളില്‍ വശംവദനായി നാലായിരം പൌണ്ട് അക്കൌണ്ടിലേക്കയക്കുന്നുമറ്റൊരു ഘട്ടത്തില്‍ കിങ്ങ്സ് ലി നിരീക്ഷിക്കുന്നു,

“11.6 മില്ല്യന്‍ പൌണ്ട് തന്റെ വിഹിതമായി കിട്ടുമെങ്കില്‍ ഗോറിംഗ് ആന്‍ ഫ്രാങ്കിനെ രക്ഷിക്കാന്‍ സമ്മതിച്ചേനെ.” 

എന്നാല്‍തട്ടിപ്പിന്റെ വ്യാപ്തിയും കൂസലില്ലായ്മയും വികസിക്കുന്നതോടെ പാശ്ചാത്യരായ ഇരകളുടെ ധനാര്‍ത്തിയും ദുരാഗ്രഹവും പരിഹാസ വിധേയമാക്കുക എന്നതിനപ്പുറം കൂടുതല്‍ ആത്യന്തികമായ ചില നിരീക്ഷണങ്ങള്‍ കൂടി നോവല്‍ പങ്കുവെച്ചു തുടങ്ങുന്നുണ്ട്അതിസാധാരണക്കാരായ ആളുകള്‍ ('സ്മിത്ത്', 'ജോണ്‍സ്') അല്ല ആര്‍ത്തിപ്പണ്ടാരങ്ങളായി കാഷ് ഡാഡിയുടെയും കിങ്ങ്സിന്റെയും വലക്കണ്ണികളില്‍ കുരുങ്ങുന്നത്റംസ്ഫെല്‍ഡ്കൊണ്ടലീസ്സ,   ആല്‍ബ്രൈറ്റ്ലെറ്റര്‍മന്‍ തുടങ്ങിയ പേരുകള്‍ സൂചിപ്പിക്കുന്ന വന്‍ തോക്കുകള്‍ തന്നെയുമാണ്തിരിച്ചു കാഷ് ഡാഡിയാകട്ടെകടലാസ് കമ്പനികളുടെ നിര്‍മ്മാണ പങ്കാളികള്‍ എന്ന നിലയില്‍ മാത്രമല്ലസ്ഥാന ഭ്രഷ്ടനായ സാക്ഷാല്‍ സാനി അബാച്ചയുടെ അനന്തരാവകാശിയും സഹോദരിയും നൈജീരിയന്‍ ഏവിയേഷന്‍ മന്ത്രി അല്‍ഹാജി മഹ്മൂദും അതുപോലുള്ള അധികാര കേന്ദ്രങ്ങളും മറ്റുമായി അവതാരമെടുക്കുകയും വിമാനത്താവള നിര്‍മ്മാണത്തിന് പാശ്ചാത്യ നിര്‍മ്മാണക്കമ്പനികളുടെ സഹകരണം തേടുന്ന രാഷ്ട്ര നിര്‍മ്മാതാവാകുകയും ചെയ്യുന്നുഅമേരിക്കക്കാരുടെ ശുദ്ധ വിവരക്കേടില്ലാതെ ആര്‍ക്കും കാഷ് ഡാഡിയെ പോലെ പ്രകടമായ ഇബോ ശരീര പ്രകൃതിയും സംസാര ശൈലിയും ഉള്ള ഒരാളില്‍ കൃത്യമായും ഹോസ വിഭാഗക്കാരനെന്ന സൂചനയുള്ള അല്‍ ഹാജി മഹ്മൂദ് എന്ന മന്ത്രിയെ കാണാനാവില്ല എന്ന് കിങ്ങ്സ് ലി കളിയാക്കുന്നുണ്ട്കാഷ് ഡാഡിയുടെ സംസാര വൈഭാവത്തില്‍ ആരാധന തോന്നിയത് കിങ്ങ്സ് ലി തുറന്നു പറയുന്നുണ്ട്ഫെഡരല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ വ്യോമയാന മന്ത്രിയുടെ അവതാരമായി കാഷ് ഡാഡി പ്രഘോഷണം നടത്തുന്നു: “ഒരുമിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു,' കാഷ് ഡാഡി പ്രഖ്യാപിച്ചു.

അല്ലാഹുവിന്റെ വിളിയെത്തിക്കഴിഞ്ഞുഐക്യം ഇബോക്കും ഹോസക്കുമിടയില്‍, ഹോസക്കും യോറൂബക്കുമിടയില്‍യോറൂബക്കും ഇബോക്കുമിടയില്‍ഒരൊറ്റ നൈജീരിയഎന്റെ പ്രിയ സുഹൃത്തെഇത്തരം സന്ദര്‍ഭങ്ങളിലാണ് എന്തിനാണ് അമേരിക്ക ശീതയുദ്ധം നടത്തിയതെന്ന് എനിക്ക് മനസ്സിലാകുക.” 

ആ ഉപമയുടെ അസംബന്ധം സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗൌരവത്തോടെ ഇരുപക്ഷവും വിഴുങ്ങുന്നു.

            വലിയ ആദ്യ ഗഡു അടച്ചു കഴിഞ്ഞ ഇരക്ക് പുതുതായി അപ്പോഴപ്പോള്‍ സംഭവിക്കുന്ന  'ഔദ്യോഗികകടമ്പകള്‍ മറികടക്കാന്‍ കൂടുതല്‍ മുടക്കുക എന്നത് നിക്ഷേപിച്ചത് നഷ്ടപ്പെടാതിരിക്കാന്‍ കൂടിയുള്ള അനിവാര്യതയായിത്തീരുന്നു.

“16000പൌണ്ട് വക്കീല്‍ ഫീസ്‌, 19000പൌണ്ട് ഗുണഭോക്തൃ മാറ്റ സര്‍ട്ടിഫിക്കേറ്റ്, 14500പൌണ്ട് സെക്യൂരിറ്റി കമ്പനി താരിഫ്, 21000പൌണ്ട് ഉടമസ്ഥ മാറ്റത്തിന്, 11900പൌണ്ട്കുറിയര്‍ ചാര്‍ജ്ജ്, 23000പൌണ്ട്കസ്റ്റംസ് ക്ലിയറന്‍സ്, 17000പൌണ്ട് ഹേഗ് ഓതറൈസേഷന്‍, 9000പൌണ്ട്ECOWAS ഡ്യൂട്ടി, 187000പൌണ്ട് ഇന്‍ഷൂറന്‍സ് ഫീസ്‌ഇത്രയും ആയപ്പോള്‍ അയാളുടെ ഉത്സാഹം കെട്ടു തുടങ്ങിയിരുന്നുഇനി 58മില്ല്യന്‍ പൌണ്ട് അയാളുടെ പക്കലേക്ക് മാറ്റാന്‍ സമയമായി.” 

പടിപടിയായുള്ള പണം പിടുങ്ങലിന്റെ മാതൃക നോവലില്‍ അവതരിപ്പിക്കുന്നത്‌ ഇങ്ങനെയാണ്.

ഈ രീതിയില്‍ ആഫ്രിക്കയും പാശ്ചാത്യ ലോകവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ തലങ്ങള്‍ അതീവ ലളിതമായ ഇ മെയില്‍ സ്കാമിന്റെ രൂപത്തില്‍ ആവിഷ്കരിക്കപ്പെടുന്നതിനു അനുവാചകന്‍ സാക്ഷിയാകുന്നുഎല്ലാ തട്ടിപ്പിന്റെയും ലാഘവത്വത്തിന്റെയും പിറകില്‍ രോഷത്തിന്റെ ഒരു കാണാപ്രവാഹമുണ്ട്സന്ദേഹമേതുമില്ലാതെ തങ്ങളെ സമീപിക്കുന്ന പാശ്ചാത്യരെ ചതിക്കുന്നതിലെ അധാര്‍മ്മികതയെ കുറിച്ച് ചോദിക്കുമ്പോള്‍ ആദ്യം കാഷ് ഡാഡിയും പിന്നീട് കിങ്ങ്സ് ലിയുമെല്ലാം ആഫ്രിക്കന്‍ അനുഭവങ്ങളെ കുറിച്ച് പറയുന്നുണ്ട്അടിമക്കച്ചവടത്തിന്റെനൈജര്‍ ഡെല്‍റ്റയിലെ എണ്ണസമൃദ്ധിയുടെ നേരെയുള്ള പാശ്ചാത്യചൂഷണത്തിന്റെകൊളോണിയല്‍ ദുരനുഭവങ്ങളുടെ ചരിത്രംതങ്ങളില്‍ നിന്ന് നീതിരഹിതമായി കൊള്ള ചെയ്ത കുറച്ചെങ്കിലും തങ്ങള്‍ തിരിച്ചു പിടിക്കുക മാത്രമാണ്. 'ഭംഗിവാക്കുകള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന ഇടത്തില്‍കിങ്ങ്സ് ലിയുടെ മുഖത്തു നോക്കി 419 എന്ന വാക്ക് ആരും പറയാറുണ്ടായിരുന്നില്ലഅമ്മ പോലുംഓലാ മാത്രമാണ് അത് പറയുന്നത്നിനക്കതില്‍ കുറ്റബോധമില്ലേ എന്ന അവളുടെ ചോദ്യത്തിന് അവന്റെ മറുപടി ഇതാണ്:

എന്താണതില്‍ കുറ്റബോധം തോന്നാനുള്ളത്നൂറ്റാണ്ടുകളായി ആഫ്രിക്കയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കലാവസ്തുക്കളുടെ പേരിലോ പ്രകൃതി വിഭവങ്ങളുടെ പേരിലോ ആര്‍ക്കെങ്കിലും കുറ്റബോധമുണ്ടോഎന്റെ തട്ടിപ്പുകള്‍ ഭക്ഷ്യ ശൃംഖലയില്‍ അവയുടെ പങ്കു വഹിക്കുന്നതെയുള്ളൂ.” 

അതൊരു സൌകര്യത്തിനുള്ള ന്യായീകരണമായിരിക്കാംഎന്നാല്‍ അതില്‍ സത്യവും തീര്‍ച്ചയായുമുണ്ട്. 'പോക്കറ്റിന്റെ മന്തുരോഗംഅനുഭവിക്കുന്ന കാഷ് ഡാഡിയുടെ കയ്യയച്ചുള്ള കാരുണ്യ പ്രവര്‍ത്തികളും സ്കൂള്‍അനാഥാലയങ്ങള്‍വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവ പങ്കാളിത്തവും ആശ്രിതര്‍ക്ക് വേണ്ടിയുള്ള കണക്കു നോക്കാത്ത സഹായങ്ങളും ഇതോടു ചേര്‍ത്തു കാണണം.

മീഡിയ എന്ത് തന്നെ ഘോഷിച്ചാലും ശരിഞങ്ങള്‍ വില്ലന്മാരായിരുന്നില്ലപൂര്‍വ്വ നൈജീരിയയിലെ നല്ലവരായ ആളുകള്‍ക്ക് അതറിയാമായിരുന്നു

കിങ്ങ്സ് ലി നിരീക്ഷിക്കുന്നുണ്ട്ഇതേ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണര്‍ പദവിയിലേക്ക് മത്സരിക്കാന്‍ കാഷ് ഡാഡി തീരുമാനിക്കുന്നതും വിജയം ഉറപ്പായ അയാളുടെ ദുരൂഹ മരണത്തിലേക്ക് ഒരു പക്ഷെ കാരണമായ ശത്രുക്കളെ അയാള്‍ നേടിയെടുക്കുന്നതുംഅത് നോവലില്‍ ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ലെങ്കിലുംതെരഞ്ഞെടുപ്പു ഘട്ടത്തില്‍ മാത്രം ഇരുപത്തിമൂന്ന് രാഷ്ട്രീയക്കൊലകള്‍ നടന്ന ഒരന്തരീക്ഷത്തിലേക്ക് സ്ഥാനാര്‍ഥിയായി ചുവടു വെക്കുക എന്ന ഒരേയൊരു കാര്യത്തിലാണ് കാഷ് ഡാഡിയുടെ സ്വതസിദ്ധമായ ദീര്‍ഘ ദര്‍ശിത്ത സിദ്ധിയും കണക്കു കൂട്ടലും അയാളെ കൈവെടിഞ്ഞത് എന്ന് ന്യായമായും സംശയിക്കാം.

പരിവര്‍ത്തനത്തിന്റെ സാധ്യതയും സാധുതയും

ഭീകര തട്ടിപ്പിന്റെ പ്രണേതാക്കാളെ റോബിന്‍ഹുഡ് പരിവേഷത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലൂടെ ഒരര്‍ത്ഥത്തില്‍ ഇ മെയില്‍ സ്കാമിനെ സംബന്ധിച്ച അപകീര്‍ത്തികരമായ കാഴ്ചപ്പാടുകളെ മറ്റൊരു വീക്ഷണത്തില്‍ ഭാഗികമായെങ്കിലും പൊളിച്ചെഴുതുകയുമാണ് നോവലിസ്റ്റ്എന്നാല്‍ ഈ നിലപാടില്‍ അടങ്ങിയിരിക്കുന്ന ധാര്‍മ്മിക അങ്കലാപ്പ് നോവലിസ്റ്റ് കാണാതെ പോകുന്നില്ലഒരു ഘട്ടത്തിലും കിങ്ങ്സ് ലിയുടെ പണം നേടിക്കൊടുക്കുന്ന സൌഭാഗ്യങ്ങളോട് സന്ധി ചെയ്യുന്നില്ലാത്ത മമ്മ അയാളോട് നിരന്തരം ആവശ്യപ്പെടുന്നത് കാഷ് ഡാഡിയുടെ സംശയാസ്പദമായ വിനിമയങ്ങളില്‍ നിന്ന് മുക്തി നേടി തന്റെ വിദ്യാഭ്യാസത്തിനൊത്ത മാന്യമായ തൊഴില്‍ കണ്ടെത്താനും ചെറിയതെങ്കിലും അന്തസ്സുള്ള വരുമാനത്തില്‍ തന്നെയും കുടുംബത്തെയും സംരക്ഷിക്കാനുമാണ്അതിന്റെ പേരില്‍ സ്വയം ചികിത്സ നിഷേധിക്കുന്നു പോലുമുണ്ട് മമ്മഡാഡിക്ക് അക്കാര്യത്തില്‍ വാക്ക് കൊടുത്തിരുന്ന കാര്യം ഇടയ്ക്കിടെ അവര്‍ മകനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുംകിങ്ങ്സ് ലി തന്നെയും തന്റെ തൊഴിലില്‍ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുമുണ്ട്പഠനം നിര്‍ത്തി തൊഴില്‍ തേടിയിറങ്ങാനുള്ള അനുജന്റെ തീരുമാനം കേട്ട് പൊട്ടിത്തെറിക്കുന്നതുംഇംഗ്ലണ്ടിലേക്ക് ചേക്കേറാനുള്ള ഉപാധി മാത്രമായ യോജിക്കാത്ത വിവാഹത്തിനു തയ്യാറെടുക്കുന്ന സഹോദരിയെ പിന്തിരിപ്പിക്കുന്നതും വളഞ്ഞ വഴികളോട് സര്‍വ്വാത്മനാ കൂടെ നില്‍ക്കാന്‍ കഴിയാത്ത അയാളുടെ പ്രകൃതം വിളിച്ചോതുന്നുകിങ്ങ്സ് ലി നല്‍കുന്ന അപായ സൂചന അവഗണിച്ചു സ്വയം കൃതാനര്‍ത്ഥമായി ഇറാനി ഇരയുടെ കെണിയില്‍ കുരുങ്ങി അപ്രത്യക്ഷനാകുന്ന സഹപ്രവര്‍ത്തകന്‍ അസുകയെ ഓര്‍ത്ത് നിഷ്പ്രയോജകമായി ആധി കൊള്ളുന്ന അനന്തിരവനോട് പ്രായോഗിക ബുദ്ധിയായ അമ്മാവന്‍ ഉപദേശിക്കുന്നുണ്ട്ഒരാള്‍ സ്വയം വിഡ്ഢിയാകാന്‍ തീരുമാനിച്ചാല്‍ നമുക്കതില്‍ ഒന്നും ചെയ്യാനില്ലഅതിനു പിന്നാലെ പോകുന്നത് മറ്റുള്ളവര്‍ക്കും അപകടം വരുത്തിവെക്കുകയെ ഉള്ളൂകാഷ് ഡാഡിയുടെ കൊലക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ താല്‍പര്യപ്രകാരം കിങ്ങ്സ് ലിക്ക് എല്ലാം ഏറ്റെടുക്കേണ്ടി വരുന്നു.

വലിയ ആശയങ്ങളും ടെക്സ്റ്റ് പുസ്തകങ്ങളുമല്ലാതെ യാതൊന്നും തരാതെ പോയ എന്റെ യഥാര്‍ത്ഥ പിതാവില്‍ നിന്ന് വ്യത്യസ്തമായികാഷ് ഡാഡി എനിക്കൊരു വിജയിച്ചു വരുന്ന ബിസിനസ് സാമ്രാജ്യം തന്നുഇതന്നെ സ്പര്‍ശിച്ചുഎനിക്കഭിമാനം തോന്നി.” 

ടെലി കമ്യൂണിക്കേഷന്‍ മേഖലജി എസ് എം ടെക്നോളജിഇന്റര്‍നെറ്റ്‌ തുടങ്ങിയ അതീവ സാധ്യതയുള്ള നിയമാനുസൃത ബിസിനസ്സുകളില്‍ നിക്ഷേപം നടത്തണമെന്നും അതുവഴി വരുമാനത്തിന് സ്രോതസ്സ് കാണിക്കാമെന്നും ഉപദേശിക്കുമായിരുന്ന കാഷ് ഡാഡിയെ കിങ്ങ്സ് ലി പിന്തുടരുന്നുണ്ട്പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കൂടി ഉപയോഗിച്ച് തങ്ങളുടെ ഇടപാടുകളെ അയാള്‍ നിയമാനുസൃതമാക്കിയതായി കാണപ്പെടുന്നത് മമ്മക്ക് വലിയ ആശ്വാസവും മകനെയോര്‍ത്തുള്ള അഭിമാനവും ആയിത്തീരുന്നുമുണ്ട്ഓലായോട് എന്ന പോലെത്തന്നെ പില്‍ക്കാലം യഥാര്‍ത്ഥ പ്രണയം തോന്നുന്ന ഒരേയൊരു പെണ്‍കുട്ടിയായ മെറിറ്റിനോടും തന്റെ യഥാര്‍ത്ഥ ബിസിനസ് എന്താണെന്ന് അയാള്‍ക്ക് തുറന്നു പറയാനാവാത്തതും ഉള്ളിലുള്ള സന്ദേഹങ്ങള്‍ കൊണ്ടാവണംഅമിതമായ പാശ്ചാത്യ സൌന്ദര്യസങ്കല്‍പ്പങ്ങളുമായി ആണ്‍വേട്ടക്കിറങ്ങുന്ന 'പെണ്‍ ഡ്രാക്കുളമാര്‍' അയാളെ ആകര്‍ഷിക്കുന്നേയില്ലഓലാ വിട്ടുപോയ ശേഷമുള്ള അയാളുടെ പാതിവൃത്യം ഒരനാവശ്യ എടുത്തുകെട്ടലായി കാണുകയും അതവസാനിപ്പിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന കാഷ് ഡാഡി തുടങ്ങിവെക്കുന്ന 'ഒറ്റ രാത്രി ബന്ധങ്ങള്‍വേണ്ടുവോളം അയാളുടെ ജീവിതത്തില്‍ പിന്നീട് പതിവാകുന്നുണ്ടെങ്കിലും നൈജീരിയന്‍ രാവുകളില്‍ വേട്ടക്കിറങ്ങുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികളെ പോലുള്ള പെണ്‍കുട്ടികള്‍ അയാളെ മോഹിപ്പിക്കുന്നേയില്ല. താനെന്താണ്‌ ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്നതെന്നതില്‍ കിങ്ങ്സ് ലി അനുഭവിക്കുന്ന സംത്രാസം നോവലിസ്റ്റ് അതിസൂക്ഷ്മമായി വരച്ചിടുകയാണ്കാഷ് ഡാഡി ബൈബിള്‍ ഉദ്ധരിച്ച് തന്നെ വലയിലാക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ ചെകുത്താനും ബൈബിള്‍ വാക്യം ഉദ്ധരിക്കാനാകും എന്ന ഷേക്ക്‌സ്പിയറുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്ന കിങ്ങ്സ് ലി, “ഇയാള്‍ ശരിക്കുമൊരു പിത്തരസ ബാരല്‍ തന്നെവേഷപ്രച്ഛന്നനായ ഒരാധികാരിക പിശാച്എന്നു അമ്മാവനെ വിലയിരുത്തിയിരുന്നുഎന്നാല്‍ നോവലന്ത്യം നല്‍കുന്ന സൂചന അയാളുടെ മാനസിക പരിവര്‍ത്തനത്തെ സംബന്ധിച്ച് മമ്മക്കില്ലാത്ത സന്ദേഹങ്ങള്‍ വായനക്കാരില്‍ നിറക്കുന്നുമുണ്ട്ഒരുവേളഒരിക്കല്‍ ഇറങ്ങിയാല്‍ തിരിച്ചു കയറുക ദുസ്സാധ്യമാകുന്ന ഒരു ഗര്‍ത്തമാണ് കുറ്റകൃത്യങ്ങളുടെ ലോകമെന്നത് സുവിദിതമാണല്ലോ. 

നൈജീരിയപ്രത്യക്ഷങ്ങളും പ്രതീതികളും

നോവലിലെങ്ങും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നൈജീരിയന്‍ ചിത്രങ്ങളും ആഫ്രിക്കയെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളും ഹാസ്യാത്മകമയും രോഷപൂര്‍ണ്ണമായും കെട്ടുപിണയുന്നുണ്ട്ആഫ്രിക്കക്കാരെ കുറിച്ച് നിന്ദിക്കാനുള്ള ഉപാധിയായി കുരങ്ങില്‍ നിന്നുള്ള പരിണാമം എന്ന ശാസ്ത്രദര്‍ശനത്തെ ഉപയോഗിക്കുന്നതിനെകുറിച്ച് കിങ്ങ്സ് ലി നിരീക്ഷിക്കുന്നുണ്ട്

“പരിശീലിപ്പിച്ചാല്‍ ഏതു കുരങ്ങിനെയും ഒരു കമ്പൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാക്കാം. എന്നാല്‍ 419 സ്കാം കൈകാര്യം ചെയ്തു വിജയിപ്പിക്കാന്‍ ഒരിക്കലും ഒരു കുരങ്ങിനാവില്ല. അതുകൊണ്ട് 'മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കാരുടെയും കഥ എനിക്കറിയില്ലഎന്നാല്‍ നൈജീരിയയിലെ നിഗ്ഗറുകള്‍ ഒരിക്കലും കുരങ്ങുകളല്ല.” 

ഓലായുടെ അതിവിരൂപനായ ഭര്‍ത്താവിന്റെ ഫോട്ടോ കണ്ടതിനു ശേഷം അവളുടെ കുട്ടികള്‍ അവളെ പോലെ ചന്തമുള്ളവരാണ് എന്ന് കാണുമ്പോള്‍ അയാള്‍ നിരീക്ഷിക്കുന്നുഅവരില്‍ അവരുടെ അമ്മയുടെ ജീനുകള്‍ വിജയിച്ചിരിക്കുന്നുഉത്പന്നത്തിന് പ്രകൃതിക്കുള്ള നോബല്‍ സമ്മാനം കിട്ടേണ്ടതാണ്.

 “ആ നിമിഷം ഞാന്‍ തീരുമാനിച്ചുഓലായെ ഈ മനുഷ്യന് വേണ്ടി നഷ്ടപ്പെട്ടതിന്റെ ഫലമായി മനുഷ്യന്റെ ജനിതക ധാരയില്‍ നിന്ന് ചില ഭയങ്കര പ്രകൃതങ്ങള്‍ തിരോഭവിക്കുകയും കൂടുതല്‍ സുഭഗമായ ഒരു മിശ്രിതം ഒരുവമെടുക്കുകയും ചെയ്തുവെങ്കില്‍എങ്കില്‍ മനുഷ്യ കുലത്തിന്റെ ഗുണത്തിനായി എന്റെ കുലീന സംഭാവന അര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.” 

പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന കാഷ് ഡാഡി അനന്തിരവന് നല്‍കുന്ന ഉപദേശം "എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ ഒരുക്കമില്ലാത്ത ഒന്നും ഒരിക്കലും പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കൊണ്ട് പോകരുത്.” എന്നാണുഈ നാട്ടില്‍ ഒട്ടേറെ പ്രതിഭകള്‍ ഉണ്ടെങ്കിലും 419 -എന്ന തട്ടിപ്പിന്റെ പേരിലാണ് നൈജീരിയ അറിയപ്പെടുന്നത് എന്നത് സങ്കടകരമാണ്ആന്‍ഡ്രൂ ഒന്യെ എന്ന ബാല്യകാല സുഹൃത്ത് നിരീക്ഷിക്കുന്നുബ്രിട്ടനിലേക്ക് കുടിയേറി ഇപ്പോള്‍ ഒട്ടേറെ ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കിയ ആന്‍ഡ്രൂവിന് തന്റെ ഇംഗ്ലീഷ് പാസ്പോര്‍ട്ട് കളവു പോകുന്നതോടെ അയാളുടെ ഗൃഹാതുരത്വം പമ്പ കടക്കുകയും അയാള്‍ നൈജീരിയയെ ശപിക്കുകയും ചെയ്യുന്നുഅയാളുടെ സങ്കല്‍പ്പത്തിലെ നൈജീരിയ ഇപ്പോള്‍ 'ഓരോ ദിനവും മോഷ്ടാക്കള്‍ക്കുള്ളത്എന്ന മട്ടില്‍ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പു കാലമായതു കൊണ്ടും തനിക്കു പ്രത്യേകിച്ച് റോള്‍ ഇല്ലാത്തതും അതുകൊണ്ട് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തതും ആയതുകൊണ്ടുമാവാംകാഷ് ഡാഡിയുടെ മരണം അന്വേഷിക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്‍റ് ബ്രിട്ടീഷ് മെട്രോപോളിറ്റന്‍ പോലിസിനെ വിളിക്കുന്നത് പത്രക്കാര്‍ക്ക് തങ്ങളുടെ സാമ്രാജ്യത്വ വിധേയത്വം കൊണ്ടാടാനുള്ള അവസരമാകുന്നുഭരണം ബ്രിട്ടനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നും അപ്പോള്‍ വൈദ്യുതി രംഗവും പാത വികസനവും എല്ലാം നടക്കുമെന്നും അവര്‍ അച്ചു നിരത്തുന്നുകിങ്ങ്സ് ലിയുടെ അതിസുന്ദരിയായ പെങ്ങള്‍ ചാരിറ്റി അതിവിരൂപനായ പ്രതിശ്രുത വരനില്‍ കാണുന്നത് 'എല്‍ ഡോരാഡോയില്‍ ഒരു തകര്‍പ്പന്‍ ഭാവിയുടെ പ്രത്യക്ഷംഎന്ന മട്ടിലുള്ള ഒരു ഇംഗ്ലീഷ് പാസ്പോര്‍ട്ട് സാധ്യതയായാണ്എന്നാല്‍ കിങ്ങ്സ് ലി കരുതുന്നത് തന്റെ നാട് അത്രയും കെട്ടുപോയിട്ടില്ല എന്ന് തന്നെയാണ് 

"ഈ നാട് ഭോഗിക്കപ്പെട്ടതല്ലഅത് ആദര്‍ശശാലികള്‍ക്കും പഴയ നാടോടിപ്പാട്ടുകാര്‍ക്കും ഉള്ളതും അല്ലഒരിക്കല്‍ നിങ്ങള്‍ കഠിന യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചു തുടങ്ങുകയും പരുവപ്പെടുകയും ചെയ്‌താല്‍നൈജീരിയ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലം ആയിത്തീരും.”

പ്രാരംഭ അദ്ധ്യായം നല്‍കുന്ന ഭാവ സാന്ദ്രതയുടെയും ഗരിമയുടെയും പ്രതീക്ഷ തുടര്‍ഭാഗങ്ങളില്‍ അത്രക്കങ്ങു പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നാണു ഈ ലേഖകന്റെ തോന്നല്‍കഥ പറയാനുള്ള സിദ്ധി വേണ്ടുവോളം ഉള്ള നോവലിസ്റ്റ് ആഖ്യാന ചടുലതയിലും വിശ്വസനീയതയിലും ഇടയ്ക്കിടെ സംഭവിക്കുന്ന പാകപ്പിഴകളെ മറികടക്കുന്നുണ്ടെങ്കിലും പുതു തലമുറ ആഫ്രിക്കന്‍ എഴുത്തുകാരില്‍പ്രത്യേകിച്ചും യുവ വനിതാ എഴുത്തുകാരില്‍ കാണാനാവുന്ന ധൈഷണിക ഔന്നത്യമോ ഭാഷാസൗന്ദര്യമോ ഉടനീളം നിലനിര്‍ത്തുന്ന രീതിയിലേക്ക് ഇനിയും നോവലിസ്റ്റ് മുന്നോട്ടു പോകാനുണ്ട് എന്ന് തന്നെ പറയാംഎന്നിരിക്കിലും ലോകത്തിലാദ്യമായി 419 സ്കാമിനെ സാഹിത്യത്തില്‍ അവതരിപ്പിച്ച എഴുത്തുകാരി എന്ന നിലയിലും പ്രവാസത്തിന്റെ പാശ്ചാത്യഗമന സൌഭാഗ്യങ്ങളില്ലാതെ നൈജീരിയയില്‍ തന്നെ താമസിച്ചും എഴുതിയും ഒരു അന്താരാഷ്‌ട്ര പ്രസാധക കരാറില്‍ എത്തിയ നോവലിസ്റ്റ് എന്ന നിലയിലും അദാവോബി ട്രിഷിയ എന്‍വൊബാനി അംഗീകരിക്കപ്പെട്ടിട്ടുണ്ട്എഴുത്തില്‍ ഒരൌപചാരിക പരിശീലനവും ഈ യുവ നോവലിസ്റ്റിനു ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


read more:

Under the Udala Trees by Chinelo Okparanta

https://alittlesomethings.blogspot.com/2016/10/blog-post_57.html


Zin by Haritha Savithri (Malayalam)

 

ദേശമില്ലാത്തവരുടെ യുദ്ധങ്ങള്‍

(ഹരിതാ സാവിത്രിയുടെ ‘സിന്‍’ എന്ന നോവല്‍ലോകത്തിലെ ഏറ്റവും വലിയ ദേശമില്ലാ ജനതയായ കുര്‍ദ് സമൂഹംനിലനില്‍പ്പിനായി തുര്‍ക്കി ഫാസിസത്തോടു നേര്‍ക്കുനേര്‍ നില്‍ക്കു ന്നതിന്റെ ദുരന്തങ്ങള്‍ ആവിഷ്കരിക്കുന്നു. ഒരു കേരളീയയുവതിയെ ആഖ്യാനകേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ നോവല്‍ ഇന്ത്യന്‍ സമൂഹത്തെവിശേഷിച്ചും കേരളീയ സമൂഹത്തെകുറിച്ചുള്ള നിരീക്ഷണം കൂടിയായിത്തീരുന്നു.)

തുര്‍ക്കിഇറാന്‍ഇറാഖ്സിറിയഅര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശംഒന്നാം ലോകയുദ്ധത്തിനു ശേഷം, 1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കിഇറാന്‍ഇറാഖ്സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപര മായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തി ലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാ നുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസംപീഡനംവധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായ കമായിരുന്നു. ഗോത്രമുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനു ശേഷവും ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളി കളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാ ഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ (Kurdish: Yekîneyên Parastina Jin) എന്ന പേരിലുംഇറാഖില്‍ Free Women's Unit, or YJA Star (Kurdish: Yekîneyên Jinên Azad ên Star) എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മൊസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female ‘Peshmerga’ ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. കൂട്ടക്കൊലയില്‍നിന്നു രക്ഷതേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചുകഴിയുകയും ചെയ്ത യസീദി ഗായിക ഖതൂന്‍ ഖിദര്‍ (Khatoon Khider) ആണ് ‘Sun Ladies’ എന്ന പേരില്‍  ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്. 

സദ്ദാമിന്റെ പതനംസിന്‍ജാറിലെ യസീദി സ്ത്രീകളുടെ മോചനംസിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു. കുര്‍ദ് ജീവിതം അടയാളപ്പെടുത്തുന്ന കൃതികളില്‍ഹരിത സാവിത്രി രചിച്ചഈ ലേഖനത്തിന്റെ വിഷയമായ ‘സിന്‍’ എന്ന നോവലില്‍ ഉള്‍പ്പടെഈ പെണ്‍പോരാളികളുടെ സാന്നിധ്യം സജീവമാണ്.

ലോകത്തെല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ഒരു അച്ചില്‍ വാര്‍ത്തവയാണ്...ഓരോ ദേശവും അവിടത്തെ ന്യൂനപക്ഷസമുദായങ്ങളോട് കാട്ടുന്ന വേര്‍തിരിവ്. അധികാരത്തെ ആയുധ മാക്കി അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടതന്ത്രങ്ങള്‍. വംശഹത്യകളുടെ ആസൂത്രണവും നടപ്പിലാ ക്കലുംനിര്‍ബന്ധിത തിരോധാനങ്ങള്‍, രാഷ്ട്രീയപകപോക്കലുകള്‍, ഒളിച്ചോട്ടങ്ങള്‍, പീഡനകേന്ദ്രങ്ങള്‍, സഹജീവികളെ ഈച്ചകളെപ്പോലെ കൊന്നൊടുക്കുന്നതിനെ ദേശീയവാദത്തിന്റെ മറവില്‍ ന്യായീകരി ക്കാനുള്ള അറപ്പില്ലായ്മ, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മത ത്തിനെ ദുരുപയോഗം ചെയ്യല്‍. എല്ലാത്തിനും പുറമേ, ഭയംകൊണ്ട് ഒരു ജനതയുടെ വായടക്കാന്‍ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുവഴികള്‍.”

നോവലിന്റെ ആമുഖത്തില്‍ നോവലിസ്റ്റ് രേഖപ്പെടുത്തുന്ന ഈ നിരീക്ഷണങ്ങള്‍ കൃതിയുടെ ഉള്ളടക്ക ത്തിലേക്കും സന്ദേശത്തിലേക്കുമുള്ള ചൂണ്ടുപലക തന്നെയാണ്. വൈകാതെ തിരികെയെത്താമെന്ന വാക്കുനല്‍കി നാട്ടിലേക്കുമടങ്ങിയ കാമുകനെത്തേടി കലാപഭൂമിയിലേക്ക് യാത്രചെയ്യുന്ന കാമുകിഅവിടെയെത്തുമ്പോള്‍ തേടിവന്നയാള്‍ ഒരു ആക്റ്റിവിസ്റ്റ് ആണെന്നും ഒളിവിലാണെന്നും മനസ്സിലാക്കു ന്നതും അയാളെ അന്വേഷിച്ചിറങ്ങുന്നതും അതുവഴി ആ നാട് നേരിടുന്ന അടിച്ചമര്‍ത്തലിനും കിരാത പട്ടാള നടപടികള്‍ക്കും സാക്ഷിയും ഇരയും ആയിത്തീരുന്നതും ആയുസ്സിന്റെ ബലംകൊണ്ടും അന്താ രാഷ്‌ട്ര സമൂഹത്തിന്റെ അവസാന നിമിഷത്തിലെ ഇടപെടലിന്റെ സഹായം കൊണ്ടും പാതിജീവ നും കൊണ്ടു രക്ഷപ്പെടുന്നതും ഒട്ടേറെ നോവലുകള്‍ക്കും സിനിമകള്‍ക്കും വിഷയമായ ഇതിവൃത്തം തന്നെയാണ്. ഘടനാപരമായിപ്പോലും നോവലിനോട് ഏതാണ്ടൊരു സമാന്തരമായിത്തന്നെ അനുഭവ പ്പെട്ട ഒരു ചലച്ചിത്രം ഓര്‍മ്മവരുന്നു. ചിലിയിലെ സാല്‍വഡോര്‍ അയന്റെയുടെ സോഷ്യലിസ്റ്റ് ഭരണ കൂടത്തെ സി.ഐ.എ. പിന്തുണയോടെ തകര്‍ത്തെറിഞ്ഞ അഗസ്റ്റോ പിനോഷെയുടെ പട്ടാളഅട്ടിമറിയെ (1973) പശ്ചാത്തലമാക്കി ഫ്ലോറിയന്‍ ഗാലന്‍ബര്‍ഗ് സംവിധാനം ചെയ്ത Colonia (2015) എന്ന ഇംഗ്ലീഷ് – സ്പാനിഷ് ചിത്രമാണ് അത്. തോമസ്‌ ഹോസറുടെ The Execution of Charles Horman: An American Sacrifice  എന്ന നോവലിനെ ആധാരമാക്കി ഗ്രീക്ക് – ഫ്രഞ്ച് സംവിധായകന്‍ കോസ്റ്റാ ഗാവ്റാസ് സംവിധാനം ചെയ്ത Missing (1982), അതേ പശ്ചാത്തലത്തെ തീക്ഷ്ണമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറിനു വിഷയമാക്കി. ഇപ്പറഞ്ഞ രണ്ടു ചിത്രങ്ങളും യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരങ്ങളായിരുന്നു എന്നതും പ്രസക്തമാണ്‌. 

നോവലില്‍ ഘടനാപരമായി (മാത്രം) മുഖ്യകഥാപാത്രമെന്നു പറയാവുന്ന കേരളീയ യുവതിക്ക് സീത യെന്ന പുരാണപ്രോക്തമായ പേരു നല്‍കിയതിന്റെ സാംഗത്യത്തെ കുറിച്ച് നോവലിസ്റ്റ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മര്യാദ പുരുഷോത്തമന്റെ ഭാര്യപുരുഷാധികാര മൂല്യക്രമത്തില്‍ അപമാനി ക്കപ്പെട്ടവള്‍ഒരു ഘട്ടത്തിനപ്പുറം ഇതിഹാസകേന്ദ്രത്തില്‍നിന്നു മാഞ്ഞുപോയവള്‍. പക്ഷെ അപ്പോഴും കനലായി ജ്വലിച്ചുനിന്നവള്‍. സീതയെ ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുമ്പോഴും പ്രണയഭംഗത്തിന്റെ വൈകാരിക സംഘര്‍ഷങ്ങളിലല്ല നോവലിന്റെ ഊന്നല്‍. അങ്ങനെയാണ് സ്നേഹാദരങ്ങളോടെ നോവ ലിസ്റ്റിനെ സ്വീകരിക്കുകയും പറയപ്പെടാതെ പോകുന്ന തങ്ങളുടെ കഥകള്‍ പറയാനുള്ള ജിഹ്വയായി തിരിച്ചറിയുകയുംചെയ്യുന്ന കുര്‍ദ് സൗഹൃദങ്ങളുടെ കടംവീട്ടുന്ന ഒന്നായി നോവല്‍ പരിണമിക്കുന്നത്. ഗര്‍ഭിണിയായ സീതതുര്‍ക്കി അധികൃതര്‍ പിടികൂടുമ്പോള്‍ നേരിടേണ്ടിവരുന്ന ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെയുള്ള കൊടുംക്രൂരതകളും കൂട്ടബലാല്‍ക്കാരവും കുര്‍ദ് അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഭേദ്യമുറികള്‍ (torture cells) എന്ന ഭീകരതയുടെ അറകള്‍ക്കുള്ളില്‍ (chamber of horrors) അരങ്ങേറുന്ന നൃശംസതകളുടെ ചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ ‘തടവറ സാഹിത്യം’ (prison literature) എന്ന ഴോനര്‍ തന്നെയായി വിവരിക്കപ്പെടാറുണ്ട്. നിയതമായ അര്‍ഥത്തില്‍ അത്തരം കൃതികള്‍ രചയിതാ വിന്റെതന്നെ തടവറക്കാലത്ത് രചിക്കപ്പെടുന്നവയാണ്. എന്നാല്‍ അത്തരം പീഡനങ്ങളുടെ ഭീകരാനുഭ വങ്ങള്‍ ഫിക്ഷനിലേക്ക് നിബന്ധിക്കുന്ന സമകാലിക മാതൃകകള്‍ ധാരാളമുണ്ട്.  ലബനീസ് നോവലിസ്റ്റ് ഏലിയാസ്‌ ഖൌറി, 1975–90 കാലത്തെ ലബനീസ് ആഭ്യന്തരസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച Yalo,  ഭീകരപ്രവര്‍ത്തനം ആരോപിച്ചു പിടികൂടപ്പെടുന്ന മുഖ്യകഥാപാത്രം നേരിടുന്ന ആവര്‍ത്തിച്ചുള്ള പീഡനപര്‍വ്വങ്ങള്‍ ആവിഷ്കരിക്കുന്നു. വിയറ്റ്‌നമീസ്- അമേരിക്കന്‍ നോവലിസ്റ്റ് വിയറ്റ്‌താങ് നുഹ്വെന്‍ രചിച്ച The Sympathizer എന്ന പുലിറ്റ്സര്‍ പുരസ്കാരംനേടിയ നോവല്‍ മറ്റൊരു ഉദാഹരണമാണ്. ‘അമേരിക്കന്‍ വഴികളില്‍ മലിനമാക്കപ്പെട്ട പ്രതിവിപ്ലവകാരി’ വടക്കന്‍ വിയറ്റ്നാം തടവറയില്‍ നേരിടുന്നത് മജ്ജമരവിപ്പിക്കുന്ന പീഡനമാണ്. ഖമേര്‍റൂഷ് ‘പുനര്‍വിദ്യാഭ്യാസ’ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികളും ഇക്കാര്യത്തില്‍ മാതൃകകള്‍ ആയുണ്ട്: ലുവോങ് ഉങ് എഴുതിയ First They Killed My Father: A Daughter of Cambodia Remembersവാദി റാറ്റ്നര്‍ രചിച്ച In the Shadow of the Banyan തുടങ്ങിയവ ഉദാഹരണം. ചൈനീസ് കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ ‘അപ്രത്യക്ഷരാക്കപ്പെടുന്ന’ (‘disappeared’) വീഗര്‍ (Uighur) മുസ്ലിം ജനതയുടെ അനുഭവാഖ്യാനങ്ങളിലും അവ വിഷയമാകുന്ന കൃതികളിലും സമാനമായ ഗ്രാഫിക് ക്രൂരതയുടെ ആവിഷ്കാരങ്ങള്‍ ധാരാളമുണ്ട്.

ദുസ്സഹമായ തടവറ ദിനങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ ‘ഇന്ത്യന്‍ യുവതി’യുടെ മോചനവിഷയത്തില്‍ അധികൃതരുടെ ഇടപെടല്‍കേരളത്തില്‍ നിന്നെത്തുന്ന ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ബന്ധുവിന്റെ ശ്രമങ്ങള്‍അതിനെല്ലാത്തിനുമുപരിതങ്ങളുടെ സഹോദരിയായി ഏറ്റെടുത്ത യുവതിയുടെ മോചനത്തിനായി ഏതറ്റംവരെയും പോകാന്‍ തയ്യാറായി പോരാട്ടം നടത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിആക്റ്റിവിസ്റ്റ് സമൂഹവും ചേര്‍ന്നു നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ തുടങ്ങിയവക്കൊടുവില്‍ ഒരു ജീവച്ഛവം ആയാണെങ്കിലും സീത ആശുപത്രിയിലും തുടര്‍ന്നു മോചനത്തിലും എത്തുന്നുണ്ട്. മുസ്തഫ എന്ന കഥാപാത്രം നിരീക്ഷിക്കുന്നു:

“ചുറ്റും നടന്ന കലാപങ്ങളിലും യുദ്ധങ്ങളിലും അടിച്ചമര്‍ത്തലിലും കൂട്ടക്കൊലകളിലും പതറാതെ ഞങ്ങള്‍ ഒരുമിച്ചു നിന്നു. ടര്‍ക്കിയുടെ കരുത്തിനു കുര്‍ദുകളെ അടിയറവു പറയിക്കാന്‍ കഴിയാത്തതിന്റെ കാരണവും അതുതന്നെയാണ്. ആപത്തുകാലത്ത് കൂടെയുള്ളവരെ ഉപേക്ഷിക്കു ന്നവരല്ല ഞങ്ങള്‍.”

എന്നാല്‍അനേകരുടെ ബലാല്‍ക്കാര ശേഷം തന്നെപോലുള്ള മറ്റനേകം ഇരകള്‍ ക്കൊപ്പം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലപ്പെടുന്ന ദില്‍വയെ പോലുള്ള കുര്‍ദ് പെണ്‍കുട്ടി കള്‍ക്ക് അങ്ങനെയൊരു മോചനം സാധ്യമാകുന്നില്ല. സംഘര്‍ഷഭൂമികളിലെ മാനുഷികദുരന്തങ്ങളെ കുറിച്ചുള്ള ‘കണ്ടുകിട്ടിയ ശവങ്ങളുടെ പൊട്ടും പൊടിയും എണ്ണിനോക്കിയുണ്ടാക്കിയ കണക്ക്’ എന്ന അസംബന്ധത്തിന്റെ പൊള്ളത്തരം നോവലില്‍ വ്യക്തമാക്കുന്നത് സമാന സാഹചര്യമുള്ള ലോകത്തെ മറ്റേതു ഇടത്തിനും ബാധകമാണ്. (തിമൂര്‍ എന്ന അശിക്ഷിതനായ നവയുവാവിനോട് മുസ്തഫ ചോദിക്കുന്നത് അതാണ്‌) :

“ഒരെല്ലുപോലും ബാക്കിവെക്കാതെ കത്തിത്തീര്‍ന്നവര്‍പട്ടാളക്കാര്‍ ജീവനോടെ കുഴിച്ചിട്ടവര്‍കാണാതായവര്‍ഇവരെയൊക്കെ നിന്റെ യു.എന്‍. ഏതു കണക്കില്‍ പ്പെടുത്തും?  ബലാല്‍സംഗം ചെയ്യപ്പെട്ട ഞങ്ങളുടെ പെണ്ണുങ്ങള്‍പട്ടാളക്കാരുടെ തല്ലുകൊണ്ട് നിത്യരോഗികളായിത്തീര്‍ന്ന നിരപരാധികളായ ചെറുപ്പക്കാര്‍, വാട്ടര്‍ടാങ്കുകളില്‍ മലം കലര്‍ത്തിയതി നാല്‍ പടര്‍ന്നുപിടിച്ച രോഗങ്ങള്‍മൂലം ചികിത്സ കിട്ടാതെ മരിച്ച ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഇവരെ യൊക്കെ ഏതു കണക്കില്‍പ്പെടുത്തും?”

പുസ്തകാന്ത്യം ചില വായനക്കാരെയെങ്കിലും നിരാശരാക്കിയിട്ടുണ്ട് എന്ന് പ്രതികരണങ്ങള്‍ കണ്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ അത് തീര്‍ത്തും അസ്ഥാനത്തുമല്ല. ജന്മദേശത്തെ കലുഷമായ സാഹചര്യങ്ങളോടു മല്ലടിച്ചു തളര്‍ന്ന് പ്രവാസവഴി തെരഞ്ഞെടുക്കുന്ന എഴുത്തുകാര്‍ സൃഷ്ടിക്കുന്ന സാഹിത്യത്തില്‍, (literature of exile) ഏതാണ്ടൊരു എളുപ്പവഴി പോലെ ആവര്‍ത്തിക്കുന്ന സങ്കേതമാണ് (trope) പാശ്ചാത്യ ജനാധിപത്യത്തിലേക്കുള്ള രക്ഷാമാര്‍ഗ്ഗത്തിന്റെ ‘താഴോട്ടിറങ്ങിവരുന്ന രക്ഷകനായ ദൈവം’ (deus ex machina).  ഈ ‘കൈറ്റ് റണ്ണര്‍’ മോഡല്‍ ശുഭാന്ത്യസൂചന ഗൗരവപ്പെട്ട ഒരു കൃതിക്ക് ആവശ്യമോ എന്ന ചോദ്യം ന്യായമാണ്. കുര്‍ദ് അനുഭവത്തെ തന്നെ ഫിക് ഷനലൈസ് ചെയ്യുന്ന കൃതികളില്‍ ഇതേ ഗതി പിന്തുടരുന്ന പുസ്തകങ്ങളുണ്ട്: കുര്‍ദ്-ഇറാനിയന്‍-കനേഡിയന്‍ നോവലിസ്റ്റ് അവാ ഹോമയുടെ Daughters of Smoke and Fire ഉദാഹരണം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഭീഷണി ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന ഘട്ടത്തില്‍ കനേഡിയന്‍ കാമുകനോടൊപ്പം ആ നാട്ടിലേക്ക് കുടിയേറുന്ന മുഖ്യ കഥാപാത്രംഅവിടെയിരുന്നു തന്റെ ജനതയുടെ പോരാട്ടത്തെ പിന്തുണക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ‘സിന്‍’ എന്ന നോവലിന്റെ കാര്യത്തില്‍ ഒരു തെറ്റിദ്ധാരണ കൂടിയാണ് ഈ അങ്കലാപ്പിനു നിദാനം എന്ന് സൂക്ഷ്മവായനയില്‍ കണ്ടെത്താനാകും. സീതയുടെ യാത്രയായി നോവലിനെ കാണുന്നത് തികച്ചും ഭാഗികമാണ് എന്നതാണത്. ഒരു കേരളീയ യുവതിഅപ്രത്യക്ഷനായ തന്റെ പ്രണയ പങ്കാളിയെ തേടി അയാളുടെ നാട്ടിലെത്തുകയും അവിടെ നിന്നുണ്ടാകുന്ന കടുത്ത പീഡനങ്ങള്‍ക്കൊടുവില്‍ മോചനം നേടുമ്പോള്‍ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യവും സ്ത്രീവിരുദ്ധതയും ചേര്‍ന്ന് സൃഷ്ടിക്കാന്‍ ഇടയുള്ള അവമതിയിലേക്ക് തിരികെ പോകേണ്ടതില്ല എന്ന തീരുമാനത്തോടെ അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പാശ്ചാത്യ രാജ്യത്തേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു എന്നൊരു ചുരുക്കെഴുത്ത്നോവലിനെ സംബന്ധിച്ച് ബാലിശമാംവിധം ഭാഗികമായ ഒരു വായന ആണെന്നു വ്യക്തമാണല്ലോ. യഥാര്‍ഥത്തില്‍നോവലിന്റെ ഹൃദയം സീതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതിലല്ലമറിച്ച് അവള്‍ കാണുന്നതും സാക്ഷ്യം വഹിക്കുന്നതും അനുഭവിക്കുന്നതും എന്ത് എന്നതിലാണ്അതെങ്ങനെയാണ് ഒരു ജനത നേരിടുന്ന ഭീകര ചരിത്രസന്ധിയുടെ ഫിക് ഷനല്‍ ആവിഷ്കാരമായിത്തീരുന്നത് എന്നതാണ്. അതിനാകട്ടെ ഒരു ‘അന്ത്യ’വും (closure) നോവല്‍ നല്‍കുന്നേയില്ലഅത് സാധ്യവുമല്ല. സീതയുടെ പ്രണയാന്വേഷണം പ്രസ്തുത ആഖ്യാനത്തിനുള്ള ഒരു ചട്ടക്കൂട് (framework) എന്ന നിലയിലാണ് പ്രസക്തമാകുന്നത്. ഘടനാപരമായി, ‘യൂലിസസ്’ (Ulysses by James Joyce) പോലുള്ള മോഡേണിസ്റ്റ് മാസ്റ്റര്‍പീസുകള്‍ മുതല്‍ ഉപയോഗിച്ചുവന്നിട്ടുള്ള ഈ രചനാതന്ത്രം സമകാലിക (post-postmodern/ contemporary) സാഹിത്യത്തിലും ശക്തമായി അതിജീവിക്കുന്നതിന് എത്രയും ഉദാഹരണങ്ങള്‍ കാണാം.

അപരവല്‍ക്കരിക്കുന്ന സമൂഹങ്ങള്‍ക്ക് ഭീകരതാപട്ടം ചാര്‍ത്തിക്കൊടുക്കുകയും അവരുടെ സംസ്കാരംഭാഷജീവിതരീതികള്‍ തുടങ്ങിയവയെ നശിപ്പിക്കുകയും ജീവിതമാര്‍ഗ്ഗങ്ങള്‍ അടച്ചുകളഞ്ഞു ചേരിവല്‍ക്കരിക്കുകയും (ghettoize) ചെയ്യുക എന്നത് ഫാഷിസം എല്ലായിടത്തും പ്രയോഗിക്കുന്ന അടിച്ചമര്‍ത്തല്‍ രീതി തന്നെയാണ്. എര്‍ദോഗാന്‍ ഭരണകൂടം കുര്‍ദ് ജനതയോട് കാണിക്കുന്ന അത്യാചാരങ്ങളുടെ ഹൃദയ ഭേദകമായ മാതൃകകള്‍ നോവലില്‍ ഒട്ടേറെയുണ്ട്. പരിഷ്കൃത സമൂഹത്തിന് അചിന്ത്യമായ വിധത്തിലുള്ള ചെയ്തികളാണ് സൈനികര്‍ കുര്‍ദ് ജനതയുടെ നേരെ അരങ്ങേറുന്നത്. കൂട്ടക്കുരുതികളുംസ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റങ്ങളും പോലെയുള്ള യുദ്ധക്കുറ്റങ്ങള്‍ മാത്രമല്ലജല സംഭരണികള്‍ തകര്‍ത്തുകളയുന്നതു പോരാഞ്ഞിട്ട് കിണറുകളില്‍ മലംകലര്‍ത്തി കുടിവെള്ളം മുട്ടിക്കുന്നതുപോലുള്ള പുറംലോകമറിയാതെ അരങ്ങേറുന്ന പ്രാകൃത നടപടികള്‍ പോലും സര്‍വ്വസാധാരണമാണ്.

വിവേചനത്തിന്റെ അനുഭവത്തെ സാര്‍വ്വജനീനമായ ഒന്നായി നോവലിസ്റ്റ് ചിത്രീകരിക്കുന്നുണ്ട്. സീതക്കുവേണ്ടിയുള്ള ഇന്ത്യന്‍ ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കുന്ന മിബാങ് എന്ന വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഓഫീസര്‍ താന്‍ നിരന്തരം നേരിട്ട ‘ചിങ്കി’ എന്ന വിളിയുടെ അവമതിയെ കുറിച്ചു പറയുന്നുണ്ട്. അപര നിര്‍മ്മിതിയുടെയും അതുംവെച്ചു അതിജീവിക്കുന്ന സര്‍ക്കാറുകളുടെയും കഥ അയാള്‍ക്ക് അന്യമല്ല.

“സ്ഥിരം ഇരകള്‍ചിലയിടത്ത് അത് കുര്‍ദുകളാവും. മറ്റുചിലയിടത്ത് മുസ്ലിമുകള്‍മറ്റിടത്ത് ആദിവാസികള്‍ദളിതര്‍.” ..

“കുര്‍ദുകളാണ് ഇവിടത്തുകാരെ ജീവിപ്പിക്കുന്നത്‌. തങ്ങള്‍ മോശമല്ലെന്ന് തോന്നിക്കാന്‍ അവര്‍ക്ക് കുര്‍ദുകളെ വേണം. തങ്ങളേക്കാള്‍ താഴെ ചിലരുണ്ട് എന്നു ബോധ്യപ്പെടുത്തണം.”..

“ഡിഹ്യുമനൈസേശനാണ് നടക്കുന്നത്.”

ഇതേ ആശയമാണ് മുസ്തഫ കുര്‍ദുകളെ കുറിച്ചും പറയുന്നത്:

“ഒരു കുര്‍ദ് ആയി ജനിക്കുന്നതുതന്നെ വ്യവസ്ഥിതിയുമായുള്ള ഒരു ഏറ്റുമുട്ടലാണ്..” 

സമകാലിക ലോകസാഹചര്യത്തില്‍ പലസ്തീനികള്‍ശ്രീലങ്കന്‍ തമിഴര്‍വീഗറുകള്‍ (Uighur Muslims), റോഹിംഗ്യകള്‍ തുടങ്ങി ആരുമാകാം ഇങ്ങനെ പറയുന്നത്.

പുരുഷാധികാര മൂല്യങ്ങളോടുള്ള സീതയുടെ നിശിതനിലപാട് ഇന്ത്യന്‍ സമൂഹത്തെയും കേരളത്തെയും സംബന്ധിച്ച അവളുടെ സമീപനം രൂപപ്പെടുത്തുന്നു. മോചനശേഷവും നാട്ടിലേക്കു പോകേണ്ടതില്ല എന്ന തീരുമാനത്തിന് കാരണം അതാണ്‌. അവള്‍ തുറന്നടിക്കുന്നു:

“എന്റെ നാട്ടിലങ്ങനെയാണ്. പെണ്‍കുട്ടികളുടെ കാലുകള്‍ക്കിടയിലാണ് ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനം സ്ഥിതിചെയ്യുന്നത് …. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുറ്റവാളികളായി കണക്കാക്കുന്ന ഒരു സമൂഹമാണ്‌ ഇന്ത്യയിലുള്ളത്”

പെണ്‍മക്കളുടെ നിസ്സഹായതക്കെതിരെ അമ്മമാര്‍പോലും ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബത്തിന്റെ മാനം എന്ന കേരളീയ മൂല്യത്തിനു പകരം സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഏതറ്റംവരെയും പോകുന്ന കുര്‍ദ് ഭൂമിക എന്ന അനുഭവമാണ് സീതയെ അവരോട് അടുപ്പിക്കുന്നതും. പുരുഷനെ സംബന്ധിച്ച് കണ്ണീര് ലജ്ജാകരമാണ് എന്ന നാട്യത്തില്‍ ‘ടര്‍ക്കിഷ് പുരുഷന്മാര്‍ എന്റെ നാട്ടിലെ ആണുങ്ങളെ പോലെയാണ്’ എന്ന് പരിഹസിക്കുന്ന സീതഒട്ടേറെ ഘട്ടങ്ങളില്‍ പൊട്ടിക്കരയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത്തിരി അതിവൈകാരികമാകുന്നോ എന്ന തോന്നല്‍പോലും ചിലപ്പോഴെങ്കിലും ഇതുണ്ടാക്കുന്നുണ്ട് എന്ന് പറയാം.

കുര്‍ദുകളെ അടിച്ചമര്‍ത്തുന്ന തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള സമാന്തരങ്ങള്‍ നോവലില്‍ ഒട്ടേറെ വേറെയും നിരീക്ഷിക്കപ്പെടുന്നുണ്ട്. “അങ്ങനെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം എതിര്‍ക്കുന്നവരെ ഇല്ലാതെയാക്കുന്നത്. ഭയത്തിന്റെ വിത്തുകള്‍ വിതറി ഭാവിയില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന ശബ്ദങ്ങളെ മുളയില്‍ത്തന്നെ നുള്ളുന്നത്” എന്ന തുര്‍ക്കിയെ കുറിച്ചുള്ള നിരീക്ഷണംഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ കുറിച്ചും കൃത്യമാണല്ലോ.

“പൗരന്മാര്‍ തെണ്ടിയാലെന്താപട്ടിണികിടന്നാലെന്താനിന്റെ പ്രസിഡന്റ് മതിലുണ്ടാക്കിയില്ലേ?” 

ഈ ചോദ്യം ഇന്നൊരു ഇന്ത്യന്‍ ട്രോള്‍ പോലെത്തന്നെയുണ്ട്‌. എന്നാല്‍പരിഹാസത്തിനപ്പുറംതൊട്ടപ്പുറത്തുള്ളഒരേ രക്തത്തില്‍ പിറന്ന മനുഷ്യര്‍ക്കിടയിലൂടെയാണ് ലോകത്തിലെ “മൂന്നാമത്തെ വലിയ മതില്‍” തുര്‍ക്കി സ്ഥാപിച്ചത് എന്നത്ഭൂപടനിര്‍മ്മിതികളുടെ അസംബന്ധത്തെയും സൂചിപ്പിക്കുന്നു. ഇതിന്റെ ദൈന്യം ഏറെ രൂക്ഷമാകുന്നത്ടര്‍ക്കിഷ് കുര്‍ദിസ്ഥാനില്‍ നിന്നുള്ള ഏകമോചനമാര്‍ഗ്ഗംസ്വയം കത്തുകയാണെങ്കിലുംഅപ്രകാരം വിഭജിക്കപ്പെട്ട സിറിയയിലൂടെ മാത്രമാണ് എന്നതിലാണ്.

ആകാവുന്നതിലേറെ ഇരുണ്ട അനുഭവങ്ങള്‍ വേണ്ടുവോളമുള്ള നോവല്‍ ആയതുകൊണ്ട് തന്നെയായിരിക്കണംസ്നേഹ പാരസ്പര്യങ്ങളുടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവികതയുടെയും അപൂര്‍വ്വ ചിഹ്നങ്ങളെ നോവലിസ്റ്റ് ആവേശത്തോടെ അടയാളപ്പെടുത്തുന്നുണ്ട്‌. ‘മരണം എന്നുതന്നെ’ ആ നാളുകളില്‍ വിളിക്കാവുന്ന ജിസ്റേയില്‍ സാര്യ- ഹോസാനെ ദമ്പതികളുടെ അതിഥ്യത്തില്‍ കഴിയേണ്ടിവരുന്ന ഘട്ടത്തില്‍ അബ്ദുള്ള അപ്പൂപ്പനെന്ന തുര്‍ക്കി വയോധികന്‍ നല്‍കുന്ന സഹായം അത്തരത്തിലുള്ള ഒന്നാണ്. വയോധികയായ നാര്‍ജസ് അമ്മൂമ്മ കാണിക്കുന്ന ധൈര്യവും ത്യാഗമനോഭാവവും ഹോസാനെയെയും മുസ്തഫയെയും ജീവിതത്തിലേക്ക് തിരികെ വരാന്‍തന്നെ സഹായിക്കുന്നുണ്ട്. ഗറില്ലാ പോരാളികളായ ബെറിവാനും കൂട്ടാളികളും നല്‍കുന്ന സഹായമില്ലായിരുന്നെങ്കില്‍ മുസ്തഫക്ക് ഹോസാനെയെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. തിമൂറിന്റെ ആത്മത്യാഗത്തിന്റെ കൂടി വിലയാണ് തന്റെ മോചനം എന്ന അറിവ് സീതയെ എന്നും വേട്ടയാടുകയും ചെയ്യും. കാത്തിരിക്കുന്ന അമ്മയേക്കാള്‍ പ്രധാനമാണ് നാട് എന്ന പാഠം ‘സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യുന്ന’ അര്‍മാനെ പഠിപ്പിച്ചുകൊണ്ടാണ് ദില്‍വാ സ്വയംബലിയാവുക. ദദ്വാര്‍ എന്ന ടാക്സിഡ്രൈവര്‍ ആവേശത്തോടെ തന്റെ നാടിന്റെ മതേതര സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് പറയുന്നത് സീതയ്ക്ക് പുതിയ അറിവാണ്:

“മുസ്ലിമുകള്‍ മാത്രമോഹേയ്ഞങ്ങള്‍ കുര്‍ദുകള്‍ക്കിടയില്‍ ജൂതന്മാരും ക്രിസ്ത്യാനികളും മറ്റു ധാരാളം മതവിശ്വാസികളുമുണ്ട്.. ഭാഷയും സംസ്കാരവുമാണ്‌ ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്കുര്‍ദുകളാക്കുന്നത്.”

പക്ഷെ ആസൂത്രിതമായി ആ ഐക്യം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളികള്‍ അയാളെ വേദനിപ്പിക്കുന്നു. നാലായിരം കൊല്ലം പഴക്കമുള്ള സാംസ്കാരിക കേന്ദ്രമായ സുര്‍ നിരപ്പാക്കപ്പെട്ടതിന്റെ ചിത്രമാണ് അയാള്‍ സീതയെ കാണിക്കുന്നത്. 

പ്രഥമ അധ്യായത്തില്‍ത്തന്നെ ആരംഭിക്കുന്ന ദേവ്റാനെ അന്വേഷിച്ചുള്ള സീതയുടെ യാത്രതൊട്ടു പിന്നാലെയുള്ള തുര്‍ക്കി അധികൃതരുടെ പിടിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ വേണ്ടിയുള്ള ജീവന്മരണ പരീക്ഷണം ആയി മാറുന്നുണ്ട്. തിമൂറിനൊപ്പം ഭക്ഷണ ശാലയിലെത്തുന്ന അവളെ അധികൃതര്‍ക്ക് ഒറ്റിയത് ലോഹ്യം നടിച്ച കടയുടമയായിരുന്നു എന്നു വ്യക്തം. തിമൂര്‍ ഉടനീളം അസ്വസ്ഥനായിരുന്നത് എന്തുകൊണ്ടെന്നും അയാള്‍ക്ക് കടയുടമയെ ഇഷ്ടമാകാതിരുന്നതും ഇനിയങ്ങോട്ട് ഓരോ നിമിഷവും സീതയെ കാത്തിരിക്കുന്ന സംത്രാസങ്ങളുടെ സൂചനയാണ്. അവള്‍ കുറെയേറെ വളരേണ്ടതുണ്ട് എന്നും ആരെയും വിശ്വസിക്കുന്ന അതിനിഷ്കളങ്കതക്ക് മനുഷ്യര്‍ ‘ശ്വസിക്കുന്നതു പോലും ഇന്റെലിജന്സിന്റെ അറിവോടെ’യായ കുര്‍ദ് സംഘര്‍ഷ ഭൂമിയില്‍അഥവാ സമാന സാഹചര്യങ്ങളുള്ള ലോകത്തെ മറ്റേതൊരു ഇടത്തിലുംസ്ഥാനമില്ലെന്നും ഇത് സൂചിപ്പിക്കുന്നു. ഒപ്പംനോവലില്‍ ഉടനീളം കാണാവുന്ന അതിജീവനത്തിനു വേണ്ടിയുള്ള ഓട്ടം അടയാളപ്പെടുത്തുന്ന ‘ത്രില്ലര്‍’ മൂഡ്‌ ഇവിടെത്തന്നെ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ഴോനര്‍ ഫിക് ഷന്റെ കനംകുറഞ്ഞ പ്രവചനീയതക്കു കീഴ്പ്പെടാതെഉടനീളം കുര്‍ദ് സമൂഹം നേരിടുന്ന ജീവിത ദുരന്തങ്ങളെ പിന്തുടരുകയും ഒപ്പം ത്രില്ലറിന്റെ ശ്വാസം മുട്ടിക്കുന്ന ആവേഗവും ഉദ്യോഗവും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ അല്‍ജീരിയയുടെ യാസ്മിന ഖദ്രയെ നോവല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുര്‍മാന്‍ജി ഭാഷയില്‍ നിന്നുള്ള പദം എന്നതിനപ്പുറം സവിശേഷമായ പ്രാധാന്യമൊന്നും ‘കുതിരയുടെ ജീനി’ എന്നര്‍ത്ഥം സൂചിപ്പിക്കപ്പെടുന്ന തലക്കെട്ടിനു അനുഭവപ്പെട്ടില്ല എന്നു സൂചിപ്പിക്കുന്നതോടൊപ്പംനോവലിസ്റ്റ് നെഞ്ചേറ്റിയ ജനതയ്ക്ക് പ്രാപ്യമാകുംവിധം ഒരു വിവര്‍ത്തനം അതിവേഗം സംഭവിക്കട്ടെ എന്നാശിക്കുകയും ചെയ്യുന്നു.

അവസാനമായി ഒരു വാക്കുകൂടി: ‘സിന്‍’ വായന സൃഷ്ടിച്ച ആഘാതം വേട്ടയാടിയതിനെ കുറിച്ച് സംവദിച്ച സഹൃദയരെ കണ്ടു. ഒരേസമയം നോവലിന്റെ ശക്തിയും ഒപ്പം നമ്മുടെ വായനയുടെ അത്ര വിശാലമല്ലാത്ത ചുറ്റുവട്ടങ്ങളും അടയാളപ്പെടുത്തുന്നുണ്ട്‌ ആ പ്രതികരണങ്ങള്‍ എന്നാണ് എന്റെ പക്ഷം. സത്യത്തില്‍ സമകാലിക ഫിക് ഷനില്‍ ഏറ്റവും സാര്‍വ്വജനീനമായി കാണുന്നത് അത്തരം ട്രോമകളുടെ ആവിഷ്കാരങ്ങള്‍ തന്നെയാണ്. ഇതു തിരിച്ചറിയാന്‍ നമ്മുടേതു പോലുള്ള ‘സുരക്ഷിത’ ഇടങ്ങളുടെ പ്രിവിലേജുകള്‍ ഒരു തടസ്സമാകുന്നുണ്ടോ എന്നു ചോദിക്കാം. ഉണ്ടെങ്കില്‍അതൊരു സാംസ്കാരികമായ ഉറക്കംതൂങ്ങലാണ് എന്നു പറയേണ്ടിവരും.

 More on Kurd experience:

Zin by Haritha Savithri (English)

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html


Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html


Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html